എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, December 23, 2012

ഊര്‍ജ്ജം, ഉപഭോഗം, ഉപേക്ഷണം

അങ്ങനെ ആ പുകിലും കഴിഞ്ഞു. വിദേശനിക്ഷേപത്തിനെതിരെ പൊതുവായും ചില്ലറവില്പനരംഗത്തെ വിദേശ 'കടന്നുകയറ്റത്തിനെതിരെ' വിശേഷിച്ചും നാടെങ്ങും ഇരമ്പിയ പ്രതിഷേധമൊക്കെ 'പവനായി ശവമായ' പോലെയായി. നേതാക്കന്‍മാരൊക്കെ വേണ്ടപോലെ 'നീക്കുപോക്കു'കളൊക്കെ നടത്തി ബില്ലങ്ങു പാസ്സാക്കിക്കൊടുത്തു. പൊതുജനത്തിന്റെ ശ്രദ്ധ ദില്ലിയിലെ ആ പാവം പെണ്‍കൊച്ചിന്റെ നേരെ തിരിഞ്ഞതോടെ രാഷ്ട്രീയക്കാര്‍ക്കും അവരുടെ മാദ്ധ്യമക്കച്ചവക്കാര്‍ക്കും ആശ്വാസവുമായി.

അല്ല, രാഷ്ട്രീയക്കാരെ എന്തിനു പഴിക്കണം. ഈ ജനം അര്‍ഹിക്കുന്ന നേതാക്കളെത്തന്നെയാണ് അവര്‍ക്കു കിട്ടിയിരിക്കുന്നത്.തമിഴ്നാട്ടിലെ കൂടംകുളത്ത് പ്രദേശവാസികളുടെ ആണവോര്‍ജ്ജവിരുദ്ധ സമരം. ഇന്ധനങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരം. ആഗോളഭീമന്‍മാര്‍ ഇന്ത്യയില്‍ മുതല്‍ മുടക്കുന്നതിനെതിരെ സമരം. വിളപ്പില്‍ശാലയിലെ മാലിന്യസംസ്കരണകേന്ദ്രത്തിനെതിരേയുള്ള സമരം, റോഡ് ടോളുകള്‍ക്കെതിരെ സമരം എന്നിങ്ങനെ ജനത്തിന് സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിനതിരില്ല.

സാമ്പത്തികപുരോഗതിയുടെ മാനദണ്ഡമായി ആഭ്യന്തര ഉല്‍പാദന നിലവാരം (Gross Domestic Product) എന്ന സൂചികയെ അംഗീകരിക്കുന്നതില്‍ നിന്ന് പ്രശ്നങ്ങള്‍ ആരംഭിക്കുകയായി.ചിലവ് പരമാവധി കുറച്ച് വന്‍ തോതില്‍ ഉല്‍പാദിപ്പിക്കുക എന്നതാണല്ലോ ജിഡിപിയില്‍ അധിഷ്ഠിതമായ സാമ്പത്തികനയത്തിന്റെ ലക്ഷ്യം. അത്തരത്തിലുള്ള ഉല്‍പാദനത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് വൈദ്യുതിയും പെട്രോളിയവും.

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ രണ്ടായിരാമാണ്ടോടെ ആരംഭിച്ച സാമ്പത്തികവളര്‍ച്ചയും അതുമായി ബന്ധപ്പെട്ട ഉപഭോഗവും ഊര്‍ജ്ജത്തിന്റെ ആവശ്യവും ലഭ്യതയും തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. വന്‍ തോതില്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനുതകുന്ന ഇന്ധനം കൈവശമില്ലാത്ത രാജ്യങ്ങളാണ് ഈ രണ്ടും. ദൈവാധീനത്തിന് ക്രൂഡ് ഓയില്‍ റിഫൈന്‍ ചെയ്യാനും യുറേനിയം സംപുഷ്ടമാക്കാനും അതില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുമുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്കുണ്ട്. അതുകൂടി ഇല്ലായിരുന്നുവെങ്കില്‍ പണ്ടേ ഇന്ത്യക്കാരെല്ലാവരും ചേര്‍ന്ന് ഇന്ത്യയെ കുട്ടിച്ചോറാക്കിയേനേ.

