എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Tuesday, November 26, 2013

കള്ളന്മാര്‍ കടന്നുവന്ന വഴി

ഇത് ഒരു ഉപന്യാസമോ കഥയോ അല്ല. കുറച്ചുകാലത്തേയ്ക്ക് ബ്ലോഗില്‍നിന്നു വിട്ടുനില്‍ക്കുന്നതുകൊണ്ട് 'മുകളിലൊരു ഇലയിട്ടടച്ചുവെച്ചേക്കാം' എന്ന നിലയ്ക്ക് എഴുതിയിടുന്നൊരു കുറിപ്പുമാത്രമാണ്. വായിക്കാന്‍ കൊള്ളുന്ന ഒന്നും ഈ പോസ്റ്റിലില്ല.

അങ്ങനൊരു ജാമ്യമെടുത്തുകഴിഞ്ഞ നിലയ്ക്ക്, ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്തെന്നു പറയാം. എന്റെ 'അഞ്ചു സുന്ദരികളും അഞ്ചു കള്ളന്‍മാരും' എന്ന കഥാപരമ്പര വായിച്ചിട്ട് എന്താണ് ഇതിനുപിന്നിലെ പ്രചോദനമെന്ന് അജിത്തേട്ടനും മനസ്സിലെ ആഗ്രഹമാണോ എഴുതിയിടുന്നത് എന്ന് വെട്ടത്താന്‍ ചേട്ടനും ചോദിച്ചിരുന്നു. അവര്‍ക്കുള്ള മറുപടി ഒന്നുരണ്ടു വരികളില്‍ പറഞ്ഞുതീര്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അതുകൊണ്ട് ഒരു പോസ്റ്റായിത്തന്നെ അതിവിടെ കിടക്കട്ടെയെന്നു കരുതി. എപ്പോഴെങ്കിലും എന്റെ ആ കഥകള്‍ വായിക്കുന്നവര്‍ എന്റെ ചിന്തയുടെ ഗതിവിഗതികളെന്താണെന്നറിയുന്നത് അവരുടെ വായനയെ ഏതെങ്കിലും വിധത്തില്‍ മെച്ചപ്പെടുത്തുമെങ്കില്‍ ആകട്ടെ, അല്ലേ?

ഈ കഥകളിലെ പെണ്ണുങ്ങളേയും ആണുങ്ങളേയും വ്യക്തികളായല്ല, ബിംബങ്ങളായാണ് ഞാന്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചത്. കള്ളന്‍മാര്‍ രണ്ടു തരമുണ്ട്. ഒന്ന് പ്രത്യക്ഷമായി വസ്തുവകകള്‍ പിടിച്ചുപറിക്കുന്ന കള്ളന്‍മാര്‍ . രണ്ട് പരോക്ഷമായി തട്ടിപ്പ്/തിരിമറി/അഴിമതി/കുംഭകോണം എന്നിങ്ങനെ 'നാട്ടുനടപ്പായിട്ടുള്ള' കള്ളത്തരങ്ങള്‍ കാണിക്കുന്നവര്‍ . ഈ രണ്ടു കൂട്ടരേയും എന്തുകൊണ്ടോ സമൂഹം രണ്ടു തരത്തിലാണ് എന്നും കണ്ടിട്ടുള്ളത്. പിടിച്ചുപറിക്കാരന് മിക്കവാറും മാപ്പുലഭിക്കാറില്ല. കയ്യോടെ പിടികൂടപ്പെട്ടാല്‍ തടി കേടാകും. പക്ഷേ അഴിമതിക്കാരന് യാതൊരു കൂസലുമില്ലാതെ നാട്ടിലിറങ്ങി നടക്കാം.

പക്ഷേ ആന്തരികമായി നാമോരോരുത്തരും ഈ രണ്ടിനങ്ങളില്‍പ്പെട്ട കള്ളത്തരങ്ങളോട് വ്യത്യസ്തമായ കാഴ്ചപ്പാടു നിലനിര്‍ത്തുന്നുണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമാനമായിരിക്കുമ്പോള്‍ 'നാട്ടുനടപ്പിന്' എന്തു പ്രസക്തിയാണ് നമ്മുടെ മനസ്സിലുള്ളത്?

