എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, June 11, 2013

കനകം മൂലം

"അവള്‍ടെ അഹമ്മതി! അല്ലാണ്ടെന്തൂട്ടാ! എന്തിന്റെ കൊറവുണ്ടായിട്ടാ അവള്‍ക്ക്? കാശില്ലേ? വീടില്ലേ? കാറില്ലേ? വയറു നെറച്ച് ഊണും പലാരോം കിട്ടണില്ലേ? ഈ തോന്ന്യാസം കാട്ടണ്ട വല്ല കാര്യോണ്ടാ? ഇവളൊക്കെ ചത്തൂന്നൊച്ചട്ട് ഞാനെന്തിനാ സങ്കടപ്പെടണേ?" സാമാന്യം ഉച്ചത്തില്‍ത്തന്നെ കാത്ത്യേനി ചോദിച്ചു.

സ്വന്തം മകളാണ് ആത്മഹത്യ ചെയ്ത് ഉമ്മറത്തെ മുറിയില്‍ കിടക്കുന്നത്. അതിന്റെ യാതൊരു ലക്ഷണവും കാത്ത്യേനിയുടെ മുഖത്തില്ല. അല്ലെങ്കില്‍ത്തന്നെ വിഷാദവും ദേഷ്യവും കലര്‍ന്ന ഒരുതരം ഗൌരവമാണ് അവരുടെ സ്ഥിരം ഭാവം. ഒരിക്കലും ചിരിച്ചുകണ്ടതായി എനിക്ക് ഓര്‍മ്മയില്ല. പട്ടിണികൊണ്ട് വിറയ്ക്കുമ്പോള്‍ പോലും അവര്‍ കരഞ്ഞും കണ്ടിട്ടില്ല. ഇപ്പോഴും അതേ ഭാവം തന്നെ. പത്തുമിനിറ്റുമുമ്പ് അവര്‍ ഒന്ന് അകത്തുകയറി മൃതദേഹം ഒരു നോക്കു കണ്ടു. പിന്നെ പുറത്തിറങ്ങി മുറ്റത്ത് ഒറ്റ നില്പാണ്. പെണ്ണുങ്ങള്‍ക്ക് അകത്തേയ്ക്കിരിക്കാം എന്നു പറഞ്ഞിട്ടും അവര്‍ കൂട്ടാക്കിയില്ല. മുറ്റത്ത് ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക്ക് കസേരകളിലൊന്നില്‍ ഇരിക്കാനും സമ്മതിച്ചില്ല. വീടിനോടു ചേര്‍ന്ന് വെയില്‍ ഏല്‍ക്കാത്ത ഒരു മൂലയില്‍ വയറിനുമുകളില്‍ കൈയും പിണച്ചുവെച്ച് അവര്‍ അങ്ങനെ നിന്നു.

മരിച്ച മാലതിയുമായി കാത്ത്യേനി തീരെ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. അവരുടെ ഏഴുമക്കളില്‍ ആറാമത്തവളായിരുന്നു മാല. അവളും ഏറ്റവും ഇളയവനായ ഉണ്ണിയും മാത്രമേ കോളേജില്‍ പഠിച്ചിട്ടുള്ളൂ. വലിയ സുന്ദരിയൊന്നുമല്ലായിരുന്നെങ്കിലും അല്പം തൊലിവെളുപ്പും ഒരുതരം 'ആനച്ചന്തവും' ഉണ്ടായിരുന്ന അവള്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ കോളേജില്‍ സീനിയറായിരുന്ന സുബ്രനുമായി പ്രണയത്തിലായി. "കീഴ് ജാതിയില്‍" പെട്ട സുബ്രനുമായുള്ള ബന്ധം കാത്ത്യേനി ശക്തമായി എതിര്‍ത്തെങ്കിലും പഠനം കഴിഞ്ഞതോടെ അവള്‍ അവന്റെ കൂടെ ഇറങ്ങിപ്പോയി. സുബ്രന് അധികം താമസിയാതെ എക്സൈസില്‍ ജോലി കിട്ടി. അവിടന്നങ്ങോട്ട് വച്ചടി കയറ്റമായിരുന്നു. ശമ്പളവും കിമ്പളവുമായി നല്ല വരുമാനമുണ്ടായിരുന്നു അയാള്‍ക്ക്. പത്തുകൊല്ലം മുമ്പാണ് തൃക്കാക്കരയിലെ ഈ ബം‌ഗ്ലാവുപണിത് താമസം തുടങ്ങിയത്. കാര്‍, ടീവി, ഏസി, ഫ്രിഡ്ജ് തുടങ്ങി സകല ആര്‍ഭാടങ്ങളും ആ വീട്ടിലുണ്ട്.

