എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Wednesday, November 10, 2010

നീലാണ്ടന്‍ നമ്പൂരീടെ ഓല (ഭാഗം മൂന്ന്)

അദ്ധ്യായം മൂന്ന്  - അവരോഹണം 

നീലാണ്ടന്‍ നമ്പൂരിക്ക് ഓര്‍ക്കുമ്പോളെല്ലാം ചിരി വരുന്നുണ്ടായിരുന്നു. ഒരു വരുത്തന്‍ തങ്കനാട്ടില്‍ വീടുവാങ്ങാനായി നമ്പൂരീടെ അടുത്ത് ആയിരം പണത്തിന്റെ ഓലയ്ക്ക് വന്നെന്നിരിക്കട്ടെ. നമ്പൂരി എന്താ ചെയ്യണത്? വീട് ഈടായി എഴുതി വാങ്ങുന്നു, ആയിരം പണത്തിന്റെ ഓല എഴുതിക്കൊടുക്കുന്നു, വീട് വിറ്റവന്‍ പിറ്റേന്ന് ഓലയുമായി വരുമ്പോള്‍ അവന്റെ പറ്റുപുസ്തകത്തില്‍ ആയിരം പണം  ചുമ്മാതെ എഴുതിച്ചേര്‍ത്തു കൊടുക്കുന്നു. അതായത് ഒറ്റ ഇരിപ്പില്‍ നമ്പൂരി മാന്ത്രികനെപ്പോലെ ശൂന്യതയില്‍ നിന്ന് ആയിരം പണം സൃഷ്ടിച്ചു! പണിയെടുത്തു ജീവിക്കുന്നവന്‍ ഒരു ആയുസ്സുകൊണ്ട് ഉണ്ടാക്കുന്നത്രയും പണമാണ് നമ്പൂരി വെറുതെ ഒറ്റയിരുപ്പില്‍ എഴുതിയുണ്ടാക്കുന്നത്! ഓല വാങ്ങിയവന്‍ തവണ പിഴച്ചാല്‍ അതുവരെ അവന്‍ അടച്ച പണവും വീടും നമ്പൂരീടെ കൈയ്യില്‍! ഈ ഇടപാടിലെങ്ങും നമ്പൂരീടെ ആസ്തിക്ക്  ബാധ്യതയൊന്നുമില്ല താനും. ആളുകളുടെ (അന്ധ)വിശ്വാസം വിറ്റു കാശാക്കുന്ന ഈ ഏര്‍പ്പാട് രസിക്കാതെങ്ങനെ!

ബുദ്ധിയെ മലിനമാക്കുന്ന ഈ പകര്‍ച്ചവ്യാധി ക്രമേണ തങ്കനാട്ടിലെ മറ്റുള്ളവരിലേക്കും പടര്‍ന്നു. ഉത്പാദനത്തിലൂടെയും സേവനത്തിലൂടെയും പണം സമ്പാദിച്ചിരുന്ന തങ്കനാട്ടുകാര്‍ നമ്പൂരിയെപ്പോലെ ചുളുവില്‍ പണമുണ്ടാക്കാനുള്ള പുതിയ സംവിധാനങ്ങള്‍ കണ്ടുപിടിക്കാന്‍ തുടങ്ങി. അത്തരത്തില്‍പ്പെട്ട വാണിജ്യ സംരംഭങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടതായിരുന്നു "വിദഗ്ദ്ധ സേവനം". വന്‍  തുകയ്ക്കുള്ള ഇടപാടുകള്‍ നടക്കുന്ന ഇടനാഴികളില്‍ ഒരരികത്ത് നിലയുറപ്പിച്ചാല്‍ ആ ഇടപാടിന്റെ ചെറിയൊരു അംശം കൈപ്പറ്റാമെന്ന ലളിതമായൊരു തന്ത്രമായിരുന്നു ഈ വിദഗ്ദ്ധ സേവകരുടെ വിജയരഹസ്യം. തങ്കനാട്ടിലെ ബുദ്ധിമാന്മാരും വന്‍കിട വ്യവസായികളുമായി ചങ്ങാത്തമുള്ളവരുമായ ചിലര്‍ ഇത്തരത്തില്‍ ഇടനിലക്കാരുടെയും അനുരഞ്ജകരുടേയും വിലപേശികളുടേയും ഉപദേശികളുടെയും  വേഷം കെട്ടി നിമിഷങ്ങള്‍ കൊണ്ട്‌ അറ നിറയെ പണമുണ്ടാക്കാന്‍ തുടങ്ങി. ഇത്തരം സ്ഥാപനങ്ങള്‍ കൂടിയ "ലാഭവിഹിതം"  വാഗ്ദാനം ചെയ്ത്  സാധാരണക്കാരില്‍ നിന്ന്  നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങി. തങ്കനാട്ടുകാര്‍ നീലാണ്ടന്‍ നമ്പൂരിയെ വിട്ട് തങ്ങളുടെ സമ്പാദ്യമെല്ലാം അവിടങ്ങളില്‍ നിക്ഷേപിച്ചു. നിക്ഷേപങ്ങള്‍ക്ക് വര്‍ഷം തോറും പത്തും പതിനഞ്ചും ശതമാനം ലാഭവിഹിതം ലഭിച്ചുകൊണ്ടിരുന്ന അവര്‍ അത്തരം വരുമാനത്തില്‍ ഉന്മത്തരായി. സ്വയം പണിയെടുക്കാതെ "പണത്തെക്കൊണ്ട് പണിയെടുപ്പിച്ച് പണമുണ്ടാക്കുന്ന" വിദ്യ തങ്കനാട്ടില്‍ ജനപ്രീതി നേടി.

