കൊസ്തേപ്പ് അല്ലെങ്കിലും പ്രശ്നക്കാരനാണല്ലോ!
ഒന്ന് നിന്നു തിരിയാൻ പോലും ഇടമില്ലാതെ വലയുന്ന നാട്ടുകാർ. എങ്ങനെയെങ്കിലും ഒരു വണ്ടി കടക്കാനുള്ള വഴിയെങ്കിലും കിട്ടിയിരുന്നെങ്കിൽ നിത്യജീവിതം കുറച്ചുകൂടി സഹിക്കാനാകുമായിരുന്നു എന്നു വേവലാതിപ്പെടുന്നവർ.
സത്യത്തിൽ വഴി അങ്ങനെയാക്കിയത് കൊസ്തേപ്പല്ല. പണ്ടൊന്നും ഉള്ളിലെ പറമ്പുകളിലേയ്ക്ക് വഴിയേ ഇല്ല. മറ്റുള്ളവരുടെ പറമ്പിന്റെ ഓരം പിടിച്ച് ആളുകൾ നടക്കുകയായിരുന്നു പതിവ്. അതിരുകളിൽ വല്ല ശീമക്കൊന്നയോ ചെമ്പരത്തിയോ മറ്റോ വെച്ചുപിടിപ്പിക്കും ഒരു വണ്ടി കയറ്റേണ്ട ആവശ്യം വന്നാലും ആളുകളുടെ പറമ്പിൽക്കൂടി വണ്ടി ഓടിച്ചു കൊണ്ടുപോയാൽ ആരും ഒരു പ്രശ്നവുമുണ്ടാക്കാറില്ല.
ഇതിൽത്തന്നെ ഭീമന്റേയും മറ്റയൽക്കാരുടേയും വീടുകൾ നോക്കൂ. നല്ല കെട്ടുറപ്പുള്ള വീടുകളാണ്. താരതമ്യേന പുതിയതും. അതൊക്കെ പണിഞ്ഞ കാലത്ത് കരിങ്കല്ലും ഇഷ്ടികയും റോഡിലിറക്കി തലച്ചുമടായി ഇങ്ങേയറ്റം വരെ കൊണ്ടുവന്നതൊന്നുമാകില്ല. വണ്ടിയിൽതന്നെയാകും വന്നിരിക്കുക
അന്നില്ലാഞ്ഞതും പിന്നീടുവന്നതുമായ ഒന്നേയുള്ളൂ. മതിലുകൾ. മതിലുകൾ വരുന്നതിന് ഏറെക്കാലം മുമ്പ് 1972ലാണ് എന്റെ അച്ഛൻ പുതിയ വീട് പണിഞ്ഞത്. ഞങ്ങളുടെ വീട്ടിലേയ്ക്ക് കാറുകടക്കാനുള്ള വഴിയുണ്ടായിരുന്നെങ്കിലും ലോറി കടക്കാനുള്ള വഴി ഇല്ലായിരുന്നു. കല്ലും മണലും സിമന്റും ഇഷ്ടികയുമൊക്കെ ഞങ്ങളുടെ പറമ്പിലിറങ്ങിയത് ലോറിയിൽനിന്നു തന്നെയാണ്. ചിത്രത്തിൽ T എന്നു രേഖപ്പെടുത്തിയ തെക്കേ വീട്ടുകാരുടെ പറമ്പിലൂടെ അവരുടെ ഒന്നുരണ്ടു വാഴകൾ വെട്ടി മാറ്റി, രണ്ടിടത്ത് വേലി പൊളിച്ച് ഒക്കെയാണ് ലോറിക്കുള്ള വഴിയുണ്ടാക്കിയത്. പണി കഴിഞ്ഞ മുറയ്ക്ക് വേലി തിരികെ കെട്ടിവെയ്ക്കാനും പറമ്പ് കിളപ്പിയ്ക്കാനുമുള്ള പണം അച്ഛൻ കൊടുത്തിരിക്കാം. അറിയില്ല.
ഇന്ന് അയൽക്കാരന്റെ വീട്ടിലേയ്ക്ക് ലോറി കടത്തിക്കൊടുക്കാനായി ആരെങ്കിലും മതിലു പൊളിക്കുമോ!
