എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Wednesday, January 12, 2022

കൊസ്തേപ്പിന്റെ വഴി

കൊസ്തേപ്പ് അല്ലെങ്കിലും പ്രശ്നക്കാരനാണല്ലോ!

ഒന്ന് നിന്നു തിരിയാൻ പോലും ഇടമില്ലാതെ വലയുന്ന നാട്ടുകാർ. എങ്ങനെയെങ്കിലും ഒരു വണ്ടി കടക്കാനുള്ള വഴിയെങ്കിലും കിട്ടിയിരുന്നെങ്കിൽ നിത്യജീവിതം കുറച്ചുകൂടി സഹിക്കാനാകുമായിരുന്നു എന്നു വേവലാതിപ്പെടുന്നവർ.

സത്യത്തിൽ വഴി അങ്ങനെയാക്കിയത് കൊസ്തേപ്പല്ല. പണ്ടൊന്നും ഉള്ളിലെ പറമ്പുകളിലേയ്ക്ക് വഴിയേ ഇല്ല. മറ്റുള്ളവരുടെ പറമ്പിന്റെ ഓരം പിടിച്ച് ആളുകൾ നടക്കുകയായിരുന്നു പതിവ്. അതിരുകളിൽ വല്ല ശീമക്കൊന്നയോ ചെമ്പരത്തിയോ മറ്റോ വെച്ചുപിടിപ്പിക്കും ഒരു വണ്ടി കയറ്റേണ്ട ആവശ്യം വന്നാലും ആളുകളുടെ പറമ്പിൽക്കൂടി വണ്ടി ഓടിച്ചു കൊണ്ടുപോയാൽ ആരും ഒരു പ്രശ്നവുമുണ്ടാക്കാറില്ല.

ഇതിൽത്തന്നെ ഭീമന്റേയും മറ്റയൽക്കാരുടേയും വീടുകൾ നോക്കൂ. നല്ല കെട്ടുറപ്പുള്ള വീടുകളാണ്. താരതമ്യേന പുതിയതും. അതൊക്കെ പണിഞ്ഞ കാലത്ത് കരിങ്കല്ലും ഇഷ്ടികയും റോഡിലിറക്കി തലച്ചുമടായി ഇങ്ങേയറ്റം വരെ കൊണ്ടുവന്നതൊന്നുമാകില്ല. വണ്ടിയിൽതന്നെയാകും വന്നിരിക്കുക

അന്നില്ലാഞ്ഞതും പിന്നീടുവന്നതുമായ ഒന്നേയുള്ളൂ. മതിലുകൾ. മതിലുകൾ വരുന്നതിന് ഏറെക്കാലം മുമ്പ് 1972ലാണ് എന്റെ അച്ഛൻ പുതിയ വീട് പണിഞ്ഞത്. ഞങ്ങളുടെ വീട്ടിലേയ്ക്ക് കാറുകടക്കാനുള്ള വഴിയുണ്ടായിരുന്നെങ്കിലും ലോറി കടക്കാനുള്ള വഴി ഇല്ലായിരുന്നു. കല്ലും മണലും സിമന്റും ഇഷ്ടികയുമൊക്കെ ഞങ്ങളുടെ പറമ്പിലിറങ്ങിയത് ലോറിയിൽനിന്നു തന്നെയാണ്. ചിത്രത്തിൽ T എന്നു രേഖപ്പെടുത്തിയ തെക്കേ വീട്ടുകാരുടെ പറമ്പിലൂടെ അവരുടെ ഒന്നുരണ്ടു വാഴകൾ വെട്ടി മാറ്റി, രണ്ടിടത്ത് വേലി പൊളിച്ച് ഒക്കെയാണ് ലോറിക്കുള്ള വഴിയുണ്ടാക്കിയത്. പണി കഴിഞ്ഞ മുറയ്ക്ക് വേലി തിരികെ കെട്ടിവെയ്ക്കാനും പറമ്പ് കിളപ്പിയ്ക്കാനുമുള്ള പണം അച്ഛൻ കൊടുത്തിരിക്കാം. അറിയില്ല.

ഇന്ന് അയൽക്കാരന്റെ വീട്ടിലേയ്ക്ക് ലോറി കടത്തിക്കൊടുക്കാനായി ആരെങ്കിലും മതിലു പൊളിക്കുമോ!

കൊസ്തേപ്പ് പിന്നെക്കാട്ടിയ തോന്ന്യാസം എന്നു പറയുന്നത് ആദ്യം സ്ഥലം വിട്ടു കൊടുക്കാമെന്നു പറയുകയും പിന്നീട് ആ സ്ഥലത്തിന് വില ചോദിക്കുകയും ചെയ്തു എന്നതാണ്. നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പുള്ള പരിപാടിയുമായി നാട്ടുകാരു വരുമ്പോൾ അവരുമായി ഉടക്കുണ്ടാക്കാതെ 'ശരി ആവാം' എന്നു പറഞ്ഞ് അവരെ ഒഴിവാക്കാൻ നോക്കുന്നത് ചിലരെങ്കിലും സ്വാഭാവികമായി ചെയ്യുന്നതാണ്. സ്ഥലത്തിന് വിലയുണ്ട്. വഴി വരുമ്പോൾ ഇന്ന് വഴിയില്ലാത്തവരുടെ സ്ഥലത്തിന്റെ വില കൂടും. അങ്ങനെ നിങ്ങളുടെ ആസ്തി കൂട്ടാനായി കൊസ്തേപ്പ് ദാനം ചെയ്യണം എന്നു വാശിപിടിക്കുന്നത് ഒരുതരം ഗുണ്ടായിസം തന്നെയാണ്.

അങ്ങനെ കൊസ്തേപ്പിന്റെ ഭാഗത്തുനിന്ന് ചിന്തിക്കാതിരിക്കാനാണ് അയാളെ ഊളയും വെടിപ്പില്ലാത്തവനും സംസ്കാരമില്ലാത്തവനുമായി സിനിമാക്കാർ കാണിച്ചത്. സോഷ്യലിസം മുക്ക്യം ബിഗിലേ!

രണ്ടു കൊസ്തേപ്പുമാരെ എനിക്കും പരിചയമുണ്ട്. ഒന്ന് എന്റെ അച്ഛൻ, രണ്ട് എന്റെ ചേട്ടൻ! 😁

ഞങ്ങളുടെ അയൽപക്കമാണ് താഴെയുള്ള ചിത്രത്തിൽ. കറുപ്പു നിറത്തിൽ വളഞ്ഞുപുളഞ്ഞു പോകുന്നതാണ് മെയിൻ റോഡ്. ഈ മെയിൻ റോഡെന്നു പറഞ്ഞാൽ ഒരു ലോറിയ്ക്ക് പോകാനുള്ള വീതിയേ ഉള്ളൂ കേട്ടോ. നടുവിൽ Kosthepp എന്ന് രേഖപ്പെടുത്തിയ ഇടമാണ് ഞങ്ങളുടെ പറമ്പ്. മെയിൻ റോഡിൽനിന്ന് ഞങ്ങളുടെ പറമ്പിന്റെ ഗേറ്റ് വരെ ഒരു കാർ കയറാൻ വീതിയുള്ള ഇടവഴി.

ചിത്രത്തിൽ V1, V2, V3 എന്നു രേഖപ്പെടുത്തിയിരിക്കുന്ന പറമ്പുകൾ ഞങ്ങളുടെ വടക്കേ വീട്ടുകാരുടേതാണ്. അവരുടെ പറമ്പുകളിലേയ്ക്ക് വഴിയില്ല. പറഞ്ഞുവരുമ്പോൾ അവരെല്ലാം അച്ഛന്റെ വീട്ടുപേരുകാർ തന്നെയാണ്. ഏതോ കാർന്നോമ്മാരുടെ കാലത്ത് പെണ്ണുങ്ങൾക്ക് വീതം വെച്ചു കൊടുത്ത പറമ്പുകളാണ് (അന്ന് മരുമക്കത്തായപ്രകാരം പെണ്ണുങ്ങൾക്കാണല്ലോ ഭൂമിയ്ക്ക് അവകാശം).

പണ്ടൊക്കെ വഴിയില്ല എന്നതൊരു പ്രശ്നമായിരുന്നില്ല. വടക്കേ വീട്ടുകാരൊക്കെ ഞങ്ങളുടെ പറമ്പിലൂടെ തന്നെയാണ് വഴി പോയിരുന്നത്. അക്കാലത്ത് കാൽനട, ഏറിയാൽ സൈക്കിൾ - അതിനുള്ള വഴിയേ വേണ്ടൂ. പറമ്പിൽ ഒരടി വീതിയുള്ള ചാലു കാണാം, അത്രയേ ഉള്ളൂ.

കൂട്ടത്തിൽ പറയട്ടെ. ഞങ്ങളുടെ പറമ്പിന്റെ കിഴക്കേ അതിർത്തിയോടടുത്ത് ഒരു തെങ്ങും നിന്നിരുന്നു. അത് മനഃപൂർവ്വം വെട്ടാതെ നിർത്തിയിരിക്കുകയായിരുന്നു. കിഴക്കേ അതിരു ചേർന്ന് നടന്നിരുന്നവർ ആ തെങ്ങിന്റെ അടുത്തെത്തുമ്പോൾ ഒന്ന് ഞങ്ങളുടെ പറമ്പിലേയ്ക്ക് കയറി, തെങ്ങിനെ താണ്ടിയ ശേഷം മാത്രം വീണ്ടും കിഴക്കേ അറ്റത്തുകൂടി പോകണം. ആ തെങ്ങു വെട്ടിയാൽ അത് നേരിട്ടുള്ള ഒരു വഴിയാകും എന്നും പിന്നെ ആൾക്കാർ അതിന് അവകാശം പറഞ്ഞോണ്ടു വരും എന്നതുകൊണ്ടാണ് സീനിയർ കൊസ്തേപ്പ് അത് നിർത്തിയിരുന്നത്.

എഴുപതുകളുടെ മധ്യത്തിൽ ഓട്ടോറിക്ഷ എന്ന സാധനം നിലവിൽ വന്നു. അധികം താമസിയാതെ അതിന്റെ ഉപയോഗവും വർദ്ധിച്ചു.  വഴിയുടെ ആവശ്യം അങ്ങനെയാണ് വടക്കേക്കാർക്ക് ബോധ്യപ്പെട്ടു തുടങ്ങിയത്.

വിഷയം കൊസ്തേപ്പ് സീനിയറിന്റെ മുന്നിലെത്തി. സ്ഥലം വിട്ടുകൊടുക്കണം.

കിഴക്കേ വീട്ടുകാർ (ചിത്രത്തിൽ K എന്നു രേഖപ്പെടുത്തിയ ഇടം) പകുതി വീതിയ്ക്കുള്ള സ്ഥലം വിട്ടുതന്നാൽ ബാക്കി പകുതി വിട്ടു തരാം എന്ന് പുള്ളി നിർദ്ദേശിച്ചു. അന്നൊക്കെ അവിടങ്ങളിൽ സെന്റിന് ആയിരമോ ആയിരത്തഞ്ഞൂറോ മറ്റോ രൂപയേ ഉള്ളൂ. അച്ഛന് ഏതാണ്ട് അത്രയും ശമ്പളമുണ്ട്.

കിഴക്കേതിൽ പീട്രേട്ടൻ ആയിടയ്ക്ക് സ്ഥലം വാങ്ങി താമസം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പുള്ളി കമ്പനി തൊഴിലാളിയായിരുന്നു. സൈഡില് പൈസ പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും ഉണ്ട്. ഒരൊറ്റ നയാപൈസപോലും നിത്യാവശ്യങ്ങൾക്കല്ലാത്തെ ചെലവാക്കാറില്ല പീട്രേട്ടൻ. (Off: പീട്രേട്ടൻ മരിച്ച ശേഷം പുള്ളീടെ മുറിൽ കയറി നോക്കിയപ്പോൾ കട്ടിലിന്റടിയിൽ കുറേ ചാക്കുകളുണ്ടായിരുന്നത്രേ. തുറന്നു നോക്കിയപ്പോൾ അതിലൊക്കെ ക്യാഷ്! മിക്കതും പൂപ്പലൊക്കെ പിടിച്ച നിലയിൽ. ഞങ്ങളുടെ നാട്ടുകാർക്ക് "പൂത്ത കാശ്" എന്നുപറഞ്ഞാൽ എന്താണെന്ന് അന്നാണ് പ്രത്യക്ഷത്തിൽ വ്യക്തമായത്!)

നാട്ടുകാര് എല്ലാരും ചേർന്ന് ഇങ്ങനൊരു ആവശ്യവും കൊണ്ടു ചെന്നപ്പോൾ പീട്രേട്ടന് നോ പറയാൻ അര സെക്കൻഡുപോലും വേണ്ടിവന്നില്ല. എന്നുതന്നെയല്ല ഇനി ഇവറ്റകളൊക്കെക്കൂടി സ്ഥലം കയ്യേറുമോ എന്ന പേടിയും വന്നു. തൊട്ടടുത്തയാഴ്ചതന്നെ പുള്ളി പത്തുലോഡ് കല്ല് ഇറക്കി, പുള്ളിയുടെ പടിഞ്ഞാറേ അതിർത്തി മൊത്തം ഒരടി പൊക്കമുള്ള മതിലു കെട്ടി. കാണാനായിട്ടൊരു മതിലുണ്ടേനും എന്നാൽ നാട്ടുകാരെ വെല്ലുവിളിക്കുന്ന ഉയരമൊന്നുമില്ലാതെ അതിവിനീതനായി അതവിടെ ഇരിക്കേം ചെയ്യും.

ആ വഴിവെട്ടൽ അവിടെ അവസാനിച്ചു.

പിന്നേയും ഒന്നുരണ്ടു തവണ വടക്കേക്കാർ അച്ഛനോട് ചോദിച്ചുനോക്കി. സ്ഥലത്തിന്റെ വില തരാമെങ്കിൽ വിൽക്കാമെന്നായിരുന്നു എപ്പോഴും മറുപടി. ക്രമേണ ആളുകളുടെ വരുമാനവും ഭൂമിയുടെ വിലയും തമ്മിലുള്ള വ്യത്യാസം വർദ്ധിച്ചു. ആരും ചോദിച്ചുവരാതായി

പതിറ്റാണ്ടുകൾ കടന്നുപോയി. 
 
2011ൽ ഞങ്ങളുടെ അമ്മ മരിച്ചു. ആ വരവിൽ തറവാട്ടുസ്വത്തൊക്കെ ചേട്ടന്റെ പേരിലാക്കി ഞങ്ങളെല്ലാവരും കയ്യൊഴിഞ്ഞു. അച്ഛൻ ഒഴിവായതോടെ പഴയ കൂട്ടരൊക്കെ വീണ്ടും വഴിയുടെ പ്രശ്നം ചേട്ടന്റെ മുമ്പിൽ അവതരിപ്പിച്ചു.

ചേട്ടൻ വിരമിച്ച സൈനികനാണ്. പ്രായോഗികബുദ്ധിയും സംസാരശേഷിയും കാർക്കശ്യവുമൊക്കെയുള്ള വ്യക്തിത്വം.

"എന്റെ കയ്യിൽനിന്നെടുക്കുന്നത്രയും സ്ഥലം നിങ്ങൾ വിട്ടുതന്നാൽ മതി" എന്നൊരു നിർദ്ദേശം വെച്ചു, കൊസ്തേപ്പ് ജൂനിയർ! അതൊരു പ്രായോഗിക നിർദ്ദേശമായി എല്ലാവർക്കും തോന്നി. കയ്യീന്ന് കാശിറക്കേണ്ടല്ലോ.

അങ്ങനെ വടക്കേ വേലിയ്ക്കൽ ഒരു മൂന്നടിയോളം വീതിയിൽ സ്ഥലം മൂന്നു വീട്ടുകാരും ചേർന്ന് കൊസ്തേപ്പിന് വിട്ടുകൊടുത്തു. ആറടിയോളം സ്ഥലം കിഴക്കുഭാഗത്ത് കൊസ്തേപ്പും വിട്ടു. നടുവിലുണ്ടായിരുന്ന തെങ്ങും വെട്ടിമാറ്റി.

വഴിയായതോടെ എല്ലാവരും രണ്ടു വശത്തും മതിലു പണിതു. പ്രളയത്തിൽ ചില മതിലുകൾ ചരിയുകയും വീഴുകയുമൊക്കെ ഉണ്ടായെങ്കിലും എല്ലാവരും ഉൽസാഹത്തോടെ രണ്ടാമതും മൂന്നാമതും കെട്ടിപ്പൊക്കി. ഇപ്പോൾ കാറൊക്കെ കയറും. പക്ഷേ അമേരിക്കയിൽ ഡ്രൈവിങ്ങ് പഠിച്ചവൻ ആ വഴിയിലൂടെ വണ്ടി ഓടിച്ചാൽ രണ്ടു സൈഡും എപ്പൊ ഉരഞ്ഞെന്നു ചോദിച്ചാൽ മതി!

അനന്തരം
 
ചിത്രത്തിൽ P എന്നടയാളപ്പെടുത്തിയ പടിഞ്ഞാറേ പറമ്പ് ചില വർഷങ്ങൾക്കുമുമ്പ് ഭാഗം വെച്ചു. ആ പറമ്പിന്റെ മൂലയിൽ മാത്രമേ റോഡ് ആക്സസ് ഉള്ളൂ. തെക്കുഭാഗത്തുള്ള രണ്ടു കഷണങ്ങൾ കിട്ടിയവർക്ക് റോട്ടിലേയ്ക്കുള്ള വഴി കിട്ടി. വടക്കുഭാഗവും വീടും കിട്ടിയവന് മേൽപ്പറഞ്ഞപോലെ മൂന്നടി വഴിയേ അവർ വിട്ടുകൊടുത്തുള്ളൂ. കത്തിടാൻ വരുന്ന പോസ്റ്റ്മാൻ പോലും ഉള്ളിലേയ്ക്ക് വരാറില്ല. ഗതികെട്ട് അവൻ കൊസ്തേപ്പിനുതന്നെ പറമ്പ് വിൽക്കാൻ തീരുമാനിച്ചു. കൊസ്തേപ്പ് തങ്കപ്പെട്ടവനായതുകൊണ്ട് ന്യായവിലതന്നെ കൊടുത്തു.

V2 എന്നു രേഖപ്പെടുത്തിയ പറമ്പിന്റെ ഉടമ പതിറ്റാണ്ടുകളായി നാട്ടിലില്ല. വഴി വന്നതോടെ പുള്ളി പറമ്പങ്ങ് വിൽക്കാൻ തീരുമാനിച്ചു. പക്ഷേ ടൈമിങ്ങ് മോശമായിപ്പോയി. വാങ്ങാൻ വിലയൊക്കുന്ന ആളെ കിട്ടാതെ വന്നപ്പോൾ അതും കൊസ്തേപ്പിന്റെ കയ്യിൽത്തന്നെ എത്തി. V1ൽ ഇപ്പൊ ആരുമില്ലാതെ കാടുപിടിച്ചു കിടക്കുന്നു.
Tയുടെ മൂന്നിലൊന്നും കൊസ്തേപ്പിന്റെ കയ്യിൽത്തന്നെ - അവർക്ക് ഒരു കല്യാണാവശ്യത്തിന് വിൽക്കേണ്ടി വന്നു

അങ്ങനെ ഒരു ചെറിയ ലോക്കൽ ജന്മിയായ കൊസ്തേപ്പ് ജൂനിയറിന്റെ കാര്യമോ? ഞങ്ങൾ രണ്ടനിയന്മാർ വിദേശത്ത് സെറ്റിൽഡ് ആണ്. നാട്ടിൽ തിരികെ വരാൻ യാതൊരു സാധ്യതയുമില്ല. ഞങ്ങളുടെ പിള്ളേർ അത്രപോലുമില്ല. കൊസ്തേപ്പ് ജൂനിയറിന്റെ ഒറ്റമകൾ അമേരിക്കയിൽ ഉപരിപഠനമൊക്കെ കഴിഞ്ഞ് ക്വാൾകോമിൽ വലിയ ഉദ്യോഗസ്ഥയാണ്. അവളും തിരികെ വരാൻ സാധ്യതയില്ല.

അപ്പോൾ ഒരു മുപ്പതുകൊല്ലം കഴിഞ്ഞാൽ ഈ കെട്ടിപ്പിടിച്ചതും വെട്ടിപ്പിടിച്ചതുമായ ഭൂമിയുടെ കാര്യമെന്താകും?

വാൽക്കഷണം: ഈ സിനിമയിൽ അഞ്ജു കൊസ്തേപ്പിനെ തൂക്കിയെറിഞ്ഞ രംഗവു‌ം റീത്ത കൊസ്തേപ്പിനിട്ടൊരു പൂശു പൂശിയ രംഗവും പെരുത്തിഷ്ടമായി. ആണുങ്ങളുടെ അടിപോലെയല്ല പെണ്ണുങ്ങളുടെ അടി. ഒരെണ്ണം കിട്ടിയാൽ മതി. സൂപ്പർസ്റ്റാറിന്റെ ഇടി കിട്ടിയ വില്ലന്മാരേപ്പോലെ അടി കൊണ്ട് നാലിടത്ത് ഫുട്ബോൾ പോലെ ഇടിച്ചു തെറിച്ചാലും പിന്നേയും തിരികേ വന്ന് ഇടിക്കാനുള്ള ആമ്പിയറൊന്നും ഉണ്ടാവില്ല. നിന്ന നിൽപ്പിൽ അശുവായിപ്പോകും.

Sunday, October 25, 2020

മാങ്ങൂക്കാരൻ ഏല്യാമ്മ

 

 (ആളുകളുടെ സ്വകാര്യതയേക്കരുതി പേരുകളെല്ലാം മാറ്റിയിട്ടുണ്ട്)

"മാങ്ങൂക്കാരൻ ജോണിയുടെ ഭാര്യ ഏല്യാമ്മ(83) അന്തരിച്ചു. അന്ത്യകർമ്മങ്ങൾ ചാലക്കുടി ഫറോനാ പള്ളിയിൽ". രാവിലെ എണീറ്റപ്പോൾ വാട്ട്സാപ്പിൽ കണ്ട അറിയിപ്പാണ്. നാട്ടിലുള്ള ചേട്ടനാണ് ഫോർവേഡ് ചെയ്തത്.

"ആര്? നമ്മടെ കുഞ്ഞീശോന്റമ്മയോ? അവർക്ക് 83 വയസ്സേ ആയിട്ടുള്ളൂ?" എനിക്ക് സംശയം

"അതിപ്പൊ അന്നത്തെ കാലത്ത് ആരിതൊക്കെ നോക്കി വെച്ചേക്കുന്നു! അവരു പറയുന്നതു തന്നെയാണ് അവരുടെ വയസ്സ്" ചേട്ടന്റെ മറുപടി. അതും ശരിയാണ്. അന്നത്തെ കാലത്ത് ജനനരജിസ്റ്ററൊന്നുമില്ല. പള്ളിയിൽ ഒരുപക്ഷേ മാമ്മോദീസ മുക്കിയതിന്റെ രേഖ കാണുമായിരിക്കാം. അതും ഇത്രയും കാലം സൂക്ഷിച്ചു വെച്ചിട്ടുണ്ടാകുമോയെന്നൊന്നും അറിയില്ല. കലണ്ടറോ പഞ്ചാംഗമോ ഒക്കെ വീട്ടിൽ വാങ്ങി വെയ്ക്കാനും വായിക്കാനും അറിയുന്നവരും നന്നേ കുറവാണല്ലോ. അതും പരമദരിദ്രരിൽ.

കുഞ്ഞീശോന് ഞങ്ങൾക്കോർമ്മയുള്ള കാലത്തു തന്നെ പത്തിരുപത്തഞ്ചു വയസ്സിലധികമുണ്ട്. അയാളും അമ്മയും മാത്രമേയുള്ളൂ വീട്ടിൽ. അയാൾക്ക് എന്തോ ശാരീരികമോ മാനസികമോ ആയ പ്രശ്നമുണ്ടെന്നു തോന്നുന്നു. തീരെ മെലിഞ്ഞ് കൂനിയാണ് നില്പും നടപ്പുമൊക്കെ. പണിക്കൊന്നും പോവില്ല.  എന്തെങ്കിലും കഴിക്കണമെങ്കിൽ ഏല്യാമ്മ പണിയെടുത്തു കൊണ്ടുവരണം.

ഞാൻ എട്ട്/ഒമ്പത് ക്ലാസ്സിലായപ്പോഴേയ്ക്കും ഏല്യാമ്മയ്ക്കും ഭാരിച്ച പണിക്കൊക്കെ പോവാൻ വയ്യാതായി. എന്നാലും ചുറ്റുവട്ടത്തെ ചില വീടുകളിലൊക്കെ ചില്ലറ പണികളൊക്കെ ചെയ്ത് അന്നാന്നത്തേക്കുള്ളത് സമ്പാദിക്കാറുണ്ടായിരുന്നു. മകനേപ്പറ്റിയായിരുന്നു അവർക്ക് എന്നും വേവലാതി. 

 കുഞ്ഞീശോയ്ക്കിപ്പൊ എഴുപതിനു മേലെയായിട്ടുണ്ട് പ്രായം. ഇത്രയും കാലം അയാളെ ജീവിപ്പിച്ചു നിർത്തിയെന്നത് ചില്ലറക്കാര്യമല്ല.

"എന്റെ മാതാവേ.... കീർർർർറും" എന്നാണ് ഞങ്ങൾ ഏല്യാമ്മയെ വിളിച്ചിരുന്നത്.  "എന്റെ മാതാവേ" എന്നത് അതീവ ദൈന്യതയോടെ മേരിമാതാവിനെ വിളിക്കുന്നതാണ്. "കീർർർർറും" എന്നത് വാഴയില കീറുന്ന ശബ്ദവും. ഏല്യാമ്മ മാതാവിനേം വിളിച്ച് കരഞ്ഞുകൊണ്ട് ഇടയ്ക്കിടെ ഞങ്ങളുടെ ചുറ്റുവട്ടത്തെ വീടുകളിൽ വരും. പടി കടന്ന് അകത്തു കയറിയാൽ ആദ്യം കാണുന്ന വാഴയിൽ നിന്ന് ഒരു വാഴയില വലിച്ചു കീറും. അത് കുമ്പിളുകൂട്ടി അടുക്കള വശത്തേയ്ക്കു വരും. "അമ്മച്ച്യേ സാമ്പാറുണ്ടെങ്കിൽ ഇത്തിരി തായോ" എന്നും പറഞ്ഞ് ഇലക്കുമ്പിൾ നീട്ടി കാണിക്കും.

അന്ന് ആ വീട്ടിൽ സാമ്പാറല്ലായെങ്കിൽ അടുത്ത വീട്ടിൽ പോകും. ഒരു വീട്ടിലും സാമ്പാറില്ലെങ്കിൽ എല്ലാവരേയും പ്രാകി, മാതാവിനോട് പരാതിയും പറഞ്ഞ് ഇല വഴിയിൽക്കളഞ്ഞ് തിരിച്ചു പോകും.

ഈ സാമ്പാർ എന്നാൽ ഏല്യാമ്മയ്ക്കു തന്നെ ഉണ്ടാക്കിക്കൂടേ എന്നാണെങ്കിൽ, ഏല്യാമ്മ അത് ശ്രമിച്ച് പരാജയപ്പെട്ടതാണെന്നാണ് ഉത്തരം. സാമ്പാറു വേണ്ടത് ഏല്യാമ്മയ്ക്കല്ല, കുഞ്ഞീശോയ്ക്കാണ്. ഒരിക്കൽ ഏല്യാമ്മ സാമ്പാറുണ്ടാക്കി കൊടുത്തപ്പോൾ അതൊന്നു രുചിച്ചയുടൻ കുഞ്ഞീശോ ചോറുണ്ണാൻ വിസമ്മതിച്ചത്രേ. "അമ്മേടെ സാമ്പാറൊന്നും എനിക്കു വേണ്ടാ, എനിക്ക് നായമ്മാരുടെ വീട്ടിലെ സാമ്പാറു മതി" എന്നു പറഞ്ഞു പോലും. 

എല്ലാ ദിവസവും സാമ്പാർ ചോദിച്ചുകൊണ്ട് ഏല്യാമ്മ വരാറില്ല, പക്ഷേ വരുമ്പോൾ സാമ്പാറു തന്നെ വേണം. എങ്ങനേയും കുഞ്ഞീശോനെ അല്പം ഭക്ഷണം കഴിപ്പിക്കുക എന്നതായിരുന്നു പുള്ളിക്കാരിയുടെ ലക്ഷ്യം. ചില ദിവസം സാമ്പാറുണ്ടായാലേ പുള്ളി കഴിക്കൂ.

അതൊക്കെയൊരു കാലം. അന്ന് വേലികളേയുള്ളൂ, മതിലുകളില്ല. പടി അടച്ചിടാറില്ല. പുറത്തുനിന്ന് ഒരാൾക്ക് പറമ്പിൽ വന്ന് ഒരില കീറീയെടുക്കാനും അതിലല്പം സാമ്പാറൊഴിച്ചുതരാനും പറയാൻ തടസ്സമില്ല. ആ തലമുറയിലെ എല്ലാവരും ബാല്യത്തിൽ ദാരിദ്ര്യം അനുഭവിച്ചിരുന്നതിനാൽ വീട്ടുകാർക്കു വെച്ചതിൽ നിന്നൊരു പങ്ക് മാറ്റിയെടുത്തു കൊടുക്കാൻ മടിയുണ്ടായിരുന്നില്ല. പ്രാകിയിട്ടു പോയാലും പിന്നീടൊരിക്കൽ വന്ന് ചോദിക്കാനും എടുത്തു കൊടുക്കാനുമുള്ള മനസ്സിന് യാതൊരു കോട്ടവും വന്നിരുന്നില്ല. കീഴാളരെ ചേച്ചി/ചേട്ടാ/അമ്മ ചേ‌ർത്തുവിളിച്ചുകൂടാത്തത്ര ജാതീയതയും വരേണ്യതയുമുണ്ടായിരുന്നെങ്കിലും പട്ടിണിക്കാരന് വിളമ്പിക്കൊടുക്കാതിരിക്കാനുള്ളത്ര നികൃഷതയില്ലാതിരുന്ന കാലം.

ഏല്യാമ്മയേപ്പോലുള്ളവരാണ് കർമ്മയോഗികൾ എന്നു തോന്നുന്നു. ഒരു കാര്യവും ഗൌരവമായി വിശകലനം ചെയ്യാനുള്ള അറിവോ ശേഷിയോ ഇല്ലാതെ മുന്നിലുള്ള കൃത്യമെന്തെന്നു മാത്രം മനസ്സിലാക്കി അതു ചെയ്ത് ജീവിച്ചു തീർത്തവർ. അവർക്കു സഹായമായി ഒരു പ്രസ്ഥാനമോ കൂട്ടായ്മയോ ഈശ്വരനോ ഉണ്ടായില്ല. തൊണ്ണൂറ്റിയഞ്ചോളം കൊല്ലത്തെ വിധേയജീവിതം.

