എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, May 1, 2012

നീലക്ക്രിക്കറ്റ്

നാട്ടില്‍ നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ ഈ വാലറ്റക്കാരനും അല്പസ്വല്പം ഭ്രമം ഇല്ലാതില്ല. ഓഫീസിലിരുന്നും വീട്ടിലിരുന്നും കളി കാണാന്‍ അനുവദിക്കുന്ന സാഹചര്യമില്ലാത്തതുകൊണ്ട് ചില വെബ് സൈറ്റുകളില്‍ നിന്ന് ലൈവ് സ്കോര്‍ കാണുകയാണ് പതിവ്. ഇന്ന് അത്തരം ഒരു സൈറ്റില്‍ കണ്ട ഒരു കമെന്റ് എന്നെ ശരിക്കും ചിരിപ്പിച്ചു. "പൊതുവേ ആണുങ്ങള്‍ക്ക് നിറഭേദങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുകുറവാണ്, എങ്കിലും ഇത്രയധികം ടീമുകള്‍ക്ക് ഈ നീലനിറത്തോടുള്ള താല്പര്യം എന്നെ അത്ഭുതപ്പെടുത്തുന്നു" എന്നതായിരുന്നു ആ കമെന്റ്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് "ക്രിക്കറ്റ്കണ്ട്രി ഡോട്ട് കോം" എന്ന സൈറ്റില്‍ അരുണാഭ സെന്‍ഗുപ്ത എഴുതിയതാണ് അപ്പോള്‍ ഓര്‍മ്മയില്‍ വന്നത്. "ടെസ്റ്റ് ക്രിക്കറ്റ് എന്നാല്‍ ഒരു ക്ലാസ്സിക് സിനിമ പോലെയാണെങ്കില്‍ ഏകദിന ക്രിക്കറ്റ് ബോളിവുഡ് മസാലച്ചിത്രം പോലെയും ട്വെന്റി-ട്വെന്റി നീലച്ചിത്രം പോലെയുമാണ്. അതുകൊണ്ടാണ് ടി-20 ചിലവാകുന്നതും ടെസ്റ്റിന് ആളുകേറാത്തതും". അതുതന്നെ. നീലക്ക്രിക്കറ്റ്, നീല യൂണിഫോം.

ശരിക്കുപറഞ്ഞാല്‍ ഈ അഗമ്യഗമനം (ഈ വാക്കിന് കടപ്പാട്: ബ്ലോഗര്‍ 'കുമാരന്‍ ') ഇന്ത്യക്കാരായിട്ട് തുടങ്ങിയതല്ല. ക്രിക്കറ്റിലെ അഭിവന്ദ്യരാഷ്ട്രങ്ങളിലൊന്നായ ഓസ്ട്രേലിയയിലെ കെറി പാക്കര്‍ എഴുപതുകളില്‍ കണ്ടെത്തിയ ഒരു ഉജ്ജ്വല സാധ്യതയാണ് ഇത്. അദ്ദേഹം ദേശീയ ടീമുകളില്‍ നിന്ന് കളിക്കാരെ അടര്‍ത്തിയെടുത്ത് ഏകദിനമത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനു സമാനമായ സാഹചര്യത്തിലാണ് ഇന്ത്യയിലും ടി-20 ഉരുത്തിരിഞ്ഞത്. കെറിയുടെ 'ചാനല്‍ നൈന്‍ 'നേപ്പൊലെത്തന്നെ സംപ്രേക്ഷണാവകാശം നിഷേധിക്കപ്പെട്ട സീ ടിവി അധികാരികളാണ് ഇന്ത്യയിലെ ടി-20യുടെ ഉപജ്ഞാതാക്കള്‍. പിന്നീട് വിപണിയിലും രാഷ്ട്രീയത്തിലുമുള്ള സ്വാധീനം ഉപയോഗിച്ച് സീ ടിവിയെ അടിച്ചൊതുക്കി ഈ കെട്ടുകാഴ്ചയുടെ കുത്തകാവകാശം ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡ് പിടിച്ചുപറിച്ചെടുത്തെന്നേയുള്ളൂ. ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള വഴക്കിന്റെ മൂര്‍ദ്ധന്യത്തില്‍ ബോര്‍ഡ് അംഗങ്ങളുമായുള്ള ഒരു ചര്‍ച്ചയില്‍ കെറി തൊടുത്തുവിട്ട "മാന്യരേ, നമ്മിലെല്ലാവരിലും ഒരു ചെറിയ വേശ്യയുണ്ട്. നിങ്ങളുടെ ഇന്നത്തെ നിരക്കെന്താണ്?" എന്ന ചോദ്യം ഇന്നും പതിവായി രാജ്യമെമ്പാടുമുള്ള ക്രിക്കറ്റ് പുരയിടങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ടാകണം.

