എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Monday, February 21, 2011

ഒരു മുത്തശ്ശന്‍ കഥ

"ജീവിതം ചീട്ടുകളി പോലെയാണ്. നിങ്ങള്‍ക്കു കിട്ടുന്ന കൈ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടത്‌; നിങ്ങളുടെ കളി നിങ്ങള്‍ സ്വയം നിശ്ചയിക്കുന്നത്" എന്നു പറഞ്ഞത് നെഹ്‌റുവാണ്. ചിലര്‍ക്ക് എല്ലാ റൌണ്ടിലും നല്ല കൈയ്യേ വരൂ. മറ്റു ചിലര്‍ക്ക് എല്ലാത്തവണയും മോശം ചീട്ടുകളാകും കിട്ടുക - ജീവിതകാലം മുഴുവന്‍ വേദനിക്കാനും, അപമാനിതരാകാനും, ദുഃഖിക്കാനും ആയിരിക്കും അവരുടെ നിയോഗം. പക്ഷെ നമ്മളില്‍ മിക്കവാറും പേര്‍ക്ക് ഈ പറഞ്ഞ രണ്ടിനും ഇടയിലുള്ള സ്ഥിതിയായിരിക്കും. ചിലപ്പോള്‍ നല്ല കൈ ചിലപ്പോള്‍ മോശം, ചിലപ്പോള്‍ നല്ല കൈയ്യുണ്ടായിട്ടും കളിച്ചു തോല്‍ക്കും, ചിലപ്പോള്‍ "കള്ളവെട്ടു" വെട്ടി ജയിക്കും, ജയിക്കുമ്പോള്‍ മതിമറന്നാഹ്ലാദിക്കും, തോല്‍ക്കുമ്പോള്‍ കുപിതരാകുകയോ വല്ലാതെ സങ്കടപ്പെടുകയോ ചെയ്യും. ഇതൊക്കെ സര്‍വസാധാരണം. പക്ഷെ ജീവിതം വെറും കളിയാണെന്ന് കണ്ട് അതിനെ തികഞ്ഞ നര്‍മ്മബോധത്തോടെ ഓരോ വട്ടവും രസിച്ചാസ്വദിച്ചു കളിക്കുന്നവര്‍ എത്ര പേരുണ്ടാകും? അത്തരക്കാരിലൊരാളായിരുന്നു എന്റെ മുത്തച്ഛന്‍!

മുത്തച്ഛനെപ്പറ്റിയുള്ള ആദ്യത്തെ ഓര്‍മ്മതന്നെ സിനിമയിലെ സ്വപ്നരംഗങ്ങളിലെ നായകനെപ്പോലെ നാലുപാടും തിങ്ങി നിറഞ്ഞ പുകപടലങ്ങള്‍ക്കിടയില്‍ പാതി മറഞ്ഞ മുഖമാണ്. അദ്ദേഹം അസ്സലായി സിഗരറ്റ് വലിക്കുമായിരുന്നു. ഫില്‍ട്ടറില്ലാത്ത ചാര്‍മിനാര്‍  സിഗരറ്റ് ഒന്ന് നീട്ടി വലിച്ചാല്‍ അതിന്റെ അറ്റം ഏതാണ്ട് ഒരു സെന്റിമീറ്റര്‍ കത്തിത്തീരും - ആ പുക ഒരു ഇരുപതു സെക്കന്റോളം ചങ്കില്‍ തടഞ്ഞു വെച്ച് പിന്നെ മൂക്കിലൂടെയും വായിലൂടെയും ഒരേ സമയത്ത് സാവധാനം പുറത്തേക്ക് വിടും. പുക അദ്ദേഹത്തിന്റെ തലയെ മൊത്തം ആവരണം ചെയ്യുമ്പോള്‍ അതിനിടയിലൂടെ ഒരു യോഗിയുടെ നിസ്സംഗതയുള്ള ആ മുഖം കാണാന്‍ നല്ല രസമായിരുന്നു. തികഞ്ഞ ശാന്തതയും ചിരിയും മാത്രമേ ആ മുഖത്തു ഞാന്‍ എന്നും കണ്ടിട്ടുള്ളൂ. ഒരിക്കലും ഞങ്ങളോട് അദ്ദേഹം ദേഷ്യപ്പെട്ടിട്ടില്ല.


മുത്തച്ഛന്‍ അധികം പഠിച്ചിട്ടില്ല, അതുകൊണ്ട്‌ അദ്ദേഹം ഒരു കാര്യത്തിലും ജ്ഞാനം അവകാശപ്പെട്ടിട്ടില്ല. ജനിച്ച നാടുവിട്ട് വളരെ ദൂരെയെങ്ങും പോയിട്ടില്ല അതുകൊണ്ട് ലോകപരിചയമുണ്ടെന്നു ഭാവിച്ചിട്ടില്ല. ബുദ്ധിശക്തിയോ കായബലമോ സമ്പത്തോ ഇല്ലാത്ത വെറുമൊരു സാധാരണക്കാരനായിരുന്നു അദ്ദേഹം. സ്വാധീനമോ അധികാരമോ ഇല്ലാത്തവനാണെന്ന് ഉത്തമബോധ്യം ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആരെയും ഉപദേശിച്ചിട്ടില്ല, ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടുമില്ല. എല്ലാം കേട്ട് വെറുതേ മിണ്ടാതിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം.