ഏല്യാമ്മയ്ക്ക് ബഹുമാനം, ആദരാഞ്ജലികൾ. കുഞ്ഞീശോയെ മാതാവ് രക്ഷിക്കട്ടെ.

Thursday, November 1, 2018

സ്വാമിയേ ശരണമയ്യപ്പാ!

കൂലങ്കഷമായി ചിന്തിച്ച് ഞാൻ ശബരിമല പ്രശ്നത്തിന് ഒരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. ഏല്ലാരും ഓടിവരിൻ!! വരിൻ, വരിൻ!

ഏതൊരു പ്രശ്നപരിഹാരത്തിനും അവശ്യം വേണ്ടത് പ്രശ്നം എന്താണെന്ന് ഡിഫൈൻ ചെയ്യുകയാണല്ലോ. ആദ്യം അതാകട്ടെ.

സുപ്രീം കോടതി വിധിച്ചു, യുവതികളെ ശബരിമലയിൽ പോകുന്നതിൽനിന്ന് വിലക്കരുതെന്ന്. ബിജെപി കേന്ദ്രസർക്കാരിനും ആ പാർട്ടിയിലെ ചിലർക്കും, സംസ്ഥാന സർക്കാരിനും അതിലെ ഘടകകക്ഷികൾക്കും, കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിനും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ്. അതായത് 'ശക്തികേന്ദ്രങ്ങൾ'ക്കെല്ലാം യോജിപ്പായതുകൊണ്ട് സ്ത്രീകൾക്ക് സ്വാമിദർശനത്തിന് അനുവാദമുണ്ടാകുമെന്ന കാര്യത്തിൽ  സംശയമൊന്നും വേണ്ട.

പക്ഷേ ലക്ഷക്കണക്കായ (?)ഭക്തജനവികാരം എതിരാണ്. രമേശേട്ടനും സുരേശേട്ടനും ഭക്തന്മാരുടെ കൂട്ടിലേയ്ക്ക് കഴുത്തിട്ടുകഴിഞ്ഞു. സഖാവിന് പിന്നെ (സ്വന്തം പാർട്ടിക്കാരല്ലാത്തവർ) ചൊറിഞ്ഞാൽ അടി എന്നതാണ് നയം. ലോക്കൽ ബിജെപ്പിക്കാര് പിന്നെ കേന്ദ്ര സർക്കാരിന്റെ കൂടെ നിക്കണോ, ഭക്തവികാരികളുടെ കൂടെ നിൽക്കണോ, ആറെസ്സെസ്സിന്റെ കൂടെ നിൽക്കണോ സ്വന്തം കാര്യം നോക്കണോ എന്നുള്ള ധർമ്മസങ്കടത്തിലാണ്. ഇവർ എല്ലാവർക്കും എങ്ങനെയെങ്കിലും നാണം കെടാതെ ഈ പ്രശ്നത്തിൽനിന്ന് ഊരണം.

ഇനി എന്റെ ബ്രില്ല്യന്റ് ഐഡിയ പൊട്ടിക്കാൻ പോകുവാണ്. *ദേവപ്രശ്നം*!! (കൊട് സിംബൽ)

പ്രശ്നം വയ്ക്കലിന് പേരുകേട്ട കുറച്ച് നമ്പൂരാരെ വിളിക്കുക. പ്രശ്നം വയ്പിക്കുക. യുവതികൾ വന്നാൽ അയ്യപ്പന് അപ്രീതിയുണ്ടാകുമോ. അങ്ങനെ അപ്രീതിയുണ്ടായാൽ പരിഹാരമെന്ത് എന്നൊക്കെ പ്രശ്നിക്കുക.

ഈ നമ്പൂരാര് മിടുക്കമ്മാരാ. എന്തു പ്രശ്നമുണ്ടായാലും പരിഹാരം ഉറപ്പായും ഉണ്ടാകും. ഏറിവന്നാൽ നിലവിലുള്ള അയ്യപ്പ വിഗ്രഹത്തിലുള്ള ചൈതന്യം ആവാഹിച്ച് വേറൊരു മൂർത്തിയിലാക്കി മറ്റൊരിടത്ത് പ്രതിഷ്ഠിക്കേണ്ടി വരും. അതൊക്കെ മുമ്പും ഉണ്ടായിട്ടുണ്ടെന്നേയ്.

അങ്ങനെ അയ്യപ്പനെ വേറൊരു വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ച് ഇപ്പോഴുള്ള അമ്പലത്തിൽനിന്ന് കുറച്ച് ദൂരത്ത് കാട്ടിനകത്തു കൊണ്ടുപോയി പ്രതിഷ്ഠിക്കുക. അതിനുചുറ്റുമുള്ള ഒരേക്കർ സ്ഥലം നല്ല ഉറപ്പുള്ള കമ്പിവേലി കെട്ടി തിരിക്കുക. ആ ഒരേക്കർ തന്ത്രികുടുംബത്തിനും പന്തളം സാമ്രാജ്യത്തിന്റെ ഛത്രപതിയ്ക്കും മാത്രമായി വിട്ടുകൊടുക്കുക (ഈ ഒരേക്കറിന്റെ ഔദാര്യം സഖാവ് ദയവായി ചെയ്യണം). വേറെ ആർക്കും അതിനകത്ത് പ്രവേശനം അനുവദിക്കരുത്.

അവിടെയുള്ള അയ്യപ്പൻ അങ്ങനെ വിരക്ത താപസി എന്ന സങ്കൽപ്പത്തിലുള്ള ദൈവമാകും. അവിടെ അഭിഷേകമോ കളഭച്ചാർത്തോ ആഭരണം അണിയിക്കലോ മണിയടിക്കലോ ദീപാരാധനയോ ഒന്നും പാടില്ല. മെയിൻ അമ്പലം തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഈ പ്രതിഷ്ഠയ്ക്കു മുമ്പിൽ മൂന്നുനേരം അല്പം ചോറു വെയ്ക്കുക. അതുമതി. അദ്ദേഹത്തിന്റെ തപസ്സ് ഭംഗപ്പെടുത്താതിരിക്കുക.

അനുഗ്രഹം വേണ്ടവരും പരാതി പറയേണ്ടവരും നിവേദ്യം അർപ്പിക്കേണ്ടവരും കാണിക്കയിടേണ്ടവരും മെയിൻ അമ്പലത്തിലെ പ്രതിഷ്ഠയിലൂടെ ചെയ്താൽ മാത്രമേ ഫലമുണ്ടാകൂ എന്നു വിധിക്കുക. (ഇപ്പോഴും അങ്ങനെയുള്ള ചടങ്ങൊക്കെയുണ്ട് - ഗുരുവായൂരമ്പലത്തിലെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകണമെങ്കിൽ മമ്മിയൂരുകൂടി പോയി തൊഴണം).

ഇതിൽനിന്നുണ്ടാകുന്ന ഗുണങ്ങൾ.
  1. പന്തളം സാമ്രാട്ടിനും തന്ത്രിപുംഗവനുമുള്ള പ്രമാണിത്തം നിലനിൽക്കുന്നു.
  2. നിലവിലുള്ള ചടങ്ങുകൾക്കോ ആഘോഷങ്ങൾക്കോ ഒരു മാറ്റവും ഉണ്ടാകുന്നില്ല.
  3. പൂജാരിയ്ക്കും രാശാവിനും മാത്രം പ്രവേശനമുള്ള ഇടത്തേയ്ക്ക് മാറ്റിയതുകൊണ്ട് ബ്രഹ്മചാരിയായ അയ്യപ്പനെ ആർക്കും പ്രലോഭിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല. പണ്ടത്തെ കാലമൊന്നുമല്ല. ആണുങ്ങൾക്കും അമ്പതുകഴിഞ്ഞ സ്ത്രീകൾക്കും അയ്യപ്പനെ പ്രലോഭിപ്പിക്കാൻ തോന്നില്ല എന്നതൊക്കെ പഴഞ്ചൻ ധാരണയാണ്. മനുഷ്യൻ ആണ് പെണ്ണ് എന്നീ രണ്ടു തരമേയുള്ളൂ എന്ന ധാരണപോലും അബദ്ധമാണ്.
  4. കോടതി വിധി അക്ഷരം പ്രതി പാലിക്കാനാകുന്നു.
  5. സ്ത്രീകൾക്ക് അവർ അർഹിക്കുന്ന ബഹുമാനവും പരിഗണനയും കിട്ടുന്നു.
  6. അന്യ സംസ്ഥാന ഭക്തർക്ക് ആശയക്കുഴപ്പം ഒഴിവാകുന്നു.
  7. കേന്ദ്ര സർക്കാരിന് ഒരേസമയം ഹിന്ദുത്വവിജയവും പുരോഗമനവാദവിജയവും ലഭിക്കുന്നു
  8. കുറച്ച് നമ്പൂരാർക്കും നായമ്മാർക്കും അല്പം കാശു കിട്ടുന്നു
  9. രമേശും സുരേശും ശ്രീധരനും വിജയനും അമിത്ജിയുമെല്ലാം പ്രശ്നത്തിൽനിന്ന് യാതൊരു കേടുപാടും കൂടാതെ തലയൂരുന്നു
  10. ഊളത്തരം പറച്ചിൽ അവസാനിക്കുന്നു
  11. തെരുവുയുദ്ധം ഒഴിവാകുന്നു
  12. നടവരവ് കൂടുന്നു
  13. പാവം പോലീസുകാർക്ക് മനസ്സമാധാനത്തോടെ ജോലിക്കു പോകാനാകുന്നു.
  14. കോടതിവ്യവഹാരത്തിൽ തുടർന്നുള്ള സമയനഷ്ടവും ധനനഷ്ടവും ഒഴിവാകുന്നു.
  15. ക്രമസമാധാനവും സൗഹാർദ്ദവും പുനസ്ഥാപിക്കപ്പെടുന്നു. 
  16. എല്ലാത്തിനും ഉപരിയായി "ഞാൻ ജയിച്ചു" എന്ന് എല്ലാവർക്കും വീമ്പിളക്കാനും വോട്ടുപിടിക്കാനും കഴിയുന്നു.

എങ്ങനെയുണ്ടെന്റെ ബ്രെയിൻ? താങ്ക്യു, താങ്ക്യു! ഫീസൊന്നും തരണ്ടാ, ഒരു ഊണു തന്നാൽ മതി.

Thursday, August 30, 2018

സൈമ (ഏഴാം ഭാഗം)

"മിസ്, എനിക്ക് നിങ്ങളുടെ പരിപൂർണ്ണ ശ്രദ്ധ രണ്ടു മണിക്കൂർ നേരത്തേയ്ക്ക് വേണം. കഴിയുന്നതും എല്ലാ വിവരങ്ങളും വളരേ വ്യക്തമായും വിശദമായും എന്നോടു പറയണം. പറയുന്നതെല്ലാം ഞാൻ റെക്കോർഡ് ചെയ്യും. കാര്യങ്ങൾ എത്രത്തോളം വ്യക്തമാണോ അത്രത്തോളം എളുപ്പമായിരിക്കും താങ്കളെ സഹായിക്കാൻ. എന്തെങ്കിലും ഭക്ഷണം കഴിക്കണമെങ്കിൽ കഴിച്ചിട്ടു വന്നോളൂ" പാസ്റ്റർ പറഞ്ഞു.

"ഇത്രയും നേരത്തേ പ്രാതൽ കഴിക്കുന്ന പതിവില്ല സർ. താങ്കൾ ചോദിച്ചോളൂ, എന്താണ് അറിയേണ്ടത്?"

"ആദ്യം സ്കൂളിൽ എന്താണ് ഉണ്ടായതെന്ന് കൃത്യമായി പറയൂ"

സൈമ പറഞ്ഞുതുടങ്ങി. സ്കൂളിൽ ലോക്ക്ഡൗണ്‍ അറിയിപ്പുണ്ടായതുമുതൽ ബോധം പോയതുവരെയുള്ള കാര്യങ്ങൾ കഴിയുന്നത്ര വിശദമായിത്തന്നെ പറഞ്ഞു. പാസ്റ്റർ വക്കീൽ അതെല്ലാം നിശ്ശബ്ദമായി കേട്ട് റെക്കോർഡ് ചെയ്തുകൊണ്ടിരുന്നു.

പാസ്റ്റർ ബാഗിൽനിന്ന് ഒരു ഐപാഡ് എടുത്തു. അതിൽ സ്കൂളിന്റെ വളരേയധികം ചിത്രങ്ങളുണ്ടായിരുന്നു. സൈമ ഏതു ക്ലാസ്സ് മുറിയിലായിരുന്നു, ഏതു വഴിയിലൂടെയാണ് പുറത്തുകടന്നത്, എവിടെയാണ് നിന്നത്, അബു പുറത്തുവന്നത് ആദ്യം കണ്ടപ്പോൾ അവൻ എവിടെയായിരുന്നു, എങ്ങോട്ടാണ് അവൻ ഓടിയത്, പോലീസുകാരൻ എവിടെനിന്നാണ് ഓടി വന്നത് എങ്ങനെയാണ് അബുവിനെ പിടിച്ചത്, തൂക്കിയെടുത്തത്, സൈമ എവിടെനിന്ന് എവിടെവരെ ഓടിയാണ് പോലീസുകാരനെ വീഴ്ത്തിയത് എന്നിങ്ങനെ ഡസൻ കണക്കിന് ചോദ്യങ്ങൾ. എല്ലാം തീർന്നപ്പോൾ സിനിമയിലെ സ്ലോ മോഷനിൽ എന്നപോലെ ഓരോ വിശദാംശവും സമയക്രമത്തിൽ തിരിച്ചുപറഞ്ഞ് പാസ്റ്റർ ഒന്നുകൂടി ഉറപ്പുവരുത്തി.

പിന്നീടുള്ള ചോദ്യങ്ങൾ ആശുപത്രിവാസത്തേപ്പറ്റിയായിരുന്നു. ആരൊക്കെ വന്നു, എന്തൊക്കെ ചോദിച്ചു, എത്ര പേരെ കണ്ടിരുന്നു എന്നിങ്ങനെ. റോസ് വരുന്നതിനു മുമ്പുള്ള കാര്യങ്ങളൊന്നും അധികം ഓർമ്മയില്ലായിരുന്നു. അന്നൊക്കെ മിക്കവാറും മരുന്നിന്റെ പ്രഭാവത്തിൽ ഉറക്കമായിരുന്നല്ലോ. വക്കീൽ അത് നോട്ട് ചെയ്തു.

"റോസ് വന്നതിനു ശേഷം ആരോടൊക്കെ സംസാരിച്ചു?"

റോസിനേപ്പറ്റി പറയുമ്പോൾ സൈമയ്ക്ക് ആവേശമായിരുന്നു. മിക്ക കാര്യങ്ങളും വളരേ വ്യക്തമായി ഓർമ്മയിലുണ്ടായിരുന്നു. ഓർമ്മ വരാത്ത കാര്യങ്ങൾ ഇടയ്ക്കിടെ ഡയറിയിൽനിന്ന് വായിച്ചെടുത്ത് വിശദീകരിച്ചു.

"ഈ ഡയറി റോസ് വായിക്കുമായിരുന്നോ?" പാസ്റ്റർ ചോദിച്ചു.

"അതെങ്ങനെ? ഇത് അറബിക്കിലാണല്ലോ എഴുതിയിരിക്കുന്നത്! പക്ഷേ ഞാൻ ഡയറി എഴുതിയോ എന്ന് മിസ് എല്ലാ ദിവസവും പരിശോധിക്കാറുണ്ടായിരുന്നു".

"ഉം". പാസ്റ്റർ ഒന്ന് ഇരുത്തി മൂളി. അല്പ നേരം നിശ്ശബ്ദനായിരുന്നു.

"മിസ് സൈമ, ഞാനൊരു കാര്യം പറയുമ്പോൾ ഞെട്ടരുത്. അവർ തീർച്ചയായും ഒരു നല്ല സൈക്യാട്രിസ്റ്റ് ആണ്. പക്ഷേ അവർ അതോടൊപ്പം ഒരു മികച്ച സീക്രട്ട് സർവീസ് ഏജന്റ് കൂടിയാകാനാണ് സാധ്യത"

സൈമ വായ് പൊളിച്ചിരുന്നുപോയി!

"യു മീൻ ഷി വാസ് ചീറ്റിങ്ങ് മി?" സൈമ വിറയലോടെ ചോദിച്ചു.

"നോട്ട് നെസെസ്സറിലി. അവരുടെ ജോലി സത്യം കണ്ടെത്തുക എന്നതാണ്. ആ സത്യം നിങ്ങൾക്കനുകൂലമാണെങ്കിൽ അവർ താങ്കളെ സഹായിക്കുകയാണ് ചെയ്തത്. മറിച്ചാണെങ്കിൽ വിചാരണ സമയത്ത് പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ചില കാര്യങ്ങൾ കേൾക്കുമ്പോൾ പലരും പല സത്യങ്ങളാണ് ധരിക്കുക. ഒരു ഉദാഹരണം പറയാം. I did not say you stole the money എന്ന വാചകം ഏതു വാക്കിന് ഊന്നൽ കൊടുക്കുന്നു എന്നതനുസരിച്ച് എട്ട് അർത്ഥങ്ങളുണ്ട്. അല്ലേ?"

സൈമ അമ്പരന്നുപോയി.

"സൈമ ഭയപ്പെടേണ്ട. അവരോട് സംസാരിച്ച എല്ലാ കാര്യങ്ങളും എന്നോട് ഓർത്തെടുത്ത് പറയുക. വിശേഷിച്ച് എന്തെങ്കിലും കള്ളമോ പൊങ്ങച്ചമോ കദനകഥയോ പറഞ്ഞിട്ടുണ്ടെങ്കിൽ. എല്ലാം എനിക്കറിയണം. എല്ലാം ഓർത്തെടുക്കണം. കഴിയുന്നതും അതേ വാക്കുകൾ തന്നെ വേണം. കാര്യങ്ങൾ അതിന്റെ പൂർണ്ണതയോടെ അറിഞ്ഞാലേ എനിക്ക് സൈമയെ സഹായിക്കാനാകൂ"

സംഭാഷണം പിന്നേയും രണ്ടു മണിക്കൂർ നീണ്ടു. ഏതാണ്ട് എല്ലാ വിവരങ്ങളും സൈമ ഓർത്തെടുത്തു. യാത്രകൾ, പുസ്തകങ്ങൾ, ചർച്ചകൾ, പാചകം, ഭക്ഷണം, കായിക വിനോദങ്ങൾ...എല്ലാം.

"വെരി ഗുഡ്. എനിക്കു തോന്നുന്നത്, സൈമയെ കുറ്റക്കാരിയാക്കാനുള്ള യാതൊന്നും റോസിന് കിട്ടിയിട്ടില്ലെന്നു തന്നെയാണ്. അത് സ്വാഭാവികവുമാണ്. യു ആർ കംപ്ലീറ്റ്‌ലി ഇന്നസന്റ്. നൗ, ജസ്റ്റ് സ്റ്റേ കാം ആൻഡ് ഹാവ് സംതിങ്ങ് ടു ഈറ്റ്."

പാസ്റ്റർ ഒരു നോട്ട്പാഡിൽ എന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങി.

സൈമ സാവധാനം എഴുന്നേറ്റ് അടുക്കളയിൽ കയറി ഒരു എഗ് ആൻഡ് ട്യൂണ സാൻഡ്വിച്ച് ഉണ്ടാക്കി. പാസ്റ്ററിന് വേണോയെന്നു ചോദിച്ചപ്പോൾ വേണ്ടെന്നു പറഞ്ഞു.

ഭക്ഷണമൊക്കെ കഴിഞ്ഞ് തിരികേ വന്നപ്പോഴും പാസ്റ്റർ എഴുതിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് പത്തു മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു.

"നൗ, ലിസെൻ ടു മി യങ്ങ് ലേഡി. എനിക്ക് താങ്കളോട് ചില പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ട്"

അദ്ദേഹം കണ്ണട ഊരി കയ്യിൽ പിടിച്ച് സൈമയെ തറപ്പിച്ചു നോക്കി

"സൈമ ഇപ്പോൾ ഒരു വിചാരണ നേരിടാൻ മാത്രം ആരോഗ്യവതിയായിരിക്കുന്നു. പക്ഷേ അതുറപ്പിക്കാൻ പൊലീസ് താങ്കളെ ചില മെഡിക്കൽ ആൻഡ് മെന്റൽ പരിശോധനകൾക്ക് വിധേയമാക്കും. അതിനെ ഒട്ടും ഭയപ്പെടേണ്ട. താങ്കളെ കഴിയുന്നതും ആ പരിശോധനകളിൽ വിജയിപ്പിക്കാനാകും അവർ ശ്രമിക്കുക. അതിന് വെറുതേ നിന്നു കൊടുത്താൽ മതി."

സൈമ തലയാട്ടി.

"ഇവിടന്നങ്ങോട്ട് താങ്കൾ ഒരാളോടും ഇംഗ്ലീഷിൽ സംസാരിക്കരുത്. നിങ്ങൾക്കായി ഒരു അറബിക് പരിഭാഷകനെ ഏർപ്പാടാക്കുവാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അറബിക് സംസാരിക്കുന്ന ഓഫീസർമാർ തന്നെ താങ്കളെ ചോദ്യം ചെയ്യാൻ വന്നേക്കാം. എങ്ങനെയായാലും ഇവിടന്നങ്ങോട്ടുള്ള എല്ലാ സംസാരവും അറബിക്കിലായിരിക്കാൻ താങ്കൾ ശ്രദ്ധിക്കണം. താങ്കൾ ഇംഗ്ലീഷ് നല്ലപോലെ സംസാരിക്കാൻ അറിയാത്ത ആളാണ്. സൂത്രം നിറഞ്ഞ ചോദ്യങ്ങൾ മനസ്സിലാക്കാനും പറയുന്ന ഉത്തരങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാതിരിക്കാനും മാതൃഭാഷ തന്നെയാണ് നല്ലത്"

"അറബിക് അല്ല, കുർദി ആണ് ഞങ്ങളുടെ മാതൃഭാഷ, സർ. സ്കൂളിലൊക്കെ അറബിക് ആണ് പഠിച്ചത്. പക്ഷേ രണ്ടു ഭാഷയും ഒരുപോലെ സംസാരിക്കാൻ അറിയാം".

"ഗുഡ്. ഇനി അടുത്ത കാര്യം. സൈമ പഴയപോലെ തട്ടവും മുഴുക്കൈയ്യൻ ടോപ്പും നീളമുള്ള പാവാടയും ഇടണം. ഇത് മാറിയ സൈമയല്ല, പഴയ സൈമ തന്നെയാണ്, അന്നും ഇന്നും സൈമ ഒരുപോലെ നിരപരാധിയാണ് എന്നൊക്കെ തെളിയിക്കുന്നതിന് ആ വസ്ത്രധാരണം പ്രധാനമാണ്. തന്നെയുമല്ല താങ്കളുടെ ഈ കേസ് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചതാണ്. താങ്കളിലെ എല്ലാ മാറ്റങ്ങളും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യും. ശരിയായ ന്യായവിചാരണയെ അത് ബാധിക്കാനിടയുണ്ട്."

"ഓക്കേ"

"സൈമയെ വീട്ടുതടങ്കലിലേയ്ക്ക് വിട്ടുകിട്ടാൻ ഞാൻ ശ്രമിക്കാം. പക്ഷേ അതിൽ ഉറപ്പു തരാനാകില്ല. അതുകൊണ്ട് മാനസികമായി, താങ്കൾ ഒരു ജുവനൈൽ ജെയിലിൽ പോകാൻ തയ്യാറായിരിക്കുക. താങ്കളുമായി ഇടപെടുന്ന എല്ലാവരും - അത് പാൽക്കാരനോ, തൂപ്പുകാരനോ, തയ്യൽക്കാരനോ, പോലീസുകാരനോ മറ്റു തടവുകാരോ ആരുമാകട്ടെ - എല്ലാവരും ഒരു പൊലീസ് ഏജന്റ് ആണെന്ന് കരുതിവേണം സംസാരിക്കാൻ. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഏറ്റവും കുറഞ്ഞ വാക്കുകളിൽ സത്യസന്ധമായ ഉത്തരം മാത്രം നൽകുക."

"ശരി"

"അവസാനമായി ഒരു കാര്യം. അമേരിക്കൻ നീതിന്യായവ്യവസ്ഥിതിയെ വിശ്വസിക്കുക. അത് ഞങ്ങൾ അമേരിക്കക്കാരുടെ അഭിമാനമാണ്. അതിന്റെ ഒരു ചെറിയ കണ്ണിയായ എനിക്ക് അതിലേറെ അഭിമാനവും ബഹുമാനവുമാണ് ഈ വ്യവസ്ഥിതിയോട്. നിങ്ങൾ നിരപരാധിയാണെങ്കിൽ നിങ്ങൾ തീർച്ചയായും പൂർണ്ണമായും സംരക്ഷിക്കപ്പെടും. നിങ്ങളെ വിട്ടയയ്ക്കുന്ന ദിവസം നിങ്ങൾക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങ് സ്നേഹവും ബഹുമാനവും അത് നിങ്ങൾക്ക് തരും. അതുകൊണ്ട് ഒരിക്കലും ഈയൊരു സംഭവം മനസ്സിനെ കലുഷമാക്കാൻ അനുവദിക്കരുത്. ഗിവ് ദ സിസ്റ്റം ഇറ്റ്സ് ടൈം. യു വിൽ കം ഔട്ട് ഓഫ് ഇറ്റ് ഹാപ്പി"

"താങ്ക് യൂ സർ".

"ഞാൻ ഇനി താങ്കളെ ഇടയ്ക്കിടെ കാണും. ആരുടെയെങ്കിലും ഭാഗത്തുനിന്ന് താങ്കൾക്ക് എന്തെങ്കിലും ദുരനുഭവമുണ്ടായാൽ അത് എത്ര ചെറുതായാലും നമ്മൾ തമ്മിൽ കാണുമ്പോൾ എന്നെ അറിയിക്കണം. അത് ആരുടെ മുന്നിൽവെച്ച് പറയേണ്ടി വന്നാലും ശരി. ഒരിക്കലും ആരുടേയും ഭീഷണിയ്ക്കു വഴങ്ങി കാര്യങ്ങൾ പറയാതിരിക്കരുത്"

"ശരി സർ"

"അപ്പോൾ ഞാൻ ഇറങ്ങുകയാണ്. എനിക്കു തോന്നുന്നത് ഇന്നുതന്നെ താങ്കളെ ഈ വീട്ടിൽനിന്ന് കൊണ്ടുപോകുമെന്നാണ്. സൈമ എവിടെ എത്തിയാലും ഞാൻ അവിടെ വന്ന് കണ്ടുകൊള്ളാം. വിഷ് യു വെൽ"

പാസ്റ്റർ ബാഗെടുത്ത്, തൊപ്പി തലയിൽ വെച്ച്, തിടുക്കത്തിൽ ഇറങ്ങിപ്പോയി.

************************************

************************************

"പ്രൊഫസർ മിസ് ഖാൻ വുഡ് യു പ്ലീസ് റിപ്പീറ്റ് ദ ക്വെസ്റ്റ്യൻ ഫോർ ഹെർ" ഡോക്റ്റർ ലെറോയ് ഒന്നുകൂടി മുരണ്ടു. സൈമ അതുകേട്ട് ഓർമ്മകളിൽനിന്ന് ഞെട്ടിയുണർന്നു.

"മിസ് റസൂല്‍, നിങ്ങള്‍ എന്തുകൊണ്ടാണ് ഇവിടെയുള്ളത് എന്നറിയാമോ?"

"അറിയാം. ഞാൻ ഒരു കോടതി വിചാരണയെ നേരിടാൻ മാത്രം മാനസികാരോഗ്യം വീണ്ടെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പോലീസ് ഏർപ്പെടുത്തിയ പരിശോധനയ്ക്ക് വന്നതാണ്" സൈമ മറുപടി നൽകി. നേർത്ത ശബ്ദത്തിലാണെങ്കിലും ആ മറുപടിയിൽ പതർച്ചയോ ഭയമോ ഇല്ലായിരുന്നു. ഒരു ഉറച്ച, ശാന്തമായ ആത്മവിശ്വാസം മാത്രം.


(അവസാനിച്ചു)

Wednesday, June 6, 2018

സൈമ (ആറാം ഭാഗം)

"ആര്‍ യു ഗെറ്റിങ്ങ് സം ഗുഡ് റെസ്റ്റ് ഹണീ?"

വീര്യം കൂടിയ വേദനസംഹാരികള്‍ കഴിച്ച് ഉറങ്ങുകയാണ് പതിവ്. അല്ലെങ്കില്‍ ശരീരത്തില്‍ നുറുങ്ങുന്ന വേദനയാണ്. പോരാത്തതിന് അബുവിനെ ഓര്‍മ്മ വരും. ആരേയും വന്നു കാണാന്‍ പോലീസ് അനുവദിക്കുകയില്ലെന്ന് ഡോക്റ്റര്‍മാര്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഉറക്കം തന്നെയാണ് ഭേദം.

അപ്പോള്‍ ഇതാരാണ് വന്നിരിക്കുന്നത്?

നല്ല വെളുത്തുതുടുത്ത് ഭംഗിയായി മേക്കപ്പ് ചെയ്ത മുഖം. വളരേ ശാന്തമായ കരുണഭാവമുള്ള പുഞ്ചിരി. ഇളം പിങ്ക് നിറത്തിലുള്ള ഡ്രെസ്സ്. തോളൊപ്പമുള്ള വൃത്തിയായി ചീകിയ തലമുടി. ആരാണീ സ്ത്രീ?

"മൈ നേം ഈസ് റോസ്, സ്വീറ്റീ. ഐ ആം എ സൈക്കോതെറാപിസ്റ്റ്. ഡൂ യൂ നോ ഹു എ സൈക്കോതെറപിസ്റ്റ് ഈസ്?"

അറിയില്ലെന്ന അര്‍ത്ഥത്തില്‍ സൈമ തലയാട്ടി

വളരേ പതിഞ്ഞ സ്വരത്തില്‍ സാവധാനം അവര്‍ സൈക്കോതെറപിസ്റ്റ് ആരെന്ന് വിവരിച്ചു. കേട്ടിരിക്കാന്‍ തന്നെ രസമായിരുന്നു അവരുടെ സംസാരം.

രണ്ടുദിവസത്തിനുള്ളില്‍ അവരുമായി നല്ല സൗഹൃദമായി. തനിക്കുപറയാനുള്ളത് വളരേ ശ്രദ്ധയോടെ കേള്‍ക്കുമായിരുന്നു, മിസ് റോസ്. ഏതു സംഭാഷണത്തിനിടയിലും താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ സ്വയം സംസാരം നിറൂത്തുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുമായിരുന്നു. സംസാരിക്കാത്തപ്പോഴാണെങ്കില്‍ അവര്‍ ധാരാളം ജീവിതാനുഭവങ്ങള്‍ പറഞ്ഞുതരുമായിരുന്നു. വളരേ സരളമായ ഭാഷയില്‍, മൃദുശബ്ദത്തില്‍, കൊതിപ്പിക്കുന്ന ശൈലിയില്‍, മനസ്സിന് സന്തോഷം തോന്നിപ്പിക്കുന്ന കഥകള്‍.

