എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Thursday, November 24, 2011

പിഴക്കഥ, ഒരു പഴങ്കഥ

രാവിലെ സൈറ്റിലെ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴാണ് ഓഫീസില്‍നിന്നു ഫോണ്‍ വന്നത്. ഞാന്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ ചെല്ലണമത്രേ! എന്താണ് കാര്യമെന്നു തിരക്കിയപ്പോള്‍ "താന്‍ ബൈക്ക് ഓടിക്കുമ്പോള്‍ തലയില്‍ ഹെല്‍മെറ്റ് ഉണ്ടായിരുന്നില്ല. എസ്‌എച്ച്‌ഓ കൈകാട്ടി നിറുത്താന്‍ ആവശ്യപ്പെട്ടിട്ടും നിറുത്തിയില്ല. അതുകൊണ്ട് അദ്ദേഹം അങ്ങോട്ടുചെന്നു കാണാന്‍ പറഞ്ഞു" എന്ന മറൂപടി കിട്ടി.

ഈ കഥ ഈയടുത്തകാലത്തൊന്നും നടന്നതല്ല - കൃത്യമായി പറഞ്ഞാല്‍ 1994ല്‍. സ്ഥലം ഹിമാചല്‍ പ്രദേശിലെ "ഖൈരി" എന്ന ഓണംകേറാമൂല. ചുറ്റുമുള്ള പര്‍വ്വതനിരകള്‍ക്കിടയില്‍ പാതാളം പോലെ കിടക്കുന്ന ഒരു താഴ്‌വാരം. ഭാരതസര്‍ക്കാരിന്റെ ജലവൈദ്യുതപദ്ധതി വരുന്നതിനുമുന്‍പ് ആ ഭാഗത്തെങ്ങും ആള്‍ത്താമസം പോലുമില്ലായിരുന്നു. പദ്ധതി വന്നതിനുശേഷമാണ് ആ പടുകുഴിയിലേയ്ക്കുള്ള റോഡുപോലും വന്നത്. ഞാന്‍ ചെല്ലുമ്പോഴും പദ്ധതിയില്‍ ജോലിചെയ്യുന്നവരും വിരലിലെണ്ണാവുന്നത്ര കച്ചവടക്കാരും ഒഴികെ ആ പ്രദേശത്ത് ആരും താമസമില്ല. അതുകൊണ്ടുതന്നെ അവിടെയൊരു പോലീസ് സ്റ്റേഷന്‍ പോയിട്ട് ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ പോലും ഉണ്ടെന്നു ഞാന്‍ വിചാരിച്ചില്ല. ഇങ്ങനൊരു കക്ഷി കൈ കാണിച്ചത് ഞാനൊട്ടു കണ്ടുമില്ല. പിന്നെ, പ്രശ്നം എന്താണെന്ന്? ഹെല്‍മെറ്റ് വച്ചേ വണ്ടിയോടിക്കാവൂ എന്നോ! ഞാന്‍ അതിനുമുമ്പ് നാട്ടിലും ഗോവയിലും ബോംബേയിലും (അന്ന് അങ്ങനെയായിരുന്നു പേര്) ഹെല്‍മെറ്റ് ഇല്ലാതെയാണ് ബൈക്ക് ഓടിച്ചിട്ടുള്ളത്, പോലീസുകാര്‍ കാണ്‍കെ തന്നെ. ഇതെന്തൂട്ട് വിചിത്രമായ നാട്!

പോലീസെന്നു കേട്ടപ്പോഴേ ഫേവര്‍ ലൂബാ ടൈം പീസിന്റെ അലാറം അടിക്കുന്നതുപോലെ മുട്ടുകൂട്ടിയിടിക്കാന്‍ തുടങ്ങി. വെറുതേയല്ല. കെപിഎസ് ഗില്‍ പഞ്ചാബില്‍ ഭീകരവാദികളേയും അതുമായി ബന്ധമുണ്ടെന്നു കരുതുന്നവരേയും തലങ്ങും വിലങ്ങും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന കാലം. അതിന്റെ ഫലമായി ഭീകരവാദികളെല്ലാം നാലുപാടും നെട്ടോട്ടമോടിത്തുടങ്ങിയതുകൊണ്ട് ഹിമാചല്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസുകാര്‍ക്ക് കണക്കറ്റ അധികാരങ്ങളുണ്ടായിരുന്നു. ഹിമാചലിലേയ്ക്കു വണ്ടി കയറുമ്പോഴേ വിവരമുള്ളവര്‍ നല്ലപോലെ പറഞ്ഞുതന്നിരുന്നു - അവിടെ പോലീസുകാരോട് വളരേ ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറിക്കൊള്ളണം, അവരറിയാതെ ഒന്നനങ്ങിയാല്‍ പോലും ചുട്ടുകളയുമെന്ന്. ഇതിപ്പോള്‍ അങ്ങോട്ടു വിളിപ്പിച്ചിരിക്കുകയാണ്. വീട്ടില്‍ വിളിച്ചൊന്ന് 'ഗുഡ് ബൈ' പറയാന്‍ പോലും പറ്റില്ല - അതിന് ട്രങ്ക് കാള്‍ ബുക്ക് ചെയ്ത് നാലുമണിക്കൂര്‍ കാത്തിരിക്കണം.