പതിനാറു ബില്ല്യന്‍ (ആയിരത്തി അറുന്നൂറു കോടി) ഡോളര്‍ ആയിരുന്നത്രേ കഴിഞ്ഞ വര്‍ഷത്തെ വ്യാപാരക്കമ്മി. നാടിന്റെ ഇറക്കുമതിച്ചിലവുകളില്‍ മുഖ്യമായത് ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ചിലവാണ്. ഇതിനുപുറമേ വ്യാവസായികാവശ്യത്തിനുള്ള അത്യാധുനിക യന്ത്രസാമഗ്രികള്‍ക്കും, സൈനികോപകരണങ്ങള്‍ക്കും, ഇന്ത്യക്കാര്‍ വാങ്ങുന്ന വിദേശനിര്‍മ്മിത വസ്തുക്കള്‍ക്കുമെല്ലാം ചിലവുണ്ട്. ഇതൊക്കെ വാങ്ങാന്‍ ഇന്ത്യന്‍ റുപ്പിയും കൊണ്ട് ഷെയ്ക്കുമാരുടേയും ഷൈലോക്കുമാരുടേയും അടുത്തുചെന്നാല്‍ അവര്‍ ആട്ടിയോടിക്കും - അതിന് ഡോളര്‍ തന്നെ വേണം. ഇതിനെല്ലാം പുറമേ നിലവില്‍ ഇന്ത്യയില്‍ പണം നിക്ഷേപിച്ചിട്ടുള്ള വിദേശികള്‍ക്ക് അവരുടെ ലാഭവിഹിതം ഡോളറായിത്തന്നെ പുറത്തേയ്ക്കു കൊണ്ടുപോകാനുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും വേണം. ഇക്കണ്ട ഡോളറെല്ലാം എവിടന്നു വരും?

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശനാണ്യ വരുമാനം വിദേശത്തു ജോലിചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നാണ്. അക്കൂട്ടത്തിലും ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്നവരില്‍നിന്നാണ് കൂടുതല്‍ വരുമാനം - എന്നേപ്പോലുള്ളവരേക്കൊണ്ട് നാടിന് കാല്‍ക്കാശിന്റെ ഉപകാരമില്ല. കുറേയൊക്കെ ഇന്ത്യയിലെ ഔട്ട്സോഴ്സിങ്ങ് കമ്പനികളില്‍ നിന്നും കിട്ടുന്നുണ്ടെന്നതു നിഷേധിക്കുന്നില്ല - പക്ഷേ അവരും വിദേശത്തുനിന്നുള്ള വരുമാനം മൊത്തമായിട്ടങ്ങ് ഇന്ത്യയിലേയ്ക്കു കൊണ്ടുവരാതിരിക്കാനുള്ള സൂത്രങ്ങളൊക്കെ ചെയ്യുന്നുണ്ട്. അപ്പോള്‍പ്പിന്നെ സര്‍ക്കാരിന്റെ ഭാഗത്ത് ഒരേയൊരു പോംവഴിയേ അവശേഷിക്കുന്നുള്ളൂ - കൂടുതല്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കുക.

വിദേശനിക്ഷേപവും ഒരു താല്‍ക്കാലിക പോംവഴി മാത്രമേ ആകുന്നുള്ളൂ. നൂറു രൂപ നിക്ഷേപിക്കുന്നവന്‍ കുറഞ്ഞത് ഇരുപതുരൂപയെങ്കിലും വര്‍ഷാവര്‍ഷം തിരിച്ചുകൊണ്ടുപോകാനാകുമെങ്കിലേ അതിനു മുതിരൂ. അതായത് നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ പ്രശ്നം തിരികേ വരുമെന്നര്‍ത്ഥം. ജാപ്പനീസ് കാറില്‍ കയറി സൌദി എണ്ണയും പുകച്ച് ഫോറിന്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങളും ധരിച്ച് സാംസങ്ങ് സ്മാര്‍ട്ട്ഫോണും കയ്യിലെടുത്ത് നടക്കുന്നവര്‍ ഓര്‍ക്കണം അതൊക്കെ വാങ്ങാന്‍ ചിലവാക്കിയ തുകയുടെ ഇരുപതുമുതല്‍ അമ്പതുശതമാനം വരെയുള്ള വിദേശനാണ്യം രാജ്യത്തിനു നഷ്ടപ്പെടാന്‍ കാരണക്കാരാണവര്‍ എന്ന്.

ഹേയ്, അങ്ങനെയൊരു ചിന്തയുണ്ടാവാന്‍ സാധ്യതയില്ല. എല്ലാം നോക്കിനടത്തേണ്ടത് സര്‍ക്കാരാണല്ലോ. നമുക്ക് തുച്ഛവിലയ്ക്ക് ഊര്‍ജ്ജം ലഭിക്കണം. അതുപയോഗിച്ച് കുറഞ്ഞവിലയ്ക്ക് വന്‍ തോതില്‍ വ്യാവസായികോല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുകയും, വിപണനം ചെയ്യുകയും ഉപഭോഗം ചെയ്യുകയും വേണം. മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് പഴയത് എറിഞ്ഞുകളയാനും പുതിയതുവാങ്ങാനുമുള്ള സൌകര്യമുണ്ടാകണം. വന്‍ തോതില്‍ വൈദ്യുതി ഊറ്റിക്കുടിക്കുന്ന മാളുകളും വിനോദകേന്ദ്രങ്ങളും ഗാര്‍ഹികോപകരണങ്ങളും കുറഞ്ഞ ചിലവില്‍ അഹോരാത്രം പ്രവര്‍ത്തിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. എന്നാലേ ജിഡിപി ഉയരൂ, രാജ്യം വളരൂ.