നിങ്ങള്‍ പട്ടിണി മാറ്റാന്‍ വേണ്ടി ദുസ്സഹമായ ഒരു ജോലി ചെയ്യുന്നയാളും ജോലിയുടെ അസഹ്യത കുറച്ചെങ്കിലും ഒഴിവാക്കാനായി ഇടയ്ക്കിടെ ജോലിയില്‍നിന്നു മുങ്ങുന്നയാളുമാണെന്നിരിക്കട്ടെ. പട്ടിണി മാറ്റാന്‍ വേണ്ടി ഭക്ഷണം കളവുചെയ്യുന്നവനോട് നിങ്ങള്‍ക്കുള്ള മനോഭാവം എന്തായിരിക്കും? 'ഞാന്‍ പട്ടിണി മാറ്റാന്‍ വേണ്ടി, സഹിക്കാനാവാത്ത തൊഴിലന്തരീക്ഷത്തില്‍പ്പോലും പണിയെടുത്തു കഴിയുന്നു - നിനക്കും അതു ചെയ്തുകൂടേ?' എന്നൊരു ചിന്ത തുടക്കത്തിലുണ്ടാകാം. പക്ഷേ പട്ടിണി എന്ന വൈകാരികാവസ്ഥ നിങ്ങളെ തമ്മില്‍ സഹജമായി ബന്ധിപ്പിക്കുന്നുണ്ട്. പെണ്ണിനെ ആണിനോടെന്നപോലെ ആ വൈകാരിക ബന്ധത്തിന് പ്രകൃത്യാ വിധിക്കപ്പെട്ട തീവ്രതയുണ്ട്.

അതു സൂചിപ്പിക്കാനാണ് കാഥാപാത്രങ്ങളില്‍ ഒരാളെ പെണ്ണും മറ്റേയാളെ ആണുമാക്കി അവതരിപ്പിച്ചത്. പൊതുസ്വഭാവമനുസരിച്ച്, പ്രായോഗികമായ കള്ളത്തരം കാണിക്കുന്നയാളെ പെണ്ണായും തെമ്മാടിയായ മോഷ്ടാവിനെ ആണായും ചിത്രീകരിച്ചു.

'പ്രയോഗസാധുത' കൈവരിച്ച കള്ളത്തരത്തിന്റേയും അതില്ലാത്ത മോഷണത്തിന്റേയും ലക്ഷ്യത്തിനു സാമ്യമുള്ളിടത്തോളം അതിനെ വിവേചിക്കുന്ന മനോഭാവത്തിനും മിതത്വമുണ്ടാവും എന്നു ചിത്രീകരിക്കാനായിരുന്നു എന്റെ ശ്രമം. വിവേചനം ഇല്ലാതാകുമെന്നുമാത്രമല്ല, ഒരുപക്ഷേ അഭിനിവേശം ഉണ്ടാകുകകൂടിയാകാം, അല്ലേ? സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അത്തരം അഭിനിവേശമുണ്ടാകുമ്പോള്‍ അരാജകത്വത്തില്‍ അഭിരമിക്കുന്ന ഒരു ജനതയും ഉണ്ടാകാം. ഇതു ചൂണ്ടിക്കാണിക്കാനാണ് ഇക്കണ്ട പൈങ്കിളിപ്പാട്ടൊക്കെ എഴുതിക്കൂട്ടിയത്.

