എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Thursday, September 26, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (രണ്ട്)

2. മാലതി

"ലളിതേ.........എടീ ലളിതക്കൊച്ചേ........."

മുനിസിപ്പാലിറ്റി സൈറന്റെയത്ര ഉച്ചത്തില്‍ അലറിവിളിച്ചുകൊണ്ട് വീട്ടിനകത്തേയ്ക്ക് കുതിക്കുകയാണ് മാലതിക്കൊച്ചമ്മ. അതിനു തൊട്ടുമുമ്പ് ജെയിംസ് ബോണ്ട് സ്റ്റൈലില്‍ ഒരു വന്‍ സീല്‍ക്കാരത്തോടെ അതിവേഗത്തില്‍ കാര്‍ തിരിച്ച് അകത്തുകയറ്റി, ഏറുകൊണ്ട തെണ്ടിപ്പട്ടി കാറുന്നതുപോലെ വണ്ടി ചവിട്ടിനിര്‍ത്തി, ഇടിവെട്ടുന്ന ശബ്ദത്തില്‍ കാറിന്റെ ഡോര്‍ വലിച്ചടച്ച് ആ പരിസരമൊക്കെ പ്രകമ്പനം കൊള്ളിച്ചതേയുള്ളൂ, മാഡം . കൊച്ചമ്മയൊക്കെ താങ്ങാനുള്ള കരുത്ത് ഈ ഭൂമിദേവിയ്ക്കുണ്ടായത് അതിലെ സകല ചരാചരങ്ങളുടേയും ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ചവിട്ടിക്കുലുക്കിയുള്ള ആ പോക്കില്‍ എല്ലാം തകര്‍ന്നുതരിപ്പണമായേനേ.

"ഓരോന്നിനേയൊക്കെ വീട്ടീക്കേറ്റിവെച്ചിരിക്കുന്ന എന്നെ വേണം പറയാന്‍. ആ ഗേറ്റ് മലര്‍ക്കെ തുറന്നിട്ട് ഇവളെവിടെപ്പോയിക്കിടക്കുകയാണോ...." ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട് കൊച്ചമ്മ അടുക്കളയിലേയ്ക്കു പാഞ്ഞു. ഇല്ല, അവള്‍ അവിടെയെങ്ങുമില്ല. "ഓ ഇന്ന് ഏഴരയ്ക്ക് അവളുടെ കോമഡി സീരിയലുള്ള ദിവസമാണല്ലോ. പോയിക്കാണും പടിഞ്ഞാറേതിലെ കുഞ്ഞേല്യച്ചേടത്തീടെ വീട്ടില്‍ ടിവി കാണാന്‍". കരണക്കുറ്റിക്കിട്ട് രണ്ടു പൊട്ടിക്കാനുള്ള അരിശമൊക്കെ വരുന്നുണ്ട്. എന്തുചെയ്യാം! അവള്‍ ഇറങ്ങിപ്പോയാല്‍ പിന്നെ വേറൊന്നിനെ കിട്ടാനില്ല.

ഇനിയിപ്പോ ഗേറ്റ് അടച്ചു പൂട്ടലും കാറില്‍ നിന്ന് ഇറച്ചിയും മീനും പച്ചക്കറികളുമെടുത്ത് ഫ്രിഡ്ജില്‍ കയറ്റലുമൊക്കെ സ്വയം ചെയ്യണം.

ഇരുപത്തിയൊന്‍പതര വയസ്സും അഞ്ചടി അഞ്ചിഞ്ച് പൊക്കവും അറുപത്തിമൂന്നു കിലോ തൂക്കവുമുള്ള ഒരു ഉണ്ടപ്പാറുവാണ് ഈ മാലതിക്കൊച്ചമ്മ. പട്ടണത്തിലെ ആര്‍ടിഓഫീസില്‍ ക്ലാര്‍ക്ക് ആണ്. അവിവാഹിത. ടൈറ്റ് ഫിറ്റിങ്ങ് ജീന്‍സും ഷര്‍ട്ടുമാണ് സ്ഥിരം വേഷം. താമസിക്കുന്ന വീട് അവര്‍ സ്വയം പണിയിപ്പിച്ചതാണ്. ആ വീട്ടില്‍ കൊച്ചമ്മയും വേലക്കാരിയും മാത്രമേ താമസമുള്ളൂ.

