എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, December 3, 2011

പിഴക്കഥ, ഒരു പഴങ്കഥ (ഭാഗം രണ്ട്)

(ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

മണ്ടയ്ക്കകത്ത് നിറയേ വേക്കന്‍സിയുള്ളതുകൊണ്ട് ഒരു ഗുണമുണ്ട്. ഇത്തരം അത്യാപത്തുകളില്‍ പെടുമ്പോഴൊന്നും ഞാന്‍ ഒട്ടും പരിഭ്രമിക്കാറില്ല. പതിവായി ഇമ്മാതിരി ഏടാകൂടങ്ങളില്‍ ചെന്നുപെടാറുണ്ടുതാനും.

ഞാന്‍ പരിസരമൊക്കെ ഒന്നവലോകനം ചെയ്തു. പ്രകൃതിസൌന്ദര്യം നിറഞ്ഞ മലനിരക്കുകളും, അമ്പതടി താഴെ ഒഴുകുന്ന തെളിഞ്ഞവെള്ളമുള്ള പുഴയും, ബസ്സിറങ്ങി നടന്നുപോകുന്ന നാട്ടുകാരും ഇടപാടുകാരെ കാത്തിരിക്കുന്ന നാലു കച്ചവടക്കാരും മാത്രമേയുള്ളൂ ചുറ്റിലും. വിശേഷിച്ച് 'ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ്' എന്നു തോന്നിക്കുന്ന ഒന്നും ശ്രദ്ധയില്‍ പെട്ടില്ല.

അപ്പോഴാണ് ഓംപ്രകാശ്ജി പലചരക്കുകടയില്‍നിന്ന് പുറത്തുവരുന്നത് കണ്ടത്.

ഓംപ്രകാശ്ജി എന്റെ സുഹൃത്തെന്നോ പരിചയക്കാരനെന്നുപോലുമോ പറയാന്‍ കഴിയില്ല. പദ്ധതിപ്രദേശത്തെ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഓപ്പറേറ്ററായിരുന്നു അദ്ദേഹം. അക്കാലത്ത് എന്റെ അമ്മയ്ക്കും നാട്ടില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലാണ് ജോലി. ആഴ്ചയിലൊരിക്കല്‍ അമ്മ നാട്ടില്‍നിന്ന് ഖൈരിയിലെ എക്സ്ചേഞ്ചിലേയ്ക്ക് വിളിക്കാറുണ്ടായിരുന്നു. ഒരു STD കാളിന് സെക്കന്റിന് രണ്ടുരൂപ നിരക്കുള്ളകാലത്ത് (അക്കാലത്ത് രണ്ടുരൂപയ്ക്കൊക്കെ വിലയുണ്ടേ) അമ്മ ഫോണ്‍ ചെയ്ത് പതിനഞ്ചുമിനിട്ടോളം ഓസിനു സംസാരിക്കും.

അങ്ങനെ ഞങ്ങള്‍ തമ്മില്‍ പതിവായി കാണാറുണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗൌരവത്തോടെ അദ്ദേഹവും സര്‍ക്കാര്‍ ഓഫീസില്‍ കയറിച്ചെല്ലേണ്ടി വരുന്നവന്റെ മുഷിപ്പോടെ ഞാനും പെരുമാറിപ്പോന്നു. സുണ്ട്ലയില്‍ അദ്ദേഹത്തെ കണ്ടപ്പോഴും അതേ മനോഭാവം തന്നെയാണ് മനസ്സില്‍ ഉണ്ടായിരുന്നത്.

ആദ്യം അദ്ദേഹത്തിന് നമസ്കാരം പറഞ്ഞുകൊണ്ട് തുടങ്ങി. പിന്നീട് എന്റെ ആവശ്യം അറിയിച്ചു. എങ്ങനെയെങ്കിലും ഖൈരിയിലെത്തണം - ടാക്സിയോ, ബസ്സോ, ലോറിയോ ഏതുവാഹനമായാലും വേണ്ടില്ല. അതല്ലെങ്കില്‍ ഏറ്റവും അടുത്ത് അധികം ചിലവില്ലാതെ താമസിക്കാന്‍ സൌകര്യമുള്ള ഒരു ഇടം വേണം. താണുവീണുകേണൊന്നുമല്ല പറഞ്ഞത്, വെറുതേ സര്‍ക്കാര്‍ ആപ്പീസില്‍ അപേക്ഷ കൊടുക്കുന്ന നിസ്സംഗതയോടെ.

