എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Friday, September 9, 2011

സ്വപ്നസഞ്ചാരത്തിന്റെ ഒന്നാം ഭ്രമണപൂരണം


ഏതാണ്ട് രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പാണ് പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടത്. പ്രശസ്ത സിനിമാതാരം മമ്മൂട്ടി ഒരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു. ബ്ലോഗ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ മിനക്കെട്ടിട്ടില്ലായിരുന്നു,അതുവരെ. സിനിമാരംഗത്തുനിന്നുതന്നെ പല ഹിന്ദി/തമിഴ് നടന്മാരും മമ്മൂട്ടിയ്ക്കു മുമ്പേ ബ്ലോഗ് എഴുത്തു തുടങ്ങിയതായി കേട്ടിരുന്നെങ്കിലും ആരുടേയും ബ്ലോഗില്‍ പോയി നോക്കിയിട്ടില്ല. അന്നു പത്രവാര്‍ത്തയിലുണ്ടായിരുന്ന ലിങ്കില്‍ക്കൂടി പോയി ആദ്യമായി അങ്ങനെ ഒരു ബ്ലോഗ് വായിച്ചു. എന്റെ അഹങ്കാരം കൊണ്ടാകണം, മമ്മൂട്ടിയുടെ എഴുത്ത് അത്ര കേമപ്പെട്ടതായി തോന്നിയില്ല. 'ഇങ്ങനെയൊക്കെ എഴുതാന്‍ എനിക്കും പറ്റൂല്ലോ' എന്ന ധാര്‍ഷ്ട്യമാണ് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം തോന്നിയത്. അദ്ദേഹത്തിന്റെ എഴുത്തിനേക്കാള്‍ ചിന്തോദ്ദീപകമായി തോന്നിയത് അതിനേപ്പറ്റിയുള്ള ചില വായനക്കാരുടെ അഭിപ്രായങ്ങളാണ്.

ഉപജീവത്തിന്റെ ഭാഗമായി വളരേയധികം എഴുതുന്നയാളാണ് ഞാന്‍ - അതെല്ലാം ഇംഗ്ലീഷില്‍ എഴുതുന്ന പ്രോജക്റ്റ് രേഖകളാണെന്നുമാത്രം. പല പ്രോജക്റ്റുകള്‍ക്കും പല രീതിയിലുള്ള, വിശദാംശങ്ങളടങ്ങിയ, വായനായോഗ്യമായ രേഖകളാണ് തയ്യാറക്കേണ്ടത് - അതുകൊണ്ട് അവിടെയും സര്‍ഗ്ഗശേഷിക്ക് ഏറെ പ്രസക്തിയുണ്ട്. ഏതാണ്ട് പത്തുവര്‍ഷമായി ചെയ്തുപരിചയമായതുകൊണ്ട് ഇത്തരം രചനകള്‍ തയ്യാറാക്കുന്ന ഒരു പ്രവര്‍ത്തനസമ്പ്രദായം (methodology) മനസ്സില്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ഏതുതരം പ്രോജക്റ്റിനും ഏതുവിധത്തിലുള്ള രൂപവും ഭാവവും ഉള്ളടക്കവുമുള്ള രേഖകള്‍ തയ്യാറാക്കാന്‍ എനിക്കാകുമെന്ന ഒരു വിശ്വാസം വന്നപ്പോഴാണ് 'എന്നാലിനി അതുപോലെ മലയാളത്തില്‍ ബ്ലോഗെഴുതാന്‍ എന്തുകൊണ്ടു ശ്രമിച്ചുകൂടാ' എന്നൊരു ചിന്ത മനസ്സില്‍ കുരുത്തത്.

അങ്ങനെ രണ്ടായിരത്തിപ്പത്ത് സെപ്റ്റമ്പറില്‍ ഞാനും ഒരു ബ്ലോഗെഴുത്തുകാരനായി. ബൂലോകത്ത് യാതൊരു ചലനവും സൃഷ്ടിക്കാത്ത പരശതം ബ്ലോഗുകളില്‍ ഒന്നാണിതെന്ന കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല. പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ മനസ്സില്‍ ഏറെ സന്തോഷമുണ്ട്. ഒരു വര്‍ഷം മുമ്പുവരെ ഇത്രയൊക്കെ എഴുതാന്‍ എനിക്കാവുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. എണ്‍പതുകളില്‍ ടാന്‍സാനിയന്‍ പ്രെസിഡെന്റായിരുന്ന ജൂലിയസ് ന്യെരേരേയുമായുള്ള ഒരു അഭിമുഖസംഭാഷണം ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്തിരുന്നു. അതില്‍ ടാന്‍സാനിയയുടെ വികസനത്തേക്കുറിച്ചുള്ള സ്വപ്നം എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു "വികസിതരാജ്യങ്ങള്‍ക്കു തുല്യമായ ഒരു വികസനം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് എന്റെ രാജ്യത്തിന്റെ വികസനം അളക്കുന്നതിനോട് എനിക്കു യോജിപ്പില്ല. നമ്മള്‍ നമ്മിലേക്കുതന്നെ നോക്കുമ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി എന്നു തോന്നുന്ന തരത്തിലുള്ള വികസനം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം". ഒരു ഉദാഹരണം പറയാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ ഇന്ത്യയെ നോക്കൂ. അമേരിക്കയേപ്പോലെയോ (അക്കാലത്തെ) സോവിയറ്റ് യൂണിയനേപ്പോലെയോ ജപ്പാനേപ്പോലെയോ വികസിത രാജ്യമല്ല ഇന്ത്യ. പക്ഷേ പണിയായുധങ്ങള്‍ മുതല്‍ ആണവോര്‍ജ്ജം വരെ ഉല്‍പാദിപ്പിക്കാനുള്ള ക്ഷമത ഇന്ത്യയ്ക്കുണ്ട്. മറ്റുരാജ്യങ്ങളിലേക്കു നോക്കാതെ തന്നിലേയ്ക്കുതന്നെ നോക്കിയാല്‍ ഇന്ത്യ ഒരു പൂര്‍ണ്ണവളര്‍ച്ചയെത്തിയ രാജ്യമാണെന്നു ബോദ്ധ്യപ്പെടും". ഈ ജീവിതദര്‍ശനമാണ് ബ്ലോഗര്‍ എന്ന നിലയില്‍ എനിക്ക് സംതൃപ്തി പകരുന്നത്.

