എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, December 14, 2010

ദൂരെ ഒരു വീട്

എന്റെ ഓഫീസില്‍ ഏറ്റവും മാനിക്കപ്പെടുന്ന പ്രഫെഷനല്‍ ആണ്  ജിം. ദൈവം എല്ലാം വാരിക്കോരിക്കൊടുത്തിട്ടുണ്ട് അദ്ദേഹത്തിന്. ബുദ്ധിമാന്‍, സുന്ദരന്‍, വളരെയേറെ കാര്യങ്ങളെക്കുറിച്ച് അറിവുള്ളവന്‍, പണക്കാരന്‍, അറിയപ്പെടുന്ന ഒരു റോക്ക് ഗ്രൂപ്പിലെ ലീഡ് ഗിറ്റാറിസ്റ്റ്, സ്വന്തമായി മോഡല്‍ വിമാനങ്ങള്‍ (ശരിക്കും എഞ്ചിന്‍ ഒക്കെ വച്ചു റിമോട്ട് കണ്ട്രോള്‍ കൊണ്ട്‌ പറക്കുന്ന ഇനം) നിര്‍മ്മിച്ചു  പറപ്പിച്ച് പല മത്സരങ്ങളിലും വിജയിച്ചവന്‍, നഗരത്തിലെ ലോക പ്രശസ്തമായ സര്‍വകലാശാലയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന പാര്‍ട്ട്‌-ടൈം അധ്യാപകന്‍ , സരസന്‍, വാഗ്മി എന്നിങ്ങനെ അദ്ദേഹത്തെ വര്‍ണ്ണിക്കാന്‍ തുടങ്ങിയാല്‍ തീരില്ല. അദ്ദേഹത്തെ കണ്ടിട്ട് എന്നെപ്പോലുള്ള കുറേയെണ്ണത്തിനെ എന്തിനാണ് ഉടയതമ്പുരാന്‍ ഇങ്ങനെ വെറുതേ പടച്ചു വിട്ടത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ്  ജിം നഗരത്തിലെ വീട് വിറ്റ്  കുറച്ചു ദൂരെ ഗ്രാമപ്രദേശത്ത്‌ ഒന്നര ഏക്കര്‍ പറമ്പും ഒരു കൂറ്റന്‍ വീടുമുള്ള ഭൂസ്വത്ത് വാങ്ങി. ഇവിടങ്ങളിലൊക്കെ വീടുമാറ്റം ഒരു തരം വിശേഷപ്പെട്ട ആഘോഷമാണ്. വീടു മാറുന്ന ദിവസം ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും വന്ന്‌, കുറേ ബിയറും കോഴിയിറച്ചിയും പിസ്സായും അകത്താക്കി, സാധനങ്ങളെല്ലാം ട്രക്കുകളില്‍ കയറ്റി, പുതിയ വീട്ടില്‍ കൊണ്ടുപോയി, പിന്നെയും കുറേ മദ്യവും കോഴിയിറച്ചിയും അകത്താക്കി, സാധനങ്ങളെല്ലാം ഇറക്കി, അന്നത്തെ ദിവസം അവിടെത്തന്നെ ക്രാഷ് ചെയ്ത് പിറ്റേന്ന് ഉളുക്കും ചതവുമൊക്കെയായി അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോകുന്ന ഒരു സമ്പ്രദായമാണ് പതിവായി കാണാവുന്നത്‌. പിള്ളേരുടെ ശല്ല്യം ഒഴിവാക്കാന്‍ അവര്‍ക്കും യഥേഷ്ടം കോളയും, ഫ്രൈസും, ബര്‍ഗറും എന്നുവേണ്ട എന്തുവേണമെങ്കിലും മുതിര്‍ന്നവര്‍ വാങ്ങിക്കൊടുക്കും. ജിമ്മിന്റെ വീട്ടിലും ഇത്തരം ആഘോഷങ്ങളെല്ലാം പൊടിപൊടിച്ചു. എല്ലാവരും അതെല്ലാം ആസ്വദിച്ചു - ഒരു പാവം ഒഴികെ. ജിമ്മിന്റെ വളര്‍ത്തുനായ.

ആ മിണ്ടാപ്രാണിയുടെ അവസ്ഥ ജിം പറഞ്ഞത്രയും രസകരമായി അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല, അതുകൊണ്ട് പ്രസക്ത ഭാഗങ്ങള്‍ മാത്രം ചുരുക്കിപ്പറയാം. പുതിയ വീട്ടില്‍ എത്തിയ ഉടന്‍ ജിം നായയെ പറമ്പിലേക്ക് അഴിച്ചുവിട്ടു. നായ് ആ വിശാലമായ പറമ്പു കണ്ട് സന്തോഷിച്ച് തുള്ളിച്ചാടി ഓടിനടന്നു കളിക്കുമെന്നായിരിക്കും അദ്ദേഹം ധരിച്ചത്. പക്ഷെ എന്തു ചെയ്തിട്ടും അത് യജമാനന്റെ അഞ്ചടി ദൂരത്തിനുള്ളില്‍തന്നെ തലയും താഴ്ത്തി ചുറ്റിപ്പറ്റി നിന്നു. ജിം വീട്ടിനകത്തേക്ക്‌ കയറിയപ്പോള്‍ പട്ടിയും പിന്നാലെ കൂടി. അതോടുകൂടി ജിം പട്ടിയെ വിട്ട് ട്രക്കില്‍ നിന്നു സാധനങ്ങള്‍ ഇറക്കാന്‍ തുടങ്ങി. നായയാകട്ടെ തിരിച്ചു "വീട്ടിലേക്കു" പോകാനുള്ള സമയവും പ്രതീക്ഷിച്ച് മിനിവാനിന്റെ പിന്നിലെ വാതിലിന്നടുത്ത് ഇരിപ്പായി. പണിയെല്ലാം കഴിഞ്ഞ്  "അതിഥി സല്‍ക്കാരം" തുടങ്ങേണ്ട സമയമായപ്പോള്‍ ജിം നായയെ വിളിച്ചു വീട്ടിനകത്തു കയറ്റി. പക്ഷെ എന്തു പറഞ്ഞിട്ടും ആ പാവം പ്രാണിക്ക് ഒരിടത്തും ഇരിപ്പുറയ്ക്കുന്നില്ലായിരുന്നു. എല്ലാവരും വട്ടം കൂടിയിരുന്ന് ആഘോഷിക്കുമ്പോള്‍ "അല്ലാ, നമുക്ക് വീട്ടീപ്പോണ്ടേ?" എന്ന ഭാവത്തോടെ അത് അസ്വസ്ഥമായി  യജമാനനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു  എന്നാണ് ജിം പറഞ്ഞത്.

