എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, March 10, 2013

സുകന്തി

ക്ലയന്റുമായി ചര്‍ച്ചയില്‍ മുഴുകിയിരിക്കുമ്പോഴാണ് മൈലി മാഡം മുറിയിലേയ്ക്കു കടന്നുവന്നത്. "സോറി ബ്രെന്‍ഡന്‍ , സോറി ഡേവ്! ഞാന്‍ ഡേവിനോട് പെട്ടന്നൊരുകാര്യം പറയാന്‍ വന്നതാണ്. സ്യൂ പോകുന്നതിനു മുമ്പ് നിന്നോട് 'ഹായ്' പറയണമെന്നു പറഞ്ഞു".

വാതിലിന്റെ അരികുപറ്റി അവള്‍ നില്‍ക്കുന്നുണ്ടായിരുന്നു. സുകന്തി. ഇന്നാട്ടില്‍ സായിപ്പിന്റെ ഉച്ചാരണസൌകര്യത്തിന് മൈഥിലി സോളങ്കി മൈലിയും ദേവദത്തന്‍ നമ്പൂതിരിപ്പാട് ഡേവും സുകന്തി രാമസ്വാമി സ്യൂവുമാകുന്നത് പതിവാണല്ലോ.

ഫയലിലേയ്ക്ക് കുനിച്ചുവെച്ചിരുന്ന തല ഉയര്‍ത്താതെ കണ്ണടയുടെ മുകളിലൂടെ അവളെ നോക്കി 'ഹായ്' പറഞ്ഞു. ചിരപരിചിതമായ വിടര്‍ന്ന ചിരിയോടെ 'ഹായ് അണ്ണാ' എന്ന് അവളും.

എല്ലാ വര്‍ഷവും ക്രിസ്തുമസിന്റെ തലേദിവസം അവള്‍ വരാറുണ്ട് - അന്നുമാത്രമാണല്ലോ ഓഫീസില്‍ എല്ലാവരേയും കണ്ടു സംസാരിക്കാന്‍ പറ്റുക. ഇന്നു പക്ഷേ അവിചാരിതമായി ഒരു ക്ലയന്റ് മുമ്പില്‍ വന്നുപെട്ടുപോയി.

ഒരു നിറം മങ്ങിയ ഷര്‍ട്ടും ജീന്‍സുമാണ് അവളുടെ വേഷം. മുഖത്ത് പണ്ടത്തെയത്ര തിളക്കമില്ല. മുടി ഏറെ കൊഴിഞ്ഞുപോയിരിക്കുന്നു. അല്ല, വര്‍ഷങ്ങളെത്ര കടന്നുപോയിരിക്കുന്നു! തന്റെയും താടിയും മുടിയുമൊക്കെ പകുതിയിലധികം നരച്ചുകഴിഞ്ഞല്ലോ.

നിമിഷനേരം കൊണ്ട് അവള്‍ ചുമരിനുപിന്നില്‍ നടന്നുമറഞ്ഞു. പന്ത്രണ്ടരയ്ക്ക് ക്ലയന്റ് ഇറങ്ങിയപ്പോഴേയ്ക്കും സുകന്തി മാത്രമല്ല ഓഫീസിലെ എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കാന്‍ അവരവരുടെ വീടുകളിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു.

**********************************************************************************************

പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ ഈ വക്കീലാപ്പീസില്‍ ജോലിക്കു കയറുമ്പോള്‍ ഇവിടത്തെ 'ഇന്റേണ്‍ ' ആയിരുന്നു സുകന്തി. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള ആറ് നിയമജ്ഞരുടെ ആ പാര്‍ട്നര്‍ഷിപ് സ്ഥാപനത്തില്‍ താനും സുകന്തിയും മൈലിയുടെ കീഴിലാണ് ജോലിചെയ്തിരുന്നത് . അവള്‍ അക്കാലത്ത് യുബിസിയില്‍ ബയോളജി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവിടങ്ങളിലൊക്കെ പഠിക്കുന്ന കുട്ടികള്‍ ചില്ലറ പണത്തിനുവേണ്ടി ഇതുപോലെ താല്‍ക്കാലിക ജോലികളില്‍ കയറുന്നത് പതിവാണ്.

