എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, April 5, 2011

വെള്ളം ചേര്‍ക്കരുതാത്തിടത്ത്

"നമുക്കേയ്.....കുറച്ചുവെള്ളം ചേര്‍ക്കാം."

വെള്ളം ചേര്‍ത്തത് പാലിലായതുകൊണ്ടും, പറഞ്ഞത് ശ്രീനിവാസനായതുകൊണ്ടും, രംഗം "നാടോടിക്കാറ്റ്" സിനിമയിലായതുകൊണ്ടും നമ്മളെല്ലാം അതുകേട്ട് ചിരിച്ചു. അല്ലെങ്കില്‍ത്തന്നെ വെള്ളം ചേര്‍ക്കാത്ത ഒരു സാമൂഹ്യജീവിതം നമുക്കുണ്ടോ! ഇലക്ട്രിസിറ്റി ബോര്‍ഡുകാരനും പോലീസുകാരനും ഒരു "ചായക്കാശ്" കൊടുക്കാത്തവരാരുണ്ട്? മേലധികാരികളോട് ബഹുമാനം ഉണ്ടായിട്ടാണോ അവരോട് വിനയപൂര്‍വ്വം പെരുമാറുന്നത്? ഒരു പെണ്‍കുട്ടിയോട് താല്പര്യം തോന്നിയാല്‍ സ്വന്തം അച്ഛനോടുപറഞ്ഞ് അവളെ കെട്ടാനുള്ള പരിപാടി നോക്കാം എന്നു വിചാരിക്കുന്നവന്‍ മരങ്ങോടനും വാലന്റൈന്‍സ് ഡേയ്ക്ക് ഐസ്‌ക്രീമിനു ക്ഷണിക്കുന്നവന്‍ ചുണക്കുട്ടിയും അല്ലേ ആകുന്നത്? അതാണ് നാടുനടപ്പ്. വെള്ളം ചേര്‍ക്കാത്ത സ്വഭാവമുള്ളവരുമായി ചേര്‍ന്നുപോകാന്‍ ബുദ്ധിമുട്ടാണ് . "വെള്ള"വുമായി ചേരാന്‍ മടിയില്ലാത്തവരോടാണ് എല്ലാവര്‍ക്കും പ്രിയം. 

ഇന്ത്യയില്‍ ഇമ്മട്ടിലുള്ള നീക്കുപോക്കുകള്‍ ഏറെ നിലവിലുള്ള വിഭാഗമാണ് സര്‍ക്കാരിന്റെ പൊതുമരാമത്തുവകുപ്പ്. പില്‍ക്കാലത്ത് പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും സ്പെക്ട്രം ലേലവുമൊക്കെ വെള്ളംചേര്‍ക്കലിന്റെ മാസ്മരികമായ സാധ്യതകള്‍ നമുക്കുമുന്‍പില്‍ ചുരുളഴിക്കുന്നതിനു മുമ്പ് പൊതുമരാമത്തുവകുപ്പിലായിരുന്നു ജലക്രീഡാലഹരി മുഴുവന്‍. ആ അക്ഷയപാത്രത്തില്‍നിന്നു തടിച്ചു കൊഴുക്കാത്ത പുതുപ്പണക്കാര്‍ ഒരുപക്ഷേ അബ്കാരികള്‍ മാത്രമായിരിക്കും. നേരെചൊവ്വേ സിമന്റും മണലും കല്ലും കമ്പിയും ചേര്‍ത്ത് ഒരൊറ്റ കെട്ടിടമോ, പാലമോ, അണക്കെട്ടോ പണിഞ്ഞിട്ടുള്ളതായി നമ്മുടെ നാട്ടിലെ  തൊലിക്കട്ടിവീരശിരോമണികള്‍ പോലും പറയില്ല. ഇന്ത്യാമഹാരാജ്യം ആകെ പൊതിയാനും വേണ്ടത്ര ടാറൊഴുക്കിയിട്ടും മര്യാദയ്ക്കൊരു റോഡില്ലാത്തതും, അനുഭവം (അത്രയും ടാ‌ര്‍ ഉത്പാദിപ്പിക്കപ്പെട്ടിട്ടുപോലുമില്ല, എന്നതുതന്നെ കാരണം). ചെറുപ്പത്തില്‍ ഹിമാചലിലെ ഒരു ജലവൈദ്യുതപദ്ധതിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് NHPCയിലെ (വെള്ളം ചേര്‍ക്കാത്ത സ്വഭാവമുള്ള അപൂര്‍വ്വം ചിലരില്‍ പെട്ട) റാണാ സാര്‍ പറഞ്ഞതുപോലെ "ഇവിടെ ചിലവാക്കിയ സിമന്റും കല്ലും മണലുമുണ്ടായിരുന്നെങ്കില്‍ ഒരു പുതിയ ഹിമാലയം തന്നെ നമുക്കു പണിഞ്ഞുണ്ടാക്കാമായിരുന്നു".

ഇതൊക്കെ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. മാര്‍ച്ച് പതിനൊന്നാം തീയതി ജപ്പാനില്‍ ഉണ്ടായ ഭൂമികുലുക്കത്തിലും സുനാമിയിലും പെട്ട് അവിടത്തെ മൂന്ന് ആണവനിലയങ്ങളും ഒരു അണക്കെട്ടും ഗുരുതരമായ തകരാറിലായി. ആ അണുശക്തിനിലയങ്ങളില്‍നിന്നുള്ള അണുവികരണം തടുക്കാന്‍ അന്നാട്ടിലെ "ചാവേര്‍" എഞ്ചിനീയര്‍മാര്‍ അഹോരാത്രം പണിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. മിക്കവാറും എല്ലാ വിശകലനങ്ങളും പഴക്കംചെന്ന രൂപകല്പനയിലെ പിഴവുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത് - ഒരൊറ്റയാളും അവയുടെ നിര്‍മ്മാണത്തെ പഴിച്ചതായി ഞാന്‍ വായിച്ചില്ല. ഇത് നമ്മുടെ നാട്ടിലായിരുന്നെങ്കിലോ?

ഔദ്യോഗികജീവിതത്തില്‍ ഇന്ത്യയിലെ അതിബൃഹത്തായ രണ്ട്  നിര്‍മ്മാണപദ്ധതികളില്‍ ജോലിചെയ്യാനുള്ള ഭാഗ്യം (അല്ലെങ്കില്‍ ദൌര്‍ഭാഗ്യം) എനിക്കു ലഭിച്ചിട്ടുണ്ട്. രണ്ടിടത്തും വളരേ വ്യത്യസ്ഥമായ തൊഴിലന്തരീക്ഷമായിരുന്നുവെങ്കിലും വെള്ളംചേര്‍ക്കലിന്റെ കാര്യത്തില്‍ രണ്ടിടത്തും ഒരു കുറവും അനുഭവപ്പെട്ടിട്ടില്ല. ഇതില്‍ ആദ്യത്തേത് ഞാന്‍ മുന്‍പുസൂചിപ്പിച്ചതുപോലെ ഹിമാചല്‍ പ്രദേശിലെ ഒരു ജലവൈദ്യുതപദ്ധതിയായിരുന്നു. രണ്ടാമത്തേത്, ഒരുപക്ഷേ ഇന്ത്യയില്‍ ഏറ്റവും അറിയപ്പെടുന്ന, അണുശക്തിനിലയത്തിന്റേതും. അന്നൊക്കെ തീരെ ചെറുപ്പമായിരുന്നതുകൊണ്ടായിരിക്കാം, അവിടെയൊക്കെ നടന്നുവന്നിരുന്ന നഗ്നമായ അഴിമതിയേക്കുറിച്ചു കേട്ടിട്ട് ഞാന്‍ നടുങ്ങിപ്പോയിട്ടുണ്ട്.