ദിവസങ്ങൾ കടന്നുപോയി.

"ഐ തിങ്ക് യു ആര്‍ റെഡി ഫോര്‍ എ ടൂര്‍ ടുഡേ" ഒരുദിവസം അവര്‍ പ്രഖ്യാപിച്ചു. സൈമയെ ഒരു വീല്‍ചെയറിലിരുത്തി ആശുപത്രിയില്‍ ചെന്നുകയറാന്‍ അനുവാദമുള്ള ഇടങ്ങളിലൊക്കെ കൊണ്ടുപോയി. കിച്ചനിലെ മിസ് തെല്‍മയേയും ഹൗസ്കീപ്പിങ്ങിലെ നേതനേയും ചാപ്പലിലെ റെവറന്‍ഡ് തോമസിനേയും കഫെടേറിയയിലെ എല്ലാവരേയും ചില ക്ലിനിക്കുകളിലെ നേഴ്സുമാരേയും പരിചയപ്പെട്ടു.

ഒരു പോലീസ് കേസിലുള്‍പ്പെട്ട പ്രതിയോടെന്ന പോലെയോ 'വിദേശി' എന്നപോലെയോ ഒരാളും വിവേചനം കാട്ടിയില്ല. എല്ലാവര്‍ക്കും നിറയേ സ്നേഹം മാത്രം. മിസ് റോസ് നേരത്തേ പറഞ്ഞ് സെറ്റ് ചെയ്തതായിരിക്കുമോ? അറിയില്ല.

അതിന്റെ പിറ്റേ ദിവസം വലിയൊരു ബാഗുമായാണ് മിസ് റോസ് വന്നത്. "നമുക്ക് ഇവിടം വിടാന്‍ സമയമായി. എല്ലാം പാക്ക് ചെയ്തോളൂ" അവര്‍ പറഞ്ഞു.

"എനിക്ക് വീട്ടില്‍ പോകാമോ?" സൈമയ്ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.

"നിര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ പറ്റില്ല. ഇപ്പോള്‍ നമ്മള്‍ നഗരത്തിനു പുറത്തുള്ള സുന്ദരമായ ഒരു ഗ്രാമത്തിലെ അതിസുന്ദരമായ ഒരു വീട്ടിലേയ്ക്കാണ് പോകുന്നത്. ജസ്റ്റ് യു ആന്‍ഡ് മി ഇന്‍സൈഡ്, പൊലീസ് ഗാര്‍ഡിങ്ങ് ഔട്സൈഡ്" അവര്‍ കുടുകുടാ ചിരിച്ചുകൊണ്ടു പറഞ്ഞു.

കട്ടിലിലില്‍ നിന്ന് വീല്‍ചെയറിലേയ്ക്ക്, പിന്നെ മെഡിക്കല്‍ വാനിലേയ്ക്ക്. പിന്നെ ഏതോ ഗ്രാമീണവഴികളിലൂടെ ഒന്നരമണിക്കൂര്‍. അവസാനം ഒറ്റപ്പെട്ടയിടത്ത് ഒരു കുന്നിന്‍മേലുള്ള ഒരു വീട്ടിലെത്തി.

പറഞ്ഞതുപോലെ ഒറ്റനിലയുള്ള, എല്ലാ സൗകര്യങ്ങളുമുള്ള, സാമാന്യം വലിയ സുന്ദരന്‍ വീടായിരുന്നു അത്. സൈമയ്ക്കും റോസിനും കിടക്കാന്‍ വേറെ വേറെ ബാത് അറ്റാച്ച്ഡ് കിടപ്പുമുറികളുണ്ടായിരുന്നു.ധാരാളം സൂര്യപ്രകാശം വന്നുനിറയുന്ന മുറികളായിരുന്നു എല്ലായിടത്തും. ജന്നലുകള്‍ തുറന്നിട്ടാലും വളരേ നിശ്ശബ്ദമായ ചുറ്റുപാടുകള്‍.

ദിവസേന വായന, പാചകം, ടീവി, വാതോരാതെ സംസാരം. അതായിരുന്നു പതിവ്. റോസ് പുതിയ ഒരു കാര്യംകൂടി ശീലിപ്പിച്ചു. ഡയറി എഴുത്ത്. പതിവായി എല്ലാ ദിവസവും അതില്‍ കുറേയധികം എഴുതിയിടും.

അല്പമൊക്കെ നടക്കാറായതില്‍പ്പിന്നെ പതിവായി മാളിലും റെസ്റ്ററന്റിലും ലൈബ്രറിയിലുമൊക്കെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു, റോസ്. പലതരം മേക്കപ്പുകള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയേപ്പറ്റിയൊക്കെ റോസിന് ധാരാളം അറിവുണ്ടായിരുന്നു. മാളില്‍ പോയാല്‍ സൈമയ്ക്ക് ഇഷ്ടപ്പെട്ടതെന്തും വാങ്ങിക്കൊടുക്കുമായിരുന്നു. അതുപോലെത്തന്നെ പല രാജ്യങ്ങളുടേയും ഭക്ഷണങ്ങള്‍ രുചിച്ചതും റോസിന്റെ കൂടെ പോയപ്പോഴാണ്.

റോസിന് നീന്തല്‍ വളരേ ഇഷ്ടമായിരുന്നു. ബിക്കിനിയൊക്കെ ഇട്ട് കമ്യൂണിറ്റി സ്വിമ്മിങ്ങ് പൂളില്‍ ആണുങ്ങളുടെയൊക്കെ മുമ്പില്‍വെച്ച് അവര്‍ നീന്തുന്നതുകണ്ടപ്പോള്‍ ആദ്യം വല്ലാത്ത ചമ്മലായിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ നാണിക്കേണ്ടതായ ഒന്നുമില്ലെന്നും സ്വന്തം ശരീരം അഭിമാനത്തോടെയും തന്റേടത്തോടെയും കൊണ്ടുനടക്കണമെന്നും നോട്ടങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും ഭയം തോന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടങ്ങളെ ശക്തമായി നേരിടണമെന്നും റോസ് പഠിപ്പിച്ചു.

ക്രമേണ മതനിഷ്ഠ നിഷ്കർഷിക്കുന്ന പല കെട്ടുപാടുകളിൽനിന്നും ഒന്നൊന്നായി മോചിതയായി. കാറ്റിൽ സ്വതന്ത്രമായി പറന്നുയരുന്ന മുടിയിഴകൾ ഏറെ ആനന്ദിപ്പിച്ചു. മുട്ടൊപ്പമുള്ളതും സ്ലീവ് ഇല്ലാത്തതുമായ വസ്ത്രങ്ങൾ ആത്മവിശ്വാസത്തോടെ ധരിക്കാൻ ശീലിച്ചു. രാഷ്ട്രീയവും ചരിത്രവും തത്വശാസ്ത്രവും നിയമവും വിഷയമായ പുസ്തകങ്ങൾ വായിച്ചു. മതപരമായ തിരുവെഴുത്തുകളെ മനുഷ്യന്റെ സാമൂഹിക വികസനത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കി. എന്തിനേയും ചോദ്യം ചെയ്യാനും തർക്കിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും ശീലിച്ചു.

വളരേയധികം ഭയങ്ങളും ആചാരങ്ങളും കെട്ടിയിട്ടിരുന്ന വ്യക്തിത്വത്തിൽനിന്ന് 'ധീര' എന്നു വിളിക്കാവുന്നിടത്തോളം എത്തിയില്ലെങ്കിലും ആത്മവിശ്വാസമുള്ളവൾ എന്ന നിലയിലേയ്ക്ക് സൈമ എത്തി.

പിന്നേയും ദിവസങ്ങൾ കടന്നുപോയി.

ഷൂസിന്റെ കടുപിടു ശബ്ദം കേട്ടാണ് ഒരു ദിവസം രാവിലെ ഉണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ റോസ് അവരുടെ സാധനങ്ങളെല്ലാം പാക്ക് ചെയ്യുകയാണ്!

"നമ്മൾ എവിടേയ്ക്കാണ് പോകുന്നത്, മിസ് റോസ്?" സൈമ അമ്പരപ്പോടെ ചോദിച്ചു.

"വി ആർ നോട്ട് ഗോയിങ്ങ്. ഹാവ് ടു ഗോ, സ്വീറ്റി" അവർ സൗമ്യമായി പറഞ്ഞു."ഞാൻ പറഞ്ഞല്ലോ, ഞാനൊരു തെറാപ്പിസ്റ്റ് ആണെന്ന്. നിന്റെ മാനസികാരോഗ്യം ഇപ്പോൾ പൂർണ്ണമായും സാധാരണമായിരിക്കുന്നു. എനിക്കിനി മടങ്ങേണ്ടിയിരിക്കുന്നു"

ഇങ്ങനൊരു ദിവസം വരുമെന്ന് സൈമയ്ക്ക് അറിയാമായിരുന്നു. അവൾ റോസിനെ കെട്ടിപ്പിടിച്ചു. മനസ്സിൽ ഒരു പിടപ്പ് ഉണ്ടായിരുന്നെങ്കിലും അവൾ കരഞ്ഞില്ല. അതിനുള്ള കരുത്ത് അവൾ നേടിക്കഴിഞ്ഞിരുന്നു.

"അപ്പോൾ ഞാൻ എവിടെപ്പോകും?" സൈമ അവരുടെ ചെവിയിൽ ചോദിച്ചു.

"നിന്റെ വക്കീൽ അവിടെ സ്വീകരണമുറിയിൽ ഇരിപ്പുണ്ട്. അദ്ദേഹം എല്ലാം പറഞ്ഞുതരും"

"ഇത്ര വെളുപ്പാൻ കാലത്തോ?" സൈമ അത്ഭുതപ്പെട്ടു.

"ഇതാണ് പോലീസിന്റെ രീതി, സ്വീറ്റി. എനിക്കിനി അധികനേരം നിൽക്കാൻ അനുവാദമില്ല. ഇക്കഴിഞ്ഞ ആഴ്ചകളിൽ പഠിച്ചതെല്ലാം ഓർമ്മവെയ്ക്കുക. മനസ്സിനെ ചഞ്ചലപ്പെടാൻ അനുവദിക്കാതിരിക്കുക. വിഷ് യു ആൾ ദ ബെസ്റ്റ്! നൗ ഗോ മീറ്റ് യുവർ ലോയർ" അവർ തിടുക്കത്തിൽ സൈമയെ പിടിച്ചുമാറ്റി വീണ്ടും പാക്കിങ്ങ് തുടർന്നു.

സൈമ പതുക്കെ ബാത് റൂമിൽ കയറി. പല്ലുതേച്ചു. മുഖം കഴുകി. സാവധാനം താഴെയുള്ള സ്വീകരണമുറിയിലേയ്ക്ക് ഇറങ്ങിച്ചെന്നു.

"ഗുഡ് മോർണിംഗ് മിസ് സൈമ. ഐ ആം അറ്റോനി വില്ലി മക് കോർമിക്. എല്ലാവരും എന്നെ പാസ്റ്റർ മക് കോർമിക് ആയാണ് അറിയുന്നത്. താങ്കളുടെ കേസ് നടത്താൻ താങ്കളുടെ അമ്മാവൻ ഏർപ്പെടുത്തിയ വക്കീലാണ് ഞാൻ" സ്വീകരണ മുറിയിലെ അപരിചിതൻ സ്വയം പരിചയപ്പെടുത്തി.

സൈമ അയാളെ തീരെ താല്പര്യമില്ലാത്തവണ്ണം നോക്കി. പിന്നെ ഒരു തണുപ്പൻ ഹാൻഡ്ഷേക്ക് കൊടുത്തു.

പുറത്തുനിന്ന് അപ്പോൾ ഒരു കാർ സ്റ്റാർട്ട് ആകുന്ന ശബ്ദം വന്നു. ആ ശബ്ദം ഏതെന്ന് തെറ്റുപറ്റാനാകാത്തവിധം സ്പഷ്ടമാണ്. റോസ് ഈസ് ലീവിങ്ങ്.



(തുടരും)

Sunday, December 24, 2017

സൈമ (അഞ്ചാം ഭാഗം)

അമേരിക്കന്‍ മാധ്യമലോകത്തിന് ചാകരദിവസമായിരുന്നു അന്ന്.

സ്കൂളിലെ പ്രശ്നത്തേപ്പറ്റി ആദ്യം പുറം ലോകം അറിഞ്ഞത് SQVW എന്ന ലോക്കല്‍ ന്യൂസ് ചാനലിലൂടെയാണ്. പട്ടണത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുടെ ഉടമസ്ഥതയിലുള്ള ചാനലാണ് അത്. അധികം പ്രേക്ഷകരില്ലെങ്കിലും കൃത്യമായ വലതുപക്ഷരാഷ്ട്രീയം ഉറക്കെ വിളിച്ചുപറയുന്ന ഒരു ചാനലാണ് അത്. പട്ടണത്തിലേയും പട്ടണത്തിനു പുറത്തേയും ബിസിനസ്സുകാരുടെ സാമ്പത്തികപിന്തുണ ധാരാളമുണ്ടായിരുന്നതുകൊണ്ട് വ്യൂവര്‍ഷിപ്പൊന്നും അവര്‍ക്കൊരു പ്രശ്നമേ അല്ല.

പോലീസുമായി അടുത്ത ബന്ധമാണ് ചാനലിന്. ഒരുതരം പരസ്പര സഹായ ബന്ധം എന്നുതന്നെ പറയാം. പട്ടണത്തില്‍ ഹെലികോപ്റ്റര്‍ ഉള്ളത് ചാനലിനുമാത്രമാണ്. ഒരു പൊലീസ് ചേസ് അല്ലെങ്കില്‍ വളഞ്ഞുപിടിക്കല്‍ വേണ്ടിവന്നാല്‍ മുകളില്‍നിന്ന് സീന്‍ കവര്‍ ചെയ്യുന്നത് ചാനലുകാരാണ്. അങ്ങനെ ക്രൈം സീനില്‍ പൊലീസിന്റെ സുരക്ഷ ഉറപ്പാക്കുവാന്‍ ചാനല്‍ സഹായിക്കുന്നു. തിരിച്ച്, ഏതെങ്കിലും മേജര്‍ ക്രൈം ഉണ്ടാകുകയാണെങ്കില്‍ പൊലീസ് തന്നെ ചാനലുകാരെ അറിയിക്കും. ക്രൈമിനോളം ജനപ്രിയമായ ഒരു ഷോ വേറെയില്ലല്ലോ.

അങ്ങനെ സീനില്‍ ആദ്യമായി വന്നത് SQVWവിന്റെ "ക്രൈം പട്രോള്‍" ടീം ആയിരുന്നു.

"School under siege in town" എന്നായിരുന്നു ആദ്യത്തെ അട്ടഹാസം. കൂട്ടിന് ഹെലികോപറ്ററില്‍നിന്നുള്ള വിഡിയോ ഫുട്ടേജും.

സ്കൂളില്‍ നിന്ന് കുട്ടികളെ പുറത്തേയ്ക്കു കൊണ്ടുവരുന്നതായിരുന്നു അടുത്ത ബ്രേക്കിങ്ങ് ന്യൂസ്

പക്ഷേ സൈമയുടെ ഇടപെടല്‍ ഉണ്ടായതോടെ സംഭവത്തിന്റെ നിറം തന്നെ മാറി. "ഒരു മുസ്ലിം പെണ്‍കുട്ടി പൊലീസിനെ ആക്രമിച്ചതായി അറിവു ലഭിച്ചിരിക്കുന്നു" എന്നതായിരുന്നു പിന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്. ഇതോടുകൂടി അമേരിക്കയിലെ മുഴുവന്‍ മാധ്യമങ്ങളുടേയും കണ്ണുകള്‍ ആ കൊച്ചുപട്ടണത്തിലേയ്കു നീണ്ടു.

സൈമ പോലീസുകാരനെ ചവിട്ടി വീഴ്ത്തുന്നതിന്റെ ഏരിയല്‍ കവറേജ് എല്ലാ ടിവി ചാനലുകളിലും ലൂപ്പില്‍ ഓടാന്‍ തുടങ്ങി. വന്‍ തുകയ്ക്കാണ് SQVW ആ വിഡിയോ ഫുട്ടേജ് മുഖ്യ ചാനലുകള്‍ക്ക് വിറ്റത്!

"ഇറാഖില്‍ നിന്നും അഭയാര്‍ത്ഥിയായി കൊണ്ടുവരപ്പെട്ട പെണ്‍കുട്ടിയാണ് പൊലീസിനെ ആക്രമിച്ചത്" എന്ന ചൂടു വാര്‍ത്ത തൊട്ടു പിന്നാലെ. അതോടുകൂടി അമേരിക്കയിലെ മാധ്യമലോകം മൊത്തം ഇളകിമറിഞ്ഞു! ടിവി ചാനലുകളില്‍ അടിയന്തിര ചര്‍ച്ചകള്‍ സംപ്രേക്ഷണം തുടങ്ങി

"തികഞ്ഞ വിഡ്ഢികള്‍ നടത്തുന്ന കുടിയേറ്റ നയം!" വലതുപക്ഷ ചാനലുകള്‍ ഇടിവെട്ടുംപോലെ പ്രഖ്യാപിച്ചു. അമേരിക്കന്‍ ജനങ്ങളുടെ സുരക്ഷയേപ്പറ്റി യാതൊരു ഉല്‍കണ്ഠയുമില്ലാത്ത "മുസ്ലിം പ്രെസിഡെന്റിന്റെ" അനാസ്ഥയേപ്പറ്റി ചര്‍ച്ചകള്‍ കൊഴുത്തു. ഒരുവിധത്തിലുമുള്ള പരിശോധനകളും ചെയ്യാതെ "ശത്രുരാജ്യങ്ങ"ളില്‍നിന്നുള്ള ആളുകളെ "ഇറക്കുമതി" ചെയ്യുന്നതിനെതിരേയുള്ള രോഷം ഇരമ്പി!

ഏറെക്കഴിഞ്ഞാണ് യഥാര്‍ത്ഥ പ്രതിയേപ്പറ്റിയുള്ള വാര്‍ത്ത വന്നത്. അവന്‍ വെളുത്ത വര്‍ഗ്ഗക്കാരനാണ്! പൊലീസിന്റെ അറിയിപ്പനുസരിച്ച്' ഈ 'മുസ്ലീം പെണ്‍കുട്ടിയുമായി' അറിയപ്പെടുന്ന ബന്ധമൊന്നുമില്ല. "അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല" എന്നൊരു താങ്ങും.

പക്ഷേ സൈമയുടെ ആക്രമണത്തോടെയുണ്ടായ ബഹളം ആ ആക്രമണകാരിയെ പരിഭ്രാന്തനാക്കിയിരുന്നു. അവന്‍ അവന്റെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തു. തിരിച്ച് പോലീസുകാര്‍ അവനെ വെടിവെച്ചു. മൂന്നു ടീച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ആക്രമണകാരി കൊല്ലപ്പെട്ടു. അതായിരുന്നു അടുത്ത ബ്രേക്കിങ്ങ് ന്യൂസ്.

ഇത്രയൊക്കെയായിട്ടും ആ ആക്രമണകാരിയേപ്പറ്റിയായിരുന്നില്ല ചര്‍ച്ചകള്‍. ഇസ്ലാമിക തീവ്രവാദവും, പെണ്‍കുട്ടിയ്ക്ക് തീവ്രവാദികളുമായുള്ള ബന്ധവും ആക്രമണകാരിയ്ക്ക് പെണ്‍കുട്ടിയുമായി "ഉണ്ടായേക്കാവുന്ന" ബന്ധവുമൊക്കെയായിരുന്നു ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നിരുന്നത്!

ഒന്നുരണ്ടു ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി. അമേരിക്കന്‍ മാധ്യമഭീമന്മാര്‍ SQVWവിന്റെ ന്യൂസ് ഫീഡുകള്‍ അതേപടി വാങ്ങിക്കൊണ്ടിരുന്നു. ചാനലിന് വരുമാനം കുമിഞ്ഞുകൂടി.

"അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം സംഘടന സ്ഥിതിഗതികള്‍ പഠിക്കാനും യുക്തമെങ്കില്‍ മുസ്ലിം പെണ്‍കുട്ടിയ്ക്ക് നിയമസഹായത്തിനാവശ്യമായ പണം നല്‍കാനും തീരുമാനിച്ചിരിക്കുന്നു" എന്ന വാര്‍ത്തയായിരുന്നു അടുത്ത ബ്രേക്കിങ്ങ് ന്യൂസ്. പോരേ പൂരം. അടുത്തവട്ടം വാക്പോരിനുള്ള വെടിക്കോപ്പായി ആ പ്രഖ്യാപനം.

സൈമയുടെ അമ്മാവന്റെ കുടുംബത്തിന്റെ ജീവിതം അതോടെ ദുഃസ്സഹമായി. വീട്ടിനുപുറത്ത് ചാനലുകാരുടെ കൂട്ടം കാവലായി. ചാനലുകാര്‍ സമീപത്തുള്ള വീട്ടുകാര്‍ക്ക് പണം കൊടുത്ത് സിസി ക്യാമറകള്‍ രഹസ്യമായി സ്ഥാപിക്കുകവരെ ഉണ്ടായി.

"ഞങ്ങള്‍ക്ക് ആരുടേയും സഹായം വേണ്ട. എന്നാലാകുന്ന നിയമസഹായം ഞാന്‍ തന്നെ ചെയ്തുകൊള്ളാം. അതിനുശേഷം ദൈവം നിശ്ചയിക്കുന്നതുപോലെ വരട്ടെ" എന്ന് നിറകണ്ണുകളോടെ അമ്മാവന് പ്രഖ്യാപിക്കേണ്ടി വന്നു.

അങ്ങനെയിരിക്കെയാണ് സര്‍ക്കാര്‍ ഈ കേസ് ഒരു "ഭീകരാക്രമണമാകാന്‍ സാധ്യതയുള്ളത്" എന്ന നിലയിലേയ്ക്ക് ഉയര്‍ത്തി, അത് ലോക്കല്‍ പോലീസില്‍നിന്ന് ഒഴിവാക്കി എഫ്ബിഐയെ ഏല്‍പ്പിച്ചത്.

നിയുക്ത എഫ്ബിഐ ഏജന്റ് ടബയാസ് ഒരു ഗൗരവക്കാരനാണ്. ഒരാളോടും സംസാരിക്കുന്ന പതിവില്ല. കേസ് ഫയലുകള്‍ ലഭിച്ചതോടെ പോലീസുകാരെയെല്ലാം അദ്ദേഹം പൂര്‍ണ്ണമായും ഒഴിവാക്കി.

അതോടെ ന്യൂസ് ചാനലുകള്‍ക്ക് വാര്‍ത്തകള്‍ കിട്ടാതായി. ടിവിയിലെ ആക്രോശങ്ങള്‍ക്ക് ശമനമായി. സൈമയുടെ കുടുംബത്തിന് പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യമായി.

വസ്തുനിഷ്ഠമായ, കര്‍ക്കശമായ, അതീവരഹസ്യമായ അന്വേഷണമാണ് മിസ്റ്റര്‍ ടബയാസിന്റെ രീതി. ആരേയും കൂസാത്ത പ്രകൃതം. ആരേയും ഒഴിവാക്കാത്ത നിഷ്ഠ.

സൈമയെ കാണാന്‍ ആഴ്ചകളോളം അദ്ദേഹം ആരേയും അനുവദിച്ചില്ല. സിനിമകളല്ലാതെ യാതൊന്നും സൈമ കാണുന്നില്ലെന്ന് ഉറപ്പാക്കി. വാര്‍ത്തയുമായി ബന്ധപ്പെട്ടെ യാതൊന്നും സൈമ അറിയരുതെന്ന കര്‍ശനമായ ഉത്തരവ് അദ്ദേഹം എല്ലാവര്‍ക്കും നല്‍കിയിരുന്നു.

സൈമയുടെ ശാരീരികവും മാനസികവുമായുള്ള പൂര്‍ണ്ണമായ രോഗമുക്തി - അതുമാത്രമായിരുന്നു, അദ്ദേഹത്തിനു വേണ്ടിയിരുന്നത്.

സൈമയുടെ കേസ് പാസ്റ്റര്‍ കോര്‍മിക് ഏറ്റെടുത്തു എന്ന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ ചലനമുണ്ടാകിയ അടുത്ത വാര്‍ത്ത.

പാസ്റ്ററുടേത് ഒരു കൗതുകകരമായ വ്യക്തിത്വമാണ്. നാല്പത്തിയൊന്നു വയസ്സു വരെ അറിയപ്പെടുന്ന ഒരു കോര്‍പ്പറേറ്റ്/ക്രിമിനല്‍ വക്കീലായിരുന്നു വില്‍ഫ്രെഡ് കോര്‍മിക്. നാല്പത്തിയൊന്നാം വയസ്സില്‍ പുള്ളിയ്ക്ക് ദൈവവിളി വന്നു. അന്നുമുതല്‍ പുള്ളി കഴുത്തറപ്പന്‍ വക്കീല്‍ പണിയ്ക്ക് സുല്ലുപറഞ്ഞ് ദൈവവചനപ്രചാരകനായി. ഇടയ്ക്ക് ചില കേസുകള്‍ മാത്രമേ പുള്ളി വാദിക്കാറുള്ളൂ. അതിന് ഒന്നുകില്‍ പ്രതി പൂര്‍ണ്ണമായും നിരപരാധിയായിരിക്കണം. അല്ലെങ്കില്‍ കുറ്റകൃത്യത്തില്‍ പ്രതിയുടെ ശരിയായ പങ്ക് കോടതിയില്‍ വ്യക്തമായും സത്യസന്ധമായും പൂര്‍ണ്ണമായും ഏറ്റുപറയാന്‍ തയ്യാറായിരിക്കണം. സ്വാഭാവികമായും വളരേ വിരളമായേ പുള്ളിയ്ക്ക് കക്ഷികളെ കിട്ടാറുള്ളൂ.

പക്ഷേ അദ്ദേഹം കേസ് ഏറ്റെടുത്താല്‍ നിരപരാധി ഉറപ്പായും രക്ഷപ്പെടും. കുറ്റം ഏറ്റുപറഞ്ഞവന് ഏറ്റവും കുറഞ്ഞ ശിക്ഷയേ ലഭിക്കൂ. ഇത് അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ആണ്.

പാസ്റ്റര്‍ ഈ കേസ് ഏറ്റെടുത്തതില്‍ മിക്കവര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നെങ്കിലും ആരും അത് പുറത്തു പ്രകടിപ്പിച്ചില്ല. അത്രമാത്രം കറതീര്‍ന്ന വ്യക്തിത്വവും ജനസ്വാധീനവുമുള്ള ഒരു പാസ്റ്ററാണ് അദ്ദേഹം. "പാസ്റ്റര്‍ കോര്‍മിക് നീതിയ്ക്കു വേണ്ടി നിലകൊള്ളുന്നതിനൊപ്പം രാജ്യത്തിന്റെ പൊതുവായ സുരക്ഷാ താല്പര്യങ്ങളേക്കുറിച്ചുകൂടി ചിന്തിക്കാമായിരുന്നു" എന്നു നിര്‍ദ്ദേശിച്ച ഒരു റേഡിയോ അവതാരകന് കണക്കിന് ശകാരമാണ് ജനങ്ങളില്‍നിന്നു കിട്ടിയത്.

വക്കാലത്ത് ഏറ്റെടുത്ത ഉടന്‍ പാസ്റ്റര്‍ ചെയ്തത് ലോക്കല്‍ പൊലീസിനെതിരെ ഒരു കേസ് ഫയല്‍ ചെയ്യുക എന്നതായിരുന്നു. സൈമയുടെ അമ്മാവന് അഞ്ചു ദിവസത്തിനുള്ളില്‍ കിട്ടിയത് ഏഴു ട്രാഫിക് ടിക്കറ്റുകള്‍! അതും തീരെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ്. ട്രാഫിക് ഫ്ലോ ബ്ലോക് ചെയ്യുന്നു, ലേറ്റ് ആയി സിഗ്നല്‍ ചെയ്ത് തിരിയുന്നു, ഏറെ നേരം സിഗ്നല്‍ ചെയ്തിട്ടും ലേന്‍ ചേഞ്ച് ചെയ്യുന്നില്ല എന്നിങ്ങനെ. ഒരുകണക്കിന് സൈമ ഒരു പൊലീസുകാരനെ ആക്രമിച്ചതിലും ആ കേസ് അന്വേഷണം സ്വന്തം കയ്യില്‍നിന്നു വിട്ടു പോയതിലുമുള്ള ചൊരുക്കു തീര്‍ക്കുകയായിരുന്നു, ലോക്കല്‍ പോലീസ്. അവസാനം അമ്മാവന് വണ്ടി ഓടിക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വന്നു.

പാസ്റ്റര്‍ കേസ് ഫയല്‍ ചെയ്യുകയും വാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിറയുകയും ചെയ്തതോടെ പൊലീസ് പ്രതിരോധത്തിലായി. പാസ്റ്റര്‍ വാദിച്ചാല്‍ ഈ കേസ് തോല്‍ക്കുമെന്ന് പൊലീസിന് ഉറപ്പായിരുന്നു. അമ്പതിനായിരം ഡോളറും ഒരു മാപ്പപേക്ഷയും നല്‍കി പൊലീസ് അത് കോടതിയ്ക്കു പുറത്ത് തീര്‍പ്പാക്കി.

പിന്നെ കുറച്ചുകാലം സ്ഥിതിഗതികളെല്ലാം ശാന്തമായിരുന്നു.



(തുടരും)

Sunday, April 30, 2017

സൈമ (നാലാം ഭാഗം)

പോലീസുകാര്‍ വാഹനങ്ങളില്‍നിന്ന് ഓടിയിറങ്ങി സ്കൂളിനെ വലയം ചെയ്തു. റൈഫിളുകളേന്തിയ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. സ്റ്റാഫ് റൂമിനു തൊട്ടു വെളിയില്‍ പിസ്റ്റള്‍ ഊരിപ്പിടിച്ച് നാലഞ്ചു പോലീസുകാര്‍ മറഞ്ഞു നിന്നു.

അഞ്ചുമിനിറ്റിനകം സ്കൂള്‍ കെട്ടിടം ഒഴിപ്പിക്കുവാന്‍ തുടങ്ങി. കമാന്‍ഡന്റ്സ് കഴിയുന്നത്ര നിശബ്ദമായും കര്‍ക്കശമായും നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. എല്ലാവരും എത്രയും പെട്ടന്ന് പോലീസുകാര്‍ പറയുന്ന വഴിയിലൂടെ സ്കൂളിന്റെ മതിലിനുപുറത്തുള്ള ഒരിടത്ത് ചെന്നുനില്‍ക്കണം. മാതാപിതാക്കളാരെങ്കിലും വന്നാല്‍ ഉടനേ അവരുടെ കൂടെ സ്ഥലം വിട്ടോളണം.

