എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, May 29, 2011

കരുവാന്റെ വീട്


അദ്ധ്യായം ഒന്ന് (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 )

ആര്‍ത്തുപെയ്യുന്ന തുലാവര്‍ഷത്തിന്റെ ഇരമ്പലിനിടയിലും തന്നെ പിന്തുടരുന്ന പോലീസുകാരുടെ ബൂട്ടുകള്‍ ചെളിയില്‍ ആഞ്ഞുപതിച്ചുപുളയുന്ന ശബ്ദം അയാള്‍ക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു.

ഈ ചെന്നായ്ക്കള്‍ക്ക് പിടികൊടുത്തുകൂടാ. ഒരായുസ്സിന്റെ തപസ്സ്, വരുംതലമുറകളുടെ ഐശ്വര്യം, എന്നും ഒന്നാമനായിമാത്രം ജീവിച്ച എന്റെ പൊന്നുമോന്റെ സല്‍പ്പേര് - എല്ലാം ഈയൊരു ഓട്ടത്തിലെ തോല്‍വികൊണ്ട് നഷ്ടപ്പെടുത്താന്‍ പാടില്ല.

അടിയന്തിരാവസ്ഥക്കാലത്ത് ഈ കുമാരന്റെ പിന്നാലെ ഓടിയ പോലീസുകാര്‍ക്കൊന്നിനും കുമാരന്റെ ഏഴയലത്തെത്താന്‍ പറ്റിയിട്ടില്ല. അക്കാലത്ത് എല്ലാ ഓട്ടവും ചെന്നവസാനിക്കുന്നത് മുക്കത്തുംകടവിലാണ്. കരകവിഞ്ഞൊഴുകുമ്പോളായാലും മുട്ടോളം മാത്രം വെള്ളമുള്ളപ്പോളായാലും പുഴയിലെത്തിപ്പെട്ടാല്‍ പിന്നെ പോലീസുകാര്‍ക്ക് ഒരുതരത്തിലും പിടികൂടാനാകില്ല. വെള്ളത്തില്‍ നീന്താനും വെള്ളത്തിലൂടെ ഓടാനും ഈ കുമാരനോളം പോന്നവന്‍ കേരളക്കരയില്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ വയസ്സ് അറുപത്തിമൂന്നായി. അന്നത്തോളം ആരോഗ്യമില്ലെങ്കിലും ഈ തെക്കമ്മാര് പോലീസുകാരെ ഓടിത്തോല്‍പ്പിക്കാന്‍ ഇപ്പോളും പറ്റും - അയാള്‍ മനസ്സിലുറപ്പിച്ചു.

കൂരാക്കൂരിരുട്ട്. അത്താഴമൊക്കെക്കഴിഞ്ഞ് മിക്കവാറും വീടുകളിലെ പുറത്തേയ്ക്കുള്ള വിളക്കുകളെല്ലാം അണച്ചുകഴിഞ്ഞിരുന്നു. പക്ഷേ ഈ നാട്ടില്‍ക്കൂടി ഓടാന്‍ തനിക്ക് വെളിച്ചം വേണ്ട. ഏറെക്കാലമായി അക്കരെയാണ് താമസമെങ്കിലും ഈ നാട്ടിലാണ് താന്‍ ജനിച്ചുവളര്‍ന്നത്. അന്നത്തേക്കാള്‍ ഈ നാട് അധികമൊന്നും മാറിയിട്ടില്ല.

മഴക്കാലത്ത് തഴച്ചുവളര്‍ന്ന കുറ്റിച്ചെടികളെ വകഞ്ഞുമാറ്റൊക്കൊണ്ട് അയാള്‍ ഓടി. ഇത് ചൂരക്കാട്ടുകാരുടെ പറമ്പാണ്. ഇതിനു കിഴക്കാണ് പുന്നോത്തു കേശവമേനോന്റെ പറമ്പ്. അതിനപ്പുറത്ത് ശേഖരവാരിയരുടെ പുരയിടം. അതിനു വടക്കായിട്ടാണ് വലിയേടത്തു മന. മനയ്ക്കലെ പറമ്പിലൂടെ നേരെ കിഴക്കോട്ടോടിയാല്‍ പുഴയിലെത്താം.

ഒറ്റക്കുതിപ്പിന് വേലിചാടി അയാള്‍ മേനോന്റെ പറമ്പിലെത്തി. പിന്നാലെ വന്ന പോലീസുകാര്‍ ലാത്തികൊണ്ട് വേലി അടിച്ചുപൊളിക്കുകയാണ്. ആ പറമ്പിന്റെ വടക്കുഭാഗത്ത് ഒരു പൊട്ടക്കുഴിയുണ്ട്. പണ്ട് കിണറുകുത്താന്‍ നോക്കിയപ്പോള്‍ വെറും പത്തടി താഴ്ചയില്‍ പാറകണ്ടതുകൊണ്ട് കാലാകാലങ്ങളായി അതങ്ങനെ കിടക്കുകയാണ്. കുഴിയുടെ അരികുപിടിച്ച് നേരെ കിഴക്കോട്ടോടി. പോലീസുകാര്‍ അതു ശ്രദ്ധിക്കില്ലെന്നും കുഴിയില്‍ വീണു കാലൊടിഞ്ഞ് അവിടെ കിടന്നോളുമെന്നുമാണ് കരുതിയത്. അവരുടെ കയ്യില്‍ ടോര്‍ച്ചുണ്ടായിരുന്നതുകൊണ്ട് അല്പം വൈകിയങ്കിലും ആ കുഴി അവരുടെ ശ്രദ്ധയില്‍ പെട്ടു. ഇതിനകം താന്‍ മേനോന്റെ വീടിന്റെ വടക്കുഭാഗത്തുള്ള ഇറയത്തുകൂടി ഓടി കിഴക്കേ അതിരില്‍ എത്തിക്കഴിഞ്ഞിരുന്നു.

വാരിയരുടെ മകന്‍ ഗള്‍ഫില്‍ ഡോക്ടറാണ്. അയാള്‍ അയാളുടെ പത്തേക്കര്‍ പറമ്പിനു ചുറ്റും ഏഴടി പൊക്കമുള്ള ഒരു മതില്‍ കെട്ടിയിരുന്നു.മതില്‍ ചാടിക്കടക്കാതിരിക്കാന്‍ അതിനുമുകളില്‍ കുപ്പിച്ചില്ലും പതിച്ചിരുന്നു. പുതുമടിശ്ശീലക്കാരന്റെയൊരു കോട്ടമതില്‍, ഫൂ!

മതിലിനുതൊട്ട് ഒരു അടയ്ക്കാമരമുണ്ട്. അതില്‍പിടിച്ചുകയറിയാല്‍ മതിലിനപ്പുറത്തേയ്ക്കു ചാടാം.

മഴ തിമിര്‍ത്തുപെയ്യുകയാണ്. മരത്തില്‍ പിടിയുറയ്ക്കുന്നില്ല, കൈയ്യും കാലും വഴുതിപ്പോകുന്നു. ഒരു കണക്കിന് മതിലിന്റെ പൊക്കത്തോളം കയറിയെത്തിയപ്പോഴേയ്ക്കും പോലീസുകാര്‍ ഓടിയെത്തി. കൈയ്യും കാലും മരത്തിലൂന്നി മതിലിന്നപ്പുറത്തേയ്ക്കു ചാടിയ അതേ നിമിഷത്തിലാണ് തന്റെ കാലിനെ ലക്ഷ്യമാക്കി വീശിയ ലാത്തി ഠേ എന്ന് ആ അടയ്ക്കാമരത്തില്‍ കൊണ്ടുതെറിച്ചത്.

ഭാഗ്യവശാല്‍ ഒരു മണ്‍കൂനയുടെ മുകളില്‍ചെന്നാണ് വീണത്. മതിലിനപ്പുറത്ത് എന്താണെന്നു കാണാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. ചാടാതിരിക്കാനും നിവൃത്തിയില്ല. താഴെ ഒരു കല്ലോ മരമോ ആയിരുന്നെങ്കില്‍ കാലൊടിഞ്ഞ് അവിടെക്കിടക്കേണ്ടി വന്നേനേ.

അയാള്‍ മതിലില്‍ ചാരി കുറച്ചുനേരം നിന്നു.

വല്ലാത്ത കിതപ്പ്. ഹൃദയം പടപടാന്ന് തുടികൊട്ടുന്നു. പ്രായം തന്റെ ശക്തിയും ധൈര്യവും ക്ഷയിപ്പിച്ചോ ആവോ. തന്റെ ഓരോ മാംസപേശിയേയും ഇങ്ങനെ വിറപ്പിക്കുന്നത് തുലാവര്‍ഷത്തിന്റെ കുളിരോ അതോ ഉള്ളിലെ ഭയമോ? ഏതായാലും ഇങ്ങനെ ഓടിക്കൊണ്ടിരിക്കാന്‍ വയ്യ. പുഴയിലേക്ക് ഇനിയും മൂന്നു ഫര്‍ലോങ്ങ് ദൂരമുണ്ട്. കുറച്ചുനേരം ആ ജാതിമരത്തിനുമുകളില്‍ക്കയറി ഒളിച്ചിരിക്കാം. തെക്കന്‍മാര്‍ കുറച്ചുനേരം മഴനനഞ്ഞു തെരഞ്ഞു മുഷിയട്ടെ.

ഈ മണ്ണ് ഒന്നവസാനമായി കാണാന്‍ വന്നതാണ് ഇക്കരേയ്ക്ക്. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ മാതിയെ കെട്ടി അക്കരെക്കുപോയതില്‍പ്പിന്നെ ഇങ്ങോട്ടു വന്നിട്ടില്ല. ഇവിടെ ഇപ്പോളുള്ള പുതുതലമുറയ്ക്ക് തന്നെ അറിയില്ലെങ്കിലും പഴയ ആള്‍ക്കാരെ ആരെയെങ്കിലും കണ്ടുമുട്ടാമെന്ന് പ്രതീക്ഷിച്ചാണ് വന്നത്. ആരെയും കണ്ടില്ല. കണ്ടവരെ സ്വയം പരിചയപ്പെടുത്താമെന്നും തോന്നിയില്ല.

അക്കരെയുള്ള വീടും പറമ്പും കഴിഞ്ഞ തിങ്കളാഴ്ച തീറായി. നാളേയ്ക്ക് സ്ഥലമൊഴിയണം. ഈ നാടും പരിസരങ്ങളും എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുന്നതിനുമുമ്പുള്ള ഒരു കൂടിക്കാഴ്ചയാവാം എന്നുകരുതി വന്നതാണ്. പരിചയമുള്ള ആരേയും കാണാന്‍കഴിയാത്ത സങ്കടത്തില്‍ കവലയിലെ ഷാപ്പില്‍ രണ്ടെണ്ണം വീശാന്‍ കേറി. അവിടെനിന്നാണ് ഈ ഓട്ടം തുടങ്ങിയത്.

ഷാപ്പിലേക്ക് കേറുമ്പോള്‍ത്തന്നെ അവര്‍ മൂന്നുപേരും വലിയ ഒച്ചയില്‍ തര്‍ക്കിക്കുന്നുണ്ടായിരുന്നു. വരുത്തന്‍മാരാണെന്നു തോന്നി - നാട്ടിലെ സംസാരരീതിയല്ലായിരുന്നു അവരുടേത്. ഒരുകുപ്പി കള്ളുവാങ്ങി ഒഴിഞ്ഞ ഒരു മേശയിലിരുന്നപ്പോളാണ് അവരിലൊരുത്തന്‍ ഒരു ഫുള്‍ബോട്ടിലെടുത്ത് മറ്റവനെ എറിഞ്ഞത്. അത് അവന്റെ ദേഹത്തു തൊടാതെ താനിരുന്ന മേശമേല്‍ വീണുപൊട്ടിച്ചിതറി. ഷര്‍ട്ടും മുണ്ടുമെല്ലാം ആ പുളിച്ചുനാറുന്ന കള്ളുവീണു നനഞ്ഞു. ഇനി ഒന്നു ബസ്സില്‍ കയറി തിരിച്ചുപോകാന്‍പോലും പറ്റില്ലെന്നോര്‍ത്തപ്പോള്‍ നല്ല അരിശം വന്നു. ഏറിഞ്ഞവന്റെ കരണക്കുറ്റിക്കിട്ട് ഒന്നാ പൊട്ടിച്ചു. അപ്പോഴുണ്ട് അതുവരെ അവനോട് വഴക്കിട്ടിരുന്ന മറ്റുരണ്ടെണ്ണവും മെക്കിട്ടുകേറാന്‍ വരുന്നു. അവറ്റകള്‍ക്കും കൊടുത്തു ഓരോന്ന്. പതിനാലാമത്തെ വയസ്സുമുതല്‍ പച്ചിരുമ്പു പഴുപ്പിച്ച് അടിച്ചുമെരുക്കിയിട്ടുള്ള കൈകളാണിവ. ഇതുകൊണ്ടൊന്നു കിട്ടിയാല്‍ ഈ പൊണ്ണത്തടിയന്മാര്‍ നാലു ദിവസത്തേക്ക് എഴുന്നേല്‍ക്കില്ല.

ഇത്രയുമായപ്പോള്‍ ഷാപ്പുകാരന്‍ പോലീസിനെ വിളിച്ചു. ഏന്നാലിനി എന്നെപ്പോലൊരു പാര്‍ട്ടിക്കാരനെ പോലീസ് എന്തുചെയ്യാന്‍പോകുന്നുവെന്ന് കണ്ടിട്ടുതന്നെ കാര്യം, എന്നു കരുതി അവിടിരുന്നു. വിളിക്കുമ്പോളേക്കും ഓടിവരുന്ന പോലീസുകാരുള്ള നാടായിരുന്നെങ്കില്‍ എന്നേ നാടു നന്നായേനേ! ഇതിനിടെ മഴപെയ്യാന്‍ തുടങ്ങി. മുണ്ടും ഷര്‍ട്ടും മഴവെള്ളത്തില്‍ ഒന്നുനനച്ചു പിഴിഞ്ഞെടുത്തപ്പോള്‍ നാറ്റം കുറേ കുറഞ്ഞതായി തോന്നി. പിന്നെയും കുറച്ചുനേരം വെറുതേയിരുന്നപ്പോള്‍ തോന്നിയ മുഷിച്ചില്‍ മാറ്റാനാണ് അവിടെക്കിടന്നിരുന്ന സായാഹ്നപത്രമെടുത്ത് നോക്കിയത്. അതിലെ പ്രധാനവാര്‍ത്തയും ചിത്രവും കണ്ട് ഞെട്ടിപ്പോയി! മഹാരാഷ്ട്രയിലെ ചര്‍ണിഗാവില്‍ ഉണ്ടായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് എംജി മാഷും പതിനേഴ് കൂട്ടുപ്രതികളും അറസ്റ്റിലായി! ഇനിയും ആളുകളെ പിടികൂടാനുണ്ടെന്നും ചിലര്‍ കേരളത്തില്‍ ഒളിവിലാണെന്നും അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു!

വാര്‍ത്ത വായിച്ച് ആകെ ചിന്താക്കുഴപ്പത്തിലായി. വെറുതെ പെറ്റികേസില്‍പ്പെട്ട് പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടിവന്നാല്‍ അവസാനം ചെന്നുപെടുന്നത് ഈ തലപോകുന്ന കേസിലായിരിക്കും. പതുക്കെ തലയൂരാം എന്നുകരുതി പുറത്തിറങ്ങിയപ്പോളാണ് കോരിച്ചൊരിയുന്ന മഴയത്ത് ഒരു ഓട്ടോറിക്ഷയില്‍ രണ്ടിടങ്ങഴിയുടെ വയറുള്ള രണ്ടു പോലീസുകാര്‍ വന്നിറങ്ങിയത്. പിന്നൊന്നും ആലോചിച്ചില്ല, ഒറ്റയോട്ടമായിരുന്നു - പിന്നാലെ അവരും.

അദ്ധ്യായം രണ്ട് (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 )


പോലീസ് ജീപ്പുകളുടെ നീട്ടിയുള്ള ഹോണ്‍ കേട്ട് അയാള്‍ പെട്ടന്ന് ചിന്തയില്‍നിന്നുണര്‍ന്നു. എത്ര ജീപ്പുകളുണ്ടെന്ന് തിട്ടപ്പെടുത്താന്‍ പറ്റുന്നില്ല. സര്‍ക്കാരിന്റെ വേട്ടനായ്ക്കള്‍ ഒരു ഇര മണത്തിട്ടുണ്ടെന്നു തോന്നുന്നു, അല്ലെങ്കില്‍ വെറും ഒരു തല്ലുകേസിലെ പ്രതിയെ പിടിക്കാന്‍ ഇത്രയും സന്നാഹങ്ങളോടെ അവര്‍ വരില്ല. ഓരോന്നായി വീടുകളുടെ പുറത്തേയ്ക്കുള്ള വിളക്കുകള്‍ തെളിഞ്ഞുവരുന്നു. പോലീസ് എല്ലാ വീടുകളിലും കയറിയിറങ്ങി വലിയ ഒച്ചയില്‍ ആളുകളെ ചോദ്യം ചെയ്യുന്നു, പുറത്തെ ലൈറ്റുകളൊക്കെ ഓണ്‍ ചെയ്തിടാന്‍ ആവശ്യപ്പെടുന്നു. വീടുകളിലുള്ള നായ്ക്കളെല്ലാം ഉച്ചത്തില്‍ കുരയ്ക്കുന്നുണ്ട്.

ഈ പ്രശ്നം കാരണം മോനു ദോഷമുണ്ടാകുമായിരുന്നില്ലെങ്കില്‍ ഈ കാക്കിക്കൂലിക്കാരെയൊക്കെ നിന്ന നില്പില്‍ നാറ്റിച്ചേനെ. താന്‍ വരുത്തിവെച്ച അനര്‍ത്ഥം കാരണം അവന്‍ ഇത്രനാള്‍ അദ്ധ്വാനിച്ചു പടുത്തുയര്‍ത്തിയതെല്ലാം നഷ്ടപ്പെടാന്‍ പാടില്ല. തന്റെ ജന്മത്തിനു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണവന്‍. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുശേഷം, ഏറെ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ശേഷം, മാതിക്കുകിട്ടിയ തങ്കക്കുടം!

ജനിച്ചയന്നുമുതല്‍, ആ കുട്ടിക്കറുമ്പന്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാണെന്ന കാര്യം താന്‍ ശ്രദ്ധിച്ചിരുന്നു. വിശക്കുമ്പോളല്ലാതെ അവന്‍ ഒരിക്കലും കരഞ്ഞിട്ടില്ല. അവനെ വെറുതെ പായയില്‍ കിടത്തിയിട്ടിട്ട് മാതി വീട്ടിലെ പണി മുഴുവന്‍ എടുക്കുമായിരുന്നു. ഉണര്‍ന്നിരിക്കുന്ന നേരത്ത് അവന്‍ തന്നത്താന്‍ കളിക്കുകയും ഉറങ്ങേണ്ട നേരത്ത് സുഖമായി ഉറങ്ങുകയും ചെയ്യുമായിരുന്നു. മുട്ടിലിഴയുകയും നടക്കുകയുമൊക്കെ ചെയ്യുന്ന പ്രായത്തില്‍ അവന്‍ പോകരുതാത്തിടത്ത് പോകുകയോ, എടുക്കരുതാത്ത സാധനങ്ങള്‍ എടുക്കുകയോ ചെയ്യാറില്ല. അയല്‍വീടുകളിലെ കുട്ടികളുമായി ഒരിക്കല്‍പോലും അവന്‍ വഴക്കിട്ടിട്ടില്ല. അവന്റെ കൈയ്യിലുള്ള സാധനങ്ങള്‍ കൂട്ടുകാര്‍ തട്ടിപ്പറിച്ചു കൊണ്ടുപോകുമ്പോളും അവന്‍ യാതൊരു ഭാവഭേദവുമില്ലാതെ നില്‍ക്കുന്നതു കണ്ടിട്ട് താന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.