ഹിമാചല്‍ പ്രദേശില്‍ സിവില്‍ നിര്‍മ്മാണജോലികളുടെ കരാര്‍ ഏറ്റെടുത്തുനടത്തുന്ന ഒരു പ്രമുഖ കമ്പനിയിലായിരുന്നു എനിക്കു ജോലി. ഭാരത സര്‍ക്കാറിന്റെ പൊതുമേഖലാസ്ഥാപനമായ NHPCയുടെ (National Hydroelectric Power Corporation) പദ്ധതിമേധാവിയും അദ്ദേഹത്തിന്റെ രണ്ട് ശിങ്കിടികളുമാണ്  അന്ന് എന്റെ കമ്പനിയുടെ പദ്ധതിപ്രദേശം  മുഴുവന്‍ അടക്കിവാണിരുന്നത്. രൌദ്രമാണ് ഇവരുടെ മുഖത്തെ സ്ഥായീഭാവം. രാവിലെ പത്തുമണിക്ക് അവരുടെ ഒരു വരവുണ്ട്. പിന്നീടുള്ള രണ്ടുമണിക്കൂര്‍ പദ്ധതിപ്രദേശത്താകെ ഭീകരാന്തരീക്ഷമാണ്. പന്ത്രണ്ടുമണിക്ക് അവര്‍ സൈറ്റ് വിട്ടുപോകുമ്പോഴേക്കും കമ്പനിയിലെ എഞ്ചിനീയര്‍മാരുടെയെല്ലാം ആത്മാഭിമാനം അവര്‍ കരിച്ചുചാമ്പലാക്കിയിരിക്കും. ഇതൊക്കെ ജോലിയോടുള്ള ആത്മാര്‍ത്ഥതകൊണ്ടൊന്നുമല്ല - അവരുടെ കണക്കനുസരിച്ചുള്ള മാസപ്പടി കമ്പനിയില്‍ നിന്ന് എത്താത്തതുകൊണ്ടാണ്. ഒരിക്കല്‍ അവറ്റകളുടെ ചീത്തയൊക്കെ കേട്ട് വിഷാദിച്ചിരിക്കുമ്പോഴാണ് എന്റെ കമ്പനിയിലെ ശശ്മല്‍ സാര്‍ അമ്പരപ്പിക്കുന്ന ആ കഥ പറഞ്ഞത്.

ആ പദ്ധതിയിലെ അണക്കെട്ടിന്റെ നിര്‍മ്മാണക്കരാര്‍ അന്നുവരെ ഇത്തരം ബൃഹത്തായ പദ്ധതികള്‍ ചെയ്തിട്ടില്ലാത്ത ഒരു പുതിയ കമ്പനിക്കായിരുന്നു. ഇത്തരം ജോലികള്‍ ചെയ്തുപരിചയമുള്ള ഒരൊറ്റ എഞ്ചിനീയര്‍ പോലും ആ കമ്പനിയില്‍ ഇല്ലായിരുന്നു (ബില്ലെഴുത്തു മാത്രമായിരുന്നു കമ്പനി എഞ്ചിനീയര്‍മാരുടെ പണി).പക്ഷേ അവര്‍ ആ കരാര്‍ സമയപരിധിക്കു വളരേ മുമ്പു തീര്‍ത്തു. അതിനവര്‍ സ്വീകരിച്ച മാര്‍ഗ്ഗം വളരേ ലളിതമായിരുന്നു. ആ പദ്ധതിയില്‍ അവരുടെ സൈറ്റിലുള്ള എല്ലാ സര്‍ക്കാര്‍ എഞ്ചിനീയര്‍മാര്‍ക്കും അവരുടെ ശമ്പളത്തിനൊപ്പം‌ തുക കൈക്കൂലിയായി എല്ലാ മാസവും കൊടുക്കും. കമ്പനിയുടെ ജോലിക്കാരേക്കൊണ്ട് പണിയെടുപ്പിക്കേണ്ട ചുമതല ഈ സര്‍ക്കാരുദ്യോഗസ്ഥന്‍മാരുടേത്. ജോലിക്കാരെ വേണ്ടവിധം "നിയന്ത്രിക്കാന്‍" ഒരു കൂട്ടം മല്ലന്‍മാരേയും കമ്പനി നിയോഗിച്ചിരുന്നു. തൊഴിലാളികള്‍ പറഞ്ഞ പണി പറഞ്ഞ പോലെ ചെയ്തില്ലെങ്കില്‍ അടി ഉറപ്പ്. അതുപോലെ തന്നെ, ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്‍സ്പെക്ഷന്റെ പേരും പറഞ്ഞ് ഉടക്കാന്‍ വന്നാല്‍ ഈ മല്ലന്‍മാര്‍ അവരെ നല്ലോണമങ്ങ് "ഉപദേശിക്കും". ഒരിക്കല്‍ ആ ഉപദേശം കേട്ടവന്‍ പിന്നെ ഉടക്കാന്‍ മിനക്കെടില്ല, അല്ലെങ്കില്‍ ധൈര്യപ്പെടില്ല. ശശ്മല്‍ സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ഒരു കൈയ്യില്‍ ലഡ്ഡു മറ്റേ കൈയ്യില്‍ ലാഠി (ലാത്തി)" - അതായിരുന്നു അവരുടെ ലൈന്‍. ഞാന്‍ ജോയിന്‍ ചെയ്ത സമയത്തുതന്നെ അവര്‍ പണിയൊക്കെ തീര്‍ത്തു പോയിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.  ആ അണക്കെട്ടിന്റെ "ഗുണമേന്മ"യേക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം.

ആ കഥ കേട്ടുകേള്‍വി മാത്രമായിരുന്നെങ്കില്‍ ഇനിയത്തെ കഥ എനിക്കു നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്. ഒരിക്കല്‍ എന്റെ കമ്പനിയുടെ പദ്ധതിപ്രദേശത്തുള്ള ക്വാട്ടേഴ്‌സിലെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറുടെ വീടിന് തീപിടിച്ചു. ഉടുത്തിരുന്ന തുണിയൊഴിച്ച് ആ വീട്ടിലുണ്ടായിരുന്ന സര്‍വ്വ സാധനങ്ങളും ചാമ്പലായി (ഭാഗ്യത്തിന് ആളപായമുണ്ടായില്ല). എല്ലാം കഴിഞ്ഞപ്പോഴാണ് അറിയുന്നത്, കത്തിയ കൂട്ടത്തില്‍ ആ വീട്ടിനകത്തിരുന്ന ഇരുപതു ലക്ഷത്തില്‍പ്പരം രൂപ (അന്നത് വലിയ തുകയാണ്) ഉണ്ടായിരുന്നെന്ന്! കൂട്ടത്തില്‍ ഏറ്റവും സൌമ്യനും പൊതുജനത്തിന്റെ കണ്ണില്‍ മാന്യനുമായ ഒരു എഞ്ചിനീയറായിരുന്നു ആ വീട്ടിലെ താമസക്കാരന്‍ - ഒരുപക്ഷേ ആ ഇമേജ് ഉള്ളതുകൊണ്ടാകും കള്ളന്‍മാരൊക്കെച്ചേര്‍ന്ന് പുള്ളിയെ ഖജാന്‍ജിയാക്കിയത്. ഏതായാലും കത്തിപ്പോയ പണത്തിന്റെ അവകാശികളായ സര്‍ക്കാര്‍ എഞ്ചിനീയര്‍മാര്‍ വെറുതേയിരുന്നില്ല. ഉടനേ ഒരു ഫണ്ട് സമാഹരണമങ്ങ് തുടങ്ങി! ഒരോ കരാറുകാരോടും (പെറ്റി കോണ്ട്രാക്ടര്‍മാര്‍ അടക്കമുള്ളവരോട്) പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ "സംഭാവന" ചെയ്യാന്‍ അവര്‍ "അഭ്യര്‍ത്ഥിച്ചു"!