ചില പ്രത്യേക താല്പര്യങ്ങളുള്ളയാളായിരുന്നു മൈലി മാഡം. അവര്‍ സമ്പൂര്‍ണ്ണ സസ്യാഹാരിയായിരുന്നു. തനിയ്ക്ക് ജോലി ലഭിക്കാനുള്ള പ്രധാന കാരണം താന്‍ ഒരു സസ്യാഹാരിയാണെന്നതും അതിനേക്കാളുപരി ഒരു ബ്രാഹ്മണനാണെന്നതുമാണെന്ന് മാഡം ഒരിക്കല്‍ പറയുകകൂടി ചെയ്തിട്ടുണ്ട്. ഒരു ഗുജറാത്തി ക്ഷത്രാണിയാണെന്നതില്‍ മാഡം ഏറെ അഭിമാനിച്ചിരുന്നു. പത്താമത്തെ വയസ്സില്‍ കാനഡയില്‍ വന്ന്, ഏറെ സാംസ്കാരികവൈവിധ്യമുള്ള വാന്‍കൂവറിലെ ക്ലാസ്സ് മുറികളില്‍ പഠിച്ചുവളര്‍ന്ന്, നീണ്ടകാലം ഒരു പരിഷ്കൃതസമൂഹത്തില്‍ ജീവിച്ചിട്ടും ഇത്തരം ഗോത്രവര്‍ഗ്ഗപ്രതാപത്തില്‍ മാഡം ഊറ്റം കൊള്ളുന്നത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ബ്രാഹ്മണകുടുംബത്തില്‍നിന്നുള്ള സസ്യാഹാരിയായതുകൊണ്ടാകണം സുകന്തിയേയും മാഡം കൂടെക്കൂട്ടിയത്. ഒരിക്കല്‍ ഗുജറാത്തി ക്ഷത്രിയ സമാജത്തിന്റെ ചടങ്ങില്‍ വീണവായിക്കാന്‍ പോയ സമയത്താണ് അവള്‍ മാഡത്തിനെ പരിചയപ്പെടുന്നത്. വിടര്‍ന്ന കണ്ണുകളും മുട്ടോളം നീളമുള്ള പിന്നിയിട്ട മുടിയുമുള്ള ആ മെലിഞ്ഞ ഇരുനിറക്കാരി തീര്‍ത്തും കനേഡിയന്‍ ഉച്ചാരണരീതിയിലാണ് സംസാരിച്ചിരുന്നത്.

ജോയിന്‍ ചെയ്യുന്ന സമയത്ത് തനിക്കും സുകന്തിയ്ക്കും ആ അന്തരീക്ഷം പുതുമനിറഞ്ഞതായിരുന്നു. അവള്‍ ഒരു ജോലിയില്‍ കയറുന്നത് ആദ്യമായാണ്. താനാണെങ്കില്‍ കാനഡയിലെ പുത്തന്‍ കുടിയേറ്റക്കാരനും. പന്ത്രണ്ടുവര്‍ഷത്തോളം ദുബായിലെ ഒരു പ്രമുഖ കമ്പനിയിലെ ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിചെയ്ത പരിചയമുണ്ടായിരുന്നിട്ടും കാനഡയില്‍ വന്നപ്പോള്‍ ഒരു കോര്‍പ്പറേറ്റ് ജോലി കിട്ടാന്‍ ഏറെ ബുദ്ധിമുട്ടി. വീടുവാങ്ങാന്‍ സഹായിച്ച ഒരു ഗുജറാത്തി റിയല്‍ എസ്റ്റേറ്റ് ഏജന്റ് ആണ് മാഡത്തിനെ പരിചയപ്പെടുത്തിയത്.