കഥകളുടെ ക്രാഫ്റ്റിലും ചില ലൊടുക്കുവിദ്യകള്‍ പരീക്ഷിക്കുകയുണ്ടായി. ഓരോ കഥയും ഓരോ 'രസ'ത്തിന്റെ പശ്ചാത്തലത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തേതില്‍ കരുണം, രണ്ടാമത്തേതില്‍ ഹാസ്യം, മൂന്നാമത്തേതില്‍ അത്ഭുതം, നാലാമത്തേതില്‍ രൌദ്രം, അഞ്ചാമത്തേതില്‍ ശൃംഗാരം എന്നിങ്ങനെയായിരുന്നു അത്. സ്ത്രീകഥാപാത്രങ്ങളുടെ സാമ്പത്തിക പശ്ചാത്തലത്തിലും ക്രമാനുഗതമായ ഉയര്‍ച്ച കൊണ്ടുവന്നിട്ടുണ്ട് - പൂര്‍ണ്ണമായും ബന്ധനസ്ഥയായ, ഏറ്റവും താഴേത്തട്ടിലുള്ള നേഴ്സില്‍ തുടങ്ങി, പൂര്‍ണ്ണമായും വിമോചിതയും സമ്പന്നയും അധികാരപ്രാപ്തയുമായ കോര്‍പ്പറേറ്റ് മേധാവി വരെയുള്ള വൈവിധ്യമാര്‍ന്ന തലങ്ങളിലുള്ളവരാണ് അവര്‍. അവരുടെ വീട്ടില്‍ കയറിയ കള്ളന്‍മാരാകട്ടെ അവരുടെ ലക്ഷ്യങ്ങള്‍, നിലപാടുകള്‍, ചിന്തകള്‍ താല്പര്യങ്ങള്‍ എന്നിവയോടു സമാനതയുള്ളവരും. അതായത് ഒരുതരം ചേരുംപടി ചേര്‍ക്കല്‍!

സത്യത്തില്‍ ഞാന്‍ വളരേ ആസ്വദിച്ചെഴുതിയ കഥകളാണിവ. ഓരോ കഥയിലേയും കഥാപാത്രങ്ങളുടെ മനസ്സിലൂടെയും അവരുടെ ചുറ്റുപാടുകളിലൂടെയുമുള്ള സഞ്ചാരം എനിക്കു നന്നേ ഇഷ്ടപ്പെട്ടു. എന്റെ പരിമിതമായ രചനാശേഷി മാത്രമാണ് വലിയൊരു പ്രതിബന്ധമായത്. എഴുതാനറിയുന്നവരാണ് ഈ കഥകളെഴുതിയതെങ്കില്‍ ഇതിന്റെ പതിന്മടങ്ങ് ആസ്വാദ്യമായേനേ.

ഇങ്ങനെയെല്ലാം ഉദ്ദേശിച്ചല്ല, പക്ഷേ, എഴുതിത്തുടങ്ങിയത്.

ഒരു ഓഗസ്റ്റ് രാത്രിയില്‍ ഇടയ്ക്കുണര്‍ന്ന് ഉറക്കംവരാതെ മലര്‍ന്നു കിടക്കുന്ന നേരം. ബ്ലോഗിലിടാന്‍ വിഷയങ്ങളൊന്നുമില്ലല്ലോ എന്നൊക്കെ ആലോചിച്ചാണ് കിടപ്പ്. അപ്പോഴാണ് കേരളാ കഫേ സ്റ്റൈലില്‍ അഞ്ചു മിനിക്കഥകളുള്ള ഒരു പോസ്റ്റ് (ഒറ്റ പോസ്റ്റ്!) ഇട്ടാലോ എന്നു തോന്നിയത്.

വിഷയവും താമസിയാതെ കിട്ടി. അഞ്ചു സ്ത്രീകളുടെ വീട്ടില്‍ അഞ്ചു തരം കള്ളന്‍മാര്‍ കയറുന്നു. കള്ളനും താനും തമ്മിലുള്ള മാനസിക പൊരുത്തം വെളിപ്പെടുന്ന മുറയ്ക്ക് ഓരോ സ്ത്രീയും അവനുമായി പ്രണയത്തിലാകുന്നു - ഇതായിരുന്നു ത്രെഡ്. ഉറങ്ങുന്നതിനുമുമ്പ് ഓരോ സ്ത്രീയുടേയും പ്രൊഫൈല്‍ മനസ്സിലുറപ്പിച്ചു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ ശേഷം ആദ്യം ചെയ്തത് ഒരു പോസ്റ്റ് ഡ്രാഫ്റ്റ് ആക്കി സേവ് ചെയ്യുകയായിരുന്നു. ഉടനേ എഴുതിവെച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കകം അതൊക്കെ മറന്നുപോകുമെന്ന് എനിക്കറിയാമായിരുന്നു. പോസ്റ്റിന്റെ തലക്കെട്ട് "അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും". ഉള്ളടക്കമായി അഞ്ചേയഞ്ചു വാക്കുകള്‍ - 'നേഴ്സ്', 'സര്‍ക്കാര്‍ ', 'ഐഏഎസ്', 'നേതാവ്', 'കോര്‍പ്പറേറ്റ്'!

