എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, January 2, 2016

വോട്ട്-ബാങ്ക് രാഷ്ട്രീയം

ജനാധിപത്യമെന്നത് വ്യക്തിഗത വോട്ടുകളുടെയല്ല "വോട്ടുകൂട്ടങ്ങളുടെ" കളിയാണ്.

പലതരം‌ വോട്ടുകൂട്ടങ്ങളുണ്ട്. പതിവായി ഒരേനിലപാടിനനുസരിച്ചുമാത്രം വോട്ട് ചെയ്യുന്ന "വോട്ട് ബാങ്ക്" എന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍, "നിഷ്പക്ഷര്‍", വോട്ടുചെയ്യാത്തവര്‍, കക്ഷികളെ ഫൈനാന്‍സ് ചെയ്യുന്നവര്‍ എന്നിങ്ങനെ ഒരു ഇലക്റ്ററേറ്റിനെ തരം തിരിക്കാം.

ഇതില്‍ വോട്ടുബാങ്കില്‍പ്പെട്ടവരില്‍ ഒരു ചെറിയശതമാനം ആളുകള്‍ മാത്രമേ സജീവരാഷ്ട്രീയത്തില്‍ നേരിട്ടിടപെടുന്നുള്ളൂ. മറ്റുള്ളവര്‍ തങ്ങളുടെ വോട്ട് ബാങ്കിന്റെ പൊതുചിന്തയോട് അന്ധമായി ചേര്‍ന്നുപോകുന്നവരാണ്.

നിഷ്പക്ഷരില്‍ മിക്കവരും രാഷ്ട്രീയപ്രബുദ്ധതയില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് എടുത്ത് മുന്നിലിട്ടുകൊടുത്താല്‍ അതിനെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാന്‍ കഴിയുന്ന എത്രപേരുണ്ടാകും? ഒരു ഭരണകൂടത്തിന്റെ ഏറ്റവും വലിയ ആഭ്യന്തര പോളിസി സ്റ്റേറ്റ്മെന്റാണ് ബജറ്റ്! അതുപോലുള്ള വളരേയധികം കാതലായ വിഷയങ്ങളും അവയുടെ ആകെത്തുകയുമാണ് യുക്തിപൂര്‍വ്വം വോട്ട് ചെയ്യുന്ന നിഷ്പക്ഷന്‍ പഠിക്കേണ്ടത്. അതിനൊന്നും ഒരാളും മിനക്കെടുന്നില്ലെന്നതാണ് വാസ്തവം.

നിഷ്പക്ഷരില്‍ മിക്കവരും വോട്ട് ചെയ്യുന്നത് വോട്ടിങ്ങിന്റെ അന്ന് അവരുടെ തലയില്‍ "കത്തിനില്ക്കുന്ന പ്രശ്നം" ഏതോ അതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയക്കാര്‍ പല പ്രശ്നങ്ങളും കത്തിച്ച് ജനത്തിനുമുമ്പില്‍ എറിഞ്ഞുകൊടുക്കുന്നത്.

തുടര്‍ച്ചയായി ഇങ്ങനെ പ്രശ്നങ്ങള്‍ കത്തിച്ചിട്ടാല്‍ കുറച്ചുപേര്‍ വോട്ടുബാങ്കുകളില്‍ ചെന്നെത്തും, ചിലര്‍ "നോട്ട" ചമഞ്ഞ് വോട്ടുചെയ്യാത്തവരായിത്തീരും.


ഇനി രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യം നോക്കൂ. സ്വന്തം വരുതിയ്ക്ക് പുറത്തുള്ള വോട്ട് ബാങ്കുകളേക്കുറിച്ച് അവര്‍ ബേജാറാവില്ല. അതുപോലെത്തന്നെ വോട്ടുചെയ്യാത്തവരേക്കുറിച്ചും അവര്‍ക്ക് ചിന്തിക്കേണ്ട.

