എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, July 7, 2013

സര്‍ദാര്‍ജിയുടെ കല്യാണം!

"നമസ്കാര്‍ തോമസ് ഭായ്! കൈസേ ഹേ ആപ്?"

ഓ, ഗം‌ഭീരമായി!

രണ്ടു സെര്‍വറുകളുടെ ഡിസ്ക് ക്രാഷ് ആയിക്കിടക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ ബാക്കപ്പും കറപ്റ്റ് ആണെന്നാണ് കേട്ടത്. ക്ലയന്റും മാനേജര്‍മാരും ബ്രസീലിലുള്ള ഐബിഎം കാള്‍ സെന്റര്‍ വാനരന്‍മാരും ഒക്കെക്കൂടി തലയ്ക്കകത്തുകിടന്ന് ചിലമ്പാട്ടം ആടുന്നു. ഈ മുഹൂര്‍ത്തത്തില്‍ത്തന്നെ വേണമല്ലോ സര്‍ദാര്‍ജിയ്ക്കു പ്രത്യക്ഷപ്പെടാന്‍!

തലയിലിരുന്ന ടെലിഫോണ്‍ ഹെഡ്സെറ്റ് ഊരിയെറിഞ്ഞ്, മോണിറ്ററിന് അഭിമുഖമായിരുന്ന കസേര നൂറ്റിയെണ്‍പതുഡിഗ്രി തിരിച്ച്, തല നാല്പത്തിയഞ്ചുഡിഗ്രി ഉയര്‍ത്തി കണ്ണുകള്‍ രണ്ടും സര്‍ദാര്‍ജിയുടെ തിരുവദനത്തില്‍ പ്രതിഷ്ഠിച്ചു. എന്നിട്ട് "ക്യൂം ഭായ്, തേരി ശാദി ഹോ രഹി ഹേ ക്യാ?" എന്നൊരു ചോദ്യമങ്ങ് കാച്ചി.

സര്‍ദാര്‍ ആയതുകൊണ്ടാണോയെന്നറിയില്ല, അതിന്റെ നേരായ അര്‍ത്ഥത്തില്‍ മാത്രമേ അവന്‍ അതെടുത്തുള്ളൂ. "ഹാം ഭായ് വഹി ബോല്‍നേ കേ ലിയേ ആയാ ഥാ" - അവന്‍ പ്രതിവചിച്ചു.

ഉള്ളതുപറയാമല്ലോ, അതുപറഞ്ഞപ്പോളുണ്ടായ അവന്റെ ചിരിയും കണ്ണുകളിലെ തിളക്കവും കണ്ടപ്പോള്‍ തുടക്കത്തിലുണ്ടായ കെറുവ് ആകെ ആവിയായിപ്പോയി.

അല്ലെങ്കിലും എനിക്കീ സര്‍ദാര്‍ജിയെ പണ്ടേ ഇഷ്ടമാണ്. രണ്ടുവര്‍ഷം മുമ്പാണ് അയാള്‍ ഈ കമ്പനിയില്‍ ജോലിയ്ക്കു കയറിയത്. ഡിഗ്രിയെടുത്തതിനുശേഷമുള്ള അയാളുടെ ആദ്യത്തെ ജോലി. അന്നുവെറും ഇരുപത്തിമൂന്നുവയസ്സു പ്രായം!

