എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, October 29, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (നാല്)

4. ശോലാ

"ഹരാംസാദേ, തേരി ഹിമ്മത് കൈസേ ഹുയി? ദുശ്മനി, ഔര്‍ മുജ്സേ?..."

കഠാരി കയ്യില്‍ മുറുകെപ്പിടിച്ച് അലറിക്കൊണ്ട് ദീദി ഓടിയടുത്തു. മരത്തില്‍ ബന്ധനസ്ഥനായിരുന്ന ഇര "മാഫ്.." എന്ന് പറഞ്ഞുതീരുന്നതിനുമുമ്പ് ഒന്നരയടി നീളമുള്ള ഈര്‍ച്ചക്കഠാരി അവന്റെ കടവയറ്റില്‍ കുത്തിക്കയറിക്കഴിഞ്ഞിരുന്നു. ഒരു ഞൊടി നേരത്തേയ്ക്ക് ഇരയുടെ കണ്ണുകളിലേയ്ക്ക് പൈശാചികമായ ഒരു നോട്ടം. പിന്നെ നെഞ്ചിന്റെ ദിശയിലേയ്ക്ക് കത്തി ഒറ്റവലി. വയറുപിളര്‍ന്ന് ഇരയുടെ ആന്തരികാവയവങ്ങളെല്ലാം പുറത്ത്. രണ്ടേ രണ്ടു പിടച്ചില്‍, അത്രതന്നെ.

പക്ഷേ അതുകൊണ്ടൊന്നും അടങ്ങുന്നതായിരുന്നില്ല, ദീദിയുടെ കലി. തൊട്ടടുത്തുള്ള മരങ്ങളില്‍ വരിഞ്ഞുകെട്ടപ്പെട്ട മൂന്നു മനുഷ്യദേഹങ്ങള്‍കൂടിയുണ്ടായിരുന്നു....

"പാനി ലാ ബേ!" ആറു മിനിറ്റുനേരത്തെ സംഹാരതാണ്ഡവത്തിനുശേഷം എങ്ങോട്ടെന്നില്ലാതെ ആ കത്തി വലിച്ചെറിഞ്ഞുകൊണ്ട് അവര്‍ കല്പിച്ചു. അംഗരക്ഷകരിലൊരാള്‍ ഉടനേ ജീപ്പിലിരുന്ന ക്യാനിസ്റ്റര്‍ കൊണ്ടുവന്ന് അതിലെ വെള്ളം ചോരയില്‍ മുങ്ങിയ കൈകളിലേക്കൊഴിച്ചു.

"ഔര്‍ സുന്‍! ഈ നാലു ശവങ്ങളും പട്ടണത്തിലെ മുനിസിപ്പല്‍ ഓഫീസിനു മുന്‍പില്‍ തട്ടിയേക്കണം. ഈ ശോലായോടേറ്റുമുട്ടുന്നതിന്റെ അനന്തരഫലം എന്താണെന്ന് ഇവരെ അയച്ചവര്‍ അറിയട്ടെ! സരേ ആം മാരൂംഗി മേ! ഒറ്റയൊരുത്തനും എന്നെ തൊടില്ല! ത്ഫൂ!"

ചവിട്ടിക്കുലുക്കിക്കൊണ്ട് അവര്‍ സ്വന്തം ജീപ്പിനകത്തുകയറി ഓടിച്ചുപോയി. അനുചരന്‍മാര്‍ അതുവരെ കണ്ട കാഴ്ച ഉള്‍ക്കൊള്ളാനാകാതെ പരിഭ്രാന്തരായി അവിടെത്തന്നെ നിന്നു. അല്പനേരത്തിനുശേഷം അവര്‍ മൃതദേഹങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി ഒരു ഡംപ് ട്രക്കിലേയ്ക്ക് എറിഞ്ഞിട്ടു....

ഇതാണ് ശോലാ ദീദി. അല്ല സുചിത്ര മഹാപത്ര. ശാന്തിപുര്‍ പ്രദേശത്തെ ഏറ്റവും ശക്തയായ വ്യക്തി. ആള്‍ബലം കൊണ്ടും അധികാരബലം കൊണ്ടും സ്വഭാവശക്തികൊണ്ടും ധനശേഷികൊണ്ടും എല്ലാവരേയും എല്ലാത്തിനേയും ചൊല്‍പ്പടിക്കുനിര്‍ത്തുന്ന ഉഗ്രപ്രതാപി.

ദീദി, പക്ഷേ എന്നും ഇങ്ങനെയായിരുന്നില്ല. തീര്‍ത്തും സാധാരണക്കാരും അതീവ ദൈവഭക്തരുമായ കുടുംബത്തിലാണ് അവള്‍ ജനിച്ചുവളര്‍ന്നത്. ചെറുപ്പത്തില്‍ ഏറെ വിനയവും അച്ചടക്കവുമുള്ള കുട്ടിതന്നെയായിരുന്നു അവള്‍. പക്ഷേ അവളുടെ ചിന്തകളെ മൊത്തത്തില്‍ മാറ്റിമറിച്ച രണ്ടു സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായി.

ആദ്യത്തേത് അവള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. വര്‍ഷങ്ങളായി സ്കൂളിലെ ഏറ്റവും മികച്ച പ്രഭാഷകയായിരുന്നു അവള്‍. അക്കൊല്ലത്തെ സ്കൂള്‍ യുവജനോല്‍സവത്തിന് തീവ്ര ഇടതുപക്ഷ ആശയങ്ങളുള്‍ക്കൊള്ളുന്ന, ശ്രോതാക്കളുടെ ചോരതിളപ്പിക്കുന്ന ഒരു നെടുങ്കന്‍ പ്രസംഗമായിരുന്നു അവള്‍ കാഴ്ചവെച്ചത്. അത്തരമൊരു ആശയം എവിടെനിന്നു കിട്ടിയെന്നോ, ആരാണ് അല്ലെങ്കില്‍ എന്താണ് അതിനു പ്രചോദനമായത് എന്നോ ഇന്നുവരെ ആര്‍ക്കും അറിയില്ല.കൃത്യമായി സ്കൂളില്‍ വരികയും കൃത്യസമയത്ത് വീട്ടിലെത്തുകയും ചെയ്തിരുന്ന കുട്ടി പുറമേനിന്നുള്ള സ്വാധീനം കൊണ്ടായിരിക്കില്ല എന്നു മാതാപിതാക്കളും സ്കൂളില്‍ അത്തരത്തിലൊരു പ്രഭാവം ചെലുത്താന്‍ പോന്ന അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ ഇല്ലെന്ന് സ്കൂള്‍ അധികൃതരും വിശ്വസിച്ചുപോന്നു. ആവേശം കൊള്ളിക്കുന്ന രീതിയില്‍ പതിവായി സംസാരിക്കുമെന്നതൊഴിച്ചാല്‍ സ്കൂളില്‍ മറ്റൊരു കുഴപ്പവും അവള്‍ ഉണ്ടാക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്കൂള്‍ അധികൃതര്‍ക്ക് അവളെ പിരിച്ചുവിടാന്‍ കഴിയാതെ വന്നു. പന്ത്രണ്ടാം ക്ലാസ്സിനുശേഷം അവള്‍ സ്കൂള്‍ വിട്ടപ്പോള്‍ അദ്ധ്യാപകരെല്ലാം രഹസ്യമായി മധുരം വിതരണം ചെയ്ത് ആഘോഷിച്ചിരുന്നുവെന്നൊക്കെയാണ് കഥ.

