എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, February 3, 2013

ഏകാന്തയാത്രയ്ക്കൊടുക്കം

"താങ്ക് യൂ ഫോര്‍ ചൂസിങ്ങ് ആര്‍ബിസി, സര്‍! ഹാവ് എ നൈസ് ഡേ, ബബ്ബൈ!"

ചൈനാക്കാരി ടെല്ലറുടെ കപടവിനയവും പ്ലാസ്റ്റിക്ക് ചിരിയും കൃത്രിമമായ കനേഡിയന്‍ ഇംഗ്ലീഷ് ഉച്ചാരണവും കേട്ട് അരിശം സഹിക്കാവുന്നതിന്റെ പാരമ്യത്തിലെത്തിയെങ്കിലും എല്ലാം കടിച്ചമര്‍ത്തി ഒന്നും മിണ്ടാതെ ടോണി പുറത്തേയ്ക്കിറങ്ങി. അല്ലെങ്കില്‍ത്തന്നെ ചൈനാക്കാരെന്നു കേള്‍ക്കുന്നതേ വെറുപ്പാണയാള്‍ക്ക്. നിര്‍ഭാഗ്യവശാല്‍ ബാങ്കിന്റെ ആ ശാഖയില്‍ കിഴക്കനേഷ്യക്കാരും ദക്ഷിണേഷ്യക്കാരും കറുത്തവരുമല്ലാതെ വെളുത്ത തൊലിയുള്ള ഒരാളും ഉണ്ടായിരുന്നില്ല. അതെങ്ങനെ, വന്‍കിട കോര്‍പ്പറേറ്റുകളും സര്‍ക്കാരും മല്‍സരിച്ചല്ലേ 'ഇന്‍ക്ലൂസീവ്നസ്സ്', 'മള്‍ട്ടിക്കള്‍ച്ചറിസം' എന്നീ പേരുകളില്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നത്!

തൊഴിലില്ലായ്മവേതനത്തിന്റെ അവസാന ചെക്ക് നിക്ഷേപിക്കാന്‍ വന്നതായിരുന്നു ടോണി. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ശമ്പളത്തിന്റെ അറുപതുശതമാനം തുക സര്‍ക്കാരില്‍നിന്ന് തൊഴിലില്ലായ്മവേതനമായി ലഭിക്കും. അതിനുള്ളില്‍ പുതിയൊരു ജോലി തരപ്പെടുത്തിക്കൊള്ളണമെന്നാണ് നിയമം. ഇതിപ്പോള്‍ പന്ത്രണ്ടാമത്തെ മാസമാണ്. ജോലി പോയിട്ട് ഒരു ഇന്റര്‍വ്യൂ അറിയിപ്പുപോലും കിട്ടിയിട്ട് ഇപ്പോള്‍ മാസങ്ങളായി.

ബാങ്കിന്റെയുള്ളിലെ ഊഷ്മളാന്തരീക്ഷത്തില്‍നിന്ന് ജനുവരിയുടെ കൊടും തണുപ്പിലേയ്ക്ക് അയാള്‍ ഇറങ്ങിനടന്നു. ഇടയ്ക്കൊന്നു തിരിഞ്ഞ് ബാങ്ക് കെട്ടിടത്തെ പൊതിയുന്ന വണ്‍വേ ഗ്ലാസ്സില്‍ സ്വന്തം പ്രതിബിംബം ഒന്നു നോക്കി. അഞ്ചടി എട്ടിഞ്ച് ഉയരം, നൂറ്റിപ്പത്തുകിലോ തൂക്കം വിളിച്ചോതുന്ന പൊണ്ണത്തടി, കഷണ്ടിത്തല, നരച്ച താടിമീശകള്‍, അമിതഭാരവും നിരന്തരമായ ആസ്തമാ രോഗവും മൂലമുള്ള വേച്ചുവേച്ചുള്ള നടത്തം - വെറുതേയല്ല കമ്പനികളൊക്കെ ഒറ്റനോട്ടത്തില്‍ത്തന്നെ തന്നെ ഒഴിവാക്കുന്നത്. മിക്കവാറും കമ്പനികള്‍ നേരിട്ടു കാണാന്‍ പോലും ക്ഷണിക്കാറില്ല- അപേക്ഷയില്‍ നിന്ന് വയസ്സു ഗണിച്ചെടുക്കുമ്പോള്‍ത്തന്നെ അവര്‍ അപ്പാടെ ഒഴിവാക്കും. പണ്ടത്തെയൊരു കണക്കനുസരിച്ച് അമ്പത്തഞ്ചാം വയസ്സില്‍ സമ്പന്നനായി സ്വയം വിരമിക്കേണ്ടതാണ്, ഇതിപ്പോള്‍ ഇങ്ങനെ സര്‍ക്കാരിന്റെ ഔദാര്യത്തിലാണു ജീവിതം.