ക്രിക്കറ്റിന്റെ ഈ പരിണാമശൃംഖലയിലെ അടുത്തകണ്ണിയായ 'സെലെബ്രിറ്റി ക്രിക്കറ്റ്' (സിനിമാ താരങ്ങളുടെ ടി-20 ക്രിക്കറ്റ്) കാണാനുള്ള സൌഭാഗ്യം ഈ വാലറ്റക്കാരന് കഴിഞ്ഞ ജനുവരിയിലുണ്ടായി. യാതൊരുവിധ അറപ്പുമില്ലാത്ത ഒരു തറ വായില്‍നോക്കിയായതുകൊണ്ട് മിക്കവാറും എല്ലാ മാച്ചുകളും ഞാന്‍ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടു. ചിയര്‍ലീഡേഴ്സ് മാത്രമായിരുന്നില്ല അതിലെ ആകര്‍ഷണം. പ്രാദേശിക ചാനലില്‍ അതാതു സംസ്ഥാനത്തെ ഭാഷയില്‍ ദൃക്‍സാക്ഷിവിവരണവും അതാതുപ്രദേശങ്ങളില്‍ ജനപ്രീതിയുള്ള നായികാനായകന്‍മാരുമായുള്ള അഭിമുഖവും, ഓവറുകള്‍ക്കിടയില്‍ പ്രശസ്തരായ ചില സുന്ദരികളുടെ 'ഫോട്ടോഷൂട്ടിന്റെ' വിഡിയോ ദൃശ്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയ നയനാനന്ദകരമായ ഒരു ഷോ തന്നെയായിരുന്നു അത്. സൂപ്പര്‍ താരങ്ങളുടെ ബോളിങ്ങും ബാറ്റിങ്ങും ഇംഗ്ലീഷിലുള്ള അഭിമുഖസംഭാഷണവുമെല്ലാം കളിയുടെ പിറ്റേന്ന് എഫ് എം റേഡിയോയിലെ അവതാരകര്‍ക്കും ചാനല്‍ മിമിക്രി മാക്രികള്‍ക്കും ജോക്കടിക്കാനുള്ള വകയൊരുക്കിക്കൊടുക്കുകകൂടിയായപ്പോള്‍ വിനോദവിപണനത്തിന്റെ നവീന സാധ്യതകളാണ് നമുക്കുമുമ്പില്‍ തെളിഞ്ഞുവന്നത്. കാമ്പും മൂല്യവുമില്ലാത്ത ഒരു ഉല്‍പന്നം പുറംപകിട്ടുകൊണ്ടുമാത്രം എങ്ങനെ വിറ്റുകാശാക്കാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രമാണിമാര്‍ക്ക് സിനിമാക്കാരില്‍നിന്നു പഠിക്കാവുന്നതാണ്.

ഇംഗ്ലണ്ടിലെ കെവിന്‍ പീറ്റേഴ്സന്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഐപിഎല്‍‌‌‌നെ പാടെ അവഗണിക്കുന്നതില്‍ പരിഭവം പറയുന്നതു കണ്ടു. എനിക്കതില്‍ അത്ഭുതമൊന്നും തോന്നിയില്ല. ഇംഗ്ലണ്ടിലെ കൌണ്ടി ക്രിക്കറ്റിനേക്കുറിച്ചോ, ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിനേക്കുറിച്ചോ വെസ്റ്റ് ഇന്‍ഡീസ് ആഭ്യന്തരക്രിക്കറ്റിനേക്കുറിച്ചോ നമ്മുടെ നാട്ടിലും വാര്‍ത്തകള്‍ വരാറില്ല. പിന്നെ ഐപിഎല്‍ പ്രദര്‍ശനവും ക്രിക്കറ്റുമായുള്ള ബന്ധം വാര്‍ത്താ ചാനലും വാര്‍ത്തയും തമ്മിലുള്ള ബന്ധം പോലെയാണ്. ഇംഗ്ലീഷുകാര്‍ക്കുമാത്രമല്ല നല്ലൊരു വിഭാഗം ഇന്ത്യക്കാര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും ഈ പേക്കൂത്തിനോടു മുഖംതിരിക്കാന്‍ തോന്നുന്നെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.

