എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, September 11, 2016

മോന് മെഡിസിന് അഡ്മിഷന്‍ കിട്ടി!

ഞാനൊക്കെ പഠിക്കുന്ന കാലത്ത് മെഡിസിന് അഡ്മിഷന്‍ കിട്ടുക എന്നത് വലിയൊരു സംഭവമാണ്.

അന്നൊക്കെ അഞ്ച് മെഡിക്കല്‍ കോളേജുകളേ ഉള്ളൂ. അതില്‍ത്തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആയിടയ്ക്ക് തുടങ്ങിയതാണ്. എന്റെ തൊട്ടു തലേ ബാച്ച് മുതലാണ് പ്രവേശനപ്പരീക്ഷ എന്ന ഏര്‍പ്പാട് തുടങ്ങിയത്. അതിനുമുമ്പ് പ്രീഡിഗ്രിക്കൊക്കെ മുടിഞ്ഞ മാര്‍ക്കുവേണം ഒന്നു കയറിപ്പറ്റാന്‍.

ഇപ്പൊപ്പിന്നെ അമ്മാതിരി പ്രശ്നങ്ങളൊന്നുമില്ല. കയ്യില്‍ കാശുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജില്‍ കയറാം. തലയില്‍ അത്യാവശ്യം ചോരയോട്ടം ഉണ്ടാകണമെന്നേയുള്ളൂ.

മുമ്പത്തെ സംവിധാനം വളരേ കേമമാണെന്നൊന്നുമല്ല പറഞ്ഞുവരുന്നത്. പഠിക്കാനുള്ള കഴിവ് മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അന്നും വൈദ്യശാസ്ത്രപഠനത്തിനുള്ള പ്രവേശനം അനുവദിച്ചിരുന്നത്. പഠിക്കാനും ഓര്‍മ്മവെയ്ക്കാനുമുള്ള കഴിവ് വൈദ്യശാസ്ത്രപഠനത്തിന് പ്രധാനം തന്നെയാണ്. പക്ഷേ അത്രത്തോളം തന്നെ പ്രധാനമാണ് മനോഭാവവും ശാരീരിക ക്ഷമതയും മാനസിക ക്ഷമതയും വിശകലനശേഷിയും. അതൊന്നും അന്നും ഇന്നും പ്രവേശനപ്പരീക്ഷകളില്‍ വിഷയമായിട്ടില്ല.

എന്റെ സുഹൃത്തിന്റെ മകള്‍ ഇക്കഴിഞ്ഞ വര്‍ഷം എംബിബിഎസ് പാസ്സായി. ശസ്ത്രക്രിയയും പേറെടുപ്പും ചെയ്യില്ലെന്നാണ് അവള്‍ പറയുന്നത്. അതായത് ചോര കാണുന്ന പരിപാടിയൊന്നും പറ്റില്ല. ഗുളികയും മരുന്നും എഴുതിക്കൊടുക്കുന്ന പരിപാടി മാത്രമാണെങ്കില്‍ ഓക്കേ. ഇന്ത്യയില്‍ അത്തരക്കാരുടെ സേവനത്തിനും ആവശ്യക്കാരുണ്ട്, ശരിതന്നെ. പക്ഷേ, എന്റെ നോട്ടത്തില്‍ അവള്‍ മെഡിക്കല്‍ പ്രഫഷന് യോഗ്യയല്ല എന്ന് ആ ഒരൊറ്റ പ്രസ്താവനകൊണ്ട് തെളിഞ്ഞു.

