എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, January 25, 2011

പരീക്ഷ എഴുതാന്‍ അറിയാത്തവര്‍

ദുബായില്‍ നിന്ന് കൂട്ടുകാരനും കുടുംബവും ഈ നാട് സന്ദര്‍ശിക്കാന്‍ വരുന്നുവെന്നും കുറച്ചുനാള്‍ ഞങ്ങളുടെ വീട്ടില്‍  താമസിക്കുമെന്നും അറിയിച്ചപ്പോള്‍ ഇങ്ങനെ ഒരു കുഴപ്പം ഒട്ടും പ്രതീക്ഷിച്ചില്ല.

വളരെ സ്നേഹവും സുജനമര്യാദയും ഉള്ള കുടുംബമാണ്. രണ്ട് ആണ്‍കുട്ടികളാണ്‌. ഇളയവനെപ്പോലെ "സ്വീറ്റ്" ആയ ഒരു ആണ്‍കുട്ടിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മൂത്തവനാണ് പ്രശ്നം.

വന്നു കയറിയ മുതല്‍ തുടങ്ങി, ഗ്രഹങ്ങളേയും ഗാലക്സികളെയും കോണ്‍സ്റ്റല്ലേഷനുകളേയും പറ്റിയുള്ള പ്രഭാഷണം. ആദ്യമൊക്കെ വെറുതേ മൂളിയും തലയാട്ടിയുമൊക്കെ നോക്കി. ലെക്ചര്‍ മുറുകിയപ്പോള്‍ "ഈസ്‌ ഇറ്റ്‌? വാവ്!!" എന്നൊക്കെ തട്ടിവിട്ടു. കുറെയായിട്ടും പയ്യന്‍ നിറുത്തുന്ന മട്ടില്ല - അവന്‍  ക്വസാര്‍, ബ്ലാക്ക്‌ ഹോള്‍, സൂപ്പര്‍നോവ  എന്നിങ്ങനെ ഞാന്‍ കേട്ടിട്ടുപോലുമില്ലാത്ത എന്തൊക്കെയോ വാക്കുകള്‍ തലങ്ങും വിലങ്ങും എടുത്തിട്ടു കാച്ചുകയാണ്. എന്റീശ്വരാ, ഈ ദുബായിലൊക്കെ ഒന്നാം ക്ലാസ് മുതല്‍ ആസ്ട്രോ-ഫിസിക്സ്‌ പഠിപ്പിക്കുന്നുണ്ടോയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ക്വിസ് തുടങ്ങി. വ്യാഴത്തിന് എത്ര ഉപഗ്രഹങ്ങളുണ്ട് ആണ്ട്രോമീഡ നമ്മുടെ സൂര്യനില്‍നിന്ന് എത്ര പ്രകാശവര്‍ഷം ദൂരെയാണ് എന്നൊക്കെ. ഒരു കണക്കിന് എന്റെ സുഹൃത്തിനോട് വളരെ ഗൗരവമുള്ള വിഷയങ്ങള്‍ സംസാരിക്കുന്നു എന്ന ഭാവത്തില്‍ ചെക്കനെ ഞാന്‍ ബോധപൂര്‍വം തഴഞ്ഞു. അവന്‍ ഒന്ന് ഉറങ്ങാന്‍ പോയപ്പോഴാണ് ശ്വാസം നേരെ വീണത്‌.

അതിനുള്ളില്‍ അവന്‍ എന്റെ ആത്മാഭിമാനത്തെ അല്പം ഞോണ്ടി എന്നുവേണം കരുതാന്‍ - പിറ്റേ ദിവസം അവര്‍ ഊരുചുറ്റാന്‍ പോയ തക്കത്തിന് ഞാന്‍ നേരെ ഇന്റര്‍നെറ്റില്‍ കയറി. എന്തൊക്കെയായാലും ചിന്നപ്പയ്യനല്ലേ, ഈ സൌരയൂഥം വിട്ടോടിയാലും എവിടെ വരെ ഓടും! ഇവനെ മെരുക്കാന്‍ വേണ്ടത് നാസയുടെയും വിക്കിപ്പീഡിയയുടെയും വെബ്‌ സൈറ്റില്‍ നിന്ന് തപ്പിയെടുക്കാവുന്നതേയുള്ളൂ.

