എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, October 31, 2010

നീലാണ്ടന്‍ നമ്പൂരീടെ ഓല (ഭാഗം രണ്ട്)

അദ്ധ്യായം രണ്ട്  - സ്ഥായി

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്കനാടിന്റെ സമ്പദ് വ്യവസ്ഥ നിലനില്‍ക്കണമെങ്കില്‍ നീലാണ്ടന്‍ നമ്പൂരി തുടര്‍ച്ചയായി ഓല എഴുതിക്കൊണ്ടിരിക്കണം എന്നു മാത്രമല്ല ഓരോ തവണയും കഴിഞ്ഞ തവണത്തേതിനേക്കാള്‍ പത്ത്‌ ശതമാനമെങ്കിലും കൂടുതല്‍ തുകയ്ക്ക് ആകുകയും വേണമെന്ന നിലയായി. വിപണിയില്‍ നിന്നുള്ള ആ സമ്മര്‍ദ്ദം നീലാണ്ടന്‍ നമ്പൂരിക്ക് പുതിയ ഒരു ആശയം നല്‍കി. നമ്പൂരി മറ്റുള്ളവരില്‍ നിന്നു 'നിക്ഷേപം' സ്വീകരിക്കാന്‍ തുടങ്ങി. അതുകൊണ്ട് രണ്ടുണ്ട് ഗുണം. എന്നെങ്കിലും ആളുകള്‍ കൂട്ടത്തോടെ പണം തിരിച്ചടയ്ക്കാതെ വന്നാല്‍ അതിന്റെ നഷ്ടം നീലാണ്ടന്‍ നമ്പൂരിക്ക് ഒറ്റയ്ക്ക് പേറേണ്ടി വരില്ല. രണ്ടാമത് - മറ്റുള്ളവരുടെ പണം നീലാണ്ടന്‍ നമ്പൂരി കൈകാര്യം ചെയ്യുമ്പോള്‍ ആ പണം കൊണ്ടുവരുന്ന ലാഭത്തിന്റെ ഏറിയ പങ്കും നമ്പൂരീടെ കൈയ്യില്‍ ഇരിക്കും!

നീലാണ്ടന്‍ നമ്പൂരീടെ പക്കല്‍ പണവും, അതില്‍ ഉപരിയായി പണത്തിനു തുല്യമായ ഓലകളും നിക്ഷേപിക്കാന്‍ തുടങ്ങി, ആളുകള്‍. നിക്ഷേപിക്കുന്ന പണത്തിന്റെ കണക്കെല്ലാം നീലാണ്ടന്‍ നമ്പൂരി, നിക്ഷേപകരുടെ പറ്റു പുസ്തകത്തില്‍ എഴുതിക്കൊടുത്തു. അങ്ങനെ പറ്റുപുസ്തകത്തില്‍ വലിയ അക്കങ്ങള്‍ ഉള്ളവര്‍ തങ്കനാട്ടിലെ ധനികരായി അംഗീകരിക്കപ്പെട്ടു. ഇതില്‍ വിചിത്രമായ വസ്തുത എന്താണെന്നാല്‍ എല്ലാ പറ്റുപുസ്തകങ്ങളിലെയും അക്കങ്ങള്‍ ഒന്നിച്ചു കൂട്ടിയാല്‍ മഹാരാജാവ് തിരുമനസ്സ് അത്രയും കാലം പതിച്ചിറക്കിയ പണത്തിന്റെ ഇരട്ടിയിലധികം വരുമെന്നതാണ്! ആ പണമൊക്കെ എവിടെ നിന്നു വന്നു? നീലാണ്ടന്‍ നമ്പൂരി ചുമ്മാ "ഓലയെഴുതി" സൃഷ്ടിച്ചു! ഓല തീര്‍പ്പാക്കി രൊക്കം പണം വാങ്ങാന്‍ ആരും വരാത്തിടത്തോളം കാലം ഓല എഴുതിക്കൊണ്ടേയിരിക്കാനുള്ള അധികാരമല്ലേ വിപണി നമ്പൂരിക്ക് അനുവദിച്ചു കൊടുത്തിരിക്കുന്നത്!

മഹാരാജാവിനു പക്ഷെ ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല. അദ്ദേഹം മറ്റുള്ള ഗ്രാമങ്ങളിലെ ജന്മിമാരോടെല്ലാം നീലാണ്ടന്‍ നമ്പൂരിയെപ്പോലെ ഒരു "സ്വതന്ത്ര വിപണിയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ" സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തു. ചിലര്‍ അതില്‍ വിജയം കണ്ടു, ചിലര്‍ അത്രകണ്ട് വിജയിച്ചില്ല, ചിലര്‍ പഴയ പോലെ തന്നെ തുടര്‍ന്നു. അങ്ങനെ ചില ഗ്രാമങ്ങളില്‍ ഒരു പുതിയ കൂട്ടം ഇടത്തരക്കാര്‍ ഉയര്‍ന്നു വന്നു , മറ്റിടങ്ങളില്‍ പട്ടിണിയും ദുരിതവും തുടര്‍ന്നു. ഓലയിലൂടെ മായാജാലം തീര്‍ത്ത ഗ്രാമങ്ങള്‍ മഹാരാജാവിനു പ്രിയങ്കരമായി. അവിടങ്ങളില്‍ നിന്നുവന്ന നികുതി വരുമാനം രാജാവിന്റെ ഖജനാവ് നിറച്ചു. ആ അഭിവൃദ്ധി പൂര്‍ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട്  മഹാരാജാവ് അതിബൃഹത്തായ ഒരു സൈന്യം രൂപീകരിച്ചു. ആ സൈന്യം അയല്‍ രാജ്യങ്ങള്‍ക്കും വിദൂരരാജ്യങ്ങള്‍ക്കുപോലും ഒരു ഭീഷണിയായി നിലകൊണ്ടു.

തങ്കനാട്ടില്‍ പിന്നീടുള്ള കാലത്ത്  വീണ്ടും പല മാറ്റങ്ങളും വന്നു.