'ഠപ്പോ' എന്നൊരു സ്ഫോടനം കേട്ടാണ് ഞെട്ടിത്തിരിഞ്ഞ് റോഡിലേയ്ക്കു നോക്കിയത്. റോഡില്‍ പതിഞ്ഞുകിടന്നിരുന്ന മഞ്ഞില്‍ തെന്നി നിയന്ത്രണംവിട്ട ഒരുകാര്‍ മുന്നിലുള്ള രണ്ടുകാറുകളില്‍ ചെന്നിടിച്ച ശബ്ദമായിരുന്നു അത്. 'അവിശ്വസനീയം' എന്നമട്ടില്‍ ടോണി തലയാട്ടി. അടുത്തവട്ടം വാഹന ഇന്‍ഷൂറന്‍സ് പുതുക്കാന്‍ ചെല്ലുമ്പോള്‍ ആ ഡ്രൈവര്‍ വിവരമറിയും. മൂന്നുമാസം മുമ്പുവരെ ടോണിയ്ക്കുമുണ്ടായിരുന്നു സ്വന്തം കാര്‍. ഇന്‍ഷൂറന്‍സ് പുതുക്കാന്‍ ചെന്നപ്പോഴാണ് പ്രീമിയം കുത്തനെ കൂട്ടിയതു കണ്ടത്. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവുമായി താന്‍ തൊഴില്‍രഹിതനാണെന്ന ഒരേയൊരു വ്യത്യാസമേയുള്ളൂ. ആ ഒറ്റക്കാരണത്താലാണ് വണ്ടിവിറ്റത്. അല്ലെങ്കില്‍ത്തന്നെ വണ്ടി എന്തിനാണ്. ഒറ്റത്തടി. എങ്ങും പോകാനില്ല. അത്യാവശ്യം ഷോപ്പിങ്ങിനും ബാങ്കിങ്ങിനുമുള്ള സൌകര്യം വീട്ടിനടുത്തുതന്നെയുണ്ട്. അല്പം ബുദ്ധിമുട്ടിയാണെങ്കിലും നടക്കുന്നതാണ് ഈ പകല്‍കൊള്ളക്കാര്‍ക്ക് പണം കൊടുക്കുന്നതിനേക്കാള്‍ ഭേദം.

1973ല്‍ ഒരു പ്രമുഖ ഓട്ടോ പാര്‍ട്ട്സ് നിര്‍മ്മാണക്കമ്പനിയില്‍ മെഷീനിസ്റ്റായി ജോലിക്കുകയറുമ്പോള്‍ പതിനെട്ടുവയസ്സായിരുന്നു അയാളുടെ പ്രായം. ട്രേഡ് സ്കൂളില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ്സ് പാസ്സായി നേരേ ജോലിക്കുകയറുകയായിരുന്നു. അക്കാലത്തൊക്കെ നല്ല ശംബളമുള്ള ജോലികിട്ടാന്‍ ഉന്നതവിദ്യാഭ്യാസമൊന്നും വേണ്ടിയിരുന്നില്ല.നല്ല ആരോഗ്യവും കൈത്തഴക്കവും അധ്വാനശീലവുമുണ്ടെങ്കില്‍ നന്നായി കുടുംബം നടത്താം. ടോണിയുടെ അപ്പന്‍ മാര്‍ചെല്ലോ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇറ്റലിയില്‍നിന്നു കാനഡയിലേയ്ക്കു കുടിയേറിയ ഒരു മരപ്പണിക്കാരനായിരുന്നു. എട്ടുമക്കളുണ്ടായിരുന്ന കുടുംബത്തില്‍ ദാരിദ്ര്യം നന്നായി അലട്ടിയിരുന്നു. അതുകൊണ്ടുകൂടിയാണ് മൂത്ത മകനായ ടോണി നന്നേ ചെറുപ്പത്തില്‍ ജോലിയ്ക്കുകയറിയത്.