നായന്മാരില്‍ത്തന്നെ ഉപജാതികള്‍ തമ്മില്‍ അരുതായ്മകള്‍ ഉണ്ടായിരുന്ന കാലത്തു ജനിച്ച്, ജാതിമതഭേദമെന്യേ  ഒരുമിച്ചിരുന്നു വെള്ളമടിച്ച് ഒരേ പാത്രത്തില്‍നിന്നു തൊട്ടുനക്കുന്നവരുടെ കാലം വരെ അദ്ദേഹം ജീവിച്ചു (അത്രത്തോളം സമത്വഭാവന  വേറൊരു ജീവിതസാഹചര്യത്തിലും കാണാത്തതുകൊണ്ടാണ്  അതുതന്നെ ഉദാഹരിച്ചത്). ആ ജീവിതത്തിനിടയില്‍ പലതരം പ്രസ്ഥാനങ്ങളുടെ ആരംഭവും വളര്‍ച്ചയും തകര്‍ച്ചയും അദ്ദേഹം കണ്ടു - അവയില്‍ ആവേശഭരിതരായവര്‍ നല്‍കിയ ബലിയുടെ വ്യര്‍ത്ഥതയും. രാഷ്ട്രീയ സ്വാതന്ത്ര്യം നല്‍കിയ പ്രത്യാശയ്ക്കും അതിനു ശേഷം രാഷ്ട്രീയക്കാര്‍ മാതൃരാജ്യത്തോട് ചെയ്ത അത്യാചാരങ്ങള്‍ക്കും അദ്ദേഹം മൂകസാക്ഷിയായി. ഗ്രാമത്തില്‍ വൈദ്യുതി, തപാല്‍, ഗതാഗതം, സ്കൂള്‍ തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. പേരക്കുട്ടികള്‍ വലിയ പഠിപ്പൊക്കെ പഠിച്ച്, വിദേശരാജ്യങ്ങളില്‍ ഉദ്യോഗസ്ഥരായി, പതിവായി വിമാനത്തില്‍ പറന്നുയര്‍ന്നിറങ്ങുന്ന, കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്ന മിടുക്കന്മാരായത് അദ്ദേഹം സന്തോഷത്തോടെ നോക്കിക്കണ്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ പാദത്തില്‍ ജനിച്ച ആളായതുകൊണ്ട് അരിഷ്ടതകള്‍ ഏറെ കാണുകയും  അനുഭവിക്കുകയും ചെയ്തിട്ടുണ്ട്, അദ്ദേഹം. അതുകൊണ്ട് നിസ്സാര പ്രശ്നങ്ങള്‍ പെരുപ്പിച്ചു കാണിച്ച് അദ്ദേഹത്തെ പറ്റിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ത്തന്നെ എനിക്ക്  അക്കാര്യം വ്യക്തമായി. അക്കാലത്ത് ഞങ്ങളെല്ലാം സ്കൂള്‍ വിട്ട് വീട്ടിലേക്കു പോകുന്ന വഴി മുത്തച്ഛന്റെ വീട്ടില്‍ കയറിയിട്ടേ പോകാറുണ്ടായിരുന്നുള്ളൂ  .  എന്റെ അമ്മ വളരെ വികാരാധീനയായി, തലേ ദിവസം വല്യമ്മൂമ്മയുമായി ഉണ്ടായ മുട്ടന്‍ വഴക്കിനെപ്പറ്റി മുത്തച്ഛനോട് പരാതി പറയുകയായിരുന്നു (അക്കാലത്ത് വല്യമ്മൂമ്മ ഞങ്ങളുടെ കൂടെയാണ് താമസിച്ചിരുന്നത്. അവരെപ്പോലെ സ്റ്റൈലായിട്ടു പിരാകുന്ന ഒരു തള്ളയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. പതുക്കെയൊന്നുമല്ല, അവര്‍ അലറാന്‍ തുടങ്ങിയാല്‍ പഞ്ചായത്തു മൊത്തം കേള്‍ക്കും. വഴക്കുകൂടി സുല്ലുപറഞ്ഞ ഒരു ചരിത്രം അവര്‍ക്കില്ല. എതിരാളി കീഴടങ്ങിയാലും അവര്‍ നിര്‍ത്തുന്ന പ്രശ്നമില്ല - അവന്റെ നാണവും മാനവും അപ്പാടെ കശാപ്പു ചെയ്തിട്ടേ അവര്‍ അടങ്ങൂ!). മുത്തച്ഛന്‍ അതെല്ലാം കേട്ട് കിഴക്കുപുറത്തെ ഉമ്മറപ്പടിയിന്മേല്‍ സിഗരറ്റും വലിച്ചുകൊണ്ട് ഇരിക്കുകയാണ്.  അമ്മ ഒരു പിരിമുറുക്കത്തില്‍ തുടങ്ങി, വിതുമ്പല്‍, ഗദ്ഗദം, തേങ്ങല്‍, രോദനം എന്നിവയിലൂടെ പുരോഗമിച്ച്, അവസാനം പൊട്ടിക്കരച്ചിലില്‍ എത്തി. അവസാനത്തെ പുകയും വലിച്ചെടുത്ത് ക്യാരംസിന്റെ സ്ട്രൈക്കര്‍ തട്ടുന്നതുപോലെ സിഗരറ്റുകുറ്റി തെറിപ്പിച്ചു കളഞ്ഞ് പുള്ളി എഴുന്നേല്‍ക്കുമ്പോളാണ്  അമ്മയുടെ കദനകഥയുടെ ക്ലൈമാക്സ്‌ വന്നത്.  അമ്മ  ചങ്ക് പൊട്ടും വിധം അലറിക്കൊണ്ട് പ്രഖ്യാപിച്ചു: "എനിക്ക് മത്യായി അച്ഛാ! മടുത്തു! എങ്ങനേങ്കിലും എനിക്കങ്ങു ചത്താ മതി!".