അന്നാദ്യമായി ഓംപ്രകാശ്ജി എന്നെ നോക്കി ചിരിച്ചു. "അതിനെന്താ, എന്റെ വീട്ടിലേയ്ക്കു പോരൂ" എന്നു പറഞ്ഞു. അദ്ദേഹം അവിടത്തുകാരനാണെന്ന് എനിക്കറിയില്ലായിരുന്നു. ആ ക്ഷണം ഞാന്‍ കൈയ്യോടെ സ്വീകരിച്ചു എന്നു പറയേണ്ടതില്ലല്ലോ. സുണ്ട്ല ബസ്സ് സ്റ്റോപ്പില്‍നിന്ന് ഒരു കിലോമീറ്ററോളം ദൂരെയായിരുന്നു അദ്ദേഹത്തിന്റെ വീട്.നല്ല തണുപ്പുണ്ടായിരുന്നിട്ടും മനോഹരമായ ഒരു നടപ്പായിരുന്നു അത്. റോഡരികില്‍നിന്നു താഴേയ്ക്കു നോക്കിയാല്‍ ശാന്തമായൊഴുകുന്ന പുഴ. ചുറ്റിലും പച്ചപ്പ്. സുണ്ട്ലയില്‍ സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരുന്നെങ്കിലും ചുറ്റുമുള്ള മലകള്‍ക്ക് തൊപ്പിയിട്ടിരിക്കുന്ന മഞ്ഞില്‍ പോക്കുവെയില്‍ പ്രതിബിംബിക്കുന്ന അതിമനോഹരമായ ദൃശ്യം പ്രകൃതി ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു. വീടെത്തുംവരെ ഞങ്ങള്‍ വാതോരാതെ സംസാരിച്ചു.

രണ്ടുനിലകളുള്ള ഒരു കൂറ്റന്‍ ഹവേലിയായിരുന്നു ഓംപ്രകാശ്‌ജിയുടെ വീട്. നാലുതലമുറകളിലുള്ള ഏതാണ്ട് മുപ്പതോളം പേര്‍ ആ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. ഏറ്റവും മൂത്ത കാരണവര്‍ക്ക് തൊണ്ണൂറിലധികം വയസ്സായിരുന്നു, എങ്കിലും മൂപ്പര്‍ യാതൊരു കുഴപ്പവുമില്ലാതെ ഒരു വടിയും കുത്തിപ്പിടിച്ച് മലയായ മലയൊക്കെ ചെറുപ്പക്കാരേക്കാള്‍ ചുറുചുറുക്കോടെ കയറിയിറങ്ങും. കാഴ്ചയ്ക്കും കേള്‍വിക്കും ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ ആണ്‍മക്കളെല്ലാം ആ വീട്ടില്‍ത്തന്നെയാണ് താമസം. അവരിലൊരാളുടെ സന്തതികളില്‍ ഒരാളാണ് ഓംപ്രകാശ്. "ബംബൈവാളാ ഇഞ്ചീന്യര്‍" (മുംബൈക്കാരന്‍ എഞ്ചിനീയര്‍) എന്നാണ് എന്നെ പരിചയപ്പെടുത്തിയത് (അക്കാലത്ത് ഞാന്‍ മുംബൈയിലായിരുന്നു സ്ഥിരതാമസം) - അതുകൊണ്ട് വീട്ടുകാര്‍ക്കിടയില്‍ വല്ലാത്തൊരു താരപരിവേഷമായിരുന്നു എനിക്ക്.