പത്തുവര്‍ഷത്തിനകം ടോണിയുടെ അഞ്ചു സഹോദരങ്ങളും ജോലിയില്‍ കയറി. എല്ലാവരും ചേര്‍ന്ന് പന്ത്രണ്ടുമുറികളുള്ള നല്ലൊരു വീടുപണിതു. അക്കാലത്ത് ഇറ്റാലിയന്‍ കുടിയേറ്റക്കാരൊക്കെ വീട് സ്വന്തമായി കെട്ടിപ്പൊക്കുകയാണ് പതിവ്. പുറത്തുനിന്ന് പണിക്കാരെ കൊണ്ടുവരേണ്ട ആവശ്യമേ വരാറില്ല. എല്ലാ കുടുംബങ്ങളിലും എട്ടും പത്തും കുട്ടികളുണ്ടാകും. പതിനഞ്ചുവയസ്സാകുമ്പോഴേയ്ക്കും ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവരും ഒരു കൈത്തൊഴിലും സ്വായത്തമാക്കിയിരിക്കും. ഇനി അഥവാ ചില്ലറ പണികള്‍ക്ക് പുറത്തുനിന്ന് ആളെ വേണമെങ്കിലും അത് ഇറ്റാലിയന്‍ സമൂഹത്തില്‍ത്തന്നെ ഉണ്ടാകും - അവര്‍ വന്ന് സൌജന്യമായിത്തന്നെ അതു ചെയ്തിട്ടു പൊയ്ക്കോളും. ആ വീട് പള്ളീലച്ചന്‍ വന്ന് അനുഗ്രഹിച്ചതും വീട്ടില്‍ താമസം തുടങ്ങിയതുമൊക്കെ ടോണിയ്ക്ക് ഇന്നും ഓര്‍മ്മയുണ്ട്.

പിന്നൊരു പത്തുകൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും സഹോദരങ്ങളെല്ലാം വീടുവിട്ടിറങ്ങി സ്വന്തമായി താമസമാക്കി. അപ്പനും അമ്മയും അമ്മൂമ്മയും മണ്‍മറഞ്ഞു.

അപ്പന്റെ സഹപ്രവര്‍ത്തകന്റെ മകളെയാണ് ടോണി വിവാഹം ചെയ്തത്. അവള്‍ ഒരു കറതീര്‍ന്ന ആംഗ്ലോ-സാക്സന്‍ പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍നിന്നുള്ളവളായിരുന്നു. അതുകൊണ്ടുതന്നെ കത്തോലിക്കനായ താനുമായുള്ള വിവാഹത്തെ രണ്ടുകുടുംബങ്ങളും ശക്തമായി എതിര്‍ത്തു. അവള്‍ ഒരു സയന്‍സ് ബിരുദധാരിണിയാണെന്നതും വലിയൊരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നെന്നതും അവളുടെ കുടുംബക്കാരുടെ എതിര്‍പ്പിന് മൂര്‍ച്ചകൂട്ടി. അവസാനം മനസ്സില്ലാമനസ്സോടെ അവരുടെ കുടുംബം വിവാഹത്തിനു സമ്മതിച്ചതുതന്നെ ടോണി ഒരു വിവാഹപൂര്‍വ്വക്കരാറില്‍ (Pre-Nupital Agreement) ഒപ്പുവെച്ചതുകൊണ്ടായിരുന്നു. അതനുസരിച്ച് വിവാഹത്തിനുമുമ്പുള്ള എല്ലാ സ്വത്തുക്കളും അവരവരുടെ പേരില്‍ രേഖപ്പെടുത്തുകയും അവരവരുടെ സമ്പാദ്യങ്ങള്‍ വെവ്വേറെയായി സൂക്ഷിക്കുകയും വേണമായിരുന്നു. അവളുടെ ഒരമ്മാവന്‍ വക്കീലായിരുന്നു ഇതിനുപിന്നിലെ ബുദ്ധികേന്ദ്രം. ടോണിയുടെ കൂട്ടുകുടുംബത്തിനുള്ളില്‍ ഈ വിവാഹം അധികകാലം നിലനില്‍ക്കില്ലെന്ന് ഭാര്യവീട്ടുകാര്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. വിവാഹശേഷം അവളുടെ കുടുംബക്കാര്‍ ഒരിക്കല്‍പ്പോലും ടോണിയുടെ വീട്ടില്‍ വന്നിട്ടില്ല - മകള്‍ ജനിച്ചശേഷം പോലും. തിരിച്ച് ടോണിയുടെ വീട്ടുകാരും അങ്ങനെതന്നെ.