ഹിമാലയത്തിന്റെ ഘടനയ്ക്ക് ചില സവിശേഷതകളുണ്ട്. തീരെ പശിമയില്ലാത്ത മണ്ണാണ്. പാറകളൊക്കെ സ്ലേറ്റൂപാറകളും. അതുകൊണ്ട് പത്തുമീറ്റര്‍ വട്ടത്തില്‍ ടണല്‍ കുഴിക്കാന്‍ ശ്രമിച്ചാല്‍ പതിനഞ്ചുമീറ്റര്‍ വട്ടത്തിലെ മണ്ണ് ഇടിഞ്ഞുവീഴും. ബാക്കിയുള്ള മണ്ണ് ഇടിഞ്ഞുവീഴാതിരിക്കാന്‍ കമ്പിവലയിട്ട് സിമന്റിന്റേയും മണലിന്റേയും മിശ്രിതമിട്ട് "ഷോട്ട്‌ക്രീറ്റ്" ചെയ്യണം. അതുപോലെ,മിക്കയിടങ്ങളിലും ഉറവുണ്ട്.അതെല്ലാം അടയ്ക്കാനായി സിമന്റിന്റേയും മണലിന്റേയും വരണ്ട മിശ്രിതം ഉറവുവരുന്ന ദ്വാരങ്ങളിലേക്ക് പമ്പ് ചെയ്യും (ഇതിനെ ഗ്രൌട്ടിങ്ങ് എന്നു പറയും). ഷോട്ട്ക്രീറ്റിന്റേയും ഗ്രൌട്ടിങ്ങിന്റേയും ഫില്ലിങ്ങിന്റേയും (ടണലിന് വലിപ്പം കൂടിയാല്‍ അത്രയും ഭാഗം കൂടി കോണ്‍ക്രീറ്റുകൊണ്ട് ഫില്‍ ചെയ്യണമല്ലോ) മറവില്‍ ലോറിക്കണക്കിന് സിമന്റും മണലുമാണ് അവിടെനിന്ന് കടത്തിയതത്രേ. അതൊക്കെ പഞ്ചാബിലും ഹരിയാനയിലും യുപിയിലുമുള്ള മണിമന്ദിരങ്ങളില്‍ പതിഞ്ഞുകിടക്കുന്നുണ്ടാകണം.

അണുശക്തിനിലയത്തിന്റെ നിര്‍മ്മാണപദ്ധതി ഏറെ വ്യത്യസ്ഥമായിരുന്നു. അവിടത്തെ എഞ്ചിനീയര്‍മാരാരും സാധാരണക്കാരല്ല - അവര്‍ "ശാസ്ത്രജ്ഞരായ ഉദ്യോഗസ്ഥര്‍" (scientific officers) ആണ്. പദ്ധതിക്ക് കാവല്‍ നില്ക്കുന്നത് ഹിമാചലിലേപ്പോലെ ലേബര്‍ സപ്ലയറുടെ കൂലിവേലക്കാരല്ല - സര്‍ക്കാരിന്റെ അര്‍ദ്ധസൈനിക വിഭാഗമായ CISF ആണ്. പദ്ധതിപ്രദേശത്തേക്ക് കടക്കണമെങ്കില്‍ സര്‍ക്കാര്‍ കൊടുക്കുന്ന ഫോട്ടോ ഐഡി വേണം - അത് കളഞ്ഞുപോയാല്‍ പോലീസില്‍ കേസുകൊടുത്ത് അന്വേഷണം തീരുന്നതുവരെ അകത്തുകടക്കാന്‍ പറ്റില്ല. ഗുണമേന്മ ഉറപ്പുവരുത്തിയിട്ടില്ലാത്ത ഒരു തരി മണല്‍ പോലും അകത്തേയ്ക്ക് കടക്കരുതെന്നാണ് ചട്ടം. നിര്‍മ്മാണത്തിനുപയോഗിച്ച ഓരോ വസ്തുവിന്റേയും ഓരോ പണിയുടേയും ചരിത്രം വ്യക്തമായി എഴുതി സൂക്ഷിക്കുന്ന സംവിധാനമുണ്ട്. ഇതൊക്കെയായിട്ടും വെള്ളം ചേര്‍ക്കേണ്ടവര്‍ അതിനുവേണ്ട സംവിധാനങ്ങളൊക്കെ അതിനുള്ളില്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ടായിരുന്നു.

അവിടത്തെ കഥകളില്‍ ഞാന്‍ ഏറ്റവും ആസ്വദിച്ച കഥ ഇതാണ്. ഒരിക്കല്‍ അവിടെ പതിവുതെറ്റിച്ച് ഒരു ഭയങ്കര കാറ്റും മഴയും ഉണ്ടായി. കാറ്റില്‍ അവിടത്തെ സിമന്റ് ഗോഡൌണിന്റെ കൂര പറന്നു പോയി. മഴ നനഞ്ഞ് ഏതാനും ചാക്ക് സിമന്റും കേടായി, എന്നു കൂട്ടിക്കോളൂ. സര്‍ക്കാര്‍ അധികാരികള്‍ക്ക് വീണുകിട്ടിയ വലിയൊരു അവസരമായി അത്. ദിവസങ്ങള്‍ക്കകം ആ ഗോഡൌണിലെ മൊത്തം ചാക്കുകളും നിര്‍മ്മാണത്തിന് അയോഗ്യമായതായി കല്‍പ്പിക്കപ്പെട്ടു. ഗോഡൌണ്‍ "എത്രയും പെട്ടന്ന് പ്രവര്‍ത്തനസജ്ജമാക്കാനായി" അവ ഉടന്‍ തന്നെ നീക്കം ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെ അണുശക്തിനിലയനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന, ഉന്നതനിലവാരമുള്ള സിമന്റു കടത്തിക്കിട്ടിയ കാശ് ആരുടെയൊക്കെയോ പോക്കറ്റില്‍ എത്തി.

സിവില്‍ കരാറുകളില്‍ കോണ്‍ക്രീറ്റിങ്ങിനാണ് കാശ്. കോണ്‍ക്രീറ്റ് ഒഴിക്കുന്നതിനുമുമ്പുള്ള (കമ്പി കെട്ടല്‍, കോണ്‍ക്രീറ്റിനകത്തു പോകേണ്ട "embedded parts" യഥാസ്ഥാനത്ത് ഘടിപ്പിക്കല്‍, ഷട്ടറിങ്ങ് പണി തുടങ്ങിയ) തയ്യാറെടുപ്പുകള്‍ക്കാണ് കരാറുകാര്‍ ഏറെ പണവും സമയവും ചെലവഴിക്കുന്നതെങ്കിലും കോണ്‍ക്രീറ്റ് വീഴാത്തിടത്തോളം കാലം സര്‍ക്കാരില്‍ നിന്ന് നയാപൈസ കിട്ടില്ല. അതുകൊണ്ട് കോണ്‍ക്രീറ്റ് ഒഴിക്കാനുള്ള ഒപ്പ് സംഘടിപ്പിക്കുക, അതിനുശേഷം അത് ഇടമുറിയാതെ ഒഴിച്ചുകൊണ്ടിരിക്കാനുള്ള ഏര്‍പ്പാടുചെയ്യുക എന്നീ കലകളില്‍ കരാറുകാര്‍ മിടുക്കരാണ്. എല്ലായിടത്തും കമ്പനിയോട് "സൌഹൃദമനോഭാവം" ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. അതുള്ളവരുടെ ഷിഫ്ടില്‍ ഒപ്പുവാങ്ങി കോണ്‍ക്രീറ്റ് ഒഴിച്ചുതുടങ്ങുക എന്നതാണ് രീതി. സാധാരണ രാത്രിഷിഫ്ടിലാണ് നീക്കുപോക്കുകള്‍ നടത്താന്‍ ഏറെ സൌകര്യം. പകലിനെ അപേക്ഷിച്ച് ചൂടുകുറവായതിനാല്‍ കോണ്‍ക്രീറ്റ് ചെയ്യാനും സൌകര്യം രാത്രിയിലാണ്. ഈ രണ്ടുസൌകര്യങ്ങളും ചേര്‍ന്നുവരുമ്പോഴാണ് എല്ലാവരുടേയും പോക്കറ്റില്‍ കാശുവീഴുന്നത്.

