എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Wednesday, April 11, 2012

ഒരു 'ഫില്ലര്‍'

മടി! മടിയെന്നു പറഞ്ഞാല്‍ പോരാ, കുഴിമടി! വക്കോല്‍ത്തുറുവിന്മേല്‍ വീണ പഴച്ചക്കയേപ്പോലെ അനങ്ങാമടി!

ബ്ലോഗിനുവേണ്ടി വല്ലപ്പോഴും കുത്തിയിരുന്ന് മൂന്നുനാലു വാചകങ്ങളെങ്കിലും എഴുതാറുള്ളതാണ്. ഇതിപ്പോള്‍ മാസം ഒന്നായി, എന്തെങ്കിലും ഒന്നു കുറിച്ചിട്ടിട്ട്. എഴുത്തും വായനയും അറിയുന്നവനായിരുന്നെങ്കില്‍ 'റൈറ്റേഴ്സ് ബ്ലോക്ക്' എന്നൊക്കെ മേനി പറയാമായിരുന്നു. ഈ വാലറ്റത്തുകിടന്ന് പുളയുന്നവന് എന്തു ബ്ലോക്ക്!

മടി ബ്ലോഗിങ്ങിന്റെ കാര്യത്തില്‍ മാത്രമല്ല, ജോലിയിലും വീട്ടിലും വരെ ആയിട്ടുണ്ട്. ഓഫീസിലെ മാഡം ഒരു പാവമാണ്, പക്ഷേ വീട്ടിലെ മാഡം അങ്ങനെയല്ല. ഒരു ചട്ടുകമോ സോസ് പാനോ ഈ വഴിക്കു പറന്നുവരാനുള്ള നല്ല സാധ്യത ഞാന്‍ കാണുന്നുണ്ട്.