എന്റെ വീട്ടുകാരി ജോലി ചെയ്യുന്ന ആരോഗ്യപരിപാലന കേന്ദ്രത്തിലെ സീനിയര്‍ ഡോക്റ്റര്‍ പതിവായി സ്കൂളുകളില്‍ ചെന്ന് കുട്ടികളുടെ കരിയര്‍ ഗൈഡന്‍സ് പരിപാടികളില്‍ പ്രസംഗിക്കാറുണ്ട്. ഒരു ആദായകരമായ ഉദ്യോഗോപാധി എന്ന നിലയില്‍ വൈദ്യശാസ്ത്രം പഠിക്കരുതെന്നാണ് അദ്ദേഹം കുട്ടികളോട് പറയുക. ഒരു നല്ല ഡോക്റ്റര്‍ എന്നാല്‍ മനുഷ്യനേയും സമൂഹത്തേയും ശാസ്ത്രത്തേയും അദ്ധ്വാനത്തേയും വളരേയധികം സ്നേഹിക്കുന്നയാള്‍ എന്നാണര്‍ത്ഥം (കാനഡയേപ്പോലെ ആരോഗ്യപരിപാലന മേഖല പൂര്‍ണ്ണമായും സര്‍ക്കാര്‍ നടത്തിപ്പിലുള്ള ഇടമാണെങ്കില്‍, ഡോക്റ്റര്‍മാര്‍ വ്യവസ്ഥിതിയെ ബഹുമാനിക്കുന്നവര്‍ കൂടി ആയിരിക്കണം). പണം എന്നത് അനന്തരഫലം മാത്രമാണ്. കരിയര്‍ നേട്ട‌ം മാത്രം ലക്ഷ്യമുള്ളവര്‍ മാനേജ്‌മെന്റോ, എന്‍ജിനീയറിങ്ങോ, ബിസിനസ്സോ, നിയമമോ പഠിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിക്കുക.

ഇക്കഴിഞ്ഞ മാസം എന്റെ സഹപ്രവര്‍ത്തകയുടെ മകന് മക്‍മാസ്റ്റര്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം ലഭിച്ചു. ഇതുവായിച്ചിട്ട് നിങ്ങള്‍ പറയൂ, നമ്മുടെ നാട്ടിലെ പ്രവേശനരീതികളില്‍ ന്യൂനതകളുണ്ടോയെന്ന്.

ഒണ്ടേറിയോയിലെ ആറ് മെഡിക്കല്‍ കോളേജുകളിലേയ്ക്കുമുള്ള പ്രവേശനപ്പരീക്ഷകള്‍ നടത്തുന്നത് OMSAS ആണ്. ക്ലാസ്സ് തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ പ്രവേശനനടപടികള്‍ ആരംഭിക്കും.

തുടക്കത്തില്‍ വേണ്ടത് - പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി (ട്രാന്‍സ്ക്രിപ്റ്റ്), പൗരത്വത്തിന്റേയും ഒണ്‍ടേറിയോയില്‍ താമസിക്കുന്നതിന്റേയും തെളിവുകള്‍ എന്നിവയാണ്. ജോലി ചെയ്ത ഇടങ്ങളില്‍നിന്ന് ലഭിച്ച അനുമോദന രേഖകള്‍, സന്നദ്ധസേവനത്തിന്റെ രേഖകള്‍, സ്പോര്‍ട്ട്സ് അല്ലെങ്കില്‍ കല എന്നിവയില്‍ ലഭിച്ച നേട്ടങ്ങളേക്കുറിച്ചുള്ള രേഖകള്‍, പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണപ്രബന്ധങ്ങള്‍ തുടങ്ങി നിങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന എല്ലാ കഴിവുകളേക്കുറിച്ചുള്ള തെളിവുകളും സമര്‍പ്പിക്കാം. ഈ ഇടങ്ങളില്‍നിന്നുള്ള റെഫറലുകളും (നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി നിങ്ങളെ മേല്‍നോട്ടം വഹിച്ചവരുടെ അഭിപ്രായം) ചേര്‍ക്കാം. ഈ കുട്ടി ഏതാണ്ട് 85 പേജുകളുള്ള ഒരു ബൈന്‍ഡര്‍ തന്നെ ഇതിനായി തയ്യാറാക്കിയിരുന്നു.