സത്യത്തില്‍ ക്ലാര്‍ക്ക് എന്നൊക്കെ പറയുന്നത് മുഴുവന്‍ ശരിയല്ല. ആര്‍ടി ഓഫീസിലെ ധനകാര്യ സെക്രട്ടറി എന്നുതന്നെ വേണം പറയാന്‍. ഓഫീസിലെത്തുന്നവരില്‍ നിന്ന് നിര്‍ദ്ദാക്ഷിണ്യം കണക്കുപറഞ്ഞ് കൈക്കുലി ഈടാക്കുക, പണമെല്ലാം കൃത്യമായി വരവുവെയ്ക്കുക, സൂക്ഷിക്കുക, കിട്ടിയ അച്ചാരത്തിന് ആനുപാതികമായ സേവനങ്ങള്‍ 'ഉത്തരവാക്കിക്കൊടുക്കുക', എല്ലാ ദിവസവും വൈകീട്ട് ഓഫീസിലെ സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് കൈക്കൂലിപ്പണം വിതരണം ചെയ്യുക, മാസാവസാനം പോലീസ് സ്റ്റേഷന്‍, പാര്‍ട്ടി ആപ്പീസുകള്‍, ബാര്‍ അസോസിയേഷന്‍ തുടങ്ങിയ നിയമപാലകര്‍ക്കുള്ള സംഭാവനകള്‍ എത്തിച്ചുകൊടുക്കുക എന്നിങ്ങനെയുള്ള ഭാരിച്ച ചുമതലകളാണ് മേഡത്തിനുള്ളത്. ദിവസേന ലക്ഷക്കണക്കിനുരൂപ തിരിമറി നടത്തുന്നതിനിടയില്‍ വിവാഹം പ്രണയം തുടങ്ങിയ നിസ്സാര വിഷയങ്ങളേപ്പറ്റി ചിന്തിക്കാന്‍ തമ്പുരാട്ടിക്ക് സമയമേയില്ല. അതുകൊണ്ടെന്ത്! ഇത്ര ചെറുപ്പത്തില്‍ സ്വന്തമായി വീടും കാറുമൊക്കെയായി, വലിയൊരു അധികാരിവര്‍ഗ്ഗത്തിന്റെ സ്നേഹത്തിനും സാദാ മനുഷ്യരുടെ ഭയഭക്തിബഹുമാനങ്ങള്‍ക്കും പാത്രമാകാന്‍ കഴിഞ്ഞവര്‍ ഈ ഭൂമിമലയാളത്തില്‍ എത്രപേരുണ്ടാകും?

ഗേറ്റ് അടച്ച് താഴിട്ടുപൂട്ടി, രണ്ടുകയ്യിലും സഞ്ചികളും തൂക്കിക്കൊണ്ട് അകത്തുകടന്നപ്പോഴാണ് കൊച്ചമ്മ ഒരു കാര്യം ശ്രദ്ധിച്ചത്. സിനിമാനടന്‍ രാജീവ് പിള്ളയുടെ രൂപവും കട്ട മസിലുമൊക്കെയുള്ള ഒരുത്തന്‍ ടീപ്പോയില്‍ കാലും കയറ്റിവെച്ച് സോഫയില്‍ മലര്‍ന്നിരിക്കുന്നു!

"ഹേയ്......താനാരാ? എന്തുവേണം?" പരിഭ്രമവും ദേഷ്യവും കലര്‍ന്ന ശബ്ദത്തില്‍ മാലതി ആവശ്യപ്പെട്ടു.

"ഞാനൊരു കള്ളനാണ്. എനിക്കൊരു പതിനയ്യായിരം രൂപയാണ് വേണ്ടത്" മല്ലന്‍ നിസ്സംഗതയോടെ പ്രഖ്യാപിച്ചു.

"താനെന്താ, ആളെ കളിയാക്കാന്‍ ഇറങ്ങിയിരിക്കുവാ? വിശേഷിച്ച് കാര്യമൊന്നുമില്ലെങ്കില്‍ പെട്ടന്നിവിടുന്ന് ഇറങ്ങിയാട്ടെ...."

"പതിനയ്യായിരം രൂപ എടുത്തുതന്നാല്‍ ഞാനങ്ങു പോയേക്കാം. അത് താന്‍ തന്നെ എടുത്തുതരുന്നതാണ് എനിക്കും തനിക്കും നല്ലത്. അല്ലെങ്കില്‍പ്പിന്നെ തന്നെ പിടിച്ചുകെട്ടി, വായില്‍ തുണിയൊക്കെ തിരുകി, ഈ വീടാകെ അലങ്കോലമാക്കി, അലമാരകളെല്ലാം തല്ലിപ്പൊട്ടിച്ച് ...എന്തിനാണീ ഡ്രാമയൊക്കെ?"

"ലളിതേ....എടീ ലളിതേ ... ആരാടീ ഇവനെയൊക്കെ അകത്തുകയറാന്‍ വിട്ടത്?"

