എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, September 11, 2016

മോന് മെഡിസിന് അഡ്മിഷന്‍ കിട്ടി!

ഞാനൊക്കെ പഠിക്കുന്ന കാലത്ത് മെഡിസിന് അഡ്മിഷന്‍ കിട്ടുക എന്നത് വലിയൊരു സംഭവമാണ്.

അന്നൊക്കെ അഞ്ച് മെഡിക്കല്‍ കോളേജുകളേ ഉള്ളൂ. അതില്‍ത്തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആയിടയ്ക്ക് തുടങ്ങിയതാണ്. എന്റെ തൊട്ടു തലേ ബാച്ച് മുതലാണ് പ്രവേശനപ്പരീക്ഷ എന്ന ഏര്‍പ്പാട് തുടങ്ങിയത്. അതിനുമുമ്പ് പ്രീഡിഗ്രിക്കൊക്കെ മുടിഞ്ഞ മാര്‍ക്കുവേണം ഒന്നു കയറിപ്പറ്റാന്‍.

ഇപ്പൊപ്പിന്നെ അമ്മാതിരി പ്രശ്നങ്ങളൊന്നുമില്ല. കയ്യില്‍ കാശുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജില്‍ കയറാം. തലയില്‍ അത്യാവശ്യം ചോരയോട്ടം ഉണ്ടാകണമെന്നേയുള്ളൂ.

മുമ്പത്തെ സംവിധാനം വളരേ കേമമാണെന്നൊന്നുമല്ല പറഞ്ഞുവരുന്നത്. പഠിക്കാനുള്ള കഴിവ് മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അന്നും വൈദ്യശാസ്ത്രപഠനത്തിനുള്ള പ്രവേശനം അനുവദിച്ചിരുന്നത്. പഠിക്കാനും ഓര്‍മ്മവെയ്ക്കാനുമുള്ള കഴിവ് വൈദ്യശാസ്ത്രപഠനത്തിന് പ്രധാനം തന്നെയാണ്. പക്ഷേ അത്രത്തോളം തന്നെ പ്രധാനമാണ് മനോഭാവവും ശാരീരിക ക്ഷമതയും മാനസിക ക്ഷമതയും വിശകലനശേഷിയും. അതൊന്നും അന്നും ഇന്നും പ്രവേശനപ്പരീക്ഷകളില്‍ വിഷയമായിട്ടില്ല.

എന്റെ സുഹൃത്തിന്റെ മകള്‍ ഇക്കഴിഞ്ഞ വര്‍ഷം എംബിബിഎസ് പാസ്സായി. ശസ്ത്രക്രിയയും പേറെടുപ്പും ചെയ്യില്ലെന്നാണ് അവള്‍ പറയുന്നത്. അതായത് ചോര കാണുന്ന പരിപാടിയൊന്നും പറ്റില്ല. ഗുളികയും മരുന്നും എഴുതിക്കൊടുക്കുന്ന പരിപാടി മാത്രമാണെങ്കില്‍ ഓക്കേ. ഇന്ത്യയില്‍ അത്തരക്കാരുടെ സേവനത്തിനും ആവശ്യക്കാരുണ്ട്, ശരിതന്നെ. പക്ഷേ, എന്റെ നോട്ടത്തില്‍ അവള്‍ മെഡിക്കല്‍ പ്രഫഷന് യോഗ്യയല്ല എന്ന് ആ ഒരൊറ്റ പ്രസ്താവനകൊണ്ട് തെളിഞ്ഞു.

എന്റെ വീട്ടുകാരി ജോലി ചെയ്യുന്ന ആരോഗ്യപരിപാലന കേന്ദ്രത്തിലെ സീനിയര്‍ ഡോക്റ്റര്‍ പതിവായി സ്കൂളുകളില്‍ ചെന്ന് കുട്ടികളുടെ കരിയര്‍ ഗൈഡന്‍സ് പരിപാടികളില്‍ പ്രസംഗിക്കാറുണ്ട്. ഒരു ആദായകരമായ ഉദ്യോഗോപാധി എന്ന നിലയില്‍ വൈദ്യശാസ്ത്രം പഠിക്കരുതെന്നാണ് അദ്ദേഹം കുട്ടികളോട് പറയുക. ഒരു നല്ല ഡോക്റ്റര്‍ എന്നാല്‍ മനുഷ്യനേയും സമൂഹത്തേയും ശാസ്ത്രത്തേയും അദ്ധ്വാനത്തേയും വളരേയധികം സ്നേഹിക്കുന്നയാള്‍ എന്നാണര്‍ത്ഥം (കാനഡയേപ്പോലെ ആരോഗ്യപരിപാലന മേഖല പൂര്‍ണ്ണമായും സര്‍ക്കാര്‍ നടത്തിപ്പിലുള്ള ഇടമാണെങ്കില്‍, ഡോക്റ്റര്‍മാര്‍ വ്യവസ്ഥിതിയെ ബഹുമാനിക്കുന്നവര്‍ കൂടി ആയിരിക്കണം). പണം എന്നത് അനന്തരഫലം മാത്രമാണ്. കരിയര്‍ നേട്ട‌ം മാത്രം ലക്ഷ്യമുള്ളവര്‍ മാനേജ്‌മെന്റോ, എന്‍ജിനീയറിങ്ങോ, ബിസിനസ്സോ, നിയമമോ പഠിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിക്കുക.

ഇക്കഴിഞ്ഞ മാസം എന്റെ സഹപ്രവര്‍ത്തകയുടെ മകന് മക്‍മാസ്റ്റര്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം ലഭിച്ചു. ഇതുവായിച്ചിട്ട് നിങ്ങള്‍ പറയൂ, നമ്മുടെ നാട്ടിലെ പ്രവേശനരീതികളില്‍ ന്യൂനതകളുണ്ടോയെന്ന്.

ഒണ്ടേറിയോയിലെ ആറ് മെഡിക്കല്‍ കോളേജുകളിലേയ്ക്കുമുള്ള പ്രവേശനപ്പരീക്ഷകള്‍ നടത്തുന്നത് OMSAS ആണ്. ക്ലാസ്സ് തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ പ്രവേശനനടപടികള്‍ ആരംഭിക്കും.

തുടക്കത്തില്‍ വേണ്ടത് - പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി (ട്രാന്‍സ്ക്രിപ്റ്റ്), പൗരത്വത്തിന്റേയും ഒണ്‍ടേറിയോയില്‍ താമസിക്കുന്നതിന്റേയും തെളിവുകള്‍ എന്നിവയാണ്. ജോലി ചെയ്ത ഇടങ്ങളില്‍നിന്ന് ലഭിച്ച അനുമോദന രേഖകള്‍, സന്നദ്ധസേവനത്തിന്റെ രേഖകള്‍, സ്പോര്‍ട്ട്സ് അല്ലെങ്കില്‍ കല എന്നിവയില്‍ ലഭിച്ച നേട്ടങ്ങളേക്കുറിച്ചുള്ള രേഖകള്‍, പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണപ്രബന്ധങ്ങള്‍ തുടങ്ങി നിങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന എല്ലാ കഴിവുകളേക്കുറിച്ചുള്ള തെളിവുകളും സമര്‍പ്പിക്കാം. ഈ ഇടങ്ങളില്‍നിന്നുള്ള റെഫറലുകളും (നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി നിങ്ങളെ മേല്‍നോട്ടം വഹിച്ചവരുടെ അഭിപ്രായം) ചേര്‍ക്കാം. ഈ കുട്ടി ഏതാണ്ട് 85 പേജുകളുള്ള ഒരു ബൈന്‍ഡര്‍ തന്നെ ഇതിനായി തയ്യാറാക്കിയിരുന്നു.

മക് മാസ്റ്റര്‍ യൂണിവേഴ്സിറ്റി, എല്ലാ അപേക്ഷകര്‍ക്കും CASPer (Computer-Based Assessment for Sampling Personal Characteristics) നിര്‍ബന്ധമാക്കിയിട്ടുണ്ട്. അപേക്ഷകരുടെ വിശകലനബുദ്ധിയും ധാര്‍മ്മികനിലപാടുകളുമാണ് ഈ പരീക്ഷയിലൂടെ അറിയാന്‍ ശ്രമിക്കുന്നത് (ഉദാഹരണത്തിന് പൊതുവിടങ്ങളില്‍ കാമറ സ്ഥാപിക്കുന്നതിനോട് യോജിക്കുന്നുണ്ടോ, എങ്ങനെയാണ് സുരക്ഷിതത്വത്തിന്റെ ആവശ്യങ്ങള്‍ സ്വകാര്യതയുടെ ആവശ്യകതയുമായി തുലനം ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചില സാഹചര്യങ്ങള്‍ ഉദ്ധരിച്ച് അഭിപ്രായം ആരായുക). ഇത് ഒരു മള്‍ടിപ്പിള്‍ ചോയ്സ് പരീക്ഷയാണ്.

ഇതിനുശേഷമാണ് പ്രധാനമായ MCAT പരീക്ഷ. നമ്മുടെ നാട്ടിലെ എന്‍ട്രന്‍സ് ടെസ്റ്റിന് താരതമ്യപ്പെടുത്താവുന്ന പരീക്ഷയാണിത്. ഒന്നര മണിക്കൂര്‍ വീതമുള്ള നാലു വിഭാഗങ്ങളായി മൊത്തം (ബ്രേക്ക് അടക്കം) എട്ടുമണിക്കൂര്‍ നീളുന്ന ഒറ്റദിവസപ്പരീക്ഷയാണിത്. ഇതില്‍ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി എന്നിവയ്ക്കു പുറമെ CARS (Critical Analysis and Reasoning Skills) എന്ന ഒരു പരീക്ഷകൂടിയുണ്ട്. മക് മാസ്റ്റര്‍ യൂണിവേഴ്സിറ്റി ഇക്കൂട്ടത്തില്‍ CARS പരീക്ഷയുടെ മാര്‍ക്ക് മാത്രമേ പരിഗണിയ്ക്കൂ. അതായത് ബയോളജിയും കെമിസ്ട്രിയും ഒന്നുമല്ല, വിശകലനശേഷിയും കാര്യങ്ങള്‍ പെട്ടന്നു വായിച്ചു മനസ്സിലാക്കാനുള്ള comprehension skillsഉമാണ് അവര്‍ക്കു വേണ്ടത്! CARS പരീക്ഷ ഒട്ടും എളുപ്പമല്ല. ഇന്റര്‍നെറ്റിലുള്ള സാമ്പിള്‍ ചോദ്യങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും.

ജാനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്റര്‍വ്യൂസ് ആണ്. ആയിരക്കണക്കിന് അപേക്ഷകരില്‍നിന്ന് വെറും അഞ്ഞൂറുപേരെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിയ്ക്കുക.

മക് മാസ്റ്ററില്‍ ആദ്യത്തേത്ത് MMI (Multiple Mini Interviews) ആണ്. ഇത് ഒരു ദിവസം മുഴുവനെടുക്കും. ഇതിനായി ഒരു ഹാളില്‍ പത്തോ പന്ത്രണ്ടോ ചെറിയ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടാകും. ഓരോ ബൂത്തിലും ഓരോ വ്യക്തിത്വ സവിശേഷത (ഉദാഹരണത്തിന് collaboration, conflict resolution, problem solving) പരീക്ഷിക്കാനുള്ള സംവിധാനമായിരിക്കും ഉണ്ടാകുക. ബൂത്തിലേയ്ക്ക് കടക്കുമ്പോള്‍ അതിനുള്ളില്‍ ചെയ്യേണ്ടതെന്തെന്ന ഒരു കുറിപ്പ് കയ്യില്‍ കിട്ടും. ഒരു ബൂത്തിന്റെ സാമ്പിള്‍ പറയാം. ഒരു മേശപ്പുറത്ത് കുറേ ജ്യോമെട്രിക് രൂപങ്ങള്‍ (ചതുരം, വൃത്തം, ദീര്‍ഘചതുരം, എലിപ്സ്)‌ പേപ്പറില്‍നിന്ന് മുറിച്ചുവെച്ചിട്ടുണ്ടായിരുന്നു. രണ്ട് അപേക്ഷകരാണ് ഇതിന് ബൂത്തില്‍ ഉള്ളത്. ഒരാളുടെ കയ്യില്‍ ഒരു ചിത്രം കൊടുത്തിരിക്കുന്നു (ഉദാഹരണത്തിന് മേല്‍പ്പറഞ്ഞ ജ്യോമെട്രിക് രൂപങ്ങള്‍ ഉള്‍പ്പെട്ട ഒരു നായ). ആ ചിത്രം മറ്റേയാള്‍ കാണില്ല. ചിത്രം കയ്യിലുള്ളയാള്‍ മറ്റേയാളെ സംസാരംകൊണ്ടു മാത്രം ആ ചിത്രം വിശദീകരിച്ച്, മേശപ്പുറത്തെ ജ്യോമെട്രിക് രൂപങ്ങള്‍കൊണ്ട് അത് പുനരാവിഷ്കരിക്കണം. അതിനുശേഷം രണ്ടുപേരും പരസ്പരം സ്ഥാനം മാറി മറ്റൊരു ചിത്രം പുനരാവിഷ്കരിക്കുന്നു. ആശയവിനിമയ ചാതുര്യവും ശ്രദ്ധാശേഷിയും (listening skills) ആണ് ഇതില്‍നിന്ന് അവര്‍ കണ്ടെത്തുന്നത്.

ഇതിനു ശേഷം പതിവ് ഇന്റര്‍വ്യൂവും ഉണ്ട്. ഈ ഇന്റര്‍വ്യൂ എടുക്കുന്നത് പ്രഫസര്‍മാര്‍ മാത്രമല്ല - സാമൂഹ്യപ്രവര്‍ത്തകര്‍, സീനിയര്‍ വിദ്യാര്‍ത്ഥികള്‍, സാങ്കേതിക വിദഗ്ദ്ധര്‍, നഴ്സുമാര്‍, വക്കീലന്മാര്‍, സ്കൂള്‍/കോളേജ് ടീച്ചര്‍മാര്‍ തുടങ്ങി സമൂഹത്തില്‍നിന്നുമുള്ള ആരുമാകാം. ഈ ഇന്റര്‍വ്യൂവില്‍ ഏതുതരം ചോദ്യങ്ങളും പ്രതീക്ഷിക്കാം (അഭയാര്‍ത്ഥികളുടെ ആരോഗ്യപരിപാലന ആവശ്യങ്ങളേക്കുറിച്ചുള്ള നിലപാടുകള്‍, മരണാസന്നരായ ആളുകളുടെ ജീവിക്കാനും മരിക്കാനുമുള്ള അവകാശം, തീരെച്ചെറിയകൂട്ടം ആളുകളുടെ ചിലവേറിയ സവിശേഷ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ചിലവില്‍ നടത്തപ്പെടുന്ന ആരോഗ്യമേഖലയുടെ നയങ്ങള്‍ എന്നിവയേപ്പറ്റിയൊക്കെയായിരിക്കും ചോദ്യങ്ങള്‍).

മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ക്കുശേഷം മാത്രമാണ് ഒരു വിദ്യാര്‍ത്ഥിയ്ക്ക് അവിടെ പ്രവേശനം ലഭിക്കുക

ഇനി മക്‍ മാസ്റ്റര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം നേടിയ കുട്ടികളുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ നോക്കൂ (ഇവിടെ ക്ലിക്ക് ചെയ്യുക). പത്തൊമ്പതു വയസ്സില്‍ താഴെ മുതല്‍ മുത്തിയേഴു വയസ്സുള്ളവര്‍ക്കു വരെ പ്രവേശനം കിട്ടിയിട്ടുണ്ട്. CARSല്‍ ഉയര്‍ന്ന സ്കോര്‍ ഉള്ളവര്‍ക്കാണ് മക്‍ മാസ്റ്റര്‍ മുന്‍ഗണന കൊടുത്തിട്ടുള്ളതെന്ന് കാണാം. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ വിദ്യാഭ്യാസ പശ്ചാത്തലത്തില്‍ (Educational Background) വളരേയധികം വൈവിധ്യം കാണാനാവുന്നത്. ഹെല്‍ത്ത് സയന്‍സും സയന്‍സും പഠിച്ചിട്ടുള്ളവരാണ് അധികമെങ്കിലും മറ്റു ബിരുദങ്ങളുള്ളവരുടെ എണ്ണം അത്ര നിസ്സാരമല്ല.

ഇവിടെയാണ് മക്‍ മാസ്റ്റര്‍ യൂണിവേഴ്സിറ്റിയും നാട്ടിലെ മെഡിക്കല്‍ കോളേജുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. നാട്ടില്‍ 'അറിവ്' (retained knowledge) അളന്നാണ് മെറിറ്റ് പ്രവേശനം. ഇവിടെ അറിവിനേക്കാള്‍ വിശകലന ശേഷി, സഹകരണ മനോഭാവം, പെട്ടന്ന് പഠിച്ചെടുക്കാനുള്ള കഴിവ്, ശ്രദ്ധിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ്, സമൂഹത്തോടുള്ള ആഭിമുഖ്യം എന്നിങ്ങനെ ബുദ്ധിപരവും വ്യക്തിത്വാധിഷ്ഠിതവുമായ സവിശേഷതകളാണ് അളക്കപ്പെടുന്നത്. എന്റെ നോട്ടത്തില്‍ ഇതില്‍ ഇല്ലാത്തത് കൈത്തഴക്കം/കരവിരുത്‌ (dexterity) പരീക്ഷിക്കാനുള്ള പരീക്ഷകള്‍ മാത്രമാണ്.

ഇത്തരം ഒരു പ്രവേശനരീതികൊണ്ട് മെച്ചപ്പെട്ട ഡോക്റ്റര്‍മാര്‍ ഉണ്ടാകുമോ എന്ന കാര്യം തര്‍ക്കിക്കാവുന്നതാണ്, പക്ഷേ ഒരു ഡോക്റ്റര്‍ക്കുവേണ്ട ബൗദ്ധിക അച്ചടക്കം ഇവിടെ പഠിച്ചിറങ്ങിയ ഡോക്റ്റര്‍മാര്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പിക്കാം.

ഇതൊന്നും നാട്ടില്‍ നടപ്പാവില്ല. മേല്‍പ്പറഞ്ഞ പോലെ റെഫറല്‍, CASPer, MMI, ഇന്റര്‍വ്യൂ എന്നിവയുടെകൂടി അടിസ്ഥാനത്തിലാണ് മെറിറ്റ് അഡ്മിഷന്‍ എങ്കില്‍ അവിടെയൊക്കെ കൈക്കൂലിയുടെ മാമാങ്കമായിരിക്കുമെന്നത് കട്ടായം.

അതുകൊണ്ട് ഒരു വശത്ത് പുസ്തകപ്പുഴുക്കളും മറുവശത്ത് കാശുകൊടുത്ത് ബിരുദം വാങ്ങിയവരുമായി നാട്ടുകാരുടെ ആരോഗ്യപരിപാലനം ഇങ്ങനെ ഊഞ്ഞാലാടിക്കൊണ്ടിരിക്കും.

Sunday, March 13, 2016

അങ്ങനെയെങ്കിലും സോഷ്യലിസം വരട്ടെ!

നാട്ടില്‍ വരുമ്പോള്‍ ഒരിക്കലെങ്കിലും ലോക്കല്‍ ബാര്‍ബര്‍ഷാപ്പില്‍ പോയി മുടിവെട്ടുന്ന ഒരു പതിവുണ്ട്. അങ്ങനെയൊരിക്കല്‍ കടയില്‍ ഞാന്‍ എന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു. അവിടെ അന്നത്തെ 'മനോരമ' പത്രവും വായിച്ചുകൊണ്ട് രണ്ടു ചെറുപ്പക്കാര്‍ ഇരിക്കുന്നുണ്ട്.

"പരിയാരത്ത് വീടു കുത്തിത്തുറന്ന് മോഷണം. പത്തു പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു". ഒരുവന്‍ വാര്‍ത്ത വായിക്കാന്‍ തുടങ്ങി.

വാര്‍ത്ത മുഴുവന്‍ വായിച്ചുകഴിഞ്ഞ ശേഷം പുള്ളിയുടെ വക ഒരു കമെന്റ് "നല്ല പൂത്ത കാശുള്ള വീട്ടുകാരാ. ഒരു കൊഴപ്പോല്ല്യ. അങ്ങനെയെങ്കിലും നാട്ടില് സോഷ്യലിസം വരട്ടെ!"

