എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Friday, May 10, 2013

സ്വച്ഛന്ദമൃത്യുവിന്റെ സ്വന്തം നാട്!

'സ്വിറ്റ്സര്‍ലാന്റ്' എന്നു കേട്ടാല്‍ എന്തായിരിക്കും മനസ്സില്‍ വരിക?

ലോകമെമ്പാടുമുള്ള സാമ്പത്തിക കുറ്റവാളികള്‍ അവരുടെ കൊള്ളപ്പണം സുരക്ഷിതമായും രഹസ്യമായും സൂക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊടുക്കുന്ന 'സ്വിസ് ബാങ്ക്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്ഥാപനങ്ങളുടെ നാട്. ഇന്ത്യന്‍ സിനിമയിലെ സുന്ദരനായകന്‍മാര്‍ക്ക് കാലുകളകത്തി നിന്ന് ആകാശത്തേയ്ക്കു കൈകളുയര്‍ത്തി പ്രണയഗാനങ്ങള്‍ ആര്‍ത്തുപാടാന്‍ പശ്ചാത്തലമൊരുക്കുന്ന നാട്. സഞ്ചാരികളുടെ പറുദീസ. റാഡോ, ഒമേഗ, സ്വാച്ച് എന്നീ പേരുകളിലുള്ള വിശ്വപ്രസിദ്ധമായ വാച്ചുകള്‍ നിര്‍മ്മിക്കുന്ന സ്വാച്ച് കമ്പനിയുടേയും നെസ്റ്റ്‌ലേ, അസിയാ ബ്രൌണ്‍ ബൊവേരി (ABB), നൊവാര്‍ട്ടിസ് തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്‍മാരുടേയും ആസ്ഥാനകേന്ദ്രം. ഇതിനെല്ല്ലാം പുറമേ ഫീഫാ, ഐഓസി തുടങ്ങിയ കായികരംഗത്തെ തരികിട സ്ഥാപനങ്ങള്‍ സാമ്പത്തിക തിരിമറിനടത്താന്‍ സൌകര്യപ്രദമെന്നു കണ്ട് പീടിക തുറന്നു വെച്ചിരിക്കുന്ന രാജ്യമെന്ന ഖ്യാതിയും സ്വിറ്റ്സര്‍ലന്റിനു സ്വന്തം.

അക്കൂട്ടത്തില്‍ ഒന്നുകൂടി നമുക്കു ചേര്‍ക്കാം. ജീവിച്ചുമതിയായവര്‍ക്ക് വേദനാരഹിതമായ മരണം വാഗ്ദാനം ചെയ്യുന്ന മരണവ്യാപാരികളുടെ നാട്. സ്വച്ഛന്ദമൃത്യുവിന്റെ സ്വന്തം നാട്!

ഇത് പുതിയൊരു അറിവൊന്നുമല്ല. എങ്കിലും ക്യാനഡയില്‍ സമീപകാലത്ത് ഇതു കൂടുതല്‍ ശ്രദ്ധയില്‍ പെട്ടത് സൂസന്‍ ഗ്രിഫിത്ത്‌സ് എന്നു പേരുള്ള മാറാരോഗി സ്വിറ്റ്സര്‍ലന്റില്‍ ചെന്ന് മരിക്കാന്‍ തീരുമാനിക്കുന്നതോടെയാണ്. ക്യാനഡയില്‍ ആത്മഹത്യ/ആത്മഹത്യാശ്രമം കുറ്റകരമല്ലെങ്കിലും പരസഹായത്തോടെയുള്ള ആത്മഹത്യ ക്രിമിനല്‍ കുറ്റമാണ് - സഹായികള്‍ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടും. അതുകൊണ്ട് വേദനയില്ലാതെ മരിക്കാന്‍ സഹായിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മിക്കയാളുകള്‍ക്കും അപ്രാപ്യമാകുകയും അവ കൈവശമുള്ള മെഡിക്കല്‍ പ്രഫെഷനലുകള്‍ക്ക് ആവശ്യക്കാര്‍ക്ക് കൊടുക്കാനുള്ള പ്രതിബന്ധം നിലനില്‍ക്കുകയും ചെയ്യുന്നു. വേദനിക്കാതെ മരിക്കേണ്ടവര്‍ക്ക് സ്വിറ്റ്സര്‍ലന്റിലേയ്ക്ക് വിമാനം കയറുകയേ നിവൃത്തിയുള്ളൂ.