എളുപ്പത്തില്‍ ഓല കിട്ടുന്ന (അഥവാ പണി ചെയ്യുന്നതിന് മുന്‍പ് കൂലി കിട്ടുന്ന) സംവിധാനം വന്നതോടുകൂടി ആളുകളുടെ ഉപഭോഗം പിന്നെയും വര്‍ദ്ധിച്ചു. അതിനനുസരിച്ച് വ്യാപാരവസ്തുക്കളുടെ വിലയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പണ്ട് ചെറിയ വീടുകളില്‍ വലിയ കുടുംബങ്ങള്‍ താമസിച്ചിരുന്നിടത്ത് ഇന്ന് ചെറിയ കുടുംബങ്ങള്‍ വലിയ വീടുകള്‍ ആഗ്രഹിക്കാന്‍ തുടങ്ങി. ഓരോ വീട്ടിലും ഒന്നിലധികം കുതിരവണ്ടികള്‍ വേണമെന്നായി. സ്ഥിരമായി മദ്യപിക്കുക, ആഴ്ചയില്‍ ഒരിക്കലെങ്കിലും നടകത്തിനോ ആട്ടത്തിനോ പോകുക, പകിട്ടേറിയ ഭോജനശാലകളില്‍ ഭക്ഷണം കഴിക്കുക, വില കൂടിയ ആടയാഭരണങ്ങള്‍ അണിയുക എന്നിവയെല്ലാം നാട്ടുനടപ്പായി. ഇതിനെല്ലാം വേണ്ട ഓലയ്ക്കുള്ളത്രയും തുക ഒരു വിളവെടുപ്പുകാലം കൊണ്ട്‌ ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് സ്പഷ്ടം. അതുകൊണ്ട് നീലാണ്ടന്‍ നമ്പൂരി  വളരെ വലിയ തുകകള്‍ക്കുള്ള, പത്തും ഇരുപതും കൊല്ലം കൊണ്ട്‌ ക്രമേണ തിരിച്ചടയ്ക്കാവുന്ന, പുതിയ തരം ഓലകള്‍ ഇറക്കി.

തങ്കനാട്ടില്‍ തലമുറകളായി കൃഷി ചെയ്തും വീട്ടുമൃഗങ്ങളെ വളര്‍ത്തിയും കുടുംബം പോറ്റിയിരുന്ന കീഴ്ജാതിക്കാര്‍ ക്രമേണ അത്തരം ജോലികള്‍ ചെയ്യാതായി. കൃഷി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം വ്യാപാരത്തിലും ഉപഭോഗ വസ്തുക്കളുടെ ഉത്പാദനത്തിലുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഏതാണ്ട് ഇതേ സമയത്താണ് പുറം നാടുകളിലുള്ള സമ്പന്നര്‍ തങ്കനാട്ടിലേക്ക് കുടിയേറാന്‍ തുടങ്ങിയത്. കൃഷി ഉപേക്ഷിച്ച തങ്കനാട്ടുകാര്‍ അവരുടെ ഭൂമിയെല്ലാം അങ്ങനെ ഈ വരുത്തന്മാര്‍ക്ക് വലിയ വിലയ്ക്ക്  വിറ്റു. പഴയ കൃഷിഭൂമികളിലും മേച്ചില്‍പ്പുരങ്ങളിലും നിറയെ പാര്‍പ്പിടങ്ങള്‍ വന്നു നിറഞ്ഞു. അങ്ങനെ കൃഷിയിടം ഉപേക്ഷിക്കാതിരുന്ന ചുരുക്കം ചിലര്‍ പണിക്കു ആളെ കിട്ടാനാകാതെ വിഷമിച്ചു. ഇതറിഞ്ഞ അയല്‍ഗ്രാമങ്ങളിലെ ദരിദ്രരായ കൃഷിത്തൊഴിലാളികള്‍ തങ്കനാട്ടിലേക്ക് നുഴഞ്ഞു കയറി പണിയെടുക്കാന്‍ തുടങ്ങി. അവരില്‍ ചിലര്‍ തങ്കനാട്ടില്‍ മാത്രം പഠിക്കാന്‍ പറ്റുന്ന വിശിഷ്ടമായ പല കൈത്തൊഴിലുകളും പഠിച്ച് അവിടെത്തന്നെ തൊഴില്‍ ചെയ്യാനും തുടങ്ങി.

തങ്കനാട്ടിലെ "ഉത്പാദനക്ഷമത" ക്രമേണ കുറഞ്ഞു. തങ്കനാട്ടിലുള്ള കൈത്തൊഴിലുകാര്‍ക്ക്  രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൂലിനിരക്കായിരുന്നു, ഏറ്റവും നല്ല ജോലി സാഹചര്യങ്ങളായിരുന്നു. എന്നിട്ടുപോലും അന്തിയായാല്‍ അവരവരുടെ വിനോദങ്ങളിലേക്ക് മടങ്ങണമെന്നായിരുന്നു പണിക്കാരുടെ മനോഭാവം. അതേ രാജ്യത്തെ മറ്റു ചില ഗ്രാമങ്ങളിലാകട്ടെ തങ്കനാടിന്റെ നൂറിലൊന്നു കൂലിക്ക് രാപകല്‍ പണിയെടുക്കാന്‍ അടിയാളന്മാര്‍ തയ്യാറായിരുന്നു. തങ്കനാട്ടിലെ വ്യവസായികളായ പുതുപ്പണക്കാര്‍ക്ക്  ഇത് രസിക്കാതായിത്തുടങ്ങി. അവര്‍ ഓരോരുത്തരായി അവരുടെ തൊഴില്‍ശാലകള്‍ രാജ്യത്തെ ദരിദ്ര ഗ്രാമങ്ങളിലേക്ക് പറിച്ചു നടാന്‍ തുടങ്ങി. ആ തൊഴില്‍ശാലകള്‍ കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാന്‍ അവിടങ്ങളില്‍ത്തന്നെയുള്ള ജന്മിമാരെ ശട്ടം കെട്ടി. വ്യവസായികള്‍ക്ക് രണ്ടേ രണ്ട് നിബന്ധനകളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, എല്ലാ ഇടപാടുകളും നീലാണ്ടന്‍ നമ്പൂരീടെ ഓലയില്‍ത്തന്നെ വേണം. രണ്ട്, ഇതില്‍നിന്നുള്ള ലാഭം നീലാണ്ടന്‍ നമ്പൂരീടെ പക്കല്‍ ത്തന്നെ നിക്ഷേപിക്കണം (എന്നാലല്ലേ നമ്പൂരിക്ക് പിന്നെയും ഓല എഴുതിക്കൊണ്ടിരിക്കാന്‍ പറ്റൂ, ഓലയുണ്ടെങ്കിലല്ലേ വ്യവസായമുള്ളൂ !). അങ്ങനെ മറുനാട്ടിലെ ജന്മിമാര്‍ അടിയാളന്മാരെ തടിമിടുക്കുള്ള മേനോന്മാരെ വെച്ചു മെരുക്കിയും ഒതുക്കിയും അത്തരം വ്യവസായശാലകള്‍ നടത്തിപ്പോന്നു.