"ഹയ്യോ, വേലക്കാരിയെ പറയണ്ടാ. ഞാന്‍ തന്റെ അമ്മാവന്റെ മകനാണെന്നും താനെന്റെ മുറപ്പെണ്ണാണെന്നുമൊക്കെപ്പറഞ്ഞാണ് ഞാന്‍ ഇതിനകത്തു കയറിക്കൂടിയത്. ഇപ്പോളവളെ സലീമിന്റെ കടയിലേക്കു വിട്ടിരിക്കുകയാണ്, നമുക്കുരണ്ടുപേര്‍ക്കും വേണ്ടി നല്ല വരട്ടിയ ആട്ടിറച്ചി വാങ്ങാന്‍. പിന്നെ, ഈ നേരമെന്നു പറഞ്ഞാല്‍ ജനം വെള്ളമടി തുടങ്ങുന്ന നേരമാണ് - അവിടെ പൂരത്തിരക്കായിരിക്കും" അയാള്‍ വാച്ചില്‍ നോക്കിക്കൊണ്ടു പറഞ്ഞു "ഇനിയും ഒരു അരമണിക്കൂറെങ്കിലും കഴിഞ്ഞേ അവളു വരൂ"

"താനിവിടന്ന് ഇറങ്ങുന്നോ അതോ ഞാന്‍ ഒച്ചവെച്ച് ആളെ കൂട്ടണോ?"

"താന്‍ ഒച്ചവെയ്ക്കാതിരിക്കാനുള്ള മരുന്നൊക്കെ ഞാന്‍ കയ്യില്‍ കരുതിയിട്ടുണ്ട്" സോഫയുടെ അരികില്‍ ചാരിവെച്ചിരുന്ന മൂന്നടി നീളമുള്ള കമ്പിപ്പാര കയ്യിലെടുത്ത് എഴുന്നേറ്റുനിന്നുകൊണ്ട് അയാള്‍ പറഞ്ഞു.

മാലതിയുടെ തൊണ്ട വരണ്ടു. ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി. കയ്യിലിരുന്ന സഞ്ചികള്‍ ഊര്‍ന്നുതാഴെവീണു.

അവള്‍ അയാളെ സൂക്ഷിച്ചുനോക്കി. പെട്ടന്ന് എന്തോ പിടികിട്ടിയപോലെ അവളുടെ മുഖം വിടര്‍ന്നു.

ഭ്രാന്തമായ ഒരു ആവേശത്തോടെ അവള്‍ പറഞ്ഞു "താന്‍.....തന്നെ ഞാന്‍ കണ്ടിട്ടുണ്ട്.....തന്നെ എനിക്കറിയാം....താന്‍ ആ ബെന്‍സ് ഡീലറുടെ അവിടത്തെ മെക്കാനിക്ക് അല്ലേ?.....സ...സമീര്‍ ... സമീര്‍...അതല്ലേ തന്റെ പേര്? ഹമ്പട കള്ളാ, നിന്നെ ഞാന്‍ മനസ്സിലാക്കില്ലെന്നു കരുതി അല്ലേ? ഇനി നീ കക്കുന്നതെങ്ങനെയെന്ന് എനിക്കൊന്നു കാണണം... ഹും!"

"ഈ പട്ടണത്തിലുള്ള സകലര്‍ക്കും തന്റെ പേരും മേല്‍വിലാസവും ജാതിയും പാരമ്പര്യവും ജാതകവും എല്ലാം അറിയാം. എന്നുകരുതി താന്‍ കൈക്കൂലി ചോദിക്കുമ്പോള്‍ ആരെങ്കിലും തരാതിരിക്കുന്നുണ്ടോ? തനിക്കെതിരെ ആരെങ്കിലും പരാതി കൊടുക്കുന്നുണ്ടോ? പോലീസുകാര്‍ തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടോ? കോടതി തന്നെ ശിക്ഷിച്ചിട്ടുണ്ടോ? ഇല്ലല്ലോ? എല്ലാത്തിനും ഒരു സെറ്റപ്പ് ഒക്കെയുണ്ടെങ്കില്‍ ഒരു മുഖംമൂടിയുമില്ലാതെ പിടിച്ചുപറിനടത്താന്‍ ഈ നാട്ടില്‍ യാതൊരു തടസ്സവുമില്ലെന്ന് ഞാന്‍ പറയാതെതന്നെ തനിക്കറിഞ്ഞുകൂടേ?"

ആ മറുപടി കേട്ട് അവള്‍ സ്തബ്ധയായി! തിരിച്ചൊന്നും പറയാനില്ലായിരുന്നു.