ക്ലാസ്സില്‍ വളരേ മിടുക്കനായിരുന്നതുകൊണ്ടാണെന്നുതോന്നുന്നു, തുടക്കത്തില്‍ ഭയങ്കര ആത്മവിശ്വാസമായിരുന്നു കക്ഷിയ്ക്ക്. പുള്ളിയുടെ സോഫ്റ്റ്‌വേര്‍ ഒന്നുരണ്ടുതവണ ലൈവ് സെര്‍വറില്‍ ക്രാഷ് ആയപ്പോഴാണ് അതൊക്കെയൊന്നു ശരിയായത്. "ഭായ്, എന്റെ പിസിയില്‍ അത് ഭംഗിയായി ഓടുന്നുണ്ട്, ക്യുഎ സെര്‍വറിലും ഒറ്റ ബഗ് പോലുമില്ല - ലൈവ് സെര്‍വറില്‍ എന്തുപറ്റി?" എന്ന ചോദ്യവും കൊണ്ട് ചമ്മിയ മുഖവുമായി ഒരിക്കല്‍ വന്നതോര്‍ക്കുന്നു. "ഭായ്, അവിടൊക്കെ ഒന്നോ രണ്ടോ പേരല്ലേ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുള്ളൂ. സെര്‍വറില്‍ പതിനായിരക്കണക്കിനാളുകളാണല്ലോ ഒരേസമയം യൂസ് ചെയ്യുക" എന്ന് 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ദാസാ' എന്ന അതേ ദാര്‍ശനികശബ്ദത്തില്‍ ഞാന്‍ മറുപടി കൊടുത്തതും.

പക്ഷേ സര്‍ദാര്‍ മിടുക്കനാണ്. എന്നേക്കാള്‍ ഏറെയേറെ! ഏതാണ്ട് നാലുമാസത്തോളമേ എന്റെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അയാള്‍ക്കു വേണ്ടിവന്നുള്ളൂ. അതിനുശേഷം വല്ലപ്പോഴുമേ സഹായം ചോദിച്ച് എന്റടുത്തുവന്നിട്ടുള്ളൂ. അയാളേപ്പോലെ യൂസര്‍ ഇന്റര്‍ഫേസ് ഡിസൈന്‍ ചെയ്യാന്‍ കഴിവുള്ള ആരും ഈ കമ്പനിയിലില്ലതന്നെ. അതിമനോഹരമായ വെബ് പേജുകളാണ് പുള്ളിയുടെ വര്‍ക്കിന്റെ സവിശേഷത. ആപ്പിള്‍ ഉല്‍പന്നങ്ങളുടെ തികഞ്ഞ ആരാധകനാണ് കക്ഷി. 'നമ്മള്‍ ഒരു അപ്ലിക്കേഷന്‍ ഉണ്ടാക്കിയാല്‍ ആളുകള്‍ക്കത് വീണ്ടും വീണ്ടും വന്ന് ഉപയോഗിക്കാന്‍ തോന്നുമാറ് ലളിതവും സുന്ദരവും ആയിരിക്കണം' എന്ന ഫണ്ട ഇടയ്ക്കൊക്കെ വന്ന് എന്റെ തലയില്‍ കൊട്ടിയിട്ടുപോകാറുണ്ട്.

"ഇന്ന് ഈ കമ്പനിയിലെ എന്റെ അവസാനത്തെ ദിവസമാണ് തോമസ് ഭായ്. എനിക്ക് ബാങ്ക് ഓഫ് അമേരിക്കയില്‍ ഒരു ജോബ് ഓഫറുണ്ട്. നോര്‍ത്ത് കരോലൈനായിലെ ഷാര്‍ലറ്റിലാണ് ഓഫീസ്. ജോയിന്‍ ചെയ്യാന്‍ അവര്‍ രണ്ടര മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് എനിക്ക് ഇന്ത്യയിലേയ്ക്കു പോകാനുള്ള വീസ അനുവദിച്ചുകിട്ടി. രണ്ടുമാസത്തിനുള്ളില്‍ വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ ചെയ്തുതീര്‍ക്കാമെന്നാണ് വിചാരിക്കുന്നത്"

തീര്‍ത്തും സാധാരണമെന്നു തോന്നിക്കുന്ന കാര്യങ്ങള്‍, അല്ലേ? പക്ഷേ ഈ സര്‍ദാര്‍ജിയെ സംബന്ധിച്ചിടത്തോളം പ്രപഞ്ചാത്ഭുതങ്ങളാണവ!