ഇതു കേട്ടയുടന്‍ ഞാന്‍ ഞെട്ടിപ്പോയി. അമ്മ ഇപ്പോത്തന്നെ മരിച്ചു കളയുമോ, പിന്നെ ഞങ്ങള്‍ പിള്ളേരുടെ ഗതിയെന്താകും എന്നൊക്കെയോര്‍ത്ത് സപ്തനാടികളും തളര്‍ന്നിരിക്കുമ്പോഴാണ്‌  മുത്തച്ഛന്‍ വലിയ ശബ്ദത്തില്‍ "ഹ ഹ ഹ ഹ!" എന്നു പൊട്ടിച്ചിരി ച്ചുകൊണ്ട്  അകത്തേക്കു നടന്നുവരുന്നത്. ഓരോ 'ഹ' യുടെയും ഒപ്പം ഓരോ കിലോ ഹരിതഗൃഹവാതകം അദ്ദേഹത്തിന്റെ വായില്‍നിന്നു ബഹിര്‍ഗ്ഗമിച്ചുകൊണ്ടിരുന്നു. ചിരി അവസാനിച്ചപ്പോള്‍ ഒന്ന് നീട്ടി മൂളി, ജഗതി ശ്രീകുമാര്‍ സ്റ്റൈലില്‍ ഒറ്റ കാച്ച്  "കര്‍ത്താവേ, ഈ ആത്മാവിനു കൂട്ടായിരിക്കേണമേ....". ഇതു കേട്ട് അത്രനേരം ടെന്‍ഷന്‍ അടിച്ചു നിന്നിരുന്ന ഞാന്‍ പോലും പൊട്ടിച്ചിരിച്ചുപോയി. അതാണ്‌ മുത്തച്ഛന്‍ ‍. നാടകമൊന്നും അവിടെ ചെലവാകില്ല. ഇന്നും ഞാന്‍ ഈ സംഭവം ഓര്‍ത്തുവയ്ക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന ഗുണപാഠത്തിന്റെ പ്രാധാന്യംകൊണ്ടാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ മുപ്പതുകളില്‍ ഒരു വെറും കുഗ്രാമാമായിരുന്ന ഞങ്ങളുടെ നാട്ടിലെ കവലയിലെ ചായക്കടക്കാരനായിരുന്നു മുത്തച്ഛന്‍. പൈശാചികമായ ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്ന കാലം. കീഴ്ജാതിക്കാര്‍ അകത്തിരുന്നല്ല, പുറത്തുനിന്നാണ്  ചായയും ഭക്ഷണവും കഴിക്കാറുണ്ടായിരുന്നതത്രേ. അവര്‍ ചായ കുടിച്ചാല്‍ അവര്‍ തന്നെ പാത്രം കഴുകി മേശപ്പുറത്തു കമിഴ്ത്തി വെയ്ക്കണം- അതിനു ശേഷം കടയിലെ നായര്‍ അത് ഒന്നുകൂടി കഴുകും. മുത്തച്ഛനും കുടുംബവുമാണ് കടയിലെ എല്ലാ പണികളും ചെയ്തിരുന്നത്. ഒരു ദിവസം മുത്തച്ഛന്‍ കടയില്‍ ഇരിക്കുന്ന നേരത്ത് കടയിലെ പതിവുകാരനായ മത്തായി മാപ്ല അയാളുടെ പശുവിനെ കെട്ടിവലിച്ചുകൊണ്ട് ധൃതിയില്‍ എങ്ങോ പോകുകയാണ്. മുത്തച്ഛന്‍ അയാളെ നീട്ടിവിളിച്ചു "ഡോ മാപ്ലേ താന്‍ എവടയ്ക്കാ ഈ തെരക്കുകൂട്ടി പോണേ?"
"നേരല്ല്യ, വന്നട്ട്‌ പറയാ" എന്നായി മാപ്ല.
"ഒരു ചായ കുടിച്ചട്ടു പൊക്കോഡോ.."
"ഇപ്പല്ല്യ നായരേ, ഇതിനെയൊന്നു കൊണ്ടോയി ചവിട്ടിച്ചട്ടു വേണം ബാക്കി പണി"
"താനൊന്നിങ്ങട് വന്നേ"
"ഹ! നേരല്ല്യ ന്നേ"
"ഒരു കാര്യം പറയാനാ. വന്നട്ട്‌ ഒടനേ പൊക്കോ" മുത്തച്ഛന്‍ വിട്ടില്ല.
മത്തായി മാപ്ല "ഇതെന്തു ശല്ല്യാ" എന്നു പിറുപിറുത്തുകൊണ്ട്, മിനക്കെട്ട്‌, പശുവിനെ തൊട്ടടുത്തുള്ള ഒരു മരത്തില്‍ കെട്ടിയിട്ട് മുത്തച്ഛന്റെ അടുക്കലേക്കു വന്നു. മുത്തച്ഛന്‍ പതിയെ അയാളുടെ ചെവിയില്‍ പറഞ്ഞു "ഡോ താന്‍ ചെയ്‌താല്‍ ആ പണി ശര്യാവില്ല്യ, അതിനു പറ്റിയ വല്ല കാളയേയും കിട്ട്വോന്ന് നോക്ക്!!"
ഏതായാലും മരിക്കുന്നതുവരെ മുത്തച്ഛന്റെ വായിലെ പല്ലെല്ലാം ഭദ്രമായിരുന്നു. രാജഭരണകാലത്ത് നായന്മാരെ തല്ലുന്നതിന് എന്തെങ്കിലും കൊടിയ ശിക്ഷ ഉണ്ടായിരുന്നിരിക്കണം. ഏതായാലും ഈ കഥയില്‍നിന്ന് ഞാനൊരു വലിയ പാഠം പഠിച്ചു - ഗൗരവമുള്ള പണി ചെയ്യുന്ന സമയത്ത് കാഴ്ചക്കാര്‍ക്ക് ചെവികൊടുക്കാന്‍ പോകരുത്.

