എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, March 18, 2017

സൈമ (മൂന്നാം ഭാഗം)

കഴിഞ്ഞ ആറുമാസമായി സൈമയുടെ മനസ്സിനുള്ളിലെ ചെകുത്താന്‍മാര്‍ അവള്‍ക്കുമേല്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അതിനു പ്രധാന കാരണം അവള്‍ ഋതുമതിയായി എന്നതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അവളുടെ വൈകാരികസ്ഥിതി തീവ്രമാക്കി. കലശലായി ദേഷ്യപ്പെടുകയും ഇടയ്ക്കിടെ പൊട്ടിക്കരയുകയും ചെയ്യുന്നത് പതിവായി. സമപ്രായക്കാരായ കുട്ടികള്‍ ബോയ്ഫ്രെന്‍ഡും ഗേള്‍ഫ്രെന്‍ഡുമൊക്കെയായി അര്‍മാദിക്കുമ്പോള്‍ അത്തരം ബന്ധങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത അവള്‍ ഒറ്റപ്പെട്ടു. ഒരു നൂറായിരം ചിന്തകളും പേടികളും അവളുടെ മനസ്സില്‍ വന്നു നിറഞ്ഞു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാതെയായി. പരീക്ഷകളില്‍ തോല്‍വി പതിവായി.

അതേ സമയത്താണ് അബു അല്പാല്പമായി സ്വതന്ത്രനാവാന്‍ തുടങ്ങിയത്. ചേച്ചി കുളിപ്പിക്കുന്നതും തോര്‍ത്തുന്നതുമൊക്കെ അവന്‍ അനുവദിക്കാതായി. പഠിക്കാനായി അമ്മാവന്റെ മക്കളുടെ അടുത്തേയ്ക്ക് പോയിത്തുടങ്ങി. സ്കൂളില്‍ ബ്രേക്ക് സമയത്ത് അവനെ കാണാന്‍ ചെല്ലുമ്പോള്‍ അവന്‍ അവളെ വഴക്കുപറഞ്ഞ് ഓടിച്ചു.  ബോംബിങ്ങും വെടിവെയ്പും  ഇടിച്ചുതകര്‍ക്കലുമൊക്കെയുള്ള ഹോളിവുഡ് ആക്ഷന്‍ സിനിമകളും പ്ലേസ്റ്റേഷന്‍ ഗെയിമുകളും അവന് പ്രിയങ്കരമായി. സോക്കറും ബാസ്കറ്റ് ബോളും കളിച്ച് പതിവായി പരിക്കോടെ വരികയും അതിനുള്ള ചികില്‍സയില്‍ അവള്‍ ഇടപെടാന്‍ നോക്കുമ്പോള്‍ അവളെ തള്ളിമാറ്റുകയും പതിവായി.

അമ്മയ്ക്കു കൊടുത്ത വാക്കു പാലിക്കാന്‍ പറ്റാത്തവിധമുള്ള അബുവിന്റെ നിസ്സഹകരണം അവളുടെ മനസ്സിനെ എരിച്ചുകൊണ്ടിരുന്നു. അബുവിനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി അവള്‍ ഭയപ്പെട്ടു.

എല്ലാ സങ്കടങ്ങളും പറയാനും രാത്രി കൂടെക്കിടക്കാനും അവള്‍ക്ക് അമ്മായി മാത്രമായി.

ഏതാണ്ട് മൂന്നു മാസങ്ങള്‍ക്കുമുമ്പ് അവളുടെ മാനസികാവസ്ഥ സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. കണക്കില്‍ ഏതോ ക്ലാസ് വര്‍ക്ക് ചെയ്യിക്കുകയായിരുന്നു ടീച്ചര്‍. സൈമ ചെയ്തതൊക്കെ പൊട്ടത്തെറ്റ്. ടീച്ചര്‍ ചെറുതായൊന്ന് ഗുണദോഷിച്ചതേയുള്ളൂ, അവള്‍ വലിയവായില്‍ പൊട്ടിക്കരയാന്‍ തുടങ്ങി.

