എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, November 26, 2013

കള്ളന്മാര്‍ കടന്നുവന്ന വഴി

ഇത് ഒരു ഉപന്യാസമോ കഥയോ അല്ല. കുറച്ചുകാലത്തേയ്ക്ക് ബ്ലോഗില്‍നിന്നു വിട്ടുനില്‍ക്കുന്നതുകൊണ്ട് 'മുകളിലൊരു ഇലയിട്ടടച്ചുവെച്ചേക്കാം' എന്ന നിലയ്ക്ക് എഴുതിയിടുന്നൊരു കുറിപ്പുമാത്രമാണ്. വായിക്കാന്‍ കൊള്ളുന്ന ഒന്നും ഈ പോസ്റ്റിലില്ല.

അങ്ങനൊരു ജാമ്യമെടുത്തുകഴിഞ്ഞ നിലയ്ക്ക്, ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്തെന്നു പറയാം. എന്റെ 'അഞ്ചു സുന്ദരികളും അഞ്ചു കള്ളന്‍മാരും' എന്ന കഥാപരമ്പര വായിച്ചിട്ട് എന്താണ് ഇതിനുപിന്നിലെ പ്രചോദനമെന്ന് അജിത്തേട്ടനും മനസ്സിലെ ആഗ്രഹമാണോ എഴുതിയിടുന്നത് എന്ന് വെട്ടത്താന്‍ ചേട്ടനും ചോദിച്ചിരുന്നു. അവര്‍ക്കുള്ള മറുപടി ഒന്നുരണ്ടു വരികളില്‍ പറഞ്ഞുതീര്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അതുകൊണ്ട് ഒരു പോസ്റ്റായിത്തന്നെ അതിവിടെ കിടക്കട്ടെയെന്നു കരുതി. എപ്പോഴെങ്കിലും എന്റെ ആ കഥകള്‍ വായിക്കുന്നവര്‍ എന്റെ ചിന്തയുടെ ഗതിവിഗതികളെന്താണെന്നറിയുന്നത് അവരുടെ വായനയെ ഏതെങ്കിലും വിധത്തില്‍ മെച്ചപ്പെടുത്തുമെങ്കില്‍ ആകട്ടെ, അല്ലേ?

ഈ കഥകളിലെ പെണ്ണുങ്ങളേയും ആണുങ്ങളേയും വ്യക്തികളായല്ല, ബിംബങ്ങളായാണ് ഞാന്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചത്. കള്ളന്‍മാര്‍ രണ്ടു തരമുണ്ട്. ഒന്ന് പ്രത്യക്ഷമായി വസ്തുവകകള്‍ പിടിച്ചുപറിക്കുന്ന കള്ളന്‍മാര്‍ . രണ്ട് പരോക്ഷമായി തട്ടിപ്പ്/തിരിമറി/അഴിമതി/കുംഭകോണം എന്നിങ്ങനെ 'നാട്ടുനടപ്പായിട്ടുള്ള' കള്ളത്തരങ്ങള്‍ കാണിക്കുന്നവര്‍ . ഈ രണ്ടു കൂട്ടരേയും എന്തുകൊണ്ടോ സമൂഹം രണ്ടു തരത്തിലാണ് എന്നും കണ്ടിട്ടുള്ളത്. പിടിച്ചുപറിക്കാരന് മിക്കവാറും മാപ്പുലഭിക്കാറില്ല. കയ്യോടെ പിടികൂടപ്പെട്ടാല്‍ തടി കേടാകും. പക്ഷേ അഴിമതിക്കാരന് യാതൊരു കൂസലുമില്ലാതെ നാട്ടിലിറങ്ങി നടക്കാം.

പക്ഷേ ആന്തരികമായി നാമോരോരുത്തരും ഈ രണ്ടിനങ്ങളില്‍പ്പെട്ട കള്ളത്തരങ്ങളോട് വ്യത്യസ്തമായ കാഴ്ചപ്പാടു നിലനിര്‍ത്തുന്നുണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമാനമായിരിക്കുമ്പോള്‍ 'നാട്ടുനടപ്പിന്' എന്തു പ്രസക്തിയാണ് നമ്മുടെ മനസ്സിലുള്ളത്?

നിങ്ങള്‍ പട്ടിണി മാറ്റാന്‍ വേണ്ടി ദുസ്സഹമായ ഒരു ജോലി ചെയ്യുന്നയാളും ജോലിയുടെ അസഹ്യത കുറച്ചെങ്കിലും ഒഴിവാക്കാനായി ഇടയ്ക്കിടെ ജോലിയില്‍നിന്നു മുങ്ങുന്നയാളുമാണെന്നിരിക്കട്ടെ. പട്ടിണി മാറ്റാന്‍ വേണ്ടി ഭക്ഷണം കളവുചെയ്യുന്നവനോട് നിങ്ങള്‍ക്കുള്ള മനോഭാവം എന്തായിരിക്കും? 'ഞാന്‍ പട്ടിണി മാറ്റാന്‍ വേണ്ടി, സഹിക്കാനാവാത്ത തൊഴിലന്തരീക്ഷത്തില്‍പ്പോലും പണിയെടുത്തു കഴിയുന്നു - നിനക്കും അതു ചെയ്തുകൂടേ?' എന്നൊരു ചിന്ത തുടക്കത്തിലുണ്ടാകാം. പക്ഷേ പട്ടിണി എന്ന വൈകാരികാവസ്ഥ നിങ്ങളെ തമ്മില്‍ സഹജമായി ബന്ധിപ്പിക്കുന്നുണ്ട്. പെണ്ണിനെ ആണിനോടെന്നപോലെ ആ വൈകാരിക ബന്ധത്തിന് പ്രകൃത്യാ വിധിക്കപ്പെട്ട തീവ്രതയുണ്ട്.

അതു സൂചിപ്പിക്കാനാണ് കാഥാപാത്രങ്ങളില്‍ ഒരാളെ പെണ്ണും മറ്റേയാളെ ആണുമാക്കി അവതരിപ്പിച്ചത്. പൊതുസ്വഭാവമനുസരിച്ച്, പ്രായോഗികമായ കള്ളത്തരം കാണിക്കുന്നയാളെ പെണ്ണായും തെമ്മാടിയായ മോഷ്ടാവിനെ ആണായും ചിത്രീകരിച്ചു.

'പ്രയോഗസാധുത' കൈവരിച്ച കള്ളത്തരത്തിന്റേയും അതില്ലാത്ത മോഷണത്തിന്റേയും ലക്ഷ്യത്തിനു സാമ്യമുള്ളിടത്തോളം അതിനെ വിവേചിക്കുന്ന മനോഭാവത്തിനും മിതത്വമുണ്ടാവും എന്നു ചിത്രീകരിക്കാനായിരുന്നു എന്റെ ശ്രമം. വിവേചനം ഇല്ലാതാകുമെന്നുമാത്രമല്ല, ഒരുപക്ഷേ അഭിനിവേശം ഉണ്ടാകുകകൂടിയാകാം, അല്ലേ? സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അത്തരം അഭിനിവേശമുണ്ടാകുമ്പോള്‍ അരാജകത്വത്തില്‍ അഭിരമിക്കുന്ന ഒരു ജനതയും ഉണ്ടാകാം. ഇതു ചൂണ്ടിക്കാണിക്കാനാണ് ഇക്കണ്ട പൈങ്കിളിപ്പാട്ടൊക്കെ എഴുതിക്കൂട്ടിയത്.

കഥകളുടെ ക്രാഫ്റ്റിലും ചില ലൊടുക്കുവിദ്യകള്‍ പരീക്ഷിക്കുകയുണ്ടായി. ഓരോ കഥയും ഓരോ 'രസ'ത്തിന്റെ പശ്ചാത്തലത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തേതില്‍ കരുണം, രണ്ടാമത്തേതില്‍ ഹാസ്യം, മൂന്നാമത്തേതില്‍ അത്ഭുതം, നാലാമത്തേതില്‍ രൌദ്രം, അഞ്ചാമത്തേതില്‍ ശൃംഗാരം എന്നിങ്ങനെയായിരുന്നു അത്. സ്ത്രീകഥാപാത്രങ്ങളുടെ സാമ്പത്തിക പശ്ചാത്തലത്തിലും ക്രമാനുഗതമായ ഉയര്‍ച്ച കൊണ്ടുവന്നിട്ടുണ്ട് - പൂര്‍ണ്ണമായും ബന്ധനസ്ഥയായ, ഏറ്റവും താഴേത്തട്ടിലുള്ള നേഴ്സില്‍ തുടങ്ങി, പൂര്‍ണ്ണമായും വിമോചിതയും സമ്പന്നയും അധികാരപ്രാപ്തയുമായ കോര്‍പ്പറേറ്റ് മേധാവി വരെയുള്ള വൈവിധ്യമാര്‍ന്ന തലങ്ങളിലുള്ളവരാണ് അവര്‍. അവരുടെ വീട്ടില്‍ കയറിയ കള്ളന്‍മാരാകട്ടെ അവരുടെ ലക്ഷ്യങ്ങള്‍, നിലപാടുകള്‍, ചിന്തകള്‍ താല്പര്യങ്ങള്‍ എന്നിവയോടു സമാനതയുള്ളവരും. അതായത് ഒരുതരം ചേരുംപടി ചേര്‍ക്കല്‍!

സത്യത്തില്‍ ഞാന്‍ വളരേ ആസ്വദിച്ചെഴുതിയ കഥകളാണിവ. ഓരോ കഥയിലേയും കഥാപാത്രങ്ങളുടെ മനസ്സിലൂടെയും അവരുടെ ചുറ്റുപാടുകളിലൂടെയുമുള്ള സഞ്ചാരം എനിക്കു നന്നേ ഇഷ്ടപ്പെട്ടു. എന്റെ പരിമിതമായ രചനാശേഷി മാത്രമാണ് വലിയൊരു പ്രതിബന്ധമായത്. എഴുതാനറിയുന്നവരാണ് ഈ കഥകളെഴുതിയതെങ്കില്‍ ഇതിന്റെ പതിന്മടങ്ങ് ആസ്വാദ്യമായേനേ.

ഇങ്ങനെയെല്ലാം ഉദ്ദേശിച്ചല്ല, പക്ഷേ, എഴുതിത്തുടങ്ങിയത്.

ഒരു ഓഗസ്റ്റ് രാത്രിയില്‍ ഇടയ്ക്കുണര്‍ന്ന് ഉറക്കംവരാതെ മലര്‍ന്നു കിടക്കുന്ന നേരം. ബ്ലോഗിലിടാന്‍ വിഷയങ്ങളൊന്നുമില്ലല്ലോ എന്നൊക്കെ ആലോചിച്ചാണ് കിടപ്പ്. അപ്പോഴാണ് കേരളാ കഫേ സ്റ്റൈലില്‍ അഞ്ചു മിനിക്കഥകളുള്ള ഒരു പോസ്റ്റ് (ഒറ്റ പോസ്റ്റ്!) ഇട്ടാലോ എന്നു തോന്നിയത്.

വിഷയവും താമസിയാതെ കിട്ടി. അഞ്ചു സ്ത്രീകളുടെ വീട്ടില്‍ അഞ്ചു തരം കള്ളന്‍മാര്‍ കയറുന്നു. കള്ളനും താനും തമ്മിലുള്ള മാനസിക പൊരുത്തം വെളിപ്പെടുന്ന മുറയ്ക്ക് ഓരോ സ്ത്രീയും അവനുമായി പ്രണയത്തിലാകുന്നു - ഇതായിരുന്നു ത്രെഡ്. ഉറങ്ങുന്നതിനുമുമ്പ് ഓരോ സ്ത്രീയുടേയും പ്രൊഫൈല്‍ മനസ്സിലുറപ്പിച്ചു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ ശേഷം ആദ്യം ചെയ്തത് ഒരു പോസ്റ്റ് ഡ്രാഫ്റ്റ് ആക്കി സേവ് ചെയ്യുകയായിരുന്നു. ഉടനേ എഴുതിവെച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കകം അതൊക്കെ മറന്നുപോകുമെന്ന് എനിക്കറിയാമായിരുന്നു. പോസ്റ്റിന്റെ തലക്കെട്ട് "അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും". ഉള്ളടക്കമായി അഞ്ചേയഞ്ചു വാക്കുകള്‍ - 'നേഴ്സ്', 'സര്‍ക്കാര്‍ ', 'ഐഏഎസ്', 'നേതാവ്', 'കോര്‍പ്പറേറ്റ്'!

പിന്നേയും രണ്ടാഴ്ച തലയ്ക്കകത്തിട്ടു വേവിച്ച ശേഷമാണ് ആദ്യത്തെ രണ്ടു കഥകളുടെ ഉള്ളടക്കം മനസ്സില്‍ ഏതാണ്ട് രൂപപ്പെട്ടു തുടങ്ങിയത്.

ഓരോ കഥയും നാലു ഖണ്ഡികകളില്‍ ഒതുക്കി എഴുതാനായിരുന്നു പ്ലാന്‍. എഴുതിത്തുടങ്ങിയപ്പോഴേ ആ പ്ലാന്‍ കമ്പ്ലീറ്റ് ചാരമായി. കേന്ദ്രകഥാപാത്രത്തെ പരിചയപ്പെടുത്തിയപ്പോഴേയ്ക്കും ക്വോട്ട കഴിഞ്ഞു. കള്ളന്‍ വന്നിട്ടുപോലുമില്ല. മിനിക്കഥയൊക്കെ മിടുക്കന്‍മാര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണെന്ന് അങ്ങനെ വെളിവായി. ഉടനേ നാലു പോസ്റ്റുകള്‍കൂടി ഡ്രാഫ്റ്റ് ആക്കി. 'സര്‍ക്കാര്‍ ', 'ഐഏഎസ്', 'നേതാവ്', 'കോര്‍പ്പറേറ്റ്' എന്നീ വാക്കുകള്‍ ഓരോന്നായി അവയിലേയ്ക്ക് മാറ്റി പ്രതിഷ്ഠിച്ചു.

അഞ്ചില്‍ മൂന്നെണ്ണം എഴുതിത്തീര്‍ത്ത ശേഷം ഓരോന്നായി പതിനഞ്ചു ദിവസം ഇടവിട്ട് പ്രസിദ്ധീകരിക്കനായിരുന്നു പരിപാടി. പക്ഷേ ഒരു കൈയബദ്ധം പറ്റി ആദ്യത്തെ പോസ്റ്റ് പെട്ടന്ന് പ്രസിദ്ധീകൃതമായി. രണ്ടാമത്തേതിന്റെ ഉള്ളടക്കം മനസ്സിലുണ്ടായിരുന്നതുകൊണ്ട് അധികം താമസിയാതെ അതും പ്രസിദ്ധീകരിക്കാനായി. അപ്പോഴും മറ്റു മൂന്നു കഥകളില്‍ എന്തെഴുതണമെന്ന് യാതൊരു പിടിപാടുമില്ലായിരുന്നു.

ഈ അവസരത്തില്‍ രണ്ടു കമെന്റുകള്‍ എനിക്കു തുണയായി. "വല്ലാതെ ചുരുക്കി എഴുതി എന്നു തോന്നി" എന്നാണ് സലാം അഭിപ്രായപ്പെട്ടത്. അത് ശരിയായിരുന്നു- ഞാന്‍ 'മിനിക്കഥ'യായി എഴുതിയതായിരുന്നല്ലോ അത്. ഇനിയങ്ങോട്ട് നീട്ടിയെഴുതാമെന്ന് അതോടെ തീരുമാനിച്ചു. "കഥയ്ക്കു പുതുമയുണ്ട്... അതുകൊണ്ട് ലോജിക്കിനു പിന്നാലെ പോകുന്നില്ല." എന്നൊരഭിപ്രായം ജയന്‍ ഏവൂരും പറഞ്ഞു. അതും ശരിതന്നെ. പിന്നീടെഴുതിയ കഥകള്‍ യുക്തിയ്ക്ക് കോട്ടമുണ്ടാകാത്ത വിധത്തിലാണ് എഴുതിയത്. ആദ്യത്തെ രണ്ടു കഥകളിലുണ്ടായിരുന്ന 'പ്രണയം' എന്ന ആംഗിള്‍ അതോടെ തീര്‍ത്തും ഒഴിവാക്കി.

ഭൂലോകത്തെ പാവത്താന്‍മാരെ വഴിതെറ്റിക്കുന്നതില്‍ മുഖ്യമായ പങ്കാണല്ലോ ബിലാത്തിപ്പട്ടണക്കാര്‍ക്കുള്ളത്. അതേ പാത പിന്തുടരുന്ന ബൂലോകത്തെ ബിലാത്തിക്കാരനാണ് തീര്‍ത്തും നിഷ്കളങ്കനായ എന്നെ 'അപഥസഞ്ചാര'ത്തിലേയ്ക്കു കടത്തിവിട്ടത്. മൂന്നാമത്തെ കഥയ്ക്കു കീഴില്‍ "ഒന്ന് രണ്ട് ലൌവ് മേക്കിങ്ങ് സീനുകളും കൂടി ഉണ്ടെങ്കിൽ ഒരു ഹോളിവുഡ് ത്രില്ലർ മൂവിക്കുള്ള തിരക്കഥയായി" എന്ന അദ്ദേഹത്തിന്റെ അഭിപ്രായം എന്റെ തലയില്‍ സ്കോച്ച് വിസ്കി പോലെ കയറിക്കൂടി. അവസാനത്തെ കഥയില്‍ അല്പം 'ശൃംഗാരം' ചേര്‍ക്കാമെന്ന് അതുകണ്ടപ്പോഴാണ് തീരുമാനിച്ചത്. അങ്ങനെയെങ്കില്‍ നാലാമത്തേതില്‍ അല്പം 'ആക്ഷനു'മാകാം എന്നു കരുതി. ചേര്‍ത്തുവെച്ചു നോക്കുമ്പോള്‍ നവരസങ്ങളില്‍ അഞ്ചു രസങ്ങളുമാകും. ഭേഷ്!!

അങ്ങനെ എന്റെ ഈ പഞ്ചവര്‍ണ്ണപ്പൈങ്കിളിക്കഥകള്‍ ബൂജാതരായി!

കഥയെഴുത്തൊക്കെ ഇതോടെ നിറുത്തി. കാരണം, ഇതിനേക്കാള്‍ ആസ്വാദ്യമായ നാളുകളാണ് ഇനി വരാനുള്ളത്. ഡിസംബര്‍ ആരംഭത്തില്‍ ഞാന്‍ ഇന്ത്യയിലേയ്ക്കു പറക്കുന്നു. കുറച്ചുനാള്‍ മുംബൈ, കുറച്ചുനാള്‍ ഗോവ, കുറച്ചുനാള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം...ഹാ ഓര്‍ക്കുമ്പോഴേ സന്തോഷം നുരഞ്ഞുപൊങ്ങുന്നു. ഇത്തവണത്തെ ജന്മദിനം ഭാര്യവീട്ടിലാണ്. വാഹ് ഭായ് വാഹ്!! ജമായ് രാജാ ഖൂബ് മൌജ് മനായേഗാ!! വിവാഹവാര്‍ഷികം ഗോവയില്‍! ക്രിസ്തുമസ്സും പുതുവല്‍സരവും നാട്ടില്‍! തിരിച്ചുവരുമ്പോള്‍ ആവേശകരമായ ഒരു പുതിയ ബിഗ് ബഡ്ജറ്റ് പ്രോജക്റ്റ് ലീഡ് ചെയ്യാനുള്ള സാദ്ധ്യത തെളിഞ്ഞുവരുന്നുണ്ട്! എന്തിനേറെ പറയുന്നു, വളരേയേറേ പ്രതീക്ഷയുള്ള നാളുകളാണ് വരാനിരിക്കുന്നത്. ബ്ലോഗിനൊക്കെ കുറച്ചുകാലത്തേയ്ക്ക് സുല്‍!

ഇതുവരെ ഈ വാലറ്റക്കാരനു കൂട്ടായി വന്ന എല്ലാവര്‍ക്കും നന്ദി. നിങ്ങളേവര്‍ക്കും ക്രിസ്തുമസ്, പുതുവര്‍ഷം, തിരുവാതിര, ഹനൂക്കാ, പൊങ്കല്‍, ലോഹ്രി, നബിദിനം എന്നീ ശുഭദിനങ്ങള്‍ക്കായി എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! ഇനി കാണും വരെ നമസ്കാരം!

Saturday, November 16, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (അഞ്ച്)

5. ചഞ്ചല്‍

"ഡു യു വിഷ് ടു റെസ്റ്റ് ഓര്‍ ഡു യൂ വാണ്ട് ടു ഹാവ് അനതര്‍ ഗോ, ഹണ്‍?..." അവന്റെ മാറില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് ചഞ്ചല്‍ ചോദിച്ചു

അതിനുള്ള മറുപടി എന്തായിരിക്കുമെന്ന് അവള്‍ക്ക് നന്നായി അറിയാമായിരുന്നു. കൂടെക്കിടക്കുന്ന ആന്റണിയ്ക്ക് തൊട്ടാല്‍ ചോര തെറിക്കുന്ന ഇരുപത്തിമൂന്നു വയസ്സല്ലേയുള്ളൂ.

"ഓ, നോ വേ!!" അവളുടെ തടിച്ച ചുണ്ടുകള്‍ നല്ലപോലെ നുണഞ്ഞുകൊണ്ട് ആ വടിവൊത്ത നഗ്നശരീരം അവന്‍ വീണ്ടും ഇറുകിപ്പുണര്‍ന്നു.

ഇവന്‍ ആന്റണി മെന്‍ഡോണ്‍സ - ഐഐഎം അഹമ്മദാബാദില്‍ പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കി ഔദ്യോഗികബിരുദത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥി. ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ നേരിട്ടു നിയനം ലഭിച്ച, ഈ വര്‍ഷത്തെ ടോപ്പ് ടാലെന്റ്!!

അവള്‍ ചഞ്ചല്‍ ഭട്ടചാര്യ - 'പ്രണതി കണ്‍സല്‍റ്റിങ്ങ്' എന്ന കോര്‍പ്പറേറ്റ് ഭീമന്റെ ഉടമ. ആന്റണിയുടെ ബോസ്!

പൂര്‍ണ്ണമായും സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് പ്രണതി. ഏതാണ്ട് നൂറ്റിയെഴുപത്തിയഞ്ചു പേര്‍ മാത്രമുള്ള കമ്പനി എങ്ങനെയാണ് ഓരോ മണിക്കൂറിലും കോടിക്കണക്കിനു രൂപയുടെ വരുമാനമുണ്ടാക്കുന്നതെന്ന് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ് - വിശേഷിച്ച് അവരുടേതായ യാതൊരു 'ഉല്‍പന്ന'വും വിപണിയിലില്ലാത്ത സ്ഥിതിയ്ക്ക്. ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ലീസ്, ഔട്ട്സോര്‍സിങ്ങ് കണ്‍സല്‍റ്റന്‍സി (വലിയ വിദേശ കമ്പനികള്‍ക്കു വേണ്ടി പുറംതൊഴില്‍ കരാറുകാരെ കണ്ടെത്തിക്കൊടുക്കുക, കരാറുകാരേക്കൊണ്ട് കൃത്യമായി പണി ചെയ്യിക്കുക എന്നിവ), ഫോറിന്‍ ഡൈറക്റ്റ് ഇന്‍വെസ്റ്റ്മെന്റ് കണ്‍സല്‍റ്റന്‍സി (വിദേശ കമ്പനികള്‍ക്കു നിക്ഷേപിക്കാന്‍ പറ്റിയ ആസ്ഥികളും ഓഹരികളും കണ്ടെത്തിക്കൊടുക്കല്‍), പൊളിറ്റിക്കല്‍ ലോബ്ബിയിങ്ങ് (അനുകൂലമായ നിയമനിര്‍മ്മാണവും ഗവര്‍ണ്‍മെന്റ് തീരുമാനങ്ങളും ഉണ്ടാക്കാന്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കല്‍), ബാന്‍ക്രപ്റ്റ്സി കണ്‍സല്‍ട്ടേഷന്‍ (പാപ്പരായ വന്‍കിട കമ്പനികളുടെ ബാധ്യതകള്‍ നിയമപരമായി ഇല്ലാതാക്കല്‍), ഇന്‍ഷുറന്‍സ് കണ്‍സല്‍റ്റന്‍സി (വന്‍ നഷ്ടം സംഭവിച്ച വന്‍കിട കമ്പനികളുടെ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ നോക്കിനടത്തി, കമ്പനികള്‍ക്ക് പരമാവധി ഇന്‍ഷുറന്‍സ് തുക നേടിക്കൊടുക്കല്‍) എന്നിങ്ങനെ വന്‍തോതില്‍ കാശുമറിയുന്ന, എന്നാല്‍ സ്വന്തമായി അധികം ജോലിക്കാരെ ആവശ്യമില്ലാത്ത ബിസിനസ്സ് സേവനങ്ങളാണ് പ്രണതിയുടെ വിശിഷ്ടവൈദഗ്ദ്ധ്യത്തില്‍ പെടുന്നത്.

നാലു നെടുംതൂണുകളിന്‍മേലാണ് ചഞ്ചല്‍ പ്രണതി കണ്‍സല്‍റ്റിങ്ങിനെ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്. ഉന്നതനിലവാരമുള്ള പ്രതിഭാശാലികളായ ഉദ്യോഗസ്ഥര്‍, അധികാരസ്ഥാനങ്ങളിലുള്ള സ്വാധീനം, പ്രണതിയുമായി നേരിട്ടു ബന്ധമുള്ള എല്ലാവര്‍ക്കും ചഞ്ചലിനോടുള്ള കൂറ്, പ്രതിയോഗികളായ കമ്പനികളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള അപാരമായ കഴിവ് എന്നിവയാണവ.

പ്രതിഭാശാലികളായ യുവാക്കളെ വളരേ നേരത്തേതന്നെ കണ്ടെത്തുന്നതിലും അവരെ കമ്പനിയില്‍ നിലനിര്‍ത്തുന്നതിലും ചഞ്ചലിനുള്ള മിടുക്ക് പ്രസിദ്ധമാണ്. പ്രതിയോഗികള്‍ പലരും പ്രണതിയിലെ വിദഗ്ദ്ധരെ ചൂണ്ടയിട്ടു പിടിക്കാന്‍ നോക്കിയിട്ടുണ്ടെങ്കിലും ആരും മറുകണ്ടം ചാടിയിട്ടില്ല. അതിനുള്ള പ്രധാന കാരണം അവര്‍ക്ക് മാഡവുമായുള്ള ഗാഢമായ വൈകാരിക ബന്ധമായിരുന്നു. മാഡത്തിന്റെ ശരീരത്തിന്റെ ചൂടറിയാത്തവര്‍ അക്കൂട്ടത്തില്‍ ഇല്ലായിരുന്നുവെന്നതുതന്നെയാണ് അത്തരമൊരു വൈകാരികതയുടെ അടിസ്ഥാനം. മിക്കവരും മാഡത്തിന്റെ കിടപ്പറവിട്ട് സ്വന്തം മേച്ചില്‍പ്പുറങ്ങളിലേക്കൊതുങ്ങിയെങ്കിലും പഴയ പ്രണയത്തിന്റെ ഊഷ്മളത അവരുടെ മനസ്സുകളില്‍ എന്നുമുണ്ടായിരുന്നു.

എല്ലാ വര്‍ഷവും വളരേ വശ്യമായി വസ്ത്രധാരണവും മേക്കപ്പും ചെയ്ത് ക്യാമ്പസ് ഇന്റര്‍വ്യൂവിന് പോകുന്ന പതിവുണ്ട്, മാഡത്തിന് . ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കമ്പനിയും ജോലിയും ശംബളവും മാത്രം ഇഷ്ടപ്പെട്ടാല്‍ പോര, മാഡത്തിനേയും ഇഷ്ടപ്പെടണം. ആദ്യത്തെ ഇന്റര്‍വ്യൂവില്‍ പരസ്പരം ഇഷ്ടപ്പെട്ടാല്‍ പിന്നീടുള്ള ഇന്റര്‍വ്യൂ പരമ്പര മാഡത്തിന്റെ വീട്ടില്‍ വെച്ചായിരിക്കും.

ഒരു ഔപചാരിക കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ പരിശീലിച്ചെടുത്ത ഉത്തരങ്ങളാണ് പറയുക എന്ന് മാഡത്തിനറിയാം. പക്ഷേ പ്രണതിയുടെ ബിസിനസ്സിനേ സംബന്ധിച്ചിടത്തോളം ഉദ്യോഗാര്‍ത്ഥികളെ വളരേ അടുത്തറിയുക എന്നത് വളരേ പ്രധാനമാണ്. അതുകൊണ്ട് അവരുടെ ചിന്തകള്‍, ബലഹീനതകള്‍, ആകുലതകള്‍, നിലപാടുകള്‍, അവരിലെ ആന്തരികോര്‍ജ്ജം എന്നിവയേക്കുറിച്ചെല്ലാം വളരേ ആഴത്തില്‍ അറിയണമെന്ന് മിസ് ചഞ്ചലിനു നിര്‍ബന്ധമാണ്. സാധാരണ കമ്പനി മാനേജര്‍മാര്‍ അത്തരം അറിവുകള്‍ നേടുന്നതിനായി ഉദോഗാര്‍ത്ഥികളെ ഗോള്‍ഫ് കോഴ്സ്, ക്ലബ്ബുകള്‍, പബ്ബുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി അവരുടെ മനസ്സുതുറന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മാഡം സ്വന്തം കിടപ്പുമുറിയാണ് അതിനുപയോഗിച്ചിരുന്നത്. ശയനവേളയില്‍ തുറക്കാത്ത മനസ്സുകള്‍ നന്നേ വിരളമാണെന്നാണ് അവരുടെ ഇതുവരെയുള്ള അനുഭവം...

കുതന്ത്രവും അഴിഞ്ഞാട്ടവും തിരിമറിയും മുഖമുദ്രയാക്കിയ ഒരു കഴുത്തറപ്പന്‍ ക്യാപ്പിറ്റലിസ്റ്റായി മാഡത്തിനെ ചിത്രീകരിക്കുന്നത് തീര്‍ത്തും തെറ്റാണ്. സത്യത്തില്‍ ഊര്‍ജ്ജസ്വലരും ആരോഗ്യവാന്‍മാരും ബുദ്ധിമാന്‍മാരും സുന്ദരന്‍മാരും മൌലികചിന്തകരും പ്രതിഭാശാലികളുമായ ആണുങ്ങളെ (അവരുടെ ഭാഷയില്‍ 'ആല്‍ഫാ മേയ്ല്‍സ്') മാഡത്തിന് വളരേ ഇഷ്ടമായിരുന്നു. അവരുമായുള്ള ശാരീരികബന്ധം സഹജമായ ആ ഇഷ്ടത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിട്ടാണ് മാഡം കണ്ടിരുന്നത്.

അദ്ധ്വാനത്തേയും നേട്ടങ്ങളേയും കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഇതുപോലൊരു മേധാവി ഭാരതത്തില്‍ ഇല്ലതന്നെ! ബോണസ് എന്നത് ആ കമ്പനിയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണത്തെ ഏര്‍പ്പാടല്ല - മാസത്തില്‍ രണ്ടു തവണ ബോണസ് കൊടുത്ത ചരിത്രം വരെയുണ്ട്. ഉദ്യോഗസ്ഥര്‍ക്കെല്ലാം വാരിക്കോരി കൊടുക്കുന്നതായിരുന്നു അവരുടെ പതിവ് - അത് വീടുവാങ്ങാനുള്ള അഡ്വാന്‍സ്, കാര്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, പ്ലേ സ്റ്റേഷന്‍, ആഭരണങ്ങള്‍ എന്നിങ്ങനെയുള്ള സമ്മാനങ്ങളുടെ രൂപത്തില്‍ പതിവായി വരാറുണ്ട്.

