എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Monday, October 14, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (മൂന്ന്)

3. അരുന്ധതി

ഭക്താപുര്‍ ജലവൈദ്യുത പദ്ധതിയില്‍ അരുന്ധതി തനേജ ഐഎഎസ് കിരീടം വെയ്ക്കാത്ത രാജ്ഞിയാണ്. 'പ്രോജക്റ്റ് ചീഫ് എക്സിക്യൂട്ടിവ്' എന്ന തസ്തികപോലും അവര്‍ക്കുവേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ടതാണ്.

അതിനു കാരണമുണ്ട്. ഭക്താപുര്‍ പ്രദേശത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയനേതാവ് രവി തനേജയുടെ മകളാണവര്‍. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിര്‍ണ്ണായകമായ 34 അംഗങ്ങളുള്ള, ഒരേയൊരു സംസ്ഥാനത്തില്‍ മാത്രം സ്വാധീനമുള്ള പാര്‍ട്ടിയുടെ അനിഷേധ്യ നേതാവാണ് രവി ചാച്ച എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം. തന്റെ സ്വാധീനം ഉപയോഗിച്ച് ഭക്താപുരില്‍ ഇതുപോലൊരു ബൃഹദ് പദ്ധതി കൊണ്ടുവന്നപ്പോള്‍ ചാച്ചാജിയെന്ന രാഷ്ട്രീയ ശകുനിയുടെ മനസ്സിലുണ്ടായിരുന്ന, പ്രദേശത്തിന്റെ ഉന്നതിയില്‍ക്കവിഞ്ഞ പല ലക്ഷ്യങ്ങളുടേയും ഭാഗമായിരുന്നു അരുന്ധതിയുടെ ആ നിയമനം.

അത്തരമൊരു പരിചയപ്പെടുത്തലില്ലാതെതന്നെ ബഹുമാനം അര്‍ഹിക്കുന്ന നേട്ടങ്ങളുടെ ഉടമയാണ് അരുന്ധതി. ചെറുപ്രായത്തില്‍ത്തന്നെ തികഞ്ഞ അച്ചടക്കവും വായനാശീലവും ലക്ഷ്യബോധവുമുള്ള വിദ്യാര്‍ത്ഥിനിയായിരുന്നു അവര്‍. യൂണിവേഴ്സിറ്റിയില്‍ രണ്ടാം റാങ്കോടെയാണ് സിവില്‍ എഞ്ചിനീയറിങ്ങ് പാസായത്. ഐഎ‌എസ് പരീക്ഷയില്‍ ഇന്ത്യയിലെ നാല്പത്തിയെട്ടാമത്തെ റാങ്കുകാരിയായിരുന്നു. അധികാരത്തിന്റെ അകത്തളങ്ങളില്‍ വളര്‍ന്നതുകൊണ്ടാകാം, ഇരുപത്തിയെട്ടുവയസ്സുള്ള യുവതിയില്‍ സാധാരണയായി കാണാന്‍ കഴിയാത്ത അപാരമായ ആജ്ഞാശക്തി അവര്‍ക്കുണ്ടായിരുന്നു.

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത, എന്നാല്‍ പണമിടപാടുകളില്‍ സര്‍വ്വാധികാരമുള്ള തസ്തികയാണ് ചീഫ് എക്സിക്യൂട്ടിവിന്റേത്. കുമാരി തനേജയുടെ ഒപ്പില്ലാതെ ഒരൊറ്റ ബില്ലോ, പര്‍ച്ചേസ് ഓര്‍ഡറോ, കരാറോ ചെക്കോ ആ പദ്ധതിയില്‍ അനങ്ങുമായിരുന്നില്ല. പ്രോജക്റ്റിന്റെ ഗുണനിലവാരത്തിന്റേയും സമയബന്ധിതമായ പുരോഗതിയുടേയും ഉത്തരവാദിത്വമാകെട്ടെ, ഡയറക്റ്ററുടേയും ചീഫ് എഞ്ചിനീയറുടേയും തലയിലായിരുന്നുതാനും. ചുരുക്കത്തില്‍ പറഞ്ഞാല്‍ വെണ്ണയുണ്ണുന്നത് ചീഫ് എക്സിക്യുട്ടിവും തൈരുകടയാന്‍ മറ്റുള്ളവരും എന്നതായിരുന്നു സ്ഥിതി!