ആദ്യം ഒഴിപ്പിച്ചത് സൈമയുടെ ക്ലാസ്സിനെയാണ്. കുട്ടികളെല്ലാവരും തന്നെ ഭയചകിതരായിരുന്നുവെങ്കില്‍ സൈമയുടെ മനസ്സിനുള്ളില്‍ ഒരു മഹാ ഭൂകമ്പം തന്നെയായിരുന്നു. ഇറാഖിലെ ഭൂതകാലം അവളുടെ മനസ്സില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. ആയുധധാരികളും ബലിഷ്ഠരുമായ പോലീസുകാര്‍ അവളെ ഭയപ്പെടുത്തി.

ക്ലാസ്സ് ടീച്ചറുടെ കൈകളിലിരുന്ന് അവളുടെ കൈകള്‍ കിടുകിടാ വിറച്ചു.

പുറത്തുകടന്ന സൈമ സ്കൂള്‍ മതില്ലില്‍ ചാരി തറയിലിരുന്ന് അബുവിനെ പ്രതീക്ഷിച്ചിരിപ്പായി. ക്ലാസ്സുകള്‍ ഒന്നൊന്നായി ഒഴിപ്പിച്ചുകൊണ്ടിരുന്നു. മൂന്നുനാലു ക്ലാസ്സുകള്‍ വന്നപ്പോഴേയ്ക്കും അവള്‍ വല്ലാതെ അസ്വസ്ഥയായി.

അബു ഇതുവരെ വന്നിട്ടില്ല!

അബുവിന്റെ ക്ലാസ്സ് സ്റ്റാഫ് റൂമിനടുത്തായതുകൊണ്ട് മിക്കവാറും ഒടുക്കമേ അവനെ പുറത്തുകൊണ്ടുവരാന്‍ സാദ്ധ്യതയുള്ളൂ എന്ന് ടീച്ചര്‍ പറഞ്ഞു. വളരെ സുരക്ഷിതമായി എളുപ്പത്തില്‍ ഒഴിപ്പിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്കാണ് മുന്‍ഗണന.

അതവളെ ഒന്നുകൂടി പരിഭ്രാന്തയാക്കി.

ഇതിനിടെ അമ്മായി വന്നത് ടീച്ചറിനല്പം ആശ്വാസമായി.

കുട്ടികള്‍ ഓരോ ബാച്ചായി പിന്നേയും പുറത്തിറങ്ങിക്കൊണ്ടിരുന്നു. ഓരോ കൂട്ടത്തിലും അവള്‍ അബുവിനെ തിരയും. കാണാതാകുമ്പോള്‍ അമ്മായിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയും.

അക്രമി അപ്പോഴും സ്റ്റാഫ് റൂമിലെ ടീച്ചര്‍മാരെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.  ഏതോ ഒരു ടീച്ചറോട് അവന് പകയുണ്ടായിരുന്നു. പക്ഷേ ആ ടീച്ചര്‍ അവന്‍ സ്റ്റാഫ് റൂമില്‍ ഇടിച്ചുകയറിയപ്പോള്‍ റൂമിലുണ്ടായിരുന്നില്ല. ടീച്ചറെ റൂമില്‍ കൊണ്ടുവന്നില്ലെങ്കില്‍ മറ്റു ടീച്ചര്‍മാരെ വധിക്കുമെന്നാണവന്റെ ഭീഷണി.

പോലീസുകാര്‍ ഉച്ചഭാഷിണിയിലൂടേയും ഫോണിലൂടേയും അവനുമായി സംസാരിച്ചുകൊണ്ടിരുന്നു. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നിടത്തോളം ആര്‍ക്കും അപകടമില്ല. അതുകൊണ്ട് അവന്‍ ശാന്തനാകുംവരെ അവനോട് സംസാരിച്ചുകൊണ്ടുതന്നെ ഇരിക്കണം

ഏതാണ്ട് നാല്പതുമിനിറ്റിനുശേഷമാണ് അബുവിന്റെ ക്ലാസ്സിനെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്. സ്കൂളിനു വെളിയില്‍ വന്നാല്‍ സ്റ്റാഫ് റൂമിന്റെ ജനലയുടെ അടുത്തുകൂടിവേണം അവര്‍ക്ക് പുറത്തുകടക്കാന്‍. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ഹെല്‍മെറ്റും ധരിച്ച അഞ്ച് പോലീസുകാര്‍ കവര്‍ ചെയ്തിട്ടാണ് ആറു കുട്ടികളെ വീതം പോലീസ് പുറത്തു കടത്തിക്കൊണ്ടിരുന്നത്. അതും വളരേ നിശ്ശബ്ദതയോടെയും സൂക്ഷ്മതയോടെയും.

നീണ്ട കാത്തിരിപ്പിനൊടുവില്‍ സൈമ അബുവിനെ കണ്ടു. അവന്‍ സ്വയമുണ്ടാക്കിയ ഒരു പേപ്പര്‍ പമ്പരം കറക്കിക്കൊണ്ട് പോലീസുകാരോടൊപ്പം നില്‍ക്കുകയാണ്.

അപ്പോള്‍ എങ്ങുനിന്നോ ഒരു കാറ്റുവന്നു. അബുവിന്റെ കയ്യിലുള്ള പമ്പരം ആ കാറ്റില്‍ പറന്ന് സ്കൂള്‍ കെട്ടിടത്തിന്റെ ചുമരില്‍ത്തട്ടി താഴെ വീണു. അബു ഉടനേ ആ പമ്പരത്തിന്റെ പിന്നാലെ ഒറ്റയോട്ടം!

ഒരു പോലീസ് കമാന്‍ഡോ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അയാള്‍ പെട്ടന്ന് അബുവിനുമേല്‍ ചാടിവീണു. അവനെ തൂക്കിയെടുത്ത് ഒരു വശത്തേയ്ക്കു കൊണ്ടുപോയി.

സൈമയുടെ തലയില്‍ ഒരു അമിട്ടുപൊട്ടിയ നിമിഷമായിരുന്നു അത്. അവളുടെ പിതാവിനേയും ജ്യേഷ്ഠനേയും പോലീസ് വീട്ടില്‍നിന്നു തൂക്കിയെടുത്തു പുറത്തുകൊണ്ടുപോയ അതേ പോലെ! ഇനിയവര്‍ അവനെ വെടിവെച്ചുകൊല്ലും!! അയ്യോ!!

പിന്നൊന്നും ആലോചിച്ചില്ല.വലിയൊരലര്‍ച്ചയോടെ അവള്‍ അബുവിനു നേരേ ഓടി. പിന്നില്‍നിന്ന് ടീച്ചര്‍മാരുടേയും അമ്മായിയുടേയും പോലീസിന്റേയുമൊന്നും വിളികള്‍ അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

ചൂണ്ടുവിരലും നടുവിരലും ബലമായി ചേര്‍ത്തുപിടിച്ച് അവള്‍ ആ പോലീസ് കമാന്‍ഡോയുടെ കഴുത്തില്‍ ആഞ്ഞു കുത്തി - കൃത്യം ഹെല്‍മെറ്റിനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനും ഇടയിലുള്ള തുറന്ന ഭാഗത്ത്. വാലിദ് പഠിപ്പിച്ച തന്ത്രമാണ്.

അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ആ കമാന്‍ഡോ നിലംപതിച്ചു. ഇതുകണ്ട് മറ്റൊരു കമാന്‍ഡോ അവള്‍ക്കുനേരേ ഓടിയടുത്തു. അയാള്‍ അടുത്തെത്തിയപ്പോള്‍ അവള്‍ ഊര്‍ന്നു താഴെവീണ് അയാളൂടെ നിലത്തൂന്നിയ കാലിന്റെ കണങ്കാലില്‍ ആഞ്ഞുചവിട്ടി. അയാള്‍ ഓടിയ അതേ വേഗത്തില്‍ അവളുടെ ദേഹത്തിനുമേലേയ്ക്കു പതിച്ചു.

ഇത്തരം ആക്രമണങ്ങള്‍ നോക്കിനില്‍ക്കുന്ന ശീലം അമേരിക്കയിലെ പോലീസുകാര്‍ക്കില്ല. മൂന്നുവെടിയുണ്ടകള്‍ സൈമയുടെ നേരേ പാഞ്ഞുവന്നു.

പക്ഷേ അവളെ മറച്ചുകൊണ്ട് ആ കമാന്‍ഡോ അവളുടെ ശരീരത്തിനുമേല്‍ ഉണ്ടായിരുന്നു. വെടിയുണ്ടകളൊന്നും തന്നെ അവളുടെ ദേഹത്തു കൊണ്ടില്ല.

അതിനകം അവള്‍ ബോധരഹിതയായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് പിന്നൊരു കീഴ്‌പെടുത്തലിന്റെ ആവശ്യവും വന്നില്ല.

ബോധം തെളിയുമ്പോള്‍ അവള്‍ ആശുപത്രിയിലാണ്. വളരേയധികം മരുന്നുകളുടെ സ്വാധീനത്തില്‍, അനങ്ങാന്‍ പോലുമാകാതെ.

പോലീസുകാര്‍ പല തവണയായി വന്ന് അവളില്‍നിന്ന് മൊഴിയെടുത്തു.

അബുവിനേപ്പറ്റി അവള്‍ ചോദിച്ചു. അബു സുരക്ഷിതനാണെന്നും താന്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതിനാല്‍ ബന്ധുക്കളെ ആരേയും കാണാന്‍ അനുവദിക്കില്ലെന്നും മറ്റൊന്നും അങ്ങോട്ടു ചോദിക്കേണ്ടെന്നും പോലീസുകാര്‍ കര്‍ക്കശമായി പറഞ്ഞു.

(തുടരും)

Saturday, March 18, 2017

സൈമ (മൂന്നാം ഭാഗം)

ആറുമാസം മുമ്പ് സൈമയുടെ മനസ്സിനുള്ളിലെ ചെകുത്താന്‍മാര്‍ അവള്‍ക്കുമേല്‍ പിടിമുറുക്കിത്തുടങ്ങി.

അവള്‍ ഋതുമതിയായി. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അവളുടെ വൈകാരികസ്ഥിതി തീവ്രമാക്കി. കലശലായി ദേഷ്യപ്പെടുകയും ഇടയ്ക്കിടെ പൊട്ടിക്കരയുകയും ചെയ്യുന്നത് പതിവായി. സമപ്രായക്കാരായ കുട്ടികള്‍ ബോയ്ഫ്രെന്‍ഡും ഗേള്‍ഫ്രെന്‍ഡുമൊക്കെയായി അര്‍മാദിക്കുമ്പോള്‍ അത്തരം ബന്ധങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത അവള്‍ ഒറ്റപ്പെട്ടു. ഒരു നൂറായിരം ചിന്തകളും പേടികളും അവളുടെ മനസ്സില്‍ വന്നു നിറഞ്ഞു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാതെയായി. പരീക്ഷകളില്‍ തോല്‍വി പതിവായി.

അതേ സമയത്താണ് അബു അല്പാല്പമായി സ്വതന്ത്രനാവാന്‍ തുടങ്ങിയത്. ചേച്ചി കുളിപ്പിക്കുന്നതും തോര്‍ത്തുന്നതുമൊക്കെ അവന്‍ അനുവദിക്കാതായി. പഠിക്കാനായി അമ്മാവന്റെ മക്കളുടെ അടുത്തേയ്ക്ക് പോയിത്തുടങ്ങി. സ്കൂളില്‍ ബ്രേക്ക് സമയത്ത് അവനെ കാണാന്‍ ചെല്ലുമ്പോള്‍ അവന്‍ അവളെ വഴക്കുപറഞ്ഞ് ഓടിച്ചു. ബോംബിങ്ങും വെടിവെയ്പും ഇടിച്ചുതകര്‍ക്കലുമൊക്കെയുള്ള ഹോളിവുഡ് ആക്ഷന്‍ സിനിമകളും പ്ലേസ്റ്റേഷന്‍ ഗെയിമുകളും അവന് പ്രിയങ്കരമായി. സോക്കറും ബാസ്കറ്റ് ബോളും കളിച്ച് പതിവായി പരിക്കോടെ വരികയും അതിനുള്ള ചികില്‍സയില്‍ അവള്‍ ഇടപെടാന്‍ നോക്കുമ്പോള്‍ അവളെ തള്ളിമാറ്റുകയും പതിവായി.

അമ്മയ്ക്കു കൊടുത്ത വാക്കു പാലിക്കാന്‍ പറ്റാത്തവിധമുള്ള അബുവിന്റെ നിസ്സഹകരണം അവളുടെ മനസ്സിനെ എരിച്ചുകൊണ്ടിരുന്നു. അബുവിനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി അവള്‍ ഭയപ്പെട്ടു.

എല്ലാ സങ്കടങ്ങളും പറയാനും രാത്രി കൂടെക്കിടക്കാനും അവള്‍ക്ക് അമ്മായി മാത്രമായി.

ഏതാണ്ട് മൂന്നു മാസങ്ങള്‍ക്കുമുമ്പ് അവളുടെ മാനസികാവസ്ഥ സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. കണക്കില്‍ ഏതോ ക്ലാസ് വര്‍ക്ക് ചെയ്യിക്കുകയായിരുന്നു ടീച്ചര്‍. സൈമ ചെയ്തതൊക്കെ പൊട്ടത്തെറ്റ്. ടീച്ചര്‍ ചെറുതായൊന്ന് ഗുണദോഷിച്ചതേയുള്ളൂ, അവള്‍ വലിയവായില്‍ പൊട്ടിക്കരയാന്‍ തുടങ്ങി.

ആകെ അമ്പരന്ന ടീച്ചര്‍ അവളെ സ്റ്റാഫ് റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ടീച്ചര്‍മാരെല്ലാവരും കൂടി ശ്രമിച്ചിട്ടും അവളുടെ കരച്ചില്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. വെള്ളം കൊടുത്തത് കുടിച്ചില്ല. ഒരു ചോക്കലേറ്റ് കൊടുത്തത് അവളുടെ കയ്യിലിരുന്ന് കിടുകിടാ വിറച്ചു.

പ്രിന്‍സിപ്പല്‍ ഉടനേ അമ്മാവന് ഫോണ്‍ ചെയ്തു.  അര മണിക്കൂറിനുള്ളില്‍ അമ്മാവനും അമ്മായിയും ഓടിയെത്തി.

അമ്മായി വന്ന് അവളുടെ കൈ പിടിച്ച് ഒപ്പമിരുന്നു. പത്തു മിനിട്ടോളം കഴിഞ്ഞപ്പോള്‍ അവള്‍ അല്പം ശാന്തയായി.

ഇതിനുമുമ്പ് ഇങ്ങനെയെല്ലാം ഉണ്ടായിട്ടുണ്ടോയെന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചു. അമ്മായി അവളുടെ ജീവിതകഥ എല്ലാം തുറന്നു പറഞ്ഞു.

കുട്ടിയെ എത്രയും പെട്ടന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്ന് ടീച്ചര്‍മാര്‍ ഒന്നടങ്കം നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്യാമെന്ന് സമ്മതിപ്പിച്ചാണ് അന്ന് സൈമയെ സ്കൂളില്‍നിന്നും വിട്ടത്.

പക്ഷേ അതിനു കഴിയും മുമ്പ് - അതായത് വെറും രണ്ടു ദിവസത്തിനു ശേഷം - സൈമയേയും സ്കൂളിനേയും ആ പട്ടണത്തേയും എന്തിന് മൊത്തം അമേരിക്കയേത്തന്നെ കീഴ്മേല്‍ മറിച്ച സംഭവവികാസങ്ങളുണ്ടായി.

ഒരു പതിവു സ്കൂള്‍ ദിനം തന്നെയായിരുന്നു അന്ന്.

രാവിലെ കുട്ടികളെല്ലാം സ്കൂളില്‍ വന്ന് അവരവരുടെ ലോക്കറുകള്‍ തുറന്ന് സാധങ്ങള്‍ വെയ്ക്കുകയായിരുന്നു. അവിചാരിതമായാണ് ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ഒരു നീണ്ട അടുക്കളക്കത്തി ഊര്‍ന്നു വീണത്.

അടുത്തുണ്ടായിരുന്ന കുട്ടികള്‍ അതുകണ്ട് ബഹളം വെച്ചു. അവന്‍ പെട്ടന്ന് കത്തിയും ബാഗില്‍ നിന്ന് ഒരു കൈത്തോക്കുമെടുത്ത് സ്റ്റാഫ് റൂമിനു നേരെ ഒറ്റയോട്ടമായിരുന്നു.

 നിമിഷങ്ങള്‍ക്കകം സ്കൂളില്‍ അപായമണി മുഴങ്ങി. കുട്ടികളെല്ലാം ക്ലാസ്സില്‍ കയറാനും ക്ലാസ്സ് മുറികള്‍ അടച്ചിടാനുമുള്ള അറിയിപ്പ് പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ വന്നുകൊണ്ടിരുന്നു. കാതടപ്പിക്കുന്ന സൈറനുകളുമായി പോലീസ്, ആംബുലന്‍സ്, ഫയര്‍ വാഹനങ്ങള്‍ പാഞ്ഞുവന്ന് സ്കൂളിനു ചുറ്റും നിലയുറപ്പിച്ചു.

(തുടരും)

Saturday, March 4, 2017

സൈമ (രണ്ടാം ഭാഗം)

സൈമ ജനിച്ചത് ഇറാക്കിലെ മോസൂള്‍ പട്ടണത്തിനരികിലുള്ള ഒരു ഗ്രാമത്തിലാണ്. സൈമയുടെ വാലിദിന് കുര്‍ദുകളുടെ 'പെഷ്മെര്‍ഗാ' സൈന്യത്തിലായിരുന്നു ജോലി. സദ്ദാമിന്റെ പതനത്തിനുശേഷം യുദ്ധത്തില്‍ സാരമായി പരിക്കേറ്റ അദ്ദേഹം സൈന്യം വിട്ട് തിരികേ ഗ്രാമത്തിലേയ്ക്കു വന്നു. ടൈഗ്രിസ് നദിയുടെ തീരത്ത് അല്പം കൃഷിയും കച്ചവടവുമൊക്കെയായി ഒരു സാധാരണ കുടുംബജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

ഇറാക്കില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതോടെ കുര്‍ദിസ്ഥാനില്‍ പോലീസ് നിരീക്ഷണവും രഹസ്യാന്വേഷണവും നടപടികളും ശക്തമായി. പതിവായി പോലീസുകാര്‍ ഗ്രാമവാസികളെ കാണാനും ചോദ്യം ചെയ്യാനും അവര്‍ക്ക് റിബലുകളോട് ബന്ധമുണ്ടോയെന്ന് പരിശോധിക്കാനും വരുമായിരുന്നു.

ഒരിക്കല്‍ അവര്‍ വന്നപ്പോള്‍ ചോദ്യം ചെയ്യലൊന്നും ഉണ്ടായില്ല. വാലിദിനേയും ചേട്ടനേയും വീട്ടില്‍നിന്നു വലിച്ചിഴച്ച് മുറ്റത്ത് മുട്ടുകുത്തിനിര്‍ത്തി വെടിവെച്ചു കൊന്നു. അവരെ മാത്രമല്ല, ആ ദിവസം ഗ്രാമത്തിലെ പത്തുവയസ്സിനു മുകളിലുള്ള മിക്ക ആണുങ്ങളേയും അവര്‍ കൊന്നുകളഞ്ഞു. ആ പോലീസുകാര്‍ ഇസ്ലാമിക് സ്റ്റേറ്റിനോടൊപ്പം ചേര്‍ന്നിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്.

അമ്മയെ അവര്‍ എങ്ങോട്ടോ വലിച്ചിഴച്ചു കൊണ്ടുപോയി. ഇളയവന്‍ അബുവിന് അന്ന് കടുത്ത പനിയായിരുന്നു. "അബുവിനെ നോക്കണേ മോളേ" എന്നാണ് അലറിക്കരഞ്ഞുകൊണ്ടു പോകുമ്പോഴും അമ്മ അവസാനമായി അവളോടു പറഞ്ഞത്.

അന്ന് ഈ സൈമയേയും അബുവിനേയും അവര്‍ കൊന്നില്ല. എന്തുകൊണ്ടാണെന്നറിയില്ല. അതുകൊണ്ടാണ് ഇന്നും ഈ ലോകത്ത് ജീവനോടെയിരിക്കുന്നത്.


പിറ്റേ ദിവസം ഇറാക്കി-നാറ്റോ സൈനിക സഖ്യത്തിന്റെ മുന്നേറ്റമായിരുന്നു ആ ഗ്രാമത്തിലേയ്ക്ക്. കാതടപ്പിക്കുന്ന ശബ്ദത്തോടെ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആകാശത്തും, ഇറാക്കി സൈനിക ടാങ്കുകളും ട്രക്കുകളും ഭൂമിയിലും ഭീകരത നിറച്ചു. ഗ്രാമത്തില്‍ ജീവനോടെ ബാക്കിയുണ്ടായിരുന്ന എല്ലാവരേയും അവര്‍ ഒരു കവചിതവാഹനത്തില്‍ക്കയറ്റി. എന്നിട്ട് അവിടെയുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇടിച്ചുനിരത്തി. ഭീകരര്‍ക്ക് അതൊരു ഒളിത്താവളമായി മാറാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്.

അമേരിക്കന്‍ സൈന്യത്തിനെ സംരക്ഷണയിലുള്ള ഒരു അഭയാര്‍ത്ഥികേന്ദ്രത്തിലാണ് ആ വാഹനം ചെന്നുനിന്നത്. അവിടെയുള്ള മുതിര്‍ന്നവര്‍ ചിലര്‍ പറഞ്ഞ സംഭവങ്ങള്‍ കൂടി കേട്ടപ്പോള്‍ ഭ്രാന്തുപിടിക്കുന്ന പോലെയായി. അപ്പോഴും അബുവിനെ മുറുകെ ചേര്‍ത്തുപിടിച്ചുകൊണ്ടിരുന്നു. അമ്മയ്ക്ക് വാക്കുകൊടുത്തതാണല്ലോ.

രണ്ടാഴ്ച അഭയാര്‍ത്ഥി ക്യാമ്പില്‍. ജീവിതത്തില്‍ ഏറ്റവും ദുസ്സഹമെന്നു തോന്നിയ താമസം. ദിവസേന പോര്‍വിമാനങ്ങളുടെ ഇരമ്പല്‍, പീരങ്കികളും റോക്കറ്റുകളും പൊട്ടുന്ന ശബ്ദം, ഓരോ ദിവസവും ഭീകരാനുഭവങ്ങള്‍ പേറുന്ന നൂറ്റുക്കണക്കിന് പുതിയ അഭയാര്‍ത്ഥികള്‍.

അങ്ങനെയിരിക്കേയാണ് ഒരു ദിവസം ഒരു അറബിക് സംസാരിക്കുന്ന നേഴ്സ് സൈമയേയും അബുവിനേയും ഒരു ബസ്സിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. ബസ്സില്‍ ഏതാണ്ട് ഇരുപതോളം പേരുണ്ട്.

"ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?" സൈമ ആ നേഴ്സിനോടു ചോദിച്ചു.

"ഇപ്പോള്‍ ബാഗ്ദാദിലേയ്ക്ക്. അവിടെനിന്ന് വിമാനം വഴി അമേരിക്കയ്ക്ക്"

സൈമ ഒന്നും പറഞ്ഞില്ല. അബുവിനെ ചേര്‍ത്തുപിടിച്ചുകൊണ്ടിരുന്നു.

രണ്ടുദിവസത്തിനകം അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ അംഗീകാരമുള്ള  കുര്‍ദ് അഭയാര്‍ത്ഥികളായി സൈമയും അബുവും സൈന്യത്തിന്റെ പ്രത്യേകവിമാനത്തില്‍ ന്യൂയോര്‍ക്കില്‍ വന്നിറങ്ങി.

അങ്ങനെയാണ് ഈ രാജ്യത്ത് എത്തിയത്.


ഏറെ ഭയത്തോടെയാണ് വിമാനത്തില്‍നിന്നിറങ്ങിയതെങ്കിലും മണിക്കൂറുകള്‍ക്കകം അതെല്ലാം ഇല്ലാതായി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പോലീസുമൊക്കെ വളരേ മധുരമായാണ് പെരുമാറിയത്. കൂട്ടത്തില്‍ ചെറുപ്പക്കാരായ സന്നദ്ധപ്രവര്‍ത്തകരും ഉണ്ടായിരുന്നു. സൈമയേയും അബുവിനേയും സ്വീകരിച്ച വളന്റിയറിന്റെ പേര് "സബാ" എന്നായിരുന്നു. എത്ര സുന്ദരമായ അറബിക് ആയിരുന്നെന്നോ അവരുടേത്! അബുവുമായി പെട്ടന്നു കൂട്ടായി.

സബാ ആണ് അവരുടെ വിവരങ്ങളെല്ലാം ഫോമുകളില്‍ രേഖപ്പെടുത്തിയത്. അതില്‍ ഒരു ചോദ്യമായിരുന്നു അമേരിക്കയില്‍ പരിചയമുള്ള ആരെങ്കിലും ഉണ്ടോയെന്ന്. മൂന്നു വര്‍ഷം മുമ്പ് നാട്ടില്‍ വന്നു പോയ 'കമാല്‍' അമ്മാവനെ അവള്‍ ഓര്‍ത്തെടുത്തു. അമ്മാവന്‍ എന്നാല്‍ അമ്മയുടെ അമ്മയുടെ ചേച്ചിയുടെ മകന്‍. എവിടെയാണ് താമസിക്കുന്നത് എന്നൊന്നും അറിയില്ലായിരുന്നു. ഏതോ കോളേജില്‍ അദ്ധ്യാപകനാണെന്നു മാത്രം ഓര്‍മ്മയുണ്ടായിരുന്നു.

അത്രയും വിവരം മാത്രം വെച്ചുകൊണ്ടുതന്നെ സബാ അമ്മാവനെ കണ്ടെത്തി. മൂന്നാം ദിവസം അമ്മാവനും അമ്മായിയും ന്യൂയോര്‍ക്കിലെത്തി. അബുവിനേയും സൈമയേയും കണ്ടയുടന്‍ ഓടിവന്നു കെട്ടിപ്പിടിച്ച് "യാ അല്ലാഹ്" എന്നു വലിയ വായില്‍ കരഞ്ഞത് അതുവരെ കണ്ടിട്ടേയില്ലാത്ത അമ്മായിയായിരുന്നു. അമ്മാവന്‍ സംഘര്‍ഷങ്ങളെല്ലാം ഉള്ളിലൊതുക്കി ശാന്തമായി നിന്നു.

അന്നുതന്നെ അവര്‍ ചിക്കാഗോയ്ക്ക് വിമാനം കയറി. രാത്രിയായപ്പോഴേയ്ക്കും നഗരാതിര്‍ത്തിയ്ക്കു വെളിയിലുള്ള ഈ കൊച്ചുപട്ടണത്തിലെ വീട്ടിലെത്തി.

അങ്ങനെ മൂന്നു വർഷമായി ഈ നഗരത്തിൽ ഉണ്ട്...


ആദ്യത്തെ ഒരു വർഷം സൈമ നന്നേ ബുദ്ധിമുട്ടി. ഇംഗ്ലീഷ് പഠിച്ചെടുക്കാൻ വളരേ കഷ്ടപ്പെട്ടു. നാട്ടിൽ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച് ജീൻസും ടിഷർട്ടും സ്കര്‍ട്ടും പാന്റുമൊക്കെ ധരിക്കാൻ ശീലിക്കേണ്ടി വന്നു. നാട്ടിലെ രുചികളിൽനിന്ന് വ്യത്യസ്തമായ പാശ്ചാത്യ ഭക്ഷണരീതികളുമായി പൊരുത്തപ്പെടേണ്ടി വന്നു. പേരിന്റെ സ്പെല്ലിങ് പോലും അമ്മാവന്റെ താല്പര്യപ്രകാരം Zaimaയിൽ നിന്ന് Saima എന്നും Rasool മാറ്റി ഇംഗ്ലീഷിലെ റസല്‍ എന്ന പേരിന് സാമ്യം തോന്നിക്കുന്ന Rassul എന്നുമാക്കി. അബുവിന്റെ പേരും അതുപോലെ Abe എന്നാക്കി. പുതിയ നാടിന്റെ ക്രിസ്തീയയാധിഷ്ഠിത രീതികളുമായി ചേർന്നുപോകുന്നതാണ് നല്ലതെന്ന് ഏറെ ജീവിതാനുഭങ്ങളുള്ള അമ്മാവൻ എപ്പോഴും ഉപദേശിക്കുമായിരുന്നു.

അതെല്ലാം ക്രമേണ ശരിയായപ്പോഴും ഒരു പിശാചു മാത്രം അവളെ വിടാതെ പിന്തുടർന്നുകൊണ്ടിരുന്നു. അവളുടെ ഓർമ്മകൾ. വാതിൽ പെട്ടന്ന് തുറക്കുന്നതും വലിച്ചടയ്ക്കുന്നതും അവളെ നടുക്കി. പോലീസിനെ കാണുന്നത് അവളെ ഭയപ്പെടുത്തി. വലിയ വാഹനങ്ങളുടെ ഇരമ്പൽ അവളെ വിറപ്പിച്ചു. മിക്ക രാത്രികളിലും ഭീകര സ്വപ്നങ്ങൾ കണ്ട് അലറിയെഴുന്നേറ്റു. അച്ഛനെയും ജ്യേഷ്ഠനേയും വെടിവെച്ചു കൊന്നതും അമ്മയെ വലിച്ചിഴച്ചുകൊണ്ടുപോയതും വീട് ഇടിച്ചുനിരത്തിയതുമെല്ലാം പിന്നെയും പിന്നെയും അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു.സിനിമയും ടെലിവിഷനും അവള്‍ കാണുകയേയില്ലായിരുന്നു.

പക്ഷേ അവളുടെ കുടുംബത്തിന്റെ, വിശേഷിച്ച് അമ്മായിയുടെ, സ്നേഹവും കരുതലും അവള്‍ക്ക് പിന്തുണയായി. ആ വീടും പട്ടണവും സ്കൂളും അവള്‍ക്ക് ഏറേ സന്തോഷം നല്‍കി. എല്ലാവരും എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നു. പല മതങ്ങളിലും നിറങ്ങളിലും സാമ്പത്തികശേഷിയിലും ഉള്ള ആളുകളാണെങ്കിലും ആരും ആരോടും പോരടിക്കുന്നില്ല. മുതിര്‍ന്നവരും അധികാരസ്ഥാനങ്ങളിലുള്ളവരും താഴെയുള്ളവരെ ചവിട്ടിമെതിക്കുന്നില്ല, താഴെയുള്ളവര്‍ തിരിച്ച് അവര്‍ക്ക് ആവശ്യത്തിലധികം ബഹുമാനവും കൊടുക്കുകയോ അവരെ ഭയപ്പെടുകയോ ചെയ്യുന്നില്ല. ദുരനുഭങ്ങളുടെ പൊള്ളുന്ന ഓര്‍മ്മകള്‍ പേറിക്കൊണ്ടിരിക്കുമ്പോഴും ദത്തെടുത്ത നാടിന്റെ ഈ നന്മ അവള്‍ക്ക് ആശ്വാസം നല്‍കി.