പ്രണതിയിലെ ഈ പുതിയ നിയമിതനും അവരേപ്പോലെ സമ്മാനങ്ങള്‍ നേടാന്‍ പ്രാപ്തിയുള്ളവന്‍ തന്നെയെന്ന് ചഞ്ചലിനു തീര്‍ച്ചയായിരുന്നു. ഇപ്പോള്‍ രണ്ടാമൂഴവും കഴിഞ്ഞ് തളര്‍ന്നുറങ്ങുകയാണെങ്കിലും അവന്റെ 'ഹൈ എനര്‍ജി ലെവെല്‍ ' മാഡത്തിനു വളരേ ഇഷ്ടപ്പെട്ടു! അവന്‍ അങ്ങനെ ശാന്തമായി ഉറങ്ങുന്നത് കാണാന്‍ പോലും എന്തു രസമാണ്!

പെട്ടന്നാണ് തൊട്ടടുത്ത മുറിയിലെ വാതില്‍ ഇടിച്ചുതുറക്കുന്ന ശബ്ദം കേട്ടത്! കൂടെ ഗൂര്‍ഖ ഗണ്‍പത് സിങ്ങിന്റെ അലര്‍ച്ചയും! അയാള്‍ ആരേയോ പൊതിരെ തല്ലുന്നുണ്ട്! ബഹളം കേട്ട് താഴത്തെ നിലയില്‍നിന്ന് പരിചാരകര്‍ ഓടിവരുന്ന ശബ്ദവും കേള്‍ക്കാം!

ആദ്യമൊന്നു ഞെട്ടിയെങ്കിലും മാഡം പതുക്കെ എഴുന്നേറ്റ് കട്ടിലിനു താഴെ കിടന്നിരുന്ന നൈറ്റി മാത്രമെടുത്തിട്ടു പുറത്തേയ്ക്കു കടന്നു. വാതിലിലൂടെ വന്ന വെളിച്ചം കണ്ട് ഞെട്ടിയുണര്‍ന്ന ആന്റണിയോട് 'സാരമില്ല, അവിടെ കിടന്നോളൂ' എന്ന മട്ടില്‍ ആംഗ്യം കാട്ടി വാതില്‍ മെല്ലെ ചാരിയടച്ചു.

തൊട്ടടുത്ത മുറിയില്‍ ഒരു മുപ്പതുവയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെ ഗണ്‍പത് കഴുത്തിനുപിടിച്ച് മുഖം മേശമേല്‍ അമര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതിക്രമിയുടെ കൈകള്‍ രണ്ടും പിന്നില്‍നിന്നു കെട്ടിയിരുന്നു. മുറി ആകെ അലങ്കോലപ്പെട്ടുകിടക്കുന്നു. ഫൈലിങ്ങ് കാബിനറ്റിലെ പേപ്പറെല്ലാം നാലുപാടും ചിതറിക്കിടക്കുന്നു. മുറിയിലെ രണ്ടു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും തുറന്നുമലര്‍ത്തിയിട്ടിരിക്കുന്നു. രണ്ടിന്റേയും ഹാര്‍ഡ് ഡ്രൈവ് മേശപ്പുറത്ത്. അവന്റെ തുറന്നുകിടന്ന തോള്‍ബാഗില്‍ നിറയേ പേപ്പറുകളും വീട്ടിലെ റൌട്ടറും സെക്യൂരിറ്റി ക്യാമറയുടെ ടേപ്പുകളും കാണാമായിരുന്നു.

"പോലീസിനെ വിളിക്കൂ മേം സാബ്. അവര്‍ വരുന്നതുവരെ ഇവന്‍ അനങ്ങാതെ ഞാന്‍ നോക്കിക്കോളാം, അതുറപ്പ്"

"നോ, മാം, പ്ലീസ് ഡോണ്ട്! ഞാന്‍ സെറെബ്രെക്സില്‍നിന്നാണ്. അമിത്. അമിത് ശ്രീവാസ്തവ്. എന്റെ ഐഡി പോക്കറ്റിലുണ്ട്. നിങ്ങള്‍ പരിശോധിച്ചുനോക്കൂ"

"വാട്ട്!!" ദേഷ്യവും അത്ഭുതവും കലര്‍ന്ന ശബ്ദത്തില്‍ അവര്‍ ചോദിച്ചു.

"മാഡം വിശ്വസിക്കണം. ഞാന്‍ സത്യമാണ് പറയുന്നത്"

കൈയെത്തിച്ച് അവന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് ഐഡി എടുത്തുനോക്കി. ശരിയാണ്. ഇത് സെറെബ്രെക്സിന്റെ ഐഡി തന്നെ. വ്യാജനല്ല.

സെറെബ്രെക്സ് ഇന്റലിജന്‍സ് സൊല്യൂഷന്‍സ്! ഇന്ത്യയിലെ ഏറ്റവും കുഖ്യാതരായ കോര്‍പ്പറേറ്റ് രഹസ്യാന്വേഷണ സ്ഥാപനം! അവര്‍ക്ക് പ്രണതിയുമായി ഏറെക്കാലമായി കരാറുണ്ട്. പ്രതിയോഗികളുടെ ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ മാഡം ഉപയോഗിച്ചിരുന്ന പല ഉപാധികളിലൊന്നാണ് സെറെബ്രെക്സ്.

അവന്റെ കഴുത്തിലെ പിടി വിടാന്‍ മാഡം ഗൂര്‍ഖയോട് ആംഗ്യം കാട്ടി. പൂര്‍ണ്ണമായി നിവര്‍ന്നുനില്ക്കാന്‍ പോലും അവനാകുന്നില്ല. കൂനിയുള്ള ആ നില്പില്‍ അവന്‍ നല്ലപോലെ വിറയ്ക്കുന്നുമുണ്ട്. മാഡം അവനെ കുറച്ചുനേരം സൂക്ഷിച്ചുനോക്കി.

"അതുശരി! അപ്പോള്‍ വന്നുവന്ന് സെറെബ്രെക്സ് എനിക്കെതിരേയും രഹസ്യാന്വേഷണം തുടങ്ങിയല്ലേ. ഇതൊക്കെ നിന്റെ മുതലാളിയുടെ അറിവോടെയാണല്ലോ ചെയ്യുന്നത്?"

"മാഡം!" അവന്‍ അല്പനേരം നിന്നു കിതച്ചു, എന്നിട്ട് തുടര്‍ന്നു -"ചാറ്റര്‍ജി സാറിന് നിങ്ങളേപ്പോലുള്ള വലിയവരുമായി പാര്‍ട്ടി കൂടാനും, കമ്പനിയ്ക്കുവേണ്ടി ഓര്‍ഡര്‍ പിടിക്കാനും, ഞങ്ങളേപ്പോലുള്ളവരുടെ മെക്കിട്ടുകേറി സ്വന്തം ആവശ്യം നടപ്പാക്കാനും മാത്രമേ താല്‍പര്യമുള്ളൂ. ഞങ്ങളേപ്പോലുള്ളവര്‍ എങ്ങനെയാണ് വിവരങ്ങള്‍ സംഘടിപ്പിച്ചെടുക്കുന്നത് എന്നൊന്നും പുള്ളിക്കറിയണ്ടാ..."

"ഓഹോ, അപ്പോള്‍ എന്റെ വീട്ടില്‍ അതിക്രമിച്ചുകയറാനും ഇവിടെനിന്നും രേഖകള്‍ മോഷ്ടിക്കാനുമുള്ള തീരുമാനം തന്റെ സ്വന്തമായിരുന്നുവല്ലേ."

"വളരേ അപൂര്‍വ്വമായി മാത്രമേ ഞങ്ങളുടെ അന്വേഷകര്‍ നേരിട്ട് മോഷണത്തിനിറങ്ങാറുള്ളൂ, മാഡം. ഞാന്‍ ശ്രമിച്ച മറ്റെല്ലാ വഴികളും വിഫലമായതിനാലാണ് ഇതു ചെയ്യേണ്ടിവന്നത്. മൂന്നു മാസത്തെ സമയമായിരുന്നു ചാറ്റര്‍ജി സര്‍ എനിക്കു തന്നിരുന്നത്. മൂന്നുദിവസത്തിനകം അതു തീരും. എനിക്കുവേറെ വഴിയില്ലായിരുന്നു."

"അതുകൊള്ളാമല്ലോ. മറ്റെന്തെല്ലാം വഴികളാണ് നോക്കിയത്, കേള്‍ക്കട്ടെ"

അയാള്‍ മിണ്ടിയില്ല.

"ഞാന്‍ ഗണ്‍പതിനേക്കൊണ്ട് ചോദിപ്പിക്കട്ടെ?"

"മാഡം എന്തിനാണ് ചൊടിക്കുന്നത്? നിങ്ങളും ഞങ്ങളേക്കൊണ്ട് മറ്റുകമ്പനികളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുപ്പിച്ചിട്ടില്ലേ? അതെങ്ങനെയാണെന്ന് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? സ്വന്തം കാര്യം വന്നപ്പോള്‍ എന്താണിത്ര താല്പര്യം? മാഡം ഒരു കാര്യം അറിയണം. എല്ലാ രഹസ്യങ്ങളും പണം കൊണ്ടുമാത്രം കിട്ടുന്നതല്ല. ചില രഹസ്യങ്ങള്‍ കിട്ടാന്‍ രഹസ്യങ്ങള്‍ തന്നെ കൊടുക്കണം. ഈ ബാര്‍ട്ടര്‍ ഇടപാടില്‍ ഒട്ടും സഹകരിക്കാത്ത ക്ലയന്റ് മാഡം മാത്രമേയുള്ളു. "

"മൈ സീക്രട്ട്സ് ആര്‍ നോട്ട് ഫോര്‍ ട്രേഡ്, ബഡ്ഡി. അതുപോട്ടെ. എന്റെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഏതെല്ലാം വഴികളിലൂടെയാണ് നിങ്ങള്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്?"

ഒരു മിനിറ്റുനേരം അവന്‍ തലകുനിച്ച് മിണ്ടാതെയിരുന്നു.

"ഡോണ്ട് ബി അഫ്രെയ്ഡ്. ഐ വില്‍ ടേക്ക് കെയര്‍ ഓഫ് യു. നിനക്കെന്നെ വിശ്വസിക്കാം" - മാഡം ഒന്നുകൂടി പ്രേരിപ്പിച്ചു.

"നിങ്ങളുടെ ആളുകളെ വിലയ്ക്കെടുക്കാനാവില്ലെന്നത് മാര്‍ക്കറ്റില്‍ പ്രസിദ്ധമാണ്. ഇതുപോലെ ഉന്നതങ്ങളില്‍ സ്വാധീനമുള്ള സ്ഥാപനത്തിന്റെ ഓഫീസര്‍മാരെ ഭീഷണീപ്പെടുത്തിയോ ബ്ലാക്ക്മെയില്‍ ചെയ്തോ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നത് അപകടമാണെന്നും ഞങ്ങള്‍ക്കറിയാം. തന്ത്രത്തിലൂടെ മാത്രമേ നിങ്ങളുടെ രേഖകള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയൂ. തുടക്കത്തിലേ ഒരുകാര്യം മനസ്സിലായി - പേപ്പര്‍ റെക്കോര്‍ഡുകളെല്ലാം മാഡം വീട്ടില്‍ മാത്രമാണ് സൂക്ഷിക്കാറ് എന്ന്. രണ്ടുമാസക്കാലം നിങ്ങള്‍ ഓഫീസില്‍നിന്നും വീട്ടില്‍നിന്നും പുറത്തുകളയുന്ന കടലാസുകളെല്ലാം പരതിനോക്കി. അതില്‍നിന്നൊന്നും ഒരു തുമ്പും കിട്ടിയില്ല..."

"ഹും, എന്നിട്ട്?"

"നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യാനായിരുന്നു അടുത്ത ശ്രമം. പക്ഷേ നിങ്ങളുടെ ഉദ്യോഗസ്ഥര്‍ വളരേ സമര്‍ത്ഥരായിരുന്നു. മാക്ബുക്കുകള്‍ വളരേ സുരക്ഷിതമായാണ് അവര്‍ ഉപയോഗിച്ചിരുന്നത്. എല്ലാവരും വളരേ ലോ പ്രിവിലേജ് ഉള്ള ലോക്കല്‍ അക്കൌണ്ടുകള്‍ അതിനായി സെറ്റപ്പ് ചെയ്തിരുന്നു. അതുകൊണ്ട് ദുഷ്ട പ്രോഗ്രാമുകളൊന്നും അതില്‍ ഇന്‍സ്റ്റാള്‍ കഴിഞ്ഞില്ല. സെര്‍വറുകളെല്ലാം നിങ്ങള്‍ സ്വന്തം ഓഫീസില്‍ ഇന്റേണല്‍ നെറ്റ്‌വര്‍ക്കിലൂടെ മാത്രം ആക്സസ് ചെയ്യാവുന്ന തരത്തിലാണ് ക്രമീകരിച്ചിരുന്നത്. ഒരു തേര്‍ഡ് പാര്‍ട്ടി ഡാറ്റാസെന്ററിലായിരുന്നെങ്കില്‍ ഒന്നു ശ്രമിച്ചു നോക്കുമായിരുന്നു. ഓഫീസ് നെറ്റ്‌വര്‍ക്കില്‍ വയര്‍ലെസ്സ് ആക്സസ് ഇല്ലാത്തതുകൊണ്ട് നെറ്റ്‌വര്‍ക്ക് ലെവലിലും ഹാക്ക് ചെയ്യാന്‍ കഴിഞ്ഞില്ല"

"ഹും...."

"വലിയ കമ്പനികളിലാണെങ്കില്‍ നുഴഞ്ഞു കയറി രഹസ്യങ്ങള്‍ ചോര്‍ത്താമായിരുന്നു. പക്ഷേ നിങ്ങളുടെ ഓഫീസില്‍ വളരേക്കുറച്ചുപേരേയുള്ളൂ. സെക്യൂരിറ്റിക്കാര്‍ക്ക് എല്ലാവരേയും പേരുവെച്ച് അറിയാം. അതുകൊണ്ട് ആ പരിപാടിയും പൊളിഞ്ഞു. പിന്നെ ശ്രമിച്ചത് നിങ്ങളുടെ ഓഫീസര്‍മാര്‍ പൊതുസ്ഥലങ്ങളില്‍നിന്ന് വിപിഎന്‍ വഴി ഓഫീസ് നെറ്റ്‌വര്‍ക്കില്‍ കടക്കാറുണ്ടോയെന്നാണ് - അങ്ങനെയെങ്കില്‍ അത് ഹാക്ക് ചെയ്യാമായിരുന്നു. പക്ഷേ നിങ്ങള്‍ക്ക് വിപിഎന്‍ ഇല്ലെന്നുമാത്രമല്ല, ഓഫീസിനു പുറത്തുനിന്ന് ജോലി ചെയ്യാന്‍ ആര്‍ക്കും അനുവാദം പോലുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി"

"ഹും...കൊള്ളാം"

"കുറച്ചുകാലം ഓഫീസര്‍മാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ ഉപയോഗിക്കുന്ന ലുപ്തനാമങ്ങളുടെ (acronyms) പൂര്‍ണ്ണരൂപമെന്തെന്നറിയാത്തതുകൊണ്ട് അതില്‍നിന്ന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. ആകെയൊരു ഗുണമുണ്ടായത് ചിലരുടെ സംസാര രീതികളും ശബ്ദവും മനസ്സിലാക്കാനായി എന്നതാണ്. അതുതന്നെ വലിയൊരു നേട്ടമാണ്. ഞങ്ങളുടെ ടീമില്‍ മിടുക്കന്‍മാരായ മിമിക്രിക്കാരുണ്ട്. ടെലിഫോണിലൂടെ ശബ്ദാനുകരണം നടത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ അവര്‍ക്ക് ചില ശബ്ദസാമ്പിളുകള്‍ മാത്രം മതി. പക്ഷേ നിങ്ങളുടെ ഓഫീസില്‍ എല്ലാവര്‍ക്കും തമ്മില്‍ത്തമ്മില്‍ വളരേ ഗാഢമായ വ്യക്തിബന്ധമുണ്ട്. ഒരു നിമിഷം കൊണ്ട് അവര്‍ ഫ്രോഡുകളെ മനസ്സിലാക്കും"

"അണ്‍ബിലീവബ്ള്‍..." തലയാട്ടിക്കൊണ്ട് മാഡം പറഞ്ഞു.

"ഒന്നുരണ്ടു തവണ ഞങ്ങള്‍ സിബിഐ ഓഫീസ്, കസ്റ്റംസ്, ഇന്‍കം ടാക്സ് എന്നീ ഓഫീസുകളില്‍ക്കൂടി വഴിതിരിച്ച ഇമെയിലും ഫോണും വഴി വിവരങ്ങള്‍ ചോര്‍ത്താന്‍ നോക്കി. നിങ്ങളുടെ സ്റ്റാഫ് അതിനൊക്കെ പുല്ലുവില കൊടുത്തില്ല..."

"അങ്ങനെയാരു വിളിച്ചാലും നിന്റെ മുകളിലിരിക്കുന്ന നിന്റെ അപ്പനോടു ചോദിക്കാനാണ് ഞങ്ങള്‍ പറയാറ്..." ചഞ്ചല്‍ ഇടയ്ക്കുകയറി പറഞ്ഞു.

"കുറച്ചു വാടകഗുണ്ടകളേയും കൂട്ടി ഒരു റെയ്ഡ് നടത്തിയാലോയെന്ന് ആലോചിച്ചു. പിന്നീടു പിടികൂടിയാലും ചോര്‍ത്തേണ്ട വിവരങ്ങള്‍ ഞങ്ങള്‍ ചോര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞാല്‍ ഞങ്ങളേ സംബന്ധിച്ചിടത്തോളം അതൊരു വിജയമാണല്ലോ. പക്ഷേ അങ്ങനെ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നത് ജീവന് ആപത്താണെന്ന ഉപദേശമാണ് ചില അധികാരകേന്ദ്രങ്ങളില്‍നിന്ന് ഞങ്ങള്‍ക്കു കിട്ടിയത്"

"അങ്ങനെയാണ് എന്റെ വീട്ടില്‍ ഇടിച്ചുകയറാമെന്ന് തീരുമാനിച്ചത്, അല്ലേ?"

"പിന്നേയും പല തന്ത്രങ്ങളും പരീക്ഷിച്ചു. ഇതിനിടയ്ക്കാണ് നിങ്ങളുടെ വീടും വീടിനുചുറ്റുമുള്ള വയര്‍ലെസ്സ് ക്യാമറ മോണിറ്ററിങ്ങ് സിസ്റ്റം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതെനിക്കൊരു കച്ചിത്തുരുമ്പായി. ക്യാമറയില്‍നിന്ന് കണ്‍സോളിലേയ്ക്കു പോകുന്ന സിഗ്നല്‍ എന്‍ക്രിപ്റ്റ് ചെയ്തതല്ലെന്ന് ഞാന്‍ കണ്ടുപിടിച്ചു. അതിലൂടെ ഞാന്‍ മോണിറ്ററിങ്ങ് കണ്‍സോള്‍ ഹാക്ക് ചെയ്തു. നിങ്ങള്‍ക്കറിയുമോയെന്നറിയില്ല, നിങ്ങളുടെ സെക്യൂരിറ്റി കണ്‍സോള്‍ വെറുമൊരു ലിനക്സ് കമ്പ്യൂട്ടറാണ്. ഹാക്ക് ചെയ്തതോടെ നിങ്ങളുടെ എട്ടു ക്യാമറകളുടേയും ദൃശ്യങ്ങള്‍ എന്റെ ഓഫീസിലിരുന്ന് എനിക്ക് നിരീക്ഷിക്കാവുന്ന പരുവത്തിനുള്ള ഒരു സെറ്റപ്പ് ഞാനൊരുക്കി. അങ്ങനെയാണ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന മുറി ഇതുതന്നെയായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചത്."

"അതെങ്ങനെ? വീടിന്റെ അകത്തേയ്ക്കുനോക്കുന്ന ക്യാമറകളൊന്നും ഇല്ലല്ലോ?"

"ഊഹിച്ചത്, എന്നല്ലേ പറഞ്ഞത്? അതിനുള്ള സൂചനകളൊക്കെ എനിക്കു മനസ്സിലാകും..."

"ഹും‌...കൊള്ളാം...അപ്പോള്‍ ഇനിയെന്തു ചെയ്യും? ഞാന്‍ നിന്നെ തൊണ്ടി സഹിതം ചാറ്റര്‍ജിയുടെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയാല്‍ നിന്റെ ജോലി ഗോപിയാകും. അയാളുടെ രഹസ്യാന്വേഷണ രീതികളൊക്കെ പരസ്യമായെന്നറിഞ്ഞാല്‍ അയാള്‍ക്ക് കമ്പനി പൂട്ടി പോകേണ്ടിയും വരും. ഞാനതു ചെയ്യട്ടേ, അമിത്?"

"ഞങ്ങള്‍ ഉപയോഗിക്കുന്ന ടെക്നിക്കുകളുടെ പത്തുശതമാനം പോലും ഞാന്‍ വെളിപ്പെടുത്തിയിട്ടില്ല. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്യൂ മാഡം. വി ആര്‍ സ്മാര്‍ട്ട് പീപ്പ്ള്‍. ഞങ്ങളുടെ സേവനത്തിന് ആവശ്യക്കാര്‍ ഏറെയുണ്ട്. അങ്ങനെയൊന്നും ഞങ്ങളാരും കുത്തുപാളയെടുക്കാന്‍ പോകുന്നില്ല."

"ഓകെ. ഐ ഗെറ്റ് ദാറ്റ്. ഗണ്‍പത് ഇയാളെ വെറുതേ വിട്ടേക്കൂ. പക്ഷേ പോകുന്നതിനുമുമ്പ് ഒരു കാര്യം ചെയ്യണം. ഇയാളിട്ടിരിക്കുന്ന ഷര്‍ട്ട്, ജീന്‍സ്, ഷൂ, കണ്ണട, വാച്ച്, ഇയാളുടെ കൈവശമുള്ള പേഴ്സ്, മൊബൈല്‍, പെന്‍ ഡ്രൈവ് തുടങ്ങി ഇയാളില്‍നിന്ന് എടുത്തുമാറ്റാവുന്ന എല്ലാം മാറ്റണം. നമ്മള്‍ കൊടുക്കുന്ന ഷര്‍ട്ടും പാന്റും ഷൂവുമിട്ട് വെറും കയ്യോടെ മാത്രമേ ഇയാള്‍ വെളിയില്‍ പോകാവൂ"

"നോ മാഡം, നോ!!" അവന്‍ അലറി "എന്നോട് അതു ചെയ്യരുത് മാഡം. എന്റെ ജീവന്‍ പോലും അപകടത്തിലാകും!!!"

"ഓഹോ! അതെന്തുകൊണ്ട്?" ചെറിയൊരു അമ്പരപ്പുണ്ടായെങ്കിലും വളരേ സൌമ്യമായി മാഡം ചോദിച്ചു.

"മാഡം.......മാഡം...." എന്തുപറയണമെന്നറിയാതെ അവന്‍ കുഴങ്ങി. "മാഡം എന്റെ കൈവശം മറ്റുചില സ്ഥാപനങ്ങളിലെ രഹസ്യരേഖകളുണ്ട്. ഐ ഹാവ് നോട് ലേയേര്‍ഡ് ആന്റ് ഒബ്സ്ക്യൂര്‍ഡ് ദ ഇന്‍ഫോര്‍മേഷന്‍ യെറ്റ്. ഇപ്പോഴുള്ള രൂപത്തില്‍ ആ രേഖകള്‍ കണ്ടാല്‍ ഞാനും എന്റെ കൂട്ടാളികളും കുടുങ്ങും. വേണ്ട, മാഡം."

"ആന്റ് വൈ ഡു യു തിങ്ക് ഐ വില്‍ നോട്ട് ബി ഇന്ററസ്റ്റഡ് ഇന്‍ ദാറ്റ് കൈന്റ് ഓഫ് ഇന്‍ഫോര്‍മേഷന്‍?"

"മാഡം നിങ്ങളുടെ എല്ലാ രേഖകളും ഞാന്‍ തുടച്ചുമാറ്റാം. നിങ്ങളേപ്പറ്റി ഞാന്‍ സ്വരൂപിച്ച ഒറ്റ വിവരവും ഒരാളും അറിയാതെ ഞാന്‍ നശിപ്പിക്കാം. പ്ലീസ്.... ഡു നോട്ട് കോണ്‍ഫിസ്കേറ്റ് മൈ ബിലോങ്ങിങ്സ്. അതിലുള്ള വിവരങ്ങള്‍ കൈവിട്ടു പോകാന്‍ പാടില്ല!" അവന്‍ കരച്ചിലിന്റെ വക്കോളമെത്തി.

ചഞ്ചല്‍ ഇടികൊണ്ടു കരുവാളിച്ച അവന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. പിന്നെ സാവധാനം നടന്നടുത്ത് സ്വന്തം കൈമുട്ടുകള്‍ അവന്റെ തോളിലിട്ട് അവനോടു ചേര്‍ന്നുനിന്നു. സുതാര്യമായ നൈറ്റിയിലൂടെ മറഞ്ഞു കാണുന്ന അവളുടെ ശരീരവടിവ്, ആ നീറുന്ന വേദനയിലും അവനെ പ്രണയപരവശനാക്കുന്നുവെന്ന് അവള്‍ കൌതുകത്തോടെ മനസ്സിലാക്കി.

"ലെറ്റ് അസ് മേക്ക് ഏ ഡീല്‍ ദെന്‍, ഡാര്‍ലിങ്ങ്! നീ പ്രണതിയില്‍ ജോയിന്‍ ചെയ്യൂ. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആര്‍ക്കിട്ടെക്റ്റ് ആയി. യു നോ ഐ പേ റിയലി വെല്‍. നിനക്കെത്ര ശംബളം വേണമെന്നു പറയുക, ഞാന്‍ തന്നിരിക്കും. എന്നോട് നൂറുശതമാനം കൂറുണ്ടായിരിക്കണം. അതുമാത്രമേ എനിക്കാവശ്യമുള്ളൂ. എന്റെകൂടെ നിന്നാല്‍ നിന്നെ കൊല്ലുന്നതുപോയിട്ട് നിന്റെ രോമത്തില്‍ തൊടാന്‍ പോലും ഒരാളും ധൈര്യപ്പെടില്ല."

അവന്റെ കണ്ണുകള്‍ പെട്ടന്നു വിടര്‍ന്നു. സന്തോഷംകൊണ്ട് എന്തുപറയണമെന്നറിയാതെ അവന്‍ പതറി. "ഷുവര്‍ മാഡം! ഐ ആം പ്രിവിലെജ്ഡ്. ഐ ആം സോ ഹാപ്പി. താങ്ക്സ്. താങ്ക്സ് വെരി മച്ച് ഇന്‍ഡീഡ്!!!"

അവള്‍ അവനെ ഇറുകിപ്പുണര്‍ന്ന അവന്റെ ചുണ്ടുകളില്‍ ഏറെനേരം അമര്‍ത്തിച്ചുംബിച്ചു. പരിചാരകവൃന്ദം ഉടനേ അവിടന്ന് അപ്രത്യക്ഷരായി.

പത്തുമിനിറ്റിനുള്ളില്‍ പുതിയ പാന്റും ഷര്‍ട്ടും ഷൂവുമിട്ട് മാഡം കൊടുത്ത പുതിയ ഐ-ഫോണുമായി അമിത് തയ്യാറായി.

"ഓകെ ഹാന്‍സം! നമുക്ക് നാളെ എന്റെ ഓഫീസില്‍ വെച്ച് കാണാം". വശ്യമായ ഒരു പുഞ്ചിരിയോടെ ചഞ്ചല്‍ അവനെ യാത്രയാക്കി.

ഇവന്‍ മിടുക്കനാണ്. ബുദ്ധിമാനായ കള്ളന്‍. ഓടിനടന്നു കക്കാതെ ഇരുന്നിടത്തുനിന്നു കക്കാന്‍ കഴിവുള്ളവന്‍. കളവിന്റെ എല്ലാ പഴുതുകളുമടച്ച് മറ്റു കള്ളന്‍മാരില്‍നിന്ന് പ്രണതിയെ സംരക്ഷിക്കാന്‍ കഴിയുന്നവന്‍. ഇവനെ എപ്പോഴും കൂടെ നിറുത്തണം - മാഡം മനസ്സിലുറപ്പിച്ചു.

"അമിത്!!" പെട്ടന്ന് എന്തോ ഓര്‍മ്മവന്നപോലെ മാഡം അവനെ പിന്നില്‍നിന്ന് ഉറക്കെ വിളിച്ചു. അവന്‍ തിരികെ നടന്ന് മാഡത്തിന്റെ മുന്‍പില്‍ വന്നു നിന്നു.

അവനെ ഒന്നുകൂടി ആലിംഗനം ചെയ്തുകൊണ്ട് അവള്‍ ചെവിയില്‍ മന്ത്രിച്ചു : "സെറെബ്രെക്സില്‍ ധാരാളം കമ്പനികളേപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ ഉണ്ടാകും, അല്ലേ? നമുക്ക് സെറെബ്രെക്സിനെ ഒന്ന് ഹാക്ക് ചെയ്താലോ?"

**********************************

(ഈ കഥാപരമ്പര അവസാനിച്ചു)

Tuesday, October 29, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (നാല്)

4. ശോലാ

"ഹരാംസാദേ, തേരി ഹിമ്മത് കൈസേ ഹുയി? ദുശ്മനി, ഔര്‍ മുജ്സേ?..."

കഠാരി കയ്യില്‍ മുറുകെപ്പിടിച്ച് അലറിക്കൊണ്ട് ദീദി ഓടിയടുത്തു. മരത്തില്‍ ബന്ധനസ്ഥനായിരുന്ന ഇര "മാഫ്.." എന്ന് പറഞ്ഞുതീരുന്നതിനുമുമ്പ് ഒന്നരയടി നീളമുള്ള ഈര്‍ച്ചക്കഠാരി അവന്റെ കടവയറ്റില്‍ കുത്തിക്കയറിക്കഴിഞ്ഞിരുന്നു. ഒരു ഞൊടി നേരത്തേയ്ക്ക് ഇരയുടെ കണ്ണുകളിലേയ്ക്ക് പൈശാചികമായ ഒരു നോട്ടം. പിന്നെ നെഞ്ചിന്റെ ദിശയിലേയ്ക്ക് കത്തി ഒറ്റവലി. വയറുപിളര്‍ന്ന് ഇരയുടെ ആന്തരികാവയവങ്ങളെല്ലാം പുറത്ത്. രണ്ടേ രണ്ടു പിടച്ചില്‍, അത്രതന്നെ.

പക്ഷേ അതുകൊണ്ടൊന്നും അടങ്ങുന്നതായിരുന്നില്ല, ദീദിയുടെ കലി. തൊട്ടടുത്തുള്ള മരങ്ങളില്‍ വരിഞ്ഞുകെട്ടപ്പെട്ട മൂന്നു മനുഷ്യദേഹങ്ങള്‍കൂടിയുണ്ടായിരുന്നു....

"പാനി ലാ ബേ!" ആറു മിനിറ്റുനേരത്തെ സംഹാരതാണ്ഡവത്തിനുശേഷം എങ്ങോട്ടെന്നില്ലാതെ ആ കത്തി വലിച്ചെറിഞ്ഞുകൊണ്ട് അവര്‍ കല്പിച്ചു. അംഗരക്ഷകരിലൊരാള്‍ ഉടനേ ജീപ്പിലിരുന്ന ക്യാനിസ്റ്റര്‍ കൊണ്ടുവന്ന് അതിലെ വെള്ളം ചോരയില്‍ മുങ്ങിയ കൈകളിലേക്കൊഴിച്ചു.