നാടുമായും സോഷ്യലിസവുമായുമുള്ള ബന്ധമൊക്കെ ഇല്ലാതായിക്കഴിഞ്ഞ ഞാന്‍ അതു കേട്ട് ഉള്ളില്‍ ചിരിച്ചു. ഇന്നിപ്പോള്‍ സോഷ്യലിസ്റ്റുകള്‍ ഒന്നടങ്കം വിജയ് മല്ല്യയുടെ സമ്പാദ്യമെല്ലാം പിടിച്ചുപറിക്കാന്‍ വെപ്രാളപ്പെടുന്നതു കണ്ടപ്പോള്‍ ഈ കഥ വെറുതേ ഓര്‍മ്മ വന്നു. ഭരണ നേതൃത്വം സോഷ്യലിസമൊക്കെ ഉപേക്ഷിച്ചിട്ട് കൊല്ലം ഇരുപത്തിയഞ്ച് ആയെങ്കിലും ശരാശരി മലയാളിയുടെ സോഷ്യലിസ്റ്റ് വ്യാമോഹങ്ങള്‍ ഇന്നും സജീവം.

സോഷ്യല്‍ മീഡിയയില്‍ കദനകഥകളുടെ പ്രവാഹമാണ്. നിസ്സാര തുക കടമെടുത്തതിന് കിടപ്പാടം ജപ്തിചെയ്തെടുത്ത കഥകള്‍ ധാരാളം. ശതകോടിക്കണക്കിന് തുക കടമെടുത്ത് ഒന്നും സംഭവിക്കാത്തതുപോലെ വിലസുന്ന വന്‍കിട മുതലാളിമാരോടുള്ള രോഷവും കത്തിജ്വലിക്കുന്നുണ്ട്.

ധനകാര്യ വ്യവസ്ഥിതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാത്തതുകൊണ്ടാണ് ഇത്തരം വൈകാരികത ആളുകളുടെ മനസ്സില്‍ വരുന്നത്. നാട്ടില്‍ ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങളുടെ സുതാര്യതയില്ലായ്മയും അതിനെ രൂക്ഷമാക്കുന്നുണ്ട്.

കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ക്ക് ഗൂഗിള്‍ പ്ലസ്സില്‍ 'ബൈസ്റ്റാന്ററുടെ ഈ പോസ്റ്റ് വായിച്ചാല്‍ മതിയാകും. അല്ലാത്തവര്‍ക്കായി ചില അടിസ്ഥാന വിവരങ്ങള്‍ വിശദീകരിക്കാനാണ് ഈ പോസ്റ്റ്.

ആദ്യം തന്നെ ഒരു ജാമ്യമെടുക്കട്ടെ. ഇന്ത്യയേക്കുറിച്ചോ ഇന്ത്യന്‍ ബാങ്കുകളേക്കുറിച്ചോ മല്ല്യയേക്കുറിച്ചോ ഉള്ള ചര്‍ച്ച ഞാന്‍ പാടേ ഒഴിവാക്കുകയാണ്. സുതാര്യമായ (എന്നു കരുതി 'സാമൂഹ്യ പ്രതിബദ്ധതയുള്ള' എന്ന് അര്‍ത്ഥമില്ല) ധനകാര്യപ്രവര്‍ത്തനം നടക്കുന്ന കാനഡയേപ്പോലൊരു രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കുറിപ്പ്.

ആദ്യമായി അറിയേണ്ടത് 'ആസ്തി' എന്ന ആശയമാണ്. നിങ്ങള്‍ ഒരു കാട്ടുമുക്കില്‍ ഒരു ലക്ഷം രൂപ കൊടുത്ത് ഒരേക്കര്‍ മാവിന്‍ തോട്ടം വാങ്ങിയെന്നു കരുതുക. നിങ്ങള്‍ അവിടെ 'കൊച്ചീച്ചി മാങ്ങാ അച്ചാര്‍' ഉണ്ടാക്കുന്ന ഒരു യൂണിറ്റ് തുടങ്ങി. ഒരു കുപ്പി അച്ചാര്‍ ഉണ്ടാക്കാന്‍ 90 രൂപ ചിലവാക്കി 100 രൂപയ്ക്ക് വിറ്റു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 'കൊച്ചീച്ചി അച്ചാര്‍' കേരളത്തിലെ ഏറ്റവും പ്രചാരമുള്ള അച്ചാര്‍ ആയി. അന്ന് ഒന്നര ലക്ഷം രൂപ മുടക്കിയ ഉല്‍പാദന സംവിധാനത്തിന് ഇന്ന് എന്ത് വിലയുണ്ടാകും? ഒരുപഷേ കോടികള്‍! നിങ്ങളുടെ ഉല്‍പന്നത്തിന്റെ വാര്‍ഷിക വിറ്റുവരവിന്റെ പല മടങ്ങുകളായിരിക്കും അത്. 'കൊച്ചീച്ചി' എന്ന ബ്രാന്റിനു മാത്രം ലക്ഷക്കണക്കിനു രൂപയുടെ വിലയുണ്ടാകാം. ഇങ്ങനെയാണ് 'ആസ്തി' ഉണ്ടാകുന്നത്.

ഇനി നിങ്ങള്‍ അതേ കാട്ടുമുക്കില്‍ അമ്പതുലക്ഷം രൂപ മുടക്കി ഒരു വലിയ ഫൂഡ് പ്രോസസിങ്ങ് പ്ലാന്റ് തുടങ്ങാനായി ഏതെങ്കിലും ബാങ്കിനെ സമീപിച്ചെന്നു കരുതുക. ഒരു പ്രൈവറ്റ് ബാങ്ക് ആണെങ്കില്‍ ഒരു നിമിഷം വൈകാതെ പണം കടം കൊടുക്കും. അതിന് നിലവിലുള്ള ആസ്തി ഈടായി നല്‍കിക്കൊള്ളണമെന്നു പോലുമില്ല. അവര്‍ക്കറിയാം അങ്ങനെയൊരു പ്ലാന്റ് ഇയാള്‍ തുടങ്ങിയാല്‍ അത് ഏറെക്കുറെ ഉറപ്പായും വിജയിച്ചിരിക്കും എന്ന്. ചിലപ്പോള്‍ അവര്‍ കൊടുക്കുന്ന തുകയില്‍ ഒരു ഭാഗം കടമായും ബാക്കി പുതിയ പ്ലാന്റിന്റെ ഓഹരി വാങ്ങാനായും ആയിരിക്കും നല്‍കുക.

തുടര്‍ന്നും പുതിയ പ്ലാന്റുകള്‍ തുടങ്ങാന്‍ ബാങ്ക് നിരുപാധികം പണം നല്‍കിയെന്നു വരാം. വിശേഷിച്ച് ഇതിനകം നിങ്ങളുടെ കമ്പനി പബ്ലിക്‌ലി ട്രേഡഡ് ആയെങ്കില്‍ (ഓഹരി വിപണിയിലൂടെ നിക്ഷേപകരുടെ ഉടമസ്ഥതയിലേയ്ക്ക് വന്നിട്ടുണ്ടെങ്കില്‍). പുതിയ സംരംഭത്തിന് 50% നിക്ഷേപകരുടേയും 25% സമ്പന്നരായ പ്രൊമോട്ടര്‍മാരുടേയും പിന്തുണയുണ്ടെങ്കില്‍ ബാക്കി 25% കടമായി കൊടുക്കാന്‍ ബാങ്കുകള്‍ ഒട്ടും അമാന്തിക്കില്ല.

ഇങ്ങനെ തുടങ്ങുന്ന ചില സംരംഭങ്ങള്‍ വിജയിക്കും ചിലത് പരാജയപ്പെടും. പരാജയപ്പെടുമ്പോള്‍ ബാങ്ക് കൊടുത്ത പണം നഷ്ടമാകും. എന്നു കരുതി അടുത്ത തവണ നിങ്ങള്‍ തവണ നിങ്ങള്‍ കടം ചോദിച്ചു ചെല്ലുമ്പോള്‍ "അന്നത്തെ കാശ് തിരിച്ചു തന്നാലേ ഇനി പണം തരൂ" എന്നൊന്നും പറയില്ല. നിങ്ങളെ ഓടിച്ചിട്ടു തല്ലി പണം പിടിച്ചുപറിക്കുകയുമില്ല. കാരണം നിങ്ങള്‍ നഷ്ടമുണ്ടാക്കിയതിന്റെ പല മടങ്ങു തുക ലാഭമായി, അതിനേക്കാളേറെ ആസ്ഥിയായി ബാങ്കിന് കിട്ടിയിട്ടുണ്ട്. ഇനിയും മൂല്യം കൊണ്ടുവരുവാനുള്ള നിങ്ങളുടെ കഴിവില്‍ ബാങ്കിന് വിശ്വാസവുമുണ്ട്.

ഇവിടെയാണ് 'ലോണ്‍ ലോസ് പ്രൊവിഷന്‍' എന്ന ഏര്‍പ്പാടിനേക്കുറിച്ച് അറിയേണ്ടത്. അതിന്റെ അടിസ്ഥാന ലക്ഷ്യം പണം കടം കൊടുക്കുന്ന കാര്യത്തില്‍ ചില നിശ്ചിത റിസ്ക് എടുക്കുവാന്‍ ധനകാര്യസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതാണ്. പല ധനകാര്യസ്ഥാപനങ്ങള്‍ക്കും പല തരത്തിലായിരിക്കും റിസ്കിനോടുള്ള പ്രതിപത്തിയും നഷ്ടം എഴുതിത്തള്ളാനുള്ള നീക്കിയിരിപ്പും. ഒരിക്കലും ചില്ലിക്കാശുപോലും നഷ്ടം വരാത്തവിധമുള്ള കടം കൊടുപ്പ് ഒരൊറ്റ ധനകാര്യസ്ഥാപനവും ചെയ്യുന്നില്ല.

ഉദാഹരണത്തിന് ഒരു ധനകാര്യസ്ഥാപനത്തിന്റെ ലോണ്‍ ലോസ് പ്രൊവിഷന്‍ ആകെ കടം കൊടുക്കുന്ന തുകയുടെ 4% ആണെന്നിരിക്കട്ടെ. കൂടിയ റിസ്കുള്ള വിദ്യാഭ്യാസ ലോണിന് 4% നഷ്ടത്തിനുള്ളില്‍ നിറുത്തണമെങ്കില്‍ വളരേ കടുപ്പമുള്ള നിബന്ധനകള്‍ വെയ്ക്കും. അതേസമയത്ത് ഒരു രാജ്യത്ത് ആരോഗ്യകരമായ സാമ്പത്തിസ്ഥിതിവിശേഷമാണെങ്കില്‍ ഹൌസിങ്ങ് ലോണ്‍ ബാങ്കുകള്‍ കൊടുക്കും. കാരണം 99% ആളുകളും വീടുവാങ്ങി താമസിക്കാനാണ് കടമെടുക്കുന്നത്. അവര്‍ അടവു മുടക്കില്ല.

