എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, November 20, 2012

അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ കാണാപ്പുറങ്ങള്‍

അങ്ങനെ ഒരു അമേരിക്കന്‍ തിരഞ്ഞെടുപ്പു മാമാങ്കം കൂടി അവസാനിച്ചു. കേട്ടുകേള്‍വി മാത്രമുള്ള പഴയ മാമാങ്കത്തേപ്പോലെ നിലപാടുനില്‍ക്കുന്ന തിരുമേനിമാരും അമ്പേന്തി വില്ലേന്തി വാളേന്തിയ പടയാളികളും, അവരോടു പൊരുതി ജയിക്കാന്‍ ശ്രമിച്ച ധീരരായ ചാവേറുകളും, വര്‍ണ്ണപ്പകിട്ടും ശബ്ദഘോഷങ്ങളും എല്ലാമടങ്ങിയ ഒരു ബ്രഹ്മാണ്ഡ ദൃശ്യവിസ്മയം തന്നെയായിരുന്നു നവമ്പര്‍ ആദ്യവാരം കൊട്ടിക്കലാശിച്ചത്. സത്യം പറയാമല്ലോ, ടിവിയില്‍ നോക്കി മനമുരുകിക്കരഞ്ഞ അബിഗെയ്ലിനെ കുറ്റം പറയാനാകില്ല. ഈ വാലറ്റക്കാരനും കഴിഞ്ഞ രണ്ടുമാസമായി ജോലിക്കു പോകും വഴി റേഡിയോയ്ക്കുപകരം റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ കേട്ടുകൊണ്ടാണ് പോയിരുന്നത്. അത്രയ്ക്ക് അസഹ്യമായിരുന്നു പ്രചരണകോലാഹലങ്ങള്‍ .

സെന്റര്‍ ഫോര്‍ റെസ്പോണ്‍സിവ് പൊളിറ്റിക്സ് പുറത്തിറക്കിയ കണക്കുകളനുസരിച്ച് ആറു ബില്ല്യണ്‍ (600 കോടി) ഡോളറിലധികമാണ് സ്ഥാനാര്‍ത്ഥികളും അവരുടെ അഭ്യുദയകാംക്ഷികളും പ്രചരണത്തിനുവേണ്ടി മാത്രം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് ചിലവഴിച്ചത് (ഇതെല്ലാം ചിലവാക്കിയതാകട്ടെ, കുപ്രചരണത്തിനും എതിരാളികളെ തേജോവധം ചെയ്യാനും). സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പു നടത്താനായി ചിലവാക്കിയ തുകയും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങുമ്പോള്‍ വരുന്ന അധിക സുരക്ഷാചിലവുകളും ഇതില്‍ പെടുന്നില്ല. ഇതിനെല്ലാം പുറമേ ദൃശ്യ/ശ്രവ്യ/അച്ചടി മാധ്യമങ്ങള്‍ 'ഇലക്ഷന്‍ കവറേജി'നു ചിലവാക്കിയ തുകയും, ഇന്റര്‍നെറ്റിലെ കൂലിപ്പോരാളികള്‍ പാഴാക്കിയ സമയവും (അതുമൂലമുണ്ടായ ഉല്‍പാദന നഷ്ടവും), ഇതെല്ലാം കണ്ടും കേട്ടും മടുത്ത പൊതുജനത്തിന്റെ ജോലിയെ ബാധിക്കുംവിധമുള്ള ഉന്മേഷനഷ്ടവുമെല്ലാം പരിഗണിച്ചാല്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഒരുവര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തോളം പോന്ന തുകയാണ് ഈ തിരഞ്ഞെടുപ്പിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതെന്ന് ഗണിച്ചെടുക്കാവുന്നതാണ്.