ആറുവര്‍ഷങ്ങള്‍ക്കുമുമ്പ്, 'മക് ഗില്‍' യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് മൂന്നുദിവസത്തിനകം പ്രണയം എന്ന സൌഭാഗ്യലോട്ടറിയടിച്ചു റെക്കോര്‍ഡിട്ടയാളാണീ സര്‍ദാര്‍. പ്രണയഭാജനം ഗോവയില്‍ ജനിച്ചുവളര്‍ന്ന പര്‍മീന്ദര്‍ കൌര്‍ എന്ന 'ജുഹി'. എന്തുകണ്ടിട്ടാണാ സര്‍ദാര്‍ണി ഇയാളെ ഇഷ്ടപ്പെട്ടതാവോ! ആറടി മൂന്നിഞ്ച് പൊക്കമുണ്ടെങ്കിലും ആളു മെലിഞ്ഞാണ്. ദിവസേന എട്ടുകിലോമീറ്റര്‍ ഓടുമെങ്കിലും വളഞ്ഞുകൂനിയാണ് നില്പും നടപ്പും. നിരയൊത്ത പല്ലുകളും വിടര്‍ന്ന കണ്ണുകളും ഉണ്ടെങ്കിലും മുഖം കോമാങ്ങ പോലെ നീണ്ടതാണ്. നല്ല ബുദ്ധിയും പഠിപ്പുമൊക്കെയുണ്ടെങ്കിലും എല്ലാവരോടും വല്ലാത്തൊരു വിനയവും ബഹുമാനവുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാലേ അയാള്‍ പറയുന്നത് കേള്‍ക്കാനാകൂ - അത്രയ്ക്ക് സൌമ്യമായ ശബ്ദത്തിലാണ് സംസാരം. ചുരുക്കത്തില്‍ അത്ര 'എടുപ്പുള്ള ആണൊ'ന്നുമല്ല, പെണ്ണുങ്ങള്‍ക്ക് പെട്ടന്നു പ്രേമം തോന്നാന്‍. ഞാന്‍ അസൂയകൊണ്ടുപറയുന്നതല്ല, കേട്ടോ.

ആ റെക്കോര്‍ഡോടുകൂടി സര്‍ദാര്‍ജിയുടെ കഷ്ടകാലം തുടങ്ങി. ഡിസംബറില്‍ മോണ്ട്രിയാളിലെ മൈനസ് അഞ്ചു ഡിഗ്രി തണുപ്പടിച്ചയുടന്‍ ജുഹി സ്ഥലം വിട്ടു. അവിടത്തെ മദാമ്മമാരൊക്കെ മിനിസ്കര്‍ട്ടും സ്ലീവ്‌ലെസ്സുമൊക്കെയിട്ടുനടക്കുന്ന കാലാവസ്ഥയാണെന്നോര്‍ക്കണം. 'ഇതൊക്കെ സുഖകരമായ കാലാവസ്ഥയല്ലേ, ഫെബ്രുവരിയിലെ മൈനസ് ഇരുപത്തഞ്ചാണ് ശരിക്കുള്ള തണുപ്പ്' എന്നൊക്കെ ആരെങ്കിലും സര്‍ദാര്‍ണിയോടു പറഞ്ഞിട്ടുണ്ടാകും. ഏതായാലും എടുപിടീന്നായിരുന്നു പോക്ക്. സര്‍ദാര്‍ജിയ്ക്ക് ഒരു അഭിപ്രായം പറയാനുള്ള സമയം പോലും കിട്ടിയില്ല.

ഒരുമാതിരി പ്രണയകഥകളെല്ലാം അവിടെ അവസാനിച്ചേനേ. പക്ഷേ സര്‍ദാര്‍ജി സന്‍മനസ്സുള്ളവനാണല്ലോ. പിന്നീടുള്ള കാലം ഇമെയില്‍, ചാറ്റ്, സ്കൈപ്പ്, ഫേസ്‌ബുക്ക് എന്നീ മാധ്യമങ്ങളിലൂടെ ആ പ്രണയം ചൂടാറാതെ അയാള്‍ കാത്തുസൂക്ഷിച്ചു.

