എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, December 16, 2014

എന്തൂട്ടാണീ 'പ്രായോഗികമായ' മദ്യനയം?

അല്ല, സത്യത്തില്‍ എന്താണ് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത മദ്യനയത്തിലെ 'പ്രായോഗികത'യില്ലായ്മ? അതുമാറ്റാനാണല്ലോ ഇപ്പൊ തീരുമാനമായിരിക്കുന്നത്!

ആദ്യം തന്നെ ചില കാര്യങ്ങള്‍ പറഞ്ഞുവയ്ക്കട്ടെ. ഞാന്‍ ഇടയ്ക്കിടെ അല്പസ്വല്പം മദ്യപിക്കുന്നയാളാണ്. സര്‍ക്കാരിന്റെ നിലവിലെ മദ്യനയത്തോട് (ബാറുകള്‍ പൂട്ടാനും, ബിവറേജസ് പീടികകള്‍ ക്രമേണ അടയ്ക്കാനും മദ്യലഭ്യത കുറയ്ക്കാനുമുള്‍പ്പെടെയുള്ളവ) ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരനോ, മതഭക്തനോ, സ്ത്രീപക്ഷവാദിയോ അല്ല (ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാല്‍ ഞാന്‍ കേരളീയനോ ഇന്ത്യക്കാരന്‍ പോലുമോ അല്ല).

പക്ഷേ ഒരു പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയുടെ നിയമങ്ങള്‍ അനുസരിക്കുന്നവനെന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉചിതമെന്നു തോന്നുന്ന നയങ്ങള്‍ - വിശേഷിച്ച് സമുദായത്തിനു നല്ലതെന്ന് അവര്‍ കരുതുന്ന നയങ്ങള്‍ - രൂപീകരിക്കാനും അവ നടപ്പിലാക്കാനും ഉള്ള അധികാരത്തെ ഞാന്‍ മാനിക്കുന്നുണ്ട്.

ഇപ്പോഴത്തെ മദ്യനയത്തെക്കുറിച്ച് പലതരം വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അതില്‍ ഒന്നാമത്തേത്, ഇത്തരമൊരു നയം 'പ്രായോഗികമായി നടപ്പാക്കാനാവില്ല' എന്നതാണ്. അതായത് നാട്ടില്‍ കള്ളവാറ്റ് കൂടും, പുറം നാടുകളില്‍നിന്ന് സ്പിരിറ്റ് കടത്തല്‍ വര്‍ദ്ധിയ്ക്കും, ചില മദ്യപാനികള്‍ കഞ്ചാവിലേയ്ക്കും മയക്കുമരുന്നിലേയ്ക്കും തിരിയും, അത്തരം ഒരു സംവിധാനം നിലനിര്‍ത്തുന്ന ഒരു മാഫിയ രൂപപ്പെടും, അതിലൂടെയുള്ള കള്ളപ്പണമൊഴുക്കും മുതലെടുപ്പും വര്‍ദ്ധിയ്ക്കും, വളരേയധികം ആളുകള്‍ 'പെട്ടന്നു പണമുണ്ടാക്കാനാകുന്ന' ഈ വ്യവസ്ഥിതിയിലേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടും, ക്രമസമാധാനനില താറുമാറാകും എന്നൊക്കെ.

അതായത് പ്രശ്നം മദ്യനിയന്ത്രണമല്ല, നിയമങ്ങളെ അംഗീകരിക്കാന്‍ തയ്യാറോ ശീലമോ ഇല്ലാത്ത ജനങ്ങളാണ്!