മക് മാസ്റ്റര്‍ യൂണിവേഴ്സിറ്റി, എല്ലാ അപേക്ഷകര്‍ക്കും CASPer (Computer-Based Assessment for Sampling Personal Characteristics) നിര്‍ബന്ധമാക്കിയിട്ടുണ്ട്. അപേക്ഷകരുടെ വിശകലനബുദ്ധിയും ധാര്‍മ്മികനിലപാടുകളുമാണ് ഈ പരീക്ഷയിലൂടെ അറിയാന്‍ ശ്രമിക്കുന്നത് (ഉദാഹരണത്തിന് പൊതുവിടങ്ങളില്‍ കാമറ സ്ഥാപിക്കുന്നതിനോട് യോജിക്കുന്നുണ്ടോ, എങ്ങനെയാണ് സുരക്ഷിതത്വത്തിന്റെ ആവശ്യങ്ങള്‍ സ്വകാര്യതയുടെ ആവശ്യകതയുമായി തുലനം ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചില സാഹചര്യങ്ങള്‍ ഉദ്ധരിച്ച് അഭിപ്രായം ആരായുക). ഇത് ഒരു മള്‍ടിപ്പിള്‍ ചോയ്സ് പരീക്ഷയാണ്.

ഇതിനുശേഷമാണ് പ്രധാനമായ MCAT പരീക്ഷ. നമ്മുടെ നാട്ടിലെ എന്‍ട്രന്‍സ് ടെസ്റ്റിന് താരതമ്യപ്പെടുത്താവുന്ന പരീക്ഷയാണിത്. ഒന്നര മണിക്കൂര്‍ വീതമുള്ള നാലു വിഭാഗങ്ങളായി മൊത്തം (ബ്രേക്ക് അടക്കം) എട്ടുമണിക്കൂര്‍ നീളുന്ന ഒറ്റദിവസപ്പരീക്ഷയാണിത്. ഇതില്‍ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി എന്നിവയ്ക്കു പുറമെ CARS (Critical Analysis and Reasoning Skills) എന്ന ഒരു പരീക്ഷകൂടിയുണ്ട്. മക് മാസ്റ്റര്‍ യൂണിവേഴ്സിറ്റി ഇക്കൂട്ടത്തില്‍ CARS പരീക്ഷയുടെ മാര്‍ക്ക് മാത്രമേ പരിഗണിയ്ക്കൂ. അതായത് ബയോളജിയും കെമിസ്ട്രിയും ഒന്നുമല്ല, വിശകലനശേഷിയും കാര്യങ്ങള്‍ പെട്ടന്നു വായിച്ചു മനസ്സിലാക്കാനുള്ള comprehension skillsഉമാണ് അവര്‍ക്കു വേണ്ടത്! CARS പരീക്ഷ ഒട്ടും എളുപ്പമല്ല. ഇന്റര്‍നെറ്റിലുള്ള സാമ്പിള്‍ ചോദ്യങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും.

ജാനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്റര്‍വ്യൂസ് ആണ്. ആയിരക്കണക്കിന് അപേക്ഷകരില്‍നിന്ന് വെറും അഞ്ഞൂറുപേരെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിയ്ക്കുക.