ഒന്നര വര്‍ഷത്തിനു ശേഷം ആ നായ ചത്തു. എന്തുകൊണ്ടാണ് അതു ചത്തത് എന്ന് എനിക്കറിയില്ലെങ്കിലും, നഷ്ടപ്പെട്ടുപോയ അവന്റെ പ്രിയപ്പെട്ട വീടിനെയോര്‍ത്ത് മനം നൊന്തായിരിക്കുമോ അത്ര പെട്ടന്ന് മരണം സംഭവിച്ചത് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ജനിതക സ്വഭാവത്തെ യുക്തികൊണ്ട് മറികടക്കാനും  മാത്രം ബുദ്ധിവൈഭവമൊന്നും ആ മിണ്ടാപ്രാണിക്കില്ലല്ലോ.

പ്രവാസികളുടെ ലേഖനങ്ങളിലും കഥകളിലും ഏറെ പാടിപ്പഴകിയ വിഷയമാണ് ഗൃഹാതുരത്വം. ബ്ലോഗുകളുടെ ഒരു സര്‍വേ എടുത്താല്‍ ഗ്രഹാതുരസ്മരണകളില്ലാത്തവ തീരെ കുറവായിരിക്കും. ഞാന്‍ ഒരിക്കല്‍ ഇവിടത്തെ തീയേറ്ററില്‍ ഇരുന്നു "മനസ്സിനക്കരെ" എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മലയാളത്തില്‍ സ്ക്രീനില്‍ തെളിഞ്ഞ ടൈറ്റില്‍സ്  കണ്ട്   പിന്നിലിരുന്ന ഒരു  കക്ഷി "ഹോ! ആ മലയാളം അക്ഷരങ്ങള്‍ കാണുമ്പോള്‍ തന്നെ രോമാഞ്ചം വരുന്നു!" എന്ന് ആശ്ചര്യപ്പെട്ടത്  ഇന്നും ഓര്‍ക്കുന്നു. ഇനിയും സംശയമുള്ളവര്‍ ഏതെങ്കിലും മലയാളി സ്റ്റോറില്‍ പോയി നോക്കിയാല്‍ മതി - ഉമിക്കരി മുതല്‍ 'മ' പ്രസിദ്ധീകരണങ്ങള്‍ വരെയുള്ള സാധനങ്ങള്‍ അവിടെ കാണാം. എവിടെ പോയാലും നാട്ടിലെ ഒരു പിടി മണ്ണ് മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ് മലയാളികള്‍. ഞാനായിട്ട് എന്തിനു മാറി നില്‍ക്കണം? ഒരു ഗൃഹാതുര സ്മരണ എന്റെ വകയ്ക്കും കിടക്കട്ടെ ഈ വിസ്തൃത ലോക ശൃംഖലയില്‍!

ഗൃഹാതുരത്വത്തിന് അവശ്യം വേണ്ട രണ്ടു ഘടകങ്ങളാണ് വീടും ദൂരവും. ദൂരം പലരെയും പല തരത്തിലാണ് ബാധിക്കുന്നത്. എനിക്ക് പരിചയമുള്ള ഒരു ചേച്ചി തൃശ്ശൂരില്‍ നിന്ന് തൊട്ടടുത്തുള്ള ആമ്പല്ലൂരെയ്ക്കാണ്  കല്യാണം കഴിച്ചു പോയത്. പക്ഷെ എല്ലാ ആഴ്ചയിലും ശനിയാഴ്ച വൈകീട്ടത്തെ അഞ്ചരയുടെ ബസ്സില്‍ ഉറപ്പായും അവര്‍ "വീട്ടില്‍" പോയിരിക്കും.  അവര്‍ ഗൃഹാതുരയാവാന്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്ന് അഞ്ചടി ദൂരം പോയാല്‍ മതി. ഞാന്‍ ഗോവയിലും ബോംബെയിലും ജോലി ചെയ്തിരുന്ന കാലത്ത്  ഗൃഹാതുരത്വമൊന്നും ഉണ്ടായിരുന്നില്ല - മറിച്ച് വീട്ടില്‍ നിന്നു സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷമായിരുന്നു. അവിടന്ന് പിന്നെയും വടക്കോട്ട്‌ പോയപ്പോള്‍ ഇടയ്ക്കിടെ വീട്ടില്‍ പോകണമെന്ന തോന്നല്‍ ഉണ്ടായിരുന്നു. അത് അവിടം ഇഷ്ടപ്പെടാഞ്ഞതുകൊണ്ടാണ് വീടിനോട് സ്നേഹം മൂത്തതുകൊണ്ടല്ല.

