എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, December 24, 2017

സൈമ (അഞ്ചാം ഭാഗം)

അമേരിക്കന്‍ മാധ്യമലോകത്തിന് ചാകരദിവസമായിരുന്നു അന്ന്.

സ്കൂളിലെ പ്രശ്നത്തേപ്പറ്റി ആദ്യം പുറം ലോകം അറിഞ്ഞത് SQVW എന്ന ലോക്കല്‍ ന്യൂസ് ചാനലിലൂടെയാണ്. പട്ടണത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുടെ ഉടമസ്ഥതയിലുള്ള ചാനലാണ് അത്. അധികം പ്രേക്ഷകരില്ലെങ്കിലും കൃത്യമായ വലതുപക്ഷരാഷ്ട്രീയം ഉറക്കെ വിളിച്ചുപറയുന്ന ഒരു ചാനലാണ് അത്. പട്ടണത്തിലേയും പട്ടണത്തിനു പുറത്തേയും ബിസിനസ്സുകാരുടെ സാമ്പത്തികപിന്തുണ ധാരാളമുണ്ടായിരുന്നതുകൊണ്ട് വ്യൂവര്‍ഷിപ്പൊന്നും അവര്‍ക്കൊരു പ്രശ്നമേ അല്ല.

പോലീസുമായി അടുത്ത ബന്ധമാണ് ചാനലിന്. ഒരുതരം പരസ്പര സഹായ ബന്ധം എന്നുതന്നെ പറയാം. പട്ടണത്തില്‍ ഹെലികോപ്റ്റര്‍ ഉള്ളത് ചാനലിനുമാത്രമാണ്. ഒരു പൊലീസ് ചേസ് അല്ലെങ്കില്‍ വളഞ്ഞുപിടിക്കല്‍ വേണ്ടിവന്നാല്‍ മുകളില്‍നിന്ന് സീന്‍ കവര്‍ ചെയ്യുന്നത് ചാനലുകാരാണ്. അങ്ങനെ ക്രൈം സീനില്‍ പൊലീസിന്റെ സുരക്ഷ ഉറപ്പാക്കുവാന്‍ ചാനല്‍ സഹായിക്കുന്നു. തിരിച്ച്, ഏതെങ്കിലും മേജര്‍ ക്രൈം ഉണ്ടാകുകയാണെങ്കില്‍ പൊലീസ് തന്നെ ചാനലുകാരെ അറിയിക്കും. ക്രൈമിനോളം ജനപ്രിയമായ ഒരു ഷോ വേറെയില്ലല്ലോ.

അങ്ങനെ സീനില്‍ ആദ്യമായി വന്നത് SQVWവിന്റെ "ക്രൈം പട്രോള്‍" ടീം ആയിരുന്നു.

"School under siege in town" എന്നായിരുന്നു ആദ്യത്തെ അട്ടഹാസം. കൂട്ടിന് ഹെലികോപറ്ററില്‍നിന്നുള്ള വിഡിയോ ഫുട്ടേജും.

സ്കൂളില്‍ നിന്ന് കുട്ടികളെ പുറത്തേയ്ക്കു കൊണ്ടുവരുന്നതായിരുന്നു അടുത്ത ബ്രേക്കിങ്ങ് ന്യൂസ്

പക്ഷേ സൈമയുടെ ഇടപെടല്‍ ഉണ്ടായതോടെ സംഭവത്തിന്റെ നിറം തന്നെ മാറി. "ഒരു മുസ്ലിം പെണ്‍കുട്ടി പൊലീസിനെ ആക്രമിച്ചതായി അറിവു ലഭിച്ചിരിക്കുന്നു" എന്നതായിരുന്നു പിന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്. ഇതോടുകൂടി അമേരിക്കയിലെ മുഴുവന്‍ മാധ്യമങ്ങളുടേയും കണ്ണുകള്‍ ആ കൊച്ചുപട്ടണത്തിലേയ്കു നീണ്ടു.

സൈമ പോലീസുകാരനെ ചവിട്ടി വീഴ്ത്തുന്നതിന്റെ ഏരിയല്‍ കവറേജ് എല്ലാ ടിവി ചാനലുകളിലും ലൂപ്പില്‍ ഓടാന്‍ തുടങ്ങി. വന്‍ തുകയ്ക്കാണ് SQVW ആ വിഡിയോ ഫുട്ടേജ് മുഖ്യ ചാനലുകള്‍ക്ക് വിറ്റത്!

"ഇറാഖില്‍ നിന്നും അഭയാര്‍ത്ഥിയായി കൊണ്ടുവരപ്പെട്ട പെണ്‍കുട്ടിയാണ് പൊലീസിനെ ആക്രമിച്ചത്" എന്ന ചൂടു വാര്‍ത്ത തൊട്ടു പിന്നാലെ. അതോടുകൂടി അമേരിക്കയിലെ മാധ്യമലോകം മൊത്തം ഇളകിമറിഞ്ഞു! ടിവി ചാനലുകളില്‍ അടിയന്തിര ചര്‍ച്ചകള്‍ സംപ്രേക്ഷണം തുടങ്ങി

"തികഞ്ഞ വിഡ്ഢികള്‍ നടത്തുന്ന കുടിയേറ്റ നയം!" വലതുപക്ഷ ചാനലുകള്‍ ഇടിവെട്ടുംപോലെ പ്രഖ്യാപിച്ചു. അമേരിക്കന്‍ ജനങ്ങളുടെ സുരക്ഷയേപ്പറ്റി യാതൊരു ഉല്‍കണ്ഠയുമില്ലാത്ത "മുസ്ലിം പ്രെസിഡെന്റിന്റെ" അനാസ്ഥയേപ്പറ്റി ചര്‍ച്ചകള്‍ കൊഴുത്തു. ഒരുവിധത്തിലുമുള്ള പരിശോധനകളും ചെയ്യാതെ "ശത്രുരാജ്യങ്ങ"ളില്‍നിന്നുള്ള ആളുകളെ "ഇറക്കുമതി" ചെയ്യുന്നതിനെതിരേയുള്ള രോഷം ഇരമ്പി!

ഏറെക്കഴിഞ്ഞാണ് യഥാര്‍ത്ഥ പ്രതിയേപ്പറ്റിയുള്ള വാര്‍ത്ത വന്നത്. അവന്‍ വെളുത്ത വര്‍ഗ്ഗക്കാരനാണ്! പൊലീസിന്റെ അറിയിപ്പനുസരിച്ച്' ഈ 'മുസ്ലീം പെണ്‍കുട്ടിയുമായി' അറിയപ്പെടുന്ന ബന്ധമൊന്നുമില്ല. "അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല" എന്നൊരു താങ്ങും.

പക്ഷേ സൈമയുടെ ആക്രമണത്തോടെയുണ്ടായ ബഹളം ആ ആക്രമണകാരിയെ പരിഭ്രാന്തനാക്കിയിരുന്നു. അവന്‍ അവന്റെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തു. തിരിച്ച് പോലീസുകാര്‍ അവനെ വെടിവെച്ചു. മൂന്നു ടീച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ആക്രമണകാരി കൊല്ലപ്പെട്ടു. അതായിരുന്നു അടുത്ത ബ്രേക്കിങ്ങ് ന്യൂസ്.

ഇത്രയൊക്കെയായിട്ടും ആ ആക്രമണകാരിയേപ്പറ്റിയായിരുന്നില്ല ചര്‍ച്ചകള്‍. ഇസ്ലാമിക തീവ്രവാദവും, പെണ്‍കുട്ടിയ്ക്ക് തീവ്രവാദികളുമായുള്ള ബന്ധവും ആക്രമണകാരിയ്ക്ക് പെണ്‍കുട്ടിയുമായി "ഉണ്ടായേക്കാവുന്ന" ബന്ധവുമൊക്കെയായിരുന്നു ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നിരുന്നത്!

ഒന്നുരണ്ടു ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി. അമേരിക്കന്‍ മാധ്യമഭീമന്മാര്‍ SQVWവിന്റെ ന്യൂസ് ഫീഡുകള്‍ അതേപടി വാങ്ങിക്കൊണ്ടിരുന്നു. ചാനലിന് വരുമാനം കുമിഞ്ഞുകൂടി.

"അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം സംഘടന സ്ഥിതിഗതികള്‍ പഠിക്കാനും യുക്തമെങ്കില്‍ മുസ്ലിം പെണ്‍കുട്ടിയ്ക്ക് നിയമസഹായത്തിനാവശ്യമായ പണം നല്‍കാനും തീരുമാനിച്ചിരിക്കുന്നു" എന്ന വാര്‍ത്തയായിരുന്നു അടുത്ത ബ്രേക്കിങ്ങ് ന്യൂസ്. പോരേ പൂരം. അടുത്തവട്ടം വാക്പോരിനുള്ള വെടിക്കോപ്പായി ആ പ്രഖ്യാപനം.

സൈമയുടെ അമ്മാവന്റെ കുടുംബത്തിന്റെ ജീവിതം അതോടെ ദുഃസ്സഹമായി. വീട്ടിനുപുറത്ത് ചാനലുകാരുടെ കൂട്ടം കാവലായി. ചാനലുകാര്‍ സമീപത്തുള്ള വീട്ടുകാര്‍ക്ക് പണം കൊടുത്ത് സിസി ക്യാമറകള്‍ രഹസ്യമായി സ്ഥാപിക്കുകവരെ ഉണ്ടായി.

"ഞങ്ങള്‍ക്ക് ആരുടേയും സഹായം വേണ്ട. എന്നാലാകുന്ന നിയമസഹായം ഞാന്‍ തന്നെ ചെയ്തുകൊള്ളാം. അതിനുശേഷം ദൈവം നിശ്ചയിക്കുന്നതുപോലെ വരട്ടെ" എന്ന് നിറകണ്ണുകളോടെ അമ്മാവന് പ്രഖ്യാപിക്കേണ്ടി വന്നു.

അങ്ങനെയിരിക്കെയാണ് സര്‍ക്കാര്‍ ഈ കേസ് ഒരു "ഭീകരാക്രമണമാകാന്‍ സാധ്യതയുള്ളത്" എന്ന നിലയിലേയ്ക്ക് ഉയര്‍ത്തി, അത് ലോക്കല്‍ പോലീസില്‍നിന്ന് ഒഴിവാക്കി എഫ്ബിഐയെ ഏല്‍പ്പിച്ചത്.

നിയുക്ത എഫ്ബിഐ ഏജന്റ് ടബയാസ് ഒരു ഗൗരവക്കാരനാണ്. ഒരാളോടും സംസാരിക്കുന്ന പതിവില്ല. കേസ് ഫയലുകള്‍ ലഭിച്ചതോടെ പോലീസുകാരെയെല്ലാം അദ്ദേഹം പൂര്‍ണ്ണമായും ഒഴിവാക്കി.

അതോടെ ന്യൂസ് ചാനലുകള്‍ക്ക് വാര്‍ത്തകള്‍ കിട്ടാതായി. ടിവിയിലെ ആക്രോശങ്ങള്‍ക്ക് ശമനമായി. സൈമയുടെ കുടുംബത്തിന് പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യമായി.

വസ്തുനിഷ്ഠമായ, കര്‍ക്കശമായ, അതീവരഹസ്യമായ അന്വേഷണമാണ് മിസ്റ്റര്‍ ടബയാസിന്റെ രീതി. ആരേയും കൂസാത്ത പ്രകൃതം. ആരേയും ഒഴിവാക്കാത്ത നിഷ്ഠ.

സൈമയെ കാണാന്‍ ആഴ്ചകളോളം അദ്ദേഹം ആരേയും അനുവദിച്ചില്ല. സിനിമകളല്ലാതെ യാതൊന്നും സൈമ കാണുന്നില്ലെന്ന് ഉറപ്പാക്കി. വാര്‍ത്തയുമായി ബന്ധപ്പെട്ടെ യാതൊന്നും സൈമ അറിയരുതെന്ന കര്‍ശനമായ ഉത്തരവ് അദ്ദേഹം എല്ലാവര്‍ക്കും നല്‍കിയിരുന്നു.

സൈമയുടെ ശാരീരികവും മാനസികവുമായുള്ള പൂര്‍ണ്ണമായ രോഗമുക്തി - അതുമാത്രമായിരുന്നു, അദ്ദേഹത്തിനു വേണ്ടിയിരുന്നത്.

സൈമയുടെ കേസ് പാസ്റ്റര്‍ കോര്‍മിക് ഏറ്റെടുത്തു എന്ന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ ചലനമുണ്ടാകിയ അടുത്ത വാര്‍ത്ത.

പാസ്റ്ററുടേത് ഒരു കൗതുകകരമായ വ്യക്തിത്വമാണ്. നാല്പത്തിയൊന്നു വയസ്സു വരെ അറിയപ്പെടുന്ന ഒരു കോര്‍പ്പറേറ്റ്/ക്രിമിനല്‍ വക്കീലായിരുന്നു വില്‍ഫ്രെഡ് കോര്‍മിക്. നാല്പത്തിയൊന്നാം വയസ്സില്‍ പുള്ളിയ്ക്ക് ദൈവവിളി വന്നു. അന്നുമുതല്‍ പുള്ളി കഴുത്തറപ്പന്‍ വക്കീല്‍ പണിയ്ക്ക് സുല്ലുപറഞ്ഞ് ദൈവവചനപ്രചാരകനായി. ഇടയ്ക്ക് ചില കേസുകള്‍ മാത്രമേ പുള്ളി വാദിക്കാറുള്ളൂ. അതിന് ഒന്നുകില്‍ പ്രതി പൂര്‍ണ്ണമായും നിരപരാധിയായിരിക്കണം. അല്ലെങ്കില്‍ കുറ്റകൃത്യത്തില്‍ പ്രതിയുടെ ശരിയായ പങ്ക് കോടതിയില്‍ വ്യക്തമായും സത്യസന്ധമായും പൂര്‍ണ്ണമായും ഏറ്റുപറയാന്‍ തയ്യാറായിരിക്കണം. സ്വാഭാവികമായും വളരേ വിരളമായേ പുള്ളിയ്ക്ക് കക്ഷികളെ കിട്ടാറുള്ളൂ.

പക്ഷേ അദ്ദേഹം കേസ് ഏറ്റെടുത്താല്‍ നിരപരാധി ഉറപ്പായും രക്ഷപ്പെടും. കുറ്റം ഏറ്റുപറഞ്ഞവന് ഏറ്റവും കുറഞ്ഞ ശിക്ഷയേ ലഭിക്കൂ. ഇത് അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ആണ്.

പാസ്റ്റര്‍ ഈ കേസ് ഏറ്റെടുത്തതില്‍ മിക്കവര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നെങ്കിലും ആരും അത് പുറത്തു പ്രകടിപ്പിച്ചില്ല. അത്രമാത്രം കറതീര്‍ന്ന വ്യക്തിത്വവും ജനസ്വാധീനവുമുള്ള ഒരു പാസ്റ്ററാണ് അദ്ദേഹം. "പാസ്റ്റര്‍ കോര്‍മിക് നീതിയ്ക്കു വേണ്ടി നിലകൊള്ളുന്നതിനൊപ്പം രാജ്യത്തിന്റെ പൊതുവായ സുരക്ഷാ താല്പര്യങ്ങളേക്കുറിച്ചുകൂടി ചിന്തിക്കാമായിരുന്നു" എന്നു നിര്‍ദ്ദേശിച്ച ഒരു റേഡിയോ അവതാരകന് കണക്കിന് ശകാരമാണ് ജനങ്ങളില്‍നിന്നു കിട്ടിയത്.

