എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, September 11, 2010

വാലറ്റക്കാരന്റെ പരിസ്ഥിതി ചിന്തകള്‍

ഒരല്പം പഴയ കഥയാണ് . എന്റെ വീടിന്റെ പിന്നിലെ പുല്‍ത്തകിടി ആകെ കള കയറി കിടക്കുന്നു (അത്  താറുമാറായ കഥ ഇനിയൊരിക്കലേക്ക്  മാറ്റിവെക്കാം). അത്  മൊത്തം ഇളക്കിക്കളഞ്ഞു പുതിയ പുല്‍ത്തകിടി വെച്ച് പിടിപ്പിക്കണം.  സ്വതേ ഞാന്‍ കൈപ്പണി ചെയ്യാത്ത കൂട്ടത്തിലാണ്. നിവൃത്തിയില്ലാതതുകൊണ്ട്  ഒരു ചെറിയ tiller വാങ്ങി പണി തുടങ്ങി.

എല്ലാ ആഴ്ചയും വീട്ടില്‍ വിളിക്കുന്ന പതിവുണ്ട്. എന്റെ അച്ഛന്‍ പഴയ കൃഷി ഉദ്യോഗസ്ഥന്‍ ആണ്. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് അച്ഛന്‍ വലിയ ഗൌരവക്കാരനായിരുന്നു. വയസ്സായത്തില്‍പ്പിന്നെ അദ്ദേഹം വളരെ അയഞ്ഞു. എനിക്കിത്തിരി കുറുമ്പ്  കൂടിയെന്നും കൂട്ടിക്കോളൂ, ഈയിടെ തീരെ ബഹുമാനമില്ലതെയാണ് സംസാരം. ഞാന്‍ അച്ഛനെ വിളിച്ചു പറഞ്ഞു :"കൃഷി ഉദ്യോഗസ്ഥന്‍ അവിടെ വെറുതെ ഇരിക്കുന്ന നേരത്ത്  ഇവിടെ വന്ന്‌  ഈ പുല്ലൊക്കെ പിടിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ഒന്ന്  പറഞ്ഞു തന്നുകൂടെ?". 

അതിനു അച്ഛന്‍ പറഞ്ഞ മറുപടി ഇതാണ്: "ഓ, ഞാന്‍ പറഞ്ഞു കൊടുത്തിരുന്നതെല്ലാം  തെറ്റായിരുന്നെന്നാണ്  ഇപ്പൊ എല്ലാരും പറയണേ. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ". അതു പറഞ്ഞപ്പോള്‍ അച്ഛന് ഒരു വേദനയോ നിരാശയോ ഉണ്ടെന്നു തോന്നി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേട്ടവും അഭിമാനവുമായിരുന്നു അദ്ദേഹത്തിന്റെ സര്‍വീസ് ലൈഫ് (സായിപ്പിന് വേണ്ടി എന്നെപ്പോലെ  നല്ലൊരു ഗുമസ്തനെ സൃഷ്ടിച്ചതല്ലാ നേട്ടം എന്ന് വിവക്ഷ).ജീവിതത്തില്‍ വേണ്ടപ്പെട്ട എന്തോ നഷ്ടപ്പെട്ടതിന്റെ ഒരു വിഷമം അതില്‍ ഉണ്ടായിരുന്നിരിക്കണം. പണ്ട് രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്യാന്‍ പഠിപ്പിച്ചവര്‍ തന്നെയാണല്ലോ ഇന്നത്തെ പരിസ്ഥിതി വീരന്മാരുടെ കണ്ണില്‍ വില്ലന്മാര്‍!