എഴുത്തുകാരില്‍ വാലറ്റക്കാരന്‍തന്നെയാണു ഞാന്‍. വളരേയധികം പരിമിതികളുള്ള ഒരു വെറും സാധാരണക്കാരന്‍. ഒരു പേപ്പറും പേനയും മൂന്നു മണിക്കൂറും തന്നിട്ട് ഒരു ബ്ലോഗ് എഴുതാന്‍ പറഞ്ഞാല്‍ അവസാനം രണ്ടു വരികളും ചുറ്റിലും ചുരുട്ടിയെറിഞ്ഞ കുറെ കടലാസുകഷണങ്ങളുമാകും മിച്ചം. ഞാന്‍ എഴുതി പ്രസിദ്ധീകരിച്ച ബ്ലോഗുകള്‍ പോലും രണ്ടാമതൊന്ന് ഓര്‍ത്തെടുത്തെഴുതാന്‍ എനിക്കാവില്ല. എന്റെ കണ്ണില്‍ ദോഹ മീറ്റ് കഴിഞ്ഞ് മൂന്നുമണിക്കൂറിനുള്ളില്‍ അതിനേപ്പറ്റിയുള്ള വിശദമായ ഒരു ഫീച്ചര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഇസ്മയില്‍ കുറുമ്പടിയും എറണാകുളം മീറ്റിനേപ്പറ്റി അരമണിക്കൂറുകൊണ്ട് രസകരമായ ഒരു റിപ്പോര്‍ട്ട് എഴുതിത്തയ്യാറാക്കിയ ഡോ.ജയനുമൊക്കെ അതിമാനുഷരാണ് ! എഴുത്തും തിരുത്തും തിരിമറിയും ഭംഗിനോട്ടവും അവസാനം മടുപ്പുമൊക്കെയായി ഞാന്‍ ഒരു ബ്ലോഗ് എഴുതി പോസ്റ്റ് ചെയ്തുവരുമ്പോഴേയ്ക്കും മിക്കവാറും മൂന്നാഴ്ചയോ അതിലധികമോ ആയിട്ടുണ്ടാകും. വൃത്തിയായി തിരുത്താനും എളുപ്പത്തില്‍ ഖണ്ഡികകള്‍ പുനഃക്രമീകരിക്കാനും ഉതകുന്ന ഈ ഇലക്ട്രോണിക് സംവിധാനം നിലവിലില്ലായിരുന്നുവെങ്കില്‍ ഞാനൊക്കെ എഴുതുകപോലുമില്ലായിരുന്നു (ഹോ! ആ രാമായണവും മഹാഭാരതവുമൊക്കെ ഓലയില്‍ കോറിയിട്ട മഹാന്‍മാരെ സമ്മതിക്കണം!).

ബ്ലോഗെഴുത്തു തുടങ്ങിയ കാലത്ത് എപ്പോഴും എഴുതിക്കൊണ്ടിരിക്കാന്‍ തോന്നുമായിരുന്നു. ഇരിപ്പിലും നടപ്പിലും ഊണിലും ഉറക്കത്തിലും ഓഫീസിലും ബാത്ത്‌റൂമിലും എഴുതുന്ന വിഷയത്തേക്കുറിച്ചുള്ള ചിന്തകള്‍മാത്രം. "ഗള്‍ഫുകാരന്‍ കല്യാണം കഴിച്ച പോലെ ഇന്ന സമയം എന്നൊന്നും ഇല്ല" എന്നു കൊടകരക്കാരന്‍ വിശാലമനസ്കന്‍ പറഞ്ഞതുപോലെയായിരുന്നു സ്ഥിതി. കമെന്റുകളുടേയും ഫോളോവേഴ്സിന്റേയും എണ്ണം കൂടുന്നതനുസരിച്ച് എഴുതാനുള്ള ആവേശവും കൂടിവന്നു. "എനിക്കിപ്പൊ ഇരുപതു ഫോളോവേഴ്സ് ആയി" എന്നൊക്കെ ഭാര്യയോടു വീമ്പുപറയുമ്പോള്‍ ചങ്കില്‍ തൊട്ടാല്‍ പൊട്ടുന്നത്ര എയര്‍ വന്നു നിറയും. പക്ഷേ അധികം താമസിയാതെ തന്നെ ഈ ഫോളോ ചെയ്യല്‍ എന്നതിന് ബ്രൌസറില്‍ ബുക്ക്മാര്‍ക്ക് ചെയ്യുന്നത്ര ഗൌരവമേയുള്ളൂ എന്നു മനസ്സിലായി. അതുകൊണ്ടൊക്കെയാണല്ലോ ഇതിനെ "ബൂലോകം" എന്നു പറയുന്നത്. ഇത് മറ്റൊരു ലോകമാണ്. മലയാളി സൌദിയിലും തമിഴന്‍ ഉത്തര്‍പ്രദേശിലും ജോലിചെയ്തു ജീവിക്കുന്നതുപോലെയുള്ള തീര്‍ത്തും വ്യത്യസ്തമായ ജീവിതാനുഭവം. ഇവിടുത്തെ ഭാഷയും അനുഷ്ഠാനങ്ങളും മര്യാദകളും സമൂഹനിയമങ്ങളും ജീവിതചര്യയും നാം വീട്ടില്‍ ശീലിച്ചതില്‍നിന്ന് വ്യത്യസ്തമാണ്. ഒരു വര്‍ഷത്തെ ബൂലോകവാസത്തിനിടയില്‍ അങ്ങനെ കുറെയേറെ പുതിയ ജീവിതപാഠങ്ങളും പഠിക്കാനിടയായി.