വക്കാലത്ത് ഏറ്റെടുത്ത ഉടന്‍ പാസ്റ്റര്‍ ചെയ്തത് ലോക്കല്‍ പൊലീസിനെതിരെ ഒരു കേസ് ഫയല്‍ ചെയ്യുക എന്നതായിരുന്നു. സൈമയുടെ അമ്മാവന് അഞ്ചു ദിവസത്തിനുള്ളില്‍ കിട്ടിയത് ഏഴു ട്രാഫിക് ടിക്കറ്റുകള്‍! അതും തീരെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ്. ട്രാഫിക് ഫ്ലോ ബ്ലോക് ചെയ്യുന്നു, ലേറ്റ് ആയി സിഗ്നല്‍ ചെയ്ത് തിരിയുന്നു, ഏറെ നേരം സിഗ്നല്‍ ചെയ്തിട്ടും ലേന്‍ ചേഞ്ച് ചെയ്യുന്നില്ല എന്നിങ്ങനെ. ഒരുകണക്കിന് സൈമ ഒരു പൊലീസുകാരനെ ആക്രമിച്ചതിലും ആ കേസ് അന്വേഷണം സ്വന്തം കയ്യില്‍നിന്നു വിട്ടു പോയതിലുമുള്ള ചൊരുക്കു തീര്‍ക്കുകയായിരുന്നു, ലോക്കല്‍ പോലീസ്. അവസാനം അമ്മാവന് വണ്ടി ഓടിക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വന്നു.

പാസ്റ്റര്‍ കേസ് ഫയല്‍ ചെയ്യുകയും വാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിറയുകയും ചെയ്തതോടെ പൊലീസ് പ്രതിരോധത്തിലായി. പാസ്റ്റര്‍ വാദിച്ചാല്‍ ഈ കേസ് തോല്‍ക്കുമെന്ന് പൊലീസിന് ഉറപ്പായിരുന്നു. അമ്പതിനായിരം ഡോളറും ഒരു മാപ്പപേക്ഷയും നല്‍കി പൊലീസ് അത് കോടതിയ്ക്കു പുറത്ത് തീര്‍പ്പാക്കി.

പിന്നെ കുറച്ചുകാലം സ്ഥിതിഗതികളെല്ലാം ശാന്തമായിരുന്നു.(തുടരും)

Sunday, April 30, 2017

സൈമ (നാലാം ഭാഗം)

പോലീസുകാര്‍ വാഹനങ്ങളില്‍നിന്ന് ഓടിയിറങ്ങി സ്കൂളിനെ വലയം ചെയ്തു. റൈഫിളുകളേന്തിയ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. സ്റ്റാഫ് റൂമിനു തൊട്ടു വെളിയില്‍ പിസ്റ്റള്‍ ഊരിപ്പിടിച്ച് നാലഞ്ചു പോലീസുകാര്‍ മറഞ്ഞു നിന്നു.

അഞ്ചുമിനിറ്റിനകം സ്കൂള്‍ കെട്ടിടം ഒഴിപ്പിക്കുവാന്‍ തുടങ്ങി. കമാന്‍ഡന്റ്സ് കഴിയുന്നത്ര നിശബ്ദമായും കര്‍ക്കശമായും നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. എല്ലാവരും എത്രയും പെട്ടന്ന് പോലീസുകാര്‍ പറയുന്ന വഴിയിലൂടെ സ്കൂളിന്റെ മതിലിനുപുറത്തുള്ള ഒരിടത്ത് ചെന്നുനില്‍ക്കണം. മാതാപിതാക്കളാരെങ്കിലും വന്നാല്‍ ഉടനേ അവരുടെ കൂടെ സ്ഥലം വിട്ടോളണം.

ആദ്യം ഒഴിപ്പിച്ചത് സൈമയുടെ ക്ലാസ്സിനെയാണ്. കുട്ടികളെല്ലാവരും തന്നെ ഭയചകിതരായിരുന്നുവെങ്കില്‍ സൈമയുടെ മനസ്സിനുള്ളില്‍ ഒരു മഹാ ഭൂകമ്പം തന്നെയായിരുന്നു. ഇറാഖിലെ ഭൂതകാലം അവളുടെ മനസ്സില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. ആയുധധാരികളും ബലിഷ്ഠരുമായ പോലീസുകാര്‍ അവളെ ഭയപ്പെടുത്തി.

ക്ലാസ്സ് ടീച്ചറുടെ കൈകളിലിരുന്ന് അവളുടെ കൈകള്‍ കിടുകിടാ വിറച്ചു.

പുറത്തുകടന്ന സൈമ സ്കൂള്‍ മതില്ലില്‍ ചാരി തറയിലിരുന്ന് അബുവിനെ പ്രതീക്ഷിച്ചിരിപ്പായി. ക്ലാസ്സുകള്‍ ഒന്നൊന്നായി ഒഴിപ്പിച്ചുകൊണ്ടിരുന്നു. മൂന്നുനാലു ക്ലാസ്സുകള്‍ വന്നപ്പോഴേയ്ക്കും അവള്‍ വല്ലാതെ അസ്വസ്ഥയായി.

അബു ഇതുവരെ വന്നിട്ടില്ല!

അബുവിന്റെ ക്ലാസ്സ് സ്റ്റാഫ് റൂമിനടുത്തായതുകൊണ്ട് മിക്കവാറും ഒടുക്കമേ അവനെ പുറത്തുകൊണ്ടുവരാന്‍ സാദ്ധ്യതയുള്ളൂ എന്ന് ടീച്ചര്‍ പറഞ്ഞു. വളരെ സുരക്ഷിതമായി എളുപ്പത്തില്‍ ഒഴിപ്പിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്കാണ് മുന്‍ഗണന.

അതവളെ ഒന്നുകൂടി പരിഭ്രാന്തയാക്കി.

ഇതിനിടെ അമ്മായി വന്നത് ടീച്ചറിനല്പം ആശ്വാസമായി.

കുട്ടികള്‍ ഓരോ ബാച്ചായി പിന്നേയും പുറത്തിറങ്ങിക്കൊണ്ടിരുന്നു. ഓരോ കൂട്ടത്തിലും അവള്‍ അബുവിനെ തിരയും. കാണാതാകുമ്പോള്‍ അമ്മായിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയും.

അക്രമി അപ്പോഴും സ്റ്റാഫ് റൂമിലെ ടീച്ചര്‍മാരെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.  ഏതോ ഒരു ടീച്ചറോട് അവന് പകയുണ്ടായിരുന്നു. പക്ഷേ ആ ടീച്ചര്‍ അവന്‍ സ്റ്റാഫ് റൂമില്‍ ഇടിച്ചുകയറിയപ്പോള്‍ റൂമിലുണ്ടായിരുന്നില്ല. ടീച്ചറെ റൂമില്‍ കൊണ്ടുവന്നില്ലെങ്കില്‍ മറ്റു ടീച്ചര്‍മാരെ വധിക്കുമെന്നാണവന്റെ ഭീഷണി.

പോലീസുകാര്‍ ഉച്ചഭാഷിണിയിലൂടേയും ഫോണിലൂടേയും അവനുമായി സംസാരിച്ചുകൊണ്ടിരുന്നു. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നിടത്തോളം ആര്‍ക്കും അപകടമില്ല. അതുകൊണ്ട് അവന്‍ ശാന്തനാകുംവരെ അവനോട് സംസാരിച്ചുകൊണ്ടുതന്നെ ഇരിക്കണം

ഏതാണ്ട് നാല്പതുമിനിറ്റിനുശേഷമാണ് അബുവിന്റെ ക്ലാസ്സിനെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്. സ്കൂളിനു വെളിയില്‍ വന്നാല്‍ സ്റ്റാഫ് റൂമിന്റെ ജനലയുടെ അടുത്തുകൂടിവേണം അവര്‍ക്ക് പുറത്തുകടക്കാന്‍. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ഹെല്‍മെറ്റും ധരിച്ച അഞ്ച് പോലീസുകാര്‍ കവര്‍ ചെയ്തിട്ടാണ് ആറു കുട്ടികളെ വീതം പോലീസ് പുറത്തു കടത്തിക്കൊണ്ടിരുന്നത്. അതും വളരേ നിശ്ശബ്ദതയോടെയും സൂക്ഷ്മതയോടെയും.

നീണ്ട കാത്തിരിപ്പിനൊടുവില്‍ സൈമ അബുവിനെ കണ്ടു. അവന്‍ സ്വയമുണ്ടാക്കിയ ഒരു പേപ്പര്‍ പമ്പരം കറക്കിക്കൊണ്ട് പോലീസുകാരോടൊപ്പം നില്‍ക്കുകയാണ്.