ഇന്റര്‍നെറ്റില്‍ നിന്ന് വിജ്ഞാനം ശേഖരിക്കുന്നത് പടക്കക്കടയില്‍ കേറി മോഷ്ടിക്കുന്നതുപോലുള്ള ഏര്‍പ്പാടാണ്. കടയും തലയും നല്ലപോലെ ബോധ്യപ്പെട്ട് വളരെ സൂക്ഷിച്ചുവേണം ഓരോന്നും എടുക്കാന്‍ - ആക്രാന്തം ഒട്ടും പാടില്ല. ഒരിക്കലും താങ്ങാവുന്നതില്‍ കൂടുതല്‍ പൊക്കരുത്. ഓരോന്നും വെവ്വേറെ ഭദ്രമായി പൊതിഞ്ഞ് തമ്മിലുരസാതെ പെട്ടിയിലാക്കണം - അല്ലെങ്കില്‍ എല്ലാംകൂടി ഒരുമിച്ചു പൊട്ടും, പിന്നെ ആളെക്കാണാന്‍ ഒരു രസവുമുണ്ടാകില്ല.

പിറ്റേ ദിവസം ഞങ്ങളെല്ലാവരും നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ പോയി. അവിടൊക്കെ ചുറ്റിനടന്നു കാണുമ്പോഴൊന്നും  ചെറുക്കന്‍ ജ്യോതിശ്ശാസ്ത്രമൊന്നും വിളമ്പിയില്ല. ഞാന്‍, മിനക്കെട്ടു പഠിച്ചതെല്ലാം വെറുതെയായോ എന്നോര്‍ത്തു വിഷമിക്കാന്‍ തുടങ്ങി. നയാഗ്ര നദിയുടെ കുത്തൊഴുക്കില്‍ ഞാന്‍ ശേഖരിച്ച പടക്കമെല്ലാം നനഞ്ഞൊഴുകിപ്പോകുമോയെന്നു ഭയപ്പെട്ടു. അങ്ങനെ വ്യാകുലചിത്തനായി തിരിച്ച് ഹോട്ടലിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സിനെ കുളിരണിയിച്ചുകൊണ്ട് പയ്യന്‍സ് പിന്നെയും തുടങ്ങി. എംജിആര്‍ അണ്ണന്റെ സ്റ്റൈലില്‍ ആദ്യത്തെ രണ്ടുമൂന്നു പഞ്ച് പൊടിയന് വിട്ടുകൊടുത്തു. പിന്നെ ഞാന്‍ പതുക്കെ എന്റെ പ്രകടനം ആരംഭിച്ചു. ഹോട്ടലിലെത്തിയപ്പോഴേക്കും അവന്‍ ഫ്ലാറ്റ്!

 "ഈ അങ്കിളിന് എന്തുമാത്രം അറിയാമെന്നു നോക്കൂ! അച്ഛനാണെങ്കില്‍ ഒരു ചുക്കുമറിയില്ല. തനി മണ്ടനാണ് അച്ഛന്‍." എന്നായി പയ്യന്‍. എനിക്ക് അതുകേട്ട് പെരുത്തു സുഖിച്ചെങ്കിലും പുറത്തു കാട്ടിയില്ല. "നോക്കൂ, അങ്ങനെയൊന്നും പറയരുത്. ഞങ്ങളുടെ ബാച്ചില്‍ ഒന്നാം റാങ്കോടെ പാസ്സായതാണ് നിന്റെ അച്ഛന്‍" എന്നായി ഞാന്‍. ഇതു കേട്ട് എന്റെ സുഹൃത്ത് പറഞ്ഞ കമെന്റ് ആണ് ഈ പോസ്റ്റിനുള്ള വിഷയം. "റാങ്ക് കിട്ടി എന്നതുകൊണ്ട് ഞാന്‍ മറ്റുള്ളവരേക്കാള്‍ നാന്നായി പരീക്ഷ എഴുതി എന്നുമാത്രമേ ആകുന്നുള്ളൂ. അതിലപ്പുറമുള്ള ഒരു മിടുക്കൊന്നും അതില്‍ കാണേണ്ട കാര്യമില്ല" എന്നാണ് പുള്ളി പറഞ്ഞത്.

