എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, December 23, 2012

ഊര്‍ജ്ജം, ഉപഭോഗം, ഉപേക്ഷണം

അങ്ങനെ ആ പുകിലും കഴിഞ്ഞു. വിദേശനിക്ഷേപത്തിനെതിരെ പൊതുവായും ചില്ലറവില്പനരംഗത്തെ വിദേശ 'കടന്നുകയറ്റത്തിനെതിരെ' വിശേഷിച്ചും നാടെങ്ങും ഇരമ്പിയ പ്രതിഷേധമൊക്കെ 'പവനായി ശവമായ' പോലെയായി. നേതാക്കന്‍മാരൊക്കെ വേണ്ടപോലെ 'നീക്കുപോക്കു'കളൊക്കെ നടത്തി ബില്ലങ്ങു പാസ്സാക്കിക്കൊടുത്തു. പൊതുജനത്തിന്റെ ശ്രദ്ധ ദില്ലിയിലെ ആ പാവം പെണ്‍കൊച്ചിന്റെ നേരെ തിരിഞ്ഞതോടെ രാഷ്ട്രീയക്കാര്‍ക്കും അവരുടെ മാദ്ധ്യമക്കച്ചവക്കാര്‍ക്കും ആശ്വാസവുമായി.

അല്ല, രാഷ്ട്രീയക്കാരെ എന്തിനു പഴിക്കണം. ഈ ജനം അര്‍ഹിക്കുന്ന നേതാക്കളെത്തന്നെയാണ് അവര്‍ക്കു കിട്ടിയിരിക്കുന്നത്.തമിഴ്നാട്ടിലെ കൂടംകുളത്ത് പ്രദേശവാസികളുടെ ആണവോര്‍ജ്ജവിരുദ്ധ സമരം. ഇന്ധനങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരം. ആഗോളഭീമന്‍മാര്‍ ഇന്ത്യയില്‍ മുതല്‍ മുടക്കുന്നതിനെതിരെ സമരം. വിളപ്പില്‍ശാലയിലെ മാലിന്യസംസ്കരണകേന്ദ്രത്തിനെതിരേയുള്ള സമരം, റോഡ് ടോളുകള്‍ക്കെതിരെ സമരം എന്നിങ്ങനെ ജനത്തിന് സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിനതിരില്ല.

സാമ്പത്തികപുരോഗതിയുടെ മാനദണ്ഡമായി ആഭ്യന്തര ഉല്‍പാദന നിലവാരം (Gross Domestic Product) എന്ന സൂചികയെ അംഗീകരിക്കുന്നതില്‍ നിന്ന് പ്രശ്നങ്ങള്‍ ആരംഭിക്കുകയായി.ചിലവ് പരമാവധി കുറച്ച് വന്‍ തോതില്‍ ഉല്‍പാദിപ്പിക്കുക എന്നതാണല്ലോ ജിഡിപിയില്‍ അധിഷ്ഠിതമായ സാമ്പത്തികനയത്തിന്റെ ലക്ഷ്യം. അത്തരത്തിലുള്ള ഉല്‍പാദനത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് വൈദ്യുതിയും പെട്രോളിയവും.

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ രണ്ടായിരാമാണ്ടോടെ ആരംഭിച്ച സാമ്പത്തികവളര്‍ച്ചയും അതുമായി ബന്ധപ്പെട്ട ഉപഭോഗവും ഊര്‍ജ്ജത്തിന്റെ ആവശ്യവും ലഭ്യതയും തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. വന്‍ തോതില്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനുതകുന്ന ഇന്ധനം കൈവശമില്ലാത്ത രാജ്യങ്ങളാണ് ഈ രണ്ടും. ദൈവാധീനത്തിന് ക്രൂഡ് ഓയില്‍ റിഫൈന്‍ ചെയ്യാനും യുറേനിയം സംപുഷ്ടമാക്കാനും അതില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുമുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്കുണ്ട്. അതുകൂടി ഇല്ലായിരുന്നുവെങ്കില്‍ പണ്ടേ ഇന്ത്യക്കാരെല്ലാവരും ചേര്‍ന്ന് ഇന്ത്യയെ കുട്ടിച്ചോറാക്കിയേനേ.

പതിനാറു ബില്ല്യന്‍ (ആയിരത്തി അറുന്നൂറു കോടി) ഡോളര്‍ ആയിരുന്നത്രേ കഴിഞ്ഞ വര്‍ഷത്തെ വ്യാപാരക്കമ്മി. നാടിന്റെ ഇറക്കുമതിച്ചിലവുകളില്‍ മുഖ്യമായത് ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ചിലവാണ്. ഇതിനുപുറമേ വ്യാവസായികാവശ്യത്തിനുള്ള അത്യാധുനിക യന്ത്രസാമഗ്രികള്‍ക്കും, സൈനികോപകരണങ്ങള്‍ക്കും, ഇന്ത്യക്കാര്‍ വാങ്ങുന്ന വിദേശനിര്‍മ്മിത വസ്തുക്കള്‍ക്കുമെല്ലാം ചിലവുണ്ട്. ഇതൊക്കെ വാങ്ങാന്‍ ഇന്ത്യന്‍ റുപ്പിയും കൊണ്ട് ഷെയ്ക്കുമാരുടേയും ഷൈലോക്കുമാരുടേയും അടുത്തുചെന്നാല്‍ അവര്‍ ആട്ടിയോടിക്കും - അതിന് ഡോളര്‍ തന്നെ വേണം. ഇതിനെല്ലാം പുറമേ നിലവില്‍ ഇന്ത്യയില്‍ പണം നിക്ഷേപിച്ചിട്ടുള്ള വിദേശികള്‍ക്ക് അവരുടെ ലാഭവിഹിതം ഡോളറായിത്തന്നെ പുറത്തേയ്ക്കു കൊണ്ടുപോകാനുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും വേണം. ഇക്കണ്ട ഡോളറെല്ലാം എവിടന്നു വരും?

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശനാണ്യ വരുമാനം വിദേശത്തു ജോലിചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നാണ്. അക്കൂട്ടത്തിലും ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്നവരില്‍നിന്നാണ് കൂടുതല്‍ വരുമാനം - എന്നേപ്പോലുള്ളവരേക്കൊണ്ട് നാടിന് കാല്‍ക്കാശിന്റെ ഉപകാരമില്ല. കുറേയൊക്കെ ഇന്ത്യയിലെ ഔട്ട്സോഴ്സിങ്ങ് കമ്പനികളില്‍ നിന്നും കിട്ടുന്നുണ്ടെന്നതു നിഷേധിക്കുന്നില്ല - പക്ഷേ അവരും വിദേശത്തുനിന്നുള്ള വരുമാനം മൊത്തമായിട്ടങ്ങ് ഇന്ത്യയിലേയ്ക്കു കൊണ്ടുവരാതിരിക്കാനുള്ള സൂത്രങ്ങളൊക്കെ ചെയ്യുന്നുണ്ട്. അപ്പോള്‍പ്പിന്നെ സര്‍ക്കാരിന്റെ ഭാഗത്ത് ഒരേയൊരു പോംവഴിയേ അവശേഷിക്കുന്നുള്ളൂ - കൂടുതല്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കുക.

വിദേശനിക്ഷേപവും ഒരു താല്‍ക്കാലിക പോംവഴി മാത്രമേ ആകുന്നുള്ളൂ. നൂറു രൂപ നിക്ഷേപിക്കുന്നവന്‍ കുറഞ്ഞത് ഇരുപതുരൂപയെങ്കിലും വര്‍ഷാവര്‍ഷം തിരിച്ചുകൊണ്ടുപോകാനാകുമെങ്കിലേ അതിനു മുതിരൂ. അതായത് നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ പ്രശ്നം തിരികേ വരുമെന്നര്‍ത്ഥം. ജാപ്പനീസ് കാറില്‍ കയറി സൌദി എണ്ണയും പുകച്ച് ഫോറിന്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങളും ധരിച്ച് സാംസങ്ങ് സ്മാര്‍ട്ട്ഫോണും കയ്യിലെടുത്ത് നടക്കുന്നവര്‍ ഓര്‍ക്കണം അതൊക്കെ വാങ്ങാന്‍ ചിലവാക്കിയ തുകയുടെ ഇരുപതുമുതല്‍ അമ്പതുശതമാനം വരെയുള്ള വിദേശനാണ്യം രാജ്യത്തിനു നഷ്ടപ്പെടാന്‍ കാരണക്കാരാണവര്‍ എന്ന്.

ഹേയ്, അങ്ങനെയൊരു ചിന്തയുണ്ടാവാന്‍ സാധ്യതയില്ല. എല്ലാം നോക്കിനടത്തേണ്ടത് സര്‍ക്കാരാണല്ലോ. നമുക്ക് തുച്ഛവിലയ്ക്ക് ഊര്‍ജ്ജം ലഭിക്കണം. അതുപയോഗിച്ച് കുറഞ്ഞവിലയ്ക്ക് വന്‍ തോതില്‍ വ്യാവസായികോല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുകയും, വിപണനം ചെയ്യുകയും ഉപഭോഗം ചെയ്യുകയും വേണം. മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് പഴയത് എറിഞ്ഞുകളയാനും പുതിയതുവാങ്ങാനുമുള്ള സൌകര്യമുണ്ടാകണം. വന്‍ തോതില്‍ വൈദ്യുതി ഊറ്റിക്കുടിക്കുന്ന മാളുകളും വിനോദകേന്ദ്രങ്ങളും ഗാര്‍ഹികോപകരണങ്ങളും കുറഞ്ഞ ചിലവില്‍ അഹോരാത്രം പ്രവര്‍ത്തിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. എന്നാലേ ജിഡിപി ഉയരൂ, രാജ്യം വളരൂ.

പക്ഷേ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആണവനിലയമോ കല്‍ക്കരിച്ചൂളയോ എന്റെ അയല്‍പക്കത്ത് പണിയരുത്. ഞാന്‍ വീട്ടില്‍നിന്ന് റോഡിലേയ്ക്കെറിഞ്ഞ പാഴ്വസ്തു സര്‍ക്കാര്‍ വൃത്തിയാക്കണം. ഒരൊറ്റ മാലിന്യസംസ്കരണ പ്ലാന്റും എന്റെ ജില്ലയുടെ ഏഴയലത്തു വരരുത്. ഇതൊക്കെയാണ് ജനത്തിന്റെ ഉള്ളിലിരുപ്പ്.

ഉപഭോഗ സംസ്കാരത്തെ നിരുല്‍സാഹപ്പെടുത്തുന്ന ഒരു നികുതിക്രമവും നിരക്കുകളുമാണ് ഇതിനുള്ള ഏക പോംവഴി. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥവിലതന്നെ ഈടാക്കണം. വൈദ്യുതിയുടെ കാര്യം അല്പം സങ്കീര്‍ണ്ണമാണെങ്കിലും വ്യാവസായികോല്‍പാദനത്തിനൊഴികേയുള്ള വൈദ്യുതിയുടെ നിരക്ക് വര്‍ദ്ധിപ്പിച്ചേ തീരൂ (തീയേറ്ററുകള്‍, ബാറുകള്‍, ഷോപ്പിങ്ങ് മാളുകള്‍ തുടങ്ങിയവയ്ക്ക് വൈദ്യുതി നിരക്ക് ഇരട്ടിയാക്കിയാലും കുഴപ്പമില്ല). എല്ലാതരത്തിലുള്ള സബ്സിഡികളും നിറുത്തലാക്കണം - സാമൂഹ്യനീതിയിലടിസ്ഥാനപ്പെടുത്തിയ സേവന/വേതന വ്യവസ്ഥ കൊണ്ടുവരാന്‍ കഴിയാത്ത ഭരണകൂടങ്ങളുടെ ലൊടുക്കു വിദ്യമാത്രമാണ് സബ്സിഡി.

അതൊന്നും ഒരുകാലത്തും നടക്കാന്‍ പോകുന്നില്ല. ദ്രാവിഡക്കഴകങ്ങളേയും താക്കറേമാരേയും മായാവതിയേയും മുലായത്തിനേയും കമ്മ്യൂണിസം പ്രസംഗിച്ചുനടക്കുന്ന കടല്‍ക്കിഴവന്‍മാരേയും വര്‍ഗ്ഗീയവാദികളേയും ഖദറിട്ട കാട്ടുകള്ളന്‍മാരേയും അധികാരസ്ഥാനങ്ങളില്‍ അവരോധിച്ചിരിക്കുന്നത് ഇതേ ജനങ്ങളല്ലേ, അതിനുവേണ്ടിയല്ലേ. ഒന്നും പറയാനില്ല.

Tuesday, November 20, 2012

അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ കാണാപ്പുറങ്ങള്‍

അങ്ങനെ ഒരു അമേരിക്കന്‍ തിരഞ്ഞെടുപ്പു മാമാങ്കം കൂടി അവസാനിച്ചു. കേട്ടുകേള്‍വി മാത്രമുള്ള പഴയ മാമാങ്കത്തേപ്പോലെ നിലപാടുനില്‍ക്കുന്ന തിരുമേനിമാരും അമ്പേന്തി വില്ലേന്തി വാളേന്തിയ പടയാളികളും, അവരോടു പൊരുതി ജയിക്കാന്‍ ശ്രമിച്ച ധീരരായ ചാവേറുകളും, വര്‍ണ്ണപ്പകിട്ടും ശബ്ദഘോഷങ്ങളും എല്ലാമടങ്ങിയ ഒരു ബ്രഹ്മാണ്ഡ ദൃശ്യവിസ്മയം തന്നെയായിരുന്നു നവമ്പര്‍ ആദ്യവാരം കൊട്ടിക്കലാശിച്ചത്. സത്യം പറയാമല്ലോ, ടിവിയില്‍ നോക്കി മനമുരുകിക്കരഞ്ഞ അബിഗെയ്ലിനെ കുറ്റം പറയാനാകില്ല. ഈ വാലറ്റക്കാരനും കഴിഞ്ഞ രണ്ടുമാസമായി ജോലിക്കു പോകും വഴി റേഡിയോയ്ക്കുപകരം റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ കേട്ടുകൊണ്ടാണ് പോയിരുന്നത്. അത്രയ്ക്ക് അസഹ്യമായിരുന്നു പ്രചരണകോലാഹലങ്ങള്‍ .

സെന്റര്‍ ഫോര്‍ റെസ്പോണ്‍സിവ് പൊളിറ്റിക്സ് പുറത്തിറക്കിയ കണക്കുകളനുസരിച്ച് ആറു ബില്ല്യണ്‍ (600 കോടി) ഡോളറിലധികമാണ് സ്ഥാനാര്‍ത്ഥികളും അവരുടെ അഭ്യുദയകാംക്ഷികളും പ്രചരണത്തിനുവേണ്ടി മാത്രം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് ചിലവഴിച്ചത് (ഇതെല്ലാം ചിലവാക്കിയതാകട്ടെ, കുപ്രചരണത്തിനും എതിരാളികളെ തേജോവധം ചെയ്യാനും). സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പു നടത്താനായി ചിലവാക്കിയ തുകയും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങുമ്പോള്‍ വരുന്ന അധിക സുരക്ഷാചിലവുകളും ഇതില്‍ പെടുന്നില്ല. ഇതിനെല്ലാം പുറമേ ദൃശ്യ/ശ്രവ്യ/അച്ചടി മാധ്യമങ്ങള്‍ 'ഇലക്ഷന്‍ കവറേജി'നു ചിലവാക്കിയ തുകയും, ഇന്റര്‍നെറ്റിലെ കൂലിപ്പോരാളികള്‍ പാഴാക്കിയ സമയവും (അതുമൂലമുണ്ടായ ഉല്‍പാദന നഷ്ടവും), ഇതെല്ലാം കണ്ടും കേട്ടും മടുത്ത പൊതുജനത്തിന്റെ ജോലിയെ ബാധിക്കുംവിധമുള്ള ഉന്മേഷനഷ്ടവുമെല്ലാം പരിഗണിച്ചാല്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഒരുവര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തോളം പോന്ന തുകയാണ് ഈ തിരഞ്ഞെടുപ്പിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതെന്ന് ഗണിച്ചെടുക്കാവുന്നതാണ്.

