എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, August 21, 2012

രണ്ടാമന്‍ മുതല്‍ വാലറ്റക്കാരന്‍ വരെ

"ബെര്‍ട്രാന്റ് റസ്സല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അയാളൊരു പമ്പരവിഡ്ഢിയാണെന്നു ഞാന്‍ പറയും!" ശ്രീധര്‍സാര്‍ ഗര്‍ജ്ജിച്ചു.

ഇതുപതിവുള്ളതാണ്. ഇതൊന്നും കേട്ട് ആരും നടുങ്ങാറില്ല. പുള്ളി നാലാമത്തെ പെഗ് വിസ്കി ഗ്ലാസ്സിലേയ്ക്ക് പകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ എന്റെ രണ്ടാമത്തേയും അവസാനത്തേയും പെഗ് കയ്യില്‍ വെച്ചുകൊണ്ടിരിക്കുന്നു. സാറിന്റെ ഒരു പെഗ്ഗെന്നാല്‍ അര ഗ്ലാസ്സിനു മുകളില്‍ വരും. എന്റെ പെഗ്ഗെന്നാല്‍ മൂന്നു സ്പൂണാണ്. ആറുപെഗ്ഗെത്തിയാലേ പുള്ളി നിര്‍ത്തൂ. രണ്ടാമത്തെ പെഗ്ഗില്‍ ഞാന്‍ വീലാകും. വെള്ളമടി കഴിഞ്ഞാല്‍ ഒരു കിണ്ണം ചിക്കന്‍ ബിരിയാണി കൂളായി തട്ടി, നാലു സിഗററ്റും വലിച്ച് പിന്നെയും ഒരുമണിക്കൂര്‍ ലാത്തിയടിച്ചശേഷമേ അദ്ദേഹം ഉറങ്ങൂ. എനിക്കാണെങ്കില്‍ ഈ സാധനം തലയ്ക്കുപിടിച്ചാല്‍ ഉടനേ കിടയ്ക്കപറ്റണം. മൂപ്പര്‍ നല്ല ഒന്നാന്തരം ബാംഗളൂര്‍ സിറ്റി അയ്യങ്കാരാണ്, ഞാനാണെങ്കില്‍ ഒരു 'പട്ടിക്കാട്ടു വടിനായരും'. അങ്ങേരു് ആറടി മൂന്നിഞ്ച് പൊക്കവും തൊണ്ണൂറു കിലോ തൂക്കവുമുള്ളയാള്. എന്റെ വലിപ്പം ഞാന്‍ തന്നെ പറയുന്നത് ശരിയല്ലല്ലോ, അതുകൊണ്ടു പറയുന്നില്ല.

ആദ്യത്തെ രണ്ടുപെഗ്ഗുകള്‍ വളരേ സന്തോഷത്തിലാണ് തുടങ്ങുക -ശുഭവാര്‍ത്തകള്‍, നര്‍മ്മം, കളിയാക്കല്‍, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍, സിനിമ, പരദൂഷണം എന്നിവയാണ് ആ വട്ടത്തിന്റെ മുഖമുദ്രകള്‍. മൂന്ന്, നാല് എന്നീ പെഗ്ഗുകള്‍ അകത്താകുന്നതോടെ സാറിന് രൌദ്രഭാവം വരും - എന്തുപറഞ്ഞാലും തര്‍ക്കിക്കും, ഉടക്കും. അഞ്ചാമത്തെ പെഗ്ഗില്‍ ശാന്തം - എല്ലാ സംഭാഷണങ്ങളും യുക്തിയോടെ ഉള്‍ക്കൊള്ളാനുള്ള ശ്രമമായിരിക്കും അപ്പോള്‍. ആറാമത്തേതില്‍ ആധ്യാത്മികം, ദാര്‍ശനികം, മാനവികം എന്നിങ്ങനെയുള്ള ഒരു ഉയര്‍ന്ന ചിന്താതലത്തിലെത്തും. അപ്പോഴേയ്ക്കും വിസ്കിയും കശു-കപ്പലണ്ടിയാദികളും തീര്‍ന്നുകാണും.

അന്ന്, ഏതോ എഞ്ചിനീയറിങ്ങ് വിഷയത്തേക്കുറിച്ചുള്ള ചര്‍ച്ചയാണ് തര്‍ക്കമായി മാറിയത്. വാഗ്വാദം മൂത്തപ്പോള്‍ പുള്ളി രാജകല്പന പോലെ ഒരു പ്രസ്താവനയിറക്കി "എടാ കൊച്ചേ, നിന്നേക്കാള്‍ മുപ്പത്തിരണ്ടു കൊല്ലത്തെ എക്സ്‌പീരിയന്‍സ് ഈ ഫീല്‍ഡില്‍ എനിക്കുണ്ട്. നീ എന്നെ ഒന്നും പറഞ്ഞു പഠിപ്പിക്കണ്ടാ, ഞാന്‍ പറയുന്നത് അങ്ങുകേട്ടാല്‍ മതി". ഇതു കേട്ടപ്പോള്‍ ഞാനും വിട്ടുകൊടുത്തില്ല. ആയിടെ വായിച്ച ബെര്‍ട്രാന്റ് റസ്സലിന്റെ "Lessons Of Experience" (Mortals and Others എന്ന പുസ്തകത്തില്‍നിന്ന്) എന്ന ഉപന്യാസത്തില്‍നിന്നുള്ള ഒരു വരി എടുത്തങ്ങുകാച്ചി. ആദ്യവായനയില്‍ത്തന്നെ 'ഇത് ചിലര്‍ക്കിട്ടൊരു കൊട്ടുകൊടുക്കാന്‍ പറ്റിയ വരിയാണല്ലോ' എന്നോര്‍ത്ത് അത് മനഃപാഠമാക്കി വെച്ചിരുന്നു.

"All these men have learnt from experience to believe what they already believed before they had experience, for most people learn nothing from experience except confirmation of their prejudices." (ഇവരെല്ലാം അനുഭവങ്ങളില്‍ നിന്നു പഠിച്ചത് അനുഭവങ്ങളുണ്ടാകുന്നതിനു മുന്‍പ് വിശ്വസിച്ചിരുന്ന കാര്യങ്ങള്‍തന്നെയാണ്, കാരണം മിക്കപേരും അവരുടെ മുന്‍വിധികളെ സ്ഥിരീകരിക്കുക എന്നതൊഴികെ അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല)

ഇതിനുള്ള മറുപടിയാണ് സാര്‍ അലറിപ്പറഞ്ഞത്.

ഞാന്‍ മനസ്സിലാക്കിയതല്ല അദ്ദേഹം പറയാന്‍ശ്രമിക്കുന്നതെന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി. അതെങ്ങനെ, ദ്രവ്യനല്ലേ തലയ്ക്കകത്തു കയറിയിരിക്കുന്നത്! "ഞാന്‍ വിചാരിച്ചു സാര്‍ ഇതാണ് പറയുന്നതെന്ന് - ഇപ്പോഴാണ് മനസ്സിലായത് സാര്‍ പറയുന്ന കാര്യം അതാണെന്ന്. അങ്ങനെയെങ്കില്‍ സാറു പറയുന്നത് ശരിയാണ്" എന്നു പറഞ്ഞ് ഒന്നുരുണ്ടു. ഉടനേ വന്നു മറുപടി. "കൊച്ചേ, ഈ ലോകത്തിലെ ഏറ്റവും സമര്‍ത്ഥനായ വ്യക്തി നീയാണെന്നു വിശ്വസിക്കാനുള്ള അവകാശം നിനക്കുണ്ട്, അതിനര്‍ത്ഥം മറ്റുള്ളവരെല്ലാം വിഡ്ഢികളാണെന്നല്ല - അവര്‍ നിന്നേക്കാള്‍ 'അല്പം' കുറഞ്ഞ സമര്‍ത്ഥന്‍മാരാണെന്നാണ് (You have every right to believe that you are the smartest in the world, that doen't mean others are idiots - just that they are a 'little' less than smartest)"

ഈ സംഭാഷണം നടന്നിട്ട് ഇപ്പോള്‍ വര്‍ഷം ഇരുപതായി. ഇതിനിടെ സാക്ഷാല്‍ ശ്രീമാന്‍ സന്തോഷ് പണ്ടിറ്റ്, ശ്രീധര്‍ സാറിന്റെ ഈ ചൊല്ലിന് പ്രപഞ്ചമാകെ പ്രശസ്തി നല്‍കുകയും ചെയ്തു. ഇക്കാലമത്രയും ഒരു ചര്‍ച്ച തര്‍ക്കത്തിലേയ്ക്ക് വഴുതിവീഴുമ്പോഴെല്ലാം എന്റെ തലയിലൊരു ബള്‍ബു കത്തും. മറുപക്ഷത്തെ വാദം ഞാന്‍ ശരിയായി മനസ്സിലാക്കിയോ എന്ന് സ്വയം പരിശോധിക്കും. ജീവിതാനുഭവങ്ങള്‍ സാധാരണത്വത്തെ ഒഴിവാക്കാനാകാത്ത ഒരു സത്യമായി അംഗീകരിക്കാനും എളിയവരുടെ ചെറിയ സംഭാവനകളെ സമചിത്തതയോടെ സ്വീകരിക്കാനും ശീലിപ്പിച്ചു. പക്ഷേ ഇന്ന് ചുറ്റിലും നോക്കുമ്പോള്‍ "ഏറ്റവും മികച്ചത്", "ഉടനേ" എന്നതില്‍ കുറഞ്ഞ ഒന്നിനേയും സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹത്തെയാണ് ഞാന്‍ കാണുന്നത്.

ഏറ്റവും മികച്ച സെല്‍ ഫോണ്‍, ഏറ്റവും മികച്ച ഡോക്ടര്‍, ഏറ്റവും മികച്ച കാര്‍, ഏറ്റവും മികച്ച ആശാരി, ഒട്ടും കളങ്കമില്ലാത്ത രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ പോകുന്നു നമ്മുടെ പ്രതീക്ഷകള്‍. കമ്പനികള്‍ക്കാണെങ്കില്‍ ഉടനേ നിയമിക്കാവുന്ന, ജോലി ആവശ്യപ്പെടുന്നതിലും അധികം വൈദഗ്ദ്ധ്യവും അറിവുമുള്ള ആളുകള്‍ വേണം. നിക്ഷേപകരുടെ കാര്യത്തിലും അങ്ങനെ തന്നെ- ലാഭവിഹിതത്തേക്കാള്‍ അവര്‍ക്കുവേണ്ടത് വളര്‍ച്ചയാണ് (capital gains versus dividents). വളര്‍ന്നുവളര്‍ന്ന് അങ്ങാകാശം മുട്ടിയാലും മതിയാവില്ല. അംഗബലം കുറഞ്ഞ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ബഹുഭൂരിഭാഗം പേരും തയ്യാറാകില്ല. വിവാഹത്തിന്റെ കാര്യത്തിലാണെങ്കില്‍ പറയുകയും വേണ്ട - എല്ലാം തികഞ്ഞതില്‍ക്കുറഞ്ഞ ഒന്നും ആര്‍ക്കും വേണ്ടേ വേണ്ട.

"Second place is just the first place loser" (രണ്ടാമനെന്നാല്‍ പരാജിതരില്‍ ഒന്നാമന്‍ മാത്രമാണ്) എന്നൊരു ചൊല്ലിന് ഇവിടങ്ങളില്‍ ഏറെ പ്രചാരമുണ്ട്. ഉന്നതനിലവാരം പുലര്‍ത്തുന്നവരോടുപോലും ഇത്തരത്തിലുള്ള ഒരു മനോഭാവമാണുള്ളതെങ്കില്‍ വാലറ്റക്കാരോടുള്ള സമീപനം ചിന്തിക്കാവുന്നതേയുള്ളൂ.

സാങ്കേതികരംഗത്ത് ഒരുകാലത്തെ പ്രതാപികളായിരുന്ന നോക്കിയയുടേയും ബ്ലാക്ക്ബെറിയുടേയും നിലവിലെ അവസ്ഥ നോക്കൂ. ഈ രണ്ടു കമ്പനികളും ഇന്ന് വലിയ പ്രതിസന്ധിയിലാണ്. അവരുടെ കയ്യില്‍ ധാരാളം പണമുണ്ട്. മൂല്യമുള്ള വളരേയധികം വളരേയധികം പേറ്റന്റുകളുണ്ട്. ഇപ്പോഴും അവരുടെ ഉല്‍പന്നങ്ങള്‍ മിക്കവയും ലാഭത്തില്‍ തന്നെയാണ് വിപണിയില്‍ വിറ്റഴിയുന്നത്. പക്ഷേ ഓഹരിവിപണിയില്‍ ഈ കമ്പനികളുടെ മൂല്യം കുത്തനേ ഇടിഞ്ഞുകഴിഞ്ഞു. അവരുടെ മേഖലയില്‍ അവര്‍ ഒന്നാമതല്ല എന്നതുതന്നെ കാരണം. ഉപഭോക്താക്കള്‍ കൂട്ടത്തോടെ മറ്റുല്‍പ്പന്നങ്ങളിലേയ്ക്ക് കൂറുമാറിയതോടെ ഈ കമ്പനികള്‍ക്ക് ഭാവിയില്‍ വളര്‍ച്ചാസാധ്യതയില്ലെന്ന് ഓഹരിയുടമകള്‍ കരുതുന്നു.

വിപണിയില്‍ മൂല്യമില്ലാത്ത കമ്പനിയെന്നാല്‍ ചുളുവിലയില്‍ മറ്റുള്ളവര്‍ക്കു വാങ്ങാവുന്ന വസ്തുവെന്നാണര്‍ത്ഥം. നാളെ മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ ഭീമന്‍മാരുടെ പാര്‍ശ്വവര്‍ത്തികളായി ഇത്തരം കമ്പനികള്‍ മാറിയാല്‍ അത്ഭുതപ്പെടാനില്ല. വമ്പന്‍മാര്‍ക്ക് ഇവരുടെ ഉല്‍പന്നങ്ങളേക്കാള്‍ വേണ്ടത് അവരുടെ പേറ്റന്റുകളും, ഇടപാടുകാരും പണവും (intellectual property, clients and cash) മാത്രമാണ്. അതുകൊണ്ടുതന്നെ അവരുടെ ഉല്‍പന്നങ്ങളെ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ പുതിയ ഉടമസ്ഥരില്‍നിന്നുണ്ടാകാന്‍ സാധ്യതയില്ല. കാലക്രമേണ ഈ ഉല്‍പന്നങ്ങള്‍ ഇല്ലാതാകും. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ലഭ്യമായ ബദലുകള്‍ കുറയും. വിപണി കയ്യടക്കിവച്ചിരിക്കുന്ന ചുരുക്കം ചിലര്‍ക്ക് ഗുണമേന്മ മെച്ചപ്പെടുത്താതെതന്നെ അവര്‍ കല്പിക്കുന്ന വില ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ കഴിയും. ചുരുക്കത്തില്‍ നിലവാരത്തികവില്ലായ്മയുടെ പേരില്‍ ലഭ്യമായ ബദലുകളെ പൂര്‍ണ്ണമായും തിരസ്കരിക്കുന്നതിന്റെ പരിണതഫലം നിലവാരമില്ലാത്ത കുത്തകകളായിരിക്കും, എന്നര്‍ത്ഥം.

സമൂഹജീവിതത്തിനും ഈ നിയമം ബാധകമാണ്. ഏറ്റവും വിദഗ്ദ്ധരായവരെ മാത്രം വിശ്വസിക്കുന്ന മനോഭാവം അവരേപ്പോലെ പ്രതിഭാശാലികളായ പുതുമുഖങ്ങള്‍ ഉയര്‍ന്നുവരുന്നതിന് തടസ്സമാകുന്നു. പ്രബല രാഷ്ട്രീയകക്ഷികളില്‍ പെടാത്തവരെ പരിഗണിക്കാത്ത സമ്മതിദായകര്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ സ്വയം പരിമിതപ്പെടുത്തുന്നു. സ്ഥാനാര്‍ത്ഥികളുടെ ചെറിയ കളങ്കങ്ങളോടുപോലും അസഹിഷ്ണുത പുലര്‍ത്തുമ്പോള്‍ സ്വഭാവഹത്യയിലൂന്നിയ പ്രചരണത്തിന് വളം വെച്ചുകൊടുക്കുകയും ആത്മാഭിമാനമുള്ളവരെ സജീവരാഷ്ട്രീയത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. സ്വന്തം സ്ഥാപനങ്ങളില്‍ അവിദഗ്ദ്ധരെ ചേര്‍ത്ത് പരിശീലിപ്പിച്ചു വളര്‍ത്തിയെടുക്കാന്‍ മിനക്കെടാതെ ഉടന്‍ പറിച്ചെടുക്കാവുന്ന പ്രതിഭകളില്‍ മാത്രം കണ്ണുവെച്ചിരിക്കുന്ന വ്യവസായസംസ്ക്കാരം ഭാവിയില്‍ ഒരു രാജ്യത്തിന്റെ മൊത്തം പ്രതിഭാസമ്പത്തിനേയും ഒരുപക്ഷേ നിലനില്‍പ്പിനേത്തന്നേയും തകര്‍ക്കുന്നു. ഇപ്പറഞ്ഞ ഓരോ അവസ്ഥയിലും "പരമോന്നത നിലവാരം, ഉടന്‍" എന്ന മനോഭാവം ഭാവിയിലെ നിലവാരമില്ലായ്മയിലേയ്ക്കാണ് നയിക്കുക.

സ്വതന്ത്രവിപണിയെ അടിസ്ഥാനപ്പെടുത്തിയ സമ്പദ്‌വ്യവസ്ഥയ്ക്കും സ്വതന്ത്രസമ്മതിദാനാവകാശത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ സംവിധാനത്തിനും അത്യന്താപേക്ഷിതമായ സ്വാതന്ത്ര്യം എന്ന ഘടകം നിലനില്‍ക്കണമെങ്കില്‍ തികവുകുറഞ്ഞതെങ്കിലും സമാന പ്രയോജനമുള്ള ബദലുകളെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു സംസ്കാരം ഉണ്ടാകണം. അതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും വിപണിയിലേയും രാഷ്ട്രീയപ്രക്രിയയിലേയും സക്രിയസഹകാരികളായ ജനതയില്‍ നിക്ഷിപ്തമാണ്.