മാലയെ അപേക്ഷിച്ച് കാത്ത്യേനിയുടെ മറ്റു മക്കളൊന്നും വലിയ ഗതിപിടിച്ചില്ല. മൂത്ത രണ്ട് ആണ്‍പിള്ളേരും ഏറെക്കാലം കൂലിപ്പണിയും രാഷ്ട്രീയവുമൊക്കെയായി നാട്ടില്‍ കറങ്ങിനടന്നതിനുശേഷം ഇപ്പോള്‍ ഗള്‍ഫില്‍ പെയിന്റര്‍മാരായി ജോലി നോക്കുന്നു. നാലു പെണ്ണുങ്ങളില്‍ മാല ഒഴികേയുള്ള മൂന്നും വലിയ വരുമാനമൊന്നുമില്ലാത്തവരേയാണ് കല്യാണം കഴിച്ചത്. ഉണ്ണി ബാങ്കിലെ ക്ലാര്‍ക്ക് ആണ് - അവനാണ് ഇപ്പോള്‍ കാത്ത്യേനിയുടെ കൂടെയുള്ളത്.

സാമ്പത്തികമായ അന്തരമായിരിക്കും മാലയുമായുള്ള അകല്‍ച്ചയ്ക്ക് കാരണമെന്ന് എനിക്കഭിപ്രായമില്ല. സത്യത്തില്‍ ആ കുടുംബത്തിലെ ആര്‍ക്കും പണ്ടേതന്നെ തമ്മില്‍ത്തമ്മില്‍ യാതൊരുവിധ വൈകാരിക ബന്ധങ്ങളുമില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

അറുപതുകളിലാണ് കാത്ത്യേനിയും ബാലനും മൂന്നു പിള്ളേരും ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് ആദ്യമായി വരുന്നത്. കരസേനയില്‍ ജവാന്‍ ആയിരുന്നു ബാലന്‍. അറുപത്തിരണ്ടിലെ ചൈനാ യുദ്ധത്തില്‍ പരിക്കേറ്റ് പട്ടാളത്തില്‍ നിന്ന് പിരിഞ്ഞുപോന്നു. മിലിട്ടറി ട്രക്കുകള്‍ ഓടിച്ചുപരിചയമുണ്ടായിരുന്നതുകൊണ്ട് അയാള്‍ക്ക് വടക്കേതിലെ വര്‍ക്കി മുതലാളിയുടെ തടിമില്ലില്‍ ഡ്രൈവറായി ജോലികിട്ടി. മുതലാളിയുടെ തടി ലോറികളും വീട്ടിലെ ഫിയറ്റ് കാറും അയാളാണ് ഓടിച്ചിരുന്നത്. നല്ല പൊക്കവും ഒത്ത ശരീരവുമുണ്ടായിരുന്നു, അയാള്‍ക്ക്. വര്‍ക്കിമുതലാളി തന്നെയാണ് അദ്ദേഹത്തിന്റെ പറമ്പിലെ പത്തുസെന്റ് സ്ഥലം അവര്‍ക്ക് വീടുവെയ്ക്കാനായി വിട്ടുകൊടുത്തത്.

ഉണ്ണിയ്ക്ക് ഒരു വയസ്സുള്ളപ്പോള്‍ ബാലന്‍ മരിച്ചു. പതിവുപോലെ വൈകീട്ട് അല്പം ചാരായം അകത്താക്കി വീട്ടില്‍ വന്ന് നല്ലോണം ചോറുണ്ട് കിടന്നതാണ്. പിറ്റേന്ന് എഴുന്നേറ്റില്ല. ബാലന്‍ മരിച്ചപ്പോഴും കാത്ത്യേനി കരച്ചിലും പിഴിച്ചിലുമൊന്നുമില്ലാതെ ഇതേ ഗൌരവത്തില്‍ത്തന്നെയായിരുന്നു നിന്നിരുന്നത്. നേരത്തോടുനേരം അയാളുടെ ശവമടക്കുകയും ചെയ്തു. "എന്താ അവള്‍ട്യൊരു ചങ്കൂറ്റം" എന്ന് അച്ചമ്മ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു.

