എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Thursday, October 20, 2011

ശ്രീപത്മനാഭന്റെ പണ്ടവും വിദേശ ബാങ്കിലെ കോടിയും

അഭ്യസ്ഥവിദ്യനും അവിവാഹിതനും തൊഴില്‍രഹിതനുമായ ഞാന്‍ , ചന്തയിലെ ഹോട്ടലുകാരന്റെ ഏറുകൊണ്ട തെണ്ടിപ്പട്ടിയേപ്പോലെ കാലിന്നിടയില്‍ വാലും തിരുകി നമ്രശിരസ്കനായി ഒതുങ്ങിപ്പരുങ്ങി, കാര്‍ന്നോമ്മാരുടെ ചിലവില്‍ ജീവിക്കുന്ന കാലത്താണ് എന്റെ അനിയന്റെ കല്യാണം നടക്കുന്നത്. അനിയന്‍ അക്കാലത്ത് വലിയ പഠിപ്പൊക്കെക്കഴിഞ്ഞ് അമേരിക്കയില്‍ റൊമ്പ പെരിയ ജോലിക്കാരനൊക്കെയായിക്കഴിഞ്ഞിരുന്നതുകൊണ്ട് അവന് സ്വന്തമായിട്ടൊരു പെണ്ണിനേയൊക്കെ പ്രേമിക്കാനും വീട്ടുകാരുടെയെല്ലാം സമ്മതത്തോടെ കല്യാണം വരെ തരപ്പെടുത്തിയെടുക്കാനും കഴിഞ്ഞു. ജോലിയും കൂലിയും ആരോഗ്യവുമില്ലാത്ത ഈ വാലറ്റക്കാരന്‍ വഴിമുടക്കാതെ സൈഡൊതുങ്ങിക്കൊടുത്തതിന്റെ സന്തോഷത്തിന് എനിക്കായി അവന്‍ അമേരിക്കയില്‍നിന്ന് "ലീ"യുടെ ജീന്‍സും ഡെനിം ജാക്കറ്റും, അഡീഡസിന്റെ ഷൂസും, മാറത്തു വലിയൊരു ടിക്‍മാര്‍ക്കുള്ള നൈക്കിയുടെ ടി-ഷര്‍ട്ടും കൊണ്ടുവന്നിരുന്നു. ഇതിനൊക്കെ മാച്ചാകുന്ന വിധത്തില്‍ വെളിച്ചത്തിറങ്ങിയാല്‍ കറുക്കുന്ന ഒരു കണ്ണടയും ഞാന്‍ സ്വന്തം നിലയ്ക്ക് സംഘടിപ്പിച്ചു. ഈ വേഷവിധാനങ്ങളോടെ കല്യാണബസ്സില്‍ നിന്ന് ആദ്യം ഇറങ്ങിവന്ന എന്നെക്കണ്ട് ഞങ്ങളേക്കാള്‍ മുമ്പ് മുംബൈയില്‍നിന്ന് നേരിട്ട് കല്യാണപ്പന്തലിലെത്തിയ എന്റെ ചേട്ടന്‍ ഒരു പാട്ടു പാടി "എനിക്കുണ്ടേലെന്താ എനിക്കില്ലേലെന്താ എന്റെ ഭര്‍ത്താവു ഗള്‍ഫിലല്ലേ". ഏറ്റ പണിയായിപ്പോയി അത്! ഏതെങ്കിലും മിമിക്രി കാസറ്റില്‍നിന്ന് അടിച്ചുമാറ്റിയതാവാനേ വഴിയുള്ളൂ, സ്വന്തമായി അത്രയ്ക്ക് രചനാപാടവമൊന്നും പുള്ളിക്കില്ല.