"നിങ്ങളേപ്പൊലെയൊക്കെ ലാവിഷായി ജീവിക്കണമെന്നാണ് എന്റേയും തീരുമാനം. ഏഴായിരത്തിയഞ്ഞൂറു രൂപ വാടകയുള്ള ഫ്ലാറ്റിലാണ് ഞാന്‍ താമസിക്കുന്നത്. ഒരു 350 സിസി ബൈക്ക് ഉണ്ടെനിക്ക്. ദിവസേന അല്പം മദ്യപിക്കും - സലീമണ്ണന്റെ ആട്ടിറച്ചിയും തൊട്ടുകൂട്ടി. അതും ബിവറേജസില്‍ രണ്ടുമണിക്കൂര്‍ ക്യൂനിന്നു വാങ്ങുന്ന വാറ്റുചാരായമൊന്നുമല്ല - നല്ല ഒന്നാന്തരം വിദേശി. ദാ കണ്ടോ, എന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ? ഇട്ടിരിക്കുന്ന ജീന്‍സും ടീഷര്‍ട്ടും ഷൂസും വാച്ചുമെല്ലാം ബ്രാന്‍ഡഡ് ആണ്. പക്ഷേ, ഇതിനൊക്കെ ചിലവാക്കാനായുള്ള നയാ പൈസ പോലും എന്റെ ശം‌ബളത്തില്‍നിന്നല്ല വരുന്നത്. എല്ലാം ഇതുപോലെ ആള്‍ക്കാരുടെ കയ്യില്‍നിന്ന് പിടിച്ചുപറിച്ചതാണ്. ശംബളം നേരെ എന്റെ മ്യൂച്വല്‍ ഫണ്ടിലേയ്ക്കാണ് പോകുന്നത്."

'അവിശ്വസനീയം' എന്നമട്ടില്‍ അവള്‍ തലയാട്ടി.

"ആകെ ഒരു വ്യത്യാസമുള്ളത് തന്നെപ്പോലെ ഒരു സ്ഥിരമായിട്ടൊരു പുറം വരുമാനം എനിക്ക് സെറ്റപ്പ് ആക്കാനായിട്ടില്ല എന്നതാണ്" അയാള്‍ തുടര്‍ന്നു " അതുകൊണ്ട് പലപ്പോഴും പല രീതിയിലാണ് ഞാന്‍ പണം പിടുങ്ങുക. മിക്കവാറും ഡീലര്‍ഷിപ്പിലെത്തുന്ന കസ്റ്റമേഴ്സിനേയാണ് പറ്റിക്കാറ്. വലിയ പാര്‍ട്ടീസല്ലേ, പതിനായിരമോ ഇരുപതിനായിരമോ കയ്യില്‍നിന്നു പോയാല്‍ അവര്‍ അറിയുകപോലുമില്ല. പിന്നെ അല്ലറചില്ലറ മോഷണം, ബ്രോക്കറു പണി, വര്‍ക്ക്ഷാപ്പിലെ പാര്‍ട്ട്സിന്റെ തിരിമറി - അങ്ങനെയങ്ങനെ മാസാമാസം കുറഞ്ഞത് പതിനയ്യായിരം രൂപയെങ്കിലും ഞാന്‍ ഒപ്പിക്കും"

"തനിക്കും സ്ഥിരം സെറ്റപ്പ് ഉള്ള ഒരു ഗവര്‍ണ്‍മെന്റ് ജോലിയില്‍ കയറിക്കൂടേ?" അവളുടെ വായില്‍നിന്ന് അങ്ങനൊരു ചോദ്യം വീണെന്ന് അവള്‍ക്കുതന്നെ വിശ്വസിക്കാനായില്ല.

"ആഗ്രമില്ലാഞ്ഞിട്ടല്ല. കിട്ടണ്ടേ?"

"താന്‍ പിഎസ്‌സി പരീക്ഷ എഴുതിയിട്ടുണ്ടോ?"

"ഹും! കൊള്ളാം. ഓട്ടൊമൊബൈല്‍ എഞ്ചിനീയറിങ്ങിന്റെ അവസാന പരീക്ഷ എഴുതിയ അന്നു തീരുമാനിച്ചതാണ് ഇനി മേലില്‍ ഒരു പരീക്ഷ ഞാനെഴുതില്ലെന്ന്..."

"ഹേയ്, ഇതത്ര ബുദ്ധിമുട്ടൊന്നുമില്ല. ഒരു രണ്ടുമാസം എന്റടുത്തുവന്നാല്‍ മതി. പരീക്ഷ ഈസിയായിട്ട് പാസാകാം. റാങ്ക് ലിസ്റ്റില്‍ വന്നാല്‍പ്പിന്നെ ഡിപ്പാര്‍ട്ടുമെന്റില്‍ കയറ്റുന്ന കാര്യം ഞാനേറ്റു. തന്നേപ്പോലെ വിദേശവാഹനങ്ങളേക്കുറിച്ചറിയുന്നവര്‍ ഡിപ്പാര്‍മെന്റില്‍ കുറവാണ്. മിക്കവാറും ഇവിടെത്തന്നെ ഇയാളെ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി പോസ്റ്റുചെയ്യിക്കാന്‍ പറ്റും."