സൂസന്‍ ആഗ്രഹിച്ചതുപോലെ അവരുടെ ആത്മഹത്യ 'മരിക്കാനുള്ള അവകാശ'ത്തേക്കുറിച്ചുള്ള ചര്‍ച്ച ഇവിടെ വീണ്ടും സജീവമാക്കി. അതിനുള്ള പ്രധാനകാരണം ക്യാനഡ അടച്ചുവെച്ചിരുന്ന ഒരു വാതില്‍ - പരസഹായത്തോടെ നിയമപരമായി ആത്മഹത്യ ചെയ്യാനുള്ള സാധ്യത - കനേഡിയന്‍ ജനതയ്ക്കു മുന്‍പില്‍ അവര്‍ തുറന്നുകാട്ടി എന്നതുതന്നെയാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സംഭാഷണങ്ങള്‍ പൊതുജനാഭിപ്രായത്തിന്റെ അളവുകോലായി എടുക്കാമെങ്കില്‍ രസകരമായ ഒരു ചേരിതിരിവാണ് ഇക്കാര്യത്തില്‍ കാണാനാകുക. മതവിശ്വാസികള്‍ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവിധ നടപടികള്‍ക്കും എതിരാണ്. പക്ഷേ ഇവിടത്തെ ബഹുഭൂരിപക്ഷം ആളുകളും അവിശ്വാസികളോ തീരെ അയഞ്ഞ മതനിലപാടുള്ളവരോ ആയ അഭ്യസ്തവിദ്യരാണ്. അവര്‍ക്കിടയില്‍ കര്‍ശനമായ നിയമനിയന്ത്രണങ്ങളോടുകൂടിയ സഹകൃതാത്മഹത്യയ്ക്ക് (well regulated assisted suicide) ശക്തമായ പിന്തുണയുണ്ട്.

അതിനുള്ള നിയമനിര്‍മ്മാണമൊക്കെ ആയി വരുന്നതിനു മുന്‍പേ ചാവണമെന്നുള്ളവര്‍ക്ക് അങ്ങനെ എളുപ്പത്തിലൊന്നും സ്വിറ്റ്സര്‍ലാന്റില്‍ പോയി പരലോകത്തേയ്ക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് എടുക്കാന്‍ പറ്റില്ല. ആകെ ഒരു ആശ്വാസമുള്ളത് സ്വിറ്റ്സര്‍ലാന്റില്‍ പോകാന്‍ ക്യാനഡക്കാര്‍ക്ക് വീസ വേണ്ട എന്നതുമാത്രമാണ് (അല്ലാത്തവര്‍ "എന്തിനാണ് നിങ്ങള്‍ സ്വിറ്റ്സര്‍ലാന്റിലേയ്ക്ക് പോകുന്നത്?" എന്ന കോണ്‍സലിന്റെ ചോദ്യത്തിന് "ഞാന്‍ ചാവാന്‍ പോകുകയാണ്" എന്നു മറുപടി കൊടുത്താല്‍ വീസ അനുവദിച്ചുകിട്ടുമോയെന്ന് എനിക്കറിയില്ല).

'ഡിഗ്നിറ്റാസ്' എന്ന നോണ്‍ പ്രോഫിറ്റ് സംഘടനയായിരുന്നു സൂസന്റെ മരണാഭികര്‍ത്താക്കള്‍. ഏറെ രസകരമായ വിവരങ്ങളാണ് അവരേപ്പറ്റി വിക്കിപ്പീഡിയയില്‍നിന്ന് ലഭിക്കുക. അവരുടെ പ്രഫെഷനലുകളുമായി പല വട്ടം ചര്‍ച്ചചെയ്തതിനു ശേഷം മാത്രമേ മരിക്കാനുള്ള തീയതി കുറിച്ചുകിട്ടൂ. സ്വബോധമില്ലാത്തവരും, മനോരോഗികളും ബുദ്ധിവൈകല്യമുള്ളവരുമൊക്കെ അതുകൊണ്ട് ക്ഷണത്തില്‍ അയോഗ്യരാകും. കുറഞ്ഞ ചിലവ് 5300 ഡോളറും കൂടിയത് 9300 ഡോളറുമാണ്. ഒരു നോണ്‍ പ്രോഫിറ്റ് സം‌ഘടന ഇത്ര ഉയര്‍ന്ന ഫീസ് ഈടാക്കണമെങ്കില്‍ ആ വിഷത്തിന് മുടിഞ്ഞ വിലയായിരിക്കണം! കൈ നിറയേ പണവും ഒന്നിലധികം തവണ സ്വിറ്റ്സര്‍ലന്റില്‍ പോയിവരാനുള്ള സൌകര്യവും ഉത്തമ മാനസികാരോഗ്യവും ഉള്ളവര്‍ക്കേ കര്‍ത്താവിലേയ്ക്കുള്ള കുറുക്കുവഴി കിട്ടൂ, എന്നര്‍ത്ഥം.

ഞാന്‍ "മരിക്കാനുള്ള അവകാശ"ത്തോട് പൂര്‍ണ്ണമായും യോജിപ്പുള്ളയാളാണ്.

അതിനുള്ള ഒന്നാമത്തെ കാരണം ഭൂമിയില്‍ ഇപ്പോഴേ ആര്‍ത്തുല്ലസിച്ചു ജീവിച്ചുമതിയാവാത്ത എഴുന്നൂറ്റിപ്പതിനൊന്നുകോടി ജനങ്ങളുടെ തിക്കിത്തിരക്കാണ്. കുറേപ്പേരെങ്കിലും സ്വമേധയാ ഇവിടന്ന് ഒഴിവായാല്‍ ഈ ഭൂമിക്ക് കുറച്ചുകൂടി ആയുസ്സ് അനുവദിച്ചുകിട്ടിയേക്കും.

രണ്ട് - ജീവത്യാഗത്തിന് വ്യവസ്ഥാപിതമായ ഒരു സംവിധാനം നിലവില്‍ വന്നാല്‍ എടുത്തുചാടിയുള്ള ആത്മഹത്യയ്ക്ക് ഏറെ ശമനമുണ്ടാകും. ഇന്ന് ആത്മഹത്യയ്ക്ക് ഒരുമ്പെടുന്നയാള്‍ക്ക് ഒരു കൌണ്‍സലിങ്ങിനു പോകാന്‍ യാതൊരു കാരണവുമില്ല. പക്ഷേ താന്‍ നിര്‍ബന്ധിച്ചാല്‍ മരണം ലഭിക്കും എന്നുറപ്പുള്ളിടത്തുവരുമ്പോള്‍ അത്തരക്കാര്‍ ഒരു സംഭാഷണത്തിന് എതിരുനില്‍ക്കില്ല. അനാവശ്യമായതും ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നതുമായ ആത്മഹത്യകള്‍ ഒരുപക്ഷേ ഇതിലൂടെ ഒഴിവാക്കാന്‍ പറ്റിയേക്കും.

മൂന്നാമത്തെ കാരണം വൃദ്ധജനങ്ങളും മൃത്യുദരോഗങ്ങള്‍ക്ക് അടിപ്പെട്ടവരും, സമൂഹത്തിനും വ്യക്തികള്‍ക്കും വരുത്തിവയ്ക്കുന്ന ബാധ്യതയാണ്. മനുഷ്യജീവന്റെ വിലയെ പണത്തെ വെച്ച് അളന്നുകൂടാ എന്ന ധാര്‍മ്മിക നിലപാടുകളൊക്കെ ശരി തന്നെ - പക്ഷേ "ദീര്‍ഘകാല പരിചരണം" എന്നത് കുടുംബങ്ങളുടേയും രാജ്യങ്ങളുടെ തന്നേയും നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒരു പ്രശ്നമായി വളരാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ പ്രായോഗികമായ ചെറിയ നടപടികളെങ്കിലും ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നത് അഭികാമ്യമാണെന്നാണ് എന്റെ അഭിപ്രായം. നിയമവിധേയവും മാന്യവുമായ ഒരു രീതി അതിനായി നിലവില്‍ വന്നാല്‍ സ്വമേധയാ വേദനയില്ലാത്ത മരണം വരിക്കാന്‍ തയ്യാറുള്ള "അര്‍ഹരായ" വ്യക്തികള്‍ കൂടുതലായി മുന്നോട്ടുവരുമായിരിക്കും. അക്കൂട്ടത്തിലുള്ളവര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനേക്കുറിച്ച് തീരുമാനിക്കാനുള്ള ഒരവസരമാകുകയും ചെയ്യും