ഇത്രവലിയൊരു തുക ഒരു തിരഞ്ഞെടുപ്പിന്റെ പേരില്‍ ചിലവഴിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അമേരിക്കയെന്നാല്‍ ആള്‍ബലവും, ധനബലവും, പ്രചരണബലവും, ആയുധബലവുമുള്ള പലതരം സ്ഥാപിതതാല്‍പര്യക്കാരുടെ അങ്കത്തട്ടാണ്. വന്‍കിട മുതലാളിമാര്‍, മാധ്യമലോക പ്രമാണിമാര്‍, ഹോളിവുഡ് താരപ്രഭുക്കള്‍, യൂണിയന്‍ നേതാക്കന്‍മാര്‍, ലോബ്ബിയിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മതാധിഷ്ഠിതസംഘടനകള്‍, 'പുരോഗമന'വാദികള്‍, യഥാസ്ഥിതികര്‍, കുടിയേറ്റക്കാര്‍, കറുത്തവര്‍ഗ്ഗക്കാര്‍, ഇസ്രയേലി പ്രധാനമന്ത്രി എന്നിവരൊക്കെ അടങ്ങുന്ന പ്രബലര്‍ തമ്മിലുള്ള നേരങ്കം തന്നെയായിരുന്നു അത്. ഇത്തരമൊരു തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ മുഴുവന്‍ അമേരിക്കന്‍ ജനതയുടേയും താല്പര്യത്തെ സംരക്ഷിക്കുന്ന ഒരു ഭരണസംവിധാനം കൊണ്ടുവരുമോയെന്ന് കണ്ടുതന്നെ അറിയണം.

എല്ലാം അവസാനിച്ചപ്പോള്‍ ഒബാമ വീണ്ടും പ്രെസിഡെന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലും സെനറ്റിലും രണ്ടു പ്രമുഖ കക്ഷികള്‍ക്കും തിരഞ്ഞെടുപ്പിനു മുമ്പുണ്ടായിരുന്ന ആള്‍ബലം തന്നെ തിരികെ ലഭിക്കുകയും ചെയ്തു. അതായത് വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ. 2008ല്‍ തുടങ്ങിയ സാമ്പത്തികപ്രശ്നങ്ങളൊക്കെ ഇപ്പോഴും അതേപടി നില്‍ക്കുന്നു. വരുന്ന ജനുവരിയില്‍ ബുഷിന്റെ കാലത്തെ ജനപ്രതിനിധി സഭ അംഗീകരിച്ച ഹ്രസ്വകാല നികുതി ഇളവുകളും സാമൂഹ്യക്ഷേമപദ്ധതികള്‍ക്കായുള്ള ചിലവുകളും കാലഹരണപ്പെടുകയാണ്. പുതിയൊരു ഒത്തുതീര്‍പ്പ് ഉണ്ടായില്ലെങ്കില്‍ വന്‍ തോതിലുള്ള നികുതിവര്‍ദ്ധനയും ചിലവുചുരുക്കലും തനിയേ നിലവില്‍ വരും. നിലവിലുള്ള മാന്ദ്യകാലത്ത് ഇത്തരത്തിലുള്ള ഒരു മാറ്റം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ അപ്പാടെ തകിടം മറിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സെനറ്റും റിപബ്ലിക്കന്‍സിനു ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സും തമ്മിലുള്ള അധികാരവടംവലിയും അതുമൂലമുണ്ടായ സ്തംഭനാവസ്ഥയും ഈ തിരഞ്ഞെടുപ്പിനു ശേഷവും അതേപടി തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ ഒബാമയുടെ വിജയം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുപ്രചാരകരുടെ കൌശലത്തിന്റെ വിജയമായാണ് വ്യഖ്യാനിക്കപ്പെടുന്നത്. മിറ്റ് റോമ്നി പ്രചരണത്തിനിടെ വലിയൊരു വിഭാഗം ജനങ്ങളെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ട പ്രസ്താവനകള്‍ നടത്തുകയുണ്ടായി. അതില്‍ അദ്ദേഹത്തിന്റെ "47% ജനങ്ങള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ ജീവിക്കുന്നവരാണ് - അത്തരത്തില്‍ സ്വന്തമായി അധ്വാനിച്ച് നേടാന്‍ താല്പര്യമില്ലാത്തവരുടെ വോട്ട് എനിക്കു കിട്ടുമെന്നു പ്രതീക്ഷയില്ല" എന്ന പ്രസ്താവനയാണ് ഏറ്റവും വിചിത്രമായത് (തിരഞ്ഞെടുപ്പിനുശേഷവും അദ്ദേഹം അത് ആവര്‍ത്തിച്ചു എന്നത് അതിലും വിചിത്രം). ആ ഒരൊറ്റ പ്രസ്താവനകൊണ്ട് നല്ലൊരുശതമാനം സമ്മതിദായകരുടെ അനിഷ്ടം സമ്പാദിച്ചു അദ്ദേഹം . ഇതില്‍ ഫീസ് ഇളവു ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഭക്ഷണ സ്റ്റാമ്പുകളുടെ സഹായത്താല്‍ പട്ടിണികൂടാതെ കഴിയുന്ന പരമ ദരിദ്രര്‍, വിവാഹമോചിതരായ അമ്മമാര്‍, യുദ്ധത്തില്‍ സ്ഥായിയായ പരിക്കേറ്റ പട്ടാളക്കാര്‍, ചില മേഖലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ പെടും. "നിയമവിരുദ്ധമായി" കുടിയേറിയവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ സംസാരിച്ചതിനാല്‍ നല്ലൊരു ശതമാനം ലാറ്റിനോ വോട്ടര്‍മാരുടേയും ശത്രുവായി, അദ്ദേഹം. ഇതിനുപുറമേ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരേയും, വനിതകള്‍ക്കെതിരേയും (വിശേഷിച്ച് അവരുടെ 'പ്രത്യുല്‍പാദനാവകാശ'ത്തിനെതിരെ) പലപ്പോഴായി റിപബ്ലിക്കന്‍ പാര്‍ട്ടിയും അവരുടെ സാമാജികരും സംസ്ഥാന സര്‍ക്കാരുകളും നടത്തിയ ആക്രമണം വളരേയധികം വോട്ടര്‍മാരെ റോമ്നിയില്‍ നിന്ന് അകറ്റി. ഈ വിഭാഗങ്ങളില്‍ പെട്ട ജനങ്ങളെ മാത്രം ലക്ഷ്യമാക്കി പ്രചരണം നടത്തുകയും അവര്‍ വോട്ടുചെയ്തെന്ന് ഉറപ്പാക്കുകയും മാത്രമാണ് ടീം-ഒബാമ ചെയ്തത്.

ചെറുപ്പക്കാരേയും വനിതകളേയും കുടിയേറ്റക്കാരേയും കറുത്തവരേയും ദരിദ്രരേയും പുരോഗമനവാദികളേയും മാറ്റിനിറുത്തിയാല്‍ പിന്നെ ബാക്കിയുള്ളത് ധനികരും മധ്യവയസ്കരോ വൃദ്ധരോ ആയതും, യാഥാസ്ഥിതികരും ആയ ആണുങ്ങള്‍ മാത്രമാണ് (rich middle-aged conservative males). അത്തരക്കാര്‍ ധാരാളമുണ്ട്, പക്ഷേ അവരുടെ എണ്ണം വളരേ വേഗം കുറഞ്ഞുവരികയാണ്. ഭാവിയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് ദേശീയതലത്തിലുള്ള പ്രെസിഡെന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഇപ്പോഴത്തെ തീവ്ര വലതുപക്ഷനിലപാടുകളില്‍ മാറ്റം വരുത്തേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയിലെ ഇന്ത്യന്‍ വംശജനും ലുയിസിയാന ഗവര്‍ണ്ണറുമായ് ബോബി ജിണ്ടല്‍ നൂറുശതമാനം വോട്ടും നേടാന്‍ പ്രാപ്തമായ പാര്‍ട്ടിയെ രൂപപ്പെടുത്തിയെടുക്കേണ്ട ആവശ്യകതയേക്കുറിച്ച് സംസാരിച്ചത് ഒരു നല്ല തുടക്കമായി കണക്കാക്കാം.

പ്രെസിഡെന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയുടെ വിജയസാധ്യത 92 ശതമാനമാണെന്നു പ്രവചിച്ച ന്യൂയോര്‍ക്ക് ടൈംസ് അഭിപ്രായ സര്‍വേയര്‍ നേയ്റ്റ് സില്‍വര്‍ ആണ് ഈ തിരഞ്ഞെടുപ്പില്‍ ശ്രദ്ധനേടിയ ഒരു മിടുക്കന്‍. അതോടൊപ്പം സെനറ്റ്/കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ഏതാണ്ട് കൃത്യമായിത്തന്നെ അദ്ദേഹം പ്രവചിച്ചു. ആ തൊണ്ണൂറ്റിരണ്ടുശതമാനത്തിന്റെ പേരില്‍ രാഷ്ട്രീയ "പണ്ഡിതരുടെ" ശകാരം വേണ്ടുവോളം കേള്‍ക്കേണ്ടിവന്നുവെങ്കിലും ഫലപ്രഖ്യാപനത്തിനുശേഷം അദ്ദേഹം വലിയൊരു താരമായി (വാചാലശിരസ്സുകളുടെ കണക്കനുസരിച്ച് പ്രെസിഡെന്റ് തിരഞ്ഞെടുപ്പ് 'ഇഞ്ചോടിഞ്ച്' ആയിരുന്നല്ലോ. വിജയ 'സാധ്യത'യും വോട്ടിങ്ങ് ശതമാനവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് അറിയാന്‍ എഞ്ചുവടിയെങ്കിലും അറിയണം ).

ഈ തിരഞ്ഞെടുപ്പോടെ കൂടുതല്‍ തീവ്രനിലപാടുകളുള്ള രണ്ടുചേരികളായി അമേരിക്കന്‍ ജനത തിരിഞ്ഞുകഴിഞ്ഞെന്നാണ് കരുതപ്പെടുന്നത്. ഒരുവശത്ത് അമേരിക്കയുടെ സൈനികാധിപത്യത്തിനും, ക്രൈസ്തവമൂല്യങ്ങള്‍ക്കും (പ്രധാനമായും ഗര്‍ഭച്ഛിദ്രത്തിനു വിരുദ്ധമായത്), കുറഞ്ഞ നികുതികള്‍ക്കും, കറതീര്‍ന്ന ക്യാപ്പിറ്റലിസത്തിനും നിലകൊള്ളുന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആധിപത്യമുള്ള മദ്ധ്യ അമേരിക്ക. അവരില്‍ ഒബാമയുടെ തിരഞ്ഞെടുപ്പിനെ ഒരു ദേശീയവിപത്തായിപ്പോലും കാണുന്നവര്‍ ധാരാളം . മറുവശത്ത് തന്ത്രപരമായ സൈനിക ഇടപെടലുകളെ മാത്രം അനുകൂലിക്കുന്ന, പുരോഗമനവാദികളും ഉല്പതിഷ്ണുക്കളും മിതവാദികളുമായ, വന്‍ തോതിലുള്ള നികുതികള്‍ക്കും അതേ തോതിലുള്ള സാമൂഹ്യക്ഷേമച്ചിലവുകള്‍ക്കും നിലകൊള്ളുന്ന, സര്‍ക്കാരിന്റെ കര്‍ശനനിയന്ത്രണമുള്ള സമ്പദ്‌വ്യവസ്ഥയെ ആവശ്യപ്പെടുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള തീരപ്രദേശങ്ങള്‍. അത്തരമൊരു ജനതയുടെ പ്രതിനിധികളായി സഭയിലെത്തുന്നവര്‍ നിയമനിര്‍മ്മാണം അസാധ്യമാകുംവിധം രാഷ്ട്രീയാസഹിഷ്ണുത പുലര്‍ത്തുന്നതില്‍ അത്ഭുതമില്ല.

സ്വതന്ത്ര സം‌ഘടനകള്‍ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചരണം നടത്തുന്നത് തടയാന്‍ സര്‍ക്കാരിനു അവകാശമില്ലെന്നും അത്തരമൊരു നിയമം ഭരണഘടന അനുവദിക്കുന്ന അഭിപ്രായപ്രകടനസ്വാത്രന്ത്ര്യത്തിന് വിരുദ്ധമാണെന്നും 2010ല്‍ പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിയിലൂടെ യുഎസ് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. അതായത് ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ അയാള്‍ക്ക് പണം സംഭാവന ചെയ്യണമെന്നില്ല, സ്വന്തമായി ഒരു സം‌ഘടന റെജിസ്റ്റര്‍ ചെയ്ത് അയാള്‍ക്കുവേണ്ടി സ്വയം പ്രചരണം നടത്താമെന്നര്‍ത്ഥം. തിരഞ്ഞെടുപ്പു പ്രചരണത്തിനായുള്ള ധനസമാഹരണത്തിനുള്ള നിയമപരമായ പരിമിതികളെ മറികടക്കാന്‍ ഈ റൂളിങ്ങ് സഹായിച്ചു. അതിന്റെ അനന്തരഫലമാണ് 600 കോടി ഡോളറിന്റെ ഈ തിരഞ്ഞെടുപ്പ്. ഒരു കാര്യം അതോടെ വ്യക്തമായി - അമേരിക്ക ഇന്നൊരു plutocracy (ധനികാധിപത്യ രാഷ്ട്രം) ആണ്. ഭാവിയില്‍ ഈ തോതിലുള്ള ധനസമാഹരണം ചെയ്യാന്‍ കെല്‍പ്പുള്ള സംഘടനകളുടെ പിന്തുണയുള്ളവര്‍ക്കേ തിരഞ്ഞെടുപ്പില്‍ ജയിക്കാനാകൂ. അത്തരമൊരു കടപ്പാടോടെ ജയിച്ചുകയറുന്നവര്‍ ആരുടെ താല്പര്യങ്ങളാകും സംരക്ഷിക്കുക എന്ന് ഊഹിക്കാമല്ലോ.

