എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Wednesday, March 14, 2012

ഉത്തമതന്ത്രങ്ങള്‍

പൊതുജന മുന്നേറ്റങ്ങളുടെ വര്‍ഷമായാണ് 2011 അറിയപ്പെട്ടത്. ടുണീഷ്യ, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ വിജയിച്ച ഏകാധിപത്യവിരുദ്ധ പോരാട്ടങ്ങള്‍, പടിഞ്ഞാറന്‍ നാടുകളിലെ ധനികാധിപത്യവിരുദ്ധ പ്രക്ഷോഭണങ്ങള്‍, ഇന്ത്യയിലെ അഴിമതിവിരുദ്ധസമരം തുടങ്ങിയവയൊക്കെ നിലവിലുള്ള വ്യവസ്ഥിതിക്കെതിരെയുള്ള ശക്തമായ പ്രതിഷേധം എന്നതിലുപരിയായി ഒരു പുതിയ നടത്തിപ്പില്‍ പൌരഗണങ്ങള്‍ക്കുള്ള അളവറ്റ പ്രത്യാശകൂടി വെളിപ്പെടുത്തുന്നതായിരുന്നു.

എന്താണ് ജനങ്ങളുടെ ഈ പ്രത്യാശ? അഴിമതിരഹിതമായ, സുതാര്യമായ, വ്യക്തിതാല്‍പര്യത്തിനും പ്രാദേശികതാല്‍പര്യത്തിനും അതീതമായ, സത്യസന്ധമായ, രാഷ്ട്രനിര്‍മ്മാണത്തില്‍ ശ്രദ്ധിക്കുന്ന, നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന, ഉടമ്പടികളെ ബഹുമാനിക്കുന്ന, എല്ലാവര്‍ക്കും തുല്യ അവസരം പ്രദാനം ചെയ്യുന്ന ഒരു ഭരണസംവിധാനം. അങ്ങനെയൊക്കെയാണ് വേണ്ടതെന്നാണ് പ്രത്യക്ഷത്തില്‍ ജനത ആവശ്യപ്പെടുന്നത്. അങ്ങനെയായാല്‍ ഒരു രാമരാജ്യമോ മാവേലിനാടോ വന്നുചേരുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ അതാണോ അവര്‍ ആഗ്രഹിക്കുന്നത്? അഥവാ ആണെങ്കില്‍ത്തന്നെ എന്തുകൊണ്ട് അത്തരം ഭരണവ്യവസ്ഥയ്ക്കുതകുന്ന സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നില്ല?

ഒരു ശരാശരി എഴുത്തുകാരനായി പതിനഞ്ചോളം ബ്ലോഗുകള്‍ എഴുതിത്തീര്‍ത്ത് വിഷയദാരിദ്ര്യവും ആശയദാരിദ്ര്യവും പ്രതിഭാദാരിദ്ര്യവും എന്നെ പിടികൂടിയ കാലത്താണ് ടെറി ഫാളിസ്സിന്റെ ഉജ്ജ്വലമായ നോവല്‍ "The Best Laid Plans" ('ഉത്തമതന്ത്രങ്ങള്‍' അല്ലെങ്കില്‍ 'ഉത്തമാസൂത്രിത പദ്ധതികള്‍' എന്നൊക്കെ വേണമെങ്കില്‍ പരിഭാഷപ്പെടുത്താം) വായിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള നര്‍മ്മഭാവനയും അനുപമമായ ഒരു രാഷ്ട്രീയ നാരേറ്റീവും ചേരുംപടി ചേര്‍ത്തെടുത്ത ഈ രസികന്‍ നോവല്‍ വായിച്ചുതീര്‍ത്തതില്‍പ്പിന്നെ ഇത്തരം സംശയങ്ങള്‍ എന്നെ അലട്ടിയിട്ടേയില്ല!