എല്ലാത്തിനും ഉപരിയായി അവളുടെ ജീവിതത്തിന് താങ്ങും ലക്ഷ്യവും വെളിച്ചവുമായിരുന്നത് അബുവായിരുന്നു. അവന്‍ ചിരിക്കുന്നതും കളിക്കുന്നതും പഠിക്കുന്നതും ദേഷ്യപ്പെടുന്നതുമെല്ലാം അവള്‍ കൗതുകത്തോടെ കണ്ടുകൊണ്ടിരുന്നു. അവനെ കുളിപ്പിക്കുന്നതും ബാഗ് പാക്ക് ചെയ്യുന്നതും വസ്ത്രം ധരിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം അവളായിരുന്നു. സ്കൂളില്‍ റീസസ് സമയത്തും ലഞ്ച് ടൈമിലും അവന് ഭക്ഷണം‌ കൊടുക്കാനും കൈയ്യും മുഖവും കഴുകിക്കൊടുക്കാനും അവള്‍ ശ്രദ്ധിച്ചു. അവനു ചെറിയൊരു പരിക്കോ അസുഖമോ വന്നാല്‍ അവള്‍ ഭ്രാന്തുപിടിച്ചപോലെയാകും. ശരിക്കും അവളുടെ ജീവിതം തന്നെ അബുവിനെ ചുറ്റിപ്പറ്റി മാത്രമായിരുന്നു.

അബുവിനെ അവളെയാണല്ലോ അമ്മ ഏല്പിച്ചത്...

(തുടരും)

Saturday, February 25, 2017

സൈമ (ഒന്നാം ഭാഗം)

ആശുപത്രിയിലെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കി കൈത്തണ്ടയില്‍ ഒരു തിരിച്ചറിയല്‍ ബാന്‍ഡും കെട്ടി സൈമ ഇടതുവശത്തുള്ള ഇടനാഴിയിലേയ്ക്കു നടന്നു. ലളിതവസ്ത്രങ്ങള്‍ ധരിച്ച പോലീസുകാരിലൊരാള്‍ അവള്‍ക്കായി വാതില്‍ തുറന്നു പിടിച്ചു. അവര്‍ക്കു പിന്നാലെ മറ്റൊരു പ്ലെയിന്‍ ക്ലോത്ത്ഡ് പോലീസും ഒരു അറബിക് പരിഭാഷകയും അകത്തേയ്ക്കു കടന്നു.

കാലിനു നല്ല വേദനയുണ്ടെങ്കിലും സൈമയുടെ മുഖത്ത് അത് പ്രകടമല്ലായിരുന്നു. നടത്തം തീരെ പതുക്കെയും ഇടത്തേ കാല്‍ അല്പം വലിച്ചുമാണെന്നേയുള്ളൂ. വെറും പതിമൂന്നു വയസ്സു മാത്രമുള്ള ഒരു ചെറിയ മെലിഞ്ഞ കുട്ടിയായതുകൊണ്ടായിരിക്കാം, പോലീസ് അവളുടെ കയ്യില്‍ വിലങ്ങിട്ടിരുന്നില്ല.

കിഴക്കുവശത്തുള്ള എലെവേറ്ററിലൂടെ അഞ്ചാം നിലയിലേയ്ക്ക്, അവിടന്ന് കെട്ടിടത്തിന്റെ തെക്കേമൂലയിലുള്ള മാനസികാരോഗ്യ വിഭാഗത്തിന്റെ വെയ്റ്റിങ്ങ് റൂമിലേയ്ക്ക്.

അവിടെ പതിനഞ്ചു മിനിറ്റോളം നീണ്ട കാത്തിരിപ്പ്

"സായീമാ ഴസല്‍!!" ഒരു നേഴ്സ് അവളുടെ പേര് നീട്ടി വിളിച്ചു. "ദിസ് വേ പ്ലീസ്"

ഇരട്ടച്ചുവരുകളുള്ള ഒരു മുറിയിലേയ്ക്കാണ് അവളെ കൊണ്ടുപോയത്. ഉള്ളിലെ ചുമരുകള്‍ "വണ്‍ വേ ഗ്ലാസ്സ്" ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. പുറത്തുനില്‍ക്കുന്നവര്‍ക്ക് ഉള്ളിലുള്ളവരെ കാണാം, ഉള്ളിലുള്ളവര്‍ക്ക് പുറത്തുള്ളവരെ കാണാനാവില്ല. പുറം ചുവരുകള്‍ സൗണ്ട്പ്രൂഫ് ചെയ്തിട്ടുണ്ട്. മുറിയുടെ പ്രധാന കവാടം അടച്ചാല്‍ പുറത്തുള്ളവര്‍ക്ക് ഒന്നും കേള്‍ക്കാനാവില്ല.

പോലീസുകാര്‍ രണ്ടുപേരും ഗ്ലാസ്സിനു പുറത്ത് ഇരിപ്പുറപ്പിച്ചു. സൈമയും ദ്വിഭാഷിയും ഉള്ളിലേയ്ക്കു കയറി, അവിടെയുള്ള രണ്ടു കസേരകളില്‍ ഇരുന്നു.

കസേരയില്‍ ഘടിപ്പിച്ചിരുന്ന writing pad കസേരരുടെ കൈവരിയ്ക്കു കുറുകേയിടാന്‍ ദ്വിഭാഷി ആവശ്യപ്പെട്ടു. സൈമ അതു ചെയ്തയുടന്‍ pad രണ്ടു കൈവരികളിലും ലോക്ക് ആയി. അവള്‍ അപ്രതീക്ഷിതമായി ചാടിയെഴുന്നേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍.

കസേരകള്‍ക്കെതിരായി ഏതാണ്ട് പത്തടി ദൂരത്തില്‍ ഒരു സ്റ്റൂള്‍ മാത്രം. മച്ചില്‍ നാല് ഹാലജന്‍ വിളക്കുകള്‍, നാലു മൂലകളിലും ഓരോ വിഡിയോ കാമറ.

പിന്നേയും അഞ്ചുമിനിറ്റോളം കാത്തിരിപ്പ്, നിശബ്ദത.

പെട്ടന്ന് വാതിലില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ഏഴടിയോളം പൊക്കം. നല്ല തടിയുള്ള ഉറച്ച ശരീരം. കണ്ടാല്‍ ഒരു ഹെവിവെയ്റ്റ് ബോക്സറാണെന്നു തോന്നും.

"ആര്‍ യു പ്രൊഫസര്‍ മിസ് ഖാന്‍?" അദ്ദേഹം ദ്വിഭാഷിയോടു ചോദിച്ചു. ശബ്ദം താഴ്ത്തിത്തന്നെയാണ് അദ്ദേഹം അതു ചോദിച്ചതെങ്കിലും ആ മുറി മൊത്തം വിറയ്ക്കുന്നതായി സൈമയ്ക്കു തോന്നി. അത്രയ്ക്ക് ഘനഗാംഭീര്യവും ആജ്ഞാശക്തിയുമുണ്ടായിരുന്നു ആ ശബ്ദത്തിന്.

"യെസ് ഐ ആം സര്‍."

"പ്ലീസ്ഡ് ടു മീറ്റ് യു! ഐ ആം ഡോക്റ്റര്‍ ലെറോയ്. ഐ വില്‍ ബി ഡൂയിങ്ങ് ദ അസ്സെസ്സ്മെന്റ് ടുഡേ" എന്നു മുരണ്ടുകൊണ്ട് അദ്ദേഹം സ്റ്റൂളില്‍ പോയി ഇരുന്നു. സൈമയെ കണ്ടതായി ഭാവിച്ചതേയില്ല.

ഡോക്റ്റര്‍ ലെറോയ് ആ ആശുപത്രിയിലെ എന്നല്ല, രാജ്യത്തെതന്നെ ഏറ്റവും അറിയപ്പെടുന്ന ഫോറന്‍സിക് സൈക്യാട്രിസ്റ്റ് ആണ്. അറിയപ്പെടുന്ന എന്നുവച്ചാല്‍ എല്ലാവരും അറിയുമെന്നല്ല, കുറ്റാന്വേഷണ മേഖലയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന എന്നു വ്യക്തമാക്കേണ്ടി വരും. ഒരു പക്ഷേ പോലീസ് ഏറ്റവും രഹസ്യമായി സൂക്ഷിക്കുന്ന വ്യക്തിത്വം.

ആ ശരീരവും ഉണ്ടക്കണ്ണുകളും ശബ്ദവും തന്നെയാണ് മറ്റുള്ള ഫോറന്‍സിക് സൈക്യാട്രിസ്റ്റുകളില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഒരുമാതിരിപ്പെട്ട ക്രിമിനലുകളൊന്നും അദ്ദേഹത്തെ കായികമായി നേരിടാനോ ചീത്തപറയാനോ ധൈര്യപ്പെടില്ല. ഇനി അഥവാ ധൈര്യപ്പെട്ടാല്‍ത്തന്നെ അദ്ദേഹം അതിന് തയ്യാറുമാണ്. ഒരു സെര്‍ട്ടിഫൈഡ് ജൂഡോ, ബോക്സിങ്ങ് ട്രെയിനര്‍ കൂടിയാണ് അദ്ദേഹം. സ്വെറ്റ് പാന്റും ടീഷര്‍ട്ടും ഇട്ടാണ് അദ്ദേഹം അസ്സെസ്സ്മെന്റ് ചെയ്യാന്‍ വരിക. "നീ അവിടന്ന് അനങ്ങിയാല്‍ നിന്നെ ചതച്ചുകളയും" എന്ന് സ്വന്തം ബോഡി ലാംഗ്വേജ് കൊണ്ടുതന്നെ അറിയിക്കാന്‍ അദ്ദേഹത്തിന് ഒരു സവിശേഷമായ കഴിവുണ്ട്.

"പ്രൊഫസര്‍ മിസ് ഖാന്‍, ഇന്നെനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കഴിയുന്നതും അതേപടി പരിഭാഷപ്പെടുത്തിക്കൊടുക്കുകയാണ് നിങ്ങളുടെ ജോലി. എന്റെ ചോദ്യങ്ങളെ വ്യാഖ്യാനിക്കുകയോ വിശദീകരിക്കുകയോ അരുത്. ഞാന്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അതേ വെയ്റ്റും ഫീലും ഉള്ള പദങ്ങളേ പരിഭാഷയിലുണ്ടാകാവൂ. മുഖത്ത് യാതൊരു ഭാവവും ഉണ്ടാകാന്‍ പാടില്ല, സ്വരത്തിലും. ഏതെങ്കിലും ഒരുത്തരത്തിലേയ്ക്കു നയിക്കുംവിധം ചോദ്യം മാറിപ്പോകാന്‍ പാടില്ല. ഉത്തരങ്ങളും അതുപോലെ കൃത്യമായ വാക്കുകളില്‍ പരിഭാഷപ്പെടുത്തണം. ഉത്തരങ്ങളില്‍ ഉപയോഗിച്ച വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ഞാന്‍ ചിലപ്പോള്‍ നിങ്ങളോട് വിശദീകരണം ചോദിക്കും. പ്രതിയുടെ ഉത്തരം കൃത്യമായി മനസ്സിലാക്കേണ്ടത് ഈ അസ്സെസ്സ്മെന്റിന് പ്രധാനമാണ്. നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ?"

"യെസ് ഡോക്റ്റര്‍..."

"ഈ സെഷന്‍ മൊത്തം ഞങ്ങള്‍ റെക്കോഡ് ചെയ്യും. അത് തെളിവിന്റെ ഭാഗമാകും. മറ്റു സൈക്യാട്രിസ്റ്റുകളും ബിഹേവിയറല്‍ എക്സ്പര്‍ട്സും വക്കീലന്മാരും അതിനെ അതിസൂക്ഷ്മമായി പഠിക്കും. നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു വീഴ്ച ഈ അസ്സെസ്സ്മെന്റിനെ വിലയില്ലാത്തതാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ പരിപൂര്‍ണ്ണ ശ്രദ്ധ എനിക്കാവശ്യമുണ്ട്".

"എനിക്ക് മനസ്സിലാകുന്നുണ്ട്, ഡോക്റ്റര്‍"

"ഡു യു ഹാവ് എനി ക്വെസ്റ്റ്യന്‍സ്?"

"നോ സര്‍"

"ഓക്കേ. ലെറ്റ് അസ് ബിഗിന്‍ ദെന്‍....മിസ് ഴസല്‍, ഡ്യൂ നോ വായ് യൂഴ് ഹീഴ്?"

"മിസ് റസൂല്‍, നിങ്ങള്‍ എന്തുകൊണ്ടാണ് ഇവിടെയുള്ളത് എന്നറിയാമോ?" പ്രൊഫസര്‍ ഖാന്‍ പരിഭാഷപ്പെടുത്തി

'ഇവിടെ' എന്നുപറഞ്ഞാല്‍ എന്താണ്? ഈ കസേരയില്‍? ഈ ആശുപത്രിയില്‍? ഈ പട്ടണത്തില്‍? ഈ രാജ്യത്ത്? ഈ ലോകത്ത്?

ഇവിടത്തിന്റെ വ്യാപ്തിയനുസരിച്ച് ഉത്തരവും വ്യത്യസ്തമാണല്ലോ.

(തുടരും)

Sunday, September 11, 2016

മോന് മെഡിസിന് അഡ്മിഷന്‍ കിട്ടി!

ഞാനൊക്കെ പഠിക്കുന്ന കാലത്ത് മെഡിസിന് അഡ്മിഷന്‍ കിട്ടുക എന്നത് വലിയൊരു സംഭവമാണ്.

അന്നൊക്കെ അഞ്ച് മെഡിക്കല്‍ കോളേജുകളേ ഉള്ളൂ. അതില്‍ത്തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആയിടയ്ക്ക് തുടങ്ങിയതാണ്. എന്റെ തൊട്ടു തലേ ബാച്ച് മുതലാണ് പ്രവേശനപ്പരീക്ഷ എന്ന ഏര്‍പ്പാട് തുടങ്ങിയത്. അതിനുമുമ്പ് പ്രീഡിഗ്രിക്കൊക്കെ മുടിഞ്ഞ മാര്‍ക്കുവേണം ഒന്നു കയറിപ്പറ്റാന്‍.

ഇപ്പൊപ്പിന്നെ അമ്മാതിരി പ്രശ്നങ്ങളൊന്നുമില്ല. കയ്യില്‍ കാശുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജില്‍ കയറാം. തലയില്‍ അത്യാവശ്യം ചോരയോട്ടം ഉണ്ടാകണമെന്നേയുള്ളൂ.

മുമ്പത്തെ സംവിധാനം വളരേ കേമമാണെന്നൊന്നുമല്ല പറഞ്ഞുവരുന്നത്. പഠിക്കാനുള്ള കഴിവ് മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അന്നും വൈദ്യശാസ്ത്രപഠനത്തിനുള്ള പ്രവേശനം അനുവദിച്ചിരുന്നത്. പഠിക്കാനും ഓര്‍മ്മവെയ്ക്കാനുമുള്ള കഴിവ് വൈദ്യശാസ്ത്രപഠനത്തിന് പ്രധാനം തന്നെയാണ്. പക്ഷേ അത്രത്തോളം തന്നെ പ്രധാനമാണ് മനോഭാവവും ശാരീരിക ക്ഷമതയും മാനസിക ക്ഷമതയും വിശകലനശേഷിയും. അതൊന്നും അന്നും ഇന്നും പ്രവേശനപ്പരീക്ഷകളില്‍ വിഷയമായിട്ടില്ല.

എന്റെ സുഹൃത്തിന്റെ മകള്‍ ഇക്കഴിഞ്ഞ വര്‍ഷം എംബിബിഎസ് പാസ്സായി. ശസ്ത്രക്രിയയും പേറെടുപ്പും ചെയ്യില്ലെന്നാണ് അവള്‍ പറയുന്നത്. അതായത് ചോര കാണുന്ന പരിപാടിയൊന്നും പറ്റില്ല. ഗുളികയും മരുന്നും എഴുതിക്കൊടുക്കുന്ന പരിപാടി മാത്രമാണെങ്കില്‍ ഓക്കേ. ഇന്ത്യയില്‍ അത്തരക്കാരുടെ സേവനത്തിനും ആവശ്യക്കാരുണ്ട്, ശരിതന്നെ. പക്ഷേ, എന്റെ നോട്ടത്തില്‍ അവള്‍ മെഡിക്കല്‍ പ്രഫഷന് യോഗ്യയല്ല എന്ന് ആ ഒരൊറ്റ പ്രസ്താവനകൊണ്ട് തെളിഞ്ഞു.

എന്റെ വീട്ടുകാരി ജോലി ചെയ്യുന്ന ആരോഗ്യപരിപാലന കേന്ദ്രത്തിലെ സീനിയര്‍ ഡോക്റ്റര്‍ പതിവായി സ്കൂളുകളില്‍ ചെന്ന് കുട്ടികളുടെ കരിയര്‍ ഗൈഡന്‍സ് പരിപാടികളില്‍ പ്രസംഗിക്കാറുണ്ട്. ഒരു ആദായകരമായ ഉദ്യോഗോപാധി എന്ന നിലയില്‍ വൈദ്യശാസ്ത്രം പഠിക്കരുതെന്നാണ് അദ്ദേഹം കുട്ടികളോട് പറയുക. ഒരു നല്ല ഡോക്റ്റര്‍ എന്നാല്‍ മനുഷ്യനേയും സമൂഹത്തേയും ശാസ്ത്രത്തേയും അദ്ധ്വാനത്തേയും വളരേയധികം സ്നേഹിക്കുന്നയാള്‍ എന്നാണര്‍ത്ഥം (കാനഡയേപ്പോലെ ആരോഗ്യപരിപാലന മേഖല പൂര്‍ണ്ണമായും സര്‍ക്കാര്‍ നടത്തിപ്പിലുള്ള ഇടമാണെങ്കില്‍, ഡോക്റ്റര്‍മാര്‍ വ്യവസ്ഥിതിയെ ബഹുമാനിക്കുന്നവര്‍ കൂടി ആയിരിക്കണം). പണം എന്നത് അനന്തരഫലം മാത്രമാണ്. കരിയര്‍ നേട്ട‌ം മാത്രം ലക്ഷ്യമുള്ളവര്‍ മാനേജ്‌മെന്റോ, എന്‍ജിനീയറിങ്ങോ, ബിസിനസ്സോ, നിയമമോ പഠിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിക്കുക.

ഇക്കഴിഞ്ഞ മാസം എന്റെ സഹപ്രവര്‍ത്തകയുടെ മകന് മക്‍മാസ്റ്റര്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം ലഭിച്ചു. ഇതുവായിച്ചിട്ട് നിങ്ങള്‍ പറയൂ, നമ്മുടെ നാട്ടിലെ പ്രവേശനരീതികളില്‍ ന്യൂനതകളുണ്ടോയെന്ന്.

ഒണ്ടേറിയോയിലെ ആറ് മെഡിക്കല്‍ കോളേജുകളിലേയ്ക്കുമുള്ള പ്രവേശനപ്പരീക്ഷകള്‍ നടത്തുന്നത് OMSAS ആണ്. ക്ലാസ്സ് തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ പ്രവേശനനടപടികള്‍ ആരംഭിക്കും.

തുടക്കത്തില്‍ വേണ്ടത് - പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി (ട്രാന്‍സ്ക്രിപ്റ്റ്), പൗരത്വത്തിന്റേയും ഒണ്‍ടേറിയോയില്‍ താമസിക്കുന്നതിന്റേയും തെളിവുകള്‍ എന്നിവയാണ്. ജോലി ചെയ്ത ഇടങ്ങളില്‍നിന്ന് ലഭിച്ച അനുമോദന രേഖകള്‍, സന്നദ്ധസേവനത്തിന്റെ രേഖകള്‍, സ്പോര്‍ട്ട്സ് അല്ലെങ്കില്‍ കല എന്നിവയില്‍ ലഭിച്ച നേട്ടങ്ങളേക്കുറിച്ചുള്ള രേഖകള്‍, പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണപ്രബന്ധങ്ങള്‍ തുടങ്ങി നിങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന എല്ലാ കഴിവുകളേക്കുറിച്ചുള്ള തെളിവുകളും സമര്‍പ്പിക്കാം. ഈ ഇടങ്ങളില്‍നിന്നുള്ള റെഫറലുകളും (നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി നിങ്ങളെ മേല്‍നോട്ടം വഹിച്ചവരുടെ അഭിപ്രായം) ചേര്‍ക്കാം. ഈ കുട്ടി ഏതാണ്ട് 85 പേജുകളുള്ള ഒരു ബൈന്‍ഡര്‍ തന്നെ ഇതിനായി തയ്യാറാക്കിയിരുന്നു.

മക് മാസ്റ്റര്‍ യൂണിവേഴ്സിറ്റി, എല്ലാ അപേക്ഷകര്‍ക്കും CASPer (Computer-Based Assessment for Sampling Personal Characteristics) നിര്‍ബന്ധമാക്കിയിട്ടുണ്ട്. അപേക്ഷകരുടെ വിശകലനബുദ്ധിയും ധാര്‍മ്മികനിലപാടുകളുമാണ് ഈ പരീക്ഷയിലൂടെ അറിയാന്‍ ശ്രമിക്കുന്നത് (ഉദാഹരണത്തിന് പൊതുവിടങ്ങളില്‍ കാമറ സ്ഥാപിക്കുന്നതിനോട് യോജിക്കുന്നുണ്ടോ, എങ്ങനെയാണ് സുരക്ഷിതത്വത്തിന്റെ ആവശ്യങ്ങള്‍ സ്വകാര്യതയുടെ ആവശ്യകതയുമായി തുലനം ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചില സാഹചര്യങ്ങള്‍ ഉദ്ധരിച്ച് അഭിപ്രായം ആരായുക). ഇത് ഒരു മള്‍ടിപ്പിള്‍ ചോയ്സ് പരീക്ഷയാണ്.

ഇതിനുശേഷമാണ് പ്രധാനമായ MCAT പരീക്ഷ. നമ്മുടെ നാട്ടിലെ എന്‍ട്രന്‍സ് ടെസ്റ്റിന് താരതമ്യപ്പെടുത്താവുന്ന പരീക്ഷയാണിത്. ഒന്നര മണിക്കൂര്‍ വീതമുള്ള നാലു വിഭാഗങ്ങളായി മൊത്തം (ബ്രേക്ക് അടക്കം) എട്ടുമണിക്കൂര്‍ നീളുന്ന ഒറ്റദിവസപ്പരീക്ഷയാണിത്. ഇതില്‍ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി എന്നിവയ്ക്കു പുറമെ CARS (Critical Analysis and Reasoning Skills) എന്ന ഒരു പരീക്ഷകൂടിയുണ്ട്. മക് മാസ്റ്റര്‍ യൂണിവേഴ്സിറ്റി ഇക്കൂട്ടത്തില്‍ CARS പരീക്ഷയുടെ മാര്‍ക്ക് മാത്രമേ പരിഗണിയ്ക്കൂ. അതായത് ബയോളജിയും കെമിസ്ട്രിയും ഒന്നുമല്ല, വിശകലനശേഷിയും കാര്യങ്ങള്‍ പെട്ടന്നു വായിച്ചു മനസ്സിലാക്കാനുള്ള comprehension skillsഉമാണ് അവര്‍ക്കു വേണ്ടത്! CARS പരീക്ഷ ഒട്ടും എളുപ്പമല്ല. ഇന്റര്‍നെറ്റിലുള്ള സാമ്പിള്‍ ചോദ്യങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും.

ജാനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്റര്‍വ്യൂസ് ആണ്. ആയിരക്കണക്കിന് അപേക്ഷകരില്‍നിന്ന് വെറും അഞ്ഞൂറുപേരെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിയ്ക്കുക.

മക് മാസ്റ്ററില്‍ ആദ്യത്തേത്ത് MMI (Multiple Mini Interviews) ആണ്. ഇത് ഒരു ദിവസം മുഴുവനെടുക്കും. ഇതിനായി ഒരു ഹാളില്‍ പത്തോ പന്ത്രണ്ടോ ചെറിയ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടാകും. ഓരോ ബൂത്തിലും ഓരോ വ്യക്തിത്വ സവിശേഷത (ഉദാഹരണത്തിന് collaboration, conflict resolution, problem solving) പരീക്ഷിക്കാനുള്ള സംവിധാനമായിരിക്കും ഉണ്ടാകുക. ബൂത്തിലേയ്ക്ക് കടക്കുമ്പോള്‍ അതിനുള്ളില്‍ ചെയ്യേണ്ടതെന്തെന്ന ഒരു കുറിപ്പ് കയ്യില്‍ കിട്ടും. ഒരു ബൂത്തിന്റെ സാമ്പിള്‍ പറയാം. ഒരു മേശപ്പുറത്ത് കുറേ ജ്യോമെട്രിക് രൂപങ്ങള്‍ (ചതുരം, വൃത്തം, ദീര്‍ഘചതുരം, എലിപ്സ്)‌ പേപ്പറില്‍നിന്ന് മുറിച്ചുവെച്ചിട്ടുണ്ടായിരുന്നു. രണ്ട് അപേക്ഷകരാണ് ഇതിന് ബൂത്തില്‍ ഉള്ളത്. ഒരാളുടെ കയ്യില്‍ ഒരു ചിത്രം കൊടുത്തിരിക്കുന്നു (ഉദാഹരണത്തിന് മേല്‍പ്പറഞ്ഞ ജ്യോമെട്രിക് രൂപങ്ങള്‍ ഉള്‍പ്പെട്ട ഒരു നായ). ആ ചിത്രം മറ്റേയാള്‍ കാണില്ല. ചിത്രം കയ്യിലുള്ളയാള്‍ മറ്റേയാളെ സംസാരംകൊണ്ടു മാത്രം ആ ചിത്രം വിശദീകരിച്ച്, മേശപ്പുറത്തെ ജ്യോമെട്രിക് രൂപങ്ങള്‍കൊണ്ട് അത് പുനരാവിഷ്കരിക്കണം. അതിനുശേഷം രണ്ടുപേരും പരസ്പരം സ്ഥാനം മാറി മറ്റൊരു ചിത്രം പുനരാവിഷ്കരിക്കുന്നു. ആശയവിനിമയ ചാതുര്യവും ശ്രദ്ധാശേഷിയും (listening skills) ആണ് ഇതില്‍നിന്ന് അവര്‍ കണ്ടെത്തുന്നത്.

ഇതിനു ശേഷം പതിവ് ഇന്റര്‍വ്യൂവും ഉണ്ട്. ഈ ഇന്റര്‍വ്യൂ എടുക്കുന്നത് പ്രഫസര്‍മാര്‍ മാത്രമല്ല - സാമൂഹ്യപ്രവര്‍ത്തകര്‍, സീനിയര്‍ വിദ്യാര്‍ത്ഥികള്‍, സാങ്കേതിക വിദഗ്ദ്ധര്‍, നഴ്സുമാര്‍, വക്കീലന്മാര്‍, സ്കൂള്‍/കോളേജ് ടീച്ചര്‍മാര്‍ തുടങ്ങി സമൂഹത്തില്‍നിന്നുമുള്ള ആരുമാകാം. ഈ ഇന്റര്‍വ്യൂവില്‍ ഏതുതരം ചോദ്യങ്ങളും പ്രതീക്ഷിക്കാം (അഭയാര്‍ത്ഥികളുടെ ആരോഗ്യപരിപാലന ആവശ്യങ്ങളേക്കുറിച്ചുള്ള നിലപാടുകള്‍, മരണാസന്നരായ ആളുകളുടെ ജീവിക്കാനും മരിക്കാനുമുള്ള അവകാശം, തീരെച്ചെറിയകൂട്ടം ആളുകളുടെ ചിലവേറിയ സവിശേഷ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ചിലവില്‍ നടത്തപ്പെടുന്ന ആരോഗ്യമേഖലയുടെ നയങ്ങള്‍ എന്നിവയേപ്പറ്റിയൊക്കെയായിരിക്കും ചോദ്യങ്ങള്‍).

മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ക്കുശേഷം മാത്രമാണ് ഒരു വിദ്യാര്‍ത്ഥിയ്ക്ക് അവിടെ പ്രവേശനം ലഭിക്കുക

ഇനി മക്‍ മാസ്റ്റര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം നേടിയ കുട്ടികളുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ നോക്കൂ (ഇവിടെ ക്ലിക്ക് ചെയ്യുക). പത്തൊമ്പതു വയസ്സില്‍ താഴെ മുതല്‍ മുത്തിയേഴു വയസ്സുള്ളവര്‍ക്കു വരെ പ്രവേശനം കിട്ടിയിട്ടുണ്ട്. CARSല്‍ ഉയര്‍ന്ന സ്കോര്‍ ഉള്ളവര്‍ക്കാണ് മക്‍ മാസ്റ്റര്‍ മുന്‍ഗണന കൊടുത്തിട്ടുള്ളതെന്ന് കാണാം. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ വിദ്യാഭ്യാസ പശ്ചാത്തലത്തില്‍ (Educational Background) വളരേയധികം വൈവിധ്യം കാണാനാവുന്നത്. ഹെല്‍ത്ത് സയന്‍സും സയന്‍സും പഠിച്ചിട്ടുള്ളവരാണ് അധികമെങ്കിലും മറ്റു ബിരുദങ്ങളുള്ളവരുടെ എണ്ണം അത്ര നിസ്സാരമല്ല.

ഇവിടെയാണ് മക്‍ മാസ്റ്റര്‍ യൂണിവേഴ്സിറ്റിയും നാട്ടിലെ മെഡിക്കല്‍ കോളേജുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. നാട്ടില്‍ 'അറിവ്' (retained knowledge) അളന്നാണ് മെറിറ്റ് പ്രവേശനം. ഇവിടെ അറിവിനേക്കാള്‍ വിശകലന ശേഷി, സഹകരണ മനോഭാവം, പെട്ടന്ന് പഠിച്ചെടുക്കാനുള്ള കഴിവ്, ശ്രദ്ധിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ്, സമൂഹത്തോടുള്ള ആഭിമുഖ്യം എന്നിങ്ങനെ ബുദ്ധിപരവും വ്യക്തിത്വാധിഷ്ഠിതവുമായ സവിശേഷതകളാണ് അളക്കപ്പെടുന്നത്. എന്റെ നോട്ടത്തില്‍ ഇതില്‍ ഇല്ലാത്തത് കൈത്തഴക്കം/കരവിരുത്‌ (dexterity) പരീക്ഷിക്കാനുള്ള പരീക്ഷകള്‍ മാത്രമാണ്.

