എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Thursday, September 19, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (ഒന്ന്)

1. തെരേസ

മുറിതുറന്ന് അകത്തുകയറി നേരെ കിടക്കയില്‍ വന്നു വീഴുകയായിരുന്നു തെരേസ. ദേഹത്തിലെ ഓരോ പേശിയും നോവുന്നുണ്ട്. പോരാത്തതിന് മുടിഞ്ഞ തലവേദനയും. കുറച്ച് അരി വെള്ളത്തിലിട്ടാലേ അര മണിക്കൂര്‍ കഴിഞ്ഞിട്ടെങ്കിലും അല്പം കഞ്ഞിയും അച്ചാറും കഴിക്കാനാവൂ.

വേറൊരു നിവൃത്തിയുണ്ടെങ്കില്‍ ഈ നേഴ്സിന്റെ പണി ചെയ്യില്ല.വിദേശത്തെ ജോലിസാദ്ധ്യതകളേക്കുറിച്ച് ആരൊക്കെയോ പറഞ്ഞു കേട്ട വര്‍ണ്ണശബളമായ കഥകള്‍ കേട്ട് പണം കടമെടുത്താണ് നേഴ്സിങ്ങ് പഠിച്ചത്. തിരിച്ചടയ്ക്കാന്‍ ആവുന്നപോലെ സഹായിക്കാമെന്നൊക്കെ അപ്പച്ചന്‍ അന്നു പറഞ്ഞിരുന്നു. നാലു മാസങ്ങള്‍ക്കു മുമ്പ് ഒരു അപകടത്തില്‍പ്പെട്ടതോടെ അപ്പച്ചന്‍ കൃഷിയൊക്കെ നിറുത്തി. ഇപ്പോള്‍ അച്ചായന്റെ ഭരണമാണ് വീട്ടില്‍. കടം വാങ്ങിയ പണമൊക്കെ സ്വയം വീട്ടേണ്ട നിലയിലായി. ആശുപത്രിയിലെ കാര്യം അതിലും കഷ്ടം. സൂപ്രണ്ട് മഹാ മൂശേട്ടയാണ്.ഏതുനേരത്തും ആരുടെമുന്നില്‍വെച്ചും വൃത്തികെട്ട ഭാഷയില്‍ ശകാരിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്തൊരു രാക്ഷസി.

ആകെയൊരു ആശ്വാസമുള്ളത് ഒരു മാസം മുമ്പു കണ്ടുപിടിച്ച 'മുങ്ങല്‍' വിദ്യയാണ്. ഓആറിലെ ജയചന്ദ്രന്‍ ഡോക്ടര്‍ അപ്പച്ചന്റെ പഴയ സുഹൃത്താണ്. മുങ്ങി നിവരുമ്പോള്‍ സൂപ്രണ്ടിന്റെ കണ്ണില്‍പ്പെട്ടാല്‍ ഓആറിലായിരുന്നു എന്നു കാച്ചിയാല്‍ തടിതപ്പാം. മിക്കവാറും എല്ലാ ദിവസവും കുറഞ്ഞത് രണ്ട് ഓപ്പറേഷനുകളെങ്കിലും ഉണ്ടാകും - അധികവും സീ സെക്ഷന്‍ തന്നെ. അതുകൊണ്ട് പന്ത്രണ്ടുമണിക്കൂറില്‍ നാലോ ആറോ മണിക്കൂര്‍ തടിതപ്പാം. അതൊരു വലിയ ആശ്വാസം തന്നെയാണ് - ആരെങ്കിലും ഈ ഒത്തുകളി കണ്ടുപിടിക്കുന്നതുവരെ.

പെട്ടന്നാണ് അമിട്ടുപൊട്ടുന്നതുപോലൊരു ശബ്ദം വാതിലില്‍നിന്നു വന്നത്. കറുത്തുമെലിഞ്ഞ ഒരാള്‍ മുറിക്കകത്തേയ്ക്ക് ഇടിച്ചുകയറി വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടു. ഞെട്ടിവിറച്ചുപോയി! വായില്‍നിന്ന് ശബ്ദമൊന്നും പുറത്തുവരുന്നില്ല!