സ്കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ആ വ്യതാസം ഒന്നുകൂടി വ്യക്തമായി. മറ്റുള്ള കുട്ടികളേക്കാള്‍ പഠിക്കാന്‍ മിടുക്കും താല്‍പര്യവുമുള്ളവനായിരുന്നു അവന്‍. അതുകണ്ടിട്ടാണ് അഞ്ചാംക്ലാസ്സിലെത്തിയപ്പോള്‍ അവനെ അച്ചന്മാരുടെ സ്കൂളില്‍ ചേര്‍ത്തത്. അക്കാലത്ത് കൈനിറയെ പണിയുണ്ടായിരുന്നു - ആലയില്‍ ചൂടൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. മാതിയാണെങ്കില്‍ പാല്‍വിറ്റും, ചാണകം വിറ്റും, അയല്‍വീടുകളില്‍ പശുവിനെ കറക്കാന്‍ പോയും, കൊയ്ത്തിനു പോയും, വീടുകളിലെ പുറംജോലികള്‍ ചെയ്തുമൊക്കെ മാസത്തില്‍ ആയിരത്തിലധികം രൂപ വേറെയും സമ്പാദിച്ചിരുന്നു. അതുകൊണ്ട് മാസംതോറുമുള്ള മുപ്പത്തിയേഴര രൂപ ഫീസും, പുസ്തകങ്ങളും, യൂണിഫോമുമൊക്കെ വലിയ ബുദ്ധിമുട്ടില്ലാതെ താങ്ങാന്‍ പറ്റുന്ന ചിലവുകളായിരുന്നു.

അഞ്ചിലും ആറിലും പഠിക്കുമ്പോള്‍ അവനും താനും ഏതാണ്ട് സമപ്രായക്കാരേപ്പോലെയാണ് പെരുമാറിയിരുന്നത്. അപ്പനോളം ബുദ്ധിയും അറിവും ഉണ്ടെന്ന് അവന് തോന്നിത്തുടങ്ങിയതുകൊണ്ടാകും, ദിവസേന മുട്ടന്‍ വഴക്കാണ് രണ്ടുപേരും തമ്മില്‍. എന്തുപറഞ്ഞാലും തര്‍ക്കുത്തരം പറയും. ദേഷ്യം വന്നാല്‍ തല്ലാന്‍ പോയിട്ട് അവന്റെനേരെ കൈയ്യോങ്ങാന്‍പോലും മാതി സമ്മതിക്കുമായിരുന്നില്ല, അതുകൊണ്ട് എല്ലായ്പോഴും അവനേ ജയിക്കാറുള്ളൂ. മാതിയില്ലാത്ത നേരത്ത് വീട്ടില്‍പോലും ഇരിക്കാറില്ല, അവന്‍. ഇടയ്ക്കൊക്കെ ആലയില്‍ തന്നെയൊന്ന് സഹായിക്കാന്‍ വിളിച്ചാല്‍പോലും തള്ളയുണ്ടെങ്കിലേ അവന്‍ വരൂ.

ആറിലെ അരക്കൊല്ലപ്പരീക്ഷയുടെ സമയത്താണ് മാതി പോയത്. പ്രത്യേകിച്ചൊന്നുമുണ്ടായില്ല, പുഴയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തളര്‍ന്നുവീണു ബോധമില്ലാതെയായി. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ പറഞ്ഞു, തലയ്ക്കകത്ത് ചോരവാര്‍ന്നുപോയെന്ന്. രണ്ടുദിവസമേ കിടന്നുള്ളൂ. അവള്‍ പോയതോടെ താനാകെ തളര്‍ന്നു. പണിചെയ്യാന്‍ താല്പര്യമില്ലാതായി. ആയിടെ നാട്ടിലെ പണിക്കാരെല്ലാം ഗള്‍ഫിലേക്കുപോകാനും തുടങ്ങിയിരുന്നു. കൊല്ലപ്പണിചെയ്ത് ഇനി കുടുംബം പോറ്റാനാവില്ലെന്ന് അതോടെ തീരുമാനിച്ചു.

പട്ടികജാതിക്കാരനായതുകൊണ്ടും പാര്‍ട്ടിക്കാരനായതുകൊണ്ടും വലിയ താമസമില്ലാതെ കുറച്ചുദൂരെയുള്ള കൃഷിയാപ്പീസില്‍ ശിപായിയായി ജോലികിട്ടി. അതുകൊണ്ട് ആ കൊല്ലത്തെ പഠനച്ചിലവ് ഒരുവിധത്തില്‍ വലിച്ചെത്തിച്ചു. പിറ്റേക്കൊല്ലം തിരിച്ച് സര്‍ക്കാര്‍സ്കൂളില്‍ കൊണ്ടുചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ടിസി വാങ്ങാന്‍ സ്കൂളില്‍ ചെന്ന ദിവസം ഹെഡ്‌മാഷ് അവധിയിലായിരുന്നു, അതുകൊണ്ട് മൈക്കലച്ചന്റെ അടുത്താണ് പേപ്പര്‍ ഒപ്പിടീക്കാന്‍ ചെന്നത്. അന്നത്തെ ദിവസം ഇന്നും ഓര്‍മ്മയിലുണ്ട്.
"ആ! എന്താ നേതാവേ ഈ വഴിക്കൊക്കെ?" കൃഷിയാപ്പീസില്‍ ജോലിക്കുചേര്‍ന്നതില്‍പ്പിന്നെ യൂണിയന്റെ ഏരിയാക്കമ്മറ്റിയംഗമായത് അച്ചന്‍ അറിഞ്ഞിട്ടുണ്ടാവും.
"ഏയ്. കൊച്ചിന്റെ ടീസി മേടിക്കാന്‍ വന്നതാ."
"അതെന്താ? സഖാവ് നാടുവിട്ടുപൂവ്വാ?"
"അതോണ്ടല്ലച്ചോ. വീട്ടുകാരി മരിച്ചേയ്. അതോണ്ട് കാശിന്..." അതങ്ങു മുഴുവന്‍ പറയാന്‍ പറ്റിയില്ല. മോന്‍ കരഞ്ഞു. താന്‍ കാരിരുമ്പുപോലെ നിന്നു. അച്ചന്‍ ഒരു ഭാവഭേദവുമില്ലാതെ കുറച്ചുനേരം തന്റെനേരെ നോക്കി.
"നിങ്ങളുരണ്ടുപേരും കൊറച്ചുനേരം പൊറത്തുനിന്നേ. ഞാന്‍ കൊറച്ചുകഴിഞ്ഞ് വിളിക്കാം".

അച്ചന്‍ സൂപ്രണ്ടിനെ അകത്തേക്കുവിളിപ്പിച്ച് എന്തോ സംസാരിച്ചു. സൂപ്രണ്ടു പുറത്തുവന്നപ്പോള്‍ രണ്ടുപേരോടും അകത്തേക്കുചെല്ലാന്‍ പറഞ്ഞു.

"കാശില്ലാത്തോണ്ട് ഇവടന്ന് കൊണ്ടോണ്ടാ. മാസം അഞ്ചര രൂപ ഫീസടച്ചാ മതി. പുസ്തകൊക്കെ മൂത്തോമ്മാരടെ കയ്യീന്ന് ഞാന്‍ മേടിച്ചുകൊടത്തോളാം. പിന്നെ രണ്ടുജോടി യൂണിഫോമും രണ്ടുജോടി ഷൂസുമല്ലേ വേണ്ടൂ. അത് തനിക്ക് മേടിച്ചുകൊടുത്തൂടെ."
മറുപടി പറയാന്‍ വാക്കുകളൊന്നും വന്നില്ല. "വല്ല്യ ഉപാരണ്ടച്ചോ, വല്ല്യ ഉപാരം" എന്നു മാത്രം വീണ്ടും വീണ്ടും പറഞ്ഞു.

ഏഴാംക്ലാസ്സ് മുതല്‍ അവനും താനുമായി മാനസികമായി അകലാന്‍ തുടങ്ങി. അത് സ്നേഹമില്ലാത്തതുകൊണ്ടൊന്നുമല്ല. അന്നുവരെ തന്നോട് തര്‍ക്കിച്ചിരുന്ന അവന്‍ മാതി പോയതില്‍പ്പിന്നെ തന്നോട് വളരേ സ്നേഹത്തോടേയും ബഹുമാനത്തോടേയും മാത്രമേ ഇടപെട്ടിട്ടുള്ളൂ. താന്‍ പറയുന്ന ഒരു കാര്യവും അനുസരിക്കാതിരുന്നിട്ടില്ല. തനിക്കസുഖം വന്നാല്‍ ശ്രീധരന്‍ വൈദ്യരുടെ അടുത്തുകൊണ്ടുപോകാനും കഷായവും അരപ്പുമൊക്കെ ഉണ്ടാക്കിത്തരാനും അവന്‍ വളരേ ശ്രദ്ധിച്ചിരുന്നു. വീട്ടുപണികളൊക്കെ താന്‍ പറയാതെതന്നെ അവന്‍ തന്നത്താന്‍ ചെയ്യുമായിരുന്നു. ഇതൊക്കെയായിട്ടും അപ്പനും മകനും തമ്മില്‍ ഒരകലം രൂപപ്പെട്ടുതുടങ്ങി. അതിനു പ്രധാന കാരണം തന്റെ മനസ്സില്‍ ദിവസം തോറും വര്‍ദ്ധിച്ചുകൊണ്ടിരുന്ന അവനോടുള്ള ബഹുമാനമാണ്. പഠിപ്പും ബുദ്ധിയും വിവരവുമില്ലാത്ത താന്‍ അവനേപ്പോലൊരുത്തനോട് എന്തുപറയാനാണ്! രണ്ടാമത്തെ കാരണം യൂണിയന്‍ പ്രവര്‍ത്തനമൊക്കെക്കഴിഞ്ഞ് വൈകിയുള്ള തന്റെ വരവാണ്. രാത്രി എട്ടരയ്ക്കേ വീട്ടിലെത്താറുള്ളൂ. വരുമ്പോള്‍ വറീതിന്റെ പീടികയില്‍നിന്ന് കുറച്ചു ചോറും കറിയും പൊതിഞ്ഞുകൊണ്ടുവരും. രണ്ടുപേരും ഒരുമിച്ചിരുന്ന് അതുകഴിക്കുന്ന നേരത്തേ എന്തെങ്കിലും സംസാരിക്കാറുള്ളൂ. ഊണുകഴിഞ്ഞാല്‍ താന്‍ ഉമ്മറത്തിരുന്ന് ഒരു ബീഡിവലിക്കും, അതുകഴിഞ്ഞാല്‍ നേരെ പോയിക്കിടന്നുറങ്ങും. അവന്‍ ഏറെ വൈകിയാണ് ഉറങ്ങാറ്, അതുകൊണ്ട് രാവിലെ വൈകിയേ എഴുന്നേല്‍ക്കൂ. അവന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അല്പം കഞ്ഞിയുണ്ടാക്കിവെച്ച് താന്‍ സ്കൂള്‍കുട്ടികളുടെ തിരക്കു തുടങ്ങുന്നതിനുമുമ്പുള്ള ബസ്സുപിടിക്കാന്‍ പുറത്തേക്കിറങ്ങിയിട്ടുണ്ടാകും.

ഇങ്ങനെയൊക്കെയാണെങ്കിലും അവനേപ്പറ്റി വേവലാതിപ്പെടേണ്ട കാര്യമൊന്നുമില്ലായിരുന്നു. ക്ലാസ്സില്‍ അവന്‍ തന്നെയായിരുന്നു എന്നും ഒന്നാമന്‍. കണക്കുപഠിപ്പിച്ചിരുന്ന വാള്‍ട്ടറച്ചന്‍ ഒരിക്കല്‍ വഴിയില്‍ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞത് എന്നും ഓര്‍മ്മയില്‍ നില്‍ക്കും - "രാജീവിന്റെ ഉത്തരക്കടലാസു നോക്കാന്‍ വളരേ എളുപ്പമാണ്. സാധാരണ ഓരോ ഉത്തരവും വായിച്ച് അതിനുള്ള മാര്‍ക്കിടുകയാണ് പതിവ്. രാജീവിന്റെ ഉത്തരക്കടലാസു കൈയ്യിലെടുത്താല്‍ തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചുനോക്കി അമ്പതില്‍ അമ്പത് എന്നെഴുതുകയേ വേണ്ടൂ". സ്കൂളിലെ മാഷമ്മാരുടെ സഹായത്തോടെ അവന്‍ പല സ്കോളര്‍ഷിപ്പു പരീക്ഷകളിലും വിജയിച്ചിരുന്നു - അതില്‍ നിന്നു കിട്ടിയ പണമൊക്കെ അക്കാലത്ത് വലിയ ആശ്വാസമായിരുന്നു.

ഒമ്പതാം ക്ലാസ്സില്‍ എത്തിയതോടെ അവന്‍ ഒരല്പം ഗൌരവക്കാരനായി. ഒച്ചയൊക്കെ കനത്തു. നല്ലപോലെ പൊക്കംവെച്ചു. നല്ല ഉറച്ച കരുത്തുള്ള ശരീരമായി. സംസാരത്തിലൊക്കെ ഒരു അധികാരഭാവം വന്നു. ആയിടയ്ക്കാണ് പുതിയ കൃഷി ആപ്പീസറായി തോമാസ് സാര്‍ സ്ഥലം മാറി വന്നത്. പാര്‍ട്ടി അനുഭാവിയും കമ്മൂണിസത്തിനെപ്പറ്റി വളരേയധികം വായിച്ചറിവുള്ള ആളുമായിരുന്നതുകൊണ്ട് അദ്ദേഹവുമായി വളരേ അടുത്തു. വൈകീട്ട് അല്പം‌ മദ്യസേവ പതിവുള്ളയാളായിരുന്നു, അതുകൊണ്ട് മിക്കവാറും എല്ലാ ദിവസവും പുള്ളിയുടെ കൂടെ കള്ളുഷാപ്പില്‍ പോയി അല്പം മിനുങ്ങുന്നതു പതിവായി. മാതി പോയതില്‍പ്പിന്നെ ഇതൊക്കെ നിറുത്തിയതായിരുന്നു, തോമാസ്‌സാറിന്റെ കൂടെക്കൂടി അതൊക്കെ പിന്നെയും തുടങ്ങി. ഒരു ദിവസം അല്പം അധികം മദ്യപിച്ചാണ് വീട്ടില്‍ വന്നത്. അന്ന് അവന്‍ തറപ്പിച്ചു പറഞ്ഞു - വെള്ളമടിച്ചു വീട്ടില്‍ വന്ന് അവനോട് ഒരക്ഷരം മിണ്ടരുതെന്ന്. പതിവുണ്ടായിരുന്ന രാത്രിസല്ലാപം അതോടെ ഇല്ലാതായി. പിന്നീട് അവന്‍ എവിടെപ്പോകുന്നു, എപ്പോള്‍ വരുന്നു, ആരെക്കാണുന്നു, എന്തു ചെയ്യുന്നു എന്നുള്ള കാര്യങ്ങളൊന്നും തന്നെ താന്‍ ശ്രദ്ധിക്കാതായി. പാര്‍ട്ടി, ഇലക്ഷന്‍, സമരം, പിരിവ്, ഹര്‍ത്താല്‍, ചുവരെഴുത്ത്, പ്രകടനം, സമ്മേളനം, ധര്‍ണ്ണ, പിക്കറ്റിങ്ങ് - ഇതൊക്കെയായിരുന്നു തന്റെ ലോകം.

പത്താംക്ലാസ്സില്‍ അവന് റാങ്കുകിട്ടുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ.അന്നൊക്കെ റാങ്കുകാരുടെ പടം പത്രങ്ങളിലെ ഒന്നാംപേജില്‍ വരുന്ന കാലമാണ്. പക്ഷേ അവന് റാങ്കുണ്ടായിരുന്നില്ല - ഒന്നാംറാങ്കുകാരിയേക്കാള്‍ ഇരുപത്തിമൂന്നു മാര്‍ക്ക് കുറവായിരുന്നു അവന്. പക്ഷേ ആ സ്കൂളില്‍ അതുവരെയുണ്ടായതില്‍വെച്ച് ഏറ്റവും കൂടിയ മാര്‍ക്കായിരുന്നു അവനു കിട്ടിയത്. അതിനവന് തെക്കേപ്പുരക്കല്‍ വാറുണ്ണി ജുവല്ലേഴ്സിന്റെ വക സ്വര്‍ണ്ണമെഡലും കിട്ടി.

പത്താംക്ലാസ്സ് കഴിഞ്ഞതോടെ മൈക്കലച്ചന്റെ ഔദാര്യത്തിലുള്ള പഠനം അവസാനിച്ചു. പ്രീഡിഗ്രിക്ക് കോളേജില്‍ ചേര്‍ക്കണം. ഫീസും പുസ്തകവുമൊക്കെയായി നല്ലൊരു തുക വേണം. കോളേജ് ഇരുപത്തിരണ്ടുകിലോമീറ്റര്‍ ദൂരെയാണ്. ഉച്ചഭക്ഷണം അവിടെ കാന്റീനില്‍ കഴിക്കുകയേ നിവൃത്തിയുള്ളൂ. കൈയ്യിലാണെങ്കില്‍ പണമില്ല. കടം വാങ്ങി പഠിപ്പിക്കുന്നതിനേക്കാള്‍ ഭേദം ആ സ്വര്‍ണ്ണമെഡല്‍ അങ്ങു വിറ്റു കാശാക്കുന്നതാണ് എന്നു തീരുമാനിച്ചു.

വില്‍ക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് അതു വാറുണ്ണിയുടെ അടുത്തുതന്നെ കൊണ്ടുചെല്ലാമെന്നു കരുതി. ആദ്യം അതു കൊണ്ടുചെന്നപ്പോള്‍ കടയിലെ ജോലിക്കാര്‍ അതിനു വിലയിടാന്‍ കൂട്ടാക്കിയില്ല - അവര്‍ ഒരു രശീതി മാത്രം തന്ന് "വാറുണ്ണ്യേട്ടന്‍ വരട്ടെ, വെല അങ്ങോരു് ഇടും. താന്‍ നാളെവന്ന് കാശുമേടിച്ചോണ്ടു പൊക്കോ" എന്നു പറഞ്ഞു. പിറ്റേന്ന് വാറുണ്ണി ആളെവിട്ടു വിളിപ്പിച്ചു. ചെന്നപ്പോള്‍ "തനിക്കെത്ര കാശു വേണടോ?" എന്നു ചോദിച്ചു. "വേണ്ടത് ഒരു മൂവായിരം ഉറുപ്പ്യാണ്. ന്നുച്ചട്ട്, ഉരുപ്പടിക്ക് ആ വെലണ്ടാവണന്നില്ല്യല്ലോ.അയിന്റെ വെലേന്താന്ന് എനിക്കറീല്ല്യ", എന്നുപറഞ്ഞു. വാറുണ്ണി ഒന്നും പറയാതെ മേശയ്ക്കകത്തുനിന്ന് മൂവായിരം രൂപ എണ്ണിത്തന്നു.

തോമാസ് സാറിനോട് ഈ വിവരം പറഞ്ഞപ്പോള്‍ പുള്ളി ഒന്നു ചിരിച്ചു. "ഏതായാലും മൂവായിരം രൂപയുടെ സ്വര്‍ണ്ണമെഡലൊന്നും ഒരാളും ഒരു സ്കൂള്‍കുട്ടിക്കും കൊടുക്കില്ല. ഒന്നുകില്‍ അയാള്‍ അയാളുടെ നല്ലമനസ്സുകൊണ്ട് ആ തുക തനിക്കു തന്നു. അല്ലെങ്കില്‍, താനുദ്ദേശിച്ച തുക അയാള്‍ തന്നില്ലെങ്കില്‍, താനിതു മറ്റാര്‍ക്കെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുമെന്നും, അയാളുടെ കള്ളമെഡല്‍ അതോടെ നാട്ടില്‍ പാട്ടാകുമെന്നും അയാള്‍ ഭയപ്പെട്ടു. രണ്ടാമതു പറഞ്ഞതാണു കേസെന്നാ, എനിക്കു തോന്നിയേ" എന്നായിരുന്നു പുള്ളിയുടെ അഭിപ്രായം. അതു തന്റെ ചങ്കില്‍ തറച്ചു. ഏതായാലും പണം തിരിച്ചുകൊടുക്കാന്‍ യാതൊരു നിവൃത്തിയുമില്ല. അതുകൊണ്ട് അന്നേ ദിവസം പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും താന്‍ രാജിവെച്ചു.


അദ്ധ്യായം മൂന്ന് (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 )


പ്രീഡിഗ്രിക്കാലത്ത് എല്ലാ മാസവും ശമ്പളം കിട്ടുന്ന ദിവസം നൂറുരൂപ അവനു കൊടുക്കുകയായിരുന്നു പതിവ്. ഒരിക്കലും അതില്‍ക്കൂടുതല്‍ തുക അവന്‍ ചോദിച്ചിട്ടില്ല. അത്രയൊക്കെയേ ചെലവുണ്ടാകൂ എന്നാണ് താനും ധരിച്ചത്. ഒരിക്കല്‍ അവന്റെ കൂട്ടുകാര്‍ അവനെ കളിയാക്കുന്നതു കേട്ടപ്പോളാണ് സത്യാവസ്ഥ മനസ്സിലായത്.