ഒരിക്കല്‍ മാത്രമേ അവളെ 'സുഗന്ധി' എന്നു വിളിച്ചിട്ടുള്ളൂ. അങ്ങനെയല്ല, 'സുകന്തി' എന്നുതന്നെ വേണം വിളിക്കാന്‍ എന്നവള്‍ ശഠിച്ചു. അതൊരു സംസ്കൃതപദമാണെന്നും 'സുഗന്ധി' എന്നാണ് ശരിയായ ഉച്ചാരണമെന്നും പറഞ്ഞുനോക്കി. "ഞാന്‍ തമിഴ് ആണ്. എന്റെ അമ്മയും അപ്പനും നാടും ഭാഷയുമെല്ലാം തമിഴ് മാത്രമാണ്. അവര്‍ തമിഴില്‍ ഇട്ട പേരാണ് എന്റേത്. എന്നെ തമിഴ് പേരില്‍ വിളിച്ചാല്‍ മതി" അവള്‍ തറപ്പിച്ചുപറഞ്ഞു. കടുപ്പിച്ചുള്ള ആ പറച്ചില്‍ കേട്ട് താന്‍ ആകെ ചൂളിപ്പോയി. പിന്നീട് എല്ലാവരേയുംപോലെ സ്യൂ എന്നുതന്നെയാണ് അവളെ വിളിച്ചിരുന്നത്

ബയോളജി വിദ്യാര്‍ത്ഥിയായ കുട്ടിയ്ക്ക് പറ്റിയ പണിയൊന്നും ആ വക്കീലാപ്പീസില്‍ ഉണ്ടായിരുന്നില്ല.രാവിലെ മുതല്‍ വൈകുന്നേരം വരെ ഓഫീസിലാകെ ഉന്മേഷം പരത്തുക എന്നതാണ് അവളുടെ ജോലിയെന്ന് വക്കീലമ്മാരൊക്കെ അംഗീകരിച്ചപോലെയായിരുന്നു. ക്ലയന്റ് ഇല്ലാത്ത നേരം നോക്കി ഏതു വക്കീലിന്റേയും മുറിയില്‍ അവള്‍ കയറിച്ചെല്ലും. ഓരോരുത്തരും എത്രനേരം അവളെ സഹിക്കുമെന്ന് അവള്‍ക്ക് കൃത്യമായി അറിയാം. മുറിയില്‍നിന്ന് അവള്‍ ഇറങ്ങുന്ന നേരത്ത് ഒരു ചോക്കലേറ്റ് കൊടുക്കുന്ന പതിവുണ്ടവര്‍ക്ക്. കയറിച്ചെല്ലുന്ന ഉടനേ ചോക്കലേറ്റ് കിട്ടിയാല്‍ 'പെട്ടന്ന് സ്ഥലം വിട്ടോ' എന്നാണ് അതിനര്‍ത്ഥം. അല്ലെങ്കില്‍ ചോക്കലേറ്റ് വൈകുന്നതിനനുസരിച്ച് അവള്‍ മണിക്കൂറുകളോളം സംസാരിച്ചുകൊണ്ടിരിക്കും. വക്കീല്‍ സായിപ്പമ്മാരോട് ഭരതനാട്യത്തിന്റെ മുദ്രകളേപ്പറ്റിയും കര്‍ണ്ണാടക സംഗീതത്തിലെ രാഗങ്ങളേക്കുറിച്ചുമൊക്കെ അങ്ങു വിസ്തരിച്ചു ക്ലാസ്സെടുക്കുന്നതു കണ്ട് അവള്‍ക്ക് മുഴു വട്ടാണെന്നുപോലും തോന്നിയിട്ടുണ്ട്.

വേറെയാരെയും കത്തിവെയ്ക്കാന്‍ കിട്ടാത്തപ്പോഴാണ് അവള്‍ തന്റെയടുത്തുവരിക. അവളുടെ നീണ്ട പ്രഭാഷണപരമ്പരകളില്‍നിന്നാണ് ശ്രീലങ്കയില്‍നിന്ന് പാലായനം ചെയ്ത അവളുടെ കുടുംബത്തേപ്പറ്റി അറിയുന്നത്. അവളുടെ അച്ഛന്‍ ജാഫ്ന യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സര്‍ ആയിരുന്നു. ബോട്ടുകയറി രാമേശ്വരത്തെത്തുമ്പോള്‍ അവളുടെ ചേട്ടന് എട്ടും അവള്‍ക്ക് നാലും വയസ്സായിരുന്നു. രാമേശ്വരത്തുവെച്ചാണ് അനിയത്തി പിറന്നത്. പിന്നീടുള്ള അഞ്ചുവര്‍ഷത്തോളം അവള്‍ മദ്രാസിലാണ് വളര്‍ന്നത്. അവള്‍ക്ക് പത്തുവയസ്സുള്ളപ്പോള്‍ അവരുടെ കുടുംബം കാനഡയിലേയ്ക്ക് കുടിയേറി.