ഓരോ പണമിടപാടിലും 'മേഡ'ത്തിന് കിട്ടേണ്ടതായ ഒരു വിഹിതമുണ്ട്. അതിന്റെ തരവും തോതുമൊക്കെ പ്രോജക്റ്റിലെ കൊച്ചുപയ്യന്‍മാര്‍ക്കുവരെ അറിയാം. പണം, പക്ഷേ, അവര്‍ നേരിട്ട് കൈപ്പറ്റാറില്ല. അവരുടെ സെക്രട്ടറി പങ്കജ് മിശ്രയിലൂടെയാണ് എല്ലാ പണവും ആദ്യം മാഡത്തിന്റെ കയ്യിലും പിന്നീട് ചാച്ചാജിയുടെ കയ്യിലും എത്തിയിരുന്നത്.

അന്ന് പതിവുപോലെ ഔദ്യോഗിക വാഹനമായ സ്കോര്‍പിയോയില്‍ നിന്നിറങ്ങി ബംഗ്ലാവിനകത്തു കയറി ബ്രീഫ്‌കെയ്സ് ഭദ്രമായി വെയ്ക്കാനായി മുകളിലത്തെ നിലയിലേയ്ക്കു കയറുകയായിരുന്നു അരുന്ധതി. സേഫ് ഇരിക്കുന്ന മുറിയില്‍ ആളനക്കമുള്ളതായി അപ്പോഴാണ് അവര്‍ ശ്രദ്ധിച്ചത്. മിശ്രാജി ഇതുവരെ പോയില്ലേ?

"മിശ്രാജീ.....ഓ മിശ്രാജീ...."

മറുപടിയില്ല! മുറിയില്‍നിന്നുള്ള പതിഞ്ഞ ശബ്ദങ്ങള്‍ക്ക് മാറ്റവുമില്ല!

അവര്‍ നേരെ മുറിയിലേയ്ക്ക് നടന്നുചെന്നു. ഞെട്ടിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്! യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ സേഫ് തുറന്ന് അതിലെ നോട്ടുകെട്ടുകളെല്ലാം വലിയൊരു ബാക്ക്പാക്കില്‍ കുത്തിനിറയ്ക്കുകയാണ്!

"വാച്ച്മാന്‍!..." ആവുന്നത്ര ഉച്ചത്തില്‍ അവര്‍ അലറി.

"വോ കോയി ആനേവാലാ നഹി, മേഡ്ഡം...." പണക്കെട്ടുകള്‍ പിന്നേയും വാരിയെടുത്തുകൊണ്ട് അയാള്‍ യാതൊരു കുലുക്കവുമില്ലാതെ പ്രഖ്യാപിച്ചു.

"നീയിത് ഇപ്പോള്‍ നിറുത്തുന്നതാണ് നല്ലത്, അല്ലെങ്കില്‍ ഞാന്‍ പോലീസിനെ വിളിക്കും!" കലശലായ ദേഷ്യവും പരിഭ്രമവും വെപ്രാളവും കലര്‍ന്ന ശബ്ദത്തില്‍ അവര്‍ മുരണ്ടു.

"ആരെ? ആ ചമാര്‍* മംഗത് റാമിനേയോ? അവന്‍ കമിഴ്ന്നുവീണ് നിങ്ങളുടെ തുകല്‍ച്ചെരിപ്പ് നക്കുമായിരിക്കും - അതല്ലേ ജാതി! പക്ഷേ തൊട്ടുപിന്നാലെ ഡിഎസ്‌പി സാബ് പട്ടണത്തില്‍നിന്ന് ഒരു ബറ്റാലിയനും കൊണ്ടുവരുന്നുണ്ട്. അവരു വന്നാല്‍ അകത്താകുക ഞാനല്ല മേഡ്ഡം, നിങ്ങളാണ്."

"വാട്ട് നോണ്‍സെന്‍സ്!! എന്നെ അകത്താക്കാന്‍ മാത്രം ഈ ഭക്താപൂരില്‍ ആരും വളര്‍ന്നിട്ടില്ല. ഇട്ടിട്ടു പോടാ, അവിടന്ന്!"