ചുമ്മാ പരീക്ഷയെഴുത്തില്‍ മിടുക്കുകാണിച്ചല്ല, വളരെ വ്യവസ്ഥാപിതമായ മൂല്യനിര്‍ണയ സമ്പ്രദായത്തിലൂടെ  ഒന്നാമാനായവനാണ് അവന്‍ എന്ന് വാലറ്റത്തുനിന്നു രണ്ടാമനായി പാസ്സായ ഞാന്‍ പോലും ഉറപ്പിച്ചു പറയും. പക്ഷേ, പൊതുവായിപ്പറഞ്ഞാല്‍ ഒരു വലിയ ദുഃഖസത്യമാണ് അവന്‍ പറഞ്ഞത്. ഞാന്‍ കടന്നുപോയ വിദ്യാഭ്യാസ സമ്പ്രദായം ഏറെയും പരീക്ഷയ്ക്കുവേണ്ടി പാകപ്പെടുത്തിയെടുക്കുക എന്നതില്‍ക്കവിഞ്ഞ ഒരു ലക്‌ഷ്യം ഉണ്ടായിരുന്ന ഒന്നായി എനിക്ക് തോന്നിയിട്ടില്ല. പ്രതിഭയ്ക്കോ ഭാവനയ്ക്കോ പ്രാധാന്യമില്ലാത്ത, നിര്‍ദ്ദേശിച്ച പാതയിലൂടെ സഞ്ചരിക്കാന്‍ മാത്രം ശീലിപ്പിക്കുന്ന, നിബന്ധിത പ്രതികരണങ്ങള്‍ ഉളവാക്കാന്‍ പാകപ്പെടുത്തിയെടുക്കുന്ന ഈ അദ്ധ്യാപന സമ്പ്രദായം നമ്മുടെയെല്ലാം പ്രായോഗികജീവിതത്തില്‍ എത്രമാത്രം ഉപകരിച്ചിട്ടുണ്ട്?

ഓര്‍മ്മവയ്ക്കാനും ഹൃദിസ്ഥമാക്കാനും ശീലിപ്പിക്കുന്നവയും, യുക്തിചിന്തയെ രൂപപ്പെടുത്തിയെടുക്കുന്നവയും, കൈയ്യടക്കം ശീലിപ്പിക്കുന്നവയുമൊക്കെയായി പല തരം അധ്യയന സമ്പ്രദായങ്ങളുണ്ടെങ്കിലും അവയെല്ലാം അവസാനം ചെന്നെത്തുന്നത് നിശ്ചയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ഉത്തരം നല്‍കേണ്ട പരീക്ഷകളിലാണ്. ഇത്തരം ഒരു മൂല്യനിര്‍ണ്ണയ സംവിധാനം നിലനിന്നുപോന്നത്‌ എന്തുകൊണ്ടെന്ന് മനസ്സിലാക്കാമെങ്കിലും  ഇനിയുള്ള കാലത്ത് ഇങ്ങനെ തുടര്‍ന്നുപോകാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

രണ്ട് വലിയ പ്രശ്നങ്ങളാണ് ഈ സംവിധാനം നേരിടാന്‍ പോകുന്നത്.