നീലാണ്ടന്‍ നമ്പൂരിക്ക് നിക്ഷേപകര്‍ പോയതില്‍ അല്പം പോലും വിഷമമില്ലായിരുന്നു. അദ്ദേഹം വലിയ തുകകള്‍ക്കായി വരുന്നവരെ - പ്രത്യേകിച്ചു വീടും പറമ്പും കെട്ടിടങ്ങളും വാങ്ങാന്‍ വരുന്നവരെ -  കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തങ്കനാട്ടില്‍ എല്ലാത്തിനും വില പതിന്മടങ്ങായ നിലയ്ക്ക് വലിയ തുകയ്ക്കുള്ള ഓല വാങ്ങാതെ ജീവിക്കാന്‍ നിര്‍വാഹമില്ലയിരുന്നു, അവിടത്തുകാര്‍ക്ക്‌. അങ്ങനെ ഓല വാങ്ങാന്‍ വരുന്നവര്‍ക്കെല്ലാം അതിനൊപ്പം പണം തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ എന്നുപോലും ശ്രദ്ധിക്കാതായി നമ്പൂരി. പണം തന്നില്ലെങ്കില്‍ അവന്റെയൊക്കെ സ്വത്ത് ജപ്തി ചെയ്ത് തിരിച്ചു പിടിക്കാവുന്നതല്ലേ ഉള്ളൂ!

അലസന്മാരുടേയും അത്യാഗ്രഹികളുടെയും നാടായി മാറിയ തങ്കനാട്ടില്‍ ഉത്പാദനശാലകള്‍  വാഴില്ലെന്ന് പൊതുവേ എല്ലാ മുതലാളിമാരും അംഗീകരിച്ചു. തങ്കനാട്ടിലെ വ്യവസായശാലകളെല്ലാം  വിദൂര ഗ്രാമങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു. അവിടങ്ങളില്‍ നിന്ന് തൊഴിലില്ലാതായവരോട് മറ്റേതെങ്കിലും പണി പഠിക്കാന്‍ തങ്കനാട്ടിലെ വരേണ്യവര്‍ഗ്ഗം പുച്ഛത്തോടെ ആവശ്യപ്പെട്ടു. ക്രമേണ ആ നാടിന്റെ സമൃദ്ധിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു തൊഴിലില്ലാക്കൂട്ടം രൂപപ്പെട്ടു.

അങ്ങനെയിരിക്കെ ഒരു കന്നിമാസത്തില്‍ രാജ്യത്തെയാകെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പരന്നു.

അങ്ങ് ദൂരെ ശ്രീമൂലം ഗ്രാമത്തിലെ ദേവദത്തന്‍ നമ്പൂരി രായ്ക്കു രാമാനം അറയിലുള്ള ദ്രവ്യവും പണവുമെല്ലാം  എടുത്ത് പാണ്ടിനാട്ടിലെ ഏതോ അഗ്രഹാരത്തിലേക്ക് ഒളിച്ചു കടന്നു എന്നായിരുന്നു ആ വാര്‍ത്ത! അതിനു തലേന്ന് ഗ്രാമത്തിലെ ചില വ്യാപാരികള്‍ ഒരു വലിയ തുക അവരവരുടെ നിക്ഷേപങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ ചെന്നിരുന്നുവത്രേ. അത്രയും തുക പണമായി നമ്പൂരീടെ കൈയ്യില്‍ ഇല്ലാതിരുന്നതിനാല്‍ നമ്പൂരി അവരെ മടക്കിവിട്ടു. ഇതറിഞ്ഞു കൂടുതല്‍ ആളുകള്‍ പണം പിന്‍വലിക്കാന്‍ ചെന്നു. അവരോടെല്ലാം പിറ്റേന്ന് ചെല്ലാന്‍ പറഞ്ഞു, നമ്പൂരി. അന്ന് വൈകീട്ട് മഹാരാജാവിന്റെ അടുക്കലേക്ക്‌ നമ്പൂരി ഒരു ദൂതനെ വിട്ടിരുന്നുവെന്നും ദൂതന്‍ വെറും കൈയ്യോടെ മടങ്ങിയെന്നും അന്നാട്ടുകാര്‍ അടക്കം പറയുന്നുണ്ടായിരുന്നു. ഏതായാലും നേരം പുലരാന്‍ നിന്നില്ല, ദേവദത്തന്‍ നമ്പൂരി - ചാക്കില്‍ കൊള്ളുന്ന ദ്രവ്യമെല്ലാം കെട്ടിയെടുത്ത്‌ ഒരു കുതിരവണ്ടിയില്‍ കയറി പരിവാരസമേതം പാലായനം ചെയ്തുകളഞ്ഞു!

