എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Friday, August 5, 2011

റിസപ്ഷന്‍ കമ്മറ്റി

ബൂലോകത്തെ മുടിചൂടാമന്നനും ആയുര്‍വേദ പണ്ഡിതനും വാഗ്മിയും സരസനും സുന്ദരനും സുശീലനും ബലിഷ്ഠകായനും ധീരനും പരോപകാരിയും ഭാഷാസ്നേഹിയുമായ ഉലകനായകന്‍ ശ്രീവീരകേസരി ദാമോദരസുതന്‍ ജയന്‍ തിരുമേനിയവര്‍കള്‍ ഏതാണ്ട് ഒരു വര്‍ഷം മുമ്പ് എഴുതിയ ഒരു 'ലങ്കന്‍ ' കഥ വായിച്ചയന്നുമുതല്‍ മനസ്സില്‍ പൊട്ടിമുളച്ചതാണ് അതുപോലൊരു കഥ എനിക്കും എഴുതണമെന്ന വല്ലാത്തൊരു ആഗ്രഹം. അതിനുവേണ്ട ഉരുപ്പടിയും കയ്യിലുണ്ടായിരുന്നു. പക്ഷേ അതില്‍ വലിയൊരു പ്രശ്നം ഉണ്ടായിപ്പോയി.

വൈദ്യരുടെ എല്ലാ കാമ്പസ് കഥകളിലുമെന്നതുപോലെ അദ്ദേഹത്തിന്റെ 'ലങ്കന്‍ ' കഥയിലും വിഡ്ഢിവേഷം മൂന്നാമതൊരാള്‍ക്കായിരുന്നു. എന്റെ കഥയിലാണെങ്കില്‍ അത് സ്വയം എനിക്കും.

അതുകൊണ്ട് (അതായത് ഞാന്‍ സ്വയം വെഞ്ഞാറമൂടനാകുന്ന ഇടപാടായതുകൊണ്ട്) അങ്ങനെയൊരെഴുത്ത് ഉടനേ വേണ്ടന്നുവെച്ചു. എഴുതാന്‍ വേറെന്തെല്ലാം ബുദ്ധിജീവി സ്റ്റഫ് കെടക്കുന്നു. അതൊക്കെ ഓരോന്നായി അങ്ങനെ എഴുതിത്തള്ളി. ഇതിനിടെ ഈ വാലറ്റക്കാരന്റെ ബ്ലോഗില്‍ കുറച്ചാളുകള്‍ കയറിവരാനും അഭിപ്രായം പറയാനുമൊക്കെ തുടങ്ങി. അപ്പോള്‍ പിന്നെ നമ്മുടെ ഈ ബുജി ഇമേജ് നിലനിര്‍ത്തേണ്ടതാണെന്നും വെറുതേ എന്തെങ്കിലും വങ്കത്തരം എഴുതി ആളുകളുടെ ബഹുമാനം കളഞ്ഞുകുളിക്കരുതെന്നും ഉള്ള രീതിയിലുള്ള ചിന്ത മനസ്സില്‍ കയറിക്കൂടി. അങ്ങനെ മനസ്സില്ലാമനസ്സോടെ ആ ലങ്കന്‍ കഥ എഴുതാനുള്ള പരിപാടി എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് എന്റെ കൃശഗാത്രത്തെ പുളകിതമാക്കിയ ആ മഹാസംഭവം ഉണ്ടായത്.

എന്റെ കഴിഞ്ഞ പോസ്റ്റ് വെറും രണ്ടുപേരേ വായിച്ചുള്ളൂ!

ഇതറിഞ്ഞതോടെ ഈ കഥ എഴുതാനുള്ള ഉത്സാഹം പതിന്‍മടങ്ങു വര്‍ദ്ധിച്ചു. ഇനി ഇതെഴുതിയാലും അധികമാരും വന്നു വായിക്കാന്‍ പോണില്ല, അതുകൊണ്ട് ധൈര്യമായി എഴുതാം. എഴുതാനുള്ള അത്യാഗ്രഹം ശമിക്കുകയും ചെയ്യും നാണക്കേടുണ്ടാകുമെന്ന ഭയവും വേണ്ട.

അപ്പൊ ഞാന്‍ തുടങ്ങട്ടേ?

ഈ സംഭവം നടക്കുന്നത് സുന്ദരസുരഭിലമായ എണ്‍പതുകളിലാണ് (ഹേയ്, എനിക്കത്രേം പ്രായമൊന്നും ആയിട്ടില്ല. കഥയെഴുതുമ്പോള്‍ ഒരു പുകമറയുള്ള പശ്ചാത്തലം വേണമല്ലോ, അതിനു പറ്റിയത് എണ്‍പതുകളാണെന്നു തീരുമാനിച്ചു. അത്രേയുള്ളൂ). സുമുഖനായ രാജീവ് ഗാന്ധി നാടുവാണീടും കാലം.സരസനായ നയനാര്‍ സഖാവ് ദേശം വാഴും കാലം. ഒരേയൊരു ക്രൂരദര്‍ശന്‍ ചാനലും ആ ചാനലില്‍ ഹിന്ദി പരിപാടികള്‍ മാത്രവുമുള്ള കാലം. മങ്കമാരും മല്ലാക്ഷിമാരും ഇടംവലം തിരിഞ്ഞൊരു നടനത്തിന്‍ ചുവടുവെച്ചു പൂന്തിരളു നുള്ളുന്ന കാലം.

അന്ന് ഞങ്ങളുടെ ഹോസ്റ്റല്‍ ഡേ ആയിരുന്നു.