ഒന്നാമത്തെ വെല്ലുവിളി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാങ്കേതിക വിപ്ലവവും അതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിന്റെ സാര്‍വത്രികതയുമാണ്. ഇതിനുമുന്‍പ് മെഡിക്കല്‍ കോളേജില്‍ പോകാത്തവന് രോഗങ്ങളേക്കുറിച്ചും മരുന്നുകളേക്കുറിച്ചും അവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിയാന്‍ നിര്‍വാഹമില്ലായിരുന്നു. വീടിന്റെ പ്ലാന്‍ തയ്യാറാക്കണമെങ്കില്‍ ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയുടെ സഹായം ആവശ്യമുണ്ടായിരുന്നു. നിയമം പഠിക്കാത്തവന് അവകാശങ്ങളേക്കുറിച്ചറിയാന്‍  ബുദ്ധിമുട്ടായിരുന്നു.  പത്താം ക്ലാസ് പാസ്സായവനു മാത്രമേ പ്രീഡിഗ്രിക്ക് പ്രവേശനമുള്ളൂവെന്നും പ്രീഡിഗ്രി പസ്സായവനേ ബിരുദ പഠനത്തിന് അര്‍ഹതയുള്ളൂവെന്നും നിശ്ചയിക്കപ്പെട്ടതുകൊണ്ട് വലിയൊരു ജനവിഭാഗത്തെ അറിവില്‍നിന്നും, അറിവുകൊണ്ടുവരുന്ന അധികാരബോധത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ തല്‍പ്പരകക്ഷികള്‍ക്ക് കഴിഞ്ഞിരുന്നു. ഇനി അത് അതേപടി നടക്കില്ല.

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസിലെ ഒരു സംഭവം ഓര്‍മ്മ വരുന്നു. അക്കാലത്ത് ഞങ്ങളുടെ ഓഫീസിലെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിലെ ജാദവ്ജി. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കണക്കുകള്‍ പോലും വകതിരിച്ചു മനപ്പാഠം ആണ് അദ്ദേഹത്തിന്. മാനേജര്‍മാര്‍ ഒറ്റ വിളി വിളിക്കുകയേ വേണ്ടു - തിരിച്ചും മറിച്ചുമുള്ള എല്ലാത്തരം കണക്കുകളും ശിവരഞ്ജിനി രാഗത്തില്‍ നിന്നുപാടും. തൊണ്ണൂറ്റിയാറില്‍ ആദ്യമായി അവിടെ കമ്പ്യൂട്ടര്‍  വന്നു. അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിലെ രണ്ടു ബംഗാളി പയ്യന്മാരാണ്‌ ആദ്യമായി അതുപയോഗിക്കാന്‍ തുടങ്ങിയത്. മാസങ്ങള്‍ക്കകം കണക്കുകളൊക്കെ അവര്‍ എട്ട് ഇഞ്ചിന്റെ ഫ്ലോപ്പികള്‍ക്കുള്ളിലാക്കി. അതോടുകൂടി ജാദവ്ജിയുടെ ഓര്‍മ്മയേയും ഊഹക്കണക്കുകളേയും ആശ്രയിക്കാതെ കമ്പ്യൂട്ടറില്‍ നിന്നുള്ള കിറുകൃത്യമായ കണക്കുകള്‍ മാനേജര്‍മാര്‍ക്ക് കിട്ടുമെന്ന നിലയായി. തൊണ്ണൂറ്റിയെട്ടില്‍  "വിന്‍ഡോസ്‌" കമ്പ്യൂട്ടര്‍ വന്നതിനുശേഷം  ചാര്‍ട്ടുകളും ഗ്രാഫുകളും വരെ  ലഭിക്കുമെന്നായതോടെ ജാദവ്ജി കറിവേപ്പിലയായി. തികഞ്ഞ ഈശ്വരവിശ്വാസിയായതുകൊണ്ട്‌ അദ്ദേഹം ഈ മാറ്റമെല്ലാം വളരെ സൌമ്യതയോടെ ഉള്‍ക്കൊണ്ടു എന്നുമാത്രം പറയട്ടെ.