ആയതിനാല്‍ കഴിയുന്നത്ര നിഷ്പക്ഷരെ വോട്ടുബാങ്കിലേയ്ക്കോ വോട്ടുചെയ്യാത്തകൂട്ടത്തിലേയ്ക്കോ തള്ളിനീക്കുക എന്നതായിരിക്കും തിരഞ്ഞെടുപ്പുഗണിതത്തിന്റെ (electoral arithmetic) രാഷ്ട്രീയതന്ത്രം. വോട്ട് ബാങ്കിന്റെ ബലം ഏറുന്തോറും ഫൈനാന്‍സ് ചെയ്യുന്നവരുടെ പിന്തുണയും ഏറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയേ അപേക്ഷിച്ച് റിപബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് കോര്‍പ്പറേറ്റ് പിന്തുണ വളരേയധികമാണ്. അതിനു കാരണം വളരേ വലിയ 'ഉറച്ച വോട്ടിങ്ങ് ബ്ലോക്ക്' ഉള്ള കക്ഷിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി എന്നതാണ്.

പ്രതിജ്ഞാബദ്ധരായ അനുയായികളുടേയും പണത്തിന്റേയും പിന്തുണയാണ് പ്രചരണത്തിന്റെ സ്വാധീനം നിര്‍ണ്ണയിക്കുന്നത്. പ്രചരണത്തിന്റെ പ്രഭാവമാണ് തിരഞ്ഞെടുപ്പുവിജയത്തിനും അധികാരപ്രാപ്തിക്കും വഴിതെളിക്കുന്നത്.

ദരിദ്രര്‍, സ്ത്രീകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, പരിസ്ഥിതിവാദികള്‍ തുടങ്ങിയവര്‍ക്ക് പ്രായോഗികരാഷ്ട്രീയത്തില്‍ സ്വാധീനമില്ലാതെപോകുന്നത് ഈ സ്ഥിതിവിശേഷം കാരണമാണ്.

ഇതിനുള്ള പ്രതിവിധി, ജനങ്ങള്‍ കൂടുതലായി സജീവരാഷ്ട്രീയത്തില്‍ അണിചേരുകയും തങ്ങളുടെ കക്ഷിയ്ക്കുള്ളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി ശക്തിയായി വാദിക്കുകയും ചെയ്യുക എന്നതാണ്. അപ്പോള്‍ ബൂത്തുതലം മുതല്‍ ദേശീയനേതാവുവരെയുള്ളവര്‍ പൊതു ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കും. സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ അതത് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാലറ്റിലൂടെ തിരഞ്ഞെടുത്തവരായിരിക്കും (നേതാക്കള്‍ തീരുമാനിച്ചവരല്ല). നയരൂപീകരണത്തില്‍ അവര്‍ക്ക് വോയ്സ് ഉണ്ടാകും. പണമിറക്കുന്നവരും അവര്‍ പിന്തുണയ്ക്കുന്ന നേതാക്കളും മാത്രം രാഷ്ട്രീയഭാവി തീരുമാനിക്കുന്ന സ്ഥിതിവിശേഷത്തിന് പരിഹാരമാകും.

സ്വയം മിനക്കെട്ട് കിളച്ച്, നനച്ച്, നട്ട്, വളം വെച്ച്, സംരക്ഷിച്ച് വളര്‍ത്തി വലുതാക്കിയതില്‍നിന്നേ ഫലം പ്രതീക്ഷിക്കാവൂ. മേലനങ്ങാതെ വീട്ടിലിരുന്ന് 'എന്റെ വോട്ടുവേണ്ടോര് ഞാന്‍ ആവശ്യപ്പെടുന്നത് കൊണ്ടത്തരും' എന്നാണ് വിചാരമെങ്കില്‍ നിരാശയാവും ഫലം.

ഇതെല്ലാം എഴുതാന്‍ കാരണം, ഇന്ത്യയില്‍ -വിശേഷിച്ചും കേരളത്തില്‍- ബിജെപിയും അവര്‍ മുന്നോട്ടുവെയ്ക്കുന്ന ഏകശിലാത്മക ആശയസംഹിതയും നേടിയ അമ്പരപ്പിക്കുന്ന വളര്‍ച്ചയും അത് പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്ന ആശങ്കകളുമാണ്.