"മാഡം, മിശ്രാജി പണം വാങ്ങിയത് തെളിവോടെയാണ് ശര്‍മ്മാ സേഠ് ഡിഎസ്‌പി സാബിന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റെയ്ഡിനുള്ള ഉത്തരവ് നേരെ കേന്ദ്രത്തില്‍ നിന്ന് സിബിഐ വഴിയാണ് വന്നിട്ടുള്ളത്"

പ്രോജക്റ്റിലെ ഏറ്റവും വലിയ സിവില്‍ കോണ്ട്രാക്റ്റര്‍ ആണ് 'കെഎല്‍എസ് കണ്‍സ്ട്രക്ഷന്‍'സിന്റെ ഉടമ കന്‍ഹൈയാ ലാല്‍ ശര്‍മ്മ. ഇന്നു രാവിലെ കൈക്കൂലിപ്പണവുമായി തന്റെ ഓഫീസില്‍ ഇടിച്ചുകയറിയതിന് അയാളെ ആട്ടിയോടിച്ചതാണ്! അങ്ങനെയുള്ളവരുമായി ഇടപാടു പാടില്ലെന്ന് മിശ്രാജിക്ക് നല്ലപോലെ അറിയാം. അപ്പോള്‍ ഇതെങ്ങനെ പറ്റി?

"ഇംപോസ്സിബിള്‍! കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കുന്നതുതന്നെ എന്റെ പാര്‍ട്ടിയുടെ പിന്തുണകൊണ്ടാണ് ...."

"അതുകൊണ്ടാണല്ലോ അവരിതു ചെയ്യുന്നത്! ഒരു കേസില്‍ കുടുക്കിയിട്ടാല്‍ പിന്നെ ചാച്ചാജി വളര്‍ത്തുനായയേപ്പോലെ അവരുടെ ചൊല്‍പ്പടിക്കു നിന്നോളും. ഇന്നത്തെ സ്ഥിതിയില്‍ ഒരു മുപ്പത്തിനാലെണ്ണത്തിനെ പിടിച്ചു തൊഴുത്തില്‍ക്കെട്ടാന്‍ പറ്റിയാല്‍ കേന്ദ്രസര്‍ക്കാരിന് അതൊരു വലിയ നേട്ടമല്ലേ?" അയാളുടെ സ്വരത്തില്‍ പുച്ഛം!

"ഞാനിപ്പോള്‍ ഈ പണം കടത്തിക്കൊണ്ടുപോകുന്നതുകൊണ്ട് മാഡത്തിന് ഗുണമേയുള്ളൂ" അയാള്‍ തുടര്‍ന്നു. "നോക്കൂ, ഈ റെയ്ഡിനു വരുന്നവര്‍ക്ക് ഒരു തുമ്പുപോലും കിട്ടില്ല. അല്ല, ഇനിയും വേറെ വല്ലിടത്തും ഇരിപ്പുണ്ടെങ്കില്‍ പറഞ്ഞോളൂ, അതും ഞാന്‍ വെടിപ്പാക്കിത്തരാം"

"ഈ പണവും കൊണ്ട് നീ അധികദൂരം പോകില്ല ചെറുക്കാ. നിന്റെ പിന്നാലെ വരിക പോലീസല്ല..."

"അതെനിക്കറിയാം. ഞാന്‍ ഈ പണം മോഷ്ടിക്കുകയല്ല മാഡം, കടം വാങ്ങുകയാണ്. ഇരുപത്തിയഞ്ചുശതമാനം പലിശയ്ക്ക്. റെയ്ഡില്‍നിന്ന് മാഡത്തിനെ രക്ഷിച്ച എന്റെ സേവനം ഫ്രീ!! മാഡം അല്പമൊന്ന് സഹകരിച്ചാല്‍ മാത്രം മതി."

"എന്തു സഹകരണം?"

"അടുത്തയാഴ്ചയാണല്ലോ പൈപ്പിങ്ങ് ജോലികളുടെ കരാറിനുള്ള ലേലം വിളി. നൂറ്റിയിരുപത്തിയേഴു കോടി രൂപയുടെ ചെറിയ വര്‍ക്കാണ്. അതെനിക്കു കിട്ടണം. രണ്ടുവര്‍ഷത്തിനകം ഇതിന്റെ ഒന്നരയിരട്ടി തുക ഞാന്‍ മാഡത്തിനു തന്നിരിക്കും."