അവിടന്നങ്ങോട്ട് കഞ്ഞിക്കു വേണ്ട അരി വീട്ടിലെത്തിക്കാനുള്ള പടയോട്ടമായിരുന്നു കാത്ത്യേനിയുടെ ജീവിതം. രാവിലെ മുതല്‍ അന്തിയാവോളം അധ്വാനം. മുറ്റമടി, ചാണകം മെഴുകല്‍, കൊയ്ത്ത്, മെതി, പുഴയില്‍ നിന്ന് തലച്ചുമടായി മണല്‍ കൊണ്ടുവന്നിടല്‍, പശുക്കള്‍ക്ക് പുല്ലരിയല്‍, തെങ്ങിന് തടമെടുക്കല്‍, തൊഴുത്തു കഴുകല്‍ എന്നിവയില്‍ തുടങ്ങി കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പണി വരെ ചെയ്യാന്‍ അവര്‍ പോകുമായിരുന്നു. ഇതിനിടയ്ക്ക് പിള്ളേരെ വളര്‍ത്തി എന്നൊന്നും പറയാനാവില്ല - ഭക്ഷണം കൊടുത്ത് ജീവന്‍ നിലനിര്‍ത്തി എന്നുമാത്രമേ പറയാവൂ. അവര്‍ സ്കൂളില്‍ പോകുന്നുണ്ടോ, പഠിക്കുന്നുണ്ടോ, നല്ലപോലെ പെരുമാറുന്നുണ്ടോ, സ്വഭാവദൂഷ്യങ്ങള്‍ വന്നുപെടുന്നുണ്ടോ എന്നൊന്നും കാത്ത്യേനി അന്വേഷിക്കാറില്ല. പിള്ളേര്‍ക്ക് അസുഖം വന്നാല്‍ കൊണ്ടുപോയി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടിടും. അവിടത്തെ ഹെഡ് നേഴ്സ് സരസേച്ചിയ്ക്കാണ് പിന്നത്തെ പണിയൊക്കെ. വേണ്ട മരുന്നൊക്കെ ആദ്യം അവരാണ് കാശുമുടക്കി വാങ്ങിക്കൊടുക്കുക. ഞായറാഴ്ച ദിവസം കൈയിലുള്ള കാശൊക്കെ നുള്ളിപ്പെറുക്കി സരസേച്ചിയ്ക്ക് കൊടുക്കും. തികഞ്ഞില്ലെങ്കില്‍ ബാക്കി പണത്തിന് പറമ്പിലെ എന്തെങ്കിലും പുറംപണി ചെയ്തിട്ടു പോകും. സൂക്കേടുകാര്‍ക്ക് കൂട്ടിരിക്കുന്ന പണി കാത്ത്യേനിക്കോ അവരുടെ പിള്ളേര്‍ക്കോ ഇല്ലായിരുന്നു.

പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ ആനന്ദവും ഉത്തരവാദിത്വങ്ങളും അപകടങ്ങളും അനുഭവിച്ചറിഞ്ഞുകൊണ്ടാണ് ആ കുടുംബം വളര്‍ന്നത്. ഓരോത്തര്‍ക്കും ഈ ലോകത്തില്‍ താന്‍താങ്കള്‍ മാത്രമേയുള്ളൂ എന്ന പാഠം ചുട്ട ഇരുമ്പുകൊണ്ടു കോറിയിട്ടപോലെ അവരുടെ മനസ്സുകളില്‍ കിടന്നിരുന്നു. അതുകൊണ്ടായിരിക്കണം, കുടുംബമൊക്കെ ആയ ശേഷം അവര്‍ തമ്മില്‍ കാണാറേയില്ലായിരുന്നു. ഇന്ന് മരണവാര്‍ത്ത കേട്ട് മാലയുടെ സഹോദരങ്ങളാരും വന്നിട്ടില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ വൈകിയതുകൊണ്ടാണ് കാത്ത്യേനി പോലും ഇത്രയും ദൂരം വന്നതെന്ന് ആരോ പറഞ്ഞുകേട്ടു.