സാധാരണ ഹോസ്റ്റല്‍ ഡേ നമ്മുടെ ദേശി-ജനാധിപത്യ രീതിയിലാണ് നടക്കാറ്. അതായത് ഹോസ്റ്റല്‍ ഡേയ്ക്ക് ഒരു മാസം മുമ്പ് എല്ലാവരും വോട്ട് ചെയ്ത് കുറച്ചു ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു, ഭാരവാഹികള്‍ കാശുപിരിക്കുകയും അവര്‍ക്കാവുന്ന രീതിയില്‍ വിരുന്നും പരിപാടികളും ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്യുന്നു, കൂട്ടത്തില്‍ ഫണ്ടില്‍നിന്ന് ആവുന്നത്ര പണം അടിച്ചുമാറ്റുന്നു, വോട്ടെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥികള്‍ ചടങ്ങുകള്‍ക്കുശേഷം ഭാരവാഹികളെ തെറിവിളിക്കുന്നു, ഭാരവാഹികള്‍ തിരിച്ചു തെറിവിളിക്കുന്നു, ഇതിലൊന്നും പെടാത്ത പാവങ്ങള്‍ 'നമ്മളു വെര്‍തേ പൈസ കളഞ്ഞു' എന്നു കുണ്ഠിതപ്പെടുന്നു, അങ്ങനെയങ്ങനെയങ്ങനെ....ഇതിനൊക്കെ ചില സ്ഥിരം നേതാക്കന്‍മാരുണ്ട്. എപ്പോഴും അവരിലാരെങ്കിലുമേ ജയിക്കൂ. വേറാരു നിന്നിട്ടും ഒരു കാര്യവുമില്ല.

ഞാന്‍ ഇതിനൊക്കെവേണ്ടി മത്സരിക്കുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ല. അക്കാലത്ത് മുപ്പത്തിയൊമ്പതര കിലോയാണ് തൂക്കം (ഈ അരക്കണക്കൊക്കെ എന്തിനാണു പറയുന്നത് എന്നു ചോദിക്കരുത്. ആ ലെവലില്‍ ഓരോ ഗ്രാമിനും പ്രാധാന്യമുണ്ട്). എലുമ്പശ്രീമാന്‍ മത്സരത്തില്‍ ഹോസ്റ്റലില്‍ നിന്ന നാലുകൊല്ലത്തില്‍ മൂന്നിലും ഞാനായിരുന്നു വിജയി - ഒരു തവണ മോശം അമ്പയറിങ്ങ് കാരണം എന്റെ സുഹൃത്ത് ഷാജിയാണ് വിജയിച്ചത്. ഈ മത്സരത്തിന് ഞാനും ഷാജിയും ഷര്‍ട്ടൂരിയാല്‍ ബാക്കിയുള്ളവരൊക്കെ ഒരക്ഷരം മിണ്ടാതെ അവരവരുടെ ഷര്‍ട്ടുകള്‍ ഇട്ട് പിന്‍വാങ്ങുകയാണു പതിവ്. ഒരിക്കല്‍ ഞാനോ ഷാജിയോ കൂടിയ (അല്ലെങ്കില്‍ കുറഞ്ഞ) നൂലന്‍ എന്നു തീരുമാനിക്കാന്‍ കഴിയാഞ്ഞ ഒരു വിധികര്‍ത്താവ് "പോയൊരു സ്ക്രൂ ഗേജ് കൊണ്ടുവാടാ" എന്നട്ടഹസിച്ചത് ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു. അങ്ങനെയൊക്കെയുള്ള ഞാന്‍ ഭാരവാഹിയാകണമെന്നെങ്ങാനും പറഞ്ഞോണ്ടു ചെന്നാല്‍, രണ്ടു പേപ്പര്‍ വെയ്റ്റ് എടുത്തു കയ്യില്‍ തന്ന് "നീ ഈ ഭാരോം വഹിച്ചോണ്ട് അധികം കാറ്റടിക്കാത്തിടത്തെങ്ങാനും പോയി നില്ല്" എന്നു പറയും ജനം.

പക്ഷേ ആക്കൊല്ലം ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന സിഐഎ സാര്‍ പുതിയൊരു ഭരണപരിഷ്കാരം കൊണ്ടുവന്നു. അദ്ദേഹം ഫുഡ് കമ്മറ്റി, ഫണ്ട് റേസിങ്ങ് കമ്മറ്റി, ബഡ്ജറ്റ് കമ്മറ്റി, ആഡിറ്റ് കമ്മറ്റി, ഡെക്കറേഷന്‍ കമ്മറ്റി, ലാന്‍ഡ്സ്കേപിങ്ങ് കമ്മറ്റി (അതായത് കുറ്റിക്കാടു വെട്ടിത്തെളിക്കല്‍ ആന്‍ഡ് ചവറുപെറുക്കല്‍ കമ്മറ്റി) എന്നിങ്ങനെ ഏതാണ്ട് പതിനഞ്ചു കമ്മറ്റികള്‍ അങ്ങു രൂപീകരിച്ചു. ഓരോ കമ്മറ്റിയിലും മൂന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍. അതായത് ഹോസ്റ്റലിലെ എല്ലാ അന്തേവാസികളേയും നിര്‍ബന്ധമായും ഏതെങ്കിലും ഒരു കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി, എന്നു സാരം. ഇന്ന് ഞാന്‍ ഓര്‍ക്കുമ്പോള്‍, വളരേ ബുദ്ധിപരമായ ഒരു തീരുമാനമായിരുന്നു അത് എന്നു തോന്നുന്നു. മാറിനിന്നു പാരവെയ്ക്കുക, കയ്യിട്ടു വാരുക, പരദൂഷണം പറയുക, നേതാക്കന്‍മാര്‍ മാത്രം തോന്നിയ പോലെ ചെയ്യുക എന്നി ഏര്‍പ്പാടുകള്‍ക്ക് വലിയൊരു തടയിടാന്‍ ഈ വളര്‍ത്തിപ്പിളര്‍ക്കുന്ന (അല്ലെങ്കില്‍ പിളര്‍ത്തു വളര്‍ത്തുന്ന) തന്ത്രം സഹായിച്ചിരുന്നു.

അങ്ങനെ ഞാന്‍ പെട്ടത് റിസപ്ഷന്‍ കമ്മറ്റിയിലാണ്. ഓരോ ഡിപ്പാര്‍ട്ടുമെന്റിലും ചെന്ന് എല്ലാവരേയും ക്ഷണിക്കുക, ഹോസ്റ്റല്‍ ഡേയുടെ അന്ന് ഡിന്നറിനുവരുന്നവരെ സ്വീകരിച്ച് അവരവരുടെ കസേരകളില്‍ കൊണ്ടുചെന്നിരുത്തുക, വിരുന്നു കഴിഞ്ഞാല്‍ എല്ലാവരേയും ഓഡിറ്റോറിയത്തിലേയ്ക്കു നയിക്കുക എന്നിവയായിരുന്നു ഈ കമ്മറ്റിയുടെ ചുമതല.