വീട് എന്നാല്‍ എന്താണ്? സ്വന്തം വീടാണോ? ഫ്ലാറ്റില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഗൃഹാതുരത്വം ഉണ്ടാകുമോ? കുട്ടിക്കാലത്തെ പഴയ ഓട് മേഞ്ഞ വീടോ, കുറച്ചു വലുതായപ്പോള്‍ മാറിത്താമസിച്ച പുതിയ വീടോ?വാടക വീടാണോ, ക്വാര്‍ട്ടേഴ്സ് ആണോ? പ്രശസ്ത നടി മനീഷ കൊയ്രാല വീടിനു നല്‍കിയ നിര്‍വചനം കേള്‍ക്കൂ: "ദൂരെ ഒരിടത്തിരുന്നു മനസ്സിനെ തുറന്നു വിട്ടാല്‍ മനസ്സ് തനിയെ വഴി കണ്ടുപിടിച്ച് എത്തുന്നയിടം" (കടപ്പാട്: മനോരമ). അതായത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഇടം ഏതാണോ അതാണ്‌ വീട്.

ഞാന്‍ മനസ്സിനെ തുറന്നു വിടാറില്ല - നേടാനുള്ളതും നഷ്ടപ്പെടാതെ നോക്കേണ്ടതുമായ ഡോളറുകളില്‍ മനസ്സുറപ്പിച്ചു നിര്‍ത്തിയാല്‍ നാട്ടില്‍ വരുമ്പോള്‍ പോലും തിരിച്ചിങ്ങോട്ടുവരുന്ന ദിവസം അതു പ്രതീക്ഷിച്ചുകൊണ്ടിരുന്നോളും. മനസ്സിനെ അങ്ങനെ ആക്കിയെടുക്കാന്‍ ഒരു തരം ക്രൂരമായ മനസ്ഥൈര്യം ആവശ്യമാണ്‌. അതുകൊണ്ടുതന്നെ ഉണര്‍ന്നിരിക്കുമ്പോളേ മനസ്സിനെ അത്രകണ്ട് നിയന്ത്രിക്കാനാകൂ. ഉറങ്ങുമ്പോള്‍ അതു ചങ്ങല പൊട്ടിച്ച് അതിന്റെ വഴിയേ സഞ്ചരിക്കും. അങ്ങനെ പുറത്തു കടന്നാല്‍ അത് ആദ്യം ചെന്നെത്തുന്നത് ഞാന്‍ ജനിച്ചു വളര്‍ന്ന വീട്ടിലല്ല, എന്റെ മുത്തച്ഛന്റെ വീട്ടിലാണ്!

കുട്ടിക്കാലത്ത് ഞങ്ങള്‍ ഗ്രാമപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. അന്ന് ഞങ്ങളുടെ ഒന്നര ഏക്കര്‍ പറമ്പില്‍ ഉണ്ടായിരുന്ന ജൈവവൈവിധ്യം ഞാന്‍ വേറെവിടെയും കണ്ടിട്ടില്ല. എല്ലാ തരം സസ്യങ്ങളും അവിടെ ഉണ്ടായിരുന്നു - ആഞ്ഞിലി, അശോകം, തേക്ക്, വിവിധയിനം മാവുകള്‍, പല തരം പ്ലാവുകള്‍, മുരിക്ക്‌, തെങ്ങ്, കവുങ്ങ്, ജാതി, പുളി, ആര്യവേപ്പ്, കരിമ്പന, ആനപ്പന, വാഴ. ചെമ്പകം എന്നിങ്ങനെ പല തരം. ജന്തുക്കളുടെ കാര്യമാണെങ്കില്‍ പറയണ്ട. ഓന്ത്, അരണ, ഉടുമ്പ്, കീരി, പാമ്പ്, ചുണ്ടന്‍ മുതല്‍ പെരുച്ചാഴി വരെയുള്ള പല തരം എലികള്‍, മുയല്‍, അണ്ണാന്‍ എന്നിങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ തീരില്ല. പക്ഷികളുടെ കാര്യവും അങ്ങനെതന്നെ - ഇപ്പോള്‍ അവയില്‍ പലതിന്റെയും പേരു പോലും ഓര്‍മ്മയില്ല (കാലന്‍ കോഴി, പൂത്താന്‍കീരി, കുളക്കോഴി, ഉപ്പന്‍, മൂങ്ങ എന്നിവ ഓര്‍മ്മയുണ്ട്). വീടിനു ചുറ്റും ഇങ്ങനെ മരങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിരുന്നതുകൊണ്ട് ഒരിക്കലും നേരിട്ടുള്ള വെയില്‍ വീടിന്മേല്‍ പതിക്കില്ലായിരുന്നു. അതുകൊണ്ട് വേനല്‍ക്കാലത്തു പോലും വീട്ടിനുള്ളില്‍ ഒരുതരം ഇരുണ്ട തണുപ്പാണ്  അനുഭവപ്പെടാറുണ്ടായിരുന്നത്  . കളിക്കാനാനെങ്കില്‍ ഇഷ്ടം പോലെ സ്ഥലം- നിറയെ മരങ്ങളുളളതുകൊണ്ട് ഒളിച്ചുകളിക്കാന്‍ പറ്റിയ പറമ്പായിരുന്നു. വൈകുന്നേരമായാല്‍ പുഴയുടെ മണല്‍പ്പുറത്ത്  പോയി പന്തുകളിക്കാം. അതുകഴിഞ്ഞ് ഇളം ചൂടുള്ള പുഴവെള്ളത്തില്‍ മണിക്കൂറുകളോളം മദിച്ചുകുളിച്ച് വീട്ടിലേക്കു തിരിച്ചു വരാം. കളിപ്പാട്ടങ്ങളില്ലാതെയും കാലില്‍ ചെരുപ്പ് പോലും ഇടാതെയും അങ്ങനെ ഞങ്ങള്‍ ഓടിനടന്നു കളിച്ചു വളര്‍ന്നു.