"ആഹ! വല്ലിടത്തുനിന്നും പണം മോഷ്ടിച്ച് കാശുകെട്ടിവെച്ച് ടെന്ററിട്ടാല്‍ കരാറങ്ങോട്ട് വെള്ളിത്താലിയില്‍ വെച്ച് നീട്ടിത്തരുമെന്നാണ് നിന്റെ വിചാരം? അതൊക്കെ ജോലിക്കാരും മുന്‍പരിചയവും യന്ത്രസാമഗ്രികളും നോക്കിനടത്താന്‍ കഴിവുമുള്ളവര്‍ക്കാണ് കിട്ടുക."

"കഴിഞ്ഞ നാലുവര്‍ഷമായി 'കെഎല്‍എസ് കണ്‍സ്ട്രക്ഷന്‍'സില്‍ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ് ഞാന്‍, മാഡം. അതിനുമുമ്പ് മൂന്നുവര്‍ഷം ഞാന്‍ ഇറാക്കില്‍ ഒരു വലിയ പൈപ്പ്‌ലൈന്‍ ഫാബ്രിക്കേഷന്‍ കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. അവിടന്നു തുടങ്ങിയതാണ് വെല്‍ഡിങ്ങിനോടുള്ള താല്പര്യം. ഇന്നും ഞാന്‍ ദിവസേന് കുറഞ്ഞത് പത്തുമീറ്ററെങ്കിലും വെല്‍ഡ് ചെയ്യും. അതുമാത്രമല്ല, സൈറ്റിലെ ഒട്ടുമിക്ക യന്ത്രങ്ങളും വാഹനങ്ങളും ഞാന്‍ സ്വന്തം കൈകള്‍ കൊണ്ട്റിപ്പയര്‍ ചെയ്യാറുണ്ട്. പലരേയും പോലെ ഒരു വൈറ്റ് കോളര്‍ എഞ്ചിനീയറല്ല, മാഡം, ഞാന്‍. താങ്കള്‍ സൈറ്റില്‍ പണിയെടുക്കുന്ന മനുഷ്യരെയൊന്നും കാണാന്‍ കൂട്ടാക്കാറില്ലല്ലോ, അതുകൊണ്ടാണ് എന്നേപ്പറ്റി അറിയാത്തത്" അയാള്‍ ബാഗിന്റെ സിപ്പ് വലിച്ചടച്ചുകൊണ്ട് പറഞ്ഞു.

"പിന്നെ ജോലിക്കാരുടെ കാര്യം. ശര്‍മ്മാ സേഠിന്റെ പോലെ വെല്‍ഡിങ്ങ് ചെയ്യുന്ന കൂലിവേലക്കാരല്ല, എന്റെ കമ്പനിയിലുണ്ടാകുക - ഇറാക്കില്‍ എന്റെകൂടെ ജോലിചെയ്തിരുന്ന നല്ല ഒന്നാന്തരം വെല്‍ഡിങ്ങ് സ്പെഷലിസ്റ്റുകളാണ്. ഇവിടത്തെ തുക്കടാ ലോക്കല്‍ കമ്പനികളുണ്ടാക്കിയ യന്ത്രങ്ങളല്ല, ഒന്നാന്തരം ജര്‍മ്മന്‍ നിര്‍മ്മിത യന്ത്രങ്ങളും ഉപകരണങ്ങളുമായിരിക്കും അവര്‍ ഉപയോഗിക്കുക. ഒരു വിദേശ കമ്പനി ഇവിടെ ഇന്ത്യയില്‍ ഒരു പൈപ്പ്‌ലൈന്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ വര്‍ക്ക് ഉടനേ തീരും. അവര്‍ പോകുന്നതിനു മുമ്പ് അവരുടെ യന്ത്രങ്ങളും ഉപകരണങ്ങളും അവര്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുണ്ട്. അതെവിടെയെന്ന് ഞാന്‍ പറയുന്നില്ല, കാരണം ഈ പണവും കൊണ്ട് ഞാന്‍ നേരെ അങ്ങോട്ടാണ് പോകുന്നത്. ഒരാഴ്ചയ്ക്കകം ഞാനവ വാങ്ങിയിരിക്കും." അതു പറഞ്ഞുതീരുമ്പോഴേയ്ക്കും അയാള്‍ ബാഗ് തോളിലിട്ട് താഴോട്ടിറങ്ങിത്തുടങ്ങിയിരുന്നു.