അബിഗെയ്ലിന്റെ കണ്ണീരില്‍ തുടങ്ങിയ ഈ ലേഖനം ഒബാമയുടെ കണ്ണീരില്‍ അവസാനിപ്പിക്കട്ടെ. അദ്ദേഹത്തിന്റെ ഈയൊരു ഹ്രസ്വഭാഷണത്തിന് പലതരം വ്യാഖ്യാനങ്ങളും ഉണ്ടായി. ഞാന്‍ അതില്‍നിന്ന് വായിച്ചെടുത്തത് ഇതാണ്. ദീര്‍ഘകാലം ചിക്കാഗോയിലെ ദരിദ്രര്‍ക്കിടയില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകനായി ജീവിച്ചശേഷമാണ് ഒബാമ സജീവരാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചത്. അത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ (വിശേഷിച്ച് രാജ്യത്തിന്റെ പരമോന്നതാധികാരിയായ പ്രെസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിച്ചപ്പോള്‍ ) സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ സഹായിക്കാന്‍ വേണ്ടത്ര ഉപാധികള്‍ അദ്ദേഹത്തിന്റെ പക്കലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം. നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം, ഒരു പ്രെസിഡെന്റിനുപോലും രക്ഷിക്കാനാവാത്തവിധം സ്ഥാപിതതാല്‍പര്യക്കാരുടെ ശക്തമായ കരങ്ങളിലാണ് രാഷ്ട്രത്തിന്റെ ഭരണസംവിധാനം എന്ന് അദ്ദേഹം വേദനയോടെ തിരിച്ചറിഞ്ഞിരിക്കുന്നു, അദ്ദേഹം. "അടുത്ത നാലുവര്‍ഷത്തില്‍ ഞാന്‍ എന്തുതന്നെ ചെയ്താലും നിങ്ങളേപ്പോലുള്ള സന്നദ്ധപ്രവര്‍ത്തകരുടെ നേട്ടങ്ങളേക്കാള്‍ ഏറെ തിളക്കം കുറഞ്ഞതായിരിക്കും " എന്നു സമ്മതിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത് അതുകൊണ്ടുതന്നെയാണ്.

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ!

Tuesday, August 21, 2012

രണ്ടാമന്‍ മുതല്‍ വാലറ്റക്കാരന്‍ വരെ

"ബെര്‍ട്രാന്റ് റസ്സല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അയാളൊരു പമ്പരവിഡ്ഢിയാണെന്നു ഞാന്‍ പറയും!" ശ്രീധര്‍സാര്‍ ഗര്‍ജ്ജിച്ചു.

ഇതുപതിവുള്ളതാണ്. ഇതൊന്നും കേട്ട് ആരും നടുങ്ങാറില്ല. പുള്ളി നാലാമത്തെ പെഗ് വിസ്കി ഗ്ലാസ്സിലേയ്ക്ക് പകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ എന്റെ രണ്ടാമത്തേയും അവസാനത്തേയും പെഗ് കയ്യില്‍ വെച്ചുകൊണ്ടിരിക്കുന്നു. സാറിന്റെ ഒരു പെഗ്ഗെന്നാല്‍ അര ഗ്ലാസ്സിനു മുകളില്‍ വരും. എന്റെ പെഗ്ഗെന്നാല്‍ മൂന്നു സ്പൂണാണ്. ആറുപെഗ്ഗെത്തിയാലേ പുള്ളി നിര്‍ത്തൂ. രണ്ടാമത്തെ പെഗ്ഗില്‍ ഞാന്‍ വീലാകും. വെള്ളമടി കഴിഞ്ഞാല്‍ ഒരു കിണ്ണം ചിക്കന്‍ ബിരിയാണി കൂളായി തട്ടി, നാലു സിഗററ്റും വലിച്ച് പിന്നെയും ഒരുമണിക്കൂര്‍ ലാത്തിയടിച്ചശേഷമേ അദ്ദേഹം ഉറങ്ങൂ. എനിക്കാണെങ്കില്‍ ഈ സാധനം തലയ്ക്കുപിടിച്ചാല്‍ ഉടനേ കിടയ്ക്കപറ്റണം. മൂപ്പര്‍ നല്ല ഒന്നാന്തരം ബാംഗളൂര്‍ സിറ്റി അയ്യങ്കാരാണ്, ഞാനാണെങ്കില്‍ ഒരു 'പട്ടിക്കാട്ടു വടിനായരും'. അങ്ങേരു് ആറടി മൂന്നിഞ്ച് പൊക്കവും തൊണ്ണൂറു കിലോ തൂക്കവുമുള്ളയാള്. എന്റെ വലിപ്പം ഞാന്‍ തന്നെ പറയുന്നത് ശരിയല്ലല്ലോ, അതുകൊണ്ടു പറയുന്നില്ല.

ആദ്യത്തെ രണ്ടുപെഗ്ഗുകള്‍ വളരേ സന്തോഷത്തിലാണ് തുടങ്ങുക -ശുഭവാര്‍ത്തകള്‍, നര്‍മ്മം, കളിയാക്കല്‍, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍, സിനിമ, പരദൂഷണം എന്നിവയാണ് ആ വട്ടത്തിന്റെ മുഖമുദ്രകള്‍. മൂന്ന്, നാല് എന്നീ പെഗ്ഗുകള്‍ അകത്താകുന്നതോടെ സാറിന് രൌദ്രഭാവം വരും - എന്തുപറഞ്ഞാലും തര്‍ക്കിക്കും, ഉടക്കും. അഞ്ചാമത്തെ പെഗ്ഗില്‍ ശാന്തം - എല്ലാ സംഭാഷണങ്ങളും യുക്തിയോടെ ഉള്‍ക്കൊള്ളാനുള്ള ശ്രമമായിരിക്കും അപ്പോള്‍. ആറാമത്തേതില്‍ ആധ്യാത്മികം, ദാര്‍ശനികം, മാനവികം എന്നിങ്ങനെയുള്ള ഒരു ഉയര്‍ന്ന ചിന്താതലത്തിലെത്തും. അപ്പോഴേയ്ക്കും വിസ്കിയും കശു-കപ്പലണ്ടിയാദികളും തീര്‍ന്നുകാണും.

അന്ന്, ഏതോ എഞ്ചിനീയറിങ്ങ് വിഷയത്തേക്കുറിച്ചുള്ള ചര്‍ച്ചയാണ് തര്‍ക്കമായി മാറിയത്. വാഗ്വാദം മൂത്തപ്പോള്‍ പുള്ളി രാജകല്പന പോലെ ഒരു പ്രസ്താവനയിറക്കി "എടാ കൊച്ചേ, നിന്നേക്കാള്‍ മുപ്പത്തിരണ്ടു കൊല്ലത്തെ എക്സ്‌പീരിയന്‍സ് ഈ ഫീല്‍ഡില്‍ എനിക്കുണ്ട്. നീ എന്നെ ഒന്നും പറഞ്ഞു പഠിപ്പിക്കണ്ടാ, ഞാന്‍ പറയുന്നത് അങ്ങുകേട്ടാല്‍ മതി". ഇതു കേട്ടപ്പോള്‍ ഞാനും വിട്ടുകൊടുത്തില്ല. ആയിടെ വായിച്ച ബെര്‍ട്രാന്റ് റസ്സലിന്റെ "Lessons Of Experience" (Mortals and Others എന്ന പുസ്തകത്തില്‍നിന്ന്) എന്ന ഉപന്യാസത്തില്‍നിന്നുള്ള ഒരു വരി എടുത്തങ്ങുകാച്ചി. ആദ്യവായനയില്‍ത്തന്നെ 'ഇത് ചിലര്‍ക്കിട്ടൊരു കൊട്ടുകൊടുക്കാന്‍ പറ്റിയ വരിയാണല്ലോ' എന്നോര്‍ത്ത് അത് മനഃപാഠമാക്കി വെച്ചിരുന്നു.

"All these men have learnt from experience to believe what they already believed before they had experience, for most people learn nothing from experience except confirmation of their prejudices." (ഇവരെല്ലാം അനുഭവങ്ങളില്‍ നിന്നു പഠിച്ചത് അനുഭവങ്ങളുണ്ടാകുന്നതിനു മുന്‍പ് വിശ്വസിച്ചിരുന്ന കാര്യങ്ങള്‍തന്നെയാണ്, കാരണം മിക്കപേരും അവരുടെ മുന്‍വിധികളെ സ്ഥിരീകരിക്കുക എന്നതൊഴികെ അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല)

ഇതിനുള്ള മറുപടിയാണ് സാര്‍ അലറിപ്പറഞ്ഞത്.

ഞാന്‍ മനസ്സിലാക്കിയതല്ല അദ്ദേഹം പറയാന്‍ശ്രമിക്കുന്നതെന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി. അതെങ്ങനെ, ദ്രവ്യനല്ലേ തലയ്ക്കകത്തു കയറിയിരിക്കുന്നത്! "ഞാന്‍ വിചാരിച്ചു സാര്‍ ഇതാണ് പറയുന്നതെന്ന് - ഇപ്പോഴാണ് മനസ്സിലായത് സാര്‍ പറയുന്ന കാര്യം അതാണെന്ന്. അങ്ങനെയെങ്കില്‍ സാറു പറയുന്നത് ശരിയാണ്" എന്നു പറഞ്ഞ് ഒന്നുരുണ്ടു. ഉടനേ വന്നു മറുപടി. "കൊച്ചേ, ഈ ലോകത്തിലെ ഏറ്റവും സമര്‍ത്ഥനായ വ്യക്തി നീയാണെന്നു വിശ്വസിക്കാനുള്ള അവകാശം നിനക്കുണ്ട്, അതിനര്‍ത്ഥം മറ്റുള്ളവരെല്ലാം വിഡ്ഢികളാണെന്നല്ല - അവര്‍ നിന്നേക്കാള്‍ 'അല്പം' കുറഞ്ഞ സമര്‍ത്ഥന്‍മാരാണെന്നാണ് (You have every right to believe that you are the smartest in the world, that doen't mean others are idiots - just that they are a 'little' less than smartest)"

ഈ സംഭാഷണം നടന്നിട്ട് ഇപ്പോള്‍ വര്‍ഷം ഇരുപതായി. ഇതിനിടെ സാക്ഷാല്‍ ശ്രീമാന്‍ സന്തോഷ് പണ്ടിറ്റ്, ശ്രീധര്‍ സാറിന്റെ ഈ ചൊല്ലിന് പ്രപഞ്ചമാകെ പ്രശസ്തി നല്‍കുകയും ചെയ്തു. ഇക്കാലമത്രയും ഒരു ചര്‍ച്ച തര്‍ക്കത്തിലേയ്ക്ക് വഴുതിവീഴുമ്പോഴെല്ലാം എന്റെ തലയിലൊരു ബള്‍ബു കത്തും. മറുപക്ഷത്തെ വാദം ഞാന്‍ ശരിയായി മനസ്സിലാക്കിയോ എന്ന് സ്വയം പരിശോധിക്കും. ജീവിതാനുഭവങ്ങള്‍ സാധാരണത്വത്തെ ഒഴിവാക്കാനാകാത്ത ഒരു സത്യമായി അംഗീകരിക്കാനും എളിയവരുടെ ചെറിയ സംഭാവനകളെ സമചിത്തതയോടെ സ്വീകരിക്കാനും ശീലിപ്പിച്ചു. പക്ഷേ ഇന്ന് ചുറ്റിലും നോക്കുമ്പോള്‍ "ഏറ്റവും മികച്ചത്", "ഉടനേ" എന്നതില്‍ കുറഞ്ഞ ഒന്നിനേയും സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹത്തെയാണ് ഞാന്‍ കാണുന്നത്.

ഏറ്റവും മികച്ച സെല്‍ ഫോണ്‍, ഏറ്റവും മികച്ച ഡോക്ടര്‍, ഏറ്റവും മികച്ച കാര്‍, ഏറ്റവും മികച്ച ആശാരി, ഒട്ടും കളങ്കമില്ലാത്ത രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ പോകുന്നു നമ്മുടെ പ്രതീക്ഷകള്‍. കമ്പനികള്‍ക്കാണെങ്കില്‍ ഉടനേ നിയമിക്കാവുന്ന, ജോലി ആവശ്യപ്പെടുന്നതിലും അധികം വൈദഗ്ദ്ധ്യവും അറിവുമുള്ള ആളുകള്‍ വേണം. നിക്ഷേപകരുടെ കാര്യത്തിലും അങ്ങനെ തന്നെ- ലാഭവിഹിതത്തേക്കാള്‍ അവര്‍ക്കുവേണ്ടത് വളര്‍ച്ചയാണ് (capital gains versus dividents). വളര്‍ന്നുവളര്‍ന്ന് അങ്ങാകാശം മുട്ടിയാലും മതിയാവില്ല. അംഗബലം കുറഞ്ഞ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ബഹുഭൂരിഭാഗം പേരും തയ്യാറാകില്ല. വിവാഹത്തിന്റെ കാര്യത്തിലാണെങ്കില്‍ പറയുകയും വേണ്ട - എല്ലാം തികഞ്ഞതില്‍ക്കുറഞ്ഞ ഒന്നും ആര്‍ക്കും വേണ്ടേ വേണ്ട.

"Second place is just the first place loser" (രണ്ടാമനെന്നാല്‍ പരാജിതരില്‍ ഒന്നാമന്‍ മാത്രമാണ്) എന്നൊരു ചൊല്ലിന് ഇവിടങ്ങളില്‍ ഏറെ പ്രചാരമുണ്ട്. ഉന്നതനിലവാരം പുലര്‍ത്തുന്നവരോടുപോലും ഇത്തരത്തിലുള്ള ഒരു മനോഭാവമാണുള്ളതെങ്കില്‍ വാലറ്റക്കാരോടുള്ള സമീപനം ചിന്തിക്കാവുന്നതേയുള്ളൂ.

സാങ്കേതികരംഗത്ത് ഒരുകാലത്തെ പ്രതാപികളായിരുന്ന നോക്കിയയുടേയും ബ്ലാക്ക്ബെറിയുടേയും നിലവിലെ അവസ്ഥ നോക്കൂ. ഈ രണ്ടു കമ്പനികളും ഇന്ന് വലിയ പ്രതിസന്ധിയിലാണ്. അവരുടെ കയ്യില്‍ ധാരാളം പണമുണ്ട്. മൂല്യമുള്ള വളരേയധികം വളരേയധികം പേറ്റന്റുകളുണ്ട്. ഇപ്പോഴും അവരുടെ ഉല്‍പന്നങ്ങള്‍ മിക്കവയും ലാഭത്തില്‍ തന്നെയാണ് വിപണിയില്‍ വിറ്റഴിയുന്നത്. പക്ഷേ ഓഹരിവിപണിയില്‍ ഈ കമ്പനികളുടെ മൂല്യം കുത്തനേ ഇടിഞ്ഞുകഴിഞ്ഞു. അവരുടെ മേഖലയില്‍ അവര്‍ ഒന്നാമതല്ല എന്നതുതന്നെ കാരണം. ഉപഭോക്താക്കള്‍ കൂട്ടത്തോടെ മറ്റുല്‍പ്പന്നങ്ങളിലേയ്ക്ക് കൂറുമാറിയതോടെ ഈ കമ്പനികള്‍ക്ക് ഭാവിയില്‍ വളര്‍ച്ചാസാധ്യതയില്ലെന്ന് ഓഹരിയുടമകള്‍ കരുതുന്നു.