കോളേജില്‍ ചേര്‍ന്നതിനുശേഷമാണ് അവള്‍ ഒരു തെരുവുപോരാളിയായത്. പലപ്പോഴും എതിര്‍കക്ഷികളിലെ വിദ്യാര്‍ത്ഥികളുമായും പോലീസുമായും അവള്‍ ആവേശപൂര്‍വ്വം പോരാടി. പല തവണ അടിയും തൊഴിയും കൊണ്ടു, അറസ്റ്റിലായി. അസഭ്യം പറയുന്നതും കേള്‍ക്കുന്നതും സര്‍വ്വസാധാരണമായി. സ്വന്തം വീടുവിട്ട് ചേരികളില്‍ ദരിദ്രര്‍ക്കൊപ്പം താമസം തുടങ്ങി. കോളേജ് വിട്ടാല്‍ അവരുടെകൂടെ കൂലിപ്പണിക്കു പോകുന്നത് പതിവാക്കി. മധുരമായി ഭജന്‍ പാടുമായിരുന്ന അവളുടെ ശബ്ദം കനത്തു പരുക്കനായി. ഇതിനിടെ ചേരിനിവാസികളെ സംഘടിതരാക്കുകയും അവരുടെ നേതൃത്വം നേടുകയും ചെയ്തതോടെ ആരുടേയും അധികാരത്തെ മാനിക്കാത്ത ഒരു കലാപകാരിയായി, അവള്‍. അങ്ങനെയാണ് അവള്‍ക്ക് "ശോലാ"എന്ന പേരു വീണത്.

രണ്ടാമത്തെ ആഘാതം ഏറ്റത് അവള്‍ക്ക് ഇരുപത്തിയാറു വയസ്സുള്ളപ്പോഴായിരുന്നു. അക്കാലത്ത് അവര്‍ ആ പ്രദേശത്തെ ഒരു ഫാക്റ്ററിയിലെ യൂണിയന്‍ നേതാവായിരുന്നു. ഫാക്റ്ററിയിലെ തൊഴിലന്തരീക്ഷം വളരേ അപായകരമായിരുന്നു. ഏതാണ്ട് നിത്യേനയെന്നോണം അവിടെ അപകടങ്ങള്‍ നടന്നിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യൂണിയന്‍ പല തവണ മാനേജ്മെന്റിനോടാവശ്യപ്പെട്ടെങ്കിലും വിശേഷിച്ച് നടപടികളൊന്നുമുണ്ടായില്ല. അങ്ങനെയിരിക്കെ ഒരേ ദിവസം രണ്ടിടങ്ങളില്‍ ഷോക്കേറ്റും ബോയിലര്‍ ചോര്‍ന്നും രണ്ടു തൊഴിലാളികള്‍ മരിച്ചു. ഇതിനെതിരെ അവള്‍ ഫാക്റ്ററിയില്‍ പണിമുടക്കു പ്രഖ്യാപിച്ചു. മാനേജ്മെന്റിന്റേയും രാഷ്ട്രീയക്കാരുടേയും പോലീസിന്റേയും ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും ഫാക്റ്ററിയിലെ സുരക്ഷിതത്വം ഉറപ്പാകുംവരെ സമരം തുടരുമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.

ഒരു മാസം തികയുന്നതിനുമുന്‍പ് തൊഴിലാളികളുടെ കുടിലുകളില്‍ പട്ടിണി പരന്നുതുടങ്ങി. അപ്പോള്‍ മാനേജ്മെന്റ് ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. എല്ലാവരും നിരുപാധികം ജോലിക്കുകയറിയാല്‍ പത്തുശതമാനം ശംബളവര്‍ദ്ധനയെന്നതായിരുന്നു ആ വാഗ്ദാനം. ശോലാ ആ ഓഫര്‍ കേട്ടപാടെ നിരസിച്ചു. തൊഴിലാളിയുടെ ജീവനേക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ലെന്ന് അവള്‍ ഗര്‍ജ്ജിച്ചു.

തൊഴിലാളികള്‍, പക്ഷേ മറിച്ചാണ് ചിന്തിച്ചത്. പത്തുശതമാനമെന്നത് അവര്‍ക്ക് അവഗണിക്കാനാകാത്ത തുകയായിരുന്നു. ശോലായോട് നേരിട്ട് എതിര്‍പ്പറിയിക്കാതെതന്നെ രണ്ടുദിവസത്തിനകം എണ്‍പത്തിയേഴു ശതമാനം പേരും കരാറൊപ്പിട്ട് ജോലിയില്‍ കയറി! ഉത്തമവിശ്വാസത്തോടെ അതുവരെ താനുമായി ചര്‍ച്ചകളിലേര്‍പ്പെട്ടിരുന്ന മാനേജ്മെന്റും ചോരയൊഴുക്കി താന്‍ സംരക്ഷിച്ചിരുന്ന തൊഴിലാളികളും സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കാനുള്ള ഒരു ഉപകരണം മാത്രമായാണ് തന്നെ കാണുന്നതെന്ന പൊള്ളുന്ന സത്യം ശോലാ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. അത് അവളുടെ ജീവിതവീക്ഷണത്തെ പാടേ മാറ്റിമറിച്ചു.

അങ്ങനെയൊരു ചതി ആ ദരിദ്രര്‍ ചെയ്തുവെങ്കിലും ശോലായെ അവര്‍ക്ക് കൈ വിടാന്‍ സാധിക്കുമായിരുന്നില്ല. അവളില്ലാതായാല്‍ സംഘടനയുമില്ല, അവകാശങ്ങളുമില്ലെന്ന സത്യം അവര്‍ക്ക് പൂര്‍ണ്ണമായും ബോദ്ധ്യമായിരുന്നു. ആ ഒരു കച്ചിത്തുരുമ്പില്‍ പിടിച്ചാണ് തൊട്ടടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ അവള്‍ മല്‍സരിച്ചു വിജയിച്ചത്. അവിടന്നങ്ങോട്ട് ആര്‍ക്കും അവഗണിക്കാനാവാത്ത വന്‍ ശക്തിയായി അവള്‍ വളര്‍ന്നു.

എംഎല്‍എ ആയതിനുശേഷം അവള്‍ ആദ്യം ചെയ്തത് ഫാക്റ്ററി യൂണിയന് ശക്തമായ ഒരു ഫണ്ട് രൂപീകരിക്കുക എന്നതായിരുന്നു. അവള്‍ സംഭാവന ചോദിച്ചുചെന്ന വന്‍ പണച്ചാക്കുകളെല്ലാം അവള്‍ക്ക് ധാരാളം പണം നല്‍കി. പകരം അവള്‍ അവര്‍ക്കുവേണ്ടി പല വഴിവിട്ട സഹായങ്ങളും ചെയ്തുകൊടുത്തു. ഫാക്റ്ററിയിലെ എല്ലാ തൊഴിലാളികളുടേയും കുടുംബങ്ങളുടെ മൂന്നുവര്‍ഷത്തെ അടിസ്ഥാന ചിലവുകള്‍ നടത്താന്‍ കഴിയുന്നത്ര പണം അവള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വരൂപിച്ചു. മേലില്‍ അവള്‍ സമരം പ്രഖ്യാപിച്ചാല്‍ പൊളിക്കാന്‍ സാധിക്കില്ലെന്നു മനസ്സിലായതോടെ ആ ഫാക്റ്ററി മാനേജ്മെന്റ് അവളുടെ ചൊല്‍പ്പടിയിലായി. ക്രമേണ അവളുടെ യൂണിയന്‍ മറ്റു വ്യവസായമേഖലകളിലേയ്ക്കു വ്യാപിച്ചു. സംസ്ഥാനത്തെ ഏറ്റവും ശക്തവും സമരാസക്തവുമായ സംഘടനയായി അത്. സമരങ്ങള്‍ പ്രഖ്യാപിച്ചും, മുതലാളിമാരില്‍നിന്ന് പണം ഈടാക്കി ഒത്തുതീര്‍പ്പാക്കിയും തൊഴിലാളികള്‍ക്ക് ചില്ലറ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുത്തും അവള്‍ സംസ്ഥാനത്തെ അനിഷേദ്ധ്യശക്തിയായി. "ദീദി"യായി.

ഇന്ന് ശോലാ ദീദി ദേശീയതലത്തിലുള്ള ഒരു നേതാവെന്നതിലുപരി ആയിരത്തി എഴുന്നൂറിലേറെ ഏക്കര്‍ പരന്നുകിടക്കുന്ന ഒരു ബോക്സൈറ്റ് ഖനിയുടെ ഭൂരിപക്ഷ ഓഹരിയുടമയാണ്. എതിര്‍ക്കുന്നവരെ ഒതുക്കുകയും മുറിവേല്‍പ്പിക്കുന്നവരെ നിര്‍ദ്ദാക്ഷിണ്യം നിഗ്രഹിക്കുകയും ചെയ്യുന്ന സംഹാരമൂര്‍ത്തിയാണ്.

