എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, April 13, 2013

പരുന്തിനുമേലെ പറക്കുന്ന കറന്‍സി

പണത്തിനുമേലെ പരുന്തും പറക്കില്ലെന്നാണ് പഴഞ്ചൊല്ല്. പക്ഷേ ആ പരുന്തിനുമേലെ പറക്കുന്ന മറ്റൊരിനം നോട്ടുകള്‍ ഊരാകെ പാറിനടക്കുന്നുണ്ടെന്ന വാര്‍ത്ത 'നിരക്ഷര'ന്റെ ബ്ലോഗില്‍ ഏറെ കൌതുകത്തോടെയാണ് വായിച്ചത്.

അങ്ങനെ 'കൌതുകപ്പെടേണ്ട' കാര്യമൊന്നുമല്ല, വളരേ ഗൌരവമുള്ളതും ഒരുപക്ഷേ ഭയാനകവുമായ കാര്യമാണ് അത്. പക്ഷേ ഒരു പരദേശിയും ശരാശരി മലയാളിയും അല്പനുമായ എനിക്ക് 'ഇന്ത്യാക്കാര്‍ക്ക് പ്രാന്തുപിടിക്കുന്നത് കണ്ടാല്‍ നല്ല ചേലെ'ന്ന് തോന്നാറുണ്ട്.

ഒരു പ്രമുഖ ധനകാര്യസ്ഥാപനത്തില്‍നിന്നു ലഭിച്ച നോട്ടുകളില്‍ ചിലത് കള്ളനോട്ടുകളാണെന്ന് കണ്ടെത്തിയതും അവിടത്തെ മാനേജരടക്കമുള്ള ജീവനക്കാര്‍ അവയെ ന്യായീകരിച്ചതും അവ മാറ്റിക്കൊടുക്കാന്‍ വിസമ്മതിച്ചതുമൊക്കെയാണ് ആ കുറിപ്പിന്റെ ഉള്ളടക്കം. അത്തരത്തിലുള്ള കറന്‍സി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന സമൂഹത്തിലെ വിവിധമേഘലകളിലുള്ളവരുടെ ഇടപെടലുകള്‍ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ വരുത്തിവെയ്ക്കുന്ന സംഘര്‍ഷങ്ങളേയും അദ്ദേഹം അത്യുക്തിയില്ലാതെ വ്യക്തമാക്കിയിരിക്കുന്നു. എല്ലാത്തിലും ഉപരിയായി, പണം കൈകാര്യം ചെയ്യുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ച് അദ്ദേഹം നന്നായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പണം എന്നു പറയുന്ന സാധനം തന്നെ ഒരു തട്ടിപ്പാണ് (പത്രക്കാരുടെ വാചകപാതകം കാരണം പണം, ധനം, സമ്പത്ത് എന്നീ വാക്കുകള്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ തന്നെ വ്യക്തമല്ലാതായിത്തുടങ്ങിയിരിക്കുന്നു). ഭരണവര്‍ഗ്ഗം യഥേഷ്ടം സൃഷ്ടിക്കുന്ന, അടിയാളന്‍മാരുടെ അധ്വാനത്തെ ചൂഷണം ചെയ്യാന്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന വെറുമൊരു വിനിമയോപകരണം മാത്രമാണ് അത്. പണം അച്ചടിച്ചിറക്കാന്‍ (ഇപ്പോള്‍ 'അച്ചടി' കുറവാണ്, ആധുനിക കറന്‍സികള്‍ ഇലക്ട്രോണിക് ബിറ്റുകളാണ്) സമൂഹം അനുവദിച്ച കുത്തകാധികാരമുള്ളവരാണ് ഒരോ നാടിന്റേയും യഥാര്‍ത്ഥ ഭരണകര്‍ത്താക്കള്‍. അമേരിക്കയേപ്പോലുള്ള ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയില്‍ പണം "സൃഷ്ടിക്കുന്നത്" കോര്‍പ്പറേറ്റുകളാണ്. ഇന്ത്യയേപ്പോലുള്ള രാജ്യങ്ങളില്‍ അതതുസമയം ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാരും (ഇന്ത്യയിലും കുറച്ചുകാലമായി കോര്‍പ്പറേറ്റുകള്‍ പണം സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്). ഇതിന്റെയൊക്കെ വേരറ്റത്തേയ്ക്കു ചെന്നാല്‍ ബിറ്റുകളായും പേപ്പര്‍ രൂപത്തിലുമൊക്കെയുള്ള കറന്‍സി പ്രസ്ഥാനം വലിയൊരു മാഫിയാ പ്രവര്‍ത്തനം തന്നെയാണെന്ന് കണ്ടെത്താവുന്നതാണ്. സാമ്പത്തികവളര്‍ച്ച എന്നൊന്നുണ്ടാകണമെങ്കില്‍ ഉല്‍പ്പാദനത്തോടൊപ്പം അതിനനുസൃതമായ കറന്‍സി ലഭ്യതയും വര്‍ദ്ധിക്കണമെന്ന വാദം അംഗീകരിച്ചുകൊണ്ടുതന്നെയാണ് നിലവിലുള്ള മോണിറ്ററി സിസ്റ്റം ഒരു തരം കാപട്യമാണെന്ന് പറയുന്നത്.