വിപണിയില്‍ മൂല്യമില്ലാത്ത കമ്പനിയെന്നാല്‍ ചുളുവിലയില്‍ മറ്റുള്ളവര്‍ക്കു വാങ്ങാവുന്ന വസ്തുവെന്നാണര്‍ത്ഥം. നാളെ മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ ഭീമന്‍മാരുടെ പാര്‍ശ്വവര്‍ത്തികളായി ഇത്തരം കമ്പനികള്‍ മാറിയാല്‍ അത്ഭുതപ്പെടാനില്ല. വമ്പന്‍മാര്‍ക്ക് ഇവരുടെ ഉല്‍പന്നങ്ങളേക്കാള്‍ വേണ്ടത് അവരുടെ പേറ്റന്റുകളും, ഇടപാടുകാരും പണവും (intellectual property, clients and cash) മാത്രമാണ്. അതുകൊണ്ടുതന്നെ അവരുടെ ഉല്‍പന്നങ്ങളെ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ പുതിയ ഉടമസ്ഥരില്‍നിന്നുണ്ടാകാന്‍ സാധ്യതയില്ല. കാലക്രമേണ ഈ ഉല്‍പന്നങ്ങള്‍ ഇല്ലാതാകും. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ലഭ്യമായ ബദലുകള്‍ കുറയും. വിപണി കയ്യടക്കിവച്ചിരിക്കുന്ന ചുരുക്കം ചിലര്‍ക്ക് ഗുണമേന്മ മെച്ചപ്പെടുത്താതെതന്നെ അവര്‍ കല്പിക്കുന്ന വില ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ കഴിയും. ചുരുക്കത്തില്‍ നിലവാരത്തികവില്ലായ്മയുടെ പേരില്‍ ലഭ്യമായ ബദലുകളെ പൂര്‍ണ്ണമായും തിരസ്കരിക്കുന്നതിന്റെ പരിണതഫലം നിലവാരമില്ലാത്ത കുത്തകകളായിരിക്കും, എന്നര്‍ത്ഥം.

സമൂഹജീവിതത്തിനും ഈ നിയമം ബാധകമാണ്. ഏറ്റവും വിദഗ്ദ്ധരായവരെ മാത്രം വിശ്വസിക്കുന്ന മനോഭാവം അവരേപ്പോലെ പ്രതിഭാശാലികളായ പുതുമുഖങ്ങള്‍ ഉയര്‍ന്നുവരുന്നതിന് തടസ്സമാകുന്നു. പ്രബല രാഷ്ട്രീയകക്ഷികളില്‍ പെടാത്തവരെ പരിഗണിക്കാത്ത സമ്മതിദായകര്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ സ്വയം പരിമിതപ്പെടുത്തുന്നു. സ്ഥാനാര്‍ത്ഥികളുടെ ചെറിയ കളങ്കങ്ങളോടുപോലും അസഹിഷ്ണുത പുലര്‍ത്തുമ്പോള്‍ സ്വഭാവഹത്യയിലൂന്നിയ പ്രചരണത്തിന് വളം വെച്ചുകൊടുക്കുകയും ആത്മാഭിമാനമുള്ളവരെ സജീവരാഷ്ട്രീയത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. സ്വന്തം സ്ഥാപനങ്ങളില്‍ അവിദഗ്ദ്ധരെ ചേര്‍ത്ത് പരിശീലിപ്പിച്ചു വളര്‍ത്തിയെടുക്കാന്‍ മിനക്കെടാതെ ഉടന്‍ പറിച്ചെടുക്കാവുന്ന പ്രതിഭകളില്‍ മാത്രം കണ്ണുവെച്ചിരിക്കുന്ന വ്യവസായസംസ്ക്കാരം ഭാവിയില്‍ ഒരു രാജ്യത്തിന്റെ മൊത്തം പ്രതിഭാസമ്പത്തിനേയും ഒരുപക്ഷേ നിലനില്‍പ്പിനേത്തന്നേയും തകര്‍ക്കുന്നു. ഇപ്പറഞ്ഞ ഓരോ അവസ്ഥയിലും "പരമോന്നത നിലവാരം, ഉടന്‍" എന്ന മനോഭാവം ഭാവിയിലെ നിലവാരമില്ലായ്മയിലേയ്ക്കാണ് നയിക്കുക.

സ്വതന്ത്രവിപണിയെ അടിസ്ഥാനപ്പെടുത്തിയ സമ്പദ്‌വ്യവസ്ഥയ്ക്കും സ്വതന്ത്രസമ്മതിദാനാവകാശത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ സംവിധാനത്തിനും അത്യന്താപേക്ഷിതമായ സ്വാതന്ത്ര്യം എന്ന ഘടകം നിലനില്‍ക്കണമെങ്കില്‍ തികവുകുറഞ്ഞതെങ്കിലും സമാന പ്രയോജനമുള്ള ബദലുകളെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു സംസ്കാരം ഉണ്ടാകണം. അതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും വിപണിയിലേയും രാഷ്ട്രീയപ്രക്രിയയിലേയും സക്രിയസഹകാരികളായ ജനതയില്‍ നിക്ഷിപ്തമാണ്.

Monday, July 2, 2012

വാലറ്റക്കാരന്റെ അധോഗമനശകടം

അങ്ങനെ ഏറെക്കാലത്തെ ഉരുണ്ടുകളിക്കും നീട്ടിവെയ്പിനും ശേഷം ഈ വാലറ്റക്കാരന്‍ ഒരു പുതിയ കാറുവാങ്ങി!

"ഇതിലെന്താണിത്ര 'വിളമ്പാ'നുള്ളത്! ദിവസേന ലോകമെമ്പാടും പതിനായിരക്കണക്കിനാളുകള്‍ കാറുവാങ്ങുന്നില്ലേ?" എന്നൊരു ചോദ്യം സ്വാഭാവികം. ങ്ഹാ, എല്ലാവരും കാറുവാങ്ങുന്നതുപോലല്ല വാലറ്റക്കാരന്റെ കാറുവാങ്ങല്‍. എന്റെ കാര്യം എപ്പോഴും അങ്ങനെയാണ്. വളരേ സിമ്പിളായി നടക്കേണ്ട കാര്യങ്ങളെല്ലാം വല്ലാതെ വളഞ്ഞുതിരിഞ്ഞേ നടക്കൂ. പണ്ടൊരു പിഴയടയ്ക്കാന്‍ പോയ കഥയും ഉണക്കാനിട്ടിരുന്ന ഒരു തുണി അഴയില്‍നിന്നെടുത്തുമാറ്റിയ കഥയും പറഞ്ഞത് ഓര്‍മ്മയില്ലേ. മൊത്തം ലൈഫ് അതുപോലെയാ. ഞാന്‍ എഞ്ചിനീയറിങ്ങ് പാസ്സായതും ജോലികിട്ടിയതും കാനഡയില്‍ വന്നതും ഇവിടെ ജോലി കിട്ടിയതും കല്യാണം കഴിച്ചതും കുട്ടി ജനിച്ചതുമെല്ലാം ഇങ്ങനെ മാഗി നൂഡില്‍സ് പോലെ വളഞ്ഞുപുളഞ്ഞുപിണഞ്ഞ കഥകളാണ്.

വടക്കേ അമേരിക്കയില്‍ (വിശേഷിച്ച് കാനഡയില്‍) ഒരു കാറുവാങ്ങല്‍ ഇടപാട് മനസ്സമാധാനത്തോടെ അവസാനിക്കണമെങ്കില്‍ മൂന്നു സാധ്യതകളേയുള്ളൂ. ഒന്ന് കയ്യില്‍ പൂത്ത പണമുണ്ടാകുക. രണ്ട് ഭാഗ്യവാനായിരിക്കുക. മൂന്ന് ഐന്‍സ്റ്റൈനോളം ബുദ്ധിമാനും മാര്‍ക്കെറ്റിങ്ങ്, ഫിനാന്‍ഷ്യല്‍ അക്കൌണ്ടിങ്ങ്, സൈക്കോളജി, ക്യാപ്പിറ്റല്‍ ബഡ്ജറ്റിങ്ങ്, കോസ്റ്റ് ഓഫ് ക്യാപ്പിറ്റല്‍, ഇംഗ്ലീഷ് ഭാഷ, തര്‍ക്കം, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, ആട്ടോമൊബീല്‍ എഞ്ചിനീയറിങ്ങ്, ആട്ടോമൊബീല്‍ ഇലക്ട്രോണിക്സ്, വാഹനവ്യവസായ ചരിത്രം, വാഹനവ്യവസായ വാര്‍ത്തകള്‍ എന്നീ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യമുള്ളവനും ആയിരിക്കുക.

ഈ മൂന്നു യോഗ്യതകളും ഇല്ലാത്തവനായതിനാല്‍ ഇക്കാര്യത്തില്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടാനേ സാധ്യതയുള്ളൂ എന്ന ഭയമായിരുന്നു കാറുവാങ്ങല്‍ നീട്ടിവയ്ക്കാനുള്ള പ്രധാന കാരണം. ഞാന്‍ 2001ല്‍ വാങ്ങിയ സെക്കന്റ് ഹാന്‍ഡ് കൊറോള്ള (2009/10ല്‍ കുറേയധികം പണം ചിലവാക്കിച്ചുവെങ്കിലും) വലിയ തെറ്റില്ലാതെ ഓടുന്നുമുണ്ടായിരുന്നു. പിന്നൊരു കാരണം ഓര്‍മ്മയില്‍ തങ്ങിനിന്ന ഒരു പഴയ സംഭവമാണ്. ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഞങ്ങള്‍ മൂന്നു സഹോദരന്‍മാരും ഒരുമിച്ചിരുന്ന് ഊണുകഴിക്കുന്ന സമയത്ത് അമ്മ പറഞ്ഞു "നിങ്ങളു വലുതായി വലിയ ജോലിക്കാരൊക്കെയാകുമ്പോള്‍ ഇടയ്ക്കൊക്കെ നിങ്ങള്‍ എന്നെ വന്നു കാണണം. നിങ്ങള്‍ എനിക്കൊന്നും തരണ്ടാ. 'ഒരു പുതിയ കാറുമേടിച്ചു, കയ്യില്‍ കാശില്ല, കൊടുക്കാന്‍ കാശില്ലാതെ എങ്ങനെ അമ്മയെ കാണാന്‍ പോകും' എന്നൊന്നും ഓര്‍ത്ത് നിങ്ങള് വിഷമിക്കണ്ട. നിങ്ങള്‍ എന്നെ വന്നു കണ്ടാല്‍ മാത്രം മതി" എന്ന്. കഴിഞ്ഞ പത്തുവര്‍ഷമായി കാറുവാങ്ങണമെന്നുതോന്നുമ്പോഴൊക്കെ ആദ്യം നോക്കുക കാറുവാങ്ങിയ ശേഷം കുടുംബത്തിന് നാട്ടില്‍ പോയിവരാനുള്ള പണം നീക്കിയിരിപ്പുണ്ടാകുമോ എന്നാണ്. എല്ലായ്പോഴും 'ഇല്ല', എന്നുതന്നെയാവും ഉത്തരം.

കഴിഞ്ഞ ഡിസംബറില്‍ (ജനുവരിയില്‍ വരാനിരുന്ന) എന്റെ വരവൊന്നും കാത്തിരിക്കാതെ അമ്മ പോയി. എന്റെ ഔദ്യോഗികനേട്ടങ്ങള്‍ക്കും ഞാന്‍ കരുതിവെച്ചിരുന്ന പണത്തിനും അതോടുകൂടി വലിയ പ്രസക്തിയുമില്ലാതായി. കൊറോള്ളയും അതിന്റെ പ്രായാധിക്യം കാണിച്ചുതുടങ്ങി. സിഡീ പ്ലേയര്‍ പ്രവര്‍ത്തിക്കാതായി, പിറകിലെ ഒരു സീറ്റ് ബെല്‍റ്റ് ലൂസായി, പെട്രോള്‍ ടാങ്കിന്റെ കവര്‍ അടയാതായി, പിന്നിലെ ട്രങ്ക് (ഡിക്കി എന്ന് മലയാളികള്‍ പറയും) താക്കോലിട്ടു തുറക്കാന്‍ കഴിയാതായി, മുന്‍പിലെ ഹൂഡ് കവര്‍ (ബോണറ്റ്) തുരുമ്പു പിടിച്ചുതുടങ്ങി.... ചുരുക്കത്തില്‍ വണ്ടി ഓടിക്കുക എന്നത് ഒരു ചൊറിയുന്ന ഏര്‍പ്പാടായി മാറി.

അങ്ങനെ ഈ മേയ് മാസത്തില്‍ ഒരു പുതിയ കാറുവാങ്ങാം എന്നങ്ങു തീരുമാനിച്ചു. ഭാര്യയും ആ തീരുമാനത്തെ പിന്‍താങ്ങി. അപ്പോഴും കയ്യില്‍ അധികം കാശൊന്നുമില്ല. ഭാഗ്യം മെച്ചപ്പെട്ടു എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളൊന്നും ഉണ്ടായുമില്ല. ബുദ്ധിയും അറിവും പണ്ടേയില്ല, പിന്നെങ്ങനെ ഒരു മേയ് മാസപ്പുലരിയില്‍ അതുണ്ടാകും! പക്ഷേ ബുദ്ധിയില്ലാത്തതുകൊണ്ട് ഒരു വലിയ ഗുണമുണ്ട്- അബദ്ധം പറ്റുന്നതുവരെ നല്ല ഉഗ്രന്‍ ധൈര്യമായിരിക്കും. ഞാനൊന്നു പയറ്റിനോക്കാന്‍ തന്നെ തീരുമാനിച്ചു.

ഇന്നാട്ടിലെ പ്രധാന പ്രശ്നം ഈ കാറുകള്‍ക്കൊന്നും സ്ഥിരമായ ഒരു വിലയേയില്ല, എന്നതാണ്! പത്രത്തിലൊക്കെ നോക്കിയാല്‍ മുപ്പതും നാല്പതും ശതമാനം 'വിലക്കിഴിവ്' പരസ്യം ചെയ്തിരിക്കുന്നതു കാണാം. പക്ഷേ ഡീലറുടെ അടുത്തുചെല്ലുമ്പോഴാണ് കള്ളി വെളിച്ചത്താകുക. ആരും വാങ്ങാന്‍ സാധ്യതയില്ലാത്ത മാനുവല്‍ ട്രാന്‍സ്മിഷന്‍, നോണ്‍ ഏസി, 'തകര' മോഡലിനായിരിക്കും അവര്‍ പരസ്യപ്പെടുത്തിയ 'കിഴിവ്'. മിക്ക ഡീലര്‍മാരും ആ മോഡല്‍ സ്റ്റോക്ക് ചെയ്തിട്ടുപോലും ഉണ്ടാകില്ല. ഒരു സാദാ സെഡാന്റെ ചിത്രത്തിനൊപ്പം 'പതിനായിരം ഡോളര്‍ വരെ ഡിസ്ക്കൌണ്ട്!' എന്നുവായിച്ച് കോള്‍മയിര്‍ കൊണ്ട് ഡീലറുടെ അടുത്തു ചെല്ലുമ്പോഴാണ് അത് എഴുപതിനായിരം ഡോളറിന്റെ സൂപ്പര്‍കാറിനാണ് എന്നു മനസ്സിലാകുക. ഇതിനെല്ലാം പുറമേ, ഈ കിഴിവുകളുടെ സ്വഭാവം ഒന്നു മനസ്സിലാക്കിയെടുക്കാന്‍തന്നെ കുറേ ബുദ്ധിമുട്ടാണ്. 'ഫാക്ടറി ടു ഡീലര്‍ ക്യാഷ്', 'ഫാക്ടറി ടു കണ്‍സ്യൂമര്‍ ക്യാഷ്', 'എംപ്ലോയീ പ്രൈസിങ്ങ്', 'ഡീലര്‍ ഇന്‍സെന്റീവ്', '0% ഫിനാന്‍സിങ്ങ്', 'സ്റ്റാക്കബിള്‍ / നോണ്‍-സ്റ്റാക്കബിള്‍ ഇന്‍സെന്റീവ്', 'ലോയല്‍റ്റി ബോണസ്', 'മെമ്പര്‍ഷിപ് ബോണസ്', 'പ്രൊമോഷനല്‍ ലീസിങ്ങ്', 'പ്രിഫേര്‍ഡ് പാര്‍ട്നേഴ്സ് ഡിസ്കൌണ്ട്' എന്നിങ്ങനെയുള്ള മാര്‍ക്കെറ്റിങ്ങ് ഗിമ്മിക്കുകളുടെ വലിയൊരു വര്‍ണ്ണപ്രപഞ്ചം തന്നെയാണ് ഒരു പാവം കണ്‍സ്യൂമറെ വീഴ്ത്താനായി അവര്‍ ഒരുക്കിവെച്ചിരിക്കുന്നത്.