അടുത്തകാലത്തായി നമ്മുടെ നാട്ടിലെ ബുദ്ധിജീവിപ്രമാണികള്‍ കാട്ടിക്കൂട്ടുന്ന ചില മസ്തിഷ്കവ്യായാമങ്ങള്‍ കാണുമ്പോള്‍ ഈ സംഭവമാണ് ഒര്‍മ്മവരുന്നത്. സ്വിസ് ബാങ്കില്‍ കശ്മലന്‍മാര്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കോടിയെല്ലാം പിടിച്ചെടുത്തുടുപ്പിച്ച്, ശ്രീപത്മനാഭന്റെ നിലവറയില്‍ കുഴിച്ചിട്ടിരിക്കുന്ന പണ്ടമെല്ലാമെടുത്തണിയിച്ച് ഇന്ത്യാമഹാരാജ്യത്തെ മൊത്തം മനോമോഹനമാക്കാനുള്ള പുറപ്പാടിലാണ് മഹാനുഭാവന്‍മാര്‍ എല്ലാം. അല്ലെങ്കില്‍ത്തന്നെ വല്ലവന്റേയും പണം എങ്ങനെയാണ് ചിലവാക്കേണ്ടത് എന്നതിനേപ്പറ്റി അഭിപ്രായമില്ലാത്തവരുണ്ടോ! തരം കിട്ടിയാല്‍ മുകേഷ് അംബാനിയേയും ബില്‍ ഗേറ്റ്സിനേയും ‌വരെ ഉപദേശിക്കാന്‍ ശിഷ്ടബുദ്ധിയുള്ള മഹാത്മാക്കള്‍ തയ്യാര്‍.

പണ്ടമെല്ലാം വിറ്റുകാശാക്കി പാവങ്ങളെ അപ്പാടെ ഉദ്ധരിക്കണമെന്നാണ് ഒരു പഴയ ജഡ്ജിയേമ്മാന്‍ പറയുന്നത്. സ്വന്തം സ്വത്തില്‍ സര്‍ക്കാരിന്റെ കൈ വീഴാതിരിക്കാന്‍ അതെല്ലാം ട്രസ്റ്റാക്കിയ ടീയാന്‍ വലിയ ഉപദേശമൊന്നും തരേണ്ടെന്ന് ഹിന്ദുക്കളുടെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്ന രാഷ്ട്രീയക്കാരന്റെ മറുമൊഴി. ആദ്യം ദ്രവ്യം എത്രയുണ്ടെന്ന് കണക്കാക്കട്ടെ, അതെന്തു ചെയ്യണമെന്ന് പിന്നെ നോക്കാമെന്ന് ഇപ്പോഴത്തെ പരമോന്നത ജഡ്ജിയേമാന്‍മാര്‍. ജഡ്ജിമാരു പറഞ്ഞത് അവിടിരിക്കട്ടെ, ദൈവത്തിനെന്താണ് പറയാനുള്ളതെന്ന് കേള്‍ക്കട്ടേയെന്ന് മഹാരാജാവുതിരുമനസ്സ്. മഹാരാജാവു വെറും സാധാരണക്കാരനാണെന്നും രാജഭരണത്തിന്റേയും പ്രിവി പഴ്സിന്റേയും കാലമൊക്കെ പണ്ടേ കഴിഞ്ഞെന്നും എതിര്‍വായില്ലാത്ത ഒരു തിരുവായ്. കുടത്തിനു പുറത്തുചാടിയ ജിന്നിനെ തിരിച്ചു കുടത്തിലാക്കി അടച്ച്, കേരളാ പോലീസിനെ ആ അടപ്പിനു മുകളില്‍ കാവലിരുത്തുമെന്ന് കുഞ്ഞൂഞ്ഞു തമ്പുരാന്‍ . ഹോ! എന്തെല്ലാം കാഴ്ചകള്‍! ഈ ഓണക്കാലത്ത് മിമിക്രിക്കോമാളികള്‍ പുറത്തിറക്കിയ വളിപ്പിനേക്കാള്‍ എത്രയോ മടങ്ങ് ഹാസ്യാത്മകമായ സംഭവങ്ങളാണ് ചുമ്മാ ന്യൂസ് ചാനല്‍ തുറന്നുവെച്ചപ്പോള്‍ കണ്ടത്!