ആ വീട്ടില്‍ പഠിപ്പുള്ള ഒരേയൊരാളായിരുന്നു ഓംപ്രകാശ്ജി. മറ്റൂള്ളവരെല്ലാം സ്വന്തം പറമ്പില്‍ കൃഷിയാണ്. പറമ്പെന്നു പറഞ്ഞാല്‍ പോരാ, അങ്ങു മലയുടെ ഉച്ചിവരേയ്ക്കെത്തുന്ന വന്‍ ഭൂസ്വത്തുതന്നെ! എല്ലാത്തരം കൃഷിയുമുണ്ടവിടെ - ഋതുക്കള്‍ മാറുന്നതനുസരിച്ച് വിളവുകളും മാറിക്കൊണ്ടിരിക്കുമെന്നേയുള്ളൂ. നിറയേ ചെമ്മരിയാടുകളുമുണ്ടായിരുന്നു, ആ വീട്ടില്‍ (പശുക്കളെ കണ്ടതായി ഓര്‍ക്കുന്നില്ല). ഉപ്പും ചില മസാലപ്പൊടികളും തേയിലയും സോപ്പും വസ്ത്രവും മരുന്നും ഒഴികെ ഒരു സാധനവും അവര്‍ വെളിയില്‍നിന്നു വാങ്ങാറില്ലത്രേ. ആ വലിയ വീട്ടിലെ താമസക്കാര്‍ക്കു കഴിയാനുള്ളതും അതിനപ്പുറവും ആ കൃഷിഭൂമിയില്‍നിന്നുതന്നെ ലഭിക്കുമായിരുന്നു. അതില്‍പ്പരം ആവശ്യങ്ങള്‍ അവര്‍ക്കൊട്ടില്ലായിരുന്നുതാനും. മലകള്‍ക്കിടയി‌ല്‍ താമസിക്കുന്നവരായതുകൊണ്ട് ടിവി/റേഡിയോ പ്രസാരണമൊന്നും ആ വീട്ടിലേയ്ക്കെത്തുമായിരുന്നില്ല. അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ ആ വീട്ടിലെ ആരും വായിക്കാറില്ല. പുറം ലോകത്തുനടക്കുന്നതൊന്നും തന്നെ ആ 'തുരുത്തി'ലുള്ളവര്‍ക്ക് വിഷയവുമല്ലല്ലോ.

എനിക്കായി മുകളിലത്തെ നിലയിലെ ഒരു ചെറിയ മുറി അവര്‍ ഒഴിവാക്കിത്തന്നു. രാത്രി ഞാന്‍ വളരേ സുഖമായുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ചില്ലറ പ്രശ്നങ്ങളുണ്ടായത്.

പല്ലുതേയ്ക്കാന്‍ ഒരു നിവൃത്തിയുമില്ല. ആ വീട്ടിലുള്ളവര്‍ ഏതോ ഒരു ചെടിയുടെ കമ്പ് ചവച്ചു ബ്രഷ് പരുവത്തിനാക്കിയാണ് പല്ലുതേയ്ക്കുന്നത്. ആ പരിപാടി എനിക്കുശരിയാവില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. വായില്‍ കുറച്ചുവെള്ളമൊഴിച്ച് കുലുക്കിത്തുപ്പി ആ ചടങ്ങ് അവസാനിപ്പിച്ചു. മുഖ്യമായ ഒരു പ്രശ്നം പിന്നേയും ബാക്കി കിടക്കുന്നു.

ഓംപ്രകാശ്‌ജിയോട് സംഗതി വെളിപ്പെടുത്തി. 'അതിനെന്താ, ഒരു ചായ കുടിച്ചിട്ട് നമുക്കു പോകാം' എന്നായി അദ്ദേഹം. ചായകുടി കഴിഞ്ഞപ്പോഴേയ്ക്കും എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. എന്റെ അസ്വസ്ഥത കണ്ടാകണം, അദ്ദേഹം 'വരൂ' എന്നുപറഞ്ഞു. എന്നിട്ട് വീടിന്റെ പിന്‍ഭാഗത്തുള്ള മല/പാടം കയറാന്‍ തുടങ്ങി.

പടിപടിയായി അങ്ങുച്ചിയോളമെത്തിനില്‍ക്കുന്ന പാടശേഖരത്തിന്റെ ഏതെങ്കിലും കോണിലായിരിക്കും കക്കൂസ് എന്നു ഞാന്‍ കരുതി. ഒരു നൂറടിയോളം നടന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ അങ്ങോട്ടിരുന്നോളൂ. ഞാന്‍ അങ്ങോട്ടു മാറിയിരുന്നോളാം'.

എന്ത്! പറമ്പിലിരുന്ന് ചെയ്തോളാനോ? ഞാന്‍ നിന്ന നില്‍പ്പില്‍ ഐസായിപ്പോയി. ഇതിനുമുമ്പ് അങ്ങനെ ചെയ്തത് ആറുവയസ്സുള്ളപ്പോള്‍ ശബരിമലയില്‍ വെച്ചാണ്. ഇതിപ്പോ ഈ പ്രായത്തില്‍ എന്നേപ്പോലെ സ്റ്റാറ്റസ്സുള്ള ഒരാള്‍... ഛേ!!

നിവൃത്തിയൊന്നുമില്ല. ഓംപ്രകാശ്ജി എന്നെ ഗൌനിക്കാതെ അദ്ദേഹത്തിന്റെ ലക്ഷ്യത്തിലേയ്ക്ക് നീങ്ങിക്കഴിഞ്ഞു.

കക്കൂസിലിരിക്കുന്നതുപോലല്ല, പറമ്പിലിരിക്കുന്നത് എന്ന് വളരേപ്പെട്ടന്നുതന്നെ മനസ്സിലായി. വല്ലാത്തൊരു പഠനാനുഭവമായിരുന്നു ആ ഇരിപ്പ് എന്നുമാത്രം പറയട്ടെ. അതുകഴിഞ്ഞപ്പോള്‍ അടുത്ത പ്രശ്നം - ശുചീകരണം. അടുത്തെങ്ങും ഒരു തുള്ളി വെള്ളമില്ല. ഉണ്ടായിട്ട് കാര്യവുമില്ല, തൊട്ടാല്‍ കൈ വിറങ്ങലിച്ചുപോകും. നാലുപാടും നോക്കി. ചുറ്റിലുമുള്ള ഇലകളെ വിശ്വസിക്കാന്‍ തീരെ തോന്നിയില്ല. ഇട്ടിരുന്ന ജാക്കറ്റില്‍ കൈയിട്ടുനോക്കി. മൂന്നു ബസ് ടിക്കറ്റൂം ഒരു പത്തുരൂപാനോട്ടും രണ്ട് അഞ്ചുരൂപാനോട്ടുകളും സൈറ്റിലെ ചില കണക്കുകളെഴുതിവെച്ചിരുന്ന എട്ടായി മടക്കിയ ഒരു പായക്കടലാസ്സുമുണ്ട്. അക്കൂട്ടത്തില്‍ കടലാസ്സ് നഷ്ടപ്പെടുത്തിക്കൂടാത്തത്ര പ്രാധാന്യമുള്ളതാണെന്ന് ഞാന്‍ തീരുമാനിച്ചു........

ഒരു ദിവസത്തേയ്ക്ക് അന്തിയുറങ്ങാന്‍ ചെന്ന ഞാന്‍ രണ്ടു ദിവസം കഴിഞ്ഞാണ് മടങ്ങിയത്. ലളിതവും സ്വാദിഷ്ടവുമായ ജൈവാഹാരവും പാലും ലസ്സിയുമൊക്കെ കഴിച്ച്, പ്രകൃതിഭംഗി ആസ്വദിച്ച്, വേണ്ടുവോളം വിശ്രമിച്ച്, സുഖമായുറങ്ങി ആ വീട്ടുകാരുടെ ആതിഥ്യം ഞാന്‍ ആവോളം ആസ്വദിച്ചു. അവരുടെ വിടര്‍ന്ന ചിരിയില്‍ നിറഞ്ഞുനില്‍ക്കുന്ന സത്യസന്ധതയും ലാളിത്യവും സമാധാനവും സംതൃപ്തിയും അറിഞ്ഞു. ഈ ദുനിയാവിലെ കിടമത്സരങ്ങളിലും കുതികാല്‍വെട്ടിലുമൊന്നും ഭാഗമാകാതെ തന്നിലേയ്ക്കൊതുങ്ങി സ്വയംപര്യാപ്തരായി ജീവിക്കുന്ന ഒരു കുടുംബത്തേക്കണ്ട് ഏറെ സന്തോഷിച്ചു.

********************************************

ഈ കഥ ഓര്‍ക്കാന്‍ ചില കാരണങ്ങളുണ്ടായി.

ഒന്ന് - മാതൃഭൂമിയില്‍ കെ എല്‍ മോഹനവര്‍മ്മ പണത്തേപ്പറ്റി എഴുതിയ ഈ ലേഖനം
രണ്ട് - ഡിവിഡി വാങ്ങി വെച്ച് ഏറെക്കാലമായിട്ടും ഈയിടെ മാത്രം കണാന്‍ പറ്റിയ "മധ്യവേനല്‍" എന്ന സിനിമ
മൂന്ന് - ആഗോള സാമ്പത്തിക പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍.

മോഹനവര്‍മ്മയുടെ ലേഖനത്തിലെ ചില വാചകങ്ങള്‍ മാത്രം ഇവിടെ ഉദ്ധരിക്കുന്നു. "എത്ര പെട്ടെന്നാണ് പണം നമ്മെ കീഴടക്കിയത്! ഇന്ന് പണവുമായി ബന്ധപ്പെട്ടല്ലാതെ നമുക്കു ഒന്നിനെയും, ഭൗതികതയെയും വൈകാരികതയെയും ആത്മീയതയേയും പോലും, കാണാന്‍ പറ്റുന്നില്ല". "രൂപയുടെ വില കുറയുന്നു. ഒപ്പം നമ്മുടെ ആഗ്രഹങ്ങള്‍ വര്‍ധിക്കുന്നു. അവ ആവശ്യങ്ങളായി മാറുന്നു". "കാരണം പിശുക്കിനെ നിലനിര്‍ത്തിയിരുന്ന ബാങ്കിങ് സിസ്റ്റം ഇന്ന് ഇല്ലാതായി". "പിശുക്ക് എന്ന സ്വഭാവവിശേഷത്തെ ഇല്ലാതാക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിക്കാന്‍ ഈ ഓഹരി വിപണി നിയന്ത്രിക്കുന്ന ഒരു സാമ്പത്തികശക്തിക്കു കഴിയും എന്ന് (തകഴി എന്ന) പ്രവാചകനായ കഥാകാരന്‍ നോവല്‍ വായിച്ചതിനുശേഷം പറയുകയുണ്ടായി". വളരേ ശരിയാണ് അദ്ദേഹം പറഞ്ഞ ഈ കാര്യങ്ങള്‍. മോഹനവര്‍മ്മ 'പിശുക്ക്' എന്ന വാക്കാണ് ഉപയോഗിച്ചതെങ്കിലും, സമ്പാദ്യശീലത്തിലൂന്നിയ, പണത്തിന്റെ മൂല്യത്തേപ്പറ്റി പൂര്‍ണ്ണ ബോധത്തോടെയുള്ള 'സാമ്പത്തിക അച്ചടക്കം' എന്ന നിലയിലാണ് അതിനെ കാണേണ്ടത്.

മധ്യവേനല്‍ എന്ന സിനിമയില്‍ തലമുറകള്‍ തമ്മിലുള്ള ആ വ്യത്യാസം വളരേ വ്യക്തമായും തീവ്രമായും വരച്ചിട്ടിരിക്കുന്നു. അധ്വാനിച്ച് പണമുണ്ടാക്കി കുടുംബത്തിന്റെ ദൈനംദിന ചിലവുകള്‍ നടത്താന്‍ കഷ്ടപ്പെടുന്ന അച്ഛനമ്മമാരുടേയും, സ്വകാര്യ ബാങ്കില്‍നിന്ന് ക്ഷണനേരംകൊണ്ടു കിട്ടിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഉപഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ വ്യഗ്രതപ്പെടുന്ന മകളുടേയും സാമ്പത്തികവീക്ഷണങ്ങള്‍ തമ്മില്‍ ദൈനംദിനം വര്‍ദ്ധിച്ചുവരുന്ന അന്തരം വളരേ ഭംഗിയായി ആ ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഉപഭോഗമനോഭാവം സമൂഹത്തേയും, രാഷ്ട്രീയത്തേയും, വ്യവസായരംഗത്തേയും, സ്വാതന്ത്ര്യത്തേയും വ്യക്തിബന്ധങ്ങളേയും എങ്ങിനെ ക്രമേണ അടിമപ്പെടുത്തുന്നു എന്നതിനുള്ള സൂചനകള്‍ ആ ചിത്രത്തില്‍നിന്ന് നമുക്കു ലഭിക്കുന്നു.

ഇത്തരം സമ്പത്തിക അരാജകത്വം വ്യക്തികളില്‍നിന്ന് വ്യവസായസ്ഥാപനങ്ങളിലേയ്ക്കും ഭരണകൂടങ്ങളിലേയ്ക്കും വ്യാപിച്ചതാണ് അമേരിക്കയിലേയും യൂറോപ്പിലേയും രാജ്യങ്ങളിലെ മാന്ദ്യത്തിനു കാരണം. കടം വാങ്ങാതെ നിത്യച്ചിലവുകള്‍ നടത്താനാകാത്ത സര്‍ക്കാരുകളും പണം തിരിച്ചുപിടിക്കാന്‍ പൊരുതുന്ന ധനകാര്യസ്ഥാപനങ്ങളും തമ്മിലുള്ള അവിഹിതബന്ധം പുറത്തായത് ഇറ്റലിയിലേയും ഗ്രീസിലേയും പ്രധാനമന്ത്രിമാരുടെ നിയമനത്തോടെയാണ്. ഇറ്റലിയിലെ മരിയോ മോണ്ടിയും ഗ്രീസിലെ ലൂകാസ് പാപഡെമോസും മുന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അധികാരികളും, ഒരൊറ്റ തിരഞ്ഞെടുപ്പില്‍പോലൂം പങ്കെടുക്കാത്തവരുമാണ്. സാധാരണക്കാരന്റെ അവകാശങ്ങള്‍ വെട്ടിക്കുറച്ചും നികുതിഭാരം വര്‍ദ്ധിപ്പിച്ചും ആഗോള ധനകാര്യ കുത്തകസ്ഥാപനങ്ങള്‍ക്ക് പണം പിരിച്ചുകൊടുക്കുക എന്നതാണ് പ്രതിസന്ധിയിലകപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികളുടെ നിയോഗം. ജനാധിപത്യം ധനികാതിപത്യത്തിനു(plutocracy) വഴിമാറുന്നതും സാധാരണ പൌരന്മാര്‍ തെരുവിലിറങ്ങി അവര്‍ക്കെതിരെ പോരാടുന്നതുമായ കാഴ്ചകളാണ് ഇന്ന് 'വികസിത' രാജ്യങ്ങളില്‍ പലയിടത്തും കാണാവുന്നത്.

പക്ഷേ ലോകത്ത് എന്തു സംഭവിച്ചാലും ഓംപ്രകാശ്ജിയും അദ്ദേഹത്തിന്റെ കൂട്ടുകുടുംബവും സ്വസ്ഥമായിരിക്കും. അവര്‍ക്ക് വിപണിയുടെ ഉല്‍പന്നങ്ങളോ, ധനകാര്യസ്ഥാപനങ്ങള്‍ വെച്ചുനീട്ടുന്ന പണമോ, ഭരണകൂടത്തിന്റെ ഔദാര്യമോ ആവശ്യമില്ല. ആ ആളുകേറാമലയിലുള്ള അവരുടെ ഭൂമിയില്‍ കൃഷിചെയ്ത് സുഭിക്ഷമായി, സുരക്ഷിതരായി, സമാധാനത്തോടെ അവര്‍ ജീവിക്കും. ബൈബിളില്‍ പറഞ്ഞത് ശരിയാണ്. വിതച്ചവന്‍ കൊയ്യും. വിധേയന്‍ ഭൂമിയുടെ അവകാശിയാകും (Meek shall inherit the earth)

8 comments:

 1. ശരിയാണ്. ഈ മനസ്സിലാക്കലുകളും അന്തരങ്ങളും തന്നെയാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി. എല്ലാം അറിയാം എന്ന് ധരിക്കുമ്പോളും ഒന്നും അറിയാത്ത അവസ്ഥ. ഒന്നും അറിയാതെ സ്വന്തം അധ്വാനത്തോടെ കഴിഞ്ഞു കൂടുന്നവന്‍ സത്യം പറഞ്ഞാല്‍ നമ്മുടെ ഇടയിലും സുഖമായി ജീവിക്കുന്നു എന്നാണു തോന്നുന്നത്.
  ആ മലയും പരിസരവും മനസ്സില്‍ നിന്ന് മായുന്നില്ല. പരിചയമില്ലാത്തത് അന്യസ്ഥലത്ത് ചെയ്യേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു ഇത് നന്നായി കേട്ടോ.

  ReplyDelete
 2. അവസാനം ഇങ്ങനെ ആക്കാനായിരുന്നോ ...ഞാനോര്‍ത്തു എന്നെ പോലെ വല്ല മണ്ടത്തരങ്ങളും എഴുതി നിര്‍ത്തുമായിരിക്കും എന്ന് ..ഇതേതായാലും വളരെ നന്നായി ..ഒരു കഥ പറഞ്ഞു അതില്‍ കൂടി വിഷയം പറയുന്ന ഈ രീതി കൊള്ളാം ..

  ReplyDelete
 3. 'ജാക്കറ്റില്‍ കൈയിട്ടുനോക്കി...
  മൂന്നു ബസ് ടിക്കറ്റൂം ഒരു പത്തുരൂപാനോട്ടും രണ്ട് അഞ്ചുരൂപാനോട്ടുകളും, സൈറ്റിലെ ചില കണക്കുകളെഴുതിവെച്ചിരുന്ന എട്ടായി മടക്കിയ ഒരു പായക്കടലാസ്സുമുണ്ട്...
  അക്കൂട്ടത്തില്‍ കടലാസ്സ് നഷ്ടപ്പെടുത്തിക്കൂടാത്തത്ര പ്രാധാന്യമുള്ളതാണെന്ന് ഞാന്‍ തീരുമാനിച്ചു......'

  അന്നാ നോട്ടുകൾ ഉപയോഗിച്ചത് ഒരു എമർജൻസി സിറ്റ്വേഷൻ തരണം ചെയ്യാനാണല്ലോ,പക്ഷേ ഇന്ന് നാം പണണത്തിനെ അനാവശ്യമായി മാത്രം ദുരുപയോഗപ്പെടുത്തുന്നൂ...!

  ലേഖനത്തിൽ പറഞ്ഞമാതിരി പണത്തെ ക്രയവിക്രയം ചെയ്യുന്നതുകൊണ്ട് വീണ്ടും പെട്ടെന്നുതന്നെ ഇതാ.. യൂറോപ്പ് രണ്ടാം സമ്പത്തുമാന്ദ്യത്തിന്റെ പടിവാതിക്കലെത്തിപ്പെട്ടു..!!

  കൊച്ചുകൊച്ചീച്ചിയിവിടെയൊരൊ പഴങ്കഥ നർമ്മത്തോടെ ചൊല്ലിയാടിയിട്ട്.. അദ്ധ്വാനിക്കുന്നവന്റേയും,ഉൽ‌പ്പാദകന്റേയും ഒരിക്കലും ; മാറ്റുതട്ടാത്ത ജീവിതഭദ്രത, ഒരു ഉദാഹരണ സഹിതം...
  ഏവർക്കും നല്ലൊരു ബോധവൽക്കരണം നടത്തിയതിന് അഭിനന്ദനം കേട്ടൊ ഭായ്.

  ReplyDelete
 4. പണ്ടു മനുഷ്യർ കഷ്ടപെട്ടത് അരചാൺ വയറ് നിറക്കാൻ വേണ്ടിയായിരുന്നു, ഇന്ന് ആർഭാടത്തിനാണ്...

  ReplyDelete
 5. മുന്‍പേ വായിച്ചു.പക്ഷെ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടു വിശദമായ അഭിപ്രായം പറയാം എന്ന് കരുതി.കുറഞ്ഞ പക്ഷം മോഹനവര്‍മയുടെ ലേഖനം വായിചിട്ടാകാം എന്നും കരുതി-രണ്ടും നടന്നില്ല.എന്തായാലും അവശ്യ സമയത്ത് ഉപകരിയ്ക്കാനാണ് പണം അതുകൊണ്ട് ചെയ്തത് തെറ്റല്ല എന്നൊരു അഭിപ്രായത്തില്‍ എത്തിയിരിയ്ക്കുന്നു.പിന്നെ,ഇന്ന് ആടംഭരവും ഒരു ആവശ്യമായി മാറിയിരിയ്ക്കുന്നു അതുകൊണ്ട് പണത്തിന്റെ ദുരുപയോഗം തെറ്റല്ലല്ലോ..???പണം ഒരിടത് ഡെഡ് മണിയായി കുമിഞ്ഞു കൂടുന്നത് നല്ലൊരു പ്രവണത അല്ലെന്നാണ് എന്‍റെ അഭിപ്രായം.അതുകൊണ്ട് ഞാന്‍ പിശുക്കിനെതിരാന്.....

  ReplyDelete
 6. അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി, കേട്ടോ.

  റാംജി: ശരിയാണ്. ഫ്യൂഡല്‍ സംവിധാനം നിലനിന്നിരുന്ന കാലത്ത് കൂട്ടുകുടുംബങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. പണം വന്നതോടെയാണല്ലോ അണുകുടുംബങ്ങളും അവയിലോരോന്നിനും വേണ്ട ഉപഭോഗവസ്തുക്കളും ഉണ്ടായത്. (ഫ്യൂഡല്‍ വ്യവസ്ഥയെ ന്യായീകരിക്കുകയകല്ല). വായനയ്ക്കു നന്ദി.

