എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Wednesday, April 11, 2012

ഒരു 'ഫില്ലര്‍'

മടി! മടിയെന്നു പറഞ്ഞാല്‍ പോരാ, കുഴിമടി! വക്കോല്‍ത്തുറുവിന്മേല്‍ വീണ പഴച്ചക്കയേപ്പോലെ അനങ്ങാമടി!

ബ്ലോഗിനുവേണ്ടി വല്ലപ്പോഴും കുത്തിയിരുന്ന് മൂന്നുനാലു വാചകങ്ങളെങ്കിലും എഴുതാറുള്ളതാണ്. ഇതിപ്പോള്‍ മാസം ഒന്നായി, എന്തെങ്കിലും ഒന്നു കുറിച്ചിട്ടിട്ട്. എഴുത്തും വായനയും അറിയുന്നവനായിരുന്നെങ്കില്‍ 'റൈറ്റേഴ്സ് ബ്ലോക്ക്' എന്നൊക്കെ മേനി പറയാമായിരുന്നു. ഈ വാലറ്റത്തുകിടന്ന് പുളയുന്നവന് എന്തു ബ്ലോക്ക്!

മടി ബ്ലോഗിങ്ങിന്റെ കാര്യത്തില്‍ മാത്രമല്ല, ജോലിയിലും വീട്ടിലും വരെ ആയിട്ടുണ്ട്. ഓഫീസിലെ മാഡം ഒരു പാവമാണ്, പക്ഷേ വീട്ടിലെ മാഡം അങ്ങനെയല്ല. ഒരു ചട്ടുകമോ സോസ് പാനോ ഈ വഴിക്കു പറന്നുവരാനുള്ള നല്ല സാധ്യത ഞാന്‍ കാണുന്നുണ്ട്.

'ഐഡില്‍ മൈന്റ് ഇസ് എ ഡെവിള്‍സ് വര്‍ഷാപ്പ്' എന്നാണല്ലോ സായിപ്പു പറഞ്ഞത്. അങ്ങനെ ചെകുത്താന്റെ വര്‍ഷാപ്പില് പണിഞ്ഞെടുത്തതാണ് ഈ പോസ്റ്റ്. കുറച്ചു ചിത്രങ്ങള്‍ മാത്രം. പണ്ട് ആകാശവാണിക്കാര്‍ 'കൃഷിപാഠ'ത്തിനും 'ഡെല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍'ക്കും ഇടയില്‍ ഫില്ലര്‍ ആയി ഇടാറുള്ള സുനില്‍ ഗാംഗുലിയുടെ ഗിത്താര്‍ സംഗീതം പോലെ. ചുമ്മാ... !



ഈ ചിത്രങ്ങളെല്ലാം കഴിഞ്ഞ മാസം ഹാമില്‍റ്റണ്‍ എന്ന നഗരത്തില്‍ വെച്ചെടുത്തതാണ്. ടൊറോന്റോയില്‍നിന്ന് നയാഗരയ്ക്ക് പോകുമ്പോള്‍ ഏതാണ്ട് പാതിവഴിയിലുള്ള നഗരമാണ് ഹാമില്‍റ്റണ്‍ . എന്റെ ഒരു സുഹൃത്ത് അവിടെ താമസിക്കുന്നുണ്ട്. അവന്റെ രണ്ടു കുട്ടികളുമായി എന്റെ അഞ്ചുവയസ്സുകാരന്‍ നല്ല കമ്പനിയാണ്. ഒരു കണക്കിനു പറഞ്ഞാല്‍ അവന്‍ എല്ലാ കുട്ടികളോടും കമ്പനിയാണ് - ആറുമാസം തണുത്തുവിറങ്ങലിച്ച്, വീട്ടിനു പുറത്തുകടക്കാന്‍ നിവൃത്തിയില്ലാതെ, ഈ രണ്ടു മധ്യവയസ്കരുടെ മോന്തേം നോക്കിക്കൊണ്ടിരിക്കേണ്ടി വന്നാല്‍ ഏതു കൊച്ചും അങ്ങനെയായിപ്പോകും