അന്ന് എനിക്ക് മുത്തച്ഛന്റെ വീടെന്നു പറഞ്ഞാല്‍ പട്ടിക്കാട്ടുകാരന് പാരീസ് പോലെയാണ്. വലിയ മുറികളുള്ള ടെറസ്സ് വീടായിരുന്നു മുത്തച്ഛന്റെത്. ആ വീടിന്റെ കിഴക്കുവശം പാടമായിരുന്നു - അതുകൊണ്ട് രാവിലെ ആറു മണിയായാല്‍ കിഴക്കുഭാഗത്തെ കിടപ്പുമുറികളില്‍ വെളിച്ചം വന്നു നിറയും. നിറഞ്ഞ വെളിച്ചത്തില്‍ രാവിലെ ഉണരാന്‍ തന്നെ നല്ല രസമായിരുന്നു. ഉണര്‍ന്നാല്‍ വീട്ടിലെപ്പോലെ ചവര്‍പ്പുള്ള ഉമിക്കരിയിട്ടു പല്ല് തേയ്ക്കേണ്ട  - മുത്തച്ഛന്റെ വീട്ടില്‍ ബ്രഷും മധുരമുള്ള ബിനാക്ക പേസ്റ്റും ഉണ്ട്. കുളിക്കാന്‍ പുഴയില്‍ പോകുകയോ വെള്ളം കോരുകയോ വേണ്ട - മുത്തച്ഛന്റെ വീട്ടില്‍ പമ്പ് ഉണ്ട്. മുത്തച്ഛന് അമ്മയടക്കം ഏഴു മക്കളാണ്. എന്റെ കുട്ടിക്കാലത്ത് അമ്മയുടെ സഹോദരങ്ങള്‍ ആരും കല്യാണം കഴിച്ചിരുന്നില്ല. അമ്മാവന്മാരില്‍ മൂന്ന് പേര്‍ക്ക് ജോലിയുണ്ട്. ആറു ചെറുപ്പക്കാരുള്ള വീട്ടിലെ ബഹളവും തമാശയും പറയണ്ടല്ലോ. അമ്മൂമ്മ ജീവിച്ചിരുന്ന കാലത്ത് അവിടെ പശുക്കളും ഉണ്ടായിരുന്നു. മുത്തച്ഛന്റെ വീടിനടുത്താണ് മെയിന്‍ റോഡും റെയില്‍വേ സ്റ്റേഷനും. ഞങ്ങളുടെ ഉറക്കം തൂങ്ങി ഗ്രാമത്തെ അപേക്ഷിച്ച് മുത്തച്ഛന്റെ വീട്ടിലിരുന്നാല്‍ വണ്ടികളുടെയും തീവണ്ടികളുടെയും ഇരമ്പലും ചൂളം വിളികളും കേള്‍ക്കാം.

എന്റെ അച്ഛനും അമ്മാവന്മാരും തമ്മില്‍ അറുപതുകളിലെ നസീറും എഴുപതുകളിലെ അമിതാഭ് ബച്ചനും തമ്മിലുള്ള വ്യത്യാസമായിരുന്നു. അമ്മാവന്മാരെപ്പോലെ സുന്ദരന്മാരെ ഞാന്‍ നാട്ടിലെങ്ങും കണ്ടിട്ടില്ല. സമൃദ്ധമായ സ്റ്റെപ് കട്ട് ചെയ്ത മുടി, കൂളിംഗ് ഗ്ലാസ്, ബഹുവര്‍ണ്ണങ്ങളിലുള്ള പോളിയെസ്റ്റെര്‍ ഷര്‍ട്ടുകള്‍ (അവയില്‍ വീതിയുള്ള കറുപ്പും ചുവപ്പും ചെക്കുകള്‍ ഉള്ള ഒരു ഷര്‍ട്ട് ഓര്‍മ്മയില്‍ നില്‍ക്കുന്നു), ബെല്‍ ബോട്ടം പാന്റ്, വീതിയുള്ള തുകല്‍ ബെല്‍റ്റ്‌, ലെതര്‍ ഷൂ - ഇതായിരുന്നു അമ്മാവന്മാരുടെ ഗെറ്റപ്പ്. അമ്മാവന്മാര്‍ മുഖത്തു മാത്രമല്ല, ഉടലാസകലം പൌഡര്‍ ഇടുമായിരുന്നു. ഒരു അമ്മാവന് അന്ന് കിടിലന്‍ മോട്ടോര്‍ സൈക്കിള്‍ ഉണ്ടായിരുന്നു (അന്നു കാലത്ത് നാട്ടില്‍ അതിനു ബെന്‍സ് കാറിന്റെ ഗമയുണ്ടായിരുന്നു). മുത്തച്ഛന്റെ വീട്ടില്‍ പോകുമ്പോള്‍ അതിനെ തൊടാനും അതിന്റെ പുകക്കുഴലില്‍ നിന്നു വരുന്ന പെട്രോളിന്റെ മണം ആസ്വദിക്കാനും എനിക്ക് വലിയ ഇഷ്ടമായിരുന്നു. യാര്‍ഡ്‌ലീ പൌഡര്‍, പെര്‍ഫ്യൂം, ഉരുണ്ട ചീര്‍പ്പ്, സിന്തോള്‍ സോപ്പ്, ക്യൂടെക്സ് (ചിറ്റമ്മമാര്‍ ഉപയോഗിച്ചിരുന്ന നെയില്‍ പോളിഷ്) എന്നീ വസ്തുക്കള്‍ മുത്തച്ഛന്റെ വീട്ടില്‍ മാത്രമേ കാണാന്‍ കിട്ടുമായിരുന്നുള്ളൂ.