  ഫൈസു: അവസാനമല്ല, ഫൈസു, ആദ്യം മുതലേ ഇങ്ങനെ തന്നെയാ. നോക്കൂ - ഞാന്‍ ഹിമാചലില്‍ പണിക്കു പോയത് പണമുണ്ടാക്കാന്‍, യേമ്മാന്‍ പിഴയടിച്ചത് പണം പിടുങ്ങാന്‍ (പറ്റാത്തതുകൊണ്ട്), സര്‍ക്കാര്‍ പിഴ നിശ്ചയിച്ചത് പണത്തിനുവേണ്ടി, ബസ് ഡ്രൈവറും ജഡ്ജിയും തോന്നിയപോലെ ജോലിചെയ്യുന്നത് കിട്ടാനുള്ള പണത്തിന് ഒരു കുറവുമുണ്ടാകില്ലെന്ന ധൈര്യത്തില്‍, ഞാന്‍ ചമ്പയില്‍ താമസിക്കാതിരിക്കാനുള്ള സര്‍ക്കസ് കാണിച്ചത് കാശുലാഭിക്കാന്‍, അമ്മ ഫോണ്‍ ചെയ്തിരുന്നത് കാശുചിലവില്ലാത്തതുകൊണ്ട്....ഇതിനെല്ലാം ഇടയില്‍ കാശിന് ആവശ്യമില്ലാത്ത ഒരു കുഗ്രാമവാസിയാണ് അടിയന്തിരഘട്ടത്തില്‍ സഹായത്തിനുണ്ടായത്. എത്രമാത്രം ആകസ്മികതകള്‍ ഒത്തുചേര്‍ന്ന ഒരു സമയമായിരുന്നു അത്. ദൈവം ആളുകളെ ചില സാഹചര്യങ്ങളില്‍ കൊണ്ടിടുന്നത് ഇങ്ങനെ ചില പാഠങ്ങള്‍ പഠിക്കാനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  മുരളിയേട്ടന്‍: എന്റെ ഈ അനുഭവം ശരിയായ രീതിയില്‍ വായിച്ചുകണ്ടതില്‍ വളരേ സന്തോഷം. 'ടോയ്ലറ്റ് കടലാസ്സ് ഇറക്കുന്നതുപോലെയാണ് കറന്‍സി അച്ചടിച്ചിറക്കുന്നത്' എന്ന് ഈയിടെ ആരോ എഴുതിക്കണ്ടു. മുരളിയേട്ടന്‍ പറഞ്ഞതുപോലെ, ഉപയോഗിക്കുന്നവന്‍ അത്തരത്തിലാണ് ഉപയോഗിക്കുന്നത് എന്നതുതന്നെയണ് പ്രശ്നം - അതിന് അച്ചടിക്കുന്നവനെ പറയണ്ടല്ലോ.

  ബെഞ്ചാലി : അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ആര്‍ഭാടമായി ജീവിക്കുന്നതില്‍ വലിയ തെറ്റില്ല. കടം വാങ്ങിയ പണം കൊണ്ട് ആര്‍ഭാടമായി ജീവിക്കുന്നിടത്താണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. 'മധ്യവേനല്‍' ഒന്നു കണ്ടു നോക്കൂ.

  പേര് (എനിക്ക് അറിയാം): അത്യാവശ്യത്തിനുമാത്രമുള്ള പണം ചിലവാക്കി ബാക്കിയുള്ളതെല്ലാം അടച്ചുപൂട്ടി നിലവറയില്‍ വയ്ക്കുന്ന സ്വഭാവം സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്ലതല്ല, എന്ന് അംഗീകരിക്കുന്നു. പക്ഷേ ഇല്ലാത്ത പണം കടം വാങ്ങി, തലമുറകളോളം നീണ്ടുനില്‍ക്കുന്ന കടക്കെണിയില്‍ ചെന്നു നില്‍ക്കുന്നതും സമ്പദ്‌ വ്യവസ്ഥയ്ക്ക് നല്ലതല്ല. അതാണ് 'ആഗോളസാമ്പത്തിക മാന്ദ്യ'ത്തിനു കാരണം.

  ReplyDelete
 7. ഈ പിഴക്കഥ വായിയ്ക്കാൻ വൈകിയല്ലോ എന്നൊരു സങ്കടം മാത്രം. ഹിമാചൽ പ്രദേശിലെ കുറെ ഗ്രാമങ്ങളിൽ അലഞ്ഞു തിരിഞ്ഞ കാലം ഓർമ്മിപ്പിച്ചതിന് നന്ദി....പിന്നെ പണം എന്ന കടലാസു കഷ്ണത്തെക്കുറിച്ച്.....അതും നല്ലൊരു അനുഭവമാണ്...എല്ലാം ഓർമ്മിപ്പിച്ചതിൽ സന്തോഷം.

  ReplyDelete
 8. കൊള്ളാം മാഷേ
  സംഭവം കലക്കി
  ആ കടലാസ്സു പ്രയോഗം
  അസ്സലാക്കി
  ഒപ്പം ഒരു നല്ല ചിന്തക്കും
  ഇതു വഴിമരുന്നിട്ടു
  എന്ന് പറഞ്ഞു തിര്തുന്നു
  വീണ്ടും കാണാം
  പുതിയതൊന്നും കണ്ടില്ല
  ഒപ്പം ചേരുന്നു
  വീണ്ടും വരാം

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