ജോലികിട്ടി ആദ്യത്തെ ശംബളംകൊണ്ട് സര്‍ദാര്‍ ആദ്യം ചെയ്തത് ഇന്ത്യന്‍ വീസായ്ക്ക് അപേക്ഷിക്കുക എന്നതായിരുന്നു. പക്ഷേ അവിടേയും വലിയൊരു പ്രതിബന്ധം അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അയാളുടെ അച്ഛന്‍ ജോഗീന്ദര്‍സിംഗ് എണ്‍പതുകളിലെ 'കുഖ്യാത് ആതങ്കവാദി' ആയിരുന്നു!

എട്ടുവര്‍ഷത്തെ സൈനികസേവനത്തിനുശേഷം സ്വന്തം ഗ്രാമത്തില്‍ ഒരു ഗോതമ്പുമില്ലും നടത്തി ഒരു എളിയജീവിതം നയിച്ചിരുന്ന സാധാരണക്കാരനായിരുന്നു ജോഗീന്ദര്‍സിംഗ്. ഖാലിസ്ഥാനുവേണ്ടിയുള്ള പോരാട്ടം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. ഒരിക്കല്‍ പണപ്പിരിവിനുവന്ന അകാലികളെ അയാള്‍ നല്ല മിലിറ്ററി നിലവാരത്തിലുള്ള തെറിപറഞ്ഞ് ഓടിച്ചു. അതിനുശേഷം നാലോ അഞ്ചോ തവണ ഫോണിലൂടെയും തപാലിലൂടെയും ഭീഷണി വന്നു. ഓരോ ഭീഷണിയിലും 'അടയ്ക്കേണ്ട' സംഖ്യയും പെരുകിക്കൊണ്ടിരുന്നു. പക്ഷേ ജോഗീന്ദര്‍സിംഗ് അതിനൊന്നും പുല്ലുവില കൊടുത്തില്ല. ഒരു ദിവസം മില്ലില്‍നിന്നു വന്നപ്പോള്‍ കണ്ടത് അയാളുടെ അമ്മയും ഭാര്യയും രണ്ടു കുട്ടികളും വെടിയേറ്റൂമരിച്ചുകിടക്കുന്നതാണ്.

അയാള്‍ അന്നേ ദിവസം ഗ്രാമത്തില്‍നിന്നുമുങ്ങി. വേറൊരു പേരില്‍ 'ബബ്ബര്‍ ഖല്‍സ'യില്‍ ചേര്‍ന്നു. ഒരു ഫുള്ളി ഓട്ടോമാറ്റിക് റൈഫിള്‍ കൈക്കലാക്കുക എന്ന ലളിതമായ ഉദ്ദേശമേ അതിനുണ്ടായിരുന്നുള്ളൂ. ക്രമേണ, കൊലപാതകികളായ അഞ്ചുപേരേയും അത് ആസൂത്രണം ചെയ്ത രണ്ടു പേരേയും അയാള്‍ തന്ത്രപൂര്‍വ്വം കണ്ടെത്തി.

അവരെയെല്ലാം ഒരുമിച്ച് ഒരിടത്തുകൊണ്ടുവരിക എന്നതായിരുന്നു അടുത്ത പരിപാടി. അവര്‍ക്കെല്ലാം വിശ്വസ്തനായ ഒരാളിനെ ജോഗീന്ദര്‍സിംഗ് പാട്ടിലാക്കി. അയാളേക്കൊണ്ട് 'ചഹല്‍' ഗ്രാമത്തിലെ ഒരു ഢാബയില്‍ അവരെ വിരുന്നിനു വിളിപ്പിച്ചു. പക്ഷേ വിരുന്നിന് മൂന്നു പേരേ വന്നുള്ളൂ. മറ്റുള്ളവര്‍ തൊട്ടടുത്ത ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു.

ഢാബയിലിരുന്ന മൂന്നുപേരെയും വിവാഹത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന, കൊലപാതകികളും അവരുടെ കാവല്‍ക്കാരും അടങ്ങുന്ന, പതിമൂന്നുപേരെയും വകവരുത്താന്‍ ജോഗീന്ദര്‍സിംഗിന് ഒരു എകെ47ഉം നൂറ്റിമുപ്പത്തിരണ്ട് ബുള്ളറ്റുകളും ഒരു 'എന്‍ഫീല്‍ഡ്' ബുള്ളറ്റൂം മുപ്പത്തിയഞ്ചു മിനിറ്റും മാത്രമേ വേണ്ടിവന്നുള്ളൂ, എന്നാണ് ഐതിഹ്യം.

കൃത്യനിര്‍വ്വഹണത്തിനുശേഷം അയാള്‍ പാക്കിസ്ഥാനിലേയ്ക്ക് മുങ്ങി. അവിടെനിന്ന് ദുബായ് വഴി രാഷ്ട്രീയാഭയാര്‍ത്ഥിയായി ക്യാനഡയിലെത്തി. വീണ്ടും വിവാഹിതനായി. ആ ബന്ധത്തില്‍ ജനിച്ചതാണ് കമല്‍ജീത് സിംഗ് എന്ന ഈ സര്‍ദാര്‍.

അഭയാര്‍ത്ഥികളായി ക്യാനഡയിലെത്തിയവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ നല്‍കാറില്ല, പക്ഷേ അവരുടെ ക്യാനഡയില്‍ ജനിച്ച മക്കള്‍ക്ക് പലപ്പോഴും വീസ കൊടുക്കാറുണ്ട്. കമല്‍ജീത്തിന്റെ കാര്യത്തില്‍ എന്തോ കോണ്‍സുലേറ്റിന് വല്ലാത്തൊരു മടിയായിരുന്നു. പതിനേഴുതവണയാണ് അവര്‍ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ വീസ അപേക്ഷ നിരസിച്ചത്.

അപ്പോള്‍ ഇത്തവണ സര്‍ദാര്‍ ഇതെങ്ങനെ ഒപ്പിച്ചു?

"ഭായ്, ഇത്തവണ എഴുപത്തിനാലു പേജുകളുള്ള ഒരു ബൈന്ററാണ് അപേക്ഷയോടൊപ്പം കൊടുത്തത്. എന്റെ ഒന്നാംക്ലാസ്സ് മുതലുള്ള എല്ലാ മാര്‍ക്ക് ഷീറ്റുകളും, മല്‍സരങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും, സന്നദ്ധസേവനം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റുകളും, ആറിടങ്ങളില്‍നിന്നുള്ള പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകളും, എന്റെ 'സ്വഭാവശുദ്ധി'യേപ്പറ്റി അറിയപ്പെടുന്ന അഞ്ചുപേര്‍ എഴുതിയ കത്തുകളും, ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടേയും ആളുകളുടേയും പേരും മേല്‍വിലാസവും - എന്നിങ്ങനെ ഒരുപറ്റം രേഖകള്‍ ബൈന്ററിലുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഇന്റര്‍വ്യൂവിനു ചെല്ലാന്‍ പറഞ്ഞ് അറിയിപ്പു വന്നു. എന്നേക്കൊണ്ട് എന്തെങ്കിലും അബദ്ധം പറയിപ്പിച്ച് അപേക്ഷ നിരസിക്കാനുള്ള പരിപാടിയാണെന്നാണ് കരുതിയത്"

"അവിടെച്ചെന്നപ്പോള്‍ ഒരു സര്‍ദാറായിരുന്നു ഇന്റര്‍വ്യൂവറായി ഇരുന്നിരുന്നത്. ഞാന്‍ അയാളോട് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. ജൂഹിയ്ക്കുവേണ്ടി ഇപ്പോഴുള്ള ജോലി ഉപേക്ഷിച്ച് തണുപ്പില്ലാത്തയിടത്ത് ജോലി തേടിപ്പിടിച്ചതുവരെ. ഞാന്‍ പറഞ്ഞുതീരുന്നതുവരെ അയാള്‍ എന്റെ മുഖത്തുനോക്കിയിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. പിന്നെ പുറത്തുപോയി ഇരിക്കാന്‍ പറഞ്ഞു. അപ്പോഴും അവര്‍ റിജക്റ്റ് ചെയ്യുമെന്നുതന്നെയാണ് കരുതിയത്. പക്ഷേ മൂന്നരയായപ്പോള്‍ വീസയടിച്ച പാസ്പോര്‍ട്ട് കയ്യില്‍ കിട്ടി!"