ഇതാണ് സാങ്കേതിക യുഗത്തില്‍ പരീക്ഷ പാസ്സായവരുടെ ഒരു ന്യൂനത. പഠനകാലത്ത്‌ ഉത്തമമെന്നു കരുതപ്പെട്ടിരുന്ന ഗുണങ്ങള്‍ ഇന്ന് അപ്രസക്തമായി. ഏറെ വായിക്കാനും ഹൃദിസ്ഥമാക്കാനും കഴിവുള്ളവര്‍, വലിയ പരീക്ഷകള്‍ ഉന്നത നിലവാരത്തില്‍ വിജയിച്ചവര്‍, വിളിപ്പുറത്ത് അറിവ് വരുന്ന ആധുനിക യുഗത്തില്‍ വെറും സാധാരണക്കാരായി. ഞാന്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്ത് ഞങ്ങളൊക്കെ വരയ്ക്കാന്‍ ചെലവാക്കിയ സമയത്തിന് ഒരു കണക്കുമില്ല. ഇന്ന് ആരും ഡ്രാഫ്‍റ്റിങ് ടേബിളില്‍ കുത്തിയിരുന്നു മണിക്കൂറുകളോളം പടം വരയ്ക്കുന്നുണ്ടെന്നു തോന്നുന്നില്ല. വെറും കണക്കെഴുത്തുകാരായ കണക്കപ്പിള്ളമാരെ ആര്‍ക്കും ആവശ്യമില്ല - ആ പണിയൊക്കെ ഇപ്പോള്‍ മനുഷ്യരേക്കാള്‍ ഭംഗിയായി ചെയ്യാന്‍ കമ്പ്യൂട്ടറിനറിയാം.

മറുവശത്ത്‌ പരീക്ഷ എഴുതാന്‍ വശമില്ലാത്തവര്‍ ബിരുദധാരികള്‍ക്കുമുന്നില്‍  പഞ്ചപുച്ഛമടക്കി നിന്നിരുന്ന കാലവും മാറിക്കൊണ്ടിരിക്കുന്നു. പണ്ട് വക്കീലന്മാരുടെ ഓഫീസില്‍ ചുമരോട് ചുമര്‍ തടിച്ച പുസ്തകങ്ങള്‍ കണ്ട് ഭയപ്പെട്ടിരുന്നവര്‍ ഇന്ന് അവരുടെ കമ്പ്യൂട്ടറില്‍ കേസിനെപ്പറ്റി നല്ല പോലെ പഠിച്ച് തയ്യാറായാണ് വരുന്നത്. ഡോക്ടര്‍മാരുടെ അടുക്കല്‍ ചെല്ലുന്ന രോഗികളില്‍ പലരും അവരുടെ രോഗത്തെക്കുറിച്ചു പല വെബ്‌ സൈറ്റുകളിലും അന്വേഷിച്ചതിനു ശേഷമാണ് വരുന്നത്. അവര്‍ മരുന്നുമായി വീട്ടില്‍ ചെന്നാല്‍ ആദ്യമായി  ചെയ്യുക ഇന്റര്‍നെറ്റില്‍ കയറി  ആ മരുന്ന് എന്താണെന്ന് പഠിക്കുകയും എന്തിനുവേണ്ടിയാണ് അത് ഉപയോഗിക്കപ്പെടേണ്ടത്  എന്നറിയുകയും അതിന്റെ പാര്‍ശ്വഫലങ്ങളേക്കുറിച്ചു ബോധാവാന്മാരാകുകയുമാണ്. ഇതൊക്കെ സര്‍വസാധാരണമാണെന്നല്ല പറയുന്നത് - ദിവസം തോറും കൂടുതല്‍ ആളുകള്‍ ഈ സാദ്ധ്യതകളേക്കുറിച്ച് ബോധവാന്മാരായി വരികയാണ് എന്നു മാത്രമാണ്.