തീരെ ചെറുപ്പത്തില്‍ത്തന്നെ മുത്തച്ഛന്‍ ചായക്കടയില്‍ പണിയെടുക്കാന്‍ തുടങ്ങിയിരുന്നു. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അദ്ദേഹം വിവാഹിതനായി.  അയലത്തെ ഒരു സുന്ദരിയോട് ഒരല്‍പ്പം സ്നേഹമൊക്കെ ഉണ്ടായിരുന്നു എന്നൊരു ശ്രുതി ഉണ്ടായിരുന്നെങ്കിലും അവരെയല്ല മുത്തച്ഛന്‍ വിവാഹം കഴിച്ചത് (ആ അമ്മൂമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ആദ്യം കാണുമ്പോള്‍ അവര്‍ക്ക് അറുപതു വയസ്സോളം ഉണ്ടായിരുന്നു. സത്യമായിട്ടും ആ പ്രായത്തില്‍ പോലും വളരെ സുന്ദരിയായിരുന്നു അവര്‍). അങ്ങ് ദൂരെ വൈപ്പിന്‍കരയില്‍ നിന്നാണ് അദ്ദേഹത്തിന്റെ ജീവിതസഖി വന്നത്. അക്കാലത്ത് വൈപ്പിന്‍കരയില്‍ എത്തിപ്പെടണമെങ്കില്‍ കുറേ പാടുപെടണം. കവലയില്‍നിന്ന് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് എറണാകുളത്തേക്കു ബസ്സുള്ളത് (അതും ആവി എഞ്ചിന്‍ ഉള്ള ബസ്സ്‌). ബസ്സ് നിറയെ ആളുണ്ടെങ്കില്‍ മാത്രമേ അത് പോകൂ. അതില്‍ കയറി, ആലുവായ്ക്കടുത്ത് ദേശം എന്ന ഗ്രാമത്തിലെ "പറവൂര്‍ കവല"യില്‍ ഇറങ്ങണം. അവിടെനിന്നു പറവൂരേയ്ക്ക് പോകാന്‍ അതുവഴി പോകുന്ന ഏതെങ്കിലും കാളവണ്ടിയോ സൈക്കിള്‍ റിക്ഷയോ പിടിക്കണം. പറവൂരില്‍ നിന്ന് വൈപ്പിന്‍കരയിലേക്ക് കടത്ത് കടക്കണം. അക്കരെയെത്തിയാല്‍ അവിടന്ന് മൂന്നു കിലോമീറ്റര്‍ നടക്കണം. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, ഇത്രയും പാടുപെട്ട് ആ ഓണംകേറാമൂലയില്‍ പോയി  പെണ്ണ് കെട്ടാന്‍ ആരാ മുത്തച്ഛനോട് പറഞ്ഞത് എന്ന്. "അതാ ചായക്കടേല് വന്നിരുന്ന ഒരു പോലീസുകാരന്‍ പറ്റിച്ചതാടാ" എന്നായിരുന്നു മുത്തച്ഛന്റെ മറുപടി. രാജഭരണവും സ്വാതന്ത്ര്യസമരപ്രസ്ഥാനവും ബ്രിട്ടീഷ് മേല്‍ക്കോയ്മയും നിലനിന്നിരുന്ന അക്കാലത്ത് ഒരു സാധാരണക്കാരന് ഉപേക്ഷ പറയാന്‍ കഴിയാത്ത വിധം അധികാരങ്ങള്‍ ഒരു പോലീസുകാരന് ഉണ്ടായിരുന്നിരിക്കാം. ഇന്നത്തെപ്പോലെ കുറച്ചു "ചില്ലറ" കൊടുത്ത് തടിയൂരാന്‍ പറ്റുന്ന തരത്തിലുള്ള ഒരു സാമൂഹ്യ ക്രമീകരണം അന്ന് നിലവിലില്ലായിരുന്നല്ലോ. ആ പോലീസുകാരന്റെ പെങ്ങളായിരുന്നു അമ്മൂമ്മ. മുത്തച്ഛനെപ്പോലെ തന്നെ വെളുത്ത്, പൊക്കം കുറഞ്ഞ ഒരു സുന്ദരി. അക്കാലത്തെ മിക്കവാറും എല്ലാ വീട്ടമ്മമാരേയും പോലെ നിറയെ സ്നേഹമുള്ള, തികഞ്ഞ അധ്വാനശീല.

ഞങ്ങളുടെയൊക്കെ കുട്ടികാലത്ത് അദ്ദേഹത്തിന്റെ വീട് ഒരു സ്വര്‍ഗ്ഗമായിരുന്നു. വിശ്രമ ജീവിതം, അമ്മൂമ്മയുടെ പരിചരണം, ജോലിയുള്ള ആണ്‍മക്കളുടെയും പഠിക്കുന്ന രണ്ടു പെണ്മക്കളുടെയും കാരണവര്‍സ്ഥാനം - എന്തുകൊണ്ടും അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു അത്. അമ്മൂമ്മ പോയതിനു ശേഷം ഒന്നൊതുങ്ങിയെങ്കിലും സ്വതേയുള്ള നര്‍മ്മബോധവും നിസ്സംഗതയും അദ്ദേഹത്തിന്റെ മാത്രം സവിശേഷതയായി തുടര്‍ന്നു.