വളരേ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു തയ്യാറാക്കുന്ന കോണ്‍ക്രീറ്റ് മിശ്രിതമാണ് അണുശക്തികേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. അല്പം നനവോടെ ഇരിക്കാന്‍ വേണ്ടത്ര വെള്ളമേ അതില്‍ ചേര്‍ക്കൂ. ബാച്ചിങ്ങ് പ്ലാന്റ് വിട്ട് ഇരുപതുമിനിട്ടിനകം ആ കോണ്‍ക്രീറ്റ് ഉപയോഗിച്ചിരിക്കണം, അല്ലെങ്കില്‍ അത് വരണ്ടുപോകും. പക്ഷേ സൈറ്റില്‍ ഈ പറഞ്ഞ നിയമമൊന്നും നടപ്പാകില്ല. ഒരിക്കല്‍ ഒരു തൊഴിലാളി സര്‍ദാര്‍ജി പറഞ്ഞ കഥ ഓര്‍മ്മവരുന്നു. റിയാക്ടര്‍ ബില്‍ഡിങ്ങിന്റെ ഉള്ളിലെ കലെണ്ട്രിയായുടെ കോണ്‍ക്രീറ്റിങ്ങ് നടക്കുകയാണ്. ഒരിക്കല്‍ ചില സാങ്കേതികകാരണങ്ങളാല്‍ ഇടയ്ക്ക് പത്തു മിനിട്ടുനേരത്തെ തടസ്സം ഉണ്ടായി. പിന്നെ ഒഴിച്ച കോണ്‍ക്രീറ്റ് ഈര്‍പ്പം നഷ്ടപ്പെട്ട നിലയിലായിരുന്നു. വൈബ്രേറ്റര്‍ ഇട്ടുനോക്കിയപ്പോള്‍ അതനങ്ങുന്നില്ല. മേല്‍നോട്ടത്തിനുനിന്നിരുന്ന സര്‍ക്കാര്‍ ബാബുവാണെങ്കില്‍ അതിനേക്കാള്‍ അനക്കമില്ലാതെ ഉറച്ചുനില്‍ക്കുന്നു. ഒഴിച്ച കോണ്‍ക്രീറ്റ് പുറത്തെടുക്കാന്‍ പറ്റില്ലല്ലോ, എന്തെങ്കിലും ഒരു വഴിപറഞ്ഞു തരൂ സാര്‍ എന്നൊക്കെ കെഞ്ചിയിട്ടൊന്നും ഒരു രക്ഷയുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സര്‍ദാര്‍ സന്ധിസംഭാഷണം നിര്‍ത്തി, നേരെച്ചെന്ന് പണിക്കാര്‍ക്ക് കുടിക്കാന്‍ വെച്ചിരുന്ന ഒരു ബക്കറ്റൂവെള്ളമെടുത്ത് അതിനകത്തേക്കങ്ങൊഴിച്ചു.സര്‍ക്കാര്‍ ബാബു ഷോക്കടിച്ചപോലെയായി.പിന്നെ ബഹളമായി. പക്ഷേ നേരം വെളുത്തപ്പോഴേക്കും പ്രശ്നം അവര്‍ തമ്മില്‍ പഞ്ചായത്താക്കി (അല്ലെങ്കില്‍ രണ്ടുപേരുടേയും പണിപോകുമേ)- അതുകൊണ്ട് പുറംലോകം പിന്നീട് അതിനേപ്പറ്റി ഒന്നും അറിഞ്ഞില്ല. ഇതിനെയാണ് പ്രാക്ടിക്കല്‍ എഞ്ചിനീയറിംഗ് എന്നു പറയുന്നത്.

ഞാന്‍ ഇതുവരെ പറഞ്ഞത് മനഃപൂര്‍വ്വം ചെയ്തുകൂട്ടുന്ന അന്യായത്തേക്കുറിച്ചാണ്. അലസതകൊണ്ടും, അറിവില്ലായ്മകൊണ്ടും, ഗുണമേന്മയോടുള്ള നിസ്സംഗമനോഭാവം കൊണ്ടും, മേന്മയില്ലാത്ത വസ്തുക്കളുടെ ഉപയോഗം കൊണ്ടും, രൂപകല്‍പ്പനയിലെ പാകപ്പിഴകൊണ്ടും, അശ്രദ്ധമായ നടത്തിപ്പുകൊണ്ടും, ആസൂത്രണത്തിന്റെ പോരായ്മ (അഭാവം എന്നു വരെ പറയാം) കൊണ്ടും വരുത്തിവയ്ക്കുന്ന നിര്‍മ്മാണപ്പിഴവുകളേക്കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ ജഗതി പറഞ്ഞതുപോലെ "കാണ്ഡം കാണ്ഡമായി" എഴുതേണ്ടി വരും. 1994ല്‍ കര്‍ണ്ണാടകത്തിലെ കൈഗാ അണുശക്തിനിലയത്തിന്റെ ഒന്നാം റിയാക്ടറിന്റെ ഡോം (Dome) നിര്‍മ്മാണത്തിനിടെ തകര്‍ന്നുവീണത് കുറച്ചുപേര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകുമല്ലോ. ഹിമാലയത്തോളം കോണ്‍ക്രീറ്റ് ഒഴുക്കിയ ജലവൈദ്യുതപദ്ധതിയും, തൃശ്ശൂര്‍ പട്ടണത്തിലെ എല്ലാകെട്ടിടങ്ങളിലും ചേര്‍ന്നുള്ളത്രയും കോണ്‍ക്രീറ്റ് ഒഴിച്ച റാഫ്റ്റ് (അടിത്തറ) ഉള്ള അണുവൈദ്യുതിനിലയവും ഭാവിയില്‍ ഒരു സുനാമിയോ ഭൂകമ്പമോ താങ്ങുമോ? എനിക്കു വിശ്വാസമില്ല. ജപ്പാനില്‍ അപകടമുണ്ടായ ഉടന്‍ ജര്‍മനി അന്നാട്ടിലെ നാല്പതുവര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ റിയാക്ടറുകളും അടച്ചുപൂട്ടി അവയുടെ സുരക്ഷാസംവിധാനങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. നമ്മുടെ നാട്ടില്‍ ഒരനക്കവുമുണ്ടായില്ല. സത്യസന്ധമായ ഒരു സൂക്ഷ്മപരിശോധനയെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള ഒരൊറ്റ അണുശക്തിനിലയവും ഇന്ത്യയിലുണ്ടാകുമെന്നു തോന്നുന്നില്ല.