"ഒച്ചവെയ്ക്കരുത്. മിണ്ടിയാല്‍ കുത്തി കുടലെടുക്കും ഞാന്‍" നാലുപാടും നോക്കിക്കൊണ്ട് അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ മുരണ്ടു. "കയ്യിലുള്ള പണവും പണ്ടവുമൊക്കെ പെട്ടന്ന് ഈ തോര്‍ത്തിനകത്തേയ്ക്കിട്. വേഗം!!"

അതുകേട്ടപ്പോള്‍ മനസ്സില്‍ ഒരു ചിരി പൊട്ടിയെങ്കിലും പുറത്തുകാണിച്ചില്ല. അനങ്ങാതെ ഒരേ ഇരിപ്പില്‍ത്തന്നെ ഇരുന്ന് അയാളെ കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു.

ലുങ്കിയും പഴകിയ ഒരു ഷര്‍ട്ടുമാണ് വേഷം. മുഖത്ത് കുറ്റിത്താടി. കണ്ണുകളില്‍ ക്രൂരതയേക്കാളേറെ ദൈന്യവും ഭയവുമാണ് ഉള്ളതെന്നു തോന്നി. ഏതാണ്ട് പത്തിഞ്ച് നീളമുള്ള കഠാരി അയാളുടെ ഇറുക്കിപ്പിടിച്ച മുഷ്ടിയിലിരുന്നു വിറയ്ക്കുന്നു.

"പറഞ്ഞതുകേട്ടില്ലേ?" പല്ലിറുമ്മിക്കൊണ്ട് അയാള്‍ പിന്നേയും മുറുമുറുത്തു.

"ഇവിടെ നിറയേ പണ്ടവും പണവുമുണ്ടെന്ന് തന്നോടാരാണ് പറഞ്ഞത്? ദാ അപ്പുറത്തും ഇപ്പുറത്തുമുള്ള വലിയ വീടുകള്‍ കണ്ടില്ലേ? നേരേ എതിര്‍വശത്ത് നല്ല കച്ചോടമുള്ള കടകളുമുണ്ട്. ഇതൊക്കെ വിട്ട് ഈ ചെറ്റക്കുടിയിലാണോ താന്‍ കക്കാന്‍ കേറിയിരിക്കുന്നത്?" അതുചോദിക്കുമ്പോള്‍ അവളുടെ മനസ്സില്‍ ഭയം ഒട്ടുമില്ലായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവള്‍ക്ക് എന്തു ഭയം !

"ദേ, മറ്റേവര്‍ത്താനം പറയാതെ കയ്യിലുള്ളത് വേഗം ഇങ്ങോട്ടെടുത്തോ, ട്ടോ. എന്റെ ക്ഷമ പരീക്ഷിക്കരുത്" മുഖത്ത് അല്പം രൌദ്രഭാവമൊക്കെ വരുത്തി അയാള്‍ മുരണ്ടു.

"എടോ ഞാന്‍ ഇവിടത്തെ റോസ് ഹോസ്പിറ്റലിലെ ട്രെയിനി നേഴ്സ് ആണ്. മാസം മൂവായിരത്തി അറുന്നൂറു രൂപയാണ് ശമ്പളം. ഓവര്‍ടൈമോ കിമ്പളമോ ഒന്നുമില്ല. ഒണ്ടായിരുന്ന പൊന്നൊക്കെ പണയം വെച്ചിട്ടാണ് പണം കടം വാങ്ങി പഠിച്ചത്. എണ്ണൂറു രൂപയാണ് ഈ കുടുസ്സുമുറിയ്ക്ക് വാടക. ആയിരം രൂപ എല്ലാ മാസവും ബാങ്കിലടയ്ക്കണം. ബാക്കിയുള്ള കാശുകൊണ്ടാണ് അരി വാങ്ങുന്നത്. തനിക്ക് അരി മതിയെങ്കില്‍ ദാ ആ മൂലയില്‍ ഇരിപ്പുണ്ട്. തൊട്ടടുത്ത കുപ്പിയില്‍ കുറച്ചും മണ്ണെണ്ണയും" തെരേസ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

അയാളുടെ മുഖത്ത് നിരാശ പടരുന്നതും കത്തിയുടെ മേലുള്ള പിടി അഴയുന്നതും അവള്‍ കണ്ടു.