എഴുതിത്തുടങ്ങിയ കാലത്ത് ഗൂഗിളിന്റെ transliteration സൈറ്റില്‍ പോയി എഴുതി ബ്ലോഗറിലേയ്ക്കു പകര്‍ത്തുകയായിരുന്നു പതിവ്. പിന്നീടാണ് ബ്ലോഗറിനുള്ളില്‍ത്തന്നെ അക്ഷരപരിവര്‍ത്തനം സജ്ജീകരിക്കാമെന്ന് മനസ്സിലായത്. പക്ഷേ ഗൂഗിളിന്റെ 'പരിവര്‍ത്തക'നേക്കൊണ്ട് ഞാന്‍ പെട്ടന്നുതന്നെ സഹികെട്ടു.പലപ്പോഴും ഞാനുദ്ദേശിക്കുന്ന വാക്കൊന്നുമല്ല സ്ക്രീനില്‍ തെളിഞ്ഞുവരിക. പിന്നീട് 'വരമൊഴി' പരീക്ഷിച്ചുനോക്കി. അതിന്റെ ചില്ലക്ഷരങ്ങള്‍ എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. അവസാനമാണ് ഫയര്‍ഫോക്സിന്റെ പ്ലഗിന്‍ ആയ 'സ്വനലേഖ' കണ്ടെത്തിയത്. അതിനുശേഷം എഴുതാന്‍ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ബ്ലോഗെഴുതാന്‍ മാത്രമല്ല, കമെന്റെഴുതാനും മലയാളത്തില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്യാനുമെല്ലാം ഈ പ്ലഗിന്‍ വളരേ ഉപകരിക്കുന്നുണ്ട്. ചില്ലക്ഷരങ്ങളുടെ പ്രശ്നമൊട്ടില്ലതാനും. പിന്നത്തെ പ്രശ്നം സന്ദര്‍ഭത്തിനൊത്ത വാക്കുകള്‍ കണ്ടെത്തുക എന്നതായിരുന്നു. പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലായതുകൊണ്ട് മിക്കവാറും മനസ്സില്‍ ഉദിക്കുന്ന പദപ്രയോഗങ്ങള്‍ ഇംഗ്ലീഷിലായിരിക്കും. 'മഷിത്തണ്ട്', 'തമിള്‍ക്യൂബ്' എന്നീ സൈറ്റുകളിലെ നിഘണ്ടുകള്‍ ഇക്കാര്യത്തില്‍ വളരേയധികം പ്രയോജനപ്പെട്ടു.

ബ്ലോഗ് ജീവിതത്തില്‍ എഴുത്തിനേപ്പോലെത്തന്നെ പ്രധാനമാണല്ലോ വായനയും. ഈ കുറഞ്ഞ കാലയളവില്‍ എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ച എഴുത്തുകാരാണ് എച്ച്മുക്കുട്ടിയും പട്ടേപ്പാടം റാംജിയും. ഈ രണ്ടുപേരുടേയും രചനകളെ വിശകലനം ചെയ്യാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല, അതിന്റെ ആവശ്യവുമില്ല. നൂറുകണക്കിന് കമെന്റുകള്‍ വന്നു നിറയുന്ന ബ്ലോഗാണ് റാംജിയുടേത് എങ്കിലും ഓരോരുത്തര്‍ക്കും പേരെടുത്ത് മറുപടി നല്‍കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു എന്നതുകൂടിയാണ് അദ്ദേഹത്തോടുള്ള ബഹുമാനത്തിന്നാധാരം. ഇവരില്‍ നിന്നും അധികം ദൂരെയല്ല സലാംജിയുടെ സ്ഥാനം. ഒരു ആശയം അതിന്റെ എല്ലാ പൂര്‍ണ്ണതയോടും കൂടി ഏറ്റവും കുറഞ്ഞ വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ സലാംജിയ്ക്കുള്ള കഴിവ് അദ്ദേഹത്തിന്റെ ഭാഷാസ്വാധീനത്തെ വെളിപ്പെടുത്തുന്നതാണ്. ഞാന്‍ അഭിപ്രായം രേഖപ്പെടുത്താറില്ലെങ്കിലും എനിക്കു വളരേ ഇഷ്ടപ്പെട്ട രചനാശൈലിയാണ് മന്‍സൂര്‍ ചെറുവാടിയുടേത്. ബ്ലോഗില്‍ ഒരുപക്ഷേ ഏറ്റവും സുന്ദരമായ ഭാഷയില്‍ എഴുതുന്നത് 'ഒരില വെറുതേ' ആയിരിക്കുമെന്നു തോന്നുന്നു. എഴുതുന്നതെന്തും വളച്ചുകെട്ടോ ശബ്ദഘോഷങ്ങളോ ഇല്ലാതെ ലളിതമായി, രസകരമായി എഴുതുന്ന 'നിരക്ഷര'നാണ് എനിക്കിഷ്ടപ്പെട്ട മറ്റൊരു ബ്ലോഗര്‍. കാര്‍ട്ടൂണിസ്റ്റ് സജീവേട്ടനെ ഇഷ്ടപ്പെടാത്തവരായി ബൂലോകത്ത് ആരുംതന്നെ ഉണ്ടാകില്ലല്ലോ. സിനിമാനിരൂപണം എഴുതുന്ന എന്‍.പി. സജീഷിന്റെ ബ്ലോഗില്‍നിന്നാണ് മലയാളത്തിലെ പല പദപ്രയോഗങ്ങളും ഞാന്‍ പഠിക്കുന്നത്. യോഗ പോലെയുള്ള വിരസമായ വിഷയങ്ങള്‍ പോലും ഏറെ രസകരമായി എഴുതിയ ഇസ്മയില്‍ കുറുമ്പടി നല്ലൊരു പ്രതിഭാശാലിയാണ്. കുമാരന്‍, ചാണ്ടി, ജയന്‍ ഏവൂര്‍, അരുണ്‍ കായംകുളം, വിശാലമനസ്കന്‍, ബെര്‍ളി, വായാടി, രമേശ് അരൂര്‍ എന്നിവരും ഇഷ്ടപ്പെട്ട ബ്ലോഗര്‍മാരാണ്. വ്യക്തിത്വവൈശിഷ്ട്യം കൊണ്ട് എനിക്കിഷ്ടപ്പെട്ടവരാണ് ജാസ്മിക്കുട്ടിയും ഫൈസുവും. അങ്ങനെ ഈ കഴിഞ്ഞ വര്‍ഷം അക്ഷരസൌഹൃദങ്ങളാല്‍ സമ്പന്നമായിരുന്നു എന്നു പറയാം.

അപ്പോള്‍ ഇനിയെന്ത്?

എഴുതിത്തുടങ്ങിയപ്പോള്‍ മാസത്തില്‍ ഒരു പോസ്റ്റ് എന്ന ശരാശരി നിരക്കില്‍ എഴുതാനായിരുന്നു പരിപാടി. ഇതിപ്പോള്‍ പതിമൂന്നാമത്തെ പോസ്റ്റ് ആണ്. ജീവിതത്തിലെ മറ്റു കര്‍മ്മങ്ങളില്‍ നിന്ന് സമയം കടമെടുത്താണ് ഇത്രയും കാലം എഴുതിയത്. അമേരിക്കക്കാരേപ്പോലെ എന്നും കടം വാങ്ങി ജീവിക്കാനാവില്ലല്ലോ. അതുകൊണ്ട് ബൂലോകസഞ്ചാരം കുറയ്ക്കണം. ഇതിനകം തന്നെ ഫോളോ ചെയ്യല്‍ വളരേയധികം വെട്ടിക്കുറച്ചു - മിക്ക ബ്ലോഗുകളും ബൂക്ക്മാര്‍ക്കിലേയ്ക്കു മാറ്റി. എഴുത്തും കുറയ്ക്കണം. വളരേയധികം ചിന്തയും പഠനവും എഴുത്തും ആവശ്യപ്പെടുന്ന ജോലിയാണ് എന്റേത്. ജോലിയും ബ്ലോഗും ഒരുമിച്ചു കൊണ്ടുപോകുക എന്നത് ഒരേസമയം ഗവേഷണപ്രബന്ധവും പൈങ്കിളി നോവലും എഴുതാന്‍ ശ്രമിക്കുന്നതു പോലെ ദുഷ്കരമാണ്. പിന്നെ വീട്, മകന്‍, വ്യായാമം, യാത്ര, വിനോദം, വായന/പഠനം എന്നിവയൊക്കെ ഇത്രകണ്ട് ഒഴിവാക്കരുതല്ലോ. അതുകൊണ്ട് ഭാവിയില്‍ ഇത്രയും എഴുതാനിടയില്ല. എങ്കിലും ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന രണ്ടു നീണ്ടകഥകള്‍ എന്നെങ്കിലും ഇവിടെ എഴുതിയിടണമെന്ന് ആഗ്രഹിക്കുന്നു. ഒന്ന് ഒരു സയന്‍സ് ഫിക്ഷന്‍ ആണ്. രണ്ടാമത്തേത് അവസാനത്തെ രണ്ടു മാമാങ്കങ്ങള്‍ക്കിടയിലെ പന്ത്രണ്ടുവര്‍ഷങ്ങളില്‍ നടക്കുന്ന, ചരിത്രത്തിന്റെ പശ്ചാത്തലമുള്ള ഒരു സാങ്കല്‍പ്പിക കഥയും. രണ്ടും പെട്ടന്നെഴുതിത്തീര്‍ക്കാവുന്നവയല്ല. അതെഴുതിത്തുടങ്ങുംവരെ ഇപ്പോഴുള്ള ഭാഷാജ്ഞാനം കാത്തുസൂക്ഷിക്കാന്‍ വേണ്ടത്ര ബ്ലോഗുകളെങ്കിലും എഴുതണമെന്നു വിചാരിക്കുന്നു. ചിലപ്പോള്‍ അതുണ്ടായില്ലെന്നും വരാം - ഇതൊക്കെ ഓരോ കാലത്തെ ഓരോ ഭ്രമമാണല്ലോ. ഇപ്പോള്‍ത്തന്നെ സൌണ്ട് മിക്സിങ്ങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സംഗീതം രചിക്കാന്‍ ശ്രമിച്ചാലോ എന്നൊരു തോന്നല്‍ വന്നുതുടങ്ങിയിട്ടുണ്ട്. ദൈവാധീനത്തിന് സമയക്കുറവും മടിയും വേണ്ടുവോളമുണ്ട്.

ബ്ലോഗിലെ മിക്ക എഴുത്തുകാര്‍ക്കും ഉള്ളതുപോലെയുള്ള ഒരു സുഹൃദ്‌വലയം എനിക്കില്ല. ഒരൊറ്റ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലും ഞാന്‍ അംഗമല്ല. എന്റെ പരിചയക്കാരോടൊന്നും ഞാന്‍ ബ്ലോഗ് എഴുതുന്ന വിവരം പറഞ്ഞിട്ടില്ല. തീര്‍ത്തും അപരിചിതരായവരില്‍നിന്നാണ് എനിക്ക് പ്രോത്സാഹനം ലഭിക്കുന്നത് എന്നുകാണുമ്പോള്‍ ബൂലോകത്തെ നന്മ നിറഞ്ഞ മനസ്സുകളെ മാനിക്കാതിരിക്കാനാവില്ല. ഈ ഒരു വര്‍ഷത്തില്‍ എന്റെ ഈ ബ്ലോഗില്‍ വരാനും വായിക്കാനും അഭിപ്രായം എഴുതാനും സമയം നീക്കിവെച്ച എല്ലാവര്‍ക്കും ഞാന്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇടയ്ക്കൊക്കെ ഈ ബ്ലോഗിലൂടെയും മറ്റുചിലപ്പോള്‍ നിങ്ങളുടെ ബ്ലോഗിലൂടെയും നമ്മള്‍ തമ്മിലുള്ള സംഭാഷണം തുടരാനാകുമെന്ന് ആശിക്കുകയും ചെയ്യുന്നു.

എല്ലാവര്‍ക്കും നല്ലതു വരട്ടെ.

20 comments:

  1. പ്രിയപ്പെട്ട കൊച്ചു കൊച്ചീച്ചി,
    ബൂലോകത്തെ മഹാനുഭാവുക്കളില്‍ ഒരാളാണ് താങ്കളും..അങ്ങിനെയൊരാള്‍ എന്നെയും, ഫൈസുവിനേയും പോലുള്ള എളിയ ആള്‍ക്കാരെ പോലും പേരെടുത്തു പറഞ്ഞതില്‍ കൂടുതല്‍ ഒരു സന്തോഷം എനിക്ക് കേള്‍ക്കാനില്ല. തീര്‍ച്ചയായും ബൂലോകം നല്‍കുന്ന ബൂലോകത്തിനു മാത്രം നല്‍കാനാവുന്ന സമ്മാനമാണ് ഈ അജ്ഞാത സൌഹൃദങ്ങള്‍..ബ്ലോഗ്‌ മീറ്റ്‌ മുഖേന മിക്കവരും അടുത്ത് അറിയുമ്പോഴും അജ്ഞാതനായി തുടരാന്‍ ആഗ്രഹിക്കുന്ന ഈ സവിശേഷ വ്യക്തിക്ക് എന്‍റെ എല്ലാവിധ ബ്ലോഗ്‌ ജന്മദിനാശംസകളും..വിചാരിച്ചത് പോലെ നീണ്ട കഥകള്‍ പൂര്‍ത്തിയാകാന്‍ ദൈവം തുണയ്ക്കട്ടെ

    ReplyDelete
  2. വെറുതെയല്ല ഉമ്മു ജാസ്മിന്‍ എന്നെ വിളിച്ചു ഉടനടി ഈ പോസ്റ്റ്‌ വായിക്കണം എന്ന് പറഞ്ഞത് ..

    ഇപ്പൊ കിട്ടുന്ന സമയം മുഴുവന്‍ ആകെയുള്ള ഒരു കേട്ട്യോളോട് കത്തിയടിച്ചിരിക്കുന്നത് കൊണ്ട് ബ്ലോഗും പോസ്റ്റും കമെന്റും ഒക്കെ മറന്നു പോയിരിക്കുന്നു ...

    പിന്നെ ബ്ലോഗ്‌ കൊണ്ടുണ്ടായ ഒരു പാട് നല്ല സുഹൃത്തുക്കളെ മൊബൈല്‍ വഴിയായും ഫേസ്ബുക്ക്‌ വഴിയായും ഇടയ്ക്കു കാണുന്നത് കൊണ്ട് ബ്ലോഗ്‌ അധികം മിസ്സാവാറില്ല ..ചെരുവാടിയെ കൊണ്ടൊക്കെ മനുഷ്യന്‍ കുടുങ്ങിയിട്ടാ ഉള്ളത് ....{കിടക്കട്ടെ പാര}..!

    പിന്നെ കൊച്ച് കൊചീബി{പണ്ടേ ഞാന്‍ പറയുന്നതാ ഈ പേരൊന്നു മാറ്റി പിടിക്കാന്‍ ..} ഞാന്‍ ഒരു വര്ഷം കഴിഞ്ഞു എന്ന് തോന്നുന്നു ബ്ലോഗില്‍ വന്നിട്ട്.നമ്മള്‍ ഒക്കെ ഏകദേശം ഒരേ സമയത്ത് വന്നവരാ എന്ന് തോന്നുന്നു..നിങ്ങളെ പറ്റി എനിക്ക് തോന്നിയിട്ടുള്ളത് പറയാനുള്ളത് മനസ്സില്‍ വെക്കാതെ തുറന്നു പറയുന്ന ഒരാളായാണ് ..അങ്ങിനെ ഉള്ളവരെ എനിക്കിഷ്ട്ടമാണ് ..!

    അപ്പൊ ഞങ്ങളെ ഒക്കെ ഓര്‍ത്തതിനു ഒരു പാട് നന്ദി .മനോഹരമായ ഒരു വര്ഷം ബ്ലോഗിങ്ങില്‍ തികച്ചതിനു അഭിനന്ദനങ്ങള്‍ .ഇനിയും ഒരു പാട് പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.പ്രാര്‍ത്ഥിക്കുന്നു ..!

    ReplyDelete
  3. ഒന്നാം വാര്‍ഷികം വിശദമായ വിലയിരുത്തലുകളാല്‍ ശ്രദ്ധേയമായി.
    കഴിവും പ്രതിഭയും ഉള്ള താങ്കളെപ്പോലുള്ളവരെങ്കിലും അജ്ഞാതനായി എഴുതുന്നത്‌ ശരിയല്ല.
    എപ്പോഴെന്കിലും വഴിയില്‍ വച്ച് കണ്ടാലെന്കിലും 'രണ്ടുപറയാന്‍' സനോനിയായാല്‍ കഴിയുമല്ലോ.
    സര്‍വ്വ ഐശ്വര്യവും നേരുന്നു.

    ReplyDelete
  4. പ്രിയ കൊച്ചു കൊച്ചീച്ചി,
    എളുപ്പത്തില്‍ സംവേദിക്കപ്പെട്ടു ഈ പോസ്റ്റ്‌.
    എഴുതാന്‍ താല്പര്യം ഉണ്ട് എന്ന് പറഞ്ഞ കഥയുണ്ടല്ലോ. മാമാങ്കത്തിന്റെ ചരിത്ര പശ്ചാത്തലമുള്ള കഥ. അത് നല്ലൊരു വിഷയമാണെന്ന് തോന്നുന്നു.
    കൂടുതല്‍ എഴുതാന്‍ സാധിക്കട്ടെ.
    കൂടെ എന്നെയും ഇഷ്ടാണ് എന്ന് കണ്ടതില്‍ നല്ല സന്തോഷമുണ്ട്. നന്ദി.

    ReplyDelete
  5. ഞാനും താങ്കളുടെ ഒരു എളിയ വായനക്കാരന്‍ ആണെന്ന് സസന്തോഷം അറിയിക്കട്ടെ...താന്കള്‍ പോസ്റ്റില്‍ പരാമര്‍ശിച്ച എല്ലാവരും തന്നെ നല്ല സര്ഗ്ഗപ്രതിഭയുള്ള ബ്ലോഗേഴ്സ് ആണ്..താങ്കളും..അതുകൊണ്ട് ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...ആശംസകള്‍..മടി കുറക്കുക,.

    ReplyDelete
  6. നീണ്ടകഥ വായിയ്ക്കുവാൻ ആഗ്രഹമുണ്ട്. എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു.

    എന്റെ എഴുത്തിന് ഈ വാലറ്റക്കാരനിൽ നിന്നു കിട്ടിയ പ്രോത്സാഹനം വളരെ വലുതാണെന്നും സ്നേഹത്തോടെ അറിയിച്ചുകൊള്ളട്ടെ..

    ReplyDelete
  7. *Jazmikkutty*: ഇരിക്കുന്ന ഇരിപ്പിടത്തിന്റത്ര വലിപ്പവ്യത്യാസം ആളുകളുടെ വ്യക്തിത്വങ്ങള്‍ തമ്മില്‍ ഇല്ലല്ലോ ജാസ്മിക്കുട്ടി. മുകേഷ് അമ്പാനിയേയും എന്നേയും ജാസ്മിക്കുട്ടിയേയുമൊക്കെ ഉടയതമ്പുരാന്‍ ഓരോ സമയത്ത് ഓരോയിടത്ത് ഇരുത്തുന്നതല്ലേ. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സൌഹൃദത്തിന് നന്ദി.
    *faisu*: ഭാര്യയോടു സംസാരിക്കുന്നതു തന്നെയാണ് പ്രധാനം. എന്റെയൊക്കെ പ്രായമാകുമ്പോള്‍ തിരിഞ്ഞുനോക്കി ഓര്‍ക്കാവുന്ന മധുരിക്കുന്ന നാളുകളാണിവ. ആവോളം ആസ്വദിക്കുക, മനസ്സു നിറയേ സ്നേഹിക്കുക. ഫൈസുവിന്റെ കൂട്ടിനു നന്ദി.
    *ഇസ്മയില്‍ *: ശരിയാണ്. ബ്ലോഗ് വായനയില്‍ താല്പര്യമുള്ള ഒരു മകള്‍ എനിക്കുണ്ടായിരുന്നെങ്കില്‍, അനോനി ബ്ലോഗുകളില്‍ കയറിപ്പോകരുത്, എന്നുതന്നെയാവും ഞാന്‍ പറയുക. പരസ്യമായ അഭിപ്രായപ്രകടനത്തിന് പെരുമാറ്റച്ചട്ടം നിലവിലുള്ള ഒരു സ്ഥാപനത്തിലാണ് ഞാന്‍ ജോലിചെയ്യുന്നത്. വായനക്കാരനുമായി സത്യസന്ധമായ ഒരു ബന്ധം സ്ഥാപിക്കണോ അതോ സ്വതന്ത്രമായ അവിഷ്കാരത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ എന്റെ മാധ്യമസാന്നിദ്ധ്യം നിയന്ത്രിക്കണോ എന്നൊരു പ്രശ്നം എന്റെ മുന്നിലുണ്ട്. അതിനൊരു ഉത്തരം കണ്ടെത്തുന്നതുവരെ സദയം ക്ഷമിക്കുക. താങ്കളുടെ തുറന്ന അഭിപ്രായത്തിനു നന്ദി.
    *ചെറുവാടി*: വളരേ നന്ദി! മാമാങ്കം ഇന്നും നടന്നുകൊണ്ടിരിക്കുകയാണല്ലോ, നിലപാടുതറയുടെ സ്ഥാനം മാത്രമല്ലേ മാറിയിട്ടുള്ളൂ. മാമാങ്കത്തിലെ കഥാപാത്രങ്ങള്‍ക്ക് സ്മാരകങ്ങളും, ആരാധകരും, വിശ്വാസികളും, അണികളും, പിന്‍മുറക്കാരും ആണ്ടുതോറുമുള്ള അനുസ്മരണാഘോഷങ്ങളും മറ്റും ഇല്ലാത്തതിനാല്‍ അവരേപ്പറ്റി എന്തുവേണമെങ്കിലും എഴുതാം എന്നു കരുതുന്നു.
    *SHANAVAS* : മടിയും അഹങ്കാരവും കുറച്ചിരുന്നെങ്കില്‍ പണ്ടേ വാലറ്റത്തുനിന്നും രക്ഷപ്പെട്ടേനില്ലേ സാര്‍ ! താങ്കളുടെ നന്മ നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി.
    *Echmukutty*: ബ്ലോഗില്‍ നീണ്ടകഥകള്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ കുറവായിരിക്കും. പക്ഷേ അതൊന്നെഴുതിയിട്ടാല്‍ എന്റെ തലയില്‍നിന്ന് അതൊഴിവായിക്കിട്ടും. വായിക്കുമെന്നു പറഞ്ഞതുകൊണ്ട് എച്മുവിനേക്കൊണ്ട് ഞാന്‍ വായിപ്പിക്കുകയും വായിച്ചു എന്നുറപ്പിക്കാനായി ഒരു ചോദ്യപ്പേപ്പര്‍ അയച്ചുതരികയും ചെയ്യുന്നതാണ് ;) ബൂലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിക്ക് ഹൃദയപൂര്‍വ്വം നന്ദി.

    ReplyDelete
  8. വൈകിയാണ് വായിക്കുന്നത്. ഡാഷ് ബോര്‍ഡ്‌ തുറന്നിരുന്നില്ല. പോസ്റ്റ് ഇടുമ്പോള്‍ ഒരു മെയില്‍ നന്നായിരിക്കും. കൊച്ചീചിയുടെ തുറന്ന മനസ്സിന്‍റെ പ്രതിഫലനമായി ആവിഷ്കൃതമായ ഈ പോസ്റ്റില്‍ ഈയുള്ളവനെയും പരാമര്‍ശിച്ചത് നല്‍കുന്ന പ്രചോദനം വളരെ വലിയതാണ്.

    താങ്കളുടെ പോസ്റ്റുകള്‍ മാത്രമല്ല കമന്റുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഒരു no-nonsense സമീപനമാണ് താങ്കളുടെ motto എന്ന് ഞാന്‍ കണ്ടിട്ടുണ്ട്. വായിച്ചതില്‍ വിയോജിപ്പ് തോന്നിയാല്‍ അതും തുറന്നു പ്രകടിപ്പിക്കുന്ന ആ പ്രകൃതം real intellectual honesty യില്‍ നിന്നുള്ളതാവാനെ തരമുള്ളൂ.

    വേറൊരു കാര്യമുള്ളത് താങ്കള്‍ക്ക് real life അനുഭവങ്ങള്‍ ആഴത്തില്‍ തന്നെ ഉണ്ട് എന്ന് താങ്കളുടെ എഴുത്തിലെ വരികള്‍ക്കിടയില്‍ വായിക്കനാവുന്നുണ്ട് എന്നതാണ്. അത് എഴുത്തില്‍ വേണ്ടത്ര ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല ഏന്ന് തോന്നുന്നു. സമയക്കുറവ് ആണ് കാരണം എന്നും അറിയുന്നു. സമയത്തെ വരുതിയിലാക്കി എഴുത്തിനെ വിശാലമാക്കാന്‍ തങ്കള്‍ക്കു കഴിയുമാറാവട്ടെ. നല്ല രചനകള്‍ ഇനിയും പിറക്കട്ടെ.

    ReplyDelete
  9. ഒരു വര്ഷം തികച്ചതില്‍ എല്ലാ ഭാവുകങ്ങളും .ആ ലിങ്കുകള്‍ക്ക് ഒരു പ്രത്യേക താങ്ക്സ്

    ReplyDelete
  10. *സലാംജി* : നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി. താങ്കളുടെ നിരീക്ഷണങ്ങള്‍ ശരിയാണ്. സാഹചര്യങ്ങളേയും ആശങ്ങളേയും വൈകാരികതയില്ലാതെ സമീപിക്കാന്‍ ശീലിച്ചിട്ടുണ്ട്. Intellectual honesty കൊണ്ട് ലാഭമേ ഉണ്ടായിട്ടുള്ളൂ ഇതുവരെ. അനുഭവങ്ങള്‍ വേണ്ടവിധത്തില്‍ പ്രകടിപ്പിക്കാനാവത്തതിന്റെ പ്രധാന കാരണം എന്റെ ഭാഷയുടെ പരിമിതിയാണ്. ബ്ലോഗില്‍ ഇ-മെയില്‍ വഴി ഫോളോ ചെയ്യാനുള്ള ഗാഡ്ജറ്റ് ചേര്‍ത്തിട്ടുണ്ട്, എന്നാലും സലാംജിക്ക് ഒരു മെയില്‍ അയയ്ക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഒരിക്കല്‍ക്കൂടി, നന്ദി!

    *African Mallu*: സ്വാഗതം. നന്ദി.

    ReplyDelete
  11. കൊച്ചു കൊച്ചീച്ചി, വാര്‍ഷികാശംസകള്‍. ഇനിയും വളരെക്കാലം വാലറ്റത്ത് നിന്ന് കാഴ്ച്ചപ്പാടുകളുമായ് മുന്നേറുക...!!

    ReplyDelete
  12. കമന്റുകൾ വഴിയാണ് ഇവിടെ എത്തിയത്. എത്തിപ്പെടൽ വെറുതെ ആയില്ല.. തുടരെഴുത്തുകൾ പ്രതീക്ഷിക്കുന്നു.. ആശംസകൾ..

    ReplyDelete
  13. വളരെ നന്നായിരിക്കുന്നു...
    മലയാളികള്ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
    അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?
    അംഗമാവാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്റെ (shujahsali@gmail.com) ഇ-മേയിലെലേക്ക് ബന്ധപ്പെടുക

    ReplyDelete
  14. വിചാരിച്ചത് പോലെയൊക്കെ നടക്കട്ടെ. ഇനിയും ഇനിയും ഒരു പാട് ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യട്ടെ. ആശംസകള്‍.

    ReplyDelete
  15. *ajith*:നന്ദി, സര്‍. താങ്കളുടെ ബ്ലോഗ് ഇപ്പോള്‍ കാണാനില്ലല്ലോ. എന്നെ ഒഴിവാക്കിയതാണോ?
    *(പേരു് പിന്നെ പറയാം)*: അതാണ് ഈ ബ്ലോഗിന്റെ സ്പെഷ്യാലിറ്റി. ഇവിടെ വന്നാല്‍ എല്ലാവര്‍ക്കും ആത്മവിശ്വാസം വരും. അപ്പൊ ഇതുവരെ ഒന്നും കണ്ടില്ല, വേഗാവട്ടേ ട്ടോ?
    *ആയിരങ്ങളില്‍ ഒരുവന്‍ *:വളരേ നന്ദി! തുടരെഴുത്തുകള്‍ ഉണ്ടാകും, തീര്‍ച്ച.
    *സസ്നേഹം*:പ്രോത്സാഹനത്തിന് വളരേ നന്ദി.
    *shukoor*: നല്ലതേ വിചാരിക്കാറുള്ളൂ, അതുകൊണ്ട് നടന്നാല്‍ നല്ലതു തന്നെ. വലിയ ഉയരങ്ങളിലേയ്ക്കൊന്നും നോട്ടമില്ല, സലിംകുമാര്‍ പറഞ്ഞതുപോലെ 'ഇങ്ങനെയൊക്കെയങ്ങു പോയാല്‍ മതി' :) വളരേ നന്ദിയുണ്ട്, കേട്ടോ.

    ReplyDelete
  16. എന്നെ അറിയില്ല അല്ലെ?(!! ചുമ്മാ) പക്ഷെ വായിച്ചപ്പോള്‍ ഇത് ഞാന്‍ എഴുതാന്‍ വെച്ചതല്ലേ ,നേരത്തെ കേറി എഴുതിയല്ലോ എന്ന് തോന്നിപ്പോയി.(എന്റെ വാര്‍ഷിക പോസ്റ്റ്‌ വായിച്ചാല്‍ അത് മനസ്സിലാവും)അത്ര ലളിതവും സത്യ സന്ധവും ആയ എഴുത്ത്..ഞാന്‍ പലപ്പോഴും ഈ id മുഖം കണ്ടു ചിരിക്കാറുണ്ട്...കാണാന്‍ നല്ല ചന്തം...ഇംഗ്ലീഷ് ബ്ലോഗ്‌ ആണ് ആദ്യം വായിച്ചത്...ആ വഴി ഇങ്ങോട്ട് വന്നു...എല്ലാ ആശംസകളും..

    ReplyDelete
  17. *ente lokam*: അറിയാല്ലോ. ഏതാണ്ടൊരുകാലത്തെ ദുബായ് മീറ്റിലെടുത്ത ഫോട്ടോയും കണ്ടിട്ടുണ്ട്. പിന്നെ നിങ്ങള്‍ ഇവിടെ വന്ന് നീലാണ്ടന്‍ നമ്പൂരിക്കിട്ടൊരു കമെന്റും അടിച്ചിട്ടുണ്ട്. എങ്ങനെ അറിയാതിരിക്കും?

    പടം വരച്ചത് ഈ നാട്ടിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ സ്റ്റീവ് മനാലെയാണ്. അതുകണ്ടിട്ട് ചിരിവരുന്നെങ്കില്‍ എന്റെ ശരിക്കുള്ള മോന്ത കണ്ടാലോ?

    ReplyDelete
  18. പിറന്നാൾ ആശംസകൾ... കൊറച്ച് ലേറ്റായി ല്ലേ/..:)

    ReplyDelete
  19. ബൂലോകത്തിൽ ഒരുകൊല്ലത്തെ ഭ്രമണം പൂർത്തിയാക്കിശേഷം ഈ ഇ-ലോകത്തെ വിലയിരുത്തുന്നതോടൊപ്പം ...
    സ്വയം വിലയിരുത്തുകയും,പരിചയപ്പെടുത്തുകയും ചെയ്തപ്പോഴാണ് ,
    ഈ കൊച്ച് വെറും വാലറ്റക്കാരനല്ല..,
    തനി ഓൾ റൌണ്ടറായ അസ്സലൊരു ക്യാപ്റ്റനും കൊച്ചു കൊച്ചു വലിയവനുമാണെന്ന് മനസ്സിലായത് കേട്ടൊ ഭായ്.

    ReplyDelete
  20. കുമാരന്‍, മുരളിയണ്ണന്‍ എന്നിവര്‍ക്ക് വളരേ നന്ദി.

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