"ശരിക്കും?" അയാള്‍ക്കു വിശ്വാസം വന്നില്ല.

"ഉം..." അവള്‍ തലയാട്ടി.

അയാള്‍ ഒരു കുറച്ചു നേരം തറയിലേയ്ക്കു നോക്കി എന്തോ ആലോചിച്ചു. പിന്നെ ഒരുനിമിഷനേരത്തേയ്ക്ക് സ്വന്തം കയ്യിലിരുന്ന കമ്പിപ്പാരയിലേയ്ക്കുനോക്കി, മെല്ലെ അത് സോഫയുടെ വശത്ത് വീണ്ടും ചാരിവെച്ചു.

"അപ്പൊ, ഊണുകഴിച്ചിട്ടു പോകുന്നോ? കുറച്ച് മത്തിക്കറിയും ചെമ്മീന്‍ വറുത്തതുമുണ്ട്. ലളിത ആട്ടിറച്ചികൊണ്ടു വരുമ്പോഴേയ്ക്ക് നമുക്കു തുടങ്ങാം, എന്താ?"

"അതുശരി. കള്ളനു കഞ്ഞിവെച്ചവള്‍ എന്നു കേട്ടിട്ടേയുള്ളൂ"

അവര്‍ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

അയാള്‍ കൈ കഴുകി വന്നപ്പോഴേയ്ക്കും അവള്‍ മേശപ്പുറത്ത് എട്ടോ പത്തോ വിഭവങ്ങള്‍ ഒരു പ്ലേറ്റിനു ചുറ്റും കൊച്ചുകൊച്ചു പാത്രങ്ങളില്‍ നിരത്തി വെച്ചിരുന്നു.

അയാള്‍ ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോള്‍ അവള്‍ ഇനിയുമൊരു പ്ലേറ്റ് കൊണ്ടുവന്നു മേശപ്പുറത്തുവെച്ച് അയാളുടെ തൊട്ടടുത്തുനിന്നു.

അയാള്‍ ആ പ്ലേറ്റിലേയ്ക്കുനോക്കി. അതില്‍ ഒരു വെളുത്ത കവര്‍ ഇരിക്കുന്നു.

"എന്താണത്?"

"കുറച്ചു കൈക്കൂലിയാണ്. പതിനയ്യായിരം രൂപയുണ്ട്. എനിക്കൊരു കാര്യം സാധിക്കാനുണ്ടേയ്.." അവള്‍ അവനെ നോക്കി കീഴ് ചുണ്ട് അല്പം കടിച്ചുപിടിച്ചു ചിരിച്ചുകൊണ്ട് മൊഴിഞ്ഞു. അവന്‍ മെല്ലെ പുഞ്ചിരിച്ച് അവളെ നോക്കി കണ്ണിറുക്കി.

ഇവനാണ് ചുണയുള്ള ആണ്‍കുട്ടി. കരുത്തന്‍. സുന്ദരന്‍. എന്തൊക്കെ സംഭവിച്ചാലും സ്വന്തം ജീവിതത്തിലെ ആര്‍ഭാടങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടാകരുതെന്ന് തീരുമാനിച്ചിട്ടുള്ളവന്‍. ഇവന്‍ കൂടെയുള്ളിടത്തോളം ജീവിതം ഒരാഘോഷം തന്നെയായിരിക്കും. ഇവനെ ഞാന്‍ ഒരുത്തിക്കും വിട്ടുകൊടുക്കില്ല - അവള്‍ മനസ്സിലുറപ്പിച്ചു.

Thursday, September 19, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (ഒന്ന്)

1. തെരേസ

മുറിതുറന്ന് അകത്തുകയറി നേരെ കിടക്കയില്‍ വന്നു വീഴുകയായിരുന്നു തെരേസ. ദേഹത്തിലെ ഓരോ പേശിയും നോവുന്നുണ്ട്. പോരാത്തതിന് മുടിഞ്ഞ തലവേദനയും. കുറച്ച് അരി വെള്ളത്തിലിട്ടാലേ അര മണിക്കൂര്‍ കഴിഞ്ഞിട്ടെങ്കിലും അല്പം കഞ്ഞിയും അച്ചാറും കഴിക്കാനാവൂ.