ഞങ്ങളുടെ വീട്ടില്‍ വല്ലപ്പോഴുമേ റേഡിയോ വെയ്ക്കാന്‍ അച്ഛന്‍ സമ്മതിക്കാറുള്ളൂ - അതും "ആകാശവാണി തൃശ്ശൂര്‍" മാത്രം (നാലു പാടും മരങ്ങളായതുകൊണ്ട് മറ്റു നിലയങ്ങള്‍ കിട്ടാറില്ല). മുത്തച്ഛന്റെ വീട്ടിലാകട്ടെ "ശ്രീലങ്കാ പ്രക്ഷേപണ നിലയം" മാത്രമാണ് ദിവസം മുഴുവന്‍. മലയാളത്തിലെ തണുപ്പന്‍ പാട്ടുകളെ അപേക്ഷിച്ച് നല്ല ത്രസിപ്പിക്കുന്ന ഹിന്ദി, തമിഴ് ഗാനങ്ങളായിരുന്നു മുത്തച്ഛന്റെ വീട്ടില്‍ മുഴങ്ങിക്കേട്ടിരുന്നത്. അമ്മാവന്മാര്‍ക്കും ചിറ്റമ്മമാര്‍ക്കും നസീര്‍, മധു, ജയഭാരതി എന്നീ നിസ്സാരന്മാരായ  മലയാളികളോട് പുച്ഛമായിരുന്നു. അവരില്‍ നിന്നാണ് രാജേഷ്‌ ഖന്ന, ധര്‍മേന്ദ്ര, ശശി കപൂര്‍, ദേവ് ആനന്ദ്‌, ഹേമ മാലിനി, ആശാ പരേഖ്  എന്നിവരെപ്പറ്റി കേള്‍ക്കുന്നത് (പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരെയൊക്കെ സ്ക്രീനില്‍ കണ്ടത്).

മേല്പറഞ്ഞവരേക്കാളൊക്കെ വലിയ താരമായിരുന്നു സ്വയം മുത്തച്ഛന്‍. അദ്ദേഹത്തെപ്പറ്റി വേറൊരു പോസ്റ്റ്‌ തന്നെ എഴുതുന്നുണ്ട്.

അഞ്ചാം ക്ലാസ് വരെ വല്ലപ്പോഴും ഒരിക്കലേ മുത്തച്ഛന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. അഞ്ചാം ക്ലാസില്‍ ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നു വിട്ട് അച്ചന്മാരുടെ സ്കൂളില്‍ ചേര്‍ന്നു. സ്കൂളിലേക്ക് പോകുന്ന വഴിയിലായിരുന്നു മുത്തച്ഛന്റെ വീട്. അന്നു മൂന്ന് കിലോമീറ്റര്‍ നടക്കണം സ്കൂളിലെത്താന്‍ - രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് മുത്തച്ഛന്റെ വീട്. പത്താം ക്ലാസ്സുവരെ ദിവസേന ഈ ഇടത്താവളത്തില്‍ വിശ്രമിച്ച ശേഷമാണ് സ്കൂളിലേക്കുള്ള പോക്കും വരവും പതിവുണ്ടായിരുന്നത്. അപ്പോഴേക്കും അമ്മാവന്‍മാരെല്ലാം ഓരോ വഴിക്കു പോയിക്കഴിഞ്ഞിരുന്നു - അവിടെ ഒരു ചിറ്റമ്മ മാത്രമാണുണ്ടായിരുന്നത്.  ഞങ്ങള്‍ സ്കൂള്‍ വിട്ടു വരുമ്പോഴേക്കും ചിറ്റമ്മ ചായയും പലഹാരങ്ങളും തയ്യാറാക്കി വെച്ചിട്ടുണ്ടാകും -അതൊക്കെ ശാപ്പിട്ടിട്ടാണ് തിരിച്ചു വീട്ടിലേക്കുള്ള നടപ്പ്.

ബിരുദപഠനകാലത്ത് നാട്ടില്‍ വണ്ടിയിറങ്ങിയാല്‍ ആദ്യം മുത്തച്ഛന്റെ വീട്ടിലേക്കാണ് ചെല്ലാറ്. ഏതു പാതിരാത്രിക്ക്‌ നാട്ടില്‍ വന്നിറങ്ങിയാലും മുത്തച്ഛനെ വിളിച്ചെഴുന്നെല്‍പ്പിച്ചു വീട്ടിനകത്തു കേറി, ഒന്നുറങ്ങി, രാവിലത്തെ ഭക്ഷണം കഴിച്ചേ എന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. ഞാന്‍ വരുമ്പോള്‍ അമ്മാവന്മാര്‍ ആരെങ്കിലും അവിടെ ഉണ്ടെങ്കില്‍ അവരുടെ കൂടെ സിനിമയ്ക്ക് പോകും. പ്രായപൂര്‍ത്തിയായതിനു ശേഷം പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമ മരുമക്കള്‍ കണ്ടിരിക്കണം എന്ന് അമ്മാവന്മാര്‍ക്ക് നിര്‍ബന്ധമായിരുന്നു. അങ്ങനെ ഞങ്ങള്‍ നേരെ ചൊവ്വേ കഥയോ, സംവിധാനമോ, സംഗീതമോ, ഛായാഗ്രഹണമോ, വസ്ത്രധാരണമോ ഇല്ലാത്ത കുറേ സിനിമകള്‍ കണ്ട് തള്ളിയിട്ടുണ്ട്.  അന്നത്തെ ഞങ്ങളുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു കെ. എസ്. ഗോപാലകൃഷ്ണന്‍. ബഹുമാനം കൊണ്ടു ഞങ്ങള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പേരു പോലും പറയാറില്ലായിരുന്നു - "കെ എസ് - ജി" എന്ന് ഹിന്ദിക്കാരെപ്പോലെ ആദരവോടെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