ഏറ്റവും പ്രകൃതിരമണീയമായ, ജലസമൃദ്ധിയുള്ള ഇടങ്ങളില്‍ മാത്രമാണ് ഇന്ത്യയിലെ അണുശക്തിനിലയങ്ങളും ജലവൈദ്യുതപദ്ധതികളും സ്ഥാപിക്കപെടുന്നത്. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച അണുശക്തിനിലയ സമുച്ചയത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ഇടം ഇന്ത്യയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭൂവിഭാഗമായ (മഹാരാഷ്ട്രയിലെ) രത്നഗിരി ജില്ലയിലാണ്. ഭൂമിയെ ധിക്കരിച്ച്, കാടുകള്‍ മുക്കിയെടുത്ത്, എല്ലാനടപടികളിലും വെള്ളം ചേര്‍ത്ത് കെട്ടിപ്പൊക്കുന്ന ഈ മഹാസൌധങ്ങളെ അതേ ഭൂമിയും വെള്ളവും പ്രതികാരബുദ്ധിയോടെ ആക്രമിച്ചാലോ? അഴിമതി നാറാപിള്ളമാരും ഉലകേഴും കീശേലാക്കും ഉണ്ണിക്കണ്ട്രാക്കുമാരും കയറിയിറങ്ങിയതിന്റെ ശേഷിപ്പുകളായ ഈ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്ക് പ്രകൃതിയുടെ രൌദ്രത താങ്ങാനാവില്ലെന്നുറപ്പ്. അങ്ങനെയെന്തെങ്കിലും അനിഷ്ടം സംഭവിച്ചാല്‍, ജപ്പാനിലേപ്പോലെ നമ്മുടെ നാടിനേയും നാട്ടുകാരേയും സംരക്ഷിക്കാന്‍ ഒരുകൂട്ടം ചാവേറുകള്‍ തയ്യാറാകുമോ?

ഇനിയും മനസ്സാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത കുറച്ചുപേരെങ്കിലും അതിനു തയ്യാറാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മുംബൈയില്‍ ഭീകരവാദികളുടെ ആക്രമണമുണ്ടായപ്പോള്‍ തിരിഞ്ഞോടാതെ അവരെ നേരിടാന്‍ ഹേമന്ത് കര്‍കരെയേയും സന്ദീപ് ഉണ്ണിക്കൃഷ്ണനേയും പോലെയുള്ള കുറച്ചുപേരെങ്കിലും ഉണ്ടായിരുന്നല്ലോ. അങ്ങനെ ചിലരെങ്കിലും ഉള്ളതുകൊണ്ടല്ലേ വലിയ ആപത്തൊന്നും വരുത്താതെ ഉടയതമ്പുരാന്‍ ഇന്നും നമ്മുടെ നാടിനെ കാക്കുന്നത്.

35 comments:

  1. മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കിപ്പണിയാണ്ടുള്ള സൂക്കേടല്ലേ എല്ലാര്‍ക്കും? പുതിയതു പണിയട്ടെ. പുതിയ അണക്കെട്ടു വീണിട്ടാണോ, പഴയ അണക്കെട്ടു വീണിട്ടാണോ പ്രളയമുണ്ടാകുന്നതെന്ന് നമുക്കു കാണാം.

    ReplyDelete
  2. വളരെ പഠനാര്‍ഹമായ പോസ്ടാണ് ഇത്.കൈഗയിലെ ഡോം ഇടിഞ്ഞു വീണത്‌ ഓര്‍മ്മയുണ്ട്.(ഭൂകമ്പം ഇല്ലാതെ തന്നെ.)പരിശോധന നടത്താത്തത് വേറൊന്നും കൊണ്ടായിരിക്കുകയില്ല.പരിശോധനയ്ക്കിടയില്‍ ഇടിഞ്ഞു വീഴുമോ എന്ന് പേടിച്ചിട്ടായിരിക്കും.സ്വാതന്ത്ര്യത്തിനു ശേഷം വെള്ളം ചേര്‍ക്കാത്ത ഒരു നിര്‍മ്മാണവും നമ്മുടെ രാജ്യത്തു നടന്നു കാണില്ല.ജപ്പാനിലെ ചാവേറുകള്‍ ഇന്നും ശ്രമിക്കുന്നത് നാശം കുറയ്ക്കാന്‍ ആണെങ്കില്‍ ഇവിടുത്തെ ചാവേറുകള്‍ ആയിരിക്കും ആദ്യം ഓടി രക്ഷപ്പെടാന്‍ നോക്കുന്നത്.രാജ്യസ്നേഹമുള്ള എല്ലാവരും വായിക്കേണ്ട ഒരു പോസ്ടാണ് ഇത്.അഭിനന്ദനങ്ങള്‍,തുറന്നു എഴുതിയതിന്.

    ReplyDelete
  3. ഇത്ര ഭംഗിയായി ഈ പോസ്റ്റ് എഴുതിയതിന് ആദ്യമേ അഭിനന്ദനങ്ങൾ.
    നമ്മുടെ നാട്ടിലെ ഒരു നിർമ്മാണപ്രവർത്തനവും നാട്ടുകാർക്കു വേണ്ടിയല്ലല്ലോ. ദുരന്തങ്ങളുണ്ടാകുമ്പോൾ മാത്രം ഉണരുന്ന താൽക്കാലിക പ്രതിഭാസമാണ് ഇവിടെ രാജ്യസ്നേഹവും ചുമതലാബോധവും ഉത്തരവാദിത്തവുമൊക്കെ. ഞടുക്കം മാറുമ്പോൾ ഇതും ആവിയായിപ്പോകും.
    ഇപ്പോൾ വയസ്സനായ അണ്ണ ഹസാരെ ജനലോക്പാൽ ബില്ലിനായി നിരാഹാരം കിടക്കുന്നു നമ്മുടെ നാട്ടിൽ! അഴിമതി തുടച്ചു മാറ്റുന്നതിനോടുള്ള നമ്മുടെ പ്രതിബദ്ധത നാല്പതു വർഷം വൈകിയിട്ടും പാസ്സാവാത്ത ആ ബില്ലിന്റെ ചരിത്രത്തീലുണ്ട്.

    ReplyDelete
  4. കൊച്ചീചിയുടെ പോസ്റ്റെന്താ വൈകുന്നേ എന്ന് കരുതി ഇരിക്കുകയായിരുന്നു..കെട്ടിയോന്റെ ജോലി ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനീല്‍ ആയതോണ്ട് ഇമ്മാതിരി കാര്യങ്ങളെ കുറിച്ചു ചിലത് കേള്‍ക്കാറുണ്ട്..നമ്മുടെ ഇന്ത്യയില്‍ മാത്രമല്ല യു എ ഇയിലും ഈ 'വെള്ളം ചേര്‍ക്കല്‍' പരിപാടി ഉണ്ടെന്നറിഞ്ഞു;അത്ഭുതം തോന്നി.പോസ്റ്റ് വളരെ നന്നായി.അഭിനന്ദനങ്ങള്‍..

    ReplyDelete
  5. നമ്മുടെ നാടിനെ കുറിച്ച് എന്നാണാവോ നല്ലത് പറയാൻ ഇടയാവുക ?
    എന്നെങ്കിലും ആവുമോ………………… ???????????????

