എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, April 18, 2015

ഒരു വിനോദത്തിന്റെ ഉപസംഹാരം.

അങ്ങനെ അതങ്ങു തീരുമാനിച്ചു. ഇതെന്റെ അവസാനത്തെ കമ്പ്യൂട്ടര്‍ അസ്സംബ്ലി ആയിരിക്കും

ഈ ഏര്‍പ്പാട് സത്യത്തില്‍ ലാഭകരമല്ല. ഇതുവരെ കമ്പ്യൂട്ടര്‍ അസ്സംബിള്‍ ചെയ്യാന്‍ ചിലവായ പണമുണ്ടായിരുന്നെങ്കില്‍ കുറഞ്ഞത് രണ്ട് ഐമാക് എങ്കിലും വാങ്ങാമായിരുന്നു. ചിലവാക്കിയ സമയത്തിന്റെ കണക്കാണെങ്കില്‍ പറയുകയും വേണ്ട. എന്നേപ്പോലെ കമ്പ്യൂട്ടര്‍ അസ്സംബിള്‍ ചെയ്തിരുന്നവര്‍ (പ്രഫെഷനലായും ഹോബിയായും ചെയ്തിരുന്നവര്‍) ഇപ്പോള്‍ ആ പരിപാടി ഏറെക്കുറെ നിറുത്തി. അഞ്ചുവര്‍ഷം മുമ്പുവരെയുണ്ടായിരുന്നതിന്റെ എട്ടിലൊന്നു വ്യാപാരികളേ ഇപ്പോള്‍ അസ്സംബിള്‍ ചെയ്യാവുന്ന ഘടകങ്ങള്‍ വില്‍ക്കുന്നുള്ളൂ. അവര്‍ പോലും അതിന് വലിയ പ്രാമുഖ്യം നല്‍കുന്നില്ല. പണ്ടൊക്കെ ഒരു വര്‍ഷം പഴയ മോഡല്‍ ഘടകം ഏതാണ്ട് 50% വിലക്കിഴിവില്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ വര്‍ഷാവര്‍ഷമുള്ള വിലക്കിഴിവ് തുലോം തുച്ഛമാണ്.

ഇവിടങ്ങളില്‍ അസ്സംബിള്‍ ചെയ്ത ഡെസ്ക്‍ടോപ്പ് കമ്പ്യൂട്ടറിന് ആവശ്യക്കാര്‍ തീരെയില്ല. ഡെസ്ക്‍ടോപ്പിനുതന്നെ ആവശ്യക്കാരില്ലെന്നതാണ് സത്യം. ഭൂരിപക്ഷം ആളുകളും അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണിനേയോ ടാബ്ലറ്റിനേയോ ആണ് ആശ്രയിക്കുന്നത്. അതിനുപരിയായുള്ള ആവശ്യങ്ങള്‍ക്ക് ലാപ്‌ടോപ്പ് ആണ് ഉത്തമായി കരുതപ്പെടുന്നത് (എന്റെ സ്ഥാപനത്തില്‍ ഡെസ്ക്‍ടോപ് ഉപയോഗിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍).

ഒരു തനതു ഡെസ്ക്‍ടോപ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ എത്ര വയറുകളാണ് കൂട്ടിച്ചേര്‍ക്കേണ്ടത്! മോണിറ്റര്‍, കീബോര്‍ഡ്, മൌസ്, സ്പീക്കര്‍, പ്രിന്റര്‍, മോഡം, റൌട്ടര്‍, ടെലിഫോണ്‍ എന്നിവയടങ്ങുന്ന ഒരു ശരാശരി ഹോം ഓഫീസില്‍ പല തരം വയറുകളുടെ ഒരു അയ്യരുകളിയായിരിക്കും!ഇവിടെ എന്റെ വീട്ടുകാരി അതുകണ്ട് പ്രാന്തുപിടിക്കുമെന്നതുകൊണ്ട് വീടിന്റെ ഈ മൂലയിലേയ്ക്ക് വരാറേയില്ല.