'ഐഡില്‍ മൈന്റ് ഇസ് എ ഡെവിള്‍സ് വര്‍ഷാപ്പ്' എന്നാണല്ലോ സായിപ്പു പറഞ്ഞത്. അങ്ങനെ ചെകുത്താന്റെ വര്‍ഷാപ്പില് പണിഞ്ഞെടുത്തതാണ് ഈ പോസ്റ്റ്. കുറച്ചു ചിത്രങ്ങള്‍ മാത്രം. പണ്ട് ആകാശവാണിക്കാര്‍ 'കൃഷിപാഠ'ത്തിനും 'ഡെല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍'ക്കും ഇടയില്‍ ഫില്ലര്‍ ആയി ഇടാറുള്ള സുനില്‍ ഗാംഗുലിയുടെ ഗിത്താര്‍ സംഗീതം പോലെ. ചുമ്മാ... !ഈ ചിത്രങ്ങളെല്ലാം കഴിഞ്ഞ മാസം ഹാമില്‍റ്റണ്‍ എന്ന നഗരത്തില്‍ വെച്ചെടുത്തതാണ്. ടൊറോന്റോയില്‍നിന്ന് നയാഗരയ്ക്ക് പോകുമ്പോള്‍ ഏതാണ്ട് പാതിവഴിയിലുള്ള നഗരമാണ് ഹാമില്‍റ്റണ്‍ . എന്റെ ഒരു സുഹൃത്ത് അവിടെ താമസിക്കുന്നുണ്ട്. അവന്റെ രണ്ടു കുട്ടികളുമായി എന്റെ അഞ്ചുവയസ്സുകാരന്‍ നല്ല കമ്പനിയാണ്. ഒരു കണക്കിനു പറഞ്ഞാല്‍ അവന്‍ എല്ലാ കുട്ടികളോടും കമ്പനിയാണ് - ആറുമാസം തണുത്തുവിറങ്ങലിച്ച്, വീട്ടിനു പുറത്തുകടക്കാന്‍ നിവൃത്തിയില്ലാതെ, ഈ രണ്ടു മധ്യവയസ്കരുടെ മോന്തേം നോക്കിക്കൊണ്ടിരിക്കേണ്ടി വന്നാല്‍ ഏതു കൊച്ചും അങ്ങനെയായിപ്പോകുംഎന്റെ സുഹൃത്ത് അല്പം 'പ്ലഷറും' 'പഞ്ചാരേം' ഉള്ള കൂട്ടത്തിലാണ്. പുള്ളി എല്ലാ ദിവസവും ഏതാണ്ട് ആറുകിലോമിറ്റര്‍ ദൂരെയുള്ള ഒരു പാര്‍ക്കില്‍ നടക്കാന്‍ പോകും. ഞാന്‍ ചെന്ന ദിവസം എന്നേയും കൂടെക്കൂടാന്‍ ക്ഷണിച്ചു. കെട്ടിടത്തില്‍നിന്നു കാറിലേയ്ക്കും ഷോപ്പിങ്ങ് മാളിനകത്തും ഉള്ള നടപ്പല്ലാതെ യാതൊരു വിധ അഭ്യാസവും ചെയ്യാത്ത എന്നോടാണ് നല്ല അസ്സല് തണുത്ത കാറ്റത്ത് പന്ത്രണ്ടു കിലോമിറ്റര്‍ നടക്കാന്‍ പറയുന്നത്! 'നിക്കണ്ടാ, വേഗം വിട്ടോ' എന്നു പറഞ്ഞു, ഞാന്‍ .ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങള്‍ പതുക്കെ വീട്ടില്‍നിന്നിറങ്ങി, ഒരു ബസ്സുപിടിച്ച് പാര്‍ക്കിലെത്തി. സാമാന്യം വലിയ പാര്‍ക്കാണ് അത് - കുട്ടികള്‍ക്കു കളിക്കാന്‍ ഊഞ്ഞാലും സ്ലൈഡും മെറി-ഗോ-റൌണ്ടും ഒക്കെയുണ്ട്
ഒറ്റമിനിറ്റേ നായരു കളിച്ചുള്ളൂ. അപ്പോഴേയ്ക്കും അവനു മൂത്രശങ്ക വന്നു. അവനേപ്പോലെ ടൈമിങ്ങിന്റെ കാര്യത്തില്‍ ഇത്രയും പെര്‍ഫെക്റ്റ് വേറാരുമില്ല. തൊട്ടടുത്ത് മൂത്രപ്പുരയുടെ ബോര്‍ഡ് കണ്ട് ഓടിച്ചെന്നപ്പോളുണ്ട് അതു പൂട്ടിയിട്ടിരിക്കുന്നു! അപ്പോഴാണ് പാര്‍ക്കിന്റെ അങ്ങേയറ്റത്തുള്ള ഒരു വലിയ വെളുത്ത കെട്ടിടം ശ്രദ്ധയില്‍ പെട്ടത്. അവിടെ മൂത്രപ്പുരയുണ്ടെന്ന് എന്റെ സുഹൃത്ത് ഉറപ്പിച്ചു പറഞ്ഞു. നേരെ അങ്ങോട്ട്......
പകുതിവഴിയെത്തിയപ്പോഴേയ്ക്കും ചെക്കന്‍ അയ്യോ പൊത്തോന്ന് ചീറാന്‍ തുടങ്ങി. നമ്മളുപിന്നെ 'ദേശീസ്' അല്ലേ, നാണവും മാനവും നോക്കാനുണ്ടോ (അല്ലാ, നോക്കിയാല്‍ പിന്നെ ചരക്കിനെ ബസ്സില്‍ കയറ്റാന്‍ കൊള്ളാതാകും). സിബ്ബ് താഴേയ്ക്ക്, മൂത്രം പുറത്തേയ്ക്ക്. ഒന്നുരണ്ടു മദാമ്മമാര്‍ കെറുവോടെ നോക്കി നടന്നു പോകുന്നതു കണ്ടില്ലെന്നുവെച്ചു. അവരു വേണമെങ്കില്‍ പോയി കേസു കൊടുക്കട്ടെ, അല്ല പിന്നെ!
ഇത്രയുമായപ്പോള്‍ മുതിര്‍ന്നവര്‍ക്കും 'ഒന്നു മൂത്രമൊഴിച്ചാലോ' എന്ന ചിന്ത വന്നു തുടങ്ങിയതിനാല്‍ എല്ലാവരും അതേ ദിശയില്‍ത്തന്നെ പ്രൊസീഡ് ചെയ്തു. അവിടെ എത്തിയപ്പോഴല്ലേ കാണുന്നത്, അവിടെ ഒരു ഗാര്‍ഡന്‍ ഷോ നടക്കുകയാണ്! പലതരം പൂച്ചെടികളും പുല്‍ത്തകിടികളും വള്ളികളും ലാന്റ് സ്കേപ്പിങ്ങും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു വലിയ എക്സിബിഷന്‍ !
ഓരോരുത്തരായി മൂത്രപ്പുരയില്‍ കയറി ആര്‍ഭാടമായി ആദ്യം മൂത്രമൊഴിച്ചു. പിന്നെ വിസ്തരിച്ച് എക്സിബിഷന്‍ കണ്ടു. ഫോട്ടോ പിടിക്കാന്‍ കയ്യില്‍ നല്ല ക്യാമറയൊന്നും ഉണ്ടായിരുന്നില്ല, ബ്ലാക്ക്ബെറിയില്‍ എടുത്ത ചിത്രങ്ങളാണിവ. നല്ല ക്യാമറ എങ്ങാനും ഉണ്ടായിരുന്നെങ്കില്‍ ..........
കാനഡയിലെ വലിയ ബിസിനസ് ആണ് ഈ ചെടികളും പുല്ലും എല്ലാം. കൊല്ലത്തില്‍ കഷ്ടിച്ച് അഞ്ചു മാസമേ ഈ ചെടികളൊക്കെ ജീവനോടെയുണ്ടാകൂ, എന്നാലും എല്ലാവരും എല്ലാ കൊല്ലവും ഇതിനായി കാശു കളയും.
പൊതുവേ മടിയനായതുകൊണ്ട് ഞാന്‍ ചെടികള്‍ വെച്ചുപിടിപ്പിക്കാറില്ല. പുല്‍ത്തകിടിയാണ് എന്റവിടത്തെ ആകെയുള്ള ലാന്റ്‌സ്കേപ്പിങ്ങ്. അതാകുമ്പോള്‍ അല്പം വെള്ളമൊഴിക്കണം ആഴ്ചയിലൊരിക്കല്‍ വെട്ടിനിര്‍ത്തണം - അത്രയേ ഉള്ളൂഅപ്പോള്‍ പടങ്ങളൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായല്ലോ. ഇതിലെ ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ ഫുള്‍ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ കിട്ടും. ആവശ്യമുള്ളവര്‍ക്കെല്ലാം ഈ ചിത്രങ്ങള്‍ സൌജന്യമായി എടുക്കാം - യാതൊരുവിധ പകര്‍പ്പവകാശനിബന്ധനകളുമില്ലാതെ (ഹോ, എന്തൊരു ഔദാര്യം! എനിക്കുതന്നെ ചൊറിഞ്ഞുവരുന്നു!).
ഏല്ലാവരും വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണല്ലോ. എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍ ! എനിക്ക് ഈ വര്‍ഷം വിഷു ഇല്ല. വിഷു മാത്രമല്ല, ഓണവും ക്രിസ്തുമസ്സും പിറന്നാളും ഒന്നും. അടുത്ത ജനുവരിയില്‍ അമ്മയുടെ ആദ്യത്തെ ആണ്ടുശ്രാദ്ധം കഴിഞ്ഞേയുള്ളൂ ഇനിയെല്ലാം.