കൊസ്തേപ്പ് പിന്നെക്കാട്ടിയ തോന്ന്യാസം എന്നു പറയുന്നത് ആദ്യം സ്ഥലം വിട്ടു കൊടുക്കാമെന്നു പറയുകയും പിന്നീട് ആ സ്ഥലത്തിന് വില ചോദിക്കുകയും ചെയ്തു എന്നതാണ്. നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പുള്ള പരിപാടിയുമായി നാട്ടുകാരു വരുമ്പോൾ അവരുമായി ഉടക്കുണ്ടാക്കാതെ 'ശരി ആവാം' എന്നു പറഞ്ഞ് അവരെ ഒഴിവാക്കാൻ നോക്കുന്നത് ചിലരെങ്കിലും സ്വാഭാവികമായി ചെയ്യുന്നതാണ്. സ്ഥലത്തിന് വിലയുണ്ട്. വഴി വരുമ്പോൾ ഇന്ന് വഴിയില്ലാത്തവരുടെ സ്ഥലത്തിന്റെ വില കൂടും. അങ്ങനെ നിങ്ങളുടെ ആസ്തി കൂട്ടാനായി കൊസ്തേപ്പ് ദാനം ചെയ്യണം എന്നു വാശിപിടിക്കുന്നത് ഒരുതരം ഗുണ്ടായിസം തന്നെയാണ്.
അങ്ങനെ കൊസ്തേപ്പിന്റെ ഭാഗത്തുനിന്ന് ചിന്തിക്കാതിരിക്കാനാണ് അയാളെ ഊളയും വെടിപ്പില്ലാത്തവനും സംസ്കാരമില്ലാത്തവനുമായി സിനിമാക്കാർ കാണിച്ചത്. സോഷ്യലിസം മുക്ക്യം ബിഗിലേ!
രണ്ടു കൊസ്തേപ്പുമാരെ എനിക്കും പരിചയമുണ്ട്. ഒന്ന് എന്റെ അച്ഛൻ, രണ്ട് എന്റെ ചേട്ടൻ! 😁
ഞങ്ങളുടെ അയൽപക്കമാണ് താഴെയുള്ള ചിത്രത്തിൽ. കറുപ്പു നിറത്തിൽ വളഞ്ഞുപുളഞ്ഞു പോകുന്നതാണ് മെയിൻ റോഡ്. ഈ മെയിൻ റോഡെന്നു പറഞ്ഞാൽ ഒരു ലോറിയ്ക്ക് പോകാനുള്ള വീതിയേ ഉള്ളൂ കേട്ടോ. നടുവിൽ Kosthepp എന്ന് രേഖപ്പെടുത്തിയ ഇടമാണ് ഞങ്ങളുടെ പറമ്പ്. മെയിൻ റോഡിൽനിന്ന് ഞങ്ങളുടെ പറമ്പിന്റെ ഗേറ്റ് വരെ ഒരു കാർ കയറാൻ വീതിയുള്ള ഇടവഴി.
പണ്ടൊക്കെ വഴിയില്ല എന്നതൊരു പ്രശ്നമായിരുന്നില്ല. വടക്കേ വീട്ടുകാരൊക്കെ ഞങ്ങളുടെ പറമ്പിലൂടെ തന്നെയാണ് വഴി പോയിരുന്നത്. അക്കാലത്ത് കാൽനട, ഏറിയാൽ സൈക്കിൾ - അതിനുള്ള വഴിയേ വേണ്ടൂ. പറമ്പിൽ ഒരടി വീതിയുള്ള ചാലു കാണാം, അത്രയേ ഉള്ളൂ.
കൂട്ടത്തിൽ പറയട്ടെ. ഞങ്ങളുടെ പറമ്പിന്റെ കിഴക്കേ അതിർത്തിയോടടുത്ത് ഒരു തെങ്ങും നിന്നിരുന്നു. അത് മനഃപൂർവ്വം വെട്ടാതെ നിർത്തിയിരിക്കുകയായിരുന്നു. കിഴക്കേ അതിരു ചേർന്ന് നടന്നിരുന്നവർ ആ തെങ്ങിന്റെ അടുത്തെത്തുമ്പോൾ ഒന്ന് ഞങ്ങളുടെ പറമ്പിലേയ്ക്ക് കയറി, തെങ്ങിനെ താണ്ടിയ ശേഷം മാത്രം വീണ്ടും കിഴക്കേ അറ്റത്തുകൂടി പോകണം. ആ തെങ്ങു വെട്ടിയാൽ അത് നേരിട്ടുള്ള ഒരു വഴിയാകും എന്നും പിന്നെ ആൾക്കാർ അതിന് അവകാശം പറഞ്ഞോണ്ടു വരും എന്നതുകൊണ്ടാണ് സീനിയർ കൊസ്തേപ്പ് അത് നിർത്തിയിരുന്നത്.