ഏങ്കിലും ഒരു സാധാരണക്കാരന് അവന്റെ നിലനില്‍പ്പിനും അവന്റെ സേവനത്തിന്റെ മൂല്യം ലഭിക്കുന്നതിനും ലഭ്യമായ ഒരേയൊരുപാധിയാണ് കറന്‍സി. ഭരണവര്‍ഗ്ഗം എന്തുതട്ടിപ്പുവേണമെങ്കിലും ചെയ്യട്ടെ - അവസാനം കയ്യില്‍ കിട്ടുന്ന കടലാസുകഷണം സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട മൂല്യം ഉള്ളതാണെന്നുള്ള ഒരു ആശ്വാസത്തിനെങ്കിലും ഒരു സാധാരണ പൌരന് അര്‍ഹതയുണ്ടല്ലോ. ആ വിശ്വാസത്തേയാണ് കള്ളനോട്ടുകള്‍ ധ്വംസിക്കുന്നത്.

ഇന്ത്യയില്‍ കള്ളനോട്ടുകള്‍ക്ക് ഇത്രയും പ്രചാരം കിട്ടാനുള്ള പ്രധാന കാരണം വന്‍ തോതിലുള്ള കറന്‍സി ഇടപാടുകളാണ്. ദൈനംദിന വ്യവഹാരങ്ങളില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് തീരെ കുറവ്. കള്ളപ്പനോട്ടുകള്‍ പ്രചരിപ്പിക്കാനും അനധികൃത സമ്പാദ്യം "വെളുപ്പിച്ചെടുക്കാനും" ഏറേ സാധ്യതയുള്ള ഒരു വ്യവസ്ഥിതിയാണ് അത്. രാജ്യത്തെ പകുതിയിലേറെ ജനങ്ങള്‍ വേണ്ടത്ര വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാത്തവരാണെന്നതും ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

നിരക്ഷരന്റെ ആ ബ്ലോഗിലെ ഒരു അഭിപ്രായവ്യക്താവ് ഒരു ഏടിഎമ്മില്‍ നിന്ന് നാല്പതിനായിരം രൂപ പിന്‍വലിച്ച ഒരു അനുഭവവും വിശദീകരിക്കുന്നുണ്ട്. എന്നെ ഏറെ ചിന്തിപ്പിച്ച ഒരു കമെന്റ് ആണ് അത്. കറന്‍സി വിനിമയ നിരക്ക് അല്പനേരത്തേയ്ക്ക് മാറ്റിനിറുത്തിയാല്‍, നാല്പതിനായിരം രൂപ എന്നത് (കാനഡയിലെ) എണ്ണായിരം ഡോളറിന്റേയെങ്കിലും പര്‍ച്ചേസിങ്ങ് പവര്‍ ഉള്ള തുകയാണ്. ഇവിടെ ഒരു കടയില്‍ ചെന്ന് എണ്ണായിരം ഡോളറിന്റെ ഒരു കറന്‍സി ഇടപാടു നടത്താന്‍ ശ്രമിച്ചാല്‍ മിക്ക സ്ഥാപനങ്ങളിലും അതു നടക്കില്ല. ഇനി അഥവാ നടന്നാല്‍ത്തന്നെ നിങ്ങളുടെ വിശ്വസ്തമായ ഒന്നിലധികം തിരിച്ചറിയല്‍ രേഖകള്‍ അവര്‍ കയ്യില്‍ കരുതിവെയ്ക്കും - അത് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. നിങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കണമെങ്കില്‍ 500ല്‍ കൂടിയ തുകയ്ക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡും, ക്രെഡിറ്റ് കാര്‍ഡിനുമുകളിലുള്ള തുകയ്ക്ക് ബാങ്ക് ഡ്രാഫ്റ്റും കൊടുത്തേ തീരൂ. അതായത് അഞ്ഞൂറു ഡോളറില്‍ കൂടിയ തുക ഒരു അംഗീകൃത ബാങ്കിങ്ങ് സ്ഥാപനത്തിന്റെ പേയ്മെന്റ് സംവിധാനത്തിലൂടെയേ ഉപയോഗിക്കാനാകൂ എന്നര്‍ത്ഥം. അപ്രകാരം കറന്‍സി ഇടപാടുകള്‍ ഏറെ പരിമിതപ്പെടുത്തുന്നതുകൊണ്ടാണ് വികസിതരാജ്യങ്ങളില്‍ കള്ളനോട്ടടി അത്രകണ്ട് വിജയിക്കാത്തത്.