ഇതുപോലെത്തന്നെ വിചിത്രമാണ് ഇന്ത്യക്കാര്‍ വിദേശത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്നു എന്നു പറയുന്ന കള്ളപ്പണത്തിന്റെ കഥയും. വിദേശബാങ്കുകളിലുള്ള രഹസ്യനിക്ഷേപങ്ങളേക്കുറിച്ച് കേന്ദ്രസര്‍ക്കാറിന് ചില വിവരമൊക്കെയുണ്ടെന്നും ഇക്കാര്യം അറിഞ്ഞിട്ടും അവര്‍ക്കെതിരെ നടപടികളൊന്നും എടുത്തില്ലെന്നും കേട്ട് ചില മാന്യന്‍മാര്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ കേസുകൊടുത്തിരിക്കുന്നു! സംഗതി ചില്ലറക്കാശിന്റെ പ്രശ്നമല്ല. ഹിന്ദി സിനിമക്കാരുടെ കണക്കനുസരിച്ച് 32,000 കോടി രൂപയ്ക്ക് തുല്യമായ തുക സ്വിസ് ബാങ്കില്‍ കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടറയില്‍ക്കിടന്നു ശ്വാസം മുട്ടുന്നുണ്ടുപോലും (സംശയമുള്ളവര്‍ knockout എന്ന ഹിന്ദി സിനിമ കണ്ടാല്‍ മതി - യൂട്യൂബിലുണ്ട്). സര്‍ക്കാര്‍ ഒന്നുത്സാഹിച്ചാല്‍ ബാങ്കില്‍നിന്ന് ആ പണത്തിനും, ദാരിദ്ര്യത്തില്‍നിന്ന് പട്ടിണിപ്പാവങ്ങള്‍ക്കും മോചനം കിട്ടുമത്രേ. പക്ഷേ എന്തുവന്നാലും നമ്മുടെ നാണംകുണുങ്ങിയായ മനോമോഹന സിംഹം കാല്‍നഖം കൊണ്ടൊരു വര വരയ്ക്കുന്നതല്ലാതെ ഒരക്ഷരം മിണ്ടുന്നില്ല.

വാലറ്റക്കാരന്റെ ഗതകാലത്തേതുപോലെ ഗതികെട്ട നിലയിലൊന്നുമല്ല ഇന്ത്യാമഹാരാജ്യം എന്നാണ് കേള്‍വി. ഏതാണ്ട് പത്തുകൊല്ലം മുമ്പുതന്നെ ഇന്ത്യ തിളങ്ങാന്‍ തുടങ്ങിയതാണല്ലോ. ഇപ്പോള്‍ അതിനേക്കാളൊക്കെ പുരോഗമിച്ച് ശതകോടികള്‍ ബോണസ്സായി കൈപ്പറ്റൂന്ന വ്യവസായികളുടെ നാടായെന്നൊക്കെയാണ് പത്രക്കാര്‍ പറയുന്നത്. മുന്‍കൂര്‍ നികുതിയടച്ച സിനിമാക്കാരുടേയും മറ്റൂ മുതലാളിമാരുടേയും വാര്‍ത്തകള്‍ പതിവായി മാധ്യമങ്ങളില്‍ കാണാറുണ്ടുതാനും. അപ്പോള്‍ നികുതിവരുമാനത്തിന് ബുദ്ധിമുട്ടുള്ള ഒരു ഭരണകൂടമല്ല ഇന്ത്യയിലുള്ളതെന്ന് ഏതാണ്ടുറപ്പിക്കാം. എന്നിട്ടും ഈ വരുമാനത്തിനൊത്ത സമൂഹക്ഷേമപരിപാടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നോ അല്ലെങ്കില്‍ അത്തരം പരിപാടികള്‍ താഴേക്കിടയിലുള്ള പൌരന്മാരിലേയ്ക്കെത്തിയിട്ടില്ലെന്നോ വേണം മേല്‍പ്പറഞ്ഞ ബുദ്ധിജീവികളുടെ ഉദ്ധാരണോദ്യമങ്ങളില്‍നിന്ന് അനുമാനിക്കാന്‍.