വേറൊരു നിവൃത്തിയുണ്ടെങ്കില്‍ ഈ നേഴ്സിന്റെ പണി ചെയ്യില്ല.വിദേശത്തെ ജോലിസാദ്ധ്യതകളേക്കുറിച്ച് ആരൊക്കെയോ പറഞ്ഞു കേട്ട വര്‍ണ്ണശബളമായ കഥകള്‍ കേട്ട് പണം കടമെടുത്താണ് നേഴ്സിങ്ങ് പഠിച്ചത്. തിരിച്ചടയ്ക്കാന്‍ ആവുന്നപോലെ സഹായിക്കാമെന്നൊക്കെ അപ്പച്ചന്‍ അന്നു പറഞ്ഞിരുന്നു. നാലു മാസങ്ങള്‍ക്കു മുമ്പ് ഒരു അപകടത്തില്‍പ്പെട്ടതോടെ അപ്പച്ചന്‍ കൃഷിയൊക്കെ നിറുത്തി. ഇപ്പോള്‍ അച്ചായന്റെ ഭരണമാണ് വീട്ടില്‍. കടം വാങ്ങിയ പണമൊക്കെ സ്വയം വീട്ടേണ്ട നിലയിലായി. ആശുപത്രിയിലെ കാര്യം അതിലും കഷ്ടം. സൂപ്രണ്ട് മഹാ മൂശേട്ടയാണ്.ഏതുനേരത്തും ആരുടെമുന്നില്‍വെച്ചും വൃത്തികെട്ട ഭാഷയില്‍ ശകാരിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്തൊരു രാക്ഷസി.

ആകെയൊരു ആശ്വാസമുള്ളത് ഒരു മാസം മുമ്പു കണ്ടുപിടിച്ച 'മുങ്ങല്‍' വിദ്യയാണ്. ഓആറിലെ ജയചന്ദ്രന്‍ ഡോക്ടര്‍ അപ്പച്ചന്റെ പഴയ സുഹൃത്താണ്. മുങ്ങി നിവരുമ്പോള്‍ സൂപ്രണ്ടിന്റെ കണ്ണില്‍പ്പെട്ടാല്‍ ഓആറിലായിരുന്നു എന്നു കാച്ചിയാല്‍ തടിതപ്പാം. മിക്കവാറും എല്ലാ ദിവസവും കുറഞ്ഞത് രണ്ട് ഓപ്പറേഷനുകളെങ്കിലും ഉണ്ടാകും - അധികവും സീ സെക്ഷന്‍ തന്നെ. അതുകൊണ്ട് പന്ത്രണ്ടുമണിക്കൂറില്‍ നാലോ ആറോ മണിക്കൂര്‍ തടിതപ്പാം. അതൊരു വലിയ ആശ്വാസം തന്നെയാണ് - ആരെങ്കിലും ഈ ഒത്തുകളി കണ്ടുപിടിക്കുന്നതുവരെ.

പെട്ടന്നാണ് അമിട്ടുപൊട്ടുന്നതുപോലൊരു ശബ്ദം വാതിലില്‍നിന്നു വന്നത്. കറുത്തുമെലിഞ്ഞ ഒരാള്‍ മുറിക്കകത്തേയ്ക്ക് ഇടിച്ചുകയറി വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടു. ഞെട്ടിവിറച്ചുപോയി! വായില്‍നിന്ന് ശബ്ദമൊന്നും പുറത്തുവരുന്നില്ല!

"ഒച്ചവെയ്ക്കരുത്. മിണ്ടിയാല്‍ കുത്തി കുടലെടുക്കും ഞാന്‍" നാലുപാടും നോക്കിക്കൊണ്ട് അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ മുരണ്ടു. "കയ്യിലുള്ള പണവും പണ്ടവുമൊക്കെ പെട്ടന്ന് ഈ തോര്‍ത്തിനകത്തേയ്ക്കിട്. വേഗം!!"

അതുകേട്ടപ്പോള്‍ മനസ്സില്‍ ഒരു ചിരി പൊട്ടിയെങ്കിലും പുറത്തുകാണിച്ചില്ല. അനങ്ങാതെ ഒരേ ഇരിപ്പില്‍ത്തന്നെ ഇരുന്ന് അയാളെ കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു.

ലുങ്കിയും പഴകിയ ഒരു ഷര്‍ട്ടുമാണ് വേഷം. മുഖത്ത് കുറ്റിത്താടി. കണ്ണുകളില്‍ ക്രൂരതയേക്കാളേറെ ദൈന്യവും ഭയവുമാണ് ഉള്ളതെന്നു തോന്നി. ഏതാണ്ട് പത്തിഞ്ച് നീളമുള്ള കഠാരി അയാളുടെ ഇറുക്കിപ്പിടിച്ച മുഷ്ടിയിലിരുന്നു വിറയ്ക്കുന്നു.

"പറഞ്ഞതുകേട്ടില്ലേ?" പല്ലിറുമ്മിക്കൊണ്ട് അയാള്‍ പിന്നേയും മുറുമുറുത്തു.