ഇത്തരം ഒരു പ്രവേശനരീതികൊണ്ട് മെച്ചപ്പെട്ട ഡോക്റ്റര്‍മാര്‍ ഉണ്ടാകുമോ എന്ന കാര്യം തര്‍ക്കിക്കാവുന്നതാണ്, പക്ഷേ ഒരു ഡോക്റ്റര്‍ക്കുവേണ്ട ബൗദ്ധിക അച്ചടക്കം ഇവിടെ പഠിച്ചിറങ്ങിയ ഡോക്റ്റര്‍മാര്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പിക്കാം.

ഇതൊന്നും നാട്ടില്‍ നടപ്പാവില്ല. മേല്‍പ്പറഞ്ഞ പോലെ റെഫറല്‍, CASPer, MMI, ഇന്റര്‍വ്യൂ എന്നിവയുടെകൂടി അടിസ്ഥാനത്തിലാണ് മെറിറ്റ് അഡ്മിഷന്‍ എങ്കില്‍ അവിടെയൊക്കെ കൈക്കൂലിയുടെ മാമാങ്കമായിരിക്കുമെന്നത് കട്ടായം.

അതുകൊണ്ട് ഒരു വശത്ത് പുസ്തകപ്പുഴുക്കളും മറുവശത്ത് കാശുകൊടുത്ത് ബിരുദം വാങ്ങിയവരുമായി നാട്ടുകാരുടെ ആരോഗ്യപരിപാലനം ഇങ്ങനെ ഊഞ്ഞാലാടിക്കൊണ്ടിരിക്കും.

Sunday, March 13, 2016

അങ്ങനെയെങ്കിലും സോഷ്യലിസം വരട്ടെ!

നാട്ടില്‍ വരുമ്പോള്‍ ഒരിക്കലെങ്കിലും ലോക്കല്‍ ബാര്‍ബര്‍ഷാപ്പില്‍ പോയി മുടിവെട്ടുന്ന ഒരു പതിവുണ്ട്. അങ്ങനെയൊരിക്കല്‍ കടയില്‍ ഞാന്‍ എന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു. അവിടെ അന്നത്തെ 'മനോരമ' പത്രവും വായിച്ചുകൊണ്ട് രണ്ടു ചെറുപ്പക്കാര്‍ ഇരിക്കുന്നുണ്ട്.

"പരിയാരത്ത് വീടു കുത്തിത്തുറന്ന് മോഷണം. പത്തു പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു". ഒരുവന്‍ വാര്‍ത്ത വായിക്കാന്‍ തുടങ്ങി.

വാര്‍ത്ത മുഴുവന്‍ വായിച്ചുകഴിഞ്ഞ ശേഷം പുള്ളിയുടെ വക ഒരു കമെന്റ് "നല്ല പൂത്ത കാശുള്ള വീട്ടുകാരാ. ഒരു കൊഴപ്പോല്ല്യ. അങ്ങനെയെങ്കിലും നാട്ടില് സോഷ്യലിസം വരട്ടെ!"

നാടുമായും സോഷ്യലിസവുമായുമുള്ള ബന്ധമൊക്കെ ഇല്ലാതായിക്കഴിഞ്ഞ ഞാന്‍ അതു കേട്ട് ഉള്ളില്‍ ചിരിച്ചു. ഇന്നിപ്പോള്‍ സോഷ്യലിസ്റ്റുകള്‍ ഒന്നടങ്കം വിജയ് മല്ല്യയുടെ സമ്പാദ്യമെല്ലാം പിടിച്ചുപറിക്കാന്‍ വെപ്രാളപ്പെടുന്നതു കണ്ടപ്പോള്‍ ഈ കഥ വെറുതേ ഓര്‍മ്മ വന്നു. ഭരണ നേതൃത്വം സോഷ്യലിസമൊക്കെ ഉപേക്ഷിച്ചിട്ട് കൊല്ലം ഇരുപത്തിയഞ്ച് ആയെങ്കിലും ശരാശരി മലയാളിയുടെ സോഷ്യലിസ്റ്റ് വ്യാമോഹങ്ങള്‍ ഇന്നും സജീവം.

സോഷ്യല്‍ മീഡിയയില്‍ കദനകഥകളുടെ പ്രവാഹമാണ്. നിസ്സാര തുക കടമെടുത്തതിന് കിടപ്പാടം ജപ്തിചെയ്തെടുത്ത കഥകള്‍ ധാരാളം. ശതകോടിക്കണക്കിന് തുക കടമെടുത്ത് ഒന്നും സംഭവിക്കാത്തതുപോലെ വിലസുന്ന വന്‍കിട മുതലാളിമാരോടുള്ള രോഷവും കത്തിജ്വലിക്കുന്നുണ്ട്.

ധനകാര്യ വ്യവസ്ഥിതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാത്തതുകൊണ്ടാണ് ഇത്തരം വൈകാരികത ആളുകളുടെ മനസ്സില്‍ വരുന്നത്. നാട്ടില്‍ ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങളുടെ സുതാര്യതയില്ലായ്മയും അതിനെ രൂക്ഷമാക്കുന്നുണ്ട്.

കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ക്ക് ഗൂഗിള്‍ പ്ലസ്സില്‍ 'ബൈസ്റ്റാന്ററുടെ ഈ പോസ്റ്റ് വായിച്ചാല്‍ മതിയാകും. അല്ലാത്തവര്‍ക്കായി ചില അടിസ്ഥാന വിവരങ്ങള്‍ വിശദീകരിക്കാനാണ് ഈ പോസ്റ്റ്.

ആദ്യം തന്നെ ഒരു ജാമ്യമെടുക്കട്ടെ. ഇന്ത്യയേക്കുറിച്ചോ ഇന്ത്യന്‍ ബാങ്കുകളേക്കുറിച്ചോ മല്ല്യയേക്കുറിച്ചോ ഉള്ള ചര്‍ച്ച ഞാന്‍ പാടേ ഒഴിവാക്കുകയാണ്. സുതാര്യമായ (എന്നു കരുതി 'സാമൂഹ്യ പ്രതിബദ്ധതയുള്ള' എന്ന് അര്‍ത്ഥമില്ല) ധനകാര്യപ്രവര്‍ത്തനം നടക്കുന്ന കാനഡയേപ്പോലൊരു രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കുറിപ്പ്.

ആദ്യമായി അറിയേണ്ടത് 'ആസ്തി' എന്ന ആശയമാണ്. നിങ്ങള്‍ ഒരു കാട്ടുമുക്കില്‍ ഒരു ലക്ഷം രൂപ കൊടുത്ത് ഒരേക്കര്‍ മാവിന്‍ തോട്ടം വാങ്ങിയെന്നു കരുതുക. നിങ്ങള്‍ അവിടെ 'കൊച്ചീച്ചി മാങ്ങാ അച്ചാര്‍' ഉണ്ടാക്കുന്ന ഒരു യൂണിറ്റ് തുടങ്ങി. ഒരു കുപ്പി അച്ചാര്‍ ഉണ്ടാക്കാന്‍ 90 രൂപ ചിലവാക്കി 100 രൂപയ്ക്ക് വിറ്റു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 'കൊച്ചീച്ചി അച്ചാര്‍' കേരളത്തിലെ ഏറ്റവും പ്രചാരമുള്ള അച്ചാര്‍ ആയി. അന്ന് ഒന്നര ലക്ഷം രൂപ മുടക്കിയ ഉല്‍പാദന സംവിധാനത്തിന് ഇന്ന് എന്ത് വിലയുണ്ടാകും? ഒരുപഷേ കോടികള്‍! നിങ്ങളുടെ ഉല്‍പന്നത്തിന്റെ വാര്‍ഷിക വിറ്റുവരവിന്റെ പല മടങ്ങുകളായിരിക്കും അത്. 'കൊച്ചീച്ചി' എന്ന ബ്രാന്റിനു മാത്രം ലക്ഷക്കണക്കിനു രൂപയുടെ വിലയുണ്ടാകാം. ഇങ്ങനെയാണ് 'ആസ്തി' ഉണ്ടാകുന്നത്.

ഇനി നിങ്ങള്‍ അതേ കാട്ടുമുക്കില്‍ അമ്പതുലക്ഷം രൂപ മുടക്കി ഒരു വലിയ ഫൂഡ് പ്രോസസിങ്ങ് പ്ലാന്റ് തുടങ്ങാനായി ഏതെങ്കിലും ബാങ്കിനെ സമീപിച്ചെന്നു കരുതുക. ഒരു പ്രൈവറ്റ് ബാങ്ക് ആണെങ്കില്‍ ഒരു നിമിഷം വൈകാതെ പണം കടം കൊടുക്കും. അതിന് നിലവിലുള്ള ആസ്തി ഈടായി നല്‍കിക്കൊള്ളണമെന്നു പോലുമില്ല. അവര്‍ക്കറിയാം അങ്ങനെയൊരു പ്ലാന്റ് ഇയാള്‍ തുടങ്ങിയാല്‍ അത് ഏറെക്കുറെ ഉറപ്പായും വിജയിച്ചിരിക്കും എന്ന്. ചിലപ്പോള്‍ അവര്‍ കൊടുക്കുന്ന തുകയില്‍ ഒരു ഭാഗം കടമായും ബാക്കി പുതിയ പ്ലാന്റിന്റെ ഓഹരി വാങ്ങാനായും ആയിരിക്കും നല്‍കുക.

തുടര്‍ന്നും പുതിയ പ്ലാന്റുകള്‍ തുടങ്ങാന്‍ ബാങ്ക് നിരുപാധികം പണം നല്‍കിയെന്നു വരാം. വിശേഷിച്ച് ഇതിനകം നിങ്ങളുടെ കമ്പനി പബ്ലിക്‌ലി ട്രേഡഡ് ആയെങ്കില്‍ (ഓഹരി വിപണിയിലൂടെ നിക്ഷേപകരുടെ ഉടമസ്ഥതയിലേയ്ക്ക് വന്നിട്ടുണ്ടെങ്കില്‍). പുതിയ സംരംഭത്തിന് 50% നിക്ഷേപകരുടേയും 25% സമ്പന്നരായ പ്രൊമോട്ടര്‍മാരുടേയും പിന്തുണയുണ്ടെങ്കില്‍ ബാക്കി 25% കടമായി കൊടുക്കാന്‍ ബാങ്കുകള്‍ ഒട്ടും അമാന്തിക്കില്ല.

ഇങ്ങനെ തുടങ്ങുന്ന ചില സംരംഭങ്ങള്‍ വിജയിക്കും ചിലത് പരാജയപ്പെടും. പരാജയപ്പെടുമ്പോള്‍ ബാങ്ക് കൊടുത്ത പണം നഷ്ടമാകും. എന്നു കരുതി അടുത്ത തവണ നിങ്ങള്‍ തവണ നിങ്ങള്‍ കടം ചോദിച്ചു ചെല്ലുമ്പോള്‍ "അന്നത്തെ കാശ് തിരിച്ചു തന്നാലേ ഇനി പണം തരൂ" എന്നൊന്നും പറയില്ല. നിങ്ങളെ ഓടിച്ചിട്ടു തല്ലി പണം പിടിച്ചുപറിക്കുകയുമില്ല. കാരണം നിങ്ങള്‍ നഷ്ടമുണ്ടാക്കിയതിന്റെ പല മടങ്ങു തുക ലാഭമായി, അതിനേക്കാളേറെ ആസ്ഥിയായി ബാങ്കിന് കിട്ടിയിട്ടുണ്ട്. ഇനിയും മൂല്യം കൊണ്ടുവരുവാനുള്ള നിങ്ങളുടെ കഴിവില്‍ ബാങ്കിന് വിശ്വാസവുമുണ്ട്.

ഇവിടെയാണ് 'ലോണ്‍ ലോസ് പ്രൊവിഷന്‍' എന്ന ഏര്‍പ്പാടിനേക്കുറിച്ച് അറിയേണ്ടത്. അതിന്റെ അടിസ്ഥാന ലക്ഷ്യം പണം കടം കൊടുക്കുന്ന കാര്യത്തില്‍ ചില നിശ്ചിത റിസ്ക് എടുക്കുവാന്‍ ധനകാര്യസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതാണ്. പല ധനകാര്യസ്ഥാപനങ്ങള്‍ക്കും പല തരത്തിലായിരിക്കും റിസ്കിനോടുള്ള പ്രതിപത്തിയും നഷ്ടം എഴുതിത്തള്ളാനുള്ള നീക്കിയിരിപ്പും. ഒരിക്കലും ചില്ലിക്കാശുപോലും നഷ്ടം വരാത്തവിധമുള്ള കടം കൊടുപ്പ് ഒരൊറ്റ ധനകാര്യസ്ഥാപനവും ചെയ്യുന്നില്ല.

ഉദാഹരണത്തിന് ഒരു ധനകാര്യസ്ഥാപനത്തിന്റെ ലോണ്‍ ലോസ് പ്രൊവിഷന്‍ ആകെ കടം കൊടുക്കുന്ന തുകയുടെ 4% ആണെന്നിരിക്കട്ടെ. കൂടിയ റിസ്കുള്ള വിദ്യാഭ്യാസ ലോണിന് 4% നഷ്ടത്തിനുള്ളില്‍ നിറുത്തണമെങ്കില്‍ വളരേ കടുപ്പമുള്ള നിബന്ധനകള്‍ വെയ്ക്കും. അതേസമയത്ത് ഒരു രാജ്യത്ത് ആരോഗ്യകരമായ സാമ്പത്തിസ്ഥിതിവിശേഷമാണെങ്കില്‍ ഹൌസിങ്ങ് ലോണ്‍ ബാങ്കുകള്‍ കൊടുക്കും. കാരണം 99% ആളുകളും വീടുവാങ്ങി താമസിക്കാനാണ് കടമെടുക്കുന്നത്. അവര്‍ അടവു മുടക്കില്ല.

ഒരു ശതമാനം ആളുകള്‍ വീഴ്ച വരുത്തിയാലും ബാങ്കിന് പ്രശ്നമില്ല. ഇവിടങ്ങളില്‍ അത്തരം ആളുകള്‍ക്ക് ഒരു 'പാപ്പരത്ത വക്കീലിനെ' (bankruptcy lawyer) കണ്ട് അയാള്‍ മുഖേന ബാങ്കുമായി ചര്‍ച്ച ചെയ്ത് കടത്തില്‍ ഒരു ഭാഗം മാപ്പാക്കുകയും ബാക്കി കുറഞ്ഞ തുകകളായി തിരിച്ചടക്കുകയും ചെയ്യാനുള്ള സംവിധാനമുണ്ട്. ആളുകളെ കൊന്നു കാശെടുക്കുക എന്നത് ഇവിടുത്തെ ബാങ്കുകള്‍ ചെയ്യാറില്ല, അങ്ങനെയൊരു സ്ഥിതി വന്നാല്‍ കഴിയാവുന്നത്ര തുക ഈടാക്കുക എന്നതാണ് രീതി. ഇതിന് അപവാദങ്ങളില്ലെന്നല്ല. ഈ നാലുശതമാനത്തിനുമേല്‍ തുക വിഴ്ച വന്നു തുടങ്ങിയാല്‍ എല്ലാ ബാന്‍ക്രപ്സി പ്രൊപ്പോസലുകളും ബാങ്കുകള്‍ നിഷേധിക്കും. ആളുകളെ വീടുകളില്‍നിന്നിറക്കിവിട്ട് കിട്ടുന്ന കാശ് നേടിയെടുക്കാന്‍ നോക്കും. ഡിട്രോയിറ്റിലൊക്കെ അങ്ങനെ സംഭവിച്ചിട്ടുണ്ട്.

ഇനി ബാങ്കുകള്‍ എന്താണ് കടം കൊടുക്കുന്നത് എന്നുകൂടി അറിയേണ്ടതുണ്ട്. മിക്കവാറും അവരുടെ 'കയ്യിലുള്ള പണം" അല്ല അവര്‍ കടം കൊടുക്കുന്നത്. വ്യക്തികളേപ്പോലെയല്ല ബാങ്കുകള്‍. അവര്‍ കടം കൊടുക്കുന്നത് ഒരു 'രേഖ' മാത്രമാണ്. അവരുടെ മൊത്തം ആസ്തിയുടെ പല മടങ്ങ് തുക അവര്‍ ഇങ്ങനെ കടം കൊടുത്തിട്ടുണ്ടാകും. ബാങ്കിങ്ങ് വ്യവസായത്തിന്റെ 'സല്‍പ്പേര്' മാത്രമാണ് അത്തരം ഒരു രേഖയ്ക്ക് പണത്തിന്റെ മൂല്യം കൊണ്ടുവരുന്നത്. എല്ലാ ബങ്കുകളും ഇഷ്യൂ ചെയ്ത എല്ലാ രേഖകളും ക്യാഷ് ചെയ്യണമെന്ന് കൈവശക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ ഈ സമ്പദ്‌വ്യവസ്ഥ തന്നെ തകര്‍ന്ന് തരിപ്പണമാകും. ഈ സംവിധാനം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ചിത്രീകരിക്കാനായി ഞാന്‍ "നീലാണ്ടന്‍ നമ്പൂരീടെ ഓല" എന്ന പേരില്‍ മൂന്നു ഭാങ്ങങ്ങളുള്ള ഒരു കഥ എഴുതിയിരുന്നു. ഈ പേജില്‍ത്തന്നെ അവയിലേയ്ക്കുള്ള ലിങ്കുകള്‍ ഉണ്ട്.

പറഞ്ഞുവരുന്നതെന്തെന്നാല്‍ കിട്ടാക്കടം എന്നാല്‍ 'നഷ്ടപ്പെട്ട പണം' അല്ലെന്നാണ്. 'നേടാന്‍ കഴിയാതെ പോയ പണം' എന്നു വേണമെങ്കില്‍ പറയാം. നേരത്തേ പറഞ്ഞതുപോലെ കടമായി കൊടുത്ത തുകയുടെ പരിമിതമായ ശതമാനമേ ഇങ്ങനെ തിരിച്ചുകിട്ടാതിരുന്നിട്ടുള്ളുവെങ്കില്‍ ബാങ്ക് ഇഷ്യൂ ചെയ്യുന്ന രേഖകള്‍ വിപണി സ്വീകരിച്ചുകൊള്ളും. അല്ലാതെ വരുമ്പോഴാണ് അമേരിക്കയിലെ ലേമാന്‍ ബ്രദേഴ്സിനേപ്പോലെ ബാങ്ക് അപ്പടിയോടെ തകരുന്നത്.

ഒരു കാര്യംകൂടിയുണ്ട് - ലിമിറ്റഡ് ലയബിലിറ്റി കോര്‍പ്പറേഷന്‍ എന്ന സംവിധാനം. വ്യക്തികള്‍ക്കു മാത്രമല്ല, ഇത്തരം സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ കടം കൊടുക്കും. ആ കടം തിരിച്ചടയ്ക്കേണ്ടത് കോര്‍പ്പറേഷന്‍ എന്ന ആ സംവിധാനമാണ്, അല്ലാതെ അതില്‍ നിക്ഷേപം നടത്തുകയോ അതിന്റെ മേല്‍നോട്ടം നടത്തുകയോ ചെയ്യുന്ന വ്യക്തികളല്ല. അതായത് ആ കോര്‍പ്പറേഷന്‍ പൊളിഞ്ഞാല്‍ കോര്‍പ്പറേഷന്റെ ആസ്തിയിന്‍മേല്‍ മാത്രമേ ബാങ്കിന് അധികാരമുണ്ടാവൂ. അതിന്റെ നടത്തിപ്പുകാരുടേയോ നിക്ഷേപകരുടേയോ ആസ്തിയില്‍ ബാങ്കിന് തൊടാനാവില്ല.ഉദാഹരണത്തിന് റിലയന്‍ റിടെയില്‍ ലിമിറ്റഡ് നാളെ പാപ്പരായാല്‍ റിലയന്‍ പെട്രോകെമിക്കലിന്റേയോ മുകേഷ് അംബാനിയോടേയോ സ്വത്തില്‍നിന്ന് പണം പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്ക് യാതൊരു അധികാരവുമുണ്ടാകില്ല. അതുകൊണ്ടുതന്നെ കോര്‍പ്പറേഷനുകള്‍ക്കുള്ള കടം അതിന്റെ മാത്രം ക്രെഡിറ്റ് റേറ്റിങ്ങ് അനുസരിച്ചു മാത്രമായിരിക്കും ബാങ്കുകള്‍ കൊടുക്കുക.

ഇതൊക്കെ വായിക്കുമ്പോള്‍ മുതലാളിമാര്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥിതിയാണ് എമ്പാടും എന്ന് തോന്നാം. ഒരു പരിധിവരെ ഇതു ശരിയുമാണ്. ആഗോളവല്‍ക്കരിക്കപ്പെട്ട ഇക്കാലത്തെ സമ്പദ്‌വ്യവസ്ഥയില്‍ അംബാനിയേപ്പോലെയും മല്ല്യയേപ്പോലെയും ഉള്ളവര്‍ സമ്പത്ത് സൃഷ്ടിക്കുന്നത് (wealth creation) ഇന്ത്യയിലാണ് എന്നതുകൊണ്ട് നമ്മുടെ രാജ്യത്തിന് വളരേയധികം നേട്ടങ്ങളുണ്ട്. ബാര്‍ബര്‍ഷാപ്പിലിരുന്ന് രാഷ്ട്രീയം പ്രസംഗിക്കുന്ന സോഷ്യലിസ്റ്റുകള്‍ അത് മനസ്സിലാക്കുന്നില്ലെങ്കിലും നമ്മുടെ നാട്ടിലെ ഭരണകര്‍ത്താക്കളും നിയമവ്യവസ്ഥിതിയും ധനകാര്യസംവിധാനവും അത് വളരേ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. കയ്യില്‍ മൂലധനമുള്ളവന് അത് എവിടേയും നിക്ഷേപിക്കാനാവും. അയാള്‍ അത് ഇന്ത്യയില്‍ നിക്ഷേപിക്കുമ്പോഴാണ് നമ്മുടെ നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണമുണ്ടാകുക. അത് അവര്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളുടെ ആസ്തിമൂല്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല, അത് സൃഷ്ടിക്കുന്ന സമാന്തര അവസരങ്ങളുടെ മൂല്യങ്ങളുടെ ആകെത്തുകയോളം വലുതാണ്. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് ചില പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവര്‍ നിര്‍മ്മിച്ചെടുത്ത ആസ്തികളുടെ നിലനില്‍പ്പിനെ ബാധിക്കാത്ത തീരുമാനങ്ങളേ ഉണ്ടാകൂ എന്ന് ഉറപ്പിക്കാം

നേരത്തേ പറഞ്ഞതുപോലെ, നമ്മുടെ നാട്ടില്‍ "ക്രെഡിറ്റ് റേറ്റിങ്ങ്", "ബാന്‍ക്രപ്സി പ്രൊട്ടക്ഷന്‍", "ലോണ്‍ ലോസ് പ്രൊവിഷന്‍" എന്നീ സംവിധാനങ്ങളുടെ ഇല്ലായ്മയോ സുതാര്യമില്ലായ്മയോ ആണ് ഇത്തരം വിഷയങ്ങളിലുള്ള പൊതുബോധത്തെ വഷളാക്കുന്നത്. മിക്ക വലിയ ബാങ്കുകളും സര്‍ക്കാര്‍ ബാങ്കുകളാണെന്നതും പ്രശ്നമാണ്. പ്രൈവറ്റ് ബാങ്കകളിലെ മേധാവികള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ളത്ര സ്വാതന്ത്ര്യം 'നടപടിക്രമങ്ങള്‍' മാത്രം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കില്ല. ഉദാഹരണത്തിന് 'ഞാന്‍ അംബാനിയ്ക്ക് ഇരുനൂറു കോടി രൂപ വായ്പ നല്‍കുകയാണ്' എന്നോ 'പതിനഞ്ചുകോടി കിട്ടാക്കടമായി എഴുതിത്തള്ളുന്നു' എന്നോ തീരുമാനിക്കാന്‍ ഒരു സ്വകാര്യ ബാങ്കിന് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ട്. റീട്ടെയില്‍ ലെന്‍ഡിങ്ങിന്റെ അടിസ്ഥാന രീതികളുമായി 'പൊതുജന നന്മയ്ക്കുവേണ്ടി' നിലകൊള്ളുന്ന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഒരു ശക്തമായ സ്വകാര്യ ബാങ്കിങ്ങ് സംവിധാനം ഉണ്ടാകണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.

മല്ല്യയേപ്പറ്റി പറഞ്ഞാണല്ലോ തുടങ്ങിയത്, അതില്‍ത്തന്നെ അവസാനിപ്പിക്കാം. വായിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ മിക്ക കടങ്ങള്‍ക്കും അദ്ദേഹം ഈടായി എന്തെങ്കിലും നല്‍കിയിട്ടുണ്ട്. അതായത് ഒരു 'ലിമിറ്റഡ് ലയബിലിറ്റി" കോര്‍പ്പറേറ്റ് ലോണ്‍ അല്ല മിക്കവയും. ഈടുവച്ച വസ്തുക്കള്‍ ബാങ്കുകള്‍ക്ക് എന്‍കാഷ് ചെയ്യാവുന്നതേയുള്ളൂ. ബാങ്കില്‍നിന്ന് കടം വാങ്ങി തിരിച്ചടയ്ക്കാതെ വിദേശത്തേയ്ക്ക് കടന്നുകളഞ്ഞു എന്ന മട്ടിലുള്ള പ്രചാരണമൊക്കെ ശുദ്ധ ഭോഷ്കാണ്! ബാങ്കിനു വേണ്ട പണമൊക്കെ അവരുടെ കയ്യില്‍ത്തന്നെയുണ്ട്. (അദ്ദേഹം ഏതോ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് എന്‍ഫോഴ്സ്മെന്റ് ഡിറക്റ്ററേറ്റ് ഏതോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും കേട്ടു. അത് ഈ വിഷയവുമായി കൂട്ടി വായിക്കരുത്)

ഏതായാലും മല്ല്യ ഇതില്‍നിന്ന് നല്ലൊരു പാഠം പഠിച്ചിരിക്കും. ഒരിക്കലും ഒരു കോര്‍പ്പറേറ്റ് ലോണിനായി സ്വന്തം ഓഹരികള്‍ (വിശേഷിച്ച് മറ്റു കമ്പനികളിലുള്ള ഓഹരികള്‍) പണയത്തിനുവെയ്ക്കരുത് എന്ന പാഠം. ഒന്നുകൂടി. ഒരിക്കലും താന്‍ സൃഷ്ടിച്ച ഒരു സ്ഥാപനവുമായി ഒരു വൈകാരികബന്ധം ഉണ്ടാകരുത് എന്നതും. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു എന്നും എന്തുവിലകൊടുത്തും അതിനെ നന്നായി നടത്തിക്കൊണ്ടുപോകണമെന്നുമുള്ള വൈകാരികമായ സമീപനമാണ് അദ്ദേഹത്തെ പല അബദ്ധങ്ങളിലും കൊണ്ടെത്തിച്ചത്. അല്ലെങ്കില്‍ ഒരു 'ലിമിറ്റ്ഡ് ലയബിലിറ്റി കോര്‍പ്പറേഷന്‍' എന്ന നിലയ്ക്ക് കിങ്ങ്ഫിഷര്‍ എയര്‍ലൈന്റെ എല്ലാ ബാധ്യതകളും ബാങ്കുകളടക്കമുള്ള ക്രെഡിറ്റേഴ്സിന് ശരിക്കും എഴുതിത്തള്ളേണ്ടി വന്നേനേ.

ഏതായാലും നിക്കറുമിട്ട് കുടവയറും കാട്ടി ഇരുവശത്തുമുള്ള തരുണീമണികളുടെ തോളില്‍ കയ്യുമിട്ട് വിജയ് മല്ല്യ ഇനിയുമേറെക്കാലം ടാബ്ലോയ്ഡ് പത്രങ്ങളുടെ കളര്‍ പേജുകളില്‍ പ്രത്യക്ഷപ്പെടുമെന്നതിന് യാതൊരു സംശയവും വേണ്ട. മല്ല്യ എന്ന വ്യക്തിയോട് അറപ്പുണ്ടെങ്കിലും മല്ല്യ എന്ന ക്യാപിറ്റലിസ്റ്റിനെ അംഗീകരിച്ചേ തീരൂ. കുറഞ്ഞപക്ഷം അദ്ദേഹത്തിനെതിരേയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ (അഥവാ കുറ്റകൃത്യങ്ങള്‍) തെളിയിക്കപ്പെടുന്നതു വരേയെങ്കിലും.

Monday, February 1, 2016

തദ്ദേശ രക്ഷിതാവ്

ഓരോ പ്രായത്തില് വന്നുപെടുന്ന ഒരോ തൊന്തരവുകളേയ്!

ശൈശവം, ബാല്യം, കൌമാരം, യൌവനം, വാര്‍ദ്ധക്യം എന്നിങ്ങനെയുള്ള ജീവിത ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതിന്റേതായ പ്രശ്നങ്ങളുണ്ടാകു സാധാരണമാണെന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ഇതിപ്പൊ വാര്‍ദ്ധക്യം ആയിട്ടില്ലാത്തതുകൊണ്ട് മേല്‍പ്പറഞ്ഞതില്‍ യൌവ്വനം എന്ന കള്ളിയില്‍ത്തന്നെയാണ് ഞാനിപ്പോഴും എന്നാണ് വിശ്വസിക്കുന്നത്. എന്നാലും എന്റെ പ്രായോഗികബുദ്ധി മദ്ധ്യവയസ്സില്‍നിന്ന് മദ്യവയസ്സിലേയ്ക്കു കടന്നിട്ടുണ്ടെന്ന് മനസ്സില്ലാമനസ്സോടെ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്.

അപ്പോള്‍ എന്താണ് പ്രശ്നമെന്നല്ലേ?

ഇക്കഴിഞ്ഞ കാലം വരെ കൌമാരക്കാരായ തരുണീമണികളെ നോക്കി കൊതിയൂറി നടന്നിരുന്നവനാണ് ഈയുള്ളവന്‍ (ഇക്കഴിഞ്ഞ കാലം എന്നുവെച്ചാല്‍ കഴിഞ്ഞയാഴ്ചയോ കഴിഞ്ഞ മാസമോ ഒന്നുമല്ല, ഒരു പതിഞ്ചു വര്‍ഷം മുമ്പ്. ഈ പതിനഞ്ചു വര്‍ഷമെന്നത് അത്രവലിയ കാലമാണോ?). ഇപ്പോഴുണ്ട് ആ പ്രായത്തിലുള്ള പിള്ളേരുടെ കാര്‍ന്നോമ്മാര് എന്നെ വിളിക്കുന്നു, ഇന്നാട്ടില്‍ പഠിക്കാന്‍ വരുന്ന അവരുടെ മക്കളുടെ 'ലോക്കല്‍ ഗാര്‍ഡിയന്‍' ആവാന്‍! ഞാന്‍ എന്നാണാവോ യൌവനയുക്തരുടെ പിതൃസ്ഥാനീയനായത്!