നേരെ ആദ്യം ഓഫീസിലേയ്ക്കുതന്നെ ചെന്നു പേര്‍സന്നെല്‍ മാനേജറെ കണ്ടു. വിവരം കേട്ട് പുള്ളി ഒന്നുറക്കെ ചിരിച്ചു. SHO സ്വന്തം ആളാണെന്നും ചെന്നു കണ്ടെന്നുകരുതി ഒരു കുഴപ്പവും വരില്ലെന്നും പുള്ളി ഉറപ്പുതന്നു. ഇനി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ വീണ്ടും വന്നു കാണാനും പറഞ്ഞു.

ആകെ വെപ്രാളപ്പെട്ട് സ്റ്റേഷനിലേയ്ക്കു ചെന്നു. ഭയപ്പെട്ടതുപോലെ നടയടിയും പടിയടിയുമൊന്നും ഉണ്ടായില്ല. ഒരു ഭീമാകാരനായ കഷണ്ടിത്തലയനായിരുന്നു SHO (എന്റെ ആകാരവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ തടിയന്മാരും ഭീമന്‍മാര്‍ തന്നെ). രാവിലെ ഒമ്പതരയേ ആയിരുന്നുള്ളൂവെങ്കിലും ആ ഓഫീസ് മുറിയില്‍ മദ്യത്തിന്റെ ഗന്ധം തളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.

എന്റെ നേരേയുള്ള ആരോപണം പഞ്ചാബി ഉച്ചാരണശൈലിയുള്ള ഹിന്ദിയില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഞാന്‍ ഇതുവരെ ജീവിച്ചിരുന്നയിടത്തൊന്നും ഇത്തരമൊരു നിയമം നിലവിലില്ലെന്നും, ഇവിടെ ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും, അദ്ദേഹം കൈകാണിച്ചു നിറുത്താന്‍ പറഞ്ഞതു കണ്ടില്ലെന്നും ഞാന്‍ ബോധിപ്പിച്ചു. ഇനി മുതല്‍ ഹെല്‍മെറ്റ് ഇട്ടേ വണ്ടിയോടിക്കൂ എന്നും ഇത്തവണത്തേയ്ക്ക് മാപ്പാക്കണമെന്നും പറഞ്ഞു. "ആബ് തോ നീ ഹോഗ്ഗാ. മേ ണെ ച്ലാന്‍ ബ്നാ ദിയാ. ആപ് കൊ ജര്‍മാന്നാ പാര്‍നാ പ്ടേഗ്ഗാ"(ഇനി അതു സാധ്യമല്ല. ഞാന്‍ ചീട്ടെഴുതിക്കഴിഞ്ഞു. താങ്കള്‍ പിഴയടച്ചേ മതിയാകൂ).

തിരുവായ്ക്കെതിര്‍വായില്ല. SHO പിഴച്ചീട്ടിന്റെ കാര്‍ബണ്‍ കോപ്പി എന്റെ കയ്യില്‍ തന്നു. അമ്പതുരൂപയാണ് പിഴ. പിഴയടയ്ക്കാന്‍ പോക്കറ്റില്‍നിന്ന് പേഴ്സെടുത്തപ്പോഴാണ് പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായത്.