ഒരു ശതമാനം ആളുകള്‍ വീഴ്ച വരുത്തിയാലും ബാങ്കിന് പ്രശ്നമില്ല. ഇവിടങ്ങളില്‍ അത്തരം ആളുകള്‍ക്ക് ഒരു 'പാപ്പരത്ത വക്കീലിനെ' (bankruptcy lawyer) കണ്ട് അയാള്‍ മുഖേന ബാങ്കുമായി ചര്‍ച്ച ചെയ്ത് കടത്തില്‍ ഒരു ഭാഗം മാപ്പാക്കുകയും ബാക്കി കുറഞ്ഞ തുകകളായി തിരിച്ചടക്കുകയും ചെയ്യാനുള്ള സംവിധാനമുണ്ട്. ആളുകളെ കൊന്നു കാശെടുക്കുക എന്നത് ഇവിടുത്തെ ബാങ്കുകള്‍ ചെയ്യാറില്ല, അങ്ങനെയൊരു സ്ഥിതി വന്നാല്‍ കഴിയാവുന്നത്ര തുക ഈടാക്കുക എന്നതാണ് രീതി. ഇതിന് അപവാദങ്ങളില്ലെന്നല്ല. ഈ നാലുശതമാനത്തിനുമേല്‍ തുക വിഴ്ച വന്നു തുടങ്ങിയാല്‍ എല്ലാ ബാന്‍ക്രപ്സി പ്രൊപ്പോസലുകളും ബാങ്കുകള്‍ നിഷേധിക്കും. ആളുകളെ വീടുകളില്‍നിന്നിറക്കിവിട്ട് കിട്ടുന്ന കാശ് നേടിയെടുക്കാന്‍ നോക്കും. ഡിട്രോയിറ്റിലൊക്കെ അങ്ങനെ സംഭവിച്ചിട്ടുണ്ട്.

ഇനി ബാങ്കുകള്‍ എന്താണ് കടം കൊടുക്കുന്നത് എന്നുകൂടി അറിയേണ്ടതുണ്ട്. മിക്കവാറും അവരുടെ 'കയ്യിലുള്ള പണം" അല്ല അവര്‍ കടം കൊടുക്കുന്നത്. വ്യക്തികളേപ്പോലെയല്ല ബാങ്കുകള്‍. അവര്‍ കടം കൊടുക്കുന്നത് ഒരു 'രേഖ' മാത്രമാണ്. അവരുടെ മൊത്തം ആസ്തിയുടെ പല മടങ്ങ് തുക അവര്‍ ഇങ്ങനെ കടം കൊടുത്തിട്ടുണ്ടാകും. ബാങ്കിങ്ങ് വ്യവസായത്തിന്റെ 'സല്‍പ്പേര്' മാത്രമാണ് അത്തരം ഒരു രേഖയ്ക്ക് പണത്തിന്റെ മൂല്യം കൊണ്ടുവരുന്നത്. എല്ലാ ബങ്കുകളും ഇഷ്യൂ ചെയ്ത എല്ലാ രേഖകളും ക്യാഷ് ചെയ്യണമെന്ന് കൈവശക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ ഈ സമ്പദ്‌വ്യവസ്ഥ തന്നെ തകര്‍ന്ന് തരിപ്പണമാകും. ഈ സംവിധാനം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ചിത്രീകരിക്കാനായി ഞാന്‍ "നീലാണ്ടന്‍ നമ്പൂരീടെ ഓല" എന്ന പേരില്‍ മൂന്നു ഭാങ്ങങ്ങളുള്ള ഒരു കഥ എഴുതിയിരുന്നു. ഈ പേജില്‍ത്തന്നെ അവയിലേയ്ക്കുള്ള ലിങ്കുകള്‍ ഉണ്ട്.

പറഞ്ഞുവരുന്നതെന്തെന്നാല്‍ കിട്ടാക്കടം എന്നാല്‍ 'നഷ്ടപ്പെട്ട പണം' അല്ലെന്നാണ്. 'നേടാന്‍ കഴിയാതെ പോയ പണം' എന്നു വേണമെങ്കില്‍ പറയാം. നേരത്തേ പറഞ്ഞതുപോലെ കടമായി കൊടുത്ത തുകയുടെ പരിമിതമായ ശതമാനമേ ഇങ്ങനെ തിരിച്ചുകിട്ടാതിരുന്നിട്ടുള്ളുവെങ്കില്‍ ബാങ്ക് ഇഷ്യൂ ചെയ്യുന്ന രേഖകള്‍ വിപണി സ്വീകരിച്ചുകൊള്ളും. അല്ലാതെ വരുമ്പോഴാണ് അമേരിക്കയിലെ ലേമാന്‍ ബ്രദേഴ്സിനേപ്പോലെ ബാങ്ക് അപ്പടിയോടെ തകരുന്നത്.

ഒരു കാര്യംകൂടിയുണ്ട് - ലിമിറ്റഡ് ലയബിലിറ്റി കോര്‍പ്പറേഷന്‍ എന്ന സംവിധാനം. വ്യക്തികള്‍ക്കു മാത്രമല്ല, ഇത്തരം സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ കടം കൊടുക്കും. ആ കടം തിരിച്ചടയ്ക്കേണ്ടത് കോര്‍പ്പറേഷന്‍ എന്ന ആ സംവിധാനമാണ്, അല്ലാതെ അതില്‍ നിക്ഷേപം നടത്തുകയോ അതിന്റെ മേല്‍നോട്ടം നടത്തുകയോ ചെയ്യുന്ന വ്യക്തികളല്ല. അതായത് ആ കോര്‍പ്പറേഷന്‍ പൊളിഞ്ഞാല്‍ കോര്‍പ്പറേഷന്റെ ആസ്തിയിന്‍മേല്‍ മാത്രമേ ബാങ്കിന് അധികാരമുണ്ടാവൂ. അതിന്റെ നടത്തിപ്പുകാരുടേയോ നിക്ഷേപകരുടേയോ ആസ്തിയില്‍ ബാങ്കിന് തൊടാനാവില്ല.ഉദാഹരണത്തിന് റിലയന്‍ റിടെയില്‍ ലിമിറ്റഡ് നാളെ പാപ്പരായാല്‍ റിലയന്‍ പെട്രോകെമിക്കലിന്റേയോ മുകേഷ് അംബാനിയോടേയോ സ്വത്തില്‍നിന്ന് പണം പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്ക് യാതൊരു അധികാരവുമുണ്ടാകില്ല. അതുകൊണ്ടുതന്നെ കോര്‍പ്പറേഷനുകള്‍ക്കുള്ള കടം അതിന്റെ മാത്രം ക്രെഡിറ്റ് റേറ്റിങ്ങ് അനുസരിച്ചു മാത്രമായിരിക്കും ബാങ്കുകള്‍ കൊടുക്കുക.

ഇതൊക്കെ വായിക്കുമ്പോള്‍ മുതലാളിമാര്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥിതിയാണ് എമ്പാടും എന്ന് തോന്നാം. ഒരു പരിധിവരെ ഇതു ശരിയുമാണ്. ആഗോളവല്‍ക്കരിക്കപ്പെട്ട ഇക്കാലത്തെ സമ്പദ്‌വ്യവസ്ഥയില്‍ അംബാനിയേപ്പോലെയും മല്ല്യയേപ്പോലെയും ഉള്ളവര്‍ സമ്പത്ത് സൃഷ്ടിക്കുന്നത് (wealth creation) ഇന്ത്യയിലാണ് എന്നതുകൊണ്ട് നമ്മുടെ രാജ്യത്തിന് വളരേയധികം നേട്ടങ്ങളുണ്ട്. ബാര്‍ബര്‍ഷാപ്പിലിരുന്ന് രാഷ്ട്രീയം പ്രസംഗിക്കുന്ന സോഷ്യലിസ്റ്റുകള്‍ അത് മനസ്സിലാക്കുന്നില്ലെങ്കിലും നമ്മുടെ നാട്ടിലെ ഭരണകര്‍ത്താക്കളും നിയമവ്യവസ്ഥിതിയും ധനകാര്യസംവിധാനവും അത് വളരേ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. കയ്യില്‍ മൂലധനമുള്ളവന് അത് എവിടേയും നിക്ഷേപിക്കാനാവും. അയാള്‍ അത് ഇന്ത്യയില്‍ നിക്ഷേപിക്കുമ്പോഴാണ് നമ്മുടെ നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണമുണ്ടാകുക. അത് അവര്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളുടെ ആസ്തിമൂല്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല, അത് സൃഷ്ടിക്കുന്ന സമാന്തര അവസരങ്ങളുടെ മൂല്യങ്ങളുടെ ആകെത്തുകയോളം വലുതാണ്. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് ചില പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവര്‍ നിര്‍മ്മിച്ചെടുത്ത ആസ്തികളുടെ നിലനില്‍പ്പിനെ ബാധിക്കാത്ത തീരുമാനങ്ങളേ ഉണ്ടാകൂ എന്ന് ഉറപ്പിക്കാം

നേരത്തേ പറഞ്ഞതുപോലെ, നമ്മുടെ നാട്ടില്‍ "ക്രെഡിറ്റ് റേറ്റിങ്ങ്", "ബാന്‍ക്രപ്സി പ്രൊട്ടക്ഷന്‍", "ലോണ്‍ ലോസ് പ്രൊവിഷന്‍" എന്നീ സംവിധാനങ്ങളുടെ ഇല്ലായ്മയോ സുതാര്യമില്ലായ്മയോ ആണ് ഇത്തരം വിഷയങ്ങളിലുള്ള പൊതുബോധത്തെ വഷളാക്കുന്നത്. മിക്ക വലിയ ബാങ്കുകളും സര്‍ക്കാര്‍ ബാങ്കുകളാണെന്നതും പ്രശ്നമാണ്. പ്രൈവറ്റ് ബാങ്കകളിലെ മേധാവികള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ളത്ര സ്വാതന്ത്ര്യം 'നടപടിക്രമങ്ങള്‍' മാത്രം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കില്ല. ഉദാഹരണത്തിന് 'ഞാന്‍ അംബാനിയ്ക്ക് ഇരുനൂറു കോടി രൂപ വായ്പ നല്‍കുകയാണ്' എന്നോ 'പതിനഞ്ചുകോടി കിട്ടാക്കടമായി എഴുതിത്തള്ളുന്നു' എന്നോ തീരുമാനിക്കാന്‍ ഒരു സ്വകാര്യ ബാങ്കിന് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ട്. റീട്ടെയില്‍ ലെന്‍ഡിങ്ങിന്റെ അടിസ്ഥാന രീതികളുമായി 'പൊതുജന നന്മയ്ക്കുവേണ്ടി' നിലകൊള്ളുന്ന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഒരു ശക്തമായ സ്വകാര്യ ബാങ്കിങ്ങ് സംവിധാനം ഉണ്ടാകണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.