അന്നത്തെ കൊലപാതകങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ദീദിയ്ക്കറിയാമായിരുന്നു. പ്രതികാരദാഹികള്‍ക്ക് നടന്നുകയറാന്‍ പാകത്തിന് അവരുടെ വീട്ടില്‍ ഒരു വന്‍ കെണിയും തയ്യാറാക്കപ്പെട്ടിരുന്നു. പക്ഷേ ദീദിയുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള സംഭവങ്ങളാണ് രണ്ടാഴ്ചകള്‍ക്കു ശേഷം ഒരു രാത്രിയില്‍ നടന്നത്.

ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് രാത്രി വൈകീട്ട് വീട്ടിലെത്തിയതായിരുന്നു അവര്‍. നേരെ ചെന്നത് കിടപ്പുമുറിയിലേയ്ക്കാണ്. മുറിക്കകത്തേയ്ക്കു കയറിയതും വാതില്‍ പിന്നില്‍ വലിച്ചടയ്ക്കപ്പെട്ടു. ഒരൊറ്റച്ചാട്ടത്തിന് ദീദി കട്ടിലിലേയ്ക്കു ചാടിവീണ് തലയിണയ്ക്കടിയിലെ റിവോള്‍വര്‍ കയ്യിലെടുത്ത് ചാടിയെഴുന്നേറ്റ് വാതിലിനുനേരെ ചൂണ്ടിക്കൊണ്ടുനിന്നു. വാതില്‍ക്കല്‍ ആറേകാല്‍ അടിയോളം പൊക്കമുള്ള ഒരു ആജാനബാഹു ഒരു ഓട്ടോമാറ്റിക്ക് റൈഫിള്‍ ദീദിയുടെ നേരെ ചൂണ്ടിക്കൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. തലയില്‍ കെട്ടിയ പഗ്ഡിയുടെ ഒരറ്റംകൊണ്ട് അവന്‍ മുഖം മറച്ചിരുന്നു.

"വെടിവെയ്ക്കരുത്. ഞാന്‍ ഒറ്റയ്ക്കല്ല. നിങ്ങളുടെ പിന്നില്‍ ഇതുപോലത്തെ തോക്കേന്തിയ രണ്ടു പേര്‍ കൂടി നില്‍ക്കുന്നുണ്ട്. എന്നെക്കൊന്നാലും നിങ്ങള്‍ രക്ഷപ്പെടില്ല..." അവന്‍ അലറി!

ദീദി തിരിഞ്ഞുനോക്കിയില്ല. റിവോള്‍വര്‍ ദൃഢമായി അവന്റെ നേരെതന്നെ ചൂണ്ടി അവനെ തറപ്പിച്ചുനോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു. പിന്നിലുള്ളവര്‍ ദീദിയെ ബോധ്യപ്പെടുത്താനെന്നോണം അവരുടെ റൈഫിളുകള്‍ ഒന്നുരണ്ടു തവണ ക്ലിക്ക് ചെയ്തു. പക്ഷേ അവര്‍ക്ക് യാതൊരു കുലുക്കവുമില്ല. നിമിഷങ്ങള്‍ക്കകം മുറിയിലെ നാലു ജനലുകളില്‍ ആയുധധാരികളായ പന്ത്രണ്ടുപേര്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ തോക്കുകള്‍ ആ മൂന്നു നുഴഞ്ഞുകയറ്റക്കാരുടെ തലയെ ലക്ഷ്യമാക്കി നിന്നു.

"എനിക്ക് മൂന്നുകോടി രൂപ വേണം. പണമായിട്ട്. എനിക്ക് സുരക്ഷിതമായി കടന്നുപോകാന്‍ വഴിയൊരുക്കുകയും വേണം. അങ്ങനെയാണെങ്കില്‍ ആര്‍ക്കും പരിക്കുപറ്റാതെ ഈ ഡ്രാമ നമുക്കവസാനിപ്പിക്കാം. ശാന്തമായി ആലോചിക്കൂ ദീദീ...."

"ഏക് ഫൂട്ടി കൌഡി നഹി മിലേഗി. ജീവനും കൊണ്ട് ഒരുത്തനും ഇവിടന്ന് പോകുകയുമില്ല"

"പോകും ദീദി. ഈ കൊട്ടാരത്തില്‍ പതിനേഴിടങ്ങളില്‍ ഞാന്‍ ബോംബ് വെച്ചിട്ടുണ്ട്. എല്ലാം നാടന്‍. ഖനിയില്‍ നിന്ന് പലപ്പോഴായി മോഷ്ടിച്ച ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കൊണ്ടുണ്ടാക്കിയത്. അതെല്ലം വീട്ടിലെ വയറിങ്ങുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. വൈദ്യുതിയുള്ളിടത്തോളം ബോംബുകള്‍ പൊട്ടില്ല. വൈദ്യുതി പോയാല്‍, പതിനേഴെണ്ണവും ഒരുമിച്ചു പൊട്ടും. പിന്നെയിവിടെ ചാരവും പൊടിയും മാത്രമേ ബാക്കിയുണ്ടാവൂ. അഞ്ചു മൈലകലെ എന്റെ ആള്‍ കാത്തുനില്പുണ്ട്, പ്രശ്നമുണ്ടായാല്‍ ഇങ്ങോട്ടുള്ള വൈദ്യുതിബന്ധം മുറിച്ചുകളയാന്‍ ..."

"ഉസ്മാന്‍...." ദീദി നീട്ടിവിളിച്ചു

"ജീ ദീദി"

"ഏക് ആദ്മി കൊ ഭേജോ മെയ്‌ന്‍ സ്വിച്ച് കേ തരഫ്. മേരാ ഏക് ഇശാരേ പര്‍ ബംഗലേ കി പൂരി ബിജ്‌ലി ബന്ദ് ഹോനി ചാഹിയേ (ഒരാളെ മെയിന്‍ സ്വിച്ചിനടുത്തേയ്ക്ക് വിട്. എന്റെ ഒരൊറ്റ സൂചനയില്‍ ബംഗ്ലാവിലെ മുഴുവന്‍ വൈദ്യുതിയും വിച്ഛേദിക്കപ്പെടണം)" അവര്‍ ഗര്‍ജ്ജിച്ചു !!

മരിക്കാനും കൊല്ലാനും രണ്ടുകൂട്ടരും പൂര്‍ണ്ണമായും തയ്യാറാണെന്നത് അതോടെ തീരുമാനമായി. ഒരു കായികതാരത്തിന്റേതുപോലെ ഉറച്ച ദീദിയുടെ ശരീരത്തില്‍ ഒരിടത്തും ഒരു നേരിയ വിറയല്‍പോലുമില്ല. കയ്യിലെ പേശികളുടെ പൂര്‍ണ്ണശക്തിയും തോക്കിന്‍മേലുണ്ട്. മുഖത്ത് നിശ്ചയദാര്‍ഢ്യം. കണ്ണുകണില്‍ തീ!

"എല്ലാവരേയും കൊന്നൊടുക്കിയാലും ദീദി വിജയിക്കുമെന്നു കരുതണ്ട" അല്പം സ്വരം താഴ്ത്തി അവന്‍ മുരണ്ടു. "ഞങ്ങളില്ലാതായാല്‍ ഞങ്ങളുടെ രണ്ടാംനിര ഉയര്‍ന്നുവരും. അവര്‍ക്കും നിങ്ങളേപ്പോലുള്ള വന്‍ പണച്ചാക്കുകളെ കൊള്ളയടിച്ചേ സ്വന്തം സേനയെ പോറ്റാന്‍ കഴിയൂ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അതിജീവനത്തിന്റെ പ്രശ്നമാണ്. ആ മുംബൈക്കാരെ ഇവിടെ കൊടികുത്തിവാഴാന്‍ ഞങ്ങള്‍ക്കനുവദിക്കാനാവില്ല"

"കോന്‍ മുംബൈവാലേ?"