അതെന്തുമാകട്ടെ, ഇപ്പോഴുള്ളതില്‍ക്കൂടുതല്‍ പണം ഇത്തരം സല്‍ക്കര്‍മ്മങ്ങള്‍ക്ക് വിനിയോഗിക്കാനുണ്ടാകുമെങ്കില്‍ അതത്രയും നല്ലതല്ലേ, ഈ വാലറ്റക്കാരന് എന്താണിത്ര പ്രശ്നം എന്നൊരു ചോദ്യം സ്വാഭാവികമായി ചോദിക്കാം. പ്രശ്നം മറ്റൊന്നുമല്ല, ദരിദ്രരുടെ ഉദ്ധാരണം കറന്‍സിയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടുമാത്രം സംഭവിക്കില്ല. എന്നുമാത്രമല്ല, സംബദ്‌വ്യവസ്ഥയില്‍ പണത്തിന്റെ ലഭ്യത കൂടുന്തോറും വിലക്കയറ്റം പതിന്‍മടങ്ങ് രൂക്ഷമാകുകയും വിലക്കയറ്റത്തിനനുസരിച്ച് വേതനം വര്‍ദ്ധിപ്പിക്കാനുംമാത്രം വ്യവസ്ഥിതിയില്‍ സ്വാധീനമില്ലാത്ത ദരിദ്രര്‍ കൂടുതല്‍ കഷ്ടപ്പെടുകയും ചെയ്യും.

പണം എന്നത് ഭരണവര്‍ഗ്ഗത്തിന് യധേഷ്ടം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്ന ഒന്നാണ് - അവര്‍ അത് മുറയ്ക്ക് ചെയ്യുന്നുമുണ്ട്. ഭരണകൂടങ്ങള്‍ മാത്രമല്ല, വായുവില്‍നിന്ന് പണം സൃഷ്ടിക്കുന്നത് - പ്രമുഖ വ്യവസായികള്‍, ബാങ്കുകള്‍, പണത്തിന്റേയും ഓഹരികളുടേയും ഇന്‍ഷൂറന്‍സിന്റേയും ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ തുടങ്ങി സംബദ്‌വ്യവസ്ഥയുടെ ഉപരിമണ്ഡലങ്ങളില്‍ വര്‍ത്തിക്കുന്ന പലരും അതു ചെയ്യുന്നുണ്ട്. വിശ്വാസം വരുന്നില്ലേ? നിങ്ങള്‍ക്ക് രണ്ടുമണിക്കൂര്‍ സമയം നീക്കിവെയ്ക്കാനാകുമെങ്കില്‍ "ഇന്‍സൈഡ് ജോബ്" എന്ന ഡോക്യുമെന്ററി സിനിമ ഒന്നു കണ്ടുനോക്കൂ. ലോകത്തിലെ ഏറ്റവും ശക്തമായ ഭരണകൂടം എന്നറിയപ്പെടുന്ന അമേരിക്കന്‍ സര്‍ക്കാരിനുപോലും നിയന്ത്രിക്കാനാകാത്ത വിധം അവിടുത്തെ വന്‍കിട വ്യവസായികള്‍ എങ്ങനെ ഇല്ലാത്ത പണം കണക്കിലെഴുതിച്ചേര്‍ക്കുന്നുവെന്ന് മനസ്സിലാകും.