"നല്ല ആരോഗ്യവും തന്റേടവുമൊക്കെയുണ്ടല്ലോ. തനിക്ക് പണിയെടുത്തു ജീവിച്ചൂടെ? ദാരിദ്ര്യമാണെങ്കിലും കളവും പിടിച്ചുപറിയുമൊന്നുമില്ലാതെ പെണ്ണൊരുത്തി ഇവിടെ ജീവിക്കുന്നുണ്ടല്ലോ, കണ്ടില്ലേ?" അവള്‍ ചോദിച്ചു.

ആ ചോദ്യം കേട്ട് അയാള്‍ അല്പം പരിഭ്രാന്തനായതുപോലെ തോന്നി.

"നിവൃത്തിയില്ലാത്തോണ്ടാ, കൊച്ചേ. പെങ്ങളുടെ മോന് സുഖമില്ല. ചികില്‍സയ്ക്ക് പന്തീരായിരം രൂപ വേണം. പെങ്ങള് വിധവയാണേയ്.."

അയാള്‍ക്ക് ഇനിയുമെന്തോ പറയാനുണ്ടെന്ന് അവള്‍ക്കു തോന്നി. അടുത്ത വാചകത്തിനായി അവള്‍ കാത്തിരുന്നു. നിമിഷങ്ങള്‍ കടന്നുപോയി.

"ഞാന്‍ ഇതിനുമുമ്പ് കട്ടട്ടൊന്നുമില്ല. ആദ്യായിട്ടാ. വലിയവീടുകളിലൊക്കെ വേലക്കാരും പട്ടികളുമൊക്കെയുണ്ടാകും. കടകളിലാണെങ്കില്‍ ഇടപാടുകാരുണ്ടാകും. അല്ല ഇനി കക്കാന്‍ പറ്റിയാല്‍ത്തന്നെ അവരുടെ ഗുണ്ടകള്‍ നമ്മളെ മണത്തറിഞ്ഞു പിടിക്കും. അതാ ഇതിന്റകത്ത് കേറീത്. ഒരു നാനൂറു രൂപകിട്ടിയാല്‍ തല്ക്കാലത്തെ ആവശ്യം നടക്കൂല്ലോന്നു വിചാരിച്ചു."

അയാള്‍ വീണ്ടും നിശബ്ദനായി തറയിലേയ്ക്ക് കണ്ണു തറപ്പിച്ചുകൊണ്ടുനിന്നു.

"പണം തരാന്‍ പറ്റില്ലെങ്കിലും സൂക്കേടിന്റെ കാര്യത്തില്‍ എനിക്കു കുറച്ചു സഹായിക്കാന്‍ പറ്റും" അവള്‍ മെല്ലെ പറഞ്ഞു. പ്രതീക്ഷയുടെ ഒരു കിരണം അയാളുടെ മുഖത്തു തെളിയുന്നത് അവള്‍ കണ്ടു

"ഞങ്ങളുടെ ആശുപത്രിയില്‍ ശംബളം കുറവാണെങ്കിലും ഒരു ചെറിയ ആനുകൂല്യമുണ്ട്. ജീവനക്കാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും അവിടെ സൌജന്യചികിത്സ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമാണെങ്കില്‍ മാത്രമേ കിടത്തി ചികില്‍സിക്കൂ. ചില മരുന്നുകളൊക്കെ ആശുപത്രിയില്‍ ഫ്രീയായി കിട്ടുമെങ്കിലും ചിലതൊക്കെ പുറത്തുനിന്നു വാങ്ങേണ്ടി വരും. എന്നാലും അത് വലിയൊരു ആശ്വാസമാണല്ലോ."

അയാളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിയുന്നത് അവള്‍ കൌതുകത്തോടെ കണ്ടു.

"എന്താ ഇയാള്‍ടെ പേര്? ജോലി വല്ലതും ഉണ്ടോ അതോ..." എഴുന്നേറ്റ് കൈ കെട്ടി നിന്നുകൊണ്ട് അവള്‍ ചോദിച്ചു.