കാത്ത്യേനിയേപ്പോലെത്തന്നെ അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും 'എന്തുകൊണ്ട്' എന്ന ചോദ്യം മനസ്സിലുണ്ടായിരുന്നു. പിന്നാമ്പുറക്കഥകള്‍ അറിയാമെന്നു ഭാവിക്കുന്ന ചിലര്‍ അതിനുള്ള വിശദീകരണം അവതരിപ്പിച്ചു.

തുടക്കം മുതലേ കിമ്പളം നല്ലപോലെ വാങ്ങുന്നയാളായിരുന്നു സുബ്രന്‍. ആദ്യകാലത്ത് രണ്ടുതവണ വിജിലന്‍സ് കൈയോടെ പിടികൂടിയിട്ടുമുണ്ട്. ആദ്യത്തെ തവണ ഓഫീസിലെ മേല്‍ജാതിക്കാര്‍ മനഃപൂര്‍വ്വം അയാളെ കുടുക്കിയതാണെന്ന് വിചാരണയില്‍ തെളിഞ്ഞിരുന്നു. രണ്ടാമത്തെ തവണ പിടികൂടിയപ്പോള്‍ പട്ടികജാതിക്കാരനായ തന്നെ കുടുക്കാന്‍ ഓഫീസിലുള്ളവര്‍ കൂടെക്കൂടെ ഗൂഢാലോചന നടത്താറുണ്ട് എന്ന വാദത്തിലാണ് രക്ഷപെട്ടത് - അതിന് ആദ്യത്തെ കേസ് ബലം നല്‍കുകകൂടി ചെയ്തു. ശിക്ഷയ്ക്കുപകരം നഷ്ടപരിഹാരവും ക്ഷമാപണവുമാണ് അത്തവണ സുബ്രനു ലഭിച്ചത്. അതിനുശേഷം അയാള്‍ മിടുക്കനായി. അബ്കാരികള്‍, രാഷ്ട്രീയക്കാര്‍, വക്കീലന്മാര്‍, ഗുണ്ടകള്‍, പോലീസുകാര്‍ എന്നിവരടങ്ങുന്ന ഒരു വന്‍ സംഘത്തിന്റെ ചങ്ങാത്തം അയാള്‍ നേടിയെടുത്തു.

പത്തുപന്ത്രണ്ടു കൊല്ലങ്ങള്‍ക്കു മുമ്പ് കൈക്കൂലിപ്പണം ഒതുക്കാനായി അയാള്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിച്ചുതുടങ്ങി. പിന്നീട് ഏറെക്കാലം അന്താരാഷ്ട്ര പ്രശസ്തരായ ആഭരണ-രത്നവ്യാപാരികള്‍ അയാളുടെ വീട്ടിലെ പതിവുസന്ദര്‍ശകരായിരുന്നു. മാലതിയ്ക്ക് സ്വര്‍ണ്ണാഭരണങ്ങളോട് അതിയായ അഭിനിവേശമാണ് ഉണ്ടായിരുന്നതത്രേ. ഇതുരണ്ടും കൂടി ചേര്‍ന്നപ്പോള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ വലിയൊരു ആഭരണശേഖരത്തിന്റെ ഉടമകളായി അവര്‍.

2009ലാണ് അയാള്‍ ഹൈദരാബാദിലുള്ള ഒരു സ്വകാര്യ നിക്ഷേപക്കമ്പനിയുടെ (Private Investment Firm) പാര്‍ട്നറുമായി പരിചയത്തിലാകുന്നത്. കൈക്കൂലിപ്പണം സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചാല്‍ നാളെ ഒരു റെയ്ഡില്‍ അതെല്ലാം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓഹരിവിപണി സ്വര്‍ണ്ണത്തേക്കാള്‍ എത്രയോമടങ്ങ് ലാഭകരമായ നിക്ഷേപമാണെന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു. എല്ലാത്തിനും പുറമേ ഓഹരിനിക്ഷേപം അടിസ്ഥാനപ്പെടുത്തിയുള്ള ചില 'സൃഷ്ടിപരമായ കണക്കെഴുത്തി'ലൂടെ (Creative Accounting) കള്ളപ്പണം എങ്ങനെ നിയമാനുസൃതമായി വെളുപ്പിച്ചെടുക്കാമെന്നും ചൂണ്ടിക്കാട്ടി.