ഒരിക്കല്‍ക്കൂടി പൊന്നിന്‍ ചിങ്ങം വന്നു. വിളവെടുപ്പുകാലം. പഴയ ഓലകള്‍ തീര്‍പ്പാക്കുകയും, നിക്ഷേപിക്കുകയും  പുതിയ ഓലകള്‍ എഴുതിക്കൊടുക്കുകയും ചെയ്യുന്ന കാലം. പക്ഷെ ചിങ്ങം ഒന്നാം തീയതി നീലാണ്ടന്‍ നമ്പൂരി വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഓല എഴുതിക്കൊടുക്കാന്‍ തയ്യാറായുള്ളൂ. എന്താണ് കാരണമെന്നോ എന്തടിസ്ഥാനത്തിലാണ് ചിലര്‍ക്ക് ഓല കൊടുക്കുകയും ചിലര്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുന്നതെന്നോ നീലാണ്ടന്‍ നമ്പൂരി പറഞ്ഞില്ല.

വിവരം ഉടനെത്തന്നെ തങ്കനാടു മുഴുവന്‍ അറിഞ്ഞു. തങ്കനാടിനു പുറത്തുള്ള ജന്മികള്‍ അറിഞ്ഞു. മഹാരാജാവറിഞ്ഞു. രാജ്യം മുഴുവന്‍ അറിഞ്ഞു.

തങ്കനാട്ടിലെ മുതലാളിമാരെല്ലാം അവരുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി നീലാണ്ടന്‍ നമ്പൂരീടെ ഇല്ലത്തേയ്ക്ക് വച്ചുപിടിച്ചു. തങ്കനാട്ടിലെ മറ്റു നാല് ഇല്ലങ്ങളിലെ കാര്‍ന്നോമ്മാരും കാര്യമെന്തെന്നറിയാതെ പരിഭ്രാന്തരായി അവരവരുടെ കുതിരവണ്ടികളില്‍ കയറി അതേ വഴിക്കു പാഞ്ഞു. സാധാരണക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

ഓടിച്ചെന്നവരില്‍ അധികം പേരെയും ഇല്ലത്തിന്റെ മതില്‍പ്പുറത്തുവച്ച് പാറാവുകാര്‍ തടഞ്ഞു. രണ്ടു വ്യാപാരികളെയും രണ്ടു വ്യവസായികളെയും തങ്കനാട്ടിലെ നമ്പൂരി കാരണവന്മാരെയും മാത്രം അകത്തു കടക്കാന്‍ അനുവദിച്ചു. നീലാണ്ടന്‍ നമ്പൂരി അവരോടെല്ലാം കളപ്പുരയിലെ രഹസ്യയോഗം ചേരുന്ന മുറിയില്‍ ചെന്നിരിക്കാന്‍ ആവശ്യപ്പെട്ടു.

അല്പസമയത്തിനുള്ളില്‍ വായ് നിറയെ മുറുക്കാനും ചവച്ചുകൊണ്ട് നീലാണ്ടന്‍ നമ്പൂരി എഴുന്നള്ളി. മുറിയിലുള്ള എല്ലാവരും ഉദ്വേഗപൂര്‍വം എഴുന്നേറ്റുനിന്നു. "എന്താണ് തിരുമേനി? എന്താണ് പ്രശ്നം?" എല്ലാവരും ഒന്നടങ്കം തുരുതുരാ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. നീലാണ്ടന്‍ നമ്പൂരി ചൂണ്ടുവിരല്‍ ചുണ്ടില്‍ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാട്ടി. പിന്നെ കസേരയിലിരുന്ന് കോളാമ്പിയില്‍ ഒന്ന് തുപ്പി.

"പഴേ പോലെ ഓല കൊടുക്കാന്‍ ഇനി നിര്‍വാഹല്ല്യ. നോം ഇതുവരെ കൊടുത്തിരിക്കണ ഓലകളില്‍ ബാക്കിയുള്ള അടവും നമ്മുടെ അറയിലുള്ള ദ്രവ്യത്തിന്റെ വിലയും തട്ടിച്ചു നോക്കുമ്പോ, നോം ഇപ്പൊ ഉള്ളതിന്റെ തൊണ്ണൂറു ശതമാനം തുക വയ്പ്പ കൊടുത്തിരിക്കണൂ! അതായത് നാളെ എല്ലാവരും ചേര്‍ന്ന് നമ്പൂരിശ്ശന്റെ കൈയ്യീന്ന് മേടിച്ച ഓലയ്ക്കൊത്ത പണം തരണില്ലാന്നങ്കട് നിശ്ചയിച്ചാ, ഓല കൊണ്ടുവരുന്നവര്‍ക്കൊക്കെ പണം നോം തന്നെ കൊടുക്കണം. പണത്തിനു വേണ്ടി നമ്മുടെ കൈയ്യിലുള്ള ദ്രവ്യം മുഴുവന്‍ വില്‍ക്കണം. അപ്പൊ ഓലയുള്ള നിങ്ങളൊക്കെ സമ്പന്നരുമാവും നോം പെരുവഴീലുമാവും. അതുകൊണ്ട് ഒന്നുകില്‍ കൊടുത്ത ഓലയ്ക്കുള്ള തിരിച്ചടവ്  പകുതിയോളമെങ്കിലും വരണം അല്ലെങ്കില്‍ നിങ്ങളെല്ലാം ചേര്‍ന്ന് ഓലയ്ക്ക് വേണ്ടത്രയും ദ്രവ്യം സംഘടിപ്പിച്ചു കൊണ്ടുവന്ന് നമ്മുടെ അറയില്‍ നിക്ഷേപിക്കണം. അല്ലാണ്ടെ ഓലയെഴുതാന്‍ നോം ഇല്ല്യന്നെ."

ഇതുകേട്ട് എല്ലാവരും തരിച്ചിരുന്നുപോയി! സംഗതിയുടെ ഗൌരവം എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. ഓലയില്ലെങ്കില്‍ നാളെ ആരു കടയില്‍ വരും? പണിക്കാര്‍ക്ക് എങ്ങനെ കൂലി കൊടുക്കും?പല തരത്തിലുള്ള കരാറുകളും ഈ ഓലയുടെ അടിസ്ഥാനത്തിലാണ് എഴുതിയത് . അതിന്റെയൊക്കെ ഗതിയെന്താവും? എല്ലാത്തിലും ഉപരി ഓല കൊണ്ടുചെന്നാല്‍ കൊടുക്കാന്‍ നമ്പൂരീടെ കൈയ്യില്‍ പണമില്ലെന്ന് മാലോകര്‍ അറിഞ്ഞാല്‍ പിന്നെ വിപണിയുടെ സ്ഥിതി എന്താകും?