1984ലാണ് ടോണിയ്ക്ക് ആദ്യത്തെ പിരിച്ചുവിടല്‍ നോട്ടീസ് ലഭിക്കുന്നത്. അമേരിക്കന്‍ ഓട്ടോ വ്യവസായം ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരുന്ന കാലമായിരുന്നു അത്. അല്പം ബുദ്ധിമുട്ടിയെങ്കിലും രണ്ടുമാസത്തിനകം പുതിയൊരു ജോലി ലഭിച്ചു. പഴയ ജോലിയേക്കാള്‍ ഏറേക്കുറവ് ശംബളമായിരുന്നു, തീരെ ഓവര്‍ടൈം ഇല്ല എന്നുമാത്രമല്ല സിഎന്‍സി മെഷീന്‍ ആയിരുന്നതുകൊണ്ട് മെഷീനിസ്റ്റീന്റെ ഉയര്‍ന്ന വൈദഗ്ദ്ധ്യമൊന്നും ആവശ്യമില്ലാത്ത ജോലിയുമായിരുന്നു. കുറഞ്ഞ വരുമാറ്റം ദാമ്പത്യതിലെ സാമ്പത്തികസമവാക്യങ്ങള്‍ക്ക് ദോഷം വരുത്താതിരിക്കാന്‍ ടോണി അക്കാലത്ത് ഒരു പാര്‍ട്ട് ടൈം ജോലികൂടി ചെയ്യാറുണ്ടായിരുന്നു. രണ്ടായിരാമാണ്ടില്‍ മകള്‍ വീടുവിട്ട് അവളുടെ ബോയ്‌ഫ്രെന്റിന്റെ കൂടെ സ്ഥിരതാമസമാക്കാന്‍ പോകുന്നതുവരെ ടോണി അങ്ങനെ രണ്ടുജോലികള്‍ ചെയ്തുകൊണ്ടിരുന്നു.

തൊണ്ണൂറുകളില്‍ രാജ്യത്തെ സമൂഹജീവിതം മാറാന്‍ തുടങ്ങി. ചൈന ഹോങ്-കോങ് ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹോങ്-കോങ്ങില്‍നിന്ന് വന്‍തോതില്‍ കുടിയേറ്റക്കാര്‍ വരാന്‍ തുടങ്ങി. അനിയന്‍മാര്‍ക്ക് നല്ലകാലമായിരുന്നു അപ്പോള്‍ - നഗരത്തിലും പരിസരങ്ങളിലുമുള്ള തുറന്ന പ്രദേശങ്ങളിലെല്ലാം കുടിയേറ്റക്കാര്‍ക്കുള്ള പാര്‍പ്പിടങ്ങള്‍ പണിയാന്‍ ധാരാളം പണിക്കാരെ ആവശ്യമുണ്ടായിരുന്നു. പക്ഷേ ഫാക്ടറി തൊഴിലാളികള്‍ക്ക് ഇവര്‍ ഒരു ശാപമായി. തീരെ കുറഞ്ഞ ശമ്പളത്തിന് ഏറെനേരം വിശ്രമമില്ലാതെ അധ്വാനിക്കാന്‍ തയ്യാറുള്ള പതിനായിരങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമായതോടെ ഉദാര വേതനങ്ങളും ജോലിസ്ഥിരതയും പഴങ്കഥയായി. രണ്ടായിരാമാണ്ടിനു ശേഷം ആഗോളവല്‍ക്കരണം വ്യാപകമായതോടെ മിക്കവാറും ഫാക്ടറികള്‍ ചൈന, വിയറ്റ്നാം, തായ്‌ലന്റ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് പറിച്ചുനടപ്പെട്ടു. ടോണിയുടെ സുഹൃത്തുക്കളില്‍ പലരും തൊഴില്‍രഹിതരായി. അവരൊക്കെ വിറ്റുപോയ അയല്‍വീടുകളില്‍ വിചിത്രമായ രൂപമുള്ള വിചിത്രഭാഷകളില്‍ സംസാരിക്കുന്ന പരദേശികള്‍ വന്നു താമസമാക്കി. എങ്കിലും കഴിഞ്ഞ വര്‍ഷം വരെ ടോണിയ്ക്ക് ജോലിയില്‍ പിടിച്ചുനില്‍ക്കാനായി.