സ്വന്തം ജീവല്‍ഘടികാരം ക്രമീകരിക്കാന്‍ കഴിയുന്ന നിലവാരത്തിലേയ്ക്ക് ജെനെറ്റിക് എഞ്ചിനീയറിങ്ങ് വളര്‍ന്നെത്തുന്ന നാളാണ് എന്റെ സ്വപ്നം. അങ്ങനെയൊന്നുണ്ടായാല്‍ എഴുപത്തിയഞ്ചുവയസ്സും മൂന്നു മാസവും തികയുന്ന തീയതിയ്ക്ക് ഞാന്‍ എന്റെ ക്ലോക്ക് സെറ്റ് ചെയ്യിക്കും. അതിനപ്പുറമുള്ള ആയുസ്സ് ഒന്നിനും കൊള്ളാത്തതാണെന്ന് തൊണ്ണൂറ്റിമൂന്നു വയസ്സുവരെ ജീവിച്ച എന്റെ മുത്തച്ഛന്‍ പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ സര്‍ക്കാരിന്റെ സൂത്രവാക്യമനുസരിച്ച് കുറഞ്ഞ കാലത്തേയ്ക്ക് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ട് (ഇപ്പോള്‍ അതിന് പെന്‍ഷന്‍ അപേക്ഷ വൈകിപ്പിക്കുക എന്നൊരു വഴിയേയുള്ളൂ). രണ്ടും കൂടി ചേര്‍ത്താല്‍ ആരോഗ്യമുള്ള കാലത്ത് ലാവിഷായി ജീവിക്കാനുള്ള ഒരു അറേഞ്ജ്‌മെന്റാകും അത്. അതു നടക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ഒരിക്കലും മരിക്കാതെ ചിരഞ്ജീവിയായിരുന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ പണം ഊറ്റിക്കുടിച്ച് ഞാന്‍ ഇവിടൊക്കെത്തന്നെയുണ്ടാകും.

9 comments:

  1. അപ്പോ നാട്ടിലേക്കൊന്നുമില്ലേ!?
    ഇവിടെ വാ.
    ഇമ്മക്ക് എല്ലാം ശരിയാക്കാന്ന്‌!
    (അതേയ്... പശൂമ്പാലിൽ ഒരു പണീണ്ട്. സങ്ങതി പരമരഹസ്യാ!)

    ReplyDelete
  2. സ്വീറ്റ് സ്വിറ്റ്സര്‍ലാന്റ്

    ReplyDelete
  3. നയനമനോഹരമായ, പ്രശാന്തസുന്ദരമായ, പ്രകൃതിരമണീയമായ സ്വിറ്റ്സർലാന്റിലെത്തിയാൽ മരിച്ചവർ പോലും ജീവിക്കാൻ കൊതിച്ചു പോകും! ജീവിക്കാനും മരിക്കാനുമുള്ള എല്ലാ ഓപ്ഷനുകളും ഈ ലോകത്തുണ്ടെന്ന് പറഞ്ഞു തന്നതിന് നന്ദി.

    ReplyDelete
  4. എനിക്ക് ആകെപ്പാടെ ലേഖനമങ്ങ് ഇഷ്ടപ്പെട്ടു... മരിക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ലല്ലോ....

    ReplyDelete
  5. ക്യാനഡയെപ്പോലെ തന്നെ ബിലാത്തിയിൽ
    നിന്നും ഈ അയൽ‌പ്പക്കരാജ്യത്തേക്ക് പോകുവാൻ വിസയൊന്നും വേണ്ട..!

    “ജീവിച്ചുമതിയായവര്‍ക്ക് വേദനാരഹിതമായ
    മരണം വാഗ്ദാനം ചെയ്യുന്ന മരണവ്യാപാരികളുടെ നാട്...!
    സ്വച്ഛന്ദമൃത്യുവിന്റെ സ്വന്തം നാട് ... ! “

    ഹാ...എത്ര നല്ല അറിവുകൾ...!


    നമ്മളൊക്കെ പണ്ട് കാശിക്ക് നിർവാണം പ്രാബിക്കുവാൻ
    പോകുന്ന പോലെ , ഭാവിയിൽ ആർക്കും കൊള്ളാതാവുമ്പോൾ ,
    ഒപ്പം മരണം മുങ്കൂട്ടി ഒരു വിസ തരുകയാണെങ്കിൽ ഇതുവരെയുള്ള
    പാപങ്ങൾ കഴുകി കളയുവാനും ശരീരത്തെ ഇല്ലാതാക്കുവാനും പറ്റിയ ഉഗ്രൻ സ്ഥലം തന്നെയാണ് ഈ സ്വീറ്റ് ലാന്റ് അല്ലേ ഭായ്.

    ReplyDelete
  6. കൊള്ളാട്ടോ

    ReplyDelete
  7. ഈ പോസ്റ്റ്‌ മറക്കാനാവാത്തൊരു വായന നൽകുന്നു. ഒരു ധന സമ്പാദനയന്ത്രത്തിലപ്പുറം മനുഷ്യൻ ഒന്നുമല്ല എന്ന തരത്തിലുള്ള ചിന്ത കൂടുതൽ പേരെ മൃത്യു-പാതയിലേക്ക് വഴി നടത്തും. നിരാശയും. ജീവിക്കുക എന്നത് ഒരു സ്വപ്നമാണ്. അനിവാര്യമായി കൂട്ടിനെത്തുന്ന മരണം സത്യവും

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