എഴുപതുകളുടെ മധ്യത്തിൽ ഓട്ടോറിക്ഷ എന്ന സാധനം നിലവിൽ വന്നു. അധികം താമസിയാതെ അതിന്റെ ഉപയോഗവും വർദ്ധിച്ചു. വഴിയുടെ ആവശ്യം അങ്ങനെയാണ് വടക്കേക്കാർക്ക് ബോധ്യപ്പെട്ടു തുടങ്ങിയത്.
കിഴക്കേ വീട്ടുകാർ (ചിത്രത്തിൽ K എന്നു രേഖപ്പെടുത്തിയ ഇടം) പകുതി വീതിയ്ക്കുള്ള സ്ഥലം വിട്ടുതന്നാൽ ബാക്കി പകുതി വിട്ടു തരാം എന്ന് പുള്ളി നിർദ്ദേശിച്ചു. അന്നൊക്കെ അവിടങ്ങളിൽ സെന്റിന് ആയിരമോ ആയിരത്തഞ്ഞൂറോ മറ്റോ രൂപയേ ഉള്ളൂ. അച്ഛന് ഏതാണ്ട് അത്രയും ശമ്പളമുണ്ട്.
കിഴക്കേതിൽ പീട്രേട്ടൻ ആയിടയ്ക്ക് സ്ഥലം വാങ്ങി താമസം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പുള്ളി കമ്പനി തൊഴിലാളിയായിരുന്നു. സൈഡില് പൈസ പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും ഉണ്ട്. ഒരൊറ്റ നയാപൈസപോലും നിത്യാവശ്യങ്ങൾക്കല്ലാത്തെ ചെലവാക്കാറില്ല പീട്രേട്ടൻ. (Off: പീട്രേട്ടൻ മരിച്ച ശേഷം പുള്ളീടെ മുറിൽ കയറി നോക്കിയപ്പോൾ കട്ടിലിന്റടിയിൽ കുറേ ചാക്കുകളുണ്ടായിരുന്നത്രേ. തുറന്നു നോക്കിയപ്പോൾ അതിലൊക്കെ ക്യാഷ്! മിക്കതും പൂപ്പലൊക്കെ പിടിച്ച നിലയിൽ. ഞങ്ങളുടെ നാട്ടുകാർക്ക് "പൂത്ത കാശ്" എന്നുപറഞ്ഞാൽ എന്താണെന്ന് അന്നാണ് പ്രത്യക്ഷത്തിൽ വ്യക്തമായത്!)
നാട്ടുകാര് എല്ലാരും ചേർന്ന് ഇങ്ങനൊരു ആവശ്യവും കൊണ്ടു ചെന്നപ്പോൾ പീട്രേട്ടന് നോ പറയാൻ അര സെക്കൻഡുപോലും വേണ്ടിവന്നില്ല. എന്നുതന്നെയല്ല ഇനി ഇവറ്റകളൊക്കെക്കൂടി സ്ഥലം കയ്യേറുമോ എന്ന പേടിയും വന്നു. തൊട്ടടുത്തയാഴ്ചതന്നെ പുള്ളി പത്തുലോഡ് കല്ല് ഇറക്കി, പുള്ളിയുടെ പടിഞ്ഞാറേ അതിർത്തി മൊത്തം ഒരടി പൊക്കമുള്ള മതിലു കെട്ടി. കാണാനായിട്ടൊരു മതിലുണ്ടേനും എന്നാൽ നാട്ടുകാരെ വെല്ലുവിളിക്കുന്ന ഉയരമൊന്നുമില്ലാതെ അതിവിനീതനായി അതവിടെ ഇരിക്കേം ചെയ്യും.