    ReplyDelete
  6. വെള്ളം ചെര്‍ക്കരുതാത്തിടത്ത് വെള്ളം ചെര്‍ക്കുംപോലാണല്ലോ കാര്യമായി എന്തെങ്കിലും തടയുക. അതുകൊണ്ട് അവിടെയാണ് ഏറ്റവും വെള്ളം ചേര്‍ക്കല്‍ നടക്കുന്നത്. വെള്ളം ചെര്‍ക്കുന്നവര്‍ക്ക് അണുവെന്ത് കിണുവെന്ത്? ലേഖനത്തില്‍ സൂചിപ്പിച്ചത്‌ പോലെ അങ്ങിങ്ങായി ചില കാര്‍ക്കറെ പോലുള്ളവരാണ് ആശ്വാസത്തിനു വക നല്‍കിയതും നല്‍കുന്നതും. പല കാഴ്ചകളും തുറന്നു വെച്ച ഗൌരവമായ ലേഖനം.

    ReplyDelete
  7. വെള്ളം ചേര്‍ക്കാത്ത സത്യങ്ങള്‍ പറഞ്ഞ ഒരു ലേഖനം. നന്നായി.

    ReplyDelete
  8. ഒട്ടേറെ സത്യങ്ങളും അനുഭവസാക്ഷ്യങ്ങളും നിറഞ്ഞ പ്രസക്തമായ ലേഖനമാണിത് ..തീര്‍ച്ചയായും പ്രസിദ്ധീകരണയോഗ്യമായത് ..ആശംസകള്‍ ..

    ReplyDelete
  9. അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും വിനയത്തോടെ നന്ദി!

    *ഷാനവാസ്*: ചാവേറുകള്‍ പോലും തിരിഞ്ഞോടും എന്ന മട്ടിലാണ് ആദ്യം എഴുതിയത്. മുഴുവന്‍ നെഗറ്റിവിറ്റി ഉള്ള ഒരു ലേഖനത്തില്‍ അവസാനമെങ്കിലും പ്രത്യാശയുടെ തിരികൊളുത്തി വെയ്ക്കാം എന്നു മനഃപൂര്‍വ്വം തീരുമാനിച്ചതാണ്. അറിഞ്ഞുകൊണ്ടാണോ എന്നറിയില്ല, താങ്കള്‍ ഒരു വലിയ സത്യം എഴുതി. വീണുപരിക്കേല്‍ക്കുമോ എന്നു ഭയമുള്ള ഒരിടത്തും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കയറി പരിശോധിക്കില്ല. അതിനവര്‍ കാരണവും പറയും "സുരക്ഷിതമായ പരിശോധനയ്ക്ക് കരാറുകാരന്‍ സൌകര്യം ഒരുക്കണം എന്ന് കരാറിലുണ്ട്". 140 മീറ്റര്‍ ഉയരമുള്ള വെന്റിലേഷന്‍ സ്റ്റാക്കില്‍ കേറാന്‍ hot air balloon ഏര്‍പ്പാടാക്കണോ?

    *എച്മുക്കുട്ടി*:ദുരന്തമുണ്ടാകുമ്പോഴും ചുമതലാബോധം ഉണ്ടാകുന്നില്ല,എന്നതാണ് സങ്കടം. കൈഗയിലെ ഡോം വീണതിന്റെ കാരണം ആര്‍ക്കെങ്കിലും അറിയുമോ? പെരുമണ്‍ ദുരന്തം "ടൊര്‍ണാഡോ" കൊണ്ടുണ്ടായതാണെന്ന റിപ്പോര്‍ട്ട് വന്നത് ഓര്‍മ്മയുണ്ടോ? അന്വേഷകര്‍ തിരയുന്നത് കാരണമല്ല, കുറ്റവാളിയേയാണ്. ശരിയായ കാരണം അറിയുന്നവന് (അവന്‍ കുറ്റവാളിയായാലും) ദയാപൂര്‍വ്വമായ പരിഗണന ലഭിക്കുമെന്നുറപ്പുണ്ടെങ്കിലേ കാരണം പുറത്തുവരൂ. ആ അറിവില്‍നിന്നേ ഭാവിയില്‍ അതാവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ രൂപപ്പെടൂ.

    *ജാസ്മിക്കുട്ടി*: വളരേ നന്ദി, കൂട്ടുകാരീ.

    *സാദിക്ക്*: നന്മയും തിന്മയും എല്ലാ നാട്ടിലും ഉണ്ട്. ഏറെ നന്മകളുള്ള നാടാണ് നമ്മുടേതും. ചിലയിടങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് സഹിക്കാം. കണക്ഷന്‍ തരാന്‍ വരുന്ന ഇലക്ട്രിസിറ്റി ജീവനക്കാരന്‍ പത്തുരൂപാ കൈക്കൂലി വാങ്ങുന്നതിനേക്കാള്‍ ഗൌരവമുള്ള അന്യായമാണ് ഒരു അണുശക്തിനിലയത്തില്‍ പരിശോധിക്കപ്പെടേണ്ട ഒരു വെല്‍ഡിങ്ങ് ജോയിന്റ് പരിശോധിക്കാതെ ഒപ്പിട്ടുകൊടുക്കുന്നത്.

    *റാംജി*: വളരേ നന്ദി. തുടര്‍ന്നും താങ്കളുടെ പിന്തുണ ഉണ്ടാകുമല്ലോ.

    *അജിത്*: ഈ വന്‍ദുരന്തത്തിന്റെ നടുവിലെങ്കിലും സത്യം അറിയാവുന്നവര്‍ അതു പറയണമല്ലോ. ഒരു ശത്രുരാജ്യത്തിന് വരുത്തിവെക്കാവുന്നത്ര നാശമാണ് ഒരു അണുശക്തിനിലയത്തിലെ അത്യാഹിതംകൊണ്ടുണ്ടാകാവുന്നത്.

    *രമേശ്*: വളരേ നന്ദി. പത്രപ്രവര്‍ത്തകരും നമ്മുടെ ആണവകേന്ദ്രങ്ങളുടെ സുരക്ഷയേക്കുറിച്ച് അധികാരികളെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ഇതൊരു അഴിമതിപ്രശ്നമല്ല, ദേശീയസുരക്ഷാപ്രശ്നമാണ്.

    ReplyDelete
  10. മികച്ച പോസ്റ്റ്.ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
    സത്യത്തില്‍ നമ്മുട കൊട്ടിഘോഷിക്കുന്ന
    വന്‍കിട പദ്ധതികളുടെ യഥാര്‍ഥ നിലവാരം
    എന്തെന്നതിനെക്കുറിച്ച് ഞെട്ടിക്കുന്ന
    ഉള്‍ക്കാഴ്ച തരുന്നു ഇത്.
    ഇത് ബ്ലോഗില്‍ ഒതുങ്ങേണ്ടതല്ല.
    അച്ചടി മാധ്യമങ്ങള്‍ നിര്‍ബന്ധമായും
    അറിയേണ്ട ഏറെ കാര്യങ്ങള്‍ ഇതിലുണ്ട്.
    നന്ദി, പോസ്റ്റിന്

    ReplyDelete
  11. ഒരില വെറുതെ- പറഞ്ഞപോലെ ഇത് ബ്ലോഗില്‍ ഒതുങ്ങേണ്ടതല്ല ...
    നമ്മുടെ നാട്ടില്‍ വെള്ളം ചേര്‍ക്കാത്ത ഒന്നും ഇല്ല എന്നത് ഒരു പുതിയ അറിവല്ല
    പക്ഷെ ഇത്തരം വന്‍കിട പദ്ധതികളിലുള്ള വന്‍കിട തട്ടിപ്പുകള്‍ അങ്ങനെ വെറുതെ വിടനാവുമോ ? കേട്ടിട്ട് തന്നെ പേടിയാവുന്നു...
    ഇത്രയും തുറന്ന എഴുത്തിനു അഭിനന്ദനങ്ങള്‍...