"മുംബൈയിലെ സാഠേ ഭായിയുടെ ഗ്യാങ്ങ്! രണ്ടാഴ്ച മുന്‍പ് അവരുടെ നാലാളുകളെ ആരോ കുത്തിക്കീറി കൊലപ്പെടുത്തിയിരുന്നു. നാലുശവങ്ങളും പരസ്യമായാണ് പട്ടണത്തില്‍ കൊണ്ടുവന്നു തള്ളിയത്. ഞങ്ങളാണ് അതു ചെയ്തത് എന്നാണ് മുംബൈയിലേയ്ക്ക് വാര്‍ത്ത പോയിരിക്കുന്നത്. അവര്‍ വരും. ഇത്തവണ മുഴുവന്‍ സൈന്യവുമായിട്ടായിരിക്കും വരിക. അതിനുമുമ്പ് എനിക്ക് ആള്‍ബലം കൂട്ടണം. അതിന് പണം വേണം. നിറയെ പണം"

"സാഠേ ഭായിക്ക് ഇവിടെയെന്തുകാര്യം?"

"വഹി ഹഫ്താ വസൂലി. ഗുണ്ടാപ്പിരിവ്. കാവല്‍പ്പണം. മാസം പതിനായിരം രൂപയാണ് ഖനിയിലെ ഓരോ ലേബര്‍ കോണ്ട്രാക്റ്റര്‍മാര്‍ക്കും നിശ്ചയിച്ചിരിക്കുന്ന റേറ്റ്. പോരാത്തതിന് അവര്‍ പറയുന്ന ആളുകള്‍ക്ക് ജോലി കൊടുക്കുകയും വേണം. ഞങ്ങളതു സമ്മതിക്കില്ല ദീദി. ഇവിടെ ഞങ്ങള്‍ ഒരു ഗ്യാങ്ങ് ഉണ്ടാക്കും. കാവല്‍പ്പണം ഞങ്ങള്‍ വാങ്ങും. ഞങ്ങളുടെ ആളുകളെ ജോലിക്കുവെയ്ക്കും. കാരണം ഞങ്ങളെ കുടിയൊഴിപ്പിച്ച മണ്ണിലാണ് ഈ ഖനി. ഇവിടെനിന്നുള്ള വരുമാനം ഈ മണ്ണിന്റെ മക്കളുടെ കയ്യിലിരിക്കണം"

ദീദി ഒന്നും മിണ്ടാതെ അതേ നില്പു തുടര്‍ന്നു.

"എന്റെയാളുകള്‍ മദ്യവും മാംസവും കഴിച്ച് ചീര്‍ത്തുകൊഴുത്ത പൊണ്ണന്‍മാരല്ല,നല്ല കായികക്ഷമതയുള്ള പോരാളികളായിരിക്കും. അവരുടെ ഭക്ഷണവും പരിശീലനവും സ്വഭാവവും ജീവിതവും ഞാന്‍ കര്‍ശനമായി നിയന്ത്രിക്കും. ആധുനികമായ ആയുധങ്ങള്‍ അവരുടെ കൈവശമുണ്ടാകും. കൌശലക്കാരായിരിക്കും. മൂന്നുകോടി രൂപകൊണ്ട് അത്തരത്തിലുള്ള എഴുപതുപേരെക്കൂടി എനിക്കു പരിശീലിപ്പിച്ചെടുക്കാന്‍ കഴിയും. സാഠേ ഭായിയോടു മുട്ടാന്‍ എനിക്കത്രയും ആളുകളും പടക്കോപ്പുകളും കൂടിയേ തീരൂ"

ദീദി പെട്ടന്ന് കയ്യിലുള്ള തോക്ക് പിന്നിലേക്കെറിഞ്ഞു. എന്നിട്ട് കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ച് കട്ടിലില്‍ ഇരുന്നു. അതിക്രമി അതുകണ്ട് അല്പനേരം അമ്പരന്നുനിന്നു. അതിനുശേഷം അവനും തോക്കു താഴ്ത്തി.

"ഇരുന്നൂറുപേര്‍ക്ക് പരിശീലനവും ആയുധവും നല്‍കാന്‍ എത്ര പണം വേണ്ടിവരും?" അവനെ തറപ്പിച്ചുനോക്കിക്കൊണ്ട് ദീദി ചോദിച്ചു.

അങ്ങനെയൊരു ചോദ്യം അവന്‍ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. "അത്...ദീദി...ഏതാണ്ട് പത്തുകോടി രൂപ....പത്താകുമെന്നു തോന്നുന്നു" അവന്‍ പറഞ്ഞൊപ്പിച്ചു.

"ചൌബേ ജീ, തീന്‍ ഖോഖാ ലേ ആവോ. ഔര്‍ ഏക് മൊബൈല്‍ ഭി" ദീദി വിളിച്ചുപറഞ്ഞു. അവനോട് വാതില്‍ തുറന്നിടാന്‍ ആവശ്യപ്പെട്ടു.

അഞ്ചുമിനിറ്റുനേരം പൂര്‍ണ്ണ നിശബ്ദത. ദീദിയുടെ കാര്യസ്ഥന്‍ ചൌബേ പണപ്പെട്ടികളുമായി വരുന്നതുവരെ ദീദി അവനെ അടിമുടി സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു.

ചൌബേ പെട്ടികള്‍ ദീദിയുടെ അരികില്‍ വെച്ച ശേഷം മൊബൈല്‍ കയ്യിലെടുത്ത് ഡയല്‍ ചെയ്തു. ദീദിയുടെ ഫോണില്‍ ഒറ്റ റിങ്ങ് അടിച്ചതോടെ അത് കട്ട് ചെയ്യുകയും ചെയ്തു. ദീദി സ്വന്തം ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റിലേയ്ക്ക് ആ നമ്പര്‍ ചേര്‍ത്തു.

"ചൌബേ ജി, മൊബൈല്‍ ഉസ്കോ ദീജിയേ" ദീദി നിര്‍ദ്ദേശിച്ചു. മുഖംമൂടി ആ ഫോണ്‍ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി

"ഫോണ്‍ ഹെ ബേ! കോയി ബം നഹി! ഔര്‍ സുന്‍. ഈ ഫോണ്‍ എപ്പോഴും നിന്റെ കയ്യിലുണ്ടായിരിക്കണം. ഇതിലൂടെ എന്നെയല്ലാതെ വേറൊരാളെയും വിളിക്കരുത്. വിളിച്ചാല്‍ ഞാന്‍ ഉടനേ വേറെ ഫോണ്‍ കൊണ്ടുവന്നു തരും. വെറുതെയല്ല, നിന്റെ കരണക്കുറ്റിക്ക് രണ്ടു പൊട്ടിച്ചിട്ട്. ഞാന്‍ ഈ ഫോണിലേയ്ക്കേ വിളിക്കൂ. വിളിച്ചാല്‍ ഉടന്‍ എടുക്കണം. ബാറ്ററി ചാര്‍ജ് ചെയ്തില്ല, ഫോണ്‍ കുളിമുറിയില്‍ മറന്നു എന്നമട്ടിലുള്ള ഒഴികഴിവുകളൊന്നും ചിലവാകില്ല. ഈ പെട്ടികളില്‍ നിന്റെ മൂന്നു കോടിയുണ്ട്. ബാക്കി ഏഴ്, രണ്ടാഴ്ചയ്ക്കുള്ളില്‍. രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറുപേരും തയ്യാറായിരിക്കണം. അതിനുശേഷം ഖനിയുടേയും ഖനിയില്‍നിന്നു പുറത്തേയ്ക്കുപോകുന്ന വാഹനങ്ങളുടേയും മുഴുവന്‍ സുരക്ഷാ ചുമതലയും നിനക്ക്. മാസം ഒന്നരക്കോടി രൂപ, അഞ്ചുവര്‍ഷത്തേയ്ക്ക്. അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് പുതിയ കരാറിനേപ്പറ്റി നമുക്കു സംസാരിക്കാം. എങ്ങനെ? മന്‍സൂര്‍ ഹേ?"

"ഹാം...." അവന്‍ അലക്ഷ്യമായി പറഞ്ഞു.