അന്നൊക്കെ ചേട്ടനേയും അനിയത്തിയേയും കുറിച്ച് സംസാരിക്കുമ്പോള്‍ അവള്‍ക്ക് നൂറു നാവാണ്. പഠിപ്പില്‍ ഏറെ മിടുക്കനായിരുന്ന ചേട്ടന്‍ അക്കാലത്ത് വാന്‍കൂവറില്‍ നിന്ന് വെറും രണ്ടുമണിക്കൂര്‍ വണ്ടിയോടിച്ചാല്‍ എത്താവുന്ന റെഡ്‌മണ്ടില്‍ മൈക്രോസോഫ്റ്റിലാണ് ജോലിചെയ്തിരുന്നത്. അനിയത്തിയാകട്ടെ പലവിധ കായികമത്സരങ്ങളിലും പതിവുവിജയിയായിരുന്നു. ആണുങ്ങളേപ്പോലെ കായികക്ഷമതയും തന്റേടവുമുള്ളവള്‍ എന്നാണ് അവള്‍ അനിയത്തിയേപ്പറ്റി പറയാറ്. അച്ഛന്‍ വളരേ കണിശക്കാരനും അമ്മ ഒരു പഞ്ചപാവവും ആയിരുന്നു. എല്ലാം കൊണ്ടും ഒരു സാധാരണ കുടുംബം.

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തേപ്പറ്റി ഒന്നുരണ്ടുതവണ അവളോടു സംസാരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവള്‍ ആ സംഭാഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറി. പില്‍ക്കാലത്തെ അനുഭവങ്ങളില്‍ നിന്നു മനസ്സിലായി, അവള്‍ മാത്രമല്ല, മിക്കവാറും എല്ലാ തമിഴരും അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പൊതുവേദികളില്‍ വെളിപ്പെടുത്താറില്ലെന്ന്.

ബിരുദം ലഭിച്ചതോടെ അവള്‍ ഇന്റേണ്‍ഷിപ്പിന് അയോഗ്യയാവുകയും ഓഫീസിലേയ്ക്കുള്ള അവളുടെ വരവ് നില്‍ക്കുകയും ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങളിലൊക്കെ ക്രിസ്തുമസ്സിന്റെ തലേന്നു മാത്രമാണ് അവളെ കാണാറുള്ളത്. ഇതിനിടയില്‍ വല്ലപ്പോഴും ഒരു ഇമെയ്‌ലോ ഫോണ്‍ കാളോ വരും. ചേട്ടന്റെ വിവാഹം, അനിയത്തിയുടെ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, അവളുടെ സംഗീതക്കച്ചേരികള്‍, സ്കൂള്‍ അദ്ധ്യാപികയായുള്ള നിയമനം എന്നീ വാര്‍ത്തകളൊക്കെ അങ്ങനെ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു.

ഇതിനിടയില്‍ എപ്പോഴോ വിവാഹാലോചനകള്‍ അവളെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമായി. നല്ല വീട്, നല്ല കുടുംബം, നല്ല ജോലി, കണ്ടാല്‍ തെറ്റില്ലാത്ത ആകാരം, നല്ല സ്വഭാവം, ഒരു കലാകാരിയെന്ന നിലയ്ക്കുള്ള സ്ഥാനം എന്നിവയൊന്നും ഇക്കാര്യത്തില്‍ അവള്‍ക്കു തുണയായില്ല. അവളുടെ അച്ഛന്‍ വരനായി നിശ്ചയിച്ചിരുന്ന ഉയര്‍ന്ന യോഗ്യതാനിലവാരം തന്നെയായിരുന്നു മുഖ്യപ്രശ്നം. അങ്ങനെ എല്ലാം തികഞ്ഞെത്തിയവരില്‍ ചിലര്‍ ജാതകദോഷം പറഞ്ഞും, ചിലര്‍ പ്രശസ്തയായ കലാകാരിയെ വിവാഹം ചെയ്യുന്നതില്‍ വൈമുഖ്യം പ്രകടിപ്പിച്ചും, ഇനിയും ചിലര്‍ അവളുടെ അച്ഛന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചുമൊക്കെ വിവാഹാലോചനയില്‍നിന്നു പിന്‍മാറി. ഇരുപത്തിയഞ്ചു വയസ്സ് കഴിഞ്ഞതോടെ പ്രായവും ഒരു ബാദ്ധ്യതയായി. നല്ലപ്രായത്തില്‍ ഇഷ്ടപ്പെട്ട ഒരുവനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ശ്രമിക്കാഞ്ഞത് വലിയ തെറ്റായിപ്പോയിയെന്നുപോലും സഹികെട്ട ഒരവസരത്തില്‍ അവള്‍ എഴുതിയിരുന്നു.