യാദൃശ്ചികമായല്ല, ഈ നോവല്‍ വായിച്ചത്. കനേഡിയന്‍ ബ്രോഡ്‌കാസ്റ്റിങ്ങ് കോര്‍പറേഷന്റെ 2010ലെ സമുന്നത പുരസ്കാരം ലഭിച്ച രചനയാണത്. ആയിടയ്ക്ക് ഈ പുസ്തകത്തിന്റെ ഉള്ളടക്കം റേഡിയോയില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പിന്നീട് ലൈബ്രറിയില്‍ ആ പുസ്തകം റിസര്‍വ് ചെയ്യാന്‍ നോക്കിയപ്പോള്‍ വെയ്റ്റിങ്ങ് ലിസ്റ്റില്‍ നൂറ്റമ്പതിനുമപ്പുറത്തായിരുന്നു ഊഴം. ഒന്നര വര്‍ഷത്തിനു ശേഷം ഈ നവമ്പറിലാണ് ഒടുക്കം അതു കൈയ്യില്‍ കിട്ടിയത്.

തുടക്കത്തില്‍ത്തന്നെ പറയട്ടെ - ടെറി ഒരു അപ്രതിമപ്രതിഭാശാലിയോ 'ഉത്തമതന്ത്രങ്ങള്‍' ഒരു ലോകോത്തര സാഹിത്യസൃഷ്ടിയോ അല്ല (ലോകോത്തര നിലവാരമുള്ള രാഷ്ട്രീയ-ആക്ഷേപഹാസ്യം എന്നൊന്നുണ്ടോ എന്നെനിക്ക് അറിയുകയുമില്ല, ഒരു പക്ഷേ ഓര്‍വെല്ലിന്റെ '1984' ആ ഗണത്തില്‍ പെടുമായിരിക്കും). പക്ഷേ ഗൌരവമുള്ള ഒരു വിഷയത്തെ രസകരമായ വായനയിലൂടെ സത്യസന്ധമായി അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന്‍ പൂര്‍ണ്ണമായും വിജയിച്ചു എന്നു സമ്മതിച്ചേ തീരൂ. ഈ പുസ്തകത്തിന്റെ വിപണനവിജയം അതാണ് തെളിയിക്കുന്നത്.

കാനഡയിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എഴുതിയ ഈ കഥ പൂര്‍ണ്ണമായി ആസ്വദിക്കുവാന്‍ അല്പം പശ്ചാത്തലജ്ഞാനം ആവശ്യമാണെന്നു തോന്നുന്നു. പ്രധാനമായും അറിയേണ്ടത് കാനഡയില്‍ 'ലിബറല്‍', 'കണ്‍സര്‍വേറ്റീവ്', 'എന്‍ഡിപി' എന്നിങ്ങനെ മൂന്ന് മുഖ്യ രാഷ്ട്രീയകക്ഷികളുണ്ടെന്നതാണ്. ലിബറല്‍ പാര്‍ട്ടി നാട്ടിലെ കോണ്‍ഗ്രസ്സുകാരേപ്പോലെയും, കണ്‍സര്‍വേറ്റിവ് ബിജെപിക്കാരെപ്പോലെയും എന്‍ഡിപി ഇടതുപക്ഷക്കാരേയും പോലെയുമാണെന്ന് ‌‌‌‌പറയാം.

ലിബറല്‍ പാര്‍ട്ടിയിലെ പരസ്യപ്രചരണവിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡാനിയല്‍ ആഡിസന്‍ എന്ന ഇംഗ്ലീഷ്ഭാഷാ ബിരുദധാരിയാണ് കഥയിലെ കേന്ദ്രകഥാപാത്രം. നായകന്‍ എന്നതിനേക്കാള്‍ ദൃക്‍സാക്ഷി എന്ന വിശേഷണമാണ് അദ്ദേഹത്തിന് കൂടുതല്‍ ചേരുക, എന്നു തോന്നുന്നു. തികഞ്ഞ യഥാസ്ഥിതികരും കണ്‍സര്‍വേറ്റിവ് കക്ഷിയുടെ അനുയായികളുമായ അച്ഛനമ്മമാരുടെ മകനാണ് അദ്ദേഹം. പക്ഷേ ലിബറല്‍ പ്രത്യയശാസ്ത്രത്തോടുള്ള അഭിനിവേശവും ഭാഷാനൈപുണ്യവും അദ്ദേഹത്തെ ലിബറല്‍ പാര്‍ട്ടിയുടെ മുഖ്യകാര്യാലയത്തിലെ അതിപ്രധാനമായ പ്രചരണവിഭാഗത്തില്‍ കൊണ്ടുചെന്നെത്തിച്ചു. പക്ഷേ കുറച്ചുകാലം പ്രായോഗികരാഷ്ട്രീയം നേരില്‍ കാണാന്‍ ഇടയായതോടെ അദ്ദേഹത്തിനു മടുത്തു. പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവുകൂടിയായ ലിബറല്‍ പാര്‍ട്ടി പ്രധാനി ഡിക്ക് വാറിങ്ങ്ടണ്‍ തിരഞ്ഞെടുപ്പിനു തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് രാജിവെച്ചുപോകാന്‍ ഡാനിയല്‍ തീരുമാനിക്കുന്നത്.