അപ്പോള്‍ എങ്ങുനിന്നോ ഒരു കാറ്റുവന്നു. അബുവിന്റെ കയ്യിലുള്ള പമ്പരം ആ കാറ്റില്‍ പറന്ന് സ്കൂള്‍ കെട്ടിടത്തിന്റെ ചുമരില്‍ത്തട്ടി താഴെ വീണു. അബു ഉടനേ ആ പമ്പരത്തിന്റെ പിന്നാലെ ഒറ്റയോട്ടം!

ഒരു പോലീസ് കമാന്‍ഡോ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അയാള്‍ പെട്ടന്ന് അബുവിനുമേല്‍ ചാടിവീണു. അവനെ തൂക്കിയെടുത്ത് ഒരു വശത്തേയ്ക്കു കൊണ്ടുപോയി.

സൈമയുടെ തലയില്‍ ഒരു അമിട്ടുപൊട്ടിയ നിമിഷമായിരുന്നു അത്. അവളുടെ പിതാവിനേയും ജ്യേഷ്ഠനേയും പോലീസ് വീട്ടില്‍നിന്നു തൂക്കിയെടുത്തു പുറത്തുകൊണ്ടുപോയ അതേ പോലെ! ഇനിയവര്‍ അവനെ വെടിവെച്ചുകൊല്ലും!! അയ്യോ!!

പിന്നൊന്നും ആലോചിച്ചില്ല.വലിയൊരലര്‍ച്ചയോടെ അവള്‍ അബുവിനു നേരേ ഓടി. പിന്നില്‍നിന്ന് ടീച്ചര്‍മാരുടേയും അമ്മായിയുടേയും പോലീസിന്റേയുമൊന്നും വിളികള്‍ അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

ചൂണ്ടുവിരലും നടുവിരലും ബലമായി ചേര്‍ത്തുപിടിച്ച് അവള്‍ ആ പോലീസ് കമാന്‍ഡോയുടെ കഴുത്തില്‍ ആഞ്ഞു കുത്തി - കൃത്യം ഹെല്‍മെറ്റിനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനും ഇടയിലുള്ള തുറന്ന ഭാഗത്ത്. വാലിദ് പഠിപ്പിച്ച തന്ത്രമാണ്.

അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ആ കമാന്‍ഡോ നിലംപതിച്ചു. ഇതുകണ്ട് മറ്റൊരു കമാന്‍ഡോ അവള്‍ക്കുനേരേ ഓടിയടുത്തു. അയാള്‍ അടുത്തെത്തിയപ്പോള്‍ അവള്‍ ഊര്‍ന്നു താഴെവീണ് അയാളൂടെ നിലത്തൂന്നിയ കാലിന്റെ കണങ്കാലില്‍ ആഞ്ഞുചവിട്ടി. അയാള്‍ ഓടിയ അതേ വേഗത്തില്‍ അവളുടെ ദേഹത്തിനുമേലേയ്ക്കു പതിച്ചു.

ഇത്തരം ആക്രമണങ്ങള്‍ നോക്കിനില്‍ക്കുന്ന ശീലം അമേരിക്കയിലെ പോലീസുകാര്‍ക്കില്ല. മൂന്നുവെടിയുണ്ടകള്‍ സൈമയുടെ നേരേ പാഞ്ഞുവന്നു.

പക്ഷേ അവളെ മറച്ചുകൊണ്ട് ആ കമാന്‍ഡോ അവളുടെ ശരീരത്തിനുമേല്‍ ഉണ്ടായിരുന്നു. വെടിയുണ്ടകളൊന്നും തന്നെ അവളുടെ ദേഹത്തു കൊണ്ടില്ല.

അതിനകം അവള്‍ ബോധരഹിതയായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് പിന്നൊരു കീഴ്‌പെടുത്തലിന്റെ ആവശ്യവും വന്നില്ല.

ബോധം തെളിയുമ്പോള്‍ അവള്‍ ആശുപത്രിയിലാണ്. വളരേയധികം മരുന്നുകളുടെ സ്വാധീനത്തില്‍, അനങ്ങാന്‍ പോലുമാകാതെ.

പോലീസുകാര്‍ പല തവണയായി വന്ന് അവളില്‍നിന്ന് മൊഴിയെടുത്തു.

അബുവിനേപ്പറ്റി അവള്‍ ചോദിച്ചു. അബു സുരക്ഷിതനാണെന്നും താന്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതിനാല്‍ ബന്ധുക്കളെ ആരേയും കാണാന്‍ അനുവദിക്കില്ലെന്നും മറ്റൊന്നും അങ്ങോട്ടു ചോദിക്കേണ്ടെന്നും പോലീസുകാര്‍ കര്‍ക്കശമായി പറഞ്ഞു.

(തുടരും)

Saturday, March 18, 2017

സൈമ (മൂന്നാം ഭാഗം)

ആറുമാസം മുമ്പ് സൈമയുടെ മനസ്സിനുള്ളിലെ ചെകുത്താന്‍മാര്‍ അവള്‍ക്കുമേല്‍ പിടിമുറുക്കിത്തുടങ്ങി.

അവള്‍ ഋതുമതിയായി. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അവളുടെ വൈകാരികസ്ഥിതി തീവ്രമാക്കി. കലശലായി ദേഷ്യപ്പെടുകയും ഇടയ്ക്കിടെ പൊട്ടിക്കരയുകയും ചെയ്യുന്നത് പതിവായി. സമപ്രായക്കാരായ കുട്ടികള്‍ ബോയ്ഫ്രെന്‍ഡും ഗേള്‍ഫ്രെന്‍ഡുമൊക്കെയായി അര്‍മാദിക്കുമ്പോള്‍ അത്തരം ബന്ധങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത അവള്‍ ഒറ്റപ്പെട്ടു. ഒരു നൂറായിരം ചിന്തകളും പേടികളും അവളുടെ മനസ്സില്‍ വന്നു നിറഞ്ഞു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാതെയായി. പരീക്ഷകളില്‍ തോല്‍വി പതിവായി.

അതേ സമയത്താണ് അബു അല്പാല്പമായി സ്വതന്ത്രനാവാന്‍ തുടങ്ങിയത്. ചേച്ചി കുളിപ്പിക്കുന്നതും തോര്‍ത്തുന്നതുമൊക്കെ അവന്‍ അനുവദിക്കാതായി. പഠിക്കാനായി അമ്മാവന്റെ മക്കളുടെ അടുത്തേയ്ക്ക് പോയിത്തുടങ്ങി. സ്കൂളില്‍ ബ്രേക്ക് സമയത്ത് അവനെ കാണാന്‍ ചെല്ലുമ്പോള്‍ അവന്‍ അവളെ വഴക്കുപറഞ്ഞ് ഓടിച്ചു. ബോംബിങ്ങും വെടിവെയ്പും ഇടിച്ചുതകര്‍ക്കലുമൊക്കെയുള്ള ഹോളിവുഡ് ആക്ഷന്‍ സിനിമകളും പ്ലേസ്റ്റേഷന്‍ ഗെയിമുകളും അവന് പ്രിയങ്കരമായി. സോക്കറും ബാസ്കറ്റ് ബോളും കളിച്ച് പതിവായി പരിക്കോടെ വരികയും അതിനുള്ള ചികില്‍സയില്‍ അവള്‍ ഇടപെടാന്‍ നോക്കുമ്പോള്‍ അവളെ തള്ളിമാറ്റുകയും പതിവായി.

അമ്മയ്ക്കു കൊടുത്ത വാക്കു പാലിക്കാന്‍ പറ്റാത്തവിധമുള്ള അബുവിന്റെ നിസ്സഹകരണം അവളുടെ മനസ്സിനെ എരിച്ചുകൊണ്ടിരുന്നു. അബുവിനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി അവള്‍ ഭയപ്പെട്ടു.

എല്ലാ സങ്കടങ്ങളും പറയാനും രാത്രി കൂടെക്കിടക്കാനും അവള്‍ക്ക് അമ്മായി മാത്രമായി.