ഇത്രവലിയൊരു തുക ഒരു തിരഞ്ഞെടുപ്പിന്റെ പേരില്‍ ചിലവഴിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അമേരിക്കയെന്നാല്‍ ആള്‍ബലവും, ധനബലവും, പ്രചരണബലവും, ആയുധബലവുമുള്ള പലതരം സ്ഥാപിതതാല്‍പര്യക്കാരുടെ അങ്കത്തട്ടാണ്. വന്‍കിട മുതലാളിമാര്‍, മാധ്യമലോക പ്രമാണിമാര്‍, ഹോളിവുഡ് താരപ്രഭുക്കള്‍, യൂണിയന്‍ നേതാക്കന്‍മാര്‍, ലോബ്ബിയിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മതാധിഷ്ഠിതസംഘടനകള്‍, 'പുരോഗമന'വാദികള്‍, യഥാസ്ഥിതികര്‍, കുടിയേറ്റക്കാര്‍, കറുത്തവര്‍ഗ്ഗക്കാര്‍, ഇസ്രയേലി പ്രധാനമന്ത്രി എന്നിവരൊക്കെ അടങ്ങുന്ന പ്രബലര്‍ തമ്മിലുള്ള നേരങ്കം തന്നെയായിരുന്നു അത്. ഇത്തരമൊരു തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ മുഴുവന്‍ അമേരിക്കന്‍ ജനതയുടേയും താല്പര്യത്തെ സംരക്ഷിക്കുന്ന ഒരു ഭരണസംവിധാനം കൊണ്ടുവരുമോയെന്ന് കണ്ടുതന്നെ അറിയണം.

എല്ലാം അവസാനിച്ചപ്പോള്‍ ഒബാമ വീണ്ടും പ്രെസിഡെന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലും സെനറ്റിലും രണ്ടു പ്രമുഖ കക്ഷികള്‍ക്കും തിരഞ്ഞെടുപ്പിനു മുമ്പുണ്ടായിരുന്ന ആള്‍ബലം തന്നെ തിരികെ ലഭിക്കുകയും ചെയ്തു. അതായത് വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ. 2008ല്‍ തുടങ്ങിയ സാമ്പത്തികപ്രശ്നങ്ങളൊക്കെ ഇപ്പോഴും അതേപടി നില്‍ക്കുന്നു. വരുന്ന ജനുവരിയില്‍ ബുഷിന്റെ കാലത്തെ ജനപ്രതിനിധി സഭ അംഗീകരിച്ച ഹ്രസ്വകാല നികുതി ഇളവുകളും സാമൂഹ്യക്ഷേമപദ്ധതികള്‍ക്കായുള്ള ചിലവുകളും കാലഹരണപ്പെടുകയാണ്. പുതിയൊരു ഒത്തുതീര്‍പ്പ് ഉണ്ടായില്ലെങ്കില്‍ വന്‍ തോതിലുള്ള നികുതിവര്‍ദ്ധനയും ചിലവുചുരുക്കലും തനിയേ നിലവില്‍ വരും. നിലവിലുള്ള മാന്ദ്യകാലത്ത് ഇത്തരത്തിലുള്ള ഒരു മാറ്റം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ അപ്പാടെ തകിടം മറിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സെനറ്റും റിപബ്ലിക്കന്‍സിനു ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സും തമ്മിലുള്ള അധികാരവടംവലിയും അതുമൂലമുണ്ടായ സ്തംഭനാവസ്ഥയും ഈ തിരഞ്ഞെടുപ്പിനു ശേഷവും അതേപടി തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ ഒബാമയുടെ വിജയം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുപ്രചാരകരുടെ കൌശലത്തിന്റെ വിജയമായാണ് വ്യഖ്യാനിക്കപ്പെടുന്നത്. മിറ്റ് റോമ്നി പ്രചരണത്തിനിടെ വലിയൊരു വിഭാഗം ജനങ്ങളെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ട പ്രസ്താവനകള്‍ നടത്തുകയുണ്ടായി. അതില്‍ അദ്ദേഹത്തിന്റെ "47% ജനങ്ങള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ ജീവിക്കുന്നവരാണ് - അത്തരത്തില്‍ സ്വന്തമായി അധ്വാനിച്ച് നേടാന്‍ താല്പര്യമില്ലാത്തവരുടെ വോട്ട് എനിക്കു കിട്ടുമെന്നു പ്രതീക്ഷയില്ല" എന്ന പ്രസ്താവനയാണ് ഏറ്റവും വിചിത്രമായത് (തിരഞ്ഞെടുപ്പിനുശേഷവും അദ്ദേഹം അത് ആവര്‍ത്തിച്ചു എന്നത് അതിലും വിചിത്രം). ആ ഒരൊറ്റ പ്രസ്താവനകൊണ്ട് നല്ലൊരുശതമാനം സമ്മതിദായകരുടെ അനിഷ്ടം സമ്പാദിച്ചു അദ്ദേഹം . ഇതില്‍ ഫീസ് ഇളവു ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഭക്ഷണ സ്റ്റാമ്പുകളുടെ സഹായത്താല്‍ പട്ടിണികൂടാതെ കഴിയുന്ന പരമ ദരിദ്രര്‍, വിവാഹമോചിതരായ അമ്മമാര്‍, യുദ്ധത്തില്‍ സ്ഥായിയായ പരിക്കേറ്റ പട്ടാളക്കാര്‍, ചില മേഖലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ പെടും. "നിയമവിരുദ്ധമായി" കുടിയേറിയവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ സംസാരിച്ചതിനാല്‍ നല്ലൊരു ശതമാനം ലാറ്റിനോ വോട്ടര്‍മാരുടേയും ശത്രുവായി, അദ്ദേഹം. ഇതിനുപുറമേ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരേയും, വനിതകള്‍ക്കെതിരേയും (വിശേഷിച്ച് അവരുടെ 'പ്രത്യുല്‍പാദനാവകാശ'ത്തിനെതിരെ) പലപ്പോഴായി റിപബ്ലിക്കന്‍ പാര്‍ട്ടിയും അവരുടെ സാമാജികരും സംസ്ഥാന സര്‍ക്കാരുകളും നടത്തിയ ആക്രമണം വളരേയധികം വോട്ടര്‍മാരെ റോമ്നിയില്‍ നിന്ന് അകറ്റി. ഈ വിഭാഗങ്ങളില്‍ പെട്ട ജനങ്ങളെ മാത്രം ലക്ഷ്യമാക്കി പ്രചരണം നടത്തുകയും അവര്‍ വോട്ടുചെയ്തെന്ന് ഉറപ്പാക്കുകയും മാത്രമാണ് ടീം-ഒബാമ ചെയ്തത്.