ഞങ്ങളുടെ ഗാര്‍ഹിക ആരോഗ്യപരിപാലനത്തിനായി മുത്തച്ഛന്‍ നല്‍കിയ മികച്ച സംഭാവനകളാണ് തിരുമ്മലും "സ്പെഷ്യല്‍ അരിഷ്ട"വും. കളിച്ചു കൈയ്യോ കാലോ ഉളുക്കിയാല്‍ അമ്മ ഞങ്ങളെ നേരെ മുത്തച്ഛന്റെ അടുത്തേയ്ക്ക് പറഞ്ഞുവിടും. അദ്ദേഹം കുഴമ്പൊക്കെ പുരട്ടി ഒരു പിടുത്തം പിടിച്ചാല്‍ ഞങ്ങള്‍ തൊണ്ടകീറി കരയും - എന്നാലും പുള്ളി വിടില്ല, ഒരു ഇരുപതു മിനിട്ടോളം ശരിക്ക് പെരുമാറും. മിക്കവാറും ഒന്നോ രണ്ടോ തവണയേ  വേണ്ടിവരാറുള്ളൂ ഉളുക്ക് നേരെയാവാന്‍. അരിഷ്ടത്തിന്റെ കാര്യം അതിലും രസമാണ് - അത് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ കിട്ടൂ. വയറിന് സുഖമില്ലെന്നു പറഞ്ഞാല്‍ അദ്ദേഹം ഉടനെ അത് തയ്യാറാക്കും. ഏതോ രണ്ട് അരിഷ്ടങ്ങളും മദ്യവും (ബ്രാണ്ടിയാണെന്ന് തോന്നുന്നു) ഒരു നിശ്ചിത അനുപാതത്തില്‍ (അതെന്താണെന്ന് അങ്ങേര്‍ക്കേ അറിയൂ) കൂട്ടിച്ചേര്‍ത്താണ് അതുണ്ടാക്കുന്നത്‌. അത് കുടിപ്പിക്കുന്ന രീതിക്കും ഉണ്ട് സവിശേഷത. മേല്‍പ്പറഞ്ഞ മിശ്രിതം വലതു കൈയ്യില്‍ പിടിച്ചുകൊണ്ട്  അദ്ദേഹം വളരെ സാവധാനം അടുത്തേക്ക്‌ വരും. എന്നിട്ട് ഇടതുകൈകൊണ്ട് മൂക്കുപിടിച്ച് മുകളിലേക്ക് ഒറ്റ വലി. ആ പിടിത്തത്തില്‍ രോഗി വായ തുറക്കും, അപ്പോള്‍ ഗ്ലാസ്സിലുള്ള ദ്രവ്യന്‍ നേരെ വായിലേക്കൊഴിക്കും. എന്നിട്ട് മൂക്കില്‍ നിന്ന് പിടിവിടാതെ, ഗ്ലാസ്സിരിക്കുന്ന കൈകൊണ്ടു തന്നെ താടിക്കൊരു തട്ട്. അന്നനാളത്തെ എരിപൊരി കൊള്ളിച്ചുകൊണ്ട് 'ഗ്ളും' എന്ന് അത് വയറ്റിലെത്തും. ജോലിയില്ലാതെ  വീട്ടിലിരിക്കുന്ന കാലത്ത് പലപ്പോഴും ഈ വിശിഷ്ട ഔഷധം സേവിച്ചിട്ടുണ്ട്. അക്കാലത്ത് എനിക്ക് മുപ്പത്തൊമ്പതിനും നാല്‍പ്പത്തിരണ്ടിനും (കിലോ) ഇടയ്ക്കാണ് തൂക്കം - അതിങ്ങനെ ആസ്ത്മ വരുന്നതും പോകുന്നതും അനുസരിച്ച് കുറഞ്ഞും കൂടിയുമിരിക്കും. ഇതൊരെണ്ണം വയറ്റില്‍ ചെന്നാല്‍ പിന്നെ ജയന്റെ ഇടി കിട്ടിയ ആലുംമൂടനെപ്പോലെയാണ്  എന്റെ അവസ്ഥ - ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കണമെങ്കില്‍ ഒരു മണിക്കൂറും ഒരു കിണ്ടി വെള്ളവും വേണം. പക്ഷേ അതിനുള്ളില്‍ വയറിന്റെ കാര്യം ഗ്യാരണ്ടിയാണ്.

