എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, December 24, 2017

സൈമ (അഞ്ചാം ഭാഗം)

അമേരിക്കന്‍ മാധ്യമലോകത്തിന് ചാകരദിവസമായിരുന്നു അന്ന്.

സ്കൂളിലെ പ്രശ്നത്തേപ്പറ്റി ആദ്യം പുറം ലോകം അറിഞ്ഞത് SQVW എന്ന ലോക്കല്‍ ന്യൂസ് ചാനലിലൂടെയാണ്. പട്ടണത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുടെ ഉടമസ്ഥതയിലുള്ള ചാനലാണ് അത്. അധികം പ്രേക്ഷകരില്ലെങ്കിലും കൃത്യമായ വലതുപക്ഷരാഷ്ട്രീയം ഉറക്കെ വിളിച്ചുപറയുന്ന ഒരു ചാനലാണ് അത്. പട്ടണത്തിലേയും പട്ടണത്തിനു പുറത്തേയും ബിസിനസ്സുകാരുടെ സാമ്പത്തികപിന്തുണ ധാരാളമുണ്ടായിരുന്നതുകൊണ്ട് വ്യൂവര്‍ഷിപ്പൊന്നും അവര്‍ക്കൊരു പ്രശ്നമേ അല്ല.

പോലീസുമായി അടുത്ത ബന്ധമാണ് ചാനലിന്. ഒരുതരം പരസ്പര സഹായ ബന്ധം എന്നുതന്നെ പറയാം. പട്ടണത്തില്‍ ഹെലികോപ്റ്റര്‍ ഉള്ളത് ചാനലിനുമാത്രമാണ്. ഒരു പൊലീസ് ചേസ് അല്ലെങ്കില്‍ വളഞ്ഞുപിടിക്കല്‍ വേണ്ടിവന്നാല്‍ മുകളില്‍നിന്ന് സീന്‍ കവര്‍ ചെയ്യുന്നത് ചാനലുകാരാണ്. അങ്ങനെ ക്രൈം സീനില്‍ പൊലീസിന്റെ സുരക്ഷ ഉറപ്പാക്കുവാന്‍ ചാനല്‍ സഹായിക്കുന്നു. തിരിച്ച്, ഏതെങ്കിലും മേജര്‍ ക്രൈം ഉണ്ടാകുകയാണെങ്കില്‍ പൊലീസ് തന്നെ ചാനലുകാരെ അറിയിക്കും. ക്രൈമിനോളം ജനപ്രിയമായ ഒരു ഷോ വേറെയില്ലല്ലോ.

അങ്ങനെ സീനില്‍ ആദ്യമായി വന്നത് SQVWവിന്റെ "ക്രൈം പട്രോള്‍" ടീം ആയിരുന്നു.

"School under siege in town" എന്നായിരുന്നു ആദ്യത്തെ അട്ടഹാസം. കൂട്ടിന് ഹെലികോപറ്ററില്‍നിന്നുള്ള വിഡിയോ ഫുട്ടേജും.

സ്കൂളില്‍ നിന്ന് കുട്ടികളെ പുറത്തേയ്ക്കു കൊണ്ടുവരുന്നതായിരുന്നു അടുത്ത ബ്രേക്കിങ്ങ് ന്യൂസ്

പക്ഷേ സൈമയുടെ ഇടപെടല്‍ ഉണ്ടായതോടെ സംഭവത്തിന്റെ നിറം തന്നെ മാറി. "ഒരു മുസ്ലിം പെണ്‍കുട്ടി പൊലീസിനെ ആക്രമിച്ചതായി അറിവു ലഭിച്ചിരിക്കുന്നു" എന്നതായിരുന്നു പിന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്. ഇതോടുകൂടി അമേരിക്കയിലെ മുഴുവന്‍ മാധ്യമങ്ങളുടേയും കണ്ണുകള്‍ ആ കൊച്ചുപട്ടണത്തിലേയ്കു നീണ്ടു.

സൈമ പോലീസുകാരനെ ചവിട്ടി വീഴ്ത്തുന്നതിന്റെ ഏരിയല്‍ കവറേജ് എല്ലാ ടിവി ചാനലുകളിലും ലൂപ്പില്‍ ഓടാന്‍ തുടങ്ങി. വന്‍ തുകയ്ക്കാണ് SQVW ആ വിഡിയോ ഫുട്ടേജ് മുഖ്യ ചാനലുകള്‍ക്ക് വിറ്റത്!