സമയം വൈകീട്ട് ഏതാണ്ട് അഞ്ചുമണി കഴിഞ്ഞ് ഇരുപത്തിമൂന്നു മിനിട്ട്. ഞാന്‍ രണ്ടാം നിലയിലെ എന്റെ മുറിയിലിരുന്ന് ഷൂ പോളിഷ് ചെയ്യുന്ന സമയത്താണ് താഴെനിന്ന് ഒരലര്‍ച്ച.

"എടാ കൊതൂ...., എടാ കൊതൂഊഊഊഊഊഊഊ......"

"കൊതു നിന്റെ അമ്മായിയച്ചന്‍! എന്തിനാടാ @#$@%@* വെറുതേ കെടന്നു കാറുന്നത്?"

"ദേ നിന്റെ ഡിപ്പാര്‍ട്ട്മെന്റിലെ ദേവരാജന്‍ സാറ് താഴെ വന്നു നിക്കണ്"

അയാളൊരു പുലിവാലാണെന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. കൃത്യനിഷ്ഠയുടെ മൂര്‍ത്തീഭാവം. സാധാരണ എല്ലാവരേയും ക്ഷണിച്ചതുപോലെ പുള്ളിയേയും ക്ഷണിച്ചതാണ് കുഴപ്പമായത്. പൊതുവേ അഞ്ചരയ്ക്കു ക്ഷണിച്ചാല്‍ ആറുമണിക്കു ശേഷം മാത്രം എത്തുന്നതാണല്ലോ നാട്ടുനടപ്പ്. ടിയാന്‍ വ്യത്യസ്തനാണ്. പുള്ളിയെ ക്ഷണിച്ച നേരത്ത് "സാര്‍, ആര്‍ യു വെജിറ്റേറിയന്‍?" എന്ന ചോദ്യത്തിന് "ഐ ആം എ വെജിറ്റേറിയന്‍ ആന്റ് എ ടീടോട്ടലര്‍" എന്ന പുള്ളിയുടെ കാച്ചു കേട്ടപ്പോഴെങ്കിലും അതോര്‍ക്കേണ്ടതായിരുന്നു. എന്തു ചെയ്യാം, മനുഷ്യനെ മിനക്കെടുത്താന്‍ നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് ഇങ്ങനെയും ചിലര്‍. ഹിന്ദിക്കാര്‍ പറയുന്നതു പോലെ 'അംഗ്രേസ് ചലേ ഗയേ ലേകിന്‍ ഔലാദ് ഛോഡ് ഗയേ'.

പെട്ടന്ന് ചാടിയെണീറ്റ് ലുങ്കിക്കടിയിലൂടെ ഒരു ഷഡ്ഡി വലിച്ചുകയറ്റി ഒരു ഷര്‍ട്ടുമെടുത്തിട്ട് താഴേയ്ക്ക് ഓടിച്ചെന്നു. സാര്‍ അവിടെ മുറ്റത്ത് സുസ്മേരവദനനായി നില്‍ക്കുന്നു. വലതുവശത്തെ വിസിറ്റിങ്ങ് റൂമില്‍ രണ്ടുമൂന്ന് അന്തേവാസികള്‍ ലുങ്കി മടക്കിക്കുത്തി മേശപ്പുറത്തു കാല്‍ കയറ്റിവെച്ച് പത്രം വായിച്ചുകൊണ്ടിരിക്കുന്നു. മുഖത്ത് കഴിയുന്നത്ര രൌദ്രഭാവം വരുത്തി, നല്ലപോലെ കണ്ണുരുട്ടി (അതല്ലാതെ വേറെന്തിട്ട് ഉരുട്ടാന്‍) അവന്‍മാരോട് അവിടന്ന് എണീറ്റുപോകാന്‍ കഴുത്തുവെട്ടിച്ച് ആംഗ്യം കാണിച്ചു. പിന്നെ ചെവിതൊട്ട് ചെവിവരെയുള്ള ഒരു പുഞ്ചിരിപാസ്സാക്കി സാറിനെ വരവേറ്റു.

നടുമുറ്റത്ത് അതുവരെ 'ലൈറ്റ് ആന്റ് സൌണ്ട് കമ്മറ്റി' വിളക്കുകള്‍ തെളിക്കുകയോ 'സീറ്റിങ്ങ് കമ്മറ്റി' മേശകളും കസേരകളും നിരത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ ഈ ബിംബം എവിടെക്കൊണ്ടു പ്രതിഷ്ഠിക്കും? പെട്ടന്ന് തലയില്‍ ഒരു ബള്‍ബ് കത്തി - സാബുവിന്റെ മുറിയില്‍! സാബു ഒരു ജെന്റില്‍മാന്‍ ആണ്, മാഷമ്മാരെയൊക്കെ നല്ലോണം ഡീല്‍ ചെയ്തോളും. പുള്ളിയുടെ മുറി എപ്പോഴും വളരേ വൃത്തിയായിരിക്കും, അതിനകത്ത് പൂച്ചിലന്തിയാട നെയ്യുന്ന എട്ടുകാലികളില്ല. മുറിയുടെ ചുവരുകളില്‍ ബിക്കിനിപ്പെണ്ണുങ്ങളുടെ ഒരൊറ്റ പോസ്റ്റര്‍ പോലും ഇല്ല. പിന്നെ, മൂത്രത്തിന്റെ ദുര്‍ഗന്ധത്തിനേക്കാള്‍ രൂക്ഷമായ, 'ക്ലെന്‍ലിനെസ്സ് ആന്റ് ഹൈജീന്‍ കമ്മറ്റി'ക്കാര്‍ കലക്കിയൊഴിച്ച ഫിനായിലിന്റെ ഗന്ധം വമിക്കുന്ന ബാത്ത്റൂമില്‍നിന്ന് വളരേ ദൂരത്തുള്ള മുറിയാണ് അവന്റേത്. എല്ലാംകൊണ്ടും തല്‍ക്കാലം പുള്ളിയെ കുടിയിരുത്താന്‍ പറ്റിയ ഇടം അതുതന്നെ! അങ്ങനെ അങ്ങേരെ അവന്റെ തലയില്‍ കെട്ടിവെച്ച് ഞാന്‍ ഡ്രെസ്സ് ചെയ്യാന്‍ എന്റെ മുറിയിലേയ്ക്ക് ഉടന്‍തന്നെ തിരിച്ചുവന്നു.