"ബിജൂന്നാ പേര്. ഇലക്ട്രീഷ്യനാ. ഈ കെട്ടിടം പണിയണോടത്തൊക്കെ പോയി ഇലക്ട്രിക്കു പണി കരാറെടുത്ത് ചെയ്യണ ആളാ. ജോലി ചെയ്യണേക്കാളും ബുദ്ധിമുട്ട് പണിപിടിക്കാനാ. ചെലപ്പൊ ദിവസങ്ങളോളം പണിയൊന്നും ഉണ്ടാവില്ല. ഇപ്പൊ കുറച്ചുകാലായിട്ട് വല്ല്യ കൊഴപ്പല്ല്യ"

അവര്‍ക്കിടയില്‍ വീണ്ടും നിശബ്ദത തളം കെട്ടി. അല്പനേരത്തിനുശേഷം അയാള്‍ മെല്ലെ കതകുതുറന്ന് പുറത്തേയ്ക്കു കടന്നു.

പെട്ടന്ന് എന്തോ ഓര്‍ത്തപോലെ അയാള്‍ തിരിഞ്ഞുനിന്നു. "അല്ല, അടുത്ത ബന്ധുക്കള്‍ക്ക് ചികില്‍സ കിട്ടുമെന്നല്ലേ നിങ്ങളു പറഞ്ഞത്? ഞാന്‍ ബന്ധുവൊന്നുമല്ലല്ലോ?" അയാളുടെ കണ്ണുകളില്‍ വീണ്ടും വിഷാദം പടര്‍ന്നിരിക്കുന്നു.

"ബന്ധങ്ങളൊക്കെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതല്ലേയുള്ളൂ. ബിജു വിഷമിക്കണ്ടാ. നാളെ രാവിലെ ഹോസ്പിറ്റലില്‍ വരൂ. അവിടെ തേരേസാ സിസ്റ്ററിനെ കാണണമെന്നു പറഞ്ഞാല്‍ മതി." അവള്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

നില്ക്കക്കളിയില്ലാത്ത ജീവിതപ്പാച്ചിലില്‍ ഒന്നു പിടിച്ചുനില്‍ക്കാന്‍ വേണ്ടി, അല്പം ശ്വസിക്കാന്‍ വേണ്ടി, കൊച്ചുകൊച്ചു കുറുമ്പുകള്‍ കാട്ടുന്ന ഒരു കൊച്ചുകള്ളനും കൊച്ചുകള്ളിയും. ആശ്രയമില്ലാത്ത പെങ്ങളെ സഹായിക്കാന്‍ കൈ വിട്ട സാഹസത്തിനു മുതിരാന്‍ മാത്രം മനസ്സുനിറയേ സ്നേഹമുള്ളവന്‍. എന്റെ ജീവിതത്തിനു കൂട്ട് അവന്‍ മതി - അവള്‍ മനസ്സിലുറപ്പിച്ചു.

20 comments:

  1. അങ്ങിനെയങ്ങിനെ തെരേസ,
    ബിജുവുമായി പ്രണയത്തിലായി.
    ബിജു അവന്റെ എല്ലാമായ കൊച്ചു
    കിടപ്പാടം വിറ്റ് , തെരേസയെകൊണ്ട്
    ഐ.എൽ.ടി,എസ് എടുപ്പിച്ച് ഇംഗ്ലണ്ടിലേക്ക്
    വിട്ടു.ബിലാത്തിയിലെ നേഴ്സിങ്ങ് ഹോമുകളിലെ
    കുറെ ആട്ടും തുപ്പും കൊണ്ട് , പിന്നീടൊരിക്കൽ തേരേസക്കക്ക്
    നല്ല ജോലികിട്ടിയപ്പോൾ ,നാട്ടിൽ വന്ന് ബിജുവിനെ കല്ല്യാണം കഴിച്ച് യു,കെയിലേക്ക് കുടിയേറി.
    ഇന്നവർ യു.കെ സിറ്റിസൺസാണ് ...
    ബിജുവിന് ഒരു ബ്രെഡ് കമ്പനിയിൽ സ്ഥിരം ഷിഫ്റ്റ് വർക്ക്...
    തെരേസ ഒരു ഓർത്തോപഡിക്കൽ തീയറ്റർ നേഴ്സ് ...
    ചുണകുട്ടികളായ മകൾ 12 ലും ,മകൻ 8 ലും ...
    ഫോർഡ് കാർ,3 ബെഡ് റൂം ഫ്ലാറ്റ്...
    നാട്ടിൽ ചെല്ലുമ്പോൾ ഇപ്പോളിവരെ എല്ലാവരും ബഹുമാനിക്കുന്നു...
    കഥ ഇതൊക്കെയാണേങ്കിലും ഈ ഓറിജിനാലിറ്റി കഥയിലെ കഥാപാത്രങ്ങളുടെ പേരുകൾ റോസമ്മയെന്നും ,മുരുകേഷ് എന്നും കൂട്ടി വായിക്കണം കേട്ടൊ

    ReplyDelete
  2. ആദ്യത്തെ കമെന്റിന് നന്ദിയുണ്ട്,ട്ടോ മുരളി ഭായ്. വളരേ ഇഷ്ടെപ്പെട്ടു എന്നു പ്രത്യേകം പറയണ്ടല്ലോ ;)

    അഞ്ചു പൈങ്കിളിക്കഥകളുള്ള സീരിയലിലെ ആദ്യത്തെ കഥയാണ് ഇത്. സത്യത്തില്‍ ഇത് അറിയാതെ പബ്ലിഷ് ആയിപ്പോയതാണ്. ഈ ഗൂഗിളമ്മച്ചി സേവ് ബട്ടന്റെ തൊട്ടടുത്താണ് പബ്ലിഷ് ബട്ടന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒന്നു കൈ തെറ്റിപ്പോയി. പതിവുപോലെ ഒന്നു മിനുക്കിയെടുക്കാന്‍ പറ്റിയില്ല. എങ്കില്‍ അങ്ങനെ കിടക്കട്ടേയെന്നു കരുതി. ഇനി മുതല്‍ ജിമെയിലില്‍ ഡ്രാഫ്റ്റ് ചെയ്ത് ബ്ലോഗറിലേയ്ക്ക് പകര്‍ത്തുകയേയുള്ളൂവെന്നു തീരുമാനിച്ചിട്ടുണ്ട്.

    പൈങ്കിളി കഫേയിലെ അടുത്ത കഥ(കള്‍) തുടരെത്തുടരെ വരുന്നതാണ്. ജാഗ്രതൈ!

    ReplyDelete
  3. തന്നെ..? എന്നാ ജാഗ്രതയോടെ വായിക്കാം..
    മുരളീ ഭായുടെ കമന്‍റ് പെരുത്തിഷ്ടമായി..


    അടുത്ത കഥ വരട്ടെ.. ഉടന്‍ വരട്ടെ.

    ReplyDelete
  4. ഈ ഗൂഗിളമ്മച്ചി എന്നു ശൊല്ലാതെ.. ഗൂഗിളിനു പത്തു പതിനാറു വയസ്സേ ആയൊള്ളൂ. അതാ ഇതുമാതിരി കൈതെറ്റി അബദ്ധമാവുന്ന മട്ടിലൊക്കെ ആയിരിക്കുന്നത്... അമ്മച്ചിയാരുന്നേല്‍ ഇങ്ങനൊന്നും അബദ്ധം പറ്റില്ല...

    ReplyDelete
  5. കഥയും ബിലാത്തി പട്ടണക്കാരന്‍റെ കമന്‍റും ഇഷ്ടപ്പെട്ടു.ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ ആരെ പേടിക്കണം?

    ReplyDelete
  6. ‘മദര്‍‘ തെരേസ

    ബാക്കി നാലുപേര്‍ കൂടി വരട്ടെ.
    ഭാവനാസൃഷ്ടി നന്നായിട്ടുണ്ട്

    ReplyDelete
  7. ബിലാത്തിച്ചേട്ടാ കഥ ആദ്യം പറഞ്ഞ് ഞങ്ങളെ നിരാശപ്പെടുത്തല്ലേട്ടോ..!
    കഥ മുന്നേറട്ടെ...
    ആശംസകൾ...