ചെറുപ്പക്കാരേയും വനിതകളേയും കുടിയേറ്റക്കാരേയും കറുത്തവരേയും ദരിദ്രരേയും പുരോഗമനവാദികളേയും മാറ്റിനിറുത്തിയാല്‍ പിന്നെ ബാക്കിയുള്ളത് ധനികരും മധ്യവയസ്കരോ വൃദ്ധരോ ആയതും, യാഥാസ്ഥിതികരും ആയ ആണുങ്ങള്‍ മാത്രമാണ് (rich middle-aged conservative males). അത്തരക്കാര്‍ ധാരാളമുണ്ട്, പക്ഷേ അവരുടെ എണ്ണം വളരേ വേഗം കുറഞ്ഞുവരികയാണ്. ഭാവിയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് ദേശീയതലത്തിലുള്ള പ്രെസിഡെന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഇപ്പോഴത്തെ തീവ്ര വലതുപക്ഷനിലപാടുകളില്‍ മാറ്റം വരുത്തേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയിലെ ഇന്ത്യന്‍ വംശജനും ലുയിസിയാന ഗവര്‍ണ്ണറുമായ് ബോബി ജിണ്ടല്‍ നൂറുശതമാനം വോട്ടും നേടാന്‍ പ്രാപ്തമായ പാര്‍ട്ടിയെ രൂപപ്പെടുത്തിയെടുക്കേണ്ട ആവശ്യകതയേക്കുറിച്ച് സംസാരിച്ചത് ഒരു നല്ല തുടക്കമായി കണക്കാക്കാം.