പരിഭ്രാന്തരായ വ്യാപാരി-വ്യവസായികള്‍ എങ്ങിനെയെങ്കിലും ഓല എഴുതിക്കൊടുക്കാനുള്ള വഴി കണ്ടുപിടിക്കാന്‍ നീലാണ്ടന്‍ നമ്പൂരിയോട് കെഞ്ചി. ചില നിര്‍ദ്ദേശങ്ങള്‍ മുട്ടോട്ടു വച്ചു. തര്‍ക്കിച്ചു. സൌമ്യതയോടെ കാര്യങ്ങളുടെ ഗൌരവം നമ്പൂതിരിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ദേഷ്യപ്പെട്ട് അട്ടഹസിച്ചു. വീണ്ടും ദൈന്യതയോടെ കെഞ്ചി. പക്ഷെ നമ്പൂരി കുലുങ്ങിയില്ല - ദ്രവ്യമില്ലെങ്കില്‍ ഓലയില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു.

അത്രയും നേരം എല്ലാം കേട്ടിട്ട് ഒന്നും മിണ്ടാതിരുന്ന തടിക്കച്ചവടക്കാരന്‍ മുസ്തഫ എഴുന്നേറ്റു നിന്ന് എല്ലാവരോടും ശാന്തരായി  ഇരിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങാടിയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ആളാണ്‌ മുസ്തഫ. അദ്ദേഹത്തിന്റെ പക്കല്‍ ഏതോ ഒരു പുതിയ ആശയമുണ്ടെന്നുള്ള പ്രതീക്ഷയില്‍ എല്ലാവരും ആകാംക്ഷയോടെ നിശബ്ദരായി ഇരുന്നു.

"ന്റെ നമ്പൂരിശ്ശാ, ങ്ങടെ കൈയിലുള്ള ദ്രവ്യത്തിന് എന്തു വെലേണ്ടെന്നാ ങ്ങള് പറേണത്. നാലു കൊല്ലത്തേക്ക്‌  ഈ നാട്ടില്‍ മഴ പെയ്തില്ലെന്നു വെയ്ക്ക്യ , നിങ്ങടെ ഒരു പവന്‍ സൊര്‍ണ്ണത്തിന് എത്ര ചാക്ക് അരി കിട്ടും? രണ്ട് പവന്‍ സൊര്‍ണ്ണളള നിങ്ങക്കാണോ അര ചാക്ക് പയറുള്ള എനിക്കാണോ അരി കിട്ടാന്‍ സാധ്യത കൂടുതല്‍?"

"ഞാംപറഞ്ഞു വരണത് നിങ്ങടെ ഓലയ്ക്ക് വിലയിട്ട അതേ ചന്ത തന്നേണ് നിങ്ങടെ അറയിലെ ദ്രവ്യത്തിനും വിലയിടുന്നത്. ങ്ങള് ങ്ങാട്ട് നോക്കിന്‍. ജോലി ചെയ്യുന്നോന് കൂലിയായിട്ടും കച്ചോടം ചെയ്യുന്നോന് ബെലയായിട്ടും മൂല്യമുണ്ടെന്നു  ബിസ്വാസോളള എന്തെങ്കിലും കിട്ടണം. ഇന്ന് നിങ്ങളുടെ ഓലയെ ആള്‍ക്കാര്‍ക്ക് ബിസ്വാസോണ്ട് . രാജാവിന്റെ പണത്തിനെ ബിസ്വാസോണ്ട്. ആ ബിസ്വാസം ങ്ങള് കളഞ്ഞാലി ഇപ്പൊ ദേ, ങ്ങടെ അറേലെ ദ്രവ്യണ്ടല്ലോ, അതിനു ഇപ്പയ്ത്തേന്റെ പകുതി വെലേങ്കൂടി ചന്തേന്നു കിട്ടൂല്ല. കാരണം വേറൊന്നൂല്ല - ഈ ബെല തരാനായിട്ട് ആരുടേം കൈയില് പണണ്ടാവില്ല അതന്നെ."

എല്ലാവരും അത് കേട്ട് ശ്വാസം അടക്കിപ്പിടിച്ചിരുന്നു. മുസ്തഫാക്കയുടെ ആ അമ്പ്‌ നമ്പൂരിശ്ശന് ഏറ്റെന്ന് വ്യാപാരികള്‍ക്ക് തോന്നിത്തുടങ്ങി. പിന്നെയും ചില നിമിഷങ്ങള്‍ ആ രഹസ്യ അറയില്‍ മൌനം നിറഞ്ഞുനിന്നു.

"അപ്പൊ, നോം എന്തു ചെയ്യണമെന്നാ മുസ്തഫ പറയണത്?" ഒരു ദീര്‍ഘനിശ്വാസത്തോടെ നീലാണ്ടന്‍ നമ്പൂരി പിറുപിറുത്തു.

"ങ്ങള്  ങ്ങടെ സ്വന്തം ഒലേടെ ബിസ്വാസോം ങ്ങടെ  ദ്രവ്യത്തിന്റെ ബെലേം കാക്കണം" മുസ്തഫ ഒരു തന്ത്രശാലിയുടെ പുഞ്ചിരിയോടെ സാവധാനം താഴ്ന്ന സ്വരത്തില്‍ പറഞ്ഞു.

"ച്ചാല്‍?"

"പണം തിരിച്ചടയ്ക്കും ന്ന് ഒറപ്പുള്ളോര്‍ക്കൊക്കെ ങ്ങള് ധൈര്യമായി ഓല എഴുതിക്കൊടുക്കിന്‍ തിരുമേന്യേ! ദ്രവ്യോം കുന്തോമൊക്കെ ങ്ങള് മറന്നുകള! ഇനീപ്പോ വാങ്ങ്യോമ്മാരില്‍ പത്ത്‌ ശതമാനം ബരെ ആള്‍ക്കാര് പണം അടച്ചില്ലെങ്കിക്കൂടി ലാഭം ങ്ങക്ക് തന്നെയല്ലേ? ങ്ങളെന്തിനാ പേടിക്കണ്? ബാക്കി ഞങ്ങള് നോക്കിക്കോളാം ന്ന് !"

നീലാണ്ടന്‍ നമ്പൂരി അല്‍പനേരം ചിന്തയിലാണ്ടു. മുറുക്കാന്‍ ഒന്നുകൂടി ചവച്ചു കോളാമ്പിയിലേക്ക് തുപ്പി. പിന്നെയൊന്ന് ഇരുത്തി മൂളി. "ന്നാ പിന്നെ അങ്ങനെ തന്നെ"  എന്നു കല്‍പ്പിച്ചു.