നേതാവ് ഡാനിയലിന്റെ മുന്‍പില്‍ ഒരു നിര്‍ദ്ദേശം വയ്ക്കുന്നു - ഡാനിയലിന്റെ സ്വന്തം മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കുകയും അയാളുടെ തിരഞ്ഞെടുപ്പുപ്രചരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുക. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഡാനിയല്‍ ഫ്രീ!

ലിബറല്‍ എന്നു കേട്ടാല്‍ വേലിക്കകത്തുപോലും കയറ്റാത്ത നാട്ടിലാണ് ഡാനിയലിന് ലിബറല്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ആളെ കണ്ടുപിടിക്കേണ്ടത്! കുറേയിടത്തുനിന്ന് ആട്ടും ചവിട്ടും കൊണ്ടതിനുശേഷം ഒരാളെ ഡാനിയല്‍ അവസാനം കുരുക്കില്‍ വീഴ്ത്തി. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കേണ്ട ദുര്യോഗം വന്നുപെട്ട ഒരു മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് പ്രൊഫസറെയാണ് ഡാനിയല്‍ തന്ത്രപരമായി കുടുക്കിയത്. സാഹിത്യത്തില്‍ വിദൂര താല്‍പര്യം പോലുമില്ലാത്ത പിള്ളേരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഡാനിയലും, പകരം തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അറുപതുവയസ്സുള്ള പ്രൊഫസറും കരാറാകുന്നു.

അങ്ങനെ ആന്‍ഗസ് മക് ലിന്റക്ക് എന്ന സ്കോട്ടിഷ് കുടിയേറ്റക്കാരനും പണ്ഡിതനും വാഗ്മിയും പ്രതിഭാശാലിയുമായ എഞ്ചിനീയര്‍ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്നു - വളരേയധികം നിബന്ധനകളോടെ. അദ്ദേഹത്തിന്റെ പേരൊഴികെ യാതൊന്നും ഉപയോഗിക്കാന്‍ ഇലക്ഷന്‍ പ്രചരണസമിതിക്ക് അനുവാദമില്ലായിരുന്നു. ഒരൊറ്റ പോസ്റ്ററിലും അദ്ദേഹത്തിന്റെ പടമുണ്ടാകില്ല, അദ്ദേഹത്തിന്റെ മേല്‍വിലാസം വെളിപ്പെടുത്തില്ല, ഒറ്റ പ്രചരണയോഗത്തിലും പങ്കെടുക്കില്ല, സമ്മതിദായകരെ ആരെയും നേരിട്ടു കാണില്ല, മാധ്യമങ്ങളോടു (എന്തിന്, പാര്‍ട്ടിക്കാരോടു പോലും) സംസാരിക്കില്ല എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിബന്ധനകള്‍. ഇതൊന്നും പോരാതെ, ഇലക്ഷന് രണ്ടാഴ്ച മുമ്പ് അദ്ദേഹം വിദേശയാത്രയ്ക്കും പോകുന്നു - തിരികെ വരുന്നത് ഇലക്ഷന്‍ കഴിയുന്നയന്ന് രാത്രി മാത്രം.

