എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Monday, November 2, 2015

ജീവിതം പഠിപ്പിച്ചത്

ചെറുതായിരിക്കുമ്പോള്‍ നിങ്ങളുടെ അച്ഛനമ്മമാര്‍ നിങ്ങളെ എന്തൊക്കെയാണ് പഠിപ്പിച്ചത്? അവയേപ്പറ്റി നിങ്ങളുടെ അനുഭവങ്ങള്‍ എന്താണ്? നിങ്ങള്‍ നിങ്ങളുടെ മക്കളെ എന്താണ് പഠിപ്പിക്കുക?

റേഡിയോയില്‍ കേട്ട ഒരു ചോദ്യമാണ്. രാവിലെ ജോലിക്കുപോകുമ്പോള്‍ ഇവിടുത്തെ തമിഴ് റേഡിയോ കേള്‍ക്കുന്ന പതിവുണ്ട്. അധികവും ശ്രീലങ്കന്‍ തമിഴരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പരിപാടിയാണെങ്കിലും വളരേ ഭംഗിയായ അവതരണവും പക്വമായ പ്രേക്ഷകപങ്കാളിത്തവും ഉള്ളതുകൊണ്ട് ഞാന്‍ പതിവായി അതിനെ യാത്രയില്‍ കൂടെക്കൂട്ടാറുണ്ട്.

ഈയൊരു ചോദ്യം എന്തുകൊണ്ടോ മനസ്സില്‍ തറച്ചു. ചില കണക്കെടുപ്പുകളൊക്കെ നടക്കുന്ന പ്രായത്തിലെത്തിയതുകൊണ്ടാകണം.

ഓര്‍മ്മകള്‍ കുറേ ചികഞ്ഞുനോക്കി. അച്ഛനമ്മമാര്‍ പറയുന്നതുകേ‌ള്‍ക്കുന്ന ശീലം ഇല്ലാതിരുന്നതുകൊണ്ട് അധികമൊന്നും ഓര്‍മ്മയില്ല. അച്ഛന്‍ അങ്ങനെ അധികം ഉപദേശിക്കാറില്ല. അമ്മയ്ക്കാണെങ്കില്‍ ഉപദേശം ഒഴിഞ്ഞുള്ള നേരവുമില്ല.

'ഏതെങ്കിലുമൊരു പെണ്ണ് പരാതിയും പറഞ്ഞോണ്ട് വീട്ടില്‍ വന്നാല്‍ നല്ല അസ്സല് പെട എന്റെ കയ്യീന്ന് കിട്ടും' എന്ന് അച്ഛന്‍ പറഞ്ഞത് ഏറെക്കാലം മനസ്സിലുണ്ടായിരുന്നതുകൊണ്ട് സ്ത്രീവിഷയത്തില്‍ ഞാന്‍ എന്നും വളരേ മുന്‍കരുതലുള്ള ആളായിരുന്നു. അത് തീര്‍ച്ചയായും അനാവശ്യമായ കുഴപ്പങ്ങളില്‍നിന്ന് എന്നെ രക്ഷിച്ചിരിക്കണം. 'തന്തേം തള്ളേം കൊറേ സമ്പാദിച്ചുവെച്ചിട്ടുണ്ട് എന്നുവെച്ച് തോന്ന്യോണം നടക്കാനാണെങ്കി തന്നത്താന്‍ അനുഭവിക്ക്യേള്ളൂ. നിങ്ങക്കാര്‍ക്കും വേണ്ടി ഞങ്ങളൊന്നും ഇണ്ടാക്കി വെച്ചട്ടില്ല്യ. നിങ്ങടേന്ന് ഞങ്ങക്കൊന്നും ഒട്ടു വേണ്ടേനും. ഞങ്ങക്കുവേണ്ട പെന്‍ഷന്‍ സര്‍ക്കാര് തന്നോളും. അവനോന്റെ കാര്യം നോക്ക്യാ അവനോന് കൊള്ളാം' എന്ന ഉപദേശമാണ് അമ്മ പറഞ്ഞതില്‍ എനിക്ക് ഓര്‍മ്മയുള്ളത്.