"ഔര്‍ സുന്‍! ഈ നാലു ശവങ്ങളും പട്ടണത്തിലെ മുനിസിപ്പല്‍ ഓഫീസിനു മുന്‍പില്‍ തട്ടിയേക്കണം. ഈ ശോലായോടേറ്റുമുട്ടുന്നതിന്റെ അനന്തരഫലം എന്താണെന്ന് ഇവരെ അയച്ചവര്‍ അറിയട്ടെ! സരേ ആം മാരൂംഗി മേ! ഒറ്റയൊരുത്തനും എന്നെ തൊടില്ല! ത്ഫൂ!"

ചവിട്ടിക്കുലുക്കിക്കൊണ്ട് അവര്‍ സ്വന്തം ജീപ്പിനകത്തുകയറി ഓടിച്ചുപോയി. അനുചരന്‍മാര്‍ അതുവരെ കണ്ട കാഴ്ച ഉള്‍ക്കൊള്ളാനാകാതെ പരിഭ്രാന്തരായി അവിടെത്തന്നെ നിന്നു. അല്പനേരത്തിനുശേഷം അവര്‍ മൃതദേഹങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി ഒരു ഡംപ് ട്രക്കിലേയ്ക്ക് എറിഞ്ഞിട്ടു....

ഇതാണ് ശോലാ ദീദി. അല്ല സുചിത്ര മഹാപത്ര. ശാന്തിപുര്‍ പ്രദേശത്തെ ഏറ്റവും ശക്തയായ വ്യക്തി. ആള്‍ബലം കൊണ്ടും അധികാരബലം കൊണ്ടും സ്വഭാവശക്തികൊണ്ടും ധനശേഷികൊണ്ടും എല്ലാവരേയും എല്ലാത്തിനേയും ചൊല്‍പ്പടിക്കുനിര്‍ത്തുന്ന ഉഗ്രപ്രതാപി.

ദീദി, പക്ഷേ എന്നും ഇങ്ങനെയായിരുന്നില്ല. തീര്‍ത്തും സാധാരണക്കാരും അതീവ ദൈവഭക്തരുമായ കുടുംബത്തിലാണ് അവള്‍ ജനിച്ചുവളര്‍ന്നത്. ചെറുപ്പത്തില്‍ ഏറെ വിനയവും അച്ചടക്കവുമുള്ള കുട്ടിതന്നെയായിരുന്നു അവള്‍. പക്ഷേ അവളുടെ ചിന്തകളെ മൊത്തത്തില്‍ മാറ്റിമറിച്ച രണ്ടു സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായി.

ആദ്യത്തേത് അവള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. വര്‍ഷങ്ങളായി സ്കൂളിലെ ഏറ്റവും മികച്ച പ്രഭാഷകയായിരുന്നു അവള്‍. അക്കൊല്ലത്തെ സ്കൂള്‍ യുവജനോല്‍സവത്തിന് തീവ്ര ഇടതുപക്ഷ ആശയങ്ങളുള്‍ക്കൊള്ളുന്ന, ശ്രോതാക്കളുടെ ചോരതിളപ്പിക്കുന്ന ഒരു നെടുങ്കന്‍ പ്രസംഗമായിരുന്നു അവള്‍ കാഴ്ചവെച്ചത്. അത്തരമൊരു ആശയം എവിടെനിന്നു കിട്ടിയെന്നോ, ആരാണ് അല്ലെങ്കില്‍ എന്താണ് അതിനു പ്രചോദനമായത് എന്നോ ഇന്നുവരെ ആര്‍ക്കും അറിയില്ല.കൃത്യമായി സ്കൂളില്‍ വരികയും കൃത്യസമയത്ത് വീട്ടിലെത്തുകയും ചെയ്തിരുന്ന കുട്ടി പുറമേനിന്നുള്ള സ്വാധീനം കൊണ്ടായിരിക്കില്ല എന്നു മാതാപിതാക്കളും സ്കൂളില്‍ അത്തരത്തിലൊരു പ്രഭാവം ചെലുത്താന്‍ പോന്ന അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ ഇല്ലെന്ന് സ്കൂള്‍ അധികൃതരും വിശ്വസിച്ചുപോന്നു. ആവേശം കൊള്ളിക്കുന്ന രീതിയില്‍ പതിവായി സംസാരിക്കുമെന്നതൊഴിച്ചാല്‍ സ്കൂളില്‍ മറ്റൊരു കുഴപ്പവും അവള്‍ ഉണ്ടാക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്കൂള്‍ അധികൃതര്‍ക്ക് അവളെ പിരിച്ചുവിടാന്‍ കഴിയാതെ വന്നു. പന്ത്രണ്ടാം ക്ലാസ്സിനുശേഷം അവള്‍ സ്കൂള്‍ വിട്ടപ്പോള്‍ അദ്ധ്യാപകരെല്ലാം രഹസ്യമായി മധുരം വിതരണം ചെയ്ത് ആഘോഷിച്ചിരുന്നുവെന്നൊക്കെയാണ് കഥ.

കോളേജില്‍ ചേര്‍ന്നതിനുശേഷമാണ് അവള്‍ ഒരു തെരുവുപോരാളിയായത്. പലപ്പോഴും എതിര്‍കക്ഷികളിലെ വിദ്യാര്‍ത്ഥികളുമായും പോലീസുമായും അവള്‍ ആവേശപൂര്‍വ്വം പോരാടി. പല തവണ അടിയും തൊഴിയും കൊണ്ടു, അറസ്റ്റിലായി. അസഭ്യം പറയുന്നതും കേള്‍ക്കുന്നതും സര്‍വ്വസാധാരണമായി. സ്വന്തം വീടുവിട്ട് ചേരികളില്‍ ദരിദ്രര്‍ക്കൊപ്പം താമസം തുടങ്ങി. കോളേജ് വിട്ടാല്‍ അവരുടെകൂടെ കൂലിപ്പണിക്കു പോകുന്നത് പതിവാക്കി. മധുരമായി ഭജന്‍ പാടുമായിരുന്ന അവളുടെ ശബ്ദം കനത്തു പരുക്കനായി. ഇതിനിടെ ചേരിനിവാസികളെ സംഘടിതരാക്കുകയും അവരുടെ നേതൃത്വം നേടുകയും ചെയ്തതോടെ ആരുടേയും അധികാരത്തെ മാനിക്കാത്ത ഒരു കലാപകാരിയായി, അവള്‍. അങ്ങനെയാണ് അവള്‍ക്ക് "ശോലാ"എന്ന പേരു വീണത്.

രണ്ടാമത്തെ ആഘാതം ഏറ്റത് അവള്‍ക്ക് ഇരുപത്തിയാറു വയസ്സുള്ളപ്പോഴായിരുന്നു. അക്കാലത്ത് അവര്‍ ആ പ്രദേശത്തെ ഒരു ഫാക്റ്ററിയിലെ യൂണിയന്‍ നേതാവായിരുന്നു. ഫാക്റ്ററിയിലെ തൊഴിലന്തരീക്ഷം വളരേ അപായകരമായിരുന്നു. ഏതാണ്ട് നിത്യേനയെന്നോണം അവിടെ അപകടങ്ങള്‍ നടന്നിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യൂണിയന്‍ പല തവണ മാനേജ്മെന്റിനോടാവശ്യപ്പെട്ടെങ്കിലും വിശേഷിച്ച് നടപടികളൊന്നുമുണ്ടായില്ല. അങ്ങനെയിരിക്കെ ഒരേ ദിവസം രണ്ടിടങ്ങളില്‍ ഷോക്കേറ്റും ബോയിലര്‍ ചോര്‍ന്നും രണ്ടു തൊഴിലാളികള്‍ മരിച്ചു. ഇതിനെതിരെ അവള്‍ ഫാക്റ്ററിയില്‍ പണിമുടക്കു പ്രഖ്യാപിച്ചു. മാനേജ്മെന്റിന്റേയും രാഷ്ട്രീയക്കാരുടേയും പോലീസിന്റേയും ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും ഫാക്റ്ററിയിലെ സുരക്ഷിതത്വം ഉറപ്പാകുംവരെ സമരം തുടരുമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.

ഒരു മാസം തികയുന്നതിനുമുന്‍പ് തൊഴിലാളികളുടെ കുടിലുകളില്‍ പട്ടിണി പരന്നുതുടങ്ങി. അപ്പോള്‍ മാനേജ്മെന്റ് ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. എല്ലാവരും നിരുപാധികം ജോലിക്കുകയറിയാല്‍ പത്തുശതമാനം ശംബളവര്‍ദ്ധനയെന്നതായിരുന്നു ആ വാഗ്ദാനം. ശോലാ ആ ഓഫര്‍ കേട്ടപാടെ നിരസിച്ചു. തൊഴിലാളിയുടെ ജീവനേക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ലെന്ന് അവള്‍ ഗര്‍ജ്ജിച്ചു.

തൊഴിലാളികള്‍, പക്ഷേ മറിച്ചാണ് ചിന്തിച്ചത്. പത്തുശതമാനമെന്നത് അവര്‍ക്ക് അവഗണിക്കാനാകാത്ത തുകയായിരുന്നു. ശോലായോട് നേരിട്ട് എതിര്‍പ്പറിയിക്കാതെതന്നെ രണ്ടുദിവസത്തിനകം എണ്‍പത്തിയേഴു ശതമാനം പേരും കരാറൊപ്പിട്ട് ജോലിയില്‍ കയറി! ഉത്തമവിശ്വാസത്തോടെ അതുവരെ താനുമായി ചര്‍ച്ചകളിലേര്‍പ്പെട്ടിരുന്ന മാനേജ്മെന്റും ചോരയൊഴുക്കി താന്‍ സംരക്ഷിച്ചിരുന്ന തൊഴിലാളികളും സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കാനുള്ള ഒരു ഉപകരണം മാത്രമായാണ് തന്നെ കാണുന്നതെന്ന പൊള്ളുന്ന സത്യം ശോലാ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. അത് അവളുടെ ജീവിതവീക്ഷണത്തെ പാടേ മാറ്റിമറിച്ചു.

അങ്ങനെയൊരു ചതി ആ ദരിദ്രര്‍ ചെയ്തുവെങ്കിലും ശോലായെ അവര്‍ക്ക് കൈ വിടാന്‍ സാധിക്കുമായിരുന്നില്ല. അവളില്ലാതായാല്‍ സംഘടനയുമില്ല, അവകാശങ്ങളുമില്ലെന്ന സത്യം അവര്‍ക്ക് പൂര്‍ണ്ണമായും ബോദ്ധ്യമായിരുന്നു. ആ ഒരു കച്ചിത്തുരുമ്പില്‍ പിടിച്ചാണ് തൊട്ടടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ അവള്‍ മല്‍സരിച്ചു വിജയിച്ചത്. അവിടന്നങ്ങോട്ട് ആര്‍ക്കും അവഗണിക്കാനാവാത്ത വന്‍ ശക്തിയായി അവള്‍ വളര്‍ന്നു.

എംഎല്‍എ ആയതിനുശേഷം അവള്‍ ആദ്യം ചെയ്തത് ഫാക്റ്ററി യൂണിയന് ശക്തമായ ഒരു ഫണ്ട് രൂപീകരിക്കുക എന്നതായിരുന്നു. അവള്‍ സംഭാവന ചോദിച്ചുചെന്ന വന്‍ പണച്ചാക്കുകളെല്ലാം അവള്‍ക്ക് ധാരാളം പണം നല്‍കി. പകരം അവള്‍ അവര്‍ക്കുവേണ്ടി പല വഴിവിട്ട സഹായങ്ങളും ചെയ്തുകൊടുത്തു. ഫാക്റ്ററിയിലെ എല്ലാ തൊഴിലാളികളുടേയും കുടുംബങ്ങളുടെ മൂന്നുവര്‍ഷത്തെ അടിസ്ഥാന ചിലവുകള്‍ നടത്താന്‍ കഴിയുന്നത്ര പണം അവള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വരൂപിച്ചു. മേലില്‍ അവള്‍ സമരം പ്രഖ്യാപിച്ചാല്‍ പൊളിക്കാന്‍ സാധിക്കില്ലെന്നു മനസ്സിലായതോടെ ആ ഫാക്റ്ററി മാനേജ്മെന്റ് അവളുടെ ചൊല്‍പ്പടിയിലായി. ക്രമേണ അവളുടെ യൂണിയന്‍ മറ്റു വ്യവസായമേഖലകളിലേയ്ക്കു വ്യാപിച്ചു. സംസ്ഥാനത്തെ ഏറ്റവും ശക്തവും സമരാസക്തവുമായ സംഘടനയായി അത്. സമരങ്ങള്‍ പ്രഖ്യാപിച്ചും, മുതലാളിമാരില്‍നിന്ന് പണം ഈടാക്കി ഒത്തുതീര്‍പ്പാക്കിയും തൊഴിലാളികള്‍ക്ക് ചില്ലറ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുത്തും അവള്‍ സംസ്ഥാനത്തെ അനിഷേദ്ധ്യശക്തിയായി. "ദീദി"യായി.

ഇന്ന് ശോലാ ദീദി ദേശീയതലത്തിലുള്ള ഒരു നേതാവെന്നതിലുപരി ആയിരത്തി എഴുന്നൂറിലേറെ ഏക്കര്‍ പരന്നുകിടക്കുന്ന ഒരു ബോക്സൈറ്റ് ഖനിയുടെ ഭൂരിപക്ഷ ഓഹരിയുടമയാണ്. എതിര്‍ക്കുന്നവരെ ഒതുക്കുകയും മുറിവേല്‍പ്പിക്കുന്നവരെ നിര്‍ദ്ദാക്ഷിണ്യം നിഗ്രഹിക്കുകയും ചെയ്യുന്ന സംഹാരമൂര്‍ത്തിയാണ്.

അന്നത്തെ കൊലപാതകങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ദീദിയ്ക്കറിയാമായിരുന്നു. പ്രതികാരദാഹികള്‍ക്ക് നടന്നുകയറാന്‍ പാകത്തിന് അവരുടെ വീട്ടില്‍ ഒരു വന്‍ കെണിയും തയ്യാറാക്കപ്പെട്ടിരുന്നു. പക്ഷേ ദീദിയുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള സംഭവങ്ങളാണ് രണ്ടാഴ്ചകള്‍ക്കു ശേഷം ഒരു രാത്രിയില്‍ നടന്നത്.

ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് രാത്രി വൈകീട്ട് വീട്ടിലെത്തിയതായിരുന്നു അവര്‍. നേരെ ചെന്നത് കിടപ്പുമുറിയിലേയ്ക്കാണ്. മുറിക്കകത്തേയ്ക്കു കയറിയതും വാതില്‍ പിന്നില്‍ വലിച്ചടയ്ക്കപ്പെട്ടു. ഒരൊറ്റച്ചാട്ടത്തിന് ദീദി കട്ടിലിലേയ്ക്കു ചാടിവീണ് തലയിണയ്ക്കടിയിലെ റിവോള്‍വര്‍ കയ്യിലെടുത്ത് ചാടിയെഴുന്നേറ്റ് വാതിലിനുനേരെ ചൂണ്ടിക്കൊണ്ടുനിന്നു. വാതില്‍ക്കല്‍ ആറേകാല്‍ അടിയോളം പൊക്കമുള്ള ഒരു ആജാനബാഹു ഒരു ഓട്ടോമാറ്റിക്ക് റൈഫിള്‍ ദീദിയുടെ നേരെ ചൂണ്ടിക്കൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. തലയില്‍ കെട്ടിയ പഗ്ഡിയുടെ ഒരറ്റംകൊണ്ട് അവന്‍ മുഖം മറച്ചിരുന്നു.

"വെടിവെയ്ക്കരുത്. ഞാന്‍ ഒറ്റയ്ക്കല്ല. നിങ്ങളുടെ പിന്നില്‍ ഇതുപോലത്തെ തോക്കേന്തിയ രണ്ടു പേര്‍ കൂടി നില്‍ക്കുന്നുണ്ട്. എന്നെക്കൊന്നാലും നിങ്ങള്‍ രക്ഷപ്പെടില്ല..." അവന്‍ അലറി!

ദീദി തിരിഞ്ഞുനോക്കിയില്ല. റിവോള്‍വര്‍ ദൃഢമായി അവന്റെ നേരെതന്നെ ചൂണ്ടി അവനെ തറപ്പിച്ചുനോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു. പിന്നിലുള്ളവര്‍ ദീദിയെ ബോധ്യപ്പെടുത്താനെന്നോണം അവരുടെ റൈഫിളുകള്‍ ഒന്നുരണ്ടു തവണ ക്ലിക്ക് ചെയ്തു. പക്ഷേ അവര്‍ക്ക് യാതൊരു കുലുക്കവുമില്ല. നിമിഷങ്ങള്‍ക്കകം മുറിയിലെ നാലു ജനലുകളില്‍ ആയുധധാരികളായ പന്ത്രണ്ടുപേര്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ തോക്കുകള്‍ ആ മൂന്നു നുഴഞ്ഞുകയറ്റക്കാരുടെ തലയെ ലക്ഷ്യമാക്കി നിന്നു.

"എനിക്ക് മൂന്നുകോടി രൂപ വേണം. പണമായിട്ട്. എനിക്ക് സുരക്ഷിതമായി കടന്നുപോകാന്‍ വഴിയൊരുക്കുകയും വേണം. അങ്ങനെയാണെങ്കില്‍ ആര്‍ക്കും പരിക്കുപറ്റാതെ ഈ ഡ്രാമ നമുക്കവസാനിപ്പിക്കാം. ശാന്തമായി ആലോചിക്കൂ ദീദീ...."

"ഏക് ഫൂട്ടി കൌഡി നഹി മിലേഗി. ജീവനും കൊണ്ട് ഒരുത്തനും ഇവിടന്ന് പോകുകയുമില്ല"

"പോകും ദീദി. ഈ കൊട്ടാരത്തില്‍ പതിനേഴിടങ്ങളില്‍ ഞാന്‍ ബോംബ് വെച്ചിട്ടുണ്ട്. എല്ലാം നാടന്‍. ഖനിയില്‍ നിന്ന് പലപ്പോഴായി മോഷ്ടിച്ച ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കൊണ്ടുണ്ടാക്കിയത്. അതെല്ലം വീട്ടിലെ വയറിങ്ങുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. വൈദ്യുതിയുള്ളിടത്തോളം ബോംബുകള്‍ പൊട്ടില്ല. വൈദ്യുതി പോയാല്‍, പതിനേഴെണ്ണവും ഒരുമിച്ചു പൊട്ടും. പിന്നെയിവിടെ ചാരവും പൊടിയും മാത്രമേ ബാക്കിയുണ്ടാവൂ. അഞ്ചു മൈലകലെ എന്റെ ആള്‍ കാത്തുനില്പുണ്ട്, പ്രശ്നമുണ്ടായാല്‍ ഇങ്ങോട്ടുള്ള വൈദ്യുതിബന്ധം മുറിച്ചുകളയാന്‍ ..."

"ഉസ്മാന്‍...." ദീദി നീട്ടിവിളിച്ചു

"ജീ ദീദി"

"ഏക് ആദ്മി കൊ ഭേജോ മെയ്‌ന്‍ സ്വിച്ച് കേ തരഫ്. മേരാ ഏക് ഇശാരേ പര്‍ ബംഗലേ കി പൂരി ബിജ്‌ലി ബന്ദ് ഹോനി ചാഹിയേ (ഒരാളെ മെയിന്‍ സ്വിച്ചിനടുത്തേയ്ക്ക് വിട്. എന്റെ ഒരൊറ്റ സൂചനയില്‍ ബംഗ്ലാവിലെ മുഴുവന്‍ വൈദ്യുതിയും വിച്ഛേദിക്കപ്പെടണം)" അവര്‍ ഗര്‍ജ്ജിച്ചു !!

മരിക്കാനും കൊല്ലാനും രണ്ടുകൂട്ടരും പൂര്‍ണ്ണമായും തയ്യാറാണെന്നത് അതോടെ തീരുമാനമായി. ഒരു കായികതാരത്തിന്റേതുപോലെ ഉറച്ച ദീദിയുടെ ശരീരത്തില്‍ ഒരിടത്തും ഒരു നേരിയ വിറയല്‍പോലുമില്ല. കയ്യിലെ പേശികളുടെ പൂര്‍ണ്ണശക്തിയും തോക്കിന്‍മേലുണ്ട്. മുഖത്ത് നിശ്ചയദാര്‍ഢ്യം. കണ്ണുകണില്‍ തീ!

"എല്ലാവരേയും കൊന്നൊടുക്കിയാലും ദീദി വിജയിക്കുമെന്നു കരുതണ്ട" അല്പം സ്വരം താഴ്ത്തി അവന്‍ മുരണ്ടു. "ഞങ്ങളില്ലാതായാല്‍ ഞങ്ങളുടെ രണ്ടാംനിര ഉയര്‍ന്നുവരും. അവര്‍ക്കും നിങ്ങളേപ്പോലുള്ള വന്‍ പണച്ചാക്കുകളെ കൊള്ളയടിച്ചേ സ്വന്തം സേനയെ പോറ്റാന്‍ കഴിയൂ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അതിജീവനത്തിന്റെ പ്രശ്നമാണ്. ആ മുംബൈക്കാരെ ഇവിടെ കൊടികുത്തിവാഴാന്‍ ഞങ്ങള്‍ക്കനുവദിക്കാനാവില്ല"

"കോന്‍ മുംബൈവാലേ?"

"മുംബൈയിലെ സാഠേ ഭായിയുടെ ഗ്യാങ്ങ്! രണ്ടാഴ്ച മുന്‍പ് അവരുടെ നാലാളുകളെ ആരോ കുത്തിക്കീറി കൊലപ്പെടുത്തിയിരുന്നു. നാലുശവങ്ങളും പരസ്യമായാണ് പട്ടണത്തില്‍ കൊണ്ടുവന്നു തള്ളിയത്. ഞങ്ങളാണ് അതു ചെയ്തത് എന്നാണ് മുംബൈയിലേയ്ക്ക് വാര്‍ത്ത പോയിരിക്കുന്നത്. അവര്‍ വരും. ഇത്തവണ മുഴുവന്‍ സൈന്യവുമായിട്ടായിരിക്കും വരിക. അതിനുമുമ്പ് എനിക്ക് ആള്‍ബലം കൂട്ടണം. അതിന് പണം വേണം. നിറയെ പണം"

"സാഠേ ഭായിക്ക് ഇവിടെയെന്തുകാര്യം?"

"വഹി ഹഫ്താ വസൂലി. ഗുണ്ടാപ്പിരിവ്. കാവല്‍പ്പണം. മാസം പതിനായിരം രൂപയാണ് ഖനിയിലെ ഓരോ ലേബര്‍ കോണ്ട്രാക്റ്റര്‍മാര്‍ക്കും നിശ്ചയിച്ചിരിക്കുന്ന റേറ്റ്. പോരാത്തതിന് അവര്‍ പറയുന്ന ആളുകള്‍ക്ക് ജോലി കൊടുക്കുകയും വേണം. ഞങ്ങളതു സമ്മതിക്കില്ല ദീദി. ഇവിടെ ഞങ്ങള്‍ ഒരു ഗ്യാങ്ങ് ഉണ്ടാക്കും. കാവല്‍പ്പണം ഞങ്ങള്‍ വാങ്ങും. ഞങ്ങളുടെ ആളുകളെ ജോലിക്കുവെയ്ക്കും. കാരണം ഞങ്ങളെ കുടിയൊഴിപ്പിച്ച മണ്ണിലാണ് ഈ ഖനി. ഇവിടെനിന്നുള്ള വരുമാനം ഈ മണ്ണിന്റെ മക്കളുടെ കയ്യിലിരിക്കണം"

ദീദി ഒന്നും മിണ്ടാതെ അതേ നില്പു തുടര്‍ന്നു.

"എന്റെയാളുകള്‍ മദ്യവും മാംസവും കഴിച്ച് ചീര്‍ത്തുകൊഴുത്ത പൊണ്ണന്‍മാരല്ല,നല്ല കായികക്ഷമതയുള്ള പോരാളികളായിരിക്കും. അവരുടെ ഭക്ഷണവും പരിശീലനവും സ്വഭാവവും ജീവിതവും ഞാന്‍ കര്‍ശനമായി നിയന്ത്രിക്കും. ആധുനികമായ ആയുധങ്ങള്‍ അവരുടെ കൈവശമുണ്ടാകും. കൌശലക്കാരായിരിക്കും. മൂന്നുകോടി രൂപകൊണ്ട് അത്തരത്തിലുള്ള എഴുപതുപേരെക്കൂടി എനിക്കു പരിശീലിപ്പിച്ചെടുക്കാന്‍ കഴിയും. സാഠേ ഭായിയോടു മുട്ടാന്‍ എനിക്കത്രയും ആളുകളും പടക്കോപ്പുകളും കൂടിയേ തീരൂ"

ദീദി പെട്ടന്ന് കയ്യിലുള്ള തോക്ക് പിന്നിലേക്കെറിഞ്ഞു. എന്നിട്ട് കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ച് കട്ടിലില്‍ ഇരുന്നു. അതിക്രമി അതുകണ്ട് അല്പനേരം അമ്പരന്നുനിന്നു. അതിനുശേഷം അവനും തോക്കു താഴ്ത്തി.

"ഇരുന്നൂറുപേര്‍ക്ക് പരിശീലനവും ആയുധവും നല്‍കാന്‍ എത്ര പണം വേണ്ടിവരും?" അവനെ തറപ്പിച്ചുനോക്കിക്കൊണ്ട് ദീദി ചോദിച്ചു.

അങ്ങനെയൊരു ചോദ്യം അവന്‍ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. "അത്...ദീദി...ഏതാണ്ട് പത്തുകോടി രൂപ....പത്താകുമെന്നു തോന്നുന്നു" അവന്‍ പറഞ്ഞൊപ്പിച്ചു.

"ചൌബേ ജീ, തീന്‍ ഖോഖാ ലേ ആവോ. ഔര്‍ ഏക് മൊബൈല്‍ ഭി" ദീദി വിളിച്ചുപറഞ്ഞു. അവനോട് വാതില്‍ തുറന്നിടാന്‍ ആവശ്യപ്പെട്ടു.

അഞ്ചുമിനിറ്റുനേരം പൂര്‍ണ്ണ നിശബ്ദത. ദീദിയുടെ കാര്യസ്ഥന്‍ ചൌബേ പണപ്പെട്ടികളുമായി വരുന്നതുവരെ ദീദി അവനെ അടിമുടി സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു.

ചൌബേ പെട്ടികള്‍ ദീദിയുടെ അരികില്‍ വെച്ച ശേഷം മൊബൈല്‍ കയ്യിലെടുത്ത് ഡയല്‍ ചെയ്തു. ദീദിയുടെ ഫോണില്‍ ഒറ്റ റിങ്ങ് അടിച്ചതോടെ അത് കട്ട് ചെയ്യുകയും ചെയ്തു. ദീദി സ്വന്തം ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റിലേയ്ക്ക് ആ നമ്പര്‍ ചേര്‍ത്തു.

"ചൌബേ ജി, മൊബൈല്‍ ഉസ്കോ ദീജിയേ" ദീദി നിര്‍ദ്ദേശിച്ചു. മുഖംമൂടി ആ ഫോണ്‍ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി

"ഫോണ്‍ ഹെ ബേ! കോയി ബം നഹി! ഔര്‍ സുന്‍. ഈ ഫോണ്‍ എപ്പോഴും നിന്റെ കയ്യിലുണ്ടായിരിക്കണം. ഇതിലൂടെ എന്നെയല്ലാതെ വേറൊരാളെയും വിളിക്കരുത്. വിളിച്ചാല്‍ ഞാന്‍ ഉടനേ വേറെ ഫോണ്‍ കൊണ്ടുവന്നു തരും. വെറുതെയല്ല, നിന്റെ കരണക്കുറ്റിക്ക് രണ്ടു പൊട്ടിച്ചിട്ട്. ഞാന്‍ ഈ ഫോണിലേയ്ക്കേ വിളിക്കൂ. വിളിച്ചാല്‍ ഉടന്‍ എടുക്കണം. ബാറ്ററി ചാര്‍ജ് ചെയ്തില്ല, ഫോണ്‍ കുളിമുറിയില്‍ മറന്നു എന്നമട്ടിലുള്ള ഒഴികഴിവുകളൊന്നും ചിലവാകില്ല. ഈ പെട്ടികളില്‍ നിന്റെ മൂന്നു കോടിയുണ്ട്. ബാക്കി ഏഴ്, രണ്ടാഴ്ചയ്ക്കുള്ളില്‍. രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറുപേരും തയ്യാറായിരിക്കണം. അതിനുശേഷം ഖനിയുടേയും ഖനിയില്‍നിന്നു പുറത്തേയ്ക്കുപോകുന്ന വാഹനങ്ങളുടേയും മുഴുവന്‍ സുരക്ഷാ ചുമതലയും നിനക്ക്. മാസം ഒന്നരക്കോടി രൂപ, അഞ്ചുവര്‍ഷത്തേയ്ക്ക്. അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് പുതിയ കരാറിനേപ്പറ്റി നമുക്കു സംസാരിക്കാം. എങ്ങനെ? മന്‍സൂര്‍ ഹേ?"

"ഹാം...." അവന്‍ അലക്ഷ്യമായി പറഞ്ഞു.

"ഠീക് ഹേ. നിന്റെ പണം എടുത്തോ"

"രുക്!!" പെട്ടിയുടെ പിടിയില്‍ അവന്‍ കൈ വെച്ചയുടന്‍ ദീദി കല്‍പ്പിച്ചു. "എന്റെ കയ്യില്‍നിന്ന് പണം വാങ്ങുന്നതാരാണെന്ന് എനിക്കു കാണണം"

അവന്‍ പെട്ടിയില്‍നിന്നു കൈ വിട്ട് നിവര്‍ന്നു നിന്നു. എന്നിട്ട് പഗഡി അഴിച്ചു തോളിലിട്ടു. ദീദിയുടെ പിന്നില്‍ നിന്നിരുന്നവരും അപ്പോള്‍ തോക്കുതാഴ്ത്തി അവരുടെ മുഖംമൂടികള്‍ അഴിച്ചുമാറ്റി.

"തൂ ചിക്നാ ഹേ ബേ!" വക്രിച്ച ഒരു പുഞ്ചിരിയോടെ ദീദി പറഞ്ഞു "ഔര്‍ ഏക് ബാത് ബതാ. ഇരുന്നൂറു പേര്‍ നിന്റെ ചൊല്‍പ്പടിയിലായിരിക്കും. നീ ആരുടെ ചൊല്‍പ്പടിയിലായിരിക്കും?"

ഒരു നിമിഷനേരം അവന്‍ ദീദിയെ തുറിച്ചുനോക്കി.

"ഞാന്‍ ദീദി പറഞ്ഞ കരാറിന്റെ ചൊല്‍പ്പടിയിലായിരിക്കും. ദീദി ദീദിയുടെ ഭാഗത്തോട് നീതിപാലിക്കുന്ന സെക്കന്റ് വരെ ഞാന്‍ എന്റെ ഭാഗത്തോടും വിശ്വസ്തതകാണിക്കും. ബാക്കി നമുക്ക് അഞ്ചുവര്‍ഷം കഴിഞ്ഞ് തീരുമാനിക്കാം". അത്രയും പറഞ്ഞ്, തന്റെ കൂട്ടാളികളോട് പെട്ടിയെടുക്കാന്‍ ആഗ്യം കാട്ടി അവന്‍ മുറിക്കുപുറത്തേയ്ക്കു കടന്നു.