2008ലെ അമേരിക്കന്‍ സാമ്പത്തികപ്രതിസന്ധിയ്ക്കുശേഷം കനേഡിയന്‍ ഡോളറിന്റെ മൂല്യം കുത്തനേ ഉയര്‍ന്നിരുന്നു. ഫാക്ടറിയുടെ അസംബ്ലി ലൈന്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള ഒരു സുവര്‍ണ്ണാവസരമായി മാനേജ്‌മെന്റ് അതിനെ കണ്ടു. പൂര്‍ണ്ണമായും റൊബോട്ടിക് ആയ ഒരു അസംബ്ലി ലൈന്‍ ഇറക്കുമതി ചെയ്യാനായിരുന്നു ആദ്യം അവര്‍ കരുതിയിരുന്നത്. പിന്നീടാണ് മനസ്സിലായത് അതിന്റെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ചൈനയിലാണ് അതുല്‍പാദിപ്പിക്കുന്നതെന്ന്. അങ്ങനെയെങ്കില്‍ അത് ഇത്രയും ദൂരം കപ്പല്‍ കയറ്റി കൊണ്ടുവരുന്നതെന്തിന്? റൊബോട്ടിക് അസംബ്ലി ലൈന്‍ പ്രവര്‍ത്തിപ്പിക്കാന്‍ യാതൊരു വൈദഗ്ദ്ധ്യവും ആവശ്യമില്ല. ചൈനയിലാണെങ്കില്‍ തുച്ഛമായ വേതനത്തിന് കൂലിത്തൊഴിലാളികളെ കിട്ടുകയും ചെയ്യും. അങ്ങനെ 2010ല്‍ ടോണിയുടെ ഫാക്ടറിയും ചൈനയിലേയ്ക്കു പോയി. ചൈനക്കാരോടുള്ള വിരോധം അയാളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠിതമാകുകയും ചെയ്തു.

ജോലി നഷ്ടപ്പെട്ട് ഇരുപതുദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ വിവാഹമോചനത്തിനുള്ള കടലാസ് ഫയല്‍ ചെയ്തു. വയസ്സുകാലത്ത് ജോലിയില്ലാത്ത രോഗിയായ പൊണ്ണത്തടിയനെ ശുശ്രൂഷിക്കാന്‍ മനസ്സില്ലെന്ന് അവള്‍ക്ക് തോന്നിയിരിക്കാം. എല്ലാം പണ്ടേ കരാറാക്കിയിട്ടുണ്ടായിരുന്നതുകൊണ്ട് അധികം തര്‍ക്കിക്കാനൊന്നും ഉണ്ടായിരുന്നില്ല. പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനമായിരുന്നതുകൊണ്ട് അഞ്ഞൂറ്റിഎണ്‍പത്തിയാറു ഡോളറില്‍ കേസു തീര്‍പ്പായി. അയാളൊരു ഏകാന്തപഥികനായി.