ഏതാണ്ട് മൂന്നു മാസങ്ങള്‍ക്കുമുമ്പ് അവളുടെ മാനസികാവസ്ഥ സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. കണക്കില്‍ ഏതോ ക്ലാസ് വര്‍ക്ക് ചെയ്യിക്കുകയായിരുന്നു ടീച്ചര്‍. സൈമ ചെയ്തതൊക്കെ പൊട്ടത്തെറ്റ്. ടീച്ചര്‍ ചെറുതായൊന്ന് ഗുണദോഷിച്ചതേയുള്ളൂ, അവള്‍ വലിയവായില്‍ പൊട്ടിക്കരയാന്‍ തുടങ്ങി.

ആകെ അമ്പരന്ന ടീച്ചര്‍ അവളെ സ്റ്റാഫ് റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ടീച്ചര്‍മാരെല്ലാവരും കൂടി ശ്രമിച്ചിട്ടും അവളുടെ കരച്ചില്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. വെള്ളം കൊടുത്തത് കുടിച്ചില്ല. ഒരു ചോക്കലേറ്റ് കൊടുത്തത് അവളുടെ കയ്യിലിരുന്ന് കിടുകിടാ വിറച്ചു.

പ്രിന്‍സിപ്പല്‍ ഉടനേ അമ്മാവന് ഫോണ്‍ ചെയ്തു.  അര മണിക്കൂറിനുള്ളില്‍ അമ്മാവനും അമ്മായിയും ഓടിയെത്തി.

അമ്മായി വന്ന് അവളുടെ കൈ പിടിച്ച് ഒപ്പമിരുന്നു. പത്തു മിനിട്ടോളം കഴിഞ്ഞപ്പോള്‍ അവള്‍ അല്പം ശാന്തയായി.

ഇതിനുമുമ്പ് ഇങ്ങനെയെല്ലാം ഉണ്ടായിട്ടുണ്ടോയെന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചു. അമ്മായി അവളുടെ ജീവിതകഥ എല്ലാം തുറന്നു പറഞ്ഞു.

കുട്ടിയെ എത്രയും പെട്ടന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്ന് ടീച്ചര്‍മാര്‍ ഒന്നടങ്കം നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്യാമെന്ന് സമ്മതിപ്പിച്ചാണ് അന്ന് സൈമയെ സ്കൂളില്‍നിന്നും വിട്ടത്.

പക്ഷേ അതിനു കഴിയും മുമ്പ് - അതായത് വെറും രണ്ടു ദിവസത്തിനു ശേഷം - സൈമയേയും സ്കൂളിനേയും ആ പട്ടണത്തേയും എന്തിന് മൊത്തം അമേരിക്കയേത്തന്നെ കീഴ്മേല്‍ മറിച്ച സംഭവവികാസങ്ങളുണ്ടായി.

ഒരു പതിവു സ്കൂള്‍ ദിനം തന്നെയായിരുന്നു അന്ന്.

രാവിലെ കുട്ടികളെല്ലാം സ്കൂളില്‍ വന്ന് അവരവരുടെ ലോക്കറുകള്‍ തുറന്ന് സാധങ്ങള്‍ വെയ്ക്കുകയായിരുന്നു. അവിചാരിതമായാണ് ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ഒരു നീണ്ട അടുക്കളക്കത്തി ഊര്‍ന്നു വീണത്.

അടുത്തുണ്ടായിരുന്ന കുട്ടികള്‍ അതുകണ്ട് ബഹളം വെച്ചു. അവന്‍ പെട്ടന്ന് കത്തിയും ബാഗില്‍ നിന്ന് ഒരു കൈത്തോക്കുമെടുത്ത് സ്റ്റാഫ് റൂമിനു നേരെ ഒറ്റയോട്ടമായിരുന്നു.

 നിമിഷങ്ങള്‍ക്കകം സ്കൂളില്‍ അപായമണി മുഴങ്ങി. കുട്ടികളെല്ലാം ക്ലാസ്സില്‍ കയറാനും ക്ലാസ്സ് മുറികള്‍ അടച്ചിടാനുമുള്ള അറിയിപ്പ് പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ വന്നുകൊണ്ടിരുന്നു. കാതടപ്പിക്കുന്ന സൈറനുകളുമായി പോലീസ്, ആംബുലന്‍സ്, ഫയര്‍ വാഹനങ്ങള്‍ പാഞ്ഞുവന്ന് സ്കൂളിനു ചുറ്റും നിലയുറപ്പിച്ചു.

(തുടരും)

Saturday, March 4, 2017

സൈമ (രണ്ടാം ഭാഗം)

സൈമ ജനിച്ചത് ഇറാക്കിലെ മോസൂള്‍ പട്ടണത്തിനരികിലുള്ള ഒരു ഗ്രാമത്തിലാണ്. സൈമയുടെ വാലിദിന് കുര്‍ദുകളുടെ 'പെഷ്മെര്‍ഗാ' സൈന്യത്തിലായിരുന്നു ജോലി. സദ്ദാമിന്റെ പതനത്തിനുശേഷം യുദ്ധത്തില്‍ സാരമായി പരിക്കേറ്റ അദ്ദേഹം സൈന്യം വിട്ട് തിരികേ ഗ്രാമത്തിലേയ്ക്കു വന്നു. ടൈഗ്രിസ് നദിയുടെ തീരത്ത് അല്പം കൃഷിയും കച്ചവടവുമൊക്കെയായി ഒരു സാധാരണ കുടുംബജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

ഇറാക്കില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതോടെ കുര്‍ദിസ്ഥാനില്‍ പോലീസ് നിരീക്ഷണവും രഹസ്യാന്വേഷണവും നടപടികളും ശക്തമായി. പതിവായി പോലീസുകാര്‍ ഗ്രാമവാസികളെ കാണാനും ചോദ്യം ചെയ്യാനും അവര്‍ക്ക് റിബലുകളോട് ബന്ധമുണ്ടോയെന്ന് പരിശോധിക്കാനും വരുമായിരുന്നു.

ഒരിക്കല്‍ അവര്‍ വന്നപ്പോള്‍ ചോദ്യം ചെയ്യലൊന്നും ഉണ്ടായില്ല. വാലിദിനേയും ചേട്ടനേയും വീട്ടില്‍നിന്നു വലിച്ചിഴച്ച് മുറ്റത്ത് മുട്ടുകുത്തിനിര്‍ത്തി വെടിവെച്ചു കൊന്നു. അവരെ മാത്രമല്ല, ആ ദിവസം ഗ്രാമത്തിലെ പത്തുവയസ്സിനു മുകളിലുള്ള മിക്ക ആണുങ്ങളേയും അവര്‍ കൊന്നുകളഞ്ഞു. ആ പോലീസുകാര്‍ ഇസ്ലാമിക് സ്റ്റേറ്റിനോടൊപ്പം ചേര്‍ന്നിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്.

അമ്മയെ അവര്‍ എങ്ങോട്ടോ വലിച്ചിഴച്ചു കൊണ്ടുപോയി. ഇളയവന്‍ അബുവിന് അന്ന് കടുത്ത പനിയായിരുന്നു. "അബുവിനെ നോക്കണേ മോളേ" എന്നാണ് അലറിക്കരഞ്ഞുകൊണ്ടു പോകുമ്പോഴും അമ്മ അവസാനമായി അവളോടു പറഞ്ഞത്.

അന്ന് ഈ സൈമയേയും അബുവിനേയും അവര്‍ കൊന്നില്ല. എന്തുകൊണ്ടാണെന്നറിയില്ല. അതുകൊണ്ടാണ് ഇന്നും ഈ ലോകത്ത് ജീവനോടെയിരിക്കുന്നത്.