"ഇറാഖില്‍ നിന്നും അഭയാര്‍ത്ഥിയായി കൊണ്ടുവരപ്പെട്ട പെണ്‍കുട്ടിയാണ് പൊലീസിനെ ആക്രമിച്ചത്" എന്ന ചൂടു വാര്‍ത്ത തൊട്ടു പിന്നാലെ. അതോടുകൂടി അമേരിക്കയിലെ മാധ്യമലോകം മൊത്തം ഇളകിമറിഞ്ഞു! ടിവി ചാനലുകളില്‍ അടിയന്തിര ചര്‍ച്ചകള്‍ സംപ്രേക്ഷണം തുടങ്ങി

"തികഞ്ഞ വിഡ്ഢികള്‍ നടത്തുന്ന കുടിയേറ്റ നയം!" വലതുപക്ഷ ചാനലുകള്‍ ഇടിവെട്ടുംപോലെ പ്രഖ്യാപിച്ചു. അമേരിക്കന്‍ ജനങ്ങളുടെ സുരക്ഷയേപ്പറ്റി യാതൊരു ഉല്‍കണ്ഠയുമില്ലാത്ത "മുസ്ലിം പ്രെസിഡെന്റിന്റെ" അനാസ്ഥയേപ്പറ്റി ചര്‍ച്ചകള്‍ കൊഴുത്തു. ഒരുവിധത്തിലുമുള്ള പരിശോധനകളും ചെയ്യാതെ "ശത്രുരാജ്യങ്ങ"ളില്‍നിന്നുള്ള ആളുകളെ "ഇറക്കുമതി" ചെയ്യുന്നതിനെതിരേയുള്ള രോഷം ഇരമ്പി!

ഏറെക്കഴിഞ്ഞാണ് യഥാര്‍ത്ഥ പ്രതിയേപ്പറ്റിയുള്ള വാര്‍ത്ത വന്നത്. അവന്‍ വെളുത്ത വര്‍ഗ്ഗക്കാരനാണ്! പൊലീസിന്റെ അറിയിപ്പനുസരിച്ച്' ഈ 'മുസ്ലീം പെണ്‍കുട്ടിയുമായി' അറിയപ്പെടുന്ന ബന്ധമൊന്നുമില്ല. "അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല" എന്നൊരു താങ്ങും.

പക്ഷേ സൈമയുടെ ആക്രമണത്തോടെയുണ്ടായ ബഹളം ആ ആക്രമണകാരിയെ പരിഭ്രാന്തനാക്കിയിരുന്നു. അവന്‍ അവന്റെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തു. തിരിച്ച് പോലീസുകാര്‍ അവനെ വെടിവെച്ചു. മൂന്നു ടീച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ആക്രമണകാരി കൊല്ലപ്പെട്ടു. അതായിരുന്നു അടുത്ത ബ്രേക്കിങ്ങ് ന്യൂസ്.

ഇത്രയൊക്കെയായിട്ടും ആ ആക്രമണകാരിയേപ്പറ്റിയായിരുന്നില്ല ചര്‍ച്ചകള്‍. ഇസ്ലാമിക തീവ്രവാദവും, പെണ്‍കുട്ടിയ്ക്ക് തീവ്രവാദികളുമായുള്ള ബന്ധവും ആക്രമണകാരിയ്ക്ക് പെണ്‍കുട്ടിയുമായി "ഉണ്ടായേക്കാവുന്ന" ബന്ധവുമൊക്കെയായിരുന്നു ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നിരുന്നത്!

ഒന്നുരണ്ടു ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി. അമേരിക്കന്‍ മാധ്യമഭീമന്മാര്‍ SQVWവിന്റെ ന്യൂസ് ഫീഡുകള്‍ അതേപടി വാങ്ങിക്കൊണ്ടിരുന്നു. ചാനലിന് വരുമാനം കുമിഞ്ഞുകൂടി.

"അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം സംഘടന സ്ഥിതിഗതികള്‍ പഠിക്കാനും യുക്തമെങ്കില്‍ മുസ്ലിം പെണ്‍കുട്ടിയ്ക്ക് നിയമസഹായത്തിനാവശ്യമായ പണം നല്‍കാനും തീരുമാനിച്ചിരിക്കുന്നു" എന്ന വാര്‍ത്തയായിരുന്നു അടുത്ത ബ്രേക്കിങ്ങ് ന്യൂസ്. പോരേ പൂരം. അടുത്തവട്ടം വാക്പോരിനുള്ള വെടിക്കോപ്പായി ആ പ്രഖ്യാപനം.