ഇതിനുമുമ്പ് ഇത്തരം മാനസിക പ്രതിസന്ധിയുണ്ടായത് ജോലിസ്ഥലത്ത് വളരേ സീനിയര്‍ ആയ ആളുകള്‍ എന്നെ 'എക്സ്പര്‍ട്ട്' എന്ന് വിളിച്ചുതുടങ്ങിയപ്പോള്‍ ആണ്. എനിക്കു തോന്നുന്നത് ഇത്തരം പദവികള്‍ ഒരു പ്രായമെത്തുമ്പോള്‍ ആളുകള്‍ അങ്ങ് ചാര്‍ത്തിത്തരുന്നതാണ് എന്നാണ്. പിന്നെ ആ പദവിക്കൊത്തു പെരുമാറേണ്ട ബാദ്ധ്യത നമ്മുടേതും.

ഇതു പറഞ്ഞപ്പോള്‍ എനിക്കൊരു കഥ ഓര്‍മ്മവന്നു. എന്റെ കല്യാണാലോചന നടക്കുന്ന കാലം. ഞാന്‍ പെണ്ണുകാണാന്‍ ടൊറോന്റോയില്‍ നിന്ന് വരാന്‍ കഴിയില്ലെന്ന് അറിയിച്ചതുകൊണ്ട് പെണ്ണിന്റെ അച്ഛന്‍ ഇവിടെത്തന്നെയുള്ള ഒരു കാരണവരെ പോയി കാണാന്‍ പറഞ്ഞു. കാരണവര്‍ക്ക് പെണ്ണിന്റെ അച്ഛനുമായി യാതൊരു പരിചയവുമില്ല - ഒരു കോമണ്‍ ഫ്രെന്‍ഡിലൂടെയാണ് അവര്‍ തമ്മില്‍ ആദ്യമായി ബന്ധപ്പെടുന്നത്. അദ്ദേഹം ഒരു റിട്ടയേഡ് പ്രൊഫസര്‍ ആണ്. അദ്ദേഹത്തെ ഇമ്പ്രസ്സു ചെയ്യാനായി അമ്പട്ടന്‍ ക്ഷൌരപ്പെട്ടിയും കൊണ്ടു വരുന്നതു പോലെ കമ്പനിവക ലാപ്ടോപ്പും തോളില്‍ തൂക്കിച്ചെന്നതൊക്കെ വളരേ രസമുള്ള ഓര്‍മ്മയാണ്. അക്കാലത്ത് ലാപ്ടോപ്പ് എന്നാല്‍ ഇന്നത്തെ ഐഫോണിന്റെ പത്തിരട്ടി ഗ്ലാമറാണ്. അമ്പതിരട്ടി തൂക്കവും.

അന്ന് അദ്ദേഹത്തോടു സംസാരിക്കുന്ന കൂട്ടത്തില്‍ ഞാന്‍ ഇതേ സംശയം ചോദിച്ചിരുന്നു - എന്തിനാണ് യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ക്കുവേണ്ടി ഭാവിയില്‍ പഴികേള്‍ക്കാന്‍ സാധ്യതയുള്ള ഇതുപോലൊരു സഹായം ചെയ്യുന്നത് എന്ന്. അദ്ദേഹത്തിന്റെ മറുപടിയും അതുതന്നെയായിരുന്നു - 'ഓരോ പ്രായത്തില്‍ ഓരോന്ന് ചെയ്യേണ്ടിവരും, പലതവണ ചെയ്തു കഴിയുമ്പോള്‍ അതൊരു ശീലമാവും, പിന്നെ മനസ്സുകൊണ്ട് അതൊരു ഉത്തരവാദിത്വമായി അംഗീകരിക്കും'.

ശരിയല്ലേ?

ഏതായാലും ഇതുവരെ തദ്ദേശീയ രക്ഷാകര്‍തൃത്വത്തിനുള്ള അപേക്ഷകള്‍ അധികമൊന്നും വന്നിട്ടില്ല. എന്നാല്‍ എന്റെ പ്രായവും നാട്ടിലെ മദ്ധ്യവയസ്ക്കരുടെ സമ്പാദ്യവും ഏറുന്നതനുസരിച്ച് ഭാവിയില്‍ അത്തരം അപേക്ഷകള്‍ വര്‍ദ്ധിച്ചുകൂടായ്കയില്ല. അവരുടെ അറിവിലേയ്ക്കാണ് ഞാനീ കുറിപ്പ് ഏഴുതുന്നത്. ഇതൊക്കെ ഇമെയില്‍ ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണല്ലോ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുന്നത്.

ഒന്ന്: എന്റെ അടുത്തബന്ധുക്കളോ എന്റെ കുടുംബവുമായി വളരേ അടുത്ത ബന്ധമുള്ളവരോ അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയെ എയര്‍പോര്‍ട്ടില്‍ ചെന്നു സ്വീകരിക്കാനോ അവര്‍ക്ക് താമസ സൌകര്യം ചെയ്തുകൊടുക്കാനോ എനിക്ക് താല്പര്യമില്ല. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ ചെയ്യാന്‍ ഇന്റര്‍നെറ്റില്‍ ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. വളരേ തുച്ഛമായ നിരക്കില്‍ ഇതൊക്കെ അറേഞ്ച് ചെയ്തുകൊടുക്കുന്ന ഏജന്റുമാര്‍ നാട്ടില്‍ത്തന്നെയുണ്ട്. അവരുടെ സേവനം ഉപയോഗപ്പെടുത്തുക.

രണ്ട്:യാതൊരു കാരണവശാലും നിങ്ങളുടെ കുട്ടിയെ എന്റെ വീട്ടില്‍ താമസിച്ചു പഠിക്കാന്‍ അനുവദിക്കുന്നതല്ല. ഒരു പക്ഷേ ഞാന്‍ നിങ്ങളുടെ കുട്ടിയെ എന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും ക്ഷണിച്ചില്ലെന്നു വരാം. എന്റെ വീടിന്റെ സ്വകാര്യത ഞാന്‍ വളരേ സൂക്ഷ്മതയോടെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ്. എനിക്ക് മാലോകരില്‍നിന്ന് ഒളിക്കേണ്ടുന്ന പല കാര്യങ്ങളുമുണ്ട്, അതുകൊണ്ടാണെന്നു കൂട്ടിക്കോളൂ.

മൂന്ന്: ഒറ്റ പണമിടപാടിനും ഞാന്‍ മദ്ധ്യസ്ഥനായിരിക്കില്ല. കുട്ടിയെ വിശ്വാസമില്ലാത്തതുകൊണ്ട് പണമിടപാടുകള്‍ എന്നെ ഏല്പിക്കാമെന്ന് ചിന്തിക്കുകയേ വേണ്ട. നിയമമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനവുമായുള്ള പണമിടപാടുകളുടെ പൂര്‍ണ്ണ ചുമതല വിദ്യാര്‍ത്ഥിയുടേതു മാത്രമാണ്. വേറൊരാള്‍ക്കും വിദ്യാര്‍ത്ഥിയ്ക്കു വേണ്ടി അതു ചെയ്യാന്‍ അവകാശമില്ല. തീരെ ചെറിയ തുകയല്ലാതെ ഞാന്‍ ആര്‍ക്കും പണം കടം കൊടുക്കുകയുമില്ല.

നാല്: വളരേ ശക്തമായ സ്വകാര്യതാനിയമങ്ങളുള്ള രാജ്യമാണ് കാനഡ. വിദ്യാലയത്തില്‍ ചെന്ന് കുട്ടിയുടെ ഹാജര്‍നില പരിശോധിക്കാനോ, ഫീസടച്ചിട്ടുണ്ടോ എന്നു നോക്കാനോ, കുട്ടി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ന്യായമാണോയെന്ന് അന്വേഷിക്കാനോ എനിക്ക് സാധിക്കില്ല- അത്തരം വിവരങ്ങള്‍ അധികൃതര്‍ ആരോടും പറയില്ല. അതൊക്കെ അറിയണമെങ്കില്‍ വിദ്യാര്‍ത്ഥിയുടെ സമ്മതപത്രം എന്റെ തിരിച്ചറിയല്‍ രേഖകള്‍ സഹിതം വിദ്യാലയത്തില്‍ സമര്‍പ്പിക്കേണ്ടി വരും. എനിക്കതില്‍ താല്പര്യമില്ല.

അഞ്ച്: നിങ്ങള്‍ പഠിക്കാന്‍ അയച്ച കാര്യമായിരിക്കണമെന്നില്ല കുട്ടി പഠിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ മകനെ എന്‍ജിനീയറിങ്ങ് പഠിക്കാനാവും പറഞ്ഞയയ്ക്കുക. അവന്‍ പക്ഷേ ഒരു സെമസ്റ്റര്‍ കഴിയുമ്പോള്‍ പേപ്പറൊക്കെ പൊട്ടി, അമേരിക്കന്‍ ഹിസ്റ്ററി പഠിക്കാന്‍ കൂറു മാറും. പുതിയ കോഴ്സിന് എഞ്ചിനീയറിങ്ങിനേക്കാള്‍ ചിലവ് കുറവാണെങ്കില്‍ അധികപ്പടിയുള്ള തുക അധികാരികള്‍ അവന് തിരിച്ചുകൊടുക്കും. ആ പണമെടുത്ത് അവന്‍ ജീവിതം ആഘോഷിക്കും. ഇതൊക്കെ അന്വേഷിക്കാനോ തടയാനോ എനിക്കാവില്ല. വിദ്യാലയ അധികൃതര്‍ ഇക്കാര്യത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ അംഗീകരിക്കുകയില്ല - അവരുടെ ബന്ധം വിദ്യാര്‍ത്ഥിയുമായി മാത്രം ആണ്. കുട്ടിയെ നല്ല വിശ്വാസമുണ്ടെങ്കില്‍ മാത്രം അവനെ വിദേശത്തേയ്ക്കയക്കുക.

ആറ്: നിങ്ങളുടെ അരുമയുടെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ചുമതല എനിക്കേറ്റെടുക്കാനാവില്ല. ആണും പെണ്ണും വളരേ അടുത്തിഴപഴകി ജീവിക്കുന്ന രീതിയാണ് ഇവിടുത്തേത്. ഒരാള്‍ക്ക് മറ്റൊരാളുമായി ഏതുതരത്തിലുള്ള ശാരീരിക ബന്ധമാണ് വേണ്ടത് എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. അതിനുള്ള അവരുടെ അവകാശത്തെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിപ്പൊ സ്വവര്‍ഗ്ഗ ബന്ധമായാലും ശരി ഇതരവര്‍ഗ്ഗ ബന്ധമായാലും ശരി.

ഏഴ്:നിങ്ങളുടെ കുഞ്ഞിന് യാതൊരുവിധ കേസുകെട്ടിലും എന്റെ സഹായം ഉണ്ടായിരിക്കില്ല. നിയമസംവിധാനത്തിന്റെ ശ്രദ്ധയില്‍ പെടാന്‍ സാധ്യതയുള്ള യാതൊരിടപാടിലും ചെന്നുപെടാതിരിക്കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം കുട്ടിയുടേതു മാത്രമാണ്. കേസില്‍ പെട്ടാല്‍ ഇവിടുത്തെ തദ്ദേശീയര്‍ക്കുള്ള നിയമ സഹായം വിദേശിയായ കുട്ടിയ്ക്ക് ലഭിക്കില്ലെന്ന് എപ്പോഴും ഓര്‍മ്മവെയ്ക്കുക. ജാമ്യമെടുക്കുക, വക്കീലിനെ ഏര്‍പ്പാടാക്കുക, പോലീസിനോടു സംസാരിക്കുക എന്നിങ്ങനെയുള്ള യാതൊരേര്‍പ്പാടിനും എന്നെ കിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഉടനേ നാടുകടത്തുന്ന രീതിയാണിവിടെ എന്നും, അത്തരക്കാരെ നോ-ഫ്ലൈ-ലിസ്റ്റില്‍ പെടുത്താനിടയുണ്ട് എന്നും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

എട്ട്:മിക്ക കാമ്പസുകളിലും പല തരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപഭോഗം വ്യാപകമാണ്. മദ്യം സുലഭവും വിലകുറഞ്ഞതുമാണ്. കഞ്ചാവ് ഏതാണ്ട് നിയമവിധേയമായ മട്ടാണ്. സിഗററ്റിന് വില കൂടുതലാണെങ്കിലും പരക്കേ ലഭ്യമാണ്. മയക്കുമരുന്നുകളുടെ കാര്യം ഞാനിവിടെ വിശദീകരിക്കുന്നില്ല. നിങ്ങളുടെ കുട്ടി ലഹരിക്കടിമപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എനിക്കാവില്ല. കുട്ടിയുടെ അനുവാദമില്ലാതെ അവര്‍ താമസിക്കുന്നിടത്ത് ചെല്ലാനോ മറ്റുള്ളവരോട് കുട്ടിയേപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിക്കാനോ നിയമപരമായ അധികാരം എനിക്കില്ലെന്നുമാത്രമല്ല, ചിലപ്പോള്‍ അത് കുറ്റകരവുമാണ് (stalking എന്നു പറയും).

ഒമ്പത്:മതപരമായ നിഷ്ഠകളൊന്നും പാലിക്കാത്തയാളാണ് ഞാന്‍. അതുകൊണ്ടു തന്നെ നിങ്ങളുടെ കുട്ടിയുടെ മതപരമായ കാര്യങ്ങളില്‍ യാതൊരു വിധ ഇടപെടലോ പിന്തുണയോ സഹകരണമോ എന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കേണ്ട. വീട്ടില്‍ ചില ആഘോഷങ്ങളൊക്കെ പതിവുണ്ടെങ്കിലും അതൊക്കെ സ്വകാര്യമായി ചെയ്യുന്നതാണ് എന്റെ രീതി. നിങ്ങളുടെ കുട്ടിയെ അതിനൊന്നും ക്ഷണിച്ചില്ലെന്നു വരാം.

പത്ത്:നിങ്ങളും കുട്ടിയുമായുള്ള സംഭാഷണത്തിന് ഞാന്‍ ഒരിക്കലും മദ്ധ്യസ്ഥനാവില്ല.വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, ഒന്നും സംസാരിക്കുന്നില്ല, ചോദ്യങ്ങള്‍ക്ക് മര്യാദയ്ക്ക് മറുപടി പറയുന്നില്ല എന്നീവക പ്രശ്നങ്ങളൊക്കെ നിങ്ങള്‍ തമ്മില്‍ തന്നെ തീര്‍ക്കേണ്ടിവരും.

പതിനൊന്ന്: ഒണ്ടേറിയോയിലെ ആശുപത്രികളെല്ലാം വളരേ പ്രഫഷനല്‍ ആയി രോഗികളെ ശുശ്രൂഷിക്കുന്നവയാണ്. രോഗികള്‍ക്ക് കാവല്‍ നില്‍ക്കാന്‍ അവര്‍ അനുവദിക്കില്ല. സന്ദര്‍ശനസമയം ക്ഌപ്തപ്പെടുത്തിയിട്ടുണ്ട്. ഏറ്റവു‌ം പ്രധാനപ്പെട്ട കാര്യം - സ്വബോധമുള്ളിടത്തോളം, രോഗിയുടെ ചികില്‍സയേപ്പറ്റിയുള്ള തീരുമാനങ്ങള്‍ രോഗി തന്നെയാണ് എടുക്കേണ്ടത്. പുറത്തുനിന്നുള്ള ഒരാളുമായി അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക പോലുമില്ല. അതുകൊണ്ട്, കുട്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റായി എന്നു കരുതി ഒട്ടും വേവലാതിപ്പെടാനില്ല, പുറത്തുനിന്ന് ആര്‍ക്കും ഒന്നും ചെയ്യാനുമില്ല. എന്റെ സൌകര്യമനുസരിച്ച്, അനുവദിച്ചിട്ടുള്ള സന്ദര്‍ശനസമയത്ത് ഇടയ്ക്ക് പോയി വരാം എന്നതിനപ്പുറം മറ്റൊന്നും അത്തരമൊരു സാഹചര്യത്തില്‍ എനിക്കു ചെയ്യാനാവില്ല.

പന്ത്രണ്ട്: ടൊറോന്റോ നഗരത്തിന്റെ അമ്പതു കില്‍മീറ്റര്‍ ചുറ്റളവിനു പുറത്താണ് കുട്ടിയുടെ വിദ്യാലയമെങ്കില്‍ എന്നെ അറിയിക്കാതിരിക്കുകയാവും ഭേദം. എന്നേക്കൊണ്ട് ഒരുപകാരവും കുട്ടിയ്ക്കുണ്ടാകാന്‍ പോകുന്നില്ല.

പിന്നെന്താണ് ചെയ്യാന്‍ പറ്റുക?

തുടക്കത്തില്‍ വാഹന സൌകര്യമില്ലാത്ത സാഹചര്യത്തില്‍ ഏന്തെങ്കിലും ഭാരമുള്ള സാധനം കടയില്‍ നിന്നു വാങ്ങിയാല്‍ വീട്ടിലെത്തിച്ചുതരാം. ഏന്തെങ്കിലും സംശയമുണ്ടെങ്കില്‍ പറഞ്ഞുകൊടുക്കാം. ആശുപത്രിയില്‍ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായാല്‍ എന്നാലാവുന്ന സഹായങ്ങള്‍ ചെയ്യാം. എന്നോടു സംസാരിക്കുന്നതുകൊണ്ട് തീരുന്ന ഏതെങ്കിലും പ്രശ്നം കുട്ടിയ്ക്കുണ്ടെങ്കില്‍ അതിനായി തുറന്ന മനസ്സോടെ സഹകരിക്കാം.

സത്യത്തില്‍ അതിന്റെയൊന്നും ആവശ്യം വരില്ല. ആഴ്ചകള്‍ക്കകം അതിനുവേണ്ട സുഹൃദ്‌വലയം അവര്‍ തന്നെ രൂപപ്പെടുത്തിയെടുത്തോളും.

എങ്കില്‍പ്പിന്നെ എതിനാണീ തദ്ദേശ രക്ഷിതാവ്?

സത്യം പറഞ്ഞാല്‍, അങ്ങനെയൊരാളുടെ ആവശ്യമേയില്ല!

എന്നാപ്പിന്നെ ഞാനങ്ങോട്ട്.... ഇറങ്ങുവാണേ.....

Saturday, January 2, 2016

വോട്ട്-ബാങ്ക് രാഷ്ട്രീയം

ജനാധിപത്യമെന്നത് വ്യക്തിഗത വോട്ടുകളുടെയല്ല "വോട്ടുകൂട്ടങ്ങളുടെ" കളിയാണ്.

പലതരം‌ വോട്ടുകൂട്ടങ്ങളുണ്ട്. പതിവായി ഒരേനിലപാടിനനുസരിച്ചുമാത്രം വോട്ട് ചെയ്യുന്ന "വോട്ട് ബാങ്ക്" എന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍, "നിഷ്പക്ഷര്‍", വോട്ടുചെയ്യാത്തവര്‍, കക്ഷികളെ ഫൈനാന്‍സ് ചെയ്യുന്നവര്‍ എന്നിങ്ങനെ ഒരു ഇലക്റ്ററേറ്റിനെ തരം തിരിക്കാം.

ഇതില്‍ വോട്ടുബാങ്കില്‍പ്പെട്ടവരില്‍ ഒരു ചെറിയശതമാനം ആളുകള്‍ മാത്രമേ സജീവരാഷ്ട്രീയത്തില്‍ നേരിട്ടിടപെടുന്നുള്ളൂ. മറ്റുള്ളവര്‍ തങ്ങളുടെ വോട്ട് ബാങ്കിന്റെ പൊതുചിന്തയോട് അന്ധമായി ചേര്‍ന്നുപോകുന്നവരാണ്.

നിഷ്പക്ഷരില്‍ മിക്കവരും രാഷ്ട്രീയപ്രബുദ്ധതയില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് എടുത്ത് മുന്നിലിട്ടുകൊടുത്താല്‍ അതിനെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാന്‍ കഴിയുന്ന എത്രപേരുണ്ടാകും? ഒരു ഭരണകൂടത്തിന്റെ ഏറ്റവും വലിയ ആഭ്യന്തര പോളിസി സ്റ്റേറ്റ്മെന്റാണ് ബജറ്റ്! അതുപോലുള്ള വളരേയധികം കാതലായ വിഷയങ്ങളും അവയുടെ ആകെത്തുകയുമാണ് യുക്തിപൂര്‍വ്വം വോട്ട് ചെയ്യുന്ന നിഷ്പക്ഷന്‍ പഠിക്കേണ്ടത്. അതിനൊന്നും ഒരാളും മിനക്കെടുന്നില്ലെന്നതാണ് വാസ്തവം.

നിഷ്പക്ഷരില്‍ മിക്കവരും വോട്ട് ചെയ്യുന്നത് വോട്ടിങ്ങിന്റെ അന്ന് അവരുടെ തലയില്‍ "കത്തിനില്ക്കുന്ന പ്രശ്നം" ഏതോ അതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയക്കാര്‍ പല പ്രശ്നങ്ങളും കത്തിച്ച് ജനത്തിനുമുമ്പില്‍ എറിഞ്ഞുകൊടുക്കുന്നത്.

തുടര്‍ച്ചയായി ഇങ്ങനെ പ്രശ്നങ്ങള്‍ കത്തിച്ചിട്ടാല്‍ കുറച്ചുപേര്‍ വോട്ടുബാങ്കുകളില്‍ ചെന്നെത്തും, ചിലര്‍ "നോട്ട" ചമഞ്ഞ് വോട്ടുചെയ്യാത്തവരായിത്തീരും.


ഇനി രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യം നോക്കൂ. സ്വന്തം വരുതിയ്ക്ക് പുറത്തുള്ള വോട്ട് ബാങ്കുകളേക്കുറിച്ച് അവര്‍ ബേജാറാവില്ല. അതുപോലെത്തന്നെ വോട്ടുചെയ്യാത്തവരേക്കുറിച്ചും അവര്‍ക്ക് ചിന്തിക്കേണ്ട.

ആയതിനാല്‍ കഴിയുന്നത്ര നിഷ്പക്ഷരെ വോട്ടുബാങ്കിലേയ്ക്കോ വോട്ടുചെയ്യാത്തകൂട്ടത്തിലേയ്ക്കോ തള്ളിനീക്കുക എന്നതായിരിക്കും തിരഞ്ഞെടുപ്പുഗണിതത്തിന്റെ (electoral arithmetic) രാഷ്ട്രീയതന്ത്രം. വോട്ട് ബാങ്കിന്റെ ബലം ഏറുന്തോറും ഫൈനാന്‍സ് ചെയ്യുന്നവരുടെ പിന്തുണയും ഏറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയേ അപേക്ഷിച്ച് റിപബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് കോര്‍പ്പറേറ്റ് പിന്തുണ വളരേയധികമാണ്. അതിനു കാരണം വളരേ വലിയ 'ഉറച്ച വോട്ടിങ്ങ് ബ്ലോക്ക്' ഉള്ള കക്ഷിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി എന്നതാണ്.

പ്രതിജ്ഞാബദ്ധരായ അനുയായികളുടേയും പണത്തിന്റേയും പിന്തുണയാണ് പ്രചരണത്തിന്റെ സ്വാധീനം നിര്‍ണ്ണയിക്കുന്നത്. പ്രചരണത്തിന്റെ പ്രഭാവമാണ് തിരഞ്ഞെടുപ്പുവിജയത്തിനും അധികാരപ്രാപ്തിക്കും വഴിതെളിക്കുന്നത്.

ദരിദ്രര്‍, സ്ത്രീകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, പരിസ്ഥിതിവാദികള്‍ തുടങ്ങിയവര്‍ക്ക് പ്രായോഗികരാഷ്ട്രീയത്തില്‍ സ്വാധീനമില്ലാതെപോകുന്നത് ഈ സ്ഥിതിവിശേഷം കാരണമാണ്.

ഇതിനുള്ള പ്രതിവിധി, ജനങ്ങള്‍ കൂടുതലായി സജീവരാഷ്ട്രീയത്തില്‍ അണിചേരുകയും തങ്ങളുടെ കക്ഷിയ്ക്കുള്ളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി ശക്തിയായി വാദിക്കുകയും ചെയ്യുക എന്നതാണ്. അപ്പോള്‍ ബൂത്തുതലം മുതല്‍ ദേശീയനേതാവുവരെയുള്ളവര്‍ പൊതു ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കും. സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ അതത് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാലറ്റിലൂടെ തിരഞ്ഞെടുത്തവരായിരിക്കും (നേതാക്കള്‍ തീരുമാനിച്ചവരല്ല). നയരൂപീകരണത്തില്‍ അവര്‍ക്ക് വോയ്സ് ഉണ്ടാകും. പണമിറക്കുന്നവരും അവര്‍ പിന്തുണയ്ക്കുന്ന നേതാക്കളും മാത്രം രാഷ്ട്രീയഭാവി തീരുമാനിക്കുന്ന സ്ഥിതിവിശേഷത്തിന് പരിഹാരമാകും.

സ്വയം മിനക്കെട്ട് കിളച്ച്, നനച്ച്, നട്ട്, വളം വെച്ച്, സംരക്ഷിച്ച് വളര്‍ത്തി വലുതാക്കിയതില്‍നിന്നേ ഫലം പ്രതീക്ഷിക്കാവൂ. മേലനങ്ങാതെ വീട്ടിലിരുന്ന് 'എന്റെ വോട്ടുവേണ്ടോര് ഞാന്‍ ആവശ്യപ്പെടുന്നത് കൊണ്ടത്തരും' എന്നാണ് വിചാരമെങ്കില്‍ നിരാശയാവും ഫലം.

ഇതെല്ലാം എഴുതാന്‍ കാരണം, ഇന്ത്യയില്‍ -വിശേഷിച്ചും കേരളത്തില്‍- ബിജെപിയും അവര്‍ മുന്നോട്ടുവെയ്ക്കുന്ന ഏകശിലാത്മക ആശയസംഹിതയും നേടിയ അമ്പരപ്പിക്കുന്ന വളര്‍ച്ചയും അത് പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്ന ആശങ്കകളുമാണ്.

ബിജെപിയും അവരുടെ പരിവാരങ്ങളും കുറച്ചുകാലത്തേയ്ക്കെങ്കിലും കേരളത്തില്‍ സ്വാധീനമുള്ള ഒരു വോട്ടിങ്ങ് ബ്ലോക്ക് നിലനിര്‍ത്തുമെന്ന തിരിച്ചറിവില്‍ത്തന്നെ വേണം മുന്നോട്ടുപോകാന്‍ എന്നു തോന്നുന്നു. അതിനുമാറ്റമുണ്ടാവണമെങ്കില്‍ അഖിലേന്ത്യാതലത്തില്‍ ബിജെപിയ്ക്ക് തിരിച്ചടികളുണ്ടാവണം. ഇന്നത്തെ സ്ഥിതിയില്‍ -അതായത് കേന്ദ്രത്തില്‍ കാലാവധി തീരുംവരെ ഭരണത്തില്‍ ഉറച്ചുനില്‍ക്കാനാകുമെന്ന നിലയില്‍- അവരുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ബാങ്ക്‍റോള്‍ ചെയ്യാനും ആള്‍ബലം സ്വരൂപിക്കാനും അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നുതന്നെയല്ല, മതേതരത്വം, മനുഷ്യാവകാശം, അവസരസമത്വം എന്നിങ്ങനെ തേഞ്ഞുപഴകിയ ആശയപ്രഭാഷണങ്ങളേക്കാള്‍, ആവേശം കൊള്ളിക്കുന്ന ഒറ്റവരി മുദ്രാവാക്യങ്ങള്‍ക്കാണ് ജനങ്ങള്‍ക്കിടയില്‍ ഡിമാന്റ് (ഇത് പുതിയ അറിവൊന്നുമല്ല, ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ക്കേ വഴക്കമായുള്ളതാണ്). ഇന്നത്തെ കാലാവസ്ഥയില്‍ അത്തരം തട്ടുപൊളിപ്പന്‍ മുദ്രാവാക്യങ്ങള്‍ കൂടുതലും ബിജെപിയാണ് വിജയകരമായി മാര്‍ക്കെറ്റ് ചെയ്യുന്നത്.

കേരളത്തില്‍ എത്രമാത്രം ഗ്രാസ്സ്‌റൂട്ട് സപ്പോര്‍ട്ട് അവര്‍ക്ക് സ്വരൂപിക്കാനായിട്ടുണ്ട് എന്ന് കഴിഞ്ഞ പഞ്ചായത്ത്/മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടു. അത് സംസ്ഥാന നിയോജകമണ്ഡല തലത്തില്‍ ഏറെ സീറ്റുകളായി പരിണമിക്കാനിടയില്ലെങ്കിലും, കേരളത്തില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ചിന്തയ്ക്ക് ഏറെക്കാലം നിലനില്‍ക്കാനുതകും വിധം വേരോട്ടമുണ്ടായിട്ടുണ്ട് എന്ന് അംഗീകരിക്കേണ്ടിവരും.

ഒരു ത്രീ-വേ മല്‍സരമുള്ള നിയോജകമണ്ഡലത്തില്‍ അവര്‍ക്ക് ജയിക്കാന്‍ മൊത്തം ഇലക്റ്ററേറ്റിന്റെ 26 ശതമാനത്തോളം വോട്ട് മതി. 'ഇടതും വലതും മാറിമാറി' വോട്ട് ചെയ്യുന്ന നിഷ്പക്ഷരെ അതുകൊണ്ട് ഗൗനിക്കണം.

അപ്പൊ പറഞ്ഞുവരുന്നത്, ബിജെപിയെ പ്രതിരോധിക്കണമെങ്കില്‍ കുറച്ചുകാലത്തേയ്ക്കെങ്കിലും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും യോജിച്ചുപ്രവര്‍ത്തിക്കേണ്ടിവരും എന്നാണ്. വിശേഷിച്ച് അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു സ്ഥിതി വരികയാണെങ്കില്‍.

ദീര്‍ഘകാലാടിസ്ഥാനത്തിലാണെങ്കില്‍, ബിജെപിയ്ക്ക് ശക്തമായ ഒരു ദേശീയ ബദലുണ്ടായാലേ കേരളത്തില്‍ അവരുടെ ശക്തി കുറയൂ. അതിന് പത്തിരുപത് പാര്‍ട്ടികളെ തുന്നിക്കെട്ടി 'മുന്നണി' ഉണ്ടാക്കിയിട്ടൊന്നും കാര്യമില്ല. അത്തരം സര്‍ക്കസ്സുകളെ ജനങ്ങള്‍ ഇനി വിശ്വസിക്കാനിടയില്ല.