"ഇവിടെ നിറയേ പണ്ടവും പണവുമുണ്ടെന്ന് തന്നോടാരാണ് പറഞ്ഞത്? ദാ അപ്പുറത്തും ഇപ്പുറത്തുമുള്ള വലിയ വീടുകള്‍ കണ്ടില്ലേ? നേരേ എതിര്‍വശത്ത് നല്ല കച്ചോടമുള്ള കടകളുമുണ്ട്. ഇതൊക്കെ വിട്ട് ഈ ചെറ്റക്കുടിയിലാണോ താന്‍ കക്കാന്‍ കേറിയിരിക്കുന്നത്?" അതുചോദിക്കുമ്പോള്‍ അവളുടെ മനസ്സില്‍ ഭയം ഒട്ടുമില്ലായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവള്‍ക്ക് എന്തു ഭയം !

"ദേ, മറ്റേവര്‍ത്താനം പറയാതെ കയ്യിലുള്ളത് വേഗം ഇങ്ങോട്ടെടുത്തോ, ട്ടോ. എന്റെ ക്ഷമ പരീക്ഷിക്കരുത്" മുഖത്ത് അല്പം രൌദ്രഭാവമൊക്കെ വരുത്തി അയാള്‍ മുരണ്ടു.

"എടോ ഞാന്‍ ഇവിടത്തെ റോസ് ഹോസ്പിറ്റലിലെ ട്രെയിനി നേഴ്സ് ആണ്. മാസം മൂവായിരത്തി അറുന്നൂറു രൂപയാണ് ശമ്പളം. ഓവര്‍ടൈമോ കിമ്പളമോ ഒന്നുമില്ല. ഒണ്ടായിരുന്ന പൊന്നൊക്കെ പണയം വെച്ചിട്ടാണ് പണം കടം വാങ്ങി പഠിച്ചത്. എണ്ണൂറു രൂപയാണ് ഈ കുടുസ്സുമുറിയ്ക്ക് വാടക. ആയിരം രൂപ എല്ലാ മാസവും ബാങ്കിലടയ്ക്കണം. ബാക്കിയുള്ള കാശുകൊണ്ടാണ് അരി വാങ്ങുന്നത്. തനിക്ക് അരി മതിയെങ്കില്‍ ദാ ആ മൂലയില്‍ ഇരിപ്പുണ്ട്. തൊട്ടടുത്ത കുപ്പിയില്‍ കുറച്ചും മണ്ണെണ്ണയും" തെരേസ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

അയാളുടെ മുഖത്ത് നിരാശ പടരുന്നതും കത്തിയുടെ മേലുള്ള പിടി അഴയുന്നതും അവള്‍ കണ്ടു.

"നല്ല ആരോഗ്യവും തന്റേടവുമൊക്കെയുണ്ടല്ലോ. തനിക്ക് പണിയെടുത്തു ജീവിച്ചൂടെ? ദാരിദ്ര്യമാണെങ്കിലും കളവും പിടിച്ചുപറിയുമൊന്നുമില്ലാതെ പെണ്ണൊരുത്തി ഇവിടെ ജീവിക്കുന്നുണ്ടല്ലോ, കണ്ടില്ലേ?" അവള്‍ ചോദിച്ചു.

ആ ചോദ്യം കേട്ട് അയാള്‍ അല്പം പരിഭ്രാന്തനായതുപോലെ തോന്നി.

"നിവൃത്തിയില്ലാത്തോണ്ടാ, കൊച്ചേ. പെങ്ങളുടെ മോന് സുഖമില്ല. ചികില്‍സയ്ക്ക് പന്തീരായിരം രൂപ വേണം. പെങ്ങള് വിധവയാണേയ്.."

അയാള്‍ക്ക് ഇനിയുമെന്തോ പറയാനുണ്ടെന്ന് അവള്‍ക്കു തോന്നി. അടുത്ത വാചകത്തിനായി അവള്‍ കാത്തിരുന്നു. നിമിഷങ്ങള്‍ കടന്നുപോയി.

"ഞാന്‍ ഇതിനുമുമ്പ് കട്ടട്ടൊന്നുമില്ല. ആദ്യായിട്ടാ. വലിയവീടുകളിലൊക്കെ വേലക്കാരും പട്ടികളുമൊക്കെയുണ്ടാകും. കടകളിലാണെങ്കില്‍ ഇടപാടുകാരുണ്ടാകും. അല്ല ഇനി കക്കാന്‍ പറ്റിയാല്‍ത്തന്നെ അവരുടെ ഗുണ്ടകള്‍ നമ്മളെ മണത്തറിഞ്ഞു പിടിക്കും. അതാ ഇതിന്റകത്ത് കേറീത്. ഒരു നാനൂറു രൂപകിട്ടിയാല്‍ തല്ക്കാലത്തെ ആവശ്യം നടക്കൂല്ലോന്നു വിചാരിച്ചു."

