എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, April 30, 2017

സൈമ (നാലാം ഭാഗം)

പോലീസുകാര്‍ വാഹനങ്ങളില്‍നിന്ന് ഓടിയിറങ്ങി സ്കൂളിനെ വലയം ചെയ്തു. റൈഫിളുകളേന്തിയ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. സ്റ്റാഫ് റൂമിനു തൊട്ടു വെളിയില്‍ പിസ്റ്റള്‍ ഊരിപ്പിടിച്ച് നാലഞ്ചു പോലീസുകാര്‍ മറഞ്ഞു നിന്നു.

അഞ്ചുമിനിറ്റിനകം സ്കൂള്‍ കെട്ടിടം ഒഴിപ്പിക്കുവാന്‍ തുടങ്ങി. കമാന്‍ഡന്റ്സ് കഴിയുന്നത്ര നിശബ്ദമായും കര്‍ക്കശമായും നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. എല്ലാവരും എത്രയും പെട്ടന്ന് പോലീസുകാര്‍ പറയുന്ന വഴിയിലൂടെ സ്കൂളിന്റെ മതിലിനുപുറത്തുള്ള ഒരിടത്ത് ചെന്നുനില്‍ക്കണം. മാതാപിതാക്കളാരെങ്കിലും വന്നാല്‍ ഉടനേ അവരുടെ കൂടെ സ്ഥലം വിട്ടോളണം.

ആദ്യം ഒഴിപ്പിച്ചത് സൈമയുടെ ക്ലാസ്സിനെയാണ്. കുട്ടികളെല്ലാവരും തന്നെ ഭയചകിതരായിരുന്നുവെങ്കില്‍ സൈമയുടെ മനസ്സിനുള്ളില്‍ ഒരു മഹാ ഭൂകമ്പം തന്നെയായിരുന്നു. ഇറാഖിലെ ഭൂതകാലം അവളുടെ മനസ്സില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. ആയുധധാരികളും ബലിഷ്ഠരുമായ പോലീസുകാര്‍ അവളെ ഭയപ്പെടുത്തി.

ക്ലാസ്സ് ടീച്ചറുടെ കൈകളിലിരുന്ന് അവളുടെ കൈകള്‍ കിടുകിടാ വിറച്ചു.

പുറത്തുകടന്ന സൈമ സ്കൂള്‍ മതില്ലില്‍ ചാരി തറയിലിരുന്ന് അബുവിനെ പ്രതീക്ഷിച്ചിരിപ്പായി. ക്ലാസ്സുകള്‍ ഒന്നൊന്നായി ഒഴിപ്പിച്ചുകൊണ്ടിരുന്നു. മൂന്നുനാലു ക്ലാസ്സുകള്‍ വന്നപ്പോഴേയ്ക്കും അവള്‍ വല്ലാതെ അസ്വസ്ഥയായി.

അബു ഇതുവരെ വന്നിട്ടില്ല!

അബുവിന്റെ ക്ലാസ്സ് സ്റ്റാഫ് റൂമിനടുത്തായതുകൊണ്ട് മിക്കവാറും ഒടുക്കമേ അവനെ പുറത്തുകൊണ്ടുവരാന്‍ സാദ്ധ്യതയുള്ളൂ എന്ന് ടീച്ചര്‍ പറഞ്ഞു. വളരെ സുരക്ഷിതമായി എളുപ്പത്തില്‍ ഒഴിപ്പിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്കാണ് മുന്‍ഗണന.

അതവളെ ഒന്നുകൂടി പരിഭ്രാന്തയാക്കി.

ഇതിനിടെ അമ്മായി വന്നത് ടീച്ചറിനല്പം ആശ്വാസമായി.

കുട്ടികള്‍ ഓരോ ബാച്ചായി പിന്നേയും പുറത്തിറങ്ങിക്കൊണ്ടിരുന്നു. ഓരോ കൂട്ടത്തിലും അവള്‍ അബുവിനെ തിരയും. കാണാതാകുമ്പോള്‍ അമ്മായിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയും.

അക്രമി അപ്പോഴും സ്റ്റാഫ് റൂമിലെ ടീച്ചര്‍മാരെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.  ഏതോ ഒരു ടീച്ചറോട് അവന് പകയുണ്ടായിരുന്നു. പക്ഷേ ആ ടീച്ചര്‍ അവന്‍ സ്റ്റാഫ് റൂമില്‍ ഇടിച്ചുകയറിയപ്പോള്‍ റൂമിലുണ്ടായിരുന്നില്ല. ടീച്ചറെ റൂമില്‍ കൊണ്ടുവന്നില്ലെങ്കില്‍ മറ്റു ടീച്ചര്‍മാരെ വധിക്കുമെന്നാണവന്റെ ഭീഷണി.

പോലീസുകാര്‍ ഉച്ചഭാഷിണിയിലൂടേയും ഫോണിലൂടേയും അവനുമായി സംസാരിച്ചുകൊണ്ടിരുന്നു. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നിടത്തോളം ആര്‍ക്കും അപകടമില്ല. അതുകൊണ്ട് അവന്‍ ശാന്തനാകുംവരെ അവനോട് സംസാരിച്ചുകൊണ്ടുതന്നെ ഇരിക്കണം

ഏതാണ്ട് നാല്പതുമിനിറ്റിനുശേഷമാണ് അബുവിന്റെ ക്ലാസ്സിനെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്. സ്കൂളിനു വെളിയില്‍ വന്നാല്‍ സ്റ്റാഫ് റൂമിന്റെ ജനലയുടെ അടുത്തുകൂടിവേണം അവര്‍ക്ക് പുറത്തുകടക്കാന്‍. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ഹെല്‍മെറ്റും ധരിച്ച അഞ്ച് പോലീസുകാര്‍ കവര്‍ ചെയ്തിട്ടാണ് ആറു കുട്ടികളെ വീതം പോലീസ് പുറത്തു കടത്തിക്കൊണ്ടിരുന്നത്. അതും വളരേ നിശ്ശബ്ദതയോടെയും സൂക്ഷ്മതയോടെയും.