അങ്ങനെ ഹോസ്റ്റല്‍ ഡേയുടെ തുടക്കം തന്നെ കുളമായി. തുടക്കം‌ പിഴച്ചാല്‍ എല്ലാം പിഴച്ചു, എന്നാണല്ലോ. ഞാനതു കൊണ്ടറിയാനിരിക്കുന്നതേയുണ്ടായുള്ളൂ.

ആറുമണിയായപ്പോഴേയ്ക്കും ആളുകള്‍ വരാന്‍ തുടങ്ങി. ആറുപത്തിന് ലേഡീസ് ഹോസ്റ്റലില്‍ നിന്നുള്ളവര്‍ എത്തി. ആ ഒരു ദിവസം മാത്രമാണ് അക്കാലത്ത് മെന്‍സ് ഹോസ്റ്റലില്‍ പെണ്ണുങ്ങള്‍ വരുന്നത് (ഇക്കാലത്ത് അങ്ങനെയൊന്നുമില്ലല്ലോ). അതുകൊണ്ട് എല്ലാ ആണുങ്ങളും ആ ദിവസം വളരേ ഡീസന്റ് ആയേ പെരുമാറൂ. അങ്ങനെ ഒരു മാന്യത പാലിക്കുന്നതുകൊണ്ടാകാം, സാധാരണ മുഖം തിരിച്ചു നടക്കുന്ന സുന്ദരികള്‍ പോലും ആ ദിവസം നേരെ മുഖത്തുനോക്കി സംസാരിക്കും. ആറേകാല്‍ കഴിഞ്ഞപ്പോള്‍ 'ഡി' ഹോസ്റ്റലില്‍ നിന്ന് റോയിച്ചന്റെ നേതൃത്വത്തിലുള്ള സംഘം വന്നു. പതിവുപോലെ സിനിമാനടന്‍മാരേക്കാള്‍ സ്റ്റൈലുള്ള ഗെറ്റപ്പിലാണ് അവന്‍മാരുടെ വരവ് - അതുകണ്ടാല്‍ തറ പാര്‍ട്ടീസാണെന്നു തോന്നുകയേയില്ല. റോയിച്ചന്‍ എന്ന കക്ഷി വക്രബുദ്ധിയുടേയും വികടസരസ്വതിയുടേയും ഉസ്താദ് ആണ് - വെറുതേയല്ല പില്‍ക്കാലത്ത് അവന്‍ ദൃശ്യമാദ്ധ്യമരംഗത്ത് അറിയപ്പെടുന്ന ഒരാളായത്.

ആറരയായപ്പോഴേയ്ക്കും എല്ലാവരേയും അവരവരുടെ സ്ഥാനത്ത് ഇരുത്തി. ഇനി വിരുന്നുകഴിയുന്നതുവരെ റിസപ്ഷന്‍കമ്മറ്റിക്കാര്‍ക്കു പണിയില്ല. അങ്ങനെ ഫ്രീയായി ഒന്നുരണ്ടുപേരെയെങ്കിലും പഞ്ചാരയടിക്കാനുള്ള പരിപാടിയുമായി മുന്നോട്ടുപോകുമ്പോഴാണ് പിന്നില്‍നിന്ന് "ശ്..ശ്...ഡേയ്" എന്നൊരു വിളിവന്നത്. തിരിഞ്ഞുനോക്കിയപ്പോള്‍ അഞ്ചാമത്തെ ടേബിളില്‍ നിന്ന് റോയിച്ചന്‍ കൈകാട്ടി വിളിക്കുന്നു. മുഖത്തൊരു കള്ളച്ചിരിയുണ്ട്. അവന്റെ ശിങ്കിടി 'തകരാറു' ജോഷി തലയ്ക്കുപിന്നില്‍ കൈ പിണച്ച് കാലിന്മേല്‍ കാല്‍ കയറ്റിവച്ച് ചിറികോട്ടിച്ചിരിച്ചുകൊണ്ട് മലര്‍ന്നിരിക്കുന്നു. ശരിക്കും ചൊറിഞ്ഞുവന്നു. ഇന്നിവന്‍മാര്‍ എന്തെങ്കിലും വളിപ്പിറക്കിയാല്‍ നിന്നനില്‍പ്പില്‍ ഇതുങ്ങളെ നാറ്റിക്കും - ഞാന്‍ മനസ്സിലുറപ്പിച്ചു.

"ഡേയ് നീ ഡെക്കറേഷന്‍ കമ്മറ്റിയാണാ?" റോയിച്ചനറിയണം.
"അല്ല"
"പിന്നെന്തു കമ്മറ്റി?"
"റിസപ്ഷന്‍ കമ്മറ്റി. നിനക്കിപ്പൊ എന്താ വേണ്ടേ?" ഞാന്‍ അല്പം ബാസ്സുകൂട്ടി ഗൌരവത്തില്‍ ചോദിച്ചു.
"ഹേയ്, എനിക്കൊരു കാര്യം അറിയാനൊണ്ടായിരുന്നു. ഈ മൊത്തം ഹോസ്റ്റലില് ആ ഡെക്കറേഷന്‍ അതൊന്നേ ഒള്ളോ?"

അവന്‍ കൈചൂണ്ടിയ വഴിയ്ക്ക് എന്റെ ദൃഷ്ടി നീണ്ടു. രണ്ടാം നിലയില്‍ തെക്കുഭാഗത്തെ സ്റ്റെയര്‍കേസിന്റെ തൊട്ടടുത്ത് മനോഹരമായി അലങ്കരിച്ച രണ്ടുതൂണുകള്‍. തൂണുകള്‍ക്കിടയിലൂടെ നോക്കിയാല്‍ വരാന്തയിലെ മച്ചില്‍ പിടിപ്പിച്ചിരിക്കുന്ന സുതാര്യമായ നീലവര്‍ണ്ണക്കടലാസുകൊണ്ടുമൂടിയ ട്യൂബ് ലൈറ്റ് തെളിഞ്ഞുനില്‍ക്കുന്നത് കാണാം. തൂണ്ടുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു അഴ. ആ അഴയില്‍ ട്യൂബ് ലൈറ്റിനെ ഭാഗികമായി മറച്ചുകൊണ്ട് അതാ കിടക്കുന്നു ചാരനിറത്തിലുള്ള ഒരു വിഐപി അണ്ടര്‍വെയര്‍!