"ഠീക് ഹേ. നിന്റെ പണം എടുത്തോ"

"രുക്!!" പെട്ടിയുടെ പിടിയില്‍ അവന്‍ കൈ വെച്ചയുടന്‍ ദീദി കല്‍പ്പിച്ചു. "എന്റെ കയ്യില്‍നിന്ന് പണം വാങ്ങുന്നതാരാണെന്ന് എനിക്കു കാണണം"

അവന്‍ പെട്ടിയില്‍നിന്നു കൈ വിട്ട് നിവര്‍ന്നു നിന്നു. എന്നിട്ട് പഗഡി അഴിച്ചു തോളിലിട്ടു. ദീദിയുടെ പിന്നില്‍ നിന്നിരുന്നവരും അപ്പോള്‍ തോക്കുതാഴ്ത്തി അവരുടെ മുഖംമൂടികള്‍ അഴിച്ചുമാറ്റി.

"തൂ ചിക്നാ ഹേ ബേ!" വക്രിച്ച ഒരു പുഞ്ചിരിയോടെ ദീദി പറഞ്ഞു "ഔര്‍ ഏക് ബാത് ബതാ. ഇരുന്നൂറു പേര്‍ നിന്റെ ചൊല്‍പ്പടിയിലായിരിക്കും. നീ ആരുടെ ചൊല്‍പ്പടിയിലായിരിക്കും?"

ഒരു നിമിഷനേരം അവന്‍ ദീദിയെ തുറിച്ചുനോക്കി.

"ഞാന്‍ ദീദി പറഞ്ഞ കരാറിന്റെ ചൊല്‍പ്പടിയിലായിരിക്കും. ദീദി ദീദിയുടെ ഭാഗത്തോട് നീതിപാലിക്കുന്ന സെക്കന്റ് വരെ ഞാന്‍ എന്റെ ഭാഗത്തോടും വിശ്വസ്തതകാണിക്കും. ബാക്കി നമുക്ക് അഞ്ചുവര്‍ഷം കഴിഞ്ഞ് തീരുമാനിക്കാം". അത്രയും പറഞ്ഞ്, തന്റെ കൂട്ടാളികളോട് പെട്ടിയെടുക്കാന്‍ ആഗ്യം കാട്ടി അവന്‍ മുറിക്കുപുറത്തേയ്ക്കു കടന്നു.

ഇവന്‍ വീരനാണ്. നെഞ്ചില്‍ തീയുണ്ട്. ഉരുക്കിന്റെ കരുത്തുള്ള മനസ്സുണ്ട്. വിജയതൃഷ്ണയുണ്ട്. പോരാടിനേടാനുള്ള സ്വഭാവശക്തിയുണ്ട്. ഇവനെ കൂടെനിര്‍ത്തണം, എപ്പോഴും - അവള്‍ മനസ്സിലുറപ്പിച്ചു.

Monday, October 14, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (മൂന്ന്)

3. അരുന്ധതി

ഭക്താപുര്‍ ജലവൈദ്യുത പദ്ധതിയില്‍ അരുന്ധതി തനേജ ഐഎഎസ് കിരീടം വെയ്ക്കാത്ത രാജ്ഞിയാണ്. 'പ്രോജക്റ്റ് ചീഫ് എക്സിക്യൂട്ടിവ്' എന്ന തസ്തികപോലും അവര്‍ക്കുവേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ടതാണ്.

അതിനു കാരണമുണ്ട്. ഭക്താപുര്‍ പ്രദേശത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയനേതാവ് രവി തനേജയുടെ മകളാണവര്‍. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിര്‍ണ്ണായകമായ 34 അംഗങ്ങളുള്ള, ഒരേയൊരു സംസ്ഥാനത്തില്‍ മാത്രം സ്വാധീനമുള്ള പാര്‍ട്ടിയുടെ അനിഷേധ്യ നേതാവാണ് രവി ചാച്ച എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം. തന്റെ സ്വാധീനം ഉപയോഗിച്ച് ഭക്താപുരില്‍ ഇതുപോലൊരു ബൃഹദ് പദ്ധതി കൊണ്ടുവന്നപ്പോള്‍ ചാച്ചാജിയെന്ന രാഷ്ട്രീയ ശകുനിയുടെ മനസ്സിലുണ്ടായിരുന്ന, പ്രദേശത്തിന്റെ ഉന്നതിയില്‍ക്കവിഞ്ഞ പല ലക്ഷ്യങ്ങളുടേയും ഭാഗമായിരുന്നു അരുന്ധതിയുടെ ആ നിയമനം.

അത്തരമൊരു പരിചയപ്പെടുത്തലില്ലാതെതന്നെ ബഹുമാനം അര്‍ഹിക്കുന്ന നേട്ടങ്ങളുടെ ഉടമയാണ് അരുന്ധതി. ചെറുപ്രായത്തില്‍ത്തന്നെ തികഞ്ഞ അച്ചടക്കവും വായനാശീലവും ലക്ഷ്യബോധവുമുള്ള വിദ്യാര്‍ത്ഥിനിയായിരുന്നു അവര്‍. യൂണിവേഴ്സിറ്റിയില്‍ രണ്ടാം റാങ്കോടെയാണ് സിവില്‍ എഞ്ചിനീയറിങ്ങ് പാസായത്. ഐഎ‌എസ് പരീക്ഷയില്‍ ഇന്ത്യയിലെ നാല്പത്തിയെട്ടാമത്തെ റാങ്കുകാരിയായിരുന്നു. അധികാരത്തിന്റെ അകത്തളങ്ങളില്‍ വളര്‍ന്നതുകൊണ്ടാകാം, ഇരുപത്തിയെട്ടുവയസ്സുള്ള യുവതിയില്‍ സാധാരണയായി കാണാന്‍ കഴിയാത്ത അപാരമായ ആജ്ഞാശക്തി അവര്‍ക്കുണ്ടായിരുന്നു.

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത, എന്നാല്‍ പണമിടപാടുകളില്‍ സര്‍വ്വാധികാരമുള്ള തസ്തികയാണ് ചീഫ് എക്സിക്യൂട്ടിവിന്റേത്. കുമാരി തനേജയുടെ ഒപ്പില്ലാതെ ഒരൊറ്റ ബില്ലോ, പര്‍ച്ചേസ് ഓര്‍ഡറോ, കരാറോ ചെക്കോ ആ പദ്ധതിയില്‍ അനങ്ങുമായിരുന്നില്ല. പ്രോജക്റ്റിന്റെ ഗുണനിലവാരത്തിന്റേയും സമയബന്ധിതമായ പുരോഗതിയുടേയും ഉത്തരവാദിത്വമാകെട്ടെ, ഡയറക്റ്ററുടേയും ചീഫ് എഞ്ചിനീയറുടേയും തലയിലായിരുന്നുതാനും. ചുരുക്കത്തില്‍ പറഞ്ഞാല്‍ വെണ്ണയുണ്ണുന്നത് ചീഫ് എക്സിക്യുട്ടിവും തൈരുകടയാന്‍ മറ്റുള്ളവരും എന്നതായിരുന്നു സ്ഥിതി!

ഓരോ പണമിടപാടിലും 'മേഡ'ത്തിന് കിട്ടേണ്ടതായ ഒരു വിഹിതമുണ്ട്. അതിന്റെ തരവും തോതുമൊക്കെ പ്രോജക്റ്റിലെ കൊച്ചുപയ്യന്‍മാര്‍ക്കുവരെ അറിയാം. പണം, പക്ഷേ, അവര്‍ നേരിട്ട് കൈപ്പറ്റാറില്ല. അവരുടെ സെക്രട്ടറി പങ്കജ് മിശ്രയിലൂടെയാണ് എല്ലാ പണവും ആദ്യം മാഡത്തിന്റെ കയ്യിലും പിന്നീട് ചാച്ചാജിയുടെ കയ്യിലും എത്തിയിരുന്നത്.