കാലമേറെ കടന്നു പോയിരിക്കുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ഗ്രാമത്തിലെ വീടുവിട്ടു മുത്തച്ഛന്റെ വീടിനടുത്ത് പുതിയ വീടു കെട്ടി താമസിക്കാന്‍ തുടങ്ങി. ലീവില്‍ വരുമ്പോള്‍ വല്ലപ്പോഴുമേ പഴയ പറമ്പിലേക്ക് പോകാറുള്ളൂ.പറമ്പിലെ മരങ്ങള്‍ മിക്കവാറും മുറിച്ചു വില്‍ക്കപ്പെട്ടു - അതെന്തിനാനെന്നറിയില്ല, കാശിനു അത്യാവശ്യം വന്നതുകൊണ്ടല്ല എന്ന് മാത്രം അറിയാം. അതിന്റെ സ്ഥാനത്ത് നിറയെ ജാതി മരങ്ങള്‍ ആണ് ഉള്ളത്. ദോഷം പറയരുതല്ലോ, ജാതിക്കായ്ക്ക് നല്ല വിലയുണ്ട്. പുഴയുടെ ഉടല്‍ തുരന്ന് മണലെല്ലാം ആരൊക്കെയോ എടുത്തുകൊണ്ടു പോയ്ക്കഴിഞ്ഞിരിക്കുന്നു. ഒഴുക്കില്ലാത്ത മലിനജലം തങ്ങിനില്‍ക്കുന്ന കുഴികള്‍ മാത്രമാണ് അവിടെയുള്ളത്. അമ്മാവന്മാരും  ചിറ്റമ്മമാരും  അച്ഛനമ്മമാരുമെല്ലാം ഏറെ വയസ്സായി വാര്‍ദ്ധക്യസഹജമായ രോഗപീഡകള്‍  ഏറ്റുവാങ്ങി ജീവിക്കുന്നു. മുത്തച്ഛന്റെ വീടിന്റെ കിഴക്കുവശത്തുള്ള പാടമെല്ലാം നികത്തി അവിടെ ഒരു ഹൌസിംഗ് കോളനി വന്നു. കുട്ടിക്കാലത്ത് പുഴക്കരയില്‍ ഞങ്ങളുടെ കൂടെ ഉരുണ്ടുകളിച്ചിരുന്ന മണല്‍ത്തരികളുടെ മൃതദേഹങ്ങള്‍ ആ വീടുകളുടെ ചുമരുകളില്‍ രണ്ടു പാളി ചായത്തിന്റെ മറവില്‍ പതിഞ്ഞു കിടക്കുന്നു. മുത്തച്ഛന്റെ അമ്പതു സെന്റ്‌ പറമ്പ് ഏഴായി ഭാഗം ചെയ്ത് അവിടെല്ലാം തൊട്ടുതൊട്ടു വീടുകള്‍ വന്നു. സമീപപ്രദേശങ്ങളിലെ മലിനീകരണം കാരണം അവിടത്തെ കിണറ്റിലെ വെള്ളം പാനയോഗ്യമാല്ലാത്തതായി. മൂന്നു വര്‍ഷം മുന്‍പ് മുത്തച്ഛന്‍ പോയി. ഇക്കഴിഞ്ഞ വര്‍ഷം മുത്തച്ഛന്റെ വീട് പൊളിച്ചുകളഞ്ഞു പുതുക്കി പണിയപ്പെട്ടു.

ഗൃഹാന്തരീക്ഷം ഇല്ലാതാകുന്നത് തന്നെയാണ് ഗൃഹാതുരത്വത്തിന് പറ്റിയ മരുന്ന്. ഉപബോധ മനസ്സിലും ഈ സത്യം രേഖപ്പെടുത്തപ്പെട്ടെന്നു തോന്നുന്നു - കഴിഞ്ഞ കുറച്ചു കാലമായി നിദ്രയില്‍ ഗൃഹാതുര സ്വപ്നങ്ങളൊന്നും വരാറില്ല. ഇനി ബാക്കിയുള്ളത് കാരണവന്മാരുടെ ശിഷ്ടായുസ്സോളം സൂക്ഷിക്കാന്‍ കൊള്ളാവുന്ന ചില ഓര്‍മ്മത്തുണ്ടുകള്‍ മാത്രം.

17 comments:

 1. ഇത്ര മനോഹരമായ ഒഴുക്കോടെ എഴുതാന്‍ എച്ച്മുക്കുട്ടി കഴിഞ്ഞാല്‍ (എന്‍റെ കാഴ്ചപാടില്‍)വാലറ്റക്കാരന് തന്നെയാണ് കഴിയുക...സഹപ്രവര്‍ത്തകന്‍ ജിമ്മില്‍ തുടങ്ങി മുത്തശന്റെ തറവാട് പൊളിച്ചു പണിയില്‍ എത്തിക്കുന്നതിനിടയില്‍ സമയം പോകുന്നതറിഞ്ഞില്ല.മനോഹരമായ എഴുത്ത്.ഗ്രഹാതുരത്വതില്‍ നിന്നു മനസ്സിനെ നിയന്ത്രിക്കുന്നെന്നു പറഞ്ഞെങ്കിലും മനസ്സിലെ ഗ്രഹാതുരത പറയാതെ പറഞ്ഞു.ഞാനും(എന്നെ പോലെയുള്ള പ്രവാസിനികള്‍ മിക്കവരും) പപ്പടം,വെളിച്ചെണ്ണ,തേങ്ങ,തുടങ്ങിയ കേരള സാധനങ്ങള്‍ വാങ്ങിക്കാന്‍ കാണിക്കുന്ന ശുഷ്കാന്തിക്ക് പിറകിലും ഇത് തന്നെ!

  ReplyDelete
 2. വായിച്ചു തീര്‍ന്നതറിഞ്ഞില്ല. വിവരണങ്ങള്‍ വരച്ചു കാണിക്കും വിധമുള്ളതായതിനാല്‍ മനസ്സിലേയ്ക്ക് ഇറങ്ങി ചെന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതുപോലെ മുത്തച്ഛനേയും മുത്തശ്ശിയേയും കുറിച്ച് പറയാന്‍ പറ്റുമോ? മിക്ക വീടുകളിലും ആര്‍ക്കും വേണ്ടാത്ത ഉപയോഗശൂന്യമായ വസ്തുക്കളായി മാറുകയല്ലേ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ. ഞാന്‍ ജനിക്കുന്നതിനു മുന്‍പേ എന്റെ മുത്തച്ഛന്‍ മരിച്ചു പോയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. ഈ പോസ്റ്റില്‍ മുത്തച്ഛനെ കുറിച്ച് വായിച്ചപ്പോള്‍ നഷ്ടബോധം തോന്നി.