അങ്ങനെയാണെങ്കിലും പണത്തിന് മൂല്യമുണ്ടെന്ന് സാധാരണക്കാരായ നമ്മളെല്ലാവരും വിശ്വസിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ അനുയായികളായ തൊണ്ണൂറ്റിയൊന്‍പതു ശതമാനത്തിന്റെ ആ വിശ്വാസം തന്നെയാണ് അച്ചടിമഷി പുരട്ടിയ വെറും കടലാസുകഷണത്തിന് മൂല്യം നല്‍കുന്നത്. ആ ഒരൊറ്റ വിശ്വാസത്തിന്റെ പേരിലാണ് പണത്തിനുപകരമായി ഒരു വസ്തുവോ സേവനമോ സാധാരണക്കാരായ നമ്മള്‍ ലഭ്യമാക്കുന്നതും നമുക്കു ലഭിക്കുന്നതും. പണം സൃഷ്ടിക്കുന്ന ഒരുശതമാനത്തോളം വരുന്ന ഉപരിവര്‍ഗ്ഗത്തിന് പണം എന്നത് സമ്പദ്‌വ്യവസ്ഥയില്‍ അവര്‍ക്കുള്ള സ്വാധീനത്തിന്റെ ഒരു സൂചിക (leverage in the economy) മാത്രമാണ്. അത്തരമൊരു വിശ്വാസം ജനമനസ്സുകളില്‍ രൂപപ്പെടുത്തിയെടുക്കുന്ന ഏറ്റവും വലിയ ശക്തി ഭരണസംവിധാനത്തിന്റെ ഉരുക്കുമുഷ്ടിയാണ്. പത്തുപറ അരിയുള്ള ഞാനും നൂറു തേങ്ങയുള്ള തൊമ്മനും തമ്മിലുള്ള വ്യവഹാരം അരികൊടുത്ത് തേങ്ങ വാങ്ങുന്ന തരത്തില്‍ ക്രമപ്പെടുത്താന്‍ ഭരണകൂടം ഒരിക്കലും അനുവദിക്കില്ല. പത്തുപറ അരി പണത്തിനുവേണ്ടി വിറ്റതായ രേഖയും ആ പണം കൊടുത്ത് തേങ്ങ വാങ്ങിയ രേഖയും ഈ രണ്ട് ഇടപാടിലും ഭരണകൂടത്തിന്റെ കറന്‍സിയില്‍ നികുതി അടച്ച രശീതിയും ചേരുമ്പോളേ ആ വ്യവഹാരം സാധുവാകൂ. അനുസരിക്കാത്ത ജനങ്ങളെ ഹിംസിക്കാനുള്ള കുത്തകാവകാശം ഭരണാധികാരികള്‍ക്കും അവരുടെ ഉദ്യോഗസ്ഥവൃന്ദത്തിനും ഉള്ളതുകൊണ്ട് സ്വന്തം സേവനവും വസ്തുക്കളും ഭരണകൂടത്തിന്റെ കടലാസിന്റെ കണക്കില്‍ അളക്കാന്‍ പ്രജകള്‍ നിര്‍ബന്ധിതരായിത്തീരുന്നു. ക്രമേണ പണത്തിനായി അധ്വാനവും വസ്തുക്കളും കൈമാറ്റം ചെയ്യുന്നത് സ്വാഭാവികമാകുന്നതോടെ സ്ഥായിയായ മൂല്യമില്ലാത്ത കറന്‍സിയ്ക്ക് സ്വീകാര്യത കൈവരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ 'സാമ്പത്തികശാസ്ത്രം' പഠിപ്പിച്ച് കുരുന്നിലേ ജനമനസ്സുകള്‍ പാകപ്പെടുത്തിയെടുക്കുകകൂടി ചെയ്യുന്നതോടെ വിധേയത്വത്തിലേയ്ക്കുള്ള ജനതയുടെ പരിണാമം പൂര്‍ത്തിയാകുന്നു. അവിടന്നങ്ങോട്ട് അധികാരികള്‍ക്ക് ജനങ്ങളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണും ചാട്ടവാറും പ്രേരകവുമായിത്തീരുന്നു, പണം. പണ്ടൊക്കെ കള്ളപ്പറയും ചെറുനാഴിയും വെച്ചാണ് അധ്വാനിക്കുന്നവന്റെ പ്രയത്നത്തെ മൂല്യധ്വംസനം ചെയ്തിരുന്നതെങ്കില്‍ ഇന്ന് വിപണിയില്‍ പണം അച്ചടിച്ചിറക്കിയാണ് അധികാരിവര്‍ഗ്ഗം അതു ചെയ്യുന്നത്.

