എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, October 25, 2020

മാങ്ങൂക്കാരൻ ഏല്യാമ്മ

 

 (ആളുകളുടെ സ്വകാര്യതയേക്കരുതി പേരുകളെല്ലാം മാറ്റിയിട്ടുണ്ട്)

"മാങ്ങൂക്കാരൻ ജോണിയുടെ ഭാര്യ ഏല്യാമ്മ(83) അന്തരിച്ചു. അന്ത്യകർമ്മങ്ങൾ ചാലക്കുടി ഫറോനാ പള്ളിയിൽ". രാവിലെ എണീറ്റപ്പോൾ വാട്ട്സാപ്പിൽ കണ്ട അറിയിപ്പാണ്. നാട്ടിലുള്ള ചേട്ടനാണ് ഫോർവേഡ് ചെയ്തത്.

"ആര്? നമ്മടെ കുഞ്ഞീശോന്റമ്മയോ? അവർക്ക് 83 വയസ്സേ ആയിട്ടുള്ളൂ?" എനിക്ക് സംശയം

"അതിപ്പൊ അന്നത്തെ കാലത്ത് ആരിതൊക്കെ നോക്കി വെച്ചേക്കുന്നു! അവരു പറയുന്നതു തന്നെയാണ് അവരുടെ വയസ്സ്" ചേട്ടന്റെ മറുപടി. അതും ശരിയാണ്. അന്നത്തെ കാലത്ത് ജനനരജിസ്റ്ററൊന്നുമില്ല. പള്ളിയിൽ ഒരുപക്ഷേ മാമ്മോദീസ മുക്കിയതിന്റെ രേഖ കാണുമായിരിക്കാം. അതും ഇത്രയും കാലം സൂക്ഷിച്ചു വെച്ചിട്ടുണ്ടാകുമോയെന്നൊന്നും അറിയില്ല. കലണ്ടറോ പഞ്ചാംഗമോ ഒക്കെ വീട്ടിൽ വാങ്ങി വെയ്ക്കാനും വായിക്കാനും അറിയുന്നവരും നന്നേ കുറവാണല്ലോ. അതും പരമദരിദ്രരിൽ.

കുഞ്ഞീശോന് ഞങ്ങൾക്കോർമ്മയുള്ള കാലത്തു തന്നെ പത്തിരുപത്തഞ്ചു വയസ്സിലധികമുണ്ട്. അയാളും അമ്മയും മാത്രമേയുള്ളൂ വീട്ടിൽ. അയാൾക്ക് എന്തോ ശാരീരികമോ മാനസികമോ ആയ പ്രശ്നമുണ്ടെന്നു തോന്നുന്നു. തീരെ മെലിഞ്ഞ് കൂനിയാണ് നില്പും നടപ്പുമൊക്കെ. പണിക്കൊന്നും പോവില്ല.  എന്തെങ്കിലും കഴിക്കണമെങ്കിൽ ഏല്യാമ്മ പണിയെടുത്തു കൊണ്ടുവരണം.

ഞാൻ എട്ട്/ഒമ്പത് ക്ലാസ്സിലായപ്പോഴേയ്ക്കും ഏല്യാമ്മയ്ക്കും ഭാരിച്ച പണിക്കൊക്കെ പോവാൻ വയ്യാതായി. എന്നാലും ചുറ്റുവട്ടത്തെ ചില വീടുകളിലൊക്കെ ചില്ലറ പണികളൊക്കെ ചെയ്ത് അന്നാന്നത്തേക്കുള്ളത് സമ്പാദിക്കാറുണ്ടായിരുന്നു. മകനേപ്പറ്റിയായിരുന്നു അവർക്ക് എന്നും വേവലാതി. 

 കുഞ്ഞീശോയ്ക്കിപ്പൊ എഴുപതിനു മേലെയായിട്ടുണ്ട് പ്രായം. ഇത്രയും കാലം അയാളെ ജീവിപ്പിച്ചു നിർത്തിയെന്നത് ചില്ലറക്കാര്യമല്ല.

"എന്റെ മാതാവേ.... കീർർർർറും" എന്നാണ് ഞങ്ങൾ ഏല്യാമ്മയെ വിളിച്ചിരുന്നത്.  "എന്റെ മാതാവേ" എന്നത് അതീവ ദൈന്യതയോടെ മേരിമാതാവിനെ വിളിക്കുന്നതാണ്. "കീർർർർറും" എന്നത് വാഴയില കീറുന്ന ശബ്ദവും. ഏല്യാമ്മ മാതാവിനേം വിളിച്ച് കരഞ്ഞുകൊണ്ട് ഇടയ്ക്കിടെ ഞങ്ങളുടെ ചുറ്റുവട്ടത്തെ വീടുകളിൽ വരും. പടി കടന്ന് അകത്തു കയറിയാൽ ആദ്യം കാണുന്ന വാഴയിൽ നിന്ന് ഒരു വാഴയില വലിച്ചു കീറും. അത് കുമ്പിളുകൂട്ടി അടുക്കള വശത്തേയ്ക്കു വരും. "അമ്മച്ച്യേ സാമ്പാറുണ്ടെങ്കിൽ ഇത്തിരി തായോ" എന്നും പറഞ്ഞ് ഇലക്കുമ്പിൾ നീട്ടി കാണിക്കും.

അന്ന് ആ വീട്ടിൽ സാമ്പാറല്ലായെങ്കിൽ അടുത്ത വീട്ടിൽ പോകും. ഒരു വീട്ടിലും സാമ്പാറില്ലെങ്കിൽ എല്ലാവരേയും പ്രാകി, മാതാവിനോട് പരാതിയും പറഞ്ഞ് ഇല വഴിയിൽക്കളഞ്ഞ് തിരിച്ചു പോകും.

ഈ സാമ്പാർ എന്നാൽ ഏല്യാമ്മയ്ക്കു തന്നെ ഉണ്ടാക്കിക്കൂടേ എന്നാണെങ്കിൽ, ഏല്യാമ്മ അത് ശ്രമിച്ച് പരാജയപ്പെട്ടതാണെന്നാണ് ഉത്തരം. സാമ്പാറു വേണ്ടത് ഏല്യാമ്മയ്ക്കല്ല, കുഞ്ഞീശോയ്ക്കാണ്. ഒരിക്കൽ ഏല്യാമ്മ സാമ്പാറുണ്ടാക്കി കൊടുത്തപ്പോൾ അതൊന്നു രുചിച്ചയുടൻ കുഞ്ഞീശോ ചോറുണ്ണാൻ വിസമ്മതിച്ചത്രേ. "അമ്മേടെ സാമ്പാറൊന്നും എനിക്കു വേണ്ടാ, എനിക്ക് നായമ്മാരുടെ വീട്ടിലെ സാമ്പാറു മതി" എന്നു പറഞ്ഞു പോലും. 

എല്ലാ ദിവസവും സാമ്പാർ ചോദിച്ചുകൊണ്ട് ഏല്യാമ്മ വരാറില്ല, പക്ഷേ വരുമ്പോൾ സാമ്പാറു തന്നെ വേണം. എങ്ങനേയും കുഞ്ഞീശോനെ അല്പം ഭക്ഷണം കഴിപ്പിക്കുക എന്നതായിരുന്നു പുള്ളിക്കാരിയുടെ ലക്ഷ്യം. ചില ദിവസം സാമ്പാറുണ്ടായാലേ പുള്ളി കഴിക്കൂ.

അതൊക്കെയൊരു കാലം. അന്ന് വേലികളേയുള്ളൂ, മതിലുകളില്ല. പടി അടച്ചിടാറില്ല. പുറത്തുനിന്ന് ഒരാൾക്ക് പറമ്പിൽ വന്ന് ഒരില കീറീയെടുക്കാനും അതിലല്പം സാമ്പാറൊഴിച്ചുതരാനും പറയാൻ തടസ്സമില്ല. ആ തലമുറയിലെ എല്ലാവരും ബാല്യത്തിൽ ദാരിദ്ര്യം അനുഭവിച്ചിരുന്നതിനാൽ വീട്ടുകാർക്കു വെച്ചതിൽ നിന്നൊരു പങ്ക് മാറ്റിയെടുത്തു കൊടുക്കാൻ മടിയുണ്ടായിരുന്നില്ല. പ്രാകിയിട്ടു പോയാലും പിന്നീടൊരിക്കൽ വന്ന് ചോദിക്കാനും എടുത്തു കൊടുക്കാനുമുള്ള മനസ്സിന് യാതൊരു കോട്ടവും വന്നിരുന്നില്ല. കീഴാളരെ ചേച്ചി/ചേട്ടാ/അമ്മ ചേ‌ർത്തുവിളിച്ചുകൂടാത്തത്ര ജാതീയതയും വരേണ്യതയുമുണ്ടായിരുന്നെങ്കിലും പട്ടിണിക്കാരന് വിളമ്പിക്കൊടുക്കാതിരിക്കാനുള്ളത്ര നികൃഷതയില്ലാതിരുന്ന കാലം.

ഏല്യാമ്മയേപ്പോലുള്ളവരാണ് കർമ്മയോഗികൾ എന്നു തോന്നുന്നു. ഒരു കാര്യവും ഗൌരവമായി വിശകലനം ചെയ്യാനുള്ള അറിവോ ശേഷിയോ ഇല്ലാതെ മുന്നിലുള്ള കൃത്യമെന്തെന്നു മാത്രം മനസ്സിലാക്കി അതു ചെയ്ത് ജീവിച്ചു തീർത്തവർ. അവർക്കു സഹായമായി ഒരു പ്രസ്ഥാനമോ കൂട്ടായ്മയോ ഈശ്വരനോ ഉണ്ടായില്ല. തൊണ്ണൂറ്റിയഞ്ചോളം കൊല്ലത്തെ വിധേയജീവിതം.

ഏല്യാമ്മയ്ക്ക് ബഹുമാനം, ആദരാഞ്ജലികൾ. കുഞ്ഞീശോയെ മാതാവ് രക്ഷിക്കട്ടെ.

1 comment:

  1. ആദരാഞ്ജലികൾ
    ഏല്യാമ്മയെ വളരെ മനോഹരമായി അവതരിപ്പിച്ചു.
    ഇപ്പോൾ ആ കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ ഒരു പാട് നഷ്ടപ്പെടുത്തലുകളെ മനുഷ്യർ മനസ്സില്ലാതെ തന്നെ സ്വീകരിച്ചിരിക്കുന്നു എന്ന് കാണാം. കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒഴിച്ചുകൂടാനാവത്ത പലതും അങ്ങിനെ ഒലിച്ചുപോയെങ്കിലും സമാധാനത്തിനു പിന്നിട്ട വഴികളിലെ നന്മയെ സ്വീകരിക്കാതെ കഴിയില്ല എന്ന് തോന്നുന്നു.

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