എല്ലാവരും ആഹ്ലാദത്തോടെ ചാടിയെഴുന്നേറ്റു. കൈയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ചു. തിരുമേനിയെയും മുസ്തഫാക്കയേയും അകമഴിഞ്ഞ് പ്രശംസിച്ചു. പിന്നീട് ഏറെ പ്രസന്നതയോടെ എല്ലാവരും പിരിഞ്ഞു പോയി.

അന്നുമുതല്‍ യാതൊരു വിധ പിന്‍ബലവുമില്ലാത്ത വെറും ഓലകള്‍ തങ്കനാടിന്റെ കടപ്പത്രമായി ഇറങ്ങിത്തുടങ്ങി.

(ശേഷം മൂന്നാം  ഭാഗത്തില്‍ തുടരും........ഇനിയൊരു  അദ്ധ്യായം കൂടിയേ ഉള്ളൂ ....സത്യം!....)

Sunday, October 24, 2010

നീലാണ്ടന്‍ നമ്പൂരീടെ ഓല (ഭാഗം ഒന്ന് )

ആമുഖം 
പണ്ടു പണ്ടു പണ്ട് തങ്കനാട് എന്നു പേരുള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു.തങ്കനാട്ടിലെ ഭൂമിയെല്ലാം അഞ്ച് ഇല്ലങ്ങളുടെ ഉടമസ്ഥതയില്‍ ആയിരുന്നു. ആ ഗ്രാമത്തിലെ ഏറ്റവും വലിയ ജന്മിയായിരുന്നു നീലാണ്ടന്‍ നമ്പൂതിരി.

തലമുറകളായി തങ്കനാട്ടിലെ ജന്മികളാണ് നീലാണ്ടന്‍ നമ്പൂരീടെ ഇല്ലത്തുകാര്‍. അടിയാളന്മാരെ തടിമിടുക്കുള്ള മേനോന്മാരെ വെച്ചു മെരുക്കിയും ഒതുക്കിയും ഇല്ലത്തുകാര്‍ വളക്കൂറുള്ള ആ മണ്ണില്‍ കാലാകാലങ്ങളോളം പൊന്നു വിളയിച്ചു. പക്ഷെ പട്ടിണിക്കോലങ്ങളായ, അടിക്കടി രോഗങ്ങള്‍ക്ക് അടിപ്പെടുന്ന കുടിയാന്മാരെ എല്ലാ ദിവസവും ഓടിച്ചിട്ടു പണിയെടുപ്പിക്കാന്‍ വളരെ കഷ്ടപ്പാടായിരുന്നു. നീലാണ്ടന്‍ നമ്പൂരീടെ അച്ഛന്റെ കാലത്ത് ഇതിനൊരു വഴി കണ്ടു - ഭൂമി പാട്ടത്തിനു കൊടുക്കുക. പാട്ടത്തിനു എടുത്ത ഭൂമിയില്‍ നിശ്ചിത അളവില്‍ വിളവ്‌ ഉത്പാദിപ്പിക്കേണ്ട ചുമതല പാട്ടക്കാരനാണെല്ലോ. നിര്‍ബന്ധിച്ചും ശാസിച്ചും ബലപ്രയോഗം നടത്തിയും ആളുകളെ പണിയെടുപ്പിക്കേണ്ടെന്നായതോടുകൂടി വളരെയധികം മേനോന്മാരുടെ  സ്ഥിരസേവനം വേണ്ടാതായി - വീട്ടുപണിക്കും അറയ്ക്ക് കാവലിനും കണക്കെഴുത്തിനും വിലവുകാലത്ത് പറ അളക്കുന്നതിനും (താല്‍ക്കാലികം) മാത്രമായി മേനോന്മാര്‍. അങ്ങനെ ജോലിയില്ലാതായ മസില്‍ മേനോന്മാര്‍ നാടുവിട്ടു തലസ്ഥാനത്ത് പോയി മഹാരാജാവിന്റെ സൈന്യത്തിലെ കൂലിപ്പട്ടാളക്കാരായി.അച്ഛന്റെ കാലശേഷം നീലാണ്ടന്‍ നമ്പൂതിരി മനയ്ക്കലെ സര്‍വാധികാരിയായി, പാട്ടം കൊടുപ്പും പാട്ടപ്പിരിവുമായി, ഇല്ലം പിന്നെയും സമ്പന്നമാക്കിക്കൊണ്ടിരുന്നു.

അദ്ധ്യായം ഒന്ന് - ആരോഹണം.
അങ്ങനെയിരിക്കെ നീലാണ്ടന്‍ നമ്പൂരീടെ കുടിയാന്‍ ഒരു സങ്കടവുമായി മനയ്ക്കല്‍ എത്തി. ചിരുകണ്ടന്റെ കുടിയില്‍ അത്താഴപ്പഷ്ണിയാണ്. തേയിപ്പെണ്ണ് കഞ്ഞി വെയ്ക്കാന്‍ നേരത്ത് മണ്‍കലം കൈയ്യില്‍നിന്ന് വീണു പൊട്ടി. ഒരു ചെമ്പുകലം കിട്ടിയിരുന്നെങ്ങില്‍ ഇടയ്ക്കിടെ ഇങ്ങനെ കലം പൊട്ടി അത്താഴപ്പഷ്ണിയാകേണ്ടി വരില്ലായിരുന്നു.

ഇല്ലത്ത് ചിരുകണ്ടനു പറ്റിയ വലിപ്പത്തിലുള്ള ചെമ്പുകലം ഇല്ല. നീലാണ്ടന്‍ നമ്പൂരി ചിന്തയിലാണ്ടു.
"ചെമ്പുകലത്തിനു പത്തു പണമാണ് വില. ഇത്രയും പണം എങ്ങനെയാ നിനക്ക് വെറുതെ തര്വാ?" മുറുക്കാന്‍ ഒന്നുകൂടി ചവച്ചു മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പിക്കൊണ്ട് നമ്പൂരി പറഞ്ഞു. പിന്നെയൊന്ന് ഇരുത്തി മൂളി. "നോം ഒരു കാര്യം ചെയ്യാം. ഒരു ഓല അങ്ങട്ട് എഴുതി തരാം. അതു കൊണ്ടേ മത്തായി മാപ്ലേടെ പീടികേ കാണിക്യ. കലം അയാള് തരും. അടുത്ത പാട്ടത്തിന്റെ കൂടെ അതിനും വേണ്ട നെല്ല് കൂട്ടിത്തന്നാ മതി. ന്താ?"