ഞാന്‍ കാനഡയില്‍ വന്നിട്ട് ഒരു പതിറ്റാണ്ടിലേറെയായി. എനിക്കിഷ്ടപ്പെടാത്ത നിയമങ്ങളേറേയുണ്ടിവിടെ. എന്റെ പറമ്പില്‍ നില്‍ക്കുന്ന ഒരു മരം വെട്ടണമെങ്കില്‍ മുനിസിപ്പാലിറ്റിയില്‍നിന്ന് അനുവാദം വാങ്ങണം. എന്റെ വീട്ടിനുചുറ്റുമുള്ള പുല്ല് എത്രവലുതാകാമെന്നതിന് നിയമമുണ്ട്. നികുതിപ്പണം പിരിച്ചെടുത്തു നിര്‍മ്മിച്ച ഹൈവേ സ്വകാര്യ ഉടമസ്ഥനു പതിച്ചുകൊടുത്ത് അവന്‍ ഈടാക്കുന്ന അക്രമ ടോള്‍ നിരക്ക് അടച്ചില്ലെങ്കില്‍ എന്റെ ലൈസന്‍സും വണ്ടിയുടെ റെജിസ്ട്രേഷനും പുതുക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടിനോട് കടുത്ത എതിര്‍പ്പുണ്ട്.

പക്ഷേ അതൊന്നും ആ നിയമങ്ങള്‍ സ്വമേധയാ പാലിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എനിക്ക് എതിര്‍പ്പുള്ള വിഷയങ്ങള്‍ എന്റെ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധിയോട് ഉന്നയിക്കാം. അദ്ദേഹം സഹകരിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്റെ ചിന്തകളെ അനുകൂലിക്കുന്ന മറ്റൊരാളെ പിന്തുണയ്ക്കുകയും അയാളുടെ വിജയത്തിനായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യാം. അതുമല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയകക്ഷിയില്‍ ചേര്‍ന്ന് അവരുടെ നയരൂപീകരണത്തെ സ്വാധീനിയ്ക്കാം. ചങ്കൂറ്റവും അധ്വാനിയ്ക്കാനുള്ള ശേഷിയുമുണ്ടെങ്കില്‍ സ്വന്തമായി ഒരു രാഷ്ട്രീയപാര്‍ട്ടിവരെ രൂപീകരിക്കാം. ഇതൊന്നും ഞാന്‍ ചെയ്യാത്തതുകൊണ്ട് ഈ നിയമങ്ങളെ അതേപടി അനുസരിക്കുക എന്നതുതന്നെയാണ് ഞാന്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദ. നാളെ ഇവിടെ മദ്യനിരോധനം നിയമമായാല്‍ ആ നിയമം ഞാന്‍ കൃത്യമായി പാലിച്ചിരിക്കും.

അത്തരം മര്യാദ പാലിക്കാത്ത ജനതയെ അതു ശീലിപ്പിയ്ക്കുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്

രണ്ടാമതായി കേള്‍ക്കുന്ന പരാതി സര്‍ക്കാരിന്റെ നികുതിവരുമാനത്തിലുണ്ടാകുന്ന വന്‍ തകര്‍ച്ചയേക്കുറിച്ചാണ്. സര്‍ക്കാരിന്റെ ഖജനാവിലേയ്ക്കു വരുന്ന പണത്തിന്റെ നല്ലൊരു പങ്ക് ഇന്ന് മദ്യവില്‍പ്പനയിലൂടെയാണ് ലഭിയ്ക്കുന്നത് എന്ന വസ്തുത നിരാകരിക്കാനാവില്ല. പക്ഷേ ഇത്തരമൊരു ആശ്രയത്വത്തില്‍നിന്ന് സര്‍ക്കാരിന് കരകയറണ്ടേ? മദ്യത്തില്‍നിന്ന് വന്‍തോതില്‍ വരുമാനം ലഭിയ്ക്കുന്ന ഒരു സര്‍ക്കാരിന് അതിന്റെ വിപണനം കൂട്ടാനുള്ള സ്വാഭാവികമായ ത്വരയില്‍നിന്ന് ക്രമാനുഗതമായ ഒരു മോചനം ആവശ്യമില്ലേ? നികുതിവരുമാനത്തിന് ന്യായാനുസൃതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയാണ് (legitimate economic activity) സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കേണ്ടത്. മദ്യം വിറ്റാലേ ചിലവുനടക്കൂ എന്ന സ്ഥിതിവിശേഷം ഏതൊരു സര്‍ക്കാരിനും തികഞ്ഞ അപമാനമാണ്. മദ്യപന്‍മാരേക്കാളും ആസക്തരായ (addicted) സര്‍ക്കാരിനെയാണ് അവിടെ കാണാന്‍ കഴിയുക!