"ഞങ്ങളേപ്പോലുള്ളവര്‍ക്ക് ഇല്ലാത്തതെന്തെന്ന് ഞാന്‍ പറയാം, മാഡം. ഒന്ന് മൂലധനം. രണ്ട് സ്വാധീനം. ഞങ്ങള്‍ക്കൊക്കെ ഒരൊറ്റ രൂപ പോലും ബാങ്കുകള്‍ കടം തരില്ല. പിന്നെ ബിസിനസ് മേഖലയിലാകെ രാഷ്ട്രീയക്കാരും ചില വന്‍കിട മുതലാളിമാരുമടങ്ങുന്ന സംഘത്തിന്റെ കൂട്ടുകക്ഷിഭരണമാണല്ലോ. പുറത്തുനിന്നുള്ളവനെ ഉള്ളില്‍ കടക്കാന്‍ ഒരുതരത്തിലും അവര്‍ അനുവദിക്കില്ല." അയാളുടെ മുഖത്ത് വീണ്ടും കോപം!

"മിനിയാന്ന് ഓഫീസിലിരുന്ന് നിങ്ങളെ കുടുക്കാന്‍ ശര്‍മാജി തന്ത്രങ്ങള്‍ മെനയുമ്പോള്‍ ആ മുറിയില്‍ ഞാനുമുണ്ടായിരുന്നു, മാഡം. ഞാന്‍ അപ്പോള്‍ ഉറപ്പിച്ചു, ഇതുതന്നെ എന്റെ അവസരം! മൂലധനത്തിനുള്ള പണം റെഡി. സ്വാധീനിക്കാനായി ഞാന്‍ കഷ്ടപ്പെടേണ്ട കാര്യവുമില്ല - കാരണം ഈ പണം ഒരിക്കല്‍ ഞാന്‍ മാര്‍ക്കറ്റിലിറക്കിയാല്‍ പിന്നെ അതു തിരിച്ചുപിടിക്കണമെങ്കില്‍ മാഡത്തിന് ഈ പൈപ്പ്‌ലൈന്‍ വര്‍ക്ക് എനിക്കു തന്നേ തീരൂ. പിന്നെ ഞാന്‍ ഓഫര്‍ ചെയ്യുന്ന ഡീല്‍ അത്ര മോശമല്ലല്ലോ. ഇരുപത്തിയഞ്ചുശതമാനമെന്നാല്‍ മാഡത്തിന്റെ സാധാരണ റേറ്റിന്റെ ഇരട്ടിയിലധികമാണ്"

"നിന്നെ ഒതുക്കണമെങ്കില്‍ രണ്ടുകൊല്ലം കഴിഞ്ഞും എനിക്കൊതുക്കാം" പുച്ഛത്തോടെ അവര്‍ പ്രഖ്യാപിച്ചു.

"ഇതാണു മാഡം നിങ്ങളുടെ കുഴപ്പം. നിങ്ങളുടെ ബിസിനസ്സ് മോഡല്‍ തന്നെ പഴഞ്ചനാണ്. നിങ്ങള്‍ ചെറുപ്പമല്ലേ? ഈ വയസ്സന്‍മാരുടെ പോലെ തറയാകരുത്!"

"വാട്ട് ഡു യു മീന്‍ ?" അവര്‍ പൊട്ടിത്തെറിച്ചു.