പിന്നേയും രണ്ടാഴ്ച തലയ്ക്കകത്തിട്ടു വേവിച്ച ശേഷമാണ് ആദ്യത്തെ രണ്ടു കഥകളുടെ ഉള്ളടക്കം മനസ്സില്‍ ഏതാണ്ട് രൂപപ്പെട്ടു തുടങ്ങിയത്.

ഓരോ കഥയും നാലു ഖണ്ഡികകളില്‍ ഒതുക്കി എഴുതാനായിരുന്നു പ്ലാന്‍. എഴുതിത്തുടങ്ങിയപ്പോഴേ ആ പ്ലാന്‍ കമ്പ്ലീറ്റ് ചാരമായി. കേന്ദ്രകഥാപാത്രത്തെ പരിചയപ്പെടുത്തിയപ്പോഴേയ്ക്കും ക്വോട്ട കഴിഞ്ഞു. കള്ളന്‍ വന്നിട്ടുപോലുമില്ല. മിനിക്കഥയൊക്കെ മിടുക്കന്‍മാര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണെന്ന് അങ്ങനെ വെളിവായി. ഉടനേ നാലു പോസ്റ്റുകള്‍കൂടി ഡ്രാഫ്റ്റ് ആക്കി. 'സര്‍ക്കാര്‍ ', 'ഐഏഎസ്', 'നേതാവ്', 'കോര്‍പ്പറേറ്റ്' എന്നീ വാക്കുകള്‍ ഓരോന്നായി അവയിലേയ്ക്ക് മാറ്റി പ്രതിഷ്ഠിച്ചു.

അഞ്ചില്‍ മൂന്നെണ്ണം എഴുതിത്തീര്‍ത്ത ശേഷം ഓരോന്നായി പതിനഞ്ചു ദിവസം ഇടവിട്ട് പ്രസിദ്ധീകരിക്കനായിരുന്നു പരിപാടി. പക്ഷേ ഒരു കൈയബദ്ധം പറ്റി ആദ്യത്തെ പോസ്റ്റ് പെട്ടന്ന് പ്രസിദ്ധീകൃതമായി. രണ്ടാമത്തേതിന്റെ ഉള്ളടക്കം മനസ്സിലുണ്ടായിരുന്നതുകൊണ്ട് അധികം താമസിയാതെ അതും പ്രസിദ്ധീകരിക്കാനായി. അപ്പോഴും മറ്റു മൂന്നു കഥകളില്‍ എന്തെഴുതണമെന്ന് യാതൊരു പിടിപാടുമില്ലായിരുന്നു.

ഈ അവസരത്തില്‍ രണ്ടു കമെന്റുകള്‍ എനിക്കു തുണയായി. "വല്ലാതെ ചുരുക്കി എഴുതി എന്നു തോന്നി" എന്നാണ് സലാം അഭിപ്രായപ്പെട്ടത്. അത് ശരിയായിരുന്നു- ഞാന്‍ 'മിനിക്കഥ'യായി എഴുതിയതായിരുന്നല്ലോ അത്. ഇനിയങ്ങോട്ട് നീട്ടിയെഴുതാമെന്ന് അതോടെ തീരുമാനിച്ചു. "കഥയ്ക്കു പുതുമയുണ്ട്... അതുകൊണ്ട് ലോജിക്കിനു പിന്നാലെ പോകുന്നില്ല." എന്നൊരഭിപ്രായം ജയന്‍ ഏവൂരും പറഞ്ഞു. അതും ശരിതന്നെ. പിന്നീടെഴുതിയ കഥകള്‍ യുക്തിയ്ക്ക് കോട്ടമുണ്ടാകാത്ത വിധത്തിലാണ് എഴുതിയത്. ആദ്യത്തെ രണ്ടു കഥകളിലുണ്ടായിരുന്ന 'പ്രണയം' എന്ന ആംഗിള്‍ അതോടെ തീര്‍ത്തും ഒഴിവാക്കി.