  പ്രശസ്ത നടി മനീഷ കൊയ്രാല വീടിനു നല്‍കിയ നിര്‍വചനം എനിക്കിഷ്ടപ്പെട്ടു. അവര്‍ പറഞ്ഞത് സത്യമാണ്‌. അങ്ങിനെയാണെങ്കില്‍ എന്റെ വീട് തൃശ്ശുരിലാണ്‌. :)

  പോസ്റ്റിലെ മനോഹാരിത മനസിലും തങ്ങി നില്‍ക്കുന്നു.
  ഹൃദയാവര്‍ജ്ജകമായ ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി.

  ReplyDelete
 3. "എന്റെ കൈയ്യില്‍ അക്ഷരങ്ങള്‍ മാത്രമേ ഉള്ളൂ. അവയെ കൂട്ടിച്ചേര്‍ത്ത് ഭംഗിയുള്ള വാക്കുകളാക്കാനും അവയെച്ചേര്‍ത്ത് വാക്യങ്ങളാക്കാനും അവയെച്ചേര്‍ത്ത് ആശയങ്ങളുടെ മേമ്പൊടിയിട്ട് കഥകളും പ്രബന്ധങ്ങളുമാക്കാനും വേണ്ട ബുദ്ധി വൈഭവം എനിക്കില്ല."

  ഈ വാക്കുകള്‍ ഓര്‍മ്മയുണ്ടോ? എന്റെ ഒന്നാം പിറന്നാളിന്റെ പോസ്റ്റിന്‌ കൊച്ചീച്ചിയിട്ട കമന്റാണ്‌. ഈ പോസ്റ്റ് വായിച്ചപ്പോള്‍ കൊച്ചീച്ചി പറഞ്ഞത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി. കാരണം അക്ഷരങ്ങളെ കൂട്ടിച്ചേര്‍‌ത്ത് ഭംഗിയുള്ള വാക്കുകള്‍ ആക്കി, അവയെ ചേര്‍ത്ത് വാക്യങ്ങളാക്കി അവയില്‍ ആശയങ്ങളുടെ മേമ്പൊടിയിട്ട് കഥയാക്കാനുമുള്ള നല്ല കഴിവും ബുദ്ധി വൈഭവവും കൊച്ചീച്ചിക്ക് ഉണ്ട്. ഇല്ലെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്യ..സമ്മതിക്കില്യ. :)

  ReplyDelete
 4. നല്ല ഒഴുക്കുള്ള ശൈലി,നല്ല പ്രമേയം.അഭിനന്ദനങ്ങള്‍.......

  ReplyDelete
 5. വളരെ മനോഹരമായ വിവരണം. വീട്ടില്‍നിന്നും അകന്നാണ് കഴിയുന്നതെങ്കിലും എനിക്ക് ഈ പറഞ്ഞ കാര്യങ്ങളൊന്നും തോന്നാറില. കൊച്ചുകൊച്ചീചിയുടെ അമ്മാവന്മാര്‍ കൊള്ളാം ..
  ആ വീടിന്റെയും വീട്ടുകാരുടെയും വിവരണം ഹൃദ്യം .

  ReplyDelete
 6. കൊച്ചു ..മനോഹരമായ സ്മൃതി മണ്ഡപം ആണ്
  കൊച്ചു ഇവിടെ പണിതു യര്‍ത്തിട്ടുള്ളത് !!
  ഓര്‍മകളുടെ സുഗന്ധം വഹിക്കുന്ന ഒരു കാറ്റ് ഈ വിവരണത്തിനിടയില്‍ ഒളിഞ്ഞു വീശുന്നുണ്ട് ..
  ഇഷ്ടപ്പെട്ടു ..

  ReplyDelete
 7. വായിച്ചു തീര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ പിറകോട്ടു പോയത് പോലെ തോന്നി.ഗൃഹാതുര സ്മരണകള്‍ .... ഇതൊക്കെ മനസ്സില്‍ ഉള്ളത് ഒരു ഭാഗ്യം തന്നെ.

  ReplyDelete
 8. ന്‍റെ റബ്ബേ .....നമ്മുടെ കൊച്ചു കൊചീച്ചി അല്ലെ ഇത് ..എന്നാ എഴുത്താ അളിയോ ഇത് ..
  ഗംഭീരമായിരിക്കുന്നു..ഇഷ്ട്ടപ്പെട്ടു കേട്ടോ..എന്നാലും നീ എന്നോട് ഇതൊന്നു പറഞ്ഞില്ലല്ലോ ??..അതും ഡിസംബര്‍ ഒന്നിന് എഴുതിയിട്ട് ഇന്നാണല്ലോ ഞാന്‍ കണ്ടത്..അതും ഉമ്മു ജാസ്മിന്‍ പറഞ്ഞു വിട്ടത് കൊണ്ട് ...ഇനി നിന്ന ഞാന്‍ വിടില്ല ..ഇന്ന് തന്നെ ഫോളോ ചെയ്യുന്നു..ഇനി നീ എന്ത് എഴുതിയാലും ആദ്യം വായിക്കുക ഞാനായിരിക്കും .....

  ReplyDelete
 9. ജാസ്മിക്കുട്ടി: നന്ദി- നല്ല വാക്കുകള്‍ക്കും, ഫൈസുവിനെ ഇങ്ങോട്ട് വഴികാട്ടിയതിനും. പിന്നെ, ഞാന്‍ എച്ച്മുക്കുട്ടിയുടെ ഏഴയലത്തു വരില്ല കേട്ടോ. അതൊക്കെ നിങ്ങളുടെ മനസ്സില്‍ ഒരുപാട് സ്നേഹം ഉള്ളതുകൊണ്ട് തോന്നുന്നതാണ്.