ഇതെഴുതുമ്പോള്‍ മെക്സികന്‍ ഉള്‍ക്കടലിലെ എണ്ണച്ചോര്‍ച്ച ഏതാണ്ട്  എട്ടു കോടിയോളം മീറ്റര്‍ ക്യുബിനടുത്ത്‌ ആയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക അത്യാഹിതം എന്നു പറയാവുന്ന ഈ സംഭവത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇതിനിടെ പല ഉപന്യാസങ്ങളും പലരും എഴുതിയിട്ടുണ്ട്. എന്റെ വിഷയം അതല്ല. ഈ സംഭവത്തിന്‌ അടിസ്ഥാനമായ നമ്മുടെ നിര്‍മാണ-ഉപഭോഗ കമ്പോള വ്യവസ്ഥ നമുക്ക്  എത്ര കാലം കൊണ്ടുനടക്കാന്‍ കഴിയും എന്നതാണ്.("എത്ര കാലം നീ ഇങ്ങനെ ഷൈന്‍ ചെയ്യും?" "എത്ര കാലം ഷൈന്‍ ചെയ്യണം?" "എത്ര കാലം ചെയ്യാം?" "എത്ര കാലം വേണോങ്കിലും ചെയ്യാം" - എന്ന യോദ്ധാ സിനിമയിലെ സംഭാഷണ ശകലം ഓര്‍മ്മ വരുന്നു.)

ഞാന്‍ ജനിച്ചത്‌ ഗ്രാമത്തിലാണ്. രാവിലെ പല്ല് തേച്ചിരുന്നത് ഉമിക്കരി കൊണ്ട്. വെള്ളം കോരി കിണറ്റുവക്കത്തു നിന്നാണ് കുളിച്ചിരുന്നത്. ഓല, ചിരട്ട, മച്ചിങ്ങ, പ്ലാവില, വെള്ളാരംകല്ല്‌, എണ്ണപ്പാട്ട തുടങ്ങിയ ജൈവ-വിഘടനക്ഷമമായ (bio-degradable എന്ന പ്രയോഗത്തിന് ഞാന്‍ കണ്ടു പിടിച്ച പരിഭാഷയാണ് , ഞെട്ടരുത് ) വസ്തുക്കളായിരുന്നു കളിപ്പാട്ടങ്ങള്‍. വീട്ടിലെ ഒരേയൊരു വാഹനം സൈക്കിള്‍ - അതിന്മേലാണ്  ആറുപേരടങ്ങുന്ന കുടുംബത്തിനു വേണ്ട എല്ലാ സാധനങ്ങളും ഒന്നര മൈല്‍ ദൂരെയുള്ള ചന്തയില്‍ നിന്ന്  അച്ഛന്‍ കൊണ്ടുവന്നിരുന്നത്. വീട്ടില്‍ രണ്ടേ രണ്ടു ബള്‍ബ്‌  മാത്രമേ മിക്കവാറും കത്തിക്കാറുള്ളൂ - അടുക്കളയിലെയും ഉമ്മറത്തെയും. മൂന്ന് ജോഡി യുനിഫോറം, മൂന്നു ജോഡി സോക്സ്‌, ഒരു കറുത്ത ഷൂ, ഒരു വെളുത്ത കാന്‍വാസ് ഷൂ, പിന്നെ ഒരു ജോഡി ചെരുപ്പും രണ്ടു ഷര്‍ട്ടും പാന്റും - ഇത്രയുമാണ് വേഷഭൂഷാദികള്‍. ഞങ്ങള്‍ക്ക് ഭയങ്കര കഷ്ടപ്പാടായിരുന്നെന്നൊന്നുമല്ല പറഞ്ഞത്. അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. വസ്ത്രത്തിനും ചെരുപ്പിനും നല്ല വിലയുള്ള കാലമാണ് അന്ന്- ഒരു ഷര്‍ട്ടിനു തുണിയെടുത്ത് തൈപ്പിച്ചു വരുമ്പോളേക്കും രൂപ നൂറാകും.