കറന്‍സിയുടെ പോലെത്തന്നെയാണ് സ്വര്‍ണ്ണം/വെള്ളി/രത്നം എന്നിവയുടേയും കാര്യം. വിശക്കുമ്പോള്‍ പുഴുങ്ങിത്തിന്നാനോ, നിത്യോപയോഗവസ്തുക്കള്‍ ഉണ്ടാക്കാനോ, ഇന്ധനത്തിനോ ഉപയോഗിക്കാന്‍ കൊള്ളാത്ത വസ്തുക്കളാണവ. വിപണിയില്‍ കറന്‍സിയേപ്പോലെത്തന്നെ വിനിമയമൂല്യം മാത്രമേ അവയ്ക്കുള്ളൂ - അതായത് അവയ്ക്കുപകരമായി വാങ്ങാന്‍ പറ്റുന്ന അധ്വാനമാണ് അതിന്റെ വില. കറന്‍സിയെ അപേക്ഷിച്ച് ഭരണവര്‍ഗ്ഗത്തിന് യധേഷ്ടം സൃഷ്ടിച്ചെടുക്കാവുന്ന ഒന്നല്ല അമൂല്യ ലോഹങ്ങളും രത്നങ്ങളും എന്നൊരു വ്യത്യാസമേയുള്ളൂ. പണ്ടം വിറ്റു കാശാക്കുന്നതോടെ ആ താരതമ്യവും അവസാനിക്കുന്നു. തീര്‍ച്ചയായും ലോകമെമ്പാടുമുള്ള ഭരണവര്‍ഗ്ഗത്തിന് ശ്രീപത്മനാഭന്റെ പണ്ടത്തില്‍ താല്‍പര്യമുണ്ടാകും, അവരവരുടെ രാജ്യങ്ങളിലെ കറന്‍സിയെ ഒരല്‍പം നേര്‍പ്പിച്ചാല്‍ (dilute ചെയ്താല്‍ ) അതുവാങ്ങാനുള്ള പണവും ഉണ്ടാകും. ആ പണം ഇന്ത്യയിലെത്തുമ്പോള്‍ ഡോളര്‍ ഒന്നിന് അമ്പതുരൂപാ, യൂറോ ഒന്നിന് അറുപത്തിയേഴര രൂപാ എന്നിങ്ങനെയുള്ള നിരക്കുകളില്‍ ഭാരതസര്‍ക്കാരിന് നോട്ടിരട്ടിപ്പു നടത്തുകയുമാകാം. അങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് ദരിദ്രരേക്കാള്‍ മെച്ചം മുതലാളിമാര്‍ക്കാണെന്നേയുള്ളൂ.

അധ്വാനത്തിന്റെ പിന്‍ബലമില്ലാത്ത ഒരു കറന്‍സിയ്ക്കും സ്ഥായിയായ മൂല്യമുണ്ടാകില്ല. പണത്തിന്റെ ലഭ്യതയും ജനതയുടെ അധ്വാനവും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്തോറും പണത്തിന് മൂല്യശോഷണം വന്നുകൊണ്ടിരിക്കും. വിദേശബാങ്കുകളില്‍നിന്ന് പിടിച്ചെടുത്ത് നാട്ടില്‍ കൊണ്ടുവന്നു കൊട്ടിയിടുന്ന പണവും ശ്രീപത്മനാഭന്റെ പണ്ടംവിറ്റ് നേടിയെടുക്കുന്ന പണവും അധ്വാനത്തിന്റെ പിന്‍ബലമില്ലാത്തതാണ്. ആ പണംകൊണ്ട് വികസനമോ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമോ സാധ്യമാകുകയില്ല. അമിതമായ വിലക്കയറ്റവും അഴിമതിയും വികലമായ സമൂഹബന്ധങ്ങളും മാത്രമാകും അത്തരമൊരു പണമൊഴുക്കിന്റെ ബാക്കിപത്രം.