ബാങ്കില്‍നിന്ന് ഒരു കിലോമീറ്ററില്‍ താഴെയേ ദൂരമുണ്ടായിരുന്നുള്ളൂവെങ്കിലും ആ കൊടിയ തണുപ്പിലും കാറ്റിലും നടന്ന് വീട്ടിലെത്തിയപ്പോഴേയ്ക്കും വല്ലാതെ തളര്‍ന്നു. അടുക്കളയില്‍ ചെന്ന് ഒരു ക്യപ്പുച്ചീനോ ഉണ്ടാക്കിയെടുത്തു. അത് മഗ്ഗിലാക്കി പതുക്കെ സിപ് ചെയ്ത് സ്വീകരണമുറിയിലെ സോഫയിലേയ്ക്കുവീണ് ടിവി ഓണ്‍ ചെയ്തു. സിബിസി ന്യൂസ് ചാനലില്‍ കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുകയാണ് - അടുത്ത ഇരുപതുവര്‍ഷത്തില്‍ 'ബേബി ബൂമേഴ്സ്' വിരമിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള 'വൈദഗ്ദ്ധ്യക്കമ്മി'യും അതിനേ മറികടക്കാന്‍ കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കേണ്ട ആവശ്യകതയേയും കുറിച്ചാണ് ചര്‍ച്ച. ചാനലിലെ വാദം മുറുകുന്നതിനൊപ്പിച്ച് ടോണിയുടെ വായില്‍നിന്നുള്ള തെറിയുടെ കാഠിന്യവും കൂടിക്കൊണ്ടിരുന്നു.

അപ്പോഴാണ് ഫോണ്‍ അടിച്ചത്. സോഫയില്‍ കിടന്ന കോര്‍ഡ്‌ലെസ്സ് ഫോണിന്റെ ഡിസ്‌പ്ലേയില്‍ നോക്കി. ടോണിയുടെ സഹപാഠിയും സുഹൃത്തുമായ റിയല്‍ എസ്റ്റേറ്റ് ഏജന്റ് മാരിയോ മാര്‍ട്ടിനെല്ലയാണ്. അയാളെയാണല്ലോ വീടു വില്‍ക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. വരുമാനം പ്രതിസന്ധിയിലായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വേറൊരു വഴി കണ്ടില്ല. വീടുവില്‍ക്കാന്‍ പറ്റിയ സമയമാണെന്നായിരുന്നു മാരിയോയുടെ അഭിപ്രായം - കാരണം അഞ്ചുലക്ഷം ഡോളറിനുമുകളില്‍ വിലയുള്ള വീടുകള്‍ വാങ്ങാനുള്ള ഭവനവായ്പ സര്‍ക്കാര്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് രണ്ടു മാസത്തിനകം നിര്‍ത്തലാക്കുകയാണ്. ടോണിയുടെ വീടിന് ഇന്നത്തെ മാര്‍ക്കറ്റില്‍ ആറുലക്ഷമെങ്കിലും വിലയുണ്ട്. രണ്ടുമാസം കൂടി കഴിഞ്ഞാല്‍ കുറഞ്ഞത് ഒന്നര ലക്ഷം ഡോളര്‍ കയ്യിലുള്ളവനേ അതു വാങ്ങാനുള്ള വായ്പ ലഭിക്കൂ.

"ഹേയ്, ടോണി, മാരിയോ ഹിയര്‍. ഐ ഗോട്ട് ഗ്രെയ്റ്റ് ന്യൂസ്. തന്റെ വീടിന് മൂന്നുപേര്‍ വില പറഞ്ഞിട്ടുണ്ട്. ഒന്ന് പത്തര ലക്ഷം പിന്നൊന്ന് പതിനൊന്നിനടുത്ത് പിന്നത്തേത് പതിനൊന്നിന് അല്പം മുകളില്‍. താന്‍ കോളടിച്ചെടോ!"

ടോണി സ്തബ്ദനായിപ്പോയി. "ആരാണ് ഇത്രയും വലിയ വിലയ്ക്ക് ഇതു വാങ്ങാന്‍ പോകുന്നത്?"