അതൊഴികെ അവരെന്തെങ്കിലും പറഞ്ഞുതന്നിട്ടുണ്ടെങ്കില്‍ അവരോടു സഹതാപമുണ്ട്. കാരണം അതൊക്കെ ഒരു ചെവിയില്‍ കയറി അതേ ചെവിയിലൂടെ പുറത്തേയ്ക്ക് തെറിച്ചുപോയിട്ടേയുള്ളൂ.

പക്ഷേ എന്റെ മകനെ ചില കാര്യങ്ങള്‍ പഠിപ്പിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം ഈ പാഠങ്ങള്‍ ജീവിതം എന്നെ പഠിപ്പിച്ചതാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയും വേണ്ടരീതിയില്‍ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്. ഇതു ഞാന്‍ പറയാന്‍ കാരണം, ബന്ധങ്ങളില്‍നിന്ന് വളരേയധികം നേട്ടങ്ങള്‍ മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ എന്നതുകൊണ്ടാണ്.

എല്ലാം തികഞ്ഞ സുഹൃത്തുക്കളെ കണ്ടെത്തണമെന്നല്ല അതിനര്‍ത്ഥം. ഒരു സംശയം വന്നാല്‍ പറഞ്ഞുതരാന്‍ കഴിയുന്നവനായിരിക്കില്ല, അസുഖം വരുമ്പോള്‍ ആശുപത്രിയിലേയ്ക്ക് ഓടിയെത്തുക. ഈ രണ്ടുപേരുമായിരിക്കില്ല, പണത്തിന് ഞെരുക്കം വരുമ്പോള്‍ സഹായിക്കാന്‍ മുന്നോട്ടുവരിക. ഇക്കൂട്ടരില്‍ ആരുമായിരിക്കില്ല ഭംഗിയായി പ്ലാന്‍ ചെയ്ത് ഒരു പാര്‍ട്ടി നടത്തിത്തരാന്‍ സഹായിക്കുക. കൂട്ടത്തില്‍ കൊള്ളരുതാത്തവന്‍ എന്നു കരുതപ്പെടുന്നവനാവും ഒരത്യാവശ്യം വരുമ്പോള്‍ ജാമ്യം നില്‍ക്കാന്‍ വരിക. ഇവര്‍ക്കെല്ലാം അവരവരുടേതായ സ്ഥാനവും അവരര്‍ഹിക്കുന്നത്രയും അടുപ്പവും ഉണ്ടാകണം. സുഹൃത്തുക്കളെല്ലാം അവരുടേതായ രീതിയില്‍ പ്രധാനപ്പെട്ടവരാണെന്ന് തോന്നിപ്പിക്കുകയും അതേസമയം അവരുമായുള്ള 'ശരിദൂരം' (അഥവാ ശരിസാമീപ്യം) സൂക്ഷിക്കുകയും ചെയ്യുക എന്നത് അവശ്യം വേണ്ടുന്ന ഒരു സാമര്‍ത്ഥ്യമാണ്. അത് എന്റെ മകന് പകര്‍ന്നുകൊടുക്കണം എന്നാണ് എന്റെ ആഗ്രഹം.

രണ്ടാമതായി പഠിപ്പിക്കാനുള്ളത് തീരുമാനങ്ങളേക്കുറിച്ചാണ്. എന്റെ ജീവിതത്തില്‍ ഞൊടിയിടയില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുള്ള സാഹചര്യങ്ങള്‍ തീരെ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. അതുകൊണ്ട്, എടുത്തുചാടി ഒന്നും ചെയ്യുകയോ പറയുകയോ അരുത് - വിശേഷിച്ച് അത്തരം കാര്യങ്ങള്‍ എന്നെന്നേയ്ക്കുമായി ലോകമാസകലം കാണുമാറ് രേഖപ്പെടുത്തിവെയ്ക്കുന്ന ഈ ഇന്റര്‍നെറ്റ് ആസുരകാലത്ത്. പെട്ടന്ന് തീരുമാനിക്കാന്‍ നിര്‍ബന്ധിക്കുന്ന ആള്‍ക്കാരില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും നിര്‍ദ്ദാക്ഷിണ്യം ഒഴിഞ്ഞുമാറുക. ആലോചിച്ചെടുത്ത തീരുമാനങ്ങള്‍ ചിലപ്പോള്‍ പിഴച്ചുപോയെന്നു വരാം. പക്ഷേ അതില്‍ ഒരിക്കലും പശ്ചാത്തപിക്കാതിരിക്കുക. തീരുമാനങ്ങള്‍ സ്വന്തമാണെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ എന്തുതന്നെയായാലും അതില്‍ അമിതാഹ്ലാദമോ ദുഃഖമോ ഉണ്ടാകില്ലെന്നാണ് എന്റെ അനുഭവം.

പണം, അധികാരം എന്നിവയ്ക്ക് അര്‍ഹമായ മാന്യത നല്‍കുക എന്നതാണ് മൂന്നാമതായി നല്‍കാനുള്ള പാഠം. 'അര്‍ഹമായ' എന്നു പറയുമ്പോള്‍, ഏതാണ്ട് 'കൃത്യമായ' എന്ന അര്‍ത്ഥത്തില്‍ത്തന്നെയാണ് പറയുന്നത്. പണം പ്രധാനപ്പെട്ടതാണ്. സമ്പന്നനാവാന്‍ ശ്രമിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണ് അവനവന്റെ 'പേഴ്സനല്‍ സ്പേസും' 'കംഫര്‍ട്ട് സോണും'. അധികാരത്തിന്റെ കാര്യത്തിലാണെങ്കില്‍, ലോകത്തില്‍ ഏതാണ്ട് എല്ലാവരും തന്നെ ഒരു അധികാരശൃംഖലയുടെ ഭാഗമാണ്. നമ്മോടുള്ള ബഹുമാനം നിലനില്‍ക്കുന്ന രീതിയിലേ നമ്മുടെ അധികാരം ഉപയോഗിക്കാവൂ. നമ്മുടെ ബഹുമാനം നിലനില്‍ക്കുംവണ്ണമേ നമ്മുടെ അധികാരികളെ നമ്മോട് ഇടപെടാന്‍ അനുവദിക്കാവൂ. അപ്പോഴും ഈ അധികാരശൃംഖല നിലനില്‍ക്കേണ്ടത് വ്യവസ്ഥിതിയുടെ നിലനില്‍പിന് ആവശ്യമാണെന്നു മനസ്സിലാക്കി അതിനു കോട്ടം തട്ടാതിരിക്കുംവിധമുള്ള വിട്ടുവീഴ്ചകള്‍ ചെയ്യുകയും വേണം.

ഇനി പറയാനുള്ളത് സ്വഭാവത്തേക്കുറിച്ചാണ്. 'സ്വഭാവഗുണ'ത്തേക്കാള്‍ എനിക്കിഷ്ടം 'സ്വഭാവദാര്‍ഢ്യ'മാണ്. ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുക. ഇന്നു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ നാളെ തെറ്റാണെന്ന് മനസ്സിലായാല്‍ ഉടന്‍ തിരുത്തുക (അങ്ങനെ ചെയ്യാന്‍ ഒരാള്‍ക്കും അധികം വിശദീകരണം കൊടുക്കേണ്ട കാര്യമില്ല). ശരിയെന്നു തോന്നുന്നെങ്കിലും ചെയ്യാന്‍ കെല്‍പ്പില്ലാത്ത കാര്യമാണെങ്കില്‍ നല്ല ഉറപ്പോടെതന്നെ അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. സ്വഭാവദാര്‍ഢ്യമുള്ളവന്റെ മറ്റൊരു ഗുണമാണ് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുക എന്നത്. നിന്റെ എല്ലാ രഹസ്യങ്ങളും അറിയാന്‍ അധികാരമുള്ള ഒരാളും ഈ ഭൂമിയിലില്ല, എന്ന് ഉറപ്പിച്ചേക്കുക. പിന്നെ, കഴിയുന്നതും നുണ പറയാതിരിക്കുക - കാരണം, പറഞ്ഞ എല്ലാ നുണകളും എല്ലാകാലത്തും ഓര്‍ത്തുവെയ്ക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ സത്യം പറയാതിരിക്കാം.

അവസാനമായി പറയാനുള്ളത് വിശ്വാസത്തേപ്പറ്റിയാണ്. എല്ലാകാര്യങ്ങളും തൊട്ടും കണ്ടും തന്നെ ബോധ്യപ്പെടാന്‍ കഴിയില്ലെന്നത് ശരിതന്നെ. പക്ഷേ വിശ്വാസത്തെ ഒരിക്കലും അന്വേഷണബുദ്ധിയ്ക്ക് പകരംവയ്ക്കരുത്. ധാരാളം വായിക്കണം. സ്വന്തം നിലപാടുകള്‍ക്കു വിപരീതമായ ആശയങ്ങള്‍ കൂടി കേള്‍ക്കുകയും വായിക്കുകയും വേണം. പഠിച്ചുറപ്പിച്ച കാര്യങ്ങള്‍ പോലും നിരന്തരം സ്വയം ചോദ്യം ചെയ്തുകൊണ്ടിരിക്കണം. ഒന്നും മറ്റൊന്നും തമ്മിലുള്ള വ്യത്യാസം തോന്നിപ്പിക്കുന്നത് അജ്ഞാനമാണെന്ന അദ്വൈതചിന്തയോട് യോജിക്കുന്നയാളാണ് ഞാന്‍. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ദ്രവ്യവും ഊര്‍ജ്ജവും പോലും ഒന്നാണെന്ന് ഐന്‍സ്റ്റൈന്‍ ചൂണ്ടിക്കാട്ടിയപ്പോഴല്ലേ നമുക്ക് മനസ്സിലായത്! അതുകൊണ്ട് വിശ്വാസങ്ങളെ - വിശേഷിച്ച് മതവിശ്വാസത്തെ- വളരേ പരിമിതമായിവേണം ആശ്രയിക്കാന്‍.

ഇനിയൊരു ബോണസ് ഉപദേശം കൂടിയുണ്ട്. ഇതെന്റെ സ്വന്തമല്ല. പണ്ട് രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന കാലത്ത് സോഹന്‍ലാല്‍ എന്ന ഒരു പഞ്ചാബി വെല്‍ഡിങ്ങ് ഇന്‍സ്പെക്റ്റര്‍ വരുമായിരുന്നു. സാധാരണ പഞ്ചാബികളേപ്പോലെ സരസനും പ്രായോഗികബുദ്ധിയുള്ളവനുമായിരുന്നു അദ്ദേഹം. "നിങ്ങളുടെ നാട്ടിലൊക്കെ നിങ്ങള്‍ കുട്ടികളോടു പറയുക, നീ പട്ടിണികിടന്നാലും വേണ്ടില്ല, നല്ലോണം പഠിക്കണം എന്നാണ്. ഞങ്ങള്‍ അങ്ങനെയല്ല. നീ പഠിച്ചില്ലെങ്കിലും വേണ്ടില്ല, നല്ലോണം ഭക്ഷണമൊക്കെ കഴിച്ച്, നല്ല ആരോഗ്യമുള്ളയാളായി വളരുക. ആരോഗ്യമുള്ളിടത്തോളം കാലം ജോലിചെയ്തു ജീവിക്കാന്‍ ഒരു കുഴപ്പവുമുണ്ടാകില്ല."

എന്നേപ്പോലെ ഒരു സാധാരണ മിഡില്‍ക്ലാസ് ജീവിതമായിരിക്കും എന്റെ മകനും എന്ന ധാരണയിലാണ് ഈ ഉപദേശങ്ങളൊക്കെ, കേട്ടോ. അവനൊരു രാഷ്ട്രീയനേതാവോ, പരിസ്ഥിതിവാദിയോ, നിയമപാലകനോ, കോര്‍പ്പറേറ്റ് നേതാവോ ഒക്കെയാണ് ആവുന്നതെങ്കില്‍ ഇതില്‍ പല ഉപദേശങ്ങള്‍ക്കും യാതൊരു പ്രസക്തിയുമുണ്ടാകില്ല. അപ്പോള്‍ അവന് ജീവിതത്തിന്റെ കനല്‍വഴികളിലൂടെ നടന്ന് മറ്റൊരുകൂട്ടം ജീവിതപാഠങ്ങള്‍ പഠിച്ച് അവന്റെ മകന് പകര്‍ന്നുകൊടുക്കാനുണ്ടാകുമായിരിക്കും.

ജീവിതത്തിന്റെ രീതിതന്നെ അതാണല്ലോ.

6 comments:

 1. പണം, അധികാരം എന്നിവയ്ക്ക് അര്‍ഹമായ മാന്യത നല്‍കുക
  ഇന്നു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ നാളെ തെറ്റാണെന്ന് മനസ്സിലായാല്‍ ഉടന്‍ തിരുത്തുക
  കഴിയുന്നതും നുണ പറയാതിരിക്കുക
  വിശ്വാസത്തെ ഒരിക്കലും അന്വേഷണബുദ്ധിയ്ക്ക് പകരംവയ്ക്കരുത്.
  ഇവയൊക്കെത്തന്നെയാണ് ഞാനും എന്‍റെ മക്കള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുള്ളത്.പിന്നെ ജീവിതം എന്നും അവനവന്റെ ആട്ടം തന്നെയാണ്.അത് സ്വയം കൈകാര്യം ചെയ്തേ പറ്റൂ

  ReplyDelete
 2. ഉപദേശങ്ങള്‍ ഒക്കെ നല്ലത് തന്നെ. പിന്തുടരേണ്ടതും.
  പക്ഷെ അസഹിഷ്ണുതയാണ് ഇപ്പോഴത്തെ മുഖ്യ ഭാവം.
  എന്ത് ഉണ്ടാക്കിയാലും കിട്ടിയാലും തൃപ്തിയില്ലായമ.
  അതുപോലെ തന്നെ പ്രധാനമാണ് പുതുതലമുറ ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അസഹിഷ്ണുക്കാളാകുന്നതും.
  കുറിപ്പില്‍ പറഞ്ഞ എതെണ്ടാ കാര്യങ്ങളും പിന്തുടരുമ്പോള്‍ മനുഷ്യന്‍ കൂടുതല്‍ ടെന്‍ഷന്‍ അടിക്കാതിരിക്കുകയും അല്പം സമാധാനം ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യും എന്നതില്‍ രണ്ടുപക്ഷമില്ല.

  ReplyDelete
 3. ജീവിതത്തിന്‍റെ ഒരു രീതി അതന്നെയാ :)

  ReplyDelete
 4. നമ്മുടെയൊക്കെ മാതാപിതാക്കൾ
  നമുക്ക് തന്ന ഉപദേശങ്ങൾ പകർന്ന്
  കൊടുക്കുവാനുള്ള പാകത്തിലല്ല്ല്ലോ ഇന്നത്തെ
  നമ്മുടെ മക്കൾ വളർന്ന് വലുതായി വരുന്ന സാഹചര്യം - പ്രത്യേകിച്ച് ഈ പാശ്ചാത്യ ലോകത്ത് ജീവിക്കുമ്പോൾ അല്ലേ ഭായ്

  പിന്നെ ഏതാണ്ട് ഭായ് പറഞ്ഞമാതിയുള്ള അഡ്വസ്കൾ
  തന്നെയാണ് ഞാനും പിള്ളേർക്ക് കൊടുത്ത് വരുന്നത് - ഒരിക്കലും
  എന്നെ പോലെ ആകരുതെന്നും...!

  ReplyDelete
 5. നല്ല നല്ല നിരീക്ഷണങ്ങള്‍..!!!
  ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യത്തേതാണ്.
  നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയും അവ നിലനിർത്തുകയും ചെയ്യുക എന്നത്.
  പിന്നെയെന്താന്നു വച്ചാ... എത്രയൊക്കെ ഉപദേശങ്ങള്‍ കേട്ടാലും ചില കാര്യങ്ങൾ അനുഭവം വന്നാലേ.. പഠിക്കൂ...!!!

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