പണ്ട് മാന്യന്‍മാരുടെ കളിയായി മാത്രം അറിയപ്പെട്ടിരുന്ന ക്രിക്കറ്റ് ഇന്ന് പലര്‍ക്കും പലതാണ്. പണച്ചാക്കുകള്‍, മദ്ധ്യവയസ്കരായ സിനിമാതാരങ്ങള്‍, സമ്പന്നരായ ആന്റിമാര്‍, പരസ്യക്കാര്‍, ക്രിക്കറ്റ് ജന്മിമാര്‍, അധോലോകം, അന്താരാഷ്ട്രനിലവാരമുള്ള സൂപ്പര്‍ക്രിക്കറ്റര്‍മാര്‍, കഷ്ടിച്ച് ദേശീയനിലവാരം മാത്രമുള്ള ലോക്കല്‍ കളിക്കാര്‍, ചാനലുകാര്‍, പരസ്യവും വിഡ്ഢിത്തവും കമെന്ററിയും ഒരുമിച്ചു വിളമ്പുന്ന വിരമിച്ച ക്രിക്കറ്റര്‍മാര്‍, രാഷ്ട്രീയക്കാര്‍, ബ്ലോഗര്‍മാര്‍, വഴിവാണിഭക്കാര്‍, വായില്‍നോക്കികളായ കാണികള്‍ എന്നിവരെല്ലാം ചേര്‍ന്ന് ആനയേക്കാണാന്‍ പോയ അന്ധന്‍മാരേപ്പോലെ ഈ ക്രിക്കറ്റിന് പുതിയ നിര്‍വചനങ്ങള്‍ സമ്മാനിച്ചിരിക്കുന്നു. ഇവരുടെയൊക്കെ അന്തിമലക്ഷ്യങ്ങള്‍ പലതാണെങ്കിലും അവരെ ബന്ധിപ്പിക്കുന്നത് 'ഇന്നത്തെ നിരക്കെന്താണ്' എന്ന ചോദ്യമാണ്, ഉല്‍കണ്ഠയാണ്.

വിഡ്ഢിപ്പെട്ടിയും കമ്പ്യൂട്ടറും ഗെയിമിങ്ങ് കണ്‍സോളുകളും സ്മാര്‍ട്ട്ഫോണുമൊക്കെ ഇങ്ങനെ അര്‍ത്ഥമില്ലാത്ത വിനോദങ്ങളില്‍ ഒരു ജനതയെ ആകമാനം തളച്ചിടുന്ന ഒരു സ്ഥിതിയിലേയ്ക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. ഒരു രണ്ടുതലമുറകൂടി കഴിഞ്ഞാല്‍ പ്രതികരണശേഷിയില്ലാത്തവര്‍ എന്നതിലുപരി സ്വയരക്ഷയ്ക്ക് ഒന്നെഴുന്നേറ്റോടാന്‍ പോലും കഴിയാത്ത ഒരു മനുഷ്യവംശമാകുമോ ആവോ ഭൂമിയില്‍ അവശേഷിക്കുക. ആര്‍ക്കറിയാം, ഒരുപക്ഷേ അതിലും അതിജീവനത്തിന്റെ ഒരു നൂലിഴ ബാക്കിവരുമായിരിക്കാം. പണ്ടൊരിക്കല്‍ മാധവിക്കുട്ടി ഞങ്ങളുടെ ക്യാമ്പസില്‍ വന്നപ്പോള്‍ പറഞ്ഞ ഒരു കഥ ഓര്‍മ്മവരുന്നു. അവരുടെ പറമ്പില്‍ ഒരിക്കല്‍ ഒരു വലിയ കീടബാധയുണ്ടായി. അതിനെ നീക്കം ചെയ്യാന്‍ അക്കാലത്തെ പതിവുപോലെ അവര്‍ പറമ്പിലൊക്കെ കീടനാശിനി തളിപ്പിച്ചു. കുറച്ചുകാലത്തേയ്ക്ക് കീടബാധ വളരേ കുറവായിരുന്നു. പിന്നെ അവ പിന്നേയും പെരുകാന്‍ തുടങ്ങി. "ആ ജീവികള്‍ക്ക് മറ്റൊരു നിറവും ഞങ്ങളടിച്ച കീടനാശിനിയുടെ മണവുമായിരുന്നു, അപ്പോള്‍. ഒരു പക്ഷേ നമ്മുടെ കുട്ടികളും ഇതുപോലൊക്കെ ആകുമായിരിക്കും. നമ്മുടെ നിറവും മണവുമൊന്നുമായിരിക്കില്ല അവര്‍ക്ക്" അവര്‍ പറഞ്ഞു.

ഹോ, മറന്നുപോയേനേ. ഇന്ന് 'കുതിരസവാരിക്കാരുടെ' കളിയുള്ള ദിവസമാണ്. പണ്ട് കണ്ണഴി മൂര്‍ക്കില്ലത്തുമനയ്ക്കല്‍ സൂരി നമ്പൂതിരിപ്പാട് ഇന്ദുലേഖയോടു പറഞ്ഞ പോലെ വാലറ്റക്കാരന് ശ്ശി ഭ്രാന്തുണ്ടേയ്.... കളിഭ്രാന്ത്! ജുഹി ചാവ്ല കളികാണാന്‍ വരുമോ ആവോ. ഒന്നു പോയി നോക്കട്ടെ.