വളരെയധികം സൂക്ഷിച്ച്  അടങ്ങിയൊതുങ്ങി ജീവിച്ചിരുന്ന ഈ മുത്തച്ഛനും ഒരിക്കല്‍ ഒരു അബദ്ധം പറ്റി.ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് ഒന്ന് മയങ്ങുന്ന നേരത്തുണ്ട് വീടിന്റെ ടെറസ്സിനു മുകളില്‍ ചടപടാന്ന് കല്ല്‌ വന്നു വീഴുന്നു! മധ്യവേനലവധി ആഘോഷിക്കുന്ന പിള്ളേര്‍ വീടിന്റെ കിഴക്കുപുറത്തെ മാവിന്മേല്‍  എറിഞ്ഞ കല്ല്‌ ഉന്നം തെറ്റി വീണതാണ്. നിദ്രാഭംഗം വന്നതില്‍ കുപിതനായി അദ്ദേഹം വാതില്‍ വലിച്ചുതുറന്ന് ചവിട്ടിക്കുലുക്കി പുറത്തേക്ക് ചെന്നു. എന്നിട്ട് പിള്ളേരെ നോക്കി ഒറ്റ അലര്‍ച്ചയായിരുന്നു "ആരാടാ #$%* മാങ്ങ വീക്കണേ". അക്കാലത്ത് പിള്ളേര്‍ക്ക് കാര്‍ന്നോമ്മാരെ ഭയമുണ്ടായിരുന്നു- അതുകൊണ്ട് അവരെല്ലാം ചിതറിയോടി (ഇന്നാണെങ്കില്‍ അതിലാരെങ്കിലും കൊട്ടേഷന്‍ സംഘത്തിലുള്ളവരാണോ എന്ന് ഭയപ്പെടണം). പക്ഷേ, ഈ ബഹളമൊക്കെ കേട്ട് ചിറ്റമ്മയുടെ നാലുവയസ്സുകാരനായ മകന്‍ ഉണര്‍ന്ന വിവരം അദ്ദേഹം അറിഞ്ഞില്ലായിരുന്നു. ഒന്നാന്തരം പ്രിയൂര്‍ മാങ്ങ ഇങ്ങനെ കൂട്ടത്തോടെ പഴുത്ത്  തൂങ്ങിക്കിടക്കുമ്പോള്‍ ഓടിപ്പോയ പിള്ളേരുണ്ടോ തിരിച്ചു വരാതിരിക്കുന്നു.രണ്ടു മണിക്കൂറിനുള്ളില്‍ കൂടുതല്‍ കല്ലുകളുമായി അവര്‍ തിരിച്ചുവന്ന് ഏറു തുടങ്ങി. ഇത്തവണ ചിന്നവന്‍ പ്രശ്നം ഏറ്റെടുത്തു - " ആരാടാ മലരേ മാങ്ങ വീക്കണേ". കേട്ടുനിന്ന മുത്തച്ഛനും ചിറ്റമ്മയും നിന്ന നില്‍പ്പില്‍ മരവിച്ചുപോയി. അവന്‍ ചെറിയൊരു അക്ഷരപ്പിശക് വരുത്തിയതുകൊണ്ട് വലിയ നാണക്കേട്‌ കൂടാതെ രക്ഷപ്പെട്ടു. കുട്ടികള്‍ അടുത്തുള്ളപ്പോള്‍ തോന്ന്യാസം പറയരുതെന്ന വലിയൊരു പാഠമാണ്  അന്ന് ഞാന്‍ അന്ന് പഠിച്ചത്.

ജീവിതത്തില്‍ അന്നോളം അചഞ്ചലനായിരുന്ന മുത്തച്ഛനെ ഒന്ന് ഉലയ്ക്കാനുള്ള സാഹചര്യവും ഉടയതമ്പുരാന്‍ കൊണ്ടുവന്നു. മക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹത്തിന് സ്വത്ത് ഭാഗം വയ്ക്കേണ്ടി വന്നു. സാധാരണ ഏതൊരിടത്തും സ്വത്ത് ഭാഗം വയ്ക്കുമ്പോഴുണ്ടാകാറുള്ള ബഹളമൊക്കെ അന്ന് അവിടെയും ഉണ്ടായി (അതേപ്പറ്റി അറിയാത്തവര്‍ "വാത്സല്യം", "മനസ്സിനക്കരെ" തുടങ്ങിയ സിനിമകള്‍ കണ്ടാല്‍ മതി). എല്ലാം തീര്‍പ്പായപ്പോള്‍ കിട്ടിയ അമ്പതിനായിരം  രൂപയും കൊണ്ട് ആ പാവം വീടിന്റെ പടിയിറങ്ങി. പിന്നീടുള്ള ജീവിതം ഞങ്ങളുടെ വീട്ടിലായിരുന്നു. അതോടുകൂടി  മനസ്സുകൊണ്ട് അദ്ദേഹം വെറുമൊരു അഭയാര്‍ത്ഥിയായി. വീട്ടില്‍ വരുന്ന പിച്ചക്കാരോട്  "ഞാന്‍ ഇവിടത്തെ ആളല്ല" എന്നു പറയുന്നത്‌ കേട്ടിട്ട്  അന്ന് എനിക്ക് മനസ്സില്‍ അദ്ദേഹത്തോട് ദേഷ്യം തോന്നിയിരുന്നെങ്കിലും ഇന്ന് പ്രായത്തിന്റെ പക്വതയുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞതിന്റെ ശരി എനിക്ക് മനസ്സിലാകുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം, ഒരിക്കല്‍ മുത്തച്ഛനെ സൈക്കിളില്‍ ഇരുത്തി മുടി വെട്ടിക്കാനായി കൊണ്ടുപോകുന്ന വഴിക്ക് മുത്തച്ഛന്റെ പഴയ വീട്ടില്‍ താമസിക്കുന്ന എന്റെ അമ്മാവനെ എനിക്കൊന്നു കാണേണ്ട ആവശ്യം വന്നു. മുത്തച്ഛന്‍ അകത്തു കടക്കാന്‍ മടിച്ച് ഗേറ്റില്‍ത്തന്നെ നില്‍ക്കുന്നതുകണ്ട് ഞാന്‍ അല്പം കടുപ്പിച്ചുതന്നെ പറഞ്ഞു "മുത്തച്ഛന്‍ എന്തൂട്ടാ ഈ വഴീല് നിക്കണേ - ഇങ്കട്‌ അകത്തയ്കു വന്നൂടെ" എന്ന്‌. പാവം അത് കേട്ട് കുറച്ചു പരിഭ്രമത്തോടെ പതുക്കെ നടന്ന് അകത്തേക്കുവന്ന് ഉമ്മറത്തെ സോഫയുടെ തുമ്പത്തുവന്നിരുന്നു. അമ്മാവന്‍ കുറച്ചുനേരം സംസാരിച്ചതിനുശേഷം അകത്തേക്കു പോയപ്പോള്‍ മുത്തച്ഛന്‍ പതുക്കെ എഴുന്നേറ്റു മുത്തച്ഛന്റെ പഴയ മുറിയിലേക്ക് നടന്നുപോയി. ഞാന്‍ പത്രം വായിച്ചുകൊണ്ട് അവിടെത്തന്നെ ഇരുന്നു. മൂന്നുനാലുമിനിട്ടിനു ശേഷം  അദ്ദേഹം തിരികെ വന്നു. ഞാനും അമ്മാവനും അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല - ആ സ്വകാര്യ ദുഃഖവുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തെ തനിയേ വിട്ടു.