പിറ്റേ ദിവസം ഇറാക്കി-നാറ്റോ സൈനിക സഖ്യത്തിന്റെ മുന്നേറ്റമായിരുന്നു ആ ഗ്രാമത്തിലേയ്ക്ക്. കാതടപ്പിക്കുന്ന ശബ്ദത്തോടെ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആകാശത്തും, ഇറാക്കി സൈനിക ടാങ്കുകളും ട്രക്കുകളും ഭൂമിയിലും ഭീകരത നിറച്ചു. ഗ്രാമത്തില്‍ ജീവനോടെ ബാക്കിയുണ്ടായിരുന്ന എല്ലാവരേയും അവര്‍ ഒരു കവചിതവാഹനത്തില്‍ക്കയറ്റി. എന്നിട്ട് അവിടെയുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇടിച്ചുനിരത്തി. ഭീകരര്‍ക്ക് അതൊരു ഒളിത്താവളമായി മാറാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്.

അമേരിക്കന്‍ സൈന്യത്തിനെ സംരക്ഷണയിലുള്ള ഒരു അഭയാര്‍ത്ഥികേന്ദ്രത്തിലാണ് ആ വാഹനം ചെന്നുനിന്നത്. അവിടെയുള്ള മുതിര്‍ന്നവര്‍ ചിലര്‍ പറഞ്ഞ സംഭവങ്ങള്‍ കൂടി കേട്ടപ്പോള്‍ ഭ്രാന്തുപിടിക്കുന്ന പോലെയായി. അപ്പോഴും അബുവിനെ മുറുകെ ചേര്‍ത്തുപിടിച്ചുകൊണ്ടിരുന്നു. അമ്മയ്ക്ക് വാക്കുകൊടുത്തതാണല്ലോ.

രണ്ടാഴ്ച അഭയാര്‍ത്ഥി ക്യാമ്പില്‍. ജീവിതത്തില്‍ ഏറ്റവും ദുസ്സഹമെന്നു തോന്നിയ താമസം. ദിവസേന പോര്‍വിമാനങ്ങളുടെ ഇരമ്പല്‍, പീരങ്കികളും റോക്കറ്റുകളും പൊട്ടുന്ന ശബ്ദം, ഓരോ ദിവസവും ഭീകരാനുഭവങ്ങള്‍ പേറുന്ന നൂറ്റുക്കണക്കിന് പുതിയ അഭയാര്‍ത്ഥികള്‍.

അങ്ങനെയിരിക്കേയാണ് ഒരു ദിവസം ഒരു അറബിക് സംസാരിക്കുന്ന നേഴ്സ് സൈമയേയും അബുവിനേയും ഒരു ബസ്സിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. ബസ്സില്‍ ഏതാണ്ട് ഇരുപതോളം പേരുണ്ട്.

"ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?" സൈമ ആ നേഴ്സിനോടു ചോദിച്ചു.

"ഇപ്പോള്‍ ബാഗ്ദാദിലേയ്ക്ക്. അവിടെനിന്ന് വിമാനം വഴി അമേരിക്കയ്ക്ക്"

സൈമ ഒന്നും പറഞ്ഞില്ല. അബുവിനെ ചേര്‍ത്തുപിടിച്ചുകൊണ്ടിരുന്നു.

രണ്ടുദിവസത്തിനകം അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ അംഗീകാരമുള്ള  കുര്‍ദ് അഭയാര്‍ത്ഥികളായി സൈമയും അബുവും സൈന്യത്തിന്റെ പ്രത്യേകവിമാനത്തില്‍ ന്യൂയോര്‍ക്കില്‍ വന്നിറങ്ങി.

അങ്ങനെയാണ് ഈ രാജ്യത്ത് എത്തിയത്.


ഏറെ ഭയത്തോടെയാണ് വിമാനത്തില്‍നിന്നിറങ്ങിയതെങ്കിലും മണിക്കൂറുകള്‍ക്കകം അതെല്ലാം ഇല്ലാതായി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പോലീസുമൊക്കെ വളരേ മധുരമായാണ് പെരുമാറിയത്. കൂട്ടത്തില്‍ ചെറുപ്പക്കാരായ സന്നദ്ധപ്രവര്‍ത്തകരും ഉണ്ടായിരുന്നു. സൈമയേയും അബുവിനേയും സ്വീകരിച്ച വളന്റിയറിന്റെ പേര് "സബാ" എന്നായിരുന്നു. എത്ര സുന്ദരമായ അറബിക് ആയിരുന്നെന്നോ അവരുടേത്! അബുവുമായി പെട്ടന്നു കൂട്ടായി.

സബാ ആണ് അവരുടെ വിവരങ്ങളെല്ലാം ഫോമുകളില്‍ രേഖപ്പെടുത്തിയത്. അതില്‍ ഒരു ചോദ്യമായിരുന്നു അമേരിക്കയില്‍ പരിചയമുള്ള ആരെങ്കിലും ഉണ്ടോയെന്ന്. മൂന്നു വര്‍ഷം മുമ്പ് നാട്ടില്‍ വന്നു പോയ 'കമാല്‍' അമ്മാവനെ അവള്‍ ഓര്‍ത്തെടുത്തു. അമ്മാവന്‍ എന്നാല്‍ അമ്മയുടെ അമ്മയുടെ ചേച്ചിയുടെ മകന്‍. എവിടെയാണ് താമസിക്കുന്നത് എന്നൊന്നും അറിയില്ലായിരുന്നു. ഏതോ കോളേജില്‍ അദ്ധ്യാപകനാണെന്നു മാത്രം ഓര്‍മ്മയുണ്ടായിരുന്നു.

അത്രയും വിവരം മാത്രം വെച്ചുകൊണ്ടുതന്നെ സബാ അമ്മാവനെ കണ്ടെത്തി. മൂന്നാം ദിവസം അമ്മാവനും അമ്മായിയും ന്യൂയോര്‍ക്കിലെത്തി. അബുവിനേയും സൈമയേയും കണ്ടയുടന്‍ ഓടിവന്നു കെട്ടിപ്പിടിച്ച് "യാ അല്ലാഹ്" എന്നു വലിയ വായില്‍ കരഞ്ഞത് അതുവരെ കണ്ടിട്ടേയില്ലാത്ത അമ്മായിയായിരുന്നു. അമ്മാവന്‍ സംഘര്‍ഷങ്ങളെല്ലാം ഉള്ളിലൊതുക്കി ശാന്തമായി നിന്നു.

അന്നുതന്നെ അവര്‍ ചിക്കാഗോയ്ക്ക് വിമാനം കയറി. രാത്രിയായപ്പോഴേയ്ക്കും നഗരാതിര്‍ത്തിയ്ക്കു വെളിയിലുള്ള ഈ കൊച്ചുപട്ടണത്തിലെ വീട്ടിലെത്തി.

അങ്ങനെ മൂന്നു വർഷമായി ഈ നഗരത്തിൽ ഉണ്ട്...


ആദ്യത്തെ ഒരു വർഷം സൈമ നന്നേ ബുദ്ധിമുട്ടി. ഇംഗ്ലീഷ് പഠിച്ചെടുക്കാൻ വളരേ കഷ്ടപ്പെട്ടു. നാട്ടിൽ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച് ജീൻസും ടിഷർട്ടും സ്കര്‍ട്ടും പാന്റുമൊക്കെ ധരിക്കാൻ ശീലിക്കേണ്ടി വന്നു. നാട്ടിലെ രുചികളിൽനിന്ന് വ്യത്യസ്തമായ പാശ്ചാത്യ ഭക്ഷണരീതികളുമായി പൊരുത്തപ്പെടേണ്ടി വന്നു. പേരിന്റെ സ്പെല്ലിങ് പോലും അമ്മാവന്റെ താല്പര്യപ്രകാരം Zaimaയിൽ നിന്ന് Saima എന്നും Rasool മാറ്റി ഇംഗ്ലീഷിലെ റസല്‍ എന്ന പേരിന് സാമ്യം തോന്നിക്കുന്ന Rassul എന്നുമാക്കി. അബുവിന്റെ പേരും അതുപോലെ Abe എന്നാക്കി. പുതിയ നാടിന്റെ ക്രിസ്തീയയാധിഷ്ഠിത രീതികളുമായി ചേർന്നുപോകുന്നതാണ് നല്ലതെന്ന് ഏറെ ജീവിതാനുഭങ്ങളുള്ള അമ്മാവൻ എപ്പോഴും ഉപദേശിക്കുമായിരുന്നു.