ഭൂലോകത്തെ പാവത്താന്‍മാരെ വഴിതെറ്റിക്കുന്നതില്‍ മുഖ്യമായ പങ്കാണല്ലോ ബിലാത്തിപ്പട്ടണക്കാര്‍ക്കുള്ളത്. അതേ പാത പിന്തുടരുന്ന ബൂലോകത്തെ ബിലാത്തിക്കാരനാണ് തീര്‍ത്തും നിഷ്കളങ്കനായ എന്നെ 'അപഥസഞ്ചാര'ത്തിലേയ്ക്കു കടത്തിവിട്ടത്. മൂന്നാമത്തെ കഥയ്ക്കു കീഴില്‍ "ഒന്ന് രണ്ട് ലൌവ് മേക്കിങ്ങ് സീനുകളും കൂടി ഉണ്ടെങ്കിൽ ഒരു ഹോളിവുഡ് ത്രില്ലർ മൂവിക്കുള്ള തിരക്കഥയായി" എന്ന അദ്ദേഹത്തിന്റെ അഭിപ്രായം എന്റെ തലയില്‍ സ്കോച്ച് വിസ്കി പോലെ കയറിക്കൂടി. അവസാനത്തെ കഥയില്‍ അല്പം 'ശൃംഗാരം' ചേര്‍ക്കാമെന്ന് അതുകണ്ടപ്പോഴാണ് തീരുമാനിച്ചത്. അങ്ങനെയെങ്കില്‍ നാലാമത്തേതില്‍ അല്പം 'ആക്ഷനു'മാകാം എന്നു കരുതി. ചേര്‍ത്തുവെച്ചു നോക്കുമ്പോള്‍ നവരസങ്ങളില്‍ അഞ്ചു രസങ്ങളുമാകും. ഭേഷ്!!

അങ്ങനെ എന്റെ ഈ പഞ്ചവര്‍ണ്ണപ്പൈങ്കിളിക്കഥകള്‍ ബൂജാതരായി!

കഥയെഴുത്തൊക്കെ ഇതോടെ നിറുത്തി. കാരണം, ഇതിനേക്കാള്‍ ആസ്വാദ്യമായ നാളുകളാണ് ഇനി വരാനുള്ളത്. ഡിസംബര്‍ ആരംഭത്തില്‍ ഞാന്‍ ഇന്ത്യയിലേയ്ക്കു പറക്കുന്നു. കുറച്ചുനാള്‍ മുംബൈ, കുറച്ചുനാള്‍ ഗോവ, കുറച്ചുനാള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം...ഹാ ഓര്‍ക്കുമ്പോഴേ സന്തോഷം നുരഞ്ഞുപൊങ്ങുന്നു. ഇത്തവണത്തെ ജന്മദിനം ഭാര്യവീട്ടിലാണ്. വാഹ് ഭായ് വാഹ്!! ജമായ് രാജാ ഖൂബ് മൌജ് മനായേഗാ!! വിവാഹവാര്‍ഷികം ഗോവയില്‍! ക്രിസ്തുമസ്സും പുതുവല്‍സരവും നാട്ടില്‍! തിരിച്ചുവരുമ്പോള്‍ ആവേശകരമായ ഒരു പുതിയ ബിഗ് ബഡ്ജറ്റ് പ്രോജക്റ്റ് ലീഡ് ചെയ്യാനുള്ള സാദ്ധ്യത തെളിഞ്ഞുവരുന്നുണ്ട്! എന്തിനേറെ പറയുന്നു, വളരേയേറേ പ്രതീക്ഷയുള്ള നാളുകളാണ് വരാനിരിക്കുന്നത്. ബ്ലോഗിനൊക്കെ കുറച്ചുകാലത്തേയ്ക്ക് സുല്‍!