ഇത്തരം ചതിക്കുഴികളില്‍നിന്നു രക്ഷപ്പെടാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്ള നിരവധി വെബ് സൈറ്റുകള്‍ ഉണ്ട്. അവിടങ്ങളില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം ഞാന്‍ 'കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ്' എന്ന അറിയപ്പെടുന്ന (പരക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന) സ്ഥാപനത്തില്‍നിന്ന് ഞാന്‍ വാങ്ങാനുദ്ദേശിക്കുന്ന വാഹനത്തിന്റെ പ്രൈസിങ്ങ് റിപ്പോര്‍ട്ട് വരുത്തി. പ്രൈസിങ്ങ് റിപ്പോര്‍ട്ടിലെ പ്രധാന വിവരമാണ് 'ഡീലര്‍ ഇന്‍വോയ്സ് പ്രൈസ്' - അതായത്, വണ്ടി ഡീലറുടെ പക്കല്‍ എത്തുമ്പോള്‍ ഡീലര്‍ കമ്പനിക്കു കൊടുക്കേണ്ട തുക. അതിന്റെ കൂടെ എല്ലാ കിഴിവുകളുടേയും ഒരു പട്ടികയും അവ എങ്ങനെ പ്രയോഗിക്കണം എന്നതിനേക്കുറിച്ചുള്ള ഒരു വിശദീകരണവും ഉണ്ടാകും. ചില കിഴിവുകള്‍ വില്പനയ്ക്കു മുമ്പും ചിലത് വില്പനയ്ക്കു ശേഷവും ഉള്ളവയാണ് - അതിനനുസരിച്ച് കൊടുക്കേണ്ട നികുതിയില്‍ വ്യത്യാസമുണ്ടാകും (വില്പനയ്ക്കുശേഷമുള്ള കിഴിവിന് നികുതി ഒഴിവില്ല). അതുപോലെ ചില കിഴിവുകള്‍ കൂട്ടിച്ചേര്‍ക്കാം, ചിലത് പറ്റില്ല (ഉദാഹരണത്തിന് ക്യാഷ് ഡിസ്കൌണ്ടും 0% ഫൈനാന്‍സിങ്ങും ഒരുമിച്ചു കിട്ടില്ല). പ്രൈസിങ്ങ് റിപ്പോര്‍ട്ടില്‍നിന്ന് കമ്പനി ഡീലര്‍ക്കു കൊടുക്കുന്ന എല്ലാ പ്രതിഫലങ്ങളേയും കുറിച്ച് അറിയാനാകില്ലെങ്കിലും സംഗതികളുടെ ഒരു ഏകദേശരൂപം പിടികിട്ടും.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മൂന്നു ഡീലര്‍മാര്‍ക്ക് ഇമെയില്‍ അയച്ചു. 'ഞാന്‍ സാന്റ ഫേ V6 SE മോഡല്‍ ഈ മാസാവസാനത്തിനു മുമ്പ് വാങ്ങാന്‍ തയ്യാറാണ്. എന്റെ കയ്യിലുള്ള പ്രൈസിങ്ങ് റിപ്പോര്‍ട്ട് അനുസരിച്ച് ടാക്സും നിങ്ങളുടെ മാര്‍ജിനും ഒഴിവാക്കിയാല്‍ വണ്ടിയുടെ വില xxxxx ഡോളറാണ്. എന്റെ പഴയ കാര്‍ നിങ്ങള്‍ എടുക്കുമെങ്കില്‍ നന്ന്, ഇല്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വില എന്തെന്ന് അറിയിക്കുക' ഇതായിരുന്നു, ചുരുക്കം.

രാത്രിയായപ്പോഴേയ്ക്കും മൂന്നുപേരും മറുപടിയയച്ചു. 'താങ്കള്‍ വരൂ, ഞങ്ങള്‍ നല്ലോണം നോക്കിക്കൊള്ളാം (we will take good care of you)' എന്ന് ഒന്നാമന്‍. വിലയേപ്പറ്റി യാതൊരു മിണ്ടാട്ടവുമില്ല

കിഴിവുകള്‍ക്കുശേഷം ടാക്സ് അടക്കം എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'രൊക്കം' വില xxxxx ഡോളറാണ്, എന്നു രണ്ടാമന്‍.

മൂന്നാമന്റേത് ഒരു ഉപന്യാസം തന്നെയായിരുന്നു - കിഴിവുകളേക്കുറിച്ചും അവന്റെ പീടികയേക്കുറിച്ചും ഞാന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലുള്ളവര്‍ക്കുള്ള 'വിശേഷ കിഴിവി'നേക്കുറിച്ചുമെല്ലാം - പക്ഷേ ഒരു തുക അവനും പറഞ്ഞില്ല.

പിറ്റേന്ന് മൂന്നു ഡീലര്‍മാരേയും പോയിക്കണ്ടു. ആദ്യത്തവന്‍ ഭാവാഭിനയവും നൃത്തവുമടക്കം നല്ലൊരു ഷോ തന്നെ കാഴ്ചവെച്ചു. പക്ഷേ അവന്റെ വില എനിക്കൊക്കില്ലെന്ന് അവനും എനിക്കും പെട്ടന്നുതന്നെ മനസ്സിലായി. രണ്ടാമത്തവന്‍ പറഞ്ഞ വില കുഴപ്പമില്ലായിരുന്നു. എന്റെ വയസ്സന്‍ കാറിന് ഒരുപക്ഷേ അറുനൂറ് ഡോളര്‍ തരാന്‍ സാധിക്കുമായിരിക്കും എന്നും പറഞ്ഞു. മൂന്നാമന്റെ സംസാരവും അവന്റെ ഉപന്യാസം പോലെത്തന്നെയായിരുന്നു. ഞാനൊന്നുപറഞ്ഞാല്‍ അവന്‍ നൂറുപറയും. അവന്റെ നോട്ടത്തില്‍ എന്റെ പഴയ കാറിന് ആക്രിവിലയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പുതിയ കാറിന് ഏറ്റവും കുറഞ്ഞ വില അവന്റേതായിരുന്നു.

തിരികെ രണ്ടാമന്റെ അടുക്കല്‍ വന്നപ്പോഴാണ് അവന്‍ കാലുമാറിയത്. അവനും എന്റെ പഴയ വാഹനം വേണ്ട! പക്ഷേ പുതിയതിന് മൂന്നാമന്‍ പറഞ്ഞ വിലയ്ക്ക് തരാന്‍ അയാള്‍ തയ്യാറാണെന്നു പറഞ്ഞു.

അപ്പോള്‍ ഈ പഴയ ശകടം ഞാനെന്തു ചെയ്യും? എന്റെ ഓഫീസിന്റെ പരിസരത്തുള്ള ഒരു ശ്രീലങ്കന്‍ തമിഴന്റെ വര്‍ക്ക്ഷാപ്പില്‍ ചെന്നുചോദിച്ചു. അവന്‍ അഞ്ഞൂറു ഡോളറും ഞാന്‍ ആയിരവും വില പറഞ്ഞു. അവസാനം എഴുന്നൂറ്റിയമ്പതിന് അതു പഞ്ചായത്താക്കി.

തിരികെ ഡീലര്‍ രണ്ടാമന്റെ അടുത്ത്. വണ്ടിയുടെ ഫൈനാന്‍സിങ്ങ് പേപ്പറുകളില്‍ ഒപ്പിട്ടു. ഡെപ്പോസിറ്റ് കൊടുത്തു. എന്റെ മോഡല്‍ ഞാന്‍ ആവശ്യപ്പെട്ട നിറത്തില്‍ സ്റ്റോക്കില്ലായിരുന്നു, അതുകൊണ്ട് ഒരാഴ്ചയ്ക്കുശേഷമാണ് വണ്ടി കയ്യില്‍ കിട്ടിയത്. സംഗതി ശുഭം, ലളിതം, വക്രരഹിതം!

ഈ അനുഭവത്തില്‍നിന്നു ഞാന്‍ പഠിച്ചത് ഇതാണ്: വലിയ പണക്കാരനും ഭാഗ്യവാനും ബുദ്ധിമാനുമൊന്നുമല്ലെങ്കിലും ഒരല്പം പണം നഷ്ടപ്പെട്ടാലും സാരമില്ലെന്ന മനോനിലയും ഒരല്പം ഭാഗ്യവും ഒരല്പം അന്വേഷണബുദ്ധിയുമുണ്ടെങ്കില്‍ ഇത്തരം ഇടപാടുകളില്‍ ദുഃഖിക്കേണ്ടിവരില്ല എന്ന്. നിങ്ങള്‍ക്കുവേണ്ട വണ്ടി ഏതാണെന്ന് കൃത്യമായി അറിയണം, നിങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള വിലയെന്തെന്ന് സ്വയം തീരുമാനിച്ചുറപ്പിക്കണം, ഡീലര്‍ വില്‍ക്കാന്‍ തയ്യാറുള്ളവില നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലങ്കില്‍ ഉടനേ ഇറങ്ങിപ്പോകാന്‍ തയ്യാറായിരിക്കണം. അത്രേയുള്ളൂ. എല്ലാം തീരുമാനിച്ചുറച്ചവനെ കണ്ടാല്‍ ഡീലര്‍ക്കു മനസ്സിലാകും.

എന്നോട് ഇടപെട്ട സെയില്‍സ്മാന്‍ വളരേ വര്‍ണ്ണശബളമായ ജീവിതചരിത്രമുള്ളയാളാണ്. ഈജിപ്തില്‍ ജനിച്ച അര്‍മീനിയന്‍ ക്രിസ്ത്യാനിയാണ് അദ്ദേഹം. അദ്ദേഹത്തിന് അറബിക്, ഫ്രെഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങിയ ആറുഭാഷകളില്‍ പ്രാവീണ്യമുണ്ടത്രേ. അദ്ദേഹം ബൈബിളിന്റെ അത്രത്തോളം തന്നെ വിശുദ്ധ ഖുര്‍ ആനെ മാനിക്കുന്നുണ്ടെന്നും ഖുര്‍ ആനിലെ മിക്കഭാഗങ്ങളും ഹൃദിസ്ഥമാണെന്നും പറഞ്ഞു. ഒരിക്കല്‍ ജി-8 ഉച്ചകോടിയില്‍ പരിഭാഷകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഭാഷാസാമര്‍ത്ഥ്യം കണ്ട് ഒരു രാജ്യത്തിന്റെ രഹസ്യാന്വേഷണവിഭാഗം അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്തുവത്രേ. പക്ഷേ വെറും രണ്ടാഴ്ച നീണ്ടുനിന്ന ഉച്ചകോടിക്ക് പരിഭാഷകനായതിന്റെ പേരില്‍ അദ്ദേഹത്തിനനുഭവപ്പെട്ട 'രഹസ്യനിരീക്ഷണ'ത്തിന് ജീവിതകാലം മുഴുവന്‍ അടിമപ്പെടാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. ഏതായാലും ആദ്യത്തെ ഇമെയിലില്‍ത്തന്നെ വളച്ചുകെട്ടില്ലാത്ത ഒരു തുക പറഞ്ഞത് ഇത്തരം ലളിതജീവിതം (simplified living) നയിക്കുന്ന ആളിനേക്കൊണ്ടേ സാധിക്കൂ എന്നു ഞാന്‍ മനസ്സിലാക്കുന്നു.

ഇനിയല്പം വാഹനവിശേഷം. ഹണ്ടേ (Hyundai) സാന്റ ഫേ നല്ലൊരു എസ് യു വി തന്നെയാണ്, കേട്ടോ. സിനിമാനടന്‍ ഗിന്നസ് പക്രു പറഞ്ഞതുപോലെ 'ഈയൊരു ചെറുനാരങ്ങാ കയറ്റാനെന്തിനാ പാണ്ടിലോറി' എന്ന് ആദ്യനാളുകളില്‍ തോന്നിയിരുന്നു. വണ്ടിയുടെ വീതിയും നീളവും ഉയരവുമായി പൊരുത്തപ്പെടാന്‍ ഇപ്പോഴും ശീലിച്ചുകൊണ്ടിരിക്കുകയാണ്- വിശേഷിച്ച് വണ്ടി തിരിക്കുകയും പിന്നോട്ടെടുക്കുകയും ചെയ്യുമ്പോള്‍. കൊറോള്ളയെ അപേക്ഷിച്ച് കുറച്ചുകൂടി സ്റ്റിഫ് റൈഡ് ആണ്. സിഗററ്റ് ലൈറ്ററില്‍ കയിറിപ്പിടിച്ച് കൈ പൊള്ളിയതൊഴിച്ചാല്‍ (ആ കുന്ത്രാണ്ടം എന്താണെന്ന് ഒന്നു തുറന്നുനോക്കിയതായിരുന്നു) ഇതുവരെ വലിയ അബദ്ധമൊന്നും പറ്റിയിട്ടില്ല.

When you are at the peak, there is nowhere to go except downhill (ഉച്ചിയിലുള്ളവന് അധോഗതിയേ ഉള്ളൂ) എന്നൊരു ചൊല്ലുണ്ടല്ലോ. ഈ വണ്ടിയെ എന്റെ "downhill ride" (താഴോട്ടുപോകാനുള്ള വാഹനം) എന്നാണ് ഞാന്‍ വിശേഷിപ്പിക്കുക. വരുന്ന പത്തുവര്‍ഷക്കാലം ഞാന്‍ ഈ വാഹനത്തിന്റെ ആറു സിലിണ്ടറുകളില്‍ ഇന്ധനവും ശുദ്ധവായുവും കൂട്ടിപ്പിരിച്ച് ഞെരിച്ചുകരിച്ചുപുകച്ച് അന്തരീക്ഷത്തില്‍ വിഷം തുപ്പിക്കൊണ്ടിരിക്കും. വ്യര്‍ത്ഥസ്വപ്നങ്ങളുടെ സക്ഷാല്‍ക്കാരത്തിനായി ഭൂമിയെ ഊഷരമാക്കുകയും അന്തരീക്ഷം മലീമസമാക്കുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്ത തലമുറയില്‍ പെട്ട ഞാന്‍ വരും തലമുറകളുടെ കൊടിയ ശാപം ഏറ്റുവാങ്ങും. അന്ന്, പുഴയിലും കടലിലും മണലിലും മരത്തിലും അലഞ്ഞുതിരിയുന്ന എന്റെ ഭസ്മധൂളികള്‍ ജീവിതത്തില്‍ ഞാന്‍ കൊണ്ടുനടന്നിരുന്ന സഞ്ചരിക്കുന്ന കൊട്ടാരത്തിലെ ആര്‍ഭാടാനുഭൂതികളോര്‍ത്ത് ആഹ്ലാദിക്കുമായിരിക്കും.

ഒരേയൊരു ജീവിതം. അത് ആവോളം ആസ്വദിക്കുകതന്നെ. പരിസ്ഥിതി പോയി തുലയട്ടെ!