ഇവന്‍ വീരനാണ്. നെഞ്ചില്‍ തീയുണ്ട്. ഉരുക്കിന്റെ കരുത്തുള്ള മനസ്സുണ്ട്. വിജയതൃഷ്ണയുണ്ട്. പോരാടിനേടാനുള്ള സ്വഭാവശക്തിയുണ്ട്. ഇവനെ കൂടെനിര്‍ത്തണം, എപ്പോഴും - അവള്‍ മനസ്സിലുറപ്പിച്ചു.

Monday, October 14, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (മൂന്ന്)

3. അരുന്ധതി

ഭക്താപുര്‍ ജലവൈദ്യുത പദ്ധതിയില്‍ അരുന്ധതി തനേജ ഐഎഎസ് കിരീടം വെയ്ക്കാത്ത രാജ്ഞിയാണ്. 'പ്രോജക്റ്റ് ചീഫ് എക്സിക്യൂട്ടിവ്' എന്ന തസ്തികപോലും അവര്‍ക്കുവേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ടതാണ്.

അതിനു കാരണമുണ്ട്. ഭക്താപുര്‍ പ്രദേശത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയനേതാവ് രവി തനേജയുടെ മകളാണവര്‍. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിര്‍ണ്ണായകമായ 34 അംഗങ്ങളുള്ള, ഒരേയൊരു സംസ്ഥാനത്തില്‍ മാത്രം സ്വാധീനമുള്ള പാര്‍ട്ടിയുടെ അനിഷേധ്യ നേതാവാണ് രവി ചാച്ച എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം. തന്റെ സ്വാധീനം ഉപയോഗിച്ച് ഭക്താപുരില്‍ ഇതുപോലൊരു ബൃഹദ് പദ്ധതി കൊണ്ടുവന്നപ്പോള്‍ ചാച്ചാജിയെന്ന രാഷ്ട്രീയ ശകുനിയുടെ മനസ്സിലുണ്ടായിരുന്ന, പ്രദേശത്തിന്റെ ഉന്നതിയില്‍ക്കവിഞ്ഞ പല ലക്ഷ്യങ്ങളുടേയും ഭാഗമായിരുന്നു അരുന്ധതിയുടെ ആ നിയമനം.

അത്തരമൊരു പരിചയപ്പെടുത്തലില്ലാതെതന്നെ ബഹുമാനം അര്‍ഹിക്കുന്ന നേട്ടങ്ങളുടെ ഉടമയാണ് അരുന്ധതി. ചെറുപ്രായത്തില്‍ത്തന്നെ തികഞ്ഞ അച്ചടക്കവും വായനാശീലവും ലക്ഷ്യബോധവുമുള്ള വിദ്യാര്‍ത്ഥിനിയായിരുന്നു അവര്‍. യൂണിവേഴ്സിറ്റിയില്‍ രണ്ടാം റാങ്കോടെയാണ് സിവില്‍ എഞ്ചിനീയറിങ്ങ് പാസായത്. ഐഎ‌എസ് പരീക്ഷയില്‍ ഇന്ത്യയിലെ നാല്പത്തിയെട്ടാമത്തെ റാങ്കുകാരിയായിരുന്നു. അധികാരത്തിന്റെ അകത്തളങ്ങളില്‍ വളര്‍ന്നതുകൊണ്ടാകാം, ഇരുപത്തിയെട്ടുവയസ്സുള്ള യുവതിയില്‍ സാധാരണയായി കാണാന്‍ കഴിയാത്ത അപാരമായ ആജ്ഞാശക്തി അവര്‍ക്കുണ്ടായിരുന്നു.

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത, എന്നാല്‍ പണമിടപാടുകളില്‍ സര്‍വ്വാധികാരമുള്ള തസ്തികയാണ് ചീഫ് എക്സിക്യൂട്ടിവിന്റേത്. കുമാരി തനേജയുടെ ഒപ്പില്ലാതെ ഒരൊറ്റ ബില്ലോ, പര്‍ച്ചേസ് ഓര്‍ഡറോ, കരാറോ ചെക്കോ ആ പദ്ധതിയില്‍ അനങ്ങുമായിരുന്നില്ല. പ്രോജക്റ്റിന്റെ ഗുണനിലവാരത്തിന്റേയും സമയബന്ധിതമായ പുരോഗതിയുടേയും ഉത്തരവാദിത്വമാകെട്ടെ, ഡയറക്റ്ററുടേയും ചീഫ് എഞ്ചിനീയറുടേയും തലയിലായിരുന്നുതാനും. ചുരുക്കത്തില്‍ പറഞ്ഞാല്‍ വെണ്ണയുണ്ണുന്നത് ചീഫ് എക്സിക്യുട്ടിവും തൈരുകടയാന്‍ മറ്റുള്ളവരും എന്നതായിരുന്നു സ്ഥിതി!

ഓരോ പണമിടപാടിലും 'മേഡ'ത്തിന് കിട്ടേണ്ടതായ ഒരു വിഹിതമുണ്ട്. അതിന്റെ തരവും തോതുമൊക്കെ പ്രോജക്റ്റിലെ കൊച്ചുപയ്യന്‍മാര്‍ക്കുവരെ അറിയാം. പണം, പക്ഷേ, അവര്‍ നേരിട്ട് കൈപ്പറ്റാറില്ല. അവരുടെ സെക്രട്ടറി പങ്കജ് മിശ്രയിലൂടെയാണ് എല്ലാ പണവും ആദ്യം മാഡത്തിന്റെ കയ്യിലും പിന്നീട് ചാച്ചാജിയുടെ കയ്യിലും എത്തിയിരുന്നത്.

അന്ന് പതിവുപോലെ ഔദ്യോഗിക വാഹനമായ സ്കോര്‍പിയോയില്‍ നിന്നിറങ്ങി ബംഗ്ലാവിനകത്തു കയറി ബ്രീഫ്‌കെയ്സ് ഭദ്രമായി വെയ്ക്കാനായി മുകളിലത്തെ നിലയിലേയ്ക്കു കയറുകയായിരുന്നു അരുന്ധതി. സേഫ് ഇരിക്കുന്ന മുറിയില്‍ ആളനക്കമുള്ളതായി അപ്പോഴാണ് അവര്‍ ശ്രദ്ധിച്ചത്. മിശ്രാജി ഇതുവരെ പോയില്ലേ?

"മിശ്രാജീ.....ഓ മിശ്രാജീ...."

മറുപടിയില്ല! മുറിയില്‍നിന്നുള്ള പതിഞ്ഞ ശബ്ദങ്ങള്‍ക്ക് മാറ്റവുമില്ല!

അവര്‍ നേരെ മുറിയിലേയ്ക്ക് നടന്നുചെന്നു. ഞെട്ടിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്! യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ സേഫ് തുറന്ന് അതിലെ നോട്ടുകെട്ടുകളെല്ലാം വലിയൊരു ബാക്ക്പാക്കില്‍ കുത്തിനിറയ്ക്കുകയാണ്!

"വാച്ച്മാന്‍!..." ആവുന്നത്ര ഉച്ചത്തില്‍ അവര്‍ അലറി.

"വോ കോയി ആനേവാലാ നഹി, മേഡ്ഡം...." പണക്കെട്ടുകള്‍ പിന്നേയും വാരിയെടുത്തുകൊണ്ട് അയാള്‍ യാതൊരു കുലുക്കവുമില്ലാതെ പ്രഖ്യാപിച്ചു.

"നീയിത് ഇപ്പോള്‍ നിറുത്തുന്നതാണ് നല്ലത്, അല്ലെങ്കില്‍ ഞാന്‍ പോലീസിനെ വിളിക്കും!" കലശലായ ദേഷ്യവും പരിഭ്രമവും വെപ്രാളവും കലര്‍ന്ന ശബ്ദത്തില്‍ അവര്‍ മുരണ്ടു.

"ആരെ? ആ ചമാര്‍* മംഗത് റാമിനേയോ? അവന്‍ കമിഴ്ന്നുവീണ് നിങ്ങളുടെ തുകല്‍ച്ചെരിപ്പ് നക്കുമായിരിക്കും - അതല്ലേ ജാതി! പക്ഷേ തൊട്ടുപിന്നാലെ ഡിഎസ്‌പി സാബ് പട്ടണത്തില്‍നിന്ന് ഒരു ബറ്റാലിയനും കൊണ്ടുവരുന്നുണ്ട്. അവരു വന്നാല്‍ അകത്താകുക ഞാനല്ല മേഡ്ഡം, നിങ്ങളാണ്."

"വാട്ട് നോണ്‍സെന്‍സ്!! എന്നെ അകത്താക്കാന്‍ മാത്രം ഈ ഭക്താപൂരില്‍ ആരും വളര്‍ന്നിട്ടില്ല. ഇട്ടിട്ടു പോടാ, അവിടന്ന്!"

"മാഡം, മിശ്രാജി പണം വാങ്ങിയത് തെളിവോടെയാണ് ശര്‍മ്മാ സേഠ് ഡിഎസ്‌പി സാബിന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റെയ്ഡിനുള്ള ഉത്തരവ് നേരെ കേന്ദ്രത്തില്‍ നിന്ന് സിബിഐ വഴിയാണ് വന്നിട്ടുള്ളത്"

പ്രോജക്റ്റിലെ ഏറ്റവും വലിയ സിവില്‍ കോണ്ട്രാക്റ്റര്‍ ആണ് 'കെഎല്‍എസ് കണ്‍സ്ട്രക്ഷന്‍'സിന്റെ ഉടമ കന്‍ഹൈയാ ലാല്‍ ശര്‍മ്മ. ഇന്നു രാവിലെ കൈക്കൂലിപ്പണവുമായി തന്റെ ഓഫീസില്‍ ഇടിച്ചുകയറിയതിന് അയാളെ ആട്ടിയോടിച്ചതാണ്! അങ്ങനെയുള്ളവരുമായി ഇടപാടു പാടില്ലെന്ന് മിശ്രാജിക്ക് നല്ലപോലെ അറിയാം. അപ്പോള്‍ ഇതെങ്ങനെ പറ്റി?

"ഇംപോസ്സിബിള്‍! കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കുന്നതുതന്നെ എന്റെ പാര്‍ട്ടിയുടെ പിന്തുണകൊണ്ടാണ് ...."

"അതുകൊണ്ടാണല്ലോ അവരിതു ചെയ്യുന്നത്! ഒരു കേസില്‍ കുടുക്കിയിട്ടാല്‍ പിന്നെ ചാച്ചാജി വളര്‍ത്തുനായയേപ്പോലെ അവരുടെ ചൊല്‍പ്പടിക്കു നിന്നോളും. ഇന്നത്തെ സ്ഥിതിയില്‍ ഒരു മുപ്പത്തിനാലെണ്ണത്തിനെ പിടിച്ചു തൊഴുത്തില്‍ക്കെട്ടാന്‍ പറ്റിയാല്‍ കേന്ദ്രസര്‍ക്കാരിന് അതൊരു വലിയ നേട്ടമല്ലേ?" അയാളുടെ സ്വരത്തില്‍ പുച്ഛം!

"ഞാനിപ്പോള്‍ ഈ പണം കടത്തിക്കൊണ്ടുപോകുന്നതുകൊണ്ട് മാഡത്തിന് ഗുണമേയുള്ളൂ" അയാള്‍ തുടര്‍ന്നു. "നോക്കൂ, ഈ റെയ്ഡിനു വരുന്നവര്‍ക്ക് ഒരു തുമ്പുപോലും കിട്ടില്ല. അല്ല, ഇനിയും വേറെ വല്ലിടത്തും ഇരിപ്പുണ്ടെങ്കില്‍ പറഞ്ഞോളൂ, അതും ഞാന്‍ വെടിപ്പാക്കിത്തരാം"

"ഈ പണവും കൊണ്ട് നീ അധികദൂരം പോകില്ല ചെറുക്കാ. നിന്റെ പിന്നാലെ വരിക പോലീസല്ല..."

"അതെനിക്കറിയാം. ഞാന്‍ ഈ പണം മോഷ്ടിക്കുകയല്ല മാഡം, കടം വാങ്ങുകയാണ്. ഇരുപത്തിയഞ്ചുശതമാനം പലിശയ്ക്ക്. റെയ്ഡില്‍നിന്ന് മാഡത്തിനെ രക്ഷിച്ച എന്റെ സേവനം ഫ്രീ!! മാഡം അല്പമൊന്ന് സഹകരിച്ചാല്‍ മാത്രം മതി."

"എന്തു സഹകരണം?"

"അടുത്തയാഴ്ചയാണല്ലോ പൈപ്പിങ്ങ് ജോലികളുടെ കരാറിനുള്ള ലേലം വിളി. നൂറ്റിയിരുപത്തിയേഴു കോടി രൂപയുടെ ചെറിയ വര്‍ക്കാണ്. അതെനിക്കു കിട്ടണം. രണ്ടുവര്‍ഷത്തിനകം ഇതിന്റെ ഒന്നരയിരട്ടി തുക ഞാന്‍ മാഡത്തിനു തന്നിരിക്കും."

"ആഹ! വല്ലിടത്തുനിന്നും പണം മോഷ്ടിച്ച് കാശുകെട്ടിവെച്ച് ടെന്ററിട്ടാല്‍ കരാറങ്ങോട്ട് വെള്ളിത്താലിയില്‍ വെച്ച് നീട്ടിത്തരുമെന്നാണ് നിന്റെ വിചാരം? അതൊക്കെ ജോലിക്കാരും മുന്‍പരിചയവും യന്ത്രസാമഗ്രികളും നോക്കിനടത്താന്‍ കഴിവുമുള്ളവര്‍ക്കാണ് കിട്ടുക."

"കഴിഞ്ഞ നാലുവര്‍ഷമായി 'കെഎല്‍എസ് കണ്‍സ്ട്രക്ഷന്‍'സില്‍ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ് ഞാന്‍, മാഡം. അതിനുമുമ്പ് മൂന്നുവര്‍ഷം ഞാന്‍ ഇറാക്കില്‍ ഒരു വലിയ പൈപ്പ്‌ലൈന്‍ ഫാബ്രിക്കേഷന്‍ കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. അവിടന്നു തുടങ്ങിയതാണ് വെല്‍ഡിങ്ങിനോടുള്ള താല്പര്യം. ഇന്നും ഞാന്‍ ദിവസേന് കുറഞ്ഞത് പത്തുമീറ്ററെങ്കിലും വെല്‍ഡ് ചെയ്യും. അതുമാത്രമല്ല, സൈറ്റിലെ ഒട്ടുമിക്ക യന്ത്രങ്ങളും വാഹനങ്ങളും ഞാന്‍ സ്വന്തം കൈകള്‍ കൊണ്ട്റിപ്പയര്‍ ചെയ്യാറുണ്ട്. പലരേയും പോലെ ഒരു വൈറ്റ് കോളര്‍ എഞ്ചിനീയറല്ല, മാഡം, ഞാന്‍. താങ്കള്‍ സൈറ്റില്‍ പണിയെടുക്കുന്ന മനുഷ്യരെയൊന്നും കാണാന്‍ കൂട്ടാക്കാറില്ലല്ലോ, അതുകൊണ്ടാണ് എന്നേപ്പറ്റി അറിയാത്തത്" അയാള്‍ ബാഗിന്റെ സിപ്പ് വലിച്ചടച്ചുകൊണ്ട് പറഞ്ഞു.

"പിന്നെ ജോലിക്കാരുടെ കാര്യം. ശര്‍മ്മാ സേഠിന്റെ പോലെ വെല്‍ഡിങ്ങ് ചെയ്യുന്ന കൂലിവേലക്കാരല്ല, എന്റെ കമ്പനിയിലുണ്ടാകുക - ഇറാക്കില്‍ എന്റെകൂടെ ജോലിചെയ്തിരുന്ന നല്ല ഒന്നാന്തരം വെല്‍ഡിങ്ങ് സ്പെഷലിസ്റ്റുകളാണ്. ഇവിടത്തെ തുക്കടാ ലോക്കല്‍ കമ്പനികളുണ്ടാക്കിയ യന്ത്രങ്ങളല്ല, ഒന്നാന്തരം ജര്‍മ്മന്‍ നിര്‍മ്മിത യന്ത്രങ്ങളും ഉപകരണങ്ങളുമായിരിക്കും അവര്‍ ഉപയോഗിക്കുക. ഒരു വിദേശ കമ്പനി ഇവിടെ ഇന്ത്യയില്‍ ഒരു പൈപ്പ്‌ലൈന്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ വര്‍ക്ക് ഉടനേ തീരും. അവര്‍ പോകുന്നതിനു മുമ്പ് അവരുടെ യന്ത്രങ്ങളും ഉപകരണങ്ങളും അവര്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുണ്ട്. അതെവിടെയെന്ന് ഞാന്‍ പറയുന്നില്ല, കാരണം ഈ പണവും കൊണ്ട് ഞാന്‍ നേരെ അങ്ങോട്ടാണ് പോകുന്നത്. ഒരാഴ്ചയ്ക്കകം ഞാനവ വാങ്ങിയിരിക്കും." അതു പറഞ്ഞുതീരുമ്പോഴേയ്ക്കും അയാള്‍ ബാഗ് തോളിലിട്ട് താഴോട്ടിറങ്ങിത്തുടങ്ങിയിരുന്നു.

"ഞങ്ങളേപ്പോലുള്ളവര്‍ക്ക് ഇല്ലാത്തതെന്തെന്ന് ഞാന്‍ പറയാം, മാഡം. ഒന്ന് മൂലധനം. രണ്ട് സ്വാധീനം. ഞങ്ങള്‍ക്കൊക്കെ ഒരൊറ്റ രൂപ പോലും ബാങ്കുകള്‍ കടം തരില്ല. പിന്നെ ബിസിനസ് മേഖലയിലാകെ രാഷ്ട്രീയക്കാരും ചില വന്‍കിട മുതലാളിമാരുമടങ്ങുന്ന സംഘത്തിന്റെ കൂട്ടുകക്ഷിഭരണമാണല്ലോ. പുറത്തുനിന്നുള്ളവനെ ഉള്ളില്‍ കടക്കാന്‍ ഒരുതരത്തിലും അവര്‍ അനുവദിക്കില്ല." അയാളുടെ മുഖത്ത് വീണ്ടും കോപം!

"മിനിയാന്ന് ഓഫീസിലിരുന്ന് നിങ്ങളെ കുടുക്കാന്‍ ശര്‍മാജി തന്ത്രങ്ങള്‍ മെനയുമ്പോള്‍ ആ മുറിയില്‍ ഞാനുമുണ്ടായിരുന്നു, മാഡം. ഞാന്‍ അപ്പോള്‍ ഉറപ്പിച്ചു, ഇതുതന്നെ എന്റെ അവസരം! മൂലധനത്തിനുള്ള പണം റെഡി. സ്വാധീനിക്കാനായി ഞാന്‍ കഷ്ടപ്പെടേണ്ട കാര്യവുമില്ല - കാരണം ഈ പണം ഒരിക്കല്‍ ഞാന്‍ മാര്‍ക്കറ്റിലിറക്കിയാല്‍ പിന്നെ അതു തിരിച്ചുപിടിക്കണമെങ്കില്‍ മാഡത്തിന് ഈ പൈപ്പ്‌ലൈന്‍ വര്‍ക്ക് എനിക്കു തന്നേ തീരൂ. പിന്നെ ഞാന്‍ ഓഫര്‍ ചെയ്യുന്ന ഡീല്‍ അത്ര മോശമല്ലല്ലോ. ഇരുപത്തിയഞ്ചുശതമാനമെന്നാല്‍ മാഡത്തിന്റെ സാധാരണ റേറ്റിന്റെ ഇരട്ടിയിലധികമാണ്"

"നിന്നെ ഒതുക്കണമെങ്കില്‍ രണ്ടുകൊല്ലം കഴിഞ്ഞും എനിക്കൊതുക്കാം" പുച്ഛത്തോടെ അവര്‍ പ്രഖ്യാപിച്ചു.

"ഇതാണു മാഡം നിങ്ങളുടെ കുഴപ്പം. നിങ്ങളുടെ ബിസിനസ്സ് മോഡല്‍ തന്നെ പഴഞ്ചനാണ്. നിങ്ങള്‍ ചെറുപ്പമല്ലേ? ഈ വയസ്സന്‍മാരുടെ പോലെ തറയാകരുത്!"

"വാട്ട് ഡു യു മീന്‍ ?" അവര്‍ പൊട്ടിത്തെറിച്ചു.

"നോക്കൂ, നിങ്ങള്‍ പത്തുരൂപയുടെ ജോലി ഒമ്പതുരൂപയ്ക്ക് ലേലം വിളിക്കുന്നവനാണ് കൊടുക്കുക. എന്നിട്ടോ, പ്രോജക്റ്റിന്റെ അവസാനം എല്ലാവരും പിരിഞ്ഞുപോയിക്കഴിയുമ്പോള്‍ 'എസ്കലേഷന്‍സ്' എന്ന ഓമനപ്പേരില്‍ അഞ്ചുരൂപകൂടി അനുവദിച്ച് മുതലാളിമാരും ആപ്പിസര്‍മാരുംകൂടി അത് പങ്കിട്ടെടുക്കുന്നു. അതുകൊണ്ടെന്താകുന്നു? പണി നടക്കുന്ന കാലമത്രയും പ്രോജക്റ്റില്‍ പണത്തിന് ഞെരുക്കം അനുഭവപ്പെടുന്നു. നല്ല തൊഴിലാളികളെ നിയമിക്കാനും നല്ല യന്ത്രങ്ങള്‍ വാങ്ങാനും അതുകൊണ്ട് തടസ്സം നേരിടുന്നു. അത് ഗുണമേന്മയെ ബാധിക്കുന്നു"

"എന്റെ രീതി അങ്ങനെയല്ല. പത്തുരൂപയുടെ ജോലി ഞാന്‍ പതിമൂന്നു രൂപയ്ക്കെടുക്കും. അതില്‍ രണ്ടര രൂപ നിങ്ങള്‍ക്ക്. എന്റെ ജോലി എല്ലായ്പോഴും ആദ്യത്തെ ശ്രമത്തില്‍ത്തന്നെ കൃത്യമായി ചെയ്തിരിക്കും. ക്വാളിറ്റി വില്‍ ബി ഗ്യാരന്റീഡ്! ഇവിടെയൊക്കെ നിര്‍മ്മാണപ്പിഴവുകള്‍ തിരുത്തുന്നതിന് കരാറുകാര്‍ പാഴാക്കുന്നത് എത്ര തുകയാണെന്നറിയാമോ?"

അല്പനേരം നിറുത്തിയശേഷം അയാള്‍ തുടര്‍ന്നു "എനിക്ക് ഹൈലി സ്പെഷലൈസ്ഡ് വര്‍ക്ക് മാത്രം മതി, മാഡം. സാധാരണ പെറ്റി കോണ്ട്രാക്റ്റര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത പ്രിസിഷന്‍ വര്‍ക്ക്. അതിലേ മാര്‍ജിന്‍ ഉള്ളൂ. എനിക്കു മാര്‍ജിന്‍ ഉണ്ടെങ്കിലേ ഉയര്‍ന്ന യോഗ്യതയുള്ള സ്പെഷലിസ്റ്റുകളെ നിലനിര്‍ത്താന്‍ എനിക്കു കഴിയൂ. നാളെ ശര്‍മ്മാജി നിര്‍മ്മിച്ച എന്തിനെങ്കിലും ഒരു തകരാറു പറ്റിയാല്‍, അതിനേക്കുറിച്ചൊരു അന്വേഷണമുണ്ടായാല്‍ ശര്‍മ്മാജിയുടെ പക്കല്‍നിന്നും പണം വാങ്ങിയവരൊക്കെ കുടുങ്ങും. മറിച്ച്, എന്റെ കയ്യില്‍നിന്നും പണം വാങ്ങുന്നവര്‍ ഒരിക്കലും ചതിക്കപ്പെടുകയില്ല. ദ ക്വാളിറ്റി ഒഫ് മൈ വര്‍ക്ക് വില്‍ ഡിഫെന്റ് ദെം".

"അപ്പോള്‍ ശര്‍മ്മാജിയെ മൊത്തത്തില്‍ ഒതുക്കാനുള്ള ആസൂത്രിത പദ്ധതിയാണിത് അല്ലേ?"

"തീര്‍ച്ചയായും അല്ല, മാഡം. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ ചെയ്യുന്ന ഒരു അബദ്ധമാണ് എല്ലാ എതിരാളികളേയും അടിച്ചൊതുക്കി സര്‍വ്വധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുക, എന്നത്. എന്റെ രീതി അതല്ല. ശക്തനായ ഒരു എതിരാളിയെ നിലനിര്‍ത്തുക എന്നതാണ് എന്റെ നയം. എന്നെ എതിര്‍ക്കുന്നവന് അവന്റെ കൂടെയും അവനെ എതിര്‍ക്കുന്നവനെ എന്റെ കൂടെയും ചേരുക എന്നൊരു വഴിയേ ഉണ്ടാകാവൂ. ശക്തനായ ഒരു എതിരാളിയുടെ അഭാവത്തില്‍ ദുര്‍ബ്ബലരെങ്കിലും നിരന്തരശല്യമായ നൂറ്റുക്കണക്കിന് എതിരാളികളുമായി എന്നും പൊരുതിയും സന്ധിചെയ്തും ജീവിക്കേണ്ടിവരും."

അപ്പോഴാണ് ഫോണ്‍ അടിച്ചത്. റിസീവറെടുക്കാനായി മാഡം മുന്നോട്ടുവന്നപ്പോഴേയ്ക്കും അയാള്‍ ഇടയില്‍ക്കയറി സ്പീക്കര്‍ ബട്ടണ്‍ അമര്‍ത്തി.

"മാഡം, ഗസബ് ഹോ ഗയാ!!" പോലീസ് സ്റ്റേഷനില്‍നിന്ന് മംഗത് റാമാണ് "ഡിഎസ്പി സാബ് ഫോണ്‍ ചെയ്തിരുന്നു. ലോക്കപ്പ് റെഡിയാക്കിവെയ്ക്കാന്‍ പറഞ്ഞു. അഞ്ചുമിനിട്ടിനകം ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് കൂടെപ്പോരാന്‍ തയ്യാറായി നിന്നോളാനും പറഞ്ഞു. മാംലാ ഗംഭീര്‍ ലഗ്താ ഹെ മാഡം".

"തും ചിന്താ മത് കരോ. സബ് ബന്ദോബസ്ത് ഹോ ഗയാ ഹെ. ഞാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്" അവര്‍ ഉറപ്പിച്ചുപറഞ്ഞു.

ഫോണ്‍ ഡിസ്കണക്റ്റ് ചെയ്ത് അയാള്‍ തിടുക്കത്തില്‍ പുറത്തേയ്ക്കുപോകാന്‍ തുടങ്ങി

"നില്‍ക്ക്.." മാഡം ആജ്ഞാപിച്ചു. അയാള്‍ നടത്തത്തിന്റെ വേഗം അല്പം കുറച്ച് തിരിഞ്ഞുനോക്കി.

"അടുക്കളയില്‍ ഉരുളക്കിഴങ്ങിന്റെ ചാക്കിനടിയിലുള്ള കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലും പണമുണ്ട്. അത് ശര്‍മ്മയുടേതല്ല, എങ്കിലും ഇനി അതുകാരണം പ്രശ്നമുണ്ടാകണ്ടാ. അതും ഇവിടന്ന് മാറ്റിക്കോളൂ"

അയാള്‍ ഒറ്റയോട്ടത്തിന് അടുക്കളയില്‍ കയറി ചാക്കു തള്ളി മാറ്റി പെട്ടി കൈകളിലെടുത്തു. വലിയൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി കയ്യിലും വലിയൊരു ബാക്ക്പാക്ക് ചുമലിലും താങ്ങി അയാള്‍ പുറത്തേക്കോടുന്നത് അവര്‍ കൌതുകത്തോടെ കണ്ടു. പെട്ടി പെട്രോള്‍ ടാങ്കിനുമുകളില്‍ വെച്ച് കാല്‍മുട്ടുകള്‍കൊണ്ട് അതിനെ അള്ളിപ്പിടിച്ച് അയാള്‍ കിഴക്കോട്ടുള്ള വഴിയിലൂടെ ബൈക്ക് ഓടിച്ചുപോകുന്നത് കണ്ണില്‍നിന്നു മറയുന്നതുവരെ അവര്‍ നോക്കിനിന്നു. അല്പനേരത്തിനകം പടിഞ്ഞാറുനിന്ന് ജീപ്പുകളുടെ ഇരമ്പല്‍ കേട്ടുതുടങ്ങി.

ഒരിക്കല്‍ ഇവനെ കൂട്ടിക്കൊണ്ടുപോയി നേതാജിയെ പരിചയപ്പെടുത്തണം. അദ്ദേഹത്തിന് തീര്‍ച്ചയായും ഇവനെ ഇഷ്ടമാകും. രാഷ്ട്രീയത്തിന്റെ തന്ത്രവും മാനേജ്മെന്റിന്റെ മര്‍മ്മവും തൊഴിലിന്റെ സൂക്ഷ്മവശങ്ങളും ബിസിനസ്സിന്റെ പ്രായോഗികശാസ്ത്രവും വ്യക്തമായി അറിയുന്നവന്‍. തന്റേടി. ബുദ്ധിമാന്‍. കരുത്തന്‍. സ്ഥിതിഗതികളുടെ മര്‍മ്മമറിഞ്ഞ് റിസ്കെടുത്തു വിജയിക്കാന്‍ കഴിയുന്ന മിടുക്കന്‍. നേതാജിക്കൊത്ത പിന്‍ഗാമിതന്നെ ഇവന്‍ - അവര്‍ മനസ്സിലുറപ്പിച്ചു.

Thursday, September 26, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (രണ്ട്)

2. മാലതി

"ലളിതേ.........എടീ ലളിതക്കൊച്ചേ........."

മുനിസിപ്പാലിറ്റി സൈറന്റെയത്ര ഉച്ചത്തില്‍ അലറിവിളിച്ചുകൊണ്ട് വീട്ടിനകത്തേയ്ക്ക് കുതിക്കുകയാണ് മാലതിക്കൊച്ചമ്മ. അതിനു തൊട്ടുമുമ്പ് ജെയിംസ് ബോണ്ട് സ്റ്റൈലില്‍ ഒരു വന്‍ സീല്‍ക്കാരത്തോടെ അതിവേഗത്തില്‍ കാര്‍ തിരിച്ച് അകത്തുകയറ്റി, ഏറുകൊണ്ട തെണ്ടിപ്പട്ടി കാറുന്നതുപോലെ വണ്ടി ചവിട്ടിനിര്‍ത്തി, ഇടിവെട്ടുന്ന ശബ്ദത്തില്‍ കാറിന്റെ ഡോര്‍ വലിച്ചടച്ച് ആ പരിസരമൊക്കെ പ്രകമ്പനം കൊള്ളിച്ചതേയുള്ളൂ, മാഡം . കൊച്ചമ്മയൊക്കെ താങ്ങാനുള്ള കരുത്ത് ഈ ഭൂമിദേവിയ്ക്കുണ്ടായത് അതിലെ സകല ചരാചരങ്ങളുടേയും ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ചവിട്ടിക്കുലുക്കിയുള്ള ആ പോക്കില്‍ എല്ലാം തകര്‍ന്നുതരിപ്പണമായേനേ.