ഠിം! തട്ടിന്‍പുറത്ത് കൊട്ടത്തേങ്ങാ വീണപോലെ ഒരു ശബ്ദം എന്റെ നെഞ്ചുംകൂടിനകത്തുനിന്നും വന്നു. ഈശ്വരാ, എന്റെ പുതിയ ഷഡ്ഡിയല്ലേ ത്രികോണം മറിച്ചിട്ടകൂട്ട് അവിടെ തൂങ്ങിക്കിടക്കുന്നത്! എന്റെ മനസ്സ് എഴുപതുകളിലെ സിനിമയിലേതുപോലെ ഏകകേന്ദ്രവൃത്തങ്ങളായി ഫ്ലാഷ്‌ബാക്ക് ചെയ്തു.

ഹോസ്റ്റല്‍ ഡേയ്ക്കു രണ്ടു ദിവസം മുമ്പ് എല്ലാ അഴകളും നീക്കിയിരിക്കണമെന്നായിരുന്നു സിഐഎയുടെ കല്പന. അതുകൊണ്ട് അതിന്റെ തലേയാഴ്ച എല്ലാ അന്തേവാസികളും തുണികഴുകല്‍ യജ്ഞത്തിലായിരുന്നു. ഒരിക്കല്‍ ഞാന്‍ കുളികഴിഞ്ഞുവന്നപ്പോള്‍ എന്റെ ലങ്കനും തോര്‍ത്തും ഉണക്കാനിടാന്‍ വരാന്തയുടെ അറ്റത്തുള്ള ആ ഒരു ഇടമേ കിട്ടിയുള്ളൂ (സാധാരണ എല്ലാവരും സ്വന്തം മുറിയുടെ ഉമ്മറത്തുള്ള അഴയിലാണ് ഉണക്കാനിടാറ്). പിറ്റേദിവസത്തെ കുളിക്ക് തോര്‍ത്ത് എടുത്തുവെങ്കിലും ലങ്കന്റെ കാര്യം പാടേ മറന്നുപോയി. അവനാണ് ഇപ്പോള്‍ വേതാളം പോലെ മുകളില്‍ തൂങ്ങിക്കിടക്കുന്നത്.

സ്വമേധയാ നീക്കം ചെയ്യാത്ത അഴകളും തുണികളും നീക്കം ചെയ്യാന്‍ സിഐഎ വക നിര്‍ദ്ദേശമുണ്ടായിട്ടും ഡെക്കറേഷന്‍ കമ്മറ്റിയിലെ ഉണ്ണാമന്‍മാര്‍ അതു ചെയ്യാത്തതില്‍ ഞാന്‍ (മനസ്സില്‍) രോഷം കൊണ്ടു. മൊത്തം ഹോസ്റ്റലില്‍ ആ ഒരു അഴയും ആ അഴയില്‍ ഈയൊരു തുണിയുമേയുള്ളു. റോയിച്ചന്‍ ചൊറിഞ്ഞതിലും കാര്യമുണ്ട്. ഇനിയിപ്പോള്‍ കാര്യങ്ങള്‍ സ്വന്തം നിയന്ത്രണത്തിലേറ്റെടുത്തേ പറ്റൂ.

ഒരു ഭാവഭേദവും പുറത്തുകാണിക്കാതെ ഞാന്‍ പതുക്കെ അവിടെനിന്നു വലിഞ്ഞു. ഈ പ്രോബ്ലം സോള്‍വ് ചെയ്തേ പറ്റൂ. ബുദ്ധിപൂര്‍വ്വം നീങ്ങിയാല്‍ ഇവന്മാരുടെയെല്ലാം കണ്ണുവെട്ടിച്ച് അപമാനകാരിയായ ആ തുണിക്കഷണം അവിടെനിന്നു മുക്കാം. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളെ പിന്തള്ളി പ്രവേശനപ്പരീക്ഷയില്‍ ഉന്നത വിജയം നേടിയവനായതുകൊണ്ട് ബുദ്ധിയുടെ കാര്യത്തില്‍ എനിക്കൊരു സംശയവുമില്ലായിരുന്നു (അതിനു ശേഷം ഓരോ സെമസ്റ്ററിലും രണ്ടു സപ്ലി വീതം അടിച്ചിരുന്നുവെന്ന കാര്യം വേറെ).

വിജയകരമായ ഏതു കൃത്യനിര്‍വഹണത്തിനും പ്ലാനിങ്ങ് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഞാന്‍ അല്പം മാറിനിന്ന് മനസ്സില്‍ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. അനന്തരം പടിഞ്ഞാറുവശത്തെ സ്റ്റെയര്‍കേസില്‍ക്കൂടി രണ്ടാം നിലയിലേയ്ക്കു കയറി. എന്നിട്ട് വടക്കേ വിങ്ങില്‍ നിന്ന് രംഗനിരീക്ഷണം ചെയ്തു.

കുറച്ചുസമയത്തിനുള്ളില്‍ ഫുഡ് കമ്മറ്റിക്കാര്‍ താഴെ വൈനും ജൂസും സെര്‍വ് ചെയ്യാന്‍ തുടങ്ങി. ഇതുതന്നെ പറ്റിയ അവസരം!

ഞാന്‍ പതുക്കെ അലക്ഷ്യമായി കിഴക്കോട്ടു നടന്നു. പിന്നെ കിഴക്കുവശത്തെ ടിവി ഹാളിനു മുമ്പില്‍ക്കൂടി തെക്കേവിങ്ങിലേയ്ക്ക്. തെക്കുഭാഗത്തെ സ്റ്റെയര്‍കേസിന്റെ മറവില്‍ നിന്ന് ആരുടേയും ശ്രദ്ധ ഇങ്ങോട്ടില്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. പിന്നീടെല്ലാം വളരേ പെട്ടന്നായിരുന്നു - ഒരു ചീറ്റപ്പുലിയേപ്പോലെ ഞാന്‍ ചാടി കൈനീട്ടി..........

....ട്യൂബ്‌ ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തു!