മല്ല്യയേപ്പറ്റി പറഞ്ഞാണല്ലോ തുടങ്ങിയത്, അതില്‍ത്തന്നെ അവസാനിപ്പിക്കാം. വായിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ മിക്ക കടങ്ങള്‍ക്കും അദ്ദേഹം ഈടായി എന്തെങ്കിലും നല്‍കിയിട്ടുണ്ട്. അതായത് ഒരു 'ലിമിറ്റഡ് ലയബിലിറ്റി" കോര്‍പ്പറേറ്റ് ലോണ്‍ അല്ല മിക്കവയും. ഈടുവച്ച വസ്തുക്കള്‍ ബാങ്കുകള്‍ക്ക് എന്‍കാഷ് ചെയ്യാവുന്നതേയുള്ളൂ. ബാങ്കില്‍നിന്ന് കടം വാങ്ങി തിരിച്ചടയ്ക്കാതെ വിദേശത്തേയ്ക്ക് കടന്നുകളഞ്ഞു എന്ന മട്ടിലുള്ള പ്രചാരണമൊക്കെ ശുദ്ധ ഭോഷ്കാണ്! ബാങ്കിനു വേണ്ട പണമൊക്കെ അവരുടെ കയ്യില്‍ത്തന്നെയുണ്ട്. (അദ്ദേഹം ഏതോ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് എന്‍ഫോഴ്സ്മെന്റ് ഡിറക്റ്ററേറ്റ് ഏതോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും കേട്ടു. അത് ഈ വിഷയവുമായി കൂട്ടി വായിക്കരുത്)

ഏതായാലും മല്ല്യ ഇതില്‍നിന്ന് നല്ലൊരു പാഠം പഠിച്ചിരിക്കും. ഒരിക്കലും ഒരു കോര്‍പ്പറേറ്റ് ലോണിനായി സ്വന്തം ഓഹരികള്‍ (വിശേഷിച്ച് മറ്റു കമ്പനികളിലുള്ള ഓഹരികള്‍) പണയത്തിനുവെയ്ക്കരുത് എന്ന പാഠം. ഒന്നുകൂടി. ഒരിക്കലും താന്‍ സൃഷ്ടിച്ച ഒരു സ്ഥാപനവുമായി ഒരു വൈകാരികബന്ധം ഉണ്ടാകരുത് എന്നതും. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു എന്നും എന്തുവിലകൊടുത്തും അതിനെ നന്നായി നടത്തിക്കൊണ്ടുപോകണമെന്നുമുള്ള വൈകാരികമായ സമീപനമാണ് അദ്ദേഹത്തെ പല അബദ്ധങ്ങളിലും കൊണ്ടെത്തിച്ചത്. അല്ലെങ്കില്‍ ഒരു 'ലിമിറ്റ്ഡ് ലയബിലിറ്റി കോര്‍പ്പറേഷന്‍' എന്ന നിലയ്ക്ക് കിങ്ങ്ഫിഷര്‍ എയര്‍ലൈന്റെ എല്ലാ ബാധ്യതകളും ബാങ്കുകളടക്കമുള്ള ക്രെഡിറ്റേഴ്സിന് ശരിക്കും എഴുതിത്തള്ളേണ്ടി വന്നേനേ.

ഏതായാലും നിക്കറുമിട്ട് കുടവയറും കാട്ടി ഇരുവശത്തുമുള്ള തരുണീമണികളുടെ തോളില്‍ കയ്യുമിട്ട് വിജയ് മല്ല്യ ഇനിയുമേറെക്കാലം ടാബ്ലോയ്ഡ് പത്രങ്ങളുടെ കളര്‍ പേജുകളില്‍ പ്രത്യക്ഷപ്പെടുമെന്നതിന് യാതൊരു സംശയവും വേണ്ട. മല്ല്യ എന്ന വ്യക്തിയോട് അറപ്പുണ്ടെങ്കിലും മല്ല്യ എന്ന ക്യാപിറ്റലിസ്റ്റിനെ അംഗീകരിച്ചേ തീരൂ. കുറഞ്ഞപക്ഷം അദ്ദേഹത്തിനെതിരേയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ (അഥവാ കുറ്റകൃത്യങ്ങള്‍) തെളിയിക്കപ്പെടുന്നതു വരേയെങ്കിലും.

Monday, February 1, 2016

തദ്ദേശ രക്ഷിതാവ്

ഓരോ പ്രായത്തില് വന്നുപെടുന്ന ഒരോ തൊന്തരവുകളേയ്!

ശൈശവം, ബാല്യം, കൌമാരം, യൌവനം, വാര്‍ദ്ധക്യം എന്നിങ്ങനെയുള്ള ജീവിത ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതിന്റേതായ പ്രശ്നങ്ങളുണ്ടാകു സാധാരണമാണെന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ഇതിപ്പൊ വാര്‍ദ്ധക്യം ആയിട്ടില്ലാത്തതുകൊണ്ട് മേല്‍പ്പറഞ്ഞതില്‍ യൌവ്വനം എന്ന കള്ളിയില്‍ത്തന്നെയാണ് ഞാനിപ്പോഴും എന്നാണ് വിശ്വസിക്കുന്നത്. എന്നാലും എന്റെ പ്രായോഗികബുദ്ധി മദ്ധ്യവയസ്സില്‍നിന്ന് മദ്യവയസ്സിലേയ്ക്കു കടന്നിട്ടുണ്ടെന്ന് മനസ്സില്ലാമനസ്സോടെ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്.

അപ്പോള്‍ എന്താണ് പ്രശ്നമെന്നല്ലേ?

ഇക്കഴിഞ്ഞ കാലം വരെ കൌമാരക്കാരായ തരുണീമണികളെ നോക്കി കൊതിയൂറി നടന്നിരുന്നവനാണ് ഈയുള്ളവന്‍ (ഇക്കഴിഞ്ഞ കാലം എന്നുവെച്ചാല്‍ കഴിഞ്ഞയാഴ്ചയോ കഴിഞ്ഞ മാസമോ ഒന്നുമല്ല, ഒരു പതിഞ്ചു വര്‍ഷം മുമ്പ്. ഈ പതിനഞ്ചു വര്‍ഷമെന്നത് അത്രവലിയ കാലമാണോ?). ഇപ്പോഴുണ്ട് ആ പ്രായത്തിലുള്ള പിള്ളേരുടെ കാര്‍ന്നോമ്മാര് എന്നെ വിളിക്കുന്നു, ഇന്നാട്ടില്‍ പഠിക്കാന്‍ വരുന്ന അവരുടെ മക്കളുടെ 'ലോക്കല്‍ ഗാര്‍ഡിയന്‍' ആവാന്‍! ഞാന്‍ എന്നാണാവോ യൌവനയുക്തരുടെ പിതൃസ്ഥാനീയനായത്!

ഇതിനുമുമ്പ് ഇത്തരം മാനസിക പ്രതിസന്ധിയുണ്ടായത് ജോലിസ്ഥലത്ത് വളരേ സീനിയര്‍ ആയ ആളുകള്‍ എന്നെ 'എക്സ്പര്‍ട്ട്' എന്ന് വിളിച്ചുതുടങ്ങിയപ്പോള്‍ ആണ്. എനിക്കു തോന്നുന്നത് ഇത്തരം പദവികള്‍ ഒരു പ്രായമെത്തുമ്പോള്‍ ആളുകള്‍ അങ്ങ് ചാര്‍ത്തിത്തരുന്നതാണ് എന്നാണ്. പിന്നെ ആ പദവിക്കൊത്തു പെരുമാറേണ്ട ബാദ്ധ്യത നമ്മുടേതും.

ഇതു പറഞ്ഞപ്പോള്‍ എനിക്കൊരു കഥ ഓര്‍മ്മവന്നു. എന്റെ കല്യാണാലോചന നടക്കുന്ന കാലം. ഞാന്‍ പെണ്ണുകാണാന്‍ ടൊറോന്റോയില്‍ നിന്ന് വരാന്‍ കഴിയില്ലെന്ന് അറിയിച്ചതുകൊണ്ട് പെണ്ണിന്റെ അച്ഛന്‍ ഇവിടെത്തന്നെയുള്ള ഒരു കാരണവരെ പോയി കാണാന്‍ പറഞ്ഞു. കാരണവര്‍ക്ക് പെണ്ണിന്റെ അച്ഛനുമായി യാതൊരു പരിചയവുമില്ല - ഒരു കോമണ്‍ ഫ്രെന്‍ഡിലൂടെയാണ് അവര്‍ തമ്മില്‍ ആദ്യമായി ബന്ധപ്പെടുന്നത്. അദ്ദേഹം ഒരു റിട്ടയേഡ് പ്രൊഫസര്‍ ആണ്. അദ്ദേഹത്തെ ഇമ്പ്രസ്സു ചെയ്യാനായി അമ്പട്ടന്‍ ക്ഷൌരപ്പെട്ടിയും കൊണ്ടു വരുന്നതു പോലെ കമ്പനിവക ലാപ്ടോപ്പും തോളില്‍ തൂക്കിച്ചെന്നതൊക്കെ വളരേ രസമുള്ള ഓര്‍മ്മയാണ്. അക്കാലത്ത് ലാപ്ടോപ്പ് എന്നാല്‍ ഇന്നത്തെ ഐഫോണിന്റെ പത്തിരട്ടി ഗ്ലാമറാണ്. അമ്പതിരട്ടി തൂക്കവും.