"ഒരൂസല്ല്യേടാ, ഞാന്‍ ലൈബ്രറീല് പേപ്പറു വായിച്ചോണ്ടിരിക്ക്യാട്ടോ. അപ്പൊ രാജു വന്നട്ട് 'ചരമക്കോളം എവടേ, ചരമക്കോളം എവടേ'ന്നു ചോദിച്ചോണ്ട് എല്ലാ പേപ്പറും എടുത്ത് ഭയങ്കര തെരച്ചില്‍! അപ്പൊ ഞാന്‍ വിചാരിച്ചു, ശ്ശെടാ, ഇവന്‍ ആരു ചത്തു കാണാനായിട്ടാ ഇത്രേം ആക്രാന്തം കാട്ടണേന്ന്. പിന്ന്യല്ലേ കാര്യം മനസ്സിലായേ. ഈ ചരമം അടിച്ചുവരണ പേജിലാണ് ഈ ഉപന്യാസമല്‍സരത്തിന്റേം പ്രസംഗമല്‍സരത്തിന്റേം ക്വിസ്സിന്റേം കവിതാരചനാ മല്‍സരത്തിന്റേമൊക്കെ അറിയിപ്പും പരസ്യോമൊക്കെ അച്ചടിച്ചു വരണേ. നൂറും ഇരുന്നൂറുമൊക്കെ സമ്മാനള്ള പരിപാട്യാണെങ്കി കക്ഷി ഒറപ്പായിട്ടും ചേരും. മെഡലും ട്രോഫീം ഷീല്‍ഡുമൊന്നും പുള്ളിക്കു വേണ്ടാട്ടോ, ക്യാഷുള്ള ഏര്‍പ്പാടാണെങ്കിലേ പുള്ളി ചേരുള്ളൂ". കൂട്ടുകാരൊക്കെ അതുകേട്ട് ആര്‍ത്തുചിരിച്ചു. അവന്‍ അതൊക്കെ കേട്ട് ഒരു ചമ്മിയ ചിരിയുമായി അവിടെ നിന്നു. തന്റെ ചങ്കിലെ കടലിരമ്പുന്നതുമാത്രം ആരും കേട്ടില്ല.

പ്രീഡിഗ്രിക്ക് കോളേജില്‍പ്പോയിത്തുടങ്ങി അധികം താമസിയാതെ തന്നെ അവനും അവന്റെ നാലു കൂട്ടുകാരും എഞ്ചിനീയറിങ്ങ് പ്രവേശനപ്പരീക്ഷയ്ക്കുള്ള പഠനം തുടങ്ങി. മാളക്കാരന്‍ ജെയിംസിന്റെ മോന്‍ മെര്‍വിന്‍, ഉപ്പത്തെ കാളിദാസന്റെ മോന്‍ വിനോദ്, വടക്കേ മതിലകത്തെ ശങ്കരന്‍ നായരുടെ മകന്‍ അനൂപ്, പൊയ്യക്കാരന്‍ രാധാകൃഷ്ണന്റെ മോന്‍ സന്ദീപ് എന്നിവരുമായി ചേര്‍ന്നായിരുന്നു പഠിപ്പ്. കോളേജ് വിട്ടാല്‍ ഐവര്‍സംഘം ഈ പറഞ്ഞ നാലുപേരില്‍ ആരുടേയെങ്കിലും വീട്ടില്‍ കൂടും. പിന്നെ രാത്രി ഏറെ വൈകുന്നതുവരെ കുത്തിയിരുന്നു പഠിപ്പാണ്! തന്റെ വീട്ടിലേക്ക് ആരും വരാറില്ല - അവിടെ വൃത്തിയും സൌകര്യവുമൊക്കെ തീരെ കുറവാണല്ലോ.

പ്രീഡിഗ്രി രണ്ടാംകൊല്ലമായപ്പോഴേക്കും അവനെ കാണാന്‍ തന്നെ കിട്ടാതായി. മിക്കവാറും കൂട്ടുകാരുടെ വീട്ടിലാണ് അന്തിയുറക്കം. കുട്ടികള്‍ അങ്ങനെ വീട്ടില്‍ വരുന്നതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും, പഠിക്കുന്നതും ഉറങ്ങുന്നതുമെല്ലാം കാര്‍ന്നോമ്മാര്‍ക്കും വല്യ ഇഷ്ടമുള്ള കാര്യമായിരുന്നു. അവനെയോര്‍ത്ത് താനും വളരേ സന്തോഷിച്ചു. അവന് സ്വന്തക്കാരെന്നു പറയാന്‍ ആരുമില്ല. വര്‍ഷങ്ങളോളമായി കഞ്ഞിയും ഹോട്ടല്‍ ശാപ്പാടും മാത്രമേ കഴിച്ചിട്ടുള്ളൂ. ഇങ്ങനെയെങ്കിലും ഒരു കുടുംബത്തിലിരുന്ന്, സന്തോഷത്തോടെ വര്‍ത്തമാനമൊക്കെപ്പറഞ്ഞ് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാനുള്ള ഒരു യോഗം അവനുണ്ടായല്ലോ.

തൃശ്ശൂരെ എഞ്ചിനീയറിങ്ങ് കോളേജിലേക്കുള്ള പ്രവേശനപ്പരീക്ഷയ്ക്കു പഠിക്കുകയാണെന്നാണ് ആദ്യം അവന്‍ തന്നോടു പറഞ്ഞിരുന്നത്. പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് മദ്രാസിലെ ഐഐടി എന്നു പേരുള്ള ഒരു കോളേജില്‍ ചേരാനുള്ള പരീക്ഷയ്ക്കുപഠിക്കുന്ന വിവരം അവന്‍ പറഞ്ഞത്. അവിടെ പ്രവേശനം കിട്ടാന്‍ വളരേ ബുദ്ധിമുട്ടാണെന്നും കിട്ടിയാല്‍ അവിടത്തെ പഠിപ്പ് വളരേ കേമമാണെന്നുമൊക്കെ അവന്‍ പറഞ്ഞു. മദ്രാസിലൊക്കെ പോയി പഠിക്കുന്നതിനോട് തനിക്കു തീരെ താല്പര്യമില്ലായിരുന്നു - ഇപ്പോള്‍ത്തന്നെ ഒരുവിധത്തില്‍ ചെലവുമുട്ടിപ്പോകുന്നെന്നേയുള്ളൂ. പക്ഷേ അവനോട് എന്തു പറയാന്‍! എല്ലാം തന്നിഷ്ടം പോലെയല്ലേ ചെയ്യൂ.

അക്കാലത്ത് ഐഐടി എന്നൊന്ന് ഈ നാട്ടിലാരും കേട്ടിട്ടുപോലുമില്ല. അതിന്റെ പ്രവേശനപ്പരീക്ഷയ്ക്കു പഠിക്കാന്‍ മദ്രാസിലുള്ള ഒരു ടൂട്ടോറിയല്‍ കോളേജില്‍ നിന്ന് പുസ്തകങ്ങള്‍ തപാലില്‍ വരുത്തണം. ഒരു കോഴ്സിന് ആയിരത്തി ഇരുന്നൂറുരൂപ ചിലവാണ്. മെര്‍വിന്റെ പേരിലാണ് കോഴ്സിനു ചേര്‍ന്നത് - മോനൊഴികെയുള്ള നാലുപേരും കോഴ്സിന്റെ ചിലവ് തുല്യമായി പങ്കിട്ടു. രാജുമോന്റെ സാമ്പത്തികസ്ഥിതി അറിയാമായിരുന്നതുകൊണ്ട് കൂട്ടുകാര്‍ അവന്റെ കൈയ്യില്‍നിന്ന് പണം വാങ്ങാന്‍ കൂട്ടാക്കിയില്ല. അവന്റെ പിന്നീടുണ്ടായ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം ആ നല്ല കൂട്ടുകാരാണ്.

ഐഐടി പ്രവേശനപ്പരീക്ഷാഫലം വന്നപ്പോള്‍ ഇന്ത്യയിലെ അറുപത്തിമൂന്നാമത്തെ റാങ്കുകാരനായിരുന്നു അവന്‍. അവനേക്കാള്‍ കുറഞ്ഞ റാങ്കായിരുന്നുവെങ്കിലും മെര്‍വിനും വിനോദിനും ഐഐടിയില്‍ പ്രവേശനം കിട്ടി. അനൂപ് അത്തവണ വിജയിച്ചില്ലെങ്കിലും തൊട്ടടുത്ത വര്‍ഷം പ്രവേശനം നേടി. അക്കൂട്ടത്തില്‍ സന്ദീപ് മാത്രം തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നുള്ള എഞ്ചിനീയറായി.

പ്രവേശനം കിട്ടിയെന്നും ഉയര്‍ന്ന റാങ്കാണെന്നുമൊക്കെ അവന്‍ വന്നു പറഞ്ഞപ്പോള്‍ താന്‍ അവനോടു ചോദിച്ചു - മദ്രാസിലൊക്കെ പോയി പഠിക്കാനുള്ള പണം എവിടന്നുവരും എന്ന്. വഴിയൊക്കെ അവന്‍ കണ്ടുവെച്ചിട്ടുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പട്ടികജാതിക്കാര്‍ക്ക് പഠിക്കാനുള്ള ഏതോ ലോണ്‍ അനുവദിച്ചുകിട്ടാന്‍ അവന്റെ കൂടെ നടന്ന് അവന്‍ പറഞ്ഞിടത്തൊക്കെ ചുണ്ടൊപ്പിട്ടുകൊടുത്തു. അവന്റെ മിടുക്കുകൊണ്ട് അതൊക്കെ അധികം ബുദ്ധിമുട്ടില്ലാതെ തരപ്പെടുത്തിയെടുത്തു.

അവന്‍ മദ്രാസിലേക്ക് വണ്ടികയറിപ്പോയ ദിവസം ഇന്നും ഓര്‍മ്മയിലുണ്ട്. മെര്‍വിനും വിനോദും രണ്ടു വലിയ സൂട്ട്കേസ് നിറയെ സാധനങ്ങളുമായാണ് വന്നത്. മോന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് ഒരു ചെറിയ ബാഗും നാലുജോടി ഉടുപ്പും മാത്രം. അവരുടെ കാര്‍ന്നോമ്മാര്‍ കുട്ടികളോട് ഒരു നൂറുകാര്യങ്ങള്‍ പറഞ്ഞുറപ്പിക്കുന്നുണ്ട്. ഭക്ഷണമൊക്കെ നല്ലോണം കഴിക്കണം, ഹോസ്റ്റലിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പുറത്ത് ഹോട്ടലില്‍ പോയി കഴിക്കാന്‍ മടിക്കരുത്, ബാഗില്‍ അച്ചാറും പലഹാരപ്പൊതികളും വേണ്ടുവോളമുണ്ട്, പണം എത്ര വേണമെങ്കിലും ചോദിക്കണം, കിടക്കുന്നതിനുമുന്‍പ് പാലും കോംപ്ലാനും കഴിക്കാന്‍ മറക്കരുത്, ചെന്നയുടനെ മദ്രാസിലുള്ള ബന്ധുക്കളേയും കുടുംബസുഹൃത്തുക്കളേയും ഫോണ്‍ ചെയ്യണം, എന്തെങ്കിലും സഹായം വേണമെങ്കില്‍ അവരോടു ചോദിക്കണം, എന്തെങ്കിലും സൂക്കേടുവന്നാല്‍ ഉടനേ ഡോക്ടറേക്കാണണം, പതിവായി കഴിക്കേണ്ട മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം, ആഴ്ചയിലൊരിക്കല്‍ വീട്ടിലേക്കു ഫോണ്‍ ചെയ്യണം, നല്ലോണം മനസ്സിരുത്തി പഠിക്കണം, അഞ്ചാറു ദിവസത്തിലധികം അവധിയുണ്ടെങ്കില്‍ ഉടനേ വീട്ടില്‍ വരണം എന്നൊക്കെ അവര്‍ കുട്ടികളോടുപറയുന്നതുകേട്ട് താനിങ്ങനെ അന്തംവിട്ടു നില്‍ക്കുകയായിരുന്നു. തനിക്കാണെങ്കില്‍ ചെക്കനോട് ഒന്നും പറയാനും വരുന്നില്ല. അലക്ഷ്യമായി "എല്ലാം എടുത്തട്ടില്ല്യേടാ?" എന്നൊരു ചോദ്യം മാത്രം അവനോടു ചോദിച്ചു. അവനാണെങ്കില്‍ 'എന്തിനാ വെറുതേ വേവലാതിപ്പെടുന്നത്' എന്ന ഭാവത്തില്‍ ഒരു ചിരി. തനിക്കാകെ പരിഭ്രമമായി.

അവസാനം കുട്ടികളുടെ കാര്‍ന്നോമ്മാരോട് അതു പറയാന്‍ തന്നെ തീരുമാനിച്ചു. "അതേയ്, സാറമ്മാരേ. ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ. നിങ്ങളു് നിങ്ങടെ കുട്ട്യോളെ ഫോണിലു് വിളിക്കുമ്പൊ എന്റെ കൊച്ചിന്റെ കാര്യംകൂടി ഒന്ന് ചോയ്ക്കണേ. അവന് അവടെ ആരൂല്ല്യേയ്. പിന്നെ കാശൊക്കെ അവന്‍ ലോണെടുത്തട്ടുണ്ട്. എന്നാലും എന്തെങ്കിലും ഒരത്യാവശ്യം വന്നാ അവനെ ഒന്ന് സഹായിക്കണട്ടോ. വീട് വിറ്റട്ടാണെങ്കിലും ഞാന്‍ പൈസ തിരിച്ച് തന്നോളാ, അതുവിചാരിച്ചട്ട് വെഷമിക്കണ്ട. പിന്നേയ്, അവന്‍ സൂക്കേടുവന്നാ ആരോടും പറേല്ല്യ, ഡോക്ടര്‍ടടുത്ത് പൂവ്വൂല്ല്യ. നിങ്ങടെ ക്ടാങ്ങളോട് അവനെ എടയ്ക്കൊക്കെ ഒന്നു നോക്കാന്‍ പറഞ്ഞോളോട്ടോ. സൂക്കേടു കൂടീറ്റ് പഠിക്കാനും പരീക്ഷ എഴുതാനും പറ്റാണ്ട് വരാന്‍ പാടില്ല്യല്ലോ, അതോണ്ട് പറഞ്ഞതാ...". ട്രെയിന്‍ വരുന്നതുവരെ ഇതെത്ര തവണ പറഞ്ഞുവെന്നറിയില്ല - അവസാനം ജെയിംസ് മാഷു പറഞ്ഞു "ഇതെത്രാമത്തെ പ്രാവശ്യാ കുമാരാ ഇതന്നെ പറയണ്‍ത്. ഒട്ടും വെഷമിക്കണ്ട. എല്ലാം ശെര്യാവും". മോനും മിണ്ടാതിരിക്കാന്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടിയതുകൊണ്ട് ആ സംസാരം അവിടെ നിര്‍ത്തി. വണ്ടി പ്ലാറ്റ്‌ഫോമില്‍ വന്നതും അവരെല്ലാം വണ്ടിയില്‍ കയറിയതുമൊന്നും താന്‍ അറിഞ്ഞതേയില്ല - മനസ്സില്‍ എന്തൊക്കെയോ കുഴഞ്ഞുമറിയുകയായിരുന്നു. അവനേയും കൊണ്ട് ആ വണ്ടി പോയപ്പോള്‍ മനസ്സ് ശൂന്യമായതുപോലെ തോന്നി. എല്ലാവരും പോയിട്ടും താന്‍ മാത്രം അവിടെ ആ പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ ബീഡിയും വലിച്ച് ഏറെനേരം കുത്തിയിരുന്നു.

ദോഷം പറയരുതല്ലോ, അവന്റെ കൂട്ടുകാരുടെ കാര്‍ന്നോമ്മാരു് മദ്രാസിലേക്കുവിളിക്കുമ്പോള്‍ ഉറപ്പായും അവനെ വിളിച്ച് രണ്ടുവാക്കുപറയാറുണ്ടായിരുന്നു. വഴിയില്‍ അവരെ എപ്പോള്‍ കണ്ടാലും മോന്റെ വിശേഷമൊക്കെ പറഞ്ഞുതരും. അവന്‍ ആഴ്ചയില്‍ ഒരിക്കല്‍ എഴുതാറുണ്ടായിരുന്നു. അവന്റെ എഴുത്തുകളൊക്കെ തന്നത്താന്‍ വയിക്കാന്‍ കഴിയുമായിരുന്നെങ്കിലും മറുപടിയെഴുതാന്‍ മൂന്നാംക്ലാസ്സുവരെ മാത്രം പഠിച്ച ഈ കൊല്ലന് കഴിയില്ലായിരുന്നു. ഇനി അഥവാ രണ്ടക്ഷരം എഴുതാമെന്നുവെച്ചാല്‍ പേനപിടിക്കുന്ന വിശേഷപ്പെട്ട രീതി കാരണം ഒന്നുകില്‍ പേപ്പര്‍ കീറും അല്ലെങ്കില്‍ പേനയുടെ മുനയൊടിയും. അതുകൊണ്ട് തനിക്കുവേണ്ടി കത്തെഴുതിയിരുന്നത് തെക്കേലെ ലക്ഷ്മിക്കുട്ടിട്ടീച്ചറുടെ മോള്‍ അമ്പിളിയായിരുന്നു. അവന്‍ മദ്രാസില്‍ പോകുന്ന സമയത്ത് അവള്‍ എട്ടിലേ ആയിട്ടുള്ളൂ, പക്ഷേ ഒരമ്മായിയമ്മയുടെ തന്റേടമായിരുന്നു അവള്‍ക്ക്. താന്‍ പറഞ്ഞുകൊടുക്കുന്ന പല കാര്യങ്ങളും അവള്‍ എഴുതാന്‍ കൂട്ടാക്കില്ല. സൂക്കേടായ കാര്യവും കളക്ടറേറ്റ് ധര്‍ണ്ണയില്‍ പങ്കെടുത്തതിന് പോലീസ് അറസ്റ്റുചെയ്ത കാര്യവും, ബന്തിന്റെ ദിവസം ഉണ്ടായ അടിപിടിയില്‍ പരിക്കുപറ്റിയ വിവരവുമൊന്നും അവള്‍ എഴുതില്ല. അങ്ങുദൂരെയുള്ള ആളിന്റെ മനസ്സുവിഷമിപ്പിക്കരുതത്രേ.

നാലുകൊല്ലത്തെ പഠിപ്പിനിടയില്‍ അവന്‍ മൂന്നുതവണയേ വീട്ടില്‍ വന്നുള്ളൂ. അവനുപിന്നെ വീട്ടിലാരുമില്ലല്ലോ, വന്നിട്ടെന്തുചെയ്യാനാണ്! വരാന്‍ നല്ല ചിലവാണ് - അത്രയും പണമുണ്ടെങ്കില്‍ ഒരു മാസത്തെ ഭക്ഷണച്ചിലവ് നടന്നുപോകും. പിന്നെ, മദ്രാസില്‍ അവന്‍ ചെന്നിട്ട് ഒരുമാസത്തിനകം കുറച്ചുകുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കുന്ന ഏര്‍പ്പാട് തുടങ്ങിയിരുന്നു. അവിടെയൊക്കെ ട്യൂഷന്‍ എടുക്കുന്നവര്‍ക്ക് നല്ല പണം കിട്ടുമത്രേ - അക്കാലത്ത് അവന്റെ പഠനച്ചിലവിന്റെ നല്ലൊരുഭാഗം ട്യൂഷനില്‍നിന്നു കിട്ടുന്ന വരുമാനം കൊണ്ടുതന്നെ നടക്കുമായിരുന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് വേനലവധി ഉള്ളകാലത്തുമാത്രമേ അവന്‍ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ.

പഠിപ്പിന്റെ അവസാനത്തെ വര്‍ഷം അവന്‍ വീട്ടില്‍ വന്നില്ല. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെന്നും അമേരിക്കയ്ക്ക് പഠിക്കാന്‍ പോകാനുള്ള ഏതോ പരീക്ഷയ്ക്ക് പഠിക്കണമെന്നും അതൊക്കെക്കാരണം വീട്ടില്‍ വരാന്‍ പറ്റില്ലെന്നും അവന്‍ എഴുതിയിരുന്നു. നിനക്ക് ഇപ്പൊത്തന്നെ നല്ല പഠിപ്പില്ലേ, നാട്ടില്‍ നല്ലൊരു ജോലികിട്ടാന്‍ ഇതൊക്കെ പോരേ എന്നൊക്കെ താന്‍ എഴുതിയിരുന്നെങ്കിലും അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീടാണ് അറിഞ്ഞത്, മെര്‍വിനും വിനോദും ആ പരീക്ഷ എഴുതുന്നുണ്ടെന്നും, അനൂപ് അതിന്നടുത്തവര്‍ഷം അതെഴുതുമെന്നും, ഐഐടിയില്‍ പഠിച്ച മിക്ക കുട്ടികളും ഇങ്ങനെ പരീക്ഷയെഴുതി അമേരിക്കയ്ക്ക് പോകാറുണ്ടെന്നുമൊക്കെ.