ഇതിനെയാണ് ബുദ്ധി, ആസൂത്രണം എന്നൊക്കെ പറയുന്നത്. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ പറ്റിയ, റിസ്കില്ലാത്ത ഒരു നീക്കമായിരുന്നു അത്. ആ നേരത്ത് ഇരുട്ടിയിട്ടില്ലാത്തതുകൊണ്ട് ട്യൂബ് ലൈറ്റ് കെടുത്തിയത് ആരും ശ്രദ്ധിക്കാനിടയില്ല. ശ്രദ്ധിച്ചിരുന്നെങ്കില്‍ത്തന്നെ ട്യൂബ് ലൈറ്റ് കെടുത്താന്‍ പ്രശ്നമൊന്നുമില്ല. കുറച്ചുനേരം കഴിഞ്ഞാല്‍ ഇരുട്ടും. അപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ആരും കാണാതെ ലങ്കനെ അടിച്ചുമാറ്റാന്‍ ആ നീക്കം സഹായിക്കും. എങ്ങനെയുണ്ടെന്റെ ബ്രെയിന്‍? (ഇപ്പൊ പറയണ്ട, മുഴുവന്‍ വായിച്ചിട്ടു മതി)

താഴെനിന്ന് ചിക്കന്‍ ബിരിയാണിയുടെ സുഗന്ധം അന്നനാളത്തെ പ്രകമ്പനം കൊള്ളിക്കുന്നു. ഇതിനകം വൈന്‍ മിസ്സായി. ബിരിയാണി തീരുന്നതിനു മുമ്പെങ്കിലും ഈ ഓപ്പറേഷന്‍ ഗ്രേ ലങ്കന്‍ തീര്‍ക്കണം.

നേരെ ടിവി ഹാളില്‍ ചെന്ന് ടിവി ഓണ്‍ ചെയ്തു. ക്രൂരദര്‍ശനില്‍ 'കൃഷി ദര്‍ശന്‍' തകര്‍ക്കുന്നു. കോട്ടും സൂട്ടുമിട്ട ഏതോ കുടവയറന്‍ കറുത്ത് അരിവാളുപോലിരിക്കുന്ന ഏതോ പാവം ബീഹാറി കര്‍ഷകനുമായി ഹിന്ദി പോലെ തോന്നിക്കുന്ന ഒരു ഭാഷയില്‍ പാടത്തുനിന്ന് ഗോതമ്പുകൃഷിയേക്കുറിച്ച് ബോധവല്‍ക്കരിക്കുകയോ അഭിമുഖസംഭാഷണം നടത്തുകയോ മറ്റോ ചെയ്യുകയാണ്. നിവൃത്തിയില്ലാത്തതുകൊണ്ട് കുറച്ചുനേരം അതും നോക്കിയിരുന്നു. പാപി ചെല്ലുന്നേടം പാതാളം.

ഏതാണ്ട് പത്തുമിനിട്ടുകൂടി കഴിഞ്ഞപ്പോള്‍ താഴെ പ്ലേറ്റുകള്‍ കൂട്ടിത്തട്ടുന്ന ശബ്ദം കേട്ടുതുടങ്ങി. ബിരിയാണിയുടെ രാജകീയമായ വരവു തുടങ്ങിയിരിക്കുന്നു. ഇനിയൊരു അഞ്ചുമിനിട്ടുകൂടി കാത്താല്‍ അഞ്ചാം നമ്പര്‍ ടേബിളില്‍ ബിരിയാണിയെത്തും. വീണ്ടും കൃഷിദര്‍ശനില്‍ കണ്ണുറപ്പിച്ചു.

അഞ്ചുമിനിറ്റൂകഴിഞ്ഞപ്പോള്‍ ടിവി ഓഫ് ചെയ്തു. ഹാളില്‍നിന്ന് പുറത്തുവന്ന് സ്ഥിതിഗതികള്‍ ഒന്നുകൂടി നിരീക്ഷിച്ചു. അഞ്ചാം നമ്പറുകാര്‍ ബിരിയാണിയില്‍ കയ്യിടാന്‍ തുടങ്ങുന്നതേയുള്ളു. ഗുഡ് ടൈമിങ്ങ്.

ഞാന്‍ സാവധാനം വീണ്ടും തെക്കോട്ടു നടന്നു. സ്റ്റെയര്‍കേസിന്റെ മറവില്‍ നിന്ന് ഒന്നുകൂടി നോക്കി. എല്ലാവരുടേയും പൂര്‍ണ്ണ ശ്രദ്ധ ബിരിയാണിയിലാണെന്ന് ഉറപ്പുവരുത്തി. ചുറ്റൂപാടും നോക്കി ഇരുട്ട് വേണ്ടത്ര കനത്തതാണെന്ന് സ്ഥിരീകരിച്ചു.

ആക്ഷന്‍!

മിന്നല്‍പ്പിണരിന്റെ വേഗത്തില്‍ എന്റെ കൈ ചലിച്ചു. ഞൊടിയിടയില്‍ ആ ലങ്കന്‍ എന്റെ കൈപ്പിടിയില്‍ അമര്‍ന്ന് വരാന്തയുടെ അരമതിലിന്റെ പിന്നിലായി! കാണാമറയത്ത്!

രണ്ടു സെക്കന്റ് നേരം ശാന്തം. പൊടുന്നനെ അഞ്ചാം നമ്പര്‍ ടേബിളില്‍ നിന്നും രണ്ടുപേരുടെ കരഘോഷം. ആ ടേബിളിലെ മറ്റൂള്ളവര്‍ ഉടനേ അതേറ്റുപിടിച്ചു. അതുകണ്ട് നാലും ആറും ടേബിളുകളിലുള്ളവര്‍ എഴുന്നേറ്റു കൈയ്യടി തുടങ്ങി. പന്ത്രണ്ടു സെക്കന്റ് പിന്നിട്ടപ്പോള്‍ മാഷമ്മാരൊഴികെ ലേഡീസടക്കമുള്ള സകലരും എഴുന്നേറ്റുനിന്നു കൈയ്യടിക്കുന്നു.

ചമ്മി നാറി പണ്ടാറടങ്ങി!! വല്യകാര്യമായി എച്ചില്‍ക്കൈകള്‍ കൂട്ടിത്തട്ടുന്ന മുക്കാല്‍ ഭാഗത്തിനും അറിയില്ല എന്തു കുന്തത്തിനാണ് നിന്നു കൈകൊട്ടുന്നത് എന്ന്! ആരെങ്കിലും ഒരു ഗോഷ്ടി കാണിച്ചാല്‍ ഉടനേ അതേറ്റുപിടിച്ചോളും $#%#$$%@....