ഇതുവരെ ഈ വാലറ്റക്കാരനു കൂട്ടായി വന്ന എല്ലാവര്‍ക്കും നന്ദി. നിങ്ങളേവര്‍ക്കും ക്രിസ്തുമസ്, പുതുവര്‍ഷം, തിരുവാതിര, ഹനൂക്കാ, പൊങ്കല്‍, ലോഹ്രി, നബിദിനം എന്നീ ശുഭദിനങ്ങള്‍ക്കായി എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! ഇനി കാണും വരെ നമസ്കാരം!

11 comments:

 1. എഴുത്തിന്‍റെ രസക്കൂട്ട് പൊളിച്ചു.ഇത്രയൊക്കെ പ്ലാന്‍ ചെയ്താണോ എഴുതുന്നതു.? എന്തായാലും കഥകള്‍ രസിച്ചിരുന്നു. എല്ലാത്തിലും കറുത്ത ഫലിതത്തിന്‍റെ ഒരു ത്രെഡും ഉണ്ടായിരുന്നു. അവധിയൊക്കെ അടിച്ചുപൊളിച്ചു നല്ല ഉത്സാഹത്തോടെ മടങ്ങിവരുക. ഞങ്ങള്‍ കാത്തിരിക്കുന്നു.

  ReplyDelete
 2. കഥകളുടെ ക്രാഫ്റ്റിലും ചില ലൊടുക്കുവിദ്യകള്‍ പരീക്ഷിക്കുകയുണ്ടായി. ഓരോ ‘കഥയും ഓരോ 'രസ'ത്തിന്റെ
  പശ്ചാത്തലത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
  ആദ്യത്തേതില്‍ കരുണം, രണ്ടാമത്തേതില്‍ ഹാസ്യം,
  മൂന്നാമത്തേതില്‍ അത്ഭുതം, നാലാമത്തേതില്‍ രൌദ്രം,
  അഞ്ചാമത്തേതില്‍ ശൃംഗാരം എന്നിങ്ങനെയായിരുന്നു അത്. ‘

  വെറും രസം കുടിക്കുന്നപോലെയുള്ള എന്റെയൊക്കെ
  രസത്തിനെഴുതുന്ന പോലെയുള്ള രചകളായിരുന്നില്ല ,താങ്കളുടെ
  ‘രസ’ ഭാവങ്ങളുടെ അകമ്പടിയോടുകൂടിയ ബൂലോഗത്തെന്നും രസമുറ്റിനിൽക്കുന്ന തിളക്കമുള്ള ഈ പഞ്ച വർണ്ണ കഥകൾ ..!

  നഗര കാമുകിമാരായ മൂമ്പയും ,
  ഗോവയും, കേരളവുമൊക്കെയായി രമിച്ചിട്ട് വരൂ..മകനെ
  വഴി ഒന്നുകൂടി തെറ്റണമെന്നുണെങ്കിൽ ലണ്ടൻ വഴി വന്നാലും ..

  കളങ്കം ഒന്നുമില്ലാതെ റെഡ് കാർപെറ്റ് വിരിച്ച് ഞാനിവിടെയുണ്ട് കേട്ടൊ ഭായ്

  ReplyDelete
  Replies
  1. ഒരാളെക്കൂടി വഴിതെറ്റിച്ചപ്പോള്‍ “അതേ പാത പിന്തുടരുന്ന ബൂലോകത്തെ ബിലാത്തിക്കാര“ന് സമാധാനമായില്ലേ?.എന്നിട്ട് ഇനീം വഴിതെറ്റിക്കണോന്ന് ഒരു പ്രലോഭനവും. (എന്തായാലും ആ അഞ്ച് അദ്ധ്യായങ്ങളും വായിച്ചപ്പോള്‍ അത് വെറുതെ ഒരു നേരമ്പോക്കിന് എഴുതിയതല്ലയെന്നും അല്പം ബുദ്ധിപൂര്‍വമായി അദ്ധ്വാനിച്ചിട്ടുണ്ടെന്നും മനസ്സിലാക്കിയിരുന്നു. കൊച്ചീച്ചിയ്ക്ക് നല്ലൊരവധിക്കാലം ആശംസിക്കുന്നു)

   Delete
 3. കഥക്കുള്ളിലെ കഥ അല്ലെ...
  എല്ലാം കറങ്ങി വേഗം വാ.