ആശ്ചര്യപ്പെടുത്തുന്ന ഒരു വാര്‍ത്തയും കൊണ്ടാണ് സ്യൂ നാലുവര്‍ഷം മുമ്പത്തെ ക്രിസ്തുമസ് സന്ദര്‍ശനത്തിനുവന്നത്. അവളുടെ ചേട്ട‌ന്‍ വിവാഹമോചിതനായി, രണ്ടു മക്കളുള്ള ഒരു അമേരിക്കന്‍ വിധവയെ വിവാഹം ചെയ്തിരിക്കുന്നു. വാന്‍കൂവറിലെ തമിഴ് സമൂഹത്തിലാകെ ഈ വാര്‍ത്ത വലിയ ചര്‍ച്ചാവിഷയമായി. സുകന്തിയ്ക്ക് നല്ലൊരു തമിഴ് കുടുംബത്തില്‍നിന്ന് മണവാളനെക്കിട്ടാനുള്ള സാധ്യതയും അതോടെ ഇല്ലാതായി. ഈ സംഭവത്തോടെ സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് അവള്‍ കരുതിയത്. പക്ഷേ അവളുടെ അച്ഛന്‍ ഒന്നുകൂടി കാര്‍ക്കശ്യം കൂട്ടുകയാണ് ചെയ്തത്. പെണ്‍കുട്ടികള്‍ പോകുന്നിടത്തെല്ലാം അച്ഛനോ അമ്മയോ കൂടെപ്പോകുന്നത് പതിവായി.

സ്യൂ പൂര്‍ണ്ണമായും അച്ഛന്റെ ചൊല്പടിയിലായെങ്കിലും അനിയത്തി ആരെയും അനുസരിക്കാത്ത ഒരു റിബല്‍ ആയി മാറി. അനിയത്തിയും അച്ഛനും തമ്മിലുള്ള പോരാട്ടം വീട്ടില്‍ പതിവു കാഴ്ചയായി. ഇതിനിടെ അച്ഛന്റെ ആരോഗ്യം പെട്ടന്ന് വഷളാകുകയും അദ്ദേഹം ഏതാണ്ട് പൂര്‍ണ്ണമായും ശയ്യാവലംബിയാകുകയും ചെയ്തു. അവളുടെ വിവാഹം അപ്പോഴും പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമായി നിലനിന്നു.

**********************************************************************************************

"സ്യൂവിന്റെ അനിയത്തി കഴിഞ്ഞയാഴ്ച വിവാഹിതയായി, അറിഞ്ഞോ ഡേവ്? " രണ്ടുമാസങ്ങള്‍ക്കുമുമ്പ് മൈലി കൌതുകവും പുച്ഛവും കുസൃതിയും നിറഞ്ഞ ഒരു ചിരിയോടെ തന്നോടു ചോദിച്ചു.
"അറിഞ്ഞില്ല, പക്ഷേ നല്ല വാര്‍ത്തയാണല്ലോ അത്"
"ഷ്വര്‍! എക്സെപ്റ്റ് ഫോര്‍ എ മൈനര്‍ ഡീറ്റെയ്ല്‍ - അവള്‍ വിവാഹം ചെയ്തത് ഒരു സ്ത്രീയെയാണ്..." ചിരി വിടാതെ അതുപറഞ്ഞ് അവര്‍ തിരിഞ്ഞുനടന്നു.