ഇതിനു പ്രകടമായ ഒരു മാറ്റം വന്നത് വീട്ടില്‍ പമ്പ്‌  വന്നതില്‍പ്പിന്നെയാണ്. വെള്ളം എന്ന സാധനം യഥേഷ്ടം ഉപയോഗിക്കാം എന്ന നില വന്നതോടുകൂടി വീട്ടുകാരൊക്കെയങ്ങ് മാറി. വിസ്തരിച്ചുള്ള കുളി, എല്ലാ ദിവസവും തുണി മാറി കഴുകല്‍, വെള്ളം ഉപയോഗിച്ച് പുരയ്ക്കകം കഴുകി തുടയ്ക്കല്‍, തൊടിയിലുള്ള പല തരം കുറ്റിച്ചെടികള്‍ നനയ്ക്കല്‍ തുടങ്ങി വെള്ളത്തിന്റെ ഒഴുക്കങ്ങു പെരുത്തു. വെള്ളം കോരണ്ട എന്ന അവസ്ഥ വന്നതോടുകൂടി ഉപഭോഗത്തിലെ വിവേചനസ്വഭാവം തീരെ ഇല്ലാതായി.

മണ്ണില്‍ ഒരു കുഴിയും കുത്തി ഒരു പൈപ്പ് ഇട്ട്‌ മോട്ടോര്‍ പിടിപ്പിച്ച് അങ്ങ് ഓട്ടിച്ചാല്‍ കിട്ടുന്ന സാധനമായി വെള്ളം. ഈ പറഞ്ഞ പാറ എണ്ണയും (petra -oleum എന്നതിന്റെ പരിഭാഷ) അതുപോലെ തന്നെ. പാറ-എണ്ണ, വാറ്റുകേന്ദ്രത്തില്‍ കൊണ്ടുചെന്ന് ഒന്ന് സംസ്കരിക്കണം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ (വാറ്റ് എന്നു പറഞ്ഞത് മന:പൂര്‍വമാണ് - fractional distillation എന്നാണ് ആ പ്രക്രിയയുടെ പേര് ). എളുപ്പത്തില്‍ ചുരുങ്ങിയ വിലയ്ക്ക്  കിട്ടുന്ന ഈ എണ്ണയില്‍ ഇന്ന് ലോകം മൊത്തം ആസക്തരാണ്. ഇന്ന് നമ്മുടെ നിത്യോപയോഗ സാധനങ്ങളില്‍ എല്ലാം തന്നെ ഈ പാറ-എണ്ണയുടെ സാന്നിധ്യം ഉണ്ട്. ഭക്ഷ്യോദ്പാദനത്തില്‍ ഉപയോഗിച്ച രാസവളവും കീടനാശിനിയും മുതല്‍ മരക്കസേരയിലെ വാര്‍ണീഷ് വരെ ഈ എണ്ണയുടെ ഉപോല്‍പ്പന്നങ്ങള്‍ ആണ്. ലോകത്തിനു വിലകുറഞ്ഞ ഉപഭോഗ വസ്തുക്കള്‍ ഇനിയും യഥേഷ്ടം വേണമെങ്ങില്‍ ഈ എണ്ണ കൂടിയേ തീരൂ. അതുകൊണ്ട് ആവശ്യക്കാരുള്ളിടത്തോളം കാലം എണ്ണ കിട്ടുന്നെടത്തൊക്കെ നമ്മള്‍ കുഴിക്കും - അത് മരുഭൂമിയിലായാലും,കടലിലായാലും, മഞ്ഞുമലയിലായാലും, "അവതാര്‍" സിനിമയില്‍ പറഞ്ഞത് പോലെ മറ്റൊരു ഗ്രഹത്തില്‍ ആണെങ്കിലും.
 