ഇത്തരം ഒരു സ്ഥാനാര്‍ത്ഥി യാതൊരു തരത്തിലും വിജയിക്കില്ലെന്ന് ഉറപ്പിക്കാമല്ലോ. പാര്‍ട്ടിയുടെ സ്വന്തം രഹസ്യറിപ്പോര്‍ട്ടുകളനുസരിച്ച് ആന്‍ഗസിന് നൂറ്റിയന്‍പതില്‍ കൂടുതല്‍ വോട്ടുകിട്ടാന്‍ സാധ്യതയില്ലായിരുന്നു. ഡാനിയലും ആന്‍ഗസും സന്തോഷിച്ചു- ഇലക്ഷന്‍ കഴിഞ്ഞാല്‍ രണ്ടുപേരും അവരവരുടെ ദൈന്യതകളില്‍ നിന്ന് സ്വതന്ത്രര്‍.

ഇലക്ഷനു നാലു ദിവസം മുമ്പ് എല്ലാ കണക്കുകൂട്ടലുകളും തകിടം മറിഞ്ഞു. കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയും നിലവിലെ ധനകാര്യമന്ത്രിയും സര്‍വ്വോപരി നാട്ടുകാരുടെ കണ്ണിലുണ്ണിയുമായ എറിക് കാമറോണ്‍ ഒരു സ്ഫോടനാത്മകമായ ലൈംഗികാപവാദത്തില്‍ കൈയ്യോടെ പിടിയിലാകുന്നു. രാഷ്ട്രീയക്കാരന്റെ ചീട്ടുകീറാന്‍ അശ്ലീലാചാരണം ധാരാളമാണല്ലോ. വാര്‍ത്താമാധ്യമങ്ങളും പ്രതിപക്ഷവും ആ സംഭവം ആവോളം കൊണ്ടാടി. മണ്ഡലത്തിലെ കറതീര്‍ന്ന കണ്‍സര്‍വേറ്റീവുകള്‍ക്കുപോലും എറിക്കിനു വോട്ടു ചെയ്യുക എന്നത് ചിന്തിക്കാന്‍ പോലും വയ്യാതായി. ലിബറല്‍ പാര്‍ട്ടി നേതൃത്വം സ്ഥിതിഗതികള്‍ ചൂഷണം ചെയ്ത് പരമാവധി വോട്ടുകളാക്കി മാറ്റാന്‍ രാജ്യമെമ്പാടും ശ്രമം തുടങ്ങി. ഇതൊന്നുമറിയാതെ ആന്‍ഗസ് അങ്ങു ദൂരെ 'പാപ്വാ ന്യൂ ഗിനി' എന്ന രാജ്യത്ത് ജലശുദ്ധീകരണയന്ത്രം സ്ഥാപിക്കാന്‍ പോയിരിക്കുകയായിരുന്നു.

ഇലക്ഷന്‍ ദിനം. വോട്ടുകളെണ്ണിത്തീര്‍ന്നപ്പോള്‍ ആന്‍ഗസിന് 3703, എറിക്കിന് 2992, എന്‍ഡിപിയിലെ ജെയ്‌നിന് 3639, അസാധു 14662!! അന്നേ ദിവസം നാട്ടില്‍ വിമാനമിറങ്ങിയ ആന്‍ഗസ് കാണുന്നത് തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ നില്‍ക്കുന്ന മാധ്യമപ്പടയെയാണ്!

വ്യത്യസ്ഥനായ ഒരു പ്രതിനിധിസഭാംഗം അങ്ങനെ തലസ്ഥാനത്തെത്തിച്ചേരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ ഔദാര്യം കൈപ്പറ്റാത്തവന്‍‌. മണ്ഡലത്തിലെ ജനങ്ങളോട് വിശേഷിച്ചു കടപ്പാടില്ലാത്തവന്‍ (അദ്ദേഹത്തിനു ലഭിച്ചതിലും നാലിരട്ടി വോട്ടുകള്‍ അസാധുവായിരുന്നു എന്നതിനര്‍ത്ഥം അദ്ദേഹത്തിനു വോട്ടുചെയ്യുന്നതിനേക്കാള്‍ ഭേദം വോട്ടു നശിപ്പിക്കുകയാണ് എന്നു ജനം കരുതുന്നു എന്നാണല്ലോ). നിലവിലെ രാഷ്ട്രീയക്കളികളില്‍ പങ്കില്ലാത്തവന്‍‌. സര്‍വ്വോപരി രാഷ്ട്രത്തിന്റെ നന്മയ്ക്ക് വേണ്ടതെന്തെന്ന് വ്യക്തമായ കാഴ്ചപ്പാടും അതു ചെയ്യാനുള്ള ചങ്കൂറ്റവുമുള്ളവന്‍‌.