സര്‍ക്കാര്‍ അല്പാല്പമായി മദ്യവരുമാനത്തിന്‍മേലുള്ള ആശ്രയത്വം കുറയ്ക്കുന്നതനുസരിച്ച് മറ്റു സാമ്പത്തികമേഖലകളെ പ്രോത്സാഹിപ്പിയ്ക്കാന്‍ നിര്‍ബന്ധിതരാകും. വളരേ ആരോഗ്യകരമായ ഒരു സാമ്പത്തിക സംസ്കാരത്തിലേയ്ക്കായിരിക്കും അത് സമൂഹത്തെ നയിക്കുക.

ടൂറിസം മേഖല അപ്പാടെ തകര്‍ന്നടിയും എന്നതാണ് മൂന്നാമത്തെ ഉല്‍കണ്ഠ! കേരളത്തിലെ 'തനതായ' , 'പ്രശസ്തമായ' മദ്യയിനങ്ങളുടെ രുചിയറിയാനാണ് ടൂറിസ്റ്റുകള്‍ ഇടിച്ചുകയറിയിരുന്നത് എന്ന് ഇതിനുമുമ്പ് എനിക്കറിയില്ലായിരുന്നു! ഇതുവരെ നൂറ്റുക്കണക്കിനു കോടി രൂപയുടെ മദ്യം കുടിച്ചുവറ്റിച്ച് സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തിയിരുന്നത് ടൂറിസ്റ്റുകളാണെന്നു തോന്നും ഇതു കേട്ടാല്‍. ടൂറിസ്റ്റുകള്‍ക്കും ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്കുമൊക്കെ ആവശ്യമുള്ള മദ്യമെത്തിക്കാനായി നാട്ടിലെമ്പാടും മദ്യശാലകള്‍ നിലനിര്‍ത്തണമെന്ന വാദമൊക്കെ വെറും ബാലിശമാണ്. അതിനുള്ള മദ്യം ലഭ്യമാക്കാനുള്ള വ്യവസ്ഥകളൊക്കെ കൊണ്ടുവരിക വളരേ ലളിതമാണ്.

കുടിയന്‍മാരുടെ അടക്കാനാവാത്ത മദ്യാസക്തിയും പുനരധിവാസവുമാണ് പിന്നീടുന്നയിക്കപ്പെടുന്ന പ്രശ്നം. ഇത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. മൌലികമായി, ഇത് കുടിയന്‍മാരുടെ തന്നെ ഉത്തരവാദിത്വമാണ്. ഇന്ന് അത്തരത്തിലുള്ള ഒരു തീരുമാനത്തിലേയ്ക്ക് നിര്‍ബന്ധിയ്ക്കുന്ന ഒരു സാമൂഹ്യ സംവിധാനം നാട്ടില്‍ നിലവിലില്ല എന്നതാണ് ആ ഉത്തരവാദിത്വം നിറവേറ്റാതിരിക്കാന്‍ മദ്യപരെ പ്രാപ്തരാക്കുന്നത്. മദ്യത്തിന്റെ ലഭ്യത കുറയുകയും നിയമനിര്‍വ്വഹണം കര്‍ശനമാകുകയും ചെയ്യുമെന്ന് ഉറപ്പാകുന്ന മുറയ്ക്ക് ലഹരിമുക്തിയ്ക്കുള്ള സാമൂഹിക സംവിധാനങ്ങള്‍ താനേ നിലവില്‍വരും, അതിന് ആവശ്യക്കാരും ധാരാളം ഉണ്ടാകും

മദ്യ വിപണന മേഖലയിലെ തൊഴിലാളികളുടെ പുനരധിവാസമാണ് മറ്റൊരു പ്രശ്നം. ഇതുവരെ ഉന്നയിപ്പിക്കപ്പെട്ട പ്രശ്നങ്ങളില്‍ ന്യായമെന്ന് എനിക്കുതോന്നിയത് ഇതു മാത്രമാണ്. ഒരു ശരാശരി ബാര്‍ തൊഴിലാളിക്ക് കിട്ടുന്ന വരുമാനം സമാനമായ അവിദഗ്ദ്ധ ജോലിയ്ക്ക് കിട്ടാന്‍ പ്രയാസമാണ്. ഇന്നത്തെ സമ്പദ്‌വ്യവസ്ഥയുടെ ഒരു നിര്‍ഭാഗ്യകരമായ പരിണാമമാണത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനാകുമെന്ന് കരുതുന്നില്ല.

നിലവിലുള്ള നയം രാഷ്ട്രീയ ചേരിപ്പോരിന്റേയോ കോടതിയുടെ ഇടപെടലുകളുടേയോ മതനേതാക്കളുടെ താല്പര്യങ്ങളുടേയോ പരിണതഫലമായിരിക്കാം. അത് രാഷ്ട്രീയകുതുകികള്‍ വിലയിരുത്തട്ടെ. പക്ഷേ തികച്ചും ഒരു നയമെന്ന നിലയില്‍ അതിനെ പിന്താങ്ങാതിരിക്കാനാവില്ല. മദ്യവരുമാനാസക്തിയില്‍നിന്ന് ഭരണയന്ത്രത്തെ മോചിപ്പിക്കേണ്ടത് ധര്‍മ്മബോധമുള്ള സമൂഹത്തിന്റെ ആവശ്യമാണ്. തീര്‍ത്തും മദ്യവിമുക്തമായ 'കിനാശ്ശേരി'യൊന്നുമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചത് - ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത പരിമിതപ്പെടുത്തി, ഉന്നതനിലവാരമുള്ള ബാറുകളില്‍ വളരേ ഉയര്‍ന്നനിരക്കില്‍ ഒരു ആഡംബര ഉപഭോഗവസ്തു എന്ന നിലയിലേയ്ക്ക് പരിമിതപ്പെടുത്താനാണ്. അതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല - വിശേഷിച്ച് കുടിച്ചു പൂസായിക്കിടക്കുന്ന മലയാളിയുടെ നാട്ടില്‍.

അതിനുള്ള പ്രധാന തടസ്സം യാതൊരു ഉളുപ്പുമില്ലാതെ നിയമനിഷേധം നടത്താന്‍ തയ്യാറുള്ള ജനതയാണ് (ഇതില്‍ രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ബ്യൂറോക്രാറ്റുകളും നിയമപാലകരും സാധാരണക്കാരും എല്ലാം പെടും). അല്പം ചങ്കുറപ്പുള്ള ഒരു നേതാവിന് 'രണ്ടു പെട കൊടുത്ത്' പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ, അത്.

7 comments:

 1. സർക്കാരിന്റെ കഞ്ഞികുടി മുട്ടിക്കാനാണല്ലെ പരിപാടി...!
  മദ്യലഭ്യതയിലുണ്ടായ കുറവ് കാരണം സർക്കാരിനാണ് പ്രശ്നങ്ങൾ. അല്ലാതെ സാധാരണ ജനങ്ങൾക്കല്ല. ടൂറിസ്റ്റുകൾ കേരളത്തിൽ വരുന്നതും മീറ്റിങ്ങുകളും മറ്റും നടത്തുന്നതും കള്ളു കുടിക്കാനാണന്ന് എനിക്കും മനസ്സിലായത് ഈ കള്ളു വ്യവസായികൾ പറഞ്ഞപ്പോഴാണ്.
  എത്രയെത്ര അന്തർ നാടകങ്ങൾ...!?
  ആശംസകൾ...