എന്റെ സുഹൃത്ത് അല്പം 'പ്ലഷറും' 'പഞ്ചാരേം' ഉള്ള കൂട്ടത്തിലാണ്. പുള്ളി എല്ലാ ദിവസവും ഏതാണ്ട് ആറുകിലോമിറ്റര്‍ ദൂരെയുള്ള ഒരു പാര്‍ക്കില്‍ നടക്കാന്‍ പോകും. ഞാന്‍ ചെന്ന ദിവസം എന്നേയും കൂടെക്കൂടാന്‍ ക്ഷണിച്ചു. കെട്ടിടത്തില്‍നിന്നു കാറിലേയ്ക്കും ഷോപ്പിങ്ങ് മാളിനകത്തും ഉള്ള നടപ്പല്ലാതെ യാതൊരു വിധ അഭ്യാസവും ചെയ്യാത്ത എന്നോടാണ് നല്ല അസ്സല് തണുത്ത കാറ്റത്ത് പന്ത്രണ്ടു കിലോമിറ്റര്‍ നടക്കാന്‍ പറയുന്നത്! 'നിക്കണ്ടാ, വേഗം വിട്ടോ' എന്നു പറഞ്ഞു, ഞാന്‍ .



ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങള്‍ പതുക്കെ വീട്ടില്‍നിന്നിറങ്ങി, ഒരു ബസ്സുപിടിച്ച് പാര്‍ക്കിലെത്തി. സാമാന്യം വലിയ പാര്‍ക്കാണ് അത് - കുട്ടികള്‍ക്കു കളിക്കാന്‍ ഊഞ്ഞാലും സ്ലൈഡും മെറി-ഗോ-റൌണ്ടും ഒക്കെയുണ്ട്




ഒറ്റമിനിറ്റേ നായരു കളിച്ചുള്ളൂ. അപ്പോഴേയ്ക്കും അവനു മൂത്രശങ്ക വന്നു. അവനേപ്പോലെ ടൈമിങ്ങിന്റെ കാര്യത്തില്‍ ഇത്രയും പെര്‍ഫെക്റ്റ് വേറാരുമില്ല. തൊട്ടടുത്ത് മൂത്രപ്പുരയുടെ ബോര്‍ഡ് കണ്ട് ഓടിച്ചെന്നപ്പോളുണ്ട് അതു പൂട്ടിയിട്ടിരിക്കുന്നു! അപ്പോഴാണ് പാര്‍ക്കിന്റെ അങ്ങേയറ്റത്തുള്ള ഒരു വലിയ വെളുത്ത കെട്ടിടം ശ്രദ്ധയില്‍ പെട്ടത്. അവിടെ മൂത്രപ്പുരയുണ്ടെന്ന് എന്റെ സുഹൃത്ത് ഉറപ്പിച്ചു പറഞ്ഞു. നേരെ അങ്ങോട്ട്......




പകുതിവഴിയെത്തിയപ്പോഴേയ്ക്കും ചെക്കന്‍ അയ്യോ പൊത്തോന്ന് ചീറാന്‍ തുടങ്ങി. നമ്മളുപിന്നെ 'ദേശീസ്' അല്ലേ, നാണവും മാനവും നോക്കാനുണ്ടോ (അല്ലാ, നോക്കിയാല്‍ പിന്നെ ചരക്കിനെ ബസ്സില്‍ കയറ്റാന്‍ കൊള്ളാതാകും). സിബ്ബ് താഴേയ്ക്ക്, മൂത്രം പുറത്തേയ്ക്ക്. ഒന്നുരണ്ടു മദാമ്മമാര്‍ കെറുവോടെ നോക്കി നടന്നു പോകുന്നതു കണ്ടില്ലെന്നുവെച്ചു. അവരു വേണമെങ്കില്‍ പോയി കേസു കൊടുക്കട്ടെ, അല്ല പിന്നെ!