മക് മാസ്റ്ററില്‍ ആദ്യത്തേത്ത് MMI (Multiple Mini Interviews) ആണ്. ഇത് ഒരു ദിവസം മുഴുവനെടുക്കും. ഇതിനായി ഒരു ഹാളില്‍ പത്തോ പന്ത്രണ്ടോ ചെറിയ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടാകും. ഓരോ ബൂത്തിലും ഓരോ വ്യക്തിത്വ സവിശേഷത (ഉദാഹരണത്തിന് collaboration, conflict resolution, problem solving) പരീക്ഷിക്കാനുള്ള സംവിധാനമായിരിക്കും ഉണ്ടാകുക. ബൂത്തിലേയ്ക്ക് കടക്കുമ്പോള്‍ അതിനുള്ളില്‍ ചെയ്യേണ്ടതെന്തെന്ന ഒരു കുറിപ്പ് കയ്യില്‍ കിട്ടും. ഒരു ബൂത്തിന്റെ സാമ്പിള്‍ പറയാം. ഒരു മേശപ്പുറത്ത് കുറേ ജ്യോമെട്രിക് രൂപങ്ങള്‍ (ചതുരം, വൃത്തം, ദീര്‍ഘചതുരം, എലിപ്സ്)‌ പേപ്പറില്‍നിന്ന് മുറിച്ചുവെച്ചിട്ടുണ്ടായിരുന്നു. രണ്ട് അപേക്ഷകരാണ് ഇതിന് ബൂത്തില്‍ ഉള്ളത്. ഒരാളുടെ കയ്യില്‍ ഒരു ചിത്രം കൊടുത്തിരിക്കുന്നു (ഉദാഹരണത്തിന് മേല്‍പ്പറഞ്ഞ ജ്യോമെട്രിക് രൂപങ്ങള്‍ ഉള്‍പ്പെട്ട ഒരു നായ). ആ ചിത്രം മറ്റേയാള്‍ കാണില്ല. ചിത്രം കയ്യിലുള്ളയാള്‍ മറ്റേയാളെ സംസാരംകൊണ്ടു മാത്രം ആ ചിത്രം വിശദീകരിച്ച്, മേശപ്പുറത്തെ ജ്യോമെട്രിക് രൂപങ്ങള്‍കൊണ്ട് അത് പുനരാവിഷ്കരിക്കണം. അതിനുശേഷം രണ്ടുപേരും പരസ്പരം സ്ഥാനം മാറി മറ്റൊരു ചിത്രം പുനരാവിഷ്കരിക്കുന്നു. ആശയവിനിമയ ചാതുര്യവും ശ്രദ്ധാശേഷിയും (listening skills) ആണ് ഇതില്‍നിന്ന് അവര്‍ കണ്ടെത്തുന്നത്.

ഇതിനു ശേഷം പതിവ് ഇന്റര്‍വ്യൂവും ഉണ്ട്. ഈ ഇന്റര്‍വ്യൂ എടുക്കുന്നത് പ്രഫസര്‍മാര്‍ മാത്രമല്ല - സാമൂഹ്യപ്രവര്‍ത്തകര്‍, സീനിയര്‍ വിദ്യാര്‍ത്ഥികള്‍, സാങ്കേതിക വിദഗ്ദ്ധര്‍, നഴ്സുമാര്‍, വക്കീലന്മാര്‍, സ്കൂള്‍/കോളേജ് ടീച്ചര്‍മാര്‍ തുടങ്ങി സമൂഹത്തില്‍നിന്നുമുള്ള ആരുമാകാം. ഈ ഇന്റര്‍വ്യൂവില്‍ ഏതുതരം ചോദ്യങ്ങളും പ്രതീക്ഷിക്കാം (അഭയാര്‍ത്ഥികളുടെ ആരോഗ്യപരിപാലന ആവശ്യങ്ങളേക്കുറിച്ചുള്ള നിലപാടുകള്‍, മരണാസന്നരായ ആളുകളുടെ ജീവിക്കാനും മരിക്കാനുമുള്ള അവകാശം, തീരെച്ചെറിയകൂട്ടം ആളുകളുടെ ചിലവേറിയ സവിശേഷ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ചിലവില്‍ നടത്തപ്പെടുന്ന ആരോഗ്യമേഖലയുടെ നയങ്ങള്‍ എന്നിവയേപ്പറ്റിയൊക്കെയായിരിക്കും ചോദ്യങ്ങള്‍).

മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ക്കുശേഷം മാത്രമാണ് ഒരു വിദ്യാര്‍ത്ഥിയ്ക്ക് അവിടെ പ്രവേശനം ലഭിക്കുക

ഇനി മക്‍ മാസ്റ്റര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം നേടിയ കുട്ടികളുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ നോക്കൂ (ഇവിടെ ക്ലിക്ക് ചെയ്യുക). പത്തൊമ്പതു വയസ്സില്‍ താഴെ മുതല്‍ മുത്തിയേഴു വയസ്സുള്ളവര്‍ക്കു വരെ പ്രവേശനം കിട്ടിയിട്ടുണ്ട്. CARSല്‍ ഉയര്‍ന്ന സ്കോര്‍ ഉള്ളവര്‍ക്കാണ് മക്‍ മാസ്റ്റര്‍ മുന്‍ഗണന കൊടുത്തിട്ടുള്ളതെന്ന് കാണാം. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ വിദ്യാഭ്യാസ പശ്ചാത്തലത്തില്‍ (Educational Background) വളരേയധികം വൈവിധ്യം കാണാനാവുന്നത്. ഹെല്‍ത്ത് സയന്‍സും സയന്‍സും പഠിച്ചിട്ടുള്ളവരാണ് അധികമെങ്കിലും മറ്റു ബിരുദങ്ങളുള്ളവരുടെ എണ്ണം അത്ര നിസ്സാരമല്ല.

ഇവിടെയാണ് മക്‍ മാസ്റ്റര്‍ യൂണിവേഴ്സിറ്റിയും നാട്ടിലെ മെഡിക്കല്‍ കോളേജുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. നാട്ടില്‍ 'അറിവ്' (retained knowledge) അളന്നാണ് മെറിറ്റ് പ്രവേശനം. ഇവിടെ അറിവിനേക്കാള്‍ വിശകലന ശേഷി, സഹകരണ മനോഭാവം, പെട്ടന്ന് പഠിച്ചെടുക്കാനുള്ള കഴിവ്, ശ്രദ്ധിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ്, സമൂഹത്തോടുള്ള ആഭിമുഖ്യം എന്നിങ്ങനെ ബുദ്ധിപരവും വ്യക്തിത്വാധിഷ്ഠിതവുമായ സവിശേഷതകളാണ് അളക്കപ്പെടുന്നത്. എന്റെ നോട്ടത്തില്‍ ഇതില്‍ ഇല്ലാത്തത് കൈത്തഴക്കം/കരവിരുത്‌ (dexterity) പരീക്ഷിക്കാനുള്ള പരീക്ഷകള്‍ മാത്രമാണ്.

ഇത്തരം ഒരു പ്രവേശനരീതികൊണ്ട് മെച്ചപ്പെട്ട ഡോക്റ്റര്‍മാര്‍ ഉണ്ടാകുമോ എന്ന കാര്യം തര്‍ക്കിക്കാവുന്നതാണ്, പക്ഷേ ഒരു ഡോക്റ്റര്‍ക്കുവേണ്ട ബൗദ്ധിക അച്ചടക്കം ഇവിടെ പഠിച്ചിറങ്ങിയ ഡോക്റ്റര്‍മാര്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പിക്കാം.

ഇതൊന്നും നാട്ടില്‍ നടപ്പാവില്ല. മേല്‍പ്പറഞ്ഞ പോലെ റെഫറല്‍, CASPer, MMI, ഇന്റര്‍വ്യൂ എന്നിവയുടെകൂടി അടിസ്ഥാനത്തിലാണ് മെറിറ്റ് അഡ്മിഷന്‍ എങ്കില്‍ അവിടെയൊക്കെ കൈക്കൂലിയുടെ മാമാങ്കമായിരിക്കുമെന്നത് കട്ടായം.

അതുകൊണ്ട് ഒരു വശത്ത് പുസ്തകപ്പുഴുക്കളും മറുവശത്ത് കാശുകൊടുത്ത് ബിരുദം വാങ്ങിയവരുമായി നാട്ടുകാരുടെ ആരോഗ്യപരിപാലനം ഇങ്ങനെ ഊഞ്ഞാലാടിക്കൊണ്ടിരിക്കും.