ചിരുകണ്ടനു സന്തോഷമായി. നീലാണ്ടന്‍ നമ്പൂരി ഒരു ഓലയെടുത്ത് എഴുത്താണി വെച്ച് എഴുതി "I promise to pay the bearer the sum of ten panam". ഓലയും കൊണ്ടുചെന്ന ചിരുകണ്ടന്‍ മത്തായി മാപ്ലേടവടന്നു പുതിയ ചെമ്പുകലവുമായി വൈകീട്ട് കുടിയിലെത്തി. കലം കണ്ട് കുടുംബത്തിലാകെ ആഹ്ലാദവും ഉന്മേഷവും പരന്നു. അന്നത്തേതിന് ശേഷം ആ കുടിയില്‍ ആരും അത്താഴപ്പഷ്ണി കിടന്നില്ല.

തേയിപ്പെണ്ണും പിള്ളേരും അവരുടെ കുടിയ്ക്ക് ചുറ്റിലും വെറുതെ കിടന്നിരുന്ന സ്ഥലത്ത് കുറച്ചു കായും കുരുമുളകും വച്ചുപിടിപ്പിച്ചു. പാട്ടം കൊടുക്കാന്‍ സമയമായപ്പോള്‍ ചിരുകണ്ടന്‍ നെല്ലും,കുരുമുളകും കായുമെല്ലാം തമ്പുരാന് കാഴ്ചവച്ചു. കുടിയാന്മാര്‍ക്കിടയില്‍ ചെമ്പുകലത്തിന്റെ ഉടമയായ ചിരുകണ്ടന് മാന്യത ഏറി.

ഇതു കണ്ട മറ്റു കുടിയാന്മാരും നമ്പൂരീടെ മുന്നിലെത്തി. "പഷ്ണി കെടക്കാണ്ട് പണിയാന്‍ പറ്റ്യാ ഞങ്ങക്കും ഇതുപോലെ നല്ല വിളവ്‌ തരാന്‍ പറ്റ്വേര്‍ന്നു" എന്നായി അവര്‍. അവര്‍ക്കും വേണം ചെമ്പുകലം. നീലാണ്ടന്‍ നമ്പൂരി അവര്‍ക്കെല്ലാം പത്തു പണത്തിന്റെ ഓരോ ഓല കൊടുത്തു.

മറ്റു കുടിയാന്മാരെക്കാള്‍ സമര്‍ത്ഥനായ ചിരുകണ്ടന്‍ പിറ്റേന്ന് നമ്പൂരീടെ മുന്നിലെത്തി. "തിരുമേനി ഏന് കഴിഞ്ഞ പ്രാശത്തെ പോലത്തെ പത്ത്‌ ഓല എഴുതി തരാന്‍ കനിയണം. അതിനും വേണ്ടി പടിഞ്ഞാറെ മുക്കിലെ മൊട്ടക്കുന്ന് അടിയനു പാട്ടം തന്നാല് അവിടെ നെല്ല് വിളയിച്ചു ഏന്‍ കടം വീട്ടിക്കോളാം" എന്നു ഓച്ഛാനിച്ച് നിന്നുകൊണ്ട് കെഞ്ചി. "ആ മൊട്ടക്കുന്നില്‍ എങ്ങന്യാട ഏഭ്യ നെല്ല് വിളയിക്കുന്നത്? അങ്ങട്ട് വെള്ളം പോലും കേറില്ല്യ!" എന്നായി നമ്പൂതിരി.

പക്ഷെ ചിരുകണ്ടന്‍ താണുവീണുകേണ് നമ്പൂരീടെ കൈയ്യില്‍ നിന്ന് ഓല വാങ്ങിയിട്ടേ പോയുള്ളൂ. ആ ഓലയെല്ലാം തടിക്കച്ചവടക്കാരന്‍ മുസ്തഫയ്ക്കും ചുണ്ണാമ്പ് കച്ചവടക്കാരന്‍ പരമുവിനും കരിങ്കല്ല് -ഇഷ്ടിക-ഓട് കച്ചവടക്കാരന്‍ ചാക്കോളയ്ക്കും കൊണ്ടു കൊടുത്തു. ചാക്കോള വഴിക്ക് വേലു ആശാരിയേയും ഏര്‍പ്പാടാക്കി (അത് ഒരു ചെറിയ സൂത്രം. ആശാരിക്ക്‌ അന്നാന്നത്തെ തച്ചുകൊടുക്കാന്‍ ചിരുകണ്ടന്റെ കൈയ്യില്‍ രൊക്കം കാശില്ല. അതുകൊണ്ട് മൊത്തം കൂലിക്കുള്ള ഓല ചാക്കോളയുടെ കൈയ്യില്‍ കൊടുത്താല്‍ അന്നാന്നത്തെ തച്ച് ചാക്കോള കൊടുത്തോളും). നീലാണ്ടന്‍ നമ്പൂരീടെ പത്ത്‌ ഓലകൊണ്ട് ചിരുകണ്ടന്‍ ഒരു ചെറിയ എന്നാല്‍ ബലവും അടച്ചുറപ്പും ഉള്ള ഒരു വീടുണ്ടാക്കി. അതേ സമയം നീലാണ്ടനും അയാളുടെ പെണ്ണും പിള്ളേരും എല്ലാം ചേര്‍ന്ന് വെട്ടിയും കിളച്ചും ദിവസേന തലച്ചുമടായി വെള്ളം കൊണ്ടുചെന്ന് ഒഴിച്ചും ആ തരിശു ഭൂമിയെ കൃഷിയോഗ്യമാക്കി. അവിടെ വിളവെടുത്ത് നമ്പൂരീടെ കടം വീട്ടി. ഇതിനിടെ എപ്പോഴോ ഈ കച്ചവടക്കാരെല്ലാം നമ്പൂരീടെ അടുത്തു ചെന്ന് അവരുടെ കൈവശമുള്ള ഓലയെല്ലാം തീര്‍പ്പാക്കുകയും ചെയ്തു.

ഇങ്ങനെ കുടിയാന്മാര്‍ക്ക് ഓല കൊടുക്കുന്ന ഏര്‍പ്പാട് നമ്പൂരീടെ ഒരു പതിവായി. തങ്കനാട്ടിലെ കച്ചവടക്കാര്‍ അത് സ്വീകരിക്കാന്‍ പ്രത്യേകിച്ച് ഉപേക്ഷയൊന്നും കാണിക്കാഞ്ഞതിനാല്‍  ചുരുങ്ങിയ കാലത്തിനുള്ളില്‍ തങ്കനാട്ടിലെ അറിയപ്പെടുന്ന ഒരു വിനിമയോപാധിയായി നീലാണ്ടന്‍ നമ്പൂരീടെ ഓല. അങ്ങാടിയിലെ കച്ചവടക്കാര്‍ അവര്‍ തമ്മിലുള്ള ഇടപാടിനു പോലും  ഈ ഓല കൈമാറാന്‍ തുടങ്ങിയതോടെ ഓലയ്ക്ക് വിപണിയില്‍ സ്വീകാര്യത ഏറി.

നീലാണ്ടന്‍ നമ്പൂരീടെ കുടിയാന്മാരെല്ലാം ഈ ഓലയുടെ സഹായത്താല്‍ വീട് പണിയിപ്പിക്കുകയും പല തരത്തിലുള്ള ഉപഭോഗ വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. അത്തരം വസ്തുക്കള്‍ നിര്‍മിക്കുന്ന കൈത്തൊഴിലുകാര്‍ക്കെല്ലാം വരുമാനം വര്‍ദ്ധിച്ചു. കടം വീട്ടാനായി ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടി വന്ന കുടിയാന്മാര്‍ നെല്ലിനൊപ്പം പല തരത്തിലുള്ള നാണ്യവിളകളും കൃഷി ചെയ്യാന്‍ തുടങ്ങി. കൃഷിയിറക്കാന്‍ പറ്റാത്ത ഇടങ്ങളില്‍ ആട്, മാട്, കോഴി എന്നിവയെ വളര്‍ത്താന്‍ തുടങ്ങി. ചുരുക്കത്തില്‍ നീലാണ്ടന്‍ നമ്പൂരീടെ കൈവശമുള്ള ഓരോ ഇഞ്ച് ഭൂമിയും കുടിയാന്മാര്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ തുടങ്ങി.

നീലാണ്ടന്‍ നമ്പൂരിയും കുടിയാന്മാരെ ഏറെ സഹായിച്ചു. മറുനാട്ടില്‍ നിന്ന് നല്ല കൃഷി വിദഗ്ദ്ധരേയും ഭിഷഗ്വരന്മാരെയും മൃഗ ചികിത്സകരെയും കൊല്ലന്മാരെയും ആശാരിമാരെയും സാമ്പത്തിക വിദഗ്ദ്ധരേയും വരുത്തി. അവരുടെയൊക്കെ സഹായത്താല്‍ കുറഞ്ഞ ചിലവില്‍ ഗുണമേന്മയോടെ കൂടുതല്‍ ഉത്പാദിപ്പിക്കാനും, മനുഷ്യരുടേയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കഴിഞ്ഞു.

ഒരു ദിവസം അങ്ങാടിയിലെ കച്ചവടക്കാരെല്ലാം ചേര്‍ന്ന് തങ്കനാട്ടിലെ അഞ്ച് ഇല്ലങ്ങളിലെ കാര്‍ന്നോമ്മാരെയും വിളിച്ച് ഒരു യോഗം ചേര്‍ന്നു. നീലാണ്ടന്‍ നമ്പൂരീടെ ഓലയുടെ വിജയം മറ്റു നമ്പൂരിമാരും കണ്ടിരുന്നുവെങ്കിലും അവര്‍ അപ്പോഴും പഴയ രീതി വച്ച് പാട്ടം കൊടുത്തും കാര്യസ്ഥന്‍മാരെ വെച്ചുമാണ് കൃഷി നടത്തിയിരുന്നത്. അവരുടെ കൈവശം നിറയെ ഭൂമി ഉപയോഗിക്കപ്പെടാതെ കിടപ്പുണ്ട്. നീലാണ്ടന്‍ നമ്പൂരിയുടെ ഭൂമിക്കു വേണ്ടി പാട്ടക്കാര്‍ തമ്മില്‍ മത്സരമാണ്. അതുകൊണ്ട് എല്ലാ മനക്കാരുടെയും പാട്ടം കൊടുപ്പിന്റെ മേല്‍നോട്ടം നീലാണ്ടന്‍ നമ്പൂരി ഏറ്റെടുക്കണം എന്നായിരുന്നു കച്ചവടക്കാരുടെ നിര്‍ദ്ദേശം. അതുകൊണ്ടുള്ള ലാഭത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതുകൊണ്ട് അധികം ചര്‍ച്ചയൊന്നും വേണ്ടിവന്നില്ല. നീലാണ്ടന്‍ നമ്പൂരി അങ്ങനെ ഫലത്തില്‍ തങ്കനാടിന്റെ സര്‍വാധികാരിയായി.

 എല്ലാത്തിനും നിദാനവും അടിസ്ഥാനവുമായ ഓലയ്ക്ക് ഒരു പേരിടാന്‍ ആ യോഗം തീരുമാനിച്ചു. അടിയാന്മാര്‍ക്ക് കൊടുക്കുന്ന ഓല എന്ന നിലയ്ക്ക് അതിന് "അടിയാളം" എന്ന പേരാണ് ചേരുക എന്നു യോഗം അംഗീകരിച്ചു.അടിയാളം എന്ന പേര് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നാവില്‍ കിടന്നു ലോപിച്ച് "ട്യാളം" എന്നും പിന്നീട് "ടാളം" എന്നുമായി. അക്കാലത്ത് സുവിശേഷം പ്രചരിപ്പിക്കാന്‍ വിദേശത്തുനിന്നെത്തിയ ഏതോ പാതിരി അയാളുടെ സഞ്ചാരക്കുറിപ്പുകളില്‍ അതിനെ "dollar" എന്നു രേഖപ്പെടുത്തി.