"ഓരോന്നിനേയൊക്കെ വീട്ടീക്കേറ്റിവെച്ചിരിക്കുന്ന എന്നെ വേണം പറയാന്‍. ആ ഗേറ്റ് മലര്‍ക്കെ തുറന്നിട്ട് ഇവളെവിടെപ്പോയിക്കിടക്കുകയാണോ...." ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട് കൊച്ചമ്മ അടുക്കളയിലേയ്ക്കു പാഞ്ഞു. ഇല്ല, അവള്‍ അവിടെയെങ്ങുമില്ല. "ഓ ഇന്ന് ഏഴരയ്ക്ക് അവളുടെ കോമഡി സീരിയലുള്ള ദിവസമാണല്ലോ. പോയിക്കാണും പടിഞ്ഞാറേതിലെ കുഞ്ഞേല്യച്ചേടത്തീടെ വീട്ടില്‍ ടിവി കാണാന്‍". കരണക്കുറ്റിക്കിട്ട് രണ്ടു പൊട്ടിക്കാനുള്ള അരിശമൊക്കെ വരുന്നുണ്ട്. എന്തുചെയ്യാം! അവള്‍ ഇറങ്ങിപ്പോയാല്‍ പിന്നെ വേറൊന്നിനെ കിട്ടാനില്ല.

ഇനിയിപ്പോ ഗേറ്റ് അടച്ചു പൂട്ടലും കാറില്‍ നിന്ന് ഇറച്ചിയും മീനും പച്ചക്കറികളുമെടുത്ത് ഫ്രിഡ്ജില്‍ കയറ്റലുമൊക്കെ സ്വയം ചെയ്യണം.

ഇരുപത്തിയൊന്‍പതര വയസ്സും അഞ്ചടി അഞ്ചിഞ്ച് പൊക്കവും അറുപത്തിമൂന്നു കിലോ തൂക്കവുമുള്ള ഒരു ഉണ്ടപ്പാറുവാണ് ഈ മാലതിക്കൊച്ചമ്മ. പട്ടണത്തിലെ ആര്‍ടിഓഫീസില്‍ ക്ലാര്‍ക്ക് ആണ്. അവിവാഹിത. ടൈറ്റ് ഫിറ്റിങ്ങ് ജീന്‍സും ഷര്‍ട്ടുമാണ് സ്ഥിരം വേഷം. താമസിക്കുന്ന വീട് അവര്‍ സ്വയം പണിയിപ്പിച്ചതാണ്. ആ വീട്ടില്‍ കൊച്ചമ്മയും വേലക്കാരിയും മാത്രമേ താമസമുള്ളൂ.

സത്യത്തില്‍ ക്ലാര്‍ക്ക് എന്നൊക്കെ പറയുന്നത് മുഴുവന്‍ ശരിയല്ല. ആര്‍ടി ഓഫീസിലെ ധനകാര്യ സെക്രട്ടറി എന്നുതന്നെ വേണം പറയാന്‍. ഓഫീസിലെത്തുന്നവരില്‍ നിന്ന് നിര്‍ദ്ദാക്ഷിണ്യം കണക്കുപറഞ്ഞ് കൈക്കുലി ഈടാക്കുക, പണമെല്ലാം കൃത്യമായി വരവുവെയ്ക്കുക, സൂക്ഷിക്കുക, കിട്ടിയ അച്ചാരത്തിന് ആനുപാതികമായ സേവനങ്ങള്‍ 'ഉത്തരവാക്കിക്കൊടുക്കുക', എല്ലാ ദിവസവും വൈകീട്ട് ഓഫീസിലെ സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് കൈക്കൂലിപ്പണം വിതരണം ചെയ്യുക, മാസാവസാനം പോലീസ് സ്റ്റേഷന്‍, പാര്‍ട്ടി ആപ്പീസുകള്‍, ബാര്‍ അസോസിയേഷന്‍ തുടങ്ങിയ നിയമപാലകര്‍ക്കുള്ള സംഭാവനകള്‍ എത്തിച്ചുകൊടുക്കുക എന്നിങ്ങനെയുള്ള ഭാരിച്ച ചുമതലകളാണ് മേഡത്തിനുള്ളത്. ദിവസേന ലക്ഷക്കണക്കിനുരൂപ തിരിമറി നടത്തുന്നതിനിടയില്‍ വിവാഹം പ്രണയം തുടങ്ങിയ നിസ്സാര വിഷയങ്ങളേപ്പറ്റി ചിന്തിക്കാന്‍ തമ്പുരാട്ടിക്ക് സമയമേയില്ല. അതുകൊണ്ടെന്ത്! ഇത്ര ചെറുപ്പത്തില്‍ സ്വന്തമായി വീടും കാറുമൊക്കെയായി, വലിയൊരു അധികാരിവര്‍ഗ്ഗത്തിന്റെ സ്നേഹത്തിനും സാദാ മനുഷ്യരുടെ ഭയഭക്തിബഹുമാനങ്ങള്‍ക്കും പാത്രമാകാന്‍ കഴിഞ്ഞവര്‍ ഈ ഭൂമിമലയാളത്തില്‍ എത്രപേരുണ്ടാകും?

ഗേറ്റ് അടച്ച് താഴിട്ടുപൂട്ടി, രണ്ടുകയ്യിലും സഞ്ചികളും തൂക്കിക്കൊണ്ട് അകത്തുകടന്നപ്പോഴാണ് കൊച്ചമ്മ ഒരു കാര്യം ശ്രദ്ധിച്ചത്. സിനിമാനടന്‍ രാജീവ് പിള്ളയുടെ രൂപവും കട്ട മസിലുമൊക്കെയുള്ള ഒരുത്തന്‍ ടീപ്പോയില്‍ കാലും കയറ്റിവെച്ച് സോഫയില്‍ മലര്‍ന്നിരിക്കുന്നു!

"ഹേയ്......താനാരാ? എന്തുവേണം?" പരിഭ്രമവും ദേഷ്യവും കലര്‍ന്ന ശബ്ദത്തില്‍ മാലതി ആവശ്യപ്പെട്ടു.

"ഞാനൊരു കള്ളനാണ്. എനിക്കൊരു പതിനയ്യായിരം രൂപയാണ് വേണ്ടത്" മല്ലന്‍ നിസ്സംഗതയോടെ പ്രഖ്യാപിച്ചു.

"താനെന്താ, ആളെ കളിയാക്കാന്‍ ഇറങ്ങിയിരിക്കുവാ? വിശേഷിച്ച് കാര്യമൊന്നുമില്ലെങ്കില്‍ പെട്ടന്നിവിടുന്ന് ഇറങ്ങിയാട്ടെ...."

"പതിനയ്യായിരം രൂപ എടുത്തുതന്നാല്‍ ഞാനങ്ങു പോയേക്കാം. അത് താന്‍ തന്നെ എടുത്തുതരുന്നതാണ് എനിക്കും തനിക്കും നല്ലത്. അല്ലെങ്കില്‍പ്പിന്നെ തന്നെ പിടിച്ചുകെട്ടി, വായില്‍ തുണിയൊക്കെ തിരുകി, ഈ വീടാകെ അലങ്കോലമാക്കി, അലമാരകളെല്ലാം തല്ലിപ്പൊട്ടിച്ച് ...എന്തിനാണീ ഡ്രാമയൊക്കെ?"

"ലളിതേ....എടീ ലളിതേ ... ആരാടീ ഇവനെയൊക്കെ അകത്തുകയറാന്‍ വിട്ടത്?"

"ഹയ്യോ, വേലക്കാരിയെ പറയണ്ടാ. ഞാന്‍ തന്റെ അമ്മാവന്റെ മകനാണെന്നും താനെന്റെ മുറപ്പെണ്ണാണെന്നുമൊക്കെപ്പറഞ്ഞാണ് ഞാന്‍ ഇതിനകത്തു കയറിക്കൂടിയത്. ഇപ്പോളവളെ സലീമിന്റെ കടയിലേക്കു വിട്ടിരിക്കുകയാണ്, നമുക്കുരണ്ടുപേര്‍ക്കും വേണ്ടി നല്ല വരട്ടിയ ആട്ടിറച്ചി വാങ്ങാന്‍. പിന്നെ, ഈ നേരമെന്നു പറഞ്ഞാല്‍ ജനം വെള്ളമടി തുടങ്ങുന്ന നേരമാണ് - അവിടെ പൂരത്തിരക്കായിരിക്കും" അയാള്‍ വാച്ചില്‍ നോക്കിക്കൊണ്ടു പറഞ്ഞു "ഇനിയും ഒരു അരമണിക്കൂറെങ്കിലും കഴിഞ്ഞേ അവളു വരൂ"

"താനിവിടന്ന് ഇറങ്ങുന്നോ അതോ ഞാന്‍ ഒച്ചവെച്ച് ആളെ കൂട്ടണോ?"

"താന്‍ ഒച്ചവെയ്ക്കാതിരിക്കാനുള്ള മരുന്നൊക്കെ ഞാന്‍ കയ്യില്‍ കരുതിയിട്ടുണ്ട്" സോഫയുടെ അരികില്‍ ചാരിവെച്ചിരുന്ന മൂന്നടി നീളമുള്ള കമ്പിപ്പാര കയ്യിലെടുത്ത് എഴുന്നേറ്റുനിന്നുകൊണ്ട് അയാള്‍ പറഞ്ഞു.

മാലതിയുടെ തൊണ്ട വരണ്ടു. ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി. കയ്യിലിരുന്ന സഞ്ചികള്‍ ഊര്‍ന്നുതാഴെവീണു.

അവള്‍ അയാളെ സൂക്ഷിച്ചുനോക്കി. പെട്ടന്ന് എന്തോ പിടികിട്ടിയപോലെ അവളുടെ മുഖം വിടര്‍ന്നു.

ഭ്രാന്തമായ ഒരു ആവേശത്തോടെ അവള്‍ പറഞ്ഞു "താന്‍.....തന്നെ ഞാന്‍ കണ്ടിട്ടുണ്ട്.....തന്നെ എനിക്കറിയാം....താന്‍ ആ ബെന്‍സ് ഡീലറുടെ അവിടത്തെ മെക്കാനിക്ക് അല്ലേ?.....സ...സമീര്‍ ... സമീര്‍...അതല്ലേ തന്റെ പേര്? ഹമ്പട കള്ളാ, നിന്നെ ഞാന്‍ മനസ്സിലാക്കില്ലെന്നു കരുതി അല്ലേ? ഇനി നീ കക്കുന്നതെങ്ങനെയെന്ന് എനിക്കൊന്നു കാണണം... ഹും!"

"ഈ പട്ടണത്തിലുള്ള സകലര്‍ക്കും തന്റെ പേരും മേല്‍വിലാസവും ജാതിയും പാരമ്പര്യവും ജാതകവും എല്ലാം അറിയാം. എന്നുകരുതി താന്‍ കൈക്കൂലി ചോദിക്കുമ്പോള്‍ ആരെങ്കിലും തരാതിരിക്കുന്നുണ്ടോ? തനിക്കെതിരെ ആരെങ്കിലും പരാതി കൊടുക്കുന്നുണ്ടോ? പോലീസുകാര്‍ തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടോ? കോടതി തന്നെ ശിക്ഷിച്ചിട്ടുണ്ടോ? ഇല്ലല്ലോ? എല്ലാത്തിനും ഒരു സെറ്റപ്പ് ഒക്കെയുണ്ടെങ്കില്‍ ഒരു മുഖംമൂടിയുമില്ലാതെ പിടിച്ചുപറിനടത്താന്‍ ഈ നാട്ടില്‍ യാതൊരു തടസ്സവുമില്ലെന്ന് ഞാന്‍ പറയാതെതന്നെ തനിക്കറിഞ്ഞുകൂടേ?"

ആ മറുപടി കേട്ട് അവള്‍ സ്തബ്ധയായി! തിരിച്ചൊന്നും പറയാനില്ലായിരുന്നു.

"നിങ്ങളേപ്പൊലെയൊക്കെ ലാവിഷായി ജീവിക്കണമെന്നാണ് എന്റേയും തീരുമാനം. ഏഴായിരത്തിയഞ്ഞൂറു രൂപ വാടകയുള്ള ഫ്ലാറ്റിലാണ് ഞാന്‍ താമസിക്കുന്നത്. ഒരു 350 സിസി ബൈക്ക് ഉണ്ടെനിക്ക്. ദിവസേന അല്പം മദ്യപിക്കും - സലീമണ്ണന്റെ ആട്ടിറച്ചിയും തൊട്ടുകൂട്ടി. അതും ബിവറേജസില്‍ രണ്ടുമണിക്കൂര്‍ ക്യൂനിന്നു വാങ്ങുന്ന വാറ്റുചാരായമൊന്നുമല്ല - നല്ല ഒന്നാന്തരം വിദേശി. ദാ കണ്ടോ, എന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ? ഇട്ടിരിക്കുന്ന ജീന്‍സും ടീഷര്‍ട്ടും ഷൂസും വാച്ചുമെല്ലാം ബ്രാന്‍ഡഡ് ആണ്. പക്ഷേ, ഇതിനൊക്കെ ചിലവാക്കാനായുള്ള നയാ പൈസ പോലും എന്റെ ശം‌ബളത്തില്‍നിന്നല്ല വരുന്നത്. എല്ലാം ഇതുപോലെ ആള്‍ക്കാരുടെ കയ്യില്‍നിന്ന് പിടിച്ചുപറിച്ചതാണ്. ശംബളം നേരെ എന്റെ മ്യൂച്വല്‍ ഫണ്ടിലേയ്ക്കാണ് പോകുന്നത്."

'അവിശ്വസനീയം' എന്നമട്ടില്‍ അവള്‍ തലയാട്ടി.

"ആകെ ഒരു വ്യത്യാസമുള്ളത് തന്നെപ്പോലെ ഒരു സ്ഥിരമായിട്ടൊരു പുറം വരുമാനം എനിക്ക് സെറ്റപ്പ് ആക്കാനായിട്ടില്ല എന്നതാണ്" അയാള്‍ തുടര്‍ന്നു " അതുകൊണ്ട് പലപ്പോഴും പല രീതിയിലാണ് ഞാന്‍ പണം പിടുങ്ങുക. മിക്കവാറും ഡീലര്‍ഷിപ്പിലെത്തുന്ന കസ്റ്റമേഴ്സിനേയാണ് പറ്റിക്കാറ്. വലിയ പാര്‍ട്ടീസല്ലേ, പതിനായിരമോ ഇരുപതിനായിരമോ കയ്യില്‍നിന്നു പോയാല്‍ അവര്‍ അറിയുകപോലുമില്ല. പിന്നെ അല്ലറചില്ലറ മോഷണം, ബ്രോക്കറു പണി, വര്‍ക്ക്ഷാപ്പിലെ പാര്‍ട്ട്സിന്റെ തിരിമറി - അങ്ങനെയങ്ങനെ മാസാമാസം കുറഞ്ഞത് പതിനയ്യായിരം രൂപയെങ്കിലും ഞാന്‍ ഒപ്പിക്കും"

"തനിക്കും സ്ഥിരം സെറ്റപ്പ് ഉള്ള ഒരു ഗവര്‍ണ്‍മെന്റ് ജോലിയില്‍ കയറിക്കൂടേ?" അവളുടെ വായില്‍നിന്ന് അങ്ങനൊരു ചോദ്യം വീണെന്ന് അവള്‍ക്കുതന്നെ വിശ്വസിക്കാനായില്ല.

"ആഗ്രമില്ലാഞ്ഞിട്ടല്ല. കിട്ടണ്ടേ?"

"താന്‍ പിഎസ്‌സി പരീക്ഷ എഴുതിയിട്ടുണ്ടോ?"

"ഹും! കൊള്ളാം. ഓട്ടൊമൊബൈല്‍ എഞ്ചിനീയറിങ്ങിന്റെ അവസാന പരീക്ഷ എഴുതിയ അന്നു തീരുമാനിച്ചതാണ് ഇനി മേലില്‍ ഒരു പരീക്ഷ ഞാനെഴുതില്ലെന്ന്..."

"ഹേയ്, ഇതത്ര ബുദ്ധിമുട്ടൊന്നുമില്ല. ഒരു രണ്ടുമാസം എന്റടുത്തുവന്നാല്‍ മതി. പരീക്ഷ ഈസിയായിട്ട് പാസാകാം. റാങ്ക് ലിസ്റ്റില്‍ വന്നാല്‍പ്പിന്നെ ഡിപ്പാര്‍ട്ടുമെന്റില്‍ കയറ്റുന്ന കാര്യം ഞാനേറ്റു. തന്നേപ്പോലെ വിദേശവാഹനങ്ങളേക്കുറിച്ചറിയുന്നവര്‍ ഡിപ്പാര്‍മെന്റില്‍ കുറവാണ്. മിക്കവാറും ഇവിടെത്തന്നെ ഇയാളെ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി പോസ്റ്റുചെയ്യിക്കാന്‍ പറ്റും."

"ശരിക്കും?" അയാള്‍ക്കു വിശ്വാസം വന്നില്ല.

"ഉം..." അവള്‍ തലയാട്ടി.

അയാള്‍ ഒരു കുറച്ചു നേരം തറയിലേയ്ക്കു നോക്കി എന്തോ ആലോചിച്ചു. പിന്നെ ഒരുനിമിഷനേരത്തേയ്ക്ക് സ്വന്തം കയ്യിലിരുന്ന കമ്പിപ്പാരയിലേയ്ക്കുനോക്കി, മെല്ലെ അത് സോഫയുടെ വശത്ത് വീണ്ടും ചാരിവെച്ചു.

"അപ്പൊ, ഊണുകഴിച്ചിട്ടു പോകുന്നോ? കുറച്ച് മത്തിക്കറിയും ചെമ്മീന്‍ വറുത്തതുമുണ്ട്. ലളിത ആട്ടിറച്ചികൊണ്ടു വരുമ്പോഴേയ്ക്ക് നമുക്കു തുടങ്ങാം, എന്താ?"

"അതുശരി. കള്ളനു കഞ്ഞിവെച്ചവള്‍ എന്നു കേട്ടിട്ടേയുള്ളൂ"

അവര്‍ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

അയാള്‍ കൈ കഴുകി വന്നപ്പോഴേയ്ക്കും അവള്‍ മേശപ്പുറത്ത് എട്ടോ പത്തോ വിഭവങ്ങള്‍ ഒരു പ്ലേറ്റിനു ചുറ്റും കൊച്ചുകൊച്ചു പാത്രങ്ങളില്‍ നിരത്തി വെച്ചിരുന്നു.

അയാള്‍ ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോള്‍ അവള്‍ ഇനിയുമൊരു പ്ലേറ്റ് കൊണ്ടുവന്നു മേശപ്പുറത്തുവെച്ച് അയാളുടെ തൊട്ടടുത്തുനിന്നു.

അയാള്‍ ആ പ്ലേറ്റിലേയ്ക്കുനോക്കി. അതില്‍ ഒരു വെളുത്ത കവര്‍ ഇരിക്കുന്നു.

"എന്താണത്?"

"കുറച്ചു കൈക്കൂലിയാണ്. പതിനയ്യായിരം രൂപയുണ്ട്. എനിക്കൊരു കാര്യം സാധിക്കാനുണ്ടേയ്.." അവള്‍ അവനെ നോക്കി കീഴ് ചുണ്ട് അല്പം കടിച്ചുപിടിച്ചു ചിരിച്ചുകൊണ്ട് മൊഴിഞ്ഞു. അവന്‍ മെല്ലെ പുഞ്ചിരിച്ച് അവളെ നോക്കി കണ്ണിറുക്കി.

ഇവനാണ് ചുണയുള്ള ആണ്‍കുട്ടി. കരുത്തന്‍. സുന്ദരന്‍. എന്തൊക്കെ സംഭവിച്ചാലും സ്വന്തം ജീവിതത്തിലെ ആര്‍ഭാടങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടാകരുതെന്ന് തീരുമാനിച്ചിട്ടുള്ളവന്‍. ഇവന്‍ കൂടെയുള്ളിടത്തോളം ജീവിതം ഒരാഘോഷം തന്നെയായിരിക്കും. ഇവനെ ഞാന്‍ ഒരുത്തിക്കും വിട്ടുകൊടുക്കില്ല - അവള്‍ മനസ്സിലുറപ്പിച്ചു.

Thursday, September 19, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (ഒന്ന്)

1. തെരേസ

മുറിതുറന്ന് അകത്തുകയറി നേരെ കിടക്കയില്‍ വന്നു വീഴുകയായിരുന്നു തെരേസ. ദേഹത്തിലെ ഓരോ പേശിയും നോവുന്നുണ്ട്. പോരാത്തതിന് മുടിഞ്ഞ തലവേദനയും. കുറച്ച് അരി വെള്ളത്തിലിട്ടാലേ അര മണിക്കൂര്‍ കഴിഞ്ഞിട്ടെങ്കിലും അല്പം കഞ്ഞിയും അച്ചാറും കഴിക്കാനാവൂ.

വേറൊരു നിവൃത്തിയുണ്ടെങ്കില്‍ ഈ നേഴ്സിന്റെ പണി ചെയ്യില്ല.വിദേശത്തെ ജോലിസാദ്ധ്യതകളേക്കുറിച്ച് ആരൊക്കെയോ പറഞ്ഞു കേട്ട വര്‍ണ്ണശബളമായ കഥകള്‍ കേട്ട് പണം കടമെടുത്താണ് നേഴ്സിങ്ങ് പഠിച്ചത്. തിരിച്ചടയ്ക്കാന്‍ ആവുന്നപോലെ സഹായിക്കാമെന്നൊക്കെ അപ്പച്ചന്‍ അന്നു പറഞ്ഞിരുന്നു. നാലു മാസങ്ങള്‍ക്കു മുമ്പ് ഒരു അപകടത്തില്‍പ്പെട്ടതോടെ അപ്പച്ചന്‍ കൃഷിയൊക്കെ നിറുത്തി. ഇപ്പോള്‍ അച്ചായന്റെ ഭരണമാണ് വീട്ടില്‍. കടം വാങ്ങിയ പണമൊക്കെ സ്വയം വീട്ടേണ്ട നിലയിലായി. ആശുപത്രിയിലെ കാര്യം അതിലും കഷ്ടം. സൂപ്രണ്ട് മഹാ മൂശേട്ടയാണ്.ഏതുനേരത്തും ആരുടെമുന്നില്‍വെച്ചും വൃത്തികെട്ട ഭാഷയില്‍ ശകാരിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്തൊരു രാക്ഷസി.

ആകെയൊരു ആശ്വാസമുള്ളത് ഒരു മാസം മുമ്പു കണ്ടുപിടിച്ച 'മുങ്ങല്‍' വിദ്യയാണ്. ഓആറിലെ ജയചന്ദ്രന്‍ ഡോക്ടര്‍ അപ്പച്ചന്റെ പഴയ സുഹൃത്താണ്. മുങ്ങി നിവരുമ്പോള്‍ സൂപ്രണ്ടിന്റെ കണ്ണില്‍പ്പെട്ടാല്‍ ഓആറിലായിരുന്നു എന്നു കാച്ചിയാല്‍ തടിതപ്പാം. മിക്കവാറും എല്ലാ ദിവസവും കുറഞ്ഞത് രണ്ട് ഓപ്പറേഷനുകളെങ്കിലും ഉണ്ടാകും - അധികവും സീ സെക്ഷന്‍ തന്നെ. അതുകൊണ്ട് പന്ത്രണ്ടുമണിക്കൂറില്‍ നാലോ ആറോ മണിക്കൂര്‍ തടിതപ്പാം. അതൊരു വലിയ ആശ്വാസം തന്നെയാണ് - ആരെങ്കിലും ഈ ഒത്തുകളി കണ്ടുപിടിക്കുന്നതുവരെ.

പെട്ടന്നാണ് അമിട്ടുപൊട്ടുന്നതുപോലൊരു ശബ്ദം വാതിലില്‍നിന്നു വന്നത്. കറുത്തുമെലിഞ്ഞ ഒരാള്‍ മുറിക്കകത്തേയ്ക്ക് ഇടിച്ചുകയറി വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടു. ഞെട്ടിവിറച്ചുപോയി! വായില്‍നിന്ന് ശബ്ദമൊന്നും പുറത്തുവരുന്നില്ല!

"ഒച്ചവെയ്ക്കരുത്. മിണ്ടിയാല്‍ കുത്തി കുടലെടുക്കും ഞാന്‍" നാലുപാടും നോക്കിക്കൊണ്ട് അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ മുരണ്ടു. "കയ്യിലുള്ള പണവും പണ്ടവുമൊക്കെ പെട്ടന്ന് ഈ തോര്‍ത്തിനകത്തേയ്ക്കിട്. വേഗം!!"

അതുകേട്ടപ്പോള്‍ മനസ്സില്‍ ഒരു ചിരി പൊട്ടിയെങ്കിലും പുറത്തുകാണിച്ചില്ല. അനങ്ങാതെ ഒരേ ഇരിപ്പില്‍ത്തന്നെ ഇരുന്ന് അയാളെ കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു.

ലുങ്കിയും പഴകിയ ഒരു ഷര്‍ട്ടുമാണ് വേഷം. മുഖത്ത് കുറ്റിത്താടി. കണ്ണുകളില്‍ ക്രൂരതയേക്കാളേറെ ദൈന്യവും ഭയവുമാണ് ഉള്ളതെന്നു തോന്നി. ഏതാണ്ട് പത്തിഞ്ച് നീളമുള്ള കഠാരി അയാളുടെ ഇറുക്കിപ്പിടിച്ച മുഷ്ടിയിലിരുന്നു വിറയ്ക്കുന്നു.

"പറഞ്ഞതുകേട്ടില്ലേ?" പല്ലിറുമ്മിക്കൊണ്ട് അയാള്‍ പിന്നേയും മുറുമുറുത്തു.

"ഇവിടെ നിറയേ പണ്ടവും പണവുമുണ്ടെന്ന് തന്നോടാരാണ് പറഞ്ഞത്? ദാ അപ്പുറത്തും ഇപ്പുറത്തുമുള്ള വലിയ വീടുകള്‍ കണ്ടില്ലേ? നേരേ എതിര്‍വശത്ത് നല്ല കച്ചോടമുള്ള കടകളുമുണ്ട്. ഇതൊക്കെ വിട്ട് ഈ ചെറ്റക്കുടിയിലാണോ താന്‍ കക്കാന്‍ കേറിയിരിക്കുന്നത്?" അതുചോദിക്കുമ്പോള്‍ അവളുടെ മനസ്സില്‍ ഭയം ഒട്ടുമില്ലായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവള്‍ക്ക് എന്തു ഭയം !

"ദേ, മറ്റേവര്‍ത്താനം പറയാതെ കയ്യിലുള്ളത് വേഗം ഇങ്ങോട്ടെടുത്തോ, ട്ടോ. എന്റെ ക്ഷമ പരീക്ഷിക്കരുത്" മുഖത്ത് അല്പം രൌദ്രഭാവമൊക്കെ വരുത്തി അയാള്‍ മുരണ്ടു.

"എടോ ഞാന്‍ ഇവിടത്തെ റോസ് ഹോസ്പിറ്റലിലെ ട്രെയിനി നേഴ്സ് ആണ്. മാസം മൂവായിരത്തി അറുന്നൂറു രൂപയാണ് ശമ്പളം. ഓവര്‍ടൈമോ കിമ്പളമോ ഒന്നുമില്ല. ഒണ്ടായിരുന്ന പൊന്നൊക്കെ പണയം വെച്ചിട്ടാണ് പണം കടം വാങ്ങി പഠിച്ചത്. എണ്ണൂറു രൂപയാണ് ഈ കുടുസ്സുമുറിയ്ക്ക് വാടക. ആയിരം രൂപ എല്ലാ മാസവും ബാങ്കിലടയ്ക്കണം. ബാക്കിയുള്ള കാശുകൊണ്ടാണ് അരി വാങ്ങുന്നത്. തനിക്ക് അരി മതിയെങ്കില്‍ ദാ ആ മൂലയില്‍ ഇരിപ്പുണ്ട്. തൊട്ടടുത്ത കുപ്പിയില്‍ കുറച്ചും മണ്ണെണ്ണയും" തെരേസ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

അയാളുടെ മുഖത്ത് നിരാശ പടരുന്നതും കത്തിയുടെ മേലുള്ള പിടി അഴയുന്നതും അവള്‍ കണ്ടു.

"നല്ല ആരോഗ്യവും തന്റേടവുമൊക്കെയുണ്ടല്ലോ. തനിക്ക് പണിയെടുത്തു ജീവിച്ചൂടെ? ദാരിദ്ര്യമാണെങ്കിലും കളവും പിടിച്ചുപറിയുമൊന്നുമില്ലാതെ പെണ്ണൊരുത്തി ഇവിടെ ജീവിക്കുന്നുണ്ടല്ലോ, കണ്ടില്ലേ?" അവള്‍ ചോദിച്ചു.

ആ ചോദ്യം കേട്ട് അയാള്‍ അല്പം പരിഭ്രാന്തനായതുപോലെ തോന്നി.

"നിവൃത്തിയില്ലാത്തോണ്ടാ, കൊച്ചേ. പെങ്ങളുടെ മോന് സുഖമില്ല. ചികില്‍സയ്ക്ക് പന്തീരായിരം രൂപ വേണം. പെങ്ങള് വിധവയാണേയ്.."

അയാള്‍ക്ക് ഇനിയുമെന്തോ പറയാനുണ്ടെന്ന് അവള്‍ക്കു തോന്നി. അടുത്ത വാചകത്തിനായി അവള്‍ കാത്തിരുന്നു. നിമിഷങ്ങള്‍ കടന്നുപോയി.

"ഞാന്‍ ഇതിനുമുമ്പ് കട്ടട്ടൊന്നുമില്ല. ആദ്യായിട്ടാ. വലിയവീടുകളിലൊക്കെ വേലക്കാരും പട്ടികളുമൊക്കെയുണ്ടാകും. കടകളിലാണെങ്കില്‍ ഇടപാടുകാരുണ്ടാകും. അല്ല ഇനി കക്കാന്‍ പറ്റിയാല്‍ത്തന്നെ അവരുടെ ഗുണ്ടകള്‍ നമ്മളെ മണത്തറിഞ്ഞു പിടിക്കും. അതാ ഇതിന്റകത്ത് കേറീത്. ഒരു നാനൂറു രൂപകിട്ടിയാല്‍ തല്ക്കാലത്തെ ആവശ്യം നടക്കൂല്ലോന്നു വിചാരിച്ചു."

അയാള്‍ വീണ്ടും നിശബ്ദനായി തറയിലേയ്ക്ക് കണ്ണു തറപ്പിച്ചുകൊണ്ടുനിന്നു.

"പണം തരാന്‍ പറ്റില്ലെങ്കിലും സൂക്കേടിന്റെ കാര്യത്തില്‍ എനിക്കു കുറച്ചു സഹായിക്കാന്‍ പറ്റും" അവള്‍ മെല്ലെ പറഞ്ഞു. പ്രതീക്ഷയുടെ ഒരു കിരണം അയാളുടെ മുഖത്തു തെളിയുന്നത് അവള്‍ കണ്ടു

"ഞങ്ങളുടെ ആശുപത്രിയില്‍ ശംബളം കുറവാണെങ്കിലും ഒരു ചെറിയ ആനുകൂല്യമുണ്ട്. ജീവനക്കാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും അവിടെ സൌജന്യചികിത്സ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമാണെങ്കില്‍ മാത്രമേ കിടത്തി ചികില്‍സിക്കൂ. ചില മരുന്നുകളൊക്കെ ആശുപത്രിയില്‍ ഫ്രീയായി കിട്ടുമെങ്കിലും ചിലതൊക്കെ പുറത്തുനിന്നു വാങ്ങേണ്ടി വരും. എന്നാലും അത് വലിയൊരു ആശ്വാസമാണല്ലോ."

അയാളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിയുന്നത് അവള്‍ കൌതുകത്തോടെ കണ്ടു.

"എന്താ ഇയാള്‍ടെ പേര്? ജോലി വല്ലതും ഉണ്ടോ അതോ..." എഴുന്നേറ്റ് കൈ കെട്ടി നിന്നുകൊണ്ട് അവള്‍ ചോദിച്ചു.

"ബിജൂന്നാ പേര്. ഇലക്ട്രീഷ്യനാ. ഈ കെട്ടിടം പണിയണോടത്തൊക്കെ പോയി ഇലക്ട്രിക്കു പണി കരാറെടുത്ത് ചെയ്യണ ആളാ. ജോലി ചെയ്യണേക്കാളും ബുദ്ധിമുട്ട് പണിപിടിക്കാനാ. ചെലപ്പൊ ദിവസങ്ങളോളം പണിയൊന്നും ഉണ്ടാവില്ല. ഇപ്പൊ കുറച്ചുകാലായിട്ട് വല്ല്യ കൊഴപ്പല്ല്യ"

അവര്‍ക്കിടയില്‍ വീണ്ടും നിശബ്ദത തളം കെട്ടി. അല്പനേരത്തിനുശേഷം അയാള്‍ മെല്ലെ കതകുതുറന്ന് പുറത്തേയ്ക്കു കടന്നു.

പെട്ടന്ന് എന്തോ ഓര്‍ത്തപോലെ അയാള്‍ തിരിഞ്ഞുനിന്നു. "അല്ല, അടുത്ത ബന്ധുക്കള്‍ക്ക് ചികില്‍സ കിട്ടുമെന്നല്ലേ നിങ്ങളു പറഞ്ഞത്? ഞാന്‍ ബന്ധുവൊന്നുമല്ലല്ലോ?" അയാളുടെ കണ്ണുകളില്‍ വീണ്ടും വിഷാദം പടര്‍ന്നിരിക്കുന്നു.

"ബന്ധങ്ങളൊക്കെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതല്ലേയുള്ളൂ. ബിജു വിഷമിക്കണ്ടാ. നാളെ രാവിലെ ഹോസ്പിറ്റലില്‍ വരൂ. അവിടെ തേരേസാ സിസ്റ്ററിനെ കാണണമെന്നു പറഞ്ഞാല്‍ മതി." അവള്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

നില്ക്കക്കളിയില്ലാത്ത ജീവിതപ്പാച്ചിലില്‍ ഒന്നു പിടിച്ചുനില്‍ക്കാന്‍ വേണ്ടി, അല്പം ശ്വസിക്കാന്‍ വേണ്ടി, കൊച്ചുകൊച്ചു കുറുമ്പുകള്‍ കാട്ടുന്ന ഒരു കൊച്ചുകള്ളനും കൊച്ചുകള്ളിയും. ആശ്രയമില്ലാത്ത പെങ്ങളെ സഹായിക്കാന്‍ കൈ വിട്ട സാഹസത്തിനു മുതിരാന്‍ മാത്രം മനസ്സുനിറയേ സ്നേഹമുള്ളവന്‍. എന്റെ ജീവിതത്തിനു കൂട്ട് അവന്‍ മതി - അവള്‍ മനസ്സിലുറപ്പിച്ചു.

Sunday, July 28, 2013

ഡിട്രോയിറ്റിന്റെ പതനം

ഒരുകാലത്ത് അമേരിക്കയുടെ കിരീടത്തിലെ രത്നമായിരുന്നു ഡിട്രോയിറ്റ്. ഏറ്റവുമധികം ജനവാസമുള്ള നഗരം, ഏറ്റവുമധികം പ്രതിശീര്‍ഷവരുമാനമുള്ള നഗരം, അമേരിക്കയുടെ വ്യാവസായിക തലസ്ഥാനം എന്നിങ്ങനെയുള്ള പെരുമകള്‍ സ്വന്തമായിരുന്ന ഇടം. ആ ഡിട്രോയിറ്റ് ജൂലായ് 19ന് പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുകയാണ്!

ഡിട്രോയിറ്റ് നഗരത്തിലെ മൂന്നിലൊന്നു ഭാഗത്ത് ഇന്ന് ആള്‍ത്താമസമില്ല. പലയിടത്തും വീടുകളും കടകളും വ്യവസായശാലകളും കെട്ടിടങ്ങളും അതിന്റെ ഉടമകള്‍ ഉപേക്ഷിച്ചുപോയിക്കഴിഞ്ഞിരിക്കുന്നു. വളരേയധികം ഇടങ്ങളില്‍ വഴിവിളക്കുകള്‍ കത്തുന്നില്ല - കാരണം വൈദ്യുതക്കമ്പികള്‍ അതിലെ ചെമ്പിനായി ആളുകള്‍ അറുത്തുമാറ്റിയിരിക്കുന്നു. മോഷണവും കൊലപാതകവുമടങ്ങുന്ന കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു - കാരണം ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത നഗരസഭ പോലീസുകാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുപോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് നഗരസഭ - കാരണം നികുതികൊടുക്കാന്‍ മാത്രം വരുമാനമുള്ള വ്യക്തികളും സ്ഥാപനങ്ങളും നന്നേ കുറവും, സര്‍ക്കാരിന്റെ 'കാരുണ്യ'ത്തിന്റെ ആവശ്യക്കാര്‍ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഈയൊരു സന്ദര്‍ഭത്തിലാണ് ഡിട്രോയിറ്റിന് പാപ്പരായതായി സ്വയം പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നത്.

പതിനെട്ടു ബില്ല്യണ്‍ ഡോളറില്‍പ്പരമാണത്രേ ഡിട്രോയിറ്റ് നഗരത്തിന്റെ മൊത്തം കടം! 'സ്റ്റാന്റേര്‍ഡ് ആന്‍ഡ് പ്വര്‍'ന്റെ കണക്കനുസരിച്ച് നഗരത്തിന്റെ മൊത്തം വരുമാനം കൊണ്ട് പലിശയും പെന്‍ഷനും കൊടുക്കാന്‍ പോലും തികയില്ലത്രേ. ഇത്തരമൊരു സാഹചര്യത്തില്‍ നഗരസഭ ഈ നടപടിയെടുത്തതില്‍ അത്ഭുതപ്പെടാനില്ല.

അമേരിക്കന്‍ നിയമങ്ങളനുസരിച്ച് വ്യക്തികളോ സ്ഥാപനങ്ങളോ പാപ്പരായാല്‍ അവര്‍ക്ക് അവരുടെ നിലവിലുള്ള ബാധ്യതകള്‍ എഴുതിത്തള്ളാനും പുനഃക്രമീകരിക്കാനുമുള്ള സാഹചര്യം കോടതി ഒരുക്കിക്കൊടുക്കും. ഇപ്പോഴത്തെ ഫയലിങ്ങ് അനുസരിച്ച് നഗരത്തിന് നൂറുഡോളര്‍ കടം കൊടുത്തവര്‍ക്ക് വെറും പത്തു ഡോളര്‍ മാത്രം തിരികെ നല്‍കാനുള്ള നിര്‍ദ്ദേശപത്രികയാണ് നഗരാധികാരികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ബോണ്ട് വിപണി സ്വാഭാവികമായും ഇതിനോട് ശക്തമായിത്തന്നെയാണ് പ്രതികരിക്കുന്നത്. മുനിസിപ്പല്‍ ബോണ്ടുകളുടെ പലിശനിരക്ക് (yield) വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് - അതായത് ഉയര്‍ന്നനിരക്കിലേ ഇനി മുനിസിപ്പാലിറ്റികള്‍ക്ക് വിപണിയില്‍നിന്ന് പണം കടമെടുക്കാനാവൂ. അമേരിക്കയില്‍ സാമ്പത്തികബുദ്ധിമുട്ടുള്ള ഒരു ഡസന്‍ നഗരങ്ങളെങ്കിലുമുണ്ട്. വരും നാളുകളില്‍ ഡിട്രോയിറ്റിനു സമാനമായ പ്രതിസന്ധി ആ നഗരങ്ങളിലേയ്ക്കു വ്യാപിക്കുമോ എന്ന ആശങ്ക നിലനില്ക്കുന്നുണ്ട്.

ഡിട്രോയിറ്റിന്റെ ഈ പതനത്തിന് കാരണങ്ങള്‍ പലതാണ്. അടിസ്ഥാന കാരണം വരവു കുറഞ്ഞതും ചിലവു കൂടിയതും തന്നെയാണ്. പക്ഷേ അത്തരമൊരു നിലയിലേയ്ക്കുനയിച്ച രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങള്‍ അതതു തലങ്ങളില്‍ ഇന്നും തര്‍ക്കിക്കപ്പെടുന്നവയാണ്.

തൊഴിലാളി യൂണിയനുകളുടെ ഉരുക്കുമുഷ്ടിയിലാണ് സമ്പന്നരും ഉപഭോഗപ്രിയരുമായ അവിദഗ്ദ്ധസമൂഹം ഡിട്രോയിറ്റില്‍ രൂപപ്പെട്ടത്. അക്കാലത്ത് അമേരിക്കലെ വ്യവസായശാലകളില്‍ തൊഴില്‍ ലഭിക്കാന്‍ യാതൊരുവിധ വിദ്യാഭ്യാസമോ പ്രാവീണ്യമോ വേണ്ടിയിരുന്നില്ല. തീരെ താഴ്ന്ന തൊഴിലുകള്‍ക്കുപോലും ഉയര്‍ന്ന വേതനവും ജോലിസ്ഥിരതയും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ കഴിയുന്ന ആസുരശക്തിയുണ്ടായിരുന്നു ഡിട്രോയിറ്റിലെ യൂണിയനുകള്‍ക്ക്.

ഈ യൂണിയനുകളെ ഒതുക്കാനാണ് എണ്‍പതുകളില്‍ റെയ്ഗന്‍ ഭരണകൂടം 'വടക്കനമേരിക്കന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ (North American Free Trade Agreement - NAFTA)' കൊണ്ടുവന്നത്. തല്‍ഫലമായി ഡിട്രോയിറ്റിലെ വാഹനനിര്‍മ്മാണശാലകള്‍ ക്രമേണ ക്യാനഡയിലേയും മെക്സിക്കോയിലേയും 'ചിലവുകുറഞ്ഞ വ്യാപാരമേഖല'കളിലേയ്ക്ക് പറിച്ചുനടപ്പെടാന്‍ തുടങ്ങി. വാഹനനിര്‍മ്മാണം മുടങ്ങിയതോടെ അനുബന്ധവ്യവസായങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. വലിയ തോതിലുള്ള വരുമാനക്കമ്മിയാണ് ഈ സംഭവവികാസങ്ങള്‍ നഗരത്തിനു വരുത്തിവെച്ചത്.

2008ലെ സാമ്പത്തിക പ്രതിസന്ധി ഡിട്രോയിറ്റ് നഗരത്തിന് രണ്ടാമത്തെ പ്രഹരം ഏല്പിച്ചു. അതുവരെ ഡിട്രോയിറ്റ് കമ്പനികള്‍ താരതമ്യേന വലിയ ലാഭമുള്ള പാസഞ്ചര്‍ ട്രക്കുകളും എസ്‌യുവികളും വിറ്റാണ് നിലനിന്നുപോയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മുറുകുകയും ഋണലഭ്യത കുറയുകയും പെട്രോളിന്റെ വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തതോടെ വലിയ വാഹനങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ ഇല്ലാതായി. ചെറിയ കാറുകളുടെ വിപണിയില്‍ ജാപ്പനീസ്/കൊറിയന്‍/ജര്‍മന്‍ കാറുകളോടു മത്സരിക്കാന്‍ പോന്ന മോഡലുകള്‍ അമേരിക്കന്‍ കമ്പനികളുടെ പക്കല്‍ ഉണ്ടായിരുന്നുമില്ല. അങ്ങനെ ജനറല്‍ മോട്ടോഴ്സ്, ക്രൈസ്ലര്‍ എന്നീ കമ്പനികള്‍ അടച്ചുപൂട്ടേണ്ട നിലയിലേയ്ക്കായി.

ഈ അവസരത്തിലാണ് ഒബാമ ഭരണകൂടം ഈ രണ്ടു കമ്പനികളേയും 'തന്ത്രപരമായ പാപ്പരത്തം' പ്രഖ്യാപിക്കാന്‍ അനുവദിച്ചത്. പാപ്പരത്തം പ്രഖ്യാപിച്ചതോടെ ഈ കമ്പനികളുടെ നിലവിലുള്ള എല്ലാ ബാദ്ധ്യതകളും ഒരു ഞൊടിയില്‍ ഇല്ലാതായി. അമേരിക്കന്‍ സര്‍ക്കാര്‍ ഈ കമ്പനികളിലെ ഓഹരിയുടമകളായി.

വാഹനനിര്‍മ്മാണമേഖലയിലെ തൊഴിലുകള്‍ തീര്‍ത്തും ഇല്ലാതാവുന്നതില്‍നിന്ന് രക്ഷിയ്ക്കാന്‍ ഈ നടപടി സഹായകരമായെങ്കിലും വലിയൊരു ആഘാതമാണ് ഈ നടപടി ഡിട്രോയിറ്റ് നഗരത്തിനുമേല്‍ ഏല്‍പ്പിച്ചത്. ജീവനക്കാരുടെ വരുമാനം വെട്ടിക്കുറച്ചും, മോഡലുകള്‍ ഇല്ലാതാക്കിയും, അനുബന്ധവ്യവസായങ്ങളില്‍നിന്നുള്ള സംഭരണം പരിമിതപ്പെടുത്തിയും, നിര്‍മ്മാണശാലകള്‍ അടച്ചുപൂട്ടിയും വാഹനവ്യവസായികള്‍ ചിലവുചുരുക്കിയപ്പോള്‍ അത്തരം ഇടപാടുകളിലെ നികുതിവരുമാനത്തെ ആശ്രയിച്ചിരുന്ന ഡിട്രോയിറ്റ് നഗരസഭയ്ക്ക് സംഭ്രമജനകമായ തകര്‍ച്ചയാണ് സംഭവിച്ചത്.

ബാങ്കിങ്ങ് മേഖലയിലെ പ്രതിസന്ധി ഈ തകര്‍ച്ചയെ ഒന്നുകൂടി തീവ്രമാക്കി. വീടുപണയപ്പെടുത്തി പണം കടം വാങ്ങിയവരായിരുന്നു ഡിട്രോയിറ്റിലെ സാധാരണക്കാരില്‍ അധികവും. ജോലി നഷ്ടപ്പെടുകയും ബാങ്കുള്‍ പലിശ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തതോടെ മിക്കവാറും പേര്‍ക്ക് തവണകള്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതായി. ബാങ്കുകള്‍ അവരെയെല്ലാം അവരുടെ വീടുകളില്‍നിന്ന് കുടിയൊഴിപ്പിച്ചു. പക്ഷേ അങ്ങനെ പിടിച്ചെടുത്ത വീടുകള്‍ വാങ്ങാന്‍ ആരും ഇല്ലായിരുന്നു. കാലക്രമേണ, പലതരത്തില്‍ തകര്‍ക്കപ്പെട്ട ഒഴിഞ്ഞ വീടുകളുടെ പ്രേതനഗരമായി ഫലത്തില്‍ ഡിട്രോയിറ്റ്.

നഗര-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള രാഷ്ട്രീയക്കാരുടെ പങ്കും ഒട്ടും കുറച്ചുകാണേണ്ടതില്ല. ഡിട്രോയിറ്റ് യൂണിയനുകളുടെ പിന്‍ബലത്തില്‍ സ്വന്തം രാഷ്ട്രീയസ്ഥാനമാനങ്ങള്‍ കെട്ടിപ്പൊക്കിയ ഡെമോക്രാറ്റുകളും യൂണിയനുകളെ ഒതുക്കി 'സ്വതന്ത്രവിപണിയുടെ' മുന്നണിനേതാക്കളായ മുതലാളിമാരുടെ മടിശ്ശീല വീര്‍പ്പിച്ചുകൊടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഈ ദുരന്തത്തിനുത്തരവാദികളാണ്. നഗരം സാമ്പത്തികപ്രതിസന്ധിയിലാണെന്നറിഞ്ഞിട്ടും വീണ്ടുംവീണ്ടും കടമെടുത്ത് ചിലവുനടത്തിയിരുന്ന ദീര്‍ഘകാല ഡിട്രോയിറ്റ് ഭരണാധികാരികളായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ മുഖ്യപങ്കാണുള്ളതെന്നത് അവിതര്‍ക്കിതമാണ്. വോട്ടിനുവേണ്ടി ഇരിക്കുന്ന കൊമ്പുവെട്ടുകയും നനഞ്ഞിടം കുഴിക്കുകയും കഴുക്കോലൂരി വിറകുകത്തിക്കുകയും ചെയ്യുന്നമട്ടുള്ള രാഷ്ട്രീയമാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ഡിട്രോയിറ്റില്‍ അരങ്ങേറുന്നത്.

ഒരു സമൂഹത്തിന്റെ നന്മയ്ക്ക് കോര്‍പ്പറേറ്റുകളുടെ ആസുരതയാണോ, യൂണിയനുകളുടെ ഉരുക്കുമുഷ്ടിയാണോ, രാഷ്ട്രീയക്കാരന്റെ രാക്ഷസബലമാണോ, കോടതികളുടെ നിഗ്രഹശക്തിയാണോ കൂടുതല്‍ അഭികാമ്യം എന്ന അമ്പരപ്പിക്കുന്ന ചോദ്യമാണ് ഡിട്രോയിറ്റ് ലോകത്തിനുമുന്‍പില്‍ വയ്ക്കുന്നത്. ഈ സത്വങ്ങള്‍ തമ്മിലുള്ള ശീതസമരത്തിനു സമാനമായ ഒരുതരം അയഞ്ഞ സംഘര്‍ഷത്തില്‍ മാത്രമേ സമൂത്തിനു പ്രതീക്ഷയുള്ളൂ എന്നെനിക്കു തോന്നുന്നു. ഇവര്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോഴും സഖ്യത്തിലാവുമ്പോഴും സമൂഹത്തിന് തുടക്കത്തില്‍ സമൃദ്ധിയുണ്ടായേക്കാമെങ്കിലും ദുരിതം മാത്രമായിരിക്കും അന്തിമഫലം. ഇന്നത്തെ സമൃദ്ധിയില്‍ അഭിരമിക്കുന്ന ഭാരതീയന്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ് ഡിട്രോയിറ്റിന്റെ ഈ ദുരന്തകഥ.

*****************************************

വാല്‍ക്കഷണം: ഡിട്രോയിറ്റിലെ പല പ്രദേശങ്ങളും പ്രേതഗൃഹങ്ങളുടെ ശ്മശാനങ്ങളായതോടെ അവശേഷിക്കുന്ന ആള്‍ത്താമസമുള്ള വീടുകളില്‍നിന്നും ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം ഒറ്റപ്പെട്ട വീടുകളിലേയ്ക്ക് മുനിസിപ്പല്‍ സേവനങ്ങള്‍ (വെള്ളം, അഴുക്കുചാല്‍, വഴിവിളക്കുകള്‍, റോഡുകള്‍, പൊലീസിങ്ങ് എന്നിവ) കുറഞ്ഞ ചിലവില്‍ കാര്യക്ഷമമായി എത്തിക്കുക അസാധ്യമാണ് എന്നതുകൊണ്ടത്രേ ഇത്. അങ്ങനെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തുലോം തുച്ഛമായ പ്രതിഫലമാണ് മുനിസിപ്പാലിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത് - ഇത്തരം ഇടങ്ങളിലെ വീടുകള്‍ക്ക് പൊതുവിപണിയില്‍ തീരെ വിലയില്ല എന്നതുതന്നെ കാരണം. ചുരുക്കത്തില്‍, മുഴുപ്പട്ടിണിയാണെങ്കിലും സ്വന്തം കൂരയ്ക്കുകീഴില്‍ അന്തിയുറങ്ങമല്ലോ എന്ന അവസാന പ്രതീക്ഷപോലും ഭരണവര്‍ഗ്ഗം അവരുടെ പൌരന്‍മാര്‍ക്ക് ബാക്കിവെച്ചിട്ടില്ലെന്നര്‍ത്ഥം !

ഇതുകൂടി കാണുക : ഡിട്രോപ്പിയ

Sunday, July 7, 2013

സര്‍ദാര്‍ജിയുടെ കല്യാണം!

"നമസ്കാര്‍ തോമസ് ഭായ്! കൈസേ ഹേ ആപ്?"

ഓ, ഗം‌ഭീരമായി!

രണ്ടു സെര്‍വറുകളുടെ ഡിസ്ക് ക്രാഷ് ആയിക്കിടക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ ബാക്കപ്പും കറപ്റ്റ് ആണെന്നാണ് കേട്ടത്. ക്ലയന്റും മാനേജര്‍മാരും ബ്രസീലിലുള്ള ഐബിഎം കാള്‍ സെന്റര്‍ വാനരന്‍മാരും ഒക്കെക്കൂടി തലയ്ക്കകത്തുകിടന്ന് ചിലമ്പാട്ടം ആടുന്നു. ഈ മുഹൂര്‍ത്തത്തില്‍ത്തന്നെ വേണമല്ലോ സര്‍ദാര്‍ജിയ്ക്കു പ്രത്യക്ഷപ്പെടാന്‍!

തലയിലിരുന്ന ടെലിഫോണ്‍ ഹെഡ്സെറ്റ് ഊരിയെറിഞ്ഞ്, മോണിറ്ററിന് അഭിമുഖമായിരുന്ന കസേര നൂറ്റിയെണ്‍പതുഡിഗ്രി തിരിച്ച്, തല നാല്പത്തിയഞ്ചുഡിഗ്രി ഉയര്‍ത്തി കണ്ണുകള്‍ രണ്ടും സര്‍ദാര്‍ജിയുടെ തിരുവദനത്തില്‍ പ്രതിഷ്ഠിച്ചു. എന്നിട്ട് "ക്യൂം ഭായ്, തേരി ശാദി ഹോ രഹി ഹേ ക്യാ?" എന്നൊരു ചോദ്യമങ്ങ് കാച്ചി.

സര്‍ദാര്‍ ആയതുകൊണ്ടാണോയെന്നറിയില്ല, അതിന്റെ നേരായ അര്‍ത്ഥത്തില്‍ മാത്രമേ അവന്‍ അതെടുത്തുള്ളൂ. "ഹാം ഭായ് വഹി ബോല്‍നേ കേ ലിയേ ആയാ ഥാ" - അവന്‍ പ്രതിവചിച്ചു.

ഉള്ളതുപറയാമല്ലോ, അതുപറഞ്ഞപ്പോളുണ്ടായ അവന്റെ ചിരിയും കണ്ണുകളിലെ തിളക്കവും കണ്ടപ്പോള്‍ തുടക്കത്തിലുണ്ടായ കെറുവ് ആകെ ആവിയായിപ്പോയി.

അല്ലെങ്കിലും എനിക്കീ സര്‍ദാര്‍ജിയെ പണ്ടേ ഇഷ്ടമാണ്. രണ്ടുവര്‍ഷം മുമ്പാണ് അയാള്‍ ഈ കമ്പനിയില്‍ ജോലിയ്ക്കു കയറിയത്. ഡിഗ്രിയെടുത്തതിനുശേഷമുള്ള അയാളുടെ ആദ്യത്തെ ജോലി. അന്നുവെറും ഇരുപത്തിമൂന്നുവയസ്സു പ്രായം!

ക്ലാസ്സില്‍ വളരേ മിടുക്കനായിരുന്നതുകൊണ്ടാണെന്നുതോന്നുന്നു, തുടക്കത്തില്‍ ഭയങ്കര ആത്മവിശ്വാസമായിരുന്നു കക്ഷിയ്ക്ക്. പുള്ളിയുടെ സോഫ്റ്റ്‌വേര്‍ ഒന്നുരണ്ടുതവണ ലൈവ് സെര്‍വറില്‍ ക്രാഷ് ആയപ്പോഴാണ് അതൊക്കെയൊന്നു ശരിയായത്. "ഭായ്, എന്റെ പിസിയില്‍ അത് ഭംഗിയായി ഓടുന്നുണ്ട്, ക്യുഎ സെര്‍വറിലും ഒറ്റ ബഗ് പോലുമില്ല - ലൈവ് സെര്‍വറില്‍ എന്തുപറ്റി?" എന്ന ചോദ്യവും കൊണ്ട് ചമ്മിയ മുഖവുമായി ഒരിക്കല്‍ വന്നതോര്‍ക്കുന്നു. "ഭായ്, അവിടൊക്കെ ഒന്നോ രണ്ടോ പേരല്ലേ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുള്ളൂ. സെര്‍വറില്‍ പതിനായിരക്കണക്കിനാളുകളാണല്ലോ ഒരേസമയം യൂസ് ചെയ്യുക" എന്ന് 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ദാസാ' എന്ന അതേ ദാര്‍ശനികശബ്ദത്തില്‍ ഞാന്‍ മറുപടി കൊടുത്തതും.

പക്ഷേ സര്‍ദാര്‍ മിടുക്കനാണ്. എന്നേക്കാള്‍ ഏറെയേറെ! ഏതാണ്ട് നാലുമാസത്തോളമേ എന്റെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അയാള്‍ക്കു വേണ്ടിവന്നുള്ളൂ. അതിനുശേഷം വല്ലപ്പോഴുമേ സഹായം ചോദിച്ച് എന്റടുത്തുവന്നിട്ടുള്ളൂ. അയാളേപ്പോലെ യൂസര്‍ ഇന്റര്‍ഫേസ് ഡിസൈന്‍ ചെയ്യാന്‍ കഴിവുള്ള ആരും ഈ കമ്പനിയിലില്ലതന്നെ. അതിമനോഹരമായ വെബ് പേജുകളാണ് പുള്ളിയുടെ വര്‍ക്കിന്റെ സവിശേഷത. ആപ്പിള്‍ ഉല്‍പന്നങ്ങളുടെ തികഞ്ഞ ആരാധകനാണ് കക്ഷി. 'നമ്മള്‍ ഒരു അപ്ലിക്കേഷന്‍ ഉണ്ടാക്കിയാല്‍ ആളുകള്‍ക്കത് വീണ്ടും വീണ്ടും വന്ന് ഉപയോഗിക്കാന്‍ തോന്നുമാറ് ലളിതവും സുന്ദരവും ആയിരിക്കണം' എന്ന ഫണ്ട ഇടയ്ക്കൊക്കെ വന്ന് എന്റെ തലയില്‍ കൊട്ടിയിട്ടുപോകാറുണ്ട്.

"ഇന്ന് ഈ കമ്പനിയിലെ എന്റെ അവസാനത്തെ ദിവസമാണ് തോമസ് ഭായ്. എനിക്ക് ബാങ്ക് ഓഫ് അമേരിക്കയില്‍ ഒരു ജോബ് ഓഫറുണ്ട്. നോര്‍ത്ത് കരോലൈനായിലെ ഷാര്‍ലറ്റിലാണ് ഓഫീസ്. ജോയിന്‍ ചെയ്യാന്‍ അവര്‍ രണ്ടര മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് എനിക്ക് ഇന്ത്യയിലേയ്ക്കു പോകാനുള്ള വീസ അനുവദിച്ചുകിട്ടി. രണ്ടുമാസത്തിനുള്ളില്‍ വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ ചെയ്തുതീര്‍ക്കാമെന്നാണ് വിചാരിക്കുന്നത്"

തീര്‍ത്തും സാധാരണമെന്നു തോന്നിക്കുന്ന കാര്യങ്ങള്‍, അല്ലേ? പക്ഷേ ഈ സര്‍ദാര്‍ജിയെ സംബന്ധിച്ചിടത്തോളം പ്രപഞ്ചാത്ഭുതങ്ങളാണവ!

ആറുവര്‍ഷങ്ങള്‍ക്കുമുമ്പ്, 'മക് ഗില്‍' യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് മൂന്നുദിവസത്തിനകം പ്രണയം എന്ന സൌഭാഗ്യലോട്ടറിയടിച്ചു റെക്കോര്‍ഡിട്ടയാളാണീ സര്‍ദാര്‍. പ്രണയഭാജനം ഗോവയില്‍ ജനിച്ചുവളര്‍ന്ന പര്‍മീന്ദര്‍ കൌര്‍ എന്ന 'ജുഹി'. എന്തുകണ്ടിട്ടാണാ സര്‍ദാര്‍ണി ഇയാളെ ഇഷ്ടപ്പെട്ടതാവോ! ആറടി മൂന്നിഞ്ച് പൊക്കമുണ്ടെങ്കിലും ആളു മെലിഞ്ഞാണ്. ദിവസേന എട്ടുകിലോമീറ്റര്‍ ഓടുമെങ്കിലും വളഞ്ഞുകൂനിയാണ് നില്പും നടപ്പും. നിരയൊത്ത പല്ലുകളും വിടര്‍ന്ന കണ്ണുകളും ഉണ്ടെങ്കിലും മുഖം കോമാങ്ങ പോലെ നീണ്ടതാണ്. നല്ല ബുദ്ധിയും പഠിപ്പുമൊക്കെയുണ്ടെങ്കിലും എല്ലാവരോടും വല്ലാത്തൊരു വിനയവും ബഹുമാനവുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാലേ അയാള്‍ പറയുന്നത് കേള്‍ക്കാനാകൂ - അത്രയ്ക്ക് സൌമ്യമായ ശബ്ദത്തിലാണ് സംസാരം. ചുരുക്കത്തില്‍ അത്ര 'എടുപ്പുള്ള ആണൊ'ന്നുമല്ല, പെണ്ണുങ്ങള്‍ക്ക് പെട്ടന്നു പ്രേമം തോന്നാന്‍. ഞാന്‍ അസൂയകൊണ്ടുപറയുന്നതല്ല, കേട്ടോ.

ആ റെക്കോര്‍ഡോടുകൂടി സര്‍ദാര്‍ജിയുടെ കഷ്ടകാലം തുടങ്ങി. ഡിസംബറില്‍ മോണ്ട്രിയാളിലെ മൈനസ് അഞ്ചു ഡിഗ്രി തണുപ്പടിച്ചയുടന്‍ ജുഹി സ്ഥലം വിട്ടു. അവിടത്തെ മദാമ്മമാരൊക്കെ മിനിസ്കര്‍ട്ടും സ്ലീവ്‌ലെസ്സുമൊക്കെയിട്ടുനടക്കുന്ന കാലാവസ്ഥയാണെന്നോര്‍ക്കണം. 'ഇതൊക്കെ സുഖകരമായ കാലാവസ്ഥയല്ലേ, ഫെബ്രുവരിയിലെ മൈനസ് ഇരുപത്തഞ്ചാണ് ശരിക്കുള്ള തണുപ്പ്' എന്നൊക്കെ ആരെങ്കിലും സര്‍ദാര്‍ണിയോടു പറഞ്ഞിട്ടുണ്ടാകും. ഏതായാലും എടുപിടീന്നായിരുന്നു പോക്ക്. സര്‍ദാര്‍ജിയ്ക്ക് ഒരു അഭിപ്രായം പറയാനുള്ള സമയം പോലും കിട്ടിയില്ല.

ഒരുമാതിരി പ്രണയകഥകളെല്ലാം അവിടെ അവസാനിച്ചേനേ. പക്ഷേ സര്‍ദാര്‍ജി സന്‍മനസ്സുള്ളവനാണല്ലോ. പിന്നീടുള്ള കാലം ഇമെയില്‍, ചാറ്റ്, സ്കൈപ്പ്, ഫേസ്‌ബുക്ക് എന്നീ മാധ്യമങ്ങളിലൂടെ ആ പ്രണയം ചൂടാറാതെ അയാള്‍ കാത്തുസൂക്ഷിച്ചു.