പ്രെസിഡെന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയുടെ വിജയസാധ്യത 92 ശതമാനമാണെന്നു പ്രവചിച്ച ന്യൂയോര്‍ക്ക് ടൈംസ് അഭിപ്രായ സര്‍വേയര്‍ നേയ്റ്റ് സില്‍വര്‍ ആണ് ഈ തിരഞ്ഞെടുപ്പില്‍ ശ്രദ്ധനേടിയ ഒരു മിടുക്കന്‍. അതോടൊപ്പം സെനറ്റ്/കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ഏതാണ്ട് കൃത്യമായിത്തന്നെ അദ്ദേഹം പ്രവചിച്ചു. ആ തൊണ്ണൂറ്റിരണ്ടുശതമാനത്തിന്റെ പേരില്‍ രാഷ്ട്രീയ "പണ്ഡിതരുടെ" ശകാരം വേണ്ടുവോളം കേള്‍ക്കേണ്ടിവന്നുവെങ്കിലും ഫലപ്രഖ്യാപനത്തിനുശേഷം അദ്ദേഹം വലിയൊരു താരമായി (വാചാലശിരസ്സുകളുടെ കണക്കനുസരിച്ച് പ്രെസിഡെന്റ് തിരഞ്ഞെടുപ്പ് 'ഇഞ്ചോടിഞ്ച്' ആയിരുന്നല്ലോ. വിജയ 'സാധ്യത'യും വോട്ടിങ്ങ് ശതമാനവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് അറിയാന്‍ എഞ്ചുവടിയെങ്കിലും അറിയണം ).

ഈ തിരഞ്ഞെടുപ്പോടെ കൂടുതല്‍ തീവ്രനിലപാടുകളുള്ള രണ്ടുചേരികളായി അമേരിക്കന്‍ ജനത തിരിഞ്ഞുകഴിഞ്ഞെന്നാണ് കരുതപ്പെടുന്നത്. ഒരുവശത്ത് അമേരിക്കയുടെ സൈനികാധിപത്യത്തിനും, ക്രൈസ്തവമൂല്യങ്ങള്‍ക്കും (പ്രധാനമായും ഗര്‍ഭച്ഛിദ്രത്തിനു വിരുദ്ധമായത്), കുറഞ്ഞ നികുതികള്‍ക്കും, കറതീര്‍ന്ന ക്യാപ്പിറ്റലിസത്തിനും നിലകൊള്ളുന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആധിപത്യമുള്ള മദ്ധ്യ അമേരിക്ക. അവരില്‍ ഒബാമയുടെ തിരഞ്ഞെടുപ്പിനെ ഒരു ദേശീയവിപത്തായിപ്പോലും കാണുന്നവര്‍ ധാരാളം . മറുവശത്ത് തന്ത്രപരമായ സൈനിക ഇടപെടലുകളെ മാത്രം അനുകൂലിക്കുന്ന, പുരോഗമനവാദികളും ഉല്പതിഷ്ണുക്കളും മിതവാദികളുമായ, വന്‍ തോതിലുള്ള നികുതികള്‍ക്കും അതേ തോതിലുള്ള സാമൂഹ്യക്ഷേമച്ചിലവുകള്‍ക്കും നിലകൊള്ളുന്ന, സര്‍ക്കാരിന്റെ കര്‍ശനനിയന്ത്രണമുള്ള സമ്പദ്‌വ്യവസ്ഥയെ ആവശ്യപ്പെടുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള തീരപ്രദേശങ്ങള്‍. അത്തരമൊരു ജനതയുടെ പ്രതിനിധികളായി സഭയിലെത്തുന്നവര്‍ നിയമനിര്‍മ്മാണം അസാധ്യമാകുംവിധം രാഷ്ട്രീയാസഹിഷ്ണുത പുലര്‍ത്തുന്നതില്‍ അത്ഭുതമില്ല.

