എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, December 25, 2010

ഖത്തറില്‍ ലോകകപ്പോ? സായിപ്പിനു ചൊറിഞ്ഞു വരുന്നു!

 "പെട്ടീ, പെട്ടീ, ബാലറ്റ് പെട്ടീ, പെട്ടി പൊട്ടിച്ചപ്പോ ദാവീദ് പൊട്ടി" എന്ന നാടന്‍ തെരഞ്ഞെടുപ്പുഗാനമാണ് ഡിസംബര്‍ രണ്ടാം തീയതിയിലെ ഫീഫ വോട്ടെടുപ്പിനു ശേഷം എനിക്കുറക്കെപ്പാടാന്‍ തോന്നിയത്. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനേക്കാള്‍ പെരിയ ഒരു ദാവീദ്  ഈ വോട്ടെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. ദാവീദ് ബെക്ഹാമും ദാവീദ് കാമെറോണും ചേര്‍ന്ന്, "ഉമ്മിണി വെല്ല്യ ദാവീദ്" ആയ ഇംഗ്ലണ്ട് ആണ് എട്ടു നിലയില്‍ പൊട്ടി ആദ്യത്തെ റൌണ്ടില്‍ത്തന്നെ ഇരിപ്പതായത്. ബിലാത്തിയില്‍ "Bend it like Beckham" എന്നൊരു ചൊല്ലുണ്ട് (സിനിമയുമുണ്ട്). പക്ഷെ പുള്ളി നേരിട്ട് ഇടപെട്ടിട്ടും സൂറിക്കിലെ കാര്‍ന്നോമ്മാരാരും "വളഞ്ഞില്ല" - സംഗതി പുട്ടിന്‍ പുട്ടുപോലെ പൊടിച്ചു. അതിനു തൊട്ടു പിന്നാലെ സമുദ്രത്തിനക്കരെയുള്ള അവരുടെ സഹോദരനിട്ടും പെട്ടി ഒന്ന് കൊട്ടി. ഇത്തവണ ലോകം ശരിക്കും ഒന്ന് ഞെട്ടി. കാരണം ബാലറ്റിന്റെ പൊന്നോമനപ്പുത്രനായി അവരോധിക്കപ്പെട്ടത്‌ അധികമാര്‍ക്കും അറിയാത്ത "ഖത്തര്‍" എന്നു പേരുള്ള ഒരു ചെറിയ രാജ്യമാണ്!

ഞെട്ടല്‍ മാറിക്കഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് ദുഃഖമായി, ദേഷ്യമായി, അമര്‍ഷമായി. മാധ്യമങ്ങളുടെ വെബ്‌ സൈറ്റുകളില്‍ ആയിരക്കണക്കിനാളുകള്‍ അവരുടെ വികാരങ്ങള്‍ രേഖപ്പെടുത്തി. രസകരമായ വസ്തുത എന്താണെന്നാല്‍ ചിലരുടെ  രോഷപ്രകടനം പാവം ഖത്തറിനു നേരെയായിരുന്നു എന്നതാണ്. (നേരം പോകാതെ ഇരിക്കുന്നവര്‍ക്ക് ബിബിസിയുടെയും  ന്യൂയോര്‍ക്ക്‌ ടൈംസിന്റെയും വെബ്‌ സൈറ്റില്‍ പോയി പൊതുജനത്തിന്റെ ജല്‍പ്പനങ്ങള്‍ വായിക്കാവുന്നതാണ്)

ഇവയാണ് ഖത്തറിനെതിരെ വീരകേസരികളുടെ വാദഗതികളില്‍ ചിലത്.
  1. ഖത്തര്‍ ഒരു ഇസ്ലാമിക രാജ്യമാണ് (ചില കൂപമണ്ഡൂകങ്ങളുടെ മനസ്സില്‍, വേറൊരു വിശദീകരണവും ആവശ്യമില്ലാത്ത ഒരു അയോഗ്യതയാണിത്)
  2. ലോകകപ്പ് നടക്കേണ്ട സമയത്ത് ഖത്തറില്‍ മുടിഞ്ഞ ചൂടായിരിക്കും.
  3. അവിടെപ്പോയി കള്ളു കുടിച്ചാല്‍ തല വെട്ടും.
  4. ഞങ്ങളുടെ ഗേള്‍ഫ്രെണ്ട്സ് ലോകകപ്പിന് പോയാല്‍ ബുര്‍ഖയിട്ട് ശ്വാസം മുട്ടി നടക്കേണ്ടി വരും. കല്യാണം കഴിക്കാതെയാണ്‌ അവര്‍ ആണുങ്ങളുടെ കൂടെ ഊര് ചുറ്റുന്നത് എന്നു കണ്ടാല്‍ പിന്നെ അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. (ഓ, പെണ്ണു വിഷയം തന്നെ ഒരു നീണ്ട പട്ടികയാണ്)
  5. ഖത്തറിലുള്ളവര്‍ക്ക് ഫുട്ബോളിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല.
  6. ഫീഫ, അടിമുടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സ്ഥാപനമാണ്‌. കൈക്കൂലി വാങ്ങിയാണ് അവര്‍ ഖത്തറിനു ലോകകപ്പ് ആതിഥേയാവകാശം കൊടുത്തത്.
  7. ബ്രിട്ടീഷ് മാധ്യമങ്ങള്‍ -വിശേഷിച്ചും ബിബിസി - ഫീഫയുടെ അഴിമതി പുറത്തുകൊണ്ടുവന്നതിനാലാണ് ഫീഫ ഇംഗ്ലണ്ടിനെ  ഒതുക്കിയത്.
  8. എണ്ണപ്പണത്തിന്റെ ബലത്തില്‍ മാത്രമാണ് ഖത്തറും റഷ്യയുമൊക്കെ ഇത്തരം തോന്ന്യാസം കാട്ടുന്നത്. നമുക്ക് അവരുടെ എണ്ണയില്‍നിന്നു മോചനം തേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ബാലിശമായ ചില ആരോപണങ്ങളെപ്പറ്റി ഞാന്‍ അഭിപ്രായമൊന്നും പറയുന്നില്ല- ആള്‍ക്കാര്‍ ഒരുമാതിരി "തറ" വര്‍ത്തമാനം പറഞ്ഞു തുടങ്ങിയാല്‍ അതിനെപ്പറ്റി മിണ്ടാതിരിക്കുകയാണ് ഭേദം. ചില ആരോപണങ്ങള്‍ പക്ഷെ ദുരുദ്ദേശപരമെങ്കിലും യുക്തിസഹമെന്ന് തോന്നിക്കുന്നതാണ്. ഖത്തറിന്റെ ഭരണാധികാരികളും ജനങ്ങളും ഇതിനൊന്നും പുല്ലുവില കല്പിക്കേണ്ടതില്ല - പക്ഷേ ഞാന്‍ വാലറ്റക്കാരനായതുകൊണ്ട് എനിക്ക് അവയെപ്പറ്റി ചിലത് പറയണം.

ഫീഫയുടെ ലോകകപ്പ് ലേല പ്രക്രിയയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്ക് തുടങ്ങാന്‍ പറ്റിയ ഇടമാണ് വിക്കിപ്പീഡിയ. ഈ പോസ്റ്റിന് ആധാരമായ മറ്റൊരു റഫറന്‍സ് ആണ് ലോകകപ്പ് വോട്ടെടുപ്പിനു രണ്ടു ദിവസം മുന്‍പ് പ്രക്ഷേപണം ചെയ്ത ബിബിസിയുടെ "പനോരമ" എന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ (ഭാഗം ഒന്ന് , രണ്ട്).

ഒരു കാര്യം ആദ്യം തന്നെ പറയട്ടെ. ഇംഗ്ലണ്ടിന്റെ തോല്‍വിയും ഖത്തറിന്റെ വിജയവും തീര്‍ത്തും വ്യത്യസ്തമായ വിഷയങ്ങളാണ്- കാരണം, ഇംഗ്ലണ്ടും ഖത്തറും തമ്മില്‍ യാതൊരു മത്സരവുംഉണ്ടായിരുന്നില്ല എന്നതുതന്നെ. ഇംഗ്ലണ്ട് 2018ലെയും ഖത്തര്‍ 2022ലെയും ലോകകപ്പ് ആതിഥേയാവകാശത്തിനാണ് ലേലത്തില്‍ പങ്കെടുത്തത്. അതുകൊണ്ട് ഇവരെ ബന്ധിപ്പിക്കുന്ന ഏതൊരു വാദവും അസംബന്ധമാണ്.

ആദ്യം നമുക്ക് ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ കാര്യമെടുക്കാം. അവര്‍ ആദ്യത്തെ റൌണ്ടില്‍ത്തന്നെ വെറും രണ്ട് വോട്ട് മാത്രം നേടി പുറത്തായി - അതായത് ഫീഫ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവരുടെ സ്വന്തം വോട്ടിനു പുറമേ കിട്ടിയത് വെറും ഒരു വോട്ട്. ജപ്പാനാണ് അവര്‍ക്കുവേണ്ടി വോട്ട് ചെയ്തത് എന്നു കേള്‍ക്കുന്നു. അതായത് ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക,  സ്വിറ്റ്സര്‍ലന്‍ഡ് എന്നീ "സഖ്യ രാഷ്ട്രങ്ങളുടെ" പ്രതിനിധികള്‍ പോലും ഇംഗ്ലണ്ടിനു വോട്ട് ചെയ്തില്ലെന്നര്‍ത്ഥം (മറ്റു ചില യൂറോപ്പിയന്‍ "സുഹൃത്തുക്കള്‍" വോട്ട് ചെയ്യാതിരുന്നത് അവര്‍ സ്വയം മത്സരിച്ചതുകൊണ്ടാണ്  -അവരുടെ സ്വന്തം വോട്ട് അവര്‍ മറിക്കില്ലല്ലോ) . ഇവരെയൊക്കെ കൈക്കൂലി കൊടുത്തു മറിച്ചതാണെന്ന് തലയ്ക്കു നൊസ്സുള്ളവനേ പറയൂ. വാസ്തവം എന്താണെന്നാല്‍ ഫീഫയുടെ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള  ഒരു ലോകകപ്പ്  ഇംഗ്ലണ്ടില്‍ നടത്താന്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാകുമെന്ന് ഫീഫ എക്സിക്യൂട്ടീവ് കമ്മിറ്റി സംശയിച്ചു എന്നതാണ്. "പനോരമ" എന്ന പരിപാടിയുടെ രണ്ടാം ഭാഗത്തില്‍ ഇതിനെപ്പറ്റിയുള്ള ചില സൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്.

ലോകകപ്പ് നടത്താനുള്ള യോഗ്യതാമാനദണ്ഡങ്ങളില്‍ ഒന്നാണ് രാജ്യങ്ങളിലെ ഭരണാധികാരികളില്‍ നിന്നും "ചില കാര്യങ്ങളില്‍" ഉള്ള ഉറപ്പ്. തൊഴില്‍ നിയമങ്ങളുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരില്‍ ഫീഫായ്കെതിരെ നിയമനടപടികള്‍ ഉണ്ടാകരുതെന്നും, ഫീഫയുടെ ഇടപാടുകളില്‍ നികുതി ഉണ്ടാകരുതെന്നും, കളി കാണാന്‍ വരുന്നവര്‍ക്കും ഭാരവാഹികള്‍ക്കും വിസ നിയമങ്ങള്‍ മൂലം തടസ്സം ഉണ്ടാകരുതെന്നും, വിദേശ കറന്‍സിയില്‍ പണം കൊണ്ടുവരുന്നവര്‍ക്ക് യാതൊരു പ്രതിബന്ധവുമില്ലാതെ പണം മാറ്റാന്‍ കഴിയണമെന്നും (പല രാജ്യങ്ങളിലും ഇത് "കുഴല്‍പ്പണ" നിയമത്തിനു വിധേയമാണ്), ഫീഫയുടെ പ്രാദേശിക വരുമാനമെല്ലാം വിദേശനാണ്യമാക്കി മാറ്റി രാജ്യത്തിന്‌ പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയണമെന്നും, ഫീഫയുടെ പരസ്യ/വിപണനാവകാശ സംരക്ഷണത്തിനായി നിയനിര്‍മ്മാണം ഉണ്ടാകണമെന്നുമൊക്കെയാണ് ഒരു "രഹസ്യ കരാറിലൂടെ" ഫീഫ സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നത്. കേട്ടാല്‍ ആത്മാഭിമാനവും പരമാധികാരബോധവുമുള്ള  ഏതൊരു ഭരണകൂടത്തിനും പരസ്യമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യവസ്ഥകളാണിവ - അതുകൊണ്ടൊക്കെയാണ്  ഈ കരാര്‍ രഹസ്യമായിരിക്കുന്നത്. ഇതുവരെയുള്ള ലോകകപ്പുകളെല്ലാം (ഒരു പക്ഷേ ഒളിമ്പിക്സ് പോലും) ഇത്തരം വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുതന്നെയാവും നടന്നിരിക്കുക. ഇത്തവണ പക്ഷേ ആ രഹസ്യം പൊളിഞ്ഞു. ആദ്യം ഹോളണ്ടിലെയും പിന്നീട് ഇംഗ്ലണ്ടിലെയും മാധ്യമങ്ങള്‍ ഈ കരാര്‍ ചോര്‍ത്തിയെടുത്തു പ്രസിദ്ധീകരിക്കുകയും അവിടങ്ങളിലെ സാമാജികരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെ ഫീഫ പ്രശ്നം മണത്തു.  2018 ആകുമ്പോളേക്കും ചോദ്യങ്ങള്‍ക്ക് മൂര്‍ച്ച കൂടും, സാമാജികരുടെ പ്രതിഷേധം വര്‍ദ്ധിക്കും, ഫീഫയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിയമനിര്‍മ്മാണം ഉണ്ടാകും, ഫീഫയുടെ പരമാധികാരവും വരുമാനവും ബാധിക്കപ്പെടും, സര്‍ക്കാരുകള്‍ കനിഞ്ഞു നല്‍കുന്ന ഔദാര്യം കൊണ്ടു തൃപ്തിപ്പെടേണ്ടി വരും. പിന്നീടൊരിക്കലും സംഗതി അവരുടെ പിടിയിലേക്ക് തിരിച്ചുവരില്ല. എന്തിനു വെറുതേ റിസ്ക്‌ എടുക്കണം! ഹോളണ്ടും ഇംഗ്ലണ്ടും അതോടെ പുറത്ത്. പിന്നെയുള്ളത്തില്‍ ഒന്ന് സ്പെയിന്‍-പോര്‍ച്ചുഗല്‍ സഖ്യമാണ് - സാമ്പത്തികമായി ഇപ്പോഴേ കൈയും കാലും തണ്ടലും ഒടിഞ്ഞു കിടക്കുന്ന രാജ്യങ്ങള്‍ (2018 ല്‍ എന്താകുമോ ഗതി). ഇനി ബാക്കിയുള്ളത് റഷ്യ മാത്രം - അവര്‍ക്ക് ഫീഫയുടെ നിബന്ധനകള്‍ ഒരു പ്രശ്നമേയല്ല. ഫലമോ, രണ്ട് റൌണ്ടിനുള്ളില്‍ റഷ്യ ജയിച്ചു!

2022ന്റെ അവകാശത്തിനുള്ള വോട്ടെടുപ്പില്‍ അമേരിക്ക പരാജയപ്പെടാനുള്ള കാരണങ്ങളും മേല്‍പ്പറഞ്ഞതു തന്നെ. ഇതുപോലൊരു തോല്‍വി രണ്ട് വര്‍ഷം മുന്‍പും അമേരിക്കയ്ക്ക് വന്നുപെട്ടിരുന്നതിനാല്‍ ഇത്തവണ അവര്‍ക്ക് വലിയ ആശ്ചര്യമൊന്നും തോന്നിയിരിക്കില്ല. അന്നവര്‍ തോറ്റത് 2016ലെ ഒളിമ്പിക്സിനുള്ള വോട്ടില്‍ ആയിരുന്നു. ബാരാക് ഒബാമയ്ക്ക് ലോകത്തു മിക്കയിടത്തും ഒരു വിശുദ്ധന്റെ പരിവേഷമുണ്ടായിരുന്ന കാലത്ത് അദ്ദേഹം നേരിട്ട് വോട്ടുപിടിത്തം നടത്തിയിട്ടുപോലും 115ല്‍ വെറും 18 വോട്ടുമാത്രം നേടി ആദ്യ റൌണ്ടില്‍ത്തന്നെ അമേരിക്ക (ചിക്കാഗോ) പുറത്തായി. "അമേരിക്കയ്ക്ക് ഒളിമ്പിക്സ് കിട്ടിയാല്‍ നിങ്ങളുടെ നാട്ടിലുള്ളവര്‍ക്ക് അവിടെപ്പോയി കാണാന്‍ പറ്റുമോ?" എന്ന ഒറ്റ ചോദ്യമാണ് പല വോട്ടുകളും മറിച്ചത് , എന്നാണ് കിംവദന്തി. 1994ല്‍ ഫുട്ബോള്‍ ലോകകപ്പ് നടത്തിയ രാജ്യമാണെങ്കിലും മാറിയ സാഹചര്യത്തില്‍ ഫീഫയുടെ (മേല്‍പ്പറഞ്ഞ) വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ മാമാങ്കം നടത്തുവാന്‍ അവര്‍ തയ്യാറാകുമോ എന്ന സംശയം തീര്‍ച്ചയായും എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉണ്ടായിക്കാണും (വിസ നിയമങ്ങളും പണം കൈമാറ്റം ചെയ്യുന്നതിലെ നിയന്ത്രണങ്ങളും വളരെ കര്‍ശനമാണ് , ഇപ്പോള്‍ അമേരിക്കയില്‍). ഈ കാരണങ്ങള്‍ കൊണ്ടാണ് അവര്‍ക്കെതിരെ (ഖത്തറിനു അനുകൂലമായിട്ടല്ല) എക്സിക്യൂട്ടീവ് കമ്മിറ്റി വോട്ട് ചെയ്തത്.

"ഇതിലിത്ര സന്തോഷിക്കാന്‍ എന്തിരിക്കുന്നു? അഴിമതിക്കെതിരെ നിലകൊണ്ടതിന്റെ പേരില്‍ വന്നുപെടുന്ന തോല്‍വി ഒരു തോല്‍വിയേ അല്ല" എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ ഒരു കാര്യം ഓര്‍ക്കണം.  ഭരണാധികാരികളെ സ്വാധീനിക്കാന്‍ വേണ്ടി പണവും നയതന്ത്ര ബന്ധങ്ങളും രാഷ്ട്രീയവും മാധ്യമങ്ങളും  പാര്‍ലമെന്ററി വോട്ടുകളും ഉപയോഗിച്ചു സമ്മര്‍ദ്ദം ചെലുത്തുന്ന, "ലോബ്ബിയിസ്റ്റ് " എന്ന ഓമനപ്പേരുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമസാധുതയുള്ള നാടുകളാണ് ബ്രിട്ടനും അമേരിക്കയും. രാഷ്ട്രീയക്കാര്‍ക്കും, രാഷ്ട്രീയ കക്ഷികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ മുറയ്ക്ക് പണം കൊടുത്തിട്ടു തന്നെയാണ് ലോബ്ബിയിസ്റ്റുകള്‍ കാര്യം നേടുന്നത്. എന്തിനേറെ പറയുന്നു - ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ഒരു ലക്ഷം കോടിയോളം ഡോളര്‍ (ഒന്നിന് പിറകെ പന്ത്രണ്ടു പൂജ്യങ്ങളുള്ള അക്കം) ആണ് ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പൊതു ഖജനാവില്‍ നിന്ന് സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് മറിച്ചത്. ഫീഫയുടെ അഴിമതി ആ നിലവാരത്തോളം എത്തണമെങ്കില്‍ അവര്‍ കുറഞ്ഞത്‌ അയ്യായിരം ലോകകപ്പുകള്‍ നടത്തണം! മുഖത്തു തേക്കിന്‍തടി വീണുകിടക്കുന്നവനാണ് ഇവിടെ കണ്ണില്‍ കരടുള്ളവനെ നോക്കി ആക്രോശിക്കുന്നത്.

ഉള്ളത് പറയണമല്ലോ - അമേരിക്കയിലാരും ലോകകപ്പ് നഷ്ടപ്പെട്ടെന്നോര്‍ത്ത് വഴിവക്കത്തിരുന്നു കരയുന്നൊന്നുമില്ല. അവിടെ സോക്കര്‍ എന്ന കളി സ്കൂളില്‍ പഠിക്കുന്ന പെണ്‍പിള്ളേര്‍ വാരാന്ത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സാദാ വിനോദമാണ്‌ (ഇപ്പോള്‍ പ്രൊഫെഷണല്‍ ലീഗ് ഉണ്ടെന്നു വിസ്മരിച്ചുകൊണ്ടല്ല, ഈ പറയുന്നത്). സോക്കറിനുള്ളതിന്റെ പത്തിരട്ടി ആരാധകര്‍ സാറാ പെയ്ലിനു കാണും - പാരിസ് ഹില്‍ട്ടനുപോലും സോക്കറിനേക്കാള്‍ ജനപ്രീതിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്.

ഇനി ഖത്തറിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചു പറയാം. ഏതൊരു രാജ്യത്തും പാശ്ചാത്യ രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായ നിയമങ്ങളുണ്ടാകാം -അതിന്റെയര്‍ത്ഥം അവിടത്തുക്കാര്‍ പ്രാകൃതരാണെന്നല്ല. മറിച്ചും അങ്ങനെ തന്നെ. ഖത്തറില്‍ ഒരു പിതാവിന് സ്വന്തം മകനെ അടിക്കാം - അമേരിക്കയില്‍ അത് ചെയ്‌താല്‍ ചിലപ്പോള്‍ അഴിയെണ്ണേണ്ടി വരും. ഇന്ത്യയില്‍ വഴിയോരത്തെ ഇറച്ചി വില്‍പ്പനക്കാരന്‍ ജീവനുള്ള കോഴിയെ പരസ്യമായി കശാപ്പു ചെയ്യുന്നതില്‍ യാതൊരു തടസ്സവുമില്ല - ബ്രിട്ടനില്‍ അത് ഗുരുതരമായ കുറ്റമാണ്. ഇറാനിലുള്ളപ്പോള്‍ ജൂതന്മാരെ അവഹേളിച്ചു സംസാരിച്ചാല്‍ ഒരു കുഴപ്പവുമില്ലായിരിക്കാം - അമേരിക്കയില്‍ വന്ന്‌ അത് ചെയ്‌താല്‍ പിന്നെ മിക്കവാറും അവന്‍ വെയില്‍ കാണില്ല. ഓരോ രാജ്യങ്ങളിലും നിയമങ്ങളും മൂല്യങ്ങളും വ്യത്യസ്തമാണ് - അതനുസരിച്ച് അടങ്ങിയൊതുങ്ങി കഴിയുകയേ നിവൃത്തിയുള്ളൂ.

ഖത്തറിലെ ചൂടിന്റെ പ്രശ്നം ഫീഫയുടെ സാങ്കേതിക മൂല്യനിര്‍ണയസമിതി തന്നെ ഒരു പോരായ്മയായി ചൂണ്ടിക്കാണിച്ചതാണ്. പക്ഷേ നല്ലൊരു രൂപകല്പനയിലൂടെ മറികടക്കാനാകാത്ത പ്രശ്നമൊന്നുമല്ല അതെന്ന് എനിക്കു തോന്നുന്നു (സ്റ്റേഡിയത്തിന്റെ അകത്തെ ചൂടിന്റെ കാര്യമാണ് കേട്ടോ - പുറത്തെ ചൂട് അനുഭവിക്കുകയേ തരമുള്ളൂ). ഒന്നുമില്ലെങ്കിലും തണുത്ത വായു താഴെത്തന്നെയല്ലേ കിടക്കൂ - മുകളിലേക്ക് തനിയെ പൊങ്ങി പോകുകയില്ലല്ലോ. 3D Fluid Dynamics simulationന്  പറ്റിയ സോഫ്റ്റ്‌വെയര്‍ ധാരാളം ഉള്ള കാലമാണല്ലോ ഇത്. അകത്തെ തണുത്ത വായു പുറത്തുകടക്കാത്ത തരത്തില്‍ വായുസഞ്ചാരം ക്രമീകരിച്ച ഒരു തുറന്ന സ്റ്റേഡിയം ഡിസൈന്‍ ചെയ്യാന്‍ മിടുക്കന്മാരായ എന്‍ജിനീയര്‍മാര്‍ക്ക് സാധിക്കേണ്ടതാണ്‌.

എന്തായാലും "ഞങ്ങള്‍ വിചാരിച്ചാല്‍ എന്തും നടക്കും" എന്ന അഹങ്കാരം ഇങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ പൊട്ടി പാളീസാകുന്നത് കാണാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അമേരിക്കയോടും  ഇംഗ്ലണ്ടിനോടും വളരെയധികം ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഞാന്‍ ഇതു പറയുന്നത്. ഖത്തറിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ മുഹൂര്‍ത്തമാണ് ഇതെന്നും ഈ മുഹൂര്‍ത്തത്തെ വെല്ലുംവിധമുള്ള  ഒരു ഫുട്ബോള്‍ വസന്തമായിരിക്കും 2022ല്‍ വരികയെന്നും ഞാന്‍ വിശ്വസിക്കുന്നു. വിജയകരമായ ലോകകപ്പ് നടത്തിപ്പിന് ഖത്തറിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഈ നിസ്സാരനായ ഫുട്ബോള്‍ പ്രേമിയുടെ മംഗളാശംസകള്‍!


*************************************
പിന്‍കുറിപ്പ്: ഈ ജേര്‍ണലിസം എന്നുമുതലാണ് ഇത്രകണ്ട് തരം താഴ്ന്നത്? എന്തൊക്കെ കോപ്രായമാണ് ആ ബിബിസി ജേര്‍ണലിസ്റ്റ് കാട്ടിക്കൂട്ടിയത്? ജനാധിപത്യ വ്യവസ്ഥിതിയുടെ നടത്തിപ്പിന് (ചിലരുടെ അഭിപ്രായത്തില്‍ നിലനില്‍പ്പിനു തന്നെ) ആവശ്യമായ ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക്  "ഫോര്‍ത്ത് എസ്റ്റേറ്റ്‌" എന്ന് സ്വയം അവരോധിതരായ വാര്‍ത്താമാധ്യമത്തിലെ  ഒരു പ്രഫെഷനലിനു ചേര്‍ന്ന ഒരു പെരുമാറ്റമായി എനിക്കു  തോന്നിയില്ല അത്.

ഏതു കുഗ്രാമാത്തിലെയും എട്ടാം ക്ലാസ് പാസ്സായ DTP ഓപ്പറേട്ടര്‍ക്ക് അര മണിക്കൂര്‍ കൊണ്ട് അച്ചടിച്ചിറക്കാവുന്ന ഒരു സ്പ്രെഡ് ഷീറ്റാണ് അദ്ദേഹത്തിന്റെ കൈയ്യിലെ ഭയങ്കര തെളിവ്. ഒരു ലെറ്റര്‍ ഹെഡ്ഡിലൊന്നുമല്ല അദ്ദേഹത്തിന്റെ "തെളിവ്" കിടക്കുന്നത് - വെറുമൊരു വെള്ളക്കടലാസില്‍. "വിശ്വസനീയമായ ഉറവിടം" എന്ന് സായിപ്പ് ഗീര്‍വാണം വിടുന്നതല്ലാതെ അതിന്റെ ആധികാരികതയെപ്പറ്റി ഒരക്ഷരം പറയുന്നില്ല. എന്നിട്ടോ? നാലുപാടും ഓടിനടന്നു ആള്‍ക്കാരുടെ മുഖത്തു നോക്കി അസംബന്ധം വിളിച്ചു കൂവുക. ഇതാണോ ഇന്‍വെസ്റ്റിഗേറ്റീവ്  ജേര്‍ണലിസത്തിന്റെ ഇപ്പോഴത്തെ നിലവാരം? കൈയ്യിലുള്ള രേഖ ആധികാരികമാണെന്നു വിശ്വാസമുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിക്കുകയേ വേണ്ടൂ (വിക്കിലീക്സിന്റെ കാര്യം നോക്കുക) ഇങ്ങനെ ഒളിച്ചിരുന്നും ഓടിച്ചിട്ടും ആക്രമിക്കേണ്ട കാര്യമില്ല. ഈ കക്ഷികള്‍ കുറ്റക്കാരായാലും അല്ലെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരോട് പ്രഫെഷനല്‍ ആയി ഇടപെടാന്‍ സാധിക്കണം. ഇതൊരു തറ പരിപാടിയായിപ്പോയി.

15 comments:

  1. കുറച്ചു പഴയ വിഷയമാണ്. എഴുതിവെച്ചിട്ട് കുറെ നാളായി - രണ്ടാമതൊന്നു വായിക്കാന്‍ നേരം കിട്ടാഞ്ഞതിനാല്‍ പ്രസിദ്ധീകരിക്കാന്‍ വൈകി.

    ReplyDelete
  2. നല്ല പോലെ റഫര്‍ ചെയ്ത് എഴുതിയ ലേഖനം. കാര്യങ്ങളുടെ ഉള്ളുകള്ളികളിലെക്ക് ഇറങ്ങുന്നു.
    ഈ ലോകക്കപ്പിനെ കുറിച്ച് എനിക്ക് വലിയ വിവരമൊന്നുമില്ല. പക്ഷെ ഒളിംപിക്സ് കഴിഞ്ഞ ശേഷം ചൈന അഭിമുഖീകരിക്കേണ്ടിവന്ന ചില കാര്യങ്ങള്‍ ഓര്‍ത്തുപോവുന്നു. ഒരു പരിപാടിക്ക്‌ വേണ്ടി കോടികള്‍ മുടക്കി ഉണ്ടാക്കുന്ന സ്റ്റേഡിയങ്ങള്‍ മുതലാവാന്‍ കാലങ്ങള്‍ എടുക്കും. അതിന്റെ മെയിന്റനന്‍സ് തന്നെ ഒരു ഭാരമായിരിക്കും എന്നൊക്കെ വായിച്ചത് ഓര്‍ക്കുന്നു. ആതിഥേയ രാജ്യത്തിനു ടൂറിസം അല്ലാതെ എന്താണു ഇതിന്റെ ഗുണം എന്ന് എനിക്കറിയില്ല. പക്ഷെ പട്ടിണിക്കാരുള്ള നാടുകള്‍ പോലും കോടികള്‍ പൊടിച്ച് കായിക മാമാങ്കങ്ങള്‍ നടത്തുന്നത്‌ ഞാന്‍ നല്ല ലക്ഷണമായി കാണുന്നില്ല.

    ReplyDelete
  3. നല്ല ലേഖനം ....വളരെ നന്നായിരിക്കുന്നു ...

    ReplyDelete
  4. വളരെ വിശകലനം ചെയ്തു മേന്മയോടെ എഴുതിയ പോസ്റ്റ്‌!
    എന്ത് കൊണ്ട് ഖത്തര്‍ എന്നല്ല; എന്തുകൊണ്ട് ഖത്തറിനു പാടില്ല? എന്നതാണ് വിഷയം.
    നമ്മുടെ ചിന്തയും എണ്ണയും സമ്പത്തും പാശ്ചാത്യര്‍ക്ക് തീറെഴുതികൊടുക്കണം എന്നാണല്ലോ അവരുടെ ആവശ്യം.
    നല്ല ലേഖനം.
    ഖത്തറില്‍ നിന്ന്
    ഇസ്മയില്‍ കുറുമ്പടി

    ReplyDelete
  5. എഴുത്തു കണ്ടിട്ട് ആള് അത്ര "കൊച്ചു "കൊചീച്ചി"
    ഒന്നും അല്ല കേട്ടോ ..:)
    ഇമ്മിണി വല്യ കൊച്ചീച്ചി തന്നെ ..

    ReplyDelete
  6. നല്ല ലേഖനം...
    നന്നായി എഴുതിയിരിക്കുന്നു...



    -----------------
    ഞാനും ഖത്തറിലാണേ...

    ReplyDelete
  7. ഹഫീസ് : നന്ദി. താങ്കളുടെ ചിന്തകളെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട് (കുറച്ചു നീണ്ടതാണ്, അതാണിവിടെ ചേര്‍ക്കാഞ്ഞത്).
    ഫൈസു: വളരെ നന്ദി.
    ഇസ്മായില്‍: ചിന്തകളൊക്കെ ഏറെക്കുറെ പാശ്ചാത്യരീതിയിലേക്ക് രൂപപ്പെടുത്തിയെടുക്കുവാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടല്ലോ :) നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ!
    രമേശ്‌: ഓ, ഞാന്‍ അത്ര വലുതൊന്നുമല്ലെന്നേ! ഗാലറിയിലല്ല കളത്തിലാണെന്ന വ്യത്യാസമേ ഉള്ളൂ - ആള്‍ വാലറ്റക്കാരന്‍ തന്നെ. ജേര്‍ണലിസത്തെപ്പറ്റി ഞാന്‍ എഴുതിയതിനെക്കുറിച്ച് രമേശ്‌ എന്തെങ്കിലും പറയുമെന്നാണ് പ്രതീക്ഷിച്ചത്.
    റിയാസ്: നന്ദി. വീണ്ടും വരിക.

    ReplyDelete
  8. ഉഗ്രന്‍ ലേഖനം...ഖത്തറിലെ ഒരു ഇന്ത്യന്‍ പ്രവാസി എന്നാ നിലക്ക്, ഞാന്‍ ഖത്തറിന്റെ ഈ വിജയത്തില്‍ അഭിമാനിക്കുന്നു...പന്ത്രണ്ടു കൊല്ലം കൂടി ഇവിടെ പിടിച്ചു നില്‍ക്കാനും, കുറച്ചു സുഹൃത്തുക്കള്‍ക്ക് ആതിഥേയത്വം വഹിക്കാനും ഒരുപാട് ആഗ്രഹിക്കുകയും ചെയ്യുന്നു....
    കൊച്ചീച്ചി പറഞ്ഞ പോലെ, നാച്വറല്‍ കൂളിംഗ് ഉള്ള ഒരു സ്റ്റേഡിയം ഇപ്പോത്തന്നെ ഇവിടെയുണ്ട്...അല്‍ സദ്ദ് സ്റ്റേഡിയം...ഇന്നലെ തിരി തെളിഞ്ഞ ഏഷ്യന്‍ ഗെയിംസ് ഫുട്ട്ബോളിന്റെ ഒരു വെന്യു ഇതാണ്...

    ReplyDelete
  9. സന്തോഷം, ചാണ്ടീ. ഇനിയും വരുമല്ലോ.

    ReplyDelete
  10. ഇത് കലക്കി.
    കാര്യങ്ങളെക്കുറിച്ച് മുഴുവൻ അറിയില്ലെങ്കിലും ഏതാണ്ട് വാലറ്റം മാതിരി ഞാനും കുറച്ച് വായിയ്ക്കുകയും ടി വി കാണുകയും ചെയ്തിരുന്നു.
    ഇത് ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങൾ.

    ReplyDelete
  11. ബിജു, എച്ച്മുക്കുട്ടി - വളരെ നന്ദി.

    ReplyDelete
  12. ഞാനിത് പോസ്ട്ടിയപ്പോഴേ വായിച്ചു..ഒരു നല്ല കമെന്റ് എഴുതാന്‍ മാത്രം ഇക്കാര്യത്തില്‍ അറിവില്ല..പിന്നെ ലേഖനം പുതിയ അറിവുകള്‍ സമ്മാനിച്ചു..ഇത്രടം വന്നിരുന്നു എന്നറിയിക്കാന്‍ വൈകിവന്നു വീണ്ടും...

    ReplyDelete
  13. കൊച്ചിന്റെ ലേഖനം കൊച്ചല്ല, നല്ല പക്വതയുള്ളത്

    ReplyDelete
  14. ബിബിസിയെപ്പറ്റി ഉണ്ടായിരുന്ന നല്ല അഭിപ്രായമൊക്കെ ഇപ്പോഴത്തെ ബഹറിന്‍ ക്രൈസിസ് റിപ്പോര്‍ട്ടിംഗ് കണ്ടപ്പോള്‍ ആവിയായിപ്പോയി.

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