അക്കാര്യത്തില്‍ ബിജെപിയ്ക്ക് ബദലാകാവുന്നത് കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ്സിനു മാത്രമാണ് ഇന്ത്യയാകമാനം നോക്കിയാല്‍ ബിജെപിയോട് കിടപിടിയ്ക്കുന്ന brand recognition ഇപ്പോള്‍ ഉള്ളത്. മറ്റൊന്നിനെ വളര്‍ത്തിയെടുക്കാനുള്ള സമയമോ സാഹചര്യമോ നിലവിലില്ല.

കോണ്‍ഗ്രസ്സിനെ അത്യന്തം വെറുക്കുന്നവരുണ്ടെന്നറിയാം. അവര്‍ കോണ്‍ഗ്രസ്സിനെ വെറുത്ത് ഒഴിവാക്കുകയല്ല, നന്നാക്കിയെടുക്കുകയാണ് വേണ്ടത്. അതിനെ ആകെ ഉടച്ച് ഉരുക്കി കരടുകളഞ്ഞ് വാര്‍ത്തെടുക്കണമെങ്കില്‍ അങ്ങനെ. അതുനടക്കണമെങ്കില്‍ വളരേയധികം ആളുകള്‍ വളരേയധികം വിട്ടുവീഴ്ചകള്‍ ചെയ്ത് വളരേയധികം അധ്വാനിക്കേണ്ടിവരും. ചിലരെ ഒതുക്കണം, ചിലരെ ഒഴിവാക്കണം, ചിലരെ സഹിക്കണം, ചിലരെ ഉയര്‍ത്തണം. പക്ഷേ പാര്‍ട്ടി നന്നാകണം, നന്നാക്കിയെടുക്കണം. അതും അധികം വൈകാതെ.

അതല്ലാതെ സോഷ്യല്‍ മീഡിയയില്‍ ജ്വാലായുദ്ധം (flame war) ചെയ്തതുകൊണ്ടോ, അവാര്‍ഡ് തിരിച്ചുകൊടുത്തതുകൊണ്ടോ, കല്യാണത്തിന് ക്ഷണിക്കാത്തതുകൊണ്ടോ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.

(Disclaimer: ഞാന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചയാളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ കൗതുകത്തോടെ നിരീക്ഷിക്കുന്ന പതിവുണ്ടെന്നേയുള്ളൂ. വ്യക്തിപരമായി എനിക്ക് യാതൊരു രാഷ്ട്രീയതാല്പര്യങ്ങളും ഇല്ല. ഇന്ത്യന്‍ ഇലക്റ്ററേറ്റ് എടുക്കുന്ന തീരുമാനങ്ങള്‍ എന്തായാലും അത് ബഹുമാനത്തോടെ ഉള്‍ക്കൊള്ളുന്നതാണ് എന്റെ രീതി).

Monday, November 30, 2015

ഇന്റര്‍നെറ്റ് യുഗത്തിലെ മാമൂല്‍ക്കല്യാണം

"നമ്മളൊക്കെ കെട്ടുന്ന സമയത്ത് ബസ്സും പ്ലസ്സുമൊന്നുമില്ല. ഇതിപ്പൊ നല്ല സുഖമല്ലേ, മേലനങ്ങാതെ പെണ്ണു കിട്ടുന്നു. നമ്മളൊക്കെ എത്ര വീട്ടീച്ചെന്ന് മിച്ചറു തിന്നിട്ടാണ് ഒന്നൊപ്പിച്ചതെന്നറിയാമോ"

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു നര്‍മ്മോക്തിയാണ്. സംഗതി ശരിയാണ്. രണ്ടായിരാമാണ്ടിനു മുമ്പ് വിവാഹിതരായവരെല്ലാം ഏതെല്ലാം നടപടിക്രമങ്ങളിലൂടെ കടന്നുപോയിട്ടാണെന്നോ ഒരു കല്യാണം കഴിച്ചത്! തൊണ്ണൂറുകള്‍ക്കു മുമ്പാണെങ്കില്‍ ഒന്നു പ്രേമിക്കാന്‍ ധൈര്യമുള്ളവര്‍ പോലും നന്നേ കുറവ്! അപ്പോള്‍പ്പിന്നെ 'പരമ്പരാഗത' രീതിയനുസരിച്ച് ദല്ലാള്‍, ഫോട്ടോ കാണല്‍, ടൂറിസ്റ്റ് ടാക്സി, അടുത്ത ബന്ധുക്കളോടൊപ്പം പെണ്ണുകാണല്‍, മിച്ചറു തീറ്റ, ചായകുടി എന്നിങ്ങനെ കറങ്ങിക്കറങ്ങി ഒടുക്കം ഏതെങ്കിലുമൊന്നിനെ അങ്ങേല്‍ക്കേണ്ടി വരും. അത് ആണുങ്ങളുടെ കാര്യം. പാവം പെണ്ണുങ്ങളുടെ കാര്യം അതിലും കഷ്ടമാണ്. കെട്ടിയൊരുങ്ങിവന്ന് ഓരോരുത്തന്‍മാരുടെ മുമ്പില്‍ വന്നു മുഖം കാണിക്കേണ്ടിവരികയും അവരുടെ 'വിശകലനത്തിന്' നിന്നുകൊടുക്കേണ്ടിവരികയും ചെയ്യുന്നതിന്റെ മടുപ്പും വെറുപ്പും അവര്‍ക്കേ അറിയൂ. എന്നിരുന്നാലും അതൊക്കെയായിരുന്നല്ലോ നാട്ടുനടപ്പ്!

എന്നാല്‍ അങ്ങനെയായിരുന്നോ പരമ്പരാഗത രീതി എന്ന് കടുപ്പിച്ചുചോദിച്ചാല്‍ അല്ല, എന്നുതന്നെയാണ് ഉത്തരം. വിശേഷിച്ച് നായന്മാരുടെ കാര്യത്തില്‍.

ഏതാണ്ട് നാല്പതുകളുടെ അവസാനം വരെ നായരുചെക്കന്‍ ആരെ കെട്ടണമെന്ന് വീട്ടിലെ മൂത്ത അമ്മാവനാണ് തീരുമാനിക്കുക. അത്യാവശ്യം കുടുംബം നോക്കിനടത്താന്‍ മിടുക്കുള്ളവനാണെങ്കില്‍ ഏതെങ്കിലുമൊരു അമ്മാവന്റെ മകളെത്തന്നെ കെട്ടേണ്ടി വരും. സത്യത്തില്‍ തമ്മില്‍ ഭേദം അതാണ്. അക്കാലത്ത് മരുമക്കത്തായമാണ്. സ്വത്തിന് അനന്തരാവകാശം സ്ത്രീകളിലൂടെയാണ് ലഭിക്കുക. വീട്ടിനു പുറത്തുനിന്ന് കല്യാണം കഴിച്ചാല്‍ പെണ്ണിനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ പറ്റില്ല. പെണ്ണുവീട്ടില്‍ പൊറുതിയാക്കണമെങ്കില്‍ പെണ്ണിന്റെ അമ്മാവന്‍മാരുടെ ചൊല്‍പ്പടിക്കു നില്‍ക്കണം. അതല്ലെങ്കില്‍ പെണ്ണവിടെ, കിടപ്പിവിടെ എന്ന സ്ഥിതിയാവും. അമ്മാവന്‍മാരുടെ പെണ്‍മക്കള്‍ക്കായും കോമ്പറ്റീഷന്‍ ധാരാളമുണ്ട്. അമ്മയുടെ സഹോദരിമാരുടെ മക്കള്‍ മുതല്‍ നാട്ടിലെ തമ്പുരാക്കന്‍മാര്‍ വരെയുള്ളവരെ അതിജീവിച്ചുവേണം ഒന്നിനെ കിട്ടാന്‍. ഇതൊക്കെ താണ്ടി കല്യാണം തീരുമാനമാക്കിയാല്‍പ്പോലും വലിയ ചടങ്ങുകളൊന്നുമില്ല. വീട്ടിലുള്ളവര്‍ കാണ്‍കെ പുടവ കൊടുക്കുക, താലികെട്ടുക. അത്രതന്നെ.

എന്റെ അച്ഛന്റേയും അമ്മയുടേയും കാലമായപ്പോഴേയ്ക്കും കാര്യങ്ങളില്‍ അല്പം മാറ്റം വന്നു. മരുമക്കത്തായം ഇല്ലാതായി. ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമം മക്കത്തായത്തെ അംഗീകരിച്ചതോടെ മാറ്റങ്ങള്‍ക്ക് തുടക്കമായി. കൂടുതല്‍ പേര്‍ വിദ്യാഭ്യാസം നേടുകയും അവര്‍ക്ക് 'സര്‍ക്കാര്‍ ജോലി' ലഭിക്കുകയും ചെയ്തുതുടങ്ങിയപ്പോള്‍ ഭൂസ്വത്തിനെ കേന്ദ്രീകരിച്ചുള്ള കുടുംബഭരണസംവിധാനം തകര്‍ന്നു. ശംബളം കിട്ടുന്ന പണം ഉപയോഗിച്ച് സ്വന്തമായി ഭൂമിവാങ്ങുകയും വീടുവെയ്ക്കുകയും അവിടേയ്ക്ക് കെട്ടിയ പെണ്ണിനെ കൊണ്ടുവരികയും ചെയ്യാമെന്നായതോടെ തറവാട്ടിലെ കാരണവന്‍മാരുടെ അധികാരപ്രഭാവം ഇല്ലാതായി. കല്യാണപ്രായമായപ്പോള്‍ 'എനിക്ക് ഇദ്ദേഹത്തെ കല്യാണം കഴിച്ചാല്‍ മതി' എന്ന് അച്ഛനെച്ചൂണ്ടി എന്റെ അമ്മയ്ക്ക് പറയാനായത് ഈ മാറ്റത്തിന്റെ ബലത്തിലാണ്. അമ്മയും അച്ഛനും ഒരേ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവരാണ്. അന്ന് രണ്ടുപേര്‍ക്കും സര്‍ക്കാര്‍ ജോലിയുണ്ട്. അമ്മയ്ക്ക് 120 രൂപയും അച്ഛന് 87 രൂപയുമായിരുന്നു മാസശംബളം. പണത്തേക്കാള്‍ വലിയ ശാക്തീകരണ പ്രേരകം എന്തുണ്ട്! അങ്ങനെ അവര്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. അന്നും കല്യാണമൊക്കെ വളരേ ലളിതമായിരുന്നു. പെണ്ണുവീട്ടുകാരും ചെക്കന്‍ വീട്ടുകാരും മാത്രം, അമ്പലത്തില്‍ വെച്ച് ഒരു പുടവകൊടുക്കലും താലികെട്ടും. വീട്ടില്‍ ഒരൂണ്. അത്രേയുള്ളൂ.

അറുപതുകളിലും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയായിരുന്നു. ഒരു ഇരുപതുകിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തുള്ളവരുമായി വിവാഹം പതിവില്ല. അയല്‍പക്കക്കാരോ സുഹൃത്തുക്കളോ ബന്ധുക്കളോ വഴിയായിരിക്കും "ആലോചന" വരിക. ദല്ലാളും സ്ത്രീധനവുമൊക്കെ അന്നില്ല. ആയിടയ്ക്കാണെന്നുതോന്നുന്നു അയല്പക്കക്കാരെ കൂട്ടിയുള്ള വിവാഹാഘോഷങ്ങള്‍ തുടങ്ങിയത്. സ്ത്രീധനം, ദല്ലാള്‍, പന്തലിട്ടുകല്യാണം എന്നിങ്ങനെയുള്ള മുന്തിയ ഏര്‍പ്പാടുകളൊക്കെ അറുപതുകള്‍ക്കു ശേഷമാണെന്നുതോന്നുന്നു, പ്രചരിച്ചത്. ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെട്ടതുതന്നെ കാരണം.

എഴുപതുകളുടെ മദ്ധ്യത്തില്‍ നടന്ന എന്റെ ചിറ്റയുടെ വിവാഹം എനിക്കോര്‍മ്മയുണ്ട്. ഇരുപത്തിയൊന്നു കാറുകളിലാണ് വരന്റെ സംഘം എത്തിയത്. ആ കല്യാണത്തിന്, എന്റെ ഓര്‍മ്മയില്‍, കെട്ടിമേളം പോലും ഉണ്ടായിരുന്നില്ല. മൊത്തം എഴുന്നൂറോളം പേരുണ്ടായിരുന്നു വിവാഹത്തിന് - അന്നത്തെ ഒരു ശരാശരി വിവാഹത്തിന്റെ ഇരട്ടിയിലധികം ആളുകള്‍. അക്കാലത്തെ സദ്യയൊക്കെ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമദാനം ചെയ്താണ് ഒരുക്കുക പതിവ്. ആളുകളുടെ എണ്ണം കണ്ട് അവരെല്ലാം വീണ്ടും പാചകം ചെയ്യാന്‍ നെട്ടോട്ടമോടിയത് ഇന്നും ഓര്‍മ്മയിലുണ്ട്.

മേല്‍പ്പറഞ്ഞതുപോലെയുള്ള വീടുകയറിയിറങ്ങലും മിച്ചറുതീറ്റയുമൊക്കെ 1975നു ശേഷമാണ് തുടങ്ങിയത് (കുറഞ്ഞ പക്ഷം ഞാന്‍ ജീവിച്ചിരുന്ന ചുറ്റുവട്ടത്ത് അങ്ങനെയായിരുന്നു). അതായത് ഈ "പാരമ്പര്യത്തി"നൊന്നും അത്ര പഴക്കമില്ല.അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കൊക്കെ ചെറുപ്പത്തിലേ ഈ പരിപാടിയോട് പരമപുച്ഛമായിരുന്നു. പെണ്ണുകാണല്‍ പരിപാടിയോട് തീരെ താല്പര്യമില്ലാത്തയാളാണ് അച്ഛന്‍. 'നമുക്കു ചേരാത്ത കുട്ടി' എന്ന് അദ്ദേഹം ഒട്ടുമിക്ക പെണ്‍കുട്ടികളേയും കുറിച്ച് പറയുകയുമില്ല. കെട്ടാന്‍ താല്പര്യമുള്ള കുട്ടിയേമാത്രം പോയി കണ്ടാല്‍ മതിയെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.

ചേട്ടന്‍ ഒരൊറ്റ പെണ്ണുകാണലിനു മാത്രമേ പോയുള്ളൂ. അനിയന്‍ ഇഷ്ടപ്പെട്ടയാളെ പ്രണയിച്ചു വിവാഹം ചെയ്യുകയാണ് ചെയ്തത്. ഇവരുരണ്ടുപേരും മിച്ചര്‍മുക്തമായ ദാമ്പത്യപ്രാപ്തിയില്‍ വിജയശ്രീലാളിതരായി. എന്റെ കാര്യം അപ്പോഴും ഒരു ചോദ്യചിഹ്നമായി തുടര്‍ന്നു.

ഞാന്‍ കല്യാണാവശ്യത്തിന് ആദ്യമായി ഒരു കുട്ടിയുടെ ഫോട്ടോ കാണുന്നത് 95ലാണ്. ആയിടയ്ക്ക് എന്റെ ജീവിതത്തില്‍ ഒരു വലിയ നിര്‍ഭാഗ്യം സംഭവിച്ചതിനാല്‍ അത് പെണ്ണുകാണലോളം എത്തിയില്ല. പിന്നെ അത്രത്തോളം കാര്യങ്ങള്‍ എത്തിയത് 1999ല്‍. അന്ന് എന്റെ കനേഡിയന്‍ ഇമിഗ്രേഷനുള്ള മെഡിക്കല്‍ വരെ കഴിഞ്ഞിരിക്കുന്ന സമയം. 'പോകുന്നേനുമുമ്പ് ചെക്കനെ കെട്ടിച്ചുവിടാം' എന്ന് ആരുടേയോ ബുദ്ധിയിലുദിച്ചതാണ്. കാര്യങ്ങള്‍ അല്പം മുന്നോട്ടുപോയതിനുശേഷമാണ് ഞാന്‍ പോലും അറിയുന്നത്.പക്ഷേ അപ്പോള്‍ കല്യാണം കഴിച്ചാല്‍ എന്റെ റെസിഡെന്‍സി അപേക്ഷ മരവിപ്പിക്കുമെന്നും ഭാര്യയുടെ അപേക്ഷകൂടി ചേര്‍ത്ത് രണ്ടും തീര്‍പ്പായതിനുശേഷമേ കാനഡയ്ക്കു പോകാനാവൂ എന്നും ഈ ബുദ്ധികേന്ദ്രങ്ങള്‍ക്കറിയില്ലായിരുന്നു. ഞാന്‍ അറിഞ്ഞമുറയ്ക്ക് ഈ പരിപാടി ശരിയാവില്ലെന്ന് തീര്‍ത്തുപറഞ്ഞു. പക്ഷേ ഇത്രയുമായസ്ഥിതിയ്ക്ക് അവിടെവരെയൊന്നു പോയി കണ്ടിട്ടുവന്നേ പറ്റൂ എന്ന് അമ്മ ഉത്തരവാക്കി. അങ്ങനെയാണ് ആദ്യമായും അവസാനമായും ഞാന്‍ മിച്ചറു തിന്നുന്നത്.

അതുപോലൊരു പെണ്ണുകാണല്‍ ഈ ഭൂമിമലയാളത്തിലുണ്ടായിക്കാണില്ല. 'ഇതെന്താണ് പെണ്ണുകാണലോ അതോ ഭാര്യാ ഉദ്യോഗത്തിനുള്ള ഇന്റര്‍വ്യൂവോ' എന്ന് ആ കുട്ടി മനസ്സില്‍ മുറുമുറുത്തിട്ടുണ്ടാവണം. സ്കൂള്‍ മുതല്‍ ബിരുദം വരെയുള്ള എല്ലാ പരീക്ഷകളുടേയും മാര്‍ക്കുവിവരം ചോദിച്ചു. ബിരുദത്തിനുശേഷം പഠിച്ച പാര്‍ട്ട് ടൈം കോഴ്സുകള്‍, ചെയ്യാന്‍ താല്പര്യമുള്ള ജോലി, ഹോബി, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവയേക്കുറിച്ചൊക്കെ ചോദിച്ചു. നല്ല നീരസം തോന്നിയിട്ടുണ്ടാവുമെങ്കിലും ആ പാവം അത് മുഖത്തു കാണിച്ചില്ല. ഇന്നത്തെ പെണ്‍പിള്ളേരാണെങ്കില്‍ 'ഒന്നെണീറ്റു പോടാപ്പാ' എന്നുപറഞ്ഞ് സ്ഥലം വിട്ടേനേ. ഏതായാലും ചോദ്യോത്തരപംക്തിയുടെ അവസാനം കാനഡയിലേയ്ക്കു കൊണ്ടുവരാന്‍ പറ്റിയ ആളല്ല ഇദ്ദേഹം എന്ന് എനിക്കു മനസ്സിലായി. അക്കാര്യം അവിടെ അവസാനിച്ചു.

ഈയൊരനുഭവത്തില്‍നിന്ന് ചിലകാര്യങ്ങള്‍ ഉറപ്പിച്ചു. നാട്ടില്‍നിന്നുള്ള കുട്ടി ശരിയാവില്ല. അതുപോലെ, അമ്മയേയും അച്ഛനേയും ഈ കാര്യത്തില്‍ വിശ്വസിക്കാന്‍ പറ്റില്ല (സ്വന്തമായിട്ടൊരു വിശ്വാസം പണ്ടേയില്ല. ഒരുമാതിരിപ്പെട്ട ആരും "ഊതിയാല്‍ പറക്കുന്ന" എന്റെ സ്വരൂപം കണ്ടാല്‍ പെണ്ണുതരില്ല). അതുകൊണ്ട് കാനഡയില്‍ വന്ന് ഒരു "ഡോട്ട്-കോം" കമ്പനിയില്‍ ജോലിയൊക്കെ സ്റ്റെഡി ആയപ്പോള്‍ പെണ്ണുനോക്കാന്‍ ഏല്‍പ്പിച്ചത് എന്റെ അമ്മാവനെയായിരുന്നു.

അമ്മാവന്‍ അക്കാലത്ത് മുംബൈയിലാണ്. ഇതുവന്ന് തലയില്‍ പെട്ടതോടെ ടൈംസ് ഓഫ് ഇന്ത്യയിലെ മാട്രിമോണിയല്‍ പേജുകളിലെ പരസ്യങ്ങളുടെ പിന്നാലെയായി അദ്ദേഹത്തിന്റെ വാരാന്ത്യജീവിതം. അങ്ങനെ ചിലയിടങ്ങളില്‍ അദ്ദേഹം പോയി മിച്ചര്‍ തിന്നിട്ടുണ്ട്. അക്കൂട്ടത്തിലാണ് ഒരു ദിവസം എന്റെ ഇന്നത്തെ കൂട്ടുകാരിയുടെ വീട്ടില്‍ ചെല്ലുന്നത്. ആദ്യമൊക്കെ അമ്മാവന്‍ വളരേ ഗൌരവത്തിലും ഫോര്‍മലുമായിട്ടാണ് പെരുമാറിയിരുന്നതെങ്കിലും അരമണിക്കൂറിനുള്ളില്‍ അദ്ദേഹം വളരേ റിലാക്സ് ആയെന്നും കുടുംബത്തിലുള്ളവരേപ്പോലെ സംസാരിച്ചുതുടങ്ങിയെന്നുമാണ് കൂട്ടുകാരി പിന്നീട് പറഞ്ഞത്.

"നീ പറഞ്ഞപോലെ കമ്പ്യൂട്ടറും മാനേജ്മെന്റുമൊക്കെ പഠിച്ചിട്ടുള്ള കുട്ടിയല്ല. പക്ഷേ നല്ല കുടുംബത്തില്‍നിന്നുള്ള പഠിപ്പുള്ള കുട്ടിയാണ്. നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കും, അവിടെ വന്നാലും ജോലികിട്ടാനൊന്നും ബുദ്ധിമുട്ടുവരില്ല. എനിയെന്താ വേണ്ടേന്നുവച്ചാല്‍ നീ തീരുമാനിച്ചോ" എന്ന് അദ്ദേഹം പിറ്റേന്ന് വിളിച്ചുപറഞ്ഞു. ആ പറച്ചിലില്‍ത്തന്നെ ഈ കുട്ടിയുമായുള്ള കംഫര്‍ട്ട് ലെവല്‍ വ്യക്തമായിരുന്നു. അപ്പോള്‍പ്പിന്നെ പെണ്ണുകാണല്‍ വേണമെന്നായി. ഏതായാലും പെണ്ണുകാണാനായി ടൊറോന്റോയില്‍ നിന്ന് മുംബൈ വരെ പോകുവാന്‍ എനിക്കാവുമായിരുന്നില്ല. അതുകൊണ്ട് നേരെ വിവാഹനിശ്ചയം. അന്നൊക്കെ വിവാഹനിശ്ചയത്തിന് ചെറുക്കന്‍ പോകുന്ന പതിവില്ല (ഇന്ന് അതുതന്നെ ഒരു വലിയ ഇവന്റാണല്ലോ). അങ്ങനെ സെപ്റ്റംബര്‍ അവസാനം നടന്ന വിവാഹനിശ്ചയത്തില്‍ ഡിസംബറിലെ വിവാഹം തീരുമാനമായി. തീര്‍ത്തും പരമ്പരാഗത രീതിയില്‍ അമ്മാവന്‍ ചൂണ്ടിക്കാട്ടിയ പെണ്ണിനെ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഞാന്‍ കെട്ടി!


ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുന്നത് കല്യാണത്തിന് രണ്ടുദിവസം മുമ്പാണ്. ഞങ്ങള്‍ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും കണ്ട് തീര്‍ത്തും നിരാശപ്പെട്ടുപോയെന്നതാണ് സത്യം. പറഞ്ഞുകേട്ടതും ഫോട്ടോയില്‍ കണ്ടതുമായ ഗ്ലാമറൊന്നും പതിശ്രുതവധുവിന് ഉള്ളതായി എനിക്കു തോന്നിയില്ല. എന്റെ ഗ്ലാമറിന്റെ കാര്യം പിന്നെ പറയാനില്ലല്ലോ. "മോളെ, നിനക്കയാളെ ഇഷ്ടായില്ലെങ്കി പറഞ്ഞോ, ഞാന്‍ നിന്നെ ഇപ്പൊ ഇവടന്നു മുക്കിക്കൊണ്ടു പോകാം" എന്ന് പുള്ളിക്കാരിയോട് അവരുടെ ഒരു കസിന്‍ ഓഫര്‍ ചെയ്തിരുന്നത്രേ. അദ്ദേഹം എന്റെ കോലം കണ്ട് ഞെട്ടിപ്പോയിക്കാണും. ഏതായാലും അതൊന്നും വേണ്ടിവന്നില്ല. കല്യാണമൊക്കെ ഭംഗിയായി നടന്നു.

ഇവിടുള്ളവരോട് ഞാന്‍ ഈ കഥകളൊക്കെ പറയുമ്പോള്‍ അവര്‍ക്ക് അത്ഭുതമാണ്. തീരെ പരിചയമില്ലാത്തവര്‍ തമ്മില്‍ എങ്ങിനെ വിവാഹിതരാകും എന്നത് അവര്‍ക്ക് മനസ്സിലാകുകയേയില്ല. തമ്മില്‍ കണ്ടിട്ടുപോലുമില്ലാത്തവര്‍ എന്നു പറയുമ്പോള്‍ അവര്‍ പരിഭ്രാന്തരാകും - വിശേഷിച്ച് എന്റെ നല്ലപാതിയുടെ കൂട്ടുകാര്‍. എന്തൊക്കെയായാലും അത്തരം ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി ഈ ഡിസംബറില്‍ ഞങ്ങള്‍ വിവാഹജീവിതത്തിന്റെ പതിഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഞങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍നിന്ന് സന്തോഷത്തോടെതന്നെ ഇപ്പോഴും ജീവിക്കുന്നു.

ഇന്നിപ്പോള്‍ കല്യാണത്തിന്റെ രീതികള്‍ തന്നെ മാറി. ആണായാലും പെണ്ണായാലും അങ്ങോട്ടുമിങ്ങോട്ടും നല്ലപോലെ മനസ്സിലാക്കിയേ അറേഞ്ജ്ഡ് മാര്യേജിനുപോലും സമ്മതിക്കൂ. അങ്ങോട്ടുമിങ്ങോട്ടുമുള്ള സാമ്പത്തിക ഇടപാടുകളൊക്കെ കൃത്യമായി രേഖപ്പെടുത്താമെന്നായി. ബ്രോക്കറുടെ സ്ഥാനം ഇന്റര്‍നെറ്റ് ഏറ്റെടുത്തു. വിവാഹനിശ്ചയം തന്നെ വലിയൊരു ഈവന്റ് ആയി. കല്യാണത്തലേന്ന് "സംഗീത്" ചടങ്ങ് പ്രചാരത്തിലായി. നാട്ടുകാരുടെ കൂട്ടായ്മയില്‍ വീട്ടുമുറ്റത്തെ പന്തലില്‍ നടന്നിരുന്ന കല്യാണങ്ങള്‍ 'ഇവന്റ് മാനേജ്മെന്റ്' കമ്പനികളുടെ മേല്‍നോട്ടത്തില്‍ ശീതീകരിച്ച വിവാഹവേദികളിലായി. ആയിരക്കണക്കിനാളുള്‍ പങ്കെടുക്കുന്ന ദൃശ്യവിസ്മയമായി. ഡസന്‍കണക്കിന് ഡിജിറ്റല്‍ വിഡിയോ കാമറകളും ഡ്രോണ്‍ കാമറകളും അതൊക്കെ ഒപ്പിയെടുത്ത് സിനിമാപരുവത്തിനാക്കിത്തരുന്നു.

ഇതൊക്കെക്കണ്ട് ആധുനികരായ ഈ രണ്ടു പഴമനസ്സുകാര്‍ ചിരിക്കുന്നു - ചിലതിന്റെയൊക്കെ വ്യര്‍ത്ഥത മനസ്സിലാക്കിയും ചിലതൊക്കെ ഒട്ടും മനസ്സിലാക്കാതേയും. "വിവാഹം സ്വര്‍ഗ്ഗത്തില്‍ നടന്നാലും ജീവിതം ഭൂമിയില്‍ വിതുമ്മിനില്‍ക്കും; വ്യാമോഹം മാനത്തുപറന്നാലും വാസ്തവം ഭൂമിയില്‍ ഒതുങ്ങിനില്‍ക്കും" എന്നാണല്ലോ കവി പാടിയത്. വിവാഹത്തോളം തന്നെ സാധുത നേടിയ വിവാഹമോചനം സാക്ഷി!

പോയ പതിനഞ്ചുവര്‍ഷങ്ങളേപ്പറ്റി വലിയ അവകാശവാദങ്ങളൊന്നുമില്ല. ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വ്യതസ്തരായ വ്യക്തികളാണെങ്കിലും പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും സഹായത്തിലുമൂന്നിയ ഒരു ബന്ധം രൂപപ്പെടുത്തിയെടുക്കാനായിട്ടുണ്ട്. ഞങ്ങളുടെ മനപ്പൊരുത്തമോ ആശയപ്പൊരുത്തമോ ബുദ്ധിയോ ഒന്നുമല്ല അതിനു കാരണം - ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളാണ്. ഒരിക്കല്‍ ഒരു ഡോക്റ്റര്‍ ഞങ്ങളോടു പറഞ്ഞപോലെ, ഒരു പ്രതിസന്ധിയുണ്ടായാല്‍ പിന്നെ നിങ്ങളുടെ ജീവിതം ഒരിക്കലും പഴയപോലെയാവില്ല. ഒന്നുകില്‍ അത് പണ്ടത്തേതിലും ദുര്‍ബ്ബലമാകും അല്ലെങ്കില്‍ പണ്ടത്തേതിലും ശക്തമാകും. ഞങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ അതിനെ ശക്തിപ്പെടുത്തുന്നതായിരുന്നു. ഇന്ന് ഞങ്ങള്‍ പരസ്പരം വളരേയധികം പേഴ്സനല്‍ സ്പേസ് അനുവദിച്ചുകൊടുത്തുകൊണ്ടും, ഒരു കഷണം തുണി വാങ്ങാന്‍ പോലും പരസ്പരം ചോദിച്ചുറപ്പിക്കേണ്ട അവസ്ഥയിലാണ്. അങ്ങോട്ടുമിങ്ങോട്ടും താങ്ങും തണലുമായിരിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമുണ്ടെന്ന ബോദ്ധ്യം തന്നെയാണ് ഈ ബന്ധത്തെ ഉറപ്പിച്ചുനിര്‍ത്തുന്നത്.

ഇതുവരെയുള്ള ദാമ്പത്യജീവിതത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇനിയൊരു ജന്മത്തില്‍ ഇവളേത്തന്നെ മതിയാവുമോ എന്ന ചോദ്യത്തിന്, മതിയാവും എന്ന ഉത്തരം നല്‍കാന്‍ കഴിയുന്നത്രയും സന്തുഷ്ടന്‍. അതുതന്നെ ഒരു വലിയ കാര്യമല്ലേ?