പൂര്‍ണ്ണ സ്വാതന്ത്ര്യവും കഴിവുമുള്ള ഒരു ജനപ്രതിനിധി രാജ്യനന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അയാള്‍ എങ്ങനെ എല്ലാവരുടേയും പൊതു ശത്രുവായി മാറുന്നുവെന്ന് വാവിട്ടു ചിരിപ്പിക്കുന്ന ആക്ഷേപഹാസ്യത്തിലൂടെ കഥാകാരന്‍ വായനക്കാരെ ബോധ്യപ്പെടുത്തുന്നു.

ടെറി ഫാളിസ് ആദ്യമായെഴുതിയ നോവലാണിത്. അദ്ദേഹം (ആന്‍ഗസ് എന്ന കഥാപാത്രത്തേപ്പോലെ) ഒരു സാഹിത്യകുതുകിയും ഭാഷാനിപുണനുമായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ് - ആ ഗുണങ്ങളെല്ലാം ഈ നോവലിലുടനീളം കാണാം. മനോഹരമായി രൂപകല്‍പന ചെയ്തുനിര്‍മ്മിച്ച ഒരു ജര്‍മ്മന്‍ കാറിനോടുപമിക്കാനാവും വിധം ഘടനാസൌന്ദര്യമുണ്ട് ഈ രചനയ്ക്ക്. ഓരോ ഘണ്ഡികയിലും അധ്യായത്തിലും മുന്‍കൂട്ടിയുറപ്പിച്ച രൂപകല്‍പനയുടെ നിറവ് കാണാവുന്നതാണ്. ഡാനിയലിന്റെ വീക്ഷണകോണിലൂടെയുള്ള കഥാഗതിയ്ക്ക് ഓരോ അധ്യായത്തിന്റെ അന്ത്യത്തിലും തുന്നിച്ചേര്‍ത്ത ആന്‍ഗസിന്റെ ഡയറിക്കുറിപ്പുകള്‍ ഒരെഴുത്തുകാരന്റെ ഭാവനയേക്കാള്‍ ഒരു എഞ്ചിനീയറുടെ സൂക്ഷ്മദര്‍ശനമാണ് കാണിക്കുന്നത് (ഓരോ ഡയറിക്കുറിപ്പും അതിമനോഹരം എന്നു തന്നെ പറയണം).

എല്ലാത്തിലും ഉപരിയായി എടുത്തുപറയേണ്ടത് ടെറിയുടെ ഭാഷാവൈഭവമാണ്. സമകാലിക ആംഗലേയത്തിന് ഇത്രകണ്ട് സൌന്ദര്യവും സാധ്യതകളുമുണ്ടെന്ന് ഈ നോവല്‍ വായിച്ചപ്പോഴാണ് മനസ്സിലായത്. മുന്‍ ലിബറല്‍ എംപി അല്ലന്‍ റോക്ക് പറഞ്ഞതുപോലെ "This is a great read for anyone thinking of running for office and especially reassuring for those who have decided not to". നിങ്ങളുടെ ഈ വര്‍ഷത്തെ വായനയ്ക്കായി ഞാന്‍ ഈ രാഷ്ട്രീയ ആക്ഷേപഹാസ്യം ഞാന്‍ ആത്മാര്‍ത്ഥമായി നിര്‍ദ്ദേശിക്കുന്നു.