അപ്പൊ ഇനി മടി മാറിയിട്ടു കാണാം!

14 comments:

 1. വിഷുവിന് കുട്ടികള്‍ക്ക് കൈനീട്ടം കൊടുക്കുമ്പോള്‍ അവരെ ധൂര്‍ത്ത് ശിലിപ്പിക്കാന്‍ സാധ്യതയുള്ളത്ര തുക കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

  ReplyDelete
 2. "അവന്‍ എല്ലാ കുട്ടികളോടും കമ്പനിയാണ് - ആറുമാസം തണുത്തുവിറങ്ങലിച്ച്, വീട്ടിനു പുറത്തുകടക്കാന്‍ നിവൃത്തിയില്ലാതെ, ഈ രണ്ടു മധ്യവയസ്കരുടെ മോന്തേം നോക്കിക്കൊണ്ടിരിക്കേണ്ടി വന്നാല്‍ ഏതു കൊച്ചും അങ്ങനെയായിപ്പോകും"അവധിക്കു പത്രാസ്സില്‍ വന്നുപോകുന്ന പ്രവാസികളെ മാത്രമേ മലയാളി അറിയൂ.അവരുടെ നേട്ടങ്ങള്‍ക്ക് പുറകിലുള്ള കഠിനാധ്വാനവും കഷ്ടപ്പാടുകളും അറിയുന്നെയില്ല.
  ചിത്രങള്‍ നന്നായി.