അന്ന് അദ്ദേഹത്തോടു സംസാരിക്കുന്ന കൂട്ടത്തില്‍ ഞാന്‍ ഇതേ സംശയം ചോദിച്ചിരുന്നു - എന്തിനാണ് യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ക്കുവേണ്ടി ഭാവിയില്‍ പഴികേള്‍ക്കാന്‍ സാധ്യതയുള്ള ഇതുപോലൊരു സഹായം ചെയ്യുന്നത് എന്ന്. അദ്ദേഹത്തിന്റെ മറുപടിയും അതുതന്നെയായിരുന്നു - 'ഓരോ പ്രായത്തില്‍ ഓരോന്ന് ചെയ്യേണ്ടിവരും, പലതവണ ചെയ്തു കഴിയുമ്പോള്‍ അതൊരു ശീലമാവും, പിന്നെ മനസ്സുകൊണ്ട് അതൊരു ഉത്തരവാദിത്വമായി അംഗീകരിക്കും'.

ശരിയല്ലേ?

ഏതായാലും ഇതുവരെ തദ്ദേശീയ രക്ഷാകര്‍തൃത്വത്തിനുള്ള അപേക്ഷകള്‍ അധികമൊന്നും വന്നിട്ടില്ല. എന്നാല്‍ എന്റെ പ്രായവും നാട്ടിലെ മദ്ധ്യവയസ്ക്കരുടെ സമ്പാദ്യവും ഏറുന്നതനുസരിച്ച് ഭാവിയില്‍ അത്തരം അപേക്ഷകള്‍ വര്‍ദ്ധിച്ചുകൂടായ്കയില്ല. അവരുടെ അറിവിലേയ്ക്കാണ് ഞാനീ കുറിപ്പ് ഏഴുതുന്നത്. ഇതൊക്കെ ഇമെയില്‍ ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണല്ലോ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുന്നത്.

ഒന്ന്: എന്റെ അടുത്തബന്ധുക്കളോ എന്റെ കുടുംബവുമായി വളരേ അടുത്ത ബന്ധമുള്ളവരോ അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയെ എയര്‍പോര്‍ട്ടില്‍ ചെന്നു സ്വീകരിക്കാനോ അവര്‍ക്ക് താമസ സൌകര്യം ചെയ്തുകൊടുക്കാനോ എനിക്ക് താല്പര്യമില്ല. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ ചെയ്യാന്‍ ഇന്റര്‍നെറ്റില്‍ ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. വളരേ തുച്ഛമായ നിരക്കില്‍ ഇതൊക്കെ അറേഞ്ച് ചെയ്തുകൊടുക്കുന്ന ഏജന്റുമാര്‍ നാട്ടില്‍ത്തന്നെയുണ്ട്. അവരുടെ സേവനം ഉപയോഗപ്പെടുത്തുക.

രണ്ട്:യാതൊരു കാരണവശാലും നിങ്ങളുടെ കുട്ടിയെ എന്റെ വീട്ടില്‍ താമസിച്ചു പഠിക്കാന്‍ അനുവദിക്കുന്നതല്ല. ഒരു പക്ഷേ ഞാന്‍ നിങ്ങളുടെ കുട്ടിയെ എന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും ക്ഷണിച്ചില്ലെന്നു വരാം. എന്റെ വീടിന്റെ സ്വകാര്യത ഞാന്‍ വളരേ സൂക്ഷ്മതയോടെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ്. എനിക്ക് മാലോകരില്‍നിന്ന് ഒളിക്കേണ്ടുന്ന പല കാര്യങ്ങളുമുണ്ട്, അതുകൊണ്ടാണെന്നു കൂട്ടിക്കോളൂ.

മൂന്ന്: ഒറ്റ പണമിടപാടിനും ഞാന്‍ മദ്ധ്യസ്ഥനായിരിക്കില്ല. കുട്ടിയെ വിശ്വാസമില്ലാത്തതുകൊണ്ട് പണമിടപാടുകള്‍ എന്നെ ഏല്പിക്കാമെന്ന് ചിന്തിക്കുകയേ വേണ്ട. നിയമമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനവുമായുള്ള പണമിടപാടുകളുടെ പൂര്‍ണ്ണ ചുമതല വിദ്യാര്‍ത്ഥിയുടേതു മാത്രമാണ്. വേറൊരാള്‍ക്കും വിദ്യാര്‍ത്ഥിയ്ക്കു വേണ്ടി അതു ചെയ്യാന്‍ അവകാശമില്ല. തീരെ ചെറിയ തുകയല്ലാതെ ഞാന്‍ ആര്‍ക്കും പണം കടം കൊടുക്കുകയുമില്ല.

നാല്: വളരേ ശക്തമായ സ്വകാര്യതാനിയമങ്ങളുള്ള രാജ്യമാണ് കാനഡ. വിദ്യാലയത്തില്‍ ചെന്ന് കുട്ടിയുടെ ഹാജര്‍നില പരിശോധിക്കാനോ, ഫീസടച്ചിട്ടുണ്ടോ എന്നു നോക്കാനോ, കുട്ടി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ന്യായമാണോയെന്ന് അന്വേഷിക്കാനോ എനിക്ക് സാധിക്കില്ല- അത്തരം വിവരങ്ങള്‍ അധികൃതര്‍ ആരോടും പറയില്ല. അതൊക്കെ അറിയണമെങ്കില്‍ വിദ്യാര്‍ത്ഥിയുടെ സമ്മതപത്രം എന്റെ തിരിച്ചറിയല്‍ രേഖകള്‍ സഹിതം വിദ്യാലയത്തില്‍ സമര്‍പ്പിക്കേണ്ടി വരും. എനിക്കതില്‍ താല്പര്യമില്ല.

അഞ്ച്: നിങ്ങള്‍ പഠിക്കാന്‍ അയച്ച കാര്യമായിരിക്കണമെന്നില്ല കുട്ടി പഠിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ മകനെ എന്‍ജിനീയറിങ്ങ് പഠിക്കാനാവും പറഞ്ഞയയ്ക്കുക. അവന്‍ പക്ഷേ ഒരു സെമസ്റ്റര്‍ കഴിയുമ്പോള്‍ പേപ്പറൊക്കെ പൊട്ടി, അമേരിക്കന്‍ ഹിസ്റ്ററി പഠിക്കാന്‍ കൂറു മാറും. പുതിയ കോഴ്സിന് എഞ്ചിനീയറിങ്ങിനേക്കാള്‍ ചിലവ് കുറവാണെങ്കില്‍ അധികപ്പടിയുള്ള തുക അധികാരികള്‍ അവന് തിരിച്ചുകൊടുക്കും. ആ പണമെടുത്ത് അവന്‍ ജീവിതം ആഘോഷിക്കും. ഇതൊക്കെ അന്വേഷിക്കാനോ തടയാനോ എനിക്കാവില്ല. വിദ്യാലയ അധികൃതര്‍ ഇക്കാര്യത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ അംഗീകരിക്കുകയില്ല - അവരുടെ ബന്ധം വിദ്യാര്‍ത്ഥിയുമായി മാത്രം ആണ്. കുട്ടിയെ നല്ല വിശ്വാസമുണ്ടെങ്കില്‍ മാത്രം അവനെ വിദേശത്തേയ്ക്കയക്കുക.

ആറ്: നിങ്ങളുടെ അരുമയുടെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ചുമതല എനിക്കേറ്റെടുക്കാനാവില്ല. ആണും പെണ്ണും വളരേ അടുത്തിഴപഴകി ജീവിക്കുന്ന രീതിയാണ് ഇവിടുത്തേത്. ഒരാള്‍ക്ക് മറ്റൊരാളുമായി ഏതുതരത്തിലുള്ള ശാരീരിക ബന്ധമാണ് വേണ്ടത് എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. അതിനുള്ള അവരുടെ അവകാശത്തെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിപ്പൊ സ്വവര്‍ഗ്ഗ ബന്ധമായാലും ശരി ഇതരവര്‍ഗ്ഗ ബന്ധമായാലും ശരി.

ഏഴ്:നിങ്ങളുടെ കുഞ്ഞിന് യാതൊരുവിധ കേസുകെട്ടിലും എന്റെ സഹായം ഉണ്ടായിരിക്കില്ല. നിയമസംവിധാനത്തിന്റെ ശ്രദ്ധയില്‍ പെടാന്‍ സാധ്യതയുള്ള യാതൊരിടപാടിലും ചെന്നുപെടാതിരിക്കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം കുട്ടിയുടേതു മാത്രമാണ്. കേസില്‍ പെട്ടാല്‍ ഇവിടുത്തെ തദ്ദേശീയര്‍ക്കുള്ള നിയമ സഹായം വിദേശിയായ കുട്ടിയ്ക്ക് ലഭിക്കില്ലെന്ന് എപ്പോഴും ഓര്‍മ്മവെയ്ക്കുക. ജാമ്യമെടുക്കുക, വക്കീലിനെ ഏര്‍പ്പാടാക്കുക, പോലീസിനോടു സംസാരിക്കുക എന്നിങ്ങനെയുള്ള യാതൊരേര്‍പ്പാടിനും എന്നെ കിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഉടനേ നാടുകടത്തുന്ന രീതിയാണിവിടെ എന്നും, അത്തരക്കാരെ നോ-ഫ്ലൈ-ലിസ്റ്റില്‍ പെടുത്താനിടയുണ്ട് എന്നും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

എട്ട്:മിക്ക കാമ്പസുകളിലും പല തരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപഭോഗം വ്യാപകമാണ്. മദ്യം സുലഭവും വിലകുറഞ്ഞതുമാണ്. കഞ്ചാവ് ഏതാണ്ട് നിയമവിധേയമായ മട്ടാണ്. സിഗററ്റിന് വില കൂടുതലാണെങ്കിലും പരക്കേ ലഭ്യമാണ്. മയക്കുമരുന്നുകളുടെ കാര്യം ഞാനിവിടെ വിശദീകരിക്കുന്നില്ല. നിങ്ങളുടെ കുട്ടി ലഹരിക്കടിമപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എനിക്കാവില്ല. കുട്ടിയുടെ അനുവാദമില്ലാതെ അവര്‍ താമസിക്കുന്നിടത്ത് ചെല്ലാനോ മറ്റുള്ളവരോട് കുട്ടിയേപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിക്കാനോ നിയമപരമായ അധികാരം എനിക്കില്ലെന്നുമാത്രമല്ല, ചിലപ്പോള്‍ അത് കുറ്റകരവുമാണ് (stalking എന്നു പറയും).