മുത്തച്ഛന്‍ വീട്ടില്‍ വന്നതില്‍പ്പിന്നെ എനിക്ക് നാട്ടില്‍ വരുമ്പോള്‍ ഉടുക്കാന്‍ മുണ്ടിനു ബുദ്ധിമുട്ടില്ലാതായി. ഒരു ദിവസം മുത്തച്ഛന്‍ കട്ടിലില്‍ കിടന്ന് ഒന്നു മയങ്ങുന്ന നേരത്ത് ഞാന്‍ അലമാരി തുറന്ന് ഉള്ളതില്‍ ഏറ്റവും നല്ല മുണ്ടിനു വേണ്ടി പരതുകയായിരുന്നു. മുത്തച്ഛന്‍ ഞെട്ടിയുണര്‍ന്ന് "എന്താ? എന്താടാ നോക്കണേ?" എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു : "ഏയ്‌, ഒന്നൂല്ല്യ മുത്തച്ഛാ, ഞാന്‍ ഇവിടെ മുണ്ടിന്റെ അടീല് എന്തൂട്ടാ ഇള്ളേന്നു നോക്കാന്‍ വന്നതാ". അതിനു പറ്റിയ മറുപടിയും കിട്ടി. സാധാരണ ഇതുപോലെ മുത്തച്ഛനെ ചൊടിപ്പിച്ചാല്‍ മറുപടിക്കൊപ്പം വയറ്റില്‍ പൊക്കിളിനു താഴെ ഒരു ചെറിയ നുള്ളും കിട്ടും. ഒരിക്കല്‍ ഇതുപോലെ നുള്ളാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു "ദേ, അവടെ തൊട്ടട്ടുള്ള കളി വേണ്ടാട്ടോ. അതെനിക്ക് വിറ്റുകാശാക്കാനിള്ളതാ" (അന്ന് ഞാന്‍ കല്യാണം കഴിച്ചിട്ടില്ല). അതിനു കിട്ടിയ മറുപടിയും ഇവിടെ  എഴുതാന്‍ പറ്റുന്നതല്ല. എഴുതാന്‍ പറ്റുന്ന ഒന്നുണ്ട്. ഒരിക്കല്‍ ഒരു സംഭാഷണത്തിനിടെ ഞാന്‍ മുത്തച്ഛനോട് വലിയ വീമ്പു പറയുകയായിരുന്നു "മുത്തച്ഛാ, സത്യത്തിനും നീതിക്കും നിരക്കാത്ത ഒരു പരിപാടീം എനിക്കില്ല്യാ ട്ടോ". മറുപടിക്ക് താമസമുണ്ടായില്ല - " അയ്യോ എന്റെ മോനെ, നീ വല്ലാണ്ട് നെരക്കല്ലേ...ചന്തീമ്മല്‍ത്തെ തൊലി പോവ്വേ....". അതൊരു തമാശയായിരുന്നു എങ്കിലും ഞാന്‍ ഒരു ഉപദേശമായിത്തന്നെ എടുത്തു. ഒരിക്കലും ഞാന്‍ പിന്നെ സത്യം, നീതി, ദയ, സ്നേഹം തുടങ്ങിയ മാനുഷിക ഗുണങ്ങള്‍ "വല്ലാണ്ട് നെരക്കീട്ടില്ല". അതുകൊണ്ട് ചന്തിക്ക് വലിയ കേടുപാടൊന്നുമില്ലാതെ ഇങ്ങനെ ജീവിക്കുന്നു.

കാഴ്ച നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിനു ജീവിതം മടുത്തു. ഞാന്‍ വിദേശത്തുനിന്നു വരുമ്പോഴൊക്കെ "എനിക്കെപ്പഴാടാ വിസ വരാമ്പോണേ?" എന്ന് ചോദിക്കും. തിരിച്ചു പോകാന്‍ നേരത്ത് "അപ്പൊ ഇനി വരുമ്പോ ഇണ്ടെങ്കി കാണാം ല്ലേ?" എന്നും ചോദിക്കും. അതുകേട്ട് ഞാന്‍ പറയും "ഇല്ല്യാണ്ട് എവടപ്പോവാന്‍ ! ഒറപ്പായിട്ടും കാണാം".  ആ ചോദ്യത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. മുന്‍പ് ഞങ്ങളുടെ വീട്ടില്‍ ഒരു നായയുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ വന്നു പോകാന്‍ നേരത്ത് അത് തീരെ അവശയായിരുന്നു. അതുകണ്ട് ഞാന്‍  "അപ്പൊ ഇനി വരുമ്പോ ഇണ്ടെങ്കി കാണാട്ടോടീ" എന്നാണു യാത്ര പറഞ്ഞത്. രണ്ടു മാസത്തിനകം അതിന്റെ പ്രാണന്‍ പോയി. ആ മാജിക് ഒന്നുകൂടി ആവര്‍ത്തിപ്പിക്കാനാണ് മുത്തച്ഛന്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയില്‍ , പക്ഷേ,  മുത്തച്ഛന്‍ ആ ചോദ്യം ചോദിച്ചില്ല. ഇറങ്ങാന്‍ നേരത്ത് എന്നെ ഇറുകെ കെട്ടിപ്പിടിച്ച് കഴുത്തില്‍ ഒരു ഉമ്മ തന്നു. ഞാനും ഒന്നും പറഞ്ഞില്ല.