"നോക്കൂ, നിങ്ങള്‍ പത്തുരൂപയുടെ ജോലി ഒമ്പതുരൂപയ്ക്ക് ലേലം വിളിക്കുന്നവനാണ് കൊടുക്കുക. എന്നിട്ടോ, പ്രോജക്റ്റിന്റെ അവസാനം എല്ലാവരും പിരിഞ്ഞുപോയിക്കഴിയുമ്പോള്‍ 'എസ്കലേഷന്‍സ്' എന്ന ഓമനപ്പേരില്‍ അഞ്ചുരൂപകൂടി അനുവദിച്ച് മുതലാളിമാരും ആപ്പിസര്‍മാരുംകൂടി അത് പങ്കിട്ടെടുക്കുന്നു. അതുകൊണ്ടെന്താകുന്നു? പണി നടക്കുന്ന കാലമത്രയും പ്രോജക്റ്റില്‍ പണത്തിന് ഞെരുക്കം അനുഭവപ്പെടുന്നു. നല്ല തൊഴിലാളികളെ നിയമിക്കാനും നല്ല യന്ത്രങ്ങള്‍ വാങ്ങാനും അതുകൊണ്ട് തടസ്സം നേരിടുന്നു. അത് ഗുണമേന്മയെ ബാധിക്കുന്നു"

"എന്റെ രീതി അങ്ങനെയല്ല. പത്തുരൂപയുടെ ജോലി ഞാന്‍ പതിമൂന്നു രൂപയ്ക്കെടുക്കും. അതില്‍ രണ്ടര രൂപ നിങ്ങള്‍ക്ക്. എന്റെ ജോലി എല്ലായ്പോഴും ആദ്യത്തെ ശ്രമത്തില്‍ത്തന്നെ കൃത്യമായി ചെയ്തിരിക്കും. ക്വാളിറ്റി വില്‍ ബി ഗ്യാരന്റീഡ്! ഇവിടെയൊക്കെ നിര്‍മ്മാണപ്പിഴവുകള്‍ തിരുത്തുന്നതിന് കരാറുകാര്‍ പാഴാക്കുന്നത് എത്ര തുകയാണെന്നറിയാമോ?"

അല്പനേരം നിറുത്തിയശേഷം അയാള്‍ തുടര്‍ന്നു "എനിക്ക് ഹൈലി സ്പെഷലൈസ്ഡ് വര്‍ക്ക് മാത്രം മതി, മാഡം. സാധാരണ പെറ്റി കോണ്ട്രാക്റ്റര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത പ്രിസിഷന്‍ വര്‍ക്ക്. അതിലേ മാര്‍ജിന്‍ ഉള്ളൂ. എനിക്കു മാര്‍ജിന്‍ ഉണ്ടെങ്കിലേ ഉയര്‍ന്ന യോഗ്യതയുള്ള സ്പെഷലിസ്റ്റുകളെ നിലനിര്‍ത്താന്‍ എനിക്കു കഴിയൂ. നാളെ ശര്‍മ്മാജി നിര്‍മ്മിച്ച എന്തിനെങ്കിലും ഒരു തകരാറു പറ്റിയാല്‍, അതിനേക്കുറിച്ചൊരു അന്വേഷണമുണ്ടായാല്‍ ശര്‍മ്മാജിയുടെ പക്കല്‍നിന്നും പണം വാങ്ങിയവരൊക്കെ കുടുങ്ങും. മറിച്ച്, എന്റെ കയ്യില്‍നിന്നും പണം വാങ്ങുന്നവര്‍ ഒരിക്കലും ചതിക്കപ്പെടുകയില്ല. ദ ക്വാളിറ്റി ഒഫ് മൈ വര്‍ക്ക് വില്‍ ഡിഫെന്റ് ദെം".

"അപ്പോള്‍ ശര്‍മ്മാജിയെ മൊത്തത്തില്‍ ഒതുക്കാനുള്ള ആസൂത്രിത പദ്ധതിയാണിത് അല്ലേ?"

"തീര്‍ച്ചയായും അല്ല, മാഡം. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ ചെയ്യുന്ന ഒരു അബദ്ധമാണ് എല്ലാ എതിരാളികളേയും അടിച്ചൊതുക്കി സര്‍വ്വധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുക, എന്നത്. എന്റെ രീതി അതല്ല. ശക്തനായ ഒരു എതിരാളിയെ നിലനിര്‍ത്തുക എന്നതാണ് എന്റെ നയം. എന്നെ എതിര്‍ക്കുന്നവന് അവന്റെ കൂടെയും അവനെ എതിര്‍ക്കുന്നവനെ എന്റെ കൂടെയും ചേരുക എന്നൊരു വഴിയേ ഉണ്ടാകാവൂ. ശക്തനായ ഒരു എതിരാളിയുടെ അഭാവത്തില്‍ ദുര്‍ബ്ബലരെങ്കിലും നിരന്തരശല്യമായ നൂറ്റുക്കണക്കിന് എതിരാളികളുമായി എന്നും പൊരുതിയും സന്ധിചെയ്തും ജീവിക്കേണ്ടിവരും."

അപ്പോഴാണ് ഫോണ്‍ അടിച്ചത്. റിസീവറെടുക്കാനായി മാഡം മുന്നോട്ടുവന്നപ്പോഴേയ്ക്കും അയാള്‍ ഇടയില്‍ക്കയറി സ്പീക്കര്‍ ബട്ടണ്‍ അമര്‍ത്തി.

"മാഡം, ഗസബ് ഹോ ഗയാ!!" പോലീസ് സ്റ്റേഷനില്‍നിന്ന് മംഗത് റാമാണ് "ഡിഎസ്പി സാബ് ഫോണ്‍ ചെയ്തിരുന്നു. ലോക്കപ്പ് റെഡിയാക്കിവെയ്ക്കാന്‍ പറഞ്ഞു. അഞ്ചുമിനിട്ടിനകം ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് കൂടെപ്പോരാന്‍ തയ്യാറായി നിന്നോളാനും പറഞ്ഞു. മാംലാ ഗംഭീര്‍ ലഗ്താ ഹെ മാഡം".

"തും ചിന്താ മത് കരോ. സബ് ബന്ദോബസ്ത് ഹോ ഗയാ ഹെ. ഞാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്" അവര്‍ ഉറപ്പിച്ചുപറഞ്ഞു.

ഫോണ്‍ ഡിസ്കണക്റ്റ് ചെയ്ത് അയാള്‍ തിടുക്കത്തില്‍ പുറത്തേയ്ക്കുപോകാന്‍ തുടങ്ങി

"നില്‍ക്ക്.." മാഡം ആജ്ഞാപിച്ചു. അയാള്‍ നടത്തത്തിന്റെ വേഗം അല്പം കുറച്ച് തിരിഞ്ഞുനോക്കി.

"അടുക്കളയില്‍ ഉരുളക്കിഴങ്ങിന്റെ ചാക്കിനടിയിലുള്ള കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലും പണമുണ്ട്. അത് ശര്‍മ്മയുടേതല്ല, എങ്കിലും ഇനി അതുകാരണം പ്രശ്നമുണ്ടാകണ്ടാ. അതും ഇവിടന്ന് മാറ്റിക്കോളൂ"

അയാള്‍ ഒറ്റയോട്ടത്തിന് അടുക്കളയില്‍ കയറി ചാക്കു തള്ളി മാറ്റി പെട്ടി കൈകളിലെടുത്തു. വലിയൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി കയ്യിലും വലിയൊരു ബാക്ക്പാക്ക് ചുമലിലും താങ്ങി അയാള്‍ പുറത്തേക്കോടുന്നത് അവര്‍ കൌതുകത്തോടെ കണ്ടു. പെട്ടി പെട്രോള്‍ ടാങ്കിനുമുകളില്‍ വെച്ച് കാല്‍മുട്ടുകള്‍കൊണ്ട് അതിനെ അള്ളിപ്പിടിച്ച് അയാള്‍ കിഴക്കോട്ടുള്ള വഴിയിലൂടെ ബൈക്ക് ഓടിച്ചുപോകുന്നത് കണ്ണില്‍നിന്നു മറയുന്നതുവരെ അവര്‍ നോക്കിനിന്നു. അല്പനേരത്തിനകം പടിഞ്ഞാറുനിന്ന് ജീപ്പുകളുടെ ഇരമ്പല്‍ കേട്ടുതുടങ്ങി.