Tuesday, May 1, 2012

നീലക്ക്രിക്കറ്റ്

നാട്ടില്‍ നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ ഈ വാലറ്റക്കാരനും അല്പസ്വല്പം ഭ്രമം ഇല്ലാതില്ല. ഓഫീസിലിരുന്നും വീട്ടിലിരുന്നും കളി കാണാന്‍ അനുവദിക്കുന്ന സാഹചര്യമില്ലാത്തതുകൊണ്ട് ചില വെബ് സൈറ്റുകളില്‍ നിന്ന് ലൈവ് സ്കോര്‍ കാണുകയാണ് പതിവ്. ഇന്ന് അത്തരം ഒരു സൈറ്റില്‍ കണ്ട ഒരു കമെന്റ് എന്നെ ശരിക്കും ചിരിപ്പിച്ചു. "പൊതുവേ ആണുങ്ങള്‍ക്ക് നിറഭേദങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുകുറവാണ്, എങ്കിലും ഇത്രയധികം ടീമുകള്‍ക്ക് ഈ നീലനിറത്തോടുള്ള താല്പര്യം എന്നെ അത്ഭുതപ്പെടുത്തുന്നു" എന്നതായിരുന്നു ആ കമെന്റ്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് "ക്രിക്കറ്റ്കണ്ട്രി ഡോട്ട് കോം" എന്ന സൈറ്റില്‍ അരുണാഭ സെന്‍ഗുപ്ത എഴുതിയതാണ് അപ്പോള്‍ ഓര്‍മ്മയില്‍ വന്നത്. "ടെസ്റ്റ് ക്രിക്കറ്റ് എന്നാല്‍ ഒരു ക്ലാസ്സിക് സിനിമ പോലെയാണെങ്കില്‍ ഏകദിന ക്രിക്കറ്റ് ബോളിവുഡ് മസാലച്ചിത്രം പോലെയും ട്വെന്റി-ട്വെന്റി നീലച്ചിത്രം പോലെയുമാണ്. അതുകൊണ്ടാണ് ടി-20 ചിലവാകുന്നതും ടെസ്റ്റിന് ആളുകേറാത്തതും". അതുതന്നെ. നീലക്ക്രിക്കറ്റ്, നീല യൂണിഫോം.

ശരിക്കുപറഞ്ഞാല്‍ ഈ അഗമ്യഗമനം (ഈ വാക്കിന് കടപ്പാട്: ബ്ലോഗര്‍ 'കുമാരന്‍ ') ഇന്ത്യക്കാരായിട്ട് തുടങ്ങിയതല്ല. ക്രിക്കറ്റിലെ അഭിവന്ദ്യരാഷ്ട്രങ്ങളിലൊന്നായ ഓസ്ട്രേലിയയിലെ കെറി പാക്കര്‍ എഴുപതുകളില്‍ കണ്ടെത്തിയ ഒരു ഉജ്ജ്വല സാധ്യതയാണ് ഇത്. അദ്ദേഹം ദേശീയ ടീമുകളില്‍ നിന്ന് കളിക്കാരെ അടര്‍ത്തിയെടുത്ത് ഏകദിനമത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനു സമാനമായ സാഹചര്യത്തിലാണ് ഇന്ത്യയിലും ടി-20 ഉരുത്തിരിഞ്ഞത്. കെറിയുടെ 'ചാനല്‍ നൈന്‍ 'നേപ്പൊലെത്തന്നെ സംപ്രേക്ഷണാവകാശം നിഷേധിക്കപ്പെട്ട സീ ടിവി അധികാരികളാണ് ഇന്ത്യയിലെ ടി-20യുടെ ഉപജ്ഞാതാക്കള്‍. പിന്നീട് വിപണിയിലും രാഷ്ട്രീയത്തിലുമുള്ള സ്വാധീനം ഉപയോഗിച്ച് സീ ടിവിയെ അടിച്ചൊതുക്കി ഈ കെട്ടുകാഴ്ചയുടെ കുത്തകാവകാശം ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡ് പിടിച്ചുപറിച്ചെടുത്തെന്നേയുള്ളൂ. ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള വഴക്കിന്റെ മൂര്‍ദ്ധന്യത്തില്‍ ബോര്‍ഡ് അംഗങ്ങളുമായുള്ള ഒരു ചര്‍ച്ചയില്‍ കെറി തൊടുത്തുവിട്ട "മാന്യരേ, നമ്മിലെല്ലാവരിലും ഒരു ചെറിയ വേശ്യയുണ്ട്. നിങ്ങളുടെ ഇന്നത്തെ നിരക്കെന്താണ്?" എന്ന ചോദ്യം ഇന്നും പതിവായി രാജ്യമെമ്പാടുമുള്ള ക്രിക്കറ്റ് പുരയിടങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ടാകണം.

ക്രിക്കറ്റിന്റെ ഈ പരിണാമശൃംഖലയിലെ അടുത്തകണ്ണിയായ 'സെലെബ്രിറ്റി ക്രിക്കറ്റ്' (സിനിമാ താരങ്ങളുടെ ടി-20 ക്രിക്കറ്റ്) കാണാനുള്ള സൌഭാഗ്യം ഈ വാലറ്റക്കാരന് കഴിഞ്ഞ ജനുവരിയിലുണ്ടായി. യാതൊരുവിധ അറപ്പുമില്ലാത്ത ഒരു തറ വായില്‍നോക്കിയായതുകൊണ്ട് മിക്കവാറും എല്ലാ മാച്ചുകളും ഞാന്‍ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടു. ചിയര്‍ലീഡേഴ്സ് മാത്രമായിരുന്നില്ല അതിലെ ആകര്‍ഷണം. പ്രാദേശിക ചാനലില്‍ അതാതു സംസ്ഥാനത്തെ ഭാഷയില്‍ ദൃക്‍സാക്ഷിവിവരണവും അതാതുപ്രദേശങ്ങളില്‍ ജനപ്രീതിയുള്ള നായികാനായകന്‍മാരുമായുള്ള അഭിമുഖവും, ഓവറുകള്‍ക്കിടയില്‍ പ്രശസ്തരായ ചില സുന്ദരികളുടെ 'ഫോട്ടോഷൂട്ടിന്റെ' വിഡിയോ ദൃശ്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയ നയനാനന്ദകരമായ ഒരു ഷോ തന്നെയായിരുന്നു അത്. സൂപ്പര്‍ താരങ്ങളുടെ ബോളിങ്ങും ബാറ്റിങ്ങും ഇംഗ്ലീഷിലുള്ള അഭിമുഖസംഭാഷണവുമെല്ലാം കളിയുടെ പിറ്റേന്ന് എഫ് എം റേഡിയോയിലെ അവതാരകര്‍ക്കും ചാനല്‍ മിമിക്രി മാക്രികള്‍ക്കും ജോക്കടിക്കാനുള്ള വകയൊരുക്കിക്കൊടുക്കുകകൂടിയായപ്പോള്‍ വിനോദവിപണനത്തിന്റെ നവീന സാധ്യതകളാണ് നമുക്കുമുമ്പില്‍ തെളിഞ്ഞുവന്നത്. കാമ്പും മൂല്യവുമില്ലാത്ത ഒരു ഉല്‍പന്നം പുറംപകിട്ടുകൊണ്ടുമാത്രം എങ്ങനെ വിറ്റുകാശാക്കാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രമാണിമാര്‍ക്ക് സിനിമാക്കാരില്‍നിന്നു പഠിക്കാവുന്നതാണ്.

ഇംഗ്ലണ്ടിലെ കെവിന്‍ പീറ്റേഴ്സന്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഐപിഎല്‍‌‌‌നെ പാടെ അവഗണിക്കുന്നതില്‍ പരിഭവം പറയുന്നതു കണ്ടു. എനിക്കതില്‍ അത്ഭുതമൊന്നും തോന്നിയില്ല. ഇംഗ്ലണ്ടിലെ കൌണ്ടി ക്രിക്കറ്റിനേക്കുറിച്ചോ, ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിനേക്കുറിച്ചോ വെസ്റ്റ് ഇന്‍ഡീസ് ആഭ്യന്തരക്രിക്കറ്റിനേക്കുറിച്ചോ നമ്മുടെ നാട്ടിലും വാര്‍ത്തകള്‍ വരാറില്ല. പിന്നെ ഐപിഎല്‍ പ്രദര്‍ശനവും ക്രിക്കറ്റുമായുള്ള ബന്ധം വാര്‍ത്താ ചാനലും വാര്‍ത്തയും തമ്മിലുള്ള ബന്ധം പോലെയാണ്. ഇംഗ്ലീഷുകാര്‍ക്കുമാത്രമല്ല നല്ലൊരു വിഭാഗം ഇന്ത്യക്കാര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും ഈ പേക്കൂത്തിനോടു മുഖംതിരിക്കാന്‍ തോന്നുന്നെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.

പണ്ട് മാന്യന്‍മാരുടെ കളിയായി മാത്രം അറിയപ്പെട്ടിരുന്ന ക്രിക്കറ്റ് ഇന്ന് പലര്‍ക്കും പലതാണ്. പണച്ചാക്കുകള്‍, മദ്ധ്യവയസ്കരായ സിനിമാതാരങ്ങള്‍, സമ്പന്നരായ ആന്റിമാര്‍, പരസ്യക്കാര്‍, ക്രിക്കറ്റ് ജന്മിമാര്‍, അധോലോകം, അന്താരാഷ്ട്രനിലവാരമുള്ള സൂപ്പര്‍ക്രിക്കറ്റര്‍മാര്‍, കഷ്ടിച്ച് ദേശീയനിലവാരം മാത്രമുള്ള ലോക്കല്‍ കളിക്കാര്‍, ചാനലുകാര്‍, പരസ്യവും വിഡ്ഢിത്തവും കമെന്ററിയും ഒരുമിച്ചു വിളമ്പുന്ന വിരമിച്ച ക്രിക്കറ്റര്‍മാര്‍, രാഷ്ട്രീയക്കാര്‍, ബ്ലോഗര്‍മാര്‍, വഴിവാണിഭക്കാര്‍, വായില്‍നോക്കികളായ കാണികള്‍ എന്നിവരെല്ലാം ചേര്‍ന്ന് ആനയേക്കാണാന്‍ പോയ അന്ധന്‍മാരേപ്പോലെ ഈ ക്രിക്കറ്റിന് പുതിയ നിര്‍വചനങ്ങള്‍ സമ്മാനിച്ചിരിക്കുന്നു. ഇവരുടെയൊക്കെ അന്തിമലക്ഷ്യങ്ങള്‍ പലതാണെങ്കിലും അവരെ ബന്ധിപ്പിക്കുന്നത് 'ഇന്നത്തെ നിരക്കെന്താണ്' എന്ന ചോദ്യമാണ്, ഉല്‍കണ്ഠയാണ്.

വിഡ്ഢിപ്പെട്ടിയും കമ്പ്യൂട്ടറും ഗെയിമിങ്ങ് കണ്‍സോളുകളും സ്മാര്‍ട്ട്ഫോണുമൊക്കെ ഇങ്ങനെ അര്‍ത്ഥമില്ലാത്ത വിനോദങ്ങളില്‍ ഒരു ജനതയെ ആകമാനം തളച്ചിടുന്ന ഒരു സ്ഥിതിയിലേയ്ക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. ഒരു രണ്ടുതലമുറകൂടി കഴിഞ്ഞാല്‍ പ്രതികരണശേഷിയില്ലാത്തവര്‍ എന്നതിലുപരി സ്വയരക്ഷയ്ക്ക് ഒന്നെഴുന്നേറ്റോടാന്‍ പോലും കഴിയാത്ത ഒരു മനുഷ്യവംശമാകുമോ ആവോ ഭൂമിയില്‍ അവശേഷിക്കുക. ആര്‍ക്കറിയാം, ഒരുപക്ഷേ അതിലും അതിജീവനത്തിന്റെ ഒരു നൂലിഴ ബാക്കിവരുമായിരിക്കാം. പണ്ടൊരിക്കല്‍ മാധവിക്കുട്ടി ഞങ്ങളുടെ ക്യാമ്പസില്‍ വന്നപ്പോള്‍ പറഞ്ഞ ഒരു കഥ ഓര്‍മ്മവരുന്നു. അവരുടെ പറമ്പില്‍ ഒരിക്കല്‍ ഒരു വലിയ കീടബാധയുണ്ടായി. അതിനെ നീക്കം ചെയ്യാന്‍ അക്കാലത്തെ പതിവുപോലെ അവര്‍ പറമ്പിലൊക്കെ കീടനാശിനി തളിപ്പിച്ചു. കുറച്ചുകാലത്തേയ്ക്ക് കീടബാധ വളരേ കുറവായിരുന്നു. പിന്നെ അവ പിന്നേയും പെരുകാന്‍ തുടങ്ങി. "ആ ജീവികള്‍ക്ക് മറ്റൊരു നിറവും ഞങ്ങളടിച്ച കീടനാശിനിയുടെ മണവുമായിരുന്നു, അപ്പോള്‍. ഒരു പക്ഷേ നമ്മുടെ കുട്ടികളും ഇതുപോലൊക്കെ ആകുമായിരിക്കും. നമ്മുടെ നിറവും മണവുമൊന്നുമായിരിക്കില്ല അവര്‍ക്ക്" അവര്‍ പറഞ്ഞു.

ഹോ, മറന്നുപോയേനേ. ഇന്ന് 'കുതിരസവാരിക്കാരുടെ' കളിയുള്ള ദിവസമാണ്. പണ്ട് കണ്ണഴി മൂര്‍ക്കില്ലത്തുമനയ്ക്കല്‍ സൂരി നമ്പൂതിരിപ്പാട് ഇന്ദുലേഖയോടു പറഞ്ഞ പോലെ വാലറ്റക്കാരന് ശ്ശി ഭ്രാന്തുണ്ടേയ്.... കളിഭ്രാന്ത്! ജുഹി ചാവ്ല കളികാണാന്‍ വരുമോ ആവോ. ഒന്നു പോയി നോക്കട്ടെ.

Wednesday, April 11, 2012

ഒരു 'ഫില്ലര്‍'

മടി! മടിയെന്നു പറഞ്ഞാല്‍ പോരാ, കുഴിമടി! വക്കോല്‍ത്തുറുവിന്മേല്‍ വീണ പഴച്ചക്കയേപ്പോലെ അനങ്ങാമടി!

ബ്ലോഗിനുവേണ്ടി വല്ലപ്പോഴും കുത്തിയിരുന്ന് മൂന്നുനാലു വാചകങ്ങളെങ്കിലും എഴുതാറുള്ളതാണ്. ഇതിപ്പോള്‍ മാസം ഒന്നായി, എന്തെങ്കിലും ഒന്നു കുറിച്ചിട്ടിട്ട്. എഴുത്തും വായനയും അറിയുന്നവനായിരുന്നെങ്കില്‍ 'റൈറ്റേഴ്സ് ബ്ലോക്ക്' എന്നൊക്കെ മേനി പറയാമായിരുന്നു. ഈ വാലറ്റത്തുകിടന്ന് പുളയുന്നവന് എന്തു ബ്ലോക്ക്!

മടി ബ്ലോഗിങ്ങിന്റെ കാര്യത്തില്‍ മാത്രമല്ല, ജോലിയിലും വീട്ടിലും വരെ ആയിട്ടുണ്ട്. ഓഫീസിലെ മാഡം ഒരു പാവമാണ്, പക്ഷേ വീട്ടിലെ മാഡം അങ്ങനെയല്ല. ഒരു ചട്ടുകമോ സോസ് പാനോ ഈ വഴിക്കു പറന്നുവരാനുള്ള നല്ല സാധ്യത ഞാന്‍ കാണുന്നുണ്ട്.

'ഐഡില്‍ മൈന്റ് ഇസ് എ ഡെവിള്‍സ് വര്‍ഷാപ്പ്' എന്നാണല്ലോ സായിപ്പു പറഞ്ഞത്. അങ്ങനെ ചെകുത്താന്റെ വര്‍ഷാപ്പില് പണിഞ്ഞെടുത്തതാണ് ഈ പോസ്റ്റ്. കുറച്ചു ചിത്രങ്ങള്‍ മാത്രം. പണ്ട് ആകാശവാണിക്കാര്‍ 'കൃഷിപാഠ'ത്തിനും 'ഡെല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍'ക്കും ഇടയില്‍ ഫില്ലര്‍ ആയി ഇടാറുള്ള സുനില്‍ ഗാംഗുലിയുടെ ഗിത്താര്‍ സംഗീതം പോലെ. ചുമ്മാ... !ഈ ചിത്രങ്ങളെല്ലാം കഴിഞ്ഞ മാസം ഹാമില്‍റ്റണ്‍ എന്ന നഗരത്തില്‍ വെച്ചെടുത്തതാണ്. ടൊറോന്റോയില്‍നിന്ന് നയാഗരയ്ക്ക് പോകുമ്പോള്‍ ഏതാണ്ട് പാതിവഴിയിലുള്ള നഗരമാണ് ഹാമില്‍റ്റണ്‍ . എന്റെ ഒരു സുഹൃത്ത് അവിടെ താമസിക്കുന്നുണ്ട്. അവന്റെ രണ്ടു കുട്ടികളുമായി എന്റെ അഞ്ചുവയസ്സുകാരന്‍ നല്ല കമ്പനിയാണ്. ഒരു കണക്കിനു പറഞ്ഞാല്‍ അവന്‍ എല്ലാ കുട്ടികളോടും കമ്പനിയാണ് - ആറുമാസം തണുത്തുവിറങ്ങലിച്ച്, വീട്ടിനു പുറത്തുകടക്കാന്‍ നിവൃത്തിയില്ലാതെ, ഈ രണ്ടു മധ്യവയസ്കരുടെ മോന്തേം നോക്കിക്കൊണ്ടിരിക്കേണ്ടി വന്നാല്‍ ഏതു കൊച്ചും അങ്ങനെയായിപ്പോകുംഎന്റെ സുഹൃത്ത് അല്പം 'പ്ലഷറും' 'പഞ്ചാരേം' ഉള്ള കൂട്ടത്തിലാണ്. പുള്ളി എല്ലാ ദിവസവും ഏതാണ്ട് ആറുകിലോമിറ്റര്‍ ദൂരെയുള്ള ഒരു പാര്‍ക്കില്‍ നടക്കാന്‍ പോകും. ഞാന്‍ ചെന്ന ദിവസം എന്നേയും കൂടെക്കൂടാന്‍ ക്ഷണിച്ചു. കെട്ടിടത്തില്‍നിന്നു കാറിലേയ്ക്കും ഷോപ്പിങ്ങ് മാളിനകത്തും ഉള്ള നടപ്പല്ലാതെ യാതൊരു വിധ അഭ്യാസവും ചെയ്യാത്ത എന്നോടാണ് നല്ല അസ്സല് തണുത്ത കാറ്റത്ത് പന്ത്രണ്ടു കിലോമിറ്റര്‍ നടക്കാന്‍ പറയുന്നത്! 'നിക്കണ്ടാ, വേഗം വിട്ടോ' എന്നു പറഞ്ഞു, ഞാന്‍ .ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങള്‍ പതുക്കെ വീട്ടില്‍നിന്നിറങ്ങി, ഒരു ബസ്സുപിടിച്ച് പാര്‍ക്കിലെത്തി. സാമാന്യം വലിയ പാര്‍ക്കാണ് അത് - കുട്ടികള്‍ക്കു കളിക്കാന്‍ ഊഞ്ഞാലും സ്ലൈഡും മെറി-ഗോ-റൌണ്ടും ഒക്കെയുണ്ട്
ഒറ്റമിനിറ്റേ നായരു കളിച്ചുള്ളൂ. അപ്പോഴേയ്ക്കും അവനു മൂത്രശങ്ക വന്നു. അവനേപ്പോലെ ടൈമിങ്ങിന്റെ കാര്യത്തില്‍ ഇത്രയും പെര്‍ഫെക്റ്റ് വേറാരുമില്ല. തൊട്ടടുത്ത് മൂത്രപ്പുരയുടെ ബോര്‍ഡ് കണ്ട് ഓടിച്ചെന്നപ്പോളുണ്ട് അതു പൂട്ടിയിട്ടിരിക്കുന്നു! അപ്പോഴാണ് പാര്‍ക്കിന്റെ അങ്ങേയറ്റത്തുള്ള ഒരു വലിയ വെളുത്ത കെട്ടിടം ശ്രദ്ധയില്‍ പെട്ടത്. അവിടെ മൂത്രപ്പുരയുണ്ടെന്ന് എന്റെ സുഹൃത്ത് ഉറപ്പിച്ചു പറഞ്ഞു. നേരെ അങ്ങോട്ട്......
പകുതിവഴിയെത്തിയപ്പോഴേയ്ക്കും ചെക്കന്‍ അയ്യോ പൊത്തോന്ന് ചീറാന്‍ തുടങ്ങി. നമ്മളുപിന്നെ 'ദേശീസ്' അല്ലേ, നാണവും മാനവും നോക്കാനുണ്ടോ (അല്ലാ, നോക്കിയാല്‍ പിന്നെ ചരക്കിനെ ബസ്സില്‍ കയറ്റാന്‍ കൊള്ളാതാകും). സിബ്ബ് താഴേയ്ക്ക്, മൂത്രം പുറത്തേയ്ക്ക്. ഒന്നുരണ്ടു മദാമ്മമാര്‍ കെറുവോടെ നോക്കി നടന്നു പോകുന്നതു കണ്ടില്ലെന്നുവെച്ചു. അവരു വേണമെങ്കില്‍ പോയി കേസു കൊടുക്കട്ടെ, അല്ല പിന്നെ!
ഇത്രയുമായപ്പോള്‍ മുതിര്‍ന്നവര്‍ക്കും 'ഒന്നു മൂത്രമൊഴിച്ചാലോ' എന്ന ചിന്ത വന്നു തുടങ്ങിയതിനാല്‍ എല്ലാവരും അതേ ദിശയില്‍ത്തന്നെ പ്രൊസീഡ് ചെയ്തു. അവിടെ എത്തിയപ്പോഴല്ലേ കാണുന്നത്, അവിടെ ഒരു ഗാര്‍ഡന്‍ ഷോ നടക്കുകയാണ്! പലതരം പൂച്ചെടികളും പുല്‍ത്തകിടികളും വള്ളികളും ലാന്റ് സ്കേപ്പിങ്ങും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു വലിയ എക്സിബിഷന്‍ !
ഓരോരുത്തരായി മൂത്രപ്പുരയില്‍ കയറി ആര്‍ഭാടമായി ആദ്യം മൂത്രമൊഴിച്ചു. പിന്നെ വിസ്തരിച്ച് എക്സിബിഷന്‍ കണ്ടു. ഫോട്ടോ പിടിക്കാന്‍ കയ്യില്‍ നല്ല ക്യാമറയൊന്നും ഉണ്ടായിരുന്നില്ല, ബ്ലാക്ക്ബെറിയില്‍ എടുത്ത ചിത്രങ്ങളാണിവ. നല്ല ക്യാമറ എങ്ങാനും ഉണ്ടായിരുന്നെങ്കില്‍ ..........
കാനഡയിലെ വലിയ ബിസിനസ് ആണ് ഈ ചെടികളും പുല്ലും എല്ലാം. കൊല്ലത്തില്‍ കഷ്ടിച്ച് അഞ്ചു മാസമേ ഈ ചെടികളൊക്കെ ജീവനോടെയുണ്ടാകൂ, എന്നാലും എല്ലാവരും എല്ലാ കൊല്ലവും ഇതിനായി കാശു കളയും.
പൊതുവേ മടിയനായതുകൊണ്ട് ഞാന്‍ ചെടികള്‍ വെച്ചുപിടിപ്പിക്കാറില്ല. പുല്‍ത്തകിടിയാണ് എന്റവിടത്തെ ആകെയുള്ള ലാന്റ്‌സ്കേപ്പിങ്ങ്. അതാകുമ്പോള്‍ അല്പം വെള്ളമൊഴിക്കണം ആഴ്ചയിലൊരിക്കല്‍ വെട്ടിനിര്‍ത്തണം - അത്രയേ ഉള്ളൂഅപ്പോള്‍ പടങ്ങളൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായല്ലോ. ഇതിലെ ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ ഫുള്‍ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ കിട്ടും. ആവശ്യമുള്ളവര്‍ക്കെല്ലാം ഈ ചിത്രങ്ങള്‍ സൌജന്യമായി എടുക്കാം - യാതൊരുവിധ പകര്‍പ്പവകാശനിബന്ധനകളുമില്ലാതെ (ഹോ, എന്തൊരു ഔദാര്യം! എനിക്കുതന്നെ ചൊറിഞ്ഞുവരുന്നു!).
ഏല്ലാവരും വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണല്ലോ. എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍ ! എനിക്ക് ഈ വര്‍ഷം വിഷു ഇല്ല. വിഷു മാത്രമല്ല, ഓണവും ക്രിസ്തുമസ്സും പിറന്നാളും ഒന്നും. അടുത്ത ജനുവരിയില്‍ അമ്മയുടെ ആദ്യത്തെ ആണ്ടുശ്രാദ്ധം കഴിഞ്ഞേയുള്ളൂ ഇനിയെല്ലാം.

അപ്പൊ ഇനി മടി മാറിയിട്ടു കാണാം!

Wednesday, March 14, 2012

ഉത്തമതന്ത്രങ്ങള്‍

പൊതുജന മുന്നേറ്റങ്ങളുടെ വര്‍ഷമായാണ് 2011 അറിയപ്പെട്ടത്. ടുണീഷ്യ, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ വിജയിച്ച ഏകാധിപത്യവിരുദ്ധ പോരാട്ടങ്ങള്‍, പടിഞ്ഞാറന്‍ നാടുകളിലെ ധനികാധിപത്യവിരുദ്ധ പ്രക്ഷോഭണങ്ങള്‍, ഇന്ത്യയിലെ അഴിമതിവിരുദ്ധസമരം തുടങ്ങിയവയൊക്കെ നിലവിലുള്ള വ്യവസ്ഥിതിക്കെതിരെയുള്ള ശക്തമായ പ്രതിഷേധം എന്നതിലുപരിയായി ഒരു പുതിയ നടത്തിപ്പില്‍ പൌരഗണങ്ങള്‍ക്കുള്ള അളവറ്റ പ്രത്യാശകൂടി വെളിപ്പെടുത്തുന്നതായിരുന്നു.

എന്താണ് ജനങ്ങളുടെ ഈ പ്രത്യാശ? അഴിമതിരഹിതമായ, സുതാര്യമായ, വ്യക്തിതാല്‍പര്യത്തിനും പ്രാദേശികതാല്‍പര്യത്തിനും അതീതമായ, സത്യസന്ധമായ, രാഷ്ട്രനിര്‍മ്മാണത്തില്‍ ശ്രദ്ധിക്കുന്ന, നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന, ഉടമ്പടികളെ ബഹുമാനിക്കുന്ന, എല്ലാവര്‍ക്കും തുല്യ അവസരം പ്രദാനം ചെയ്യുന്ന ഒരു ഭരണസംവിധാനം. അങ്ങനെയൊക്കെയാണ് വേണ്ടതെന്നാണ് പ്രത്യക്ഷത്തില്‍ ജനത ആവശ്യപ്പെടുന്നത്. അങ്ങനെയായാല്‍ ഒരു രാമരാജ്യമോ മാവേലിനാടോ വന്നുചേരുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ അതാണോ അവര്‍ ആഗ്രഹിക്കുന്നത്? അഥവാ ആണെങ്കില്‍ത്തന്നെ എന്തുകൊണ്ട് അത്തരം ഭരണവ്യവസ്ഥയ്ക്കുതകുന്ന സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നില്ല?

ഒരു ശരാശരി എഴുത്തുകാരനായി പതിനഞ്ചോളം ബ്ലോഗുകള്‍ എഴുതിത്തീര്‍ത്ത് വിഷയദാരിദ്ര്യവും ആശയദാരിദ്ര്യവും പ്രതിഭാദാരിദ്ര്യവും എന്നെ പിടികൂടിയ കാലത്താണ് ടെറി ഫാളിസ്സിന്റെ ഉജ്ജ്വലമായ നോവല്‍ "The Best Laid Plans" ('ഉത്തമതന്ത്രങ്ങള്‍' അല്ലെങ്കില്‍ 'ഉത്തമാസൂത്രിത പദ്ധതികള്‍' എന്നൊക്കെ വേണമെങ്കില്‍ പരിഭാഷപ്പെടുത്താം) വായിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള നര്‍മ്മഭാവനയും അനുപമമായ ഒരു രാഷ്ട്രീയ നാരേറ്റീവും ചേരുംപടി ചേര്‍ത്തെടുത്ത ഈ രസികന്‍ നോവല്‍ വായിച്ചുതീര്‍ത്തതില്‍പ്പിന്നെ ഇത്തരം സംശയങ്ങള്‍ എന്നെ അലട്ടിയിട്ടേയില്ല!

യാദൃശ്ചികമായല്ല, ഈ നോവല്‍ വായിച്ചത്. കനേഡിയന്‍ ബ്രോഡ്‌കാസ്റ്റിങ്ങ് കോര്‍പറേഷന്റെ 2010ലെ സമുന്നത പുരസ്കാരം ലഭിച്ച രചനയാണത്. ആയിടയ്ക്ക് ഈ പുസ്തകത്തിന്റെ ഉള്ളടക്കം റേഡിയോയില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പിന്നീട് ലൈബ്രറിയില്‍ ആ പുസ്തകം റിസര്‍വ് ചെയ്യാന്‍ നോക്കിയപ്പോള്‍ വെയ്റ്റിങ്ങ് ലിസ്റ്റില്‍ നൂറ്റമ്പതിനുമപ്പുറത്തായിരുന്നു ഊഴം. ഒന്നര വര്‍ഷത്തിനു ശേഷം ഈ നവമ്പറിലാണ് ഒടുക്കം അതു കൈയ്യില്‍ കിട്ടിയത്.

തുടക്കത്തില്‍ത്തന്നെ പറയട്ടെ - ടെറി ഒരു അപ്രതിമപ്രതിഭാശാലിയോ 'ഉത്തമതന്ത്രങ്ങള്‍' ഒരു ലോകോത്തര സാഹിത്യസൃഷ്ടിയോ അല്ല (ലോകോത്തര നിലവാരമുള്ള രാഷ്ട്രീയ-ആക്ഷേപഹാസ്യം എന്നൊന്നുണ്ടോ എന്നെനിക്ക് അറിയുകയുമില്ല, ഒരു പക്ഷേ ഓര്‍വെല്ലിന്റെ '1984' ആ ഗണത്തില്‍ പെടുമായിരിക്കും). പക്ഷേ ഗൌരവമുള്ള ഒരു വിഷയത്തെ രസകരമായ വായനയിലൂടെ സത്യസന്ധമായി അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന്‍ പൂര്‍ണ്ണമായും വിജയിച്ചു എന്നു സമ്മതിച്ചേ തീരൂ. ഈ പുസ്തകത്തിന്റെ വിപണനവിജയം അതാണ് തെളിയിക്കുന്നത്.

കാനഡയിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എഴുതിയ ഈ കഥ പൂര്‍ണ്ണമായി ആസ്വദിക്കുവാന്‍ അല്പം പശ്ചാത്തലജ്ഞാനം ആവശ്യമാണെന്നു തോന്നുന്നു. പ്രധാനമായും അറിയേണ്ടത് കാനഡയില്‍ 'ലിബറല്‍', 'കണ്‍സര്‍വേറ്റീവ്', 'എന്‍ഡിപി' എന്നിങ്ങനെ മൂന്ന് മുഖ്യ രാഷ്ട്രീയകക്ഷികളുണ്ടെന്നതാണ്. ലിബറല്‍ പാര്‍ട്ടി നാട്ടിലെ കോണ്‍ഗ്രസ്സുകാരേപ്പോലെയും, കണ്‍സര്‍വേറ്റിവ് ബിജെപിക്കാരെപ്പോലെയും എന്‍ഡിപി ഇടതുപക്ഷക്കാരേയും പോലെയുമാണെന്ന് ‌‌‌‌പറയാം.

ലിബറല്‍ പാര്‍ട്ടിയിലെ പരസ്യപ്രചരണവിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡാനിയല്‍ ആഡിസന്‍ എന്ന ഇംഗ്ലീഷ്ഭാഷാ ബിരുദധാരിയാണ് കഥയിലെ കേന്ദ്രകഥാപാത്രം. നായകന്‍ എന്നതിനേക്കാള്‍ ദൃക്‍സാക്ഷി എന്ന വിശേഷണമാണ് അദ്ദേഹത്തിന് കൂടുതല്‍ ചേരുക, എന്നു തോന്നുന്നു. തികഞ്ഞ യഥാസ്ഥിതികരും കണ്‍സര്‍വേറ്റിവ് കക്ഷിയുടെ അനുയായികളുമായ അച്ഛനമ്മമാരുടെ മകനാണ് അദ്ദേഹം. പക്ഷേ ലിബറല്‍ പ്രത്യയശാസ്ത്രത്തോടുള്ള അഭിനിവേശവും ഭാഷാനൈപുണ്യവും അദ്ദേഹത്തെ ലിബറല്‍ പാര്‍ട്ടിയുടെ മുഖ്യകാര്യാലയത്തിലെ അതിപ്രധാനമായ പ്രചരണവിഭാഗത്തില്‍ കൊണ്ടുചെന്നെത്തിച്ചു. പക്ഷേ കുറച്ചുകാലം പ്രായോഗികരാഷ്ട്രീയം നേരില്‍ കാണാന്‍ ഇടയായതോടെ അദ്ദേഹത്തിനു മടുത്തു. പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവുകൂടിയായ ലിബറല്‍ പാര്‍ട്ടി പ്രധാനി ഡിക്ക് വാറിങ്ങ്ടണ്‍ തിരഞ്ഞെടുപ്പിനു തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് രാജിവെച്ചുപോകാന്‍ ഡാനിയല്‍ തീരുമാനിക്കുന്നത്.

നേതാവ് ഡാനിയലിന്റെ മുന്‍പില്‍ ഒരു നിര്‍ദ്ദേശം വയ്ക്കുന്നു - ഡാനിയലിന്റെ സ്വന്തം മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കുകയും അയാളുടെ തിരഞ്ഞെടുപ്പുപ്രചരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുക. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഡാനിയല്‍ ഫ്രീ!

ലിബറല്‍ എന്നു കേട്ടാല്‍ വേലിക്കകത്തുപോലും കയറ്റാത്ത നാട്ടിലാണ് ഡാനിയലിന് ലിബറല്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ആളെ കണ്ടുപിടിക്കേണ്ടത്! കുറേയിടത്തുനിന്ന് ആട്ടും ചവിട്ടും കൊണ്ടതിനുശേഷം ഒരാളെ ഡാനിയല്‍ അവസാനം കുരുക്കില്‍ വീഴ്ത്തി. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കേണ്ട ദുര്യോഗം വന്നുപെട്ട ഒരു മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് പ്രൊഫസറെയാണ് ഡാനിയല്‍ തന്ത്രപരമായി കുടുക്കിയത്. സാഹിത്യത്തില്‍ വിദൂര താല്‍പര്യം പോലുമില്ലാത്ത പിള്ളേരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഡാനിയലും, പകരം തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അറുപതുവയസ്സുള്ള പ്രൊഫസറും കരാറാകുന്നു.

അങ്ങനെ ആന്‍ഗസ് മക് ലിന്റക്ക് എന്ന സ്കോട്ടിഷ് കുടിയേറ്റക്കാരനും പണ്ഡിതനും വാഗ്മിയും പ്രതിഭാശാലിയുമായ എഞ്ചിനീയര്‍ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്നു - വളരേയധികം നിബന്ധനകളോടെ. അദ്ദേഹത്തിന്റെ പേരൊഴികെ യാതൊന്നും ഉപയോഗിക്കാന്‍ ഇലക്ഷന്‍ പ്രചരണസമിതിക്ക് അനുവാദമില്ലായിരുന്നു. ഒരൊറ്റ പോസ്റ്ററിലും അദ്ദേഹത്തിന്റെ പടമുണ്ടാകില്ല, അദ്ദേഹത്തിന്റെ മേല്‍വിലാസം വെളിപ്പെടുത്തില്ല, ഒറ്റ പ്രചരണയോഗത്തിലും പങ്കെടുക്കില്ല, സമ്മതിദായകരെ ആരെയും നേരിട്ടു കാണില്ല, മാധ്യമങ്ങളോടു (എന്തിന്, പാര്‍ട്ടിക്കാരോടു പോലും) സംസാരിക്കില്ല എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിബന്ധനകള്‍. ഇതൊന്നും പോരാതെ, ഇലക്ഷന് രണ്ടാഴ്ച മുമ്പ് അദ്ദേഹം വിദേശയാത്രയ്ക്കും പോകുന്നു - തിരികെ വരുന്നത് ഇലക്ഷന്‍ കഴിയുന്നയന്ന് രാത്രി മാത്രം.

ഇത്തരം ഒരു സ്ഥാനാര്‍ത്ഥി യാതൊരു തരത്തിലും വിജയിക്കില്ലെന്ന് ഉറപ്പിക്കാമല്ലോ. പാര്‍ട്ടിയുടെ സ്വന്തം രഹസ്യറിപ്പോര്‍ട്ടുകളനുസരിച്ച് ആന്‍ഗസിന് നൂറ്റിയന്‍പതില്‍ കൂടുതല്‍ വോട്ടുകിട്ടാന്‍ സാധ്യതയില്ലായിരുന്നു. ഡാനിയലും ആന്‍ഗസും സന്തോഷിച്ചു- ഇലക്ഷന്‍ കഴിഞ്ഞാല്‍ രണ്ടുപേരും അവരവരുടെ ദൈന്യതകളില്‍ നിന്ന് സ്വതന്ത്രര്‍.

ഇലക്ഷനു നാലു ദിവസം മുമ്പ് എല്ലാ കണക്കുകൂട്ടലുകളും തകിടം മറിഞ്ഞു. കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയും നിലവിലെ ധനകാര്യമന്ത്രിയും സര്‍വ്വോപരി നാട്ടുകാരുടെ കണ്ണിലുണ്ണിയുമായ എറിക് കാമറോണ്‍ ഒരു സ്ഫോടനാത്മകമായ ലൈംഗികാപവാദത്തില്‍ കൈയ്യോടെ പിടിയിലാകുന്നു. രാഷ്ട്രീയക്കാരന്റെ ചീട്ടുകീറാന്‍ അശ്ലീലാചാരണം ധാരാളമാണല്ലോ. വാര്‍ത്താമാധ്യമങ്ങളും പ്രതിപക്ഷവും ആ സംഭവം ആവോളം കൊണ്ടാടി. മണ്ഡലത്തിലെ കറതീര്‍ന്ന കണ്‍സര്‍വേറ്റീവുകള്‍ക്കുപോലും എറിക്കിനു വോട്ടു ചെയ്യുക എന്നത് ചിന്തിക്കാന്‍ പോലും വയ്യാതായി. ലിബറല്‍ പാര്‍ട്ടി നേതൃത്വം സ്ഥിതിഗതികള്‍ ചൂഷണം ചെയ്ത് പരമാവധി വോട്ടുകളാക്കി മാറ്റാന്‍ രാജ്യമെമ്പാടും ശ്രമം തുടങ്ങി. ഇതൊന്നുമറിയാതെ ആന്‍ഗസ് അങ്ങു ദൂരെ 'പാപ്വാ ന്യൂ ഗിനി' എന്ന രാജ്യത്ത് ജലശുദ്ധീകരണയന്ത്രം സ്ഥാപിക്കാന്‍ പോയിരിക്കുകയായിരുന്നു.

ഇലക്ഷന്‍ ദിനം. വോട്ടുകളെണ്ണിത്തീര്‍ന്നപ്പോള്‍ ആന്‍ഗസിന് 3703, എറിക്കിന് 2992, എന്‍ഡിപിയിലെ ജെയ്‌നിന് 3639, അസാധു 14662!! അന്നേ ദിവസം നാട്ടില്‍ വിമാനമിറങ്ങിയ ആന്‍ഗസ് കാണുന്നത് തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ നില്‍ക്കുന്ന മാധ്യമപ്പടയെയാണ്!

വ്യത്യസ്ഥനായ ഒരു പ്രതിനിധിസഭാംഗം അങ്ങനെ തലസ്ഥാനത്തെത്തിച്ചേരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ ഔദാര്യം കൈപ്പറ്റാത്തവന്‍‌. മണ്ഡലത്തിലെ ജനങ്ങളോട് വിശേഷിച്ചു കടപ്പാടില്ലാത്തവന്‍ (അദ്ദേഹത്തിനു ലഭിച്ചതിലും നാലിരട്ടി വോട്ടുകള്‍ അസാധുവായിരുന്നു എന്നതിനര്‍ത്ഥം അദ്ദേഹത്തിനു വോട്ടുചെയ്യുന്നതിനേക്കാള്‍ ഭേദം വോട്ടു നശിപ്പിക്കുകയാണ് എന്നു ജനം കരുതുന്നു എന്നാണല്ലോ). നിലവിലെ രാഷ്ട്രീയക്കളികളില്‍ പങ്കില്ലാത്തവന്‍‌. സര്‍വ്വോപരി രാഷ്ട്രത്തിന്റെ നന്മയ്ക്ക് വേണ്ടതെന്തെന്ന് വ്യക്തമായ കാഴ്ചപ്പാടും അതു ചെയ്യാനുള്ള ചങ്കൂറ്റവുമുള്ളവന്‍‌.

പൂര്‍ണ്ണ സ്വാതന്ത്ര്യവും കഴിവുമുള്ള ഒരു ജനപ്രതിനിധി രാജ്യനന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അയാള്‍ എങ്ങനെ എല്ലാവരുടേയും പൊതു ശത്രുവായി മാറുന്നുവെന്ന് വാവിട്ടു ചിരിപ്പിക്കുന്ന ആക്ഷേപഹാസ്യത്തിലൂടെ കഥാകാരന്‍ വായനക്കാരെ ബോധ്യപ്പെടുത്തുന്നു.

ടെറി ഫാളിസ് ആദ്യമായെഴുതിയ നോവലാണിത്. അദ്ദേഹം (ആന്‍ഗസ് എന്ന കഥാപാത്രത്തേപ്പോലെ) ഒരു സാഹിത്യകുതുകിയും ഭാഷാനിപുണനുമായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ് - ആ ഗുണങ്ങളെല്ലാം ഈ നോവലിലുടനീളം കാണാം. മനോഹരമായി രൂപകല്‍പന ചെയ്തുനിര്‍മ്മിച്ച ഒരു ജര്‍മ്മന്‍ കാറിനോടുപമിക്കാനാവും വിധം ഘടനാസൌന്ദര്യമുണ്ട് ഈ രചനയ്ക്ക്. ഓരോ ഘണ്ഡികയിലും അധ്യായത്തിലും മുന്‍കൂട്ടിയുറപ്പിച്ച രൂപകല്‍പനയുടെ നിറവ് കാണാവുന്നതാണ്. ഡാനിയലിന്റെ വീക്ഷണകോണിലൂടെയുള്ള കഥാഗതിയ്ക്ക് ഓരോ അധ്യായത്തിന്റെ അന്ത്യത്തിലും തുന്നിച്ചേര്‍ത്ത ആന്‍ഗസിന്റെ ഡയറിക്കുറിപ്പുകള്‍ ഒരെഴുത്തുകാരന്റെ ഭാവനയേക്കാള്‍ ഒരു എഞ്ചിനീയറുടെ സൂക്ഷ്മദര്‍ശനമാണ് കാണിക്കുന്നത് (ഓരോ ഡയറിക്കുറിപ്പും അതിമനോഹരം എന്നു തന്നെ പറയണം).

എല്ലാത്തിലും ഉപരിയായി എടുത്തുപറയേണ്ടത് ടെറിയുടെ ഭാഷാവൈഭവമാണ്. സമകാലിക ആംഗലേയത്തിന് ഇത്രകണ്ട് സൌന്ദര്യവും സാധ്യതകളുമുണ്ടെന്ന് ഈ നോവല്‍ വായിച്ചപ്പോഴാണ് മനസ്സിലായത്. മുന്‍ ലിബറല്‍ എംപി അല്ലന്‍ റോക്ക് പറഞ്ഞതുപോലെ "This is a great read for anyone thinking of running for office and especially reassuring for those who have decided not to". നിങ്ങളുടെ ഈ വര്‍ഷത്തെ വായനയ്ക്കായി ഞാന്‍ ഈ രാഷ്ട്രീയ ആക്ഷേപഹാസ്യം ഞാന്‍ ആത്മാര്‍ത്ഥമായി നിര്‍ദ്ദേശിക്കുന്നു.

പരിഭാഷയുടെ കലര്‍പ്പില്ലാതെ നോവലിലെ (എറിക് കാമറോണിന്റെ ലൈംഗികാപവാദവുമായി ബന്ധപ്പെട്ട) ചില ഭാഗങ്ങള്‍ ഞാന്‍ ഉദ്ധരിക്കട്ടെ.

I knew this story had legs when four out of five networks developed scandal specific graphics and theme music to enhance their ongoing coverage of what had been coined "leathergate". Coining a phrase usually meant that the media were in it for the long haul. You didn't brand a scandal unless you were going to ride that horse for a while.Another indication was one network's use of the phrase "a scandal for the ages"...

As pundits picked through Eric Camerons steamy entrails, it was brought home to me once again just how cruel ruthless and brutal we are in the treatment of our politicians. Decades of tireless service, always putting the public interest first without even the whiff of impropriety, is so much dust in the wind if you happen to be caught just once with the hand in the cookie jar. ....History is littered with other outstanding public servants whose human frailty in a single moment of weakness erased entire careers of dogged devotion and selfless service to the country and its citizens....We wonder why we are unable to attract to public life the calibre of people we'd like to see. Well, we pry into their private lives, put their every move under microscope, subject them and their loved ones to the most invasive and penetrating scrutiny imaginable. Then when we find the slightest little thing that even remotely resembles an infraction, we eat them up. We get the government we deserve. Yes, we want honesty, transparency and decency in our politicians. To attract such qualities, we need understanding, sensitivity and sometimes forgiveness in our voters.