പരിഭാഷയുടെ കലര്‍പ്പില്ലാതെ നോവലിലെ (എറിക് കാമറോണിന്റെ ലൈംഗികാപവാദവുമായി ബന്ധപ്പെട്ട) ചില ഭാഗങ്ങള്‍ ഞാന്‍ ഉദ്ധരിക്കട്ടെ.

I knew this story had legs when four out of five networks developed scandal specific graphics and theme music to enhance their ongoing coverage of what had been coined "leathergate". Coining a phrase usually meant that the media were in it for the long haul. You didn't brand a scandal unless you were going to ride that horse for a while.Another indication was one network's use of the phrase "a scandal for the ages"...

As pundits picked through Eric Camerons steamy entrails, it was brought home to me once again just how cruel ruthless and brutal we are in the treatment of our politicians. Decades of tireless service, always putting the public interest first without even the whiff of impropriety, is so much dust in the wind if you happen to be caught just once with the hand in the cookie jar. ....History is littered with other outstanding public servants whose human frailty in a single moment of weakness erased entire careers of dogged devotion and selfless service to the country and its citizens....We wonder why we are unable to attract to public life the calibre of people we'd like to see. Well, we pry into their private lives, put their every move under microscope, subject them and their loved ones to the most invasive and penetrating scrutiny imaginable. Then when we find the slightest little thing that even remotely resembles an infraction, we eat them up. We get the government we deserve. Yes, we want honesty, transparency and decency in our politicians. To attract such qualities, we need understanding, sensitivity and sometimes forgiveness in our voters.

13 comments:

  1. സംഭവബഹുലമായ നാലുമാസങ്ങള്‍ക്കുശേഷം എഴുതുന്ന ഒരു ലേഖനമാണിത്. വളരേയധികം കുറവുകളുണ്ടിതിന്. ക്ഷമിക്കുക, ക്രമേണ എല്ലാം ശരിയാകും.

    ReplyDelete
  2. പുസ്തകത്തെക്കുറിച്ച് വായിക്കാതെ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. പരിസരം പരിചയമില്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ പൊതുവായത് എന്നതിനാല്‍ ഒരു താല്പര്യവും ഇല്ലാത്ത കടപ്പടുകള്‍ക്ക് വഴിവേക്കാതെ ജയിച്ചു വരുന്ന ഒരുവന്‍ എന്നത് ഇന്നെല്ലാവര്‍ക്കും പരിചയമുള്ള മുഖം തന്നെ.
    കുറെ നാളുകള്‍ക്ക്‌ ശേഷം ഒരു പോസ്റ്റ്‌ അല്ലെ.

    ReplyDelete
  3. ഏറ്റവും കുറഞ്ഞ വാക്കുകളിലൂടെ തന്നെ ടെറി ഫാളിസ്സിന്റെ "The Best Laid Plans" ന്റെ ആത്മാവിലേക്കിറങ്ങി വായനക്കാരന് അത് അനുഭവേദ്യമാക്കാന്‍ കൊചീചിക്ക് കഴിഞ്ഞു. അപ്പോള്‍ കാനഡയിലും മല്ലു സ്വഭാവക്കാര്‍ തന്നെയാണോ ഭൂരിപക്ഷവും? വിവാദങ്ങളില്‍ അഭിരമിക്കുന്നവര്‍. ടി വി ചാനലുകാര്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി അവിടെയും ഏതറ്റം വരെയും പോകുന്നു അല്ലെ? ജനാധിപത്യം അത് ഇരിക്കുന്ന കൊമ്പ് തന്നെ വെട്ടി സ്വയം മൃതിയടയുകയാണോ? ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിന്റെ നയം നിര്‍ണ്ണയിക്കുന്ന മന്ത്രിമാരെ തിരഞ്ഞെടുക്കുനുള്ള അവകാശം കുത്തകകള്‍ക്കും വിദേശ ശക്തികള്‍ക്കും കൈവരുന്ന അവസ്ഥകളില്‍ ആണ് നാം ഇപ്പോള്‍ ഉള്ളത്. മന്‍മോഹന്‍ സിംഗ് നെ ആരാണ് ശരിക്കും തിരഞ്ഞെടുത്തത് എന്ന് ആലോചിച്ചു നോക്കുക.
    ഏറെ കാലിക പ്രസക്തമായ ഈ പോസ്റ്റിനു എന്റെ സല്യൂട്ട്.