ജോലികിട്ടി ആദ്യത്തെ ശംബളംകൊണ്ട് സര്‍ദാര്‍ ആദ്യം ചെയ്തത് ഇന്ത്യന്‍ വീസായ്ക്ക് അപേക്ഷിക്കുക എന്നതായിരുന്നു. പക്ഷേ അവിടേയും വലിയൊരു പ്രതിബന്ധം അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അയാളുടെ അച്ഛന്‍ ജോഗീന്ദര്‍സിംഗ് എണ്‍പതുകളിലെ 'കുഖ്യാത് ആതങ്കവാദി' ആയിരുന്നു!

എട്ടുവര്‍ഷത്തെ സൈനികസേവനത്തിനുശേഷം സ്വന്തം ഗ്രാമത്തില്‍ ഒരു ഗോതമ്പുമില്ലും നടത്തി ഒരു എളിയജീവിതം നയിച്ചിരുന്ന സാധാരണക്കാരനായിരുന്നു ജോഗീന്ദര്‍സിംഗ്. ഖാലിസ്ഥാനുവേണ്ടിയുള്ള പോരാട്ടം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. ഒരിക്കല്‍ പണപ്പിരിവിനുവന്ന അകാലികളെ അയാള്‍ നല്ല മിലിറ്ററി നിലവാരത്തിലുള്ള തെറിപറഞ്ഞ് ഓടിച്ചു. അതിനുശേഷം നാലോ അഞ്ചോ തവണ ഫോണിലൂടെയും തപാലിലൂടെയും ഭീഷണി വന്നു. ഓരോ ഭീഷണിയിലും 'അടയ്ക്കേണ്ട' സംഖ്യയും പെരുകിക്കൊണ്ടിരുന്നു. പക്ഷേ ജോഗീന്ദര്‍സിംഗ് അതിനൊന്നും പുല്ലുവില കൊടുത്തില്ല. ഒരു ദിവസം മില്ലില്‍നിന്നു വന്നപ്പോള്‍ കണ്ടത് അയാളുടെ അമ്മയും ഭാര്യയും രണ്ടു കുട്ടികളും വെടിയേറ്റൂമരിച്ചുകിടക്കുന്നതാണ്.

അയാള്‍ അന്നേ ദിവസം ഗ്രാമത്തില്‍നിന്നുമുങ്ങി. വേറൊരു പേരില്‍ 'ബബ്ബര്‍ ഖല്‍സ'യില്‍ ചേര്‍ന്നു. ഒരു ഫുള്ളി ഓട്ടോമാറ്റിക് റൈഫിള്‍ കൈക്കലാക്കുക എന്ന ലളിതമായ ഉദ്ദേശമേ അതിനുണ്ടായിരുന്നുള്ളൂ. ക്രമേണ, കൊലപാതകികളായ അഞ്ചുപേരേയും അത് ആസൂത്രണം ചെയ്ത രണ്ടു പേരേയും അയാള്‍ തന്ത്രപൂര്‍വ്വം കണ്ടെത്തി.

അവരെയെല്ലാം ഒരുമിച്ച് ഒരിടത്തുകൊണ്ടുവരിക എന്നതായിരുന്നു അടുത്ത പരിപാടി. അവര്‍ക്കെല്ലാം വിശ്വസ്തനായ ഒരാളിനെ ജോഗീന്ദര്‍സിംഗ് പാട്ടിലാക്കി. അയാളേക്കൊണ്ട് 'ചഹല്‍' ഗ്രാമത്തിലെ ഒരു ഢാബയില്‍ അവരെ വിരുന്നിനു വിളിപ്പിച്ചു. പക്ഷേ വിരുന്നിന് മൂന്നു പേരേ വന്നുള്ളൂ. മറ്റുള്ളവര്‍ തൊട്ടടുത്ത ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു.

ഢാബയിലിരുന്ന മൂന്നുപേരെയും വിവാഹത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന, കൊലപാതകികളും അവരുടെ കാവല്‍ക്കാരും അടങ്ങുന്ന, പതിമൂന്നുപേരെയും വകവരുത്താന്‍ ജോഗീന്ദര്‍സിംഗിന് ഒരു എകെ47ഉം നൂറ്റിമുപ്പത്തിരണ്ട് ബുള്ളറ്റുകളും ഒരു 'എന്‍ഫീല്‍ഡ്' ബുള്ളറ്റൂം മുപ്പത്തിയഞ്ചു മിനിറ്റും മാത്രമേ വേണ്ടിവന്നുള്ളൂ, എന്നാണ് ഐതിഹ്യം.

കൃത്യനിര്‍വ്വഹണത്തിനുശേഷം അയാള്‍ പാക്കിസ്ഥാനിലേയ്ക്ക് മുങ്ങി. അവിടെനിന്ന് ദുബായ് വഴി രാഷ്ട്രീയാഭയാര്‍ത്ഥിയായി ക്യാനഡയിലെത്തി. വീണ്ടും വിവാഹിതനായി. ആ ബന്ധത്തില്‍ ജനിച്ചതാണ് കമല്‍ജീത് സിംഗ് എന്ന ഈ സര്‍ദാര്‍.

അഭയാര്‍ത്ഥികളായി ക്യാനഡയിലെത്തിയവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ നല്‍കാറില്ല, പക്ഷേ അവരുടെ ക്യാനഡയില്‍ ജനിച്ച മക്കള്‍ക്ക് പലപ്പോഴും വീസ കൊടുക്കാറുണ്ട്. കമല്‍ജീത്തിന്റെ കാര്യത്തില്‍ എന്തോ കോണ്‍സുലേറ്റിന് വല്ലാത്തൊരു മടിയായിരുന്നു. പതിനേഴുതവണയാണ് അവര്‍ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ വീസ അപേക്ഷ നിരസിച്ചത്.

അപ്പോള്‍ ഇത്തവണ സര്‍ദാര്‍ ഇതെങ്ങനെ ഒപ്പിച്ചു?

"ഭായ്, ഇത്തവണ എഴുപത്തിനാലു പേജുകളുള്ള ഒരു ബൈന്ററാണ് അപേക്ഷയോടൊപ്പം കൊടുത്തത്. എന്റെ ഒന്നാംക്ലാസ്സ് മുതലുള്ള എല്ലാ മാര്‍ക്ക് ഷീറ്റുകളും, മല്‍സരങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും, സന്നദ്ധസേവനം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റുകളും, ആറിടങ്ങളില്‍നിന്നുള്ള പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകളും, എന്റെ 'സ്വഭാവശുദ്ധി'യേപ്പറ്റി അറിയപ്പെടുന്ന അഞ്ചുപേര്‍ എഴുതിയ കത്തുകളും, ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടേയും ആളുകളുടേയും പേരും മേല്‍വിലാസവും - എന്നിങ്ങനെ ഒരുപറ്റം രേഖകള്‍ ബൈന്ററിലുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഇന്റര്‍വ്യൂവിനു ചെല്ലാന്‍ പറഞ്ഞ് അറിയിപ്പു വന്നു. എന്നേക്കൊണ്ട് എന്തെങ്കിലും അബദ്ധം പറയിപ്പിച്ച് അപേക്ഷ നിരസിക്കാനുള്ള പരിപാടിയാണെന്നാണ് കരുതിയത്"

"അവിടെച്ചെന്നപ്പോള്‍ ഒരു സര്‍ദാറായിരുന്നു ഇന്റര്‍വ്യൂവറായി ഇരുന്നിരുന്നത്. ഞാന്‍ അയാളോട് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. ജൂഹിയ്ക്കുവേണ്ടി ഇപ്പോഴുള്ള ജോലി ഉപേക്ഷിച്ച് തണുപ്പില്ലാത്തയിടത്ത് ജോലി തേടിപ്പിടിച്ചതുവരെ. ഞാന്‍ പറഞ്ഞുതീരുന്നതുവരെ അയാള്‍ എന്റെ മുഖത്തുനോക്കിയിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. പിന്നെ പുറത്തുപോയി ഇരിക്കാന്‍ പറഞ്ഞു. അപ്പോഴും അവര്‍ റിജക്റ്റ് ചെയ്യുമെന്നുതന്നെയാണ് കരുതിയത്. പക്ഷേ മൂന്നരയായപ്പോള്‍ വീസയടിച്ച പാസ്പോര്‍ട്ട് കയ്യില്‍ കിട്ടി!"

ആ കടമ്പ അങ്ങനെ കടന്നെങ്കിലും ഇതിലും വലിയ പ്രശ്നങ്ങളാണ് സര്‍ദാര്‍ജിയ്ക്ക് ഇനിയുള്ളത്.

പെണ്ണിന്റെ വീട്ടുകാര്‍ക്ക് ഇവനെ പിടിക്കുമോയെന്ന് യാതൊരു നിശ്ചയവുമില്ല. അഥവാ ഇഷ്ടപ്പെട്ടാല്‍ത്തന്നെ ഇത്തരമൊരു കുടുംബത്തിലേയ്ക്ക് അവളെ കെട്ടിച്ചയയ്ക്കുമോയെന്നും അറിയില്ല. കെട്ടിയാല്‍ത്തന്നെ അവള്‍ ഷാര്‍ലറ്റിലേയ്ക്കു വരുമെന്ന് തീര്‍ച്ചയില്ല. വന്നാല്‍ത്തന്നെ പിന്നേയും തിരിച്ചു പോകില്ലെന്നും ഉറപ്പില്ല. അങ്ങനെ തിരിച്ചുപോയാല്‍ സര്‍ദാര്‍ജിയ്ക്ക് ഇന്ത്യയില്‍ സ്ഥിരതാമസത്തിനായി അപേക്ഷിക്കേണ്ടിവരും. അതു കിട്ടുമെന്ന് പറയാനാവില്ല (പിന്നെ ഇന്ത്യയായതുകൊണ്ട് എല്ലാത്തിനും ഒരു 'ജുഗാഡ്' ഉണ്ടെന്നാശ്വസിക്കാം). ഇതിനിടയ്ക്കെങ്ങാനും ജോഗീന്ദര്‍സിംഗ് ചുട്ടുകൊന്നവരുടെ പിന്‍മുറക്കാരാരെങ്കിലും ഇയാളെ കണ്ടുപിടിച്ചാല്‍ പിന്നെ ജീവിതംതന്നെ കട്ടപ്പുക!

നേരേ ചൊവ്വേ അപ്പച്ചനും അമ്മച്ചിയും ചൂണ്ടിക്കാട്ടിയ നാടന്‍ പെണ്ണിനെ കെട്ടിയ ഈ ഞാന്‍ വരെ ചക്രശ്വാസം വലിക്കുന്നു. ഇയാളെന്തിനാണ് ഈ നരകത്തില്‍ കേറാന്‍ തീക്കുണ്ടത്തിന്റെ നടുക്ക് ഒറ്റക്കാലില്‍ നിന്നു തപസ്സുചെയ്യുന്നത് എന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. ഒടുവിലാന്‍ പറഞ്ഞതുപോലെ 'നല്ല തല്ല് നാട്ടില്‍ത്തന്നെ കിട്ടുമല്ലോ' എന്തിനുവെറുതേ പാടുപെട്ട് കാശുചിലവാക്കി വല്ലനാട്ടിലും പോയി ചോദിച്ചുവാങ്ങുന്നു!

ഏതായാലും ഒരു കൈ കൊടുത്ത് മംഗളാശംസകളും നേര്‍ന്ന് അയാളെ യാത്രയാക്കി. ഒരു നന്ദിയും പുഞ്ചിരിയും പ്രകാശിപ്പിച്ച് അവന്‍ തിരിഞ്ഞുനടന്നു. കസേര തിരിച്ച്, ഹെഡ്സെറ്റ് തിരികെ തലയില്‍ കയറ്റി, മോണിറ്ററിലേയ്ക്കു കണ്ണും നട്ട് ഞാന്‍ എന്റെ പാതാളത്തിലേയ്ക്കിറങ്ങി.

Tuesday, June 11, 2013

കനകം മൂലം

"അവള്‍ടെ അഹമ്മതി! അല്ലാണ്ടെന്തൂട്ടാ! എന്തിന്റെ കൊറവുണ്ടായിട്ടാ അവള്‍ക്ക്? കാശില്ലേ? വീടില്ലേ? കാറില്ലേ? വയറു നെറച്ച് ഊണും പലാരോം കിട്ടണില്ലേ? ഈ തോന്ന്യാസം കാട്ടണ്ട വല്ല കാര്യോണ്ടാ? ഇവളൊക്കെ ചത്തൂന്നൊച്ചട്ട് ഞാനെന്തിനാ സങ്കടപ്പെടണേ?" സാമാന്യം ഉച്ചത്തില്‍ത്തന്നെ കാത്ത്യേനി ചോദിച്ചു.

സ്വന്തം മകളാണ് ആത്മഹത്യ ചെയ്ത് ഉമ്മറത്തെ മുറിയില്‍ കിടക്കുന്നത്. അതിന്റെ യാതൊരു ലക്ഷണവും കാത്ത്യേനിയുടെ മുഖത്തില്ല. അല്ലെങ്കില്‍ത്തന്നെ വിഷാദവും ദേഷ്യവും കലര്‍ന്ന ഒരുതരം ഗൌരവമാണ് അവരുടെ സ്ഥിരം ഭാവം. ഒരിക്കലും ചിരിച്ചുകണ്ടതായി എനിക്ക് ഓര്‍മ്മയില്ല. പട്ടിണികൊണ്ട് വിറയ്ക്കുമ്പോള്‍ പോലും അവര്‍ കരഞ്ഞും കണ്ടിട്ടില്ല. ഇപ്പോഴും അതേ ഭാവം തന്നെ. പത്തുമിനിറ്റുമുമ്പ് അവര്‍ ഒന്ന് അകത്തുകയറി മൃതദേഹം ഒരു നോക്കു കണ്ടു. പിന്നെ പുറത്തിറങ്ങി മുറ്റത്ത് ഒറ്റ നില്പാണ്. പെണ്ണുങ്ങള്‍ക്ക് അകത്തേയ്ക്കിരിക്കാം എന്നു പറഞ്ഞിട്ടും അവര്‍ കൂട്ടാക്കിയില്ല. മുറ്റത്ത് ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക്ക് കസേരകളിലൊന്നില്‍ ഇരിക്കാനും സമ്മതിച്ചില്ല. വീടിനോടു ചേര്‍ന്ന് വെയില്‍ ഏല്‍ക്കാത്ത ഒരു മൂലയില്‍ വയറിനുമുകളില്‍ കൈയും പിണച്ചുവെച്ച് അവര്‍ അങ്ങനെ നിന്നു.

മരിച്ച മാലതിയുമായി കാത്ത്യേനി തീരെ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. അവരുടെ ഏഴുമക്കളില്‍ ആറാമത്തവളായിരുന്നു മാല. അവളും ഏറ്റവും ഇളയവനായ ഉണ്ണിയും മാത്രമേ കോളേജില്‍ പഠിച്ചിട്ടുള്ളൂ. വലിയ സുന്ദരിയൊന്നുമല്ലായിരുന്നെങ്കിലും അല്പം തൊലിവെളുപ്പും ഒരുതരം 'ആനച്ചന്തവും' ഉണ്ടായിരുന്ന അവള്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ കോളേജില്‍ സീനിയറായിരുന്ന സുബ്രനുമായി പ്രണയത്തിലായി. "കീഴ് ജാതിയില്‍" പെട്ട സുബ്രനുമായുള്ള ബന്ധം കാത്ത്യേനി ശക്തമായി എതിര്‍ത്തെങ്കിലും പഠനം കഴിഞ്ഞതോടെ അവള്‍ അവന്റെ കൂടെ ഇറങ്ങിപ്പോയി. സുബ്രന് അധികം താമസിയാതെ എക്സൈസില്‍ ജോലി കിട്ടി. അവിടന്നങ്ങോട്ട് വച്ചടി കയറ്റമായിരുന്നു. ശമ്പളവും കിമ്പളവുമായി നല്ല വരുമാനമുണ്ടായിരുന്നു അയാള്‍ക്ക്. പത്തുകൊല്ലം മുമ്പാണ് തൃക്കാക്കരയിലെ ഈ ബം‌ഗ്ലാവുപണിത് താമസം തുടങ്ങിയത്. കാര്‍, ടീവി, ഏസി, ഫ്രിഡ്ജ് തുടങ്ങി സകല ആര്‍ഭാടങ്ങളും ആ വീട്ടിലുണ്ട്.

മാലയെ അപേക്ഷിച്ച് കാത്ത്യേനിയുടെ മറ്റു മക്കളൊന്നും വലിയ ഗതിപിടിച്ചില്ല. മൂത്ത രണ്ട് ആണ്‍പിള്ളേരും ഏറെക്കാലം കൂലിപ്പണിയും രാഷ്ട്രീയവുമൊക്കെയായി നാട്ടില്‍ കറങ്ങിനടന്നതിനുശേഷം ഇപ്പോള്‍ ഗള്‍ഫില്‍ പെയിന്റര്‍മാരായി ജോലി നോക്കുന്നു. നാലു പെണ്ണുങ്ങളില്‍ മാല ഒഴികേയുള്ള മൂന്നും വലിയ വരുമാനമൊന്നുമില്ലാത്തവരേയാണ് കല്യാണം കഴിച്ചത്. ഉണ്ണി ബാങ്കിലെ ക്ലാര്‍ക്ക് ആണ് - അവനാണ് ഇപ്പോള്‍ കാത്ത്യേനിയുടെ കൂടെയുള്ളത്.

സാമ്പത്തികമായ അന്തരമായിരിക്കും മാലയുമായുള്ള അകല്‍ച്ചയ്ക്ക് കാരണമെന്ന് എനിക്കഭിപ്രായമില്ല. സത്യത്തില്‍ ആ കുടുംബത്തിലെ ആര്‍ക്കും പണ്ടേതന്നെ തമ്മില്‍ത്തമ്മില്‍ യാതൊരുവിധ വൈകാരിക ബന്ധങ്ങളുമില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

അറുപതുകളിലാണ് കാത്ത്യേനിയും ബാലനും മൂന്നു പിള്ളേരും ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് ആദ്യമായി വരുന്നത്. കരസേനയില്‍ ജവാന്‍ ആയിരുന്നു ബാലന്‍. അറുപത്തിരണ്ടിലെ ചൈനാ യുദ്ധത്തില്‍ പരിക്കേറ്റ് പട്ടാളത്തില്‍ നിന്ന് പിരിഞ്ഞുപോന്നു. മിലിട്ടറി ട്രക്കുകള്‍ ഓടിച്ചുപരിചയമുണ്ടായിരുന്നതുകൊണ്ട് അയാള്‍ക്ക് വടക്കേതിലെ വര്‍ക്കി മുതലാളിയുടെ തടിമില്ലില്‍ ഡ്രൈവറായി ജോലികിട്ടി. മുതലാളിയുടെ തടി ലോറികളും വീട്ടിലെ ഫിയറ്റ് കാറും അയാളാണ് ഓടിച്ചിരുന്നത്. നല്ല പൊക്കവും ഒത്ത ശരീരവുമുണ്ടായിരുന്നു, അയാള്‍ക്ക്. വര്‍ക്കിമുതലാളി തന്നെയാണ് അദ്ദേഹത്തിന്റെ പറമ്പിലെ പത്തുസെന്റ് സ്ഥലം അവര്‍ക്ക് വീടുവെയ്ക്കാനായി വിട്ടുകൊടുത്തത്.

ഉണ്ണിയ്ക്ക് ഒരു വയസ്സുള്ളപ്പോള്‍ ബാലന്‍ മരിച്ചു. പതിവുപോലെ വൈകീട്ട് അല്പം ചാരായം അകത്താക്കി വീട്ടില്‍ വന്ന് നല്ലോണം ചോറുണ്ട് കിടന്നതാണ്. പിറ്റേന്ന് എഴുന്നേറ്റില്ല. ബാലന്‍ മരിച്ചപ്പോഴും കാത്ത്യേനി കരച്ചിലും പിഴിച്ചിലുമൊന്നുമില്ലാതെ ഇതേ ഗൌരവത്തില്‍ത്തന്നെയായിരുന്നു നിന്നിരുന്നത്. നേരത്തോടുനേരം അയാളുടെ ശവമടക്കുകയും ചെയ്തു. "എന്താ അവള്‍ട്യൊരു ചങ്കൂറ്റം" എന്ന് അച്ചമ്മ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു.

അവിടന്നങ്ങോട്ട് കഞ്ഞിക്കു വേണ്ട അരി വീട്ടിലെത്തിക്കാനുള്ള പടയോട്ടമായിരുന്നു കാത്ത്യേനിയുടെ ജീവിതം. രാവിലെ മുതല്‍ അന്തിയാവോളം അധ്വാനം. മുറ്റമടി, ചാണകം മെഴുകല്‍, കൊയ്ത്ത്, മെതി, പുഴയില്‍ നിന്ന് തലച്ചുമടായി മണല്‍ കൊണ്ടുവന്നിടല്‍, പശുക്കള്‍ക്ക് പുല്ലരിയല്‍, തെങ്ങിന് തടമെടുക്കല്‍, തൊഴുത്തു കഴുകല്‍ എന്നിവയില്‍ തുടങ്ങി കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പണി വരെ ചെയ്യാന്‍ അവര്‍ പോകുമായിരുന്നു. ഇതിനിടയ്ക്ക് പിള്ളേരെ വളര്‍ത്തി എന്നൊന്നും പറയാനാവില്ല - ഭക്ഷണം കൊടുത്ത് ജീവന്‍ നിലനിര്‍ത്തി എന്നുമാത്രമേ പറയാവൂ. അവര്‍ സ്കൂളില്‍ പോകുന്നുണ്ടോ, പഠിക്കുന്നുണ്ടോ, നല്ലപോലെ പെരുമാറുന്നുണ്ടോ, സ്വഭാവദൂഷ്യങ്ങള്‍ വന്നുപെടുന്നുണ്ടോ എന്നൊന്നും കാത്ത്യേനി അന്വേഷിക്കാറില്ല. പിള്ളേര്‍ക്ക് അസുഖം വന്നാല്‍ കൊണ്ടുപോയി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടിടും. അവിടത്തെ ഹെഡ് നേഴ്സ് സരസേച്ചിയ്ക്കാണ് പിന്നത്തെ പണിയൊക്കെ. വേണ്ട മരുന്നൊക്കെ ആദ്യം അവരാണ് കാശുമുടക്കി വാങ്ങിക്കൊടുക്കുക. ഞായറാഴ്ച ദിവസം കൈയിലുള്ള കാശൊക്കെ നുള്ളിപ്പെറുക്കി സരസേച്ചിയ്ക്ക് കൊടുക്കും. തികഞ്ഞില്ലെങ്കില്‍ ബാക്കി പണത്തിന് പറമ്പിലെ എന്തെങ്കിലും പുറംപണി ചെയ്തിട്ടു പോകും. സൂക്കേടുകാര്‍ക്ക് കൂട്ടിരിക്കുന്ന പണി കാത്ത്യേനിക്കോ അവരുടെ പിള്ളേര്‍ക്കോ ഇല്ലായിരുന്നു.

പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ ആനന്ദവും ഉത്തരവാദിത്വങ്ങളും അപകടങ്ങളും അനുഭവിച്ചറിഞ്ഞുകൊണ്ടാണ് ആ കുടുംബം വളര്‍ന്നത്. ഓരോത്തര്‍ക്കും ഈ ലോകത്തില്‍ താന്‍താങ്കള്‍ മാത്രമേയുള്ളൂ എന്ന പാഠം ചുട്ട ഇരുമ്പുകൊണ്ടു കോറിയിട്ടപോലെ അവരുടെ മനസ്സുകളില്‍ കിടന്നിരുന്നു. അതുകൊണ്ടായിരിക്കണം, കുടുംബമൊക്കെ ആയ ശേഷം അവര്‍ തമ്മില്‍ കാണാറേയില്ലായിരുന്നു. ഇന്ന് മരണവാര്‍ത്ത കേട്ട് മാലയുടെ സഹോദരങ്ങളാരും വന്നിട്ടില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ വൈകിയതുകൊണ്ടാണ് കാത്ത്യേനി പോലും ഇത്രയും ദൂരം വന്നതെന്ന് ആരോ പറഞ്ഞുകേട്ടു.

കാത്ത്യേനിയേപ്പോലെത്തന്നെ അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും 'എന്തുകൊണ്ട്' എന്ന ചോദ്യം മനസ്സിലുണ്ടായിരുന്നു. പിന്നാമ്പുറക്കഥകള്‍ അറിയാമെന്നു ഭാവിക്കുന്ന ചിലര്‍ അതിനുള്ള വിശദീകരണം അവതരിപ്പിച്ചു.

തുടക്കം മുതലേ കിമ്പളം നല്ലപോലെ വാങ്ങുന്നയാളായിരുന്നു സുബ്രന്‍. ആദ്യകാലത്ത് രണ്ടുതവണ വിജിലന്‍സ് കൈയോടെ പിടികൂടിയിട്ടുമുണ്ട്. ആദ്യത്തെ തവണ ഓഫീസിലെ മേല്‍ജാതിക്കാര്‍ മനഃപൂര്‍വ്വം അയാളെ കുടുക്കിയതാണെന്ന് വിചാരണയില്‍ തെളിഞ്ഞിരുന്നു. രണ്ടാമത്തെ തവണ പിടികൂടിയപ്പോള്‍ പട്ടികജാതിക്കാരനായ തന്നെ കുടുക്കാന്‍ ഓഫീസിലുള്ളവര്‍ കൂടെക്കൂടെ ഗൂഢാലോചന നടത്താറുണ്ട് എന്ന വാദത്തിലാണ് രക്ഷപെട്ടത് - അതിന് ആദ്യത്തെ കേസ് ബലം നല്‍കുകകൂടി ചെയ്തു. ശിക്ഷയ്ക്കുപകരം നഷ്ടപരിഹാരവും ക്ഷമാപണവുമാണ് അത്തവണ സുബ്രനു ലഭിച്ചത്. അതിനുശേഷം അയാള്‍ മിടുക്കനായി. അബ്കാരികള്‍, രാഷ്ട്രീയക്കാര്‍, വക്കീലന്മാര്‍, ഗുണ്ടകള്‍, പോലീസുകാര്‍ എന്നിവരടങ്ങുന്ന ഒരു വന്‍ സംഘത്തിന്റെ ചങ്ങാത്തം അയാള്‍ നേടിയെടുത്തു.

പത്തുപന്ത്രണ്ടു കൊല്ലങ്ങള്‍ക്കു മുമ്പ് കൈക്കൂലിപ്പണം ഒതുക്കാനായി അയാള്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിച്ചുതുടങ്ങി. പിന്നീട് ഏറെക്കാലം അന്താരാഷ്ട്ര പ്രശസ്തരായ ആഭരണ-രത്നവ്യാപാരികള്‍ അയാളുടെ വീട്ടിലെ പതിവുസന്ദര്‍ശകരായിരുന്നു. മാലതിയ്ക്ക് സ്വര്‍ണ്ണാഭരണങ്ങളോട് അതിയായ അഭിനിവേശമാണ് ഉണ്ടായിരുന്നതത്രേ. ഇതുരണ്ടും കൂടി ചേര്‍ന്നപ്പോള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ വലിയൊരു ആഭരണശേഖരത്തിന്റെ ഉടമകളായി അവര്‍.

2009ലാണ് അയാള്‍ ഹൈദരാബാദിലുള്ള ഒരു സ്വകാര്യ നിക്ഷേപക്കമ്പനിയുടെ (Private Investment Firm) പാര്‍ട്നറുമായി പരിചയത്തിലാകുന്നത്. കൈക്കൂലിപ്പണം സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചാല്‍ നാളെ ഒരു റെയ്ഡില്‍ അതെല്ലാം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓഹരിവിപണി സ്വര്‍ണ്ണത്തേക്കാള്‍ എത്രയോമടങ്ങ് ലാഭകരമായ നിക്ഷേപമാണെന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു. എല്ലാത്തിനും പുറമേ ഓഹരിനിക്ഷേപം അടിസ്ഥാനപ്പെടുത്തിയുള്ള ചില 'സൃഷ്ടിപരമായ കണക്കെഴുത്തി'ലൂടെ (Creative Accounting) കള്ളപ്പണം എങ്ങനെ നിയമാനുസൃതമായി വെളുപ്പിച്ചെടുക്കാമെന്നും ചൂണ്ടിക്കാട്ടി.

അങ്ങനെ സുബ്രന്‍ സ്വര്‍ണ്ണം അല്പാല്പമായി വിറ്റഴിച്ച് ഓഹരികളില്‍ നിക്ഷേപിച്ചുതുടങ്ങി. പ്രതീക്ഷിച്ചപോലെ വളരേ നല്ല ലാഭം തന്നെയാണ് ലഭിച്ചുകൊണ്ടിരുന്നത്. ആ കമ്പനി അയാളുടെ നിക്ഷേപങ്ങളും നികുതിക്കണക്കെഴുത്തും ഭംഗിയായി കൈകാര്യം ചെയ്തുകൊണ്ടിരുന്നു. നിക്ഷേപത്തിന്റെ മുപ്പതും നാല്പതും ശതമാനം വാര്‍ഷികലാഭം വരുന്നതുകണ്ട് അയാള്‍ ആഹ്ലാദിക്കുകയും കൂടുതല്‍ പണം സ്വര്‍ണ്ണത്തില്‍നിന്ന് ഓഹരികളിലേയ്ക്ക് ഒഴുക്കുകയും ചെയ്തു.

തുടക്കത്തില്‍ സുബ്രന്‍ ഇങ്ങനെ സ്വര്‍ണ്ണം വിറ്റഴിക്കുന്നത് മാലതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീട് അതിനേച്ചൊല്ലി സ്ഥിരം വഴക്കായി. സുബ്രന്‍ അതൊന്നും വകവെച്ചില്ല - സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിക്കുന്നതനുസരിച്ച് അയാളുടെ വില്പനയുടെ തോതും കൂടിവന്നു.

കഴിഞ്ഞയാഴ്ച അംബാനിയുടെ ഏതോ പുതിയ സം‌രംഭത്തിന്റെ ഐ.പി.ഓ ആയിരുന്നു. ഇരുപത്തിയഞ്ചുലക്ഷത്തിന്റെ ഓഹരിയാണത്രേ സുബ്രനുവേണ്ടി ആ ഹൈദരാബാദികള്‍ വാങ്ങിയത്. മുപ്പതുലക്ഷത്തോളം രൂപ വിലയുള്ള ഒരു അപൂര്‍വ്വ രത്നമാലയാണുപോലും അതിനായി സുബ്രന്‍ വിറ്റത്.

മാലതിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണമായിരുന്നു അത്. അവളോട് ഒരു വാക്കുപോലും പറയാതെയാണ് അവള്‍ ഒളിച്ചുവെച്ചിരുന്നിടത്തുനിന്ന് ആ മാല കണ്ടെടുത്ത് കൊണ്ടുപോയി സുബ്രന്‍ വിറ്റത്. മൂന്നുദിവസത്തോളം അക്കാര്യം കൂട്ടുകാരികളേയൊക്കെ ഫോണില്‍ വിളിച്ചുപറഞ്ഞ് കരച്ചിലോടു കരച്ചിലായിരുന്നു. നാലാം ദിവസം രാവിലെ അവള്‍ പോര്‍ച്ചിലെ തറയില്‍ വിഷം കഴിച്ചു മരിച്ചുകിടക്കുന്നതാണ് കണ്ടത്.