അരിശം മൂത്ത് മുറിയുടെ വാതില്‍ തുറക്കാന്‍ നോക്കുമ്പോള്‍ താക്കോല്‍ പണ്ടാരം താഴിനകത്തോട്ടു കേറുന്നുമില്ല. താഴിനിട്ട് നാലു പച്ചത്തെറിപറഞ്ഞ് ഒരുകണക്കിന് താക്കോല്‍ കുത്തിത്തിരുകി വാതില്‍ തുറന്നു. അകത്തുകടന്ന് വാതില്‍ വലിച്ചടച്ചു കുറ്റിയിട്ട് ആ ഷഡ്ഡി നിലത്തേയ്ക്ക് ആഞ്ഞെറിഞ്ഞു. അതിനുശേഷം അന്നു പോളിഷ് ചെയ്ത ഷൂസിട്ട കാലുകൊണ്ട് കുറേനേരം ആ ലങ്കനുമേല്‍ താണ്ടവമാടി. കുറേ മണ്ണും പൊടിയും പറ്റിയെന്നല്ലാതെ 'വിഐപി'യ്ക് ഒരു പോറല്‍ പോലും ഏറ്റില്ലെന്നുകണ്ടപ്പോള്‍ കോപം പതിന്മടങ്ങു വര്‍ദ്ധിച്ചു. സഹമുറിയന്റെ മീശവെട്ടു കത്രികയെടുത്ത് ആ ലങ്കനെ തുണ്ടം തുണ്ടമായി കുത്തിക്കീറിക്കഴിഞ്ഞപ്പോഴേ മനസ്സ് അല്പം ശന്തമായുള്ളൂ.

ഇനിയെന്ത്?

വിഷാദമഗ്നനായി മുറിയ്ക്കകത്ത് അടച്ചുപൂട്ടിയിരിക്കാനൊന്നും പറ്റില്ല, ലവമ്മാര് ഇങ്ങാട്ടുവരും. റിസപ്ഷന്‍ കമ്മറ്റിയുടെ പണി ഇനിയും ബാക്കികിടക്കുന്നു. ഗാനമേളയ്ക്ക് സ്റ്റേജില്‍ കേറി പാട്ടുപാടാനുണ്ട് - അതും ഒന്നല്ല രണ്ട്. അതേതാണ്ട് അവസരോചിതമെന്നു പറയാവുന്ന രണ്ടു പാട്ടുകളാണുതാനും - "മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്തനാള്‍ മധു തേടിപ്പോയി" എന്ന പാട്ടും "യാദ് ആ രഹാ ഹേ തേരാ പ്യാര്‍" (നിന്റെയൊക്കെ സ്നേഹം ഓര്‍മ്മ വരുന്നെടാ) എന്ന പാട്ടും. എല്ലാത്തിലും ഉപരിയായി, ബിരിയാണി - അതു വിട്ടിട്ടുള്ള ഒരു പരിപാടിയും ശരിയാവില്ല, വിശന്നു കുടലുകരിയുന്നു!

പതുക്കെ മുറിപൂട്ടി പുറത്തിറങ്ങി. ഹോസ്റ്റലില്‍ താമസിച്ചുപരിചയമായതുകൊണ്ടും ചെറുപ്പമായതുകൊണ്ടും തൊലിക്കട്ടിക്കൊരു കുറവുമുണ്ടായിരുന്നില്ല.

താഴെ ഒരു ഉജ്ജ്വല സ്വീകരണം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

15 comments:

  1. 'പഞ്ചാര'യും വൈനും അതിനകം മിസ്സായി. ബിരിയാണികൂടി പോയാല്‍ പിന്നെ ഹോസ്റ്റല്‍ ഡേ ഗോപി! ഇതിനൊക്കെയല്ലെങ്കില്‍ പിന്നെന്തിനാ തൊലിക്കട്ടി?!

    ReplyDelete
  2. ശേ...രസമായി വായിച്ചു വന്നതാണ്..താഴെ കാത്തിരുന്ന ആ ഉജ്വല സ്വീകരണം കൂടി പറഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി ചിരിക്കാംആയിരുന്നു...തൊലിക്കട്ടി...അത് അപാരം തന്നെ...ഇപ്പോഴും "ഭാരം" അത്രയും തന്നെയേ ഉള്ളോ?

    ReplyDelete
  3. ഓപ്പറേഷന്‍ ലങ്കന്‍ സൂപ്പര്‍ കൊച്ചീച്ചിയേ...ഇനീം കയ്യിലുണ്ടല്ലോ ഇതുപോലെ അനിഭവക്കഥകള്‍, വരിവരിയായി പോരട്ടെ.

    ReplyDelete
  4. ഹാ, രസിച്ചു വായിച്ചു.
    ഇത്ര നന്നായി തമാശ എഴുതുന്ന ആളെക്കുറിച്ചാണോ
    എല്ലാം യുക്തി കൊണ്ടു മാത്രം വായിക്കുന്ന മുരടനെന്നു കരുതിയത്:)

    ReplyDelete
  5. കൊള്ളാംട്ടാ.. പക്ഷേ മുഴുവനായില്ലാന്നു തോന്നി

    ReplyDelete
  6. ബുദ്ധി ജീവിയ്ക്കു അവധി കൊടുത്തു ഇത് പോലെ ഇടയ്ക്ക് സരസനാവുന്നത് നല്ലതാണ്. വായിച്ചു ശരിക്കും റിലാക്സ്ഡ് ആയി. നര്‍മ്മം അനുഭവ കഥനത്തില്‍ നന്നായി തിളങ്ങുന്നു. ഇങ്ങിനെയുള്ളവയും ഇനിയും എഴുതുക