ഭരണകൂടങ്ങളും അവയുടെ അനുഗ്രഹാശിസ്സുകളുള്ള സന്നദ്ധസംഘടനകളും പണമിറക്കി കൊണ്ടാടുന്ന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ തൊലിപ്പുറത്തുള്ള തലോടല്‍ മാത്രമാണ്. ദാരിദ്ര്യത്തിന് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പരിഹാരങ്ങള്‍ കണ്ടെത്താതിരിക്കുകയും നിലവിലുള്ള ഭരണ-സാമ്പത്തിക വ്യവസ്ഥിതിക്ക് അതിലുള്ള പങ്കിനെ എതിര്‍ത്തു തോല്പിക്കുകയും ചെയ്യാതെ കേവലമായ കാരുണ്യ പ്രവര്‍ത്തനം കൊണ്ടു മാത്രം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം കണ്ടെത്തുകയില്ല. സ്വാതന്ത്ര്യം ലഭിച്ച് അറുപത്തിനാലു വര്‍ഷത്തിനുശേഷവും ദാരിദ്ര്യരേഖ എന്ന പ്രതിഭാസം ഇന്നും നിലനില്‍ക്കുന്നത് അതുതന്നെയാണ് സൂചിപ്പിക്കുന്നത്. [***കടപ്പാട്]

അപ്പോള്‍ പണ്ടവും വിദേശത്തെ കോടിയും വെച്ച് എന്തു ചെയ്യണം?

ക്ഷേത്രത്തില്‍ പോകുന്നവര്‍ക്ക് സമാധാനത്തോടെയും സുരക്ഷിതമായും തെളിഞ്ഞ മനസ്സോടെയും പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യം ഉണ്ടാകണം. അമ്പലത്തിനുള്ളില്‍ കയറുമ്പോള്‍ 'ലക്ഷം കോടി രൂപയുടെ നിധിയുടെ മുകളിലാണല്ലോ ഞാന്‍ നില്‍ക്കുന്നത്, എന്റെ ശ്രീപത്മനാഭാ' എന്നോര്‍ത്ത് തലയില്‍ ഒരു പെരുപ്പു കയറാന്‍ ഇടയാവരുത്. ഭാരതീയ കരസേനയ്ക്ക് അണുബോംബിട്ടാലും തകര്‍ക്കാന്‍ പറ്റാത്ത ബങ്കറുകളുണ്ടാക്കാനുള്ള കഴിവുണ്ട്. നമ്മുടെ നിയമസഭാമന്ദിരത്തിനു തൊട്ടടുത്തുതന്നെ അത്തരമൊരു ബങ്കര്‍ നിര്‍മ്മിച്ച് ഈ പണ്ടമൊക്കെ അതിനുള്ളിലിട്ടു പൂട്ടിയിടട്ടെ. അവിടെയാണല്ലോ ഇപ്പോഴത്തെ നാടുവാഴികള്‍ ഉള്ളത്. സര്‍ക്കാരും, സാമാജികരും അവരുടെ ഉദ്യോഗസ്ഥ-ഉപജാപക വൃന്ദങ്ങളും ചേര്‍ന്ന് ആ നിധിയ്ക്ക് കാവലിരിക്കട്ടെ.