പിഴയൊടുക്കാന്‍ കോടതിയില്‍ പോകണം. കോടതി അടുത്തെങ്ങുമല്ല, അങ്ങു ദൂരെ ചമ്പയില്‍ . ഖൈരിയില്‍ നിന്ന് ചമ്പയിലേയ്ക്ക് രാവിലെ എട്ടുമണിയ്ക്കും വൈകീട്ട് ആറുമണിയ്ക്കും മാത്രമേ ബസ്സുള്ളൂ. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് ഖൈരിയില്‍നിന്ന് ചമ്പ-പഠാന്‍കോട്ട് റോഡിലുള്ള ബനിഖേത് എന്നയിടത്തേയ്ക്ക് ബസ്സുണ്ട്. ബനിഖേത്തില്‍നിന്ന് ചമ്പയിലേയ്ക്ക് ഓരോ അര മണിക്കൂറിലും ബസ്സുണ്ട്. അതുകൊണ്ട് ഒരു ദിവസം ഉച്ചയ്ക്ക് ബനിഖേത് വഴി ചമ്പയ്ക്കു പോയി, നാലുമണിയ്ക്ക് ചമ്പയില്‍നിന്നു പുറപ്പെട്ട് ആറുമണിയ്ക്ക് ഖൈരിയിലെത്തുന്ന ബസ്സില്‍ തിരിച്ചെത്താമെന്ന് പ്ലാന്‍ ചെയ്തു.

അങ്ങനെ ഒരു വെള്ളിയാഴ്ച മൂന്നുമണിക്ക് ചമ്പയിലെ കോടതിയിലെത്തി. ഏതാണ്ട് അമ്പതോളം ആളുകളുണ്ടായിരുന്നു, കോടതിവളപ്പില്‍. നാലുമണിയ്ക്ക് കോടതിയടയ്ക്കും. അതിനകം എന്റെ കേസെടുക്കുമോ എന്നൊരു സംശയമുണ്ടായിരുന്നെങ്കിലും പതിനഞ്ചുമിനിട്ടിനുള്ളില്‍ പതിനഞ്ചുപേരുടെ കേസ് വിധിയായപ്പോള്‍ ഞാന്‍ ആശ്വസിച്ചു.

ആ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. മൂന്ന് നാല്പതിന് കോടതി പിരിഞ്ഞതായി പ്രഖ്യാപിച്ച് ജഡ്ജിയേമ്മാന്‍ കസേരയും വിട്ടൊരു പോക്കങ്ങു പോയി. കുറച്ചുനേരം അവിടെ ചുറ്റിപ്പരുങ്ങി നിന്നെങ്കിലും നിന്നിട്ടു കാര്യമില്ലെന്ന് മനസ്സിലായി. അന്നത്തെ വരവ് നായ(രു്) ചന്തയ്ക്കുപോയ പോലായി. അങ്ങനെ ഇളിഭ്യനായി,വിഷണ്ണനായി, ഏകാന്തനായി, നാലുമണിയുടെ ബസ്സ് പിടിക്കാന്‍ തിരികെ ബസ് സ്റ്റാന്റിലേയ്ക്ക് പതുക്കെ നടന്നു.

നല്ല തണുപ്പുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു. ഒരു കണക്കിന് പരുങ്ങിപ്പരുങ്ങി 3:55ന് ബസ് സ്റ്റാന്റിലെത്തി. നാലുമണികഴിഞ്ഞിട്ടും ബസ്സുകാണുന്നില്ല! അവിടെ ചടഞ്ഞിരുന്ന് ബീഡി വലിക്കുന്ന ഒരു നാട്ടുകാരനോടു ചോദിച്ചപ്പോഴാണ് അറിഞ്ഞത്, 3:50നുതന്നെ ബസ്സ് സ്ഥലം വിട്ടെന്ന്. സര്‍ക്കാര്‍ ബസ്സിന് ഡ്രൈവര്‍ക്ക് നിശ്ചയിക്കുന്നതാണത്രേ സമയം!

ഞാന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 'സുണ്ഡ്ല' വഴി പോകുന്ന ഒരു സ്വകാര്യ ബസ്സ് അപ്പോള്‍ പോകാന്‍ തയ്യാറെടുത്തുനില്‍ക്കുകയായിരുന്നു. എനിക്കു മിസ്സായ ബസ്സ് സുണ്ഡ്ലയില്‍ പതിനഞ്ചുമിനിട്ടോളം നിറുത്തിയിടാറുണ്ടെന്ന് അതിനുമുമ്പുനടത്തിയ ഒരു യാത്രയില്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഈ ബസ്സില്‍ കയറി സുണ്ഡ്ലയില്‍ എത്തുമ്പൊഴേയ്ക്ക് ആ ബസ്സ് വിട്ടിട്ടില്ലെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. അതൊന്നു പരീക്ഷിച്ചുകളയാം എന്നുതന്നെ തീരുമാനിച്ചു. വേറെ വഴിയില്ല. ഹോട്ടലില്‍ താമസിക്കാനുള്ള കാശൊന്നും കയ്യില്‍ കരുതിയിരുന്നില്ല.