ബിജെപിയും അവരുടെ പരിവാരങ്ങളും കുറച്ചുകാലത്തേയ്ക്കെങ്കിലും കേരളത്തില്‍ സ്വാധീനമുള്ള ഒരു വോട്ടിങ്ങ് ബ്ലോക്ക് നിലനിര്‍ത്തുമെന്ന തിരിച്ചറിവില്‍ത്തന്നെ വേണം മുന്നോട്ടുപോകാന്‍ എന്നു തോന്നുന്നു. അതിനുമാറ്റമുണ്ടാവണമെങ്കില്‍ അഖിലേന്ത്യാതലത്തില്‍ ബിജെപിയ്ക്ക് തിരിച്ചടികളുണ്ടാവണം. ഇന്നത്തെ സ്ഥിതിയില്‍ -അതായത് കേന്ദ്രത്തില്‍ കാലാവധി തീരുംവരെ ഭരണത്തില്‍ ഉറച്ചുനില്‍ക്കാനാകുമെന്ന നിലയില്‍- അവരുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ബാങ്ക്‍റോള്‍ ചെയ്യാനും ആള്‍ബലം സ്വരൂപിക്കാനും അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നുതന്നെയല്ല, മതേതരത്വം, മനുഷ്യാവകാശം, അവസരസമത്വം എന്നിങ്ങനെ തേഞ്ഞുപഴകിയ ആശയപ്രഭാഷണങ്ങളേക്കാള്‍, ആവേശം കൊള്ളിക്കുന്ന ഒറ്റവരി മുദ്രാവാക്യങ്ങള്‍ക്കാണ് ജനങ്ങള്‍ക്കിടയില്‍ ഡിമാന്റ് (ഇത് പുതിയ അറിവൊന്നുമല്ല, ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ക്കേ വഴക്കമായുള്ളതാണ്). ഇന്നത്തെ കാലാവസ്ഥയില്‍ അത്തരം തട്ടുപൊളിപ്പന്‍ മുദ്രാവാക്യങ്ങള്‍ കൂടുതലും ബിജെപിയാണ് വിജയകരമായി മാര്‍ക്കെറ്റ് ചെയ്യുന്നത്.

കേരളത്തില്‍ എത്രമാത്രം ഗ്രാസ്സ്‌റൂട്ട് സപ്പോര്‍ട്ട് അവര്‍ക്ക് സ്വരൂപിക്കാനായിട്ടുണ്ട് എന്ന് കഴിഞ്ഞ പഞ്ചായത്ത്/മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടു. അത് സംസ്ഥാന നിയോജകമണ്ഡല തലത്തില്‍ ഏറെ സീറ്റുകളായി പരിണമിക്കാനിടയില്ലെങ്കിലും, കേരളത്തില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ചിന്തയ്ക്ക് ഏറെക്കാലം നിലനില്‍ക്കാനുതകും വിധം വേരോട്ടമുണ്ടായിട്ടുണ്ട് എന്ന് അംഗീകരിക്കേണ്ടിവരും.

ഒരു ത്രീ-വേ മല്‍സരമുള്ള നിയോജകമണ്ഡലത്തില്‍ അവര്‍ക്ക് ജയിക്കാന്‍ മൊത്തം ഇലക്റ്ററേറ്റിന്റെ 26 ശതമാനത്തോളം വോട്ട് മതി. 'ഇടതും വലതും മാറിമാറി' വോട്ട് ചെയ്യുന്ന നിഷ്പക്ഷരെ അതുകൊണ്ട് ഗൗനിക്കണം.

അപ്പൊ പറഞ്ഞുവരുന്നത്, ബിജെപിയെ പ്രതിരോധിക്കണമെങ്കില്‍ കുറച്ചുകാലത്തേയ്ക്കെങ്കിലും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും യോജിച്ചുപ്രവര്‍ത്തിക്കേണ്ടിവരും എന്നാണ്. വിശേഷിച്ച് അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു സ്ഥിതി വരികയാണെങ്കില്‍.

ദീര്‍ഘകാലാടിസ്ഥാനത്തിലാണെങ്കില്‍, ബിജെപിയ്ക്ക് ശക്തമായ ഒരു ദേശീയ ബദലുണ്ടായാലേ കേരളത്തില്‍ അവരുടെ ശക്തി കുറയൂ. അതിന് പത്തിരുപത് പാര്‍ട്ടികളെ തുന്നിക്കെട്ടി 'മുന്നണി' ഉണ്ടാക്കിയിട്ടൊന്നും കാര്യമില്ല. അത്തരം സര്‍ക്കസ്സുകളെ ജനങ്ങള്‍ ഇനി വിശ്വസിക്കാനിടയില്ല.

അക്കാര്യത്തില്‍ ബിജെപിയ്ക്ക് ബദലാകാവുന്നത് കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ്സിനു മാത്രമാണ് ഇന്ത്യയാകമാനം നോക്കിയാല്‍ ബിജെപിയോട് കിടപിടിയ്ക്കുന്ന brand recognition ഇപ്പോള്‍ ഉള്ളത്. മറ്റൊന്നിനെ വളര്‍ത്തിയെടുക്കാനുള്ള സമയമോ സാഹചര്യമോ നിലവിലില്ല.

കോണ്‍ഗ്രസ്സിനെ അത്യന്തം വെറുക്കുന്നവരുണ്ടെന്നറിയാം. അവര്‍ കോണ്‍ഗ്രസ്സിനെ വെറുത്ത് ഒഴിവാക്കുകയല്ല, നന്നാക്കിയെടുക്കുകയാണ് വേണ്ടത്. അതിനെ ആകെ ഉടച്ച് ഉരുക്കി കരടുകളഞ്ഞ് വാര്‍ത്തെടുക്കണമെങ്കില്‍ അങ്ങനെ. അതുനടക്കണമെങ്കില്‍ വളരേയധികം ആളുകള്‍ വളരേയധികം വിട്ടുവീഴ്ചകള്‍ ചെയ്ത് വളരേയധികം അധ്വാനിക്കേണ്ടിവരും. ചിലരെ ഒതുക്കണം, ചിലരെ ഒഴിവാക്കണം, ചിലരെ സഹിക്കണം, ചിലരെ ഉയര്‍ത്തണം. പക്ഷേ പാര്‍ട്ടി നന്നാകണം, നന്നാക്കിയെടുക്കണം. അതും അധികം വൈകാതെ.

അതല്ലാതെ സോഷ്യല്‍ മീഡിയയില്‍ ജ്വാലായുദ്ധം (flame war) ചെയ്തതുകൊണ്ടോ, അവാര്‍ഡ് തിരിച്ചുകൊടുത്തതുകൊണ്ടോ, കല്യാണത്തിന് ക്ഷണിക്കാത്തതുകൊണ്ടോ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.

(Disclaimer: ഞാന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചയാളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ കൗതുകത്തോടെ നിരീക്ഷിക്കുന്ന പതിവുണ്ടെന്നേയുള്ളൂ. വ്യക്തിപരമായി എനിക്ക് യാതൊരു രാഷ്ട്രീയതാല്പര്യങ്ങളും ഇല്ല. ഇന്ത്യന്‍ ഇലക്റ്ററേറ്റ് എടുക്കുന്ന തീരുമാനങ്ങള്‍ എന്തായാലും അത് ബഹുമാനത്തോടെ ഉള്‍ക്കൊള്ളുന്നതാണ് എന്റെ രീതി).

7 comments:

 1. ഗൂഗിള്‍ പ്ലസ്സില്‍ പോസ്റ്റ് ചെയ്തിരുന്ന രണ്ടു ലേഖനങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ഒരല്പം മസാലകൂടി കൂട്ടി തയ്യാറാക്കിയതാണ് ഈ ബ്ലോഗ് പോസ്റ്റ്. മുമ്പു വായിച്ചവര്‍ ക്ഷമിക്കുമല്ലോ.

  ReplyDelete
 2. എല്ലാം കൂടെ ഒരു അവിയലു പരുവമാ ഇപ്പഴത്തെ രാഷ്ട്രീയം. ജാതിമതവർഗചിന്തകൾക്കാണു മേൽക്കൈ. കോൺഗ്രസും ആ ചിന്തയിൽ നിന്ന് വിമുക്തമല്ല

  ReplyDelete
 3. കാത്തിരുന്നു കാണാം എന്ന് കരുതാനേ നിവൃത്തിയുള്ളു.

  ReplyDelete
 4. കൊള്ളാം ..
  നല്ല കിണ്ണങ്കാച്ചി വിശകലനമായിട്ടുണ്ട് കേട്ടൊ ഭായ്


  ഒറ്റക്കൊറ്റക്ക് നോക്കിയാൽ
  അവരവരുടെ പ്രദേശങ്ങളിൽ പോലും ,
  ഇന്ന് ഇന്ത്യയിലെ വമ്പൻ പാർട്ടികൾക്ക് വെറും
  കഷ്ട്ടി 20 ശതമാനം വരെയെ അനുയായികൾ ഉള്ളൂ ,
  അവരുടെ വോ‍ാട്ട് ബാങ്ക് അതിലും കുറയും...!

  പിന്നെ ജയവും , ഭരണവുമൊക്കെ കിട്ടുന്നത്
  മറ്റ് കൂട്ടുകക്ഷികളുടെ ബലത്താലും ,ബാക്കിയുള്ള
  ഭൂരിഭാഗമുള്ള കാലാകാലം കോലത്തിന്നാനുസരിച്ച്
  കോലം കെട്ടിയാടുന്നവരുടെ വോട്ടുകൾ പെട്ടിയിലാക്കുന്നതിനനുസരിച്ചുള്ള മിടുക്കുമാണ് .,..

  ReplyDelete
 5. കേരളത്തിൽ ബി.ജെ.പി വളരുന്നതിന് പല കാരണങ്ങളുണ്ട്.
  1.ഇടതും വലതും പാർട്ടികളിൽ സജീവമായി നിൽക്കുന്നവരിൽ പലരും ഹിന്ദുത്വ സമീപനമുള്ളവരാന് .തങ്ങളുടെ വോട്ട്ട് ബി.ജെ.പിക്ക് ചെയ്യുന്നത് കൊണ്ട് പ്രത്യേക ഗുണം ഇല്ല എന്നാ തോന്നലിൽ ഇടത്തും വലത്തും കുത്തുന്നു എന്നെ ഉള്ളൂ.ഇപ്പോൾ അവർക്ക് മറിച്ചു ചിന്തിക്കാൻ സമയമായി.
  2.ക്രിസ്ത്യൻ ,മുസ്ലീം സമുദായങ്ങൾ സംഘടിത ശക്തിയായി അനർഹമായതെല്ലാം നേടിയെടുക്കുന്നു എന്നൊരു ചിന്ത സാധാരണ ഹിന്ദുവിനുണ്ട് .ഇക്കാര്യത്തിൽ ഇരു മുന്നണികളും വ്യത്യസ്തരല്ല .
  3.സത്യത്തിൽ ക്രിസ്ത്യൻ,മുസ്ലീം സമുദായങ്ങളല്ല നേട്ടമുണ്ടാക്കുന്നത് ,സമുദായ നേതാക്കളാണ്.ഇക്കാര്യത്തിൽ ഹിന്ദു സമുദായ നേതാക്കളും ഒട്ടും പുറകിലല്ല.
  4.കേരളത്തിൽ ബി.ജെ.പിയുടെ പ്രാഭവം ഏറിയാൽ പത്തുവർഷം വരെ നീളാം .
  5.കേരളാ കൊണ്ഗ്രസ്സിനെ കൂടെ കൂട്ടിയാൽ ബി.ജെ.പി മുന്നണി കാര്യമായ നേട്ടങ്ങളുണ്ടാക്കും.അല്ലെങ്കിൽ മറ്റുള്ളവരെ തോൽപ്പിക്കാനെ കഴിയൂ.

  ReplyDelete
 6. നല്ല ഉഗ്രന്‍ നിരീക്ഷണങ്ങള്‍ +vettathan g. പൂര്‍ണ്ണമായും യോജിക്കുന്നു.

  താങ്കള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായി ഒരു പോസ്റ്റ് ഇടൂ.

  ReplyDelete
 7. വോട്ട് ബാങ്ക്: ശരിക്കും പറഞ്ഞാൽ വർഗീയതയുടെയും സ്വജന പക്ഷപാതത്തിന്റെയും കാളകൂട വിഷം നിറഞ്ഞു തുളുമ്പുന്ന വാകാണത്.
  വേട്ടതൻ സാറിന്റെ കമന്റിന്റെ അടിയിൽ ഞാനും ഒരൊപ്പ് വെക്കുന്നു.

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