സൈമയുടെ അമ്മാവന്റെ കുടുംബത്തിന്റെ ജീവിതം അതോടെ ദുഃസ്സഹമായി. വീട്ടിനുപുറത്ത് ചാനലുകാരുടെ കൂട്ടം കാവലായി. ചാനലുകാര്‍ സമീപത്തുള്ള വീട്ടുകാര്‍ക്ക് പണം കൊടുത്ത് സിസി ക്യാമറകള്‍ രഹസ്യമായി സ്ഥാപിക്കുകവരെ ഉണ്ടായി.

"ഞങ്ങള്‍ക്ക് ആരുടേയും സഹായം വേണ്ട. എന്നാലാകുന്ന നിയമസഹായം ഞാന്‍ തന്നെ ചെയ്തുകൊള്ളാം. അതിനുശേഷം ദൈവം നിശ്ചയിക്കുന്നതുപോലെ വരട്ടെ" എന്ന് നിറകണ്ണുകളോടെ അമ്മാവന് പ്രഖ്യാപിക്കേണ്ടി വന്നു.

അങ്ങനെയിരിക്കെയാണ് സര്‍ക്കാര്‍ ഈ കേസ് ഒരു "ഭീകരാക്രമണമാകാന്‍ സാധ്യതയുള്ളത്" എന്ന നിലയിലേയ്ക്ക് ഉയര്‍ത്തി, അത് ലോക്കല്‍ പോലീസില്‍നിന്ന് ഒഴിവാക്കി എഫ്ബിഐയെ ഏല്‍പ്പിച്ചത്.

നിയുക്ത എഫ്ബിഐ ഏജന്റ് ടബയാസ് ഒരു ഗൗരവക്കാരനാണ്. ഒരാളോടും സംസാരിക്കുന്ന പതിവില്ല. കേസ് ഫയലുകള്‍ ലഭിച്ചതോടെ പോലീസുകാരെയെല്ലാം അദ്ദേഹം പൂര്‍ണ്ണമായും ഒഴിവാക്കി.

അതോടെ ന്യൂസ് ചാനലുകള്‍ക്ക് വാര്‍ത്തകള്‍ കിട്ടാതായി. ടിവിയിലെ ആക്രോശങ്ങള്‍ക്ക് ശമനമായി. സൈമയുടെ കുടുംബത്തിന് പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യമായി.

വസ്തുനിഷ്ഠമായ, കര്‍ക്കശമായ, അതീവരഹസ്യമായ അന്വേഷണമാണ് മിസ്റ്റര്‍ ടബയാസിന്റെ രീതി. ആരേയും കൂസാത്ത പ്രകൃതം. ആരേയും ഒഴിവാക്കാത്ത നിഷ്ഠ.

സൈമയെ കാണാന്‍ ആഴ്ചകളോളം അദ്ദേഹം ആരേയും അനുവദിച്ചില്ല. സിനിമകളല്ലാതെ യാതൊന്നും സൈമ കാണുന്നില്ലെന്ന് ഉറപ്പാക്കി. വാര്‍ത്തയുമായി ബന്ധപ്പെട്ടെ യാതൊന്നും സൈമ അറിയരുതെന്ന കര്‍ശനമായ ഉത്തരവ് അദ്ദേഹം എല്ലാവര്‍ക്കും നല്‍കിയിരുന്നു.

സൈമയുടെ ശാരീരികവും മാനസികവുമായുള്ള പൂര്‍ണ്ണമായ രോഗമുക്തി - അതുമാത്രമായിരുന്നു, അദ്ദേഹത്തിനു വേണ്ടിയിരുന്നത്.

സൈമയുടെ കേസ് പാസ്റ്റര്‍ കോര്‍മിക് ഏറ്റെടുത്തു എന്ന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ ചലനമുണ്ടാകിയ അടുത്ത വാര്‍ത്ത.

പാസ്റ്ററുടേത് ഒരു കൗതുകകരമായ വ്യക്തിത്വമാണ്. നാല്പത്തിയൊന്നു വയസ്സു വരെ അറിയപ്പെടുന്ന ഒരു കോര്‍പ്പറേറ്റ്/ക്രിമിനല്‍ വക്കീലായിരുന്നു വില്‍ഫ്രെഡ് കോര്‍മിക്. നാല്പത്തിയൊന്നാം വയസ്സില്‍ പുള്ളിയ്ക്ക് ദൈവവിളി വന്നു. അന്നുമുതല്‍ പുള്ളി കഴുത്തറപ്പന്‍ വക്കീല്‍ പണിയ്ക്ക് സുല്ലുപറഞ്ഞ് ദൈവവചനപ്രചാരകനായി. ഇടയ്ക്ക് ചില കേസുകള്‍ മാത്രമേ പുള്ളി വാദിക്കാറുള്ളൂ. അതിന് ഒന്നുകില്‍ പ്രതി പൂര്‍ണ്ണമായും നിരപരാധിയായിരിക്കണം. അല്ലെങ്കില്‍ കുറ്റകൃത്യത്തില്‍ പ്രതിയുടെ ശരിയായ പങ്ക് കോടതിയില്‍ വ്യക്തമായും സത്യസന്ധമായും പൂര്‍ണ്ണമായും ഏറ്റുപറയാന്‍ തയ്യാറായിരിക്കണം. സ്വാഭാവികമായും വളരേ വിരളമായേ പുള്ളിയ്ക്ക് കക്ഷികളെ കിട്ടാറുള്ളൂ.