അതെല്ലാം ക്രമേണ ശരിയായപ്പോഴും ഒരു പിശാചു മാത്രം അവളെ വിടാതെ പിന്തുടർന്നുകൊണ്ടിരുന്നു. അവളുടെ ഓർമ്മകൾ. വാതിൽ പെട്ടന്ന് തുറക്കുന്നതും വലിച്ചടയ്ക്കുന്നതും അവളെ നടുക്കി. പോലീസിനെ കാണുന്നത് അവളെ ഭയപ്പെടുത്തി. വലിയ വാഹനങ്ങളുടെ ഇരമ്പൽ അവളെ വിറപ്പിച്ചു. മിക്ക രാത്രികളിലും ഭീകര സ്വപ്നങ്ങൾ കണ്ട് അലറിയെഴുന്നേറ്റു. അച്ഛനെയും ജ്യേഷ്ഠനേയും വെടിവെച്ചു കൊന്നതും അമ്മയെ വലിച്ചിഴച്ചുകൊണ്ടുപോയതും വീട് ഇടിച്ചുനിരത്തിയതുമെല്ലാം പിന്നെയും പിന്നെയും അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു.സിനിമയും ടെലിവിഷനും അവള്‍ കാണുകയേയില്ലായിരുന്നു.

പക്ഷേ അവളുടെ കുടുംബത്തിന്റെ, വിശേഷിച്ച് അമ്മായിയുടെ, സ്നേഹവും കരുതലും അവള്‍ക്ക് പിന്തുണയായി. ആ വീടും പട്ടണവും സ്കൂളും അവള്‍ക്ക് ഏറേ സന്തോഷം നല്‍കി. എല്ലാവരും എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നു. പല മതങ്ങളിലും നിറങ്ങളിലും സാമ്പത്തികശേഷിയിലും ഉള്ള ആളുകളാണെങ്കിലും ആരും ആരോടും പോരടിക്കുന്നില്ല. മുതിര്‍ന്നവരും അധികാരസ്ഥാനങ്ങളിലുള്ളവരും താഴെയുള്ളവരെ ചവിട്ടിമെതിക്കുന്നില്ല, താഴെയുള്ളവര്‍ തിരിച്ച് അവര്‍ക്ക് ആവശ്യത്തിലധികം ബഹുമാനവും കൊടുക്കുകയോ അവരെ ഭയപ്പെടുകയോ ചെയ്യുന്നില്ല. ദുരനുഭങ്ങളുടെ പൊള്ളുന്ന ഓര്‍മ്മകള്‍ പേറിക്കൊണ്ടിരിക്കുമ്പോഴും ദത്തെടുത്ത നാടിന്റെ ഈ നന്മ അവള്‍ക്ക് ആശ്വാസം നല്‍കി.

എല്ലാത്തിനും ഉപരിയായി അവളുടെ ജീവിതത്തിന് താങ്ങും ലക്ഷ്യവും വെളിച്ചവുമായിരുന്നത് അബുവായിരുന്നു. അവന്‍ ചിരിക്കുന്നതും കളിക്കുന്നതും പഠിക്കുന്നതും ദേഷ്യപ്പെടുന്നതുമെല്ലാം അവള്‍ കൗതുകത്തോടെ കണ്ടുകൊണ്ടിരുന്നു. അവനെ കുളിപ്പിക്കുന്നതും ബാഗ് പാക്ക് ചെയ്യുന്നതും വസ്ത്രം ധരിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം അവളായിരുന്നു. സ്കൂളില്‍ റീസസ് സമയത്തും ലഞ്ച് ടൈമിലും അവന് ഭക്ഷണം‌ കൊടുക്കാനും കൈയ്യും മുഖവും കഴുകിക്കൊടുക്കാനും അവള്‍ ശ്രദ്ധിച്ചു. അവനു ചെറിയൊരു പരിക്കോ അസുഖമോ വന്നാല്‍ അവള്‍ ഭ്രാന്തുപിടിച്ചപോലെയാകും. ശരിക്കും അവളുടെ ജീവിതം തന്നെ അബുവിനെ ചുറ്റിപ്പറ്റി മാത്രമായിരുന്നു.

അബുവിനെ അവളെയാണല്ലോ അമ്മ ഏല്പിച്ചത്...

(തുടരും)

Saturday, February 25, 2017

സൈമ (ഒന്നാം ഭാഗം)

ആശുപത്രിയിലെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കി കൈത്തണ്ടയില്‍ ഒരു തിരിച്ചറിയല്‍ ബാന്‍ഡും കെട്ടി സൈമ ഇടതുവശത്തുള്ള ഇടനാഴിയിലേയ്ക്കു നടന്നു. ലളിതവസ്ത്രങ്ങള്‍ ധരിച്ച പോലീസുകാരിലൊരാള്‍ അവള്‍ക്കായി വാതില്‍ തുറന്നു പിടിച്ചു. അവര്‍ക്കു പിന്നാലെ മറ്റൊരു പ്ലെയിന്‍ ക്ലോത്ത്ഡ് പോലീസും ഒരു അറബിക് പരിഭാഷകയും അകത്തേയ്ക്കു കടന്നു.

കാലിനു നല്ല വേദനയുണ്ടെങ്കിലും സൈമയുടെ മുഖത്ത് അത് പ്രകടമല്ലായിരുന്നു. നടത്തം തീരെ പതുക്കെയും ഇടത്തേ കാല്‍ അല്പം വലിച്ചുമാണെന്നേയുള്ളൂ. വെറും പതിമൂന്നു വയസ്സു മാത്രമുള്ള ഒരു ചെറിയ മെലിഞ്ഞ കുട്ടിയായതുകൊണ്ടായിരിക്കാം, പോലീസ് അവളുടെ കയ്യില്‍ വിലങ്ങിട്ടിരുന്നില്ല.

കിഴക്കുവശത്തുള്ള എലെവേറ്ററിലൂടെ അഞ്ചാം നിലയിലേയ്ക്ക്, അവിടന്ന് കെട്ടിടത്തിന്റെ തെക്കേമൂലയിലുള്ള മാനസികാരോഗ്യ വിഭാഗത്തിന്റെ വെയ്റ്റിങ്ങ് റൂമിലേയ്ക്ക്.

അവിടെ പതിനഞ്ചു മിനിറ്റോളം നീണ്ട കാത്തിരിപ്പ്

"സായീമാ ഴസല്‍!!" ഒരു നേഴ്സ് അവളുടെ പേര് നീട്ടി വിളിച്ചു. "ദിസ് വേ പ്ലീസ്"

ഇരട്ടച്ചുവരുകളുള്ള ഒരു മുറിയിലേയ്ക്കാണ് അവളെ കൊണ്ടുപോയത്. ഉള്ളിലെ ചുമരുകള്‍ "വണ്‍ വേ ഗ്ലാസ്സ്" ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. പുറത്തുനില്‍ക്കുന്നവര്‍ക്ക് ഉള്ളിലുള്ളവരെ കാണാം, ഉള്ളിലുള്ളവര്‍ക്ക് പുറത്തുള്ളവരെ കാണാനാവില്ല. പുറം ചുവരുകള്‍ സൗണ്ട്പ്രൂഫ് ചെയ്തിട്ടുണ്ട്. മുറിയുടെ പ്രധാന കവാടം അടച്ചാല്‍ പുറത്തുള്ളവര്‍ക്ക് ഒന്നും കേള്‍ക്കാനാവില്ല.

പോലീസുകാര്‍ രണ്ടുപേരും ഗ്ലാസ്സിനു പുറത്ത് ഇരിപ്പുറപ്പിച്ചു. സൈമയും ദ്വിഭാഷിയും ഉള്ളിലേയ്ക്കു കയറി, അവിടെയുള്ള രണ്ടു കസേരകളില്‍ ഇരുന്നു.