ഒരേയൊരു തവണയേ വ്യാവസായികമായി നിര്‍മ്മിച്ച ഡെസ്ക്‍ടോപ് കമ്പ്യൂട്ടര്‍ ഞാന്‍ വാങ്ങിയിട്ടുള്ളൂ. 1999ല്‍ ആയിരത്തി എണ്ണൂറു ഡോളറിനു വാങ്ങിയ 'IPC'കമ്പ്യൂട്ടറായിരുന്നു അത്. അക്കാലത്ത് ഇവിടുത്തെ എല്ലാ പത്രങ്ങളിലും മിക്കവാറും ദിവസങ്ങളില്‍ ആ കമ്പനിയുടെ ഫുള്‍ പേജ് പരസ്യങ്ങള്‍ വരുമായിരുന്നു - അത്രകണ്ട് ബിസിനസ് ഉണ്ടായിരുന്നു അവര്‍ക്ക്. ഒരിക്കല്‍ ആ കമ്പ്യൂട്ടറിന് ചെറിയൊരു പ്രശ്നം വന്നപ്പോള്‍ ഞാനത് 'ഫാക്റ്ററി'യില്‍ കൊണ്ടുചെന്നു - അപ്പോഴാണ് ആ കമ്പനിയുടെ വലിപ്പം മനസ്സിലായത്. ഒരു ഇന്റസ്ട്രിയല്‍ ബില്‍ഡിങ്ങില്‍, ഇംഗ്ലീഷുപോലും നേരെ ചൊവ്വേ സംസാരിക്കാനറിയാത്ത ചൈനാക്കാര്‍ നടത്തിയിരുന്ന ഒരു സ്ഥാപനമായിരുന്നു അത്! ഏതുപ്രശ്നമാണെങ്കിലൂം ഡിസ്ക് ഫോര്‍മാറ്റ് ചെയ്യുക എന്നത് അവരുടെ പ്രതിവിധിയുടെ അവശ്യനടപടികളില്‍ ഒന്നായിരുന്നു!

ഓഫീസിലുണ്ടായിരുന്നവരുടെ കമ്പ്യൂട്ടര്‍ അസംബ്ലി ഗീര്‍വാണ വര്‍ണ്ണനകള്‍ കേട്ട് അനുരാഗവിലോചനനായി അതിലേറെ മോഹിതനായി ഈ പരിപാടി ഒന്ന് പരീക്ഷിക്കാന്‍ ഈ യുവമനസ്സ് വെമ്പി. അപ്പോഴേയ്ക്കും ആ ഐപിസിയുടെ വാറന്റിയും കഴിഞ്ഞിരുന്നതുകൊണ്ട് ആദ്യപടിയായി അതിനെത്തന്നെ ഒന്നഴിച്ച് റീഫിറ്റ് ചെയ്തുപഠിക്കാമെന്ന് ഉറപ്പിച്ചു. ആദ്യം വിഡിയോ ക്യാമറ ഓണ്‍ ചെയ്തുവെച്ചു. പിന്നെ ഷാസി തുറന്ന് ഓരോന്നായി അഴിച്ചെടുത്തു. തിരികെ അതുപോലെ ഫിറ്റ് ചെയ്തു. സംശയം വന്നപ്പോള്‍ വീഡിയോ റീപ്ലേ ചെയ്ത് ഉറപ്പുവരുത്തി. അതൊരു രണ്ടുമൂന്നു തവണ ചെയ്തപ്പോള്‍ ഒരൂട്ടം ഗുട്ടന്‍സൊക്കെ പിടികിട്ടി.

പലപ്പോഴായി വീഡിയോ കാര്‍ഡ് സൌണ്ട് കാര്‍ഡ്, ഹാര്‍ഡ് ഡിസ്ക് എന്നിവ മാറ്റാനും പുതുതായി ഒരു ഫയര്‍വയര്‍ കാര്‍ഡ് പിടിപ്പിക്കാനും വേണ്ട അറിവ് മേല്‍പറഞ്ഞ അഭ്യാസം കൊണ്ട് നേടി. 2005ലാണ് ഒരു കമ്പ്യൂട്ടര്‍ അടിമുടി അസംബിള്‍ ചെയ്യാനുള്ള ഉള്‍വിളിയുണ്ടായത്.