ആസക്തമായ മനസ്സിന് ഏറ്റവും പ്രിയപ്പെട്ടതിന്റെ നഷ്ടം താങ്ങാനാവില്ലല്ലോ. പണവും പ്രതാപവും ആഡംബരങ്ങളുമൊക്കെ അവിടെ പ്രസക്തമല്ലാതാവുന്നു.

നേരമിപ്പോള്‍ വൈകീട്ട് അഞ്ചുമണിയായി. മൃതദേഹം പുറത്തേയ്ക്കെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്ഥലം എംഎല്‍ഏയും പ്രമാണിമാരും പോലീസുകാരുമൊക്കെ വന്നു തിങ്ങി നിറഞ്ഞു. ഇനി സ്ഥലം വിടുന്നതാണ് നല്ലത്. ഇറങ്ങുന്നതിനുമുമ്പ് അക്കൂട്ടത്തിലെവിടെയെങ്കിലും കാത്ത്യേനി നില്‍ക്കുന്നുണ്ടോയെന്നു നോക്കി. ഇല്ല. ഇവിടെ നിന്നുതിരിഞ്ഞാല്‍ അവര്‍ക്ക് കുന്നംകുളത്തുനിന്നുള്ള ലാസ്റ്റ് ബസ്സ് കിട്ടില്ലല്ലോ.

Friday, May 10, 2013

സ്വച്ഛന്ദമൃത്യുവിന്റെ സ്വന്തം നാട്!

'സ്വിറ്റ്സര്‍ലാന്റ്' എന്നു കേട്ടാല്‍ എന്തായിരിക്കും മനസ്സില്‍ വരിക?

ലോകമെമ്പാടുമുള്ള സാമ്പത്തിക കുറ്റവാളികള്‍ അവരുടെ കൊള്ളപ്പണം സുരക്ഷിതമായും രഹസ്യമായും സൂക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊടുക്കുന്ന 'സ്വിസ് ബാങ്ക്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്ഥാപനങ്ങളുടെ നാട്. ഇന്ത്യന്‍ സിനിമയിലെ സുന്ദരനായകന്‍മാര്‍ക്ക് കാലുകളകത്തി നിന്ന് ആകാശത്തേയ്ക്കു കൈകളുയര്‍ത്തി പ്രണയഗാനങ്ങള്‍ ആര്‍ത്തുപാടാന്‍ പശ്ചാത്തലമൊരുക്കുന്ന നാട്. സഞ്ചാരികളുടെ പറുദീസ. റാഡോ, ഒമേഗ, സ്വാച്ച് എന്നീ പേരുകളിലുള്ള വിശ്വപ്രസിദ്ധമായ വാച്ചുകള്‍ നിര്‍മ്മിക്കുന്ന സ്വാച്ച് കമ്പനിയുടേയും നെസ്റ്റ്‌ലേ, അസിയാ ബ്രൌണ്‍ ബൊവേരി (ABB), നൊവാര്‍ട്ടിസ് തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്‍മാരുടേയും ആസ്ഥാനകേന്ദ്രം. ഇതിനെല്ല്ലാം പുറമേ ഫീഫാ, ഐഓസി തുടങ്ങിയ കായികരംഗത്തെ തരികിട സ്ഥാപനങ്ങള്‍ സാമ്പത്തിക തിരിമറിനടത്താന്‍ സൌകര്യപ്രദമെന്നു കണ്ട് പീടിക തുറന്നു വെച്ചിരിക്കുന്ന രാജ്യമെന്ന ഖ്യാതിയും സ്വിറ്റ്സര്‍ലന്റിനു സ്വന്തം.

അക്കൂട്ടത്തില്‍ ഒന്നുകൂടി നമുക്കു ചേര്‍ക്കാം. ജീവിച്ചുമതിയായവര്‍ക്ക് വേദനാരഹിതമായ മരണം വാഗ്ദാനം ചെയ്യുന്ന മരണവ്യാപാരികളുടെ നാട്. സ്വച്ഛന്ദമൃത്യുവിന്റെ സ്വന്തം നാട്!

ഇത് പുതിയൊരു അറിവൊന്നുമല്ല. എങ്കിലും ക്യാനഡയില്‍ സമീപകാലത്ത് ഇതു കൂടുതല്‍ ശ്രദ്ധയില്‍ പെട്ടത് സൂസന്‍ ഗ്രിഫിത്ത്‌സ് എന്നു പേരുള്ള മാറാരോഗി സ്വിറ്റ്സര്‍ലന്റില്‍ ചെന്ന് മരിക്കാന്‍ തീരുമാനിക്കുന്നതോടെയാണ്. ക്യാനഡയില്‍ ആത്മഹത്യ/ആത്മഹത്യാശ്രമം കുറ്റകരമല്ലെങ്കിലും പരസഹായത്തോടെയുള്ള ആത്മഹത്യ ക്രിമിനല്‍ കുറ്റമാണ് - സഹായികള്‍ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടും. അതുകൊണ്ട് വേദനയില്ലാതെ മരിക്കാന്‍ സഹായിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മിക്കയാളുകള്‍ക്കും അപ്രാപ്യമാകുകയും അവ കൈവശമുള്ള മെഡിക്കല്‍ പ്രഫെഷനലുകള്‍ക്ക് ആവശ്യക്കാര്‍ക്ക് കൊടുക്കാനുള്ള പ്രതിബന്ധം നിലനില്‍ക്കുകയും ചെയ്യുന്നു. വേദനിക്കാതെ മരിക്കേണ്ടവര്‍ക്ക് സ്വിറ്റ്സര്‍ലന്റിലേയ്ക്ക് വിമാനം കയറുകയേ നിവൃത്തിയുള്ളൂ.

സൂസന്‍ ആഗ്രഹിച്ചതുപോലെ അവരുടെ ആത്മഹത്യ 'മരിക്കാനുള്ള അവകാശ'ത്തേക്കുറിച്ചുള്ള ചര്‍ച്ച ഇവിടെ വീണ്ടും സജീവമാക്കി. അതിനുള്ള പ്രധാനകാരണം ക്യാനഡ അടച്ചുവെച്ചിരുന്ന ഒരു വാതില്‍ - പരസഹായത്തോടെ നിയമപരമായി ആത്മഹത്യ ചെയ്യാനുള്ള സാധ്യത - കനേഡിയന്‍ ജനതയ്ക്കു മുന്‍പില്‍ അവര്‍ തുറന്നുകാട്ടി എന്നതുതന്നെയാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സംഭാഷണങ്ങള്‍ പൊതുജനാഭിപ്രായത്തിന്റെ അളവുകോലായി എടുക്കാമെങ്കില്‍ രസകരമായ ഒരു ചേരിതിരിവാണ് ഇക്കാര്യത്തില്‍ കാണാനാകുക. മതവിശ്വാസികള്‍ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവിധ നടപടികള്‍ക്കും എതിരാണ്. പക്ഷേ ഇവിടത്തെ ബഹുഭൂരിപക്ഷം ആളുകളും അവിശ്വാസികളോ തീരെ അയഞ്ഞ മതനിലപാടുള്ളവരോ ആയ അഭ്യസ്തവിദ്യരാണ്. അവര്‍ക്കിടയില്‍ കര്‍ശനമായ നിയമനിയന്ത്രണങ്ങളോടുകൂടിയ സഹകൃതാത്മഹത്യയ്ക്ക് (well regulated assisted suicide) ശക്തമായ പിന്തുണയുണ്ട്.

അതിനുള്ള നിയമനിര്‍മ്മാണമൊക്കെ ആയി വരുന്നതിനു മുന്‍പേ ചാവണമെന്നുള്ളവര്‍ക്ക് അങ്ങനെ എളുപ്പത്തിലൊന്നും സ്വിറ്റ്സര്‍ലാന്റില്‍ പോയി പരലോകത്തേയ്ക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് എടുക്കാന്‍ പറ്റില്ല. ആകെ ഒരു ആശ്വാസമുള്ളത് സ്വിറ്റ്സര്‍ലാന്റില്‍ പോകാന്‍ ക്യാനഡക്കാര്‍ക്ക് വീസ വേണ്ട എന്നതുമാത്രമാണ് (അല്ലാത്തവര്‍ "എന്തിനാണ് നിങ്ങള്‍ സ്വിറ്റ്സര്‍ലാന്റിലേയ്ക്ക് പോകുന്നത്?" എന്ന കോണ്‍സലിന്റെ ചോദ്യത്തിന് "ഞാന്‍ ചാവാന്‍ പോകുകയാണ്" എന്നു മറുപടി കൊടുത്താല്‍ വീസ അനുവദിച്ചുകിട്ടുമോയെന്ന് എനിക്കറിയില്ല).

'ഡിഗ്നിറ്റാസ്' എന്ന നോണ്‍ പ്രോഫിറ്റ് സംഘടനയായിരുന്നു സൂസന്റെ മരണാഭികര്‍ത്താക്കള്‍. ഏറെ രസകരമായ വിവരങ്ങളാണ് അവരേപ്പറ്റി വിക്കിപ്പീഡിയയില്‍നിന്ന് ലഭിക്കുക. അവരുടെ പ്രഫെഷനലുകളുമായി പല വട്ടം ചര്‍ച്ചചെയ്തതിനു ശേഷം മാത്രമേ മരിക്കാനുള്ള തീയതി കുറിച്ചുകിട്ടൂ. സ്വബോധമില്ലാത്തവരും, മനോരോഗികളും ബുദ്ധിവൈകല്യമുള്ളവരുമൊക്കെ അതുകൊണ്ട് ക്ഷണത്തില്‍ അയോഗ്യരാകും. കുറഞ്ഞ ചിലവ് 5300 ഡോളറും കൂടിയത് 9300 ഡോളറുമാണ്. ഒരു നോണ്‍ പ്രോഫിറ്റ് സം‌ഘടന ഇത്ര ഉയര്‍ന്ന ഫീസ് ഈടാക്കണമെങ്കില്‍ ആ വിഷത്തിന് മുടിഞ്ഞ വിലയായിരിക്കണം! കൈ നിറയേ പണവും ഒന്നിലധികം തവണ സ്വിറ്റ്സര്‍ലന്റില്‍ പോയിവരാനുള്ള സൌകര്യവും ഉത്തമ മാനസികാരോഗ്യവും ഉള്ളവര്‍ക്കേ കര്‍ത്താവിലേയ്ക്കുള്ള കുറുക്കുവഴി കിട്ടൂ, എന്നര്‍ത്ഥം.

ഞാന്‍ "മരിക്കാനുള്ള അവകാശ"ത്തോട് പൂര്‍ണ്ണമായും യോജിപ്പുള്ളയാളാണ്.

അതിനുള്ള ഒന്നാമത്തെ കാരണം ഭൂമിയില്‍ ഇപ്പോഴേ ആര്‍ത്തുല്ലസിച്ചു ജീവിച്ചുമതിയാവാത്ത എഴുന്നൂറ്റിപ്പതിനൊന്നുകോടി ജനങ്ങളുടെ തിക്കിത്തിരക്കാണ്. കുറേപ്പേരെങ്കിലും സ്വമേധയാ ഇവിടന്ന് ഒഴിവായാല്‍ ഈ ഭൂമിക്ക് കുറച്ചുകൂടി ആയുസ്സ് അനുവദിച്ചുകിട്ടിയേക്കും.

രണ്ട് - ജീവത്യാഗത്തിന് വ്യവസ്ഥാപിതമായ ഒരു സംവിധാനം നിലവില്‍ വന്നാല്‍ എടുത്തുചാടിയുള്ള ആത്മഹത്യയ്ക്ക് ഏറെ ശമനമുണ്ടാകും. ഇന്ന് ആത്മഹത്യയ്ക്ക് ഒരുമ്പെടുന്നയാള്‍ക്ക് ഒരു കൌണ്‍സലിങ്ങിനു പോകാന്‍ യാതൊരു കാരണവുമില്ല. പക്ഷേ താന്‍ നിര്‍ബന്ധിച്ചാല്‍ മരണം ലഭിക്കും എന്നുറപ്പുള്ളിടത്തുവരുമ്പോള്‍ അത്തരക്കാര്‍ ഒരു സംഭാഷണത്തിന് എതിരുനില്‍ക്കില്ല. അനാവശ്യമായതും ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നതുമായ ആത്മഹത്യകള്‍ ഒരുപക്ഷേ ഇതിലൂടെ ഒഴിവാക്കാന്‍ പറ്റിയേക്കും.

മൂന്നാമത്തെ കാരണം വൃദ്ധജനങ്ങളും മൃത്യുദരോഗങ്ങള്‍ക്ക് അടിപ്പെട്ടവരും, സമൂഹത്തിനും വ്യക്തികള്‍ക്കും വരുത്തിവയ്ക്കുന്ന ബാധ്യതയാണ്. മനുഷ്യജീവന്റെ വിലയെ പണത്തെ വെച്ച് അളന്നുകൂടാ എന്ന ധാര്‍മ്മിക നിലപാടുകളൊക്കെ ശരി തന്നെ - പക്ഷേ "ദീര്‍ഘകാല പരിചരണം" എന്നത് കുടുംബങ്ങളുടേയും രാജ്യങ്ങളുടെ തന്നേയും നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒരു പ്രശ്നമായി വളരാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ പ്രായോഗികമായ ചെറിയ നടപടികളെങ്കിലും ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നത് അഭികാമ്യമാണെന്നാണ് എന്റെ അഭിപ്രായം. നിയമവിധേയവും മാന്യവുമായ ഒരു രീതി അതിനായി നിലവില്‍ വന്നാല്‍ സ്വമേധയാ വേദനയില്ലാത്ത മരണം വരിക്കാന്‍ തയ്യാറുള്ള "അര്‍ഹരായ" വ്യക്തികള്‍ കൂടുതലായി മുന്നോട്ടുവരുമായിരിക്കും. അക്കൂട്ടത്തിലുള്ളവര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനേക്കുറിച്ച് തീരുമാനിക്കാനുള്ള ഒരവസരമാകുകയും ചെയ്യും

സ്വന്തം ജീവല്‍ഘടികാരം ക്രമീകരിക്കാന്‍ കഴിയുന്ന നിലവാരത്തിലേയ്ക്ക് ജെനെറ്റിക് എഞ്ചിനീയറിങ്ങ് വളര്‍ന്നെത്തുന്ന നാളാണ് എന്റെ സ്വപ്നം. അങ്ങനെയൊന്നുണ്ടായാല്‍ എഴുപത്തിയഞ്ചുവയസ്സും മൂന്നു മാസവും തികയുന്ന തീയതിയ്ക്ക് ഞാന്‍ എന്റെ ക്ലോക്ക് സെറ്റ് ചെയ്യിക്കും. അതിനപ്പുറമുള്ള ആയുസ്സ് ഒന്നിനും കൊള്ളാത്തതാണെന്ന് തൊണ്ണൂറ്റിമൂന്നു വയസ്സുവരെ ജീവിച്ച എന്റെ മുത്തച്ഛന്‍ പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ സര്‍ക്കാരിന്റെ സൂത്രവാക്യമനുസരിച്ച് കുറഞ്ഞ കാലത്തേയ്ക്ക് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ട് (ഇപ്പോള്‍ അതിന് പെന്‍ഷന്‍ അപേക്ഷ വൈകിപ്പിക്കുക എന്നൊരു വഴിയേയുള്ളൂ). രണ്ടും കൂടി ചേര്‍ത്താല്‍ ആരോഗ്യമുള്ള കാലത്ത് ലാവിഷായി ജീവിക്കാനുള്ള ഒരു അറേഞ്ജ്‌മെന്റാകും അത്. അതു നടക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ഒരിക്കലും മരിക്കാതെ ചിരഞ്ജീവിയായിരുന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ പണം ഊറ്റിക്കുടിച്ച് ഞാന്‍ ഇവിടൊക്കെത്തന്നെയുണ്ടാകും.

Saturday, April 13, 2013

പരുന്തിനുമേലെ പറക്കുന്ന കറന്‍സി

പണത്തിനുമേലെ പരുന്തും പറക്കില്ലെന്നാണ് പഴഞ്ചൊല്ല്. പക്ഷേ ആ പരുന്തിനുമേലെ പറക്കുന്ന മറ്റൊരിനം നോട്ടുകള്‍ ഊരാകെ പാറിനടക്കുന്നുണ്ടെന്ന വാര്‍ത്ത 'നിരക്ഷര'ന്റെ ബ്ലോഗില്‍ ഏറെ കൌതുകത്തോടെയാണ് വായിച്ചത്.

അങ്ങനെ 'കൌതുകപ്പെടേണ്ട' കാര്യമൊന്നുമല്ല, വളരേ ഗൌരവമുള്ളതും ഒരുപക്ഷേ ഭയാനകവുമായ കാര്യമാണ് അത്. പക്ഷേ ഒരു പരദേശിയും ശരാശരി മലയാളിയും അല്പനുമായ എനിക്ക് 'ഇന്ത്യാക്കാര്‍ക്ക് പ്രാന്തുപിടിക്കുന്നത് കണ്ടാല്‍ നല്ല ചേലെ'ന്ന് തോന്നാറുണ്ട്.

ഒരു പ്രമുഖ ധനകാര്യസ്ഥാപനത്തില്‍നിന്നു ലഭിച്ച നോട്ടുകളില്‍ ചിലത് കള്ളനോട്ടുകളാണെന്ന് കണ്ടെത്തിയതും അവിടത്തെ മാനേജരടക്കമുള്ള ജീവനക്കാര്‍ അവയെ ന്യായീകരിച്ചതും അവ മാറ്റിക്കൊടുക്കാന്‍ വിസമ്മതിച്ചതുമൊക്കെയാണ് ആ കുറിപ്പിന്റെ ഉള്ളടക്കം. അത്തരത്തിലുള്ള കറന്‍സി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന സമൂഹത്തിലെ വിവിധമേഘലകളിലുള്ളവരുടെ ഇടപെടലുകള്‍ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ വരുത്തിവെയ്ക്കുന്ന സംഘര്‍ഷങ്ങളേയും അദ്ദേഹം അത്യുക്തിയില്ലാതെ വ്യക്തമാക്കിയിരിക്കുന്നു. എല്ലാത്തിലും ഉപരിയായി, പണം കൈകാര്യം ചെയ്യുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ച് അദ്ദേഹം നന്നായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പണം എന്നു പറയുന്ന സാധനം തന്നെ ഒരു തട്ടിപ്പാണ് (പത്രക്കാരുടെ വാചകപാതകം കാരണം പണം, ധനം, സമ്പത്ത് എന്നീ വാക്കുകള്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ തന്നെ വ്യക്തമല്ലാതായിത്തുടങ്ങിയിരിക്കുന്നു). ഭരണവര്‍ഗ്ഗം യഥേഷ്ടം സൃഷ്ടിക്കുന്ന, അടിയാളന്‍മാരുടെ അധ്വാനത്തെ ചൂഷണം ചെയ്യാന്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന വെറുമൊരു വിനിമയോപകരണം മാത്രമാണ് അത്. പണം അച്ചടിച്ചിറക്കാന്‍ (ഇപ്പോള്‍ 'അച്ചടി' കുറവാണ്, ആധുനിക കറന്‍സികള്‍ ഇലക്ട്രോണിക് ബിറ്റുകളാണ്) സമൂഹം അനുവദിച്ച കുത്തകാധികാരമുള്ളവരാണ് ഒരോ നാടിന്റേയും യഥാര്‍ത്ഥ ഭരണകര്‍ത്താക്കള്‍. അമേരിക്കയേപ്പോലുള്ള ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയില്‍ പണം "സൃഷ്ടിക്കുന്നത്" കോര്‍പ്പറേറ്റുകളാണ്. ഇന്ത്യയേപ്പോലുള്ള രാജ്യങ്ങളില്‍ അതതുസമയം ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാരും (ഇന്ത്യയിലും കുറച്ചുകാലമായി കോര്‍പ്പറേറ്റുകള്‍ പണം സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്). ഇതിന്റെയൊക്കെ വേരറ്റത്തേയ്ക്കു ചെന്നാല്‍ ബിറ്റുകളായും പേപ്പര്‍ രൂപത്തിലുമൊക്കെയുള്ള കറന്‍സി പ്രസ്ഥാനം വലിയൊരു മാഫിയാ പ്രവര്‍ത്തനം തന്നെയാണെന്ന് കണ്ടെത്താവുന്നതാണ്. സാമ്പത്തികവളര്‍ച്ച എന്നൊന്നുണ്ടാകണമെങ്കില്‍ ഉല്‍പ്പാദനത്തോടൊപ്പം അതിനനുസൃതമായ കറന്‍സി ലഭ്യതയും വര്‍ദ്ധിക്കണമെന്ന വാദം അംഗീകരിച്ചുകൊണ്ടുതന്നെയാണ് നിലവിലുള്ള മോണിറ്ററി സിസ്റ്റം ഒരു തരം കാപട്യമാണെന്ന് പറയുന്നത്.

ഏങ്കിലും ഒരു സാധാരണക്കാരന് അവന്റെ നിലനില്‍പ്പിനും അവന്റെ സേവനത്തിന്റെ മൂല്യം ലഭിക്കുന്നതിനും ലഭ്യമായ ഒരേയൊരുപാധിയാണ് കറന്‍സി. ഭരണവര്‍ഗ്ഗം എന്തുതട്ടിപ്പുവേണമെങ്കിലും ചെയ്യട്ടെ - അവസാനം കയ്യില്‍ കിട്ടുന്ന കടലാസുകഷണം സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട മൂല്യം ഉള്ളതാണെന്നുള്ള ഒരു ആശ്വാസത്തിനെങ്കിലും ഒരു സാധാരണ പൌരന് അര്‍ഹതയുണ്ടല്ലോ. ആ വിശ്വാസത്തേയാണ് കള്ളനോട്ടുകള്‍ ധ്വംസിക്കുന്നത്.

ഇന്ത്യയില്‍ കള്ളനോട്ടുകള്‍ക്ക് ഇത്രയും പ്രചാരം കിട്ടാനുള്ള പ്രധാന കാരണം വന്‍ തോതിലുള്ള കറന്‍സി ഇടപാടുകളാണ്. ദൈനംദിന വ്യവഹാരങ്ങളില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് തീരെ കുറവ്. കള്ളപ്പനോട്ടുകള്‍ പ്രചരിപ്പിക്കാനും അനധികൃത സമ്പാദ്യം "വെളുപ്പിച്ചെടുക്കാനും" ഏറേ സാധ്യതയുള്ള ഒരു വ്യവസ്ഥിതിയാണ് അത്. രാജ്യത്തെ പകുതിയിലേറെ ജനങ്ങള്‍ വേണ്ടത്ര വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാത്തവരാണെന്നതും ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

നിരക്ഷരന്റെ ആ ബ്ലോഗിലെ ഒരു അഭിപ്രായവ്യക്താവ് ഒരു ഏടിഎമ്മില്‍ നിന്ന് നാല്പതിനായിരം രൂപ പിന്‍വലിച്ച ഒരു അനുഭവവും വിശദീകരിക്കുന്നുണ്ട്. എന്നെ ഏറെ ചിന്തിപ്പിച്ച ഒരു കമെന്റ് ആണ് അത്. കറന്‍സി വിനിമയ നിരക്ക് അല്പനേരത്തേയ്ക്ക് മാറ്റിനിറുത്തിയാല്‍, നാല്പതിനായിരം രൂപ എന്നത് (കാനഡയിലെ) എണ്ണായിരം ഡോളറിന്റേയെങ്കിലും പര്‍ച്ചേസിങ്ങ് പവര്‍ ഉള്ള തുകയാണ്. ഇവിടെ ഒരു കടയില്‍ ചെന്ന് എണ്ണായിരം ഡോളറിന്റെ ഒരു കറന്‍സി ഇടപാടു നടത്താന്‍ ശ്രമിച്ചാല്‍ മിക്ക സ്ഥാപനങ്ങളിലും അതു നടക്കില്ല. ഇനി അഥവാ നടന്നാല്‍ത്തന്നെ നിങ്ങളുടെ വിശ്വസ്തമായ ഒന്നിലധികം തിരിച്ചറിയല്‍ രേഖകള്‍ അവര്‍ കയ്യില്‍ കരുതിവെയ്ക്കും - അത് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. നിങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കണമെങ്കില്‍ 500ല്‍ കൂടിയ തുകയ്ക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡും, ക്രെഡിറ്റ് കാര്‍ഡിനുമുകളിലുള്ള തുകയ്ക്ക് ബാങ്ക് ഡ്രാഫ്റ്റും കൊടുത്തേ തീരൂ. അതായത് അഞ്ഞൂറു ഡോളറില്‍ കൂടിയ തുക ഒരു അംഗീകൃത ബാങ്കിങ്ങ് സ്ഥാപനത്തിന്റെ പേയ്മെന്റ് സംവിധാനത്തിലൂടെയേ ഉപയോഗിക്കാനാകൂ എന്നര്‍ത്ഥം. അപ്രകാരം കറന്‍സി ഇടപാടുകള്‍ ഏറെ പരിമിതപ്പെടുത്തുന്നതുകൊണ്ടാണ് വികസിതരാജ്യങ്ങളില്‍ കള്ളനോട്ടടി അത്രകണ്ട് വിജയിക്കാത്തത്.

ഈ എണ്ണായിരം ഡോളര്‍ കറന്‍സി രൂപത്തില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ചെന്നാലും പ്രശ്നമാണ്. ഒരു നിശ്ചിത തുകയ്ക്കുമുകളിലുള്ള എല്ലാ നിക്ഷേപങ്ങളും ബാങ്കുകള്‍ 'ഫ്ലാഗ്' ചെയ്യും. ആ തുക എത്രയെന്നത് ബാങ്കിന് നിങ്ങളേക്കുറിച്ചുള്ള അറിവിനനുസരിച്ചിരിക്കും. ബാങ്കിലെ ഓരോ ജീവനക്കാരനും AML/TF (Anti Money Laundering/ Terrorism Financing) പരിശീലനം നേടിയവരാണ്. സംശയകരമായ എല്ലാ ക്യാഷ് ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വവുമാണ്. അതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴിയോ മറ്റ് ബാങ്ക് ഉപകരണങ്ങള്‍ വഴിയോ ലഭിക്കുന്ന പേയ്‌മെന്റുകളെ സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും വിശ്വസിക്കാം.

കറന്‍സിയിലൂടെ മാത്രം (മുഖ്യമായും) ഇടപാടുകള്‍ നടത്തുന്ന ഇന്ത്യയില്‍ ഇത്തരം നിയന്ത്രണങ്ങളും മേല്‍നോട്ടവും സാധ്യമല്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണവും കള്ളനോട്ടുകളും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.

പൂര്‍ണ്ണമായും ഇലക്ട്രോണിക്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനും നിഷ്കര്‍ഷിക്കാനും ഇന്ത്യയില്‍ പരിമിതികളുണ്ട്. ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസമില്ലാത്തതുതന്നെയാണ് മുഖ്യ പ്രശ്നം. ഒരു ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പ്രൈമറി വിദ്യാഭ്യാസമെങ്കിലും വേണം - അതിനെ സുരക്ഷിതമായി ഉപയോഗിക്കാന്‍ ഏറെ പരിശീലനവും. വൈദ്യുതിയുടെ ദൌര്‍ലഭ്യമാണ് മറ്റൊരു പ്രശ്നം. തുടര്‍ച്ചയായി വൈദ്യുതി ലഭിക്കാനുള്ള വിശ്വസ്തമായ സംവിധാനമില്ലാത്തിടത്തോളം രാജ്യവ്യാപകമായ ഇലക്ട്രോണിക് വ്യവഹാരവ്യവസ്ഥിതി കൊണ്ടുവരിക സാധ്യമല്ല. ഉദ്യോഗസ്ഥവൃന്ദത്തിന്റേയും രാഷ്ട്രീയക്കാരുടേയും പങ്കാളിത്തത്തോടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വരുന്നതുകൊണ്ട് ഇല്ലാതാകില്ല - അതിന്റെ ഉത്തമോദാഹരണമാണ് റെയില്‍വേ ബുക്കിങ്ങ് സംവിധാനം. ഇതിനെല്ലാം പുറമേയാണ് ശക്തമായ, കാര്യക്ഷമമായ നിയമവാഴ്ചയുടെ അഭാവം.

പിന്നെ ചെയ്യാവുന്നത് അച്ചടിക്കുന്ന കറന്‍സിയുടെ ഘടനയില്‍ത്തന്നെ മാറ്റം വരുത്തുക എന്നതാണ്. കാനഡയില്‍ ഇക്കഴിഞ്ഞ വര്‍ഷം മുതല്‍ 'പോളിമര്‍' നോട്ടുകള്‍ ലഭ്യമായിത്തുടങ്ങി. ഇത്തരം നോട്ടുകള്‍ കടലാസിലല്ല, മറിച്ച് ഒരു വിശേഷ തരം സിന്തറ്റിക്‍ പോളിമറിലാണ് അച്ചടിക്കുന്നത്. കടലാസ്സു നോട്ടുകളിലേതിനേക്കാള്‍ വിശിഷ്ടമായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും ഇത്തരം നോട്ടുകളിലൂടെ സാധിക്കും. ഈ പോളിമര്‍ രണ്ടേ രണ്ടു കമ്പനികള്‍ മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. വിപണിയില്‍ ലഭ്യമായ 'മഷി'കൊണ്ടൊന്നും അതില്‍ അച്ചടിക്കാന്‍ സാധിക്കുകയുമില്ല. ഓസ്ട്രേലിയയാണ് ആദ്യമായി ഇത്തരം നോട്ടുകള്‍ പരീക്ഷിച്ചത്. അവരുടെ അനുഭവത്തില്‍ കള്ളനോട്ടുകളെ വളരേ വലിയൊരളവില്‍ കുറയ്ക്കാന്‍ ആ മാറ്റം സഹായിച്ചു. കള്ളന്മാര്‍ നാടുവാഴുന്ന ഇന്ത്യയില്‍, പക്ഷേ, അത്തരമൊരു മാറ്റം ഉടനേ വരുമെന്ന് പ്രതീക്ഷിക്കാനാവില്ല.

കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ അച്ഛന്‍ കുറച്ചു പണം കയ്യില്‍ തന്നിരുന്നു. അച്ഛന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ വലിയൊരു തുകതന്നെയായിരുന്നു തന്നത്. വേണ്ടെന്നു പറയുമോയെന്ന് ഭയപ്പെട്ട് അല്പം അറച്ചും ഏറെ വിനയത്തോടെയുമാണ് ആ പണം അദ്ദേഹം കയ്യില്‍ തന്നത്. ഞാനത് സന്തോഷത്തോടെ വാങ്ങി വെച്ചു. ഇങ്ങോട്ടുവന്നപ്പോള്‍ അതേപടി കൊണ്ടുവരികയും ചെയ്തു. അടുത്തതവണ നാട്ടില്‍ വരുമ്പോള്‍ ചിലവാക്കാമെന്നു കരുതി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അതില്‍ കള്ളനോട്ടുണ്ടോയെന്ന് ഈശ്വരനറിയാം. ഏതായാലും ഞാനൊരു കനേഡിയന്‍ പൌരനായതുകൊണ്ട് നാട്ടിലെ യേഡങ്ങുന്ന് കുനിച്ചുനിര്‍ത്തി കൂമ്പിനിടിക്കില്ലായിരിക്കും. രണ്ടുപേരെ വെടിവെച്ചുകൊന്ന ഇറ്റലിക്കാര്‍ ആര്‍ഭാടത്തോടെ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന നാടല്ലേ. ഇറ്റലിയേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട രാജ്യമാണ് ക്യാനഡ. കൊലപാതകത്തേക്കാള്‍ എന്തുകൊണ്ടും കുറഞ്ഞ കുറ്റമാണ് കള്ളനോട്ട് കൈവശം വെയ്ക്കല്‍. അല്ലേ?