പക്ഷേ അദ്ദേഹം കേസ് ഏറ്റെടുത്താല്‍ നിരപരാധി ഉറപ്പായും രക്ഷപ്പെടും. കുറ്റം ഏറ്റുപറഞ്ഞവന് ഏറ്റവും കുറഞ്ഞ ശിക്ഷയേ ലഭിക്കൂ. ഇത് അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ആണ്.

പാസ്റ്റര്‍ ഈ കേസ് ഏറ്റെടുത്തതില്‍ മിക്കവര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നെങ്കിലും ആരും അത് പുറത്തു പ്രകടിപ്പിച്ചില്ല. അത്രമാത്രം കറതീര്‍ന്ന വ്യക്തിത്വവും ജനസ്വാധീനവുമുള്ള ഒരു പാസ്റ്ററാണ് അദ്ദേഹം. "പാസ്റ്റര്‍ കോര്‍മിക് നീതിയ്ക്കു വേണ്ടി നിലകൊള്ളുന്നതിനൊപ്പം രാജ്യത്തിന്റെ പൊതുവായ സുരക്ഷാ താല്പര്യങ്ങളേക്കുറിച്ചുകൂടി ചിന്തിക്കാമായിരുന്നു" എന്നു നിര്‍ദ്ദേശിച്ച ഒരു റേഡിയോ അവതാരകന് കണക്കിന് ശകാരമാണ് ജനങ്ങളില്‍നിന്നു കിട്ടിയത്.

വക്കാലത്ത് ഏറ്റെടുത്ത ഉടന്‍ പാസ്റ്റര്‍ ചെയ്തത് ലോക്കല്‍ പൊലീസിനെതിരെ ഒരു കേസ് ഫയല്‍ ചെയ്യുക എന്നതായിരുന്നു. സൈമയുടെ അമ്മാവന് അഞ്ചു ദിവസത്തിനുള്ളില്‍ കിട്ടിയത് ഏഴു ട്രാഫിക് ടിക്കറ്റുകള്‍! അതും തീരെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ്. ട്രാഫിക് ഫ്ലോ ബ്ലോക് ചെയ്യുന്നു, ലേറ്റ് ആയി സിഗ്നല്‍ ചെയ്ത് തിരിയുന്നു, ഏറെ നേരം സിഗ്നല്‍ ചെയ്തിട്ടും ലേന്‍ ചേഞ്ച് ചെയ്യുന്നില്ല എന്നിങ്ങനെ. ഒരുകണക്കിന് സൈമ ഒരു പൊലീസുകാരനെ ആക്രമിച്ചതിലും ആ കേസ് അന്വേഷണം സ്വന്തം കയ്യില്‍നിന്നു വിട്ടു പോയതിലുമുള്ള ചൊരുക്കു തീര്‍ക്കുകയായിരുന്നു, ലോക്കല്‍ പോലീസ്. അവസാനം അമ്മാവന് വണ്ടി ഓടിക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വന്നു.

പാസ്റ്റര്‍ കേസ് ഫയല്‍ ചെയ്യുകയും വാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിറയുകയും ചെയ്തതോടെ പൊലീസ് പ്രതിരോധത്തിലായി. പാസ്റ്റര്‍ വാദിച്ചാല്‍ ഈ കേസ് തോല്‍ക്കുമെന്ന് പൊലീസിന് ഉറപ്പായിരുന്നു. അമ്പതിനായിരം ഡോളറും ഒരു മാപ്പപേക്ഷയും നല്‍കി പൊലീസ് അത് കോടതിയ്ക്കു പുറത്ത് തീര്‍പ്പാക്കി.

പിന്നെ കുറച്ചുകാലം സ്ഥിതിഗതികളെല്ലാം ശാന്തമായിരുന്നു.



(തുടരും)