ഈശ്വരന്‍ ഈ ലോകത്തിനുവേണ്ടി നിശ്ചയിച്ച നടപടിക്രമങ്ങളില്‍ യാതൊരു വിധത്തിലും ഇടപെടാതെ ലളിതമായ, സുന്ദരമായ, സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ച മുത്തച്ഛന് അതിസുന്ദരമായ ഒരു മരണം നല്‍കിയാണ്‌ ഈശ്വരന്‍ അനുഗ്രഹിച്ചത്.   മരിക്കുന്നതിനു നാല് ദിവസം മുന്‍പ് തളര്‍ച്ചയും കിതപ്പും അനുഭവപ്പെട്ടതുകൊണ്ട്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് പൂര്‍ണ്ണമായും ഭേദപ്പെട്ടു തിരികെ വീട്ടില്‍ വരികയും ചെയ്തു. മരിക്കുന്നയന്നു രാവിലെപ്പോലും ഉമ്മറത്തിരുന്ന് അയല്‍പക്കക്കരോട് സംസാരിച്ചിരുന്നു. ആ നേരത്ത് യദൃശ്ചയാല്‍ മുത്തച്ഛന്റെ ഏഴു മക്കളും വീട്ടിലുണ്ടായിരുന്നു. അപ്പോഴാണ്‌ വീണ്ടും തളര്‍ച്ച അനുഭവപ്പെട്ട് കട്ടിലില്‍ വന്നു കിടന്നത്. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. അവസാന നിമിഷം വരെ വീട്ടിലുള്ളവര്‍ ചോദിക്കുന്ന ചോദ്യങ്ങളോട് മൂളലുകളിലൂടെ  പ്രതികരിക്കുന്നുണ്ടായിരുന്നു. അങ്ങനെ, മക്കളെല്ലാവരും ചുറ്റിലും നോക്കിനില്‍ക്കെ വളരെ ശാന്തമായി അദ്ദേഹം കടന്നുപോയി-  ഉടനീളം സൌമ്യമായ പ്രകാശം പരത്തിനിന്ന് തിരിയറ്റുപോകുമ്പോള്‍  പെട്ടന്ന് കെട്ടുപോകുന്ന മെഴുകുതിരിയെപ്പോലെ.  അതിരാവിലെ എന്റെ കസിന്‍ സെല്‍ ഫോണില്‍ മെസ്സേജ് ഇട്ടിരുന്നു. മരണവാര്‍ത്ത കേട്ട് ഞാന്‍ കരഞ്ഞില്ല. ഡബിള്‍ സെഞ്ചുറി നേടി ഔട്ടായ തെണ്ടുല്‍ക്കറോടെന്ന പോലെ, മനസ്സുകൊണ്ട് ആ ജീവിതത്തിന് ഞാനൊരു കരഘോഷം സമര്‍പ്പിച്ചു.

മുത്തച്ഛനെപ്പോലെത്തന്നെ ലളിതമായി ജീവിക്കുന്ന ഒരാളാണ് ഞാന്‍ . ആര്‍ക്കും വലിയ ഉപകാരമൊന്നും ചെയ്തിട്ടില്ലെങ്കിലും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നു വിശ്വസിക്കുന്നു. മുത്തച്ഛനെപ്പോലെ മനസ്സില്‍ കാലുഷ്യമില്ലാതെ, എല്ലാവരോടും ബഹുമാനത്തോടെ ഇടപെടാന്‍ ശ്രദ്ധിക്കുന്നുണ്ട്.  ഒരിക്കലും ഈശ്വരനിശ്ചയത്തിനെതിരെ ഈ ലോകം നന്നാക്കാനോ ചീത്തയക്കാനോ ശ്രമിച്ചിട്ടില്ല. എനിക്കും മുത്തച്ഛനെപ്പോലെ ഈ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷത്തോടെ, ആസ്വദിച്ചു  ജീവിക്കണം. ആയുസ്സുള്ളിടത്തോളം കാലം ആരോഗ്യത്തോടെ പരസഹായമില്ലാതെ ജീവിക്കണം.  എന്റെ കൂട്ടുകാരിയെ തനിച്ചാക്കി പോകാന്‍ ഇടവരരുത്. മരിക്കുന്ന സമയത്ത് ഒരു സമ്പൂര്‍ണ്ണ ജീവിതം ജീവിച്ചു തീര്‍ത്ത സംതൃപ്തി മനസ്സിലുണ്ടാകണം. മുത്തച്ഛനോളം സന്താനസമൃദ്ധി എനിക്കില്ല - ഒരു മകനേയുള്ളൂ. മരണക്കിടക്കയില്‍ എന്റെ കൈ പിടിച്ച്  എന്നോട് ഓരോന്ന് ചോദിച്ച്, മറുപടിയായി വരുന്ന എന്റെ മൂളലുകള്‍ കേട്ട്, അവന്‍ എന്റെ അടുത്തുണ്ടാകണം. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്നോയോര്‍ത്തു സങ്കടപ്പെടാതെ നല്ലോണം ജീവിച്ചുതീര്‍ത്ത എന്റെ ജീവിതത്തെയോര്‍ത്ത് അവന്‍ സന്തോഷിക്കണം.


ഇതൊക്കെ നടക്കുമോയെന്നറിയില്ല, എന്നാലും അങ്ങനെയൊക്കെ ആഗ്രഹിക്കാമല്ലോ.