മുന്തിയ ഇനം കേസും മതര്‍ബോര്‍ഡും ഗ്രാഫിക്സ് കാര്‍ഡും അക്കാലത്ത് പുതുതായിരുന്ന 64 ബിറ്റ് പ്രോസസറുമൊക്കെ വാങ്ങിച്ചു. പക്ഷേ മതര്‍ബോര്‍ഡിന്റെ പെട്ടി തുറന്ന ഞാന്‍ ഞെട്ടി. എന്റെ പഴയ കമ്പ്യൂട്ടറിലുണ്ടായിരുന്ന പോലത്തെ ബോര്‍ഡേയല്ല! എല്ലാ മതര്‍ബോര്‍ഡുകളും ഒരുപോലെയായിരിക്കുമെന്ന എന്റെ മുന്‍വിധി അങ്ങനെ പൊളിഞ്ഞുപാളീസായി. അത്യാഹിതം പിന്നേയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കേസിന്റേയും മതര്‍ബോര്‍ഡിന്റേയും മാനുവല്‍ ഒക്കെ വായിച്ച് ഒരു കണക്കിന് കമ്പ്യൂട്ടര്‍ അസംബിള്‍ ചെയ്തു. വിശ്വവിഖ്യാതമായ സ്വിച്ചോണ്‍ കര്‍മ്മത്തിന് കൃത്യം പതിനഞ്ച് മില്ലിസെക്കന്റിനകം ഒരു ചെറിയ സ്പാര്‍ക്കോടെ മതര്‍ബോര്‍ഡ് ആത്മഹത്യചെയ്തു!

എന്നാലും തോല്‍വി സമ്മതിച്ച് പിന്‍മാറിയൊന്നുമില്ല. വേറൊരു മതര്‍ബോര്‍ഡ് വാങ്ങി, ഏതാണ്ട് മൂന്നുമാസമെടുത്ത് സാവധാനം പിന്നേയും അസംബിള്‍ ചെയ്തു. അത്തവണ സംഗതി വിജയിച്ചു. അക്കാലത്ത് ഗീക്കുകളുടെ ഹരമായിരുന്ന ഉബുണ്ടു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തു (അന്നൊക്കെ ഗീക്കുകളേക്കൊണ്ടേ അത് ഇന്‍സ്റ്റാള്‍ ചെയ്യാനാകുമായിരുന്നുള്ളൂ. മോണിറ്റര്‍ മുതല്‍ വീഡിയോ കാര്‍ഡ് വരെയുള്ള സകലതും സ്വയം കോണ്‍ഫിഗര്‍ ചെയ്യണമായിരുന്നു). ഏതാണ്ട് ഏഴുവര്‍ഷത്തെ സ്തുത്യര്‍ഹ സേവനം അതെനിക്കു നല്‍കി.കേടായ പാര്‍ട്ട്സ്


അതിനുശേഷം പലവട്ടം അതിന്റെ പാര്‍ട്ട്സ് അപ്ഗ്രേഡ് ചെയ്തു. വീട്ടില്‍ ടിവിയുടെ കൂടെ ഉപയോഗിക്കാന്‍ ഒരു HTPC (Home Theater Personal Computer) അസംബിള്‍ ചെയ്തു. XBMCbuntu എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഓടുന്ന HTPC ഇപ്പോഴും ഉപയോഗത്തിലുണ്ട്.

മൂന്നു വര്‍ഷം മുമ്പ് 2005ല്‍ അസംബിള്‍ ചെയ്ത പിസി അന്തരിച്ചു. വീണ്ടും മതര്‍ബോര്‍ഡും പ്രോസസ്സറും മെമറിയുമൊക്കെ വാങ്ങാനുള്ള സാമ്പതിക ചുറ്റുപാടായിരുന്നില്ല അപ്പോള്‍. അതുകൊണ്ട് എന്റെ അക്കാലത്തെ മാനേജരുടെ വീട്ടില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു 2003 മോഡല്‍ പിസി എനിക്ക് ദാനമായി കിട്ടിയപ്പോള്‍ ഒട്ടും ഉപേക്ഷ കാണിച്ചില്ല. കഴിഞ്ഞമാസം അതും ക്രാഷ് ആയി.

ഒന്നുകില്‍ ഒരു ലാപ്‌ടോപ് വാങ്ങുക അല്ലെങ്കില്‍ പിസി അപ്ഗ്രേഡ് ചെയ്യുക എന്നീ രണ്ട് പോവഴികളേക്കുറിച്ച് കൂലംകഷമായി ചിന്തിച്ചു. എന്തുകൊണ്ടോ എന്റെ സുന്ദരന്‍ ആന്‍ടെക് അലൂമിനിയം കേയ്സിനെ ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല. മുന്നൂറ്റിയമ്പത് ഡോളര്‍ ചിലവാക്കി പുതിയ മതര്‍ബോര്‍ഡും മെമറിയും പ്രോസസറും സോളിഡ് സ്റ്റേറ്റ് ഡ്രൈവും വാങ്ങി. ഈയാഴ്ച അസംബ്ലി പൂര്‍ത്തിയാക്കി. ഇന്ന് ഉബുണ്ടുവും സിനമണ്‍ ഡെസ്ക്ടോപ്പും വളരേ സ്മൂത് ആയി ഇന്‍സ്റ്റാള്‍ ചെയ്തു. എല്ലാം ശുഭം.

അസംബ്ലി തീര്‍ന്നപ്പോള്‍


ഇത് കുറഞ്ഞത് ഏഴുവര്‍ഷമെങ്കിലും ഓടുമായിരിക്കും. അക്കാലമാകുമ്പോഴേയ്ക്കും ഒരുപക്ഷേ പാര്‍ട്ട്സ് അസംബിള്‍ ചെയ്യുന്ന ഏര്‍പ്പാടേ നിന്നിരിക്കും. ഇനി അഥവാ അങ്ങനൊന്ന് നിലനിന്നെങ്കില്‍ത്തന്നെ ഇതുപോലെ പിസി ഉണ്ടാക്കിയെടുക്കാന്‍ എന്നേക്കൊണ്ടാവുമെന്നു തോന്നുന്നില്ല. ഇപ്പോള്‍ത്തന്നെ 'വെള്ളെഴുത്ത് വന്നുപെട്ട് പുള്ളിവലഞ്ഞു' എന്നമട്ടാണ്. ചില ചെറിയ വയറുകളൊക്കെ മതര്‍ബോര്‍ഡിന്റെ പിന്നുകളിലേയ്ക്ക് ക്ലിപ് ചെയ്യാന്‍ രാവിലെ വീട്ടിനകത്തേയ്ക്ക് വെയിലടിക്കുന്ന നേരം നോക്കി ചെയ്യേണ്ടിവന്നു!

ഇതുമതി. ഇനി കാലത്തിനൊത്ത് നീങ്ങുക. വ്യാവസായികമായി നിര്‍മ്മിച്ച ഒരു ടാബ്ലറ്റോ ലാപ്‌ടോപ്പോ ആയിരിക്കും അടുത്ത അപ്ഗ്രേഡ്. പഴയ രീതികളെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ലല്ലോ, ഉണ്ടെങ്കില്‍ ഈ ബ്ലോഗ് എഴുത്താണികൊണ്ട് താളിയോലയില്‍ എഴുതേണ്ടിയിരുന്നില്ലേ.

11 comments:

 1. അപ്പൊ ങ്ങള് അസംബ്ലിക്കാരന്‍ ആണല്ലേ ??
  അല്ലേലും ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്ന സുഖം വേറെ ഒന്നിലും കിട്ടില്ല.