അങ്ങനെ സുബ്രന്‍ സ്വര്‍ണ്ണം അല്പാല്പമായി വിറ്റഴിച്ച് ഓഹരികളില്‍ നിക്ഷേപിച്ചുതുടങ്ങി. പ്രതീക്ഷിച്ചപോലെ വളരേ നല്ല ലാഭം തന്നെയാണ് ലഭിച്ചുകൊണ്ടിരുന്നത്. ആ കമ്പനി അയാളുടെ നിക്ഷേപങ്ങളും നികുതിക്കണക്കെഴുത്തും ഭംഗിയായി കൈകാര്യം ചെയ്തുകൊണ്ടിരുന്നു. നിക്ഷേപത്തിന്റെ മുപ്പതും നാല്പതും ശതമാനം വാര്‍ഷികലാഭം വരുന്നതുകണ്ട് അയാള്‍ ആഹ്ലാദിക്കുകയും കൂടുതല്‍ പണം സ്വര്‍ണ്ണത്തില്‍നിന്ന് ഓഹരികളിലേയ്ക്ക് ഒഴുക്കുകയും ചെയ്തു.

തുടക്കത്തില്‍ സുബ്രന്‍ ഇങ്ങനെ സ്വര്‍ണ്ണം വിറ്റഴിക്കുന്നത് മാലതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീട് അതിനേച്ചൊല്ലി സ്ഥിരം വഴക്കായി. സുബ്രന്‍ അതൊന്നും വകവെച്ചില്ല - സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിക്കുന്നതനുസരിച്ച് അയാളുടെ വില്പനയുടെ തോതും കൂടിവന്നു.

കഴിഞ്ഞയാഴ്ച അംബാനിയുടെ ഏതോ പുതിയ സം‌രംഭത്തിന്റെ ഐ.പി.ഓ ആയിരുന്നു. ഇരുപത്തിയഞ്ചുലക്ഷത്തിന്റെ ഓഹരിയാണത്രേ സുബ്രനുവേണ്ടി ആ ഹൈദരാബാദികള്‍ വാങ്ങിയത്. മുപ്പതുലക്ഷത്തോളം രൂപ വിലയുള്ള ഒരു അപൂര്‍വ്വ രത്നമാലയാണുപോലും അതിനായി സുബ്രന്‍ വിറ്റത്.

മാലതിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണമായിരുന്നു അത്. അവളോട് ഒരു വാക്കുപോലും പറയാതെയാണ് അവള്‍ ഒളിച്ചുവെച്ചിരുന്നിടത്തുനിന്ന് ആ മാല കണ്ടെടുത്ത് കൊണ്ടുപോയി സുബ്രന്‍ വിറ്റത്. മൂന്നുദിവസത്തോളം അക്കാര്യം കൂട്ടുകാരികളേയൊക്കെ ഫോണില്‍ വിളിച്ചുപറഞ്ഞ് കരച്ചിലോടു കരച്ചിലായിരുന്നു. നാലാം ദിവസം രാവിലെ അവള്‍ പോര്‍ച്ചിലെ തറയില്‍ വിഷം കഴിച്ചു മരിച്ചുകിടക്കുന്നതാണ് കണ്ടത്.

ആസക്തമായ മനസ്സിന് ഏറ്റവും പ്രിയപ്പെട്ടതിന്റെ നഷ്ടം താങ്ങാനാവില്ലല്ലോ. പണവും പ്രതാപവും ആഡംബരങ്ങളുമൊക്കെ അവിടെ പ്രസക്തമല്ലാതാവുന്നു.

നേരമിപ്പോള്‍ വൈകീട്ട് അഞ്ചുമണിയായി. മൃതദേഹം പുറത്തേയ്ക്കെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്ഥലം എംഎല്‍ഏയും പ്രമാണിമാരും പോലീസുകാരുമൊക്കെ വന്നു തിങ്ങി നിറഞ്ഞു. ഇനി സ്ഥലം വിടുന്നതാണ് നല്ലത്. ഇറങ്ങുന്നതിനുമുമ്പ് അക്കൂട്ടത്തിലെവിടെയെങ്കിലും കാത്ത്യേനി നില്‍ക്കുന്നുണ്ടോയെന്നു നോക്കി. ഇല്ല. ഇവിടെ നിന്നുതിരിഞ്ഞാല്‍ അവര്‍ക്ക് കുന്നംകുളത്തുനിന്നുള്ള ലാസ്റ്റ് ബസ്സ് കിട്ടില്ലല്ലോ.