  ReplyDelete
 3. മടിയന്റെ വിഷു ആശംസകള്‍ അല്ലെ? മടി ഇല്ലാത്തവര്‍ ആരുണ്ട്?
  പൂക്കളൊക്കെ നന്നായിരിക്കുന്നു. ഞാനൊന്നും എടുക്കുന്നില്ല ട്ടോ.
  വിഷു ആശംസകള്‍.

  ReplyDelete
 4. Nice photos...

  (with blackberry this beautiful pic's taken. I wonder what it will be if it was a strawberry)

  Seasons greetings dear friend

  ReplyDelete
 5. തകർപ്പൻ പടങ്ങൾ!

  ഇമ്മടെ അയിത്തണ്ണൻ പറഞ്ഞോലെ ഇനീം എടുക്കുമ്പം സ്ട്രോബെറി വച്ചെടുക്കണേ!

  ReplyDelete
 6. മടിയനാവുകയാനെങ്കില്‍ ഇങ്ങിനെയാവണം.
  അതിന്റെ ഫലമായി അപൂര്‍വ മനോഹര പുഷ്പ വിരുന്നു കിട്ടിയല്ലോ.
  സാധാരണ മോണിട്ടറില്‍ തെളിയുന്ന പൂക്കള്‍ അങ്ങിനെ ഇരുത്തി നോക്കാറില്ല.
  പക്ഷെ ഇത് ശരിക്കും ഇഷ്ടമായി.
  ക്രിയേറ്റിവിറ്റി എഴുത്തില്‍ മാത്രമല്ല K.K. ഇങ്ങിനെയും ആവാം.
  ഇതിന്റെ തുടര്‍ച്ചകളും നല്ല എഴുത്തുകള്‍ക്കിടെ വിടര്‍ന്നു പരിലസിക്കട്ടെ.

  ReplyDelete
 7. കൊച്ചുവേട്ടന്റെ വിഷു കൈനീട്ടം അസ്സലായി.. എന്ത് ഭംഗിയാണ് ആ പൂക്കള്‍ക്ക്... ഫോട്ടോസ് വളരെ മനോഹരമായിട്ടുണ്ട്. ഈ മടിയെ എങ്ങിനെ തുരത്താം എന്നാണു ഞാനും ചിന്തിക്കുന്നത് :) അഞ്ചു വയസ്സുകാരന് എന്റെ ഒരായിരം വിഷു ആശംസകള്‍..ഒരു സമ്മാനം ഒരുക്കുന്നുണ്ട് മോന് ട്ടോ...

  ReplyDelete
 8. എന്റെ ഈ വെറുമെഴുത്ത് വായിച്ച എല്ലാവര്‍ക്കും നന്ദി!

  vettathan: എനിക്കിവിടെ പരമസുഖമാണ് മാഷേ. ഒരു ബുദ്ധിമുട്ടുമില്ല. കുട്ടിയുടെ കാര്യം മാത്രമേ അല്പം കഷ്ടമുള്ളൂ. ഞങ്ങള്‍ അടുത്തവീടുകളിലൊന്നും അവനെ കളിക്കാന്‍ വിടാറില്ല, അതാണ് കുഴപ്പം
  റാംജി:മിക്കവാറും പേര്‍ക്ക് മടി മനസ്സിലുണ്ടെങ്കിലും സാഹചര്യങ്ങള്‍ മടിപിടിച്ചിരിക്കാന്‍ അനുവദിക്കില്ല. എന്റെ കാര്യത്തില്‍ സാഹചര്യവും മടിയും ഒത്തുവന്നിരിക്കുകയാണ്!
  ajith: I thought you were joking, but then I found out that there _is_ actually a "strawberry" from LG! Well, a "strawberry" picture is not going to come on my dime. Even the blackberry comes from my employer - all expenses paid.
  ജയന്‍: പിന്നെന്താ? സ്ട്രോബെറിയോ, റെഡ്ബെറിയോ, ഓറഞ്ജോ, (വിന്‍ഡോസ്)മാംഗോയോ എന്തു വെച്ചു വേണേലും എടുക്കാം. ആ 'പഴം' ഇങ്ങോട്ടയച്ചുതന്നാല്‍ മതി
  സലാംജി: സൂചന പിടി കിട്ടി, കേട്ടോ :) നല്ല എഴുത്ത് വരുന്നുണ്ട്, ഒരു തരികിട വെറുതേ ഇട്ടതാണ്.
  jazmikkutty: മടിയെ തുരത്താന്‍ പറ്റിയ ഉപകരണമാണ് ചട്ടുകം എന്നാണ് എന്റെ ഭാര്യ പറഞ്ഞുകേട്ടത്. കുറേക്കാലമായല്ലോ കണ്ടിട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍ വന്നപ്പോള്‍ ഞങ്ങള്‍ നിങ്ങളെയൊക്കെ ഓര്‍ത്തു, കേട്ടോ.