  ReplyDelete
 2. സ്വന്തം അമ്മീലരച്ച ചമ്മന്തിക്ക് വേറെ രുചി തന്നെ :)

  ReplyDelete
 3. സ്വന്തം അമ്മീലരച്ച ചമ്മന്തിക്ക് വേറെ രുചി തന്നെ :)

  ReplyDelete
 4. ഇപ്പോള്‍ത്തന്നെ 'വെള്ളെഴുത്ത് വന്നുപെട്ട് പുള്ളിവലഞ്ഞു' എന്നമട്ടാണ്. ചില ചെറിയ വയറുകളൊക്കെ മതര്‍ബോര്‍ഡിന്റെ പിന്നുകളിലേയ്ക്ക് ക്ലിപ് ചെയ്യാന്‍ രാവിലെ വീട്ടിനകത്തേയ്ക്ക് വെയിലടിക്കുന്ന നേരം നോക്കി ചെയ്യേണ്ടിവന്നു!

  എന്നാലെന്താ. ഇനി ഒരു ഏഴു വര്‍ഷം കഴിഞ്ഞു നോക്കിയാല്‍ പോരെ. മൊത്തം കഥ പറഞ്ഞല്ലോ. അല്ലെങ്കിലും ഇനി പഴയതില്‍ തന്നെ പിടിച്ച് തുങ്ങണ്ട. പുതിയത് എന്നും അല്ല, അപ്പപ്പോഴത്തെ എന്നായി മാറി.

  ReplyDelete
 5. ആളൊരു പുലിയാണല്ലേ

  ReplyDelete
 6. കമ്പ്യൂട്ടര്‍ അസെംബിള്‍ ചെയ്യുന്നോരെയൊക്കെ വലിയ ബഹുമാനത്തോടെയാണ് ഞാന്‍ ഇപ്പോഴും നോക്കുന്നത്!

  (അതു പോട്ടെ, ആ “അസംബ്ലീ“ല് കടിയോ പിടിയോ വല്ലതുമുണ്ടാരുന്നോ ?)

  ReplyDelete
 7. അവിടെ മേശപ്പുറത്ത് കമ്പ്യൂട്ടർ അസംബ്ലിങും പറഞ്ഞിരുന്നോ... അയൽവക്കത്ത് കയ്യിൽ കെട്ടുന്ന വാച്ചിൽ വരെ കമ്പ്യൂട്ടറായി... ഇവിടെയിനിയിതെന്നുവരാനോയെന്തോ...!!?

  ReplyDelete
 8. നന്നായിട്ടുണ്ട്. കഥകൾ ഇഷ്ടപ്പെടുന്നവർ ഈ ബ്ലോഗ് സന്ദർശിക്കാൻ മറക്കരുതേ ..ലിങ്ക് www.kappathand.blogspot.in

  ReplyDelete
 9. ഭായിയുടെ പോലെ സംങ്കേതിക
  ഉപകരണങ്ങൾ അസംബ്ലി ചെയ്യുവാൻ
  കഴിയില്ലെങ്കിലും , പല പഴയ കുന്ത്രാണ്ടങ്ങളും
  പുത്തൻ മോഡലുകളെ തഴഞ്ഞ് കൊണ്ട് നടക്കുന്നവനാണ്
  ഈ മണ്ടച്ചാരും കേട്ടൊ

  അർജ്ജുനന്റെ ഗാണ്ഡീവം പോലെ നമുക്കവളെ
  ഉപേഷിക്കാൻ പറ്റില്ല ഭായ്. നമ്മളൊക്കെ ഇത്തിരി
  പഴമക്കാരല്ലെ ഒന്ന് നൊസ്റ്റും....അല്ലേ !


  എന്നാലും ഞാനീ അസംബ്ലി ചരിതം ഇത്ര
  നാളും കാണാതെ പോയ കാരണം എന്താണാവോ ..?

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