ഒമ്പത്:മതപരമായ നിഷ്ഠകളൊന്നും പാലിക്കാത്തയാളാണ് ഞാന്‍. അതുകൊണ്ടു തന്നെ നിങ്ങളുടെ കുട്ടിയുടെ മതപരമായ കാര്യങ്ങളില്‍ യാതൊരു വിധ ഇടപെടലോ പിന്തുണയോ സഹകരണമോ എന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കേണ്ട. വീട്ടില്‍ ചില ആഘോഷങ്ങളൊക്കെ പതിവുണ്ടെങ്കിലും അതൊക്കെ സ്വകാര്യമായി ചെയ്യുന്നതാണ് എന്റെ രീതി. നിങ്ങളുടെ കുട്ടിയെ അതിനൊന്നും ക്ഷണിച്ചില്ലെന്നു വരാം.

പത്ത്:നിങ്ങളും കുട്ടിയുമായുള്ള സംഭാഷണത്തിന് ഞാന്‍ ഒരിക്കലും മദ്ധ്യസ്ഥനാവില്ല.വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, ഒന്നും സംസാരിക്കുന്നില്ല, ചോദ്യങ്ങള്‍ക്ക് മര്യാദയ്ക്ക് മറുപടി പറയുന്നില്ല എന്നീവക പ്രശ്നങ്ങളൊക്കെ നിങ്ങള്‍ തമ്മില്‍ തന്നെ തീര്‍ക്കേണ്ടിവരും.

പതിനൊന്ന്: ഒണ്ടേറിയോയിലെ ആശുപത്രികളെല്ലാം വളരേ പ്രഫഷനല്‍ ആയി രോഗികളെ ശുശ്രൂഷിക്കുന്നവയാണ്. രോഗികള്‍ക്ക് കാവല്‍ നില്‍ക്കാന്‍ അവര്‍ അനുവദിക്കില്ല. സന്ദര്‍ശനസമയം ക്ഌപ്തപ്പെടുത്തിയിട്ടുണ്ട്. ഏറ്റവു‌ം പ്രധാനപ്പെട്ട കാര്യം - സ്വബോധമുള്ളിടത്തോളം, രോഗിയുടെ ചികില്‍സയേപ്പറ്റിയുള്ള തീരുമാനങ്ങള്‍ രോഗി തന്നെയാണ് എടുക്കേണ്ടത്. പുറത്തുനിന്നുള്ള ഒരാളുമായി അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക പോലുമില്ല. അതുകൊണ്ട്, കുട്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റായി എന്നു കരുതി ഒട്ടും വേവലാതിപ്പെടാനില്ല, പുറത്തുനിന്ന് ആര്‍ക്കും ഒന്നും ചെയ്യാനുമില്ല. എന്റെ സൌകര്യമനുസരിച്ച്, അനുവദിച്ചിട്ടുള്ള സന്ദര്‍ശനസമയത്ത് ഇടയ്ക്ക് പോയി വരാം എന്നതിനപ്പുറം മറ്റൊന്നും അത്തരമൊരു സാഹചര്യത്തില്‍ എനിക്കു ചെയ്യാനാവില്ല.

പന്ത്രണ്ട്: ടൊറോന്റോ നഗരത്തിന്റെ അമ്പതു കില്‍മീറ്റര്‍ ചുറ്റളവിനു പുറത്താണ് കുട്ടിയുടെ വിദ്യാലയമെങ്കില്‍ എന്നെ അറിയിക്കാതിരിക്കുകയാവും ഭേദം. എന്നേക്കൊണ്ട് ഒരുപകാരവും കുട്ടിയ്ക്കുണ്ടാകാന്‍ പോകുന്നില്ല.

പിന്നെന്താണ് ചെയ്യാന്‍ പറ്റുക?

തുടക്കത്തില്‍ വാഹന സൌകര്യമില്ലാത്ത സാഹചര്യത്തില്‍ ഏന്തെങ്കിലും ഭാരമുള്ള സാധനം കടയില്‍ നിന്നു വാങ്ങിയാല്‍ വീട്ടിലെത്തിച്ചുതരാം. ഏന്തെങ്കിലും സംശയമുണ്ടെങ്കില്‍ പറഞ്ഞുകൊടുക്കാം. ആശുപത്രിയില്‍ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായാല്‍ എന്നാലാവുന്ന സഹായങ്ങള്‍ ചെയ്യാം. എന്നോടു സംസാരിക്കുന്നതുകൊണ്ട് തീരുന്ന ഏതെങ്കിലും പ്രശ്നം കുട്ടിയ്ക്കുണ്ടെങ്കില്‍ അതിനായി തുറന്ന മനസ്സോടെ സഹകരിക്കാം.

സത്യത്തില്‍ അതിന്റെയൊന്നും ആവശ്യം വരില്ല. ആഴ്ചകള്‍ക്കകം അതിനുവേണ്ട സുഹൃദ്‌വലയം അവര്‍ തന്നെ രൂപപ്പെടുത്തിയെടുത്തോളും.

എങ്കില്‍പ്പിന്നെ എതിനാണീ തദ്ദേശ രക്ഷിതാവ്?

സത്യം പറഞ്ഞാല്‍, അങ്ങനെയൊരാളുടെ ആവശ്യമേയില്ല!

എന്നാപ്പിന്നെ ഞാനങ്ങോട്ട്.... ഇറങ്ങുവാണേ.....

Saturday, January 2, 2016

വോട്ട്-ബാങ്ക് രാഷ്ട്രീയം

ജനാധിപത്യമെന്നത് വ്യക്തിഗത വോട്ടുകളുടെയല്ല "വോട്ടുകൂട്ടങ്ങളുടെ" കളിയാണ്.

പലതരം‌ വോട്ടുകൂട്ടങ്ങളുണ്ട്. പതിവായി ഒരേനിലപാടിനനുസരിച്ചുമാത്രം വോട്ട് ചെയ്യുന്ന "വോട്ട് ബാങ്ക്" എന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍, "നിഷ്പക്ഷര്‍", വോട്ടുചെയ്യാത്തവര്‍, കക്ഷികളെ ഫൈനാന്‍സ് ചെയ്യുന്നവര്‍ എന്നിങ്ങനെ ഒരു ഇലക്റ്ററേറ്റിനെ തരം തിരിക്കാം.

ഇതില്‍ വോട്ടുബാങ്കില്‍പ്പെട്ടവരില്‍ ഒരു ചെറിയശതമാനം ആളുകള്‍ മാത്രമേ സജീവരാഷ്ട്രീയത്തില്‍ നേരിട്ടിടപെടുന്നുള്ളൂ. മറ്റുള്ളവര്‍ തങ്ങളുടെ വോട്ട് ബാങ്കിന്റെ പൊതുചിന്തയോട് അന്ധമായി ചേര്‍ന്നുപോകുന്നവരാണ്.

നിഷ്പക്ഷരില്‍ മിക്കവരും രാഷ്ട്രീയപ്രബുദ്ധതയില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് എടുത്ത് മുന്നിലിട്ടുകൊടുത്താല്‍ അതിനെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാന്‍ കഴിയുന്ന എത്രപേരുണ്ടാകും? ഒരു ഭരണകൂടത്തിന്റെ ഏറ്റവും വലിയ ആഭ്യന്തര പോളിസി സ്റ്റേറ്റ്മെന്റാണ് ബജറ്റ്! അതുപോലുള്ള വളരേയധികം കാതലായ വിഷയങ്ങളും അവയുടെ ആകെത്തുകയുമാണ് യുക്തിപൂര്‍വ്വം വോട്ട് ചെയ്യുന്ന നിഷ്പക്ഷന്‍ പഠിക്കേണ്ടത്. അതിനൊന്നും ഒരാളും മിനക്കെടുന്നില്ലെന്നതാണ് വാസ്തവം.

നിഷ്പക്ഷരില്‍ മിക്കവരും വോട്ട് ചെയ്യുന്നത് വോട്ടിങ്ങിന്റെ അന്ന് അവരുടെ തലയില്‍ "കത്തിനില്ക്കുന്ന പ്രശ്നം" ഏതോ അതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയക്കാര്‍ പല പ്രശ്നങ്ങളും കത്തിച്ച് ജനത്തിനുമുമ്പില്‍ എറിഞ്ഞുകൊടുക്കുന്നത്.

തുടര്‍ച്ചയായി ഇങ്ങനെ പ്രശ്നങ്ങള്‍ കത്തിച്ചിട്ടാല്‍ കുറച്ചുപേര്‍ വോട്ടുബാങ്കുകളില്‍ ചെന്നെത്തും, ചിലര്‍ "നോട്ട" ചമഞ്ഞ് വോട്ടുചെയ്യാത്തവരായിത്തീരും.


ഇനി രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യം നോക്കൂ. സ്വന്തം വരുതിയ്ക്ക് പുറത്തുള്ള വോട്ട് ബാങ്കുകളേക്കുറിച്ച് അവര്‍ ബേജാറാവില്ല. അതുപോലെത്തന്നെ വോട്ടുചെയ്യാത്തവരേക്കുറിച്ചും അവര്‍ക്ക് ചിന്തിക്കേണ്ട.

ആയതിനാല്‍ കഴിയുന്നത്ര നിഷ്പക്ഷരെ വോട്ടുബാങ്കിലേയ്ക്കോ വോട്ടുചെയ്യാത്തകൂട്ടത്തിലേയ്ക്കോ തള്ളിനീക്കുക എന്നതായിരിക്കും തിരഞ്ഞെടുപ്പുഗണിതത്തിന്റെ (electoral arithmetic) രാഷ്ട്രീയതന്ത്രം. വോട്ട് ബാങ്കിന്റെ ബലം ഏറുന്തോറും ഫൈനാന്‍സ് ചെയ്യുന്നവരുടെ പിന്തുണയും ഏറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയേ അപേക്ഷിച്ച് റിപബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് കോര്‍പ്പറേറ്റ് പിന്തുണ വളരേയധികമാണ്. അതിനു കാരണം വളരേ വലിയ 'ഉറച്ച വോട്ടിങ്ങ് ബ്ലോക്ക്' ഉള്ള കക്ഷിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി എന്നതാണ്.