  ReplyDelete
 9. വല്ല ബ്ലാക്ക്ലേബലോണ്ടുള്ള ഫില്ലിങ്ങ്
  തരണ്ടേന് പകരം ബ്ലാക്ബറികൊണ്ട് വിഷുക്കണി
  കാണിച്ച് രക്ഷപ്പെട്ടു അല്ലേ ഇത്തവണ അല്ലേ ഭായ്

  പിന്നെ

  വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടിലിവിടേയും
  വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെയെങ്കിലും ,ഒരാള്‍ക്കും വേണ്ട
  വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
  വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
  വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
  വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
  വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

  ReplyDelete
 10. പൂപ്പടങ്ങൾ നന്നായിരിക്കുന്നു.

  ReplyDelete
 11. പൂക്കളുടെ ഭംഗി കൊണ്ടാണോ.. അതോ നന്നായി യെടുത്തതു കൊണ്ടാണോയെന്നറിയില്ല ഫോട്ടോസൊക്കെ അടിപൊളി... നല്ല ക്യാമറ കൊണ്ടൊന്നും കാര്യമില്ലായെന്ന് മനസ്സിലായില്ലേ ഇപ്പോള്‍..

  ReplyDelete
 12. മുരളി: നാട്ടിലും ഇപ്പൊ വിഷൂന് കണിക്കൊന്നേം വെള്ളരീം വിഷുപ്പക്ഷീം വെള്ളിപ്പണോം ഒക്കെ 'പൊട്ടാപ്പടക്കം' ആയിരിക്കണൂ. മിക്കവര്‍ക്കും ആ ദിവസം 'ബ്ലാക്ക് ലേബല്‍ ഫില്ലിങ്ങ്' തന്നെയാണ് പ്രിയം - വിശേഷിച്ച് എന്റെ നാട്ടുകാര്‍ക്ക് (മ്മടെ ചാലൌട്യേയ്).
  കരിങ്കല്ല്: എന്തൊരു 'അപരനാമം' സഖാവേ! പടങ്ങള്‍ ഇഷ്ടപ്പെട്ടെന്നറിയിച്ചതില്‍ സന്തോഷം.
  സുനി: ഉറപ്പായും പൂക്കളുടെ ഭംഗി തന്നെ. വാലറ്റക്കാരന്‍+കാമറ = കൊരങ്ങന്‍+പൂമാല = കരുവാന്‍+സ്വര്‍ണ്ണപ്പണി

  ReplyDelete
 13. nice work.
  welcometo my blog

  blosomdreams.blogspot.com
  comment, follow and support me.

  ReplyDelete
 14. തിരോന്തരത്ത് പറയണ കിടിലൻ തന്നേന്ന് പടങ്ങള്....അഭിനന്ദനങ്ങൾ കേട്ടൊ.

  വേറേ ഒരു പേരിടണം എന്റെ ഈ സുഹൃത്തിനു എന്ന് വിചാരിച്ചിട്ട് കുറെക്കാലമായി. കൊച്ചുകൊച്ചീച്ചി മാറ്റി കെ.കെ എന്നെഴുതിക്കാണിച്ച സലാമിനു നന്ദി.......ഞാനും കെ കെ ആക്കാമെന്ന് വെച്ചു.

  അപ്പോ മടിയനും ഫോട്ടൊഗ്രാഫറും പാട്ടുകാരനും എഴുത്തുകാരനും ഒക്കെയായ കെ കെ വാഴ്ക വാഴ്ക....

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