"ചൈനാക്കരാ. നിനക്കറിയാമോ ഈ ചിങ്കികള്‍ കയ്യില്‍ നാലു കാശുണ്ടായാല്‍ ഉടനേ ഏതെങ്കിലും പടിഞ്ഞാറന്‍ രാജ്യത്ത് നല്ലൊരു വീടുവാങ്ങി താമസമാക്കും. എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള സമൂഹത്തില്‍ ജീവിക്കാന്‍ അവര്‍ക്ക് വലിയ കൊതിയാണ്. ഇവിടെ വന്നാല്‍ ഇഷ്ടം പോലെ പിള്ളേരെ പെറ്റു തള്ളാനും പറ്റുമല്ലോ, അവരുടെ നാട്ടില്‍ ഒന്നല്ലേ പാടൂ" മാരിയോയുടെ വാക്കുകളിലെ പുച്ഛം ടോണിയ്ക്ക് നന്നേ രസിച്ചു. "പിന്നെ ഇവിടത്തെ ഇമ്മിഗ്രേഷന്‍ പോളിസിയും ഉദാരമാണല്ലോ. ഏത് തല്ലിപ്പൊളിയ്ക്കും കേറി വരാം"

"എന്തു പറയാന്‍ ഈ രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് നാടാകെ പണ്ടാരമടക്കി. നമ്മള്‍ വിചാരിച്ചാല്‍ ഒന്നും പഴയപടിയാക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ലെറ്റ് അസ് ടേക്ക് ദ മണി ആന്റ് റണ്‍. എത്രയും പെട്ടന്ന് കരാറാക്കാന്‍ നോക്ക്" ടോണി പറഞ്ഞു.

"ഹേയ്, അത്ര പെട്ടന്നൊന്നും ഞാന്‍ ഇവരെ വിടാന്‍ പോകുന്നില്ല. ഇവറ്റകളുടെ കാലുപിടിച്ച് തലകീഴാക്കി ഒന്നു നല്ലോണം കുടഞ്ഞാല്‍ ഇനിയും നോട്ടു പുറത്തുവീഴും സുഹൃത്തേ. അവരുതമ്മിലുള്ള ലേലം വിളി ഒന്നുകൂടി മുറുകട്ടെ. 'എഡ്വേര്‍ഡിയന്‍ സ്റ്റൈല്‍ കസ്റ്റം ബില്‍റ്റ് ആന്റീക്ക് ഹോം' എന്നാണ് പറഞ്ഞുകയറ്റിയിരിക്കുന്നത്. ഒന്നേകാല്‍ മില്ല്യണാണ് എന്റെ ലക്ഷ്യം. അതിനുപുറമേ എന്റെ കമ്മീഷനും അവരുടെകയ്യില്‍നിന്നു തന്നെ വാങ്ങും ഞാന്‍. രണ്ടാഴ്ചകൂടി കഴിയട്ടെ, ക്ലോസിങ്ങിനേപ്പറ്റി എന്നിട്ടാലോചിക്കാം". മാരിയോ ഭയങ്കര മൂഡിലാണ്.