പക്ഷേ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആണവനിലയമോ കല്‍ക്കരിച്ചൂളയോ എന്റെ അയല്‍പക്കത്ത് പണിയരുത്. ഞാന്‍ വീട്ടില്‍നിന്ന് റോഡിലേയ്ക്കെറിഞ്ഞ പാഴ്വസ്തു സര്‍ക്കാര്‍ വൃത്തിയാക്കണം. ഒരൊറ്റ മാലിന്യസംസ്കരണ പ്ലാന്റും എന്റെ ജില്ലയുടെ ഏഴയലത്തു വരരുത്. ഇതൊക്കെയാണ് ജനത്തിന്റെ ഉള്ളിലിരുപ്പ്.

ഉപഭോഗ സംസ്കാരത്തെ നിരുല്‍സാഹപ്പെടുത്തുന്ന ഒരു നികുതിക്രമവും നിരക്കുകളുമാണ് ഇതിനുള്ള ഏക പോംവഴി. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥവിലതന്നെ ഈടാക്കണം. വൈദ്യുതിയുടെ കാര്യം അല്പം സങ്കീര്‍ണ്ണമാണെങ്കിലും വ്യാവസായികോല്‍പാദനത്തിനൊഴികേയുള്ള വൈദ്യുതിയുടെ നിരക്ക് വര്‍ദ്ധിപ്പിച്ചേ തീരൂ (തീയേറ്ററുകള്‍, ബാറുകള്‍, ഷോപ്പിങ്ങ് മാളുകള്‍ തുടങ്ങിയവയ്ക്ക് വൈദ്യുതി നിരക്ക് ഇരട്ടിയാക്കിയാലും കുഴപ്പമില്ല). എല്ലാതരത്തിലുള്ള സബ്സിഡികളും നിറുത്തലാക്കണം - സാമൂഹ്യനീതിയിലടിസ്ഥാനപ്പെടുത്തിയ സേവന/വേതന വ്യവസ്ഥ കൊണ്ടുവരാന്‍ കഴിയാത്ത ഭരണകൂടങ്ങളുടെ ലൊടുക്കു വിദ്യമാത്രമാണ് സബ്സിഡി.

അതൊന്നും ഒരുകാലത്തും നടക്കാന്‍ പോകുന്നില്ല. ദ്രാവിഡക്കഴകങ്ങളേയും താക്കറേമാരേയും മായാവതിയേയും മുലായത്തിനേയും കമ്മ്യൂണിസം പ്രസംഗിച്ചുനടക്കുന്ന കടല്‍ക്കിഴവന്‍മാരേയും വര്‍ഗ്ഗീയവാദികളേയും ഖദറിട്ട കാട്ടുകള്ളന്‍മാരേയും അധികാരസ്ഥാനങ്ങളില്‍ അവരോധിച്ചിരിക്കുന്നത് ഇതേ ജനങ്ങളല്ലേ, അതിനുവേണ്ടിയല്ലേ. ഒന്നും പറയാനില്ല.

8 comments:

  1. വലിയ രോഷത്തില്‍ ആണല്ലോ? ഇന്നും ഇന്നലെയുമായി ഡല്‍ഹിയില്‍ തിരമാലകള്‍ ശ്രുഷ്ടിച്ചു കൊണ്ടിരിക്കുന്നത് ഇത്തരം രോഷങ്ങള്‍ ഒത്തുകൂടിയപ്പോഴാണ്. നാളെ കാണാനിരിക്കുന്നതും....
    ലേഖനം ശ്രദ്ധേയം.

    ReplyDelete
  2. ജനത്തിന് അവരര്‍ഹിക്കുന്ന ഭരണക്കാരെ ലഭിക്കും. കൂടുതലുമില്ല, കുറവുമില്ല

    ReplyDelete
  3. ഒന്നാന്തരമായി. കാലഹരണപ്പെട്ട നേതാക്കന്മാര്‍ ജനങ്ങളോട് പറയുന്നതു എല്ലാം സ്റ്റേറ്റ് വെറുതെ തരുമെന്നാണ്.എല്ലാം വാങ്ങിയവിലയിലും കുറഞ്ഞ നിരക്കില്‍ കിട്ടണം.അരിക്കും പെട്രോളിനും ഗ്യാസ്സിനും ഒന്നും വില കൂട്ടാന്‍ പാടില്ല.കൂടിയ വിലയുടെ നഷ്ടം സര്ക്കാര്‍ വഹിക്കണം. അതിനു സര്ക്കാര്‍ കള്ളനോട്ടടിക്കേണ്ടിവരും.പണ്ടൊരു പ്രധാനമന്ത്രി ഒരു വിമാനത്തില്‍ സ്വര്‍ണവുമായി പണയം വെക്കാന്‍ പോയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരും.സത്യം എഴുതിയതിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  4. രോഷം വന്നാൽ രോഷം പ്രകടിപ്പിക്കണം!