  ReplyDelete
 2. നഷ്ടങ്ങളുടെ ഭാഗത്ത് നിരത്താന്‍ എന്തെല്ലാം കാരണങ്ങളുണ്ടെങ്കിലും മദ്യലഭ്യത കുറയ്ക്കുന്ന നയവുമായി ഗവന്മെന്റ് മുന്നോട്ട് പോകണമെന്നാനെന്റെ ആഗ്രഹം. കുടിയന്മാരുടെ അക്രമവും അതേസമയം അവരുടെയും അവര്‍ക്കുള്ളവരുടെയും ദയനീയതയും കണ്ട് മടുത്തു

  ReplyDelete
 3. അന്തര്‍നാടകങ്ങളില്‍ നടക്കുന്ന കള്ളക്കളി എന്താണെന്ന് അറിയാന്‍ വലിയ പ്രയാസമാണ്. അതുകൊണ്ട് തെറ്റും ശരിയും വേര്‍തിരിക്കുക അത്ര എളുപ്പവും ആകുന്നില്ല. കമ്മീഷന്‍ എന്നത് അത്രയും ജനസ്വാധീനം നേടിക്കൊണ്ടിരിക്കയാണ്, എന്തായാലും ഒന്നുമില്ല എന്ന തരത്തില്‍.

  ReplyDelete
 4. പ്രശ്നം മദ്യനിയന്ത്രണമല്ല, നിയമങ്ങളെ
  അംഗീകരിക്കാന്‍ തയ്യാറോ ശീലമോ ഇല്ലാത്ത ജനങ്ങളാണ്!

  ReplyDelete
 5. ഞാന്‍ മദ്യപാനത്തില്‍ താത്പര്യമില്ലാത്തയാളാണ്. പക്ഷേ മദ്യനിരോധനത്തെ അനുകൂലിക്കുന്നില്ല.മദ്യാസക്തി കുറയ്ക്കാന്‍ നിയമത്തിന് പരിമിതമായേ കഴിയൂ.ഇപ്പോഴത്തെ മദ്യനയം സുധീരനും മതമേലദ്ധ്യക്ഷന്മാരും കൂടി നടത്തിയ ഗൂഡാലോചനയെ പൊളിക്കാന്‍ ചാണ്ടി നടത്തിയ മറുനീക്കം മാത്രമാണു.സൈദ്ധാന്തിക തലത്തില്‍ നമുക്ക് പലതും പറയാന്‍ കഴിയും.പക്ഷേ മദ്യ നിരോധനം ടൂറിസത്തെ ബാധിക്കുക തന്നെ ചെയ്യും

  ReplyDelete
 6. വാദങ്ങളോട് യോജിപ്പ്.

  എല്ലാം ഇന്നിവിടെ കൊളോക്കിയലി കോമ്പ്ലിമെന്റ്സ്സാക്കി കൊളമാക്കിയ കാര്യം അറിഞ്ഞിരിക്കുമല്ലോ....

  ReplyDelete
 7. ഇത് വായിക്കാന്‍ കുറച്ചു വൈകി. ഏതായാലും സര്‍ക്കാരിന്‍റെ വാചകമടികള്‍ എല്ലാം വെറും നാടകമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു. സുധീരനെ തളക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി കളിച്ച ഒരു കളി മാത്രമായിരുന്നു എല്ലാ സീനുകളും. സര്‍ക്കാര്‍ മദ്യ മുതലാളിമാരുടെ കൂടെ തന്നെ. പണത്തിന് മീതെ സര്‍ക്കാരും പറക്കില്ല. കുടിയന്മാര്‍ ഹാപി, അബ്കാരികള്‍ ഹാപി, സര്‍ക്കാര്‍ ഹാപിയോട് ഹാപി.

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