രണ്ടാമത്തെ പ്രശ്നം എല്ലാക്കാലത്തും ഉണ്ടായിരുന്നുവെങ്കിലും അഭ്യസ്തവിദ്യരുടെ വര്‍ഗ്ഗാധിപത്യം മൂലം ഏറെ തിരിച്ചറിയപ്പെടാതെ പോയ ഒന്നാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ചോദ്യങ്ങളില്ല - സാഹചര്യങ്ങളേയുള്ളൂ. പ്രതീക്ഷിക്കപെടുന്ന കൃത്യമായ ഒറ്റയുത്തരങ്ങള്‍ ഇല്ല. ഓരോ സാഹചര്യത്തിനും ഒന്നിലധികം പരിഹാരങ്ങളുണ്ട്. ചില ഉദാഹരണങ്ങള്‍ പറയാം. എന്റെ അനുജന്‍ ഒരു പ്രശസ്തമായ ബഹുരാഷ്ട്ര ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്ത് അവര്‍ ചില സാമ്പത്തിക സൂചികകള്‍ പ്രവചിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു exponential equation (axn+bym+czk+...= K എന്ന മാതൃകയിലുള്ള ഒരു സമവാക്യം) കാണാന്‍ ഇടയായി. ഇതു കണ്ടപ്പോള്‍ അവന്‍ ചോദിച്ചു, ഇതെന്താണ് നിങ്ങള്‍ ഈ സങ്കീര്‍ണ്ണമായ രീതി ഉപയോഗിക്കുന്നത്, അതിനെ ഒരു linear equation ആക്കിക്കൂടെ എന്ന്. അതെങ്ങനെ, എന്നായി സായിപ്പ്. സംവര്‍ഗ്ഗമാനം(ലോഗരിതം) നമ്മളെല്ലാം ആറാം ക്ലാസ്സില്‍ പഠിച്ചതാണ്. പക്ഷേ വേണ്ട സമയത്ത്, ഒരു exponential equationനെ  linear equation ആക്കി മാറ്റാന്‍ അതുപയോഗിക്കാം എന്ന് അവനേ തോന്നിയുള്ളൂ. മറ്റൊന്ന് എന്റെ സ്വന്തം അനുഭവമാണ്. എന്റെ ആദ്യത്തെ ജോലി  ഒരു ടണലിനുള്ളില്‍ സ്റ്റീല്‍ ലൈനര്‍ ഘടിപ്പിക്കുന്ന പണിയുടെ മേല്‍നോട്ടം ആയിരുന്നു. ടണലിന്റെ വളവുള്ള ഒരു ഭാഗത്താണ് ആദ്യത്തെ പാനല്‍ പിടിപ്പിക്കേണ്ടത്. എന്റെ മുന്നിലുണ്ടായിരുന്നത്‌ ഒരു പ്രത്യേക ആകൃതിയില്‍ മുറിച്ചു വളച്ചെടുത്ത സ്റ്റീല്‍ പ്ലേറ്റ്, വലിയൊരു തുരംഗം, കുറേ ഖലാസികള്‍, ഒരു ക്രെയിന്‍ ഓപ്പറേറ്റര്‍, ഒരു സര്‍വേയര്‍, ഒരു കാസിയോ കാല്‍കുലേറ്റര്‍. ആ പാനെലിന്റെ നാലു മൂലകളും എവിടെ വരണമെന്ന് ഞാന്‍ കൃത്യമായി പറഞ്ഞുകൊടുക്കണം. ഇവിടെ ചോദ്യപ്പേപ്പറില്ല. ഈ സാഹചര്യത്തെ ചോദ്യക്കടലാസില്‍ കാണുന്നതു പോലെയുള്ള ഒരു ചോദ്യമാക്കി മാറ്റാന്‍ സാധിച്ചാല്‍ അതിനുള്ള ഉത്തരം കണ്ടെത്താന്‍ അഞ്ചു മിനിട്ട് മതി. അവിടെയാണ് മിടുക്ക് വേണ്ടത് - അതിനുവേണ്ടിയാണ് വിദ്യാഭ്യാസം വ്യക്തികളെ തയ്യാറാക്കേണ്ടത്. നിത്യജീവിതത്തില്‍ പുസ്തകം അടച്ചുവെച്ച് ഉത്തരം കണ്ടെത്തേണ്ട, ചോദ്യം (സാഹചര്യം) കണ്ടയുടന്‍ ഉത്തരം പറയുകയും വേണ്ട - അതുകൊണ്ട് അത്തരം സാമര്‍ത്ഥ്യം പരീക്ഷകളിലൂടെ വികസിപ്പിച്ചെടുക്കുന്നതില്‍ അര്‍ത്ഥമില്ല.