നീണ്ട കാത്തിരിപ്പിനൊടുവില്‍ സൈമ അബുവിനെ കണ്ടു. അവന്‍ സ്വയമുണ്ടാക്കിയ ഒരു പേപ്പര്‍ പമ്പരം കറക്കിക്കൊണ്ട് പോലീസുകാരോടൊപ്പം നില്‍ക്കുകയാണ്.

അപ്പോള്‍ എങ്ങുനിന്നോ ഒരു കാറ്റുവന്നു. അബുവിന്റെ കയ്യിലുള്ള പമ്പരം ആ കാറ്റില്‍ പറന്ന് സ്കൂള്‍ കെട്ടിടത്തിന്റെ ചുമരില്‍ത്തട്ടി താഴെ വീണു. അബു ഉടനേ ആ പമ്പരത്തിന്റെ പിന്നാലെ ഒറ്റയോട്ടം!

ഒരു പോലീസ് കമാന്‍ഡോ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അയാള്‍ പെട്ടന്ന് അബുവിനുമേല്‍ ചാടിവീണു. അവനെ തൂക്കിയെടുത്ത് ഒരു വശത്തേയ്ക്കു കൊണ്ടുപോയി.

സൈമയുടെ തലയില്‍ ഒരു അമിട്ടുപൊട്ടിയ നിമിഷമായിരുന്നു അത്. അവളുടെ പിതാവിനേയും ജ്യേഷ്ഠനേയും പോലീസ് വീട്ടില്‍നിന്നു തൂക്കിയെടുത്തു പുറത്തുകൊണ്ടുപോയ അതേ പോലെ! ഇനിയവര്‍ അവനെ വെടിവെച്ചുകൊല്ലും!! അയ്യോ!!

പിന്നൊന്നും ആലോചിച്ചില്ല.വലിയൊരലര്‍ച്ചയോടെ അവള്‍ അബുവിനു നേരേ ഓടി. പിന്നില്‍നിന്ന് ടീച്ചര്‍മാരുടേയും അമ്മായിയുടേയും പോലീസിന്റേയുമൊന്നും വിളികള്‍ അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

ചൂണ്ടുവിരലും നടുവിരലും ബലമായി ചേര്‍ത്തുപിടിച്ച് അവള്‍ ആ പോലീസ് കമാന്‍ഡോയുടെ കഴുത്തില്‍ ആഞ്ഞു കുത്തി - കൃത്യം ഹെല്‍മെറ്റിനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനും ഇടയിലുള്ള തുറന്ന ഭാഗത്ത്. വാലിദ് പഠിപ്പിച്ച തന്ത്രമാണ്.

അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ആ കമാന്‍ഡോ നിലംപതിച്ചു. ഇതുകണ്ട് മറ്റൊരു കമാന്‍ഡോ അവള്‍ക്കുനേരേ ഓടിയടുത്തു. അയാള്‍ അടുത്തെത്തിയപ്പോള്‍ അവള്‍ ഊര്‍ന്നു താഴെവീണ് അയാളൂടെ നിലത്തൂന്നിയ കാലിന്റെ കണങ്കാലില്‍ ആഞ്ഞുചവിട്ടി. അയാള്‍ ഓടിയ അതേ വേഗത്തില്‍ അവളുടെ ദേഹത്തിനുമേലേയ്ക്കു പതിച്ചു.

ഇത്തരം ആക്രമണങ്ങള്‍ നോക്കിനില്‍ക്കുന്ന ശീലം അമേരിക്കയിലെ പോലീസുകാര്‍ക്കില്ല. മൂന്നുവെടിയുണ്ടകള്‍ സൈമയുടെ നേരേ പാഞ്ഞുവന്നു.

പക്ഷേ അവളെ മറച്ചുകൊണ്ട് ആ കമാന്‍ഡോ അവളുടെ ശരീരത്തിനുമേല്‍ ഉണ്ടായിരുന്നു. വെടിയുണ്ടകളൊന്നും തന്നെ അവളുടെ ദേഹത്തു കൊണ്ടില്ല.

അതിനകം അവള്‍ ബോധരഹിതയായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് പിന്നൊരു കീഴ്‌പെടുത്തലിന്റെ ആവശ്യവും വന്നില്ല.

ബോധം തെളിയുമ്പോള്‍ അവള്‍ ആശുപത്രിയിലാണ്. വളരേയധികം മരുന്നുകളുടെ സ്വാധീനത്തില്‍, അനങ്ങാന്‍ പോലുമാകാതെ.

പോലീസുകാര്‍ പല തവണയായി വന്ന് അവളില്‍നിന്ന് മൊഴിയെടുത്തു.

അബുവിനേപ്പറ്റി അവള്‍ ചോദിച്ചു. അബു സുരക്ഷിതനാണെന്നും താന്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതിനാല്‍ ബന്ധുക്കളെ ആരേയും കാണാന്‍ അനുവദിക്കില്ലെന്നും മറ്റൊന്നും അങ്ങോട്ടു ചോദിക്കേണ്ടെന്നും പോലീസുകാര്‍ കര്‍ക്കശമായി പറഞ്ഞു.

(തുടരും)