എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Monday, July 2, 2012

വാലറ്റക്കാരന്റെ അധോഗമനശകടം

അങ്ങനെ ഏറെക്കാലത്തെ ഉരുണ്ടുകളിക്കും നീട്ടിവെയ്പിനും ശേഷം ഈ വാലറ്റക്കാരന്‍ ഒരു പുതിയ കാറുവാങ്ങി!

"ഇതിലെന്താണിത്ര 'വിളമ്പാ'നുള്ളത്! ദിവസേന ലോകമെമ്പാടും പതിനായിരക്കണക്കിനാളുകള്‍ കാറുവാങ്ങുന്നില്ലേ?" എന്നൊരു ചോദ്യം സ്വാഭാവികം. ങ്ഹാ, എല്ലാവരും കാറുവാങ്ങുന്നതുപോലല്ല വാലറ്റക്കാരന്റെ കാറുവാങ്ങല്‍. എന്റെ കാര്യം എപ്പോഴും അങ്ങനെയാണ്. വളരേ സിമ്പിളായി നടക്കേണ്ട കാര്യങ്ങളെല്ലാം വല്ലാതെ വളഞ്ഞുതിരിഞ്ഞേ നടക്കൂ. പണ്ടൊരു പിഴയടയ്ക്കാന്‍ പോയ കഥയും ഉണക്കാനിട്ടിരുന്ന ഒരു തുണി അഴയില്‍നിന്നെടുത്തുമാറ്റിയ കഥയും പറഞ്ഞത് ഓര്‍മ്മയില്ലേ. മൊത്തം ലൈഫ് അതുപോലെയാ. ഞാന്‍ എഞ്ചിനീയറിങ്ങ് പാസ്സായതും ജോലികിട്ടിയതും കാനഡയില്‍ വന്നതും ഇവിടെ ജോലി കിട്ടിയതും കല്യാണം കഴിച്ചതും കുട്ടി ജനിച്ചതുമെല്ലാം ഇങ്ങനെ മാഗി നൂഡില്‍സ് പോലെ വളഞ്ഞുപുളഞ്ഞുപിണഞ്ഞ കഥകളാണ്.

വടക്കേ അമേരിക്കയില്‍ (വിശേഷിച്ച് കാനഡയില്‍) ഒരു കാറുവാങ്ങല്‍ ഇടപാട് മനസ്സമാധാനത്തോടെ അവസാനിക്കണമെങ്കില്‍ മൂന്നു സാധ്യതകളേയുള്ളൂ. ഒന്ന് കയ്യില്‍ പൂത്ത പണമുണ്ടാകുക. രണ്ട് ഭാഗ്യവാനായിരിക്കുക. മൂന്ന് ഐന്‍സ്റ്റൈനോളം ബുദ്ധിമാനും മാര്‍ക്കെറ്റിങ്ങ്, ഫിനാന്‍ഷ്യല്‍ അക്കൌണ്ടിങ്ങ്, സൈക്കോളജി, ക്യാപ്പിറ്റല്‍ ബഡ്ജറ്റിങ്ങ്, കോസ്റ്റ് ഓഫ് ക്യാപ്പിറ്റല്‍, ഇംഗ്ലീഷ് ഭാഷ, തര്‍ക്കം, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, ആട്ടോമൊബീല്‍ എഞ്ചിനീയറിങ്ങ്, ആട്ടോമൊബീല്‍ ഇലക്ട്രോണിക്സ്, വാഹനവ്യവസായ ചരിത്രം, വാഹനവ്യവസായ വാര്‍ത്തകള്‍ എന്നീ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യമുള്ളവനും ആയിരിക്കുക.

ഈ മൂന്നു യോഗ്യതകളും ഇല്ലാത്തവനായതിനാല്‍ ഇക്കാര്യത്തില്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടാനേ സാധ്യതയുള്ളൂ എന്ന ഭയമായിരുന്നു കാറുവാങ്ങല്‍ നീട്ടിവയ്ക്കാനുള്ള പ്രധാന കാരണം. ഞാന്‍ 2001ല്‍ വാങ്ങിയ സെക്കന്റ് ഹാന്‍ഡ് കൊറോള്ള (2009/10ല്‍ കുറേയധികം പണം ചിലവാക്കിച്ചുവെങ്കിലും) വലിയ തെറ്റില്ലാതെ ഓടുന്നുമുണ്ടായിരുന്നു. പിന്നൊരു കാരണം ഓര്‍മ്മയില്‍ തങ്ങിനിന്ന ഒരു പഴയ സംഭവമാണ്. ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഞങ്ങള്‍ മൂന്നു സഹോദരന്‍മാരും ഒരുമിച്ചിരുന്ന് ഊണുകഴിക്കുന്ന സമയത്ത് അമ്മ പറഞ്ഞു "നിങ്ങളു വലുതായി വലിയ ജോലിക്കാരൊക്കെയാകുമ്പോള്‍ ഇടയ്ക്കൊക്കെ നിങ്ങള്‍ എന്നെ വന്നു കാണണം. നിങ്ങള്‍ എനിക്കൊന്നും തരണ്ടാ. 'ഒരു പുതിയ കാറുമേടിച്ചു, കയ്യില്‍ കാശില്ല, കൊടുക്കാന്‍ കാശില്ലാതെ എങ്ങനെ അമ്മയെ കാണാന്‍ പോകും' എന്നൊന്നും ഓര്‍ത്ത് നിങ്ങള് വിഷമിക്കണ്ട. നിങ്ങള്‍ എന്നെ വന്നു കണ്ടാല്‍ മാത്രം മതി" എന്ന്. കഴിഞ്ഞ പത്തുവര്‍ഷമായി കാറുവാങ്ങണമെന്നുതോന്നുമ്പോഴൊക്കെ ആദ്യം നോക്കുക കാറുവാങ്ങിയ ശേഷം കുടുംബത്തിന് നാട്ടില്‍ പോയിവരാനുള്ള പണം നീക്കിയിരിപ്പുണ്ടാകുമോ എന്നാണ്. എല്ലായ്പോഴും 'ഇല്ല', എന്നുതന്നെയാവും ഉത്തരം.

കഴിഞ്ഞ ഡിസംബറില്‍ (ജനുവരിയില്‍ വരാനിരുന്ന) എന്റെ വരവൊന്നും കാത്തിരിക്കാതെ അമ്മ പോയി. എന്റെ ഔദ്യോഗികനേട്ടങ്ങള്‍ക്കും ഞാന്‍ കരുതിവെച്ചിരുന്ന പണത്തിനും അതോടുകൂടി വലിയ പ്രസക്തിയുമില്ലാതായി. കൊറോള്ളയും അതിന്റെ പ്രായാധിക്യം കാണിച്ചുതുടങ്ങി. സിഡീ പ്ലേയര്‍ പ്രവര്‍ത്തിക്കാതായി, പിറകിലെ ഒരു സീറ്റ് ബെല്‍റ്റ് ലൂസായി, പെട്രോള്‍ ടാങ്കിന്റെ കവര്‍ അടയാതായി, പിന്നിലെ ട്രങ്ക് (ഡിക്കി എന്ന് മലയാളികള്‍ പറയും) താക്കോലിട്ടു തുറക്കാന്‍ കഴിയാതായി, മുന്‍പിലെ ഹൂഡ് കവര്‍ (ബോണറ്റ്) തുരുമ്പു പിടിച്ചുതുടങ്ങി.... ചുരുക്കത്തില്‍ വണ്ടി ഓടിക്കുക എന്നത് ഒരു ചൊറിയുന്ന ഏര്‍പ്പാടായി മാറി.

അങ്ങനെ ഈ മേയ് മാസത്തില്‍ ഒരു പുതിയ കാറുവാങ്ങാം എന്നങ്ങു തീരുമാനിച്ചു. ഭാര്യയും ആ തീരുമാനത്തെ പിന്‍താങ്ങി. അപ്പോഴും കയ്യില്‍ അധികം കാശൊന്നുമില്ല. ഭാഗ്യം മെച്ചപ്പെട്ടു എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളൊന്നും ഉണ്ടായുമില്ല. ബുദ്ധിയും അറിവും പണ്ടേയില്ല, പിന്നെങ്ങനെ ഒരു മേയ് മാസപ്പുലരിയില്‍ അതുണ്ടാകും! പക്ഷേ ബുദ്ധിയില്ലാത്തതുകൊണ്ട് ഒരു വലിയ ഗുണമുണ്ട്- അബദ്ധം പറ്റുന്നതുവരെ നല്ല ഉഗ്രന്‍ ധൈര്യമായിരിക്കും. ഞാനൊന്നു പയറ്റിനോക്കാന്‍ തന്നെ തീരുമാനിച്ചു.

ഇന്നാട്ടിലെ പ്രധാന പ്രശ്നം ഈ കാറുകള്‍ക്കൊന്നും സ്ഥിരമായ ഒരു വിലയേയില്ല, എന്നതാണ്! പത്രത്തിലൊക്കെ നോക്കിയാല്‍ മുപ്പതും നാല്പതും ശതമാനം 'വിലക്കിഴിവ്' പരസ്യം ചെയ്തിരിക്കുന്നതു കാണാം. പക്ഷേ ഡീലറുടെ അടുത്തുചെല്ലുമ്പോഴാണ് കള്ളി വെളിച്ചത്താകുക. ആരും വാങ്ങാന്‍ സാധ്യതയില്ലാത്ത മാനുവല്‍ ട്രാന്‍സ്മിഷന്‍, നോണ്‍ ഏസി, 'തകര' മോഡലിനായിരിക്കും അവര്‍ പരസ്യപ്പെടുത്തിയ 'കിഴിവ്'. മിക്ക ഡീലര്‍മാരും ആ മോഡല്‍ സ്റ്റോക്ക് ചെയ്തിട്ടുപോലും ഉണ്ടാകില്ല. ഒരു സാദാ സെഡാന്റെ ചിത്രത്തിനൊപ്പം 'പതിനായിരം ഡോളര്‍ വരെ ഡിസ്ക്കൌണ്ട്!' എന്നുവായിച്ച് കോള്‍മയിര്‍ കൊണ്ട് ഡീലറുടെ അടുത്തു ചെല്ലുമ്പോഴാണ് അത് എഴുപതിനായിരം ഡോളറിന്റെ സൂപ്പര്‍കാറിനാണ് എന്നു മനസ്സിലാകുക. ഇതിനെല്ലാം പുറമേ, ഈ കിഴിവുകളുടെ സ്വഭാവം ഒന്നു മനസ്സിലാക്കിയെടുക്കാന്‍തന്നെ കുറേ ബുദ്ധിമുട്ടാണ്. 'ഫാക്ടറി ടു ഡീലര്‍ ക്യാഷ്', 'ഫാക്ടറി ടു കണ്‍സ്യൂമര്‍ ക്യാഷ്', 'എംപ്ലോയീ പ്രൈസിങ്ങ്', 'ഡീലര്‍ ഇന്‍സെന്റീവ്', '0% ഫിനാന്‍സിങ്ങ്', 'സ്റ്റാക്കബിള്‍ / നോണ്‍-സ്റ്റാക്കബിള്‍ ഇന്‍സെന്റീവ്', 'ലോയല്‍റ്റി ബോണസ്', 'മെമ്പര്‍ഷിപ് ബോണസ്', 'പ്രൊമോഷനല്‍ ലീസിങ്ങ്', 'പ്രിഫേര്‍ഡ് പാര്‍ട്നേഴ്സ് ഡിസ്കൌണ്ട്' എന്നിങ്ങനെയുള്ള മാര്‍ക്കെറ്റിങ്ങ് ഗിമ്മിക്കുകളുടെ വലിയൊരു വര്‍ണ്ണപ്രപഞ്ചം തന്നെയാണ് ഒരു പാവം കണ്‍സ്യൂമറെ വീഴ്ത്താനായി അവര്‍ ഒരുക്കിവെച്ചിരിക്കുന്നത്.

ഇത്തരം ചതിക്കുഴികളില്‍നിന്നു രക്ഷപ്പെടാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്ള നിരവധി വെബ് സൈറ്റുകള്‍ ഉണ്ട്. അവിടങ്ങളില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം ഞാന്‍ 'കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ്' എന്ന അറിയപ്പെടുന്ന (പരക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന) സ്ഥാപനത്തില്‍നിന്ന് ഞാന്‍ വാങ്ങാനുദ്ദേശിക്കുന്ന വാഹനത്തിന്റെ പ്രൈസിങ്ങ് റിപ്പോര്‍ട്ട് വരുത്തി. പ്രൈസിങ്ങ് റിപ്പോര്‍ട്ടിലെ പ്രധാന വിവരമാണ് 'ഡീലര്‍ ഇന്‍വോയ്സ് പ്രൈസ്' - അതായത്, വണ്ടി ഡീലറുടെ പക്കല്‍ എത്തുമ്പോള്‍ ഡീലര്‍ കമ്പനിക്കു കൊടുക്കേണ്ട തുക. അതിന്റെ കൂടെ എല്ലാ കിഴിവുകളുടേയും ഒരു പട്ടികയും അവ എങ്ങനെ പ്രയോഗിക്കണം എന്നതിനേക്കുറിച്ചുള്ള ഒരു വിശദീകരണവും ഉണ്ടാകും. ചില കിഴിവുകള്‍ വില്പനയ്ക്കു മുമ്പും ചിലത് വില്പനയ്ക്കു ശേഷവും ഉള്ളവയാണ് - അതിനനുസരിച്ച് കൊടുക്കേണ്ട നികുതിയില്‍ വ്യത്യാസമുണ്ടാകും (വില്പനയ്ക്കുശേഷമുള്ള കിഴിവിന് നികുതി ഒഴിവില്ല). അതുപോലെ ചില കിഴിവുകള്‍ കൂട്ടിച്ചേര്‍ക്കാം, ചിലത് പറ്റില്ല (ഉദാഹരണത്തിന് ക്യാഷ് ഡിസ്കൌണ്ടും 0% ഫൈനാന്‍സിങ്ങും ഒരുമിച്ചു കിട്ടില്ല). പ്രൈസിങ്ങ് റിപ്പോര്‍ട്ടില്‍നിന്ന് കമ്പനി ഡീലര്‍ക്കു കൊടുക്കുന്ന എല്ലാ പ്രതിഫലങ്ങളേയും കുറിച്ച് അറിയാനാകില്ലെങ്കിലും സംഗതികളുടെ ഒരു ഏകദേശരൂപം പിടികിട്ടും.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മൂന്നു ഡീലര്‍മാര്‍ക്ക് ഇമെയില്‍ അയച്ചു. 'ഞാന്‍ സാന്റ ഫേ V6 SE മോഡല്‍ ഈ മാസാവസാനത്തിനു മുമ്പ് വാങ്ങാന്‍ തയ്യാറാണ്. എന്റെ കയ്യിലുള്ള പ്രൈസിങ്ങ് റിപ്പോര്‍ട്ട് അനുസരിച്ച് ടാക്സും നിങ്ങളുടെ മാര്‍ജിനും ഒഴിവാക്കിയാല്‍ വണ്ടിയുടെ വില xxxxx ഡോളറാണ്. എന്റെ പഴയ കാര്‍ നിങ്ങള്‍ എടുക്കുമെങ്കില്‍ നന്ന്, ഇല്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വില എന്തെന്ന് അറിയിക്കുക' ഇതായിരുന്നു, ചുരുക്കം.

രാത്രിയായപ്പോഴേയ്ക്കും മൂന്നുപേരും മറുപടിയയച്ചു. 'താങ്കള്‍ വരൂ, ഞങ്ങള്‍ നല്ലോണം നോക്കിക്കൊള്ളാം (we will take good care of you)' എന്ന് ഒന്നാമന്‍. വിലയേപ്പറ്റി യാതൊരു മിണ്ടാട്ടവുമില്ല

കിഴിവുകള്‍ക്കുശേഷം ടാക്സ് അടക്കം എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'രൊക്കം' വില xxxxx ഡോളറാണ്, എന്നു രണ്ടാമന്‍.

മൂന്നാമന്റേത് ഒരു ഉപന്യാസം തന്നെയായിരുന്നു - കിഴിവുകളേക്കുറിച്ചും അവന്റെ പീടികയേക്കുറിച്ചും ഞാന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലുള്ളവര്‍ക്കുള്ള 'വിശേഷ കിഴിവി'നേക്കുറിച്ചുമെല്ലാം - പക്ഷേ ഒരു തുക അവനും പറഞ്ഞില്ല.

പിറ്റേന്ന് മൂന്നു ഡീലര്‍മാരേയും പോയിക്കണ്ടു. ആദ്യത്തവന്‍ ഭാവാഭിനയവും നൃത്തവുമടക്കം നല്ലൊരു ഷോ തന്നെ കാഴ്ചവെച്ചു. പക്ഷേ അവന്റെ വില എനിക്കൊക്കില്ലെന്ന് അവനും എനിക്കും പെട്ടന്നുതന്നെ മനസ്സിലായി. രണ്ടാമത്തവന്‍ പറഞ്ഞ വില കുഴപ്പമില്ലായിരുന്നു. എന്റെ വയസ്സന്‍ കാറിന് ഒരുപക്ഷേ അറുനൂറ് ഡോളര്‍ തരാന്‍ സാധിക്കുമായിരിക്കും എന്നും പറഞ്ഞു. മൂന്നാമന്റെ സംസാരവും അവന്റെ ഉപന്യാസം പോലെത്തന്നെയായിരുന്നു. ഞാനൊന്നുപറഞ്ഞാല്‍ അവന്‍ നൂറുപറയും. അവന്റെ നോട്ടത്തില്‍ എന്റെ പഴയ കാറിന് ആക്രിവിലയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പുതിയ കാറിന് ഏറ്റവും കുറഞ്ഞ വില അവന്റേതായിരുന്നു.

തിരികെ രണ്ടാമന്റെ അടുക്കല്‍ വന്നപ്പോഴാണ് അവന്‍ കാലുമാറിയത്. അവനും എന്റെ പഴയ വാഹനം വേണ്ട! പക്ഷേ പുതിയതിന് മൂന്നാമന്‍ പറഞ്ഞ വിലയ്ക്ക് തരാന്‍ അയാള്‍ തയ്യാറാണെന്നു പറഞ്ഞു.

അപ്പോള്‍ ഈ പഴയ ശകടം ഞാനെന്തു ചെയ്യും? എന്റെ ഓഫീസിന്റെ പരിസരത്തുള്ള ഒരു ശ്രീലങ്കന്‍ തമിഴന്റെ വര്‍ക്ക്ഷാപ്പില്‍ ചെന്നുചോദിച്ചു. അവന്‍ അഞ്ഞൂറു ഡോളറും ഞാന്‍ ആയിരവും വില പറഞ്ഞു. അവസാനം എഴുന്നൂറ്റിയമ്പതിന് അതു പഞ്ചായത്താക്കി.

തിരികെ ഡീലര്‍ രണ്ടാമന്റെ അടുത്ത്. വണ്ടിയുടെ ഫൈനാന്‍സിങ്ങ് പേപ്പറുകളില്‍ ഒപ്പിട്ടു. ഡെപ്പോസിറ്റ് കൊടുത്തു. എന്റെ മോഡല്‍ ഞാന്‍ ആവശ്യപ്പെട്ട നിറത്തില്‍ സ്റ്റോക്കില്ലായിരുന്നു, അതുകൊണ്ട് ഒരാഴ്ചയ്ക്കുശേഷമാണ് വണ്ടി കയ്യില്‍ കിട്ടിയത്. സംഗതി ശുഭം, ലളിതം, വക്രരഹിതം!

ഈ അനുഭവത്തില്‍നിന്നു ഞാന്‍ പഠിച്ചത് ഇതാണ്: വലിയ പണക്കാരനും ഭാഗ്യവാനും ബുദ്ധിമാനുമൊന്നുമല്ലെങ്കിലും ഒരല്പം പണം നഷ്ടപ്പെട്ടാലും സാരമില്ലെന്ന മനോനിലയും ഒരല്പം ഭാഗ്യവും ഒരല്പം അന്വേഷണബുദ്ധിയുമുണ്ടെങ്കില്‍ ഇത്തരം ഇടപാടുകളില്‍ ദുഃഖിക്കേണ്ടിവരില്ല എന്ന്. നിങ്ങള്‍ക്കുവേണ്ട വണ്ടി ഏതാണെന്ന് കൃത്യമായി അറിയണം, നിങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള വിലയെന്തെന്ന് സ്വയം തീരുമാനിച്ചുറപ്പിക്കണം, ഡീലര്‍ വില്‍ക്കാന്‍ തയ്യാറുള്ളവില നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലങ്കില്‍ ഉടനേ ഇറങ്ങിപ്പോകാന്‍ തയ്യാറായിരിക്കണം. അത്രേയുള്ളൂ. എല്ലാം തീരുമാനിച്ചുറച്ചവനെ കണ്ടാല്‍ ഡീലര്‍ക്കു മനസ്സിലാകും.

എന്നോട് ഇടപെട്ട സെയില്‍സ്മാന്‍ വളരേ വര്‍ണ്ണശബളമായ ജീവിതചരിത്രമുള്ളയാളാണ്. ഈജിപ്തില്‍ ജനിച്ച അര്‍മീനിയന്‍ ക്രിസ്ത്യാനിയാണ് അദ്ദേഹം. അദ്ദേഹത്തിന് അറബിക്, ഫ്രെഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങിയ ആറുഭാഷകളില്‍ പ്രാവീണ്യമുണ്ടത്രേ. അദ്ദേഹം ബൈബിളിന്റെ അത്രത്തോളം തന്നെ വിശുദ്ധ ഖുര്‍ ആനെ മാനിക്കുന്നുണ്ടെന്നും ഖുര്‍ ആനിലെ മിക്കഭാഗങ്ങളും ഹൃദിസ്ഥമാണെന്നും പറഞ്ഞു. ഒരിക്കല്‍ ജി-8 ഉച്ചകോടിയില്‍ പരിഭാഷകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഭാഷാസാമര്‍ത്ഥ്യം കണ്ട് ഒരു രാജ്യത്തിന്റെ രഹസ്യാന്വേഷണവിഭാഗം അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്തുവത്രേ. പക്ഷേ വെറും രണ്ടാഴ്ച നീണ്ടുനിന്ന ഉച്ചകോടിക്ക് പരിഭാഷകനായതിന്റെ പേരില്‍ അദ്ദേഹത്തിനനുഭവപ്പെട്ട 'രഹസ്യനിരീക്ഷണ'ത്തിന് ജീവിതകാലം മുഴുവന്‍ അടിമപ്പെടാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. ഏതായാലും ആദ്യത്തെ ഇമെയിലില്‍ത്തന്നെ വളച്ചുകെട്ടില്ലാത്ത ഒരു തുക പറഞ്ഞത് ഇത്തരം ലളിതജീവിതം (simplified living) നയിക്കുന്ന ആളിനേക്കൊണ്ടേ സാധിക്കൂ എന്നു ഞാന്‍ മനസ്സിലാക്കുന്നു.

ഇനിയല്പം വാഹനവിശേഷം. ഹണ്ടേ (Hyundai) സാന്റ ഫേ നല്ലൊരു എസ് യു വി തന്നെയാണ്, കേട്ടോ. സിനിമാനടന്‍ ഗിന്നസ് പക്രു പറഞ്ഞതുപോലെ 'ഈയൊരു ചെറുനാരങ്ങാ കയറ്റാനെന്തിനാ പാണ്ടിലോറി' എന്ന് ആദ്യനാളുകളില്‍ തോന്നിയിരുന്നു. വണ്ടിയുടെ വീതിയും നീളവും ഉയരവുമായി പൊരുത്തപ്പെടാന്‍ ഇപ്പോഴും ശീലിച്ചുകൊണ്ടിരിക്കുകയാണ്- വിശേഷിച്ച് വണ്ടി തിരിക്കുകയും പിന്നോട്ടെടുക്കുകയും ചെയ്യുമ്പോള്‍. കൊറോള്ളയെ അപേക്ഷിച്ച് കുറച്ചുകൂടി സ്റ്റിഫ് റൈഡ് ആണ്. സിഗററ്റ് ലൈറ്ററില്‍ കയിറിപ്പിടിച്ച് കൈ പൊള്ളിയതൊഴിച്ചാല്‍ (ആ കുന്ത്രാണ്ടം എന്താണെന്ന് ഒന്നു തുറന്നുനോക്കിയതായിരുന്നു) ഇതുവരെ വലിയ അബദ്ധമൊന്നും പറ്റിയിട്ടില്ല.

When you are at the peak, there is nowhere to go except downhill (ഉച്ചിയിലുള്ളവന് അധോഗതിയേ ഉള്ളൂ) എന്നൊരു ചൊല്ലുണ്ടല്ലോ. ഈ വണ്ടിയെ എന്റെ "downhill ride" (താഴോട്ടുപോകാനുള്ള വാഹനം) എന്നാണ് ഞാന്‍ വിശേഷിപ്പിക്കുക. വരുന്ന പത്തുവര്‍ഷക്കാലം ഞാന്‍ ഈ വാഹനത്തിന്റെ ആറു സിലിണ്ടറുകളില്‍ ഇന്ധനവും ശുദ്ധവായുവും കൂട്ടിപ്പിരിച്ച് ഞെരിച്ചുകരിച്ചുപുകച്ച് അന്തരീക്ഷത്തില്‍ വിഷം തുപ്പിക്കൊണ്ടിരിക്കും. വ്യര്‍ത്ഥസ്വപ്നങ്ങളുടെ സക്ഷാല്‍ക്കാരത്തിനായി ഭൂമിയെ ഊഷരമാക്കുകയും അന്തരീക്ഷം മലീമസമാക്കുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്ത തലമുറയില്‍ പെട്ട ഞാന്‍ വരും തലമുറകളുടെ കൊടിയ ശാപം ഏറ്റുവാങ്ങും. അന്ന്, പുഴയിലും കടലിലും മണലിലും മരത്തിലും അലഞ്ഞുതിരിയുന്ന എന്റെ ഭസ്മധൂളികള്‍ ജീവിതത്തില്‍ ഞാന്‍ കൊണ്ടുനടന്നിരുന്ന സഞ്ചരിക്കുന്ന കൊട്ടാരത്തിലെ ആര്‍ഭാടാനുഭൂതികളോര്‍ത്ത് ആഹ്ലാദിക്കുമായിരിക്കും.

ഒരേയൊരു ജീവിതം. അത് ആവോളം ആസ്വദിക്കുകതന്നെ. പരിസ്ഥിതി പോയി തുലയട്ടെ!