എണ്ണയുടെ ഉപഭോഗം കുറയ്ക്കുക എന്ന ഒറ്റ വഴിയേ നമ്മുടെ മുന്നിലുള്ളൂ എന്നാണു കളിയിലെ കേമന്മാര്‍ വാലറ്റക്കാരോടു പറയുന്നത്. അത് ചാലക്കുടിക്കാരോട്‌ കള്ളുകുടി കുറയ്ക്കണം എന്നു പറയുന്നത് പോലെയാണ്. അതു നടക്കണമെങ്കില്‍ ഒന്നുകില്‍ ഉപഭോക്താക്കള്‍ കുറയണം. അല്ലെങ്കില്‍ അതിന്റെ ഉപയോഗം കുറയണം. ഇതില്‍ ആദ്യം പറഞ്ഞത് നടപ്പുള്ള കാര്യമല്ല (ചാലക്കുടിക്കാരായാലും മാലോകരായാലും). ഉപയോഗം കുറയ്ക്കുവാന്‍ രണ്ടു വഴിയുണ്ട് . ഒന്നുകില്‍ നാമെല്ലാം നമുക്കിപ്പോള്‍ ഉള്ളതില്‍ ചിലത് ഭാവിയില്‍ വേണ്ടെന്നുവെയ്ക്കുക, അല്ലെങ്ങില്‍ എണ്ണയേക്കാള്‍ (ചില കാര്യങ്ങളിലെങ്ങിലും) കാര്യക്ഷമമായ മറ്റൊരു സംവിധാനം കണ്ടു പിടിക്കുക. Internal Combustion Engine കണ്ടുപിടിച്ചിട്ട് ഇപ്പോള്‍ ഒന്നര നൂറ്റാണ്ടോളം ആയി. വൈദ്യുതി കണ്ടുപിടിച്ചിട്ട് ഇരുനൂറു കൊല്ലത്തില്‍ അധികമായി. ആണവോര്‍ജം കണ്ടുപിടിച്ചിട്ട് അറുപതു വര്‍ഷത്തിലേറെ ആയി. ലോകത്തില്‍ ഇനിയും കണ്ടുപിടിക്കപ്പെടാത്ത ഊര്‍ജ സ്രോതസ്സുകള്‍ ഉണ്ടായിക്കൂടെ? എഞ്ചിനും മോട്ടോറും അല്ലാത്ത ഒരു പുതിയ  propulsion mechanism കണ്ടുപിടിക്കാന്‍ പോന്ന ഗവേഷകര്‍, സമര്‍ത്ഥര്‍ ലോകത്തില്‍ ഇല്ലേ?

ഭൂമിയെ വിഭവങ്ങള്‍ക്കായി വെട്ടിക്കീറി അനന്തമായി ചൂഷണം ചെയ്യാമെന്നുള്ള ചിന്തയും പ്രകൃതി തനിയെ സുഖപ്പെട്ടോളും (the nature will heal itself) എന്ന വിശ്വാസവും വെറും ഭോഷ്കാണ്. നോ ബോള്‍ കണ്ടാല്‍ വാലറ്റക്കാരനും മനസ്സിലാകും. നാം ഭൂമിയോടു ചെയ്യുന്ന ഈ അത്യാചാരങ്ങള്‍ക്കൊക്കെ തീര്‍ച്ചയായും പ്രത്യഘാതമുണ്ടാകും - "എത്ര കാലം വേണോങ്കിലും ചെയ്യാം" എന്നൊക്കെ വെറുതെ തോന്നുന്നതാണ്.

"ഇതൊക്കെ ശരി, താന്‍ പരിസ്ഥിതിക്കുവേണ്ടി എന്തു ചെയ്യുന്നു?" എന്നൊരു ചോദ്യം എന്നോട് ചോദിച്ചാലോ? എന്റെ കൊറോള്ളയ്ക്ക് വയസ്സായി - പുതിയ ഒരു കാര്‍ വാങ്ങണം. ഒരു SUV ആണ് കണ്ടുവെച്ചിരിക്കുന്നത്. ആകെ ഒരു ജീവിതമല്ലേ ഉള്ളൂ, ആഗ്രഹങ്ങളൊക്കെ നടത്തണം. വയസ്സുകാലത്ത് എന്റെ മകന്‍ ഫോണ്‍ ചെയ്യുമ്പോള്‍ അവനോട് എന്തു പറയും? എണ്ണ ചോര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത്  "I want my life back" എന്ന് ആക്രോശിച്ച എണ്ണ മുതലാളിയെക്കാള്‍ മനസ്സാക്ഷിക്കുത്തൊന്നും എനിക്ക് തോന്നേണ്ടതില്ലല്ലോ. ഞാന്‍ വാലറ്റക്കാരനല്ലേ - അവനൊക്കെയല്ലേ വലിയ കളിക്കാരന്‍.