അയാള്‍ വീണ്ടും നിശബ്ദനായി തറയിലേയ്ക്ക് കണ്ണു തറപ്പിച്ചുകൊണ്ടുനിന്നു.

"പണം തരാന്‍ പറ്റില്ലെങ്കിലും സൂക്കേടിന്റെ കാര്യത്തില്‍ എനിക്കു കുറച്ചു സഹായിക്കാന്‍ പറ്റും" അവള്‍ മെല്ലെ പറഞ്ഞു. പ്രതീക്ഷയുടെ ഒരു കിരണം അയാളുടെ മുഖത്തു തെളിയുന്നത് അവള്‍ കണ്ടു

"ഞങ്ങളുടെ ആശുപത്രിയില്‍ ശംബളം കുറവാണെങ്കിലും ഒരു ചെറിയ ആനുകൂല്യമുണ്ട്. ജീവനക്കാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും അവിടെ സൌജന്യചികിത്സ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമാണെങ്കില്‍ മാത്രമേ കിടത്തി ചികില്‍സിക്കൂ. ചില മരുന്നുകളൊക്കെ ആശുപത്രിയില്‍ ഫ്രീയായി കിട്ടുമെങ്കിലും ചിലതൊക്കെ പുറത്തുനിന്നു വാങ്ങേണ്ടി വരും. എന്നാലും അത് വലിയൊരു ആശ്വാസമാണല്ലോ."

അയാളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിയുന്നത് അവള്‍ കൌതുകത്തോടെ കണ്ടു.

"എന്താ ഇയാള്‍ടെ പേര്? ജോലി വല്ലതും ഉണ്ടോ അതോ..." എഴുന്നേറ്റ് കൈ കെട്ടി നിന്നുകൊണ്ട് അവള്‍ ചോദിച്ചു.

"ബിജൂന്നാ പേര്. ഇലക്ട്രീഷ്യനാ. ഈ കെട്ടിടം പണിയണോടത്തൊക്കെ പോയി ഇലക്ട്രിക്കു പണി കരാറെടുത്ത് ചെയ്യണ ആളാ. ജോലി ചെയ്യണേക്കാളും ബുദ്ധിമുട്ട് പണിപിടിക്കാനാ. ചെലപ്പൊ ദിവസങ്ങളോളം പണിയൊന്നും ഉണ്ടാവില്ല. ഇപ്പൊ കുറച്ചുകാലായിട്ട് വല്ല്യ കൊഴപ്പല്ല്യ"

അവര്‍ക്കിടയില്‍ വീണ്ടും നിശബ്ദത തളം കെട്ടി. അല്പനേരത്തിനുശേഷം അയാള്‍ മെല്ലെ കതകുതുറന്ന് പുറത്തേയ്ക്കു കടന്നു.

പെട്ടന്ന് എന്തോ ഓര്‍ത്തപോലെ അയാള്‍ തിരിഞ്ഞുനിന്നു. "അല്ല, അടുത്ത ബന്ധുക്കള്‍ക്ക് ചികില്‍സ കിട്ടുമെന്നല്ലേ നിങ്ങളു പറഞ്ഞത്? ഞാന്‍ ബന്ധുവൊന്നുമല്ലല്ലോ?" അയാളുടെ കണ്ണുകളില്‍ വീണ്ടും വിഷാദം പടര്‍ന്നിരിക്കുന്നു.

"ബന്ധങ്ങളൊക്കെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതല്ലേയുള്ളൂ. ബിജു വിഷമിക്കണ്ടാ. നാളെ രാവിലെ ഹോസ്പിറ്റലില്‍ വരൂ. അവിടെ തേരേസാ സിസ്റ്ററിനെ കാണണമെന്നു പറഞ്ഞാല്‍ മതി." അവള്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

നില്ക്കക്കളിയില്ലാത്ത ജീവിതപ്പാച്ചിലില്‍ ഒന്നു പിടിച്ചുനില്‍ക്കാന്‍ വേണ്ടി, അല്പം ശ്വസിക്കാന്‍ വേണ്ടി, കൊച്ചുകൊച്ചു കുറുമ്പുകള്‍ കാട്ടുന്ന ഒരു കൊച്ചുകള്ളനും കൊച്ചുകള്ളിയും. ആശ്രയമില്ലാത്ത പെങ്ങളെ സഹായിക്കാന്‍ കൈ വിട്ട സാഹസത്തിനു മുതിരാന്‍ മാത്രം മനസ്സുനിറയേ സ്നേഹമുള്ളവന്‍. എന്റെ ജീവിതത്തിനു കൂട്ട് അവന്‍ മതി - അവള്‍ മനസ്സിലുറപ്പിച്ചു.