കസേരയില്‍ ഘടിപ്പിച്ചിരുന്ന writing pad കസേരരുടെ കൈവരിയ്ക്കു കുറുകേയിടാന്‍ ദ്വിഭാഷി ആവശ്യപ്പെട്ടു. സൈമ അതു ചെയ്തയുടന്‍ pad രണ്ടു കൈവരികളിലും ലോക്ക് ആയി. അവള്‍ അപ്രതീക്ഷിതമായി ചാടിയെഴുന്നേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍.

കസേരകള്‍ക്കെതിരായി ഏതാണ്ട് പത്തടി ദൂരത്തില്‍ ഒരു സ്റ്റൂള്‍ മാത്രം. മച്ചില്‍ നാല് ഹാലജന്‍ വിളക്കുകള്‍, നാലു മൂലകളിലും ഓരോ വിഡിയോ കാമറ.

പിന്നേയും അഞ്ചുമിനിറ്റോളം കാത്തിരിപ്പ്, നിശബ്ദത.

പെട്ടന്ന് വാതിലില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ഏഴടിയോളം പൊക്കം. നല്ല തടിയുള്ള ഉറച്ച ശരീരം. കണ്ടാല്‍ ഒരു ഹെവിവെയ്റ്റ് ബോക്സറാണെന്നു തോന്നും.

"ആര്‍ യു പ്രൊഫസര്‍ മിസ് ഖാന്‍?" അദ്ദേഹം ദ്വിഭാഷിയോടു ചോദിച്ചു. ശബ്ദം താഴ്ത്തിത്തന്നെയാണ് അദ്ദേഹം അതു ചോദിച്ചതെങ്കിലും ആ മുറി മൊത്തം വിറയ്ക്കുന്നതായി സൈമയ്ക്കു തോന്നി. അത്രയ്ക്ക് ഘനഗാംഭീര്യവും ആജ്ഞാശക്തിയുമുണ്ടായിരുന്നു ആ ശബ്ദത്തിന്.

"യെസ് ഐ ആം സര്‍."

"പ്ലീസ്ഡ് ടു മീറ്റ് യു! ഐ ആം ഡോക്റ്റര്‍ ലെറോയ്. ഐ വില്‍ ബി ഡൂയിങ്ങ് ദ അസ്സെസ്സ്മെന്റ് ടുഡേ" എന്നു മുരണ്ടുകൊണ്ട് അദ്ദേഹം സ്റ്റൂളില്‍ പോയി ഇരുന്നു. സൈമയെ കണ്ടതായി ഭാവിച്ചതേയില്ല.

ഡോക്റ്റര്‍ ലെറോയ് ആ ആശുപത്രിയിലെ എന്നല്ല, രാജ്യത്തെതന്നെ ഏറ്റവും അറിയപ്പെടുന്ന ഫോറന്‍സിക് സൈക്യാട്രിസ്റ്റ് ആണ്. അറിയപ്പെടുന്ന എന്നുവച്ചാല്‍ എല്ലാവരും അറിയുമെന്നല്ല, കുറ്റാന്വേഷണ മേഖലയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന എന്നു വ്യക്തമാക്കേണ്ടി വരും. ഒരു പക്ഷേ പോലീസ് ഏറ്റവും രഹസ്യമായി സൂക്ഷിക്കുന്ന വ്യക്തിത്വം.

ആ ശരീരവും ഉണ്ടക്കണ്ണുകളും ശബ്ദവും തന്നെയാണ് മറ്റുള്ള ഫോറന്‍സിക് സൈക്യാട്രിസ്റ്റുകളില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഒരുമാതിരിപ്പെട്ട ക്രിമിനലുകളൊന്നും അദ്ദേഹത്തെ കായികമായി നേരിടാനോ ചീത്തപറയാനോ ധൈര്യപ്പെടില്ല. ഇനി അഥവാ ധൈര്യപ്പെട്ടാല്‍ത്തന്നെ അദ്ദേഹം അതിന് തയ്യാറുമാണ്. ഒരു സെര്‍ട്ടിഫൈഡ് ജൂഡോ, ബോക്സിങ്ങ് ട്രെയിനര്‍ കൂടിയാണ് അദ്ദേഹം. സ്വെറ്റ് പാന്റും ടീഷര്‍ട്ടും ഇട്ടാണ് അദ്ദേഹം അസ്സെസ്സ്മെന്റ് ചെയ്യാന്‍ വരിക. "നീ അവിടന്ന് അനങ്ങിയാല്‍ നിന്നെ ചതച്ചുകളയും" എന്ന് സ്വന്തം ബോഡി ലാംഗ്വേജ് കൊണ്ടുതന്നെ അറിയിക്കാന്‍ അദ്ദേഹത്തിന് ഒരു സവിശേഷമായ കഴിവുണ്ട്.

"പ്രൊഫസര്‍ മിസ് ഖാന്‍, ഇന്നെനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കഴിയുന്നതും അതേപടി പരിഭാഷപ്പെടുത്തിക്കൊടുക്കുകയാണ് നിങ്ങളുടെ ജോലി. എന്റെ ചോദ്യങ്ങളെ വ്യാഖ്യാനിക്കുകയോ വിശദീകരിക്കുകയോ അരുത്. ഞാന്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അതേ വെയ്റ്റും ഫീലും ഉള്ള പദങ്ങളേ പരിഭാഷയിലുണ്ടാകാവൂ. മുഖത്ത് യാതൊരു ഭാവവും ഉണ്ടാകാന്‍ പാടില്ല, സ്വരത്തിലും. ഏതെങ്കിലും ഒരുത്തരത്തിലേയ്ക്കു നയിക്കുംവിധം ചോദ്യം മാറിപ്പോകാന്‍ പാടില്ല. ഉത്തരങ്ങളും അതുപോലെ കൃത്യമായ വാക്കുകളില്‍ പരിഭാഷപ്പെടുത്തണം. ഉത്തരങ്ങളില്‍ ഉപയോഗിച്ച വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ഞാന്‍ ചിലപ്പോള്‍ നിങ്ങളോട് വിശദീകരണം ചോദിക്കും. പ്രതിയുടെ ഉത്തരം കൃത്യമായി മനസ്സിലാക്കേണ്ടത് ഈ അസ്സെസ്സ്മെന്റിന് പ്രധാനമാണ്. നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ?"

"യെസ് ഡോക്റ്റര്‍..."

"ഈ സെഷന്‍ മൊത്തം ഞങ്ങള്‍ റെക്കോഡ് ചെയ്യും. അത് തെളിവിന്റെ ഭാഗമാകും. മറ്റു സൈക്യാട്രിസ്റ്റുകളും ബിഹേവിയറല്‍ എക്സ്പര്‍ട്സും വക്കീലന്മാരും അതിനെ അതിസൂക്ഷ്മമായി പഠിക്കും. നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു വീഴ്ച ഈ അസ്സെസ്സ്മെന്റിനെ വിലയില്ലാത്തതാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ പരിപൂര്‍ണ്ണ ശ്രദ്ധ എനിക്കാവശ്യമുണ്ട്".

"എനിക്ക് മനസ്സിലാകുന്നുണ്ട്, ഡോക്റ്റര്‍"

"ഡു യു ഹാവ് എനി ക്വെസ്റ്റ്യന്‍സ്?"

"നോ സര്‍"

"ഓക്കേ. ലെറ്റ് അസ് ബിഗിന്‍ ദെന്‍....മിസ് ഴസല്‍, ഡ്യൂ നോ വായ് യൂഴ് ഹീഴ്?"

"മിസ് റസൂല്‍, നിങ്ങള്‍ എന്തുകൊണ്ടാണ് ഇവിടെയുള്ളത് എന്നറിയാമോ?" പ്രൊഫസര്‍ ഖാന്‍ പരിഭാഷപ്പെടുത്തി

'ഇവിടെ' എന്നുപറഞ്ഞാല്‍ എന്താണ്? ഈ കസേരയില്‍? ഈ ആശുപത്രിയില്‍? ഈ പട്ടണത്തില്‍? ഈ രാജ്യത്ത്? ഈ ലോകത്ത്?

ഇവിടത്തിന്റെ വ്യാപ്തിയനുസരിച്ച് ഉത്തരവും വ്യത്യസ്തമാണല്ലോ.

(തുടരും)