ഈ എണ്ണായിരം ഡോളര്‍ കറന്‍സി രൂപത്തില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ചെന്നാലും പ്രശ്നമാണ്. ഒരു നിശ്ചിത തുകയ്ക്കുമുകളിലുള്ള എല്ലാ നിക്ഷേപങ്ങളും ബാങ്കുകള്‍ 'ഫ്ലാഗ്' ചെയ്യും. ആ തുക എത്രയെന്നത് ബാങ്കിന് നിങ്ങളേക്കുറിച്ചുള്ള അറിവിനനുസരിച്ചിരിക്കും. ബാങ്കിലെ ഓരോ ജീവനക്കാരനും AML/TF (Anti Money Laundering/ Terrorism Financing) പരിശീലനം നേടിയവരാണ്. സംശയകരമായ എല്ലാ ക്യാഷ് ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വവുമാണ്. അതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴിയോ മറ്റ് ബാങ്ക് ഉപകരണങ്ങള്‍ വഴിയോ ലഭിക്കുന്ന പേയ്‌മെന്റുകളെ സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും വിശ്വസിക്കാം.

കറന്‍സിയിലൂടെ മാത്രം (മുഖ്യമായും) ഇടപാടുകള്‍ നടത്തുന്ന ഇന്ത്യയില്‍ ഇത്തരം നിയന്ത്രണങ്ങളും മേല്‍നോട്ടവും സാധ്യമല്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണവും കള്ളനോട്ടുകളും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.

പൂര്‍ണ്ണമായും ഇലക്ട്രോണിക്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനും നിഷ്കര്‍ഷിക്കാനും ഇന്ത്യയില്‍ പരിമിതികളുണ്ട്. ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസമില്ലാത്തതുതന്നെയാണ് മുഖ്യ പ്രശ്നം. ഒരു ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പ്രൈമറി വിദ്യാഭ്യാസമെങ്കിലും വേണം - അതിനെ സുരക്ഷിതമായി ഉപയോഗിക്കാന്‍ ഏറെ പരിശീലനവും. വൈദ്യുതിയുടെ ദൌര്‍ലഭ്യമാണ് മറ്റൊരു പ്രശ്നം. തുടര്‍ച്ചയായി വൈദ്യുതി ലഭിക്കാനുള്ള വിശ്വസ്തമായ സംവിധാനമില്ലാത്തിടത്തോളം രാജ്യവ്യാപകമായ ഇലക്ട്രോണിക് വ്യവഹാരവ്യവസ്ഥിതി കൊണ്ടുവരിക സാധ്യമല്ല. ഉദ്യോഗസ്ഥവൃന്ദത്തിന്റേയും രാഷ്ട്രീയക്കാരുടേയും പങ്കാളിത്തത്തോടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വരുന്നതുകൊണ്ട് ഇല്ലാതാകില്ല - അതിന്റെ ഉത്തമോദാഹരണമാണ് റെയില്‍വേ ബുക്കിങ്ങ് സംവിധാനം. ഇതിനെല്ലാം പുറമേയാണ് ശക്തമായ, കാര്യക്ഷമമായ നിയമവാഴ്ചയുടെ അഭാവം.