    (ഞാനും ഇത്തിരി രോഷം പ്രകടിപ്പിക്കാൻ പോകുന്നുണ്ട് - നാളെയോ, മറ്റന്നാളോ!)

    എല്ലാ രാജ്യവും ഒരുപോലല്ല; എല്ലാ ജനതയും ഒരുപോലല്ല.ഇൻഡ്യ, ഭാരതം എന്നൊക്കെ പറയുന്ന നമ്മുടെ നാടിന് സഹജമായ പല ബലഹീനതകളും ഉണ്ട്. ഒപ്പം ചില നല്ലവശങ്ങളും.

    (അതുകൊണ്ടാണല്ലോ 200 കൊല്ലം സായിപ്പന്മാർ നമ്മെ ഭരിച്ചതും, ഒടുവിൽ അവരെ തുരത്താനായതും!)

    പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ യൂറോപ്പോ, അമേരിക്കയോ പോലെ താരതമ്യേന ജനസാന്ദ്രത കുറഞ്ഞ, വ്യാവസായികവിപ്ലവം നടന്ന സ്ഥലങ്ങളിലെപ്പോലെ മഹാഭാരതത്തിൽ കാര്യങ്ങൾ നടക്കില്ല....!

    എങ്കിലും നമുക്ക് ശ്രമിക്കാം, ഒത്തൊരുമിച്ച്. അതിനു സമയം അല്പം കൂടുതൽ എടുക്കും.

    ReplyDelete
  5. പിന്നെ,
    ആദ്യ ഖണ്ഡികയിൽ പറയുന്നതു ശരിയാണോ?

    ലോക് സഭയിൽ...
    The government won the motion with 253 votes to the opposition's 218 with the Bahujan Samaj Party and the Samajwadi Party abstaining.

    രാജ്യസഭയിൽ...
    123 - 109 (അവിടേം എസ്.പി. അംഗങ്ങൾ ഇറങ്ങിപ്പോയി.)

    ചുരുക്കത്തിൽ സാമാന്യം നല്ല എതിർപ്പോടേയല്ലേ ആ ബില്ല് പാസായത്?

    അപ്പോൾ പ്രതിഷേധം കാര്യമായി ഉണ്ടായി എന്നു തന്നെ ഞാൻ മനസ്സിലാക്കുന്നു.

    ReplyDelete
  6. എത്ര രോക്ഷപ്പെട്ടാലും...
    ഇത്തരം കാര്യങ്ങളിൽ നമ്മുടെ രാജ്യത്ത് ഒരു രക്ഷയുമില്ല..!

    ReplyDelete
  7. അപ്പോള്‍ welfare state ന്റെ പ്രസക്തി അസ്തമിച്ചോ KK? കാര്‍ഷിക സബ്സിഡി നിര്‍ത്തലാക്കാന്‍ മറ്റു രാജ്യങ്ങളോട് കല്പിക്കുന്ന യു എസ്സില്‍ അവര്‍ അവരുടെ കര്‍ഷകരെ നല്ല സബ്സിഡി കൊടുത്തു വളര്‍ത്തുന്നു എന്ന് കേട്ടിട്ടുണ്ട്. നേരാണോ എന്നറിയില്ല. ശരിയാണെങ്കില്‍ മുതലാളിത്തത്തിന്റെ തറവാട്ടില്‍ നിന്നുള്ള ഇരട്ടത്താപ്പില്‍ നമ്മള്‍ സ്വയം വന്ചിക്കലാവില്ലേ സബ്സിഡി ഒക്കെ നിര്‍ത്തിയാല്‍.

    ലേഖനം പറഞ്ഞ വസ്തുതകളില്‍ ഏറെയും convincing തന്നെ. എങ്കിലും ഉദാര നയങ്ങളുടെ വ്യാപനത്തില്‍ തടിച്ചു വരുന്നത് ഉന്നതര്‍ മാത്രം എന്നത് ആശങ്കയായി നില കൊള്ളുന്നു.

    ReplyDelete
  8. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുയാണ്.
    എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
    ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
    ആയത് ഭായിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
    സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
    ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
    അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