    ReplyDelete
  12. നമ്മുടെ നാടിനേയും നാട്ടുകാരേയും സംരക്ഷിക്കാന്‍ ഒരുകൂട്ടം ചാവേറുകള്‍ തയ്യാറായാല്‍ തെന്നെ അതിനു എത്രത്തോളം ഫലപ്രാപ്തിയുണ്ടാവും. നമ്മള്‍ സമ്പൂര്‍ണ്ണ സുരക്ഷിതരാണ് ആണവനിലയങ്ങളുടെ കാര്യത്തില്‍ എന്ന് pm പറയുന്നത് ഏതു ഉറപ്പിന്റെ ബലത്തിലാണ്? technology യുടെ മേലെ അറ്റത്തു നിന്നിട്ടും ചോദ്യചിഹ്നമാവുന്ന ജപ്പാന്‍ കണ്മുന്നിലുള്ളപ്പോള്‍ pm ന്റെ വാക്ക് കേട്ട് ആശ്വസിക്കാന്‍ കഴിയുന്നതെങ്ങിനെ?
    എല്ലാവരും പറഞ്ഞപോലെ കൊച്ചീച്ചിയുടെ ഈ ലേഖനം പ്രിന്റ്‌ ചെയ്യപ്പെടെണ്ടാതാണ്. വളരെ നന്നായി എഴുതി

    ReplyDelete
  13. *ഒരില*: ഭാവിയില്‍ രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷയും, സാമ്പത്തിക സുരക്ഷയും സാമൂഹിക സുരക്ഷയും ഇത്തരം വൈദ്യുതപദ്ധതികളെ ആശ്രയിക്കുന്നു എന്നിരിക്കെ രാജ്യത്തെ പൌരന്‍മാരുടെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിലുണ്ടാകണമെന്ന് ഞാനും ആഗ്രഹിക്കുന്നു.

    *ലിപി*: ഭയാനകം തന്നെയാണ്. ഭോപ്പാലിലുണ്ടായതിനേക്കാള്‍ വലിയ ദുരന്തത്തിനു സാധ്യതയുണ്ട് ഒരു അണുശക്തികേന്ദ്രമോ അണക്കെട്ടോ തകര്‍ന്നുവീണാല്‍.

    *സലാം ഭായ്* പ്രധാനമന്ത്രി ഇതൊക്കെ എങ്ങിനെയാണ് നിര്‍മ്മിക്കപ്പെടുന്നത് എന്നു കണ്ടിട്ടില്ലല്ലോ. ബ്യൂറോക്രാറ്റുകള്‍ കൊടുക്കുന്ന വിവരം പുള്ളി ഏറ്റൂപറയുന്നു, അത്രേയുള്ളൂ. ടെക്നോളജി എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാണ് - ഇത്തരം വന്‍കിട പദ്ധതികളില്‍ ചെലവാക്കുന്ന തുകയുടെ ചെറിയൊരു ശതമാനം തുകയേ technology procure ചെയ്യാന്‍ ചെലവാകൂ. പ്രശ്നം work ethicന്റെയാണ്. നാട്ടുകാര്‍ക്ക് അതില്ല.

    ReplyDelete
  14. വിവരണം അടിപൊളി. ഇന്ത്യക്കാരെ ഡിസൈന്‍ പഠിപ്പിച്ചത് തെറ്റായി പോയി..... സായ്പന്മാര്‍ പഠിപ്പിച്ചത് ഒന്നര ഇരട്ടി സിമെന്റും കമ്പിയും ഇടാനാണ്. (1.5 factor of safety). അമ്പതു ശതമാനത്തിനുള്ള വെള്ളം എങ്ങിനെ ആയാലും ഉണ്ട്.

    ReplyDelete
  15. വെള്ളം ചേര്‍ക്കാത്ത പോസ്റ്റ് ,ഇഷ്ടമായി..

    ReplyDelete
  16. വളരെ നല്ല ലേഖനം. എനിക്കു തോന്നുന്നത് ഒരില പറഞ്ഞതു പോലെ "ഇത് ബ്ലോഗില്‍ ഒതുങ്ങേണ്ടതല്ല. അച്ചടി മാധ്യമങ്ങള്‍ നിര്‍ബന്ധമായും അറിയേണ്ട ഏറെ കാര്യങ്ങള്‍ ഇതിലുണ്ട്" എന്നു തന്നെയാണ്‌. ഇങ്ങിനെയൊരു വിഷയം ഇത്രയും വിശദമായി എഴുതിയതിനു നന്ദി. അഭിനന്ദനങ്ങള്‍.

    ReplyDelete
  17. *മഞ്ഞപ്പല്ലന്‍*: അമ്പതുശതമാനം വെള്ളം ചേര്‍ക്കാനാണ് factor of safety എന്നായിരിക്കും അവര്‍ കരുതിയിരിക്കുന്നത്. കൈഗയിലെ ഡോം വീണശേഷം factor of safety അവര്‍ ഒന്നുകൂടി കൂട്ടി - കൂടുതല്‍ കമ്പികള്‍, കൂടുതല്‍ വലിപ്പമുള്ള കമ്പികള്‍ അതായിരുന്നു സൊല്യൂഷന്‍. കമ്പികെട്ടിക്കഴിഞ്ഞശേഷമുള്ള കാഴ്ച കാണേണ്ടതായിരുന്നു- ഒരു വിരല്‍ കടത്താന്‍ പോലും ഗ്യാപ്പില്ലാതെയാണ് മിക്കയിടങ്ങളിലും കെട്ടിയിരുന്നത്. അതിന്റെ അകത്തുകൂടി കോണ്‍ക്രീറ്റ് എങ്ങനെ കേറും? ഏതായാലും ഡോം കോണ്‍ക്രീറ്റിനുമുമ്പ് ഞാന്‍ രാജിവെച്ചു പോന്നു.ആ രക്തത്തില്‍ എനിക്കു പങ്കില്ല.

    *അനുപമ*: വരവിനും പ്രോത്സാഹനത്തിനും നന്ദി!

    *വായാടി*: ബ്ലോഗ് അങ്ങനെ ഒതുങ്ങിയിരിക്കുന്ന ഒന്നല്ലല്ലോ. അച്ചടിമാധ്യമങ്ങളോളം തന്നെ accessible ആണ് ബ്ലോഗ്. ചിന്തിക്കുന്നവര്‍ക്ക് ഇതുതന്നെ ധാരാളം. താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി.

    ReplyDelete
  18. പ്രിയപ്പെട്ട കൊച്ചു കൊചീച്ചി,

    ഒരു മനോഹര സുപ്രഭാതം!

    അനുഭവ പാഠങ്ങള്‍ തന്നെ ഗുരു..ജപ്പാനിലെ ജനങ്ങളെ പോലെ അവര്‍ മാത്രം...

    സ്മൂഹ്യബോധവത്കരണം ഒത്തിരി ഇഷ്ടപ്പെട്ടു...ഈ പോസ്റ്റ്‌ വായിച്ചു ആരെങ്കിലും ഉണരട്ടെ..നാട് നന്നാകട്ടെ..

    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

    ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍...

    സസ്നേഹം,

    അനു

    ReplyDelete
  19. ഇത്തിരി അറിവുകള്‍ പകര്‍ന്നു തരുന്ന പോസ്റ്റ്‌. ശരിക്കും വായിച്ചു പഠിക്കാനുണ്ട്.

    ReplyDelete
  20. പറഞ്ഞിട്ട് കാര്യമില്ല. നാം നശിച്ച് കഴിഞ്ഞിരിക്കുന്നു. ഇനിയൊരു തിരിച്ച് വരവ് അല്പം പ്രയാസകരം തന്നെ. ഓരോ വ്യക്തിയും നന്നായലേ സമൂഹം നന്നാവൂ എന്ന് പറയും, നമുക്ക് നമ്മുടെ നെഞ്ചില്‍ കൈ വച്ച് പറയാന്‍ കഴിയുമൊ ഞാന്‍ നല്ലതാണെന്ന്, അങ്ങനെ നോക്കിയാല്‍ ഈ ലോകത്ത് ഏത് സമൂഹം ആണ് നല്ലത്?. അഭിപ്രായം പറയാനും , ആരും കാണാതെ ഇതിനെയൊക്കെ ചിലരുടെ ചെവിയില്‍ രഹസ്യമായി എതിര്‍ക്കാനും ഒക്കെ മാത്രമേ നമ്മെ കൊണ്ട് കഴിയൂ, വളരെ വിഷമത്തോടെ ഞാനും ആ കൂട്ടത്തില്‍ അംഗമാവുന്നു. പക്ഷെ ‘ഒരു നാള്‍ വരും‘

    ReplyDelete
  21. *അനുപമ* : വളരേ നന്ദി!
    *ഷമീര്‍* : ഇഷ്ടപ്പെട്ടെന്നറിയിച്ചതില്‍ സന്തോഷം .
    *ശിരോമണി* : ആ കൂട്ടത്തില്‍ ചേര്‍ന്നേ പറ്റൂ, കുട്ടാ. അവര്‍ വാളുമായി വെട്ടാന്‍ തയ്യാറായാണ് നില്‍ക്കുന്നത്. ആള്‍ബലവും ആയുധബലവും ഇല്ലാതെ അവരെ വെല്ലാന്‍ ഒരിക്കലും സാധ്യമല്ല. (വാള്‍, ആയുധം എന്നൊക്കെ പ്രതീകാത്മകമായി പറഞ്ഞതാണേ). ഈ ചെവിയില്‍ പറയാനുള്ള സ്വാതന്ത്ര്യം പോലും അവര്‍ അനുവദിച്ചുതന്നതാണ്.

    ReplyDelete
  22. അതിവിശാലമായ പോസ്റ്റ്. എനിക്കിഷ്ടായി.

    “നമുക്ക് കുറച്ച് വെള്ളം ചേര്‍ക്കാം“ ഈ ചിന്തയാണ് നാം മാറ്റാന്‍ ശ്രമിക്കേണ്ടത്. പക്ഷെ അതസാധ്യമാണ്. പാലില്‍ മാത്രമല്ല നാം ചെയ്യുന്ന ഏതൊരു പ്രവൃത്തിയേയും ഈ കണ്ണ് കൊണ്ട് കാണുന്നു.

    ഇന്നത്തെ സമൂഹം നാം ചിന്തിക്കുന്നതില്‍ നിന്നും വളരെ ദൂരത്താണ്.

    ReplyDelete
  23. *ചെമ്മരന്‍*, *തൊമ്മി*: നന്ദി, സ്വാഗതം.

    ReplyDelete
  24. രാജ്യ സ്നേഹം വീമ്പിളക്കിപറയാൻ എല്ലാവർക്കും വലിയ നാക്കാണ്. യാഥാർത്ഥ്യങ്ങളുമായി ഇടപെടുമ്പോൾ സ്വാർത്ഥത എല്ലാത്തിനെയും നക്കികൊല്ലും. വെള്ളം ചേർത്ത് അടിച്ചുമാറ്റുന്നവരിൽ ഉദ്ദ്യോഗസ്ഥരെന്നോ രാഷ്ട്രീയക്കാരെന്നൊ വ്യത്യാസമില്ല. എന്തെങ്കിലും അപായം സംഭവിച്ചാൽ ടെക്നോളജിയും കഠിനാദ്ധ്വാനവും മുതൽകൂട്ടുള്ളവരെ പോലെയാകില്ല നമ്മുടെ കാര്യം.

    നേരത്തെ വായിച്ചെങ്കിലും കമന്റാൻ സമയം കിട്ടിയില്ല...വളരെ നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനം.

    ReplyDelete
  25. ഇതൊരു സൂപ്പർ എഴുത്താണല്ലോ ഭായ്.ഒപ്പം പല പുത്തൻ കാര്യങ്ങളെ കുറിച്ചും വിശദമായി വിവരിച്ചിരിക്കുന്നൂ..
    അഭിനന്ദനങ്ങൾ കേട്ടൊ

    ReplyDelete
  26. ഇരുത്തി വായിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന പോസ്റ്റ്. നന്ദി.

    ReplyDelete
  27. മനോരമക്കാര്‍ എഴുതിയിരുന്നു, മേയ് മൂന്നിനും ഏഴിനുമിടക്കുള്ള ദിവസങ്ങള്‍ വളരേ വിശേഷപ്പെട്ടതാണെന്ന്. ബ്ലോഗ് പുലികള്‍ എന്റവിടെ വരാനും കമെന്റാനും മാത്രമുള്ള ഭാഗ്യമുണ്ടാകുമെന്ന് ഇപ്പഴല്ലേ മനസ്സിലായത്!

    *ബെഞ്ചാലി* : ശരിയാണ്. രാജ്യസ്നേഹമൊക്കെ പ്രകടനം മാത്രം. ഇരിക്കുന്ന കൊമ്പാണ് വെട്ടിവിറ്റ് കാശാക്കുന്നതെന്ന് ആരും ഓര്‍ക്കുന്നില്ല.

    *Thommy*: രണ്ടാം വായനയ്ക്കും കമെന്റിനും നന്ദി

    *മുരളിച്ചേട്ടന്‍* : അങ്ങനെ ബിലാത്തിയണ്ണനും വന്നു! എനിക്കു വളരെ വളരെ സന്തോഷമായി, ഉസ്താദ്ജി!

    *കുമാരന്‍* : വളരേ നന്ദി! ഇനിയും വരുമല്ലോ.

    ReplyDelete
  28. വളരെ ഗഹനമായ വിഷയം.
    പുരയ്ക്ക് തീ പിടിക്കുമ്പോള്‍ ബീഡിക്ക് തീ പിടിപ്പിക്കാന്‍ ഓടുന്നവര്‍ എന്നാണൊന്നുണരുക?
    പണത്തിനു വേണ്ടിയുള്ള ആര്‍ത്തി മനുഷ്യനെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥയിലേക്കാണെത്തിച്ചിരിക്കുന്നത്‌.
    ഇവിടെ പലരും അഭിപ്രായപ്പെട്ടത് പോലെ ഈ പോസ്റ്റ്‌ ബ്ലോഗ്ഗറില്‍ നിന്നും ഉടനെ പുറത്ത് കടക്കേണ്ടിയിരിക്കുന്നു.
    അഭിനന്ദങ്ങള്‍..

    ReplyDelete
  29. pratheeksha kai videnda , namukku kaathirikkaam, oru naal varum......

    ReplyDelete
  30. *mayflowers, jayaraj, ബാലകൃഷ്ണന്‍* : വളരേ നന്ദി!

    ReplyDelete
  31. പുതിയ കുറേ കാര്‌യങ്ങള്‍ മനസ്സിലായി... പോസ്റ്റ് വളരെയധികം ഇഷ്ടപ്പെട്ടു.... :)

    ReplyDelete
  32. http://kpsukumaran.blogspot.com/2011/11/blog-post_15.html ...


    ഇതൊന്നു വായിക്കണേ ...!

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