ഇത്രയുമായപ്പോള്‍ മുതിര്‍ന്നവര്‍ക്കും 'ഒന്നു മൂത്രമൊഴിച്ചാലോ' എന്ന ചിന്ത വന്നു തുടങ്ങിയതിനാല്‍ എല്ലാവരും അതേ ദിശയില്‍ത്തന്നെ പ്രൊസീഡ് ചെയ്തു. അവിടെ എത്തിയപ്പോഴല്ലേ കാണുന്നത്, അവിടെ ഒരു ഗാര്‍ഡന്‍ ഷോ നടക്കുകയാണ്! പലതരം പൂച്ചെടികളും പുല്‍ത്തകിടികളും വള്ളികളും ലാന്റ് സ്കേപ്പിങ്ങും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു വലിയ എക്സിബിഷന്‍ !




ഓരോരുത്തരായി മൂത്രപ്പുരയില്‍ കയറി ആര്‍ഭാടമായി ആദ്യം മൂത്രമൊഴിച്ചു. പിന്നെ വിസ്തരിച്ച് എക്സിബിഷന്‍ കണ്ടു. ഫോട്ടോ പിടിക്കാന്‍ കയ്യില്‍ നല്ല ക്യാമറയൊന്നും ഉണ്ടായിരുന്നില്ല, ബ്ലാക്ക്ബെറിയില്‍ എടുത്ത ചിത്രങ്ങളാണിവ. നല്ല ക്യാമറ എങ്ങാനും ഉണ്ടായിരുന്നെങ്കില്‍ ..........




കാനഡയിലെ വലിയ ബിസിനസ് ആണ് ഈ ചെടികളും പുല്ലും എല്ലാം. കൊല്ലത്തില്‍ കഷ്ടിച്ച് അഞ്ചു മാസമേ ഈ ചെടികളൊക്കെ ജീവനോടെയുണ്ടാകൂ, എന്നാലും എല്ലാവരും എല്ലാ കൊല്ലവും ഇതിനായി കാശു കളയും.




പൊതുവേ മടിയനായതുകൊണ്ട് ഞാന്‍ ചെടികള്‍ വെച്ചുപിടിപ്പിക്കാറില്ല. പുല്‍ത്തകിടിയാണ് എന്റവിടത്തെ ആകെയുള്ള ലാന്റ്‌സ്കേപ്പിങ്ങ്. അതാകുമ്പോള്‍ അല്പം വെള്ളമൊഴിക്കണം ആഴ്ചയിലൊരിക്കല്‍ വെട്ടിനിര്‍ത്തണം - അത്രയേ ഉള്ളൂ



അപ്പോള്‍ പടങ്ങളൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായല്ലോ. ഇതിലെ ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ ഫുള്‍ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ കിട്ടും. ആവശ്യമുള്ളവര്‍ക്കെല്ലാം ഈ ചിത്രങ്ങള്‍ സൌജന്യമായി എടുക്കാം - യാതൊരുവിധ പകര്‍പ്പവകാശനിബന്ധനകളുമില്ലാതെ (ഹോ, എന്തൊരു ഔദാര്യം! എനിക്കുതന്നെ ചൊറിഞ്ഞുവരുന്നു!).




ഏല്ലാവരും വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണല്ലോ. എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍ ! എനിക്ക് ഈ വര്‍ഷം വിഷു ഇല്ല. വിഷു മാത്രമല്ല, ഓണവും ക്രിസ്തുമസ്സും പിറന്നാളും ഒന്നും. അടുത്ത ജനുവരിയില്‍ അമ്മയുടെ ആദ്യത്തെ ആണ്ടുശ്രാദ്ധം കഴിഞ്ഞേയുള്ളൂ ഇനിയെല്ലാം.

അപ്പൊ ഇനി മടി മാറിയിട്ടു കാണാം!