എനിക്കു ധൃതിയുണ്ടായിരുന്നതുകൊണ്ടായിരിക്കാം, ആ ബസ്സ് വളരേ പതുക്കെയാണ് പോയ്ക്കൊണ്ടിരുന്നത്. വണ്ടി വേഗം ഓടിക്കണം എന്നതിനേക്കാള്‍ കാത്തുനില്‍ക്കുന്ന ആരെയും വിട്ടുപോകാതെ നോക്കണം എന്നതായിരുന്നു ഡ്രൈവറുടേയും 'കിളി'കളുടേയും നയം എന്നു തോന്നി. ഓരോ സ്റ്റോപ്പിലും മലയുടെ മുകളിലേയ്ക്കും താഴേയ്ക്കും നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമേ അവര്‍ വണ്ടി വിടുന്നുണ്ടായിരുന്നുള്ളൂ. ഞാനാണെങ്കില്‍ ബസ്സു വേഗം പോകാനായി മുന്നിലെ സീറ്റ് അക്ഷമയോടെ തള്ളിക്കൊണ്ടിരിക്കുകയായിരുന്നു (എന്തൊരു ബുദ്ധി!). ബസ്സിലെ ചടാക്കു സ്പീക്കറില്‍ക്കൂടി കാറിയലറിയിരുന്ന പൊറാട്ട് ഹിന്ദി സിനിമാപ്പാട്ടുകൂടിയായപ്പോള്‍ എത്രയും പെട്ടന്ന് സുണ്ഡ്ല വരെ ഒന്നെത്തിക്കിട്ടിയാല്‍ മതിയായിരുന്നു എന്നായി.

സുണ്ഡ്ലയില്‍ എത്താറായപ്പോള്‍ ആകെ ആകാംക്ഷയായി. ചെല്ലുമ്പോള്‍ ഖൈരി ബസ്സ് അവിടെ ഉണ്ടാകുമോ? ജസ്റ്റ് മിസ്സാകുമോ? തണുപ്പത്ത് ബസ്സിനുപിന്നാലെ ഓടിച്ചാടിക്കയറേണ്ടിവരുമോ?

അധികം താമസിയാതെ അക്കാര്യത്തില്‍ തീരുമാനമായി. എന്റെ ബസ്സ് സുണ്ഡ്ലയിലേയ്ക്കുള്ള വളവു തിരിഞ്ഞ ഉടന്‍ ഖൈരി ബസ് എതിരേനിന്നു വരുന്നതു കണ്ടു. യാതൊരു മൈന്‍ഡും ഇല്ലാതെ അത് കടന്നുപോകുന്നതും ഖൈരി റോഡിലേയ്ക്ക് തിരിയുന്നതും ഞാന്‍ നിസ്സഹായനായി ബസ്സിലിരുന്നു നോക്കി.

സുണ്ഡ്ല! ബസ്സിറങ്ങി നാലുപാടുമൊന്നു നോക്കി. ഒരു പലചരക്കുകട, ഒരു ഢാബ (ചായക്കട), ഒരു തയ്യല്‍ക്കട, ഒരു ബാര്‍ബര്‍ഷാപ്പ്. ഇത്രയുമാണ് സുണ്ഡ്ല 'ജങ്ക്ഷനില്‍' ഉള്ളത്. താമസിക്കാന്‍ ഹോട്ടലോ സത്രമോ ഇല്ലെന്നര്‍ത്ഥം. മുടിഞ്ഞ തണുപ്പായതുകൊണ്ട് കടത്തിണ്ണയില്‍ കിടക്കാനും പറ്റില്ല. ഢാബയില്‍ ചോദിച്ചപ്പോള്‍ ഇനി ആ ദിവസം അവിടന്ന് തിരികെ ചമ്പയ്ക്ക് ബസ്സില്ലെന്നും അറിവായി.

പഷ്ട്. 'വഴിയാധാരമാ'കുന്നതാണ് നാട്ടിലെ ഏറ്റവും ദൈന്യതയാര്‍ന്ന സ്ഥിതിയെങ്കില്‍ ഇവിടെ വഴി പോലും ആധാരമാകില്ല. ആ കൊടും തണുപ്പിലും കാറ്റിലും ഒരു മണിക്കൂറിലധികം ജീവിച്ചിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരിടത്തു പെടുകയാണെങ്കില്‍ ഇങ്ങനെതന്നെ പെടണം. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാത്ത വിധത്തില്‍.



(തുടരും)