അന്ന് പതിവുപോലെ ഔദ്യോഗിക വാഹനമായ സ്കോര്‍പിയോയില്‍ നിന്നിറങ്ങി ബംഗ്ലാവിനകത്തു കയറി ബ്രീഫ്‌കെയ്സ് ഭദ്രമായി വെയ്ക്കാനായി മുകളിലത്തെ നിലയിലേയ്ക്കു കയറുകയായിരുന്നു അരുന്ധതി. സേഫ് ഇരിക്കുന്ന മുറിയില്‍ ആളനക്കമുള്ളതായി അപ്പോഴാണ് അവര്‍ ശ്രദ്ധിച്ചത്. മിശ്രാജി ഇതുവരെ പോയില്ലേ?

"മിശ്രാജീ.....ഓ മിശ്രാജീ...."

മറുപടിയില്ല! മുറിയില്‍നിന്നുള്ള പതിഞ്ഞ ശബ്ദങ്ങള്‍ക്ക് മാറ്റവുമില്ല!

അവര്‍ നേരെ മുറിയിലേയ്ക്ക് നടന്നുചെന്നു. ഞെട്ടിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്! യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ സേഫ് തുറന്ന് അതിലെ നോട്ടുകെട്ടുകളെല്ലാം വലിയൊരു ബാക്ക്പാക്കില്‍ കുത്തിനിറയ്ക്കുകയാണ്!

"വാച്ച്മാന്‍!..." ആവുന്നത്ര ഉച്ചത്തില്‍ അവര്‍ അലറി.

"വോ കോയി ആനേവാലാ നഹി, മേഡ്ഡം...." പണക്കെട്ടുകള്‍ പിന്നേയും വാരിയെടുത്തുകൊണ്ട് അയാള്‍ യാതൊരു കുലുക്കവുമില്ലാതെ പ്രഖ്യാപിച്ചു.

"നീയിത് ഇപ്പോള്‍ നിറുത്തുന്നതാണ് നല്ലത്, അല്ലെങ്കില്‍ ഞാന്‍ പോലീസിനെ വിളിക്കും!" കലശലായ ദേഷ്യവും പരിഭ്രമവും വെപ്രാളവും കലര്‍ന്ന ശബ്ദത്തില്‍ അവര്‍ മുരണ്ടു.

"ആരെ? ആ ചമാര്‍* മംഗത് റാമിനേയോ? അവന്‍ കമിഴ്ന്നുവീണ് നിങ്ങളുടെ തുകല്‍ച്ചെരിപ്പ് നക്കുമായിരിക്കും - അതല്ലേ ജാതി! പക്ഷേ തൊട്ടുപിന്നാലെ ഡിഎസ്‌പി സാബ് പട്ടണത്തില്‍നിന്ന് ഒരു ബറ്റാലിയനും കൊണ്ടുവരുന്നുണ്ട്. അവരു വന്നാല്‍ അകത്താകുക ഞാനല്ല മേഡ്ഡം, നിങ്ങളാണ്."

"വാട്ട് നോണ്‍സെന്‍സ്!! എന്നെ അകത്താക്കാന്‍ മാത്രം ഈ ഭക്താപൂരില്‍ ആരും വളര്‍ന്നിട്ടില്ല. ഇട്ടിട്ടു പോടാ, അവിടന്ന്!"

"മാഡം, മിശ്രാജി പണം വാങ്ങിയത് തെളിവോടെയാണ് ശര്‍മ്മാ സേഠ് ഡിഎസ്‌പി സാബിന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റെയ്ഡിനുള്ള ഉത്തരവ് നേരെ കേന്ദ്രത്തില്‍ നിന്ന് സിബിഐ വഴിയാണ് വന്നിട്ടുള്ളത്"

പ്രോജക്റ്റിലെ ഏറ്റവും വലിയ സിവില്‍ കോണ്ട്രാക്റ്റര്‍ ആണ് 'കെഎല്‍എസ് കണ്‍സ്ട്രക്ഷന്‍'സിന്റെ ഉടമ കന്‍ഹൈയാ ലാല്‍ ശര്‍മ്മ. ഇന്നു രാവിലെ കൈക്കൂലിപ്പണവുമായി തന്റെ ഓഫീസില്‍ ഇടിച്ചുകയറിയതിന് അയാളെ ആട്ടിയോടിച്ചതാണ്! അങ്ങനെയുള്ളവരുമായി ഇടപാടു പാടില്ലെന്ന് മിശ്രാജിക്ക് നല്ലപോലെ അറിയാം. അപ്പോള്‍ ഇതെങ്ങനെ പറ്റി?

"ഇംപോസ്സിബിള്‍! കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കുന്നതുതന്നെ എന്റെ പാര്‍ട്ടിയുടെ പിന്തുണകൊണ്ടാണ് ...."

"അതുകൊണ്ടാണല്ലോ അവരിതു ചെയ്യുന്നത്! ഒരു കേസില്‍ കുടുക്കിയിട്ടാല്‍ പിന്നെ ചാച്ചാജി വളര്‍ത്തുനായയേപ്പോലെ അവരുടെ ചൊല്‍പ്പടിക്കു നിന്നോളും. ഇന്നത്തെ സ്ഥിതിയില്‍ ഒരു മുപ്പത്തിനാലെണ്ണത്തിനെ പിടിച്ചു തൊഴുത്തില്‍ക്കെട്ടാന്‍ പറ്റിയാല്‍ കേന്ദ്രസര്‍ക്കാരിന് അതൊരു വലിയ നേട്ടമല്ലേ?" അയാളുടെ സ്വരത്തില്‍ പുച്ഛം!

"ഞാനിപ്പോള്‍ ഈ പണം കടത്തിക്കൊണ്ടുപോകുന്നതുകൊണ്ട് മാഡത്തിന് ഗുണമേയുള്ളൂ" അയാള്‍ തുടര്‍ന്നു. "നോക്കൂ, ഈ റെയ്ഡിനു വരുന്നവര്‍ക്ക് ഒരു തുമ്പുപോലും കിട്ടില്ല. അല്ല, ഇനിയും വേറെ വല്ലിടത്തും ഇരിപ്പുണ്ടെങ്കില്‍ പറഞ്ഞോളൂ, അതും ഞാന്‍ വെടിപ്പാക്കിത്തരാം"

"ഈ പണവും കൊണ്ട് നീ അധികദൂരം പോകില്ല ചെറുക്കാ. നിന്റെ പിന്നാലെ വരിക പോലീസല്ല..."

"അതെനിക്കറിയാം. ഞാന്‍ ഈ പണം മോഷ്ടിക്കുകയല്ല മാഡം, കടം വാങ്ങുകയാണ്. ഇരുപത്തിയഞ്ചുശതമാനം പലിശയ്ക്ക്. റെയ്ഡില്‍നിന്ന് മാഡത്തിനെ രക്ഷിച്ച എന്റെ സേവനം ഫ്രീ!! മാഡം അല്പമൊന്ന് സഹകരിച്ചാല്‍ മാത്രം മതി."

"എന്തു സഹകരണം?"

"അടുത്തയാഴ്ചയാണല്ലോ പൈപ്പിങ്ങ് ജോലികളുടെ കരാറിനുള്ള ലേലം വിളി. നൂറ്റിയിരുപത്തിയേഴു കോടി രൂപയുടെ ചെറിയ വര്‍ക്കാണ്. അതെനിക്കു കിട്ടണം. രണ്ടുവര്‍ഷത്തിനകം ഇതിന്റെ ഒന്നരയിരട്ടി തുക ഞാന്‍ മാഡത്തിനു തന്നിരിക്കും."

"ആഹ! വല്ലിടത്തുനിന്നും പണം മോഷ്ടിച്ച് കാശുകെട്ടിവെച്ച് ടെന്ററിട്ടാല്‍ കരാറങ്ങോട്ട് വെള്ളിത്താലിയില്‍ വെച്ച് നീട്ടിത്തരുമെന്നാണ് നിന്റെ വിചാരം? അതൊക്കെ ജോലിക്കാരും മുന്‍പരിചയവും യന്ത്രസാമഗ്രികളും നോക്കിനടത്താന്‍ കഴിവുമുള്ളവര്‍ക്കാണ് കിട്ടുക."