    ReplyDelete
  7. *SHANAVAS* : സ്റ്റേജ് പരിപാടിയൊക്കെ കഴിഞ്ഞ് ഉറങ്ങിയത് രണ്ടരയ്ക്ക്. അതുവരെ സ്വീകരണത്തോടു സ്വീകരണമായിരുന്നു, സാറേ. ഭാരം പഴയപോലൊന്നുമല്ല, അമ്പത്തിമൂഊഊഊഊന്നു കിലോയുണ്ട്!! ഇപ്പൊ ചെറിയ കാറ്റത്തൊക്കെ പേപ്പര്‍വെയ്റ്റ് ഇല്ലാതെതന്നെ നില്‍ക്കാം.
    *ajith* : പിന്നെ, ധാരാളമുണ്ട്. എല്ലാം അങ്ങനെ പറയാന്‍ പറ്റ്വോ ;)
    *ഒരില* : യുക്തിയോ! ഞാനോ! എന്റമ്മ കേള്‍ക്കണ്ട. 'വെളിവ് കാശിക്കുപോയ' ദിവസമാണ് ഞാന്‍ ജനിച്ചതെന്നേ എന്നെ പരിചയമുള്ളവര്‍ പറയൂ. പിന്നെ കമെന്റിലൊക്കെ ബുദ്ധിജീവികളെ ശബ്ദാനുകരണം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നതു ശരിതന്നെ. അതു വെറും മിമിക്രിയല്ലേ!
    *കാര്‍ന്നോര്‍* : അത്രേയുള്ളൂ. മനഃപൂര്‍വ്വം അര്‍ദ്ധോക്തിയില്‍ വിരമിച്ചതാണ്. കുറച്ചൊക്കെ വായനക്കാരന്റെ ഭാവനയ്ക്കു വിടണ്ടേ?
    *Salam* : ശരി സലാംജി. ബുദ്ധിയ്ക്ക് അവധികൊടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇടയ്ക്ക് ഇങ്ങനെ ഓരോന്നു കാച്ചാം, ല്ലേ?

    വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും വളരേ നന്ദി.

    ReplyDelete
  8. അതു ശരി. തൊലിക്കട്ടി ഇങ്ങനെയാണ്... എന്തായാലും എഴുത്ത് കേമമായിരുന്നു.അഭിനന്ദനങ്ങൾ.

    ജനുവരിയിലിട്ട പോസ്റ്റും ആ ഏഴധ്യായങ്ങളും വായിച്ചിട്ടില്ല. ഉടൻ വായിച്ച് കമന്റിടുന്നതാണ്.

    ReplyDelete
  9. എന്റെ കഴിഞ്ഞ പോസ്റ്റ് വെറും രണ്ടുപേരേ വായിച്ചുള്ളൂ!
    അങ്ങനെ പറയല്ലേ........
    വായിക്കുന്നവരില്‍ 90 ശതമാനവും മടിയന്മാരാണ്

    ReplyDelete
  10. Super duper...Enjoyed it much...
    Thannk you also for your comments on my cartoons. Your thoughts on US and A was intelligent...I could not think in that line.

    ReplyDelete
  11. നല്ല എഴുത്താണ് കേട്ടൊ. ഓരോന്ന് ഇങ്ങട് പോരട്ടെ.

    ReplyDelete
  12. കൊള്ളാം.
    അപ്പോ ഇമ്മടെ ശ്രീശാന്തനെപ്പൊലെ വാലറ്റത്ത് ‘ഡേൻസും പാട്ടും’ഒക്കെയുണ്ടായിരുന്നു അല്ലേ!?

    “വൈദ്യരുടെ എല്ലാ കാമ്പസ് കഥകളിലുമെന്നതുപോലെ അദ്ദേഹത്തിന്റെ 'ലങ്കന്‍ ' കഥയിലും വിഡ്ഢിവേഷം മൂന്നാമതൊരാള്‍ക്കായിരുന്നു. ”
    ഹ!!ഹ!!
    എന്റെയൊരു കാര്യം!

    (പഠിക്കുന്ന കാല്ലത്തും, ഇന്നും, തമാശയൊപ്പിക്കാൻ യഥാർത്ഥജീവിതത്തിൽ കഴിവില്ല. അതുകൊണ്ട് ആ കാമം എഴുതിത്തീർക്കുന്നു! അത്രേയുള്ളൂ... സത്യം!!)

    ReplyDelete
  13. *Echmukkutty*: പിന്നല്ല! ഇതൊക്കെക്കഴിഞ്ഞാല്‍ പാട്ടുപാടാന്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? എച്ച്മു പാടാന്‍ വിഷമിച്ചതൊക്കെ വെറുതേ. വളരേ സന്തോഷമായി, കേട്ടോ.
    *ഇലക്ട്രോണിക്സ്*: അതു വെറുതേ കാച്ചിയതല്ലേ. ഞാന്‍ വെറുതേ എഴുതാന്‍ വേണ്ടി എഴുതുന്നതല്ലേ. വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി
    *പുന്നക്കാടന്‍ *: വരവിനു നന്ദി
    *Thommy* : I enjoy your cartoons immensely, as well. Perhaps we should meet up some day over a jug of beer or something :)
    *കുമാരന്‍ *: ഊവ്വൂവ്വ്! കൊരങ്ങന് ഏണിവെച്ചുകൊടുക്കന്നെ, ല്ലേ? വളരേ നന്ദി!
    *jayanEvoor*:ശ്രീശാന്തിനേയും എന്നേയും ഒരു ചക്കിനിട്ടു പൂട്ടിയതു തീരെ ശരിയായില്ല, കേട്ടോ. ഒന്നൂല്ലങ്കി ഞാന്‍ പണിയെടുത്തു കാശുണ്ടാക്കുന്ന സല്‍സ്വഭാവമെങ്കിലും ഉള്ളവനല്ലേ. എനിക്കും തമാശയൊപ്പിക്കാനൊന്നും അറീല്ല്യ. ഞാന്‍ വളരേ സീരിയസ്സായി ചെയ്യുന്ന കാര്യങ്ങളാണ് തമാശയായി ഭവിക്കുന്നത്.

    ReplyDelete
  14. സമാധാനം...
    എന്നേക്കാൾ തൊലികട്ടിയുള്ള ഏതാണ്ടതേ പ്രായമുള്ള ആളോളും ബൂലോകത്തുണ്ടെന്നറിഞ്ഞു...!

    നല്ല എഴുത്തിന്റെ വരമുണ്ട് കേട്ടൊ ഭായിക്ക്

    ReplyDelete
  15. സംഗതി 100 ശതമാനം സത്യമാണ്.. ആ തൊലിയുടെ കനം മാത്രമാണ് ആ ശരീരത്തിന്‍റെ മൊത്തം ഭാരം.. എന്നിട്ട് തന്നെ ഇതാണ് കയ്യിലിരിപ്പ്.. അപ്പൊ വലുപ്പത്തില്‍ കുറച്ച് ഉണ്ടായിരുന്നെങ്ങിലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്ക്..

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