ഒരുതരം അമ്പരപ്പോടെയാണ് അന്നു സീറ്റില്‍ വന്നിരുന്നത്. ഇവിടെ സ്വവര്‍ഗ്ഗപ്രേമികള്‍ക്ക് നിയമപരമായി വിവാഹിതരാകാം എന്നതൊക്കെ ശരിതന്നെ. അത്തരക്കാര്‍ക്കെതിരെ വിവേചനപരമായി പെരുമാറുന്നതിനെതിരെ ശക്തമായ നിയമങ്ങളുമുണ്ട്. പക്ഷേ ദക്ഷിണേഷ്യക്കാരുടെ കുടിയേറ്റ സമൂഹങ്ങളില്‍ അവര്‍ ഇന്നും വെറുക്കപ്പെട്ടവര്‍ തന്നെയാണ്. അനിയത്തിയുടെ ആ തീരുമാനത്തിന്റെ ഭവിഷ്യത്തുകള്‍ പേറേണ്ടിവരുന്നത് സ്യൂവിന്റെ കുടുംബത്തിനാണ്.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ചിറകിനടിയിലും ഒന്നിനെ വയറ്റിലും പേറി ഏതോ സ്വപ്നങ്ങളും പ്രതീക്ഷകളുമായി, താണ്ഡവമാടുന്ന സമുദ്രത്തിന്റെ കരുണയില്‍ വിശ്വസിച്ച് ബോട്ടുകയറിയ ആ അമ്മയുടെ മനസ്സില്‍ ഇന്ന് എന്തായിരിക്കും?

ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് സ്കൈവേ ട്രെയ്‌ന്‍ ഇരമ്പി വന്നു നിന്നു. ഒരു കണക്കിന് ഇന്ന് അവളോട് സംസാരിക്കാന്‍ പറ്റാഞ്ഞത് നന്നായി. ഒരു ഉപചാരത്തിനെങ്കിലും തന്നെ 'അണ്ണാ' എന്നു വിളിക്കുന്നവളാണ്. ഇന്നവളോടു സംസാരിക്കാന്‍ തനിക്കാവുമായിരുന്നില്ല.

12 comments:

 1. തങ്ങള്‍ക്കുണ്ടെന്നു വിശ്വസിക്കുന്ന ഏതോ 'പൈതൃക മൂല്യങ്ങ'ളില്‍ കടിച്ചുതൂങ്ങി സ്വന്തം ജീവിതം പാഴാക്കിക്കളയുന്നവര്‍ - സ്വതന്ത്ര ലോകത്തെത്തിയാലും സ്വാതന്ത്ര്യം സ്വീകരിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍....

  ReplyDelete
 2. കൊള്ളാം കുറഞ്ഞവാക്കുകളില്‍ , അരോചകപ്പെടുത്തുന്ന സാഹിത്യപദങ്ങള്‍ ഇല്ലാതെ എഴുതി ഫലിപ്പിച്ചിരിക്കുന്നു .
  സമൂഹത്തില്‍ ഇപ്പോഴും നമുക്ക് കാണാം ഇങ്ങനെ പൈതൃകം പറഞ്ഞ് ജീവിതം പഴാക്കുന്നവരെ ...........
  :)
  പത്തില്‍ എട്ട് മാര്‍ക്ക്‌
  :)

  ReplyDelete
 3. വ്യത്യസ്തമായ ഒരനുഭവം.
  നന്നായെഴുതി.

  ReplyDelete
 4. അടിസ്ഥാനപരമായ ചിന്തകള്‍ പൊളിച്ചുമാറ്റാന്‍ പ്രയാസം തന്നെ. സാഹചര്യങ്ങള്‍ മാത്രമാണ് എപ്പോഴും മനുഷ്യന്റെ ഗതി നിര്‍ണ്ണയിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.
  നല്ല കുറിപ്പ്.

  ReplyDelete
 5. പലതും തെറ്റായ ധാരണകളാവും എന്നാലും തലമുറകളായി പകര്‍ന്നു കിട്ടുന്നതിനെ അങ്ങിനെ അങ്ങ് ഒഴിവാക്കാന്‍ വയ്യ.