സാങ്കേതികതയുടെ യുഗത്തില്‍ പ്രശ്നനിര്‍വചനം (problem definition) എന്ന പ്രക്രിയയാണ് മനുഷ്യനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് - പ്രശ്ന പരിഹാരത്തിന് മിക്കവാറും സാങ്കേതികവിദ്യ മാത്രം മതിയാകും എന്ന സ്ഥിതിവിശേഷമാണ് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നത്. മുന്‍പ് പ്രതിഭയുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുമായിരുന്ന ജോലികള്‍ പോലും (കൊത്തുപണി മുതല്‍ ഓപ്പറേഷന്‍ വരെയുള്ളവ) സാങ്കേതികതയുടെ സഹായത്തോടെ ഒരു പടി താഴെയുള്ളവര്‍ക്കുപോലും ചെയ്യാമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതുകൊണ്ട് നമ്മുടെ കുട്ടികള്‍ പരീക്ഷകളില്‍ നന്നായി തിളങ്ങിയില്ല എന്നോര്‍ത്തു വിഷമിക്കേണ്ടതില്ല. ഉയര്‍ന്ന വിജയം നേടിയവരെയോര്‍ത്ത് അഹങ്കരിക്കേണ്ടതുമില്ല. വിജ്ഞാനം ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസമല്ല വിശകലനബുദ്ധി ഉള്ളവനും ഇല്ലാത്തവനും, അധ്വാനിക്കുന്നവനും അല്ലാത്തവനും, സ്വഭാവദാര്‍ഢ്യം ഉള്ളവനും ഇല്ലാത്തവനും  എന്നീ വ്യത്യാസങ്ങളാണ്  ഭാവിയില്‍ ജീവിതവിജയത്തിനു പ്രസക്തമാകുക. പരീക്ഷകള്‍ ഉടനെയെങ്ങും ഇല്ലാതാകാന്‍ പോകുന്നില്ല, അവ നന്നായി എഴുതിയവരുടെ പ്രാധാന്യവും ഇല്ലാതാകുകയില്ല. പക്ഷേ അവര്‍ക്ക് പണ്ടത്തെയത്ര അധികാരം ഉണ്ടാകില്ല, പണ്ടത്തെക്കാളേറെ ഉത്തരവാദിത്വം ഉണ്ടാകുകയും ചെയ്യും.

കാനഡയിലെ ടൊറോന്റോയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന എറിക് യാമിന്റെ കഥ കൂടി പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. 2009ല്‍ നാസയുടെ space settlement competition വിജയിയാണ് ഈ കൊച്ചുമിടുക്കന്‍. ബഹിരാകാശത്ത്‌ ഒരു സ്വയം പര്യാപ്തമായ ഒരു അധിവാസകേന്ദ്രത്തിന്റെ രൂപകല്‍പ്പനയാണ് അവന്  ഈ ബഹുമാനം നേടിക്കൊടുത്തത്. ആ രൂപകല്‍പനയുടെ പ്രധാന ആകര്‍ഷണം,  തീര്‍ത്തും സൌജന്യമായ ഗൂഗിള്‍ സ്കെച്ചപ് എന്ന സോഫ്റ്റ്‌വെയര്‍  ഉപയോഗിച്ചു തയ്യാറാക്കിയ,  അധിവാസകേന്ദ്രത്തിന്റെ ത്രിമാന ചിത്രണമാണ്. അങ്ങനെ ഒരു സോഫ്റ്റ്‌വെയര്‍ ലഭ്യമായതുകൊണ്ട് ആ ഡിസൈന്‍ വളരെ സൂക്ഷ്മമായ വിശദാംശങ്ങളോടെ തയ്യാറാക്കാന്‍ ആ കുട്ടിക്കു കഴിഞ്ഞിട്ടുണ്ട് എന്ന്  അവന്റെ പേപ്പര്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഇതാണ് ഭാവി തലമുറയ്ക്കു മുന്നിലുള്ള സാധ്യതയും വെല്ലുവിളിയും. നമ്മുടെ കുട്ടികളെ ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ സജ്ജരാക്കുക എന്നതാണ് നമ്മുടെ കടമ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം,  വിജ്ഞാനത്തിന്റെ സാര്‍വത്രികത കൊണ്ടുവരുന്ന സമത്വബോധത്തിന്റെ ഗുണഭോക്താക്കളാകും അവര്‍ എന്നും ഞാന്‍ ആശിക്കുന്നു.

എല്ലാവര്‍ക്കും നന്മ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു!