ഈ സ്വപ്നത്തിന്റെ ചിറകിലേറിയാണ് അമേരിക്ക വാനോളവും വാനത്തിനപ്പുറവും പറന്നുയര്‍ന്നത്. ഭൂമിയോളം പരന്നുകിടക്കുന്ന കോര്‍പ്പറേറ്റ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. ആ സാമ്രാജ്യം സംരക്ഷിക്കാനുള്ള സൈനികബലവും രാഷ്ട്രീയ സ്വാധീനവും ആര്‍ജ്ജിച്ചത്. ശക്തരും ബുദ്ധിമാന്‍മാരും വിഭവസമൃദ്ധരുമായ സഖാക്കളെ നേടിയെടുത്തത്. കമ്മ്യൂണിസത്തിന്റെ ഉരുക്കുകോട്ട തകര്‍ത്തെറിയാനുള്ള കൌശലവും കരുത്തും ആര്‍ജ്ജിച്ചത്. അവര്‍ തീര്‍ത്ത കലോല്പന്നങ്ങള്‍ക്ക് (സിനിമ, സംഗീതം, ടെലിവിഷന്‍ പരിപാടികള്‍) ലോകമെമ്പാടും സ്വീകാര്യത നേടിയത്. എല്ലാത്തിലൂം ഉപരിയായി, ലോകമെമ്പാടുമുള്ള സമ്പന്നവര്‍ഗ്ഗം കാംക്ഷിക്കുന്ന സമൂഹജീവിതം 'അമേരിക്കന്‍ രീതി'യുമായി ചേര്‍ത്തുനിര്‍ത്തും വിധം അവരുടെ ചിന്തയെ സ്വാധീനിക്കാന്‍ കഴിഞ്ഞത്.
ആ അമേരിക്ക ഇന്നൊരു പ്രതിസന്ധിയിലാണ്. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ ഇത്രകണ്ട് ധ്രുവീകൃതവും വിദ്വേഷഭരിതവുമായ ഒരു കാലമില്ല. പലയിടങ്ങളിലും അമേരിക്ക തീറ്റിപ്പോറ്റിയിരുന്ന, അമേരിക്കയുടെ പിന്‍ബലത്താല്‍ മാത്രം നിലനിന്നിരുന്ന ഭരണകൂടപ്പാവകള്‍ ഇന്ന് ചൊല്‍പ്പടിക്കു നില്‍ക്കാത്ത നിഷേധികളായിരിക്കുന്നു. ചൈനയുടേയോ റഷ്യയുടേയോ ഗൂഢപിന്തുണയുണ്ടെങ്കില്‍ വടക്കന്‍ കൊറിയയേപ്പോലെയോ ബര്‍മയേപ്പോലെയോ ഉള്ള പീക്കിരി രാജ്യങ്ങള്‍ പോലും തോന്ന്യാസം കാട്ടാന്‍ ധൈര്യപ്പെടുന്നു. സഖ്യകക്ഷികള്‍ക്ക് അര്‍പ്പണബോധവും പ്രതിജ്ഞാബദ്ധതയും ഇല്ലാത്തതുകൊണ്ട് നാറ്റോയ്ക്ക് ഇരുണ്ട അല്ലെങ്കില്‍ അശുഭകരമായ ഭാവിയാണ് മുന്നിലുള്ളതെന്ന് സ്ഥാനമൊഴിഞ്ഞ രാജ്യരക്ഷാസെക്രട്ടറിയും പെന്റഗണ്‍ മേധാവിയുമായിരുന്ന റോബര്‍ട്ട് ഗേറ്റ്സ് പറയുന്നു. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതികരംഗത്തെ മേധാവിത്വത്തിന്റെ പ്രതീകമായ ബഹിരാകാശദൌത്യ-ഗവേഷണം അറ്റ്ലാന്റിസിന്റെ അവസാന യാത്രയോടെ ഇക്കഴിഞ്ഞ ജൂലായ് 21ന് അവസാനിപ്പിച്ചു. ശതകോടിക്കണക്കിന് ഡോളര്‍ മൂലധനം ഓരോ വര്‍ഷവും അമേരിക്കയില്‍നിന്ന് ചൈനയിലേയ്ക്കും, ഇന്ത്യയിലേയ്ക്കും, ബ്രസീലിലേയ്ക്കും, വിയറ്റ്നാമിലേയ്ക്കും, തായ്ലന്റിലേയ്ക്കും, മലേഷ്യയിലേയ്ക്കുമൊക്കെ ഒഴുകിക്കൊണ്ടിരിക്കുന്നു. മൂന്നാം ലോക രാഷ്ട്രങ്ങളിലേയ്ക്ക് പറിച്ചുനടപ്പെട്ട വ്യവസായശാലകളില്‍ പണ്ട് ജോലിചെയ്ത് സര്‍ക്കാരിലേയ്ക്ക് നികുതിയടച്ചിരുന്നവര്‍ ഇന്ന് സര്‍ക്കാരില്‍നിന്ന് തൊഴിലില്ലായ്മവേതനവും സാമൂഹ്യസുരക്ഷാവേതനവും പറ്റിക്കൊണ്ട് സര്‍ക്കാരിന് വന്‍ ബാധ്യതയായിരിക്കുന്നു. പക്ഷേ ഈ വലിയ പ്രശ്നങ്ങളേപ്പോലും തമസ്കരിക്കുന്ന അതിഭീമമായ ഒരു ദുരന്തത്തെയാണ് അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്നത് - പതിന്നാലു ട്രില്ല്യണ്‍ ഡോളര്‍ ദേശീയ കടവും അതിന്റെ മൂന്നിരട്ടിയോളം വരുന്ന നീക്കിയിരുപ്പില്ലാത്ത ചിലവുകളും (unfunded liabilities) ഉള്‍പ്പെടേയുള്ള അറുപത്തിരണ്ടു ട്രില്ല്യണ്‍ ഡോളറിന്റെ (62,000,000,000,000) ബാധ്യത!
ഇക്കഴിഞ്ഞ ജൂലായ് മാസം മുഴുവന്‍ അമേരിക്കന്‍ രാഷ്ട്രീയത്തെ ആകമാനം ഗ്രസിച്ച ഒരു പ്രതിസന്ധിയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വായ്പാപരിധി ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണ നടപടികള്‍. രാഷ്ട്രീയ ചര്‍ച്ചകള്‍ രാജ്യത്തെ ഏതാണ്ട് അത്യാഹിതത്തിന്റെ വക്കോളമെത്തിച്ച ശേഷമാണ് ഒരു ട്രില്ല്യണ്‍ ഡോളറോളം കടം വാങ്ങാനുള്ള നടപടി പാസ്സായത്. ഈ സാഹചര്യത്തില്‍ പുറത്തിറങ്ങിയ അസംഖ്യം ലേഖനങ്ങളില്‍നിന്നാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ശോചനീയാവസ്ഥയും അതിനുള്ള കാരണങ്ങളും ലോകത്തിനു മുമ്പില്‍ വെളിപ്പെടുന്നത്.
അമേരിക്കയുടെ 2011ലെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളുടെ രേഖകള്‍ നോക്കിയാല്‍ സര്‍ക്കാരിന്റെ വഴിവിട്ട ചിലവുകളുടെ സ്വഭാവം വ്യക്തമാകുന്നുണ്ട്.

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം അമേരിക്കന്‍ സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍നിന്ന് എടുത്തതാണ്. അതനുസരിച്ച്, 2011ല്‍ മൊത്തം രണ്ടര ട്രില്യണ്‍ ഡോളറിന്റെ വരവും 3.8 ട്രില്യണ്‍ ഡോളറിന്റെ ചിലവുമാണ് പ്രതീക്ഷിക്കുന്നത്. അതായത് ഈയൊരൊറ്റ വര്‍ഷം ഒന്നേകാല്‍ ട്രില്യണ്‍ ഡോളറിന്റെ കടബാദ്ധ്യത സര്‍ക്കാര്‍ വരുത്തിവെച്ചു, എന്നര്‍ത്ഥം. സര്‍ക്കാരിന്റെ മൊത്തം ചിലവിന്റെ മൂന്നിലൊന്ന് കടം വാങ്ങിയ പണം കൊണ്ടാണ് മുട്ടിച്ചുകൊണ്ടുപോകുന്നത് എന്നും ഇതില്‍നിന്നു മനസ്സിലാക്കാം. ഒബാമ ഭരിച്ച മൂന്നുവര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വരുത്തിവെച്ച കടം നാലേകാല്‍ ട്രില്യണ്‍ ഡോളര്‍, അതായത് 2011ലെ മൊത്തം നികുതിവരുമാനത്തിന്റെ 1.7 മടങ്ങ്. ഇനിയൊന്നാലോചിച്ചുനോക്കൂ. ഒമ്പതിനായിരം രൂപ വീട്ടുചിലവുള്ളവന്‍ മാസാമാസം മൂവായിരം രൂപാ കടം വാങ്ങിക്കൊണ്ടിരുന്നാല്‍ എങ്ങിനെയുണ്ടാകും? അങ്ങനെ മൂന്നുവര്‍ഷം തുടര്‍ച്ചയായി ചെയ്യുന്നവനെ നമ്മളെന്താണു വിളിക്കുക?
ഇനി ഈ പണമെല്ലാം എവിടെയെല്ലാമാണ് കൊണ്ടുപോയി മുക്കിക്കളയുന്നതെന്നു നോക്കാം.

ബജറ്റിലെ അഞ്ച് ഇനങ്ങളാണ് എണ്‍പതു ശതമാനം ചിലവിനും നിദാനം. സാമൂഹിക സുരക്ഷ (വൃദ്ധര്‍, വികലാങ്കര്‍, മാറാരോഗികള്‍, അനാഥരായ കുട്ടികള്‍ എന്നിവര്‍ക്കുള്ള അലവന്‍സ്), സൈനികച്ചിലവുകള്‍, തൊഴിലില്ലായ്മ വേതനം/ദരിദ്രര്‍ക്കുവേണ്ടിയുള്ള പരിപാടികളുടെ ചിലവ്, പൊതുജനാരോഗ്യ പരിപാടികള്‍ (ആശുപത്രികള്‍, മരുന്ന് എന്നിവ), കടത്തിന്‍മേലുള്ള വാര്‍ഷിക പലിശ എന്നിവയാണവ. മുടക്കുമുതലിന് യാതൊരു മിച്ചവും കിട്ടാത്ത ഇനങ്ങളിലാണ് മിക്ക ചിലവുകളും, എന്നര്‍ത്ഥം.
വര്‍ഷത്തില്‍ രണ്ടര ട്രില്യണ്‍ ഡോളര്‍ വരുമാനമുള്ള സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ ആപ്പീസുകളും അടച്ചുപൂട്ടി, ഒറ്റ സെന്റുപോലും ചിലവാക്കാതെ, എല്ലാ പണവും കടം വീട്ടാനായി നീക്കിവെക്കുകയാണെന്നിരിക്കട്ടെ. ഇന്നത്തെ ശരാശരി ബോണ്ട് നിരക്കായ രണ്ടര ശതമാനം പലിശ വച്ചു കണക്കാക്കിയാല്‍ അറുപത്തിരണ്ടു ട്രില്യണ്‍ അടച്ചുതീര്‍ക്കാന്‍ ഏതാണ്ട് നാല്പതു വര്‍ഷമെടുക്കും. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു സര്‍വീസ് ജീവിതത്തിലെ മൊത്തം ശമ്പളം കുറിക്കമ്പനിക്കു കൊടുത്താലേ കടം വീടുകയുള്ളൂ. കടം വീട്ടാന്‍ വൈകുന്ന ഒരോവര്‍ഷവും ബാക്കിയുള്ള തുകയുടെ കൂട്ടുപലിശകൂടി അടച്ചുകൊണ്ടിരിക്കണമെന്നും ഓര്‍ക്കുക. അല്പം കൂടി പ്രായോഗികമായി ചിന്തിച്ചാല്‍, ബജറ്റില്‍ മിച്ചം വരുന്ന പണം കൊണ്ട് ഈ കടം മുഴുവന്‍ അടച്ചുതീര്‍ക്കാന്‍ നൂറ്റാണ്ടുകളെടുക്കും.
ഇപ്പോഴത്തെ മിനിമം പരിപാടിയായ "കമ്മിയില്ലാ ബജറ്റ്" എന്ന ലക്ഷ്യമാണ് കുറച്ചുകൂടി എളുപ്പം നേടാവുന്നത്. അതിനുപോലും ചിലവ് മൂന്നിലൊന്നു കുറയ്ക്കണം. വടക്കും തെക്കും സഖ്യരാജ്യങ്ങളുള്ള, കിഴക്കും പടിഞ്ഞാറും മഹാസമുദ്രങ്ങളാല്‍ സംരക്ഷിക്കപ്പെട്ട, അതിവിപുലമായ മിസൈല്‍വിന്യാസം സ്വന്തമായുള്ള അമേരിക്കയ്ക്ക് ഓരോ വര്‍ഷവും എഴുന്നൂറില്‍പരം ബില്യണ്‍ ഡോളര്‍ സൈനികച്ചിലവുകള്‍ക്കായി നീക്കിവെയ്ക്കേണ്ട കാര്യമില്ല. രണ്ടാമതായി ചെയ്യേണ്ടത്, കൂടുതല്‍പേര്‍ക്ക് ജോലിലഭിക്കാനുതകുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ആഗോളവത്കരണംകൊണ്ടുള്ള പ്രതികൂലാവസ്ഥ ഏറ്റവുമധികം നേരിടേണ്ടി വന്നത് അമേരിക്കന്‍ തൊഴിലാളിക്കാണ്. അവിടുത്തെ വ്യാവസായികോല്‍പാദന മേഖല ഏറെക്കുറെ മുഴുവനായി പുറംരാജ്യങ്ങളിലേയ്ക്കു പറിച്ചുനടപ്പെട്ടു കഴിഞ്ഞു. സര്‍വീസ് മേഖലയും ഇപ്പോള്‍ ഇന്ത്യ, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് നാടുകടത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉന്നതനിലവാരത്തിലുള്ള ഗവേഷണം ആവശ്യമുള്ള ചുരുങ്ങിയ മേഖലകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കുമാത്രം തൊഴില്‍ ലഭിക്കാവുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈ രണ്ടു സ്ഥിതിവിശേഷങ്ങളും മാറണം. ദൂരദേശങ്ങളില്‍ അനാവശ്യമായ അവസാനമില്ലാത്ത യുദ്ധങ്ങളിലേര്‍പ്പെട്ട് പണം പുകച്ചുകളയുന്നതും കോര്‍പ്പറേറ്റ് മുതലാളിമാരുടെ ലാഭത്തിനു മാത്രം വേണ്ടി രാജ്യത്തിന്റെ അമൂല്യമായ വ്യാവസായികാസ്തി പുറം രാജ്യങ്ങളിലേയ്ക്ക് കയറ്റിയയയ്ക്കുന്നതും ക്രമേണ നിര്‍ത്തലാക്കണം. ക്ഷേമപരിപാടികള്‍ ആവശ്യപ്പെടുന്നവര്‍ കുറയുകയും ടാക്സ് വരുമാനം കൂടുകയും ചെയ്യണമെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക അത്യന്താപേക്ഷിതമാണ്. പക്ഷേ വേണ്ടതു ചെയ്യാനുള്ള ഇച്ഛാശക്തിയും സൈദ്ധാന്തിക നിലപാടും രാജ്യത്തെ രണ്ടു രാഷ്ട്രീയകക്ഷികള്‍ക്കും ഇല്ലെന്ന സ്ഥിതിവിശേഷമാണുള്ളത്.
ഈ പറഞ്ഞത് തറവാട്ടിലെ കാരണവരുടെ (കേന്ദ്ര സര്‍ക്കാര്‍) സ്ഥിതി മാത്രമാണ്. ഇതുപോലെത്തന്നെയാണ് വീട്ടിലെ മറ്റു മുതിര്‍ന്നവരുടേയും (സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപ്പാലിറ്റികള്‍) സ്ഥിതി. കേന്ദ്രത്തിന് കറന്‍സി അച്ചടിക്കാനുള്ള സംവിധാനമുണ്ട്. ഇതിനകം രണ്ടുതവണ "ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങ്" എന്ന ഓമനപ്പേരുവിളിച്ച് അവര്‍ അതു ചെയ്യുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ യാതൊരു പഴുതുമില്ല. അവര്‍ക്ക് ആകെ ചെയ്യാവുന്നത് കെഞ്ചിയിരന്ന് കേന്ദ്രത്തിനേക്കൊണ്ട് കറന്‍സി അടിപ്പിച്ച് അതില്‍നിന്നൊരു പങ്കുപറ്റുക എന്നതുമാത്രമാണ്. അടിച്ചിറക്കവുന്നത്രയും ഇതിനകം ഇറക്കിക്കഴിഞ്ഞു - ഇനിയതു ചെയ്താല്‍ ഭവിഷ്യത്തുകള്‍ ഭയങ്കരമായിരിക്കുമെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമുണ്ട് (സിംബാബ്‌വേയുടെ കാര്യം ഓര്‍ക്കുക). ലോകത്തിലെ മിക്ക രാജ്യങ്ങളുടേയും റിസര്‍വ് കറന്‍സിയായ ഡോളര്‍ അങ്ങനെ അമേരിക്കന്‍ സര്‍ക്കാരിനു തോന്നുംപോലെ അച്ചടിച്ചിറക്കാന്‍ ആരും അനുവദിക്കുകയുമില്ല. ഇതിനെല്ലാം പുറമേയാണ് വ്യക്തികള്‍ തലയിലേറ്റിവെച്ചിരിക്കുന്ന കടം. ആ കടത്തിന്റെ തവണകള്‍ അടയ്ക്കാതിരുന്നതുകൊണ്ടാണല്ലോ 2008ലെ സാമ്പത്തികപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത്.
എല്ലാവരുടേയും കടം കൂട്ടിച്ചേര്‍ത്താല്‍ (നിങ്ങള്‍ ആരുടെ കണക്കുകള്‍ വിശ്വസിക്കുന്നു എന്നതിനനുസരിച്ച്) നൂറുമുതല്‍ നൂറ്റിയിരുപത്തിയഞ്ചുവരെ ട്രില്ല്യണ്‍ ഡോളറിന്റെ കടമാണ് അമേരിക്കക്കാരുടെ ചുമലിലുള്ളത്! അതായത് ഒരു കുടുംബത്തിന് ആറുലക്ഷം ഡോളര്‍ എന്ന തോതിലാണ് കടം! എന്നിട്ടുപോലും നികുതിവരുമാനം വര്‍ദ്ധിപ്പിക്കുക, അതിനായി വന്‍കിട മുതലാളിമാരില്‍നിന്ന് ഉയര്‍ന്ന നിരക്കില്‍ നികുതി പിരിച്ചെടുക്കുക എന്ന ഒറ്റവഴിയേ ഇന്നത്തെ ചുറ്റുപാടില്‍ മുന്നിലുള്ളൂ എന്ന നഗ്നസത്യം അമേരിക്കയിലെ നല്ലൊരു വിഭാഗം രാഷ്ട്രീയക്കാരും അംഗീകരിച്ചിട്ടില്ല.
ഇവിടെയാണ് മേല്‍പ്പറഞ്ഞ അമേരിക്കന്‍ സ്വപ്നത്തിന്റെ മായികമായ സ്വാധീനം നമ്മള്‍ കാണുന്നത്. സര്‍ക്കാരിന്റെ എല്ലാത്തരം നികുതികളേയും ഇടപെടലുകളേയും ശക്തമായി എതിര്‍ക്കുന്ന വലിയൊരു ജനവിഭാഗം അമേരിക്കയിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പോലീസ്, കോടതി, രാജ്യരക്ഷ എന്നീ വിഭാഗങ്ങളിലൊഴികെ സര്‍ക്കാര്‍ ഇടപെടരുതെന്നും അതിനൊഴികെയുള്ള ആവശ്യങ്ങള്‍ക്കായി നികുതി പിരിക്കരുതെന്നുമാണ് നിലപാട്. വായ്പാപരിധി ഉയര്‍ത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമായി അതിസമ്പന്നരായ അമേരിക്കക്കാരുടെ നികുതി ഉയര്‍ത്താനും അതിലൂടെ ബജറ്റ് കമ്മി നികത്താനുമുള്ള ഒരു നിര്‍ദ്ദേശം കൂടി ഒബാമ ഭരണകൂടം മുന്നോട്ടുവെച്ചിരുന്നു. പ്രതിപക്ഷകക്ഷിയായ 'റിപബ്ലിക്കന്‍' പാര്‍ട്ടി അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. രാജ്യം കുളം തോണ്ടിയാലും മുതലാളിമാരെ തൊടാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്! നികുതി ഉയര്‍ത്തില്ല എന്ന ഉറപ്പിന്മേല്‍ മാത്രമാണ് വായ്പാപരിധി ഉയര്‍ത്താനുള്ള അനുവാദം ഒബാമ ഭരണകൂടത്തിന് ലഭിച്ചത്. വെറും അഞ്ചുശതമാനത്തോളം വരുന്ന മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കാന്‍ താഴേത്തട്ടിലുള്ള ഇത്രയധികം അമേരിക്കക്കാര്‍ പോരാടാന്‍ തയ്യാറാകുന്നത് എന്തുകൊണ്ടാണ്?
അമേരിക്കന്‍ ഡ്രീം! അതുതന്നെ കാരണം. സമ്പദ്‌വ്യവസ്ഥയുടെ ചക്രഗതിയില്‍ ചിലപ്പോഴുണ്ടാകുന്ന താല്‍ക്കാലികമായ ഒരു താഴ്ചയാണ് ഇപ്പോഴുള്ളതെന്നും ഭാവി ശോഭനമാണെന്നും അവര്‍ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസത്തിന് യുക്തിയുടെയല്ല, സ്വപ്നത്തിന്റെ പിന്‍ബലം തന്നെയാണുള്ളത്. അമേരിക്കയിലെ വലിയൊരു വിഭാഗം ആളുകള്‍ സ്വന്തമായി ബിസിനസ്സ് ഉള്ളവരോ (ഉണ്ടായിരുന്നവരോ) ബിസിനസ്സുകാരായ അടുത്ത ബന്ധുക്കള്‍ ഉള്ളവരോ ആണ്. അവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ എന്നത് നല്ലകാലത്ത് അവരുടെ പണം പിടുങ്ങാനും അവരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനും നിലകൊള്ളുന്ന പ്രസ്ഥാനമാണ്. ഈയവസരത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ അനുവദിക്കുകയോ നികുതി പിരിക്കാന്‍ അനുവദിക്കുകയോ ചെയ്താല്‍ ഭാവിയില്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമ്പോള്‍ അവയുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും അവര്‍ വിശ്വസിക്കുന്നു. തലമുറകളോളം ശ്രമിച്ചാലും വീട്ടാന്‍ പറ്റാത്ത കടം എന്ന പടുകുഴിയിലാണ് അവരുടെ രാജ്യം എന്ന് ഭൂരിപക്ഷം പേരും മനസ്സിലാക്കുന്നില്ല. ഐശ്വര്യത്തിന്റേയും പ്രതാപത്തിന്റേയും ഗതകാലം ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം വിദൂരമാണെന്ന് അവര്‍ അറിയുന്നില്ല. യാഥാര്‍ത്ഥ്യബോധമില്ലാതെ അവര്‍ ഇന്നും സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു. നേതാക്കന്‍മാരും മാധ്യമങ്ങളും ഇന്നും ആ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം അവന് ഇലക്ഷന്‍ ജയിക്കാന്‍ പണം വേണം, വോട്ടുവേണം. അതുകൊണ്ട് അവന്‍ മുതാലാളിയുടെ പണം സംരക്ഷിക്കുന്നു; വോട്ടര്‍ക്ക് കാണാന്‍ യാഥാര്‍ത്ഥ്യത്തേക്കാള്‍ സുന്ദരമായ പുതിയ സ്വപ്നങ്ങള്‍ നല്‍കുന്നു.
സായിപ്പു പറയുന്നതുപോലെ "ഗാഡ് ബ്ലെസ്സ് എമേഴിക്ക". അമേരിക്കയെ ദൈവം തന്നെ രക്ഷിക്കട്ടെ!
**********************************************************
വാല്‍ക്കഷണം: ഇത്രയും പണം ആരാണ് കടം കൊടുത്തത്? ഏറിയ കൂറും അമേരിക്കയിലെതന്നെ ധനകാര്യസ്ഥാപനങ്ങള്‍ (വിദേശ കടം താരതമ്യേന തുച്ഛമായ ശതമാനം മാത്രം). അവര്‍ക്ക് ഇത്രയധികം പണം എവിടെനിന്നുണ്ടായി? അവരുടെ കയ്യില്‍ ഒരിക്കലും ഇതിന്റെ പകുതിപോലും പണം ഉണ്ടായിരുന്നില്ല. ഇല്ലാത്ത പണം പിന്നെ എങ്ങിനെ അവര്‍ കടം കൊടുക്കുന്നു? എന്റെ "നീലാണ്ടന്‍ നമ്പൂരീടെ ഓല" എന്ന പഴയ ബ്ലോഗ് പോസ്റ്റ് (മൂന്നുഭാഗങ്ങളും) വായിക്കുക.
അവസാനം അമേരിക്കക്കാര്‍ കേരളത്തില്‍ വന്ന് കിളയ്ക്കാനും റോഡ് വെട്ടാനുമൊക്കെ തുടങ്ങുമോ...? ഇപ്പോള്‍ ബംഗാളികളും തമിഴരുമൊക്കെ വരുന്നതുപോലെ...?
ReplyDelete(എന്തായാലും ശുഭസൂചനയൊന്നുമല്ല കാണുന്നത് അല്ലേ കൊച്ചീച്ചി? അമേരിക്കക്കാരന്റെ കഷ്ടകാലം എന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് ആശ്വസിക്കാനും വയ്യ. കാരണം എല്ലാരേം ബാധിക്കുമല്ലോ )
കാര്യങ്ങളെ വിശദമായി വിലയിരുത്തിയ നല്ല ഒരു പോസ്റ്റ്. നോം ചോംസ്കി പറഞ്ഞ manufacturing of war എന്ന ഒരു സംഭവം ഉണ്ടല്ലോ. ഈ war manufacturing ആണ് അമേരിക്കയെ യഥാര്‍ത്ഥത്തില്‍ ഈ ഗതിയില്‍ എത്തിച്ചത്. ഉസാമയെയും അയാളാല്‍ പ്രചോദിതമായ ഭീകരവാദത്തെയും ശരിക്കും ഇല്ലാതാക്കലായിരുന്നു ലക്ഷ്യമെങ്കില്‍ അമേരിക്ക ചെയ്യേണ്ടിയിരുന്നത് അയാളെയും അനുയായികളെയും ക്രിമിനലുകള്‍ ആയി പ്രഖ്യാപിച്ച് ഈ all out war against nation states ലേക് പോവാതെ അവധാനത യോടെ നീങ്ങുകയായിരുന്നു. അവരെ നശിപ്പിച്ചു കൊണ്ട് തന്നെ ലോകത്തിനും നല്ല ഒരു ഭാവി നല്‍കാമായിരുന്നു. പക്ഷെ അവര്‍ ചെയ്തത് അത് ഒരു pretext ആയി ഉപയോഗിച്ചു അധിനിവേശ മോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. ദുരിതം പേറുന്നത് ലോകം മൊത്തമാണെന്ന് മാത്രം. സോവിയറ്റ്‌കല്‍ക്കെതിരെ ഉസാമയെ ഉണ്ടാക്കിയത് തന്നെ ആരാണെന്ന് ഓര്‍ത്താല്‍ പിന്നെ ഇതിലൊന്നും പുതുമയില്ല.
ReplyDeleteഒരുപാട് മനസ്സിലാക്കി തന്ന നല്ല ഒരു പോസ്റ്റ്.ചെറിയ ഒരു ഭയവും തോന്നുന്നു.
ReplyDeleteനല്ല കുറിപ്പ്. നിരീക്ഷണങ്ങള്‍ ചിലത്
ReplyDeleteഉപരിപ്ലവമായി തോന്നി.
എല്ലാ വായനക്കാര്‍ക്കും നന്ദി!
ReplyDelete*ajith*: ഒരു വന്‍മരത്തിന്റെ തായ്‌വേര് ദ്രവിച്ചുപോയെന്നു കരുതുക. മറ്റു വേരുകള്‍ കുറച്ചുനേരത്തേയ്ക്ക് അതിനെ താങ്ങിനിര്‍ത്തുമായിരിക്കാം. പക്ഷേ ഒന്നും ചെയ്യാതിരുന്നാല്‍ ഉള്ള വേരുകളില്‍നിന്ന് ഊര്‍ജ്ജം കൊണ്ട് അതുപിന്നേയും പടരും, വീഴ്ച ഏറെ ഭയാനകമാകുകയും ചെയ്യും. അതുകൊണ്ട് മരം അധികം കുലുങ്ങാതെ ആദ്യം ചെറിയ ചില്ലകള്‍ വെട്ടുക, പിന്നെ കഴിയുന്നത്ര വലിയ ചില്ലകള്‍ വെട്ടുക, പിന്നെ തായ്ത്തടി മുകളില്‍ നിന്ന് വെട്ടിക്കൊണ്ടു വരിക - ഇതിനകം തായ്‌വേരിന് പുനര്‍ജ്ജന്മം കിട്ടിയാല്‍ നന്ന് ഇല്ലെങ്കില്‍ വീണാലും കുഴപ്പമുണ്ടാകാത്ത തരത്തില്‍ അതിനെ വെട്ടിനിര്‍ത്തുക. അങ്ങനെയല്ലേ ചെയ്യേണ്ടത്?
*Salam*: ഈ ലേഖനം വെറുമൊരു "കണക്കപ്പിള്ളയുടെ" വീക്ഷണകോണില്‍നിന്നെഴുതിയതാണ്. അങ്ങനെ നോക്കിയാല്‍ യുദ്ധത്തിനുവേണ്ടി പണം ചിലവാക്കുന്ന അമേരിക്കയും യുദ്ധം ചെയ്യാതെതന്നെ ബജറ്റിന്റെ നാല്പതുശതമാനത്തിലധികം ചിലവാക്കുന്ന പാക്കിസ്താനും ഒരുപോലെയാണ്. അമേരിക്കയുടെ എല്ലാ സൈനിക ഇടപെടലുകളോടും എനിക്ക് എതിര്‍പ്പില്ല (ഒന്നുരണ്ടെണ്ണം ഒഴികെ). ചോംസ്കിയെ ഒരു നിഷ്പക്ഷ വിദഗ്ദ്ധനായി ഞാന്‍ കാണുന്നുമില്ല. പക്ഷേ താങ്കളുടെ കാഴ്ചപ്പാട് ഞാന്‍ മനസ്സിലാക്കുന്നു.
*ഉഷശ്രീ*: സ്വാഗതം. നന്ദി.
*ഒരില*: ശരിയാണ്. ഉപരിപ്ലവമായതു പറയാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. സാമ്പത്തികപ്രതിസന്ധിയേക്കുറിച്ചുള്ള വിദഗ്ദ്ധരുടെ ഗഹനമായ പഠനങ്ങള്‍ ഇന്റര്‍നെറ്റിലെങ്ങും ലഭ്യമാണല്ലോ. എനിക്ക് കൌതുകം തോന്നിയത് സാധാരണക്കാരായ അമേരിക്കക്കാര്‍ ഈ സന്ദിഗ്ദ്ധഘട്ടത്തിലും രാജ്യതാല്പര്യത്തേക്കാളുപരിയായി ധനികരെ സര്‍ക്കരിന്റെ നികുതികളില്‍ നിന്നു സംരക്ഷിക്കുന്നതിനായി പരസ്യമായി പോരാടാന്‍ തയ്യാറാണ് എന്നതാണ്. അതും അതിനു ഞാന്‍ കാണുന്ന കാരണങ്ങളും മാത്രമായിരുന്നു, ഈ പോസ്റ്റിന്റെ വിഷയം. വായനയ്ക്കു നന്ദി.
ഗാഡ് ബ്ലെസ്സ് എമേഴിക്ക !!!
ReplyDeletean insightful article on this topic can be read here in mathrubhumi daily.
ReplyDeleteഅമേരിക്കയെ ആരു രക്ഷിക്കും?
23 Aug 2011
വി.ടി. സന്തോഷ്‌കുമാര്‍
രക്ഷകസ്ഥാനത്ത് സ്വയം അവരോധിച്ച് ലോകമെങ്ങും പടയോട്ടം നടത്തിയ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കിലാണ്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവോ?
പുതിയ സ്‌പെഡര്‍മാന്റെ നിറം വെളുപ്പല്ല. അത്ര കറുപ്പുമല്ല. ഏറെക്കുറെ ബരാക് ഒബാമയുടെ നിറം. ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ. കാഴ്ചയിലും ഒബാമയെപ്പോലുണ്ട്്......
http://www.mathrubhumi.com/story.php?id=209501
ഇമ്മടെ മണ്ടൻ തലയിലൊന്നും കയറാത്തയൊരു ഇമ്മണി ബല്ല്യേ വല്ലാത്ത ഒരു കണക്ക് തന്നെയാണല്ലോ കൊച്ചീച്ചിയിത്...
ReplyDeleteഎന്നാലും കുറെ അറിവ് വെച്ചു കേട്ടൊ ഭായ്.
ഈ തായ് മരം ചീഞ്ഞാൽ അത് ചൈനാമരത്തിന് പെരുത്ത് വളമാകും എന്നാണിവിടത്തെ ചില കണക്കപിള്ളമാർ പറയുന്നത്..!
*jayanEvoor*: അത് ചങ്കുപൊട്ടിയുള്ള പ്രാര്‍ത്ഥനയാണു വൈദ്യരേ. ഏതു വറുതിക്കാലം വന്നാലും നിങ്ങള്‍ക്കൊക്കെ വല്ല ഇലയോ വേരോ ചതച്ചുകൊടുത്താല്‍ അഷ്ടിക്കുള്ള വഹ കിട്ടും. ഞങ്ങളുടെ കാര്യം അങ്ങനെ വല്ലോമാണോ. ഈയൊരു തരികിടപ്പണിയേ അറിയൂ ആശാനേ, ഇതില്ലെങ്കി കുടുമ്മം പട്ടിണി. അതോണ്ട് ഒന്നൂടി ഗാഡ് ബ്ലെസ്സ് എമേഴിക്ക!
ReplyDelete*Salam*: രണ്ടാം വരവിനു നന്ദി. ബാക്കിയൊക്കെ നമ്മള്‍ ഇമെയില്‍ വഴി പറഞ്ഞല്ലോ.
*ബിലാത്തിയണ്ണന്‍ *: കണക്കൊന്നും നോക്കണ്ട, വരവിന്റെ 30% കൂടുതല്‍ ചിലവു ചെയ്യുന്ന രാജ്യമാണ് അമേരിക്ക എന്നു പറയാന്‍ വേണ്ടി മാത്രം നിരത്തിയ കണക്കുകളാണ്. പിന്നെ ചൈന ഒരിക്കലും അമേരിക്കയേപ്പോലെ ആവില്ല. അമേരിക്കയില്‍ ഓരോരുത്തന്റേയും സമ്പത്ത് എന്നുപറയുന്നത് മറ്റാരുടേയോ കടമാണ്. അതുപോലൊരു സാമ്പത്തിക സംവിധാനം ഒരു രാജ്യത്തിനും സ്ഥാപിച്ചെടുക്കാനാവില്ല. അതൊക്കെ വിശദീകരിക്കണമെങ്കില്‍ നാലഞ്ചു പോസ്റ്റുതന്നെ വേണ്ടിവരും.
എല്ലാവര്‍ക്കും നന്ദി.
ഈ പോസ്റ്റ് വായിയ്ക്കാൻ വൈകി. സാരമില്ല. പതുക്കെ വായിച്ച് പതുക്കെ വിവരം വെച്ചു വരട്ടെ. അമേരിക്കൻ ആർത്തി, അമേരിയ്ക്കൻ അഹന്ത, അമേരിയ്ക്കൻ ചൂഷണം, അമേരിയ്ക്കൻ മാനവികത അങ്ങനെ ഒരുപാട് അമേരിയ്ക്കൻ കാര്യങ്ങൾ അമേരിയ്ക്കൻ ഡ്രീംസ് പോലെയുണ്ട്.
ReplyDeleteഇനീം ഒന്നു രണ്ടു തവണകൂടി വായിച്ച് മിടുക്കിയാവട്ടെ.