  വായാടി: ഞാന്‍ മുത്തച്ഛനെപ്പറ്റി ഇതുവരെ എഴുതിയില്ല, എഴുതാന്‍ പോണേയുള്ളൂ! പിന്നെ പ്രശംസയൊക്കെ വല്ല്യ ഇഷ്ടായീട്ടോ - കേട്ടപ്പോ ശര്‍ക്കരപ്പായസം കട്ടുകുടിച്ച സുഖം തോന്നി.ഇനീം ഇടയ്ക്കൊക്കെ വന്ന് ഒന്ന് പ്രശംസിച്ചോളൂട്ടോ.

  കൃഷ്ണകുമാര്‍: വളരെ നന്ദി.

  ഹഫീസ്: സന്തോഷം. പിന്നെ തന്റെ പ്രായത്തിലൊന്നും ഇതൊക്കെ തോന്നില്ലെടോ. തോന്നാനൊട്ടു പാട്വേം ഇല്ല. മുന്നില്‍ വളരെയേറെ പ്രതീക്ഷകളും ലക്ഷ്യങ്ങളും ഉണ്ടാകേണ്ട സമയമാണിത് - ഇപ്പോള്‍ പുറകോട്ടു നോക്കരുത്.

  രമേശ്‌: സ്മൃതിമണ്ഡപം - അതെനിക്കിഷ്ടമായി. നഷ്ടപ്പെട്ടതിനെ "പ്രതിനിധീകരിക്കാന്‍" മാത്രം സൃഷ്ടിക്കപ്പെട്ട വെറും പുറം പകിട്ടുള്ള വസ്തു. അതുതന്നെയാണ് ഈ പോസ്റ്റ്‌. വന്നതിനും വായിച്ചതിനും നന്ദി.

  ശ്രീ: നന്ദി. ഇതൊക്കെ മനസ്സിലുള്ളത് വെറും ഭാരമാണ്. അതുകൊണ്ടാണ് "കാരണവന്മാരുടെ ശിഷ്ടായുസ്സോളം മാത്രം സൂക്ഷിക്കാന്‍ കൊള്ളാവുന്ന" ഒന്നായി അതിനെ ഞാന്‍ കാണുന്നത്.

  ഫൈസു: അല്ലാ, ദ്ദാരാ ബന്നിരിക്കണ് - റസൂലിന്റെ സൊന്തം ആളല്ലേദ്? ബരീ, ബരീ, കുത്ത്രുക്കീന്‍. ഇങ്ങക്ക് പുടിച്ചിരിക്കണാ? സന്തോശായി! ന്നാലും ഇങ്ങടെ അറബ്യോളം ബരില്ല്യട്ടോ ന്റെ മലയാളം. ഞാന്‍ ഇങ്ങടെ ബ്ലോഗിലൊക്കെ ബെരാറിണ്ട് ട്ടാ. അവടെ ബെല്ല്യെ പുല്യോളൊക്കെ വന്നുപോണ സ്ഥലായോണ്ടാ ഞാമ്മിണ്ടാത്ത്.

  ReplyDelete
 10. ജാസ്മിക്കുട്ടി ഫൈസൂന്റെ ഒരു പോസ്റ്റില്‍ ഇട്ട കമന്റു വഴിയാണിവിടെ എത്തിയത്.
  ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു...
  കുറച്ച് നേരത്തേക്ക് ഞാന്‍ ഓഫീസിലേ ഇല്ലായിരുന്നു...
  അങ്ങ് ദൂരെ...എന്റെ വീട്ടിലായിരുന്നു...എന്റെ വീടിന്റെ പുറക് വശത്തെ പറമ്പിലൂടെ നടക്കുകയായിരുന്നു...ആഹാ!!! മനോഹരം..

  ഓര്‍മ്മകള്‍ - നീറ്റലാകട്ടെ, കുളിര്‍ത്തെന്നലാകട്ടെ...അവ ശക്തിയാണ്, ശക്തമായ വേരു പടലമുള്ള ഒരു വൃക്ഷം പോലെ അതു ജീവിതത്തെ താങ്ങി നിര്‍ത്തുന്നു...


  @ ജാസ്മിക്കുട്ടീ...നന്ദി...

  ReplyDelete
 11. നന്നായിരിക്കുന്നു .ജാസ്മികുട്ടിയാണ് ഇവിടെ എത്തിച്ചത്..

  ReplyDelete
 12. നന്ദി റിയാസ്,ജുവൈരിയ.
  ജാസ്മിക്കുട്ടിക്ക് ഞാന്‍ ദുബായില്‍ വരുമ്പോള്‍ ബിരിയാണി വാങ്ങി കൊടുക്കുന്നുണ്ട് ;)

  ReplyDelete
 13. നന്നായി വിവരിച്ചു, ഒഴുക്കോടെ..
  ആശംസകള്‍

  ReplyDelete
 14. വിവരണങ്ങളുടെ ചിത്രം മനസ്സില്‍ വന്നു , നല്ല എഴുത്ത്

  ReplyDelete
 15. ആഹാ! എന്തൊരു നല്ല പോസ്റ്റ്!
  അതിവൈകാരികതയില്ലാത്ത ഈ എഴുത്ത് അതി സുന്ദരം!
  വളരെ ഇഷ്ടമായി.

  ReplyDelete
 16. നിശാസുരഭി, അനീസ , എച്ച്മുക്കുട്ടി - വളരെ നന്ദി.

  ReplyDelete
 17. മുത്തച്ഛനെപ്പറ്റി എഴുതിയ പോസ്റ്റ് വായിച്ചിട്ട് ഇവിറ്റെ വന്നപ്പോള്‍ ഇരട്ടിമധുരം പോലെ. പിന്നെ ജിമ്മിന്റെ നായയെപ്പറ്റി വായിച്ചപ്പോള്‍ സങ്കടവും തോന്നി. ഹചിക്കോ യെ ഓര്‍മ്മ വന്നു

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