ആ കടമ്പ അങ്ങനെ കടന്നെങ്കിലും ഇതിലും വലിയ പ്രശ്നങ്ങളാണ് സര്‍ദാര്‍ജിയ്ക്ക് ഇനിയുള്ളത്.

പെണ്ണിന്റെ വീട്ടുകാര്‍ക്ക് ഇവനെ പിടിക്കുമോയെന്ന് യാതൊരു നിശ്ചയവുമില്ല. അഥവാ ഇഷ്ടപ്പെട്ടാല്‍ത്തന്നെ ഇത്തരമൊരു കുടുംബത്തിലേയ്ക്ക് അവളെ കെട്ടിച്ചയയ്ക്കുമോയെന്നും അറിയില്ല. കെട്ടിയാല്‍ത്തന്നെ അവള്‍ ഷാര്‍ലറ്റിലേയ്ക്കു വരുമെന്ന് തീര്‍ച്ചയില്ല. വന്നാല്‍ത്തന്നെ പിന്നേയും തിരിച്ചു പോകില്ലെന്നും ഉറപ്പില്ല. അങ്ങനെ തിരിച്ചുപോയാല്‍ സര്‍ദാര്‍ജിയ്ക്ക് ഇന്ത്യയില്‍ സ്ഥിരതാമസത്തിനായി അപേക്ഷിക്കേണ്ടിവരും. അതു കിട്ടുമെന്ന് പറയാനാവില്ല (പിന്നെ ഇന്ത്യയായതുകൊണ്ട് എല്ലാത്തിനും ഒരു 'ജുഗാഡ്' ഉണ്ടെന്നാശ്വസിക്കാം). ഇതിനിടയ്ക്കെങ്ങാനും ജോഗീന്ദര്‍സിംഗ് ചുട്ടുകൊന്നവരുടെ പിന്‍മുറക്കാരാരെങ്കിലും ഇയാളെ കണ്ടുപിടിച്ചാല്‍ പിന്നെ ജീവിതംതന്നെ കട്ടപ്പുക!

നേരേ ചൊവ്വേ അപ്പച്ചനും അമ്മച്ചിയും ചൂണ്ടിക്കാട്ടിയ നാടന്‍ പെണ്ണിനെ കെട്ടിയ ഈ ഞാന്‍ വരെ ചക്രശ്വാസം വലിക്കുന്നു. ഇയാളെന്തിനാണ് ഈ നരകത്തില്‍ കേറാന്‍ തീക്കുണ്ടത്തിന്റെ നടുക്ക് ഒറ്റക്കാലില്‍ നിന്നു തപസ്സുചെയ്യുന്നത് എന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. ഒടുവിലാന്‍ പറഞ്ഞതുപോലെ 'നല്ല തല്ല് നാട്ടില്‍ത്തന്നെ കിട്ടുമല്ലോ' എന്തിനുവെറുതേ പാടുപെട്ട് കാശുചിലവാക്കി വല്ലനാട്ടിലും പോയി ചോദിച്ചുവാങ്ങുന്നു!

ഏതായാലും ഒരു കൈ കൊടുത്ത് മംഗളാശംസകളും നേര്‍ന്ന് അയാളെ യാത്രയാക്കി. ഒരു നന്ദിയും പുഞ്ചിരിയും പ്രകാശിപ്പിച്ച് അവന്‍ തിരിഞ്ഞുനടന്നു. കസേര തിരിച്ച്, ഹെഡ്സെറ്റ് തിരികെ തലയില്‍ കയറ്റി, മോണിറ്ററിലേയ്ക്കു കണ്ണും നട്ട് ഞാന്‍ എന്റെ പാതാളത്തിലേയ്ക്കിറങ്ങി.

7 comments:

  1. "നല്ല തല്ല് നാട്ടില്‍ത്തന്നെ കിട്ടുമല്ലോ' എന്തിനുവെറുതേ പാടുപെട്ട് കാശുചിലവാക്കി വല്ലനാട്ടിലും പോയി ചോദിച്ചുവാങ്ങുന്നു" വിധി ആര്‍ക്കെങ്കിലും തടുക്കാന്‍ പറ്റുമോ? എന്തായാലും സര്‍ദാര്‍ജിക്ക് ശുഭാശംസകള്‍ നേരാം. എഴുത്ത് നന്നായി.

    ReplyDelete
  2. സർദാറിന്റെ കേട്ട് നടന്നോ ആവോ ????

    ReplyDelete
  3. വായിച്ചിട്ട് സങ്കടമാണ് തോന്നിയത്... മനുഷ്യന്‍റെ നിസ്സഹായത... ജീവിതത്തിലെ അനിശ്ചിതത്വം....

    സര്‍ദാറിനു നല്ലത് വരട്ടെ...

    ReplyDelete
  4. കഥയാണെന്ന് ലേബല്‍ കണ്ടപ്പോഴാണ് ഉറപ്പിച്ചത്
    അതുവരെ അനുഭവമോ കഥയോ എന്ന സംശയത്തിലായിരുന്നു വായന

    തീവ്രവാദികള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് പറഞ്ഞ കാര്യം ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതാണ്.

    ReplyDelete
  5. സുഹൃത്തുക്കളേ ഇതു വെറും നുണക്കഥയാണുകേട്ടോ - എന്റെ വക്രബുദ്ധിയിലുദിച്ച വെറും പുളു! ഇങ്ങനെയൊരു സര്‍ദാറോ സര്‍ദാര്‍ണിയോ ജീവിച്ചിരിപ്പില്ല, ഞാന്‍ 'തോമസു'മല്ല!

    എല്ലാവരുടേയും വായനയ്ക്ക് നന്ദി!

    ReplyDelete
  6. ഇന്ദിരി ഗാന്ധി കൊല്ലപ്പെട്ടശേഷം
    തന്റെ അമ്മ പെങ്ങന്മാരെ പീഡിപ്പിച്ച് കൊന്നവരിൽ
    ചിലരെ വെട്ടിനുറുക്കിയ ശേഷം ,ബിലാത്തിയിൽ വന്ന്
    അഭയം തേടി,ഇന്ന് ലണ്ടനിലെ ഉന്നതനായ ഒരു അയലക്കക്കാരനായ സർദാർജിയുണ്ട് എന്റെ പരിചയക്കാരനായിട്ട് ...ഇപ്പോഴും അയാളുടെ ഭാരതസ്നേഹം കൊണ്ട് മകളെ പെണ്ണ്കെട്ടിച്ചയച്ചത് ഇന്ത്യയിലേക്കാണ്..!

    താങ്കളുടെ ഈ കഥയിലേത് പോലെ എത്രയെത്ര ഒറിജിനൽ സർദാർജിമാരും,ശ്രീലങ്കൻ തമിഴന്മാരുമൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളിലും പഴയ നൊമ്പരങ്ങളുമായി ജീവിച്ചു പോകുന്നു അല്ലേ ..ഭായ്

    ReplyDelete
  7. നല്ല ഒഴുക്കോടെ എഴുതി. കഥയുടെ ഈ ഫീല്‍ഡ് കെ കെ ക്ക് വഴങ്ങും നന്നായി തന്നെ. എഴുത്തിന് കൂടുതല്‍ ആഴം കൈ വരുന്നുണ്ട്. ഇതിന് ശേഷം വന്ന ഡിറ്റ്രോയ്റ്റ് പതനം വായിച്ച ശേഷം ഇത് വായിക്കുമ്പോള്‍ ഞാന്‍ കരുതുന്നത് ഈ വിഷയ വൈവിധ്യം കൊള്ളാമല്ലോ എന്നാണ്. കൂടുതല്‍ എഴുതുക.

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