പിന്നെ ചെയ്യാവുന്നത് അച്ചടിക്കുന്ന കറന്‍സിയുടെ ഘടനയില്‍ത്തന്നെ മാറ്റം വരുത്തുക എന്നതാണ്. കാനഡയില്‍ ഇക്കഴിഞ്ഞ വര്‍ഷം മുതല്‍ 'പോളിമര്‍' നോട്ടുകള്‍ ലഭ്യമായിത്തുടങ്ങി. ഇത്തരം നോട്ടുകള്‍ കടലാസിലല്ല, മറിച്ച് ഒരു വിശേഷ തരം സിന്തറ്റിക്‍ പോളിമറിലാണ് അച്ചടിക്കുന്നത്. കടലാസ്സു നോട്ടുകളിലേതിനേക്കാള്‍ വിശിഷ്ടമായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും ഇത്തരം നോട്ടുകളിലൂടെ സാധിക്കും. ഈ പോളിമര്‍ രണ്ടേ രണ്ടു കമ്പനികള്‍ മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. വിപണിയില്‍ ലഭ്യമായ 'മഷി'കൊണ്ടൊന്നും അതില്‍ അച്ചടിക്കാന്‍ സാധിക്കുകയുമില്ല. ഓസ്ട്രേലിയയാണ് ആദ്യമായി ഇത്തരം നോട്ടുകള്‍ പരീക്ഷിച്ചത്. അവരുടെ അനുഭവത്തില്‍ കള്ളനോട്ടുകളെ വളരേ വലിയൊരളവില്‍ കുറയ്ക്കാന്‍ ആ മാറ്റം സഹായിച്ചു. കള്ളന്മാര്‍ നാടുവാഴുന്ന ഇന്ത്യയില്‍, പക്ഷേ, അത്തരമൊരു മാറ്റം ഉടനേ വരുമെന്ന് പ്രതീക്ഷിക്കാനാവില്ല.

കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ അച്ഛന്‍ കുറച്ചു പണം കയ്യില്‍ തന്നിരുന്നു. അച്ഛന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ വലിയൊരു തുകതന്നെയായിരുന്നു തന്നത്. വേണ്ടെന്നു പറയുമോയെന്ന് ഭയപ്പെട്ട് അല്പം അറച്ചും ഏറെ വിനയത്തോടെയുമാണ് ആ പണം അദ്ദേഹം കയ്യില്‍ തന്നത്. ഞാനത് സന്തോഷത്തോടെ വാങ്ങി വെച്ചു. ഇങ്ങോട്ടുവന്നപ്പോള്‍ അതേപടി കൊണ്ടുവരികയും ചെയ്തു. അടുത്തതവണ നാട്ടില്‍ വരുമ്പോള്‍ ചിലവാക്കാമെന്നു കരുതി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അതില്‍ കള്ളനോട്ടുണ്ടോയെന്ന് ഈശ്വരനറിയാം. ഏതായാലും ഞാനൊരു കനേഡിയന്‍ പൌരനായതുകൊണ്ട് നാട്ടിലെ യേഡങ്ങുന്ന് കുനിച്ചുനിര്‍ത്തി കൂമ്പിനിടിക്കില്ലായിരിക്കും. രണ്ടുപേരെ വെടിവെച്ചുകൊന്ന ഇറ്റലിക്കാര്‍ ആര്‍ഭാടത്തോടെ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന നാടല്ലേ. ഇറ്റലിയേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട രാജ്യമാണ് ക്യാനഡ. കൊലപാതകത്തേക്കാള്‍ എന്തുകൊണ്ടും കുറഞ്ഞ കുറ്റമാണ് കള്ളനോട്ട് കൈവശം വെയ്ക്കല്‍. അല്ലേ?

6 comments:

  1. ഇനിയും കുറെ ദശകങ്ങളില്‍ ഇവിടെ ഇന്‍ഡ്യയില്‍ കടലാസ് പണം തന്നെ കാര്യങ്ങള്‍ തീരുമാനിയ്ക്കും

    (ഇറ്റലിയേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട രാജ്യമാണ് ക്യാനഡ. കൊലപാതകത്തേക്കാള്‍ എന്തുകൊണ്ടും കുറഞ്ഞ കുറ്റമാണ് കള്ളനോട്ട് കൈവശം വെയ്ക്കല്‍. അല്ലേ?

    അത്രയ്ക്കങ്ങ് ആത്മവിശ്വാസപ്പെടുകയൊന്നും വേണ്ട.
    “ഇറ്റലി” വേറെ കാനഡ വേറെ)

    ReplyDelete
  2. ആത്മ വിശ്വാസം കൊള്ളാം.പക്ഷേ ഹെഡ്ഡങ്ങത്തെയുടെ മുന്നില്‍ പെട്ടാല്‍ വിവരം അറിയും. ലേഖനം നന്നായി.