    ReplyDelete
  4. നല്ല ഒരു പുസ്തകപരിചയം സാദ്ധ്യമാക്കി. നന്ദി

    (വോട്ടുകളെണ്ണിത്തീര്‍ന്നപ്പോള്‍ ആന്‍ഗസിന് 3703, എറിക്കിന് 2992, എന്‍ഡിപിയിലെ ജെയ്‌നിന് 3639, അസാധു 14662!! നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ പലരും ഇതുപോലെയൊക്കെയാണ് ജയിക്കുന്നത്. ഇതാണ് ജനാധിപത്യത്തിലെ ഭൂരിപക്ഷം)

    ReplyDelete
  5. ഫഗവാനേ!
    ടെറി ഫാളിസ്സിന്റെ ഉജ്ജ്വലമായ നോവല്‍ "The Best Laid Plans"ഉം വായിച്ചിട്ടില്ല. ഓര്‍വെല്ലിന്റെ '1984'ഉം വായിച്ചിട്ടില്ല!

    എന്തായാലും നായമ്മാര്ടെ പാർട്ടി (എൻ.ഡി.പി.)അവിടേമുണ്ടെന്നു മനസ്സിലായി!!

    (അടുത്ത പ്രാവശ്യം നാട്ടീ വരുമ്പം ഫ്രീയായിട്ടു തന്ന് ഈ നോവൽ എന്നെക്കൊണ്ട് വായിപ്പിക്കണേ!!)

    ReplyDelete
  6. ‘We wonder why we are unable to attract to public life the calibre of people we'd like to see. Well, we pry into their private lives, put their every move under microscope, subject them and their loved ones to the most invasive and penetrating scrutiny imaginable‘

    കനേഡിയൻ രാഷ്ട്രീയ പാശ്ചാത്തല
    പിൻബലത്തോടെ ഈ ‘ഉത്തമതന്ത്രങ്ങൾ‘
    അതീവമായൊരു എഴുത്തിന്റെ മാന്ത്രിക നൈപുണ്യതയോടെ
    ഈ കൊച്ച് വായനക്കാരുടെ മനസ്സിനുള്ളിലേക്ക് കടത്തിവിട്ടിരിക്കുകയാണല്ലോ ...

    ഇനി ഈ പുസ്തകം തേടിപ്പിടിച്ച് വായിക്കുക
    എന്നുള്ളതും ഒരു ബാധ്യതയാക്കികൊണ്ട്..

    ഏത് മുന്നറ്റക്കാരന്റെ കാഴ്ച്ചകളേക്കാളും അപാരം
    തന്നെ ഈ വാലറ്റക്കാരന്റെ കാഴ്ച്ചകൾ...!

    ReplyDelete
  7. ആഹാ! നാലു കമെന്റ്! അപ്പൊ ഈ പോസ്റ്റും സൂപ്പര്‍ഹിറ്റ്!!

    റാംജി,ഞാന്‍ എഴുതിയത് നോവലിലെ ചെറിയൊരംശം മാത്രം. വളരേയധികം വലിയ കാര്യങ്ങള്‍ ആ നോവലില്‍ വിഷയമാകുന്നുണ്ട്. അതെല്ലാം ഇവിടെ എഴുതാന്‍ പറ്റില്ലല്ലോ. ഒരു താല്‍പര്യം ജനിപ്പിക്കാന്‍ വേണ്ടത്ര കാര്യം മാത്രമേ എഴുതിയുള്ളൂ.

    അജിത്, വീണ്ടും വന്നതില്‍ സന്തോഷം. ബ്രിട്ടീഷ് പാര്‍ലമെന്ററി വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ അനേകം പോരായ്മകളില്‍ ഒന്നാണത്.

    ജയന്‍, നാട്ടിലെ "നായന്മാര്‍ക്കു ദുഷ്പേരുണ്ടാക്കുന്ന പാര്‍ട്ടി (NDP)" അല്ല കേട്ടോ, ഇത്. ഇവന്‍ ഒര്‍ജിന്‍ലാ.