    {അരി വെള്ളത്തിലിട്ടാൽ വേവില്ലാട്ടൊ, കുതിരുകയേ ഉള്ളു.. അരി അടുപ്പത്തിട്ടാലെ വേവൂ..}

    ReplyDelete
  8. @വീകെ അത് നൂറുശതമാനം ശരി! എനിക്കു തെറ്റിയതാണ്!!

    അടുത്തതവണ വെള്ളത്തിലിട്ട് അടുപ്പത്തു വെയ്ക്കാം :)

    ReplyDelete
  9. ഓരോ ജീവിതങ്ങള്‍ വരുന്ന വഴിയേ.... കക്കാന്‍ വന്ന ബിജു അങ്ങനെ കാവല്‍ക്കാരനായി അല്ലെ. മുരളി മാഷിന്‍റെ കമെന്റ് കൂടി ആയപ്പോള്‍ കഥ പൂര്‍ണ്ണമായി.
    ഭാവന ഇഷ്ടപ്പെട്ടു.

    ReplyDelete
  10. പറയുന്ന പോലെ പൈങ്കിളിയായി എനിക്ക് തോന്നിയില്ല കേട്ടോ. വായിക്കാനും കമന്റാനും വൈകി എന്ന ദുഃഖമെയുള്ളൂ. വല്ലാതെ ചുരുക്കി എഴുതിയോ എന്ന് തോന്നി. കള്ളനും പോലീസിനും എല്ലാം ഉള്ളില്‍ ഒരു മനുഷ്യന്‍ ഉണ്ട്. ആ മനുഷ്യന്‍റെ ഉള്ളിലേക്ക് എത്തി നോക്കാന്‍ ഉള്ള ഈ ശ്രമം എനിക്ക് ഇഷ്ടമായി. ബഷീറിന്റെ ഒരു കഥയില്‍ പോക്കറ്റടിക്കാരന്‍ താന്‍ അടിച്ച പേര്‍സ് ഉടമയോട് സിംപതി തോന്നി തിരിച്ചു നല്‍കി മനുഷ്യന്‍ ആവുന്നുണ്ട്‌. വെളിച്ചവും ഇരുട്ടും പോലെ നന്മയും തിന്മയും ഭ്രമണം ചെയ്യുന്ന മനസ്സുള്ളവരാണ് മനുഷ്യര്‍. കഥ തുടരുക.

    ReplyDelete
  11. ആദ്യഭാഗം ഇഷ്ടപ്പെട്ടു. ഇനി അടുത്തത് നോക്കട്ടെ.

    ReplyDelete
  12. ഒന്നാം ഭാഗം കൊള്ളാട്ടോ ,,

    ReplyDelete
  13. വളരെ നന്നായിരിക്കുന്നു ...
    അഭിനന്ദനങ്ങൾ...

    ReplyDelete
  14. ലളിതമായി പറഞ്ഞ നല്ല കഥ....

    ReplyDelete
  15. മനസ്സാക്ഷി പണയം വൈക്ക്യാത്തവര്‍...rr

    ReplyDelete
  16. ഒഴുക്കോടെ , ഭംഗിയായി അവതരിപ്പിച്ചു,

    ReplyDelete
  17. നന്നായിട്ടുണ്ട് ! ആശംസകള്‍ !

    ReplyDelete
  18. @@
    കൊച്ചുണ്ടാപ്പീ, എവിടെയാര്‍ന്നു ഇത്രേം കാലം!
    (ചോദിച്ചുപോവാന്‍ ആഗ്രഹിച്ചു പോവാ)

    നന്നായിരിക്കുന്നു മകാ. ഇനിയും പോരട്ടെ.

    **

    ReplyDelete
  19. സലാംജിയുടെ കൂട്ടുകാര്‍ക്കെല്ലാം സ്വാഗതം.

    ഈ സീരീസില്‍ നാലു കഥകള്‍കൂടിയുണ്ട്. ലിങ്കുകള്‍ മുകളില്‍ വലതുവശത്തായി കാണാം. വായിക്കുമല്ലോ.

    ReplyDelete
  20. ഇത് കൊള്ളാട്ടാ

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