"കഴിഞ്ഞ നാലുവര്‍ഷമായി 'കെഎല്‍എസ് കണ്‍സ്ട്രക്ഷന്‍'സില്‍ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ് ഞാന്‍, മാഡം. അതിനുമുമ്പ് മൂന്നുവര്‍ഷം ഞാന്‍ ഇറാക്കില്‍ ഒരു വലിയ പൈപ്പ്‌ലൈന്‍ ഫാബ്രിക്കേഷന്‍ കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. അവിടന്നു തുടങ്ങിയതാണ് വെല്‍ഡിങ്ങിനോടുള്ള താല്പര്യം. ഇന്നും ഞാന്‍ ദിവസേന് കുറഞ്ഞത് പത്തുമീറ്ററെങ്കിലും വെല്‍ഡ് ചെയ്യും. അതുമാത്രമല്ല, സൈറ്റിലെ ഒട്ടുമിക്ക യന്ത്രങ്ങളും വാഹനങ്ങളും ഞാന്‍ സ്വന്തം കൈകള്‍ കൊണ്ട്റിപ്പയര്‍ ചെയ്യാറുണ്ട്. പലരേയും പോലെ ഒരു വൈറ്റ് കോളര്‍ എഞ്ചിനീയറല്ല, മാഡം, ഞാന്‍. താങ്കള്‍ സൈറ്റില്‍ പണിയെടുക്കുന്ന മനുഷ്യരെയൊന്നും കാണാന്‍ കൂട്ടാക്കാറില്ലല്ലോ, അതുകൊണ്ടാണ് എന്നേപ്പറ്റി അറിയാത്തത്" അയാള്‍ ബാഗിന്റെ സിപ്പ് വലിച്ചടച്ചുകൊണ്ട് പറഞ്ഞു.

"പിന്നെ ജോലിക്കാരുടെ കാര്യം. ശര്‍മ്മാ സേഠിന്റെ പോലെ വെല്‍ഡിങ്ങ് ചെയ്യുന്ന കൂലിവേലക്കാരല്ല, എന്റെ കമ്പനിയിലുണ്ടാകുക - ഇറാക്കില്‍ എന്റെകൂടെ ജോലിചെയ്തിരുന്ന നല്ല ഒന്നാന്തരം വെല്‍ഡിങ്ങ് സ്പെഷലിസ്റ്റുകളാണ്. ഇവിടത്തെ തുക്കടാ ലോക്കല്‍ കമ്പനികളുണ്ടാക്കിയ യന്ത്രങ്ങളല്ല, ഒന്നാന്തരം ജര്‍മ്മന്‍ നിര്‍മ്മിത യന്ത്രങ്ങളും ഉപകരണങ്ങളുമായിരിക്കും അവര്‍ ഉപയോഗിക്കുക. ഒരു വിദേശ കമ്പനി ഇവിടെ ഇന്ത്യയില്‍ ഒരു പൈപ്പ്‌ലൈന്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ വര്‍ക്ക് ഉടനേ തീരും. അവര്‍ പോകുന്നതിനു മുമ്പ് അവരുടെ യന്ത്രങ്ങളും ഉപകരണങ്ങളും അവര്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുണ്ട്. അതെവിടെയെന്ന് ഞാന്‍ പറയുന്നില്ല, കാരണം ഈ പണവും കൊണ്ട് ഞാന്‍ നേരെ അങ്ങോട്ടാണ് പോകുന്നത്. ഒരാഴ്ചയ്ക്കകം ഞാനവ വാങ്ങിയിരിക്കും." അതു പറഞ്ഞുതീരുമ്പോഴേയ്ക്കും അയാള്‍ ബാഗ് തോളിലിട്ട് താഴോട്ടിറങ്ങിത്തുടങ്ങിയിരുന്നു.

"ഞങ്ങളേപ്പോലുള്ളവര്‍ക്ക് ഇല്ലാത്തതെന്തെന്ന് ഞാന്‍ പറയാം, മാഡം. ഒന്ന് മൂലധനം. രണ്ട് സ്വാധീനം. ഞങ്ങള്‍ക്കൊക്കെ ഒരൊറ്റ രൂപ പോലും ബാങ്കുകള്‍ കടം തരില്ല. പിന്നെ ബിസിനസ് മേഖലയിലാകെ രാഷ്ട്രീയക്കാരും ചില വന്‍കിട മുതലാളിമാരുമടങ്ങുന്ന സംഘത്തിന്റെ കൂട്ടുകക്ഷിഭരണമാണല്ലോ. പുറത്തുനിന്നുള്ളവനെ ഉള്ളില്‍ കടക്കാന്‍ ഒരുതരത്തിലും അവര്‍ അനുവദിക്കില്ല." അയാളുടെ മുഖത്ത് വീണ്ടും കോപം!

"മിനിയാന്ന് ഓഫീസിലിരുന്ന് നിങ്ങളെ കുടുക്കാന്‍ ശര്‍മാജി തന്ത്രങ്ങള്‍ മെനയുമ്പോള്‍ ആ മുറിയില്‍ ഞാനുമുണ്ടായിരുന്നു, മാഡം. ഞാന്‍ അപ്പോള്‍ ഉറപ്പിച്ചു, ഇതുതന്നെ എന്റെ അവസരം! മൂലധനത്തിനുള്ള പണം റെഡി. സ്വാധീനിക്കാനായി ഞാന്‍ കഷ്ടപ്പെടേണ്ട കാര്യവുമില്ല - കാരണം ഈ പണം ഒരിക്കല്‍ ഞാന്‍ മാര്‍ക്കറ്റിലിറക്കിയാല്‍ പിന്നെ അതു തിരിച്ചുപിടിക്കണമെങ്കില്‍ മാഡത്തിന് ഈ പൈപ്പ്‌ലൈന്‍ വര്‍ക്ക് എനിക്കു തന്നേ തീരൂ. പിന്നെ ഞാന്‍ ഓഫര്‍ ചെയ്യുന്ന ഡീല്‍ അത്ര മോശമല്ലല്ലോ. ഇരുപത്തിയഞ്ചുശതമാനമെന്നാല്‍ മാഡത്തിന്റെ സാധാരണ റേറ്റിന്റെ ഇരട്ടിയിലധികമാണ്"

"നിന്നെ ഒതുക്കണമെങ്കില്‍ രണ്ടുകൊല്ലം കഴിഞ്ഞും എനിക്കൊതുക്കാം" പുച്ഛത്തോടെ അവര്‍ പ്രഖ്യാപിച്ചു.

"ഇതാണു മാഡം നിങ്ങളുടെ കുഴപ്പം. നിങ്ങളുടെ ബിസിനസ്സ് മോഡല്‍ തന്നെ പഴഞ്ചനാണ്. നിങ്ങള്‍ ചെറുപ്പമല്ലേ? ഈ വയസ്സന്‍മാരുടെ പോലെ തറയാകരുത്!"

"വാട്ട് ഡു യു മീന്‍ ?" അവര്‍ പൊട്ടിത്തെറിച്ചു.

"നോക്കൂ, നിങ്ങള്‍ പത്തുരൂപയുടെ ജോലി ഒമ്പതുരൂപയ്ക്ക് ലേലം വിളിക്കുന്നവനാണ് കൊടുക്കുക. എന്നിട്ടോ, പ്രോജക്റ്റിന്റെ അവസാനം എല്ലാവരും പിരിഞ്ഞുപോയിക്കഴിയുമ്പോള്‍ 'എസ്കലേഷന്‍സ്' എന്ന ഓമനപ്പേരില്‍ അഞ്ചുരൂപകൂടി അനുവദിച്ച് മുതലാളിമാരും ആപ്പിസര്‍മാരുംകൂടി അത് പങ്കിട്ടെടുക്കുന്നു. അതുകൊണ്ടെന്താകുന്നു? പണി നടക്കുന്ന കാലമത്രയും പ്രോജക്റ്റില്‍ പണത്തിന് ഞെരുക്കം അനുഭവപ്പെടുന്നു. നല്ല തൊഴിലാളികളെ നിയമിക്കാനും നല്ല യന്ത്രങ്ങള്‍ വാങ്ങാനും അതുകൊണ്ട് തടസ്സം നേരിടുന്നു. അത് ഗുണമേന്മയെ ബാധിക്കുന്നു"

"എന്റെ രീതി അങ്ങനെയല്ല. പത്തുരൂപയുടെ ജോലി ഞാന്‍ പതിമൂന്നു രൂപയ്ക്കെടുക്കും. അതില്‍ രണ്ടര രൂപ നിങ്ങള്‍ക്ക്. എന്റെ ജോലി എല്ലായ്പോഴും ആദ്യത്തെ ശ്രമത്തില്‍ത്തന്നെ കൃത്യമായി ചെയ്തിരിക്കും. ക്വാളിറ്റി വില്‍ ബി ഗ്യാരന്റീഡ്! ഇവിടെയൊക്കെ നിര്‍മ്മാണപ്പിഴവുകള്‍ തിരുത്തുന്നതിന് കരാറുകാര്‍ പാഴാക്കുന്നത് എത്ര തുകയാണെന്നറിയാമോ?"