ഒരിക്കല്‍ ഇവനെ കൂട്ടിക്കൊണ്ടുപോയി നേതാജിയെ പരിചയപ്പെടുത്തണം. അദ്ദേഹത്തിന് തീര്‍ച്ചയായും ഇവനെ ഇഷ്ടമാകും. രാഷ്ട്രീയത്തിന്റെ തന്ത്രവും മാനേജ്മെന്റിന്റെ മര്‍മ്മവും തൊഴിലിന്റെ സൂക്ഷ്മവശങ്ങളും ബിസിനസ്സിന്റെ പ്രായോഗികശാസ്ത്രവും വ്യക്തമായി അറിയുന്നവന്‍. തന്റേടി. ബുദ്ധിമാന്‍. കരുത്തന്‍. സ്ഥിതിഗതികളുടെ മര്‍മ്മമറിഞ്ഞ് റിസ്കെടുത്തു വിജയിക്കാന്‍ കഴിയുന്ന മിടുക്കന്‍. നേതാജിക്കൊത്ത പിന്‍ഗാമിതന്നെ ഇവന്‍ - അവര്‍ മനസ്സിലുറപ്പിച്ചു.

8 comments:

  1. കഥകള്‍ രസിക്കുന്നുണ്ട്. കഥാകാരന്‍റെ ആഗ്രഹങ്ങളാണല്ലോ പുറത്തു വരുന്നത്.അല്ലേ?

    ReplyDelete
  2. അസ്സലായി...
    കാറ്റുള്ളപ്പോൾ തൂറ്റുക മാത്രമല്ല മർമ്മവും നോക്കണം...!

    ReplyDelete
  3. തന്ത്രങ്ങള്‍; കുതന്ത്രങ്ങള്‍ !!
    കഥ തുടരട്ടെ !!

    ReplyDelete
  4. കൊച്ചീച്ചി,
    ഇത് വെറുമൊരു കഥയായി കാണാന്‍ പറ്റില്ല
    ബുദ്ധിയും ഭാവനയും പ്രായോഗികതയുമുള്ള ഒരു തലച്ചോറില്‍ നിന്ന് മാത്രമേ ഇത്തരം സൃഷ്ടികള്‍ പിറക്കൂ എന്നത് നിര്‍ണ്ണയം.

    ReplyDelete
  5. ഇതിലെ കള്ളൻ നമ്മുടെ
    ലൊട്ട് ലൊടുക്ക് കള്ളനൊന്നുമല്ല..
    അസ്സൽ ഹൈ-ടെക് കള്ളൻ , ഇനി നായികയും ,
    കള്ളൻ ഹീറൊയുമായി ഒന്ന് രണ്ട് ലൌവ് മേക്കിങ്ങ്
    സീനുകളും കൂടി ഉണ്ടെങ്കിൽ ഒരു ഹോളിവുഡ് ത്രില്ലർ മൂവിക്കുള്ള തിരക്കഥയായി ...!
    ഈ പടം നമ്മക്കങ്ങട് പിടിച്ചാലോ ഭായ്...?

    ReplyDelete
  6. അപ്പോ ഇങ്ങനെയാണ് കള്ളനാവേണ്ടത്... അജിത്തേട്ടന്‍റെ കമന്‍റ് കേമമായിട്ടുണ്ട്..കഥയെയും കഥാകാരനേയും ശരിക്കും വിലയിരുത്തിയത്..
    അഭിനന്ദനങ്ങള്‍... വാലറ്റക്കാരാ..

    ReplyDelete
  7. ഇത് പറഞ്ഞത് പോലെ സാധാരണ കള്ളനല്ല.
    നന്നായിരിക്കുന്നു.

    ReplyDelete
  8. വാഹ്, കെ കെ. കഥ ഓരോന്നും മര്‍മ്മത്തില്‍ തന്നെ. കഥയുടെ തുടക്കത്തില്‍ ഒരു കള്ളന്‍ ഉണ്ടാവുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ തുടങ്ങുന്ന വായന, അതിനോട് തുലനപ്പെടുന്ന വ്യവസ്ഥിതിയെ പ്രതിനിധീകരിക്കുന്ന നായിക, ഈ ഒരു തീം പറഞ്ഞുറപ്പിക്കാന്‍ തന്നെ തീരുമാനിച്ചതായിരുന്നു അല്ലെ. പക്ഷെ എത്ര സത്യം. മുന്നേ അറിയുന്ന പ്രമേയം എങ്കിലും ഓരോ കഥയും ഓരോ പുതിയ അനുഭവമാകുന്നു. ഓരോന്നിന്റെയും ലിങ്ക് ഞാന്‍ ഓരോ ദിവസമായി fb യില്‍ ഇടാന്‍ പോവുന്നു ട്ടോ.

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