    മുരളി, ഈ പുസ്തകത്തിന് വില വളരേ കുറവാണ്. തീര്‍ച്ചയായും വായിക്കണം. എന്നു തന്നെയല്ല, ഒരു Coffee table book ആക്കാന്‍ വളരേ യോജിച്ചതുമാണ്.

    എല്ലാ വായനകള്‍ക്കും വളരേ നന്ദിയുണ്ട്, സുഹൃത്തുക്കളേ.

    ReplyDelete
  8. ഇടയ്ക്ക് സലാംജിയെ വിട്ടുപോയി, സോറി!

    സലാംജിയുടെ കമെന്റ് എനിക്ക് പുതിയൊരു പോസ്റ്റിനുള്ള ആശയം തന്നിട്ടുണ്ട്. വായനയ്ക്ക് വളരേ നന്ദി, സലാംജി.

    ReplyDelete
  9. അപ്പോ ഒരു പുസ്തകം കൂടി ഉടനെ വായിയ്ക്കണം.എന്തായാലും പോസ്റ്റ് ഇഷ്ടമായി. ആ ബുക്ക് വായിയ്ക്കാൻ ആശയുണ്ടാക്കിത്തരും വിധം എഴുതീട്ടുണ്ട്. മിടുക്കൻ. മുരളിഭായ് പറഞ്ഞ പോലെ വാലറ്റക്കാരൻ ആൾ മുന്നറ്റക്കാരൻ താൻ.

    ReplyDelete
  10. വായിപ്പിക്കുന്ന പുസ്തകം.
    വായിപ്പിക്കുന്ന പരിചയപ്പെടുത്തല്‍.
    രണ്ടിനുമിടയില്‍
    ജീവിതം, അവിടെയുമിവിടെയും.

    ReplyDelete
  11. ജനാധിപത്യത്തിന്റെ നിറവും മണവും രുചിയുമെല്ലാം എല്ലായിടത്തും ഒരുപോലെ തന്നെയാനല്ലേ?
    ജനാധിപത്യം നീണാള്‍ വാഴട്ടെ!
    പുസ്തക പരിചയത്തിനു നന്ദി!
    ആശംസകള്‍.

    ReplyDelete
  12. ഈ പരിചയപ്പെടുത്തല്‍ ഭംഗിയായി.അഭിനന്ദനങ്ങള്‍.

    ReplyDelete
  13. എച്ച്മു: ന്റെ മാഡം, ഞാനിവിടെ പിന്നില്‍ ഇങ്ങനെ പതുങ്ങി ജീവിച്ചോട്ടെ, മുന്നിലൊന്നും കൊണ്ടിടല്ലേ ;) അഭിനന്ദനത്തിനു നന്ദി!
    ഒരില: വളരേ നന്ദി, ഇതുവഴി വന്നതിനും വായനയ്ക്കും
    വെണ്‍പാല്‍ : നിറം വെളുത്ത്, മണം പെര്‍ഫ്യൂമിന്റേത്, രുചി അല്പം മസാല കുറഞ്ഞത് എന്നിങ്ങനെയുള്ള വ്യത്യാസങ്ങളേയുള്ളൂ. ഗുണമൊക്കെ ഒന്നുതന്നെ!
    അരുണേശന്‍: വളരേ എളുപ്പത്തില്‍ ലഭ്യമാണല്ലോ. ഇന്ത്യയിലെ രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ കണ്ടിരുന്നു. ഗള്‍ഫിലെ കാര്യം അറിയില്ലാട്ടോ. ഇവിടെ 'അസാധു' എന്നത് ബാലറ്റ് നശിപ്പിച്ചവരുടെ കണക്കാണ് - അതായത് പ്രതിഷേധം തന്നെ. അസാധുവിനേക്കാള്‍ എത്രയോ മടങ്ങു പേര്‍ വോട്ടുചെയ്യാതിരുന്നിട്ടുണ്ടാകും എന്നുകൂടി ഓര്‍ക്കുക.
    vettathan: സ്വാഗതം, നന്ദി!

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