അല്പനേരം നിറുത്തിയശേഷം അയാള്‍ തുടര്‍ന്നു "എനിക്ക് ഹൈലി സ്പെഷലൈസ്ഡ് വര്‍ക്ക് മാത്രം മതി, മാഡം. സാധാരണ പെറ്റി കോണ്ട്രാക്റ്റര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത പ്രിസിഷന്‍ വര്‍ക്ക്. അതിലേ മാര്‍ജിന്‍ ഉള്ളൂ. എനിക്കു മാര്‍ജിന്‍ ഉണ്ടെങ്കിലേ ഉയര്‍ന്ന യോഗ്യതയുള്ള സ്പെഷലിസ്റ്റുകളെ നിലനിര്‍ത്താന്‍ എനിക്കു കഴിയൂ. നാളെ ശര്‍മ്മാജി നിര്‍മ്മിച്ച എന്തിനെങ്കിലും ഒരു തകരാറു പറ്റിയാല്‍, അതിനേക്കുറിച്ചൊരു അന്വേഷണമുണ്ടായാല്‍ ശര്‍മ്മാജിയുടെ പക്കല്‍നിന്നും പണം വാങ്ങിയവരൊക്കെ കുടുങ്ങും. മറിച്ച്, എന്റെ കയ്യില്‍നിന്നും പണം വാങ്ങുന്നവര്‍ ഒരിക്കലും ചതിക്കപ്പെടുകയില്ല. ദ ക്വാളിറ്റി ഒഫ് മൈ വര്‍ക്ക് വില്‍ ഡിഫെന്റ് ദെം".

"അപ്പോള്‍ ശര്‍മ്മാജിയെ മൊത്തത്തില്‍ ഒതുക്കാനുള്ള ആസൂത്രിത പദ്ധതിയാണിത് അല്ലേ?"

"തീര്‍ച്ചയായും അല്ല, മാഡം. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ ചെയ്യുന്ന ഒരു അബദ്ധമാണ് എല്ലാ എതിരാളികളേയും അടിച്ചൊതുക്കി സര്‍വ്വധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുക, എന്നത്. എന്റെ രീതി അതല്ല. ശക്തനായ ഒരു എതിരാളിയെ നിലനിര്‍ത്തുക എന്നതാണ് എന്റെ നയം. എന്നെ എതിര്‍ക്കുന്നവന് അവന്റെ കൂടെയും അവനെ എതിര്‍ക്കുന്നവനെ എന്റെ കൂടെയും ചേരുക എന്നൊരു വഴിയേ ഉണ്ടാകാവൂ. ശക്തനായ ഒരു എതിരാളിയുടെ അഭാവത്തില്‍ ദുര്‍ബ്ബലരെങ്കിലും നിരന്തരശല്യമായ നൂറ്റുക്കണക്കിന് എതിരാളികളുമായി എന്നും പൊരുതിയും സന്ധിചെയ്തും ജീവിക്കേണ്ടിവരും."

അപ്പോഴാണ് ഫോണ്‍ അടിച്ചത്. റിസീവറെടുക്കാനായി മാഡം മുന്നോട്ടുവന്നപ്പോഴേയ്ക്കും അയാള്‍ ഇടയില്‍ക്കയറി സ്പീക്കര്‍ ബട്ടണ്‍ അമര്‍ത്തി.

"മാഡം, ഗസബ് ഹോ ഗയാ!!" പോലീസ് സ്റ്റേഷനില്‍നിന്ന് മംഗത് റാമാണ് "ഡിഎസ്പി സാബ് ഫോണ്‍ ചെയ്തിരുന്നു. ലോക്കപ്പ് റെഡിയാക്കിവെയ്ക്കാന്‍ പറഞ്ഞു. അഞ്ചുമിനിട്ടിനകം ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് കൂടെപ്പോരാന്‍ തയ്യാറായി നിന്നോളാനും പറഞ്ഞു. മാംലാ ഗംഭീര്‍ ലഗ്താ ഹെ മാഡം".

"തും ചിന്താ മത് കരോ. സബ് ബന്ദോബസ്ത് ഹോ ഗയാ ഹെ. ഞാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്" അവര്‍ ഉറപ്പിച്ചുപറഞ്ഞു.

ഫോണ്‍ ഡിസ്കണക്റ്റ് ചെയ്ത് അയാള്‍ തിടുക്കത്തില്‍ പുറത്തേയ്ക്കുപോകാന്‍ തുടങ്ങി

"നില്‍ക്ക്.." മാഡം ആജ്ഞാപിച്ചു. അയാള്‍ നടത്തത്തിന്റെ വേഗം അല്പം കുറച്ച് തിരിഞ്ഞുനോക്കി.

"അടുക്കളയില്‍ ഉരുളക്കിഴങ്ങിന്റെ ചാക്കിനടിയിലുള്ള കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലും പണമുണ്ട്. അത് ശര്‍മ്മയുടേതല്ല, എങ്കിലും ഇനി അതുകാരണം പ്രശ്നമുണ്ടാകണ്ടാ. അതും ഇവിടന്ന് മാറ്റിക്കോളൂ"

അയാള്‍ ഒറ്റയോട്ടത്തിന് അടുക്കളയില്‍ കയറി ചാക്കു തള്ളി മാറ്റി പെട്ടി കൈകളിലെടുത്തു. വലിയൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി കയ്യിലും വലിയൊരു ബാക്ക്പാക്ക് ചുമലിലും താങ്ങി അയാള്‍ പുറത്തേക്കോടുന്നത് അവര്‍ കൌതുകത്തോടെ കണ്ടു. പെട്ടി പെട്രോള്‍ ടാങ്കിനുമുകളില്‍ വെച്ച് കാല്‍മുട്ടുകള്‍കൊണ്ട് അതിനെ അള്ളിപ്പിടിച്ച് അയാള്‍ കിഴക്കോട്ടുള്ള വഴിയിലൂടെ ബൈക്ക് ഓടിച്ചുപോകുന്നത് കണ്ണില്‍നിന്നു മറയുന്നതുവരെ അവര്‍ നോക്കിനിന്നു. അല്പനേരത്തിനകം പടിഞ്ഞാറുനിന്ന് ജീപ്പുകളുടെ ഇരമ്പല്‍ കേട്ടുതുടങ്ങി.

ഒരിക്കല്‍ ഇവനെ കൂട്ടിക്കൊണ്ടുപോയി നേതാജിയെ പരിചയപ്പെടുത്തണം. അദ്ദേഹത്തിന് തീര്‍ച്ചയായും ഇവനെ ഇഷ്ടമാകും. രാഷ്ട്രീയത്തിന്റെ തന്ത്രവും മാനേജ്മെന്റിന്റെ മര്‍മ്മവും തൊഴിലിന്റെ സൂക്ഷ്മവശങ്ങളും ബിസിനസ്സിന്റെ പ്രായോഗികശാസ്ത്രവും വ്യക്തമായി അറിയുന്നവന്‍. തന്റേടി. ബുദ്ധിമാന്‍. കരുത്തന്‍. സ്ഥിതിഗതികളുടെ മര്‍മ്മമറിഞ്ഞ് റിസ്കെടുത്തു വിജയിക്കാന്‍ കഴിയുന്ന മിടുക്കന്‍. നേതാജിക്കൊത്ത പിന്‍ഗാമിതന്നെ ഇവന്‍ - അവര്‍ മനസ്സിലുറപ്പിച്ചു.