  ReplyDelete
 6. പൈതൃകം പറഞ്ഞ് ഊറ്റം കൊള്ളാറുള്ള
  ഏതൊരു കുടിയേറ്റക്കാരന്റേയും പുതുതലമുറകൾ
  പാശ്ചാത്യ-സംസ്കാര-സമ്പന്നരായി മാറുന്നതിന്റെ
  നേർക്കാഴ്ച്ചകൾ ഇതിലും നന്നായി എങ്ങിനെയാണ് ചിത്രീകരിക്കുക
  അല്ലേ ദേവദത്തൻ തിരുമേനി ..സോറി മിസ്റ്റർ:ഡേവ്

  അസ്സലായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്

  ReplyDelete
 7. സുകന്തി കൊള്ളാം കേട്ടൊ

  ReplyDelete
 8. സുകന്തിയെന കഥാപാത്രം അതീവ ചാരുതയാർന്നു നില്ക്കുന്നു സ്വതന്ത്ര ലോകത്ത് എത്തിയിട്ടും സ്വാതന്ത്ര്യം തേടിയിട്ടും ബന്ധ-ബന്ധനങ്ങളിൽ പാഴായ ജീവിതം. "പൈതൃക മൂല്യങ്ങൾ" കാത്തു പോരാൻ ഒരാൾക്ക്‌ തീര്ച്ചയായും സ്വാതന്ത്രമുണ്ട്‌. പക്ഷെ അതിന്റെ ബലിക്കല്ലിൽ മക്കളെയും കിടത്തണം എന്ന് വാശി പിടിക്കുമ്പോൾ കുടുംബമെന്ന പ്രസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥയിലേക്ക് അധപതിക്കുന്നു. കെ കെ കഥ പറച്ചിലിൽ നല്ല മുന്നേറ്റം നടത്തുന്നതായി കാണുന്നു

  ReplyDelete
 9. മറ്റുകഥാപാത്രങ്ങളൊക്കെ സാങ്കല്‍പ്പികമാണെങ്കിലും സുകന്തി എനിക്കു പരിചയമുള്ള ഒരു കുട്ടിയുടെ കാരിക്കേച്ചര്‍ ആണ്. മറ്റുകഥാപാത്രങ്ങള്‍ക്കുള്ള ചില സ്വഭാവവിശേഷങ്ങള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുമുണ്ട്. അതുകൊണ്ട്, ഈ രചന പൂര്‍ണ്ണമായും ഒരു ഭാവനാസൃഷ്ടിയായിരിക്കില്ലെന്ന് നിങ്ങളൊക്കെ ഊഹിച്ചെങ്കില്‍ തെറ്റില്ല.

  എന്റെ രചനയ്ക്ക് ആദ്യമായാണ് ഇത്രയ്ക്ക് മാര്‍ക്കു കിട്ടുന്നത്, കേട്ടോ നിധീഷ്. സലാംജി, കുടുംബമല്ല സുകന്തിയെ ബലിക്കല്ലിലിട്ടത് - അവളുടെ സ്വന്തം 'സംസ്കാരബോധം' തന്നെയാണ് എന്നാണ് എനിക്കു തോന്നിയത്.

  വായിച്ച് അഭിപ്രായം അറിയിച്ച റാംജി, വെട്ടത്താന്‍, അജിത്, ബിലാത്തിയണ്ണന്‍, ജയന്‍ ... എല്ലാവര്‍ക്കും നന്ദി!!

  ReplyDelete
 10. ആദ്യമായിറ്റാണെന്ന് തോന്നുന്നു ഈ ബ്ലോഗിലെത്തിപ്പെട്ടത്. 
  മനോഹരമായ കയ്യടക്കത്തോടെ പറഞ്ഞുതീർത്ത ഒരു കഥ. എല്ലാ ചേരുവകളും ഒന്നിച്ചു ചേർന്ന കഥ.

  ReplyDelete
 11. ലേറ്റായി വന്ന് ഹാജര്‍ വെച്ചിരിക്കുന്നു. സുകന്തിയെ എനക്കു പിടിച്ച്ത്. അഭിനന്ദനങ്ങള്‍

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