സ്വതന്ത്ര സം‌ഘടനകള്‍ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചരണം നടത്തുന്നത് തടയാന്‍ സര്‍ക്കാരിനു അവകാശമില്ലെന്നും അത്തരമൊരു നിയമം ഭരണഘടന അനുവദിക്കുന്ന അഭിപ്രായപ്രകടനസ്വാത്രന്ത്ര്യത്തിന് വിരുദ്ധമാണെന്നും 2010ല്‍ പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിയിലൂടെ യുഎസ് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. അതായത് ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ അയാള്‍ക്ക് പണം സംഭാവന ചെയ്യണമെന്നില്ല, സ്വന്തമായി ഒരു സം‌ഘടന റെജിസ്റ്റര്‍ ചെയ്ത് അയാള്‍ക്കുവേണ്ടി സ്വയം പ്രചരണം നടത്താമെന്നര്‍ത്ഥം. തിരഞ്ഞെടുപ്പു പ്രചരണത്തിനായുള്ള ധനസമാഹരണത്തിനുള്ള നിയമപരമായ പരിമിതികളെ മറികടക്കാന്‍ ഈ റൂളിങ്ങ് സഹായിച്ചു. അതിന്റെ അനന്തരഫലമാണ് 600 കോടി ഡോളറിന്റെ ഈ തിരഞ്ഞെടുപ്പ്. ഒരു കാര്യം അതോടെ വ്യക്തമായി - അമേരിക്ക ഇന്നൊരു plutocracy (ധനികാധിപത്യ രാഷ്ട്രം) ആണ്. ഭാവിയില്‍ ഈ തോതിലുള്ള ധനസമാഹരണം ചെയ്യാന്‍ കെല്‍പ്പുള്ള സംഘടനകളുടെ പിന്തുണയുള്ളവര്‍ക്കേ തിരഞ്ഞെടുപ്പില്‍ ജയിക്കാനാകൂ. അത്തരമൊരു കടപ്പാടോടെ ജയിച്ചുകയറുന്നവര്‍ ആരുടെ താല്പര്യങ്ങളാകും സംരക്ഷിക്കുക എന്ന് ഊഹിക്കാമല്ലോ.

അബിഗെയ്ലിന്റെ കണ്ണീരില്‍ തുടങ്ങിയ ഈ ലേഖനം ഒബാമയുടെ കണ്ണീരില്‍ അവസാനിപ്പിക്കട്ടെ. അദ്ദേഹത്തിന്റെ ഈയൊരു ഹ്രസ്വഭാഷണത്തിന് പലതരം വ്യാഖ്യാനങ്ങളും ഉണ്ടായി. ഞാന്‍ അതില്‍നിന്ന് വായിച്ചെടുത്തത് ഇതാണ്. ദീര്‍ഘകാലം ചിക്കാഗോയിലെ ദരിദ്രര്‍ക്കിടയില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകനായി ജീവിച്ചശേഷമാണ് ഒബാമ സജീവരാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചത്. അത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ (വിശേഷിച്ച് രാജ്യത്തിന്റെ പരമോന്നതാധികാരിയായ പ്രെസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിച്ചപ്പോള്‍ ) സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ സഹായിക്കാന്‍ വേണ്ടത്ര ഉപാധികള്‍ അദ്ദേഹത്തിന്റെ പക്കലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം. നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം, ഒരു പ്രെസിഡെന്റിനുപോലും രക്ഷിക്കാനാവാത്തവിധം സ്ഥാപിതതാല്‍പര്യക്കാരുടെ ശക്തമായ കരങ്ങളിലാണ് രാഷ്ട്രത്തിന്റെ ഭരണസംവിധാനം എന്ന് അദ്ദേഹം വേദനയോടെ തിരിച്ചറിഞ്ഞിരിക്കുന്നു, അദ്ദേഹം. "അടുത്ത നാലുവര്‍ഷത്തില്‍ ഞാന്‍ എന്തുതന്നെ ചെയ്താലും നിങ്ങളേപ്പോലുള്ള സന്നദ്ധപ്രവര്‍ത്തകരുടെ നേട്ടങ്ങളേക്കാള്‍ ഏറെ തിളക്കം കുറഞ്ഞതായിരിക്കും " എന്നു സമ്മതിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത് അതുകൊണ്ടുതന്നെയാണ്.

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ!