എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Monday, November 30, 2015

ഇന്റര്‍നെറ്റ് യുഗത്തിലെ മാമൂല്‍ക്കല്യാണം

"നമ്മളൊക്കെ കെട്ടുന്ന സമയത്ത് ബസ്സും പ്ലസ്സുമൊന്നുമില്ല. ഇതിപ്പൊ നല്ല സുഖമല്ലേ, മേലനങ്ങാതെ പെണ്ണു കിട്ടുന്നു. നമ്മളൊക്കെ എത്ര വീട്ടീച്ചെന്ന് മിച്ചറു തിന്നിട്ടാണ് ഒന്നൊപ്പിച്ചതെന്നറിയാമോ"

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു നര്‍മ്മോക്തിയാണ്. സംഗതി ശരിയാണ്. രണ്ടായിരാമാണ്ടിനു മുമ്പ് വിവാഹിതരായവരെല്ലാം ഏതെല്ലാം നടപടിക്രമങ്ങളിലൂടെ കടന്നുപോയിട്ടാണെന്നോ ഒരു കല്യാണം കഴിച്ചത്! തൊണ്ണൂറുകള്‍ക്കു മുമ്പാണെങ്കില്‍ ഒന്നു പ്രേമിക്കാന്‍ ധൈര്യമുള്ളവര്‍ പോലും നന്നേ കുറവ്! അപ്പോള്‍പ്പിന്നെ 'പരമ്പരാഗത' രീതിയനുസരിച്ച് ദല്ലാള്‍, ഫോട്ടോ കാണല്‍, ടൂറിസ്റ്റ് ടാക്സി, അടുത്ത ബന്ധുക്കളോടൊപ്പം പെണ്ണുകാണല്‍, മിച്ചറു തീറ്റ, ചായകുടി എന്നിങ്ങനെ കറങ്ങിക്കറങ്ങി ഒടുക്കം ഏതെങ്കിലുമൊന്നിനെ അങ്ങേല്‍ക്കേണ്ടി വരും. അത് ആണുങ്ങളുടെ കാര്യം. പാവം പെണ്ണുങ്ങളുടെ കാര്യം അതിലും കഷ്ടമാണ്. കെട്ടിയൊരുങ്ങിവന്ന് ഓരോരുത്തന്‍മാരുടെ മുമ്പില്‍ വന്നു മുഖം കാണിക്കേണ്ടിവരികയും അവരുടെ 'വിശകലനത്തിന്' നിന്നുകൊടുക്കേണ്ടിവരികയും ചെയ്യുന്നതിന്റെ മടുപ്പും വെറുപ്പും അവര്‍ക്കേ അറിയൂ. എന്നിരുന്നാലും അതൊക്കെയായിരുന്നല്ലോ നാട്ടുനടപ്പ്!

എന്നാല്‍ അങ്ങനെയായിരുന്നോ പരമ്പരാഗത രീതി എന്ന് കടുപ്പിച്ചുചോദിച്ചാല്‍ അല്ല, എന്നുതന്നെയാണ് ഉത്തരം. വിശേഷിച്ച് നായന്മാരുടെ കാര്യത്തില്‍.

ഏതാണ്ട് നാല്പതുകളുടെ അവസാനം വരെ നായരുചെക്കന്‍ ആരെ കെട്ടണമെന്ന് വീട്ടിലെ മൂത്ത അമ്മാവനാണ് തീരുമാനിക്കുക. അത്യാവശ്യം കുടുംബം നോക്കിനടത്താന്‍ മിടുക്കുള്ളവനാണെങ്കില്‍ ഏതെങ്കിലുമൊരു അമ്മാവന്റെ മകളെത്തന്നെ കെട്ടേണ്ടി വരും. സത്യത്തില്‍ തമ്മില്‍ ഭേദം അതാണ്. അക്കാലത്ത് മരുമക്കത്തായമാണ്. സ്വത്തിന് അനന്തരാവകാശം സ്ത്രീകളിലൂടെയാണ് ലഭിക്കുക. വീട്ടിനു പുറത്തുനിന്ന് കല്യാണം കഴിച്ചാല്‍ പെണ്ണിനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ പറ്റില്ല. പെണ്ണുവീട്ടില്‍ പൊറുതിയാക്കണമെങ്കില്‍ പെണ്ണിന്റെ അമ്മാവന്‍മാരുടെ ചൊല്‍പ്പടിക്കു നില്‍ക്കണം. അതല്ലെങ്കില്‍ പെണ്ണവിടെ, കിടപ്പിവിടെ എന്ന സ്ഥിതിയാവും. അമ്മാവന്‍മാരുടെ പെണ്‍മക്കള്‍ക്കായും കോമ്പറ്റീഷന്‍ ധാരാളമുണ്ട്. അമ്മയുടെ സഹോദരിമാരുടെ മക്കള്‍ മുതല്‍ നാട്ടിലെ തമ്പുരാക്കന്‍മാര്‍ വരെയുള്ളവരെ അതിജീവിച്ചുവേണം ഒന്നിനെ കിട്ടാന്‍. ഇതൊക്കെ താണ്ടി കല്യാണം തീരുമാനമാക്കിയാല്‍പ്പോലും വലിയ ചടങ്ങുകളൊന്നുമില്ല. വീട്ടിലുള്ളവര്‍ കാണ്‍കെ പുടവ കൊടുക്കുക, താലികെട്ടുക. അത്രതന്നെ.

എന്റെ അച്ഛന്റേയും അമ്മയുടേയും കാലമായപ്പോഴേയ്ക്കും കാര്യങ്ങളില്‍ അല്പം മാറ്റം വന്നു. മരുമക്കത്തായം ഇല്ലാതായി. ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമം മക്കത്തായത്തെ അംഗീകരിച്ചതോടെ മാറ്റങ്ങള്‍ക്ക് തുടക്കമായി. കൂടുതല്‍ പേര്‍ വിദ്യാഭ്യാസം നേടുകയും അവര്‍ക്ക് 'സര്‍ക്കാര്‍ ജോലി' ലഭിക്കുകയും ചെയ്തുതുടങ്ങിയപ്പോള്‍ ഭൂസ്വത്തിനെ കേന്ദ്രീകരിച്ചുള്ള കുടുംബഭരണസംവിധാനം തകര്‍ന്നു. ശംബളം കിട്ടുന്ന പണം ഉപയോഗിച്ച് സ്വന്തമായി ഭൂമിവാങ്ങുകയും വീടുവെയ്ക്കുകയും അവിടേയ്ക്ക് കെട്ടിയ പെണ്ണിനെ കൊണ്ടുവരികയും ചെയ്യാമെന്നായതോടെ തറവാട്ടിലെ കാരണവന്‍മാരുടെ അധികാരപ്രഭാവം ഇല്ലാതായി. കല്യാണപ്രായമായപ്പോള്‍ 'എനിക്ക് ഇദ്ദേഹത്തെ കല്യാണം കഴിച്ചാല്‍ മതി' എന്ന് അച്ഛനെച്ചൂണ്ടി എന്റെ അമ്മയ്ക്ക് പറയാനായത് ഈ മാറ്റത്തിന്റെ ബലത്തിലാണ്. അമ്മയും അച്ഛനും ഒരേ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവരാണ്. അന്ന് രണ്ടുപേര്‍ക്കും സര്‍ക്കാര്‍ ജോലിയുണ്ട്. അമ്മയ്ക്ക് 120 രൂപയും അച്ഛന് 87 രൂപയുമായിരുന്നു മാസശംബളം. പണത്തേക്കാള്‍ വലിയ ശാക്തീകരണ പ്രേരകം എന്തുണ്ട്! അങ്ങനെ അവര്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. അന്നും കല്യാണമൊക്കെ വളരേ ലളിതമായിരുന്നു. പെണ്ണുവീട്ടുകാരും ചെക്കന്‍ വീട്ടുകാരും മാത്രം, അമ്പലത്തില്‍ വെച്ച് ഒരു പുടവകൊടുക്കലും താലികെട്ടും. വീട്ടില്‍ ഒരൂണ്. അത്രേയുള്ളൂ.

അറുപതുകളിലും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയായിരുന്നു. ഒരു ഇരുപതുകിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തുള്ളവരുമായി വിവാഹം പതിവില്ല. അയല്‍പക്കക്കാരോ സുഹൃത്തുക്കളോ ബന്ധുക്കളോ വഴിയായിരിക്കും "ആലോചന" വരിക. ദല്ലാളും സ്ത്രീധനവുമൊക്കെ അന്നില്ല. ആയിടയ്ക്കാണെന്നുതോന്നുന്നു അയല്പക്കക്കാരെ കൂട്ടിയുള്ള വിവാഹാഘോഷങ്ങള്‍ തുടങ്ങിയത്. സ്ത്രീധനം, ദല്ലാള്‍, പന്തലിട്ടുകല്യാണം എന്നിങ്ങനെയുള്ള മുന്തിയ ഏര്‍പ്പാടുകളൊക്കെ അറുപതുകള്‍ക്കു ശേഷമാണെന്നുതോന്നുന്നു, പ്രചരിച്ചത്. ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെട്ടതുതന്നെ കാരണം.

എഴുപതുകളുടെ മദ്ധ്യത്തില്‍ നടന്ന എന്റെ ചിറ്റയുടെ വിവാഹം എനിക്കോര്‍മ്മയുണ്ട്. ഇരുപത്തിയൊന്നു കാറുകളിലാണ് വരന്റെ സംഘം എത്തിയത്. ആ കല്യാണത്തിന്, എന്റെ ഓര്‍മ്മയില്‍, കെട്ടിമേളം പോലും ഉണ്ടായിരുന്നില്ല. മൊത്തം എഴുന്നൂറോളം പേരുണ്ടായിരുന്നു വിവാഹത്തിന് - അന്നത്തെ ഒരു ശരാശരി വിവാഹത്തിന്റെ ഇരട്ടിയിലധികം ആളുകള്‍. അക്കാലത്തെ സദ്യയൊക്കെ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമദാനം ചെയ്താണ് ഒരുക്കുക പതിവ്. ആളുകളുടെ എണ്ണം കണ്ട് അവരെല്ലാം വീണ്ടും പാചകം ചെയ്യാന്‍ നെട്ടോട്ടമോടിയത് ഇന്നും ഓര്‍മ്മയിലുണ്ട്.

മേല്‍പ്പറഞ്ഞതുപോലെയുള്ള വീടുകയറിയിറങ്ങലും മിച്ചറുതീറ്റയുമൊക്കെ 1975നു ശേഷമാണ് തുടങ്ങിയത് (കുറഞ്ഞ പക്ഷം ഞാന്‍ ജീവിച്ചിരുന്ന ചുറ്റുവട്ടത്ത് അങ്ങനെയായിരുന്നു). അതായത് ഈ "പാരമ്പര്യത്തി"നൊന്നും അത്ര പഴക്കമില്ല.അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കൊക്കെ ചെറുപ്പത്തിലേ ഈ പരിപാടിയോട് പരമപുച്ഛമായിരുന്നു. പെണ്ണുകാണല്‍ പരിപാടിയോട് തീരെ താല്പര്യമില്ലാത്തയാളാണ് അച്ഛന്‍. 'നമുക്കു ചേരാത്ത കുട്ടി' എന്ന് അദ്ദേഹം ഒട്ടുമിക്ക പെണ്‍കുട്ടികളേയും കുറിച്ച് പറയുകയുമില്ല. കെട്ടാന്‍ താല്പര്യമുള്ള കുട്ടിയേമാത്രം പോയി കണ്ടാല്‍ മതിയെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.

ചേട്ടന്‍ ഒരൊറ്റ പെണ്ണുകാണലിനു മാത്രമേ പോയുള്ളൂ. അനിയന്‍ ഇഷ്ടപ്പെട്ടയാളെ പ്രണയിച്ചു വിവാഹം ചെയ്യുകയാണ് ചെയ്തത്. ഇവരുരണ്ടുപേരും മിച്ചര്‍മുക്തമായ ദാമ്പത്യപ്രാപ്തിയില്‍ വിജയശ്രീലാളിതരായി. എന്റെ കാര്യം അപ്പോഴും ഒരു ചോദ്യചിഹ്നമായി തുടര്‍ന്നു.

ഞാന്‍ കല്യാണാവശ്യത്തിന് ആദ്യമായി ഒരു കുട്ടിയുടെ ഫോട്ടോ കാണുന്നത് 95ലാണ്. ആയിടയ്ക്ക് എന്റെ ജീവിതത്തില്‍ ഒരു വലിയ നിര്‍ഭാഗ്യം സംഭവിച്ചതിനാല്‍ അത് പെണ്ണുകാണലോളം എത്തിയില്ല. പിന്നെ അത്രത്തോളം കാര്യങ്ങള്‍ എത്തിയത് 1999ല്‍. അന്ന് എന്റെ കനേഡിയന്‍ ഇമിഗ്രേഷനുള്ള മെഡിക്കല്‍ വരെ കഴിഞ്ഞിരിക്കുന്ന സമയം. 'പോകുന്നേനുമുമ്പ് ചെക്കനെ കെട്ടിച്ചുവിടാം' എന്ന് ആരുടേയോ ബുദ്ധിയിലുദിച്ചതാണ്. കാര്യങ്ങള്‍ അല്പം മുന്നോട്ടുപോയതിനുശേഷമാണ് ഞാന്‍ പോലും അറിയുന്നത്.പക്ഷേ അപ്പോള്‍ കല്യാണം കഴിച്ചാല്‍ എന്റെ റെസിഡെന്‍സി അപേക്ഷ മരവിപ്പിക്കുമെന്നും ഭാര്യയുടെ അപേക്ഷകൂടി ചേര്‍ത്ത് രണ്ടും തീര്‍പ്പായതിനുശേഷമേ കാനഡയ്ക്കു പോകാനാവൂ എന്നും ഈ ബുദ്ധികേന്ദ്രങ്ങള്‍ക്കറിയില്ലായിരുന്നു. ഞാന്‍ അറിഞ്ഞമുറയ്ക്ക് ഈ പരിപാടി ശരിയാവില്ലെന്ന് തീര്‍ത്തുപറഞ്ഞു. പക്ഷേ ഇത്രയുമായസ്ഥിതിയ്ക്ക് അവിടെവരെയൊന്നു പോയി കണ്ടിട്ടുവന്നേ പറ്റൂ എന്ന് അമ്മ ഉത്തരവാക്കി. അങ്ങനെയാണ് ആദ്യമായും അവസാനമായും ഞാന്‍ മിച്ചറു തിന്നുന്നത്.

അതുപോലൊരു പെണ്ണുകാണല്‍ ഈ ഭൂമിമലയാളത്തിലുണ്ടായിക്കാണില്ല. 'ഇതെന്താണ് പെണ്ണുകാണലോ അതോ ഭാര്യാ ഉദ്യോഗത്തിനുള്ള ഇന്റര്‍വ്യൂവോ' എന്ന് ആ കുട്ടി മനസ്സില്‍ മുറുമുറുത്തിട്ടുണ്ടാവണം. സ്കൂള്‍ മുതല്‍ ബിരുദം വരെയുള്ള എല്ലാ പരീക്ഷകളുടേയും മാര്‍ക്കുവിവരം ചോദിച്ചു. ബിരുദത്തിനുശേഷം പഠിച്ച പാര്‍ട്ട് ടൈം കോഴ്സുകള്‍, ചെയ്യാന്‍ താല്പര്യമുള്ള ജോലി, ഹോബി, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവയേക്കുറിച്ചൊക്കെ ചോദിച്ചു. നല്ല നീരസം തോന്നിയിട്ടുണ്ടാവുമെങ്കിലും ആ പാവം അത് മുഖത്തു കാണിച്ചില്ല. ഇന്നത്തെ പെണ്‍പിള്ളേരാണെങ്കില്‍ 'ഒന്നെണീറ്റു പോടാപ്പാ' എന്നുപറഞ്ഞ് സ്ഥലം വിട്ടേനേ. ഏതായാലും ചോദ്യോത്തരപംക്തിയുടെ അവസാനം കാനഡയിലേയ്ക്കു കൊണ്ടുവരാന്‍ പറ്റിയ ആളല്ല ഇദ്ദേഹം എന്ന് എനിക്കു മനസ്സിലായി. അക്കാര്യം അവിടെ അവസാനിച്ചു.

ഈയൊരനുഭവത്തില്‍നിന്ന് ചിലകാര്യങ്ങള്‍ ഉറപ്പിച്ചു. നാട്ടില്‍നിന്നുള്ള കുട്ടി ശരിയാവില്ല. അതുപോലെ, അമ്മയേയും അച്ഛനേയും ഈ കാര്യത്തില്‍ വിശ്വസിക്കാന്‍ പറ്റില്ല (സ്വന്തമായിട്ടൊരു വിശ്വാസം പണ്ടേയില്ല. ഒരുമാതിരിപ്പെട്ട ആരും "ഊതിയാല്‍ പറക്കുന്ന" എന്റെ സ്വരൂപം കണ്ടാല്‍ പെണ്ണുതരില്ല). അതുകൊണ്ട് കാനഡയില്‍ വന്ന് ഒരു "ഡോട്ട്-കോം" കമ്പനിയില്‍ ജോലിയൊക്കെ സ്റ്റെഡി ആയപ്പോള്‍ പെണ്ണുനോക്കാന്‍ ഏല്‍പ്പിച്ചത് എന്റെ അമ്മാവനെയായിരുന്നു.

അമ്മാവന്‍ അക്കാലത്ത് മുംബൈയിലാണ്. ഇതുവന്ന് തലയില്‍ പെട്ടതോടെ ടൈംസ് ഓഫ് ഇന്ത്യയിലെ മാട്രിമോണിയല്‍ പേജുകളിലെ പരസ്യങ്ങളുടെ പിന്നാലെയായി അദ്ദേഹത്തിന്റെ വാരാന്ത്യജീവിതം. അങ്ങനെ ചിലയിടങ്ങളില്‍ അദ്ദേഹം പോയി മിച്ചര്‍ തിന്നിട്ടുണ്ട്. അക്കൂട്ടത്തിലാണ് ഒരു ദിവസം എന്റെ ഇന്നത്തെ കൂട്ടുകാരിയുടെ വീട്ടില്‍ ചെല്ലുന്നത്. ആദ്യമൊക്കെ അമ്മാവന്‍ വളരേ ഗൌരവത്തിലും ഫോര്‍മലുമായിട്ടാണ് പെരുമാറിയിരുന്നതെങ്കിലും അരമണിക്കൂറിനുള്ളില്‍ അദ്ദേഹം വളരേ റിലാക്സ് ആയെന്നും കുടുംബത്തിലുള്ളവരേപ്പോലെ സംസാരിച്ചുതുടങ്ങിയെന്നുമാണ് കൂട്ടുകാരി പിന്നീട് പറഞ്ഞത്.

"നീ പറഞ്ഞപോലെ കമ്പ്യൂട്ടറും മാനേജ്മെന്റുമൊക്കെ പഠിച്ചിട്ടുള്ള കുട്ടിയല്ല. പക്ഷേ നല്ല കുടുംബത്തില്‍നിന്നുള്ള പഠിപ്പുള്ള കുട്ടിയാണ്. നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കും, അവിടെ വന്നാലും ജോലികിട്ടാനൊന്നും ബുദ്ധിമുട്ടുവരില്ല. എനിയെന്താ വേണ്ടേന്നുവച്ചാല്‍ നീ തീരുമാനിച്ചോ" എന്ന് അദ്ദേഹം പിറ്റേന്ന് വിളിച്ചുപറഞ്ഞു. ആ പറച്ചിലില്‍ത്തന്നെ ഈ കുട്ടിയുമായുള്ള കംഫര്‍ട്ട് ലെവല്‍ വ്യക്തമായിരുന്നു. അപ്പോള്‍പ്പിന്നെ പെണ്ണുകാണല്‍ വേണമെന്നായി. ഏതായാലും പെണ്ണുകാണാനായി ടൊറോന്റോയില്‍ നിന്ന് മുംബൈ വരെ പോകുവാന്‍ എനിക്കാവുമായിരുന്നില്ല. അതുകൊണ്ട് നേരെ വിവാഹനിശ്ചയം. അന്നൊക്കെ വിവാഹനിശ്ചയത്തിന് ചെറുക്കന്‍ പോകുന്ന പതിവില്ല (ഇന്ന് അതുതന്നെ ഒരു വലിയ ഇവന്റാണല്ലോ). അങ്ങനെ സെപ്റ്റംബര്‍ അവസാനം നടന്ന വിവാഹനിശ്ചയത്തില്‍ ഡിസംബറിലെ വിവാഹം തീരുമാനമായി. തീര്‍ത്തും പരമ്പരാഗത രീതിയില്‍ അമ്മാവന്‍ ചൂണ്ടിക്കാട്ടിയ പെണ്ണിനെ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഞാന്‍ കെട്ടി!


ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുന്നത് കല്യാണത്തിന് രണ്ടുദിവസം മുമ്പാണ്. ഞങ്ങള്‍ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും കണ്ട് തീര്‍ത്തും നിരാശപ്പെട്ടുപോയെന്നതാണ് സത്യം. പറഞ്ഞുകേട്ടതും ഫോട്ടോയില്‍ കണ്ടതുമായ ഗ്ലാമറൊന്നും പതിശ്രുതവധുവിന് ഉള്ളതായി എനിക്കു തോന്നിയില്ല. എന്റെ ഗ്ലാമറിന്റെ കാര്യം പിന്നെ പറയാനില്ലല്ലോ. "മോളെ, നിനക്കയാളെ ഇഷ്ടായില്ലെങ്കി പറഞ്ഞോ, ഞാന്‍ നിന്നെ ഇപ്പൊ ഇവടന്നു മുക്കിക്കൊണ്ടു പോകാം" എന്ന് പുള്ളിക്കാരിയോട് അവരുടെ ഒരു കസിന്‍ ഓഫര്‍ ചെയ്തിരുന്നത്രേ. അദ്ദേഹം എന്റെ കോലം കണ്ട് ഞെട്ടിപ്പോയിക്കാണും. ഏതായാലും അതൊന്നും വേണ്ടിവന്നില്ല. കല്യാണമൊക്കെ ഭംഗിയായി നടന്നു.

ഇവിടുള്ളവരോട് ഞാന്‍ ഈ കഥകളൊക്കെ പറയുമ്പോള്‍ അവര്‍ക്ക് അത്ഭുതമാണ്. തീരെ പരിചയമില്ലാത്തവര്‍ തമ്മില്‍ എങ്ങിനെ വിവാഹിതരാകും എന്നത് അവര്‍ക്ക് മനസ്സിലാകുകയേയില്ല. തമ്മില്‍ കണ്ടിട്ടുപോലുമില്ലാത്തവര്‍ എന്നു പറയുമ്പോള്‍ അവര്‍ പരിഭ്രാന്തരാകും - വിശേഷിച്ച് എന്റെ നല്ലപാതിയുടെ കൂട്ടുകാര്‍. എന്തൊക്കെയായാലും അത്തരം ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി ഈ ഡിസംബറില്‍ ഞങ്ങള്‍ വിവാഹജീവിതത്തിന്റെ പതിഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഞങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍നിന്ന് സന്തോഷത്തോടെതന്നെ ഇപ്പോഴും ജീവിക്കുന്നു.

ഇന്നിപ്പോള്‍ കല്യാണത്തിന്റെ രീതികള്‍ തന്നെ മാറി. ആണായാലും പെണ്ണായാലും അങ്ങോട്ടുമിങ്ങോട്ടും നല്ലപോലെ മനസ്സിലാക്കിയേ അറേഞ്ജ്ഡ് മാര്യേജിനുപോലും സമ്മതിക്കൂ. അങ്ങോട്ടുമിങ്ങോട്ടുമുള്ള സാമ്പത്തിക ഇടപാടുകളൊക്കെ കൃത്യമായി രേഖപ്പെടുത്താമെന്നായി. ബ്രോക്കറുടെ സ്ഥാനം ഇന്റര്‍നെറ്റ് ഏറ്റെടുത്തു. വിവാഹനിശ്ചയം തന്നെ വലിയൊരു ഈവന്റ് ആയി. കല്യാണത്തലേന്ന് "സംഗീത്" ചടങ്ങ് പ്രചാരത്തിലായി. നാട്ടുകാരുടെ കൂട്ടായ്മയില്‍ വീട്ടുമുറ്റത്തെ പന്തലില്‍ നടന്നിരുന്ന കല്യാണങ്ങള്‍ 'ഇവന്റ് മാനേജ്മെന്റ്' കമ്പനികളുടെ മേല്‍നോട്ടത്തില്‍ ശീതീകരിച്ച വിവാഹവേദികളിലായി. ആയിരക്കണക്കിനാളുള്‍ പങ്കെടുക്കുന്ന ദൃശ്യവിസ്മയമായി. ഡസന്‍കണക്കിന് ഡിജിറ്റല്‍ വിഡിയോ കാമറകളും ഡ്രോണ്‍ കാമറകളും അതൊക്കെ ഒപ്പിയെടുത്ത് സിനിമാപരുവത്തിനാക്കിത്തരുന്നു.

ഇതൊക്കെക്കണ്ട് ആധുനികരായ ഈ രണ്ടു പഴമനസ്സുകാര്‍ ചിരിക്കുന്നു - ചിലതിന്റെയൊക്കെ വ്യര്‍ത്ഥത മനസ്സിലാക്കിയും ചിലതൊക്കെ ഒട്ടും മനസ്സിലാക്കാതേയും. "വിവാഹം സ്വര്‍ഗ്ഗത്തില്‍ നടന്നാലും ജീവിതം ഭൂമിയില്‍ വിതുമ്മിനില്‍ക്കും; വ്യാമോഹം മാനത്തുപറന്നാലും വാസ്തവം ഭൂമിയില്‍ ഒതുങ്ങിനില്‍ക്കും" എന്നാണല്ലോ കവി പാടിയത്. വിവാഹത്തോളം തന്നെ സാധുത നേടിയ വിവാഹമോചനം സാക്ഷി!

പോയ പതിനഞ്ചുവര്‍ഷങ്ങളേപ്പറ്റി വലിയ അവകാശവാദങ്ങളൊന്നുമില്ല. ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വ്യതസ്തരായ വ്യക്തികളാണെങ്കിലും പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും സഹായത്തിലുമൂന്നിയ ഒരു ബന്ധം രൂപപ്പെടുത്തിയെടുക്കാനായിട്ടുണ്ട്. ഞങ്ങളുടെ മനപ്പൊരുത്തമോ ആശയപ്പൊരുത്തമോ ബുദ്ധിയോ ഒന്നുമല്ല അതിനു കാരണം - ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളാണ്. ഒരിക്കല്‍ ഒരു ഡോക്റ്റര്‍ ഞങ്ങളോടു പറഞ്ഞപോലെ, ഒരു പ്രതിസന്ധിയുണ്ടായാല്‍ പിന്നെ നിങ്ങളുടെ ജീവിതം ഒരിക്കലും പഴയപോലെയാവില്ല. ഒന്നുകില്‍ അത് പണ്ടത്തേതിലും ദുര്‍ബ്ബലമാകും അല്ലെങ്കില്‍ പണ്ടത്തേതിലും ശക്തമാകും. ഞങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ അതിനെ ശക്തിപ്പെടുത്തുന്നതായിരുന്നു. ഇന്ന് ഞങ്ങള്‍ പരസ്പരം വളരേയധികം പേഴ്സനല്‍ സ്പേസ് അനുവദിച്ചുകൊടുത്തുകൊണ്ടും, ഒരു കഷണം തുണി വാങ്ങാന്‍ പോലും പരസ്പരം ചോദിച്ചുറപ്പിക്കേണ്ട അവസ്ഥയിലാണ്. അങ്ങോട്ടുമിങ്ങോട്ടും താങ്ങും തണലുമായിരിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമുണ്ടെന്ന ബോദ്ധ്യം തന്നെയാണ് ഈ ബന്ധത്തെ ഉറപ്പിച്ചുനിര്‍ത്തുന്നത്.

ഇതുവരെയുള്ള ദാമ്പത്യജീവിതത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇനിയൊരു ജന്മത്തില്‍ ഇവളേത്തന്നെ മതിയാവുമോ എന്ന ചോദ്യത്തിന്, മതിയാവും എന്ന ഉത്തരം നല്‍കാന്‍ കഴിയുന്നത്രയും സന്തുഷ്ടന്‍. അതുതന്നെ ഒരു വലിയ കാര്യമല്ലേ?

Monday, November 2, 2015

ജീവിതം പഠിപ്പിച്ചത്

ചെറുതായിരിക്കുമ്പോള്‍ നിങ്ങളുടെ അച്ഛനമ്മമാര്‍ നിങ്ങളെ എന്തൊക്കെയാണ് പഠിപ്പിച്ചത്? അവയേപ്പറ്റി നിങ്ങളുടെ അനുഭവങ്ങള്‍ എന്താണ്? നിങ്ങള്‍ നിങ്ങളുടെ മക്കളെ എന്താണ് പഠിപ്പിക്കുക?

റേഡിയോയില്‍ കേട്ട ഒരു ചോദ്യമാണ്. രാവിലെ ജോലിക്കുപോകുമ്പോള്‍ ഇവിടുത്തെ തമിഴ് റേഡിയോ കേള്‍ക്കുന്ന പതിവുണ്ട്. അധികവും ശ്രീലങ്കന്‍ തമിഴരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പരിപാടിയാണെങ്കിലും വളരേ ഭംഗിയായ അവതരണവും പക്വമായ പ്രേക്ഷകപങ്കാളിത്തവും ഉള്ളതുകൊണ്ട് ഞാന്‍ പതിവായി അതിനെ യാത്രയില്‍ കൂടെക്കൂട്ടാറുണ്ട്.

ഈയൊരു ചോദ്യം എന്തുകൊണ്ടോ മനസ്സില്‍ തറച്ചു. ചില കണക്കെടുപ്പുകളൊക്കെ നടക്കുന്ന പ്രായത്തിലെത്തിയതുകൊണ്ടാകണം.

ഓര്‍മ്മകള്‍ കുറേ ചികഞ്ഞുനോക്കി. അച്ഛനമ്മമാര്‍ പറയുന്നതുകേ‌ള്‍ക്കുന്ന ശീലം ഇല്ലാതിരുന്നതുകൊണ്ട് അധികമൊന്നും ഓര്‍മ്മയില്ല. അച്ഛന്‍ അങ്ങനെ അധികം ഉപദേശിക്കാറില്ല. അമ്മയ്ക്കാണെങ്കില്‍ ഉപദേശം ഒഴിഞ്ഞുള്ള നേരവുമില്ല.

'ഏതെങ്കിലുമൊരു പെണ്ണ് പരാതിയും പറഞ്ഞോണ്ട് വീട്ടില്‍ വന്നാല്‍ നല്ല അസ്സല് പെട എന്റെ കയ്യീന്ന് കിട്ടും' എന്ന് അച്ഛന്‍ പറഞ്ഞത് ഏറെക്കാലം മനസ്സിലുണ്ടായിരുന്നതുകൊണ്ട് സ്ത്രീവിഷയത്തില്‍ ഞാന്‍ എന്നും വളരേ മുന്‍കരുതലുള്ള ആളായിരുന്നു. അത് തീര്‍ച്ചയായും അനാവശ്യമായ കുഴപ്പങ്ങളില്‍നിന്ന് എന്നെ രക്ഷിച്ചിരിക്കണം. 'തന്തേം തള്ളേം കൊറേ സമ്പാദിച്ചുവെച്ചിട്ടുണ്ട് എന്നുവെച്ച് തോന്ന്യോണം നടക്കാനാണെങ്കി തന്നത്താന്‍ അനുഭവിക്ക്യേള്ളൂ. നിങ്ങക്കാര്‍ക്കും വേണ്ടി ഞങ്ങളൊന്നും ഇണ്ടാക്കി വെച്ചട്ടില്ല്യ. നിങ്ങടേന്ന് ഞങ്ങക്കൊന്നും ഒട്ടു വേണ്ടേനും. ഞങ്ങക്കുവേണ്ട പെന്‍ഷന്‍ സര്‍ക്കാര് തന്നോളും. അവനോന്റെ കാര്യം നോക്ക്യാ അവനോന് കൊള്ളാം' എന്ന ഉപദേശമാണ് അമ്മ പറഞ്ഞതില്‍ എനിക്ക് ഓര്‍മ്മയുള്ളത്.

അതൊഴികെ അവരെന്തെങ്കിലും പറഞ്ഞുതന്നിട്ടുണ്ടെങ്കില്‍ അവരോടു സഹതാപമുണ്ട്. കാരണം അതൊക്കെ ഒരു ചെവിയില്‍ കയറി അതേ ചെവിയിലൂടെ പുറത്തേയ്ക്ക് തെറിച്ചുപോയിട്ടേയുള്ളൂ.

പക്ഷേ എന്റെ മകനെ ചില കാര്യങ്ങള്‍ പഠിപ്പിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം ഈ പാഠങ്ങള്‍ ജീവിതം എന്നെ പഠിപ്പിച്ചതാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയും വേണ്ടരീതിയില്‍ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്. ഇതു ഞാന്‍ പറയാന്‍ കാരണം, ബന്ധങ്ങളില്‍നിന്ന് വളരേയധികം നേട്ടങ്ങള്‍ മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ എന്നതുകൊണ്ടാണ്.

എല്ലാം തികഞ്ഞ സുഹൃത്തുക്കളെ കണ്ടെത്തണമെന്നല്ല അതിനര്‍ത്ഥം. ഒരു സംശയം വന്നാല്‍ പറഞ്ഞുതരാന്‍ കഴിയുന്നവനായിരിക്കില്ല, അസുഖം വരുമ്പോള്‍ ആശുപത്രിയിലേയ്ക്ക് ഓടിയെത്തുക. ഈ രണ്ടുപേരുമായിരിക്കില്ല, പണത്തിന് ഞെരുക്കം വരുമ്പോള്‍ സഹായിക്കാന്‍ മുന്നോട്ടുവരിക. ഇക്കൂട്ടരില്‍ ആരുമായിരിക്കില്ല ഭംഗിയായി പ്ലാന്‍ ചെയ്ത് ഒരു പാര്‍ട്ടി നടത്തിത്തരാന്‍ സഹായിക്കുക. കൂട്ടത്തില്‍ കൊള്ളരുതാത്തവന്‍ എന്നു കരുതപ്പെടുന്നവനാവും ഒരത്യാവശ്യം വരുമ്പോള്‍ ജാമ്യം നില്‍ക്കാന്‍ വരിക. ഇവര്‍ക്കെല്ലാം അവരവരുടേതായ സ്ഥാനവും അവരര്‍ഹിക്കുന്നത്രയും അടുപ്പവും ഉണ്ടാകണം. സുഹൃത്തുക്കളെല്ലാം അവരുടേതായ രീതിയില്‍ പ്രധാനപ്പെട്ടവരാണെന്ന് തോന്നിപ്പിക്കുകയും അതേസമയം അവരുമായുള്ള 'ശരിദൂരം' (അഥവാ ശരിസാമീപ്യം) സൂക്ഷിക്കുകയും ചെയ്യുക എന്നത് അവശ്യം വേണ്ടുന്ന ഒരു സാമര്‍ത്ഥ്യമാണ്. അത് എന്റെ മകന് പകര്‍ന്നുകൊടുക്കണം എന്നാണ് എന്റെ ആഗ്രഹം.

രണ്ടാമതായി പഠിപ്പിക്കാനുള്ളത് തീരുമാനങ്ങളേക്കുറിച്ചാണ്. എന്റെ ജീവിതത്തില്‍ ഞൊടിയിടയില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുള്ള സാഹചര്യങ്ങള്‍ തീരെ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. അതുകൊണ്ട്, എടുത്തുചാടി ഒന്നും ചെയ്യുകയോ പറയുകയോ അരുത് - വിശേഷിച്ച് അത്തരം കാര്യങ്ങള്‍ എന്നെന്നേയ്ക്കുമായി ലോകമാസകലം കാണുമാറ് രേഖപ്പെടുത്തിവെയ്ക്കുന്ന ഈ ഇന്റര്‍നെറ്റ് ആസുരകാലത്ത്. പെട്ടന്ന് തീരുമാനിക്കാന്‍ നിര്‍ബന്ധിക്കുന്ന ആള്‍ക്കാരില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും നിര്‍ദ്ദാക്ഷിണ്യം ഒഴിഞ്ഞുമാറുക. ആലോചിച്ചെടുത്ത തീരുമാനങ്ങള്‍ ചിലപ്പോള്‍ പിഴച്ചുപോയെന്നു വരാം. പക്ഷേ അതില്‍ ഒരിക്കലും പശ്ചാത്തപിക്കാതിരിക്കുക. തീരുമാനങ്ങള്‍ സ്വന്തമാണെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ എന്തുതന്നെയായാലും അതില്‍ അമിതാഹ്ലാദമോ ദുഃഖമോ ഉണ്ടാകില്ലെന്നാണ് എന്റെ അനുഭവം.

പണം, അധികാരം എന്നിവയ്ക്ക് അര്‍ഹമായ മാന്യത നല്‍കുക എന്നതാണ് മൂന്നാമതായി നല്‍കാനുള്ള പാഠം. 'അര്‍ഹമായ' എന്നു പറയുമ്പോള്‍, ഏതാണ്ട് 'കൃത്യമായ' എന്ന അര്‍ത്ഥത്തില്‍ത്തന്നെയാണ് പറയുന്നത്. പണം പ്രധാനപ്പെട്ടതാണ്. സമ്പന്നനാവാന്‍ ശ്രമിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണ് അവനവന്റെ 'പേഴ്സനല്‍ സ്പേസും' 'കംഫര്‍ട്ട് സോണും'. അധികാരത്തിന്റെ കാര്യത്തിലാണെങ്കില്‍, ലോകത്തില്‍ ഏതാണ്ട് എല്ലാവരും തന്നെ ഒരു അധികാരശൃംഖലയുടെ ഭാഗമാണ്. നമ്മോടുള്ള ബഹുമാനം നിലനില്‍ക്കുന്ന രീതിയിലേ നമ്മുടെ അധികാരം ഉപയോഗിക്കാവൂ. നമ്മുടെ ബഹുമാനം നിലനില്‍ക്കുംവണ്ണമേ നമ്മുടെ അധികാരികളെ നമ്മോട് ഇടപെടാന്‍ അനുവദിക്കാവൂ. അപ്പോഴും ഈ അധികാരശൃംഖല നിലനില്‍ക്കേണ്ടത് വ്യവസ്ഥിതിയുടെ നിലനില്‍പിന് ആവശ്യമാണെന്നു മനസ്സിലാക്കി അതിനു കോട്ടം തട്ടാതിരിക്കുംവിധമുള്ള വിട്ടുവീഴ്ചകള്‍ ചെയ്യുകയും വേണം.

ഇനി പറയാനുള്ളത് സ്വഭാവത്തേക്കുറിച്ചാണ്. 'സ്വഭാവഗുണ'ത്തേക്കാള്‍ എനിക്കിഷ്ടം 'സ്വഭാവദാര്‍ഢ്യ'മാണ്. ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുക. ഇന്നു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ നാളെ തെറ്റാണെന്ന് മനസ്സിലായാല്‍ ഉടന്‍ തിരുത്തുക (അങ്ങനെ ചെയ്യാന്‍ ഒരാള്‍ക്കും അധികം വിശദീകരണം കൊടുക്കേണ്ട കാര്യമില്ല). ശരിയെന്നു തോന്നുന്നെങ്കിലും ചെയ്യാന്‍ കെല്‍പ്പില്ലാത്ത കാര്യമാണെങ്കില്‍ നല്ല ഉറപ്പോടെതന്നെ അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. സ്വഭാവദാര്‍ഢ്യമുള്ളവന്റെ മറ്റൊരു ഗുണമാണ് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുക എന്നത്. നിന്റെ എല്ലാ രഹസ്യങ്ങളും അറിയാന്‍ അധികാരമുള്ള ഒരാളും ഈ ഭൂമിയിലില്ല, എന്ന് ഉറപ്പിച്ചേക്കുക. പിന്നെ, കഴിയുന്നതും നുണ പറയാതിരിക്കുക - കാരണം, പറഞ്ഞ എല്ലാ നുണകളും എല്ലാകാലത്തും ഓര്‍ത്തുവെയ്ക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ സത്യം പറയാതിരിക്കാം.

അവസാനമായി പറയാനുള്ളത് വിശ്വാസത്തേപ്പറ്റിയാണ്. എല്ലാകാര്യങ്ങളും തൊട്ടും കണ്ടും തന്നെ ബോധ്യപ്പെടാന്‍ കഴിയില്ലെന്നത് ശരിതന്നെ. പക്ഷേ വിശ്വാസത്തെ ഒരിക്കലും അന്വേഷണബുദ്ധിയ്ക്ക് പകരംവയ്ക്കരുത്. ധാരാളം വായിക്കണം. സ്വന്തം നിലപാടുകള്‍ക്കു വിപരീതമായ ആശയങ്ങള്‍ കൂടി കേള്‍ക്കുകയും വായിക്കുകയും വേണം. പഠിച്ചുറപ്പിച്ച കാര്യങ്ങള്‍ പോലും നിരന്തരം സ്വയം ചോദ്യം ചെയ്തുകൊണ്ടിരിക്കണം. ഒന്നും മറ്റൊന്നും തമ്മിലുള്ള വ്യത്യാസം തോന്നിപ്പിക്കുന്നത് അജ്ഞാനമാണെന്ന അദ്വൈതചിന്തയോട് യോജിക്കുന്നയാളാണ് ഞാന്‍. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ദ്രവ്യവും ഊര്‍ജ്ജവും പോലും ഒന്നാണെന്ന് ഐന്‍സ്റ്റൈന്‍ ചൂണ്ടിക്കാട്ടിയപ്പോഴല്ലേ നമുക്ക് മനസ്സിലായത്! അതുകൊണ്ട് വിശ്വാസങ്ങളെ - വിശേഷിച്ച് മതവിശ്വാസത്തെ- വളരേ പരിമിതമായിവേണം ആശ്രയിക്കാന്‍.

ഇനിയൊരു ബോണസ് ഉപദേശം കൂടിയുണ്ട്. ഇതെന്റെ സ്വന്തമല്ല. പണ്ട് രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന കാലത്ത് സോഹന്‍ലാല്‍ എന്ന ഒരു പഞ്ചാബി വെല്‍ഡിങ്ങ് ഇന്‍സ്പെക്റ്റര്‍ വരുമായിരുന്നു. സാധാരണ പഞ്ചാബികളേപ്പോലെ സരസനും പ്രായോഗികബുദ്ധിയുള്ളവനുമായിരുന്നു അദ്ദേഹം. "നിങ്ങളുടെ നാട്ടിലൊക്കെ നിങ്ങള്‍ കുട്ടികളോടു പറയുക, നീ പട്ടിണികിടന്നാലും വേണ്ടില്ല, നല്ലോണം പഠിക്കണം എന്നാണ്. ഞങ്ങള്‍ അങ്ങനെയല്ല. നീ പഠിച്ചില്ലെങ്കിലും വേണ്ടില്ല, നല്ലോണം ഭക്ഷണമൊക്കെ കഴിച്ച്, നല്ല ആരോഗ്യമുള്ളയാളായി വളരുക. ആരോഗ്യമുള്ളിടത്തോളം കാലം ജോലിചെയ്തു ജീവിക്കാന്‍ ഒരു കുഴപ്പവുമുണ്ടാകില്ല."

എന്നേപ്പോലെ ഒരു സാധാരണ മിഡില്‍ക്ലാസ് ജീവിതമായിരിക്കും എന്റെ മകനും എന്ന ധാരണയിലാണ് ഈ ഉപദേശങ്ങളൊക്കെ, കേട്ടോ. അവനൊരു രാഷ്ട്രീയനേതാവോ, പരിസ്ഥിതിവാദിയോ, നിയമപാലകനോ, കോര്‍പ്പറേറ്റ് നേതാവോ ഒക്കെയാണ് ആവുന്നതെങ്കില്‍ ഇതില്‍ പല ഉപദേശങ്ങള്‍ക്കും യാതൊരു പ്രസക്തിയുമുണ്ടാകില്ല. അപ്പോള്‍ അവന് ജീവിതത്തിന്റെ കനല്‍വഴികളിലൂടെ നടന്ന് മറ്റൊരുകൂട്ടം ജീവിതപാഠങ്ങള്‍ പഠിച്ച് അവന്റെ മകന് പകര്‍ന്നുകൊടുക്കാനുണ്ടാകുമായിരിക്കും.

ജീവിതത്തിന്റെ രീതിതന്നെ അതാണല്ലോ.

Saturday, October 3, 2015

ഫോക്സ്‌വാഗന്റെ പുക

ഒരു ഗ്രാമം മുഴുവന്‍ ഇരുട്ടിലാക്കുംവിധം നാലു പാടും ഗുമുഗുമാന്ന് കറുത്ത പുക തുപ്പിക്കൊണ്ട് നീങ്ങിക്കൊണ്ടിരിക്കുന്ന കല്‍ക്കരി എഞ്ചിനുള്ള ഒരു തീവണ്ടി. എഞ്ചിന്റെ മുമ്പില്‍ വലിയൊരു ഫോക്സ്‌വാഗന്‍ മുദ്ര. ഫോക്സ്‌വാഗന്‍ കമ്പനിയുടെ 'പുകപരിശോധനാ തട്ടിപ്പ്' പുറത്തുവന്നപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വന്ന ഒരു രസികന്‍ ചിത്രമാണ്.

അതിനുപിന്നാലെ വേറൊരു വാര്‍ത്തയും വന്നു. ഈ പുകപ്രശ്നം പരിഹരിക്കാനായി ഫോക്സ്‌വാഗന്‍ കാറുകളുടെ ഇന്ധനക്ഷമത കുറയ്ക്കേണ്ടി വരുമത്രേ. ഇതെന്തു കഥ! പുക കുറയണമെങ്കില്‍ ഇന്ധനക്ഷമത കൂട്ടുകയല്ലേ വേണ്ടത്?

പുക കുറച്ചു കാണിക്കാനാണല്ലോ അവര്‍ സോഫ്റ്റ്‌വെയറില്‍ തിരിമറി നടത്തിയത്. കൃത്യമായി പറഞ്ഞാല്‍ പുകപരിശോധന നടക്കുന്നുണ്ടോയെന്ന് കാറിനുള്ളിലെ 'കമ്പ്യൂട്ടര്‍' സ്വയം കണ്ടുപിടിക്കും. അങ്ങനെയെങ്കില്‍ 'പുക' കുറച്ചു പുറത്തുവിടുന്ന തരത്തില്‍ എഞ്ചിന്‍ ഓടും വിധം ആ കമ്പ്യൂട്ടര്‍ സെറ്റ് ചെയ്യും. അല്ലാത്തപ്പോള്‍ പതിവുപോലെയും. നോക്കണേ! ലിങ്കന്‍ നാവിഗേറ്ററും ജിഎംസി യൂക്കോണും കാഡില്ലാക് എസ്കലേഡുമൊക്കെ റോഡിലങ്ങനെ നെഞ്ചുവിരിച്ച് ഇന്ധനം കത്തിച്ചു തള്ളുന്ന അമേരിക്കയില്‍ ചുമ്മാ ഇന്ധനക്ഷമത പ്രദര്‍ശിപ്പിക്കാനായി ഫോക്സ്‌വാഗനേപ്പോലുള്ള ഒരു സ്ഥാപനം ഇമ്മാതിരി ചീളു വേല കാണിക്കേണ്ട കാര്യമുണ്ടായിരുന്നോ?

മിക്ക റിപ്പോര്‍ട്ടുകളിലും ഇതിന്റെ വിശദാംശങ്ങളൊന്നും കണ്ടില്ല. ആടിനെ പട്ടിയാക്കുകയും പശുവിനെ ബീഫാക്കുകയും ചെയ്യുന്ന സംവാദ രീതിയാണല്ലോ എവിടേയും. വസ്തുതകളൊക്കെ ആര്‍ക്കുവേണം. അവസാനം ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിലെ വായനക്കാരന്റെ കമെന്റിലാണ് ശരിയായ സൂചനകള്‍ കിട്ടിയത്*.

പുകയേക്കാള്‍ പ്രശ്നം പുകയ്ക്കുള്ളിലെ ഘടകങ്ങളാണ്. അതായത് എത്രമാത്രം പുക എന്നതിനേക്കാള്‍ പുകയ്ക്കുള്ളിലെ ചില ഘടകങ്ങള്‍ എത്രത്തോളം എന്നതാണ് എമിഷന്‍ ടെസ്റ്റില്‍ പരിശോധിക്കുന്നത്.

അമേരിക്കയിലെ പുകപരിശോധനയില്‍ ഡീസല്‍ എഞ്ചിനുകളുടെ പുകയില്‍ എത്രമാത്രം നൈട്രസ് ഓക്സൈഡ് അടങ്ങിയിട്ടുണ്ട് എന്നാണ് പരിശോധിക്കുന്നത്. പുറത്തേയ്ക്കുവരുന്ന പുകയില്‍ നൈട്രസ് ഓക്സൈഡിന്റെ അളവ് കുറയ്ക്കാനായി പുകക്കുഴലില്‍ 'കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍" എന്ന ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. നൈട്രസ് ഓക്സൈഡിനെ ഒരു സ്പോഞ്ച് പോലെ വലിച്ചെടുക്കുക എന്നതാണ് കാറ്റലിറ്റിക് കണ്‍വര്‍ട്ടറിന്റെ ജോലി.

സ്പോഞ്ചിനേപ്പോലെത്തന്നെ, കാറ്റലിറ്റിക് കണ്‍വര്‍ട്ടറിന് വലിച്ചെടുക്കാവുന്ന അളവിന് ഒരു പരിധിയുണ്ട്. അതിനപ്പുറമായാല്‍ 'പിഴിഞ്ഞു കളയണം'. കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍ അതു ചെയ്യുന്നത് പുകയിലെത്തന്നെ ചൂടുപയോഗിച്ച് അതിനെ വിഘടിച്ചുകൊണ്ടാണ്. ഫോക്സ്‌വാഗനേപ്പോലുള്ള ഒരു ഇന്ധനക്ഷമമായ എഞ്ചിനില്‍ കാറ്റലിറ്റിക് കണ്‍വര്‍ട്ടറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ചൂട് ഉല്‍പാദിപ്പിക്കപ്പെടുന്നില്ല.

അതായത് നൈട്രസ് ഓക്സൈഡ് പുകക്കുഴലിലൂടെ പുറന്തള്ളാതിരിക്കണെമെങ്കില്‍ വണ്ടി ഓടിക്കാനാവശ്യമുള്ളത്രയും ഇന്ധനം മാത്രം കത്തിച്ചാല്‍ പോരാ, കാറ്റലിറ്റിക് കണ്‍വര്‍ട്ടറിന് ആവശ്യമുള്ള ചൂട് ഉല്‍പാദിപ്പിക്കാനുള്ളതും കത്തിക്കണം എന്നര്‍ത്ഥം.

അങ്ങനെ ഇന്ധനം കൂടുതല്‍ കത്തിക്കാതെ ഇമ്മാതിരി തിരിമറി ചെയ്യാനും ഒരു കാരണമുണ്ട്.

യൂറോപ്പില്‍ പുകപരിശോധനയില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ തോതാണ് പരിശോധിക്കുന്നത്. അതിന്റെ അളവ് ഇന്ധനക്ഷമതയുമായി നേരേ അനുപാതത്തിലാണ്. അതായത് യൂറോപ്പിലെ നിലവാരത്തിനനുസരിച്ച് ഇതൊരു ഒന്നാന്തരം എഞ്ചിനാണ്. പക്ഷേ അമേരിക്കയില്‍ ഇത് നിലനില്‍ക്കില്ല. അങ്ങനെ വരുമ്പോള്‍ കമ്പനിയുടെ മുമ്പില്‍ നേരായ രണ്ടു വഴികളേയുള്ളൂ. ഒന്ന്, അമേരിക്കയ്ക്കുവേണ്ടി വേറൊരു എഞ്ചിന്‍ തയ്യാറാക്കുക, അല്ലെങ്കില്‍ അമേരിക്കന്‍ വണ്ടികള്‍ക്കായി സോഫ്റ്റ്‌വെയറിന്റെ വേറൊരു പതിപ്പ് തയ്യാറാക്കുക. രണ്ടും ഏറെ ചിലവേറിയ ഏര്‍പ്പാടുകളാണ്.

എന്നുകരുതി ഇമ്മാതിരി തട്ടിപ്പ് ആരെങ്കിലും ചെയ്യുമോ?

അങ്ങനെ ചോദിച്ചാല്‍, ....എനിക്ക് എന്റെവക ഒരു തിയറിയുണ്ട്. ഇതുവെറും തള്ളാണ്, മുകളില്‍ പറഞ്ഞ വസ്തുതകളുടെയത്രയും നിലവാരം ഇതിനു പ്രതീക്ഷിക്കരുത്.

എഞ്ചിനീയറിങ്ങിന് - വിശേഷിച്ച് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് കൃത്യത (precision/accuracy) ഒരു അവശ്യഘടകമാണ്. സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ അത്രകണ്ട് കൃത്യതയ്ക്കായി ആരും ശാഠ്യം പിടിക്കാറില്ല. കൃത്യത ഒഴിവാക്കാനാവാത്ത ഇടങ്ങളിലെല്ലാം സോഫ്റ്റ്‌വെയറും കൃത്യമായേ പറ്റൂ. പക്ഷേ എല്ലാം കൊണ്ടും കൃത്യമായ ഒരു സോഫ്റ്റ്‌വെയര്‍ വളരേ വിരളമായേ ഇറങ്ങിയിട്ടുണ്ടാവൂ. അതുകൊണ്ടുതന്നെ ഞങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്സ് 'അല്പസ്വല്പം' അഡ്ജസ്റ്റ്മെന്റ് പലപ്പോഴും ചെയ്യാറുണ്ട്.

ഉദാഹരണത്തിന് ഒരു ഓണ്‍ലൈന്‍ ഷോപ്പിങ്ങ് അപ്ലിക്കേഷന്റെ കാര്യമെടുക്കാം. ഒരു ഉപഭോക്താവ് ഒരു ഉല്പന്നം ഷോപ്പിങ്ങ് കാര്‍ട്ടിലിട്ട് അത് വാങ്ങാതെ പോയാല്‍ മാര്‍ക്കെറ്റിങ്ങ് ഡിപ്പാര്‍ട്ട്മെന്റിലേയ്ക്ക് ഒരു ഇമെയില്‍ പോകണം എന്ന ഒരു ഉപാധിയുണ്ടെന്ന് കരുതുക. സോഫ്റ്റ്‌വെയര്‍ റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് ഒരു പ്രശ്നം കണ്ടെത്തുന്നു - ഇമെയില്‍ അഡ്രസില്‍ ചില വിശേഷ ചിഹ്നങ്ങള്‍ ഉണ്ടെങ്കില്‍ അപ്ലിക്കേഷന്‍ ഒരു error പുറപ്പെടുവിക്കുന്നു. എന്തുചെയ്യും?

ഈ പ്രശ്നം ശരിയാക്കാന്‍ ഡെവലപ്പര്‍ക്ക് ഒരു മണിക്കൂര്‍ മതിയായിരിക്കും. പക്ഷേ ടെസ്റ്റിങ്ങ് രണ്ടാമത് ആവര്‍ത്തിക്കേണ്ടിവരും. അതുപൂര്‍ത്തിയാവാന്‍ ചിലപ്പോള്‍ ആഴ്ചകളോളം എടുക്കും

ഇങ്ങനെയുള്ള സാഹചര്യത്തില്‍ അപ്ലിക്കേഷനില്‍ മാറ്റമൊന്നും വരുത്താതെ ഒരു ചെറിയ സ്ക്രിപ്റ്റ് എഴുതി സെര്‍വറില്‍ ഇടും. സ്ക്രിപ്റ്റിന്റെ പണി ഇത്രമാത്രം - ഓരോ പതിനഞ്ചു മിനിറ്റിലും എറര്‍ ലോഗ് ചെക്ക് ചെയ്ത്, ഇമെയില്‍ ഉണ്ടാക്കി അയയ്ക്കുക.

ഇതൊരു റിസ്ക് കുറഞ്ഞ കളിയാണ് എന്നാലും വൃത്തികെട്ടതാണ്. തൊട്ടടുത്ത റിലീസില്‍ ഡെവലപ്പര്‍ അത് ശരിയാക്കിയിരിക്കും.

ഫോക്സ്‌വാഗന്‍ ഡിസൈന്‍ ടീമിനുമുമ്പില്‍ ഈ പ്രശ്നം വന്നപ്പോള്‍ 'നമുക്ക് തല്കാലം ഇങ്ങനൊരു കളി കളിക്കാം' എന്ന് നിര്‍ദ്ദേശിച്ചയാള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ തന്നെയായിരിക്കും എന്നാണ് എന്റെ തോന്നല്‍. അയാളെസംബന്ധിച്ചിടത്തോളം ഒരു സഹജമായ പ്രതികരണമാണത്.

എന്നാല്‍ അയാള്‍ പോലും ഇതൊരു സ്ഥിരം പ്രതിവിധിയായിട്ടായിരിക്കില്ല ഇതിനെ കരുതിയിരിക്കുക. അധികം താമസിയാതെ കാര്‍ബണ്‍ എമിഷനും നൈട്രസ് ഓക്സൈഡ് എമിഷനും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു combustion cycle എഞ്ചിനീയര്‍മാര്‍ കണ്ടെത്തുമെന്നും അന്ന് ഒരു സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്നുമുള്ള ധാരണയിലായിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാകുക.

ചിലപ്പോള്‍ ആളുകള്‍ മാറും. ചിലപ്പോള്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റു പണികള്‍ വന്നുകാണും. അല്ലെങ്കില്‍ പ്രതീക്ഷിച്ചത്ര വേഗത്തില്‍ യൂറോപ്പിനും അമേരിക്കയ്ക്കും സ്വീകാര്യമായ ഒരു എഞ്ചിന്‍ പ്രവര്‍ത്തനരീതി കണ്ടെത്താന്‍ എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ട് വര്‍ഷങ്ങളോളം ഈ അഡ്ജസ്റ്റ്മെന്റ് പരിഹരിക്കാതെ കിടന്നു. ദൗര്‍ഭാഗ്യവശാല്‍, തീര്‍ത്തും നിര്‍ദ്ദോഷമായ ഒരു അക്കാഡമിക്ക് ഗവേഷണത്തിനിടയില്‍ അവര്‍ പിടിക്കപ്പെടുകയും ചെയ്തു.

പാവം ഫോക്സ്‌വാഗന്‍!



*അവലംബം.



തിരുത്ത്: വിക്കിപീഡിയയിലെ ലേഖനവും അനുബന്ധമായ രേഖകളും അനുസരിച്ച് ഈ എഞ്ചിന്‍ യൂറോപ്പിയന്‍ നിലവാരത്തിനനുസരിച്ചും മോശമാണ്. യൂറോ 5 സ്റ്റാന്‍ഡേഡില്‍ കാര്‍ബണ്‍ ഡയോക്സൈഡ് മാത്രമല്ല, നൈട്രസ് ഓക്സൈഡ് എമിഷനും പരിശോധിക്കുന്നുണ്ട്. ബ്രിട്ടണില്‍ മാത്രമാണ് നൈട്രസ് ഓക്സൈഡ് എമിഷനു പകരം കാര്‍ബണ്‍ ഡയോക്സൈഡ് എമിഷന്‍ പരിശോധിക്കുന്നത്.

Saturday, April 18, 2015

ഒരു വിനോദത്തിന്റെ ഉപസംഹാരം.

അങ്ങനെ അതങ്ങു തീരുമാനിച്ചു. ഇതെന്റെ അവസാനത്തെ കമ്പ്യൂട്ടര്‍ അസ്സംബ്ലി ആയിരിക്കും

ഈ ഏര്‍പ്പാട് സത്യത്തില്‍ ലാഭകരമല്ല. ഇതുവരെ കമ്പ്യൂട്ടര്‍ അസ്സംബിള്‍ ചെയ്യാന്‍ ചിലവായ പണമുണ്ടായിരുന്നെങ്കില്‍ കുറഞ്ഞത് രണ്ട് ഐമാക് എങ്കിലും വാങ്ങാമായിരുന്നു. ചിലവാക്കിയ സമയത്തിന്റെ കണക്കാണെങ്കില്‍ പറയുകയും വേണ്ട. എന്നേപ്പോലെ കമ്പ്യൂട്ടര്‍ അസ്സംബിള്‍ ചെയ്തിരുന്നവര്‍ (പ്രഫെഷനലായും ഹോബിയായും ചെയ്തിരുന്നവര്‍) ഇപ്പോള്‍ ആ പരിപാടി ഏറെക്കുറെ നിറുത്തി. അഞ്ചുവര്‍ഷം മുമ്പുവരെയുണ്ടായിരുന്നതിന്റെ എട്ടിലൊന്നു വ്യാപാരികളേ ഇപ്പോള്‍ അസ്സംബിള്‍ ചെയ്യാവുന്ന ഘടകങ്ങള്‍ വില്‍ക്കുന്നുള്ളൂ. അവര്‍ പോലും അതിന് വലിയ പ്രാമുഖ്യം നല്‍കുന്നില്ല. പണ്ടൊക്കെ ഒരു വര്‍ഷം പഴയ മോഡല്‍ ഘടകം ഏതാണ്ട് 50% വിലക്കിഴിവില്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ വര്‍ഷാവര്‍ഷമുള്ള വിലക്കിഴിവ് തുലോം തുച്ഛമാണ്.

ഇവിടങ്ങളില്‍ അസ്സംബിള്‍ ചെയ്ത ഡെസ്ക്‍ടോപ്പ് കമ്പ്യൂട്ടറിന് ആവശ്യക്കാര്‍ തീരെയില്ല. ഡെസ്ക്‍ടോപ്പിനുതന്നെ ആവശ്യക്കാരില്ലെന്നതാണ് സത്യം. ഭൂരിപക്ഷം ആളുകളും അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണിനേയോ ടാബ്ലറ്റിനേയോ ആണ് ആശ്രയിക്കുന്നത്. അതിനുപരിയായുള്ള ആവശ്യങ്ങള്‍ക്ക് ലാപ്‌ടോപ്പ് ആണ് ഉത്തമായി കരുതപ്പെടുന്നത് (എന്റെ സ്ഥാപനത്തില്‍ ഡെസ്ക്‍ടോപ് ഉപയോഗിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍).

ഒരു തനതു ഡെസ്ക്‍ടോപ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ എത്ര വയറുകളാണ് കൂട്ടിച്ചേര്‍ക്കേണ്ടത്! മോണിറ്റര്‍, കീബോര്‍ഡ്, മൌസ്, സ്പീക്കര്‍, പ്രിന്റര്‍, മോഡം, റൌട്ടര്‍, ടെലിഫോണ്‍ എന്നിവയടങ്ങുന്ന ഒരു ശരാശരി ഹോം ഓഫീസില്‍ പല തരം വയറുകളുടെ ഒരു അയ്യരുകളിയായിരിക്കും!ഇവിടെ എന്റെ വീട്ടുകാരി അതുകണ്ട് പ്രാന്തുപിടിക്കുമെന്നതുകൊണ്ട് വീടിന്റെ ഈ മൂലയിലേയ്ക്ക് വരാറേയില്ല.

ഒരേയൊരു തവണയേ വ്യാവസായികമായി നിര്‍മ്മിച്ച ഡെസ്ക്‍ടോപ് കമ്പ്യൂട്ടര്‍ ഞാന്‍ വാങ്ങിയിട്ടുള്ളൂ. 1999ല്‍ ആയിരത്തി എണ്ണൂറു ഡോളറിനു വാങ്ങിയ 'IPC'കമ്പ്യൂട്ടറായിരുന്നു അത്. അക്കാലത്ത് ഇവിടുത്തെ എല്ലാ പത്രങ്ങളിലും മിക്കവാറും ദിവസങ്ങളില്‍ ആ കമ്പനിയുടെ ഫുള്‍ പേജ് പരസ്യങ്ങള്‍ വരുമായിരുന്നു - അത്രകണ്ട് ബിസിനസ് ഉണ്ടായിരുന്നു അവര്‍ക്ക്. ഒരിക്കല്‍ ആ കമ്പ്യൂട്ടറിന് ചെറിയൊരു പ്രശ്നം വന്നപ്പോള്‍ ഞാനത് 'ഫാക്റ്ററി'യില്‍ കൊണ്ടുചെന്നു - അപ്പോഴാണ് ആ കമ്പനിയുടെ വലിപ്പം മനസ്സിലായത്. ഒരു ഇന്റസ്ട്രിയല്‍ ബില്‍ഡിങ്ങില്‍, ഇംഗ്ലീഷുപോലും നേരെ ചൊവ്വേ സംസാരിക്കാനറിയാത്ത ചൈനാക്കാര്‍ നടത്തിയിരുന്ന ഒരു സ്ഥാപനമായിരുന്നു അത്! ഏതുപ്രശ്നമാണെങ്കിലൂം ഡിസ്ക് ഫോര്‍മാറ്റ് ചെയ്യുക എന്നത് അവരുടെ പ്രതിവിധിയുടെ അവശ്യനടപടികളില്‍ ഒന്നായിരുന്നു!

ഓഫീസിലുണ്ടായിരുന്നവരുടെ കമ്പ്യൂട്ടര്‍ അസംബ്ലി ഗീര്‍വാണ വര്‍ണ്ണനകള്‍ കേട്ട് അനുരാഗവിലോചനനായി അതിലേറെ മോഹിതനായി ഈ പരിപാടി ഒന്ന് പരീക്ഷിക്കാന്‍ ഈ യുവമനസ്സ് വെമ്പി. അപ്പോഴേയ്ക്കും ആ ഐപിസിയുടെ വാറന്റിയും കഴിഞ്ഞിരുന്നതുകൊണ്ട് ആദ്യപടിയായി അതിനെത്തന്നെ ഒന്നഴിച്ച് റീഫിറ്റ് ചെയ്തുപഠിക്കാമെന്ന് ഉറപ്പിച്ചു. ആദ്യം വിഡിയോ ക്യാമറ ഓണ്‍ ചെയ്തുവെച്ചു. പിന്നെ ഷാസി തുറന്ന് ഓരോന്നായി അഴിച്ചെടുത്തു. തിരികെ അതുപോലെ ഫിറ്റ് ചെയ്തു. സംശയം വന്നപ്പോള്‍ വീഡിയോ റീപ്ലേ ചെയ്ത് ഉറപ്പുവരുത്തി. അതൊരു രണ്ടുമൂന്നു തവണ ചെയ്തപ്പോള്‍ ഒരൂട്ടം ഗുട്ടന്‍സൊക്കെ പിടികിട്ടി.

പലപ്പോഴായി വീഡിയോ കാര്‍ഡ് സൌണ്ട് കാര്‍ഡ്, ഹാര്‍ഡ് ഡിസ്ക് എന്നിവ മാറ്റാനും പുതുതായി ഒരു ഫയര്‍വയര്‍ കാര്‍ഡ് പിടിപ്പിക്കാനും വേണ്ട അറിവ് മേല്‍പറഞ്ഞ അഭ്യാസം കൊണ്ട് നേടി. 2005ലാണ് ഒരു കമ്പ്യൂട്ടര്‍ അടിമുടി അസംബിള്‍ ചെയ്യാനുള്ള ഉള്‍വിളിയുണ്ടായത്.

മുന്തിയ ഇനം കേസും മതര്‍ബോര്‍ഡും ഗ്രാഫിക്സ് കാര്‍ഡും അക്കാലത്ത് പുതുതായിരുന്ന 64 ബിറ്റ് പ്രോസസറുമൊക്കെ വാങ്ങിച്ചു. പക്ഷേ മതര്‍ബോര്‍ഡിന്റെ പെട്ടി തുറന്ന ഞാന്‍ ഞെട്ടി. എന്റെ പഴയ കമ്പ്യൂട്ടറിലുണ്ടായിരുന്ന പോലത്തെ ബോര്‍ഡേയല്ല! എല്ലാ മതര്‍ബോര്‍ഡുകളും ഒരുപോലെയായിരിക്കുമെന്ന എന്റെ മുന്‍വിധി അങ്ങനെ പൊളിഞ്ഞുപാളീസായി. അത്യാഹിതം പിന്നേയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കേസിന്റേയും മതര്‍ബോര്‍ഡിന്റേയും മാനുവല്‍ ഒക്കെ വായിച്ച് ഒരു കണക്കിന് കമ്പ്യൂട്ടര്‍ അസംബിള്‍ ചെയ്തു. വിശ്വവിഖ്യാതമായ സ്വിച്ചോണ്‍ കര്‍മ്മത്തിന് കൃത്യം പതിനഞ്ച് മില്ലിസെക്കന്റിനകം ഒരു ചെറിയ സ്പാര്‍ക്കോടെ മതര്‍ബോര്‍ഡ് ആത്മഹത്യചെയ്തു!

എന്നാലും തോല്‍വി സമ്മതിച്ച് പിന്‍മാറിയൊന്നുമില്ല. വേറൊരു മതര്‍ബോര്‍ഡ് വാങ്ങി, ഏതാണ്ട് മൂന്നുമാസമെടുത്ത് സാവധാനം പിന്നേയും അസംബിള്‍ ചെയ്തു. അത്തവണ സംഗതി വിജയിച്ചു. അക്കാലത്ത് ഗീക്കുകളുടെ ഹരമായിരുന്ന ഉബുണ്ടു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തു (അന്നൊക്കെ ഗീക്കുകളേക്കൊണ്ടേ അത് ഇന്‍സ്റ്റാള്‍ ചെയ്യാനാകുമായിരുന്നുള്ളൂ. മോണിറ്റര്‍ മുതല്‍ വീഡിയോ കാര്‍ഡ് വരെയുള്ള സകലതും സ്വയം കോണ്‍ഫിഗര്‍ ചെയ്യണമായിരുന്നു). ഏതാണ്ട് ഏഴുവര്‍ഷത്തെ സ്തുത്യര്‍ഹ സേവനം അതെനിക്കു നല്‍കി.



കേടായ പാര്‍ട്ട്സ്


അതിനുശേഷം പലവട്ടം അതിന്റെ പാര്‍ട്ട്സ് അപ്ഗ്രേഡ് ചെയ്തു. വീട്ടില്‍ ടിവിയുടെ കൂടെ ഉപയോഗിക്കാന്‍ ഒരു HTPC (Home Theater Personal Computer) അസംബിള്‍ ചെയ്തു. XBMCbuntu എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഓടുന്ന HTPC ഇപ്പോഴും ഉപയോഗത്തിലുണ്ട്.

മൂന്നു വര്‍ഷം മുമ്പ് 2005ല്‍ അസംബിള്‍ ചെയ്ത പിസി അന്തരിച്ചു. വീണ്ടും മതര്‍ബോര്‍ഡും പ്രോസസ്സറും മെമറിയുമൊക്കെ വാങ്ങാനുള്ള സാമ്പതിക ചുറ്റുപാടായിരുന്നില്ല അപ്പോള്‍. അതുകൊണ്ട് എന്റെ അക്കാലത്തെ മാനേജരുടെ വീട്ടില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു 2003 മോഡല്‍ പിസി എനിക്ക് ദാനമായി കിട്ടിയപ്പോള്‍ ഒട്ടും ഉപേക്ഷ കാണിച്ചില്ല. കഴിഞ്ഞമാസം അതും ക്രാഷ് ആയി.

ഒന്നുകില്‍ ഒരു ലാപ്‌ടോപ് വാങ്ങുക അല്ലെങ്കില്‍ പിസി അപ്ഗ്രേഡ് ചെയ്യുക എന്നീ രണ്ട് പോവഴികളേക്കുറിച്ച് കൂലംകഷമായി ചിന്തിച്ചു. എന്തുകൊണ്ടോ എന്റെ സുന്ദരന്‍ ആന്‍ടെക് അലൂമിനിയം കേയ്സിനെ ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല. മുന്നൂറ്റിയമ്പത് ഡോളര്‍ ചിലവാക്കി പുതിയ മതര്‍ബോര്‍ഡും മെമറിയും പ്രോസസറും സോളിഡ് സ്റ്റേറ്റ് ഡ്രൈവും വാങ്ങി. ഈയാഴ്ച അസംബ്ലി പൂര്‍ത്തിയാക്കി. ഇന്ന് ഉബുണ്ടുവും സിനമണ്‍ ഡെസ്ക്ടോപ്പും വളരേ സ്മൂത് ആയി ഇന്‍സ്റ്റാള്‍ ചെയ്തു. എല്ലാം ശുഭം.

അസംബ്ലി തീര്‍ന്നപ്പോള്‍


ഇത് കുറഞ്ഞത് ഏഴുവര്‍ഷമെങ്കിലും ഓടുമായിരിക്കും. അക്കാലമാകുമ്പോഴേയ്ക്കും ഒരുപക്ഷേ പാര്‍ട്ട്സ് അസംബിള്‍ ചെയ്യുന്ന ഏര്‍പ്പാടേ നിന്നിരിക്കും. ഇനി അഥവാ അങ്ങനൊന്ന് നിലനിന്നെങ്കില്‍ത്തന്നെ ഇതുപോലെ പിസി ഉണ്ടാക്കിയെടുക്കാന്‍ എന്നേക്കൊണ്ടാവുമെന്നു തോന്നുന്നില്ല. ഇപ്പോള്‍ത്തന്നെ 'വെള്ളെഴുത്ത് വന്നുപെട്ട് പുള്ളിവലഞ്ഞു' എന്നമട്ടാണ്. ചില ചെറിയ വയറുകളൊക്കെ മതര്‍ബോര്‍ഡിന്റെ പിന്നുകളിലേയ്ക്ക് ക്ലിപ് ചെയ്യാന്‍ രാവിലെ വീട്ടിനകത്തേയ്ക്ക് വെയിലടിക്കുന്ന നേരം നോക്കി ചെയ്യേണ്ടിവന്നു!

ഇതുമതി. ഇനി കാലത്തിനൊത്ത് നീങ്ങുക. വ്യാവസായികമായി നിര്‍മ്മിച്ച ഒരു ടാബ്ലറ്റോ ലാപ്‌ടോപ്പോ ആയിരിക്കും അടുത്ത അപ്ഗ്രേഡ്. പഴയ രീതികളെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ലല്ലോ, ഉണ്ടെങ്കില്‍ ഈ ബ്ലോഗ് എഴുത്താണികൊണ്ട് താളിയോലയില്‍ എഴുതേണ്ടിയിരുന്നില്ലേ.