ആ പരീക്ഷയിലും അവന്‍ നല്ല മാര്‍ക്കോടെ ജയിച്ചിട്ടുണ്ടാകണം - കാരണം അവന് അമേരിക്കയിലെ ഏതോ വലിയ യൂണിവേഴ്സിറ്റിയില്‍ മുഴുവന്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ പ്രവേശനം കിട്ടി. അത് രണ്ടുകൊല്ലത്തെ പഠിപ്പാണെന്നും നല്ലോണം പഠിച്ചാല്‍ ഒരുകൊല്ലംകൊണ്ടു തീര്‍ക്കാമെന്നും അവന്‍ പറഞ്ഞു. അപ്പോളും പണം പ്രശ്നമായി. വിമാനക്കൂലിക്കും അത്യാവശ്യം ചിലവിനുമൊക്കെയായി അമ്പതിനായിരം രൂപയോളം വേണം. വീടും പറമ്പും പണയം വെച്ചാല്‍ത്തന്നെയേ അത്രയും പണം ആരെങ്കിലും തരൂ. പക്ഷേ അവിടേയും അവനു പോകാനുള്ള വഴി അവന്‍ തന്നെ കണ്ടെത്തി. ഒരു ദിവസം ഓഫീസില്‍നിന്നു വന്നപ്പോള്‍ അവന്‍ പറഞ്ഞു, അവന്‍ തൃശ്ശൂരുപോയി മൈക്കലച്ചനെ കണ്ടെന്നും അദ്ദേഹം ടിക്കറ്റ് ഏര്‍പ്പാടാക്കിക്കൊടുത്തെന്നും. മൈക്കലച്ചന്‍ അപ്പോഴേക്കും സഭയുടെ വളരേയധികം സ്ഥാപനങ്ങളുടെ മേല്‍നോട്ടം നടത്തുന്ന വലിയ ആളായിട്ടുണ്ടായിരുന്നു. അവന്‍ അത്രയും പണം മിച്ചം വെച്ചിട്ടുണ്ടായിരുന്നോ അതോ അച്ചന്‍ സഹായിച്ചതാണോ അതോ അച്ചന്‍ പറഞ്ഞിട്ട് വേറാരെങ്കിലും സഹായിച്ചതാണോ എന്നൊന്നും അവന്‍ പറഞ്ഞില്ല. ആ ടിക്കറ്റും പ്രോവിഡന്റ് ഫണ്ടില്‍നിന്നു കടമെടുത്തതും ഓഫീസില്‍നിന്നു പിരിഞ്ഞുകിട്ടിയതും ചേര്‍ത്ത് സ്വരൂപിച്ച എഴുന്നൂറ്റിപ്പതിനഞ്ച് ഡോളറും കൊണ്ടാണ് അവന്‍ നാട്ടില്‍നിന്ന് വിമാനം കയറിയത്.

അവനെ വിമാനത്തില്‍ കയറ്റിവിടാനായി എയര്‍പോര്‍ട്ടില്‍ പോയ ദിവസം താന്‍ ഏറെ സന്തോഷത്തിലായിരുന്നു. കുട്ടികളും കാര്‍ന്നോമ്മാരും ചേര്‍ന്ന് ഒരു വലിയ ജീപ്പിലായിരുന്നു എയര്‍പോര്‍ട്ടിലേക്കു പോയത്. വിമാനത്താവളത്തിനുമുമ്പില്‍ വണ്ടിയിറങ്ങിയപ്പോള്‍ മനസ്സുനിറയെ അഭിമാനമായിരുന്നു. വെറുമൊരു കുഗ്രാമത്തിലെ പാവപ്പെട്ട കൊല്ലപ്പണിക്കാരന്റെ മകന്‍ വിമാനം കയറി അമേരിക്കയിലേക്ക് പഠിക്കാന്‍ പോകുന്നു! മാതി അവിടെ മോളിലിരുന്ന് ഇതൊക്കെക്കണ്ട് വളരേ സന്തോഷിക്കുന്നുണ്ടാകുമെന്ന് തനിക്കു തോന്നി.

താനിങ്ങനെ നെഞ്ചുവിരിച്ചുനിന്ന് വെളുക്കെ ചിരിക്കുന്നതുകണ്ടിട്ടാകണം, മെര്‍വിന്റെ അപ്പന്‍ ജെയിംസ് സാര്‍ പറഞ്ഞു: "എന്താ കുമാരാ, വെല്ല്യ സന്തോഷത്തിലാണല്ലോ".
"പിന്നല്ലേ സാറെ. എന്നേപ്പോലെ പഠിപ്പും കാശുമില്ലാത്തവന് ഇതൊക്കെ വെല്ല്യ സന്തോഷല്ലേ?"
"മോന്‍ പോണേല് തനിക്ക് വെഷമൊന്നൂല്ല്യേ"
"എന്തിനാ സാറേ വെഷമിക്കണേ? അവന്‍ പഠിക്കാന്‍ പോണതല്ലേ. രണ്ടുകൊല്ലത്തെ പഠിപ്പ് ഒരു കൊല്ലം കൊണ്ട് തീര്‍ക്കാന്‍ പറ്റുംന്നാ അവന്‍ പറഞ്ഞേ. അതുകഴിഞ്ഞാ അവനിങ്കട് വരില്ല്യേ. കഴിഞ്ഞ നാലു കൊല്ലായിറ്റ് അവനെ കൊല്ലത്തില്‍ ഒരിക്കലേ കണ്ടിട്ടൊള്ളൂ. ഇനി ഒരുകൊല്ലംകൂടി ഇങ്ങനെ പോണം. അത്രല്ലേ ള്ളൂ?"
തന്റെ ആ പറച്ചില്‍ കേട്ട് എല്ലാവരും മുഖത്തോടു മുഖം നോക്കി. ഒരു മിനിറ്റുനേരത്തേയ്ക്ക് എല്ലാവരും നിശ്ശബ്ദരായി.
"അല്ലാ, അപ്പൊ രാജു ഒരു കൊല്ലം കഴിഞ്ഞാ ഇങ്കട് തിരിച്ചുവരുംന്നാ കുമാരന്‍ വിചാരിക്കണേ?" കാളിദാസന്‍മാഷിന്റെ ചോദ്യം.
"പിന്നല്ലാണ്ട്? അവന്‍ അവടെ അമേരിക്കേല് എന്തു ചെയ്യാനാ?"
അതുകേട്ട് എല്ലാവരും ഒന്നു ചിരിച്ചു.
"ന്റെ കുമാരാ, ഐഐടീന്ന് അമേരിക്കയ്ക്കുപോയ ആരും പഠിപ്പുകഴിഞ്ഞ് ഇങ്ങോട്ടുവന്നിട്ടില്ല. പഠിപ്പുകഴിഞ്ഞാല്‍ അവര്‍ക്കവിടെ ഇവിടുത്തേതിനേക്കാള്‍ നല്ല ജോലിയും ശമ്പളവും ജീവിതസൌകര്യങ്ങളും മേല്‍ഗതിയുമൊക്കെയുണ്ട്. അതൊക്കെ ആരെങ്കിലും വേണ്ടന്നുവെയ്ക്കുമോ? രാജൂ, നീയിതൊന്നും നിന്റെ അപ്പനോടു പറഞ്ഞില്ലേ?"
"ഹേയ്, അതൊന്നും ശര്യാവില്ല്യ. അമേരിക്കാന്നുപറേണത് മനുഷ്യത്തമില്ലാത്തോരട നാടാണ്. സാമ്രാജ്യത്ത മുതലാളിത്തവാദികളാണ് അവരു്. വിയറ്റ്നാമിലു് പതിനായിരങ്ങളെയാണ് അവരു് കൊന്നൊടുക്കിയേ, അറിയോ? നമുക്ക് നമ്മടെ നാടന്ന്യാ നല്ലത്. അവട്യൊന്നും നിക്കാന്‍ കൊള്ളില്ല".
ഇത്തവണ മറുപടി പറഞ്ഞത് രാജുവാണ്.
"അവിടെ മനുഷ്യത്വത്തിന് ഒരു കൊഴപ്പോമില്ലപ്പാ. ഞങ്ങളുടെ കോളേജില്‍നിന്നു പാസ്സായ കുറേപ്പേര്‍ അവിടെ വര്‍ഷങ്ങളായി താമസിച്ചു ജോലിചെയ്യുന്നുണ്ട്. അവിടെയുള്ള ശമ്പളവും സൌകര്യങ്ങളുമൊക്കെ നമുക്കിവിടെ സ്വപ്നം കാണാന്‍ പോലൂം പറ്റില്ല. നമുക്കുകിട്ടുന്ന ഈ അവസരം അങ്ങനെ കളയാന്‍ പറ്റില്ലല്ലോ". അവന്‍ ഒന്നുനിര്‍ത്തി തന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പറയാന്‍ വന്ന വാക്കുകളൊക്കെ തന്റെ തൊണ്ടയില്‍ കുടുങ്ങിക്കിടന്നു വിങ്ങി. "അപ്പനിതൊക്കെ ഇഷ്ടമാവില്ലെന്നും അറിഞ്ഞാല്‍ വിഷമമാകുമെന്നും എനിക്കറിയാം. അതുകൊണ്ടാണ് അതെല്ലാം പറയാതിരുന്നത്. ഇനി ഇതൊക്കെ ആലോചിച്ചിരിക്കണ്ടാ. പഠിപ്പുതീരാന്‍ ഒരു കൊല്ലമുണ്ടല്ലോ. നമുക്കപ്പോള്‍ നോക്കാം".

അതുകേട്ട് ഒന്നും പറഞ്ഞില്ല. അവന്‍ അകത്തുകയറി കൈവീശി യാത്രപറഞ്ഞു. മറ്റുരണ്ടു കുട്ടികളും അവരുടെ കാര്‍ന്നോമ്മാരും എന്തുചെയ്യുന്നെന്ന് താന്‍ ശ്രദ്ധിച്ചതേയില്ല.

കുട്ടികള്‍ പോയശേഷം കാര്‍ന്നോമ്മാരെല്ലാം ഒരുതരം മരവിച്ച മുഖവുമായി തിരികെ ജീപ്പില്‍ വന്നിരുന്നു. തിരിച്ചുവീട്ടിലെത്തുന്നതുവരെ ആരും തമ്മില്‍ത്തമ്മില്‍ ഒന്നും മിണ്ടിയില്ല. വീട്ടില്‍ വന്നശേഷം താന്‍ പുറത്തേയ്ക്കുള്ള എല്ലാ വാതിലുകളും ജനാലകളും അടച്ചുകുറ്റിയിട്ടശേഷം അകത്തെ തളത്തിലിരുന്ന് ഉറക്കെയുറക്കെ കരഞ്ഞു. മാതി പോയപ്പോള്‍ പോലും താന്‍ അത്രയും കരഞ്ഞിട്ടില്ല. കരഞ്ഞുകരഞ്ഞ്‌ കുറേ ശര്‍ദ്ദിച്ചു. വല്ലാത്തൊരു പേടിയും പരിഭ്രമവും തളര്‍ച്ചയും അന്നനുഭവപ്പെട്ടു. ഒന്നു കിടക്കാന്‍ പോലും ധൈര്യം വന്നില്ല - വീട്ടിനകത്തെ ലൈറ്റെല്ലാമിട്ട് ഉണര്‍ന്നിരുന്നാണ് നേരം വെളുപ്പിച്ചത്.


അദ്ധ്യായം നാല് (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 )


വയ്യ. അതൊന്നും ഓര്‍ക്കാന്‍ വയ്യ. ഓര്‍ത്താല്‍ ശരീരം തളര്‍ന്നുപോകും. ശരീരം തളരേണ്ട സമയമല്ലിത്.

മഴയൊരല്പം തോര്‍ന്നിട്ടുണ്ട്. പതുക്കെ ഈ ജാതിമരത്തില്‍നിന്നിറങ്ങാം. ഒരേയിരുപ്പിരുന്നതുകൊണ്ടും തുലാവര്‍ഷത്തിന്റെ കുളിരുകൊണ്ടുമായിരിക്കണം, പേശികള്‍ക്ക് ചെറിയൊരു മരവിപ്പ്.

താഴെയിറങ്ങി പതുക്കെ ചെവിയോര്‍ത്തു. പോലീസുകാര്‍ അങ്ങു റോഡില്‍ സെക്കന്റ് ഷോ കഴിഞ്ഞുവരുന്ന ചെറുപ്പക്കാരോട് തട്ടിക്കയറുന്ന ഒച്ച മാത്രമേ കേള്‍ക്കാനുള്ളൂ.

പതുക്കെ മരങ്ങളുടെ മറവുപിടിച്ച് വടക്കോട്ടുനടന്നു. വടക്കുഭാഗത്ത് മനയ്ക്കലെ പറമ്പാണ് - അതങ്ങു പുഴവക്കുവരെ നീണ്ടുകിടക്കുന്ന പറമ്പാണ്. മതിലിനോടുചേര്‍ന്ന് ഒരു പാമ്പിന്‍കാവുണ്ട്. മതില്‍ചാടിക്കടക്കുമ്പോള്‍ കാവിലേയ്ക്കു ചാടുന്നതാണ് നല്ലത് - നിറയെ കാടുപിടിച്ചു കിടക്കുന്ന ഇടമാണ് അത്. അപ്പുറത്ത് ആരെങ്കിലും തന്നെ പിടിക്കാന്‍ കാത്തുനില്പുണ്ടോയെന്നറിയില്ല, ഒരുപക്ഷേ ആരെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അവര്‍ കാവിനകത്തേയ്ക്കു വരാന്‍ ധൈര്യപ്പെടില്ല. അങ്ങോട്ടിറങ്ങി ചുറ്റുപാടും ഒന്നു സൂക്ഷിച്ചുനോക്കിയിട്ടാവാം ഇനിയത്തെ ഓട്ടം. ഭാഗ്യമുണ്ടെങ്കില്‍ പാമ്പുകടികൊള്ളാതെ രക്ഷപ്പെടാം.

മുണ്ടുരിഞ്ഞ് നാലായി മടക്കി കൈയ്യിലെടുത്തു. പറമ്പില്‍ കിടന്നിരുന്ന ഒരു തെങ്ങിന്‍പട്ടയെടുത്ത് മതിലില്‍ ചാരിവെച്ചു. അതില്‍പ്പിടിച്ച് സാവധാനം മുകളില്‍ കയറി മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി പിടിയുറപ്പിച്ചു. മടക്കിയ മുണ്ട് ഒരു കൈകൊണ്ട് കുപ്പിച്ചില്ലുപതിച്ച മതില്‍പ്പുറത്തേയ്ക്കിട്ടു. മുണ്ടിനു മുകളില്‍ കൈത്തണ്ട പതുക്കെ അമര്‍ത്തിനോക്കി. കുഴപ്പമില്ല. ചില്ലു കുത്തുന്നുണ്ടെങ്കിലും മുറിയുന്നില്ല.

മതിലിനുമുകളില്‍ കൈയ്യൂന്നി ഒന്നു കരണം മറിഞ്ഞു. കൈ ഒരല്‍പം നൊന്തെങ്കിലും മുറിഞ്ഞില്ല. നാലുചുറ്റും നിറയെ വള്ളികളും മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ കാട്. കൂരാക്കൂരിരുട്ട്!

ഇഴജന്തുക്കളുടെ അനക്കമൊന്നും കേള്‍ക്കാനില്ല. ഭാഗ്യം. മതിലിനുമുകളില്‍ കിടന്ന മുണ്ടുവലിച്ചെടുത്തു. ചില്ലുകളില്‍ ഉടക്കി അതു ഭംഗിയായി കീറി.

മനയയ്ക്കല്‍ തെക്കോട്ടുള്ള ലൈറ്റിട്ടിട്ടുണ്ട്. പോലീസുകാര്‍ പറഞ്ഞിട്ടായിരിക്കും.

മനയുടെ തെക്കുഭാഗത്ത് വാരിയരുടെ മതിലിനോടു ചേര്‍ന്ന് ഒരു കക്കൂസ്സുണ്ട്. ഒരൊറ്റയോട്ടമോടിയാല്‍ ഈ കാവില്‍നിന്നു രക്ഷപ്പെടുകയുമാകാം കക്കൂസിനും മതിലിനും ഇടയിലുള്ള വിടവില്‍ ഒളിക്കുകയുമാവാം. പരിസരം അവലോകനം ചെയ്യാന്‍ പറ്റിയ ഇടമാണ് അത്.

മുണ്ട് കൈയ്യില്‍ ചുരുട്ടിപ്പിടിച്ച്. നേരെ ആ കക്കൂസിന്റെ പിന്നിലേയ്ക്കോടി. അവിടെ മറഞ്ഞുനിന്ന് നാലുപാടും നോക്കി.

"ആരാവടെ പൊറത്ത്? ആരാന്ന്?".

ഹോ! നമ്പൂരി ഈ നേരത്ത് ഇതിനകത്തുകുത്തിയിരിക്കുകയായിരുന്നോ! ഇയാള്‍ക്കൊന്നും വേറേ പണിയില്ലേ!

"ആത്തോലേ ആ ടോര്‍ച്ചിങ്കടു കാണിക്യാ. ഇതിന്റെ പിന്നില് ആരാണ്ടിണ്ടെന്നാ തോന്നണേ!"

കക്കൂസിന്റെ പിന്നില്‍നിന്ന് ഒന്നെത്തിനോക്കിയപ്പോള്‍ ടോര്‍ച്ചിന്റെ വെളിച്ചം നേരെ മുഖത്തടിച്ചു. ആത്തോല്‍ അലമുറയിട്ടു കരയാന്‍ തുടങ്ങി. ഇവിടെനിന്നു രക്ഷപ്പെടണം. ഉടന്‍.

വാരിയരുടെ മതില്‍ ഏതാണ്ട് പത്തുവാര അകലെ അവസാനിക്കും അതിനപ്പുറത്ത് കറുപ്പന്‍ ആന്റണിയുടെ വീടാണ്. അയാളുടെയും നമ്പൂരിയുടേയും പറമ്പിനിടയ്ക്ക് ഒരു ചെറിയ അരമതിലാണുള്ളത്. അതു ചാടിക്കടക്കാന്‍ ബുദ്ധിമുട്ടില്ല.

കക്കൂസിന്റെ പിന്നില്‍നിന്ന് കിഴക്കോട്ടോടിയതും ആത്തോല്‍ "ദേ കള്ളന്‍, ദേ കെഴക്കോട്ടോടണൂ" എന്നു വിളിച്ചുകൂവാന്‍ തുടങ്ങി. ഒറ്റച്ചാട്ടത്തിന് അരമതില്‍ ചാടിക്കടന്ന് കറുപ്പന്റെ പുരയിടത്തിലെത്തി. അവിടെനിന്നു ചാടി സണ്‍ഷേഡില്‍ എത്തിപ്പിടിച്ച് ടെറസ്സിലേയ്ക്കുകയറി. ടെറസ്സിന്റെ മൂലയില്‍ ടിന്‍ ഷീറ്റിട്ടുമൂടിയ വാട്ടര്‍ ടാങ്ക്.

ഓടിച്ചെന്ന് ഷീറ്റുപൊക്കി ടാങ്കിനുള്ളിലേയ്ക്കിറങ്ങി. തല്‍ക്കാലം ഒളിച്ചിരിക്കാന്‍ വേറൊരിടം കാണുന്നില്ല. ഇരിക്കുമ്പോള്‍ കഴുത്തൊപ്പം വെള്ളമുണ്ട് അതിനകത്ത്. ഇത്രനേരം തണുപ്പത്തിരുന്നതുകൊണ്ടായിരിക്കാം, ടാങ്കിലെ വെള്ളത്തിന് ഒരിളം ചൂടു തോന്നി.

ഇതിനിടെ അയല്‍ക്കൂട്ടം സജീവമായി. എല്ലാവരും ചേര്‍ന്ന് സമീപപ്രദേശമെല്ലാം അരിച്ചുപെറുക്കാന്‍ തുടങ്ങി. ആത്തോല്‍ അലറിക്കരഞ്ഞുകൊണ്ട് പോലീസുകാരോട് എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്.

"അവനിങ്ങോട്ടാ ചാടിയതെന്നാ പുള്ളിക്കാരി പറഞ്ഞത്. നിങ്ങളു രണ്ടുപേരും ഈ പരിസരമൊക്കെയൊന്നു നോക്കിക്കേ". ഓ, ആ തെക്കന്റെ വര്‍ത്തമാനം കേട്ടാല്‍ത്തന്നെ അറിയാം പോലിസാണെന്ന്.

പെട്ടന്ന് ടെറസ്സിനുമുകളില്‍നിന്ന് ബൂട്ടുകള്‍ ഇടിച്ചിറങ്ങുന്ന ശബ്ദം മുഴങ്ങാന്‍ തുടങ്ങി. അവര്‍ രണ്ടോ മൂന്നോ പേരുണ്ട്. ഈ ഓട്ടം ഇവിടെ അവസാനിക്കുമെന്നാണ് തോന്നുന്നത്!

ശ്വാസം പിടിച്ച് പതുക്കെ അയാള്‍ ആ ടാങ്കിലെ വെള്ളത്തിലേയ്ക്കുമുങ്ങി. അവര്‍ ടെറസ്സിനു നാലുചുറ്റും ഓടിനടന്നു നോക്കിയെങ്കിലൂം ഭാഗ്യത്തിന് ടാങ്കിനുള്ളിലേയ്ക്കു നോക്കിയില്ല. കുറച്ചുകഴിഞ്ഞ് അവരെല്ലാം താഴേയ്ക്കിറങ്ങിപ്പോകുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ പതുക്കെ എഴുന്നേറ്റിരുന്നു.

ഇനി കുറച്ചുനേരം ഇവിടെത്തന്നെ ഇരിക്കുകയേ തരമുള്ളൂ. എല്ലാവരും ഒന്നടങ്ങട്ടെ. എന്നിട്ടുവേണം ഓട്ടം തുടരാന്‍.

അയാളുടെ മനസ്സ് വീണ്ടും പഴയ ഓര്‍മ്മകളിലേയ്ക്കു വഴുതിവീണു.


അദ്ധ്യായം അഞ്ച് (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 )


അവന്‍ പറഞ്ഞതുപോലെ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ അമേരിക്കയിലെ ബിരുദപഠനം പൂര്‍ത്തിയാക്കി. ഉടന്‍തന്നെ അവിടത്തെ ഏതോ വലിയ കമ്പനിയില്‍ ജോലിയും കിട്ടി. നല്ല ശമ്പളമൊക്കെയുള്ള ജോലിയായിരുന്നിരിക്കണം, ജോലികിട്ടി ഒരു മാസത്തിനകം അവനെഴുതിയ കത്തില്‍ ഫോണിന് അപേക്ഷിക്കാനും വീട് പുതുക്കിപ്പണിയാന്‍ പറ്റിയ നല്ല ഒരു കരാറുകാരനെ കണ്ടുപിടിക്കാനും എഴുതിയിരുന്നു. തോമാസ് സാറാണ് വീടുപണി കരാറെടുത്തുനടത്തുന്ന നല്ലൊരെഞ്ചിനീയറെ കണ്ടുപിടിച്ചുതന്നത്. ഏഴുമാസംകൊണ്ട് വീടുപണി തീര്‍ത്തു, അയാള്‍. ഒരു സ്വീകരണമുറിയും, ഒരു വലിയ കിടപ്പുമുറിയും, ഒരു ചെറിയ കിടപ്പുമുറിയും കുളിമുറിയും കക്കൂസും ഊണുകഴിക്കാനുള്ള മുറിയും അടുക്കളയും ഉള്ള ഒരു ചെറിയ ഒറ്റനിലക്കെട്ടിടം. വലിയവീടുവേണമെന്ന് മോന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വേണ്ടന്നുപറഞ്ഞത് താനാണ് - തനിക്കൊരാള്‍ക്ക് അത്രവലിയ വീടുവേണ്ട, അവനിവിടെവന്ന് താമസിക്കാനൊന്നും പോണില്ലല്ലോ.

ഒരുദിവസം ജെയിംസ് സാറു് പതിവില്ലാത്തവിധം ഒരു ഞായറാഴ്ച വൈകീട്ട് തന്റെ വീട്ടില്‍ വന്നു. പുതിയ വീടു കാണാനാണെന്ന ഭാവത്തിലാണ് വന്നതെങ്കിലും അടുത്ത ഞായറാഴ്ച പത്തുമണിക്ക് മോന്‍ സാറിന്റെ വീട്ടിലേക്കു വിളിക്കുമെന്നും താന്‍ ആ സമയത്ത് അങ്ങോട്ടുചെല്ലണമെന്നും പറയാനാണ് ശരിക്കും സാറുവന്നത്. എന്താണാവോ കാര്യം എന്നു ചോദിച്ചപ്പോള്‍ "അയാള്‍ എന്നോടൊന്നും പറഞ്ഞില്ല" എന്നുപറഞ്ഞു. അത് കല്ലുവച്ച നുണയാണെന്ന് അപ്പഴേ തോന്നി, എന്നാലും വെല്ല്യ ആള്‍ക്കാരോട് താനെന്തു പറയും.

പിറ്റേ ഞായറാഴ്ച ഗുട്ടന്‍സ് പിടികിട്ടി. അവന്റെ കൂടെ പഠിച്ചിരുന്ന ഒരു ആന്ധ്രക്കാരിപ്പെണ്ണുമായി അവന്‍ ലോഹ്യത്തിലാണ്, അവനവളെ കെട്ടണം - അത്രേയുള്ളൂ. "അയിനെന്താ, നീ കെട്ടിക്കോ. അവള്‍ക്ക് പഠിപ്പുണ്ട്, ഞാന്‍ കമ്മൂണിസ്റ്റായോണ്ട് ബാക്കിയൊന്നും എനിക്ക് പ്രശ്നല്ല. എപ്പ വേണങ്കിലും ആയിക്കോ" എന്ന മറുപടി പറയാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അതുകഴിഞ്ഞപ്പോഴാണ് പ്രശ്നം വന്നത്. കല്യാണം അമേരിക്കയിലാണ്. പെണ്ണിന്റെ വീട്ടുകാരൊക്കെ അഞ്ചും പത്തും കൊല്ലമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരാണ്. നാട്ടില്‍ കല്യാണം നടത്താന്‍ അവര്‍ക്ക് താല്‍പര്യമില്ല. അതുകൊണ്ട് കല്യാണത്തിന് അപ്പന്‍ അമേരിക്കയ്ക്കു വരണമെന്നായിരുന്നു അവന്റെ ആവശ്യം. പാസ്സ്പോര്‍ട്ട് മാത്രം ശരിയാക്കി വെച്ചാല്‍ മതി, ബാക്കിയൊക്കെ അവന്‍ വന്ന് ശരിയാക്കിയെടുത്ത് കൊണ്ടുപോയ്ക്കൊള്ളാമെന്നും പറഞ്ഞു. അപ്പന്റെ പേപ്പറുകള്‍ ശരിയാവുന്ന മുറയ്ക്ക് കല്യാണം നടത്താന്‍ മൂന്നുനാല് മുഹൂര്‍ത്തങ്ങളും കണ്ടുവെച്ചിട്ടുണ്ടായിരുന്നത്രേ. ഏതായാലും അതുനടക്കില്ലെന്ന് താന്‍ തീര്‍ത്തുപറഞ്ഞു. ഒന്നാമത്, വിമാനത്തില്‍ തനിക്ക് യാത്ര ചെയ്യാന്‍ പേടിയാണ്. രണ്ടാമത് അത്രയ്ക്ക് പണവും പഠിപ്പും കുലമഹിമയുമൊക്കെയുള്ള ആള്‍ക്കാരുടെ ഇടയില്‍ നിന്നാല്‍ ശ്വാസം മുട്ടും - വലിയ ആളുകളോട് സംസാരിച്ചും പെരുമാറിയും തനിക്ക് ശീലമില്ല. മൂന്നാമത്, താനൊരു തികഞ്ഞ കമ്മൂണിസ്റ്റാണ്. ചെകുത്താന്‍മാരുടെ നാടാണ് അമേരിക്ക. അവടെ കാലുകുത്തുന്ന പ്രശ്നമേയില്ല.

ആ സംസാരം കഴിഞ്ഞ് പിന്നെയും നാലുമാസം കഴിഞ്ഞാണ് അവന്‍ കല്യാണം കഴിച്ചത്. ആയിടയ്ക്ക് മകന്റെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ശങ്കരന്‍നായരു് അമേരിക്കയ്ക്ക് പോയിട്ടുണ്ടായിരുന്നു. അദ്ദേഹമാണ് അപ്പന്റെ സ്ഥാനത്തുനിന്ന് വേണ്ട ചടങ്ങുകളൊക്കെ ചെയ്തത്. അവന്റെ കല്യാണത്തലേന്ന് സര്‍ക്കാര്‍ കനിഞ്ഞ് ഫോണ്‍ കണക്ഷന്‍ കിട്ടി - അതുകൊണ്ട് കല്യാണദിവസം അവനോടും അവന്റെ പെണ്ണിനോടും ഒന്ന് മിണ്ടാനെങ്കിലും പറ്റി.

കല്യാണം കഴിഞ്ഞ് മുന്നുമാസമായപ്പോള്‍ അവന്‍ അവന്റെ പെണ്ണിനേയും കൊണ്ട് വീട്ടില്‍ വന്നു. രണ്ടാഴ്ച അവര്‍ വീട്ടിലുണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ അത്രയും സന്തോഷിച്ച സമയം വേറെ ഉണ്ടായിട്ടില്ല. ആ പെങ്കൊച്ച് അവനേപ്പോലെത്തന്നെ കറുത്ത് പൊക്കമുള്ള കുട്ടിയായിരുന്നു. സിനിമാനടികള്‍ക്കുള്ളതുപോലെ ഇസ്തിരിയിട്ടകണക്ക് നീണ്ടുകിടക്കുന്ന മുടിയുണ്ടെന്നൊഴിച്ചാല്‍ ഒരു സാധാരണ നാട്ടുമ്പുറത്തുകാരി പെണ്ണ് എന്നേ കണ്ടാല്‍ പറയൂ.

ഒരുദിവസം ആപ്പീസിലേക്കിറങ്ങാന്‍ നേരത്ത് അവന്‍ ചോദിച്ചു "അല്ലാ, അപ്പനിപ്പൊ ബീഡിവലീം കള്ളുകുടീമൊക്കെ നിര്‍ത്ത്യോ?". കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പിന്നെപ്പറഞ്ഞു "അതൊന്നുമല്ലടാ. ആ പെങ്കൊച്ചിന് ഇതിന്റെ നാറ്റൊന്നും സഹിക്കില്ല്യ. നിങ്ങളു പോണവരെ അതോണ്ട് വേണ്ടാന്നുവെച്ചേക്കണതാ. ഞാനിപ്പൊ ഇവടത്തെ കക്കൂസേലുംകൂടി പൂവ്വാറില്ല്യ. അല്ലെങ്കിത്തന്നെ വീടിന്റകത്തൊള്ള കക്കൂസേല് കേറീട്ടേയില്ല്യ. പൊറത്തെ പഴേ കക്കൂസ്സേലേ പൂവ്വുള്ളൂ. എന്നാലും അവടന്നും നാറ്റം വരാല്ലോ. ഈ പീടികേല് കിട്ടണ കണ്ണീക്കണ്ടതൊക്കെയല്ലേ തിന്നണേ. അതോണ്ട് ഞാന്‍ പോണവഴിക്ക് ബസ്‌സ്റ്റാന്റിലെ കക്കൂസിലാ പൂവ്വാറ്". തന്റെ ആ പറച്ചിലും വളിച്ച ചിരിയും കണ്ട് അവന്‍ അത്ഭുതപ്പെട്ട് താടിക്കുകൈയ്യും കൊടുത്തു നിന്നുപോയി.

അന്നു വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ അവന്‍ പുറത്തുകാത്തിരിക്കുന്നുണ്ടായിരുന്നു. "ങാ, അപ്പനൊന്നിങ്ങട്ടു വന്നേ" എന്നുപറഞ്ഞ് ഒരു കള്ളച്ചിരിയുമായി കൈ പിടിച്ച് ഉമ്മറത്തെമുറിയിലേക്കു കൊണ്ടുപോയി. അവിടത്തെ കാഴ്ച ഒന്നു കാണണ്ടതുതന്നെയായിരുന്നു. കോഴിക്കറി, മുട്ട പൊരിച്ചത്, ബിരിയാണിച്ചോറ്, ചില്ലി ബീഫ്, പൊറോട്ട എന്നിവ ഓരോ വെളുത്ത തളികയില്‍ നിരത്തി വെച്ചിരിക്കുന്നു. ഒരു വശത്ത് നല്ലോണം ഉരച്ചുകഴുകി വൃത്തിയാക്കിയ ഒരു പുതിയ മണ്‍കലത്തില്‍ രണ്ടിടങ്ങഴിയോളം അന്തിക്കള്ളും. കള്ള് ചെത്തുകാരന്‍ അന്തോണിയുടെ കയ്യില്‍ നിന്ന് തെങ്ങിന്റെ ചോട്ടില്‍ വെച്ചുതന്നെ വാങ്ങിയതാണത്രേ. ബീഫും പൊറോട്ടേം പട്ടണത്തിലെ ഏതോ വലിയ ഹോട്ടലില്‍നിന്നു വാങ്ങിച്ചു.ബാക്കിയൊക്കെ അവനും അവന്റെ പെണ്ണും ചേര്‍ന്ന് ഉണ്ടാക്കിയത്രേ. ആദ്യം തന്നെ കള്ളെടുത്ത് ഒന്നുരുചിച്ചുനോക്കി. ഹോ! അത്രയും രുചിയുള്ള, ശുദ്ധമായ അന്തിക്കള്ള് അന്നുവരെ താന്‍ കുടിച്ചിട്ടില്ല.

അന്നവന്‍ തന്നോട് കുറേ വര്‍ത്തമാനം പറഞ്ഞു. തന്നെ കുറേ കളിയാക്കി. അവന്‍ പറയുന്ന ഓരോ വാചകത്തിനും താന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു - ചിലതൊക്കെ തമാശയായതുകൊണ്ടും ബാക്കി കള്ള് തലയ്ക്കുപിടിച്ചതുകൊണ്ടും. തെക്കേന്ന് ലക്ഷ്മിക്കുട്ടിട്ടീച്ചര്‍ 'എന്താവടെ ബഹളം' എന്നു വിളിച്ചു ചോദിച്ചപ്പോള്‍ 'ഞാന്‍ അപ്പനെയൊന്ന് കള്ളുകുടിപ്പിക്ക്യാ ടീച്ചറേ, ടീച്ചറ് വാതലൊക്കെ അടച്ച് കെടന്നൊറങ്ങിക്കോളൂ' എന്നു പറഞ്ഞു, അവന്‍. ഇരുന്നയിരുപ്പില്‍ ആ കള്ളുമുഴുവന്‍ കുടിച്ചുതീര്‍ത്തു. ബീഫും പൊറോട്ടയും കോഴിക്കറിയും കുറേ തിന്നു. വയറു നിറഞ്ഞ് തലയ്ക്ക് കെട്ടായപ്പോള്‍ പതുക്കെ എഴുന്നേറ്റ് അകത്തുപോയി പായും തലയണയുമെടുത്ത് പതുക്കെ ടെറസ്സിലേക്കുപോകാന്‍ തുടങ്ങി. "അപ്പനിതെവടയ്ക്കാ?" എന്നായി അവന്‍. "അതേയ്, കള്ളാ വയറ്റീക്കെടക്കണേ. പോരാത്തേന് നല്ലോണം മസാലേം വെളുത്തുള്ളീമിട്ട് വരട്ടിയെടുത്ത എറച്ചീം. കൊറച്ചുകഴിഞ്ഞാ ഗ്യാസുവരാന്‍ തൊടങ്ങും. അതിന്റെ ഒച്ചേം നാറ്റോമൊന്നും ആ പെങ്കൊച്ചിന് സഹിക്കില്ല്യ. വെര്‍തേന്തിനാ നമ്മള് നമുക്കന്നെ നാണക്കേടുണ്ടാക്കണേ. ഹ ഹ ഹ ഹ... പിന്നൊരു കാര്യങ്കൂടിണ്ട്. കള്ളുകുടിച്ച് അങ്ങനെ മലന്നുകെടന്ന് ആകാശത്തെ നക്ഷത്രങ്ങളെയൊക്കെ നോക്കീട്ട് വെറുതേ കെടക്കാന്‍ നല്ല രസാണ്. നീയവടെ വല്ലതും കഴിച്ച് കെടന്നൊറങ്ങിക്കോ" എന്നും പറഞ്ഞ് താന്‍ മുകളിലേക്കു പോയി. അവന്‍ ആ പെണ്ണിനോട് ഇംഗ്ലീഷില്‍ എന്തോ പറയുന്നതും അതുകേട്ട് അവള്‍ പൊട്ടിച്ചിരിക്കുന്നതും കേട്ടു. ഒന്നുറക്കം പിടിച്ചുവന്ന നേരത്താണ് അടുത്തൊരു കാല്‍പ്പെരുമാറ്റം കേട്ടത്. അവനും ഏതാണ്ട് എട്ടടി ദൂരെ ഒരു പായയും വിരിച്ച് കിടക്കാനൊരുങ്ങുന്നു. "നീയെന്താടാ ഇവടെ?" എന്നു ചോദിച്ചപ്പോള്‍ "കള്ളുകുടിക്കാതെയും നക്ഷത്രങ്ങളെക്കാണാന്‍ നല്ല രസമാണപ്പാ" എന്നായി, അവന്‍. അതുകേട്ട് താന്‍ ഒന്നുകൂടി പൊട്ടിച്ചിരിച്ചു.

അമേരിക്കയില്‍ അവന്‍ ഏതാണ്ട് എട്ടുവര്‍ഷത്തോളം പണിയെടുത്തു. അതുകഴിഞ്ഞപ്പോളാണ് ബുഷിന്റെ ഭരണം തുടങ്ങിയതും അമേരിക്കയില്‍ ഭീകരാക്രമണമുണ്ടായതും. അക്കൊല്ലം അവസാനം അവന്‍ അമേരിക്കവിട്ട് ബാങ്കളൂരുള്ള അവന്റെ ഒരു കൂട്ടുകാരന്റെ കമ്പനിയില്‍ ചേര്‍ന്നു. അവന്‍ ഇന്ത്യയിലേക്കുവന്നതില്‍ താന്‍ ഏറേ സന്തോഷിച്ചു - ഒന്നുമില്ലെങ്കിലും പോയിവരാവുന്ന ദൂരത്തിലാണല്ലോ.കഴിഞ്ഞ വര്‍ഷം അവനൊരു മകന്‍ ജനിച്ചു.കൂട്ടുകാരന്റേയും അവന്റേയും മിടുക്കുകൊണ്ട് ആ കമ്പനി മൂന്നുവര്‍ഷംകൊണ്ട് വലിയൊരു കമ്പനിയായി.

മൂന്നുമാസം മുമ്പാണ് അവന്‍ ഏതോ അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്നും വീട്ടിലേക്കുവരികയാണെന്നും ഫോണ്‍ ചെയ്തുപറഞ്ഞത്. അവന്‍ തനിച്ചാണുവന്നത്. ഒരു ശനിയാഴ്ചയായിരുന്നു അന്ന്. ഉച്ചയൂണൊക്കെക്കഴിഞ്ഞ് ഞങ്ങള്‍ സംസാരിക്കാനിരുന്നു.

അവന്റെ കൂട്ടുകാരന്‍ തിരിച്ച് അമേരിക്കയ്ക്ക് പോകുകയാണ്. അയാളുടെ പിള്ളേര്‍ക്ക് ഇവിടത്തെ കാലാവസ്ഥ പറ്റൂന്നില്ലത്രേ. കമ്പനി വിറ്റിട്ടുപോകണമെന്നാണ് അയാളുടെ പ്ലാന്‍. രാജുമോന്റെ കയ്യില്‍ കമ്പനിയുടെ കുറച്ച് ഓഹരികള്‍ ഉണ്ട്. ബാക്കിയെല്ലാം മറ്റവന്റെ കയ്യിലാണ്. അയാളുടെ കയ്യിലുള്ള ഷെയറ് മോന് വളരേ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ അയാള്‍ തയ്യാറാണത്രേ. മോന്റെ കയ്യില്‍ കുറച്ചുപണമുണ്ട്. കുറച്ചൊക്കെ ബാങ്കുകാര്‍ കടം തരും. ഇനിയും പതിനഞ്ചുലക്ഷം രൂപകൂടിയുണ്ടെങ്കില്‍ കമ്പനി മൊത്തം സ്വന്തം പേരില്‍ വാങ്ങാം - അല്ലെങ്കില്‍ വേറൊരുത്തനെ പങ്കാളിയാക്കേണ്ടി വരും. അപ്പന് സഹായിക്കാന്‍ പറ്റൂമോയെന്നറിയാനാണ് അവന്‍ വന്നത്.