ആ വഴിവെട്ടൽ അവിടെ അവസാനിച്ചു.
പിന്നേയും ഒന്നുരണ്ടു തവണ വടക്കേക്കാർ അച്ഛനോട് ചോദിച്ചുനോക്കി. സ്ഥലത്തിന്റെ വില തരാമെങ്കിൽ വിൽക്കാമെന്നായിരുന്നു എപ്പോഴും മറുപടി. ക്രമേണ ആളുകളുടെ വരുമാനവും ഭൂമിയുടെ വിലയും തമ്മിലുള്ള വ്യത്യാസം വർദ്ധിച്ചു. ആരും ചോദിച്ചുവരാതായി
ചേട്ടൻ വിരമിച്ച സൈനികനാണ്. പ്രായോഗികബുദ്ധിയും സംസാരശേഷിയും കാർക്കശ്യവുമൊക്കെയുള്ള വ്യക്തിത്വം.
"എന്റെ കയ്യിൽനിന്നെടുക്കുന്നത്രയും സ്ഥലം നിങ്ങൾ വിട്ടുതന്നാൽ മതി" എന്നൊരു നിർദ്ദേശം വെച്ചു, കൊസ്തേപ്പ് ജൂനിയർ! അതൊരു പ്രായോഗിക നിർദ്ദേശമായി എല്ലാവർക്കും തോന്നി. കയ്യീന്ന് കാശിറക്കേണ്ടല്ലോ.
അങ്ങനെ വടക്കേ വേലിയ്ക്കൽ ഒരു മൂന്നടിയോളം വീതിയിൽ സ്ഥലം മൂന്നു വീട്ടുകാരും ചേർന്ന് കൊസ്തേപ്പിന് വിട്ടുകൊടുത്തു. ആറടിയോളം സ്ഥലം കിഴക്കുഭാഗത്ത് കൊസ്തേപ്പും വിട്ടു. നടുവിലുണ്ടായിരുന്ന തെങ്ങും വെട്ടിമാറ്റി.
V2 എന്നു രേഖപ്പെടുത്തിയ പറമ്പിന്റെ ഉടമ പതിറ്റാണ്ടുകളായി നാട്ടിലില്ല. വഴി വന്നതോടെ പുള്ളി പറമ്പങ്ങ് വിൽക്കാൻ തീരുമാനിച്ചു. പക്ഷേ ടൈമിങ്ങ് മോശമായിപ്പോയി. വാങ്ങാൻ വിലയൊക്കുന്ന ആളെ കിട്ടാതെ വന്നപ്പോൾ അതും കൊസ്തേപ്പിന്റെ കയ്യിൽത്തന്നെ എത്തി. V1ൽ ഇപ്പൊ ആരുമില്ലാതെ കാടുപിടിച്ചു കിടക്കുന്നു.
Tയുടെ മൂന്നിലൊന്നും കൊസ്തേപ്പിന്റെ കയ്യിൽത്തന്നെ - അവർക്ക് ഒരു കല്യാണാവശ്യത്തിന് വിൽക്കേണ്ടി വന്നു
അങ്ങനെ ഒരു ചെറിയ ലോക്കൽ ജന്മിയായ കൊസ്തേപ്പ് ജൂനിയറിന്റെ കാര്യമോ? ഞങ്ങൾ രണ്ടനിയന്മാർ വിദേശത്ത് സെറ്റിൽഡ് ആണ്. നാട്ടിൽ തിരികെ വരാൻ യാതൊരു സാധ്യതയുമില്ല. ഞങ്ങളുടെ പിള്ളേർ അത്രപോലുമില്ല. കൊസ്തേപ്പ് ജൂനിയറിന്റെ ഒറ്റമകൾ അമേരിക്കയിൽ ഉപരിപഠനമൊക്കെ കഴിഞ്ഞ് ക്വാൾകോമിൽ വലിയ ഉദ്യോഗസ്ഥയാണ്. അവളും തിരികെ വരാൻ സാധ്യതയില്ല.
അപ്പോൾ ഒരു മുപ്പതുകൊല്ലം കഴിഞ്ഞാൽ ഈ കെട്ടിപ്പിടിച്ചതും വെട്ടിപ്പിടിച്ചതുമായ ഭൂമിയുടെ കാര്യമെന്താകും?