    ReplyDelete
  3. ഈ കറൻസിയുടെ ജനിതക ഘടനയും ബീജവുമൊന്നും ഇപ്പോഴും എനിക്ക് ശരിക്ക് അറിയില്ല k.k . ഇവ്വിഷയകമായി താങ്കൾ എഴുതുന്നത്‌ ഞാൻ അതുകൊണ്ട് തന്നെ വർദ്ധിത താത്പര്യത്തോടെ വായിക്കാറുണ്ട്. കള്ളനോട്ടും അസ്`ലി നോട്ടും തമ്മിലുള്ള കള്ളനും പോലീസും കളിയും എന്റെ അറിവിന്‌ മുഴുവൻ പിടി കിട്ടാത്ത കാര്യം തന്നെ. സർക്കാർ കൂടുതൽ നോട്ട് അടിച്ചിറക്കിയാൽ പോരെ ദാരിദ്ര്യം മാറ്റാൻ എന്ന് ചെറുപ്പത്തിൽ തോന്നിയിരുന്നു. ഈ കുറിപ്പ് ആസ്വദിച്ചു വായിച്ചു.

    ReplyDelete
  4. കൊലപാതകത്തേക്കാള്‍ എന്തുകൊണ്ടും കുറഞ്ഞ കുറ്റമാണ് കള്ളനോട്ട് കൈവശം വെയ്ക്കല്‍. അല്ലേ?

    എന്തൊക്കെ പറഞ്ഞാലും കള്ളന്‍ കപ്പലില്‍ തന്നെ.
    ഈ കള്ളനോട്ട് തിരിച്ചറിയാന്‍ എന്താ വഴിയെന്ന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
    വിവരങ്ങള്‍ വിശദമായി പറഞ്ഞു.

    ReplyDelete
  5. ‘പൂര്‍ണ്ണമായും ഇലക്ട്രോണിക്‍ പേയ്‌മെന്റ്
    സംവിധാനം ഏര്‍പ്പെടുത്താനും നിഷ്കര്‍ഷിക്കാനും
    ഇന്ത്യയില്‍ പരിമിതികളുണ്ട്. ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസമില്ലാത്തതുതന്നെയാണ് മുഖ്യ പ്രശ്നം. ഒരു
    ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പ്രൈമറി വിദ്യാഭ്യാസമെങ്കിലും
    വേണം - അതിനെ സുരക്ഷിതമായി ഉപയോഗിക്കാന്‍ ഏറെ പരിശീലനവും.
    വൈദ്യുതിയുടെ ദൌര്‍ലഭ്യമാണ് മറ്റൊരു പ്രശ്നം. തുടര്‍ച്ചയായി വൈദ്യുതി ലഭിക്കാനുള്ള വിശ്വസ്തമായ സംവിധാനമില്ലാത്തിടത്തോളം രാജ്യവ്യാപകമായ
    ഇലക്ട്രോണിക് വ്യവഹാരവ്യവസ്ഥിതി കൊണ്ടുവരിക സാധ്യമല്ല.
    ഉദ്യോഗസ്ഥവൃന്ദത്തിന്റേയും രാഷ്ട്രീയക്കാരുടേയും
    പങ്കാളിത്തത്തോടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍
    ഇലക്ട്രോണിക് സംവിധാനം വരുന്നതുകൊണ്ട് ഇല്ലാതാകില്ല -
    അതിന്റെ ഉത്തമോദാഹരണമാണ് റെയില്‍വേ ബുക്കിങ്ങ് സംവിധാനം.
    ഇതിനെല്ലാം പുറമേയാണ് ശക്തമായ, കാര്യക്ഷമമായ നിയമവാഴ്ചയുടെ അഭാവം...”

    ഇതൊക്കെ തന്നെയാണ് നമ്മുടേ
    ഒറിജിൻ കണ്ട്രിയിൽ കറൻസിക്ക് മീതെ
    പരുന്തന്മാർ പറക്കുന്നത് കേട്ടൊ ഭായ്.
    എന്തായാലും ഒരു O.C.I കാർഡ് എടുത്ത്
    വച്ചോളിൽ..അല്ലെങ്കിൽ അച്ഛൻ തന്ന കാശിന്റെ
    സോഴ്സിനിട്ടാകും പണി കിട്ടുക

    ReplyDelete
  6. ലേഖനം വളരെ നന്നായിട്ടുണ്ട്... ഇന്ത്യന്‍ പ്രശ്നങ്ങളെ ശരിക്കും സ്പര്‍ശിച്ചിട്ടുണ്ട്... പിന്നെ ഹേഡങ്ങത്തയുടെ മുന്‍പിലൊന്നും ചെന്നു പെടാതെ രക്ഷപ്പെടാന്‍ ഭാഗ്യമുണ്ടാവട്ടെ...

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