"ഈ വീടും പറമ്പും മാത്രേ എന്റേലുള്ളൂ. അതുപിന്നെ നിനക്കുള്ളതുതന്ന്യാ. പക്ഷേ ഇതുവിറ്റാ പതിനഞ്ചൊന്നും കിട്ടില്ല്യ. കൂടിയാ ഒരെട്ടു കിട്ടുമായിരിക്കും. പതിനഞ്ചൊക്കെ എടുക്കാന്‍ എന്റേലിണ്ടാവില്ല്യ കുട്ട്യേ" എന്നു പറഞ്ഞു. അതുകേട്ട് അവന്റെ മുഖമൊന്നു വാടിയതായി തോന്നി.

പിന്നെ താനോര്‍ത്തു. അവനുവേണ്ടി താന്‍ ജീവിതത്തില്‍ ഇതുവരെ ഒരു ചുക്കും ചെയ്തിട്ടില്ല. അവന്‍ ഇതുവരെ തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടുമില്ല. ആദ്യമായിട്ടാണു് ഒരു തന്ത ചെയ്യേണ്ട സഹായത്തിന് മോന്‍ കയ്യും നീട്ടി വന്നിരിക്കുന്നത്. ഒരിക്കലെങ്കിലും അവനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ താന്‍ ഇങ്ങനെ തന്തയാണെന്നും പറഞ്ഞ് ഇരിക്കുന്നതെന്തിന്!

"എന്നയ്ക്കാ നിനക്ക് കാശുവേണ്ടേ?"
"ഒരു രണ്ടുമാസത്തിനുള്ളില് വേണം എന്നാലേ അവന്‍ പോണേനുമുമ്പ് എല്ലാ കടലാസ്സും ശെരിയാക്കാന്‍ പറ്റുള്ളു."
"ഞാനൊന്നു നോക്കട്ടെ. നീ പോയിറ്റ് രണ്ടാഴ്ച കഴിഞ്ഞട്ട് വിളിക്ക്".

അങ്ങനെ അവനോടുപറഞ്ഞെങ്കിലും എന്തുചെയ്യുമെന്ന് വ്യക്തമായ ഒരു പരിപാടിയുമുണ്ടായിരുന്നില്ല. പത്രത്തിലും സിനിമയിലുമൊക്കെ കിഡ്നിയോ മറ്റോ വിറ്റു കാശുണ്ടാക്കുന്ന പരിപാടിയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. അതിനായി കാശുള്ള ആവശ്യക്കാരനെ എങ്ങനെ കണ്ടുപിടിക്കും? 'കിഡ്നി വില്‍ക്കാനുണ്ട്, വില ഏഴുലക്ഷം' എന്നു പരസ്യം കൊടുക്കാനൊന്നും പറ്റില്ലല്ലോ.

അപ്പോഴാണ് പുഴവക്കത്തെ കോവിലകം വിറ്റകാര്യം ഓര്‍മ്മവന്നത്. കോലോത്തെ തമ്പുരാന്‍ പതിനഞ്ചുലക്ഷം രൂപയ്ക്കാണ് അതുവിറ്റത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വാങ്ങിയയാള്‍ അത് ഇരുപതുലക്ഷം രൂപയ്ക്ക് വേറൊരാള്‍ക്കുവിറ്റു. അയാളുപിന്നെ എറണാകുളത്തെ ഏതോ റിസോര്‍ട്ടുകമ്പനിക്ക് ഇരുപത്തിമൂന്നുലക്ഷത്തിനു വിറ്റൂ. തമ്പുരാന് അതുകേട്ടപ്പോള്‍ ഹാര്‍ട്ടറ്റാക്കുവന്നുവത്രേ! അപ്പോള്‍ ശരിയായ ഇടപാടുകാരനെ കിട്ടിയാല്‍ നല്ല വിലകിട്ടും - അല്ലെങ്കില്‍ ഇടനിലക്കാര്‍ കാശടിച്ചുകൊണ്ടുപോകും.

ഏതായാലും എറണാകുളത്തെ ആ റിസോര്‍ട്ടുകാരെ ഒന്നുചെന്നുകാണാന്‍ തന്നെ തീരുമാനിച്ചു. ഒരുച്ചനേരത്താണ് അവിടെയെത്തിയത്. ചുട്ടുപഴുത്ത വെയിലില്‍ നടന്ന് കമ്പനിയുടെ ഓഫീസ് അന്വേഷിച്ചുപിടിച്ചെത്തിയപ്പോഴേക്കും തലകറങ്ങിത്തുടങ്ങിയിരുന്നു. ഭാഗ്യംകൊണ്ട് ഓഫീസില്‍ എയര്‍കണ്ടീഷന്‍ ഉണ്ടായിരുന്നു. ഉമ്മറത്തിരിക്കുന്ന പെണ്ണിനോട് കാര്യം പറഞ്ഞു. അവള്‍ അവിടെ ഒരു കസേരയില്‍ പോയി ഇരിക്കാന്‍ പറഞ്ഞു. ഒരിരുപതുമിനിട്ടുനേരം അവള്‍ പലരോടും ഫോണില്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്നതും നോക്കിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കോട്ടും സൂട്ടുമിട്ട ഒരു ചെറുപ്പക്കാരന്‍ തന്റെയടുത്തേക്കുവന്നു.

"ഉം, എന്താ?"
"അല്ല...നിങ്ങള് കിഴക്കേ പുഴക്കരേല് വാങ്ങിയ പറമ്പിന്റെ തൊട്ടടുത്ത് കൊറച്ചു സ്ഥലം വിക്കാനുണ്ടായിരുന്നേ. നിങ്ങളു വാങ്ങ്വോന്നറിയാന്‍ വന്നതാ"
"സ്ഥലം പുഴയ്ക്ക് തൊട്ടാണോ?"
"അല്ല, കൊറച്ച് ഉള്ളിലിക്കാ"
"പുഴയ്ക്കടുത്തുള്ള സ്ഥലമേ ഞങ്ങളു വാങ്ങാറുള്ളൂ. എന്നുതന്നെയല്ല, ആ റിസോര്‍ട്ടിനു വേണ്ട സ്ഥലം ഇപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കുണ്ട്"
"ഓ....അപ്പൊ അതു വേണ്ടാല്ലേ..."
"വേണ്ട" എന്നുപറഞ്ഞ് അയാള്‍ മുഖത്തേയ്ക്കുനോക്കാതെ തിരിഞ്ഞുനടന്നു. താന്‍ നഗരത്തിന്റെ പൊള്ളുന്ന ഉച്ചവെയിലിലേയ്ക്ക് വീണ്ടും.

തിരിച്ച് ഗ്രാമത്തില്‍ ബസ്സിറങ്ങിയപ്പോള്‍ മണി എട്ട്. ഭക്ഷണം കഴിക്കാനൊന്നും തോന്നിയില്ല. കവലയില്‍ത്തന്നെയുള്ള വടക്കന്റെ ചായക്കടയില്‍ കേറി ഒരു ചായയും രണ്ടു വടയും പറഞ്ഞു.

മുഖത്തെ ക്ഷീണം കണ്ടിട്ടാവണം വടക്കന്‍ ചോദിച്ചു "എന്താ വല്ലാണ്ടിരിക്കണൊണ്ടല്ലാ, എന്തുപറ്റി?"
"ഓ ഒന്നും പറയണ്ട. സ്ഥലം വിക്കാമ്പൂവ്വാ. വാങ്ങിക്കാനാളെക്കിട്ടോന്ന് നോക്കാന്‍ ഏര്‍ണാളം വരെ ഒന്നു പോയതാ"
"അയിനെന്തിനാ എര്‍ണാളത്ത് പോണെ? സ്ഥലം മേടിക്കാന്‍ ആളെക്കിട്ടാനാണോ പ്രയാസം!"
"അതല്ലടാ. എനിക്ക് കാശുകുറച്ചുകൂടുതല്‍ വേണം - ഒരു പതിനഞ്ചുലക്ഷം"
"അത്രേയൊന്നും എന്തായാലും കിട്ടില്ല്യാന്നാ തോന്നണേട്ടോ"
"അങ്ങനന്ന്യാ എനിക്കും തോന്നണേ. പക്ഷേ ആ കോലോത്തെ പറമ്പ് അവസാനം എത്രയ്ക്കാ പോയേന്നറിയാല്ലോ. നമ്മടെ കയ്യീന്ന് പോയാ വേറാരെങ്കിലുമായിരിക്കും അതീന്ന് കാശിണ്ടാക്ക്വാ. എന്തായാലും ഞാനൊന്നു ശ്രമിക്കട്ടെ. കിട്ട്വോന്ന് നോക്കാല്ലൊ"

വടക്കന് കാശും കൊടുത്ത് പതുക്കെ വീട്ടിലേക്കു നടന്നു. വഴിനീളെ ഒരു നൂറു ചിന്തകള്‍ തലയിലൂടെ കടന്നുപോയി. വീട്ടില്‍ വന്ന് ഒന്നു കുളിച്ച് ഉമ്മറത്തെ കസേരയിലിരിക്കുമ്പോളാണ് പുറത്ത് ബെല്ലടിച്ചത്.

അദ്ധ്യായം ആറ് (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 )


വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഏതാണ്ട് അമ്പതുവയസ്സുതോന്നിക്കുന്ന ഒരു താടിക്കാരന്‍. കറുത്ത പാന്റും ചാരനിറത്തിലുള്ള ജുബ്ബയുമാണ് വേഷം. പരിചയമുള്ള മുഖമല്ല - പക്ഷേ വടക്കന്റെ ചായക്കടയില്‍ കേറിയപ്പോള്‍ അയാള്‍ അവിടെ ഇരിപ്പുണ്ടായിരുന്നോ എന്നൊരു സംശയം മനസ്സില്‍ തോന്നി.

"നിങ്ങളുടെ വീടും പറമ്പും കൊടുക്കാനുണ്ടെന്നറിഞ്ഞു. എനിക്കുവാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. സംസാരിക്കുന്നതില്‍ വിരോധമുണ്ടോ?"
"ഞാന്‍ ഇപ്പൊ ഒരു യാത്രകഴിഞ്ഞുവന്ന് ക്ഷീണിച്ചിരിക്കേണ്. നിങ്ങള് നാളെ വാ"
"നാളെ കുറച്ചുബുദ്ധിമുട്ടാണ്‌ട്ടോ, ഞാന്‍ കുറേ ദൂരെനിന്നു വരുന്നതാണേയ്. ഞാന്‍ അധികം നേരമെടുക്കില്ല. വിലയൊത്തില്ലെങ്കി പിന്നെ ഇതിനായിട്ട് വരണ്ടല്ലോ"
"എന്താ നിങ്ങടെ പേരു്?"
"എല്ലാവരും എന്നെ എംജി മാഷെന്നാണ് വിളിക്ക്യാ. കണ്ണൂരിനടുത്താണ് വീട്"
"അകത്തേയ്ക്കിരുന്നോളൂ"
"ഓ.." അയാള്‍ അകത്തേയ്ക്കുവന്ന് കസേരയിലിരുന്നു. "അപ്പൊ എന്തുവിലയ്ക്കാ നിങ്ങളു വില്‍ക്കാന്‍ പോണത്?"
"പതിനഞ്ചുലക്ഷം രൂപ. എനിക്ക് പതിനഞ്ചുലക്ഷം രൂപ വേണം"
മാഷ് കുറച്ചുനേരം തന്നെ സൂക്ഷിച്ചുനോക്കി.
"പതിനഞ്ചുലക്ഷം രൂപ ഞാന്‍ തരാം. പക്ഷേ അതിന് ഈ പുരയിടം മാത്രം തന്നാല്‍ പോരാ. എനിക്കുവേണ്ടി ചെറിയ ഒരു പണികൂടി ചെയ്തുതരണം"
"എന്തുപണി?"
"ഒരു ചെറിയ കൊല്ലപ്പണിയാണ്"
"കൊല്ലപ്പണിയൊക്കെ നിര്‍ത്തീട്ട് ഇപ്പൊ കൊല്ലം കൊറേ കഴിഞ്ഞു മാഷേ. അതൊന്നും ഇനി ഞാന്‍ ചെയ്താല്‍ ശര്യാവില്ല്യ"
മാഷ് ഒന്നുകൂടി തന്നെ സൂക്ഷിച്ചുനോക്കി.
"ഞാന്‍ ഭാരതസര്‍ക്കാറിന്റെ സൈനികവിഭാഗത്തില്‍ ജോലിചെയ്യുന്ന ആളാണ്" പോക്കറ്റില്‍ നിന്ന് ഫോട്ടോ പതിച്ച ഒരു കാര്‍ഡെടുത്തു കാണിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു. "സൈന്യത്തിനുവേണ്ടി ഒരു പുതിയതരം വടിവാള്‍ നിര്‍മ്മിക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ എനിക്ക് അമ്പതു വടിവാളുകള്‍ നിര്‍മ്മിച്ച് സൈന്യത്തിനു കൊടുക്കണം. ഇരുമ്പുകൊണ്ടല്ല, ഞങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയൊരു ലോഹസങ്കരംകൊണ്ടാണ് അതുണ്ടാക്കേണ്ടത്. അതുകൊണ്ട് ഒരു പ്രഗല്‍ഭനായ ഒരു കരുവാനെയാണ് എനിക്കാവശ്യം"
"അപ്പൊ നിങ്ങളുവീടുവാങ്ങാന്‍ വന്നതല്ല, അല്ലേ"
"ഞാന്‍ പറമ്പുവാങ്ങിയില്ലെങ്കില്‍ എന്റെ അടിക്കടിയുള്ള വരവില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നും. സൈന്യത്തിന്റെ രഹസ്യം ചോരാന്‍ അതുമതി" എംജി മാഷ് ചിരിച്ചുകൊണ്ടു പറഞ്ഞു. " ഈ പുരയിടവും ഞാന്‍ പറഞ്ഞ പണിയും ചേര്‍ത്ത് പതിനഞ്ചുലക്ഷം രൂപ തരാന്‍ ഞാന്‍ തയ്യാറാണ്. പത്തുലക്ഷം രൂപ ചെക്കായി അടുത്തയാഴ്ചതന്നെ ഞാന്‍ കൊണ്ടുവരാം. ബാക്കി അഞ്ചുലക്ഷം രൂപ ക്യാഷായി പണി തീരുമ്പോള്‍ തരും. പതിനഞ്ചുലക്ഷം മുഴുവന്‍ കയ്യില്‍ കിട്ടിയ ശേഷം മാത്രം പറമ്പ് എന്റെപേരില്‍ എഴുതിത്തന്നാല്‍ മതി. എന്താ, അതില്‍ പ്രശ്നമുണ്ടോ?"

ആ ഇടപാടില്‍ വലിയ പന്തികേടൊന്നും കണ്ടില്ല. "ശരി. അപ്പൊ അടുത്താഴ്ച കാണാം" എന്നുപറഞ്ഞ് അദ്ദേഹം ഇറങ്ങി.

പിറ്റേയാഴ്ച പറഞ്ഞതുപോലെ എംജി മാഷ് കുറേ സാധനങ്ങളുമായി ഒരു ജീപ്പില്‍ വന്നു. വന്നയുടനേ ചെക്ക് കൈയ്യില്‍ തന്നു. മാഷിന്റെ ജീപ്പില്‍ത്തന്നെ ബാങ്കില്‍പോയി അതുകൊടുക്കുകയും ചെയ്തു. ചെക്ക് ക്ലിയര്‍ ചെയ്തുവരാന്‍ ഏതാണ്ട് നാലാഴ്ചയെടുക്കുമെന്ന് ബാങ്കുകാര്‍ പറഞ്ഞു.

ജീപ്പ് നേരെ കിഴക്കോട്ടാണ് പിന്നെപ്പോയത്. കാട്ടിലെത്തിയപ്പോള്‍ ഒരിടവഴിയിലേയ്ക്കു കയറി. അതുവഴി കുറച്ചുനേരം ഓടിച്ചപ്പോള്‍ ഏതാണ്ട് വഴി മുട്ടി. അവിടെയിറങ്ങി കുറച്ചുദൂരം നടന്നു. നിറയെ പൊന്തക്കാടുകള്‍ക്കിടയില്‍ വെട്ടിത്തെളിച്ച ഒരു സ്ഥലത്തെത്തി.

"ഇതെന്താണിവിടെ?" ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
"ഇതാണ് നമ്മുടെ വര്‍ക്ക്ഷാപ്പ്. ഇവിടെവെച്ചാണ് നമ്മള്‍ വാളുകള്‍ നിര്‍മ്മിക്കുന്നത്" മാഷ് വളരേ സൌമ്യമായി പറഞ്ഞു. "കുമാരനു വേണ്ട എല്ലാ സൌകര്യങ്ങളും ഞാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. ഭക്ഷണവും ചായയുമടക്കം"

താന്‍ ചുറ്റും ഒന്നു നോക്കി. ഒരു വിശേഷപ്പെട്ട രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ഉല - അത് നാലുപാടും ഓലയിട്ടു മറച്ചിരിക്കുന്നു. ഉലയില്‍നിന്നുള്ള പുക പുറത്തുവരാത്തവിധത്തിലുള്ള ഒരു സജ്ജീകരണമുണ്ടായിരുന്നു. പത്തടിയകലെ മരപ്പലകകള്‍ കൊണ്ടുണ്ടാക്കിയ പെട്ടിവീട്. അതിനുള്ളില്‍ വെളുത്ത തെര്‍മക്കോള്‍ എന്നുപേരുള്ള ഒരു സാധനം പതിച്ചിരുന്നു. ഉള്ളില്‍ മോട്ടര്‍ പിടിപ്പിച്ച അരം . വാള്‍ രാകുന്ന ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാനാണ് തെര്‍മക്കോള്‍ പതിച്ചിരുന്നതത്രേ.

അന്നുമുതല്‍ ആ കാട്ടിനുള്ളിലായി സ്ഥിരജോലി. ദിവസേന ജീപ്പില്‍ അങ്ങോട്ടു കൊണ്ടുപോകുകയും തിരികെ കൊണ്ടുവരികയും ചെയ്യും. ഒരേയിടത്തുനിന്ന് കയറുകയോ ഒരേയിടത്തുവന്നിറങ്ങുകയോ പതിവില്ല - ആളുകള്‍ ശ്രദ്ധിക്കാതിരിക്കാനാണത്രേ അത്. ഭക്ഷണമൊക്കെ വരുന്ന വഴിക്ക് ഡ്രൈവര്‍ വാങ്ങി ജീപ്പിനകത്തു വെച്ചിട്ടുണ്ടാകും.

ആദ്യത്തെ അഞ്ചുദിവസം വാളുണ്ടാക്കുന്ന വിധം പഠിപ്പിക്കാന്‍ മാഷ് കൂടെയുണ്ടായിരുന്നു. ഒരു വല്ലാത്ത ലോഹമായിരുന്നു അത് - അതിനെയൊന്നടിച്ചു മെരുക്കിയെടുക്കാന്‍ ശരിക്കും പാടുപെട്ടു. അതിന്റെ വായ്ത്തല രാകിയിരുന്നത് ജീപ്പിന്റെ ഡ്രൈവര്‍തന്നെയായിരുന്നു. ഇരുവശത്തും വായ്ത്തലയുള്ള വീതിയും കനവും കുറഞ്ഞ തീരെ ഭാരമില്ലാത്ത ഒരു വിശേഷപ്പെട്ട തരം വടിവാളായിരുന്നു അത്. രാകിയ ശേഷം വായ്ത്തല ഒന്നുകൂടി ചൂടാക്കി അതിന്നുമേല്‍ മാഷുകൊണ്ടുവന്ന എണ്ണപോലുള്ള ഏതോ ദ്രാവകം തേച്ചുപിടിപ്പിക്കണം. വാളിന്റെ മൂര്‍ച്ച നഷ്ടപ്പെടാതിരിക്കാനാണത്രേ അത്. വാളില്‍ പിടിപ്പിക്കാനുള്ള പിച്ചളകൊണ്ടുണ്ടാക്കിയ പിടിയും മാഷു കൊണ്ടുവന്നിരുന്നു.