അപ്പോള്‍ അതിനാണ് ഇക്കണ്ട നവീകരണമൊക്കെ വീട്ടില്‍ ചെയ്തുകൂട്ടിയത്. വീടു വില്‍ക്കാന്‍ ഏല്പിച്ചപ്പോള്‍ മാരിയോ ആദ്യം ചെയ്തത് വീട്ടിനകത്തെ എല്ലാ ടാപ്പുകളും ഇലക്ട്രിക്കല്‍ ഫിറ്റിങ്ങ്സും മാറ്റി ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടിലേതെന്നു തോന്നിക്കുന്നവ പിടിപ്പിക്കുകയായിരുന്നു. ചുമരുകളിലെല്ലാം പഴയ ശൈലിയിലുള്ള ചില വുഡ് പാനലിങ്ങ് പിടിപ്പിച്ചു. വാതിലുകളുടേയും ജന്നലുകളുടേയും ഫ്രേമുകളില്‍ കൊത്തുപണികളുള്ള പാനലുകള്‍ പിടിപ്പിച്ചു. ഒരു മുറിയില്‍ കനത്ത ഷെല്‍ഫുകളോടുകൂടിയ ഒരു ലൈബ്രറി നിര്‍മ്മിച്ചു. വീട്ടിനകത്തെ അലമാരികളെല്ലാം പുതുക്കിപ്പണിതു. കിടപ്പുമുറികളില്‍ പഴയ ശൈലിയിലുള്ള കട്ടിലുകള്‍ കൊണ്ടുവന്നിട്ടു. ടോണിയുടെ എല്ലാ ജംഗമവസ്തുക്കളും വീട്ടിലെ ഒരു മൂലയില്‍ അടച്ചിടാവുന്ന ഒരു വലിയ പെട്ടിയിലാക്കി. ഇപ്പോള്‍ അലമാരിക്കകത്ത് വൃത്തിയായി അടുക്കിവെച്ചിരിക്കുന്ന തുണികളും ലൈബ്രറിയിലുള്ള ഒരേ വലിപ്പത്തിലുള്ള പണ്ഡിതോചിതമായ പുസ്തകങ്ങളും മാരിയോ കൊണ്ടുവന്നുവെച്ചതാണ്. ഈ ഏര്‍പ്പാടിനെ "ഹോം സ്റ്റേജിങ്ങ്" എന്നാണ് പറയുക. വാങ്ങാന്‍ വരുന്നവന്‍ വീടും അതിനുള്ളിലെ അടുക്കും ചിട്ടയും കണ്ട് അന്തം വിട്ടു നില്‍ക്കണം - അതാണ് ലക്ഷ്യം. ഏതാണ്ട് അറുപതിനായിരത്തോളം ഡോളര്‍ ഇതിനു ചിലവായെന്നാണ് മാരിയോ പറഞ്ഞത്.

എല്ലാം പറഞ്ഞുതീര്‍ന്ന് ഫോണ്‍ താഴെവെച്ചപ്പോള്‍ വലിയൊരു ആശ്വാസവും സന്തോഷവും ടോണിയുടെ മനസ്സില്‍ വന്നു നിറഞ്ഞു. ഭാരം പകുതി കുറഞ്ഞതായും ആസ്തമ പാടേ മാറിയതായും തോന്നി. വിഡ്ഢികളായ ആ ചൈനക്കാരോട് അപ്പോഴും അയാളുടെ മനസ്സില്‍ പുച്ഛം തന്നെയായിരുന്നു. എങ്കിലും വിധിയുടെ വൈരുദ്ധ്യം കാണാതിരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ഇത്രയും കാലം തന്റെ ജീവിതം ക്രമേണ നശിപ്പിച്ച ചൈനക്കാരു തന്നെയാണ് ഒരു ജീവിതകാലം മുഴുവന്‍ പണിയെടുത്താല്‍പ്പോലും സമ്പാദിക്കാനാകാത്തത്ര തുക കയ്യില്‍ കുണ്ടുവന്നുതരുന്നത്!

വാതില്‍ തുറന്ന് ടോണി വീടിന്റെ വരാന്തയിലേയ്ക്കിറങ്ങി. പുറത്ത് കനത്ത മഞ്ഞുവീഴുന്നുണ്ട്. എങ്കിലും ഭാവി സുരക്ഷിതമാണെന്ന ചിന്ത പകരുന്ന ഊഷ്മളത ആ തണുപ്പിനെ മാറ്റിനിര്‍ത്താന്‍ പോന്നതായിരുന്നു. ഒരു പ്ലാസ്റ്റിക് കസേര വലിച്ചിട്ട് തിണ്ണയില്‍ കാല്‍ വെച്ച് അയാള്‍ ഇരുന്നു. പോക്കറ്റില്‍നിന്ന് ഒരു സിഗററ്റെടുത്തുകത്തിച്ച് ഒരു നീണ്ട പുക ഉള്ളിലേയ്ക്കെടുത്തു. എന്നിട്ട് മുറ്റത്ത് റോഡിനഭിമുഖമായി തൂക്കിയിട്ടിരുന്ന, മാരിയോയുടെ ചിത്രം പതിച്ച "ഫോര്‍ സെയ്ല്‍‌" ബോര്‍ഡിനു നേരെ ആ പുക ഊതിവിട്ടു - വയറുകുലുക്കി ചിരിച്ചുകൊണ്ട്.