പ്രതിജ്ഞാബദ്ധരായ അനുയായികളുടേയും പണത്തിന്റേയും പിന്തുണയാണ് പ്രചരണത്തിന്റെ സ്വാധീനം നിര്‍ണ്ണയിക്കുന്നത്. പ്രചരണത്തിന്റെ പ്രഭാവമാണ് തിരഞ്ഞെടുപ്പുവിജയത്തിനും അധികാരപ്രാപ്തിക്കും വഴിതെളിക്കുന്നത്.

ദരിദ്രര്‍, സ്ത്രീകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, പരിസ്ഥിതിവാദികള്‍ തുടങ്ങിയവര്‍ക്ക് പ്രായോഗികരാഷ്ട്രീയത്തില്‍ സ്വാധീനമില്ലാതെപോകുന്നത് ഈ സ്ഥിതിവിശേഷം കാരണമാണ്.

ഇതിനുള്ള പ്രതിവിധി, ജനങ്ങള്‍ കൂടുതലായി സജീവരാഷ്ട്രീയത്തില്‍ അണിചേരുകയും തങ്ങളുടെ കക്ഷിയ്ക്കുള്ളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി ശക്തിയായി വാദിക്കുകയും ചെയ്യുക എന്നതാണ്. അപ്പോള്‍ ബൂത്തുതലം മുതല്‍ ദേശീയനേതാവുവരെയുള്ളവര്‍ പൊതു ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കും. സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ അതത് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാലറ്റിലൂടെ തിരഞ്ഞെടുത്തവരായിരിക്കും (നേതാക്കള്‍ തീരുമാനിച്ചവരല്ല). നയരൂപീകരണത്തില്‍ അവര്‍ക്ക് വോയ്സ് ഉണ്ടാകും. പണമിറക്കുന്നവരും അവര്‍ പിന്തുണയ്ക്കുന്ന നേതാക്കളും മാത്രം രാഷ്ട്രീയഭാവി തീരുമാനിക്കുന്ന സ്ഥിതിവിശേഷത്തിന് പരിഹാരമാകും.

സ്വയം മിനക്കെട്ട് കിളച്ച്, നനച്ച്, നട്ട്, വളം വെച്ച്, സംരക്ഷിച്ച് വളര്‍ത്തി വലുതാക്കിയതില്‍നിന്നേ ഫലം പ്രതീക്ഷിക്കാവൂ. മേലനങ്ങാതെ വീട്ടിലിരുന്ന് 'എന്റെ വോട്ടുവേണ്ടോര് ഞാന്‍ ആവശ്യപ്പെടുന്നത് കൊണ്ടത്തരും' എന്നാണ് വിചാരമെങ്കില്‍ നിരാശയാവും ഫലം.

ഇതെല്ലാം എഴുതാന്‍ കാരണം, ഇന്ത്യയില്‍ -വിശേഷിച്ചും കേരളത്തില്‍- ബിജെപിയും അവര്‍ മുന്നോട്ടുവെയ്ക്കുന്ന ഏകശിലാത്മക ആശയസംഹിതയും നേടിയ അമ്പരപ്പിക്കുന്ന വളര്‍ച്ചയും അത് പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്ന ആശങ്കകളുമാണ്.

ബിജെപിയും അവരുടെ പരിവാരങ്ങളും കുറച്ചുകാലത്തേയ്ക്കെങ്കിലും കേരളത്തില്‍ സ്വാധീനമുള്ള ഒരു വോട്ടിങ്ങ് ബ്ലോക്ക് നിലനിര്‍ത്തുമെന്ന തിരിച്ചറിവില്‍ത്തന്നെ വേണം മുന്നോട്ടുപോകാന്‍ എന്നു തോന്നുന്നു. അതിനുമാറ്റമുണ്ടാവണമെങ്കില്‍ അഖിലേന്ത്യാതലത്തില്‍ ബിജെപിയ്ക്ക് തിരിച്ചടികളുണ്ടാവണം. ഇന്നത്തെ സ്ഥിതിയില്‍ -അതായത് കേന്ദ്രത്തില്‍ കാലാവധി തീരുംവരെ ഭരണത്തില്‍ ഉറച്ചുനില്‍ക്കാനാകുമെന്ന നിലയില്‍- അവരുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ബാങ്ക്‍റോള്‍ ചെയ്യാനും ആള്‍ബലം സ്വരൂപിക്കാനും അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നുതന്നെയല്ല, മതേതരത്വം, മനുഷ്യാവകാശം, അവസരസമത്വം എന്നിങ്ങനെ തേഞ്ഞുപഴകിയ ആശയപ്രഭാഷണങ്ങളേക്കാള്‍, ആവേശം കൊള്ളിക്കുന്ന ഒറ്റവരി മുദ്രാവാക്യങ്ങള്‍ക്കാണ് ജനങ്ങള്‍ക്കിടയില്‍ ഡിമാന്റ് (ഇത് പുതിയ അറിവൊന്നുമല്ല, ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ക്കേ വഴക്കമായുള്ളതാണ്). ഇന്നത്തെ കാലാവസ്ഥയില്‍ അത്തരം തട്ടുപൊളിപ്പന്‍ മുദ്രാവാക്യങ്ങള്‍ കൂടുതലും ബിജെപിയാണ് വിജയകരമായി മാര്‍ക്കെറ്റ് ചെയ്യുന്നത്.

കേരളത്തില്‍ എത്രമാത്രം ഗ്രാസ്സ്‌റൂട്ട് സപ്പോര്‍ട്ട് അവര്‍ക്ക് സ്വരൂപിക്കാനായിട്ടുണ്ട് എന്ന് കഴിഞ്ഞ പഞ്ചായത്ത്/മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടു. അത് സംസ്ഥാന നിയോജകമണ്ഡല തലത്തില്‍ ഏറെ സീറ്റുകളായി പരിണമിക്കാനിടയില്ലെങ്കിലും, കേരളത്തില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ചിന്തയ്ക്ക് ഏറെക്കാലം നിലനില്‍ക്കാനുതകും വിധം വേരോട്ടമുണ്ടായിട്ടുണ്ട് എന്ന് അംഗീകരിക്കേണ്ടിവരും.

ഒരു ത്രീ-വേ മല്‍സരമുള്ള നിയോജകമണ്ഡലത്തില്‍ അവര്‍ക്ക് ജയിക്കാന്‍ മൊത്തം ഇലക്റ്ററേറ്റിന്റെ 26 ശതമാനത്തോളം വോട്ട് മതി. 'ഇടതും വലതും മാറിമാറി' വോട്ട് ചെയ്യുന്ന നിഷ്പക്ഷരെ അതുകൊണ്ട് ഗൗനിക്കണം.

അപ്പൊ പറഞ്ഞുവരുന്നത്, ബിജെപിയെ പ്രതിരോധിക്കണമെങ്കില്‍ കുറച്ചുകാലത്തേയ്ക്കെങ്കിലും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും യോജിച്ചുപ്രവര്‍ത്തിക്കേണ്ടിവരും എന്നാണ്. വിശേഷിച്ച് അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു സ്ഥിതി വരികയാണെങ്കില്‍.

ദീര്‍ഘകാലാടിസ്ഥാനത്തിലാണെങ്കില്‍, ബിജെപിയ്ക്ക് ശക്തമായ ഒരു ദേശീയ ബദലുണ്ടായാലേ കേരളത്തില്‍ അവരുടെ ശക്തി കുറയൂ. അതിന് പത്തിരുപത് പാര്‍ട്ടികളെ തുന്നിക്കെട്ടി 'മുന്നണി' ഉണ്ടാക്കിയിട്ടൊന്നും കാര്യമില്ല. അത്തരം സര്‍ക്കസ്സുകളെ ജനങ്ങള്‍ ഇനി വിശ്വസിക്കാനിടയില്ല.

അക്കാര്യത്തില്‍ ബിജെപിയ്ക്ക് ബദലാകാവുന്നത് കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ്സിനു മാത്രമാണ് ഇന്ത്യയാകമാനം നോക്കിയാല്‍ ബിജെപിയോട് കിടപിടിയ്ക്കുന്ന brand recognition ഇപ്പോള്‍ ഉള്ളത്. മറ്റൊന്നിനെ വളര്‍ത്തിയെടുക്കാനുള്ള സമയമോ സാഹചര്യമോ നിലവിലില്ല.

കോണ്‍ഗ്രസ്സിനെ അത്യന്തം വെറുക്കുന്നവരുണ്ടെന്നറിയാം. അവര്‍ കോണ്‍ഗ്രസ്സിനെ വെറുത്ത് ഒഴിവാക്കുകയല്ല, നന്നാക്കിയെടുക്കുകയാണ് വേണ്ടത്. അതിനെ ആകെ ഉടച്ച് ഉരുക്കി കരടുകളഞ്ഞ് വാര്‍ത്തെടുക്കണമെങ്കില്‍ അങ്ങനെ. അതുനടക്കണമെങ്കില്‍ വളരേയധികം ആളുകള്‍ വളരേയധികം വിട്ടുവീഴ്ചകള്‍ ചെയ്ത് വളരേയധികം അധ്വാനിക്കേണ്ടിവരും. ചിലരെ ഒതുക്കണം, ചിലരെ ഒഴിവാക്കണം, ചിലരെ സഹിക്കണം, ചിലരെ ഉയര്‍ത്തണം. പക്ഷേ പാര്‍ട്ടി നന്നാകണം, നന്നാക്കിയെടുക്കണം. അതും അധികം വൈകാതെ.

അതല്ലാതെ സോഷ്യല്‍ മീഡിയയില്‍ ജ്വാലായുദ്ധം (flame war) ചെയ്തതുകൊണ്ടോ, അവാര്‍ഡ് തിരിച്ചുകൊടുത്തതുകൊണ്ടോ, കല്യാണത്തിന് ക്ഷണിക്കാത്തതുകൊണ്ടോ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.

(Disclaimer: ഞാന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചയാളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ കൗതുകത്തോടെ നിരീക്ഷിക്കുന്ന പതിവുണ്ടെന്നേയുള്ളൂ. വ്യക്തിപരമായി എനിക്ക് യാതൊരു രാഷ്ട്രീയതാല്പര്യങ്ങളും ഇല്ല. ഇന്ത്യന്‍ ഇലക്റ്ററേറ്റ് എടുക്കുന്ന തീരുമാനങ്ങള്‍ എന്തായാലും അത് ബഹുമാനത്തോടെ ഉള്‍ക്കൊള്ളുന്നതാണ് എന്റെ രീതി).