വിദേശബാങ്കിലെ പണത്തേയോര്‍ത്ത് അത്രപോലും വേവലാതിപ്പെടേണ്ട. അമിതഭാരമുള്ള മുകള്‍ത്തട്ടും ജീര്‍ണ്ണീച്ച താഴേത്തട്ടുകളും അസ്ഥിവാരവുമുള്ള ആഗോള സമ്പദ്‌വ്യവസ്ഥയെന്ന മഹാസൌധം സ്വന്തം ഭാരം താങ്ങാനാകാതെ തകര്‍ന്നുവീഴുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന്റെ സ്ഥാനത്ത് എല്ലാവര്‍ക്കും സമാനസാദ്ധ്യതയുള്ള ഒരു സംവിധാനം ഒരുപക്ഷേ നിലവില്‍ വരുമായിരിക്കും. എല്ലാവര്‍ക്കും ഒരേ അധികാരവും ഒരേ സാമ്പത്തികനിലവാരവുമുള്ളതല്ല, മറിച്ച് എല്ലാവര്‍ക്കും ഒരേപോലെ വിജയിക്കാനും ശ്രേഷ്ഠരാകാനും സമ്പന്നരാവാനുമുള്ള സമാന അവസരം നല്‍കുന്ന, ഒരവസരം നഷ്ടപ്പെട്ടാല്‍ വീണ്ടും അവസരം സാധ്യമാകുന്ന, വികസനത്തോടൊപ്പം പ്രകൃതിയേയും ജൈവവൈവിധ്യത്തേയും സ്നേഹിക്കുന്ന ഒരു സംവിധാനം. സ്കൂളില്‍ ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികളെ മറ്റുള്ള കുട്ടികള്‍ മാനിക്കുന്നതു പോലെ കൂടുതല്‍ കഴിവുള്ളവരുടെ നേട്ടങ്ങളേയും അധികാരങ്ങളേയും അന്നു നാം ബഹുമാനിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യും. വിദേശബാങ്കിലെ കല്ലറകളില്‍ ഒളിപ്പിച്ചുവെച്ച നോട്ടുകള്‍ക്ക് അന്ന് ഒട്ടും വിലയുണ്ടാകില്ല.

അന്നു നമുക്ക് ആ ബങ്കര്‍ തുറന്ന് ഈ പണ്ടങ്ങളും രത്നങ്ങളുമെല്ലാം പ്രദര്‍ശനത്തിനുവെയ്ക്കാം. ലോഹങ്ങളോടും കല്ലുകളോടും ആസക്തിയില്ലാത്ത ഒരു സമൂഹം, മനുഷ്യര്‍ പണ്ടു കാട്ടിക്കൂട്ടിയ വിഡ്ഢിത്തങ്ങളെ അല്പം പുച്ഛത്തോടെയും അല്പം നര്‍മ്മബോധത്തോടെയും ഓര്‍ത്തുകൊണ്ട് അതെല്ലാം വന്നു കണ്ടുപോയ്ക്കൊള്ളും.

അതുവരെ നമ്മെ നോക്കി സന്മാര്‍ഗ്ഗപ്രഭാഷണം ചെയ്യുന്ന വാചാലശിരസ്സുകളെ നാം ഗൌനിക്കേണ്ടതില്ല. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഭാരതത്തിലെ ദരിദ്രനാരായണന്‍മാരെ ഉള്‍പ്പെടുത്തിയാല്‍ മാത്രം മതിയാകും. അവര്‍ക്കുവേണ്ടി പോരാടുന്നതിനേക്കാള്‍ മദ്ധ്യവര്‍ഗ്ഗക്കാര്‍ക്ക് എളുപ്പം അതാണ് - തടി കേടാകാതിരിക്കുകയും ചെയ്യും.


------------------------------------------------------------------------
***കടപ്പാട് : ഈ ഖണ്ഡികയിലെ ആശയം, 'ഭാനു കളരിക്കല്‍' ഇവിടെ രേഖപ്പെടുത്തിയ കമെന്റില്‍ നിന്നും കടമെടുത്തതാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ അല്പം വളച്ചൊടിച്ചിട്ടുണ്ടെന്നേയുള്ളൂ.