ലോഹം കാച്ചിയെടുക്കുന്ന വിധം തനിക്കു മനസ്സിലായെന്നു ബോധ്യപ്പെട്ടതോടെ മാഷ് പോയി. കൂടെ ആ ഡ്രൈവര്‍ മാത്രം. അയാള്‍ മലയാളം സംസാരിക്കില്ലായിരുന്നു എന്നുതന്നെയല്ല, തന്നോടു സംസാരിക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത മട്ടും ഭാവവുമായിരുന്നു. താന്‍ ഉലയില്‍ പണിയെടുക്കുമ്പോള്‍ അയാള്‍ അങ്ങു താഴെ റോഡിലേക്കു നോക്കി നില്‍ക്കുന്നുണ്ടാകും. വാള്‍ രാകാന്‍ അയാള്‍ അകത്തുകയറുമ്പോള്‍ റോഡിലേക്കു ശ്രദ്ധിക്കേണ്ട പണി തന്നെ ഏല്‍പ്പിക്കും.

ഒരു മാസത്തിനകം അങ്ങനെ അമ്പത്തിമൂന്നു വാളുകള്‍ ഉണ്ടാക്കി. ലോഹം തീര്‍ന്നയന്നുതന്നെ എംജി മാഷ് തിരിച്ചുവന്നു. കൂടെ മെലിഞ്ഞുണങ്ങിയ അഞ്ചു ചെറുപ്പക്കാരും ഉണ്ടായിരുന്നു.

വന്നയുടനെ മാഷ് ഒരു സൂട്ട്കേസ് തുറന്നു കാണിച്ചു. അതില്‍ നിറയെ കാശുകെട്ടുകള്‍!

"പറഞ്ഞതിലും ഒരു ലക്ഷം രൂപ കൂടുതലുണ്ട്" മാഷുപറഞ്ഞു "പറഞ്ഞ ജോലി ഭംഗിയായി ചെയ്തതിനുള്ള സന്തോഷം കൊണ്ടാണ്. ഏടുത്തോളൂ".

"മാഷേ ഒരു കാര്യം കൂടി. ഒന്നുരണ്ട് ഇരുമ്പുകഷണങ്ങളു് ബാക്കി കെടക്കണുണ്ട്. ഞാനതോണ്ട് ഒരു പിച്ചാത്തീം വെട്ടോത്തിം ഇണ്ടാക്കിക്കോട്ടേ"

മാഷ് ഒന്നു ചിരിച്ചു "അതിനെന്താ. ധൈര്യമായി ഉണ്ടാക്കിക്കോളൂ".

മാഷ് പിന്നെ കൂടെവന്ന പിള്ളേരോട് ഹിന്ദിയില്‍ എന്തോ പറഞ്ഞു. അവരോടു സംസാരിക്കുമ്പോള്‍ ഭയപ്പെടുത്തുന്ന ഒരു ഗൌരവം മാഷിന്റെ മുഖത്തു കാണാമായിരുന്നു.

അവരില്‍ രണ്ടുപേര്‍ ഓരോ കൈയ്യിലും ഓരോ വാള്‍ വീതമെടുത്ത് രണ്ടുവശത്തുമുള്ള പൊന്തക്കാട്ടിലേക്കു നീങ്ങി.

പിന്നെ അവിടെ കണ്ട കാഴ്ച തന്നെ അമ്പരപ്പിച്ചു. അഞ്ചുമിനിട്ടുകൊണ്ട് ഏതാണ്ട് പത്തുസെന്റ് ഭൂമിയിലെ കാടുമുഴുവന്‍ അവര്‍ കണ്ടംതുണ്ടം വെട്ടി നിരപ്പാക്കി! അവര്‍ വെറും ഉണക്കത്തോലുകളല്ല, ഉറച്ച ശരീരമുള്ള തികഞ്ഞ അഭ്യാസികളാണെന്ന് അപ്പോഴാണ് മനസ്സിലായത്.

"അപ്പോ ഈ കാശൊക്കെ എന്തു ചെയ്യാന്‍ പോകുന്നു?" മാഷിന്റെ ആ ചോദ്യം തന്റെ ശ്രദ്ധ തിരിച്ചു.

"ഇത് ബാങ്കളൂരു കൊണ്ടോയി മോനു കൊടക്കണം. അവനൊരു കമ്പനി മേടിക്കാന്‍ കാശുവേണം. അതിനാ ഞാന്‍ ഈ പാടൊക്കെ പെട്ടേ".

"ഈ പണംകൊണ്ട് ഒന്നും വാങ്ങാന്‍ പറ്റില്ല - എന്നുതന്നെയല്ല ഇത്രയും പണം ക്യാഷായി തന്റെ കൈയ്യില്‍ കണ്ടാല്‍ പോലീസ് ഒരു പക്ഷേ തന്നെ അറസ്റ്റുചെയ്തേക്കും. ഇത്രയും പണം എവിടന്നു വന്നു എന്നു ചോദിച്ചാല്‍ എന്തു പറയും?"

"സ്ഥലം വിറ്റട്ടു കിട്ടീന്നു പറയും"

"മാര്‍ക്കറ്റിലെ വിലയുടെ ഇരട്ടിത്തുകയാണ് ഇപ്പോള്‍ തന്റെ കൈയ്യിലുള്ളത്. അങ്ങനെയൊന്നും തടിതപ്പാന്‍ പറ്റില്ല."

തനിക്ക് ഉത്തരം മുട്ടി.

"ഏതായാലും ഈ വിഷയത്തില്‍ താന്‍ ആവശ്യമില്ലാത്ത വയ്യാവേലിയില്‍ പെടാതെ സൂക്ഷിക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യമാണ്. കുമാരന്‍ മകനെ വിളിച്ച് അഡ്വക്കേറ്റ് റൊസാരിയോയെ കാണാന്‍ പറയൂ. അദ്ദേഹം ബാങ്കളൂരില്‍ തന്നെയാണ്. മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹം ശരിയാക്കിത്തരും. നിങ്ങളുടെ എല്ലാ കാര്യങ്ങളും ശരിയാകുന്നതുവരെ ഈ ഡ്രൈവര്‍ തന്റെ കൂടെയുണ്ടാകുകയും ചെയ്യും. എന്താ പോരെ". മാഷ് വളരേ സ്നേഹത്തോടെ പറഞ്ഞു. തനിക്കു വളരേ സന്തോഷമായി.

മാഷിന്റെ കൂടെവന്ന പിള്ളേര്‍ വാളുകളും എടുത്ത് അന്നുതന്നെ പോയി. പിറ്റേദിവസം മാഷ് ഒരു തിരുവല്ലാക്കരന്‍ സ്കൂള്‍മാഷേയും കൊണ്ടു വന്നു. പുരയിടം മുഴുവന്‍ ആ മാഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. താന്‍ എന്തുവിലയ്ക്കാണ് പുരയിടം വിറ്റതെന്നു പറയുകയോ, മറ്റേയാള്‍ എന്തുവിലയ്ക്കാണ് അതു വാങ്ങിയതെന്നു തിരക്കുകയോ ചെയ്യരുതെന്ന് എംജി സാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മില്‍ തീരെ സംസാരം ഉണ്ടായില്ല. ഇടപാടു തീര്‍ന്നയുടനേ മാഷ് വളരേ വിനയത്തോടെ കൈപിടിച്ച് യാത്രപറഞ്ഞു പോയി.

അന്നുതന്നെ മകനെ വിളിച്ച് വക്കീലിനെ പോയിക്കാണാന്‍ പറഞ്ഞു. വൈകീട്ട് മകന്‍ വിളിച്ചപ്പോഴാണ് അറിയുന്നത്, ഈ വക്കീല്‍ അവിടത്തെ വളരേ വലിയൊരു വക്കീലാണെന്നും മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസുവാങ്ങുന്നയാളാണെന്നും. എംജി സാര്‍ വിളിച്ചുപറഞ്ഞതുകൊണ്ട് അദ്ദേഹം പണമൊന്നും വാങ്ങാതെ എല്ലാ പണിയും വേണ്ടരീതിയില്‍ ചെയ്തുതരാമെന്നു പറഞ്ഞത്രേ.

അന്നു രാത്രി പത്തുലക്ഷത്തിന്റെ ഡ്രാഫ്റ്റും ആറുലക്ഷം രൂപയും കൊണ്ട് മാഷിന്റെ ജീപ്പില്‍ ബാങ്കളൂരേക്കു യാത്രയായി. ഡ്രൈവര്‍ ഒന്നും മിണ്ടാത്തയാളായതുകൊണ്ട് കുറച്ചുസമയത്തിനകം പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. പിറ്റേന്ന് അതിരാവിലെ മകന്റെ വീട്ടിലെത്തി. പണപ്പെട്ടി അവനെ ഏല്പിച്ചു. അന്നാദ്യമായി തന്റെ പേരക്കുട്ടിയെ കണ്ടു. നല്ല ഭംഗിയുള്ള ഉടുപ്പിട്ട ഒരു സുന്ദരന്‍ തക്കിടിമുണ്ടന്‍. ഒരു കൊട്ടാരം പോലെയുള്ള ഫ്ലാറ്റായിരുന്നു അത്. അവിടുത്തെ വൃത്തിയും വെടിപ്പും കണ്ട് ഒരിടത്തിരിക്കാന്‍ പോലും തോന്നിയില്ല. ഒരു വിധത്തിലാണ് മൂന്നു ദിവസം അവിടെ കഴിച്ചുകൂട്ടിയത്.

ആ മൂന്നുദിവസം വക്കീലാപ്പീസില്‍ പോക്കും വരവുമായിരുന്നു. എംജി മാഷു തന്ന പണത്തിന് നിയപരമായ രേഖയുണ്ടാക്കുന്നതു മുതല്‍ കമ്പനി മകന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെയുള്ള എല്ലാ കടലാസ്സുകളും അതിനുള്ളില്‍ ആ വക്കീലാപ്പീസിലെ വക്കീലു പിള്ളേര്‍ ശരിയാക്കിയെടുത്തു. അതിനുശേഷം റൊസാരിയോ വക്കീല്‍ എല്ലാ പേപ്പറുകളും ഒന്നുകൂടി പരിശോധിച്ചു. കരാറിന്റെ സാക്ഷിയായി അദ്ദേഹം സ്വയം ഒപ്പിട്ടു. എല്ലാം വളരേ ഭംഗിയായി അവസാനിച്ചു. മകനും അവന്റെ കൂട്ടുകാരനും വളരേ സന്തോഷമായി. ഡ്രൈവര്‍ ഉടന്‍ തന്നെ നിന്ന നില്പില്‍ ഒരു സല്യൂട്ട് അടിച്ച് യാത്രപറഞ്ഞു. മകന്‍ അയാള്‍ക്ക് കുറച്ചു പണം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വളരേ നിര്‍വികാരനായി തണുപ്പന്‍ മട്ടില്‍ അതു നിരസിച്ചു.

എല്ലാം തീര്‍ത്ത് തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മനസ്സിന് വല്ലാത്തൊരു ആശ്വാസമായിരുന്നു. ഇനി പോകാനൊരിടം കണ്ടെത്തണം. വടക്കുള്ള ഏതെങ്കിലും പാര്‍ട്ടി ഗ്രാമത്തിലേയ്ക്കു പോകുകയാവും നല്ലതെന്നു തോന്നി. ഒന്നുമില്ലെങ്കിലും പെന്‍ഷന്‍ കൊണ്ട് കഞ്ഞി കുടിക്കാം, പാര്‍ട്ടി ആപ്പീസില്‍ അന്തിയുറങ്ങാം. മകന്റെ കൂടെ എയര്‍കണ്ടീഷന്‍ ചെയ്ത കൊട്ടാരത്തില്‍ ഏതായാലും തനിക്കു താമസിക്കണ്ട.

അങ്ങനെയൊക്കെ തീരുമാനിച്ചിരിക്കുമ്പഴാണ് ഈ പുലിവാലു കഴുത്തില്‍പ്പെട്ടത്.

അദ്ധ്യായം ഏഴ് (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 )


പുറത്ത് ആളനക്കമൊന്നും കേള്‍ക്കാനില്ല. പതുക്കെ വാട്ട‌ര്‍ടാങ്കിന്റെ മൂടി പൊക്കി പുറത്തേയ്ക്കിറങ്ങി. ടെറസ്സിലെ അഴയില്‍ വീട്ടുകാര്‍ ഉണക്കാനിട്ടിരുന്ന കറുത്ത നിറത്തിലുള്ള സല്‍വാര്‍-കമീസ് മഴയില്‍ നനഞ്ഞു കുതിര്‍ന്നുകിടക്കുന്നു. ഇരുട്ടില്‍ കണ്ണില്‍പെടാതിരിക്കാനും ഓടാനുള്ള സൌകര്യത്തിനും ആ സല്‍വാര്‍ നന്നായിരിക്കുമെന്നു തോന്നി. മുണ്ടും ഷര്‍ട്ടും ഉരിഞ്ഞ് ആ സല്‍വാറെടുത്ത് അരയില്‍ കെട്ടി. ഷര്‍ട്ടു പിരിച്ച് അതിനുമുകളില്‍ കെട്ടി. മുണ്ടെടുത്ത് കണ്ണൊഴികെയുള്ള ഭാഗങ്ങളെല്ലാം മറയുന്ന വിധത്തില്‍ തല മൊത്തം ചുറ്റിക്കെട്ടി.

എവിടെയാണ് തനിക്കുതെറ്റുപറ്റിയത്? എന്തിനാണ് ആ മാഷ് ഈ ഓണംകേറാമൂലയിലെ പാവം കരുവാനെ ഇങ്ങനെ പറ്റിച്ചത്? ജീവിതത്തില്‍ ഇന്നോളം ഇടപെട്ടിട്ടുള്ള എല്ലാവരും തനിക്കും മകനും നല്ലതേ ചെയ്തിട്ടുള്ളൂ. തന്നെ പറ്റിച്ചിട്ട് ആര്‍ക്കും വലിയ നേട്ടമൊന്നുമില്ലതാനും. എല്ലാവരേയും വിശ്വസിച്ചതുപോലെ അയാളേയും വിശ്വസിച്ചതാണോ കുഴപ്പമായത്?

ഒരുപക്ഷേ മാഷിനെ ആളുമാറി അറസ്റ്റുചെയ്തതായിരിക്കുമോ? ഇതുപോലെ വലിയ ജോലിയുള്ളയാള്‍ കൊലപാതകിയാകുമോ? ആണെങ്കില്‍ അയാള്‍ ഭീകരവാദിയോ, ഫ്യൂഡല്‍ മുതലാളിയോ, നക്സലൈറ്റോ അതോ കൊള്ളക്കാരനോ? ഇങ്ങനെയുള്ള ആള്‍ക്കാര്‍ക്ക് അത്രവലിയ വക്കീലന്മാരുമായി‌ ഇത്ര അടുത്ത ബന്ധം എങ്ങനെയുണ്ടായി?

ഒരുപക്ഷേ ഈ പോലീസ് വേട്ടയ്ക്ക് ആ സംഭവവുമായി ബന്ധമില്ലെങ്കിലോ? തല്ലുകൊണ്ട പിള്ളേരു് നാട്ടിലെ ഏതെങ്കിലും വലിയ പ്രമാണിയുടെ വേണ്ടപ്പെട്ടവരായതുകൊണ്ടായിരിക്കാം പോലീസിന് ഇത്രയ്ക്ക് ശുഷകാന്തി.

അതെന്തായാലും പിടികൊടുക്കാതിരിക്കുന്നതുതന്നെയാണ് ബുദ്ധി. എങ്ങനേയും മറുകരയിലെത്തണം. ആ വിശേഷ ലോഹം കൊണ്ടുണ്ടാക്കിയ പിച്ചാത്തിയും വെട്ടുകത്തിയും എവിടെയെങ്കിലും കുഴിച്ചുമൂടണം. എന്നിട്ട് രായ്ക്കുരാമാനം നാടുവിടണം.

ഇനിയാണ് ഒടുക്കത്തെ ഓട്ടം. ഇവിടെനിന്ന് പുഴയിലേക്ക് മൂന്നുമിനിട്ട് ഓടിയാല്‍ മതി. നെഞ്ചില്‍ നിറയെ ഒരു ശ്വാസമെടുത്തു. വീടിന്റെ കിഴക്കുഭാഗത്ത് ലൈറ്റില്ല - അതുകൊണ്ട് അവിടെനിന്ന് താഴേക്കുചാടാം.

കാറ്റില്‍ നല്ല ഈര്‍പ്പം. നല്ല തണുത്ത കാറ്റ്. ഇടയ്ക്കിടെയുള്ള ഇടിമിന്നലില്‍ ആകാശത്തു തിങ്ങി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ കാണാം.

'ഞാന്‍ ഇറങ്ങുകയാണ്. പിടിക്കാന്‍ പറ്റുമെങ്കില്‍ വരിനെടാ പട്ടികളേ. ഒന്നുകില്‍ ഓടിത്തോല്പിക്കും അല്ലെങ്കില്‍ അടിച്ചുതെറിപ്പിക്കും. മുട്ടൊറപ്പുള്ള ആണാരാണെന്ന് നിനക്കൊക്കെ ഞാന്‍ കാട്ടിത്തരാം.' അതോര്‍ത്തപ്പോള്‍ത്തന്നെ പേശികളില്‍ ഒരായിരം കുതിരകളുടെ കരുത്തനുഭവപ്പെട്ടു.

കിഴക്കേമുറ്റത്തേയ്ക്ക് ഒറ്റച്ചാട്ടം. ഉണക്കത്തേങ്ങ വീണപോലെ 'ധും' എന്നൊരു ശബ്ദത്തോടെ താഴെയെത്തി.

"ആരടാ അവടെ!" തുറന്നുകിടന്ന ജന്നലയില്‍നിന്ന് ഒരലര്‍ച്ച. ഒറ്റയോട്ടത്തിന് മതില്‍ ചാടി മനയ്ക്കലെ പറമ്പിലേയ്ക്കു കടന്നു. അവിടെനിന്ന് നേരെ പുഴക്കരയിലേയ്ക്ക്...

പിന്നില്‍ ആകെ ബഹളം. "ദേ, കള്ളന്‍ നമ്പൂരീടെ വളപ്പിലേക്ക് ചാടീട്ടുണ്ട്. പിടിയവനെ". പോലീസുകാരുടെ കൂട്ട വിസില്‍!

ഞൊടിയിടയില്‍ എട്ടോ ഒമ്പതോ ആളുകള്‍ മതില്‍ ചാടിക്കടന്ന് വേട്ടയില്‍ ചേര്‍ന്നു. വന്യമായൊരു ആവേശം തന്റെ സിരകളില്‍ പതഞ്ഞുയരുന്നു. ഓരോ കുതിപ്പിലും താന്‍ കാതങ്ങള്‍ താണ്ടുന്നതുപോലെ തോന്നി.

പിന്നില്‍നിന്ന് തന്നെ ലക്ഷമാക്കി എറിഞ്ഞ കരിങ്കല്‍ച്ചീളുകള്‍ ഇരുവശത്തുമുള്ള വാഴകളിലും തെങ്ങുകളിലും തട്ടിത്തെറിച്ചു. ഭാഗ്യത്തിന് തലയില്‍ കെട്ടുള്ളതുകൊണ്ട് ഒന്നു കൊണ്ടാലും കുഴപ്പില്ല. ദേഹത്തിന് അടിയും ഏറും കൊണ്ടുശീലമുള്ളതാണ്.

മഴ ശക്തിയായി പെയ്യാന്‍ തുടങ്ങി. വേട്ടക്കാരില്‍ ചിലര്‍ വഴുതിവീണും കുണ്ടില്‍ വീണും കീഴടങ്ങി. ബാക്കിയുള്ളവര്‍ കിതച്ചുതളര്‍ന്ന്, തണുത്തുവിറച്ച്, ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തപ്പിത്തടഞ്ഞ് പിന്നാലെത്തന്നെയുണ്ട്. ഇടയ്ക്കിടെ ഇടിമിന്നുന്നതുകൊണ്ട് ഓടുന്ന വഴികാണാന്‍ ഒരു ബുദ്ധിമുട്ടുമില്ല, ഇവന്‍മാര്‍ ഈ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തപ്പിത്തടയുന്നതെന്തിനാണാവോ.

പിന്തുടരുന്നവരുടെ ഏറ് ഇപ്പോള്‍ വളരേ പിന്നില്‍ വന്നാണ് വീഴുന്നത്. പുഴയിലേയ്ക്ക് ഇനി നാലഞ്ചുചുവടുകൂടിയേയുള്ളൂ. പെട്ടന്ന് കണ്ണഞ്ചിപ്പിച്ചുകൊണ്ട് ഇടിവെട്ടി. ആ വെളിച്ചത്തില്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴ കണ്ടു. ഒഴുക്കിന്റെ രൌദ്രത കണ്ടാല്‍ അതിലേക്കെടുത്തുചാടാന്‍ ആരുമൊന്നു പേടിക്കും.