പിന്നീടുള്ള ദിവസങ്ങളില്‍ ശ്രീമൂലം ഗ്രാമത്തില്‍ നിന്ന് കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. ദേവദത്തന്‍ നമ്പൂരി അധികവും വീട് വാങ്ങാനുള്ള പണത്തിനാണ്‌ ഓല എഴുതിക്കൊടുത്തിരുന്നത്. തങ്കനാട്ടിലെപ്പോലെ അവിടുള്ള മുതലാളിമാരും തൊഴില്‍ശാലകള്‍ കൂലിക്കുറവുള്ള ഗ്രാമങ്ങളിലേക്ക് പറിച്ചു നട്ടതോടെ അവിടെ തൊഴിലില്ലായ്മ രൂക്ഷമായി. വീടുവാങ്ങിയവര്‍ തവണ അടയ്ക്കതായി. വളരെയധികം വീടുകള്‍ ജപ്തി ചെയ്യേണ്ടതായി വന്നു. പക്ഷെ അങ്ങനെ കണ്ടുകെട്ടിയ വീടുകള്‍ വാങ്ങാന്‍ ആളുകള്‍ തീരെ കുറവായിരുന്നു, അതിനാല്‍ വീടുകള്‍ ലേലം ചെയ്തപ്പോള്‍ വളരെ തുച്ഛമായ വിലയേ കിട്ടിയുള്ളൂ. ജപ്തി ലേലത്തില്‍ കിട്ടുന്ന തുക കടത്തില്‍ ബാക്കിയുള്ള തുകയോളം ആകില്ലെന്നായി. സ്ഥലത്തെ വ്യാപാരികള്‍ ഉടനെ പ്രശ്നം മണത്തു, അവരുടെ പറ്റിലുള്ള തുക തിരികെ കൈപ്പറ്റാന്‍ ശ്രമിച്ചു. കളി പൊളിഞ്ഞെന്നു നമ്പൂരിക്ക് മനസ്സിലായി, അദ്ദേഹം കൈയ്യില്‍ ഒതുങ്ങുന്നതും എടുത്ത് സ്ഥലം വിട്ടു!

വാര്‍ത്ത പരന്നതോടെ രാജ്യത്തെങ്ങും പരിഭ്രാന്തി പടര്‍ന്നു. അധികം താമസമില്ലാതെ എല്ലാ ഓലയെഴുത്തുകാരുടെയും നില ഇതുതന്നെയാകുമെന്ന് എല്ലാവരും ഭയപ്പെട്ടു.  രാജ്യമെമ്പാടുമുള്ള പണമിടപാടുകാരുടെ വാതില്‍പ്പടിക്കല്‍ കോപാകുലരായ ജനങ്ങള്‍ തടിച്ചുകൂടി. എല്ലാം അടിച്ചു തകര്‍ക്കാനുള്ള രോഷം അവരുടെയുള്ളില്‍ ഉണ്ടായിരുന്നെങ്കിലും ആരും ഒന്നും ചെയ്തില്ല. രാജഭരണമാണ് - അതും കരുത്തുറ്റ വന്‍ സൈന്യമുള്ള രാജാവിന്റേത് .

തങ്കനാട്ടിലെ നീലാണ്ടന്‍ നമ്പൂരിയുടെ ഇല്ലത്തിനു പുറത്തും ജനം വന്നു നിറഞ്ഞു. പാറാവുകാര്‍ കോട്ടവാതില്‍ അടച്ച് അവരെ അകറ്റി നിര്‍ത്തി.

രാജ്യത്തെ സ്ഥിതിഗതികള്‍ അനുദിനം വഷളാകുകയാണെന്ന്  മഹാരാജാവ് തിരിച്ചറിഞ്ഞു. രാജ്യത്തെ പല ഇല്ലങ്ങളില്‍ നിന്നും, കോവിലകങ്ങളില്‍ നിന്നും കൊട്ടാരങ്ങളില്‍ നിന്നുമെല്ലാം സഹായം തേടി ദൂതര്‍ വന്നുകൊണ്ടേയിരുന്നു. ഈ നിലയ്ക്ക് പോയാല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ മൊത്തം തകരും, നികുതി വരുമാനം കുത്തനെ ഇടിയും. പിന്നെങ്ങനെ ഇത്രയും വലിയ സൈന്യത്തിന് ചിലവിനു കൊടുക്കും? സൈന്യം പിണങ്ങിയാല്‍ സിംഹാസനം മാത്രമല്ല കുലത്തിലുള്ള ഒറ്റയാളുടെയും ജീവന്‍ പോലും ബാക്കിയുണ്ടാകില്ല. എന്തെങ്കിലും ഒരു പരിഹാരം കണ്ടേ പറ്റൂ എന്ന് വളരെ വ്യക്തമായിത്തുടങ്ങി. തിരുമനസ്സ് അദ്ദേഹത്തിന്റെ മന്ത്രിമാരെയും ഗുരുക്കന്മാരേയും പണ്ഡിതരേയും വിളിച്ച് കൂടിയാലോചനകള്‍ നടത്തി. ദിവസങ്ങള്‍  നീണ്ട ചര്‍ച്ചകളുടെ  അവസാനം തിരുമനസ്സുകൊണ്ട്‌  ഇങ്ങനെ ഉത്തരവായി:


"ചേലക്കര മൂര്‍ക്കില്ലത്തു മന വാസുദേവന്‍‌ നമ്പൂരി, തങ്കനാട്ട് വലിയമന നീലാണ്ടന്‍ നമ്പൂരി, പെരിഞ്ചേരി കോവിലകത്തു ബാലരമാവര്‍മത്തമ്പുരാന്‍, മുള്ളൂര്‍ കോവിലകത്തു രവിവര്‍മ്മത്തമ്പുരാന്‍, പാലിയക്കര എളേടത്തു മന ശങ്കരന്‍ നമ്പൂരി  - ഈ അഞ്ചു പേര്‍ എഴുതിയ ഓലകള്‍ എല്ലാം തന്നെ തീര്‍പ്പാക്കാനുള്ള പണം ഒരാഴ്ചയ്ക്കകം അവരുടെ പക്കല്‍ എത്തിക്കുന്നതാണ്.  ഈ അഞ്ചു പേരുടേതൊഴികെ ബാക്കി ആരുടെയും ഓലകള്‍ തീര്‍പ്പാക്കാന്‍ മഹാരാജാവ് സഹായിക്കുന്നതല്ല".

ഈ ഉത്തരവ് കേട്ട് തങ്കനാട്ടുകാര്‍ വളരെ സന്തോഷിച്ചു. മഹാരാജാവ് നീണാള്‍ വാഴട്ടെ എന്ന് അട്ടഹസിച്ചു. രാജാവിന്റെ പട്ടികയില്‍പ്പെടാത്തവര്‍ എഴുതിയ ഓല കൈവശമുള്ളവര്‍ മനസ്സുകൊണ്ട് അദ്ദേഹത്തെ ശപിച്ചു. ജീവിത സമ്പാദ്യം മൊത്തം നഷ്ടപ്പെട്ട അവര്‍ കണ്ണീരും കൈയ്യുമായി തെരുവിലിറങ്ങി.

കല്പിച്ചതു പോലെ ഒരാഴ്ച്ചയ്ക്കകം നീലാണ്ടന്‍ നമ്പൂരീടെ മനയ്ക്കല്‍ നിറയെ പണച്ചാക്കുകളുമായി നിരനിരയായി കുതിരവണ്ടികള്‍ വന്നു നിന്നു. രാജാവിന്റെ സൈനികര്‍ അതെല്ലാം നീലാണ്ടന്‍ നമ്പൂരീടെ കലവറയില്‍ കൊണ്ടുചെന്ന് ഇറക്കിവെച്ചു. അതിനു തൊട്ടടുത്ത ദിവസം തന്നെ ഇടപാടുകാര്‍ ഓരോരുത്തരായി അവരുടെ കൈവശമുള്ള ഓലകളും പറ്റുപുസ്തകങ്ങളും കൊണ്ടുവന്ന് അവയില്‍ രേഖപ്പെടുത്തിയിരുന്ന പണം കൈപ്പറ്റാന്‍ തുടങ്ങി.

പണം കൈയ്യില്‍ കിട്ടിയപ്പോഴാണ് ആളുകള്‍ അത്ഭുതപ്പെട്ടുപോയത്. പുതിയ സ്വര്‍ണപ്പണത്തിന് പഴയ പണത്തിന്റെ നാലിലൊന്ന് മാറ്റുപോലുമില്ല! വെള്ളിനാണയമോ? പഴയ നാണയത്തോളം വട്ടമുണ്ടെങ്കിലും ഒരു കൊച്ചു കുട്ടിക്കുപോലും ഞെക്കി വളയ്ക്കാവുന്നത്ര കനമേ ഉണ്ടായിരുന്നുള്ളൂ! ചെമ്പുചില്ലിയുടെ നടുവില്‍ ഉഴുന്നുവടയേപ്പോലെ ഒരു ദ്വാരം! പഴയ നാണയങ്ങളുടെ ഒരംശം പോലും വിലയില്ലാത്ത വെറും പാട്ടക്കഷണങ്ങളാണ്  പുതിയ പണമായി മഹാരാജാവ് പതിച്ചിറക്കിയിരിക്കുന്നത് ജനങ്ങള്‍ക്ക്‌ മനസ്സിലായി. പക്ഷെ എന്തു ചെയ്യാന്‍! തിരുവായ്ക്ക് എതിര്‍വായില്ലല്ലോ.

ക്രമേണ തങ്കനാട്ടിലെ വ്യവഹാരക്രമങ്ങളെല്ലാം സാധാരണ നിലയിലായി. പക്ഷെ തൊഴിലും പണവും നഷ്ടപ്പെട്ടവര്‍ പഴയതുപോലെ ഉപഭോഗം ചെയ്യുന്നത് നിര്‍ത്തി. കൂട്ടത്തില്‍ പണക്കാരായിരുന്നവര്‍ പോലും ചിലവാക്കുന്നതിനു പകരം പണം കരുതി വയ്ക്കാന്‍ തുടങ്ങി. അതുകൊണ്ട് പല കച്ചവട സ്ഥാപനങ്ങളും വ്യവസായ ശാലകളും പിന്നെയും അടച്ചു പൂട്ടേണ്ടി വന്നു. വിദഗ്ദ്ധ സേവകര്‍ അടക്കം വളരെപ്പേര്‍ക്ക് തൊഴിലില്ലാതായി. അത് ഉപഭോഗം പിന്നെയും കുറച്ചു. താഴോട്ടുള്ള ഈ കറക്കം ഏറെക്കാലം തുടര്‍ന്നുകൊണ്ടേയിരുന്നു.

പക്ഷെ തങ്കനാട്ടിലെ വരേണ്യവര്‍ഗ്ഗം ശുഭാപ്തിവിശ്വാസികളായിരുന്നു. എല്ലാം ഉടനെ ശരിയാകുമെന്നും സാമ്പത്തിക നില പഴയപടിയാകുമെന്നും അവര്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുറഞ്ഞ വട്ടിനിരക്കില്‍ ഓല വാഗ്ദാനം ചെയ്തുകൊണ്ട് അവര്‍ വിളംബരങ്ങള്‍ ഇറക്കി. പൊയ്പ്പോയ നല്ലകാലം തിരിച്ചുകൊണ്ടുവരാന്‍ സമൂഹത്തിലെ എല്ലാവരും അവരാല്‍ കഴിയും വിധം പണം ചിലവാക്കിക്കൊണ്ടിരിക്കണമെന്ന് അവര്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.

സമൃദ്ധിയുടെ ആ വസന്തം തങ്കനാട്ടിലേക്ക് തിരിച്ചു വരുമോ? തങ്കനാട്ടിലെ എല്ലാവര്‍ക്കും ആ സുവര്‍ണ്ണ കാലത്തെപ്പോലെ നല്ല വരുമാനമുള്ള തൊഴില്‍ ലഭിക്കുമോ? പണം തിരിച്ചടയ്ക്കാത്തവര്‍ വരുത്തിയ നഷ്ടം നികത്താന്‍ മഹാരാജാവിന് ഇനിയും നാണയങ്ങള്‍ പതിച്ചിറക്കേണ്ടി വരുമോ? കൈത്തൊഴിലിന്റെയും, വൈദഗ്ദ്ധ്യത്തിന്റെയും, വിജ്ഞാനത്തിന്റെയും, അദ്ധ്വാനത്തിന്റെയും, സമ്പത്തിന്റെയും നാടായി തങ്കനാടു വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

കാത്തിരുന്നു കാണാം !

(അവസാനിച്ചു)

അടിക്കുറിപ്പ്

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ചില പാശ്ചാത്യ നാടുകളിലെ ബാങ്കിംഗ് മേഖലയുടെ പങ്ക് വരച്ചുകാട്ടാനാണ്  ഞാന്‍ ഈ കഥ എഴുതിയത്. സാമ്പത്തിക മാന്ദ്യം വരുത്തി വച്ചത് ബാങ്കിംഗ് മേഖല മാത്രമല്ല. Stock Market, commodities market, bond market, foreign currency market, insurance (വിശേഷിച്ചും mortgage insurance) എന്നിങ്ങനെ ഏതാണ്ട് എല്ലാ financial services മേഖലകളും ഓരോ രീതിയില്‍ 2008 ലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പങ്ക് വഹിച്ചിട്ടുണ്ട്‌. ഒരു കമ്പനിയുടെ മൊത്തം ഓഹരികളില്‍ അഞ്ചില്‍ താഴെ ശതമാനം ഓഹരികള്‍ മാത്രം എല്ലാ ദിവസവും കമ്പോളത്തിലിട്ടു കറക്കി, അത്രയും ഓഹരികളുടെ മാത്രം വില ഊതി വീര്‍പ്പിച്ച്, ബാക്കി 95% ഓഹരികള്‍ക്കും ആ വിലയുണ്ടെന്ന് മനുഷ്യരെ വിശ്വസിപ്പിക്കുന്ന പ്രസ്ഥാനമാണല്ലോ ഓഹരി വിപണി. അങ്ങനെ ഊതി വീര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന പണമാകട്ടെ, ബാങ്കിംഗ് മേഖല നീലാണ്ടന്‍ നമ്പൂരിയെപ്പോലെ വായുവില്‍ നിന്നു സൃഷ്ടിച്ചതും. ബാങ്ക് ബാലന്‍സും, ഓഹരി വിലയും, മ്യുച്വല്‍ ഫണ്ടും കൈയ്യില്‍ വെച്ച് പണക്കാരെന്ന് ഊറ്റം കൊള്ളുന്നവര്‍ ഈ കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ഇതെല്ലാം കുളത്തിലെ വെള്ളത്തിനു മുകളില്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ്. കുളത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ഒരു ചെറിയ തവള ചാടിയാല്‍ മതി - ഈ ചീട്ടുകൊട്ടാരം തകര്‍ന്നു വീണു മുങ്ങാന്‍. (ബാങ്ക് ബാലന്‍സോ ഒഹരികളോ ഇല്ലാത്ത 85 ശതമാനം ലോക ജനതയെപ്പറ്റി ഒന്നും പറയുന്നില്ല).

ഞാന്‍ ഈ monetary system എടുത്തു കളയണമെന്നല്ല പറയുന്നത്. മനുഷ്യന്റെ ചരിത്രത്തില്‍ സമൂഹത്തിന് ഏറ്റവും സമൃദ്ധമായ ജീവിതം പ്രദാനം ചെയ്ത ഒരു വ്യവസ്ഥയാണ്‌ ഇത് (കഥയിലെ ആദ്യത്തെ അധ്യായത്തില്‍ ഞാന്‍ അത് സൂചിപ്പിച്ചിരുന്നു). പക്ഷെ ഇന്ന് അതിന്റെ മേല്‍നോട്ടക്കാര്‍ അത്യാഗ്രഹികളും, ക്രൂരന്മാരും, അഴിമതിക്കാരും, വഞ്ചകരും, സമൂഹ വിരുദ്ധരും, ചൂഷകരും പരിസ്ഥിതിഘാതകരുമാണ്. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഈ ഭൂമിയിലെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ഈ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. പക്ഷെ അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കരുത്തും ഇച്ഛാശക്തിയുമുള്ള രാഷ്ട്രീയ നേതൃത്വം ഇന്ന് ലോകത്തൊരിടത്തും ഇല്ലെന്നതാണ് വാസ്തവം. Corporate bailouts and "quantitative easing" has abundantly proved that it is the trans-national corporations that are in control of our collective destiny and not our governments (ആ വാചകം എനിക്ക് ഇംഗ്ലീഷിലേ വന്നുള്ളൂ. പരിഭാഷപ്പെടുത്താന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല ).

ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ ദക്ഷിണ കൊറിയയില്‍ G-20 തലവന്‍മാരുടെ സമ്മേളനം ആരംഭിച്ചിട്ടേയുള്ളൂ. കാണാം പുകില് !!

22 comments:

 1. എഴുത്തില്‍ നിന്ന് ഇനി ഒരു ചെറിയ ഇടവേള. ഉപജീവനത്തിനുള്ള എഴുത്ത് വേറെ എഴുതണം - അത് ഇങ്ങനെ കുന്നുകൂടിക്കിടക്കുകയാണ്. അപ്പോള്‍ ഇനി ക്രിസ്മസ് സമയത്ത് കാണാം. ഇനി മുതല്‍ ഒറ്റ എപ്പിസോഡില്‍ തീരുന്ന എഴുത്തേ എഴുതൂ :)

  എന്നെ ഇതുവരെ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്നെ follow ചെയ്യാന്‍ മനസ്സു കാണിച്ച എച്മുവിന് വിശേഷിച്ചും, എന്റെ ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 2. കൊച്ചീച്ചി നല്ല എഴുത്ത്. വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. ഡിസംബറില്‍ തിരിച്ച് വരണം. ആ വരവിനായി ഞാനും എച്ചുമുവും ഫോളോകൂട്ടില്‍ കാത്തിരിക്കുന്നുണ്ട്. മറക്കരുത്.

  ആശംസകളോടേ..

  ReplyDelete
 3. അദ്ധ്വാനത്തിന്റെയും, സമ്പത്തിന്റെയും നാടായി തങ്കനാടു വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?
  കാത്തിരുന്ന് കാണാം

  ReplyDelete
 4. നിങ്ങളുടെയെല്ലാം പ്രോത്സാഹനത്തിനു നന്ദി. ഹൈന, ജാസ്മിക്കുട്ടി, വായാടി എന്ന പേര്/അപരനാമം ഉള്ള എന്റെ പുതിയ സുഹൃത്തുക്കള്‍ക്ക് സ്വാഗതം. ഇനിയും വരണം.

  ReplyDelete
 5. കൊച്ചു കൊചീച്ചി ....

  കഥ വായിച്ചു...വളരെ നന്നായിരിക്കുന്നു..ലളിതമായ
  അവതരണം...പക്ഷെ കഥ എന്ന നിലയില്‍ പിന്നെ
  ഒരു വിശദീകരണം വേണ്ടിയിരുന്നോ?
  അത് വായനക്കാരന്റെ ജോലി ആണ്..ചില കഥകള്‍
  interpret ചെയ്യുന്നത് പോലും പലപ്പോഴും വായനക്കാരുടെ
  അഭിരുചിക്ക് അനുസരിച്ച് ആവും..അങ്ങനെ അല്ലെ ചിലപ്പോള്‍
  എഴുത്തുകാര്‍ പോലും കാണാത്ത വിവാദങ്ങളും interpreations ഉം
  ഉണ്ടാവുക...ഇത് പക്ഷെ crystal ക്ലിയര്‍ ആയ എഴുത്ത് ആണ്.ആ സ്ഫടിക പാത്രത്തിലെ വെള്ളത്തില്‍ ഒരു കല്ല്‌ ഇട്ടു ഓളം സൃഷ്ടിച്ചത് പോലെ ആയി...
  തെറ്റില്ല.അതിലും മറ്റൊരു തുറന്ന ചിന്ത ഉണ്ടല്ലോ..ഭാവുകങ്ങള്‍...

  ReplyDelete
 6. പ്രിയ സുഹൃത്ത് "എന്റെ ലോകം" അയച്ച നിരൂപണത്തിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ഒരൊറ്റ കുറിപ്പ് ഞാന്‍ ദിവസങ്ങളോളം മിനക്കെട്ട്‌ എഴുതിയ ഈ കഥയ്ക്കുള്ള ഏറ്റവും വലിയ ഉപഹാരമാണെന്ന് ഞാന്‍ കരുതുന്നു.

  താങ്കള്‍ പറഞ്ഞത് വളരെ ശരി. ഒരു കഥ എഴുതിയിട്ട് പിന്നീട് അത് വിശദീകരിക്കുന്നത് അരോചകം തന്നെയാണ്. വായനക്കാരന്റെ ആസ്വാദനക്ഷമതയെ കുറച്ചു കാണലാണ് അത്. പക്ഷെ "പറയുമ്പോള്‍ എല്ലാം പറയണമല്ലോ" എന്ന് തോന്നി. അതുവേണമെങ്കില്‍ വേറൊരു പോസ്റ്റ്‌ ആക്കാമായിരുന്നു. പക്ഷേ എല്ലാം കൂട്ടത്തില്‍ പറഞ്ഞു വയ്ക്കുന്നതാണ് ഉചിതം എന്ന് അപ്പോള്‍ തോന്നി.

  ഇനി ശ്രദ്ധിക്കാം. ഞാന്‍ ഒരു നല്ല എഴുത്തുകാരനൊന്നുമല്ല - നന്നായി എഴുതണം എന്ന ആഗ്രഹം ഉള്ളവന്‍ മാത്രമാണ്. ഇനിയും വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാന്‍ ഇതുവഴി വരുമല്ലോ.

  കമെന്റുകള്‍ moderated ആണ്. അതുകൊണ്ടാണ് താങ്കള്‍ പോസ്റ്റ്‌ ചെയ്ത ഉടന്‍ കാണാതിരുന്നത്. ക്ഷമിക്കുമല്ലോ.

  ReplyDelete
 7. കൊച്ചു കൊചീച്ചി എന്ന് തന്നെ ബ്ലോഗിനും പേര് കൊടുത്താല്‍ നന്നായിരുന്നു ,മനസിന്‌ നന്മ യും ആത്മാര്‍ഥത യുള്ള എഴുത്തും (സാഹിത്യമോ /വ്യാകരണമോ അല്ല )ഉണ്ടെങ്കില്‍ ആളുകള്‍ വന്നു വായിക്കും .എല്ലാ വിധ ആശംസകളും .നമ്മളെ ഫോളോ ചെയ്യുന്നുണ്ടോ എന്ന് വേവലാതി പ്പെടുന്നതിനു മുന്‍പ് നമ്മള്‍ ആരെയൊക്കെ ഫോളോ ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കുക .

  ReplyDelete
 8. അയ്യോ, ഒരു വേവലാതിയും ഇല്ല കേട്ടോ.:-) മാഷ്‌ "ഫോളോവര്‍ ഗാഡ്ജെറ്റ് കീറാമുട്ടി അല്ല" എന്ന ബ്ലോഗ്‌ എഴുതിയ അതേ സ്പിരിറ്റില്‍ (അതിന്റെ കമെന്റായി) ഒരു വിറ്റടിച്ചതാണ്. എന്റെ ഭാര്യപോലും ഈ ബ്ലോഗ്‌ വായിക്കുന്നില്ല (അവള്‍ക്കു മലയാളം വായിക്കാന്‍ അറിയില്ല!) പിന്നെ മാളോരെ എന്തിനു വിഷമിപ്പിക്കണം.

  പിന്നെ മാഷ്‌ പറഞ്ഞ കാര്യം ശരിയാ. If I need a relationship I should be willing to meet the other person half-way. അതിന്റെ ആവശ്യം എനിക്കാണെങ്കില്‍ ആ പകുതി വഴിയോ അതിലല്‍പ്പം കൂടുതലോ ആദ്യം നടക്കേണ്ട ബാധ്യതയും എന്റേതാണ്.

  മനസ്സിന്റെ നന്മയെപ്പറ്റി ഒരു ബ്ലോഗ്‌ തന്നെ എനിക്ക് എഴുതാനുണ്ട്. അത് പിന്നെയാകട്ടെ. ഇവിടെവരെ വന്നതില്‍ സന്തോഷം. നിരുപാധികം follower ആയതില്‍ അതിലേറെ സന്തോഷം. ഞാന്‍ എഴുതിയത് വായിച്ചിട്ടാണ് പോയതെങ്കില്‍ ഏറ്റവും സന്തോഷം.

  ReplyDelete
 9. ഹായ്! ഇത്രയും പ്രതിബദ്ധതയോടെ സാമ്പത്തികവ്യവസ്ഥിതിയെ വിശദീകരിച്ച്, വിമർശിച്ച് അവതരിപ്പിച്ച താങ്കളുടെ ഈ എഴുത്ത് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണല്ലോ. ‘എന്റെ ലോകം’ സൂചിപ്പിച്ചതുപോലെ, ഒരു ‘ഓളം’ ഉണ്ടായെങ്കിലും അനർഗ്ഗളമായി ഒഴുക്കി കാര്യങ്ങൾ മനസ്സിലാക്കിക്കാൻ കഴിഞ്ഞിരിക്കുന്നു, അതും ഒരു കഥാരൂപത്തിൽ. ഇവിടെ ഇരുപത് ശതമാനത്തിന്റെ ധനാഢ്യവർഗ്ഗത്തിനെതിരെ, മൂഢവിലാപം നടത്തുന്ന ബാക്കിപത്രങ്ങൾ നെട്ടോട്ടമോടുന്നുണ്ട്. അവരുടെ ചഞ്ചലമായ മനസ്സും നമ്മൾ അറിയണം. ‘സ്ഥിതിവിവരങ്ങൾ ഇതാണ്‘ എന്ന് നല്ല സ്ഫുടതയോടെ കാണിച്ചു. ‘മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്’ എന്ന ഒരു മഹദ്വചനമുണ്ട്. ആ മാർഗ്ഗത്തിൽക്കൂടി എങ്ങനെ നീങ്ങണമെന്നതാണ്, ഈ ബാക്കി ഭൂരിപക്ഷത്തിനുള്ളത്. അവിടെയാണ് ‘ബുദ്ധി’ഉപയോഗിക്കേണ്ടത്. എല്ലാം മനസ്സിലാക്കാവുന്ന രീതിയിൽ സരളമായി താങ്കൾ ആ മാർഗ്ഗം കാണിച്ചിരിക്കുന്നു,ഇനി ബുദ്ധിയുള്ളവർ അതിലൂടെ സഞ്ചരിക്കട്ടെ. വീണ്ടും വിജ്ഞാനപ്രദങ്ങളായ പലതും പ്രതീക്ഷിക്കുന്നു. (ഒരു വഴിത്തിരിവായ മുസ്തഫയുടെ ഉപദേശം വളരെ നന്നാക്കി. കഥാരീതിയിലായതിനാൽ ‘ആശയം’ വിശദീകരിക്കാൻ, മൂന്നു ഭാഗങ്ങളും ആവശ്യമാണുതാനും.) ആശംസകൾ, ഭാവുകങ്ങൾ....... ‘മനസ്സിന്റെ നന്മ’യെപ്പറ്റിയും വായിക്കാൻ ഉത്സുകനായി കാത്തിരിക്കുന്നു.......

  ReplyDelete
 10. വളരെ നന്ദി വി. എ.

  ആ ഓളം വായനയെ അലോസരപ്പെടുത്തിയെങ്കില്‍ മാപ്പ്. നീലാണ്ടന്‍ നമ്പൂരീടെ ഒരു തുട്ട് നാട്ടില്‍ കൊണ്ടുവന്നാല്‍ ഭാരത സര്‍ക്കാര്‍ എനിക്ക് നാല്‍പ്പത്തിയഞ്ച് രൂപാ തരും - അതേ തുക പുലര്‍ച്ച മുതല്‍ അന്തി വരെ പണിയെടുക്കുന്ന പാവം കൂലിപ്പണിക്കാരിയുടെ അധ്വാനത്തിന്റെ വിലയാണ്. എല്ലാം ഒരു കഥയായി മാത്രം പറഞ്ഞു പോയാല്‍ ഇത്തരം സൂത്രവാക്യങ്ങള്‍ എന്റെ മനസ്സില്‍ ഉയര്‍ത്തുന്ന ഓളങ്ങള്‍ അടങ്ങില്ലല്ലോ.

  ഇനി എഴുതുമ്പോള്‍ കഥയും അഭിപ്രായവും തമ്മില്‍ വേണ്ടത്ര അകലം പാലിക്കാന്‍ ശ്രദ്ധിക്കാം. താങ്കളുടെ നല്ലവാക്കുകള്‍ക്ക് നന്ദി.

  ReplyDelete
 11. നീലാണ്ടൻ നമ്പൂരിയും ഓലയും

  ReplyDelete
 12. ഒറ്റ എപ്പിസോടിൽ ഒതുങ്ങുന്നതാ വായിക്കാൻ ഏളുപ്പം .
  അല്ലങ്കിൽ ഇത് പോലെ ബോറടിക്കും. കേട്ടൊ മാഷേ .

  ReplyDelete
 13. എന്താ പുതിയ പോസ്റ്റൊന്നും ഇറക്കുന്നില്ലേ? :)

  ReplyDelete
 14. നേരല്ല്യ ജാസ്മിക്കുട്ട്യേ. ഇനി ഡിസംബര്‍ അവസാനേ പറ്റുള്ളൂ.

  ReplyDelete
 15. കൊച്ചീച്ചി നല്ല എഴുത്ത്....
  ക്രിസ്മസ് ആയിട്ടും ആളെ കാണുന്നില്ലല്ലോ ?

  ReplyDelete
 16. ഇന്നാണ് ബ്ലോഗ്‌ കണ്ടത്. മൂന്നും വായിച്ചു.
  കൊചീച്ചി എന്ന് തന്നെ ബ്ലോഗിനും പേര് കൊടുത്താല്‍ നന്നായിരുന്നു

  ReplyDelete
 17. കൊള്ളാം കേട്ടോ

  ReplyDelete
 18. അഭിപ്രായം രേഖപ്പെടുത്തിയ ജയരാജ്, ജുവൈരിയ, സാദിക്ക്, രവികുമാര്‍, റ്റോംസ്, പഞ്ചമി എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
  ജിഷാദ്, പുതിയ ഒരെണ്ണം എഴുതിയിട്ടുണ്ട്.

  ReplyDelete
 19. സാമ്പത്തിക ശാസ്ത്രം, കണക്ക് തുടങ്ങിയ വലിയ വിഷയങ്ങൾ ഒന്നും പിടിയില്ലെങ്കിലും മനുഷ്യന്റെ ആർത്തിയെക്കുറിച്ച് സാമാന്യ ബോധമുള്ളതുകൊണ്ട് ഈ ഓലക്കഥ എനിയ്ക്ക് ഒരുപാട് ഇഷ്ടമായി.
  അഭിനന്ദനങ്ങൾ.

  ReplyDelete
 20. പറഞ്ഞതു പോലെ തന്നെ ഇതാ ഞാനുല്‍ബുദ്ധനായ ഒരു എക്കണോമിസ്റ്റ് ആയി തിരിച്ചു പോകുന്നു.

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