ആകെ അമ്പരന്ന ടീച്ചര്‍ അവളെ സ്റ്റാഫ് റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ടീച്ചര്‍മാരെല്ലാവരും കൂടി ശ്രമിച്ചിട്ടും അവളുടെ കരച്ചില്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. വെള്ളം കൊടുത്തത് കുടിച്ചില്ല. ഒരു ചോക്കലേറ്റ് കൊടുത്തത് അവളുടെ കയ്യിലിരുന്ന് കിടുകിടാ വിറച്ചു.

പ്രിന്‍സിപ്പല്‍ ഉടനേ അമ്മാവന് ഫോണ്‍ ചെയ്തു.  അര മണിക്കൂറിനുള്ളില്‍ അമ്മാവനും അമ്മായിയും ഓടിയെത്തി.

അമ്മായി വന്ന് അവളുടെ കൈ പിടിച്ച് ഒപ്പമിരുന്നു. പത്തു മിനിട്ടോളം കഴിഞ്ഞപ്പോള്‍ അവള്‍ അല്പം ശാന്തയായി.

ഇതിനുമുമ്പ് ഇങ്ങനെയെല്ലാം ഉണ്ടായിട്ടുണ്ടോയെന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചു. അമ്മായി അവളുടെ ജീവിതകഥ എല്ലാം തുറന്നു പറഞ്ഞു.

കുട്ടിയെ എത്രയും പെട്ടന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്ന് ടീച്ചര്‍മാര്‍ ഒന്നടങ്കം നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്യാമെന്ന് സമ്മതിപ്പിച്ചാണ് അന്ന് സൈമയെ സ്കൂളില്‍നിന്നും വിട്ടത്.

പക്ഷേ അതിനു കഴിയും മുമ്പ് - അതായത് വെറും രണ്ടു ദിവസത്തിനു ശേഷം - സൈമയേയും സ്കൂളിനേയും ആ പട്ടണത്തേയും എന്തിന് മൊത്തം അമേരിക്കയേത്തന്നെ കീഴ്മേല്‍ മറിച്ച സംഭവവികാസങ്ങളുണ്ടായി.

ഒരു പതിവു സ്കൂള്‍ ദിനം തന്നെയായിരുന്നു അന്ന്.

രാവിലെ കുട്ടികളെല്ലാം സ്കൂളില്‍ വന്ന് അവരവരുടെ ലോക്കറുകള്‍ തുറന്ന് സാധങ്ങള്‍ വെയ്ക്കുകയായിരുന്നു. അവിചാരിതമായാണ് ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ഒരു നീണ്ട അടുക്കളക്കത്തി ഊര്‍ന്നു വീണത്.

അടുത്തുണ്ടായിരുന്ന കുട്ടികള്‍ അതുകണ്ട് ബഹളം വെച്ചു. അവന്‍ പെട്ടന്ന് കത്തിയും ബാഗില്‍ നിന്ന് ഒരു കൈത്തോക്കുമെടുത്ത് സ്റ്റാഫ് റൂമിനു നേരെ ഒറ്റയോട്ടമായിരുന്നു.

 നിമിഷങ്ങള്‍ക്കകം സ്കൂളില്‍ അപായമണി മുഴങ്ങി. കുട്ടികളെല്ലാം ക്ലാസ്സില്‍ കയറാനും ക്ലാസ്സ് മുറികള്‍ അടച്ചിടാനുമുള്ള അറിയിപ്പ് പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ വന്നുകൊണ്ടിരുന്നു. കാതടപ്പിക്കുന്ന സൈറനുകളുമായി പോലീസ്, ആംബുലന്‍സ്, ഫയര്‍ വാഹനങ്ങള്‍ പാഞ്ഞുവന്ന് സ്കൂളിനു ചുറ്റും നിലയുറപ്പിച്ചു.

(തുടരും)