ക്രമേണ നീലാണ്ടന്‍ നമ്പൂരീടെ ഓലയെന്നാല്‍ അത് പണം തന്നെ എന്നു തങ്കനാടു മൊത്തം അംഗീകരിച്ചു. നാട്ടിലെ എല്ലാ വ്യവഹാരവും ഈ "ഓലപ്പുറത്ത്" ആയി. മഹാരാജാവിന്റെ പൊന്‍പണവും, വെള്ളിനാണയവും, ചെമ്പുചില്ലിയും ഉപയോഗിച്ചിരുന്നവര്‍ വെറും പഴഞ്ചന്‍മാരായി വ്യാഖ്യാനിക്കപ്പെട്ടു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തങ്കനാട്ടിലെ ഉത്പാദനം നൂറ്റുക്കണക്കിന് ഇരട്ടിയായി. കാര്‍ഷികോല്പന്നങ്ങള്‍ മാത്രമല്ല, ഗൃഹോപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, നിര്‍മ്മാണോപകരണങ്ങള്‍ തുടങ്ങി പല വസ്തുക്കളും തങ്കനാട്ടില്‍ ഉത്പാദിപ്പിച്ചുപോന്നു. ഇതെല്ലാം കളപ്പുരയില്‍ സൂക്ഷിക്കാന്‍ ആകാത്തതുകൊണ്ട് എല്ലാം പുറം നാടുകളില്‍ വിറ്റഴിച്ച് അതിനു പകരം സ്വര്‍ണം വാങ്ങി കളപ്പുരയില്‍ വയ്ക്കാന്‍ തുടങ്ങി, നീലാണ്ടന്‍ നമ്പൂരി. സ്വര്‍ണത്തിന്റെ അളവും കൂടിത്തുടങ്ങിയപ്പോള്‍ അതിന്റെ സുരക്ഷയെക്കുറിച്ച് ശങ്കിക്കാന്‍ തുടങ്ങിയ നീലാണ്ടന്‍ നമ്പൂരി, ഇല്ലത്തിനു ചുറ്റും വലിയൊരു കോട്ട പണിതു. കരിങ്കല്ലും കാരിരുമ്പും കൊണ്ടു തീര്‍ത്ത വലിയൊരു നിലവറയും പുതിതായി കോട്ടയ്ക്കകത്ത് പണി കഴിപ്പിച്ചു. പണ്ട് കൂലിപ്പട്ടാളത്തില്‍ പോയ മസില്‍ മേനോന്മാരെ തിരിച്ചുവിളിച്ച് കോട്ടയുടെ കാവല്ക്കാരാക്കി. നീലാണ്ടന്‍ നമ്പൂരീടെ കോട്ടയ്ക്കുള്ളിലുള്ള സ്വര്‍ണത്തിന്റെ അളവിനെക്കുറിച്ചു നാട്ടില്‍ പല കഥകളും പ്രചരിച്ചു - മഹാരാജാവു തിരുമനസ്സിന്റെ ഖജനാവില്‍ അതിന്റെ ഒരു അംശം പോലും ഇല്ലെന്നുവരെയായി ഊഹാപോഹം.

തങ്കനാടിന്റെ സുവര്‍ണകാലമായിരുന്നു പിന്നീട്. അവിടത്തെ അഞ്ച് ഇല്ലക്കാരും അതിസമ്പന്നരായി. ഓലയെഴുതി കാശുണ്ടാക്കാമെന്നായതോടെ ഭൂമിയിന്മേലുള്ള നിയന്ത്രണം ക്രമേണ ഇല്ലത്തുകാര്‍ക്ക് പ്രധാനമല്ലാതായി -അതുകൊണ്ട് ആവശ്യക്കാര്‍കെല്ലാം ഭൂമി വില്‍ക്കാന്‍ നമ്പൂരിമാര്‍ തയ്യാറായി. അവിടത്തെ ഭൂമിക്കു ആയിരക്കണക്കിന് ഇരട്ടി വിലയായിട്ടുപോലും ക്രമേണ കുടിയാന്മാരെല്ലാം ഭൂവുടമകളായി.  മിക്കവാറും എല്ലാ കുടിയാന്മാരും സ്വന്തമായി കുതിരവണ്ടി ഉള്ളവരായി. കുതിരവണ്ടികള്‍ക്കായി തങ്കനാട്ടില്‍ പാതകള്‍ വന്നു, വഴിവിളക്കുകള്‍ വന്നു. വണ്ടികള്‍ നിര്‍മ്മിക്കുന്നവരും അവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവരും അന്നാട്ടിലെ ഏറ്റവും സമ്പന്നരായ കൈത്തൊഴിലുകാരായി. പഴയ കുടിയാന്മാരുടെ (ഇപ്പോഴത്തെ "ഇടത്തരക്കാരുടെ") നേരമ്പോക്കിന് നാടകശാലകളും, നൃത്തശാലകളും, മദ്യശാലകളും, ചൂതാട്ട കേന്ദ്രങ്ങളും, വേശ്യാലയങ്ങളും വന്നു. അക്കൂട്ടരില്‍ ആധ്യാത്മികത മൂത്തവര്‍ക്കുവേണ്ടി പകിട്ടേറിയ, അതിബൃഹത്തായ ദേവാലയങ്ങള്‍ ഉയര്‍ന്നു.

മറുനാട്ടിലും വിദേശത്തുമുള്ള കച്ചവടക്കാര്‍ തങ്കനാട്ടിലെ സാധനങ്ങള്‍ വാങ്ങാനും തങ്കനാട്ടില്‍ സാധനങ്ങള്‍ വില്‍ക്കാനും തിങ്ങിക്കൂടി. ലോകത്തെങ്ങുമുള്ള പണക്കാര്‍ക്ക് ഉല്ലാസയാത്ര പോകാന്‍ ഏറ്റവും താല്പര്യമുള്ള നാടായി തങ്കനാട്. എല്ലാ ഇടപാടിനും നമ്പൂരീടെ ഓല നിര്‍ബന്ധമായിരുന്നതിനാല്‍ മറുനാട്ടില്‍ നിന്നുള്ളവര്‍ക്ക് പണം കൊടുത്ത്‌ ഓല വാങ്ങേണ്ടി വന്നു. ഓലയുടെ ആവശ്യക്കാരുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ചിലപ്പോള്‍ പത്തു പണത്തിന്റെ ഓലയ്ക്ക് പന്ത്രണ്ടും പതിനഞ്ചും പണം വരെ കൊടുക്കേണ്ടതായി വന്നു, പരദേശികള്‍ക്ക്.

തങ്കനാട്ടിലെ നമ്പൂരിമാരുടെ സ്വാധീനവും വര്‍ധിച്ചു. നാട്ടിലെ ഏറ്റവും വലിയ നികുതിദായകരാനല്ലോ അവര്‍. മഹാരാജാവു തിരുമനസ്സ്  നീലാണ്ടന്‍ നമ്പൂരീടെ കൊട്ടാരത്തിലെ സ്ഥിരം സന്ദര്‍ശകനായി. നീലാണ്ടന്‍ നമ്പൂരീടെ ചൊല്ല് രാജ്യത്തെങ്ങും അവസാന വാക്കായി. തങ്കനാട്ടുകാര്‍ രാജ്യത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പൌരന്മാരായി. തങ്കനാട്ടില്‍ തെമ്മാടിത്തരം കാണിച്ചു രാജ്യത്തൊരിടത്തും ഓടി രക്ഷപെടാന്‍ പറ്റില്ലെന്നുവന്നതോടെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നാടായി അത്. ഏതുപാതിരായ്ക്കും സ്ത്രീകള്‍ക്കുപോലും വഴിനടക്കാം എന്നും കൊളുത്തും പൂട്ടുമില്ലാതെ വീട് തുറന്നിട്ടാല്‍ പോലും ഒരു സൂചി പോലും കളവുപോകില്ലെന്നുമുള്ള ഖ്യാതി പരന്നു, ആ നാടിനെക്കുറിച്ച്.

(ശേഷം രണ്ടാം ഭാഗത്തില്‍ തുടരും......................)