പുഴവക്കില്‍നിന്ന് ഒരു നിമിഷം രണ്ടുവശത്തേയ്ക്കും കണ്ണോടിച്ചു. തെക്കുവശത്തെ കടവില്‍ പുഴയിലേയ്ക് ഹെഡ്ലൈറ്റ് തെളിപ്പിച്ചുകൊണ്ട് രണ്ടു ജീപ്പുകള്‍ വന്നു നിന്നു. അതുശരി, ഇര പുഴക്കരയിലേക്കോടിയിട്ടുണ്ടെന്ന് എമാന്മാര്‍ അറിഞ്ഞുകഴിഞ്ഞു.

ഇനിയൊന്നും ആലോചിക്കാനില്ല. ഒറ്റച്ചാട്ടത്തിന് പുഴയിലേയ്ക്ക്!

വീണുമുങ്ങിയ ഉടനെ കരയില്‍ നിന്ന് വെടി പൊട്ടുന്ന ശബ്ദം കേട്ടു. അതോ ഇനി മലവെള്ളപ്പച്ചിലിന്റെ ഇരമ്പലില്‍ തോന്നിയതാണോ? ഏതായാലും തലപൊക്കുന്നത് അപകടമാണ്. ഒരു മൂന്നു മിനിട്ടു നേരത്തേയ്ക്കൊക്കെ ശ്വാസം പിടിച്ച് വെള്ളത്തിനടിയില്‍ കിടക്കാന്‍ താന്‍ ശീലിച്ചിട്ടുണ്ട്. അതിനിടയില്‍ അങ്ങേക്കരയിലേയ്ക്കെത്തണം. ഈ ഭാഗത്ത് പുഴയ്ക്കു വീതി കുറവാണ്, അതുകൊണ്ട് അതു സാധിക്കേണ്ടതാണ്.

അക്കരെ ഒഴുക്കിന്റെ ദിശയില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയാണ് കുണ്ടുകുഴിക്കടവ്. ആ കടവിന്റെ നാലുപാടും വള്ളിപ്പടര്‍പ്പുകളാണ്. അവിടെ എത്തിപ്പെട്ടാല്‍ കടവുകയറി എങ്ങോട്ടാണ് പോയതെന്ന് മറുകരയിലുള്ള പോലീസുകാര്‍ക്ക് കാണാന്‍ പറ്റില്ല.

പക്ഷേ ആ കടവില്‍നിന്ന് വെറും ഒരു ഫര്‍ലോങ്ങ് അകലെയാണ് കുണ്ടാണിക്കയം. കയത്തിന്റെ അടിയില്‍ ചേറാണ്, അതില്‍പെട്ടാല്‍ മൂന്നാം ദിവസം ശവമായേ പൊങ്ങൂ! ഇന്നത്തെ സ്ഥിതിയില്‍ താന്‍ ചത്തുപൊങ്ങിയാല്‍ തന്റെ ശവം പോലും പോലീസിനോട് എല്ലാ സത്യവും തത്ത പറയുന്നതുപോലെ പറയും! ഈ ഒഴുക്കിന് ചെകുത്താന്റെ ശക്തിയാണ് - ഒരു ഫര്‍ലോങ്ങ് തെറ്റാന്‍ നിമിഷങ്ങള്‍ മതി!

ഇല്ല. പിടികൊടുക്കുന്ന പ്രശ്നമില്ല. മനുഷ്യനും മരണത്തിനും താന്‍ പിടികൊടുക്കില്ല. മറുകരയില്‍ താനെത്തും. ആ വെട്ടുകത്തിയും പിച്ചാത്തിയും താന്‍ നശിപ്പിക്കും. ആരുമറിയാതെ താന്‍ ഈ നാട്ടില്‍നിന്നു മുങ്ങും. ഇനിയാരും ഈ കൊല്ലന്‍ കരുവാനെ മഷിയിട്ടുനോക്കിയാല്‍പോലും കാണില്ല. രാജുമോനും കുടുംബവും തലമുറകളായി സര്‍വ്വൈശ്വരങ്ങളോടും ജീവിക്കും. ഈ പാവം കരുവാന്‍ ജയിക്കും.

വന്യമായ ആ കുത്തൊഴുക്കിനുള്ളിലേയ്ക്ക് കുമാരന്‍ കരുവാന്‍ ഊളിയിട്ടിറങ്ങി.


  ( അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 )

12 comments:

 1. കൊടും തണുപ്പില്‍നിന്ന് പ്രകൃതി അനുവദിച്ചുതരുന്ന മൂന്നു മാസത്തെ പരോള്‍ ആണ് ഇന്നാട്ടിലെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പുറത്തൊക്കെ പോയി ആഘോഷിക്കാനാണ് തീരുമാനം - അതുകൊണ്ട് അടുത്ത പോസ്റ്റ് സെപ്റ്റമ്പറിലേ എഴുതുന്നുള്ളൂ.

  ഇത് കുറച്ചു വലിയ കഥയാണ്. ഖണ്ഡശഃ വായിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞാനൊരു കഥാകാരനൊന്നുമല്ല - ചുറ്റിലും കണ്ട ചില ജീവിതങ്ങള്‍ അല്പം ഭാവനയും ചേര്‍ത്ത് തുന്നിയെടുത്തതാണ്. അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ.

  ReplyDelete
 2. "പിന്തുടരുന്നവരുടെ ഏറ് ഇപ്പോള്‍ വളരേ പിന്നില്‍ വന്നാണ് വീഴുന്നത്. പുഴയിലേയ്ക്ക് ഇനി നാലഞ്ചുചുവടുകൂടിയേയുള്ളൂ. പെട്ടന്ന് കണ്ണഞ്ചിപ്പിച്ചുകൊണ്ട് ഇടിവെട്ടി. ആ വെളിച്ചത്തില്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴ കണ്ടു. ഒഴുക്കിന്റെ രൌദ്രത കണ്ടാല്‍ അതിലേക്കെടുത്തുചാടാന്‍ ആരുമൊന്നു പേടിക്കും."

  ഈ അവതരണ മികവ് ഏറെ ഇഷ്ടമായി.

  ReplyDelete
 3. ഒറ്റ വാക്കിൽ പറഞ്ഞാൽ സൂപ്പർ.....

  ഇക്കരെ, മുക്കത്തുംകടവിലെ ഗ്രാമം പച്ചവെള്ളം പോലെ മനസിൽ കാണാപാഠമായി. കരുവാൻ കുമാരന്റെ ആലയും, ചുട്ടുപഴുത്ത ഇരുമ്പും, ഇരുമ്പെടുത്ത്‌ തഴമ്പ്‌ പിടിച്ച കൈക്കരുത്തും, അതിനൊത്ത്‌ ഉറച്ച മനസ്സും. കുമാരന്റെ മകൻ രാജീവിനെ പെറ്റ്‌ വീണത്‌ മുതൽ അവനൊരു കുഞ്ഞ്‌ ജനിക്കുന്നത്‌ വരെയുള്ള -കുട്ടിയുടെ, യുവാവിന്റെ, പുരുഷന്റെ- മനസിന്റെ മനോഹരമായ ഭാവങ്ങൾ വളരെ കൃത്യമായി ഒരോ ചലനങ്ങളും ഉൾപ്പെടുത്തി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകന്റെ ജീവിതവും മര്യാദയും കുമാരനിലൂടെ പറയുമ്പോൾ ഒരാകർഷണം എന്നതിനെക്കാൾ ഇന്നത്തെ രീതിക്കനുസരിച്ച്‌ മകനെ സഹായിക്കാൻ കഴിയാതാകുന്ന നിസ്സഹായാവസ്ഥയിൽ ചെയ്യുന്ന ജോലിയിൽ പൊല്ലാപ്പുണ്ടൊ എന്ന് കാണാനാകാതെ വരുന്നത്‌ ഏതൊരച്ഛന്റേയും മനസ്സാണ്‌. എല്ലാം അറിയുന്ന കാര്യങ്ങൾ എന്ന് തോന്നിക്കുന്ന സംഭവങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് മനുഷ്യമനസുകളെ പുറത്തേക്കിറക്കുകയാണ്‌ ഈ നീണ്ട കഥ ചെയ്തിരിക്കുന്നത്‌. കുമാരന്റെ ഭാര്യ മാതി ജീവിച്ചിരുന്നപ്പോൾ മകന്‍ കുട്ടിയായിരിക്കുന്ന സമയത്തെ ഭാവങ്ങൾ മാതി മരിച്ചു കഴിയുമ്പോൾ മാറുന്നത്‌ ആ കുട്ടിയുടെ സ്നേഹത്തെ കാണിക്കാൻ അതിലും നല്ല രീതിയില്ലെന്നെനിക്ക്‌ തോന്നിപ്പോയി. ആ ബന്ധത്തിന്റെ കാഠിന്യം അത്ര ലളിതമാക്കി അവതരിപ്പിക്കാൻ കഴിഞ്ഞത്‌ ഒരു കഴിവ്‌ തന്നെ. ഒന്നോ രണ്ടൊ വരിയിൽ മാത്രം അവസാനിക്കുന്ന കഥാപാത്രങ്ങൾ വരെ വായന കഴിഞ്ഞാൽ വായനക്കാരന്റെ മനസിൽ മായാതെ നിൽക്കുന്നു; വാൾട്ടറച്ചനായാലും സ്കൂളായാലും അയല്വക്കമായാലും എല്ലാം....

  മതിൽ ചാടിക്കടക്കാൻ ഉടുമുണ്ടഴിച്ച്‌ നാലായി മടക്കി മതിലിനു മുകളിലെ നിരത്തിയ കുപ്പിച്ചില്ലിൽ വെച്ച്‌ അവിടെ കൈകുത്തി പുറത്തേക്ക്‌ കരണം മറിഞ്ഞിട്ട്‌ മുണ്ട്‌ വലിച്ചെടുക്കുമ്പോൾ "ചില്ലുകളിൽ ഉടക്കി അത്‌ ഭംഗിയായി കീറി" എന്നൊരിടത്ത്‌ പറഞ്ഞത്‌ പോലെ വളരെ ഒതുക്കത്തോടെ തഴക്കത്തോടെ മനോഹരമാക്കിയ ഒരു സ്പോടനം പോലെ ഈ കഥ അനുഭവപ്പെട്ടു. വായിച്ച്‌ അവസാനം മാത്രം മനസിലാകുന്ന സസ്പ്പെൻസ്‌ ഒരു സസ്പ്പെൻസല്ലാതെ നിലനിൽക്കുന്നതും കഥയുടെ അവസാനഭാഗംകൂടുതൽ ഭംഗിയാക്കി.

  എഴുതാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട്‌ ഓരോ അദ്ധ്യായത്തെക്കുറിച്ചും. തണുപ്പത്തിരിക്കുന്ന ടാങ്കിലെ വെള്ളത്തിന്റെ ചൂട്‌ (ആ ചൂട്‌ അനുഭവിക്കുന്നു), മരുമകൾക്ക്‌ ഇഷ്ടപ്പെടില്ലെന്ന്പഴയ മനസിൽ തോന്നുന്ന ചിന്തകൾക്കനുസരിച്ചുള്ള കരുവാന്റെ പ്രവൃത്തികൾ (കരച്ചിൽ വരും), മെഡലുകൾ പോലുള്ളവ സ്പോൺസർ ചെയ്യുന്നവരുടെചിന്തകൾ (പുറം കാഴ്ച) ഇങ്ങിനെ ഓരോരു സംഭവവും എടുത്ത്‌ പറയാൻ നിരവധിയുണ്ട്‌. തൽക്കാലം നിറുത്തട്ടെ.

  ഇനി എനിക്ക്‌ പറയാനുള്ളത്‌ ഈ കഥ ബൂലോകം മാത്രം വായിച്ചാൽ പോര എന്നാണ്‌. ഒരു പുസ്തകരൂപത്തിൽ ഇത്‌ കാണാൻ കഴിയും എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  ഇനിയൊന്ന്, ഇവിടെ വന്ന് പലരും വായിക്കാതെ തിരിച്ച്‌ പോയിട്ടുണ്ടാകും എന്നു ഞാൻ വിശ്വസിക്കുന്നു. കാരണം നീളക്കൂടുതൽ തന്നെ. കമ്പ്യൂട്ടറിൽ ഇത്‌ വായിക്കാൻ ബുദ്ധിമുട്ട്‌ തന്നെയാണ്‌. ഞാനും ആദ്യം വന്നു തിരിച്ച്‌ പോയതാണ്‌. പിന്നെ ഇന്ന് പ്രിന്റെടുത്താണ്‌ വായിച്ചത്‌. പതിനഞ്ച്‌ ദിവസത്തെ ഗ്യാപ്പ്‌ വെച്ച്‌ ഓരോ അദ്ധ്യായം പോസ്റ്റ്‌ ചെയ്യുന്നതാണ്‌ നല്ലതെന്ന് എനിക്ക്‌ തോന്നുന്നു. അതിനിയും ചെയ്യാവുന്നതണ്‌. കൂടുതൽ പേർ ഇത്‌ വായിക്കണം എന്ന എന്റെ ആഗ്രഹം കൊണ്ടാണ്‌ ഞാൻ എന്റേതായ ഒരഭിപ്രായം ഇങ്ങനെ പറയുന്നത്‌ കെട്ടൊ.

  അഭിനന്ദനങ്ങൾ ഒരുപാട്‌.

  ReplyDelete
 4. പോസ്റ്റ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞതുകൊണ്ട് ഇനി ഒരുപക്ഷേ ആരും വരില്ലായിരിക്കും :) അതുകൊണ്ട്, വന്നവര്‍ക്കും വായിച്ചവര്‍ക്കും വളരേയധികം നന്ദി.
  *Salam* - ആരും വായിക്കാതെവിട്ട ഒരു പോസ്റ്റ് ആയിപ്പോകുമോ ഇത് എന്നു വിഷമിച്ചിരിക്കുമ്പോഴാണ് താങ്കളുടെ അഭിപ്രായം കണ്ടത്. വളരേ നന്ദിയുണ്ട്, കേട്ടോ.

  *റാംജി* - വിശദമായ അഭിപ്രായത്തിന് വളരേ നന്ദി, സര്‍. ധൃതിപിടിച്ച് (അവസാനമായപ്പോള്‍ വളരേ മുഷിഞ്ഞ്) ബ്ലോഗില്‍ "ഒതുക്കാന്‍" വേണ്ടി എഴുതിയതാണ് ഇത് - പുസ്തകരൂപത്തിലോ ഒന്നിലധികം പോസ്റ്റുകളായോ എഴുതിയിരുന്നെങ്കില്‍ കുറേക്കൂടി ഒഴുക്കോടെ എഴുതാനുള്ള സ്പേസ് ഉണ്ടാകുമായിരുന്നു. ആഖ്യാനത്തില്‍ വളരേയധികം കുറവുകളുണ്ടായിട്ടും താങ്കള്‍ ഇങ്ങനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതിന് എങ്ങനെ നന്ദിപറയണമെന്നറിയില്ല. രജനിയണ്ണന്‍ പറഞ്ഞതുപോലെ താങ്കളുടെ ഒരു അഭിനന്ദനം എനിക്ക് നൂറ് അഭിനന്ദനങ്ങള്- പോലെയാണ് അനുഭവപ്പെട്ടത്.

  റാംജി പറഞ്ഞതുപോലെ പോസ്റ്റിന്റെ നീളം (കഥയുടെയല്ല) പ്രശ്നമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ഇവിടെ ഒരു കമെന്റിട്ടാല്‍ ഇത് pdf ആയോ അല്ലെങ്കില്‍ ഒന്നിലധികം പോസ്റ്റുകളായോ വായിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്താം.

  ReplyDelete
 5. ഫോലോവേഴ്സിന്റെ ഒരു കോളം കൂടി ബ്ലോഗില്‍ ചേര്‍ത്തിരുന്നെങ്കില്‍ പുതിയ പോസ്റ്റ്‌ കാണാന്‍ സൌകര്യമായിരുന്നു. ചേര്‍ക്കാന്‍ പറ്റാത്തത്‌ കൊണ്ടാണെങ്കില്‍ എനിക്ക് മെയില്‍ ചെയ്‌താല്‍ പറഞ്ഞു തരാം. താങ്കളുടെ മെയില്‍ ഐഡി കാണാത്തതുകൊണ്ടാണ് ഇതിവിടെ കമന്റായി ചേര്‍ക്കുന്നത്.

  ReplyDelete
 6. ഇങ്ങനെ നീട്ടി നീട്ടി എഴുതി നിങ്ങള്‍ വാല്‍ക്മീകിയുടെ കഞ്ഞി മുട്ടിക്കുമല്ലോ!

  ഇതുവരെ എഴുതിയതില്‍ ഏറ്റവും മികച്ചത് ഇത് തന്നെ. സായിപ്പ് പറഞ്ഞത് പോലെ അവതരണം "as smooth as hot knife through butter " . രണ്ടു സീനുകള്‍, സസ്പെന്‍സ് പോകാതെ, നന്നായി കോര്‍ത്തിണക്കിയിരിക്കുന്നു. ചെറിയ കാര്യങ്ങള്‍ക്ക്‌ കൂടെ ശ്രദ്ധ പതിപ്പിച്ചതുകൊണ്ട് കഥക്ക് നല്ല കൊഴുപ്പുണ്ട് (ഉദാഹരണത്തിന് മാതിയുടെ മരണം). എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം കരുവാന്‍ പുതിയ ലോഹം വച്ച് വടിവാള്‍ ഉണ്ടാക്കുന്നതാണ്. ആലയില്‍ കൂടെയിരിക്കുന്നത് പോലെ തോന്നി. കരുവാന്റെ ചിന്തയിലൂടെ മാത്രം വിവരിച്ച് ലോഹസങ്കരത്തിന്റെ ദുരൂഹത നിലനിര്‍ത്തിയതും നന്നായി.

  ReplyDelete
 7. *മഞ്ഞപ്പല്ലന്‍*: പലതരത്തിലുള്ള "ദുരൂഹതകളും" നിലനിര്‍ത്താന്‍ വിദ്യാഭ്യാസമില്ലാത്ത കരുവാന്റെ ചിന്ത മറയായി ഉപയോഗിച്ചിട്ടുണ്ട്, സാറേ (നല്ല സാഹിത്യ ഭാഷയില്‍ എഴുതായ്ക അടക്കം). ഇഷ്ടപ്പെട്ടെന്നറിയിച്ചതില്‍ സന്തോഷം.

  ReplyDelete
 8. വാലറ്റക്കാരൻ പ്രധാനകളിക്കാരനായി മാറിയിരിക്കുന്നു....

  നമോവാകം!

  ഇനി ഞാൻ ഫോളോവർ.

  ReplyDelete
 9. നന്ദി, ഡോക്ടറേ. ഞാനിങ്ങനെ ഒരറ്റത്ത് ഔട്ടാകാതെ മുട്ടിനില്‍ക്കുന്നതേയുള്ളൂ. സെഞ്ച്വറി അടിക്കണ്ട ചുമതലയൊക്കെ നിങ്ങളേപ്പോലുള്ള ബ്ലോഗര്‍മാര്‍ക്കാണു്, കേട്ടോ.

  ReplyDelete
 10. വളരെ രസകരമായിരിക്കുന്നു നിങ്ങളുടെ എഴുത്ത്. ഇഷ്ടപ്പെട്ടു. വാലറ്റമാണല്ലോ ഇപ്പോ ഇംഗ്ലണ്ടിലെ താരങ്ങൾ.!

  ReplyDelete
 11. വളരേ നന്ദി, കുമാര്‍ജി!

  ReplyDelete
 12. ഏഴ് സുന്ദര ഖാണ്ഡങ്ങൾ...!
  കരുവാന്റെ വീട് മാത്രമല്ല ,ആ നാടിനേയും, നാട്ടുകാരേയും,...,,...,...,എല്ലാമെല്ലാം ഒപ്പിയെടുത്ത് ഇത് പോലെ ഒപ്പിച്ചെടുക്കുവാൻ നൈപുണ്യമുള്ളവർക്ക് മാത്രം കഴിയുന്ന കാര്യമാണ്.

  ഈ കുറിപ്പുകൾ കൂടുതൽ വായനക്കാരിലെത്തണം കേട്ടൊ ഭായ്
  അഭിനന്ദനങ്ങൾ...

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