  ReplyDelete
 4. ഒന്നും അറിയാത്തവൻ. എങ്കിലും,ആശംസകൾ..........

  ReplyDelete
 5. ഇപ്പോഴാണ്‌ വായിച്ചു തുടങ്ങിയത് ആ അഞ്ചു പെണ്ണുങ്ങളെ :). ഇനിയും ഉണ്ട്... അതൊക്കെ വായിച്ചു തീര്‍ക്കുംബോളെക്കും വെക്കേഷന്‍ കഴിഞ്ഞു അടിച്ചു പൊളിച്ചു അഞ്ചു ആണുങ്ങളുടെ കഥയുമായി വാ ട്ടോ.. btw വായിച്ചിടം വരെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു -പിന്നില്‍ കുറച്ചു അധ്വാനം ഉണ്ടെന്നു മനസിലായി :)

  ReplyDelete
 6. കഥ വന്ന വഴികളും കഥകള്‍ പോലെ ഹൃദ്യം...
  അപ്പോ അവധി കഴിഞ്ഞ് വരു... നല്ല ഒരവധിക്കാലം ആശംസിക്കുന്നു.

  ReplyDelete
 7. കഥ വന്ന വഴിയും വായിച്ചിട്ട് ഏറെ നാളായി. കമന്റ് ഇടാന്‍ വൈകിപ്പോയി. കഥകളെ ആകെയും ബന്ധിപ്പിക്കുന്ന ത്രെഡ് മനുഷ്യന്‍റെ മോഷണ ത്വര തന്നെ. ഈ കഥകളുടെയെല്ലാം ലിങ്ക് ഫെയ്സ് ബുക്കില്‍ കൊടുക്കണം എന്ന് തീരുമാനിച്ചതാണ്. ഇന്ന് നല്‍കുന്നതാണ്. വെക്കേഷന്‍ കഴിഞ്ഞു തിരിച്ചെത്തിയോ? പുതിയ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു .

  ReplyDelete
 8. അഞ്ചു കഥകളും കഥകൾ വന്ന വഴിയും വായിച്ചു. ഒരെഴുത്തുകാരൻ എന്ന നിലയിൽ, എന്റെ കഥയിൽ എന്തൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് ഒരു വായനക്കാരൻ കണ്ടെത്തുന്നതാണ് എനിക്കേറ്റവും ആഹ്ലാദം പകരുക. ഞാൻ തന്നെ അതെല്ലാം വിശദീകരിക്കുമ്പോൾ, കഥയുടെ എന്തോ ഒരിത് എവിടെയോ നഷ്ടപ്പെടുന്നതു പോലെ തോന്നും എന്നുള്ളതുകൊണ്ട്, അത്തരം ശ്രമങ്ങൾക്ക് മുതിരാറില്ല.

  ആശംസകൾ

  ReplyDelete
 9. ഇത്തരം ഒരു വിശദീകരണം ആവശ്യമില്ല എന്ന് തന്നെ തോന്നുന്നു. കഥകള്‍ അത്രോയൊക്കെ തന്നെ പറയുന്നുണ്ട്.

  ReplyDelete
 10. ഇവിടെ പുതിയത് ഒന്നും ഇല്ലേ കെ കെ.? കുറെ കാലത്തിനു ശേഷം രാംജിയുടെ ബ്ലോഗില്‍ പോയി. ആ കൂടത്തില്‍ ഇവിടെ വന്നു നോക്കിയതാണ്. കെ കെ അണിയറയില്‍ എന്താണ്?

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